പൂച്ചയുടെ മകൾ
ഉയരമുള്ള, മഞ്ഞിച്ച നിറമുള്ള, ചെമ്പിച്ച മുടിയുള്ള, നിറഞ്ഞ കണ്ണുകളുള്ള ആ നാടകക്കാരൻ അപ്പോഴേക്കും സരോജിനിയുടെ നേരെ കൈകൾ നീട്ടിപ്പിടിച്ചിരുന്നു. അദൃശ്യമായ ഏതോ കയറാൽ കെട്ടിവലിക്കപ്പെട്ടതുപോലെ അവൾ മുന്നോട്ടു നടന്നു; തുണിമറയുടെ അടിയിലൂടെ നുഴഞ്ഞ് ഉള്ളിലേക്ക് കടന്നു. ഒരു പുഞ്ചിരിയോടെ...
Your Subscription Supports Independent Journalism
View Plansഉയരമുള്ള, മഞ്ഞിച്ച നിറമുള്ള, ചെമ്പിച്ച മുടിയുള്ള, നിറഞ്ഞ കണ്ണുകളുള്ള ആ നാടകക്കാരൻ അപ്പോഴേക്കും സരോജിനിയുടെ നേരെ കൈകൾ നീട്ടിപ്പിടിച്ചിരുന്നു. അദൃശ്യമായ ഏതോ കയറാൽ കെട്ടിവലിക്കപ്പെട്ടതുപോലെ അവൾ മുന്നോട്ടു നടന്നു; തുണിമറയുടെ അടിയിലൂടെ നുഴഞ്ഞ് ഉള്ളിലേക്ക് കടന്നു. ഒരു പുഞ്ചിരിയോടെ അയാൾ സരോജിനിയുടെ കൈയിൽ തൊട്ടു. തൊട്ട ഭാഗം പൊള്ളിപ്പോയി. അയാൾ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ചിരിച്ചു: ‘‘ഞാൻ നിന്നെയൊന്നുറക്കാൻ പോവുകയാണ്. ആവോളം സ്വപ്നം കണ്ട് സുഖമായുറങ്ങൂ സുന്ദരിക്കുട്ടീ.’’
ചിത്രീകരണം: മറിയം ജാസ്മിൻ
മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്തേക്ക് കേറിയപ്പോൾ നല്ലമ്മയുടെ മുറിയിൽനിന്നെന്തോ ഞെരക്കം കേട്ടു. അൽപം ശബ്ദമുയർത്തി വിളിച്ചയുടനെ നല്ലമ്മ കണ്ണു തുറന്നു. അൽപനേരം അവളെ തുറിച്ചു നോക്കി, എന്നിട്ടു പറഞ്ഞു:
‘‘നീയൊരു പൂച്ചയായിരുന്നു.’’
ഗീത കൗതുകത്തോടെ നോക്കിനിന്നു. കഴിഞ്ഞതവണ വന്നപ്പോഴും അവരിങ്ങനെ പറഞ്ഞതോർമ വന്നു. മറ്റെന്തെങ്കിലും പറയുമോയെന്നറിയാൻ കുറച്ചുനേരംകൂടി കാത്തുവെങ്കിലും ഫലമുണ്ടായില്ല. മുറിയിൽനിന്നിറങ്ങി ഗീത അമ്മയുടെ അടുത്തേക്ക് നടന്നു. താൽക്കാലിക സഹായത്തിനു നിൽക്കുന്ന പെണ്ണ്, ജെസ്സി, അവളെക്കണ്ടതും ചിരിച്ചുവെന്ന് തോന്നിപ്പിക്കുന്ന, എന്നാൽ മരവിച്ച, മുഖത്തോടെ ഇറങ്ങിപ്പോയി.
അമ്മയുടെ അടുത്തിരുന്ന് കാലിലെ വെച്ചുകെട്ടലിനു മുകളിൽക്കൂടി തലോടുമ്പോൾ വിഷമമിരട്ടിച്ചു. ഈ നരച്ച പെണ്ണുങ്ങളെ ഒരിക്കൽപ്പോലും സന്തോഷിപ്പിക്കാനാകുന്നില്ലല്ലോ! അമ്മ കണ്ണു തുറന്നു. എപ്പോൾ വന്നുവെന്നോ, എങ്ങനെ വന്നുവെന്നോ ഉള്ള അന്വേഷണങ്ങളൊന്നുമുണ്ടായില്ല. ഒന്നു ചിരിച്ചതു പോലുമില്ല. പകരം കാലിൽ കെട്ടിയിരിക്കുന്ന മുളംചീളുകൾക്കിടയിൽ ചൊറിയുന്നുവെന്ന് പരാതി പറഞ്ഞു.
‘‘സാരമില്ല’’, ഗീത അവരുടെ ക്ഷീണിച്ച മുഖത്ത് വേദനിപ്പിക്കാതെ നുള്ളി, ‘‘നമുക്ക് കുടച്ചോറൻ ഭൂതത്താന്മാരെ അതിനുള്ളിലേയ്ക്കയക്കാം.’’
അമ്മ ചിരിച്ചു.
