പാർവതി
18. ഒരു നീണ്ട അധ്യായത്തിന്റെ അന്ത്യംപിറ്റേന്ന്.പുതിയൊരു ഊർജവുമായാണ് സൗമിനിയും പാർവതിയും ഉണർന്നെണീറ്റത്. തലേന്ന് രാത്രി പതിവില്ലാതെ നല്ലൊരു മഴ പെയ്തതുകൊണ്ട് ഉറങ്ങാൻ സുഖമായിരുന്നു. രാവിലത്തെ നിത്യകർമങ്ങളെല്ലാം കഴിച്ചു പാർവതി തഞ്ചത്തിൽ അമ്മാമ്മയുടെ പുറകെ കൂടി. സൗമിനിക്ക് മസാലദോശ ഇഷ്ടമായതുകൊണ്ട് അതുണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു അവർ....
Your Subscription Supports Independent Journalism
View Plans18. ഒരു നീണ്ട അധ്യായത്തിന്റെ അന്ത്യം
പിറ്റേന്ന്.
പുതിയൊരു ഊർജവുമായാണ് സൗമിനിയും പാർവതിയും ഉണർന്നെണീറ്റത്. തലേന്ന് രാത്രി പതിവില്ലാതെ നല്ലൊരു മഴ പെയ്തതുകൊണ്ട് ഉറങ്ങാൻ സുഖമായിരുന്നു. രാവിലത്തെ നിത്യകർമങ്ങളെല്ലാം കഴിച്ചു പാർവതി തഞ്ചത്തിൽ അമ്മാമ്മയുടെ പുറകെ കൂടി. സൗമിനിക്ക് മസാലദോശ ഇഷ്ടമായതുകൊണ്ട് അതുണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു അവർ. പാർവതിക്ക് നെയ്ദോശയും.
‘‘ഞാൻ സഹായിക്കണോ, അമ്മാമ്മേ.”
“വേണ്ടല്ലോ മോളെ, നിങ്ങൾക്കിതൊക്കെ ശീലംണ്ടാവില്ല. എനിക്കിതൊക്കെ നല്ല പരിചയല്ലേ.”
“പിന്നേണ്ടല്ലോ അമ്മാമ്മേ. പാർവതി ഒരുകാര്യം പറഞ്ഞാ സമ്മതിക്ക്യോ?’’
‘‘മോള് പറഞ്ഞത് എന്തെങ്കിലും സമ്മതിക്കാതിരുന്നിട്ടുണ്ടോ ഇതുവരെ?’’
‘‘ഒടുവിൽ വെഷമാന്ന് പറയരുത്.’’
‘‘ഇല്ലെന്നേ.’’ ദോശക്കകത്തു മസാല നിറക്കുന്ന തിരക്കിൽ അവർക്കത് ഇഷ്ടപ്പെട്ടില്ല.
‘‘ഇന്ദിരേടെ കാര്യം പറയാനാ. ടൗണിലെ വല്ല്യ ഡോക്ടറെ കാണിച്ചാ കണ്ണിലെ കാഴ്ച കൊറെയൊക്കെ ശരിയാക്കാത്രെ.’’
‘‘ആര് പറഞ്ഞു?’’
‘‘ഇവടത്തെ ഡോക്ടർ. ഒറ്റയടിക്ക് മുഴുവനും ശരിയായില്ലെങ്കിലും പതുക്കെ...’’
‘‘അത്യോ? എന്നിട്ട് ആ വിദ്വാൻ ഇതേവരെ എന്നോട് പറഞ്ഞില്ലല്ലോ.’’
‘‘പറയാനുള്ള മട്യായിരിക്കും.’’
‘‘ആശുപത്രിയിൽ കെടക്കേണ്ടി വര്വോ? ഒരുപാട് കാശ് വേണ്ടി വര്വോ?’’
‘‘അവടെ പോയി നോക്കീട്ടെ അറിയാൻ പറ്റൂള്ളു. അമ്മാമ്മ സമ്മതിച്ചാ പാർവതീം കൂടെ പൂവ്വാം. അപ്പോയ്ന്റ്മെന്റ് കിട്ടുവെങ്കിൽ ഇന്നന്നെ. കണ്ണിന്റെ കാര്യായതുകൊണ്ടാ. കാഴ്ചയില്ലാത്ത ജീവിതത്തെപ്പറ്റി ആലോചിക്കാനേ വയ്യ. ആ പാവം കൊച്ചാണെങ്കിൽ ജീവിതം തൊടങ്ങീട്ടല്ലേള്ളൂ.’’
‘‘ആയിക്കോട്ടെ. എന്നാലും അച്ചൂനൊന്നു നേരത്തേ പറയായിരുന്നു...’’
കാര്യമൊക്കെ പറഞ്ഞു പാർവതി കൂട്ടിക്കൊണ്ട് വന്നപ്പോൾ അച്ചുവേട്ടന്റെ മുഖത്തു ചെറിയൊരു പേടിയുണ്ടായിരുന്നു.
‘‘നിനക്കിത് പണ്ടേ പറയായിരുന്നില്ലേ. ഇത്രേം വൈകിക്കണ്ട വല്ല കാര്യോംണ്ടായിരുന്നോ? ഇവടത്തെ ചികിത്സക്ക് ഞാനല്ലേ സഹായിക്കാറ്. അപ്പഴെങ്കിലും പറയായിരുന്നു ടൗണിലെ വല്ല്യ ഡോക്ടറെ കാണിക്കണംന്ന്.’’
ഒന്നും പറയാതെ അച്ചുവേട്ടൻ തലകുനിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സൗമിനി ഇടപെട്ടു.
‘‘പോട്ടെ അമ്മേ, വെറുതെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതീട്ടായിരിക്കും. എന്തായാലും ഇനി വൈകിക്കണ്ടാ.’’
‘‘ആയിക്കോട്ടെ. എങ്ങന്യാ നിങ്ങള് പോണേ?’’
‘‘ബസ്സിലന്നെ.’’ അച്ചുവേട്ടന്റെ നേർത്ത ശബ്ദം.
‘‘ബസ്സിലൊന്നും കൊണ്ടോവണ്ടാ കുട്ടിയെ. മരുന്നൊഴിക്കുമ്പൊ കണ്ണിനൊരു മൂടലുണ്ടാവും. ടാക്സിയിൽ പോയാ മതി.’’
അതിനിടയിൽ പാർവതി ആശുപത്രിയിൽ വിളിച്ചു അപ്പോയിന്റ്മെന്റ് ഉറപ്പിച്ചിരുന്നു. തിരക്കുണ്ടെങ്കിലും കാര്യം പറഞ്ഞപ്പോൾ ടിക്കറ്റ് കിട്ടി. കുറച്ചു കാത്തിരിക്കണമെന്ന് മാത്രം.
