ഗൃഹസ്ഥനും ഗ്രഹസ്ഥനും
text_fields‘ക്ഷ’ വരപ്പിക്കും എന്നുപറയുമ്പോള്‍ ‘ക്ഷ’ എന്ന അക്ഷരം എഴുതാനുള്ള പ്രയാസമാണ് ഭീഷണിയാകുന്നത്. ‘ക്ഷ’ മാത്രമല്ല കൂട്ടക്ഷരങ്ങളെല്ലാം ബുദ്ധിമുട്ടുതന്നെ. ചെറിയ വ്യത്യാസം മാത്രമുള്ള കൂട്ടക്ഷരങ്ങള്‍ എഴുതുമ്പോള്‍ തെറ്റുകളും സാധാരണമാണ്. ‘സ്തസ്ഥ’, ‘ഷ്ടഷ്ഠ’, ‘ജ്ഞഞ്ജ’ എന്നീ ജോടികളില്‍ സ്ഥിരമായി തെറ്റുവരാറുണ്ട്. രണ്ട് രൂപങ്ങളിലും ധാരാളം വാക്കുകളുണ്ടെങ്കിലും സ്ഥാനവും അര്‍ഥവും നോക്കിവേണം പ്രയോഗിക്കാന്‍. അല്ളെങ്കില്‍ വിവക്ഷിതാര്‍ഥം മാറിപ്പോകും.
വിശ്വസ്തന്‍, വിശ്വസ്ഥന്‍, ഗൃഹസ്ഥന്‍, ഗ്രഹസ്ഥന്‍ തുടങ്ങിയ വാക്കുകളില്‍ ഏതാണ് ശരി? ‘വിശ്വസ്തന്‍’ എന്ന വാക്കിന് വിശ്വസിക്കാവുന്നവന്‍, വിശ്വസിക്കപ്പെട്ടവന്‍ എന്നൊക്കെയാണ് അര്‍ഥം. ‘വിശ്വസ്ഥന്‍’ എന്ന വാക്കിന് വിശ്വത്തില്‍ അഥവാ ആകാശത്ത് സ്ഥിതിചെയ്യുന്നവന്‍ എന്നും. വിശ്വസിക്കാവുന്നവന്‍ എന്ന അര്‍ഥത്തില്‍ വിശ്വസ്ഥന്‍ എന്ന വാക്ക് പ്രയോഗിക്കുന്നതാണ് തെറ്റ്. ദൈവത്തെ സൂചിപ്പിക്കാനാണ് ‘വിശ്വസ്ഥന്‍’ എന്ന വാക്ക് പ്രയോഗിക്കുക. ഇതിനു പകരം വിശ്വസ്തന്‍ എന്നു പ്രയോഗിച്ചാല്‍ ആ അര്‍ഥം കിട്ടില്ല. ‘ഗൃഹസ്ഥന്‍’ വീട്ടുകാരനും ‘ഗ്രഹസ്ഥന്‍’ ഗ്രഹത്തില്‍ സ്ഥിതി ചെയ്യുന്നവനുമാണ്.
ഉടമസ്ഥന്‍, അസ്ഥി, സ്ഥാനം, സ്ഥാപനം, വ്യവസ്ഥ എന്നെല്ലാം ‘സ്ഥ’ ചേര്‍ത്ത് എഴുതുമ്പോള്‍ സ്തനം, വ്യത്യസ്തം, അന്തസ്താപം (ഉള്‍ത്താപം) വിസ്തര, അധസ്തലം, നാസ്തി, അസ്തമയം, അസ്തിത്വം, ആസ്തികത എന്നെല്ലാം ‘സ്ത’ ചേര്‍ത്താണ് എഴുതുന്നത്. ശുദ്ധിവ്യഗ്രതയാല്‍ തെറ്റായി പ്രയോഗിക്കുന്ന ഒന്നാണ് ‘തടസ്ഥം’. വിഘ്നം എന്ന അര്‍ഥത്തിലാണെങ്കില്‍ ‘തടസ്സം’ എന്നാണ് പ്രയോഗിക്കേണ്ടത്.
‘ഞ’യും ‘ജ’യും ചേര്‍ന്നുവരുന്ന കൂട്ടക്ഷരമാണ് ‘ഞ്ജ’. ഇത് തിരിച്ചിട്ട് ‘ജ’യും ‘ഞ’യും ചേര്‍ന്നു വരുന്ന ‘ജ്ഞ’ എന്ന കൂട്ടക്ഷരവും മലയാളത്തിലുണ്ട്. ഈ രണ്ട് കൂട്ടക്ഷരങ്ങളും പലര്‍ക്കും മാറിപ്പോകാറുണ്ട്. അഞ്ജനം, അഞ്ജലി, വ്യഞ്ജനം, പതഞ്ജലി തുടങ്ങിയ വാക്കുകളെല്ലാം ‘ഞ’യും ‘ജ’യും ചേര്‍ന്നു വരുന്നവയാണ്. പ്രതിജ്ഞ, ജ്ഞാനം, ജിജ്ഞാസ, വിജ്ഞാനം തുടങ്ങിയവ ‘ജ’യും ‘ഞ’യും ചേര്‍ന്നുവരുന്നവയും.‘ അഞ്ജനം’ എന്നത് ‘അജ്ഞനം’ എന്നും ‘ആഞ്ജനേയന്‍’ എന്നത് ‘ആജ്ഞനേയന്‍’ എന്നും എഴുതുന്നത് തെറ്റാണ്.
‘കഷ്ട’വും ‘കുഷ്ഠ’വും പലര്‍ക്കും മാറിപ്പോകാറുണ്ട്. ഷ്ട, ഷ്ഠ എന്നിവ വ്യത്യസ്ത അക്ഷര ചേരുവകളാണെന്ന് അറിയാത്തതുകൊണ്ടാണിത്. ‘ജ്യേഷ്ഠന്‍’ എന്ന വാക്ക് ‘ജ്യേഷ്ടന്‍’ ‘ജേഷ്ടന്‍ എന്നെല്ലാം എഴുതിക്കാണാറുണ്ട്. ‘ശ്രേഷ്ഠന്‍’ എന്ന വാക്കും തെറ്റുവരുത്തുന്ന വാക്കാണ്. ജ്യേഷ്ഠന്‍, കുഷ്ഠം, പൃഷ്ഠം, പുഷ്ടം, പുഷ്ടി, കഷ്ടം, മൃഷ്ടാന്നം, വൃഷ്ടി, ആകൃഷ്ടന്‍ തുടങ്ങി രണ്ടുതരത്തിലും അര്‍ഥവ്യത്യാസത്തോടെ വരുന്ന വാക്കുകള്‍ ചെറുപ്രായത്തിലേ പട്ടികയാക്കി പഠിച്ചുവെക്കുന്നതാണ് നല്ലത്. ഉച്ചാരണംകൊണ്ട് വാക്കുകള്‍ വേറിട്ട് തിരിച്ചറിയാമെങ്കിലും മലയാളിയുടെ സാമാന്യ ഉച്ചാരണത്തില്‍ ഖര, അതിഖരഭേദം കാര്യമായി കാണാത്തതുകൊണ്ട് സമാന ഉച്ചാരണസ്ഥാനത്ത് പ്രത്യക്ഷപ്പെടുന്ന കൂട്ടക്ഷരങ്ങളെ വെവ്വേറെ പഠിച്ചുവെക്കുന്നതാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.