ഓർമകളുടെ കടൽത്തീരത്ത് കുഞ്ഞബ്ദുള്ള
text_fieldsനോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന കാരക്കാട് കടപ്പുറത്തിെൻറ ഇങ്ങേ അറ്റത്ത് കടലിനു മുഖംചേർന്ന ഫ്ലാറ്റിലെ മുറിയിലിരുന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള പുഞ്ചിരിച്ചു; കാരക്കാട്ടെ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലേക്ക് നിറഞ്ഞ മഴയിൽ ഓലക്കുട ചൂടി വന്ന കുട്ടിയുടെ അതേ നിഷ്കളങ്കതയോടെ. കോഴിക്കോട്ടെ കടൽക്കാറ്റേറ്റ് ഈ മുറിയിലിരിക്കുമ്പോൾ അന്നത്തെ ബാല്യത്തിലെ കാഴ്ചകൾ^ ചെറിയ ചെറിയ തോണികളും മുക്കുവക്കുടിലുകളും കടലിനപ്പുറത്തെ ഗോസായിക്കുന്നും കുഞ്ഞബ്ദുള്ളയുടെ ഓർമയിലെത്തുന്നുണ്ടാകണം. കുഞ്ഞബ്ദുള്ളയുടെ സർഗാത്മക വ്യക്തിത്വം അതിൻെറ സഫലതയിലെത്തിയ ‘സ്മാരകശിലകളെ’ന്ന നോവലിൻെറ ഭൂമികയിലൊരിടമായ കാരക്കാട്ടെ കടപ്പുറത്തെ പഴയ തെളിമയുള്ള കാറ്റിൻ മണം ഓർമയുടെ നാസാരന്ധ്രങ്ങളിൽ നിറയുന്നുണ്ടാകണം. ഖാൻ ബഹദൂർ പൂക്കോയ തങ്ങളും പുക്കുഞ്ഞീബിയും മുക്രി എറമുള്ളാനും മനസ്സകത്ത് പുനർജനിക്കുന്നുണ്ടാകണം. ഇപ്പോഴും കുഞ്ഞബ്ദുള്ള പുഞ്ചിരിക്കുകയാണ്. മരുന്നുകളുടെ ശക്തികൊണ്ടാകണം കണ്ണുകളിൽ നേരിയ മയക്കമുണ്ടായിരുന്നു. പതിവില്ലാതെ സന്ദർശകരെ കണ്ടപ്പോൾ അദ്ദേഹം ഉത്സാഹത്തിലായി.
“ഞാനിപ്പോൾ കുറെ നേരം ഉറങ്ങും. രാവിലെ ഒമ്പതു മണിക്കേ എഴുന്നേൽക്കാറുള്ളു...”
മലയാളത്തിൻെറ വലിയ കഥാകാരൻ പറഞ്ഞു. കൂടെയുള്ള ഫോട്ടോഗ്രാഫർ അജീബ് കൊമാച്ചിയെ കണ്ടപ്പോൾ കണ്ണുകൾ പിന്നെയും വിടർന്നു. കുട്ടിയെ പോലെ ചിരിച്ചു. കൈപിടിച്ചു. മൽപ്പിടിത്തം നടത്തി.
2014ൻെറ അവസാന മാസങ്ങളിൽ ജീവിതം കൈവിട്ടുപോകുമെന്ന ഭയത്തിൽ മക്കളും മരുമക്കളും അദ്ദേഹത്തെ സ്നേഹത്തണലിലാക്കുകയായിരുന്നു. മകൾ നാസിമയുടെയും മരുമകൻ ജലീലിെൻറയും സംരക്ഷണത്തിലാണ് കഥാകാരനിപ്പോൾ. എപ്പോഴും ആൾക്കൂട്ടത്തിനിടയിലായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന കഥാകാരൻ. കൂട്ടുകാരുടെ അവസാനിക്കാത്ത ഒഴുക്കുകൾ. വർത്തമാനങ്ങൾ. യാത്രകൾ. അതെല്ലാം വിട്ടെറിഞ്ഞാണ് അദ്ദേഹം നടക്കാവ് പണിക്കർ റോഡിലെ ക്രസൻറ് മാൻസയിലെ 10 ബിയിലേക്ക് കൂടുമാറിയത്. പിന്നീട് രോഗത്തിൽനിന്ന് മാറിനടക്കാനുള്ള ശ്രമങ്ങൾ. ആഘോഷിച്ച കൂട്ടുകാരിൽ ചിലർ മാത്രം ‘കുഞ്ഞിക്ക’യെ അന്വേഷിച്ചു. “പഴയ കൂട്ടുകാരൊക്കെ കാണാൻ വരാറുണ്ടോ?”