‘‘അപ്പൊ ഇത്രേള്ളൂ കാര്യം.’’ കാറിലിരിക്കുമ്പോൾ പാർവതി പറഞ്ഞു.
‘‘എന്റമ്മ കൊറെ പ്രാവശ്യം പറഞ്ഞതാ അതൊക്കെ.’’ മുമ്പിലെ സീറ്റിലിരുന്ന് ഇന്ദിര പറയുന്നത് കേട്ടു.
‘‘അവര് എത്രണ്ട് സഹായിച്ചിരിക്കണു. ഇനി ഇതും കൂടി പറഞ്ഞാ എന്തു പറയുംന്ന പേടീണ്ടായിരുന്നു.’’
‘‘അച്ചുവേട്ടനറീല്ല്യേ അമ്മാമ്മേടെ പ്രകൃതം? ആദ്യം എന്തെങ്കിലുമൊക്കെ പറയുമെങ്കിലും തണുക്കണത് പെട്ടെന്നാ.’’
‘‘അതൊക്കെ പരിചയായിരിക്കണു മോളേ, അമ്മ പാവാ. എത്രണ്ടു വഴക്ക് പറഞ്ഞാലും ഉള്ളില് മുഴുവൻ സ്നേഹാ... എന്നാലും ഒരു മടി.’’
കുറച്ചു വലിയൊരു കെട്ടിടം. തണുപ്പിച്ച മുറികൾ. അടുത്ത ടൗണിൽ ഇത്രയേറെ സ്പെഷലിസ്റ്റുകൾ ഉള്ളത് പാർവതിയെ അത്ഭുതപ്പെടുത്തി. ശാന്തിനഗറിൽപോലും ഇതുപോലൊരു കണ്ണാശുപത്രി കണ്ടേക്കില്ല. പേരുകേട്ട കണ്ണാശുപത്രിയായതുകൊണ്ട് അടുത്തുള്ള പട്ടണങ്ങളിൽ നിന്നുപോലും രോഗികൾ ഇങ്ങോട്ടു വരാറുണ്ടത്രെ. സാധാരണ വളരെ നേരത്തേ ബുക്ക് ചെയ്തവർക്ക് മാത്രമേ അകത്തു കേറാൻ പറ്റൂ. അന്ന് കാണാൻ സമ്മതിച്ചതു തന്നെ അതിശയമാണ്.
അതുകൊണ്ടായിരിക്കണം, സാമാന്യം തിരക്കുണ്ടായിരുന്നു. പേര് രജിസ്റ്റർ ചെയ്തു ടോക്കൺ മേടിച്ചശേഷം കാത്തിരിക്കുന്നവരുടെ കസേരകളിൽ ഇരിപ്പായി. അവരുടെ ഊഴം വൈകുമെന്ന് ഉറപ്പായതോടെ ക്യാന്റീനിൽ പോയി ചായ കുടിച്ചു കുറെനേരം കളഞ്ഞു. തിരിച്ചുവന്നപ്പോഴേക്കും ടെസ്റ്റുകൾക്കുള്ള വിളിവന്നു. പലവിധ ടെസ്റ്റുകൾ. എല്ലാം കഴിഞ്ഞ് അവസാനമേ പ്രധാന ഡോക്ടറെ കാണാനാകൂ. അതിനുമുമ്പ് പരിശോധിക്കാനെത്തിയ ജൂനിയർ ഡോക്ടറുടെ മുഖത്തു നേരിയ പ്രതീക്ഷയുടെ മിന്നായം.
“എന്തേ ഡോക്ടർ?” പാർവതി ചോദിച്ചു.
“നോക്കട്ടെ. എന്തായാലും ഈ കണ്ണടയൊന്നും പോരാ. ഒക്കെ സാറ് പറയും. എന്തേ കൊണ്ടുവരാൻ ഇത്ര വൈകിയത്?”
“അറിയില്ലായിരുന്നു.”
“ശരി, വെയിറ്റ് ചെയ്തോളൂ.”
ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പ്. വളരെ നേരത്തെ ബുക്ക് ചെയ്തവരാണ് ആദ്യം കയറിക്കൊണ്ടിരിക്കുന്നത്.
ഒടുവിൽ ആ ഡോക്ടറുടെ മുമ്പിൽ. വലിയ കണ്ണടയുടെ പുറകിൽ തിളങ്ങുന്ന കണ്ണുകൾ. കട്ടിപ്പുരികം. പുറകോട്ട് ചീകിവെച്ച സമൃദ്ധമായ മുടി. മുഖത്താണെങ്കിൽ അതിലും സമൃദ്ധമായ പുഞ്ചിരി. ആദ്യത്തെ കാഴ്ചയിൽതന്നെ പാർവതിക്ക് ഡോക്ടറെ ഇഷ്ടപ്പെട്ടു.
“എന്താ മോളെ, എന്തുപറ്റി? ഡോക്ടർ അങ്കിൾ ഒന്നു നോക്കിക്കോട്ടെ. താടി ഈ മെഷീനോട് ചേർത്തു വച്ചോളൂ.”
എല്ലാം കഴിഞ്ഞ് അച്ചുവേട്ടനോടും മകളോടും വെളിയിലിരിക്കാൻ പറയുമ്പോൾ ഡോക്ടറുടെ നെറ്റിയിൽ ചുളിവുകൾ കണ്ടു.
“എന്തെങ്കിലും പോസിബിലിറ്റി ഡോക്ടർ? തനി പാവങ്ങളാണ്, കഴിഞ്ഞുകൂടാൻ തന്നെ വിഷമിക്കുന്നവർ.”
“ഞാൻ എപ്പോഴും പോസിറ്റീവ് ആണ്. ഇത് വല്ലാണ്ട് വൈകിയിരിക്കണു. എന്നാലും ഞാൻ ചികിത്സിക്കാം. ഇതിലും കുഴഞ്ഞ കേസുകൾ ശരിയാക്കിയിട്ടുണ്ട്. ഏതായാലും നോക്കാം. പ്രതീക്ഷ കൈവിടേണ്ട. കുറച്ചു താമസം ഉണ്ടാവും. പണച്ചിലവും. രോഗിയുടെ സഹകരണം പ്രധാനമാണ്.”
“പറയാം ഡോക്ടർ. പണം പ്രശ്നമല്ല. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ട കുട്ട്യാണ്.”
പിന്നീട് ഡോക്ടർതന്നെ വിളിച്ചു ഇന്ദിരക്ക് ധൈര്യം കൊടുത്തു. താൻതന്നെ ചികിത്സിച്ചു ഭേദമാക്കിയ ഒന്നു രണ്ടു കേസുകൾ പറഞ്ഞുകൊടുത്തു.
അങ്ങനെ തെല്ലൊരു ആശ്വാസത്തോടെ പുറത്തു കടക്കുമ്പോൾ പുറത്തിരിക്കുന്നവരുടെ മുഷിഞ്ഞ മുഖങ്ങൾ കണ്ടു. തങ്ങൾ കുറെയേറെ നേരമെടുത്തുവെന്ന് പാർവതിക്ക് മനസ്സിലായി.
