പ്രതീക്ഷ
text_fieldsബാഗുമെടുത്തിറങ്ങുമ്പോൾ
ഒന്നും മിണ്ടിയില്ലവർ
മൂന്നുപൈതങ്ങൾ
ഉമ്മറത്തെ ചൂരൽക്കസേരയിൽ
ഒട്ടിപ്പിടിച്ചിരുപ്പാണ്
ഒരുകാറ്റടിച്ചാൽ
പെയ്തുപോകുമവർ
------
മൂത്തവൾ
അവൾക്കറിയാം
ബാപ്പകടലുകൾ താണ്ടിപ്പറക്കുകയാണെന്നു
അടുപ്പുപുകയ്ക്കുവാൻ
ചായപ്പൊടിയുംകുരുമുളകും
പെട്ടിയിൽ കെട്ടിയൊതുക്കവെ
ഇളയവൻ ചോദിച്ചുപോയ്
ബാപ്പയെങ്ങോട്ടാ?
മറുപടിയായ് മൊഴിഞ്ഞു
മൂത്താപ്പയ്ക്കാണിത്
വിമാനത്താവളത്തിൽ
പോയ്-വരാം.
പൈതലവൻ കരഞ്ഞില്ല
വേഗം വരണേയപ്പവുമായ്
രണ്ടാമൻ
അവൻ വരച്ച
ചുമർചിത്രങ്ങളിൽ മുഖമോളിപ്പിച്ചു
അവനുമറിയാം
എനിക്കൊന്നാംക്ലാസിലെ പുസ്തകങ്ങൾ വാങ്ങണം
വീട്ടുവാടകകൊടുക്കണം
കറണ്ടുബില്ലടയ്ക്കണം
പിന്നെ മരുന്നിനും
ഉമ്മയെക്കാണുന്നില്ല
അവൾ പിന്നാമ്പുറത്തുണങ്ങാനിട്ടത്
എടുത്തടുക്കുകയാണ്,
പാതിനനഞ്ഞത്,
യാന്ത്രികമായ്
മഴയൊന്നു ചാറിയെങ്കിൽ
എന്നാശിച്ചവൾ മേല്പോട്ടു
നോക്കുന്നുണ്ട്.
പൊടിയുന്ന കണ്ണീർമറയ്ക്കാൻ
അവൾക്കറിയില്ലായിരുന്നു.
സങ്കടത്താൽ കണ്ണീർവറ്റി
ഒന്നു ചാറാനാകാതെ
കാർമേഘരൂപമാർന്ന്
തപമൊതുക്കി ആകാശത്തിലലയുകയാണൊരുവൻ
മാതുലരും പരിവാരവും
പിരിയുമ്പോഴും
മൂവർസംഘമതേയിരിപ്പാണ്
നിശ്ചലം
കണ്ണുകളപ്പോഴും
ബാപ്പപോയ
ആ ഇടവഴിയിൽ
കോർത്തിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.