ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
text_fieldsആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
തന്നിലേക്കും മരണത്തിലേക്കും
നിരന്തരം സഞ്ചരിക്കുന്ന
ഒരു വഴിയുണ്ട്.
അവിടം മനുഷ്യരാല്‍ നിറഞ്ഞിരിക്കും
പക്ഷെ, ആരും അയാളെ കാണില്ല
അവിടം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരിക്കും
പക്ഷെ, അയാള്‍ അത് കാണില്ല
അതിന്‍റെ ഇരുവശങ്ങളിലും
ജീവിത്തിലേക്ക് തുറക്കുന്ന
നിരവധി ഊടുവഴികളുണ്ടായിരിക്കും
കുതിക്കാന്‍ ചെറിയ പരിശ്രമം മാത്രം
ആവശ്യമുള്ളവ
അവയിലൊന്നിലൂടെ
അയാള്‍ രക്ഷപ്പെട്ടേക്കുമെന്ന്
ലോകം ന്യായമായും പ്രതീക്ഷിക്കും
കണ്ടിട്ടും കാണാത്തവനെപ്പോലെ
അലസനായി നടന്ന്
നിരാശപ്പെടുത്തും അയാള്‍
മുഴുവന്‍ മനുഷ്യരും
തന്‍റെമേല്‍ ജയം നേടിയിരിക്കുന്നു
എന്നയാള്‍ ഉറച്ച് വിശ്വസിക്കും
അവരില്‍
കോടിക്കണക്കിന് മനുഷ്യരുമായി
അയാള്‍ പോരാടിയിട്ടില്ലങ്കെിലും
അവരില്‍
അനേകം മനുഷ്യരെ അയാള്‍
വലിയ വ്യത്യാസത്തിന് തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും
വീട്ടുകാരും അടുത്ത സുഹൃത്തുക്കളും
വലുതായി വലുതായി വരും
നാട്ടുകാരും ബന്ധുക്കളും
ചെറുതായി ചെറുതായി പോകും
ഭൂമി
സമുദ്രങ്ങളെയും വന്‍കരകളെയും
ഉറക്കപ്പായപോലെ മടക്കി എഴുന്നേറ്റ്
ചുരുങ്ങിച്ചുരുങ്ങി
തന്നെമാത്രം പൊതിഞ്ഞ് വീര്‍പ്പ് മുട്ടിക്കുന്ന
കഠിന യാഥാര്‍ത്ഥ്യമാകും
ആത്മഹത്യാക്കുറിപ്പില്‍
ആരോ പിഴുതെറിഞ്ഞ
കുട്ടികളുടെ പുഞ്ചിരികള്‍ തൂക്കിയിട്ട
ഒരു മരത്തിന്‍റെ ചിത്രം മാത്രമുണ്ടാകും
ഇടയ്ക്കിടെ
ജീവിച്ചിരുന്നാലെന്താ എന്നൊരു ചിന്ത
കുമിളപോലെ പൊന്തിവന്ന്
പൊട്ടിച്ചിതറും
ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
മരിച്ചിട്ടുണ്ടാവും
അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
തീരുമാനിച്ചിരുന്നതിനാല്‍
മരിച്ച ഒരാള്‍ക്കാണല്ളോ
ഭക്ഷണം വിളന്പിയതെന്ന്
മരിച്ച ഒരാളുടെ കൂടെയാണല്ളോ
യാത്ര ചെയ്തതെന്ന്
മരിച്ച ഒരാളാണല്ളോ
ജീവനുള്ള ഒരാളായി
ചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്
കാലം വിസ്മയിക്കും
അയാളുടെയത്രയും
കനമുള്ള ജീവിതം
ജീവിച്ചിരിക്കുന്നവര്‍ക്കില്ല
താങ്ങിത്താങ്ങി തളരുന്പോള്‍
മാറ്റിപ്പിടിക്കാനാളില്ലാതെ
കുഴഞ്ഞുപോവുന്നതല്ല
സത്യമായും അയഞ്ഞുപോവുന്നതല്ല
അല്ലാതെ
ആരെങ്കിലും
ഇഷ്ടത്തോടെ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.