കുഞ്ഞിക്കയോടു ഞാനെന്തു പറയും?
text_fieldsഎെൻറ പ്രിയപ്പെട്ട കുഞ്ഞിക്ക പോയി. അതെനിക്കു ഷോക്കല്ല, വേദനയാണ്. ഹൃദയത്തിെൻറ ഉൾത്തളത്തിലേക്ക് കിനിഞ്ഞിറങ്ങുന്ന വേദന. പതിറ്റാണ്ടുകളുടെ ഹൃദയബന്ധത്തിെൻറ ഒാർമകൾ തിളച്ചുപൊങ്ങി പൊള്ളിക്കുേമ്പാൾ ഞാനെങ്ങനെ എഴുതും? പക്ഷേ, ഇപ്പോൾ നീയെന്നെ ഒാർത്തില്ലല്ലോ എന്ന് അവെൻറ ആത്മാവ് ചോദിച്ചാൽ ഞാനെന്തു പറയും, മറുപടി?
മനോരമ വാർഷികപ്പതിപ്പിലേക്ക് അവൻ എനിക്ക് എത്ര കഥകളെഴുതി. തൊട്ടുരുമ്മിയിരുന്ന് എത്ര കഥകൾ പറഞ്ഞു. സ്വന്തം ജീവിതത്തിെൻറ വേദനകളിൽനിന്ന് ഉൗറ്റിയെടുത്ത കണ്ണീർനനവിെൻറയും ഹാസ്യചിരിയുടെയും കഥകൾ. ‘‘എെൻറ അനുഭവങ്ങൾ മറക്കാനാണ് ഞാൻ എഴുതുന്നതും നിങ്ങളോടൊപ്പം തമാശ പറയുന്നതും സൗഹൃദങ്ങളിൽ വീണു രസിക്കുന്നതും’’ -ഒരിക്കൽ കുഞ്ഞിക്ക എന്നോട് പറഞ്ഞു.
അനുഭവങ്ങൾ
കുഞ്ഞിക്കയുടെ അഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു. മരിച്ചതോ പോകെട്ട, അമ്മയുടെ കാലിൽ കുഞ്ഞുമോൻ തുടലിട്ടിരുന്നു. അമ്മക്കു ഭ്രാന്തായിരുന്നു. ചങ്ങലക്കിട്ടുപൂട്ടാൻ ഇനി ഒരാൾക്കും അടുക്കാൻ വയ്യാത്ത കൊടുംഭ്രാന്തിലും അമ്മ മകനെ ഉപദ്രവിച്ചില്ല. മകൻ തളച്ചിട്ട ചങ്ങലയിൽ കിടന്ന് അമ്മ മരിച്ചുപോയി.
അമ്മ കുഞ്ഞബ്ദുള്ളയുടെ അരുമയായ സ്ത്രീസങ്കൽപമാണ്. ഉരുകിത്തീരാത്ത ദുരന്തബോധത്തിെൻറ പ്രതിമ. ആ പ്രതിമ ‘സ്മാരകശിലകളി’ൽ കുഞ്ഞിബീവിയായി. അവളുടെ ദുരന്തം കുഞ്ഞബ്ദുള്ളക്ക് കണ്ണീർക്കളമായി.
അമ്മ, അമ്മയെ പരിചരിച്ച ചാച്ച, 11ാം വയസ്സിൽ ഭർതൃമതിയാവുകയും 14ാം വയസ്സിൽ മാതാവാകുകയും 15ാം വയസ്സിൽ വിധവയാവുകയും 90ാം വയസ്സിൽ ലോകത്തോടു വിടപറയുകയും ചെയ്ത കദീശുമ്മ, പിന്നെ തറവാട്ടിൽ എത്രയെത്ര ദുരന്തങ്ങൾ... ദുരന്ത കഥാപാത്രങ്ങൾ... കാൽമുട്ടിൽ കാൻസറായി, അനാഥയായി മരിച്ച കാബ്റ മുത്തശ്ശി, ധനികകുടുംബത്തിെൻറ ഉൗഷ്മളതയിൽ വളർന്ന് മദ്യത്തിലും മദിരാക്ഷിയിലും മുങ്ങിമരിച്ച അമ്മാവൻ റബാനി ഖാൻ, ഭ്രാന്തനായി വിടപറഞ്ഞ കളിക്കൂട്ടുകാരൻ.