അമ്മ കുട്ടിയായിരുന്നപ്പോഴുള്ള കാര്യമാണ്. പുഴക്കക്കരെ ഒരമ്പലമുണ്ട്. അന്ന് പുഴക്ക് കുറുകെ പാലമൊന്നുമില്ല. ഒരു കടത്തുവള്ളം മാത്രം. പുഴയിൽ വെള്ളം കയറിയാൽ ആ മാർഗവുമടയും. പിന്നെ കുത്തനെ മുകളിലേക്ക് നടന്ന് കാട് മുറിച്ച് കടക്കണം. വർഷത്തിലൊരിക്കൽ അവിടെ ഉത്സവം. അന്ന് ഇങ്ങേക്കരയിലെ ആൾക്കാരെല്ലാം കൂടി ഒന്നിച്ച് കാടു കയറും. ചൂട്ടുകറ്റകളോ പന്തങ്ങളോ മിക്കവരുടെയും കയ്യിലുണ്ടാവും. അമ്മമാർ കുഞ്ഞുങ്ങളെ ഒക്കത്തെടുക്കും. ഇടയ്ക്ക് കൈകഴയ്ക്കുമ്പോൾ കുറച്ചുദൂരം നടത്തിക്കും. ആ സമയത്താണ് കുടച്ചോറൻ ഭൂതങ്ങൾ വരിക. അവരീ കുട്ടികളുടെ കാലുകളിലൂടെ കേറി മാന്താൻ തുടങ്ങും. കുട്ടികൾക്ക് ഇക്കിളിയാവുകയേയുള്ളൂ. അവർ കുടുകുടെച്ചിരിക്കും. പക്ഷേ ഉത്സവം കണ്ട് തിരികെ വീടെത്തുമ്പോൾ കാണാം, കാലിൽ തീപൊള്ളലുകൾ പോലുള്ള ചുവന്ന പാടുകൾ. പിറ്റേന്നാവുമ്പോൾ ചൊറിച്ചിൽ സഹിക്കാനാവാതെ കുട്ടികൾ അലറിക്കരയാൻ തുടങ്ങും. പ്രതിവിധിയായിട്ട് കുടച്ചോറൻ ഭൂതങ്ങൾക്ക് പാൽച്ചോറ് നേർന്ന് കുന്നിൻപുറത്തെ പാറപ്പൊത്തിൽ കൊണ്ടുവെക്കണം. നാലാം നാൾ രാത്രി അവർ വന്ന് കുട്ടികളുടെ കാൽ മാന്തിപ്പൊട്ടിക്കും. അതിന്റെ മൂന്നാം നാൾ ആ മുറിവുമുണങ്ങി സുഖമാവും.
‘‘ഇടയ്ക്കിടെ കാട്ടിലോട്ടോടിപ്പോവും ഞാൻ. അമ്മയ്ക്ക് പാൽച്ചോറുവയ്ക്കാനേ സമയമുണ്ടായുള്ളൂ. ഒരാടുണ്ടോയിരുന്നോണ്ട് പാലിന് മുട്ടുവന്നില്ല.’’
അമ്മ ചിരി നിറച്ച കണ്ണുകൾ അമർത്തിത്തുടച്ചപ്പോൾ ഗീതക്ക് നല്ലമ്മ പറഞ്ഞതോർമ വന്നു.
‘‘പിന്നേയ് അമ്മാ, നല്ലമ്മ പറഞ്ഞത് കേക്കണോ? ഞാനൊരു പൂച്ചയായിരുന്നെന്ന്.’’
അമ്മ വീണ്ടും ചിരിക്കുമെന്നാണ് അവൾ കരുതിയത്. പക്ഷേ അമ്മയുടെ കണ്ണുകളിൽ വേറിട്ടറിയാനാവാത്ത ഒരു ഭാവം നിറഞ്ഞു.
‘‘അതവർ പറയാൻ പാടില്ലായിരുന്നു’’ എന്ന് അമ്മ പറയുന്നത് അവൾ വ്യക്തമായിക്കേട്ടു. ആ വാചകംതന്നെ വീണ്ടും പറഞ്ഞ് അമ്മ തിരിഞ്ഞുകിടന്നു.
അമ്പരന്നുപോയി. എന്താണതിന്റെയർഥം?
കണ്ണാടിക്ക് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി: പൂച്ചയുടേതായ എന്തെങ്കിലും സാമ്യങ്ങളുണ്ടോ? മീശരോമങ്ങൾ, തിളക്കക്കണ്ണുകൾ, കൂർത്ത നഖങ്ങൾ, എന്തെങ്കിലും?
പിറകിലെന്തോ ശബ്ദം കേട്ടു. അമ്മ തന്റെ നേരെ തറപ്പിച്ചു നോക്കിക്കിടക്കുന്നു. പക്ഷേ മനസ്സിവിടെയല്ല. അമ്മ കഥ പറയാനൊരുങ്ങുകയാണ്. കഥ പറയുന്നതിന് മുമ്പ് അമ്മയുടെ ഭാവം ഇങ്ങനെതന്നെയാണ്. ഗീത കട്ടിലിന് താഴെ ഇരുന്നു. മുഖം ചരിച്ച്, കവിൾ അമ്മയുടെ കയ്യോട് ചേർത്തുെവച്ചു. വലിഞ്ഞ തൊലിയുടെ മിനുസം, തണുപ്പ്. പണ്ട് അമ്മയുടെ അടിവയറ്റിൽ കൈകൾ ചേർത്തു ചൂടുപിടിച്ചുറങ്ങിയതോർമ വന്നു.
‘‘എനിക്കന്ന് പതിനേഴു വയസ്സാണ്’’, അമ്മ പറഞ്ഞു തുടങ്ങിക്കഴിഞ്ഞു. തുടക്കം കേട്ടപ്പോൾതന്നെ പിറകെ വരുന്ന കഥയേതാണെന്ന് മനസ്സിലായി. എത്ര തവണ കേട്ടിരിക്കുന്നു.
ആ കഥ ഇങ്ങനെയാണ്: സരോജിനി എന്ന പതിനേഴുകാരിയാണ് നായിക. മഴക്കാലത്ത് കൃഷിപ്പണ്ടങ്ങളുമായി കാടുകയറിപ്പോവും സരോജിനിയുടെ അച്ഛനും അച്ഛന്റെ അനിയനായ നാണ്വച്ഛനും. ഒരിക്കൽ നാണ്വച്ഛൻ മാത്രേ തിരികെ വന്നുള്ളൂ. നരി പിടിച്ചോ, കൊമ്പൻ കുത്തിയോ എന്നൊക്കെ എല്ലാരും മാറിമാറിച്ചോദിച്ചു. നാണ്വച്ഛൻ മിണ്ടിയില്ല. പിന്നൊരിക്കലും മിണ്ടിയില്ല. കുറേ നാൾ കഴിഞ്ഞ് കെട്ടിത്തൂങ്ങി ചാവുകേം ചെയ്തു. മൂന്നാലു കൊല്ലത്തിനുമുമ്പ് സരോജിനിയുടെ അമ്മ തൂങ്ങിയാടിയ അതേ പ്ലാവിന്റെ കൊമ്പില്. നാണ്വച്ഛനും കൂടിപ്പോയതിൽപിന്നെ അയാളുടെ ഭാര്യയായ നല്ലമ്മയും സരോജിനിയും മാത്രമായി വീട്ടിൽ. നല്ലമ്മക്ക് വയറ്റിലുണ്ടായിരുന്നു. പക്ഷേ വയറു വീർത്തുതുടങ്ങിയിട്ടും അവരത് അറിഞ്ഞ ഭാവം കാണിച്ചില്ല. എന്നാൽ സരോജിനിയോട് വലിയ സ്നേഹമായിരുന്നു. സ്നേഹമെന്നുെവച്ചാൽ, ഒരുമാതിരി കൊല്ലുന്ന സ്നേഹം. കുളിപ്പിച്ച് തരാമെന്ന് പറഞ്ഞ് മറപ്പുരയിൽപ്പോലും അവർ കൂടെക്കേറാൻ തുടങ്ങിയപ്പോൾ കുളി വല്ലപ്പോഴുമാക്കി സരോജിനി. സ്കൂളിൽ പോകുന്നത് മാത്രമായിരുന്നു അവൾക്ക് രക്ഷയുണ്ടായിരുന്നത്. അതുകാരണം വളരെ നേരത്തേതന്നെ സ്കൂളിൽ പോവാനും ഏറ്റവും വൈകി തിരികെ വരാനും തുടങ്ങി. അവളും കൂട്ടുകാരി മറിയാമ്മേം കൂടി കടത്തു വരെ വല്ലപാടും നടന്നെത്തി, ആറു കടന്ന്, വീണ്ടും നടന്ന് സ്കൂളെത്തുമ്പൊഴേക്കും രണ്ടു വിഷയം കഴിയും. തിരിച്ചത് പോലെ നടന്ന് വീടെത്തുമ്പോൾ സന്ധ്യയാവും.
