ടോംസില്ലാതെ ബോബനും മോളിയും പിന്നിട്ട മൂന്നു വർഷങ്ങൾ
text_fieldsഅത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി. തോമസ് എന്നു പറഞ്ഞാൽ അധികമാരുമറിയില്ല.
‘ടോംസ്’ എന്നൊന്ന് പറഞ്ഞ് നോക്കട്ടെ... അപ്പോഴെത്തും തല തെറിച്ച രണ്ട് പിള്ളേരും അവർക്കിടയിലൂടെ ഓടിപ്പ ായുന്ന ഒരു നായക്കുട്ടിയും. പിന്നെ കാലൻ കുടയും വീശി നടക്കുന്ന ആശാൻ, ഉപ്പായി മാപ്പിള, തടിച്ചുന്തിയ പഞ്ചായത്ത് പ ്രസിഡൻറ്, കൈയിൽ പത്തിരി പരത്തുന്ന ദണ്ഡുമായി ചേട്ടത്തി. പൈപ്പിൻ ചോട്ടിൽ വായിൽ നോക്കി നടക്കുന്ന ലോലൻ അപ്പി ഹിപ്പി. പിന്നെ മൊട്ട... അതിനെല്ലാമുപരി ബോബനും മോളിയും...
എത്രയോ തലമുറ തലയറഞ്ഞ് ചിരിച്ച കാർട്ടൂൺ പരമ്പരയ ുടെ നാഥൻ, ടോംസിൻറെ യഥാർത്ഥ പേര് വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി. തോമസ് എന്നാകുന്നു. മലയാള കാർട്ടൂണിസ്റ് റുകളുടെ കാരണവർ. ബോബനും മോളിയും എന്ന ഒറ്റ കാർട്ടൂൺ കൊണ്ട് മലയാളികളെ പിന്നിൽ നിന്ന് മുന്നിലേക്ക് വായിക്കാൻ പഠ ിപ്പിച്ച വ്യക്തി. ‘എൻറെ ബോബനും മോളിയും’ എന്ന ടോംസിന്റെ ആത്മകഥ പുറത്തിറക്കി മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടി പറഞ ്ഞത് അദ്ദേഹം അറബി പഠിച്ചത് ബോബനും മോളിയും കാരണമാണെന്നായിരുന്നു. അറബി വായിക്കുന്നതുപോലെ അവസാനത്തേതിൽ നിന്നും ആദ്യത്തിലേക്ക് ആയിരുന്നു അദ്ദേഹം വാരിക വായിച്ചു തുടങ്ങിയതരെത... അത്രയേറെ ആരാധകരായിരുന്നു മനോരമ ആഴ്ചപ്പതിപ്പിലെ ‘ബോബനും മോളിയും’ എന്ന ഒറ്റ കാർട്ടൂണിനുണ്ടായിരുന്നത്. ബോബനെയും മോളിയെയും തനിച്ചാക്കി ടോംസ് വിടവാങ്ങിയിട്ട് ഏപ്രിൽ 27 ന് മൂന്ന് വർഷം തികയുന്നു...
ചങ്ങനാശ്ശേരിക്കടുത്ത് കുട്ടനാട് വെളിയനാട് വീട്ടിൽ വി.ടി കുഞ്ഞുതൊമ്മന്റെയും സിസിലി തോമസിൻറെയും മകനായി 1929 ജൂൺ ആറിനാണ് ടോംസ് ജനിച്ചത്. രണ്ടാം ലോക യുദ്ധത്തിൽ അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നിരുന്നെങ്കിലും ഒരു മാസത്തിനു ശേഷം സൈന്യം വിട്ട് നാട്ടിലെത്തി. തന്റെ ജ്യേഷ്ഠനും പ്രശസ്ത കാർട്ടൂണിസ്റ്റുമായിരുന്ന പീറ്റർ തോമസിനെ മാതൃകയാക്കിയാണ് അദ്ദേഹം വരയിലേക്ക് ചുവടെടുത്ത് വെച്ചത്. കുടുംബ വീടിന് സമീപത്തുള്ള രണ്ട് വികൃതി കുട്ടികളെ മാതൃകയാക്കിയാണ് ടോംസ് അന്ന് വരച്ചത്. വേലി ചാടി സ്‌കൂളിലേക്ക് പോയിരുന്ന ഇവരോട് അദ്ദേഹം കലഹിക്കുക പതിവായിരുന്നു. ഒരിക്കൽ മോളി ടോംസിനോട് തന്റെ ചിത്രം വരച്ചു തരാൻ അവശ്യപ്പെട്ടതാണ് വഴിത്തിരിവായത്. പിന്നീട് ടോംസിന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി ഈ കുട്ടികൾ മാറി.
ജീവിച്ചിരുന്ന കാലഘട്ടത്തിൽ ആർഹിച്ച ബഹുമതികളോ, ആദരമോ അദ്ദേഹത്തിന് സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. ടോംസിന്റെ ആത്മകഥ പ്രകാശന ചടങ്ങിൽ പ്രസംഗിച്ച ഒരാൾ പറഞ്ഞു ‘ബോബനെയും മോളിയെയും അനുകരിച്ച് അയൽക്കാരന്റെ മാവിൽ എറിഞ്ഞു കുസൃതികാട്ടിയ മമ്മൂട്ടിക്ക് പത്മശ്രീ ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടും ആ മാവ് നട്ട ടോംസിനെ എല്ലാവരും അവഗണിച്ചു’. അതിനു മറുപടിയായി മമ്മൂട്ടി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ‘ടോംസ് എന്ന കർട്ടൂൺ കാരണവർക്ക് കിട്ടാതെപോയ ഏത് ബഹുമതിയും അത് കൊടുക്കാതെ പോയവരുടെ അർഹതയില്ലായ്മയായി കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും’ അത്രയേറെ ആർഹതയുണ്ടായിട്ടും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടായിട്ടും അദ്ദേഹം അവഗണിക്കപ്പെടുകയായിരുന്നു.
