കഷണ്ടിയും നരയനും എണ്ണ വാങ്ങാന്‍ പോയ കഥ
text_fieldsതരിശായി കിടക്കുന്ന തലയിൽ വിഗ്ഗ് വെക്കുന്നതില്‍ ജോണിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എത്ര വൃത്തിയായി വെച്ചാലും ബുദ്ധിയുള്ള ഒരാള്‍ക്ക് കൃത്രിമ വിഗ്ഗ് തിരിച്ചറിയാനാകും. അത് എത്ര മേൽത്തരം വിഗ് ആയാലും. തലയില്‍ മുടിയില്ലാത്തവൻ കേശമൊത്തിരിയുള്ളവരെ എളുപ്പത്തിലൊന്നും വെറുതെ വിടില്ല. വിഗ്ഗിന്‍റെ സകല കളികളും പയറ്റിത്തെളിഞ്ഞ അവനത് കണ്ടു പിടിച്ച് കഴിഞ്ഞാല്‍ ചിരിക്കാന്‍ സമയമൊട്ടും വേണ്ടാ.
ചുമരുണ്ടെങ്കില്‍ ചിത്രമെഴുതാമായിരുന്നു. ചുവരുണ്ടായിട്ടും ചിത്രം വരക്കാന്‍ പിശുക്കുന്ന ആളാണ് കൃഷ്ണന്‍കുട്ടി. ഉള്ളുതീര്‍മയില്‍ പടര്‍ന്നു കിടക്കുന്ന മുടി ദൂരെ കാണുന്ന വാഴാനിക്കാടു പോലെയാണ്. പറഞ്ഞിട്ടെന്താ. ഒക്കെ വെഞ്ചാമരം കണക്ക് നരച്ച് വെളുത്തിരിക്കുന്നു. ആറു രൂപക്ക് കിട്ടുന്ന ഗോദ്റെജിന്‍റെ പാക്കറ്റൊന്ന് ചൂടുവെള്ളത്തില്‍ പൊട്ടിച്ചിട്ട്, തേച്ചു പല്ലു കൊഴിഞ്ഞ ചകിരി നാരു പോലെയായ ബ്രഷുകൊണ്ടൊന്നു അടിക്കുകയേ വേണ്ടൂ. ഇപ്പോള്‍ അമ്പത്തഞ്ചു മതിക്കുന്ന മുപ്പത്തിയഞ്ചുകാരനെ ഇരുപത്തിയഞ്ച് തോന്നിപ്പിക്കാന്‍. പക്ഷേ കൂട്ടാക്കില്ലെങ്കിലോ? ഡൈക്ക് മുഴുവന്‍ അലര്‍ജിയുണ്ടെന്നും ആ കറുപ്പു നിറത്തിന് നാച്ചുറാലിറ്റിയില്ലെന്നും തുടങ്ങിയുള്ള കുറേ തൊടുന്യായങ്ങള്‍ അവന്‍റെ നാവിന്‍ തുമ്പിൽ സ്റ്റോക്കുണ്ട്.
‘കഷണ്ടിക്ക് മരുന്നില്ല’ എന്ന ആപ്തവാക്യമുണ്ടായിരുന്നിട്ടും കേശസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ അഗ്രസീവായിരുന്നതിനാല്‍ കാണുന്നവരോടെല്ലാം ജോണി ചോദിച്ചുകൊണ്ടേയിരുന്നു, തലയില്‍ മുടി കിളിര്‍ക്കാന്‍ എന്താണ് മാര്‍ഗ്ഗം, കരടിനെയ്യല്ലാതെ....
ജോണിയുടെ അന്വേഷണത്തിന് ഒരറുതിയുണ്ടായി. എങ്കക്കാടുള്ള ഒരു നാട്ടുചികിത്സക്കാരിക്ക് മൂന്നു കുപ്പി എണ്ണ കൊണ്ട് ഏതു കിളിര്‍ക്കാത്ത തലയിലും മുള പൊട്ടിക്കാന്‍ കഴിയുമത്രെ. മാത്രമല്ല, അകാലനരക്കും മരുന്നുണ്ട്. കഷണ്ടിയുള്ളിടത്ത് മുടി പൂത്തു തളിർക്കുമെങ്കിൽ ഉള്ള നരച്ച മുടി കറുത്തു വരാനോ പാട്? ആ ചോദ്യം കൃഷ്ണന്‍കുട്ടിക്കും ബോധിച്ചു.