ഡോക്ടർ കുറിച്ചു തന്ന മരുന്നുകളൊക്കെ വാങ്ങി, അവരെ കാറിൽതന്നെ വീട്ടിൽ വിട്ടാണ് പാർവതി മടങ്ങിയത്. മടങ്ങുമ്പോൾ അച്ചുവേട്ടന്റെയും മകളുടെയും മുഖങ്ങളിൽ നിറഞ്ഞ ആശ്വാസമായിരുന്നു.
“എന്തായാലും, മോളുടെ വരവ് എല്ലാവർക്കും ഒരുപാട് ഐശ്വര്യങ്ങൾ കൊണ്ടുവന്നതുപോലെ...”
“എന്തായാലും ഇതൊക്കെയൊരു പുണ്യമല്ലേ അച്ചുവേട്ടാ. പാർവതിയെക്കൊണ്ടു ഇത്രയൊക്കെയല്ലേ ചെയ്യാൻ കഴിയുള്ളൂ.”
അമ്മാമ്മയും അമ്മയും ഉമ്മറത്തു തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
“എന്തേ ഇത്ര വൈകിയേ?”
“അവടൊക്കെ പൂരപ്പറമ്പിലെ തെരക്കല്ലേ? ഒക്കെ നേരത്തെ ബുക്ക് ചെയ്തവർ. നമ്മളെ കാണാൻ സമ്മതിച്ചതന്നെ ഭാഗ്യം.”
“എന്തേ ഡോക്ടറു പറഞ്ഞത്?”
“കൊറച്ചു വൈകീന്നാ പറേണേ. എന്നാലും സാധ്യതയുണ്ട്. താമസം വരുമെന്ന് മാത്രം. പണച്ചെലവും കൂടും. എന്തായാലും ഒരുകാര്യം ഉറപ്പ്. ചികിത്സിച്ചു ഭേദാക്കാൻ പറ്റണ കേസാണെങ്കിൽ അങ്ങേരു ശരിയാക്കിയിരിക്കും. അത്രക്ക് കേമനാന്നാ അവടെ ഇരിക്കണ ചെലര് പറഞ്ഞത്. ബോർഡില് കൊറേ ഫോറിൻ ഡിഗ്രികളും കണ്ടു. അങ്ങേര് വന്നതിൽ പിന്ന്യാണ് ഈ ആസ്പത്രീടെ പേര് പൊറത്തറിയാൻ തൊടങ്ങിയതത്രേ. ഇങ്ങേരെ കാണാനായി മാത്രം ദൂരേന്ന് വരെ ആളുകള് വരണുണ്ട്.”
“ഒക്കെ അവൾടെ തലേലെഴുത്തുപോലെ വരട്ടെ. ചികിത്സക്കുള്ള പണം ഞാൻ കൊടുത്തോളാം. എങ്ങനെങ്കിലും ആ കുട്ടീടെ കാഴ്ച ശര്യായാൽ മത്യായിരുന്നു. അച്ചൂന് ആകെക്കൂടീള്ള കുട്ടിയാണ്. നാളേക്ക് തുണയാകേണ്ടത് അവളല്ലേ? ഇനി നിങ്ങടെ പരിപാടി?”
‘‘ട്യൂഷൻ ക്ലാസ്സിലെ കുട്ട്യോളോട് രണ്ടുമൂന്നു ദിവസംന്ന് പറഞ്ഞാ പോന്നത്. ഇപ്പൊ പെട്ടെന്നൊന്നും പറയാൻ പറ്റണില്ല. നാളെ പറയാം.” സൗമിനി പറഞ്ഞു.
രാത്രി കിടക്കുമ്പോൾ സൗമിനി എന്തൊക്കെയോ ആലോചിക്കുന്നതുപോലെ.
“സത്യം പറഞ്ഞാ മടങ്ങിപ്പോകാൻ തോന്നണില്ല മോളെ.”
“ഒടുവിൽ ഈ നാട് ഇഷ്ടപ്പെടാൻ തുടങ്ങിയോ?”
“എന്താ സംശയം? എത്രയായാലും ജനിച്ചുവളർന്ന നാടല്ലേ. ട്യൂഷൻ ക്ലാസ്സിലെ പിള്ളേരുടെ കാര്യം ഓർക്കുമ്പഴാ...”
“അതേപ്പറ്റി വല്ല്യ ബേജാറൊന്നും വേണ്ടാന്നേ. വെക്കേഷൻ കാലല്ലേ? പിന്നൊരു കാര്യം കൂടി. അമ്മ ഇനി പണ്ടത്തെപ്പോലെ കഷ്ടപ്പെട്ട് ക്ലാസ്സെടുക്കൊന്നും വേണ്ടാ. പാർവതീടെ പഠിപ്പിന്റെ കാര്യം അമ്മാമ്മ ഏറ്റൂന്നല്ലേ പറഞ്ഞത്.”
“എന്നാലും വെറുതെയിരിക്കാൻ എന്നെക്കൊണ്ടാവില്ല. അങ്ങനേള്ള ശീലോല്യാ.”
“അതിന് പറ്റിയ ഒരുപാട് പരിപാടികള് ഇണക്കണുണ്ട് ലാലാജി ട്രസ്റ്റും സുഷമാജീമൊക്കെ. അമ്മേടെ കഴിവ് മുഴുവനായും ഉപയോഗിച്ചിട്ടില്ലത്രെ. അതായത് വെറുമൊരു കണക്ക് ടീച്ചറായി ഒതുങ്ങേണ്ട ആളല്ലാന്നർഥം. അങ്ങനെയാണെങ്കിൽ കൊറച്ചു കഴിഞ്ഞാൽ തെരക്കോട് തെരക്കാകാനാണ് സാധ്യത. നമ്മള് മടങ്ങിച്ചെല്ലുമ്പോഴേക്കും ചെല വല്ല്യ ന്യൂസ് കാത്തിരിക്കണുണ്ടാവും എന്നൊരു സൂചന തന്നിരുന്നു അവര്. എന്തായാലും ഇന്നാട്ടുകാർക്ക് വേണ്ടാതിരുന്ന സൗമിനിയെ എവിടെയോ ഉള്ള ഒരു ശാന്തിനഗറിന് വേണം.’’
“ശര്യാ. കൊറേ കഴിയുമ്പൊ ഇവർക്കും മനസ്സിലായി തൊടങ്ങും.”
“എന്താ സംശയം?”
“ഇനി അമ്മക്ക് പഴയ ചില താൽപര്യങ്ങളിലേക്ക് മടങ്ങാനുള്ള സമയം കിട്ടും. കവിതയുടെ കാര്യാണ് പറയണത്.”
