നല്ല സിനിമകളുടെ കഥാകാരൻ
text_fieldsനവതിയുടെ നിറവിൽ എത്തിനിൽക്കുന്ന മലയാള സിനിമയിൽനിന്ന് മികച്ച 90 സിനിമകളുടെ പട്ടിക തയാറാക്കുകയാണെങ്കിൽ എം. സുകുമാരെൻറ കഥകളെ അവലംബിച്ച് ആവിഷ്കരിച്ച ഒന്നിൽക്കൂടുതൽ ചലച്ചിത്രങ്ങൾ അതിൽ ഇടംപിടിക്കും. അതുല്യ എഴുത്തുകാരൻ യാത്രയായത് നമ്മുടെ സിനിമക്കും മികച്ച സംഭാവനകൾ നൽകിക്കൊണ്ടാണെന്നത് ഇൗയവസരത്തിൽ ഒാർക്കേണ്ടതുണ്ട്.
ശ്രീനിവാസൻ, ജലജ, ജോൺ സാമുവൽ, ഉർവശി, നെടുമുടി വേണു തുടങ്ങിയവരുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങൾ സുകുമാരെൻറ കഥാപാത്രങ്ങളായാണ് അഭ്രപാളിയിൽ തിളങ്ങിയത്. കലാമൂല്യമുള്ള സിനിമകളുടെ വക്താവായിരുന്ന സലാം കാരശ്ശേരിയാണ് സുകുമാരനെഴുതിയ ‘സംഘഗാനം’ 1979ൽ നിർമിച്ച് ചലച്ചിത്രമാക്കിയത്. കബനീനദി ചുവന്നപ്പോൾ, മണിമുഴക്കം തുടങ്ങിയ ചിത്രങ്ങളൊരുക്കി നിറഞ്ഞുനിന്നിരുന്ന പി.എ. ബക്കറായിരുന്നു സംവിധാനം. തെൻറ അഭിനയമികവ് പുറത്തെടുക്കുകവഴി ശ്രീനിവാസനെ ഒരു മികച്ച നടനായി മലയാള സിനിമ തിരിച്ചറിയുന്നത് സംഘഗാനത്തിലൂടെയാണ്. 1980ൽ ‘ആദിമധ്യാന്തം’ എന്നകഥ ഇതേ സംവിധായകൻ ‘ഉണർത്തുപാട്ട്’ എന്നപേരിൽ സിനിമയാക്കിയെങ്കിലും പുറത്തുവന്നില്ല. ലെനിൻ രാജേന്ദ്രൻ ഈ സിനിമയിൽ പ്രവർത്തിച്ചുകൊണ്ടായിരുന്നു മലയാള ചലച്ചിത്ര ലോകത്തേക്കെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്നും ഏറെ ചർച്ചചെയ്യപ്പെടുന്ന ‘ശേഷക്രിയ’ രവി ആലുംമൂട് സംവിധാനം ചെയ്തത് 1982ലാണ്. ജോൺ സാമുവൽ, ജലജ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആ വർഷത്തെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ശേഷക്രിയനേടി. പിന്നീട് നീണ്ട ഇടവേളക്കുശേഷം എം.പി. സുകുമാരൻ നായർ ‘തിത്തുണ്ണി’ക്ക് ‘കഴകം’ എന്ന പേരിൽ ചലച്ചിത്രരൂപം നൽകിയപ്പോൾ 1995ലെ അഞ്ച് സംസ്ഥാന അവാർഡുകൾ ആ സിനിമയെ തേടിയെത്തി. ചിത്രത്തിൽ രാധ എന്ന കഥാപാത്രം അവതരിപ്പിച്ച ഉർവശി അക്കൊല്ലത്തെ മികച്ച നടിയായി. രവി വള്ളത്തോളും കഴകത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു. 2003ൽ നെടുമുടി വേണു മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുകയും ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമാകുകയും ചെയ്ത ‘മാർഗം’ എന്ന ചലച്ചിത്രം സംവിധായകൻ രാജീവ് വിജയരാഘവൻ ദീർഘകാലം ‘പിതൃതർപ്പണം’ എന്ന കഥ മനസ്സിലിട്ട് കൊണ്ടുനടന്നതിന് ശേഷമാണ് സിനിമയായത്.
സുകുമാരെൻറ ചലച്ചിത്രമാക്കപ്പെടേണ്ട രചനകൾ വേറെയും ഉണ്ടായിരുന്നെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിനോക്കുകപോലും ചെയ്യാതെ അജ്ഞാതവാസം നടത്തിയ എഴുത്തുകാരെൻറ മറ്റു കഥകൾ ചലച്ചിത്രമാക്കാൻ ആരും മുന്നോട്ടുവന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.