അവർ പരാക്രമം സ്ത്രീകളോടും തുടങ്ങിക്കഴിഞ്ഞു
text_fieldsകോഴിക്കോട്: മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ ഗൗരി ലങ്കേഷിന്‍റെ വധത്തിൽ പ്രതിഷേധിച്ച് സാഹിത്യലോകം. ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ച് കടന്നു പോയത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ വെടിയുണ്ടയാണെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സാറാ ജോസഫ്. ഇന്ത്യയിൽ മാധ്യമപ്രവർത്തനം അത്യന്തം അപകടത്തിലാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ സാറാജോസഫ് പറയുന്നു.
നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന രാത്രിയാണിതെന്ന് പറഞ്ഞുകൊണ്ടാണ് സാഹിത്യകാരിയായ കെ.ആർ.മീര എഴുതുന്നത്. വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാൽ ഗൗരിയുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അര്‍ത്ഥങ്ങളും ഇല്ലാതാകുമോ?
കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും.
നിത്യമായി ഉയിര്‍ക്കുക, ഗൗരി ലങ്കേഷ് എന്നു പറഞ്ഞുകൊണ്ടാണ് മീര കുറിപ്പ് അവസാനിപ്പിക്കുന്നത്.
അവർ പരാക്രമം സ്ത്രീകളോടും തുടങ്ങിക്കഴിഞ്ഞു. ബുദ്ധിമതികളായ സ്ത്രീകളോട്, അനുസരിക്കാൻ കൂട്ടാക്കാത്ത, വ്യക്തിത്വമുള്ള ആരോടും! എന്നാണ് ഗൗരി ലങ്കേഷിന്‍റെ വധത്തെക്കുറിച്ച് സുഭാഷ് ചന്ദ്രൻ എഴുതിയത്
സാറാജോസഫിന്‍റെ ഫേസ്ബുക് പോസ്റ്റ്
'കൽബുർഗിയുടെ ഘാതകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഗൗരിയുടെ നേർക്കും സമാനമായ കൊലയാണ് നടന്നിരിക്കുന്നത്..
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയാണ് ഈ വെടിയുണ്ടകൾ ചീറിപ്പാഞ്ഞത്. ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ച് കടന്നു പോയി. അത് ഇന്ത്യയുടെ ഹൃദയം തകർത്തിരിയ്ക്കുന്നു. ഇന്ത്യയിൽ മാധ്യമ പ്രവർത്തനം അത്യന്തം അപകടത്തിലാണ്.
കെ.ആർ.മീരയുടെ ഫേസ്ബുക് പോസ്റ്റ്
നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണിത്.
‘ഭഗവാന്റെ മരണം’ എന്ന കഥ ഡോ. കെ. എസ്. ഭഗവാന്‍ കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അതു പ്രസിദ്ധീകരിച്ചത് ഗൗരി ലങ്കേഷ് ആയിരുന്നു.
കഥ വായിച്ച് ഗൗരി ലങ്കേഷ് ആവേശഭരിതയായെന്നും ഇതുപോലെ ഒരു കഥ കന്നഡയില്‍ ആരും എഴുതിയില്ലല്ലോ എന്നു നിരാശ പ്രകടിപ്പിച്ചെന്നും ഡോ. ഭഗവാന്‍ പറഞ്ഞറിഞ്ഞതുമുതല്‍ അവരെ കാണാന്‍ ആഗ്രഹിച്ചിരുന്നതാണ്.
ബാംഗ്ലൂര്‍ ഫെസ്റ്റിവലിനു പോയപ്പോള്‍ മറ്റു തിരക്കുകള്‍ മൂലം, അതു സാധിച്ചില്ല.
ഇനി സാധിക്കുകയുമില്ല.
കാരണം, ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിരിക്കുന്നു.
അമ്പത്തിയഞ്ചാം വയസ്സില്‍.
എഴുപത്തേഴുകാരനായിരുന്ന ഡോ. കല്‍ബുര്‍ഗി കൊല്ലപ്പെട്ട അതേ വിധം.
രാത്രി എട്ടുമണിക്ക് ഓഫിസില്‍നിന്നു തിരികെയെത്തി ഗേറ്റു തുറക്കുകയായിരുന്നു. അപ്പോഴാണ് ആക്രമണമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ എത്തിയ മൂന്നു പേര്‍ വെടിവയ്ക്കുകയായിരുന്നു.
