നരമുറ്റിയ ഇടം
text_fieldsനിന്നെ എങ്ങനെ
സ്നേഹിച്ച് തുടങ്ങണം
എന്നെനിക്കറിയില്ല!
പരുപരുത്ത ഇടത്തിലെവിടെയോ
മുൾക്കാടുകൾക്ക് നടുവിലായ്
സട നഷ്ടപ്പെട്ട്
എന്നെയും കാത്ത്
നീ ഇരിപ്പുണ്ടാവും.....!
ഉണങ്ങിച്ചുക്കിയ
ചില്ലകളിലേക്ക് നീ-
എന്നെയും കൊണ്ട് ചേക്കേറുമ്പോൾ
മണമുള്ള ഒരു വസന്തവും
ആ വഴിയേ വരികയില്ല......
നരമുറ്റിയ ഇടങ്ങൾ
എത്ര പെട്ടന്നാണ്
കണ്ണാടിക്കണ്ണുകൾ
വേർതിരിച്ചെടുക്കുന്നത്
ഓർമ്മകൾ
അടച്ചിട്ട വാതിൽ പഴുതിലൂടെങ്ങാനും
അവളുടെ ഗന്ധം
ഒന്നു വീശി പോയാമതി പിന്നെ
പച്ച മാംസത്തിന്റെ
ഗന്ധമേറ്റ
ചെന്നായ കൂട്ടം പോലെ
ചിലപ്പോൾ ഞാൻ
ആർത്തി കാണിച്ച് കുരച്ച്
ചാടിയെന്നിരിക്കും.!
നിെൻറ ഈ
ഏകാന്ത പീഡനവാസം
എനി എത്ര കാലം
കണ്ണിലെ അവസാന
തുള്ളി വെളിച്ചത്തെയും
ഊറ്റിക്കുടിച്ചു - നീ
എന്നെ
ഏൽപ്പിക്കാൻ പോവുന്ന
ശൂന്യതയെ - ഞാൻ
എങ്ങനെ പ്രണയിച്ച് തുടങ്ങണം
മരീചികയിൽ തിരയുന്നവർ
ആത്മാവിെൻറ
പാദങ്ങൾക്ക്
ചങ്ങലയിട്ടു തിരിച്ചവർ
ആമയെ പോലെയാവണം
ഉൾവലിയാൻ
ഇത്രയും നല്ല ഒരു
ശാസ്ത്രീയ രീതി വേറെയില്ല!
നിങ്ങളുടെ ചിന്തകൾക്ക്
മൗനം കൊണ്ട്
ചിതയൊരുക്കണം
സ്വപ്നങ്ങളെ
കണ്ണിരുകൊണ്ട്
നനച്ചുവളർത്തണം
കാത്തിരിക്കുന്ന
കണ്ണുകളെ
അന്ധത കൊണ്ട്
മൂടിവെക്കണം
ത്രസിപ്പിക്കുന്ന
നാഡികളെ
വാർദ്ധക്യത്തിലേക്ക്
മാറ്റിവെക്കണം
നോവുകളെ
തലയണക്കടിയിൽ
താരാട്ടുപാടിയുറക്കണം
ഇവിടെ
ഈ ഒറ്റ മുറിയിൽ
തണുത്തു മരവിച്ച
മൗനങ്ങൾക്കിടയിൽ
മോഹങ്ങൾ
അടക്കം ചെയ്ത
കുഴിമാടങ്ങൾ കാണാം
കൈ നീട്ടിപ്പിടിക്കുന്ന
തൊക്കെയും
മരീചികയാണെന്ന്
തിരിച്ചറിയുമ്പോഴേയ്ക്കും
ഒരു ഒട്ടകമായ്
നമ്മൾ പരിണമിച്ചിരിക്കും
ഒരു തിരിച്ച് പോക്ക്
സാധ്യമാകും മുമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.