അങ്ങനെ ഒരു ഞായറാഴ്ച ഉച്ച തിരിഞ്ഞ് മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥയും പറഞ്ഞ് അവര്‍ നീലറ തോടു കടന്ന് ഫോറസ്റ്റ് ഓഫീസിന്‍റെ ഇടവഴിയിലൂടെ എങ്കക്കാട്ടെ വൈദ്യത്തിക്ക് അരികിലേക്ക് നടന്നു. നാലു മണി ചായയും കുടിച്ച് കസേരയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു അപശകുനം പോലെ തലയിലൊട്ടും മുടിയില്ലാതെ ഒരാള്‍. അയാളുടെ തലയിലെന്തേ മുടി നട്ടു വളര്‍ത്താൻ ആയമ്മക്കായില്ലേ? അങ്ങനെയൊരു സംശയം തോന്നിയെങ്കിലും കൃഷ്ണന്‍കുട്ടി ചോദിച്ചില്ല. നിറഞ്ഞ ആത്മവിശ്വാസത്തില്‍ രമിക്കുന്ന ജോണിയില്‍ അങ്ങനെ ഒരു സന്ദേഹമേ ഉണ്ടായില്ല. റോഡില്‍ കാൽപെരുമാറ്റം കേട്ടപ്പോൾ അകത്ത് നിന്ന് ലേഡി ഡോക്ടര്‍ ഇറങ്ങി വന്നു. മെലിഞ്ഞ് ദുര്‍മ്മേദസില്ലാത്ത നീളന്‍ ബോഡി. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍, പൊണ്ണത്തടി ആദിയായവക്കാണ് അവരുടെ ചികിത്സയെന്നു പറഞ്ഞാല്‍ ആരും വീണുപോകും. വിടര്‍ന്നു വിലസിയ നെറ്റിക്കു മീതെ മുടിയൊന്നുമില്ല നരക്കാത്തതായിട്ട്.
"ഈ ഒടുക്കത്തെ സംശയം. അതാ നിന്‍റെ കൊഴപ്പം...." മുന്നോട്ടു വെക്കാന്‍ കാലുകളില്ലെന്ന തോന്നലില്‍ നിന്നുപോയ കൃഷ്ണന്‍കുട്ടിയെ ജോണി വലിച്ചു. ചോദ്യവും അന്വേഷണവും ഇല്ലാതെ ആഗതരോട് ഇരിക്കാന്‍ പറഞ്ഞ് ആയമ്മ അകത്തുപോയി. അധികം വൈകാതെ ഇരു കൈകളിലും ഓള്‍ഡ് കാസ്ക്കിന്‍റെ രണ്ടു ഫുള്‍ ബോട്ടിലില്‍ ഒരേ നിറത്തിലുള്ള എണ്ണയുമായി പ്രത്യക്ഷപ്പെട്ടു. ജോണി ഭയഭക്തി ബഹുമാനത്തോടെ ചന്തി കുന്തിച്ചു നിന്ന് ഇരുകൈയ്യും നീട്ടി തനിക്കു നേരെ വന്ന വയസ്സന്‍ കാസ്ക്കിനെ സ്വീകരിച്ചു. കൃഷ്ണന്‍ കുട്ടിയായിട്ട് പിന്നെ കുറക്കാനും നിന്നില്ല. "പോകാൻ വരട്ടെ. വെള്ളം കുടിച്ചിട്ട് പോകാം..." രണ്ടു കിടിലന്‍ പോളിസികളല്ലേ കിട്ടിയിരിക്കുന്നത്. ഇത്തിരി കളറിട്ട തണുത്ത വെള്ളമെങ്കിലും കൊടുത്തില്ലെങ്കില്‍ ഉടനടി കിട്ടുകില്ലേ ദൈവകോപം. ഫ്രിഡ്ജിലെ രസന കലക്കിയ വെള്ളം ഒരിറക്കു കുടിച്ചു കഴിഞ്ഞേ ജോണിക്ക് പത്ഥ്യത്തിന്‍റെ കാര്യം ഓര്‍മ്മ വന്നുള്ളൂ.
"പത്ഥ്യം...? " "തണുത്തതൊന്നും കഴിക്കരുത്. അത്രമാത്രം."
"അപ്പൊ ഇതോ?"
കുടിച്ചു തീര്‍ന്ന ഗ്ലാസ്സ് കഷണ്ടിക്കാരനു മുന്നിലേക്ക് നീക്കിവെക്കുംനേരം കൃഷ്ണന്‍കുട്ടിയുടെ അതുവരെയുള്ള എല്ലാ ആശങ്കകളും ഒന്ന് ചേർന്ന് പുറത്തു ചാടി. ഭിഷഗ്വര ഒന്നുപതറിയോ എന്നു സംശയം. അല്പം വൈകിയാലും ഉത്തരം വന്നു.
"എണ്ണ തേച്ച് തൊടങ്ങാന്‍ പോണല്ലേള്ളൂ.."