“ഇല്ല. ഇപ്പോൾ അങ്ങനെ ആഘോഷവും കൂട്ടുകാരുമൊന്നും ഇല്ലല്ലോ.” കുഞ്ഞിക്ക ചിരിച്ചു.
“എപ്പോഴും ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച ആളാണ് കുഞ്ഞിക്ക. ഇപ്പോഴത്തെ ഈ ഏകാന്ത നാളുകൾ എങ്ങനെയാണ്?”
“പുറത്തേക്കൊന്നും ഇപ്പോൾ പോകാറില്ല. വയ്യ. എന്നാൽ, ഒറ്റപ്പെട്ടെന്ന തോന്നലുമില്ല.”
മുക്കം സ്വദേശിയായ രാജനാണ് സഹായത്തിന് കൂടെയുണ്ടായിരുന്നത്. രാജൻ വായനാശീലമുള്ള കൂട്ടത്തിലാണ്. പുനത്തിൽ കുഞ്ഞബ്ദുള്ളയെ കുറച്ചൊക്കെ വായിച്ചിട്ടുണ്ട്. കഥാകാരനെ പരിചരിക്കൽ വലിയ ഭാഗ്യവും പുണ്യവുമായി കരുതുന്നു രാജൻ^ “ചിലപ്പോൾ പാട്ട് വെച്ചുകൊടുക്കും. അത് കേട്ടിരിക്കൽ മൂപ്പർക്ക് വലിയ ഇഷ്ടമാണ്. ഹിന്ദിയും മലയാളവും ഗസലുമെല്ലാം കേൾപ്പിക്കും. പാട്ടിൽ ലയിച്ച്... മയങ്ങും. എഫ്.എമ്മിലെ പാട്ടുകളും വർത്തമാനവും ഇഷ്ടമാണ്. പക്ഷേ, വായനയൊന്നും ഇല്ല. അതിനെക്കുറിച്ച് ഞങ്ങളാരും ചോദിക്കാറുമില്ല” ^രാജൻ പറഞ്ഞു.
എന്നും ഭക്ഷണപ്രിയനായിരുന്നു കുഞ്ഞബ്ദുള്ള. എഴുത്തുപോലെ പാചകനൈപുണിയും അനുഗ്രഹമായി ലഭിച്ച ആൾ. കുഞ്ഞിക്കയുടെ കൈപ്പുണ്യത്തിെൻറ രുചി അറിയാത്ത സുഹൃത്തുക്കളും എഴുത്തുകാരും കുറവായിരിക്കും. പാചകത്തിൻെറ രുചിയിടങ്ങളിലേക്ക് ഓർമകളെ വിളിച്ചപ്പോൾ പറഞ്ഞു:
“ഇന്നലെ കിണ്ണത്തപ്പം കഴിച്ചു. നെയ്ച്ചോറും ചോറും ഇഡലിയും ദോശയുമെല്ലാം കഴിക്കാറുണ്ട്. പാചകം ഇല്ല. അതിന് ശരീരംകൊണ്ടും വയ്യ.”
ഇതിഹാസ സമാനമായ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ നോവൽ അനുഭവങ്ങളിലേക്ക് ഒരു ഭൂഖണ്ഡംതന്നെ സൃഷ്ടിച്ച സ്മാരകശിലകളുടെ തുടർച്ചയായി ഒരു നോവൽ കുഞ്ഞിക്കയുടെ ആഗ്രഹമായിരുന്നു^ ‘യാ അയ്യുഹന്നാസ്’ എന്നു പേരിട്ട ഒരു നോവൽ. സ്വന്തം ബാല്യം മുതൽ വാർധക്യകാലം വരെയുള്ള ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന രചന. ‘സ്മാരകശിലകളി’ൽ ഖാൻബഹദൂർ ആറ്റക്കോയ തങ്ങൾ മന്ത്രം ചൊല്ലി തീവണ്ടി നിർത്തിച്ച കാരക്കാട് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന നോവൽ. മുമ്പൊരിക്കൽ അതിനെക്കുറിച്ച് കുഞ്ഞബ്ദുള്ള പറഞ്ഞിരുന്നു: “റെയിൽവേ സ്റ്റേഷനിലെ സിമൻറ് ബെഞ്ചിൽ ഒരു പുലർകാലത്ത് ഒരു വൃദ്ധൻ കിടക്കുന്നു. അയാളുടെ ഊന്നുവടി ചാരിവെച്ചിരിക്കുന്നു. പലരും ആ വഴി കടന്നുപോകുന്നുണ്ട്. പക്ഷേ, ആരും അയാളെ ശ്രദ്ധിക്കുന്നേയില്ല. എന്നാൽ, ജുബ്ബ ധരിച്ച ഒരാൾ മാത്രം വൃദ്ധനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജുബ്ബധാരി വൃദ്ധന് അടുത്തെത്തി. വെള്ളം കുടഞ്ഞ് അദ്ദേഹത്തെ ഉണർത്തി- “ഇതാര് കുഞ്ഞബ്ദുള്ളയോ?”