ആയിടെയാണ് നാട്ടിൽ നാടകക്കാര് വന്നത്, മൂന്നുപേർ. കവലയിലെ മുടിവെട്ട് കടയുടെ മുന്നിൽ പഴന്തുണി വലിച്ചുകെട്ടി അതിനു നടുവിൽ അവർ നാടകം കളിച്ചു. കാണികൾക്ക് നാണയമെറിഞ്ഞു കൊടുക്കാൻ പാകത്തിന് ഒരു പിഞ്ഞിയ തോർത്തും വിരിച്ചിരുന്നു. നല്ല താളത്തിലായിരുന്നു അവരുടെ പറച്ചിൽ. ഇടയ്ക്കിടെ മുഴങ്ങുന്ന ശബ്ദത്തിൽ പാട്ടുകളും.
‘‘തക്കാളിപ്പഴമൊത്ത ചുണ്ടും
കാന്താരി മുളകിനൊത്ത കണ്ണും
കണ്ടോ, നീ കണ്ടോ അവളാണ് പെണ്ണ്.’’
ഏതാണ്ടിങ്ങനെയൊരു പാട്ട് കേട്ടാണ് സരോജിനിയും മറിയാമ്മയും അവിടേക്കെത്തി നോക്കിയത്... സ്കൂള് വിട്ട് കടത്തിറങ്ങി കവല വഴി ചുറ്റിവന്നതായിരുന്നു അവരന്ന്.
‘‘നിന്നെക്കുറിച്ചാണോ?’’, മറിയാമ്മ ചോദിച്ചതു കേട്ട് തെല്ലൊന്ന് നാണിച്ചും, മേനി നടിച്ചുമൊക്കെ സരോജിനി അവിടേക്കെത്തി നോക്കി. കനത്ത കാലടികളും ഉയർത്തിപ്പിടിച്ച ശിരസ്സുമായി ആടിയും പാടിയും നടിച്ചും അവരാ ആൾക്കൂട്ടത്തെ മുഴുവൻ വരുതിയിലാക്കിയിരിക്കുന്നു. ഒരാളും ഒന്നനങ്ങുന്നു പോലുമില്ല. അതങ്ങനെയൊരു നാടകമായിരുന്നു. നായകൻ മഴയത്തോടുമ്പോൾ കാണികളൊപ്പം മഴ നനയുകയും, നായകന്റെ പുറത്തേൽക്കുന്ന ചാട്ടവാറടികളിൽ പുളയുകയും ചെയ്തു. ആ പെൺകുട്ടികളും അവിടെ നോക്കിനിന്നു പോയി. അവസാന രംഗത്തിന് തൊട്ടുമുമ്പ് അതിലൊരാൾ ചുറ്റും കൂടിയവരെ നോക്കി ഉച്ചത്തിൽ ചോദിച്ചു: ‘‘അടുത്ത രംഗത്തിലേക്ക് നടിക്കാൻ ഒരു പെൺകുട്ടിയെ വേണം. ചുണക്കുട്ടികളാരെങ്കിലുമുണ്ടോ ഇക്കൂട്ടത്തിൽ?’’
സ്വയം മറന്നുനിന്ന സരോജിനിയെ മറിയാമ്മ കുലുക്കിയുണർത്തി: ‘‘നിനക്ക് പൊയ്ക്കൂടേടീ? നീ പാട്ടൊക്കെ പാടുന്നതല്ലേ?’’
ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സരോജിനി അവളോട് മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടുമ്പോഴേക്കും ആ നാടകക്കാരൻ അവരുടെ നേർക്ക് നോക്കി.
‘‘കുട്ടിക്ക് വരാമോ?’’ എന്നയാൾ ഉറക്കെ വിളിച്ചു ചോദിച്ചു.
സരോജിനി പരിഭ്രമത്തോടെ ചുറ്റും നോക്കി. പരിചയമുള്ളതും അല്ലാത്തതുമായ നിരവധി മുഖങ്ങൾ. ആണും പെണ്ണുമിടകലർന്ന ചെറുതല്ലാത്ത ആൾക്കൂട്ടം. അവൾക്കവിടെനിന്ന് ഓടിപ്പോകണമെന്ന് തോന്നി. പക്ഷേ കഴിഞ്ഞില്ല.
ഉയരമുള്ള, മഞ്ഞിച്ച നിറമുള്ള, ചെമ്പിച്ച മുടിയുള്ള, നിറഞ്ഞ കണ്ണുകളുള്ള ആ നാടകക്കാരൻ അപ്പോഴേക്കും സരോജിനിയുടെ നേരെ കൈകൾ നീട്ടിപ്പിടിച്ചിരുന്നു. അദൃശ്യമായ ഏതോ കയറാൽ കെട്ടിവലിക്കപ്പെട്ടതുപോലെ അവൾ മുന്നോട്ടു നടന്നു; തുണിമറയുടെ അടിയിലൂടെ നുഴഞ്ഞ് ഉള്ളിലേക്ക് കടന്നു. ഒരു പുഞ്ചിരിയോടെ അയാൾ സരോജിനിയുടെ കൈയിൽ തൊട്ടു. തൊട്ട ഭാഗം പൊള്ളിപ്പോയി. അയാൾ അവളുടെ കണ്ണുകളിലേക്കുറ്റുനോക്കിച്ചിരിച്ചു: ‘‘ഞാൻ നിന്നെയൊന്നുറക്കാൻ പോവുകയാണ്. ആവോളം സ്വപ്നം കണ്ട് സുഖമായുറങ്ങൂ സുന്ദരിക്കുട്ടീ.’’