“കവിതയോട് എനിക്ക് വല്ല്യ സ്നേഹായിരുന്നു. പക്ഷേ അതൊരു പാഷൻ ആയി വളർത്താൻ കഴിഞ്ഞില്ല. അന്നത്തെ തെരക്കും വീട്ടിലെ ചുറ്റുപാടുകളുമൊക്കെ... മനസ്സൊന്ന് വെടിപ്പായിക്കിട്ടണം ആദ്യം.”
“മനസ്സിലാവണുണ്ട്. പക്ഷേ മുമ്പത്തെ പ്രഷറൊക്കെ കൊറെ കൊറഞ്ഞല്ലോ. വേണംന്ന് വച്ചാൽ സമയമൊരു പ്രശ്നമേയല്ല. ദിവസത്തിൽ ഇരുപത്തിനാല് മണിക്കൂറല്ലേള്ളൂ എല്ലാർക്കും.”
“സമയത്തിന്റെ പ്രശ്നമല്ല. മനസ്സിനെ പിടിയിൽ കിട്ടാത്തതിന്റെ കൊഴപ്പം തന്നെ. എന്തായാലും, നോക്കട്ടെ.”
അൽപം കഴിഞ്ഞു തുടർന്നപ്പോൾ സൗമിനിയുടെ തൊണ്ട ഇടറിയിരുന്നു.
‘‘എനിക്ക് ചെലപ്പോ തോന്നാറുണ്ട്, മനുഷ്യന്റെ ഏറ്റവും വല്ല്യ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ഈ കണ്ണാടിയെന്ന്. തെളിനീരിൽ കണ്ടിരുന്ന രൂപം താൻതന്നെയാണെന്നു ആദിമ മനുഷ്യൻ തിരിച്ചറിഞ്ഞതുതന്നെ പിന്നീടായിരിക്കും. അങ്ങനെ സ്വയം കാണാവുന്ന ഒരു പ്രതലം വേണമെന്നുള്ള വാശിയിലാവാം മുഖക്കണ്ണാടിയുടെ പിറവി.”
“ആയിരിക്കാം...”
“എനിക്കിപ്പൊ തോന്നണത് അകവും പൊറവും ഒരു പോലെ കാണാവുന്ന ഒരു കണ്ണാടികൂടി ആർക്കെങ്കിലും കണ്ടുപിടിക്കാനായെങ്കിൽ എന്നാണ്.’’
‘‘അമ്മേടെ ഭാവന കാട് കേറണതുപോലെ. കവിയുടെ മനസ്സ്.’’
“സ്നേഹത്തിനും പിണക്കത്തിനും ഇടയിലുള്ള അതിർവരമ്പ് നന്നേ നേർത്തതാവും ചെലർക്ക്. ഇപ്പൊ എന്നേം അക്കൂട്ടത്തിൽ ചേർക്കാന്ന് തോന്നിപ്പോണു.
“സ്നേഹത്തിന്റെ മറുവശല്ലേ അമ്മേ പിണക്കം? സ്നേഹിക്കുന്നോർക്കല്ലേ പിണങ്ങാനാവൂ. ഇനി ഒരുകാര്യം കൂടീണ്ട് അമ്മാമ്മെക്കൊണ്ട് സമ്മതിപ്പിക്കാനായി. നാളത്തെ ആദ്യത്തെ പണി അതന്നെ. അല്ലെങ്കിൽ മറന്നുപോവും.”
പിറ്റേന്ന് രാവിലെതന്നെ പാർവതി വീണ്ടും അമ്മാമ്മയുടെ പുറകെ കൂടി. പ്രശ്നം അച്ചുവേട്ടനെ വരാന്തയിൽ ഇരുത്തി ആഹാരം കൊടുക്കുന്നതു തന്നെ. അതു കേട്ടപ്പോൾ അമ്മാമ്മക്ക് ചിരി നിറുത്താനായില്ല. ആ വിദ്വാനെ അവിടെ ഇരുത്തുന്നതും ഞാനാണെന്നാണോ നിങ്ങടെയൊക്കെ വിചാരം? നിങ്ങടെ നോട്ടത്തിൽ ഈ കരയിലെ ഏറ്റവും വലിയ വില്ലത്തി ഈ പാവം അമ്മാമ്മ തന്നെ. പഴയ ജീവിതനൗക സിനിമയിലെ പങ്കജവല്ലി! ഓർത്തോർത്തു ചിരിക്കുകയാണ് അവർ.
കല്യാണം കഴിച്ചു ഈ തറവാട്ടിൽ കാല് കുത്തുമ്പോൾ അടുക്കളപ്പണി, വീട്ടുഭരണം തുടങ്ങിയവ അവരുടെ കൈയിൽ ഒതുങ്ങുന്നതായിരുന്നില്ല. അടുക്കളയിൽ കയറിയിട്ട് പലപ്പോഴും പകച്ചുനിൽക്കേണ്ടി വന്നിട്ടുണ്ടത്രെ. അക്കാലത്തു സഹായത്തിനായി കൂടെ കൂട്ടിയതായിരുന്നു അച്ചുവിന്റെ അമ്മയെ. ഒരു ജോലിക്കാരിയായി ഒരിക്കലും കാണാനായിട്ടില്ല അവരെ. നല്ലൊരു കുടുംബത്തിലെ ശോഷിച്ച താവഴിയിൽ പിറന്ന ആ സ്ത്രീയുടെ കഷ്ടപ്പാട് കണ്ടിട്ടാണ് വിളിച്ചുകയറ്റിയത്. അത്രതന്നെ. വാസ്തവത്തിൽ ഈ കുടുംബത്തെ ഈ നിലയിലാക്കിയത് അവരുടെ കൈത്താങ്ങു കൊണ്ടുമാത്രമാണ്. അച്ചുവാണെങ്കിൽ കുട്ടിക്കാലം തൊട്ടേ ഇവിടെ തന്നെയാണ്.
പകല് മുഴുവനും അങ്ങനെ ചുറ്റിപ്പറ്റി നിൽക്കും. പറിച്ചു തിന്നാനായി പലതുമുണ്ടല്ലോ പറമ്പിൽ. മാങ്ങ, പേരക്ക, കൈതച്ചക്ക അങ്ങനെ പലതും. ചക്കയുടെ സീസണായാൽ പറയുകയും വേണ്ട. ഊണിൽ താൽപര്യം ഇല്ലായിരുന്നെങ്കിലും പലഹാരങ്ങൾ എത്ര വേണമെങ്കിലും ആവാം. അന്ന് തിണ്ണയിൽവച്ചാണ് അവന്റെ അമ്മ ആഹാരം കൊടുത്തിരുന്നത്. അക്കാര്യത്തിൽ വലിയ നിർബന്ധമായിരുന്നു അവർക്ക്. ഓരോരുത്തരും ഇരിക്കേണ്ട സ്ഥാനത്ത് ഇരിക്കണമെന്ന് വാശിപിടിച്ചത് അവരായിരുന്നു. ഇതൊക്കെ ഇവിടെ ആർക്കും അറിയാത്ത കാര്യങ്ങൾ. അവരുടെ മരണത്തിനുശേഷം അവനെ അകത്തേക്ക് വിളിച്ചുകയറ്റാൻ അമ്മാമ്മയും മുത്തച്ഛനും കുറെ ശ്രമിച്ചെങ്കിലും പുറത്തെ വരാന്തയിൽ കാറ്റുംകൊണ്ടിരിക്കുന്നതാണ് ഇഷ്ടമെന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞുമാറി.