തിരിച്ച് വൃദ്ധനും ചോദിക്കുന്നു: “ഇതാര് ശങ്കരക്കുറുപ്പ് മാഷോ?”
കഥാകാരൻ ആദ്യമായി അക്ഷരം നുകർന്ന കാരക്കാട് സ്കൂളും കഥാപാത്രമാകുന്നുണ്ട് നോവലിൽ. അവിടെ എഴുത്തും ഓത്തും പഠിക്കാനെത്തിയ കുട്ടിയുടെ കഥയാണ് ആദ്യ ഭാഗങ്ങളിൽ. പഠനദിനങ്ങളിലൊരിക്കൽ സ്കൂളിലെ പുസ്തകമെടുക്കാൻ കുട്ടിയായ കുഞ്ഞബ്ദുള്ള മറന്നുപോയി. അന്ന് രാമായണമാണ് പഠിക്കേണ്ടിയിരുന്നത്. പുസ്തകം കൊണ്ടുവരാത്തതിനെക്കുറിച്ച് ശങ്കരൻ മാഷ് ചോദിച്ചപ്പോൾ കുഞ്ഞബ്ദുള്ള പറഞ്ഞു, ഞാൻ പുസ്തകമില്ലാതെ വായിക്കാം. ഇത് കേട്ട് മറ്റു കുട്ടികൾ ചിരിച്ചു. കുഞ്ഞബ്ദുള്ള ചിരിച്ചില്ല. അവൻ പറഞ്ഞതുപോലെ പുസ്തകമില്ലാതെ വായിക്കുകയും ചെയ്തു. ‘ഇൻറലിജൻറ്’ എന്നൊരു ഇംഗ്ലീഷ് പദം അന്ന് ആദ്യമായി കുഞ്ഞബ്ദുള്ള കേട്ടു.
ശങ്കരക്കുറുപ്പ് മാഷിെൻറയും മൂസ മുസ്ലിയാരുടെയും കഥപറച്ചിൽ എവിടെയെത്തിയെന്ന് ചോദിച്ചു.
“നോവൽ എഴുതിയിട്ടില്ല. എഴുതണമെന്ന് ആഗ്രഹമുണ്ട്. പേന കൈയിലിരിക്കുന്നില്ല. ഓർമകൾ അനുസരിക്കുന്നില്ല.” ദൂരെ കടലിലേക്ക് നോക്കി കുഞ്ഞബ്ദുള്ള.
അഞ്ചു വർഷം മുമ്പ് സ്മാരകശിലകളുടെ ഭൂമിയിലേക്ക് കഥാകാരനും വി.ആർ. സുധീഷിനുമൊപ്പം ഒരു യാത്രപോയിരുന്നു. വടകരയിലെ തറവാടും ആദ്യമായി വാങ്ങിയ വീടും രോഗികളെ കണ്ടിരുന്ന ഡിസ്പെൻസറിയും കടലും പഴയ തറവാടും എല്ലാം പുനത്തിൽ നടന്നു കണ്ടിരുന്നു. ഓർമകളോടൊപ്പം മഴകൂടി കൂട്ടുവന്ന ആ യാത്രയെക്കുറിച്ച് ഓർമിപ്പിച്ചു.
“ഇനിയും ഒരിക്കൽ കൂടെ അങ്ങോട്ട് പോകണമെന്നുണ്ട്. കാരക്കാട് കാണണം. വടകരയിലെ പഴയ വീട് കാണണം. പഴയ ഓർമകളിലൂടെ...”
ഉള്ളിൽ ദുഃഖം നിറഞ്ഞതാണോ എന്നറിയില്ല, വാക്കുകൾ മുറിഞ്ഞു.