അവര്‍ ഏഴു റൗണ്ട് വെടിവച്ചു. മൂന്നു വെടിയുണ്ടകള്‍ ഗൗരി ലങ്കേഷിന്റെ ശരീരത്തെ തുളച്ചു. ഒന്ന് നെറ്റിയില്‍, ഒന്ന് കഴുത്തില്‍, ഒന്ന് നെഞ്ചില്‍. നാലു വെടിയുണ്ടകള്‍ ലക്ഷ്യം തെറ്റി ഭിത്തിയില്‍ തറച്ചു.
‘ ഈ നാട്ടില്‍ യു.ആര്‍. അനന്തമൂര്‍ത്തിയും ഡോ. കല്‍ബുര്‍ഗിയും എന്‍റെ പിതാവ് പി. ലങ്കേഷും പൂര്‍ണ ചന്ദ്ര തേജസ്വിയും ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹര്‍ലാല്‍നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളവരുമാണ്. പക്ഷേ അതിന്റെ പേരില്‍ അവര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. കൊല്ലപ്പെട്ടിരുന്നില്ല, അവര്‍ക്കു വധഭീഷണികള്‍ ലഭിച്ചിരുന്നില്ല ’ എന്നു ഗൗരി ലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകള്‍ കഴിഞ്ഞിട്ടില്ല.
‘എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്. അല്ലാതെ വര്‍ഗീയ വാദിയാകാനല്ല. അതുകൊണ്ട്, വര്‍ഗീയവാദികളെ എതിര്‍ക്കേണ്ടത് എന്‍റെ കടമയാണെന്നു ഞാന്‍ കരുതുന്നു ’ എന്ന് ഉറക്കെപ്പറയാന്‍ അവര്‍ അധൈര്യപ്പെട്ടിട്ടില്ല.
തളംകെട്ടി നില്‍ക്കുന്ന രക്തത്തില്‍ വീണു കിടക്കുന്ന മെലിഞ്ഞ ശരീരം.
തുളഞ്ഞു പോയ ഒരു കണ്ഠം, ഹൃദയം, മസ്തിഷ്കം.
അതുകൊണ്ട്?
വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അര്‍ത്ഥങ്ങളും ഇല്ലാതാകുമോ?
കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും.
നിത്യമായി ഉയിര്‍ക്കുക, ഗൗരി ലങ്കേഷ്.
സുഭാഷ് ചന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റ്
ലങ്കേഷിന്റെ മകൾ ഗൗരി
മകൾക്ക് ഗൗരി എന്നു പേരിട്ട ലങ്കേഷ് എന്ന എഴുത്തുകാരനുമായി ഈ രാത്രി ഞാൻ മുഖാമുഖം ഇരിക്കുന്നു. കഥാകൃത്തും കവിയും നാടകകൃത്തും സിനിമാക്കാരനുമൊക്കെയായ അദ്ദേഹം രണ്ടായിരത്തിൽ മരിച്ചിട്ടും ഇപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്നു; മരണത്തേക്കാൾ വലിയ മരവിപ്പോടെ.
എന്റെ മകൾ ഗൗരിയെ അവർ കൊന്നു!, അദ്ദേഹം പറയുന്നു.
നീയും എഴുത്തുകാരനല്ലേ?, അദ്ദേഹം പരേതാത്മാക്കളുടെ ശബ്ദത്തിൽ തിരക്കുന്നു.
നിന്റെ മക്കളും ബാംഗ്ലൂരിലല്ലേ?, അദ്ദേഹം നിർദ്ദയം ചോദിക്കുന്നു.
അവരും പത്രപ്രവർത്തകരാകാനും സത്യം എഴുതാനും കൊതിക്കുന്നവരല്ലേ?, അദ്ദേഹം കണ്ണീരടരാതെ ശ്രദ്ധിക്കുന്നു.
ഓർത്തോളൂ, അദ്ദേഹം പൂർത്തിയാക്കുന്നു: അവർ പരാക്രമം സ്ത്രീകളോടും തുടങ്ങിക്കഴിഞ്ഞു.
ബുദ്ധിമതികളായ സ്ത്രീകളോട്, അനുസരിക്കാൻ കൂട്ടാക്കാത്ത, വ്യക്തിത്വമുള്ള ആരോടും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.