ദുരന്തങ്ങളെ ക്രൂരമായ മന്ദഹാസത്തോടെ നോക്കുന്ന കറുത്ത ഫലിതം കുഞ്ഞിക്കയുടെ കഥകളിൽ ഒളിച്ചുകളി നടത്തുന്നുവെന്നു ഞാൻ ഒാർക്കുന്നു. വികാരങ്ങൾ നയിച്ച വഴിയിലൂടെ നടന്ന് സ്വന്തം ജീവിതവും കറുത്ത ഫലിതമാക്കുകയായിരുന്നില്ലേ കുഞ്ഞിക്ക? കറുത്തതോ, ചുവന്നതോ എന്തായാലും മലയാളം എന്നും ഒാർക്കാൻ കരുതിവെക്കുന്ന എത്രയെത്ര കഥകൾ കുഞ്ഞിക്ക എഴുതി. ലിസ്റ്റും ഉള്ളടക്കവും ഗവേഷകർക്കു വിടുന്നു.
കുഞ്ഞിക്ക എനിക്ക് കഥാകാരൻ മാത്രമായിരുന്നില്ല, ബന്ധുവും കൂട്ടുകാരനുമായിരുന്നു. എത്ര പേരെക്കൊണ്ടു കഥയെഴുതിച്ചിരിക്കുന്നു. പക്ഷേ, കൂടെ താമസിച്ച്, ഫലിതം പറഞ്ഞും ഉണ്ടും ഉറങ്ങിയും കഥയെഴുതിച്ചത് ഒരാളെക്കൊണ്ടുമാത്രം- പുനത്തിൽ കുഞ്ഞബ്ദുള്ളയെക്കൊണ്ടുമാത്രം.
1994ലാണ്, വടകരയും കോട്ടയവും മീനമാസച്ചൂടിൽ വിയർത്തപ്പോൾ കുഞ്ഞിക്കയും ഞാനും മൂന്നാർ മലമുകളിൽ ഇരവികുളം വന്യമൃഗ സംരക്ഷണകേന്ദ്രത്തിനു ചുവട്ടിൽ ഒരു ഫോറസ്റ്റ് ക്വാർേട്ടഴ്സിൽ ഒരു വൻ കാടിെൻറ ഒാരംചേർന്ന് ഒരാഴ്ച താമസിച്ചു. കുഞ്ഞിക്ക ബസുമതി ചോറുവെച്ച് ചിക്കൻകറിയുണ്ടാക്കി ഞങ്ങൾ ഉണ്ടു. ആ 10 ദിനങ്ങളിൽ അവനൊരു നീണ്ടകഥയെഴുതി. ഞാൻ ‘ലെനിൻസ് ടോംബ്’ എന്ന ബൃഹത് ഗ്രന്ഥം വായിച്ചുമടക്കി. പിന്നെ കുട്ടിക്കാനത്തെ ഒരു റിസോർട്ടിൽ മൂന്നു ദിവസം കുഞ്ഞിക്ക രണ്ടു കഥയെഴുതി. മനസ്സിൽ സ്വരുക്കൂട്ടിയ കഥ കടലാസിലേക്ക് വാർന്നുവീഴുകയാണ്. രണ്ടാമത് വായിക്കില്ല. തിരുത്തലില്ല. പിെന്ന വയനാട്ടിൽ ഗൗണ്ടറുടെ ഗസ്റ്റ് ഹൗസിൽ. അന്നാണ് കുഞ്ഞിക്കയിലെ പാചകക്കാരനെയും ഫലിതപ്രിയനെയും ഞാൻ തൊട്ടറിഞ്ഞത്. അന്ന് കുഞ്ഞി ഒേട്ടറെ കഥകൾ പറഞ്ഞു. ഫലിതം നിറച്ച മിനിക്കഥകൾ. ഞങ്ങൾ നടക്കാനിറങ്ങുേമ്പാൾ അവൻ പറഞ്ഞു; ഞാൻ കേട്ടു, എഴുതിയെടുത്തില്ല. ഒാർക്കുേമ്പാൾ നഷ്ടബോധത്തിെൻറ നിരാശ.