‘‘ഇപ്പോൾ തൃപ്തിയായോ മോൾക്ക്? പഴയ പങ്കജവല്ലി ഇപ്പോൾ ബി.എസ്. സരോജയായോ?’’ ചിരി നിറുത്താനാവുന്നില്ല അമ്മാമ്മക്ക്. അമ്മാമ്മ ഇപ്പോഴും ജീവിതനൗകയുടെ കാലത്ത് തന്നെ. ചെറിയൊരു ചമ്മലോടെ പാർവതി തലയാട്ടി.
മടക്കത്തെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അച്ചുവേട്ടൻ തിടുക്കം പിടിച്ചു വരുന്നത് കണ്ടു. രാമചന്ദ്രൻമാഷ്ക്ക് തീരെ സുഖമില്ലത്രെ. രണ്ടു മൂന്നു ദിവസം ഐ.സി.യുവിലായിരുന്നു. ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ടെങ്കിലും സംഗതി ലേശം സീരിയസ് ആണെന്നാ പുറത്തു കേൾക്കുന്നത്. അധികം ദിവസം കാണില്ലെന്നും കേട്ടു. എന്താണ് അസുഖമെന്ന് ആരും വിട്ടുപറയുന്നില്ലെങ്കിലും കാൻസർ ആണോയെന്ന് സംശയമുണ്ടെന്ന് ആരോ പറഞ്ഞു. ശ്വാസകോശത്തിലെ കാൻസർ. നമ്മുടെ നാടായതുകൊണ്ട് ഈ കേൾക്കണതൊക്കെ നേരാണോയെന്ന് പറയാനാവില്ല. പലരും കാണാൻ ശ്രമിച്ചെങ്കിലും ആരെയും അടുപ്പിക്കുന്നില്ല മാഷ്... അതിനിടയിൽ സൗമിനിയും മോളും വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് പറഞ്ഞത് അദ്ദേഹംതന്നെയാണത്രെ.
അതു കേട്ടപ്പോൾ സൗമിനിയുടെ മുഖം വല്ലാതായി.
“അങ്ങേരുടെ ഭാര്യ?”
“ആ ടീച്ചർ മരിച്ചിട്ട് കൊല്ലം കൊറെയായില്ലേ. ആകെക്കൂടീള്ളത് വകയിൽ ഒരു അനന്തരവനാണ്. അയാളാണ് കൂടെ. മാഷ് ടെ സ്വത്തുക്കളൊക്കെ അയാൾക്കാത്രെ.”
“അപ്പൊ മാഷ് ടെ മക്കള്?”
“അതിന് ആ ടീച്ചറ് പ്രസവിച്ചിട്ടില്ലല്ലോ.”
“ഓ...”
“കൊറെ കഴിഞ്ഞു ഞാനും പാർവതീം അവടെ വരെ ഒന്ന് പോയിട്ട് വരാം. തൽക്കാലം അമ്മയോട് പറയണ്ട. വിശേഷമറിഞ്ഞിട്ട് ഞാൻതന്നെ പറഞ്ഞോളാം.”
“മാഷ് ടെ വീടറിയാല്ലോ.”
“ആ...”
“ഏടത്തീടെ മടക്ക ടിക്കറ്റ്?”
“ഒക്കെ പിന്നീട് പറയാം.” തിടുക്കത്തിലായിരുന്നു സൗമിനി.
കുളിക്കാനൊരുങ്ങുന്ന പാർവതിയോട് ഈ വിവരം പറഞ്ഞത് ശബ്ദം താഴ്ത്തിയാണ്. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു മാഷ് ടെ വീട് വരെ ഒന്നു പോയിട്ട് വരാം. തൽക്കാലം അമ്മ അറിയണ്ടാ. ലൈബ്രറിയിൽ പോകുകയാണെന്ന് പറഞ്ഞാൽ മതി.
മനസ്സിലായതുപോലെ പാർവതി തലയാട്ടി.
വായനശാലയിൽ പോകുകയാണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തു ചില സംശയങ്ങൾ പതയുന്നത് കണ്ടു. ഉടനെ മടങ്ങിപ്പോകുന്നവർക്ക് ഇനിയെന്തിനാ പുസ്തകങ്ങൾ? എന്തൊക്കെയോ ഒഴികഴിവ് പറഞ്ഞു അവർ പുറത്തിറങ്ങി. അച്ചുവേട്ടൻ ഓട്ടോ ഏർപ്പാട് ചെയ്തിരുന്നു.
“വീടറിയ്യോ ഏടത്തിക്ക്?”
“ഞാനവടെ ട്യൂഷന് പോയിട്ടുണ്ട്.”
വായനശാലയുടെ തൊട്ട് പുറകിലായി, പഴയ മട്ടിൽ ഓടിട്ട വീട്. മെയിൻ റോഡിൽനിന്നേ കാണാം. ഒരുപക്ഷേ വായനശാലക്കുള്ള സ്ഥലം ഇവർതന്നെ കൊടുത്തതാകാം. അങ്ങനെ അത് നാണുമാഷ് സ്മാരക വായനശാലയായി.
വീടിനു വടക്കു വശത്തായി ഒരു ചാർത്തു കണ്ടു.
“ഇവടെ ആയിരുന്നു മാഷ് ഞങ്ങൾക്ക് ട്യൂഷൻ എടുത്തിരുന്നത്.”
കോളിങ് ബെൽ അടിക്കുന്നതിനുമുമ്പ് അവിടെയൊക്കെയൊന്ന് ചുറ്റിനടക്കണമെന്നു സൗമിനിക്ക് തോന്നി. ഒരുപാട് ഓർമകൾ കൊണ്ടുവരുന്ന ചാർത്ത്. ഓർമകൾ കെട്ടുപിണഞ്ഞു കിടക്കുന്ന മുറികൾ. വർഷങ്ങളുടെ പൂപ്പൽ കയറിയിട്ടും അടിയിലെ പേര് മായാത്ത കോമൺവെൽത്ത് ഓടുകൾ. കണ്ണുകൾ കടയുന്നതുപോലെ. പോയകാലം തെളിഞ്ഞ ചിത്രങ്ങളായി കൺമുമ്പിലൂടെ നിരയിട്ട് പോയപ്പോൾ സൗമിനി ഒന്ന് പിടഞ്ഞു. മറവിയുടെ ചെളിക്കുഴിയിലേക്ക് പണിപ്പെട്ട് പൂഴ്ത്തിയിട്ട കുറെയേറെ ഓർമകൾ.
