ഇന്ത്യൻ ജനാധിപത്യത്തിന് ഭയത്തിന്‍റെ മുഖം- വൈശാഖൻ
text_fieldsതൃശൂർ: ഇന്ത്യൻ ജനാധിപത്യത്തിൽ ഭയത്തിന്‍റെ മുഖം തുറക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ. അടിയന്തിരാവസ്ഥയുടെ വാർഷിക ദിനം കരിദിനമായ ആചരിക്കുന്ന സർഗസമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ കാലത്തെ പോലെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനല്ല ഇപ്പോൾ വിലക്ക്. വാർത്തകൾ പ്രസിദ്ധീകരിക്കപ്പെടണം. പക്ഷെ ഭരണകൂടം ആഗ്രഹിക്കുന്ന രീതിയിലായിരിക്കണം. കോടിക്കണക്കിന് രൂപയാണ് ഭരണകൂടം ഇതിന് വേണ്ടി ചെലവഴിക്കുന്നതെന്നും വൈശാഖൻ പറഞ്ഞു.
നെഹ്റൂവിയൻ കാലഘട്ടത്തിന് ഔദ്യോഗികമായി അന്ത്യം കുറിക്കുകയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ഇന്ദിര ഗാന്ധി ചെയ്തതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.ഇ.എൻ അഭിപ്രായപ്പെട്ടു. ജനാധിപത്യ വിരുദ്ധ ആശയങ്ങളിലൂടെ നവ ഫാസിസം കരുത്താർജിക്കുകയാണ്. നവഫാസിസത്തിന്‍റെ വിധ്വംസക പ്രവർത്തനങ്ങളെ കേരളം രാഷ്ട്രീയമായി പ്രതിരോധിക്കുന്നുണ്ടെങ്കിലും സാംസ്ക്കാരികമായ പ്രതിരോധം ദുർബലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പുരോഗമന കലാസംഘം സംഘടിപ്പിച്ച പരിപാടിയിൽ ഡോ. സി. രാവുണ്ണി അധ്യക്ഷത വഹിച്ചു. ഡോ. ഖദീജ മുംതാസ്, പ്രിയനന്ദനൻ, അശോകൻ ചരുവിൽ, പ്രഫ. ടി.എ ഉഷാകുമാരി, അഡ്വ. വി.ഡി. പ്രേംപ്രസാദ്, വി. മുരളി, ധനഞ്ജയൻ മച്ചിങ്ങൽ, പ്രഫ. ആർ. ബിന്ദു, ഡോ. ഷീല എന്നിവർ പങ്കെടുത്തു.
സർഗ സമര സംഗമത്തിന് മുന്നോടിയായി നടന്ന കവിയരങ്ങ് ദീപ നിശാന്ത് ഉദ്ഘാടനം ചെയ്തു. രാജൻ നെല്ലായി, സെബാസ്റ്റ്യൻ, ശ്രീലതാവർമ, സുനിൽ മുക്കാട്ടുകര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.