അപ്പറഞ്ഞത് അക്ഷരം പ്രതി ശരി. അതൊരു കലക്കന്‍ തുടക്കം തന്നെയായിരുന്നു. തുടങ്ങുന്നതിനെല്ലാം ഒടുക്കമുണ്ട് എന്ന് ആരോ പറഞ്ഞിരുന്നെങ്കിലും ബ്രാന്‍ഡ് മാറി വന്ന കുപ്പികളില്‍ നിറഞ്ഞ ആയമ്മേടെ എണ്ണക്കതൊന്നും ബാധകമായിരുന്നില്ല.
ഒരു കുപ്പി ഒരു മാസത്തേക്കുള്ളതായിരുന്നു. രണ്ടാം തവണ ആദ്യ കുപ്പി കഴിഞ്ഞ ഉത്സാഹത്തോടെ നീലറകടക്കും നേരം ‘ഉണ്ടനും ഉണ്ടിയും’ എന്ന കഥയാണ് കൃഷ്ണന്‍കുട്ടി പറഞ്ഞത്. ഉണ്ടന്‍റേയും ഉണ്ടിയുടേയും കഥ കഴിഞ്ഞു നോക്കുമ്പോള്‍ അവര്‍ എണ്ണാലയത്തിനു മുന്നില്‍ കൊണ്ടുവന്നുവെച്ചപോലെ എത്തിയിരുന്നു. അക്കുറി ആയമ്മ സ്വയം തെറ്റു വരുത്തിയില്ല. മധുരമേറെയിട്ട കടുംചായ കൊടുത്ത് അവരെ ഇരുത്തി. ഹണീബിയുടെ ഒരു ഫുള്‍ബോട്ടിലില്‍ കറുപ്പു ദായിനി അവരെ നോക്കി ചിരിച്ചു.
മൂന്നാമത്തെ മാസം നീലറകടക്കും നേരം കൃഷ്ണന്‍കുട്ടിയില്‍ പഴയ ഉത്സാഹമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും കഥ പറയുന്നതിന് മുടക്കമൊന്നുമുണ്ടായില്ല. അക്കുറി കൃഷ്ണന്‍കുട്ടി പറഞ്ഞത് ഈച്ചയും പൂച്ചയും കഞ്ഞിവെച്ചതായിരുന്നു. അതുകേട്ട് മനംനിറഞ്ഞ് ആസ്വദിച്ച് അവര്‍ മെഴുക്കു ഭവനത്തില്‍ എത്തി. കട്ടന്‍ചായയില്‍ നിന്ന് പാലൊഴിച്ച ചായയിലേക്ക് പാനീയത്തിന് കയറ്റം കിട്ടിയിരുന്നു. മൂന്നാമത് കിട്ടിയ കുപ്പി ഗ്രീന്‍ലേബലിന്‍റേതായിരുന്നുവെങ്കിലും അതോടെ കുപ്പി മാറി വരുന്ന എണ്ണക്ക് നേരെ ചുവപ്പ് കൊടി കാണിക്കാൻ കൃഷ്ണൺകുട്ടി ഉറച്ചിരുന്നു. ഈ നിലക്ക് പോയാല്‍ ബ്രാൻഡുകൾ സിഗ്നേചറും സ്മറിന്‍ഓഫും ജോണിവാക്കറും വരെ എത്തുമെന്ന് സംശയമേതുമില്ലാതെ ഉറപ്പായി. "അര ലിറ്റർ വെളിച്ചെണ്ണേല് കറിവേപ്പില മൂപ്പിച്ചു തന്നിട്ട് വാങ്ങിവെക്കണത് രൂപ അഞ്ഞൂറല്ലേ.."
നാലാമത്തെ കുപ്പി വാങ്ങിക്കാന്‍ നീലറയും ഫോറസ്റ്റിടവഴിയും നടന്ന് താണ്ടി ചെന്നത് ജോണിക്കുട്ടന്‍ തനിച്ചാണ്. വെറും ജോണിയെ അപ്പോഴേക്കും വൈദ്യത്തി കുട്ടനും കൂടി ചേര്‍ത്തു വിളിക്കാന്‍ തുടങ്ങിയിരുന്നു. ചികിത്സ നിര്‍ത്തിയുള്ള കൂട്ടുകാരന്‍റെ പിന്‍വാങ്ങല്‍ കേട്ടപ്പോള്‍ ചികിത്സക ചിരിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ. "നെല്ലിക്ക ആദ്യം കയ്ക്കും..... പിന്നെ മധുരിക്കും."ഒരു കാലത്തും മധുരിക്കാത്ത നെല്ലിക്കയിലാണ് താന്‍ കടിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ജോണിക്കുട്ടന് ഫുള്ളുകുപ്പി പത്ത് എണ്ണം തേക്കേണ്ടി വന്നു. പിന്നെ നീലറ താണ്ടി ഫോറസ്റ്റിടവഴിയിലൂടെ മണ്ണാങ്കട്ടയുടേയും മല്ലന്‍റേയും കഥപറഞ്ഞ് എങ്കക്കാട് എത്താന്‍ പുന്നംപറമ്പില്‍ നിന്ന് ആരുമില്ലാതായി.