സരോജിനി പേടിച്ചുപോയി. പക്ഷേ മറുത്തു പറയാനായില്ല. അവിടെയുണ്ടായിരുന്ന മരബെഞ്ചിൽ കയറിക്കിടക്കാൻ അയാൾ പറഞ്ഞു. അവൾ അതനുസരിച്ചു. ബെഞ്ചിനു പുറത്തേക്ക് തള്ളിനിന്നിരുന്ന അവളുടെ പാദങ്ങൾ അയാൾ ഒരു പൂവിനെ തലോടുന്നത്രയും ശ്രദ്ധയോടെ പിടിച്ചടുപ്പിച്ചുെവച്ചു. അവളുടെ കാൽവിരലുകളിൽനിന്ന് ഒരു മിന്നൽ മേൽപോട്ട് പ്രവഹിച്ചു. അവൾക്ക് കുളിർക്കുകയും വിയർക്കുകയും ചെയ്തു. ഇളം നീലനിറത്തിലുള്ള പട്ടുതുണി കൊണ്ട് അയാളവളുടെ മുഖത്തുഴിഞ്ഞു. അവ്യക്തമായ സ്വരത്തിലെന്തൊക്കെയോ തുടർച്ചയായി മന്ത്രിച്ചു. സരോജിനിയുടെ ദേഹം ഒരു തൂവലിനേക്കാൾ ഭാരം കുറഞ്ഞതായി. പൂമ്പൊടിപോലെ അത് പറന്നുയർന്നു. ഇളംകാറ്റിനൊപ്പം നീന്തി മുകളിലൊരു വെൺമേഘത്തിൽ കിടന്നുറങ്ങി. ഉണരുമ്പോൾ അവളൊരു ആഴക്കടലിനുള്ളിലായിരുന്നു. നീലജലത്തിനുള്ളിലെ പവിഴമുത്തുകളെ അവൾ ആർത്തിയോടെ നോക്കി. അതയാളുടെ കണ്ണുകളായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ അയാളവളുടെ തോളിൽ തട്ടി. ചുറ്റും കൂടിനിന്നവർ ആവേശത്തോടെ ൈകയടിച്ചു.
എഴുന്നേറ്റപ്പോൾ തല കറങ്ങുന്നതുപോലെ തോന്നി സരോജിനിക്ക്. മറ്റു രണ്ടു നാടകക്കാരും ധൃതിപ്പെട്ട് അവളുടെ അടുത്തേക്ക് വന്നു. നാടകം പൂർത്തിയാക്കാൻ സഹായിച്ചതിന് നന്ദി പറഞ്ഞു. അതിലൊരാൾ വൃദ്ധനായിരുന്നു. അയാളുടെ കുഴിഞ്ഞ കണ്ണുകളിൽനിന്ന് നരച്ചൊരു പ്രകാശം ഇടക്കിടെ പൊന്തിവന്നു. അത് വെറും പ്രകാശമല്ല, കെട്ടുപോയ വിപ്ലവത്തരികൾ പുകയുന്നതാണെന്ന് മിയാദ് പിന്നീടൊരിക്കൽ പറഞ്ഞു. നേരത്തേ പറഞ്ഞ ആ ചെമ്പൻ തലമുടിക്കാരനാണ് മിയാദ്. മൂന്നാമത്തെയാൾ ഒരു കൊലപാതകിയാണെന്ന് പിന്നീടറിഞ്ഞു. എന്നാൽ, ആദ്യമായിട്ട് കണ്ടപ്പോൾ അയാളുടെ കണ്ണുകളിലെ ചോരച്ചുവപ്പ് കണ്ട് തോന്നിയ ഭയം ആ വിവരമറിഞ്ഞപ്പോൾ സരോജിനിക്ക് തോന്നിയിരുന്നില്ല. മിടിക്കുന്ന നെഞ്ചുംപേറി സരോജിനി വീട്ടിലേക്ക് നടന്നു. ചോറു വിളമ്പുമ്പോൾ നല്ലമ്മ പതിവുപോലെ തലയിൽ തഴുകുകയും കവിളിലുമ്മ വെക്കുകയും ചെയ്തു. പക്ഷേ അവൾ ദേഷ്യപ്പെടാൻ പോയില്ല.
അന്നു രാത്രി ആ നാടകക്കാരൻ സരോജിനിയുടെ സ്വപ്നത്തിൽ വന്നു. കാലടികളിൽ അമർത്തിച്ചുംബിച്ചുകൊണ്ട് അവനവളുടെ കണ്ണുകളിലേക്ക് പ്രേമപൂർവം നോക്കി. ആ കണ്ണുകളുടെ ആഴത്തിലേക്ക് അവളൂർന്നിറങ്ങി. രാവിലെയുണരുമ്പോൾ പായയുടെ അറ്റത്ത് ഒരു റോസാപ്പൂവ്. കണ്ടത് സ്വപ്നമാണോ സത്യമാണോ എന്ന് വേർതിരിച്ചറിയാനാവാതെ സരോജിനി കുഴങ്ങി. പിന്നെയുള്ള രാത്രികളിലും ഇതേ സ്വപ്നമാവർത്തിച്ചു. നാലാം ദിവസം രാത്രിയിൽ, അവളവന്റെ കൈപ്പത്തിമേൽ അമർത്തി മാന്തി. ഒരു മുരളലോടെ അവൻ മാഞ്ഞുപോയി. പിറ്റേന്ന് അതിരാവിലെ നല്ലമ്മയുണരുന്നതിനു മുമ്പേ അവൾ കവലയിലേക്കു നടന്നു. മുടിവെട്ടു കടയുടെ പിറകിലെ ചായ്പിൽ, മെടഞ്ഞു കെട്ടിയ ഓലകളുടെ മേലെ അവർ മൂന്നുപേരുമുറങ്ങുന്നുണ്ടായിരുന്നു. ശബ്ദമുണ്ടാക്കാതെ കുനിഞ്ഞ് അവൾ അവന്റെ കൈകൾ പരിശോധിച്ചു. വലതു കൈപ്പത്തിയുടെ മുകളിൽ മൂന്നു ചോരവരകൾ. അവനുണർന്നു. അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് നെഞ്ചോടു ചേർത്തു. ‘‘ഇനി എന്നെ വിട്ടു പോകരുത്’’ എന്നു കേണു. അന്നു തന്നെ അവരവിടം വിട്ടു. അവളുടെ ഭയത്തെയും ആശങ്കകളെയും അവൻ പ്രേമംകൊണ്ടു മായ്ച്ചു കളഞ്ഞു. കുട്ടിക്കാലത്തെക്കുറിച്ചു പറഞ്ഞ് തലയറഞ്ഞു ചിരിച്ചു. ചിരിക്കാൻ മാത്രമൊന്നുമില്ലാത്ത വിധം വിചിത്രമായ കഥകളായിരുന്നുവെങ്കിലും അത് ഭാവിക്കാതെ അവളവനൊപ്പം ചിരിച്ചു.
