ഫാൻസ് അസോസിയേഷനുകൾ വിഡ്ഢികളുടെ സമൂഹം
text_fieldsകോഴിക്കോട്: സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ വിഡ്ഢികളുടെ സമൂഹമാണെന്ന് പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ വൈശാഖന്‍. സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ താരം ജയിലില്‍നിന്നിറങ്ങുമ്പോള്‍ ലഡു വിതരണം ചെയ്യുന്നവരാണ് അവര്‍ എന്നും വൈശാഖൻ കുറ്റപ്പെടുത്തി.
കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാരംഗം സംസ്ഥാനസര്‍ഗോത്സവം പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് വൈശാഖൻ അഭിപ്രായ പ്രകടനം നടത്തിയത്.
നടി പാർവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ വൈശാഖൻ ഉത്കണ്ഠ രേഖപ്പെടുത്തി. അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ എന്തെല്ലാം തരം അധിക്ഷേപങ്ങളാണ് അവർ നേരിടുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും പാര്‍വതിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യമാധ്യമങ്ങളുടെ ആധിപത്യമാണ് കേരളത്തില്‍ ഇത്തരത്തിലുള്ള സംസ്‌കാരമുണ്ടാവാന്‍ കാരണം. സിനിമയുടെയും ദൃശ്യമാധ്യമങ്ങളുടെയും അതിരുകടന്ന സ്വാധീനം നമ്മുടെ സംസ്‌കാരത്തെ ജീര്‍ണിപ്പിക്കുകയാണ്. അതിനെതിരായ പ്രതിരോധവും അതിജീവനവുമാണ് സര്‍ഗാത്മകതയെന്നും വൈശാഖന്‍ പറഞ്ഞു.
സൂപ്പര്‍സ്റ്റാര്‍ ചിത്രത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സൈബര്‍ ആക്രമണത്തിനിരയായ നടി പാര്‍വ്വതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലേയും മറ്റ് ദൃശ്യമാധ്യമങ്ങളിലേയും താരം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതോടെ കലാ സാംസ്‌കാരിക രംഗത്തുനിന്നുള്ളവരും അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാര്‍വതിയുടെ അഭിപ്രായ പ്രകടനത്തില്‍ തെറ്റില്ലെന്നും വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടേണ്ടവര്‍ ഇടപെട്ട് അവിടെ തന്നെ തീര്‍ക്കേണ്ടതായിരുന്നെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.