തനിക്കു ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മ നിരീക്ഷണം നടത്തി സംഭവങ്ങളെയും മനുഷ്യരെയും കാർട്ടൂണിലേക്ക് ആവഹിക്കലായിരുന്നു ടോംസിൻറെ രീതി. ആ കഥാപാത്രങ്ങൾക്ക് ഇത്രയും സ്വീകാര്യത കിട്ടാനുള്ള കാരണവും അതുതന്നെ. ബോബനും മോളിയും മാത്രമല്ല മറ്റു കഥാപാത്രങ്ങളെയും ടോംസ് കണ്ടെത്തിയത് ചുറ്റുവട്ടങ്ങളിൽ നിന്നായിരുന്നു. ബോബനും മോളിയുടെയും അച്ഛൻ പോത്തൻ വക്കീൽ എന്ന കേസില്ല വക്കീലിനെ ടോംസ് വരച്ചത് തന്റെ സുഹൃത്തും അയൽവാസിയുമായ അലക്സിനെ മാതൃകയാക്കിയാണ്. കേസില്ലാ വക്കീലായി ആളുകളെ കുടുകൂടെ ചിരിപ്പിച്ചതാണ് പോത്തൻ വക്കീൽ. എന്നാൽ അലക്സിന്റെ യാഥാർത്ഥ ജീവിതം അറിഞ്ഞാൽ വായനക്കാരുടെ കണ്ണുകളൊന്നു നിറഞ്ഞേനെ. നിയമപഠനം പൂർത്തിയാക്കിയ ശേഷം സനദ് ലഭിക്കുന്നതിനായി അടയ്ക്കാൻ കൈയിൽ പണമില്ലാതിരുന്നത് കൊണ്ടാണ് അലക്‌സ് നാട്ടിൽ കേസില്ലാ വക്കീലായി അറിയപ്പെട്ടത്.
മേരിക്കുട്ടി എന്ന ബോബന്റെയും മോളിയുടെയും അമ്മയെ വരച്ചത് അവരുടെ സ്വന്തം അമ്മയെ മാതൃകയാക്കിയാണ്. ബോബന്റെയും മോളിയുടെയും പിന്നാലെ പായുന്ന പട്ടിക്കുട്ടിയെപോലും തന്റെ ചുറ്റുപാടിൽ നിന്നുമാണ് ടോംസ് കണ്ടെത്തിയത്. കീഴ്ക്കാംതൂക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനും, ഇട്ടുണ്ണന്റെ ഭാര്യ ചേട്ടത്തിയും, ആശാനും, ഉണ്ണിക്കുട്ടനും, ലോല കാമുകനായ അപ്പിഹിപ്പിയും, പരീതും, ഉപ്പായി മാപ്ലയും, കുട്ടേട്ടനും, നേതാവും, മൊട്ടയും തുടങ്ങീ ബോബനും മോളിയിലും വന്നു പോയവരെയൊന്നും വായനക്കാർ മറക്കില്ല.
ബോബനും മോളിയോടുമുള്ള ഇഷ്ടം കൊണ്ടാണ് ടോംസ് തന്റെ മക്കൾക്കും ബോബൻ, മോളി എന്നിങ്ങനെ പേരുകൾ നൽകിയത്. ‘‘അപ്പൻ അധികം ചിരിക്കാത്ത ആളായിരുന്നു. എന്നാൽ ബോബനേയും മോളിയെയും നേരിട്ട് കണ്ടാൽ പിന്നെ അപ്പൻ സന്തോഷവാനാകും. എന്തിന്, വീട്ടിൽ ചുവരിൽ തൂക്കിയിരിക്കുന്ന അപ്പന്റെ ഫോട്ടോ എടുക്കാൻ സാധിച്ചത് പോലും ബോബനും മോളിയും അടുത്തുണ്ടായിരുന്നപ്പോൾ മാത്രമാണ്. അപ്പന് ഞങ്ങൾ മക്കളേക്കാൾ സ്നേഹം ബോബനോടും മോളിയോടുമായിരുന്നെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...’’ കോട്ടയത്തെ കഞ്ഞിക്കുഴിയിലുള്ള ടോംസിന്റെ വീട്ടിലിരുന്നു മകൻ ബോബൻ പറയുന്നു. കാർട്ടൂണിലെ കഥാപാത്രങ്ങളായ ബോബൻ കൊച്ചിയിലും, മോളി ആലപ്പുഴയിലുമാണ് ഇപ്പോൾ താമസിക്കുന്നത്.
ഒരു തലമുറയുടെ നൊസ്റ്റാൾജിയയാണ് ബോബനും മോളിയും. ഇന്ന് മാതാപിതാക്കൾ അതിലെ പഴയ കഥകൾ പറഞ്ഞു കൊടുക്കുമ്പോഴും അതിനെ ശ്രദ്ധയോടെ കുട്ടികൾ കാതോർക്കുന്നത് ആ കഥാപാത്രങ്ങൾക്ക് അത്രയേറെ ജീവനുള്ളത് കൊണ്ടാണ്. ടോംസ് വിടവാങ്ങി മൂന്നു കൊല്ലം തികയുന്നു എന്നിട്ടും ടോംസിന്റെ ബോബനും മോളിയും മലയാളികളുടെ മനസ്സിൽ കുട്ടികളായി തുടരുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.