ഇതാണ് സരോജിനി എന്നു പേരായ അമ്മയുടെ കഥ. കൃത്യം ഇത്രയുമെത്തുമ്പോൾ കഥ നിൽക്കും.
പൂച്ചയുടെ രഹസ്യമറിയാനായി വന്നിട്ട് അമ്മയുടെ പ്രണയകഥ വീണ്ടും കേൾക്കേണ്ടിവന്നതിന്റെ നിരാശ ഗീതക്കുണ്ടായി. അമ്മ ഇനിയുമെന്തെങ്കിലും പറയുമോയെന്നറിയാൻ അവൾ അൽപസമയം കാത്തു. പിന്നെ തലപൊക്കി നോക്കി. മേൽക്കൂരയിലേക്ക് നോക്കി അവർ കണ്ണു മിഴിച്ചു കിടക്കുന്നു.
‘‘ഇതിലെവിടെയാണ് പൂച്ച വരുന്നത്?’’ ഒടുവിലവൾ അക്ഷമയോടെ ചോദിച്ചു.
അമ്മ അത് കേട്ടെന്ന് തോന്നിയില്ല. അവർ പതിഞ്ഞ ശബ്ദത്തിൽ ചിരിച്ചു. ‘‘മൂന്നു മാസങ്ങൾക്കു ശേഷം ഞാൻ തിരികെപ്പോന്നു. പുഴക്കക്കരെ എന്നെ കടത്തു കയറ്റിവിട്ടിട്ട് മിയാദ് തിരികെപ്പോയി. അടുത്ത മഴക്കാലത്തിനു മുമ്പ് വരാമെന്നായിരുന്നു വാക്ക്. അതു പറഞ്ഞപ്പോൾ ഞാനവന്റെ കണ്ണുകളിൽ നോക്കാൻ ശ്രമിച്ചു. അവൻ മുഖം തിരിച്ചുകളഞ്ഞു. അന്നുതന്നെ എനിക്കറിയാമായിരുന്നു അവൻ വെറുംവാക്ക് പറഞ്ഞതാണെന്ന്. അൽപമകലെയായി ആ വയസ്സനും ചുവന്ന കണ്ണുകാരനും കാത്തുനിൽപ്പുണ്ടായിരുന്നു.’’
ആ ഒരു ഭാഗം ഗീത ആദ്യമായി കേൾക്കുകയായിരുന്നു. അച്ഛൻ മരിച്ചതിനുശേഷം അമ്മവയറിൽ മുളപൊട്ടിയ ജീവനുംകൊണ്ടു തിരികെയെത്തി എന്നായിരുന്നു ഇതുവരെയുള്ള ധാരണ.
‘‘എന്നിട്ട് നല്ലമ്മ ഒന്നും പറഞ്ഞില്ലേ?’’, അവൾ അമ്മയുടെ ൈകയിൽ ആകാംക്ഷയോടെ ഞെക്കി.
‘‘നല്ലമ്മയോ? അതൊരു വലിയ തമാശയാണ്. നീയെന്താ സ്കൂളീന്ന് വരാൻ വൈകിയേന്നും ചോദിച്ച് കുറച്ചു ദേഷ്യപ്പെട്ടു. അവരുടെ വയറപ്പോൾ കീഴ്പ്പോട്ടാഞ്ഞു കിടന്നിരുന്നു. ഉള്ളിലിരുന്ന് കുട്ടി പിടയ്ക്കുമ്പോഴൊക്കെ അവർ വല്ലാത്ത ആവേശത്തോടെ തിരിച്ചിടിച്ചു. പ്രാകി പ്രാകി ആ കൊച്ച് ചത്തു. പതിച്ചി വലിച്ചെടുത്തപ്പോഴും തലകീഴെ തൂക്കിയപ്പോഴുമൊക്കെ അത് ഇറച്ചിക്കഷ്ണംപോലെ കണ്ണും വായും ഇറുകെപ്പൂട്ടിക്കിടന്നു. പുറകിലെ വാഴക്കൂട്ടത്തിനിടയിൽ കുഴിച്ചിടാൻ ഞാനാണ് കുഴികുത്തിയത്. അന്നെന്റെ വയറ്റില് നീയുണ്ട്. കൊച്ചു പോയതോടെ നല്ലമ്മയുടെ ഭ്രാന്ത് മാറി. പിന്നെയവരെന്നെ നന്നായി നോക്കി കേട്ടോ.’’
ഗീത അതിശയിച്ചു. അപ്പൊക്കണ്ടവന്റെ കൂടെ ഒളിച്ചോടിപ്പോയി വയറ്റിൽ കുട്ടിയുമായി തിരികെ വന്ന ഒരു സ്ത്രീയും, കൂടെത്താമസിക്കുന്ന പെണ്ണിന്റെ വയറ്റിൽ അങ്ങനെയൊരു കുട്ടി വന്നതെങ്ങനെയെന്ന് ചോദിക്കുകപോലും ചെയ്യാത്ത മറ്റൊരു സ്ത്രീയും!
‘‘പൂച്ചയുടെ കാര്യം പറയമ്മാ...’’
