വരവരറാവുവിന്റെ കവിതകൾ
text_fieldsപള്ളിക്കൂടങ്ങളും കാരാഗൃഹങ്ങളും
പള്ളിക്കൂടങ്ങളും കാരാഗൃഹങ്ങളും ഉണ്ടായത്
സ്വാതന്ത്ര്യത്തെ ചങ്ങലക്കിടാൻ
രണ്ടും 'പരിഷ്കരണ' കേന്ദ്രങ്ങൾ-
ഒന്ന് മുതിർന്നവരാകാൻ കുട്ടികളെ
പരിശീലിപ്പിക്കുന്നിടം.
രണ്ടാമത്തേത് മനുഷ്യരിൽനിന്ന്
കുറ്റവാളികളെ സൃഷ്ടിക്കുന്നിടം.
നാവുയർത്താതിരിക്കുംവരെ മാത്രം അരുമക്കിടാങ്ങൾ
ആവുന്നത്ര നടന്നെത്തുമ്പോൾ മാത്രം
കുറുകേ തടസ്സങ്ങൾ.
തായ്മൊഴി വിട്ട്
'അധികാരത്ത'ഭാഷയിൽ മാർഗംകൂടാൻ
കുഞ്ഞുങ്ങൾ പള്ളിക്കൂടത്തിലേക്കയയ്ക്കപ്പെടുന്നു.
നന്മൊഴി വിട്ട്
'കുറ്റവാളിത്ത'ഭാഷ പരിചയിക്കാൻ
നാട്ടിലെ മനുഷ്യത്വനാവുകൾ
കാരാഗൃഹത്തിലടയ്ക്കപ്പെടുന്നു.
വികൃതി മൂക്കുമ്പോൾ
കുട്ടികൾ ശാസിക്കപ്പെടുന്നു
അഹിതം പ്രവർത്തിച്ചെന്ന മുട്ടാപ്പോക്കിൽ
മുതിർന്നോർ അടിച്ചമർത്തപ്പെടുന്നു.
വീട്ടിലെ അപ്പനമ്മക്കലഹം
ഭരണപ്രതിപക്ഷ വാഗ്വാദംപോലെ.
പക്ഷേ മക്കളെ സ്കൂളിലേക്കോ ജയിലിലേക്കോ
അയയ്ക്കുന്ന കാര്യം വരുമ്പോൾ
അവർ ഒന്നിക്കുന്നു;
പാർലമെൻറിൽ ഏകകണ്ഠം തീരുമാനിക്കുംപോലെ
പ്രമേയങ്ങൾ പാസാക്കപ്പെടുന്നു.
ബാലവാടി തൊട്ട്
പ്രീ യൂനിവേഴ്സിറ്റിവരെയുമുള്ള വിദ്യാഭ്യാസമെന്നാൽ
അനുസരണം പഠിക്കലാണ്.
അങ്ങനെയാണ് അവർ
ഭരണാധികാരയോഗ്യത നേടുംവിധം
നുണയരായ് പരിണമിക്കാറ്.
തടവുകാർ, 'വസ്തുവകകൾ'ക്കെതിരേ
കുറ്റം ചെയ്തവർ.
വ്യവസ്ഥ അവരെ 'നിയമവിരുദ്ധർ' എന്നു വിളിക്കുന്നു.
ദുഷ്ട് ബാധിക്കാതിരുന്നെങ്കിൽ
അവരും നമ്മെപ്പോലെ മനുഷ്യർ.
പക്ഷേ കുഞ്ഞുങ്ങളുടെ എത്ര തലമുറ
മൂത്തു നരച്ചാലും ശരി
എക്കാലവുമുണ്ടാവും, പുതുകുഞ്ഞുങ്ങൾ.
കുഞ്ഞുങ്ങളെപഠിപ്പിക്കൽ- 1
ഇന്നത്തെ കുരുന്നുകൾ
തല്ലും ഒച്ചയുമേറ്റ്
കള്ളങ്ങൾ കേട്ടുകേട്ട്...
കുട്ടികൾ
പഠിക്കുന്നു
നാളത്തെ പൗരരാകാൻ.
വലുതാകുമ്പോൾ അവർ
പഠിച്ചതാവർത്തിക്കും
കുറേപ്പേർ അധികാര
പീഠത്തിലിരുന്നിട്ട്
കൂടുതൽപേരും ചവി-
ട്ടടിയിൽ കിടന്നിട്ട്...
കുഞ്ഞുങ്ങളെ പഠിപ്പിക്കൽ- 2
കുഞ്ഞായിരിക്കുമ്പോഴും,
ചേറിൽപ്പോയ് വിളയാടി
ചേലകളഴുക്കാക്കും
കുഞ്ഞുങ്ങൾ; ഖനിയിൽ നി-
ന്നിരുമ്പോ കൽക്കരിയോ
കാരുന്ന, ചുമക്കുന്ന,
പണിയാളരെപ്പോലെ.
അവരെ വീണ്ടും യൂനി-
ഫോമുകൾക്കുള്ളിലാക്കി
അയയ്ക്കും സ്കൂളിലേക്ക്
അടക്കം പഠിപ്പിക്കാൻ.
എങ്കിൽ മാത്രമേ അവർ
വളർന്ന് സൈന്യാധിപ
പുംഗവന്മാരായ് തീരൂ
ധീരതക്കുള്ള മെഡൽ
കരസ്ഥമാക്കയുള്ളൂ.
സ്വപ്നപ്രാവുകൾ
ഹൃദയം തുറന്നുവിട്ട പ്രാവുകൾ
കൺപോളയിൽ വന്നിറങ്ങി.
മിഴി തുറക്കാൻ ചിറകു തകർക്കാൻ ഭയന്ന്
ഇമയനങ്ങാതെ കാക്കുന്നതായി
ഞാൻ സങ്കൽപ്പിച്ചെടോ.
എെൻറ സ്വപ്നങ്ങൾ
എെൻറ സൃഷ്ടികൾ മാത്രമല്ലെന്ന്
എനിക്കറിയാം;
ഭാവന ആരുടെയും ഏകാകിതയല്ലെന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.