വയനാട്ടിലിരുന്ന് ‘ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ’ കുഞ്ഞിക്ക എഴുതി. കൽപറ്റയിലെ ഹോട്ടൽമുറിയിലിരുന്ന് ഞാനത് വായിച്ചുകഴിഞ്ഞു ചോദിച്ചു: ‘‘കുഞ്ഞിക്ക, എന്തിനാണ് കണ്ണിൽചോരയില്ലാതെ സാറയെ കൊന്നുകളഞ്ഞത്? പ്രണയാർദ്രവതിയെ, ഏതു പുരുഷനും സ്വന്തമാക്കാൻ കൊതിക്കുന്ന സാറയെ?’’ കുഞ്ഞിക്ക പുഞ്ചിരിച്ചതേയുള്ളൂ. പ്രണയം വഴിതെറ്റി ഏതെല്ലാം ദുരന്തങ്ങളിലെത്തുന്നു എന്നു ഞാനറിഞ്ഞു. കുഞ്ഞിക്കയും അതറിഞ്ഞിരുന്നു. പിന്നെയത് കഥകളിൽ പകർത്തി. ‘സ്മാരകശിലകളി’ൽ, ‘മരുന്നി’ൽ, ‘കന്യാവനങ്ങളി’ൽ, ‘നാരി മികച്ച ഇടം’, ‘കേണലിനെ കാണാനില്ല’... ഇങ്ങനെ എത്ര കഥകളിൽ.
ഒരിക്കൽ ഡൽഹിയിൽവെച്ച് മുകുന്ദൻ ആ കഥ പറഞ്ഞു. കുഞ്ഞിക്കയുടെ പ്രണയവും അതിെൻറ ദുരന്തവും. കാമിനി മറിയുമ്മ പ്രസവത്തോടെ മരിച്ചു. ആ കുഞ്ഞിനെ കൊണ്ടുപോന്നു വളർത്തി. (ഒരിക്കൽ കുഞ്ഞിക്ക കോട്ടയത്ത് എന്നെക്കൂട്ടി ചങ്ങനാശ്ശേരി വഴി പായിപ്പാട്ടും പോയി. റിങ്കുവിെൻറ വിവാഹം ഉറപ്പിക്കാൻ കുഞ്ഞിക്ക കൂട്ടിയത് എന്നെ മാത്രം. അതൊരു നീണ്ട കഥ, ഞാൻ ‘മാധ്യമ’ത്തിൽതന്നെ എഴുതിയിട്ടുണ്ട്. ‘‘കോട്ടയത്തുനിന്ന് മാത്യുസാറിനെ വിളിച്ചുകൊണ്ടുപോയാൽ മതിയെന്നു വടകര വീട്ടിലുള്ളവർ പറഞ്ഞു’’ -കുഞ്ഞിക്ക എെൻറ സംശയത്തിനു മറുപടി പറഞ്ഞു.
കുഞ്ഞിക്കക്കു ഞാനും എനിക്ക് കുഞ്ഞിക്കയും കുടുംബസുഹൃത്തുക്കളായിരുന്നു. വടകര, ദേവൻ മാസ്റ്റർ ഡിസൈൻ ചെയ്ത കുഞ്ഞിക്കയുടെ വീട്ടിൽ ഞാൻ എത്ര ദിവസം ഉണ്ടു, ഉറങ്ങി. ഹലീമയുടെ പാചകകലയുടെ രസം ആസ്വദിച്ചു; അതുപോലെ കോട്ടയത്തുവന്ന് സൂസിയുടെ മീൻകറിയുടെയും ഇറച്ചി ഉലർത്തിയതിെൻറയും രുചി കുഞ്ഞിക്കയും.