ബാക്കി കേൾക്കാനായി അൽപസമയം കൂടി കാത്തിരുന്ന ശേഷം അവൾ അമ്മയെപ്പിടിച്ചു കുലുക്കി. അമ്മയുടെ മുഖം അവളുടെ വശത്തേക്ക് ചരിഞ്ഞുവീണു. വായൊരു ഭാഗത്തേക്ക് കോടി. അതിൽനിന്ന് ഈളയൊലിച്ചിറങ്ങുന്നുണ്ടായിരുന്നു. അവൾ കൈ പിടിച്ചുനോക്കി. മിടിപ്പില്ല, പക്ഷേ ഇളംചൂട്. ജീവൻ വിട്ടു പോകാൻ മടിച്ചുനിൽക്കുന്നതു പോലെ!
അമ്മ മരിച്ചുപോയിരിക്കുന്നു! ഗീതക്കത് മനസ്സിലായി. മരിക്കാൻ വെമ്പിനിൽക്കുന്നവരെ ശുശ്രൂഷിക്കലാണല്ലോ വർഷങ്ങളായി അവളുടെ ജോലി. ഒട്ടുമിക്കവരും മരിക്കുമ്പോൾ അവൾ മാത്രമേ ഉണ്ടാവാറുള്ളൂ അടുത്ത്. തുറന്നുപിടിച്ച വായയിൽ ഒരിറ്റു വെള്ളം തൊട്ട് നനച്ചുകൊടുക്കുക; കയ്യിൻമേൽ തടവി ആശ്വസിപ്പിക്കുക; പ്രാർഥന പറയുക തുടങ്ങിയ കാര്യങ്ങൾ ഒരാലോചനപോലുമില്ലാതെ നിർവികാരമായ ഭാവത്തോടെ ചെയ്യുന്നതൊരു ശീലമായിക്കഴിഞ്ഞിരുന്നു. ഒടുവിൽ ഉറ്റവരൊക്കെയെത്തി, കേമമായ മരണാനന്തരച്ചടങ്ങുകൾക്കൊടുവിൽ ശമ്പളവും കൈപ്പറ്റി പടിയിറങ്ങുമ്പോൾ ഒരിക്കൽപ്പോലും തിരിഞ്ഞു നോക്കാറില്ല. പകരം ആകാശത്തേക്ക് കണ്ണുയർത്തും. മരണത്തിനു തൊട്ടുമുമ്പ് കിടക്കക്ക് ചുറ്റും നിരന്നുനിന്നിരുന്ന പ്രിയപ്പെട്ട ആത്മാക്കൾക്കൊപ്പം പറന്നുല്ലസിക്കുന്നുണ്ടാവും ആ കിടപ്പുരോഗി. സന്തോഷമേ തോന്നിയിട്ടുള്ളൂ. അവരുടെ നരകയാതനകൾക്കു മോക്ഷം കിട്ടിയിരിക്കുന്നു. ആ മോക്ഷപ്രാപ്തിയിലേക്ക് അവരെ നയിക്കുക എന്നുള്ളതാണ് അവളുടെ നിയോഗം.
ഇപ്പൊഴിവിടെയും! ഗീത മരവിച്ചുപോയി. ഇഷ്ടമില്ലാത്തതെന്തോ പറയാൻ നിർബന്ധിച്ചൊടുവിൽ അമ്മയെയും മോക്ഷപ്പടി കടത്തിവിട്ടിരിക്കുന്നു. മറ്റെന്താണ് കാരണം? അടുക്കളയിൽ തെന്നിവീണ് കാലൊന്നു മടങ്ങി എന്നല്ലാതെ മറ്റൊരസുഖവും അമ്മക്കില്ലായിരുന്നല്ലോ.
വെള്ളവും കൊണ്ടുവന്ന ജെസ്സിപ്പെണ്ണ് അന്ധാളിപ്പോടെ അമ്മയെയും തന്നെയും മാറിമാറി നോക്കുന്നത് ഗീത കാണുന്നുണ്ടായിരുന്നു. ഒന്നും പറയാൻ തോന്നിയില്ല. അമ്മയുടെ കണ്ണുകൾ തിരുമ്മിയടയ്ക്കുകയും കോടിയ മുഖം നേരെ പിടിച്ചുവെക്കുകയും കൈകാലുകൾ നിവർത്തിവെക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ജെസ്സിയിൽനിന്ന് പേടിച്ചരണ്ട ഒരു നിലവിളി പുറപ്പെട്ടത് ഗീതയെ ഞെട്ടിച്ചു: ഇത്ര നേരമായിട്ടും താനൊന്ന് കരയുകപോലും ചെയ്തില്ലല്ലോ. ജോലി ചെയ്യുന്നയിടങ്ങളിൽ ഫോണിനരികിലേക്ക് ഓടാറാണ് പതിവ്. പേഷ്യന്റ് മോൾ എന്നോ പേഷ്യന്റ് മോൻ എന്നോ സേവ് ചെയ്തിരിക്കുന്ന നമ്പറിൽ കുത്തും. ‘‘ഹലോ, കുറച്ച് മുമ്പ് അമ്മച്ചി പോയി കേട്ടോ.’’ എത്ര ലാഘവത്തോടെയാണ് താനത് പറഞ്ഞിരുന്നത്. ബാഗിനുള്ളിൽനിന്ന് ഫോണെടുത്ത് കയ്യിൽ മുറുകെപ്പിടിച്ച് നിന്നു. ജങ്ഷൻ വരെപ്പോയാൽ റേഞ്ച് കിട്ടും. പക്ഷേ ആരെയും വിളിക്കാനില്ല. ആരോടും പറയാനില്ല. അനാഥരായ മൂന്നു സ്ത്രീകൾ! അവരീ കാട്ടുമുക്കിൽ ജീവിച്ചാലോ മരിച്ചാലോ ആർക്കാണ് ചേതം? ഒന്നിനും വയ്യ.
ഗീത നല്ലമ്മയുടെയടുത്തേക്ക് നടന്നു. കട്ടിലിനു താഴെയിരുന്ന് കാൽമുട്ടുകളിൽ മുഖം പൂഴ്ത്തി. മൃദുത്വം വറ്റിപ്പോയ നാലു വിരലുകൾ അവളുടെ തലയിലവിടെയുമിവിടെയുമായിപ്പരതി.
