വന്‍മരങ്ങളെ, പൂച്ചട്ടിയോളം ഭൂമി മതിയൊ നിങ്ങള്‍ക്ക്
text_fieldsകൂറ്റന്‍ മരങ്ങളെപ്പോലും പൂച്ചട്ടിയില്‍ വളര്‍ത്താം എന്നെഴുതുന്നുണ്ട് ആനന്ദ് 'കാട്ടുതീ' എന്ന കഥയില്‍. 'വളര്‍ച്ച തല നീട്ടുമ്പോഴൊക്കെ താഴോട്ട് അമര്‍ത്തിയാല്‍ മതി.' അങ്ങനെ അമര്‍ത്തപ്പെട്ട,അനുസരണയുള്ള, പൂച്ചട്ടിയില്‍ ഇടം പിടിച്ച, കൂറ്റന്‍ മരങ്ങളാണ് നമ്മളോരോരുത്തരും എന്ന തിരിച്ചറിവ് കിട്ടുംവരെ വീട്ടുടമ നല്‍കുന്ന ഒരു കപ്പ് വെള്ളം മതി നമുക്ക്, പൂച്ചട്ടിയോളം ഭൂമി മതി!
നമ്മിലേക്ക്, നമ്മുടെ അകമാഴങ്ങളിലേക്ക് വേര് കേറുന്ന കഥകളുടെ സമാഹാരമാണ് ആനന്ദിന്റെ 'എന്റെ പ്രിയപ്പെട്ട കഥകള്‍'. 'ജീവനുള്ള ഒരു വസ്തുവിനെ പെട്ടെന്ന് കാക്കയുടേയോ കഴുകന്റെയോ ആഹാരമാക്കി മാറ്റുന്നു മരണം.അല്ലെങ്കില്‍ വ്യവസായ യുഗത്തിന് വേണ്ട എണ്ണയോ ഗ്യാസോ..'
ജീവിതത്തേയും മരണത്തേയും നീറുന്ന ഭാഷയില്‍ ഒത്തുവായിക്കുന്നു ആനന്ദ് 'പൂജ്യം' എന്ന കഥയില്‍. 'നിങ്ങള്‍ എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? സംസാരിക്കുകയും തര്‍ക്കിക്കുകയും ചിന്തിക്കുകയും സന്തോഷിക്കുകയും വ്യസനിക്കുകയും ചെയ്യുന്ന നിങ്ങളെല്ലാം അനങ്ങുന്ന ശവങ്ങളാണ്. ഭാവിയിലെ അഴുക്കുവസ്ത്രങ്ങള്‍.,കാര്‍ബണും ഹൈഡ്രജനും ഗ്യാസും. ഏത് സമയവും നിലത്തുവീണ് അളിഞ്ഞുതുടങ്ങിയേക്കാവുന്ന ഒരു ശവശരീരത്തെ താങ്ങിക്കൊണ്ട് നടക്കുക എന്നതാണ് ജീവിതം.'
മരണമെന്നത് നമ്മുടെ ജീവിതം അസ്തമിക്കുമ്പോഴുള്ള അവസ്ഥ മാത്രമാണോ എന്ന് ആനന്ദ് വരികള്‍ക്കിടയില്‍ ചോദിക്കുന്നു. നാം ആര്‍ക്കും വേണ്ടാത്തവനായി രൂപം പ്രാപിക്കുമ്പോള്‍ തന്നെ നമ്മള്‍ മരിച്ചുതുടങ്ങുന്നില്ലേ..? 'ബാബൂ., ഈ പത്രം പഴയതായതുകൊണ്ടാണ് നിങ്ങള്‍ വില്‍ക്കുന്നത്. ഈ കുപ്പി അതിലെ എണ്ണ തീര്‍ന്നതുകൊണ്ടും . ഒരാള്‍ എപ്പോഴാണ് ഒരു പ്രദേശത്ത് വേണ്ടാത്തവനായിത്തീരുക? '.
മലവും മൂത്രവും ഉണ്ടാക്കുന്നവരാണ് നാമെന്ന് എഴുതുന്നു ആനന്ദ് 'കബാഡി'എന്ന കഥയില്‍. 'നല്ല വസ്തുക്കള്‍ എന്തെങ്കിലും ഉണ്ടാക്കിയാലും നല്ല എന്തെങ്കിലും ചെയ്താലും ഇല്ലെങ്കിലും അഴുക്കുവസ്തുക്കള്‍ തീര്‍ച്ചയായും നാം അവശേഷിപ്പിക്കുന്നു. ജീവിച്ചിരിക്കുവോളം കാലം നാം നമ്മുടെ ചുറ്റിലും മലവും മൂത്രവും വിയര്‍പ്പും തുപ്പലും വിസര്‍ജിക്കുന്നു. മരിച്ചുകഴിഞ്ഞാല്‍ നാം ചീയുന്ന ശവങ്ങളായി അവശേഷിക്കുന്നു.'
അവസാന വരി
'മീരാ , ചിലര്‍ ചെരുപ്പുകളിട്ടു നടക്കുന്നു. മറ്റുചിലര്‍ സ്വയം ചെരിപ്പുകളാണ്. അവര്‍ കല്ലിലും മുള്ളിലും കൂടി മുമ്പേ നടന്ന് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുന്നു'
(ആനന്ദിന്റെ മീര എന്ന കഥയില്‍ നിന്ന്)
പുസ്തകം: എന്റെ പ്രിയപ്പെട്ട കഥകള്‍ - ആനന്ദ്
പ്രസാധനം: ഡി സി ബുക്‌സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.