സൗമിനി മടിച്ചുനിന്നപ്പോൾ പാർവതിയാണ് ബെല്ലടിച്ചത്.
ഒരു ചെറുപ്പക്കാരനാണ് വാതിൽ പാതി തുറന്നത്. തീരെ ഇഷ്ടപ്പെടാത്ത മട്ടിൽ അയാൾ ചോദിച്ചു.
“ആരാ?”
“സൗമിനീന്നു പറഞ്ഞാമതി. അറിയാം മാഷ് ക്ക്.”
“സോറീട്ടോ.” വാതിൽ മലർക്കെ തുറന്നിട്ട് അയാൾ പറഞ്ഞു. “മാഷ് ക്ക് ആരേം കാണാൻ ഇഷ്ടമില്ലാന്ന് പറഞ്ഞിട്ടും ചിലര് കേറിവരും. അതോണ്ടാ... അകത്തേക്ക് കടന്നോളൂ. മാഷ് മുറീലെ .......കട്ടിലിലുണ്ട്.”
കട്ടിലിൽ കിടക്കുന്ന രൂപത്തെ പെട്ടെന്ന് തിരിച്ചറിയാനായില്ല സൗമിനിക്ക്. നീലക്കുപ്പായത്തിനുള്ളിൽ വെറുമൊരു എല്ലിൻകൂട്. പഴയ കണ്ണട ആ മൂക്കിന് പാകമാകാത്ത പോലെ. അതിനടിയിലെ കണ്ണുകളിലും വെളിച്ചം കെട്ടു തുടങ്ങുന്നതുപോലെ. ചാരിയിരിക്കാനായി അനന്തരവൻ തലയിണ ചാരിവെച്ചു കൊടുത്തു.
“നിങ്ങളൊക്കെ എന്നു വന്നു?”
“രണ്ടു മൂന്നു ദിവസായി.” അമ്മ കരച്ചിലടക്കാൻ പാടുപെടുന്നത് കണ്ട് പാർവതിയാണ് മറുപടി പറഞ്ഞത്. “ഞാൻ ഇതിനു മുമ്പും വന്നിരുന്നു.”
“ഓർമയുണ്ട്. അന്ന് ലൈബ്രറിയിൽ വച്ചു കണ്ടിരുന്നല്ലോ.”
“ആഹാരൊക്കെ?” എങ്ങനെ തുടങ്ങണമെന്നറിയാതെ കുഴങ്ങുകയായിരുന്നു സൗമിനി.
“പണ്ടേ കുറവാണ്. ഇപ്പോഴാണെങ്കിൽ ഒന്നും വേണ്ടാ താനും. വായ്ക്ക് വല്ല രുചിയും തോന്നണ്ടേ?”
“ചിലപ്പോ പറയും മധുരം വേണമെന്ന്. അങ്ങനെ പണ്ട് ഇഷ്ടമായിരുന്ന ലഡ്ഡു കൊടുക്കാൻ നോക്കുമ്പോൾ അത് വേണ്ട, എരിവും പുളിയുമൊക്കെ മതീത്രെ...” അനന്തരവൻ ഇടപെട്ടു.
“ഓരോ സമയത്തും ഓരോ തോന്നലായിരിക്കും. ഇയ്യാള് ഉള്ളതുകൊണ്ട് അന്നം മുട്ടാതെ കഴിയണു, അത്രന്നെ. കർമഫലം അല്ലാണ്ടെന്താ പറയാ.”
“അങ്ങനെ പറയല്ലേ മാഷെ” പാർവതി ഇടപെട്ടു. അമ്മയുടെ തൊണ്ടയിൽ ഉമിനീര് വറ്റിയിരിക്കുകയാണെന്നു അവൾക്കറിയാം. “മാഷ് ക്ക് ഇനീം എത്രയോ കുട്ട്യോള്ടെ കണ്ണ് തെളിയിക്കാനുണ്ട്. ഇപ്പൊത്തന്നെ ശാന്തിനഗറിലെ ഏറ്റവും നല്ല മാത്സ് ടീച്ചറാണ് മാഷ് പഠിപ്പിച്ച എന്റെ അമ്മ.”
“നല്ല ഓർമയുണ്ട്. ആദ്യമൊക്കെ കണക്കില് കുറച്ചു മോശമായിരുന്നു സൗമിനി. പിന്നെപ്പിന്നെ ക്ലാസ്സില് ഏറ്റവും മുമ്പിലായി അവള്”
“അമ്മ പറയാറുണ്ട്.”
“എല്ലാം ഇന്നലെ നടന്നത് പോലെ. ഞാൻ പഠിപ്പിച്ച കുട്ടികൾക്ക് അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായീന്നു കേൾക്കണതാ ഏറ്റവും വലിയ പുണ്യം. അത് കേൾക്കാനാണ് ഓരോ മാഷും കൊതിക്കുക.”
കിതക്കാൻ തുടങ്ങിയപ്പോൾ അനന്തരവൻ ഇടപെട്ടെങ്കിലും കൂട്ടാക്കാതെ തുടരാൻ ശ്രമിച്ചെങ്കിലും വലിയൊരു ചുമ അത് തടഞ്ഞു.
“മാഷോട് അധികം സംസാരിക്കേണ്ടെന്നാ ഡോക്ടറു പറഞ്ഞിരിക്കുന്നത്. പിന്നെ അടുപ്പമുള്ളവര് വരുമ്പോൾ മൂപ്പര് ഒരുപാട് സംസാരിക്കാൻ ശ്രമിക്കും. അതുകൊണ്ടാണ് വിസിറ്റേഴ്സിനെ അകത്തേക്ക് കേറ്റാൻ മടിക്കണത്.”
“ശരി മാഷെ, ഞങ്ങള് നിക്കണില്ല. മാഷ് വിശ്രമിക്കൂ. അസുഖം വേഗം സുഖാകട്ടെ.” പാർവതി പറഞ്ഞു.
“മാഷെ ഇവളെ അനുഗ്രഹിക്കൂ. അവള് ജീവിതം തൊടങ്ങിയതേ ഉള്ളൂ.” സൗമിനി കരയാൻ തുടങ്ങി.
തന്റെ തളർന്ന വിരലുകൾ പാർവതിയുടെ നെറുകയിൽ വെച്ചു അനുഗ്രഹിക്കുമ്പോൾ മാഷ് വികാരത്തള്ളൽ അടക്കാൻ പാടുപെടുകയായിരുന്നു. പൊരുളറിയാത്തൊരു വൈദ്യുതി പ്രവാഹം കടന്നുപോയതുപോലെ പാർവതി തരിച്ചുനിന്നു.
‘‘നല്ലതു വരട്ടെ.’’
അൽപം കഴിഞ്ഞു അദ്ദേഹം കൂട്ടിച്ചേർത്തു...