നിറയെ മുറികളുണ്ടായിരുന്ന പുനത്തിൽ തറവാട് അദ്ദേഹത്തിൻെറ ഓർമകൾക്കും എഴുത്തിനും എന്നും വളമായിരുന്നു. എണ്ണിയാൽ തീരാത്തത്ര മരങ്ങളും വിശാലമായ മുറ്റവും സർപ്പങ്ങളും പാമ്പുകളും, അണ്ണാൻ കാക്ക, മരംകൊത്തി, കുയിൽ, ചെമ്പോത്ത്, വണ്ണാത്തിപ്പുള്ള്, അടയ്ക്കാപ്പക്ഷി, തത്ത ഇവയെല്ലാമുള്ള തൊടി. നിറയെ മരങ്ങളായതിനാൽ പകൽ പോലും വീട്ടിൽ ഇരുട്ടാണ്. രാത്രിയാകുന്തോറും വീട്ടിലെ ഇരുട്ടിന് കനംവെച്ച് തുടങ്ങും. ഇതെല്ലാം കഥാകാരൻെറ മനസ്സിൽ മായാെത വസിച്ചു. അലീഗഢിൽ പഠനത്തിന് പോയപ്പോൾ ഈ ഓർമകളാണ് കഥകൾക്ക് വളമായത്. ബർമയിൽനിന്ന് ബാപ്പ കൊണ്ടുവന്ന പതിനാലാം നമ്പർ വിളക്കു കത്തിച്ചുവെച്ചാണ് കുട്ടിയായ കുഞ്ഞബ്ദുള്ള എല്ലാ ദിവസവും ഉറങ്ങിയിരുന്നത്. ഉറക്കം വരുവോളം ചാച്ച (ബാപ്പയുടെ പെങ്ങൾ) ജിന്നിൻെറയും റൂഹാനികളുടെയും ഹൂറുൽ ഈങ്ങളുടെയും കഥകൾ പറഞ്ഞുകൊടുക്കും. കഥകേട്ട് കേട്ട് കഥ പറയാൻ കുഞ്ഞബ്ദുള്ള വശമായി. അങ്ങനെ പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന കഥാകാരനുണ്ടായി.
“നാട് ഒരിക്കൽകൂടി കാണണമെന്നുണ്ട്. വയനാടാണ് എന്നെ എപ്പോഴും മോഹിപ്പിച്ച് വിളിച്ചുകൊണ്ടിരിക്കുന്നത്. അവിടെയും പോകണം.”
ഉറക്കം കണ്ണുകളെയും ഓർമകളെയും മയക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. പുറപ്പെടാൻ നേരം പറഞ്ഞു:
‘‘എം.ടിയെ ഒന്ന് കാണണം. എെൻറ ഗുരുവാണ്. എെൻറ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ച പത്രാധിപർ...”
“അലീഗഢിൽ വിദ്യാർഥിയായിരിക്കെ മാതൃഭൂമിയിൽ പത്തുപന്ത്രണ്ട് കഥകൾ പ്രസിദ്ധീകരിച്ചുവന്നു. അന്നു മുതലേ എം.ടിയുമായി സൗഹൃദമുണ്ടായിരുന്നു. അതിനാൽതന്നെ ‘സ്മാരകശിലകൾ’ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വന്നാൽ തരക്കേടില്ല എന്നു തോന്നി. ഒരു വെള്ളിയാഴ്ച കോഴിക്കോട് പോയി എം.ടിയെ കണ്ടു. നോവലിൻെറ കാര്യം പറഞ്ഞു. ഉടനെ എത്തിക്കാൻ എം.ടി ആവശ്യപ്പെട്ടു. ആദ്യത്തെ 25 അധ്യായങ്ങൾ എം.ടിയെ ഏൽപിച്ചു. അന്നും കൂടുതൽ സംസാരിക്കുന്ന പതിവില്ല എം.ടിക്ക്. എന്നോട് മറുപടിയൊന്നും പറഞ്ഞില്ല. പ്രസിദ്ധീകരിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. പക്ഷേ, അടുത്ത തിങ്കളാഴ്ചയുണ്ട് മാതൃഭൂമി പത്രത്തിൽ ഒരു പരസ്യം വന്നിരിക്കുന്നു. പരസ്യവാചകങ്ങൾ എം.ടി തന്നെ എഴുതിയതായിരുന്നു. അത് വല്ലാതെ ക്യാച്ച്ചെയ്യുന്നതായിരുന്നു. പരസ്യം വന്ന് താമസിയാതെ നോവൽ പ്രസിദ്ധീകരിച്ച് തുടങ്ങുകയും ചെയ്തു.” (കോഴിക്കോട് ഒരോർമപ്പുസ്തകം)
ഫ്ലാറ്റിൽനിന്ന് ഇറങ്ങുമ്പോഴും കടൽകാറ്റ് മുറിയിലേക്ക് പതുക്കെ കഥാകാരനെ തേടിവരുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.