ഒ.എൻ.വി: ഒരു അഭിമുഖക്കാരിയുടെ ഓർമനെല്ലിക്ക
text_fieldsഒ.എൻ.വി എന്ന അക്ഷരപ്രതിഭയെ എത്രവട്ടം ഇൻറർവ്യൂചെയ്യാൻ സുകൃതമുണ്ടായിട്ടുണ്ട് എന്ന് കൈയും കണക്കുമില്ല. പല ജീനിയസ്സുകളുമെന്നപോലെ, ഒ.എൻ.വിയും തിളനിലയിലെത്തുന്നത് പൊടുന്നനെയാണ്. അഭിമുഖം നടത്തുന്ന ഒരു റിപ്പോർട്ടർ ട്രെയിനിക്ക് ചിലപ്പോൾ ഓർമയുണ്ടാവില്ല, അയാളെക്കാൾ ചെറിയ പ്രായത്തിൽ, അയാളുടെ രണ്ടു തലമുറ മുമ്പുള്ള നിരൂപകശ്രേഷ്ഠന്മാരിൽനിന്ന് അനുമോദനം വാങ്ങിയ ഒരാളാണ് മുമ്പിലെന്ന്. അങ്ങനെ, അപക്വമായ ഒരു ചോദ്യം മതി, ആ അസൈൻമെൻറ് കുന്തമാവാൻ.
‘സഖി, ശ്യാമസന്ധ്യ, വിപഞ്ചിക എന്നൊക്കെ കുറെ കോമളപദങ്ങൾ കൊരുത്താൽ അത് കവിതയാവുമോ, എന്താ സാറിെൻറ കൺസെപ്റ്റ്?’എന്നു ചോദിച്ച ടെലിവിഷൻ അഹന്തയോട് ‘എന്നാൽപിന്നെ, ശത്രുവിെൻറ നേരെ വിടുന്ന അമ്പിെൻറ സീൽക്കാരം മാത്രമാണ് കവിത എന്ന് കരുതിക്കോളൂ’ എന്നുപറഞ്ഞ് അവസാനിപ്പിക്കുന്നത് കണ്ട ഭയവുമുണ്ട്.
ചില മാധ്യമസുഹൃത്തുക്കൾ എന്നെ ഇൻറർവ്യൂ എന്ന വിശിഷ്ടസാഹസത്തിന്തള്ളിവിട്ടിരുന്നത് എനിക്ക് എന്തോ തുറുപ്പുശീട്ട് കൈയിലുണ്ട് എന്ന മട്ടിലാണ്. പക്ഷേ, അവർ ധരിച്ചിരുന്നതുപോലെ, അത് അദ്ദേഹത്തിെൻറ ഇഷ്ടകൂട്ടുകാരെൻറ മകളായതുകൊണ്ട് ചുമ്മാ കിട്ടിയ പ്രിവിലേജ് ആയിരുന്നില്ല. സംശയിച്ചും ക്ഷോഭിച്ചും തിരുത്തിയുമുള്ള ലിറ്റ്മസ് ലായനികളിൽ എന്നെയും മുക്കി പരീക്ഷിച്ചിട്ടേ, ഒ.എൻ.വി ഉള്ളഴിഞ്ഞുള്ള അഭിമുഖങ്ങൾക്ക് എനിക്ക് വാതിൽ തുറന്നുള്ളൂ. ചോദ്യങ്ങൾ അദ്ദേഹത്തിെൻറ ഉദാത്ത ക്ലാസിക് ഭാവുകത്വവുമായി ഇണക്കുകയും എന്നാൽ ഓരോ അഭിമുഖത്തിലും പുതുക്കങ്ങളുണ്ടാക്കുകയും എന്നത് ഒരു നൂൽപ്പാല സഞ്ചാരമായിരുന്നു എന്നതാണ് വാസ്തവം.