‘‘രണ്ടു പേർക്കും.’’
വിചിത്രമായൊരു ഏതോ ചോദനയാൽ അദ്ദേഹത്തിന്റെ കാലുകൾ തൊട്ട് വന്ദിക്കുമ്പോൾ പ്രാചീനമായ കർമബന്ധങ്ങൾ മുറുകുന്നതുപോലെ പാർവതിക്ക് തോന്നി. ജന്മാന്തരങ്ങളുടെ അഴിയാക്കെട്ടുകൾ.
കരച്ചിലടക്കി തിരിഞ്ഞുനോക്കാതെ സൗമിനി പുറത്തേക്ക് കടക്കുമ്പോൾ മാഷ് ടെ അനന്തരവൻ പറയുന്നതു കേട്ടു.
“ഇന്ന് രാത്രി ഉറങ്ങാൻ ഗുളിക കൊടുക്കണം മാഷ് ക്ക്. അതോണ്ടാ ആരേം കേറ്റിവിടാതെ നോക്കണത്. എന്തു ചെയ്യാം. ഒരു കാലത്തു കണ്ടമാനം സിഗരറ്റ് വലിച്ചിരുന്നത്രെ.”
ഓട്ടോവിൽ കയറുമ്പോൾ തിരിഞ്ഞുനോക്കാനുള്ള പ്രേരണ പാടുപെട്ട് അടക്കുകയായിരുന്നു സൗമിനി. ഇത് വിലപ്പെട്ടൊരു അധ്യായത്തിന്റെ അന്ത്യം. എന്നെങ്കിലും ഇത് അവസാനിക്കാതെ വയ്യല്ലോ. അത് ഇങ്ങനെ അവസാനിച്ചത് എന്റെ പാപങ്ങളുടെ ശിക്ഷ.
കുറെ നേരം അമ്മ വല്ലാതെയിരിക്കുന്നത് കണ്ടപ്പോൾ പാർവതി ഇടപെട്ടു.
‘‘ഇന്ന് മാഷെ കണ്ടപ്പൊ എന്തോ പോലെ തോന്നി. അന്ന് ലൈബ്രറിയിൽ വെച്ചു കണ്ടതിൽനിന്ന് വല്ലാത്തൊരു മാറ്റം.’’
‘‘ഈ സൂക്കേടിന്റെ കാര്യം അങ്ങനെയാത്രെ. ലങ്ങ് ക്യാൻസറിനെപ്പറ്റി കേട്ടിട്ടുണ്ട് കൊറെ.’’
‘‘ഒരുകാലത്തു കണ്ടമാനം സിഗരറ്റ് വലിച്ചിരുന്നുവത്രെ.’’
‘‘പണ്ടേ അങ്ങനെയായിരുന്നു. ക്ലാസ്സുകളുടെ ഇടവേളകളിൽ വരാന്തയിൽനിന്ന് വലിക്കണത് കാണാറുണ്ട്. കുട്ട്യോള് കാണണതിൽ ഒരു വെഷമോം ഇല്ലാത്തതുപോലെ. എന്തൊക്കെയോ മനഃപ്രയാസങ്ങളുണ്ടായിരുന്നു അങ്ങോർക്ക്. ആരോടും ഒന്നുംപറയാതെ സന്തോഷം അഭിനയിച്ചു നടക്കണപോലെ.’’
‘‘അന്ന് കണ്ടപ്പൊ പാർവതിക്ക് വല്ല്യ ഇഷ്ടായത് ആ ചിരിക്കണ മുഖവും തിളങ്ങുന്ന കണ്ണുകളുമായിരുന്നു. ഇപ്പൊ ആ കണ്ണുകളിലെ വെളിച്ചം മങ്ങിത്തുടങ്ങണത് പോലെ. അതോണ്ട് തന്നെ അനുഗ്രഹിക്കാനായി ശിരസ്സിൽ കൈ വച്ചപ്പോൾ അതൊരു യാത്രപറയൽ പോലെ തോന്നി. ഏതൊക്കെയോ മുജ്ജന്മ ബന്ധം ഉള്ളതുപോലെ.’’
‘‘ഒരുകാലത്ത് തൂണിൽ ചാരി സിഗരറ്റ് പുകച്ചുകൊണ്ട് വിദൂരതയിലേക്ക് സ്റ്റൈലിൽ നിൽക്കണ മാഷെ കാണാൻ നല്ലരസായിരുന്നു. അന്ന് അങ്ങേരെ ആരാധിച്ചിരുന്ന ഒരുപാട് പെൺകുട്ട്യോളുണ്ടായിരുന്നു. മാഷ് ടെ പങ്കാളിയാകാൻ പോണ പെൺകുട്ടി ഭാഗ്യം ചെയ്തോളാ എന്നൊക്കെ പറയാറുണ്ട് ചെലര്... ഒടുവിൽ ചെല അസൂയക്കാർ പരാതിപ്പെട്ടപ്പോൾ വരാന്തയിലെ നിൽപ്പ് അവടത്തെ മാവിൻ ചുവട്ടിലേക്ക് മാറ്റി.’’
‘‘കുട്ട്യോൾടെ പ്രണയം?’’
‘‘ഹേയ്, ആ പ്രായത്തിന്റെ ഇളക്കം.’’
വീട്ടിലെത്തിയപ്പോൾ എങ്ങനെയുണ്ട് വായനശാല എന്നു അമ്മ ചോദിച്ചപ്പോൾ മോശമാണെന്ന് പറഞ്ഞൊഴിഞ്ഞു സൗമിനി.
‘‘ഒരു വിലപ്പെട്ട അധ്യായം ഇവിടെ അവസാനിക്കുകയാണ് മോളേ. വേണ്ടതൊക്കെ ചെയ്തുകഴിഞ്ഞതോണ്ട് ഇനി അധികം താമസിയാതെ സ്ഥലംവിടുകയാണ് ഭേദം.’’
“ആയിക്കോട്ടെ. പാർവതി റെഡി.”
സൗമിനി അടുക്കളയിൽ ചെന്നപ്പോൾ അമ്മ തിരക്കിലാണ്.
‘‘ഇപ്പൊത്തന്നെ ക്ലാസുകൾ കൊറേ മുടങ്ങിക്കഴിഞ്ഞു. അതോണ്ട് അച്ചുവേട്ടനെ തീവണ്ടിയാപ്പീസിലേക്ക് വിടുകയാണ്. ഇനി പോകാതെ വയ്യല്ലോ. ടിക്കറ്റ് കിട്ടണപോലെ...’’
‘‘അപ്പൊ ഇനി?’’