ജെസ്സി പരിഭ്രമിച്ച മുഖത്തോടെ ഓടിവന്നു.
‘‘ഞാമ്പോയി ആരേങ്കിലും കൂട്ടീട്ട് വരട്ടെ ചേച്ചീ...’’
മറുപടിക്ക് കാക്കാതെ അവൾ പുറത്തെ വെയിലിലേക്കിറങ്ങിയോടി. ചെരിപ്പിടാൻപോലും അവൾ തിരിഞ്ഞുനിന്നില്ലെന്ന് ഗീത ശ്രദ്ധിച്ചു. പാവം! വല്ലാതെ പരിഭ്രമിച്ചുപോയിരിക്കുന്നു. ഒരാളെ കിട്ടാൻ പത്തു മിനിറ്റെങ്കിലും നിർത്താതെ ഓടേണ്ടിവരും അതിന്. രണ്ടുരുൾപൊട്ടലുകളുടെ ശേഷിപ്പായിക്കിടക്കുന്ന ഈ ശ്മശാനത്തിൽ അനാഥപ്രേതങ്ങളല്ലാതെ മറ്റാരെങ്കിലും താമസിക്കാൻ മുതിരുമോ?
‘‘അമ്മ പോയി’’, നല്ലമ്മയുടെ മുഖത്ത് നനവിൽ കുതിർന്നൊരുമ്മ െവച്ചുകൊണ്ട് ഗീത സാവധാനം പറഞ്ഞു.
നല്ലമ്മ ധൃതിയിൽ കണ്ണുകൾ തുറന്നടച്ചു. അവരുടെ ചുണ്ടുകൾ എന്തോ പറയാനായുന്നതുപോലെ കൂർത്തു വന്നു. ഗീത മുഴുവൻ ശക്തിയുമെടുത്ത് ശ്രദ്ധിച്ചു.
‘‘നീയൊരു പൂച്ചക്കുഞ്ഞാണ്.’’
അങ്ങനെയാണവൾ കേട്ടത്. ഇത്തവണ വാക്കുകൾക്ക് കുറച്ചുകൂടി വ്യക്തതയുണ്ടായിരുന്നു. ഗീതക്ക് ദേഷ്യം തോന്നി. നാശംപിടിച്ച പുലമ്പൽ! ഇതിനെക്കുറിച്ച് സംസാരിക്കാതിരുന്നെങ്കിൽ അമ്മ ഇപ്പോൾ മരിക്കില്ലായിരുന്നു എന്നൊരു തോന്നൽ കൂടിയായപ്പോൾ കുറ്റബോധം കണ്ണുകളെ നീറ്റി നീരൊഴുക്കി.
അമ്മയുടെ മുറിയിലേക്ക് തിരികെ നടന്നു. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നൂ. ബാക്കിെവച്ചു പോയ ഏതോ ചിരിയുടെ കണികകൾ ചുണ്ടുകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്നു. ജനൽപാളികൾ തുറന്നിട്ടു. സൂര്യനും കാറ്റും മരങ്ങളുമൊക്കെ അവസാനമായി ഒന്നു കാണട്ടെ. ആ നാടകക്കാരന്റെ ആത്മാവ് എവിടെയെങ്കിലും ചുറ്റിനടക്കുന്നുണ്ടെങ്കിൽ ചുവരു തുളയ്ക്കാതെ അകത്തേക്ക് കേറിക്കോട്ടെ. എല്ലാവരോടും ദേഷ്യം തോന്നി. ഈ മടയിക്കും ഭ്രാന്തിക്കുമിടയിൽ ജീവിതം നരകിച്ചു തീർന്നുപോയിരിക്കുന്നു.
ജെസ്സിയും ഒപ്പം കുറച്ചു നാട്ടുകാരും കിതച്ചുകൊണ്ടോടി വരുന്നത് ജനലിലൂടെ കണ്ടപ്പോൾ ഗീത കട്ടിലിനു താഴെയായി മുട്ടുകൾ വരിഞ്ഞു മുറുക്കി ചുരുണ്ടിരുന്നു. അൽപനേരത്തിനുള്ളിൽ തന്നെ വീടിനകം നിറയുന്നതും തനിയെ ഉത്തരവാദിത്തമേറ്റ ചിലർ ഉറക്കെ സംസാരിക്കുന്നതും കേൾക്കാനായി. അതിൽ വളരെച്ചുരുക്കം ചിലരെ മാത്രമേ ഗീത തിരിച്ചറിഞ്ഞുള്ളൂ. സ്കൂൾപ്രായം കഴിയുന്നതിനു മുമ്പേ നാടുകടക്കപ്പെട്ട പെണ്ണായിരുന്നല്ലോ അവൾ. ആദ്യം ഒരകന്ന ബന്ധുവിന്റെ വീട്ടിൽ അടുക്കള സഹായത്തിന് പോയി നിന്നു. പിന്നെ മറ്റൊരിടത്ത് റബർ ടാപ്പിങ് തൊഴിലാളിയായി. പിന്നീടൊരു ഹോട്ടലിൽ കുറച്ചു നാൾ. ഹോട്ടൽ മുതലാളിയുടെ അമ്മ കിടപ്പിലായതോടെ അവരെ നോക്കുന്ന ജോലിക്ക് നിയോഗിക്കപ്പെട്ടു. പിന്നെ മറ്റൊരു ജോലിക്കും പോകേണ്ടിവന്നില്ല. ഒറ്റക്കായി പോകുന്ന വൃദ്ധരുടെ എണ്ണം കൂടിയതേയുള്ളൂ. അവരിൽ മിക്കവരും മരണക്കിടക്കയിൽ ഏറെനാൾ ചെലവഴിക്കുകയും ചെയ്തു. ഗീതയവരുടെ കൂട്ടിരിപ്പുകാരിയായി. ഇടയ്ക്കൊക്കെ വീട്ടിൽ വന്നു പോയിരുന്നെങ്കിലും നാടിനോട് അത്ര പരിചയം പോരാ. ചില പെണ്ണുങ്ങൾ ഗീതയുടെ അടുത്തും, മുറിയുടെ മൂലയിലുമൊക്കെയായി ഇരിപ്പുറപ്പിച്ചു. ‘‘എന്തു പറ്റി?’’ എന്നൊരുവൾ കാതിൽ അടക്കം ചോദിച്ചു. ‘‘മരിച്ചുപോയി’’' എന്ന് മറുപടി പറഞ്ഞു. ചോദിച്ച സ്ത്രീക്ക് തൃപ്തിവന്നില്ലെന്ന് അവരുടെ മുഖഭാവം വ്യക്തമാക്കി.