അദ്ദേഹവുമായുള്ള ഇൻറർവ്യൂ മാത്രമേ ചേതോഹരമായ വെല്ലുവിളിയാവാറുള്ളൂ. ഇഷ്ടസംഭാഷണ വഴികളിൽ വെറുതെ പഴങ്കഥകൾ ഒപ്പിയെടുത്ത്, ഒപ്പം നടക്കാനായിരുന്നു സുഖം. അവസാനവർഷങ്ങളിൽ, ഹൃദ്രോഗവും പ്രമേഹവുമൊക്കെ ഏറെ വലച്ചെങ്കിലും അദ്ദേഹത്തിെൻറ വിഖ്യാതമായ സംഭാഷണചാതുരി, നിരന്തരം കൊടിക്കൂറ പറത്തിക്കൊണ്ടിരുന്നു. സ്വകാര്യവേളകളിൽ, രസകരമായ വർണനകൾ, താനേ മിമിക്രിയിലേക്കു നീങ്ങും. പഴയ കാര്യങ്ങൾ പറയുമ്പോൾ ദേവരാജൻ മാഷുടെ ശബ്ദത്തിൽ, പുതിയത് പറയുമ്പോൾ വിനീത് ശ്രീനിവാസെൻറ ശബ്ദത്തിൽ.
ഈ സരസവേളകൾ സ്വയം ഔഷധവും ആവാറുണ്ട് . ഒരു അവാർഡ് വാങ്ങാൻ ചെന്നൈയിൽ പോയപ്പോൾ 35 വർഷങ്ങൾക്കുശേഷം കമൽഹാസനെ കണ്ടതിെൻറ വിവരണമുണ്ടായി ഒരിക്കൽ. ‘മാടപ്രാവേ വാ, ഒരു കൂടു കൂട്ടാൻ വാ..’ എന്ന് ‘മദനോത്സവം’ മോഡലിൽ ആടിപ്പാടി ഗാനരചയിതാവിനെ ആേശ്ലഷിക്കാൻ സ്റ്റേജിലേക്ക് ചാടിക്കയറിവന്ന കമൽഹാസെൻറ ഗദ്ഗദസമാനമായ ശബ്ദം അനുകരിക്കുന്ന ഉത്സാഹത്തിൽ, അദ്ദേഹം മുട്ടിെൻറ കഠിനമായ വാതം മറന്ന് ചാടിയെഴുന്നേറ്റുപോയി.
ഏറ്റവും ഹൃദയസ്പർശിയായ അഭിമുഖം കൈവന്നത്, കൊല്ലത്ത് കായൽപരപ്പിലാണ്. പരിസ്ഥിതിചിത്രങ്ങളുടെ സംവിധായകനായ കെ.കെ. ചന്ദ്രൻ (അദ്ദേഹവും ഇന്നില്ല) ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യക്കുവേണ്ടി ചെയ്ത ഇംഗ്ലീഷ് ഡോക്യുമെൻററിയിൽ ജ്ഞാനപീഠം നേടിയ കവിയെ ഇൻറർവ്യൂചെയ്യാൻ എനിക്ക് ക്ഷണം ലഭിച്ചു. അഷ്ടമുടിക്കായലിലൂടെ ഒരു ചെറിയ ബോട്ടിൽ പ്രാതൽസവാരിയായി അത് ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങൾ കൊല്ലത്തെ ‘പ്രഭാതരശ്മി’ മാസിക പത്രാധിപർ എസ്. നാസറിെൻറ വകയായിരുന്നു.