കുറെ നാളുകള്‍ക്കു ശേഷം ഓട്ടുപാറ പാരഗണ്‍ ബാറില്‍ കൃഷ്ണന്‍കുട്ടി ചെല്ലുമ്പോള്‍, അരണ്ടവെട്ടത്തില്‍ വെട്ടിത്തിളങ്ങുന്ന ഒരു തല കണ്ടു. ജോണി തന്നെ. എണ്ണതേച്ചപ്പോള്‍ തലക്ക് നല്ല മിനുക്കം വന്നിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ചോദിക്കുന്നതിനു മുന്‍പേ, ബാറിലെ നില്പനടിക്കുന്നിടത്ത് നിന്ന് കിട്ടുന്ന ലോക്കല്‍ ബ്രാന്‍ഡില്‍ തണുത്ത വെള്ളം ചേര്‍ത്ത് ഒറ്റിറക്കിനു മോന്തി ജോണി പറഞ്ഞു:
"ആയമ്മ ഇത്രേം വല്യേ ആളാച്ചാ ഈ വിഗ്ഗ് കമ്പന്യോള് ഇത്രേം ഇവിടെണ്ടാവ്വോ? സിനിമാനടൻമാരൊക്കെ ഇവിടെ വരില്ല്യാര്‍ന്ന്വോ.? അത് മനസ്സിലാവുമ്പോഴേക്കും കുപ്പി പത്താ പൊട്ടീത്..."
കൃഷ്ണന്‍കുട്ടിയും ഒരു നില്പന്‍ തന്നെ വലിച്ചു. "ഇനി നീയൊരു കഥ പറ".. പറഞ്ഞ് തീരുമ്പോഴേക്കും അവര്‍ വൈദ്യശാലയില്‍ എത്തുമായിരുന്നു. നീലറ കടക്കും നേരം കഥ പറഞ്ഞ് തുടങ്ങുക കൃഷ്ണന്‍കുട്ടിയാണ്. പതിവു തെറ്റിക്കാതെ വൈക്ലഭ്യമേതുമില്ലാതെ അവന്‍ കഥ പറഞ്ഞു തുടങ്ങി. നാടോടിക്കഥകള്‍ പറഞ്ഞും കേട്ടും അവര്‍ നടന്ന് നടന്ന് ചെന്നെത്തിയത് അവരുടെ പഴയ എണ്ണഭവനത്തിനു മുന്നിലായിരുന്നു. ആ വീടപ്പോള്‍ നിറനിലാവില്‍ കുളിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു. അവിടെ അങ്ങനെ നിൽക്കുന്നേരം പറയാനുള്ള കഥകളൊക്കെ തന്‍റെ ഓര്‍മ്മയില്‍നിന്ന് ശൂന്യമാകുന്നത് കൃഷ്ണന്‍കുട്ടി അറിഞ്ഞു. അടുത്തൊരു കഥയും സ്മൃതിയില്‍ തെളിയാതെ നിശ്ചേഷ്ടനായി അവനങ്ങനെ നിന്നു. അടുത്ത ഒരു കഥ കേള്‍ക്കാതെ ജോണിക്ക് അവിടെ നിന്ന് അനങ്ങുവാനും കഴിയുമായിരുന്നില്ല. അവസാനം ആ ഘട്ടത്തെ തരണം ചെയ്യാനെന്ന മട്ടില്‍ അവന്‍ പറഞ്ഞു:
"ഇനി നീ വേറൊരു കഥ പറയ്യ്...നമ്മള്‍ രണ്ടുപേരും കഥാപാത്രങ്ങളാകുന്ന കഥ.." കൃഷ്ണന്‍കുട്ടി അവനുള്‍പ്പെട്ട ജോണിയുടെ കഥ പറയാന്‍ തുടങ്ങി. കഥ പറഞ്ഞും കേട്ടും അവര്‍ തങ്ങളുടെ നാട്ടില്‍ പറഞ്ഞു പതിയാന്‍ പോകുന്ന ഒരു കഥയിലേക്ക് നടന്നു തുടങ്ങുകയായിരുന്നു ആ പാതിരാ നേരത്ത്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.