‘‘എല്ലാ വെക്കേഷനും ഉറപ്പായും വരും. ഇടക്കൊക്കെ വിളിക്കേം ചെയ്യും. പോണേനു മുമ്പ് ആ ഫോണിന്റെ പരിപാടി ഒന്നൂടി പഠിപ്പിക്കാൻ മോളോട് പറയാം. അമ്മക്ക് അങ്ങോട്ടും വിളിക്കാല്ലോ. പിന്നെ ഫോണിന്റെ ബില്ലൊന്നും ഇവടെ അടക്കണ്ടാട്ടോ. അതൊക്കെ അവടത്തെ കണക്കിൽ.’’
രണ്ടു ദിവസം കഴിഞ്ഞുള്ള ടിക്കറ്റ് കിട്ടി. ഇനിയെന്ത് എന്നു പാർവതി ചോദിച്ചപ്പോൾ നാളെ ആ മെയിൻറോഡിലൂടെ ഒന്ന് ഞെളിഞ്ഞു നടക്കണം. കാണണ്ടോരു കാണട്ടെ. വടക്കേടത്തെ സൗമിനീടെ പുതിയ രൂപം.
രൂപമല്ല, അവതാരം. മകൾ തിരുത്തി.
പിറ്റേന്ന്.
പോകാനിറങ്ങുമ്പോൾ അമ്മാമ്മയുടെ മുഖം ശ്രദ്ധിക്കുകയായിരുന്നു പാർവതി. മുമ്പൊന്നും കാണാത്ത വിധത്തിൽ കാറ് കെട്ടിയ മുഖം. പെട്ടികൾ ഒതുക്കിവെച്ചെങ്കിലും ഇറങ്ങാനുള്ള മടിയോടെ നടക്കല്ലിൽതന്നെ നിൽക്കുകയാണ് സൗമിനി. പരസ്പരം മുഖം കൊടുക്കാതെ അമ്മയും മകളും. തെല്ലൊരു ക്ഷമകേടോടെ മുറ്റത്ത് കാത്തുനിൽക്കുകയാണ് ടാക്സി ഡ്രൈവർ. ഇടക്കിടെ അയാൾ തന്റെ വാച്ചിൽ നോക്കുന്നുമുണ്ട്. ഏതു നിമിഷവും അയാൾ വണ്ടിയുടെ ഹോൺ അടിക്കുമെന്ന് തോന്നി.
അൽപം കഴിഞ്ഞു അമ്മാമ്മയുടെ ചിലമ്പിയ ശബ്ദം കേട്ടു.
‘‘ഇനി?’’
‘‘അടുത്ത കൊല്ലം തന്നെ.’’ സൗമിനിയുടെ തൊണ്ടയും ഇടറിയിരുന്നു.
‘‘ആവോ. എത്രകാലം കഴിഞ്ഞിട്ടാ ഇങ്ങനെ രണ്ടൂന്ന് ദിവസം. എനിക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ.’’
‘‘ഉറപ്പാ. അടുത്ത വെക്കേഷനന്നെ. അപ്പഴേ പാർവതിക്കും ഒഴിവുണ്ടാവൂ. പഠിക്കാൻ പോവല്ലേ അവള്.’’
പെട്ടെന്ന് അജ്ഞാതമായ ഏതോ ഉൾപ്രേരണയാൽ ഇറയത്തേക്ക് തിരിച്ചുകയറി അമ്മയെ കെട്ടിപ്പിടിക്കുമ്പോൾ തേങ്ങുകയായിരുന്നു സൗമിനി.
“സോറി, അമ്മാ. ഒക്കെ എന്റെ തെറ്റ്. വെഷമം തോന്നീട്ടുണ്ട് പിന്നീട്. എല്ലാം പൊറുക്കണം, അനുഗ്രഹിക്കണം.”
അമ്മയുടെ കാലുകൾതൊട്ട് നെറുകയിൽ വെക്കുമ്പോൾ സൗമിനിയുടെ കവിളുകളിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
മകളെ പിടിച്ചുയർത്തി നെറുകയിൽ കൈപ്പത്തി അമർത്തി അനുഗ്രഹിക്കുമ്പോൾ എളുപ്പത്തിൽ ഇളകാത്ത അമ്മാമ്മയും പതറുന്നതുപോലെ.
“അമ്മേടെ അനുഗ്രഹം എപ്പഴും ഉണ്ടാവും മോളേ. പോയി വാ... എടക്കൊക്കെ വിളിക്ക് രണ്ടുപേരും. ഇനി ഫോണിൽ കാണാനും പറ്റൂല്ലോ.”
പതിവില്ലാത്ത ഈ രംഗം കണ്ടു പകച്ചുനിൽക്കുകയാണ് പാർവതിയും അച്ചുവേട്ടനും. ഒടുവിൽ ചുറ്റുപാടുകൾക്ക് അയവ് കൊടുക്കാനായി പാർവതി ഇടപെട്ടു.
“നോക്കിക്കോളൂ അമ്മാമ്മേ, അടുത്തതവണ അമ്മ വരണത് വടക്കേടത്തെ സൗമിനിയായല്ല. ശാന്തിനഗറിലെ സൂപ്പർസ്റ്റാറായിട്ട്.”
അപ്പോഴേക്കും തിരിഞ്ഞുനോക്കാനുള്ള മടിയോടെ സൗമിനി കാറിൽ കയറിക്കഴിഞ്ഞിരുന്നു.
“നേരം കൊറച്ചു വൈകീട്ടോ.” കാറിന് വേഗം കൂട്ടുമ്പോൾ ഡ്രൈവർ പിറുപിറുക്കുന്നത് കേട്ടു.
“സാരല്ല്യാ, ഇന്ത്യൻ റെയിൽവേസ് ചതിക്കാറില്ല ആരെയും.” പാർവതി പറഞ്ഞു.
ഇത്തിരി കഴിഞ്ഞു ചുമച്ചു ശബ്ദം ശരിയാക്കി സൗമിനി പറഞ്ഞു.
“ഇത്തവണ എന്തോ എനിക്ക് വല്ലാതെ തോന്നി. അമ്മയെ ഇനി ഒരിക്കലും കാണാൻ പോണില്ല എന്നോ മറ്റോ...”
“ഹേയ്, അങ്ങനൊന്നും സംശയിക്കേ വേണ്ടാട്ടോ. നമ്മളെക്കാൾ ആരോഗ്യംണ്ട് അമ്മാമ്മക്ക്.”
“മരണത്തെ ആരോഗ്യവുമായി ചേർത്തുകാണാൻ നോക്കണ്ടാ. ഒരു ബൾബ് ഫ്യൂസ് ആകണത് പോലേള്ളൂ.”
“അങ്ങനൊന്നും ആലോചിച്ചു പോവണ്ടാ. മുന്നോട്ട് മാത്രം നോക്കണതാവും എപ്പഴും ഭേദം.” മകൾ അമ്മയെ ഉപദേശിച്ചു.
ഒന്നു മൂളിയെന്നു തോന്നിയെങ്കിലും അപ്പോഴും അമ്മയുടെ മുഖം തെളിഞ്ഞിരുന്നില്ല.