കുഞ്ഞിക്കയുടെ അകാലവാർധക്യം, അതിെൻറ അവശതകൾ- ആ വാർത്തകളും ചിത്രങ്ങളും എന്നെ മഥിച്ചു. കുഞ്ഞിക്കയെ കാണാതെ ഇരിക്കപ്പൊറുതിയില്ലാതായി. കഴിഞ്ഞ ജൂണിൽ ഞാൻ കുഞ്ഞിക്കയെ കാണാനെത്തി. മകൾ നാസിയുടെ പുതിയാപ്ല ജലീൽ വഴി തുറന്നു. വിഷാദസ്മരണകൾ വിങ്ങിനിറഞ്ഞ ഭാണ്ഡക്കെട്ടും പേറി വിങ്ങിയ മനസ്സോടെ കോഴിക്കോട്ട് കടലോരത്തെ ഫ്ലാറ്റിലെത്തി. കൈകൾ തലക്ക് ചേർത്തുവെച്ച് മയക്കത്തിലായിരുന്നു അവൻ. താങ്ങിപ്പിടിച്ച് എഴുന്നേൽപിച്ചു. കെട്ടിപ്പിടിച്ചിരുന്നു. മൂന്നാലു തമാശകൾ പറഞ്ഞു. അവെൻറ വാക്കുകൾ മൃദുലമായിരുന്നു, ബലഹീനവും. എൺപതുകൾക്ക് നോമ്പുനോറ്റുനിന്ന ഒരു ദിവസം വിലകൂടിയ പാൻറ്സും ഷർട്ടും ധരിച്ച് വിലകൂടിയ ബ്രീഫ്കേസും തൂക്കി സുസ്മേരവദനനായി കോട്ടയത്ത് ഒാഫിസിലേക്ക് കയറിവന്ന കുഞ്ഞിക്കയുടെ രൂപം മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു, നീണ്ട സൗഹൃദത്തിെൻറ ഒേട്ടറെ ചിത്രങ്ങളോടൊപ്പം.
നിമിഷങ്ങൾ പറന്നുകൊണ്ടിരുന്നു. ഞങ്ങൾക്കിടയിൽ മൗനം വിങ്ങി. കുഞ്ഞിക്കയുടെ കണ്ണുകളെ മൗനം തഴുകി. അവനെ ഞാൻ കിടക്കയിലേക്ക് ചായ്ച്ചു. കുഞ്ഞിക്കയുടെ മുറിയുടെ ജനാലയിലൂടെ ഞാൻ പുറത്തേക്ക് നോക്കി. വർഷകാല കോളിളക്കത്തിനുശേഷം ശാന്തതയിൽ മയങ്ങുന്ന കടൽ. കടൽ ചോദിച്ചതു ഞാൻ കേട്ടു: ‘‘യുഗങ്ങളിലൂടെ കടന്നുപോകുന്ന കാലത്തിെൻറ ഒഴുക്കിൽ ഒരു മനുഷ്യജീവിതം എന്നിലെ ഒരു തുള്ളിയുടെയത്രയുണ്ടോ?’’
വിരിയിട്ട കിടക്കയിൽ കുഞ്ഞിക്ക മയങ്ങിക്കിടന്നു. കാരക്കാടിെൻറയും അരക്കൽ തറവാടിെൻറയും അലീഗഢിെൻറയും വടകരയുടെയും കോഴിക്കോടിെൻറയും ഗതകാല സ്മരണകൾ ഉള്ളിലൊതുക്കി എഴുത്തിെൻറ തമ്പുരാൻ വിശ്രമിക്കുകയായിരുന്നു. ‘‘റബ്ബുൽ ആലമീനായ തമ്പുരാനെ, കാത്തുകൊൾക’’ എന്ന് മന്ത്രിച്ച് ഞാൻ പടിയിറങ്ങി. ഇപ്പോഴും പ്രാർഥിക്കുന്നു; ‘‘റബ്ബുൽ ആലമീനായ തമ്പുരാനെ, കുഞ്ഞിക്കയുടെ ആത്മാവിനെ കാത്തുകൊൾക.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.