അൻവർ അലിയുടെ കവിത -podcast
text_fieldsഎഴുതൽ
അൻവർ അലി
ഈ കസേരയെ എങ്ങനെ എഴുതും?
എണ്ണമറ്റ ഇരിപ്പുകൾക്കിടയിലെ
ഈ ഒഴിഞ്ഞ കസേരയെ?
പണ്ടെന്നോ
വേച്ചുവേച്ചെഴുന്നേറ്റുപോയൊരു
നെടുവീർപ്പുകൊണ്ടോ?
അൽപ്പം മുമ്പ്
ആയത്തിൽ പിന്നോട്ടു നിരക്കി
കുണ്ടികുലുക്കിപ്പോയൊരൂറ്റംകൊണ്ടോ?
മുന്നിൽ ഉൽസവം കൊഴുക്കെ
പിന്നിലേക്കൊഴിഞ്ഞ്
പാർപ്പിടങ്ങൾക്കു തീയിട്ട മദംകൊണ്ടോ?
പട്ടണച്ചാരമൊടിഞ്ഞെറിച്ച ജീവെൻറ ഒച്ചുകൾ
ഉൾനാടുകളിലേക്കു നിലവിളിക്കുന്ന
വേഗംകൊണ്ടോ?
മുറിച്ച ഇരിക്കുങ്കൊമ്പ്,
പിടിച്ച മുയൽക്കൊമ്പായോെൻറ
ഈറകൊണ്ടോ?
ആടിയ ഊഞ്ഞാലിൽതന്നെ
ആറിക്കിടന്നോളുടെ
ഓർമകൊണ്ടോ?
കൂന്ന പ്രജാപതിയുടെ തീട്ടം തീണ്ടിയോ?
മലച്ച ജനതയുടെ തുപ്പൽ തൊട്ടോ?
എങ്ങനെ എഴുതും
ഈ ഒഴിഞ്ഞ കസേരയെ?
ഒരു പക്ഷേ
ഇന്നോളം ആരും ഇരുന്നിട്ടുണ്ടാവില്ലേ?
അല്ല, ത്രിമാനാതീതരാരോ
ഇരിക്കുന്നുണ്ടോ?
ഇനി, താൻതന്നെ തന്നിലിരിപ്പെന്ന്
തന്നിൽതാൻ ചാരിയിരുന്ന്
മയങ്ങുകയാണോ?
ഇരുന്നാലോ?
അതിലിരുന്ന്
അതിനെത്തന്നെ എഴുതിയാലോ?
പണ്ടു കണ്ട സിനിമയിലെപ്പോലെ
ഇരിപ്പുമോഹികളെ ചുഴറ്റിയെറിയുമോ?
ഭൂതാവിഷ്ടപീഠമാകുമോ?*
‘‘ഇല്ല വന്നിരുന്നോളൂ’’ എന്ന്
പ്രപഞ്ചക്കൊക്കയുടെ വക്കത്ത്
അതാ തലചായ്ച്ചിരിക്കുന്നു
മുഴുത്ത ഒരുരുള
പ്രകാശം പൊറാഞ്ഞ് പിറുപിറുക്കുന്ന
നക്ഷത്രങ്ങൾക്കിടയിൽ
ഉള്ളിലേക്കിരുണ്ടിരുണ്ടുപോയ
വെറും പിണ്ഡമാകുമോ
ഈ കസേരയും
ഈ വരികളും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.