ഡൽഹിയിലെ അധികാരത്തിന്‍റെ പളപളപ്പിലാണോ ഈ നെഗളിപ്പ്? സംഘപരിവാറിനോട് സക്കറിയ
text_fieldsതിരുവനന്തപുരം: ഡല്‍ഹിയിലെ അധികാരത്തിന്‍റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് എഴുത്തുകാരന്‍ സക്കറിയ. എഴുത്തുകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും ആഭിമുഖ്യത്തില്‍ മാനവ ജാഗ്രത എന്ന പേരില്‍ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം ഫാഷിസ്റ്റ് അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു. ദേശസ്നേഹവും ദേശീയപതാകയും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കുത്തകാവകാശമല്ല. കമല്‍ വര്‍ഗീയവാദി എന്ന് പറയുന്നത് വലിയ പാതകവും കേരളത്തിന് അപമാനവും അപവാദവുമാണ്. മുന്നൊരുക്കമില്ലാതെയുള്ള നോട്ടുനിരോധനം ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്നത് യാഥാര്‍ഥ്യമാണ്. എം.ടി ഈ സത്യം പറഞ്ഞതില്‍ എന്താണ് കുറ്റം.
പ്രധാന വ്യക്തികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നകാര്യം മനസ്സിലാക്കണം. തീരുമാനമെടുത്തിട്ട് ‘ഇനി ആരും മിണ്ടരുത്’ എന്ന് പറയാനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ല. ആരോപണം നടത്തിയവര്‍ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം.
ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ആളുകളോട് എഴുന്നേറ്റ് നില്‍ക്കാന്‍ കമല്‍ പറയുന്നത് താന്‍ കണ്ടതാണ്. പൊലീസ് നടപടികളിലൂടെയല്ല രാജ്യസ്നേഹം ഉറപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.