വെളുത്ത നീർപ്പറവകൾ കവിയുടെ ശിരസ്സിനുചുറ്റും വട്ടമിട്ട് കലപില കൂട്ടിയപ്പോൾ, ‘ദേ പോയി ആ രസച്ചരട്’ എന്ന് ഞങ്ങൾ ഭയന്നു. മറിച്ചാണുണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിെൻറ മനസ്സ് ബാല്യത്തിലേക്ക് ചിറകുയർത്തി. കൊച്ചു ഒ.എൻ. വി വള്ളംകയറി സ്കൂളിൽ പോയിരുന്ന വഴികൾ കാമറയുടെ മുന്നിലെത്തി. ഇതേ കായലിൽ, എ.കെ.ജിയെ ഒളിസങ്കേതത്തിലാക്കാൻ രാത്രിയിൽ വള്ളത്തിൽ പോകുമ്പോൾ, നിലാവെളിച്ചത്തിൽ ദൂരെയൊരു മരം ചാരിനിൽക്കുന്ന പെൺകുട്ടിയെക്കണ്ട് ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ’ എന്ന് മൂളിയതും ഒരു നാടകകാലം മുഴുവൻ അത് ഏറ്റുപാടിയതും ചരിത്രമാണല്ലോ.
യൂറോപ്പിൽ സ്ട്രുഗാ അന്താരാഷ്ട്ര കവിയരങ്ങിൽ ഒ.എൻ.വി ‘എവിടെയുമെനിക്കൊരു വീടുണ്ട്’ എന്ന കവിത ചൊല്ലിയതും സദസ്സ് ഒരു ഇന്ത്യൻ കവിക്കേ ഈ ദർശനത്തിനു കഴിയൂ എന്ന് നമ്മുടെ രാഷ്ട്രത്തെതന്നെ അഭിനന്ദിച്ചതുമൊക്കെയായിരുന്നു എനിക്ക് ആ ചിത്രീകരണത്തിൽ വേണ്ടിയിരുന്നത്. കായലിൽനിന്ന് കവിമനസ്സ് വീണ്ടെടുക്കാൻ ഏറെ ബുദ്ധിമുട്ടി.
പണ്ട്, ഉഗ്രപ്രതാപിയായ അച്ഛനും താമസിച്ച വീടും നഷ്ടപ്പെട്ട് ഒ.എൻ.വി എന്ന ഏഴുവയസ്സുകാരൻ ‘നമ്മൾക്കിനി നമ്മളേയുള്ളൂ’എന്ന് അമ്മയെ കെട്ടിപ്പിടിച്ച് പറഞ്ഞത് ഈ പച്ചവിതാനത്തെ നോക്കിയാണല്ലോ. പിന്നീടൊരിക്കൽ, ‘ചിതയിൽ നിന്ന് ഞാൻ ഉയിർത്തെഴുന്നേൽക്കും, ചിറകുകൾ പൂ പോൽ വിടർത്തെഴുന്നേൽക്കും’ എന്ന് മനുഷ്യരാശിയെ മൊത്തം ഏതു വ്യാധികാലത്തും ധൈര്യപ്പെടുത്തുന്ന മന്ത്രമാവാൻ ഒ.എൻ.വിക്ക് അനുഭവങ്ങളുടെ ഉറവയായതും ആ ജലപ്രകാശം തന്നെയായിരുന്നു.
ജീവിച്ചിരുന്നെങ്കിൽ, ഇന്ന് ഒ.എൻ.വിക്ക് 89 വയസ്സ് തികഞ്ഞേനെ. 90 വയസ്സ് എന്ന നാഴികക്കല്ലിൽ അക്ഷരസ്നേഹികൾ വരുംവർഷം കസവണിയിക്കും എന്നുറപ്പ്. എങ്കിലും ’89ൽ, ഓർക്കാപ്പുറത്ത് കിട്ടുന്ന സർപ്രൈസ് കുറിപ്പുകളാണല്ലോ ഒ.എൻ.വിക്ക് എന്നും ഏറെ ആനന്ദകരം. അതുകൊണ്ട് ജന്മദിനത്തിൽ, ഇന്ന്, ഒരു വട്ടംകൂടി, കാൽപനികശോഭയുടെ ആ നെല്ലിമരം ഒന്ന് ഉലയ്ക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.