അമ്മയുടെ ദേഹം കുളിപ്പിക്കാനായി പുറത്തേക്കെടുത്തപ്പോൾ, നല്ലമ്മയെപ്പേടിച്ച് കുളിക്കാതെ നടന്ന കഥ പറഞ്ഞ് അവരുറക്കെച്ചിരിച്ചിരുന്നതോർത്ത് ഗീത കരഞ്ഞു. ജീവിതത്തിലൊരിക്കലും ആ സ്ത്രീ സമാധാനമായിരുന്നിട്ടില്ല. ആരോ വന്ന് ഗീതയുടെ ചുമലിൽ പിടിച്ചു കുലുക്കി. ദൂരെയെവിടെയോ നിന്ന് മറ്റാരോ അവളുടെ പേരുറക്കെ വിളിച്ചു. അവൾ അത്ഭുതപ്പെട്ടു. ഇത്ര ചുരുങ്ങിയ സമയംകൊണ്ട് ഈ വീടിനും ഇതിലെ മനുഷ്യർക്കും ആരൊക്കെയോ ഉണ്ടായിരിക്കുന്നു. ഇവരെല്ലാം എവിടെയായിരുന്നു?
‘‘അറിയാമോ നിനക്കെന്നെ?’’ വളരെ പ്രായംചെന്ന ഒരു തള്ള വിതുമ്പിക്കൊണ്ട് അവളുടെ കൈ പിടിച്ചു.
കുഴിഞ്ഞു താണ കണ്ണുകളും കഷണ്ടിത്തലയുമുള്ള, കുനിഞ്ഞു നിലംതൊട്ടു നടക്കുന്ന ആ തള്ളയെ എവിടെയും കണ്ടതായി ഓർമ വന്നില്ല.
‘‘ഈ കയ്യിലോട്ടാ നിന്നെ പെറ്റിട്ടത്. ഒരെണ്ണം ചാപിള്ളയായിപ്പോയില്ലേ. അല്ലെങ്കിൽ കൊച്ചിനൊരു കൂട്ടൊണ്ടായേനെ.’’ അവരുടെ കുഴിഞ്ഞ കണ്ണുകളിൽ വെള്ളം നിറഞ്ഞു. ‘‘ആദ്യോക്കെ കുറേതവണ വന്നു ഞാനിവിടെ. കൊച്ചിനെയൊന്നു കാണാനും മുറുക്കാനുള്ള ചില്ലറ വാങ്ങാനും. അപ്പൊഴൊക്കെ ആ സരോജിനി ആട്ടിയിറക്കി. എനിക്കതുകൊണ്ട് കുഴപ്പമില്ല കൊച്ചേ. അവളെന്തോരം സഹിച്ചതാ. നേരാംവണ്ണം ഉണ്ടായതല്ലേലും വയറ്റിക്കിടന്ന പിള്ളേം ചത്തുപോയില്ലേ. അവളെന്നെ പ്രാകിക്കാണും. എനിക്കൊന്ന് കാണാന്തോന്നി. അതാ ഞാൻ വല്ലപാടും ഇഴഞ്ഞിങ്ങെത്തിയേ.’’
പല്ലില്ലാത്ത വായ മുറുക്കെപ്പൂട്ടി, കണ്ണുകൾ മുകളിലെവിടെയോ കൊരുത്ത് അവർ അവ്യക്തമായി പതം പറഞ്ഞു കരഞ്ഞു. മുഖത്തെ കുഴികളുടെ ആഴത്തിലെവിടെയോ ഒഴുകിനടക്കുന്ന തിളക്കമില്ലാത്ത വട്ടക്കല്ലുകൾ, അവിടെ നിന്നുറവയിടുന്ന ഉപ്പു വെള്ളത്തിനൊപ്പം ഒഴുകിപ്പോയേക്കുമെന്ന് ഗീത ഭയന്നു. ആ വൃദ്ധയുടെ മെലിഞ്ഞ കൈത്തണ്ട ശ്രദ്ധയോടെ പിടിച്ചുമാറ്റി െവച്ചശേഷം അവളവിടെ നിന്ന് ധൃതിയിൽ പുറത്തേക്കിറങ്ങി. എവിടെയെങ്കിലും ഒളിച്ചുനിൽക്കണം. ആരുടെയും നോട്ടമെത്താത്തിടത്ത്. എന്താണവർ പറഞ്ഞത്? സരോജിനിയുടെ കൊച്ച് ചാപിള്ളയോ? അപ്പൊ ഗീത എന്ന പെണ്ണ് ഈ ഭൂമിയിലെങ്ങനെയുണ്ടായി?
എവിടേക്കാണ് പോവുക? അടുക്കളയിൽ നിറയെ പെണ്ണുങ്ങളാണ്. നല്ലമ്മയുടെ മുറിയിലേക്കെത്തിനോക്കി. മച്ചിൽ തറപ്പിച്ചു നോക്കി ചലനമില്ലാതെ കിടക്കുകയാണവർ. പരിചയമില്ലാത്തവരെ കാണുമ്പോൾ നിലവിളിക്കുകയും തെറി പറയുകയും ചെയ്യുന്നതുകൊണ്ടാവാം ആ മുറിയിൽ ആരുമില്ല.
ഗീതയവരുടെ ചെവിയിലേക്ക് ചുണ്ടടുപ്പിച്ചു. കഴിയുന്നത്ര ഈർഷ്യ ശബ്ദത്തിൽ കലർത്തി, വാക്കുകളെ മുനകൂർത്ത ഒരു സൂചിയെന്നവണ്ണം ചെവിയിലേക്ക് കുത്തിയിറക്കി.
‘‘ഇനിയെങ്കിലും പറ തള്ളേ. ആരുടെ മോളാ ഞാൻ?’’
നല്ലമ്മ നോട്ടം ചരിച്ചു. കുറേ വർഷങ്ങൾക്കിടയിലാദ്യമായി അവരുടെ ചുണ്ടിൻകോണുകൾ കവിളതിരുകളിലേക്ക് കുടിയേറി. മഞ്ഞിച്ച നിറമുള്ള വലിഞ്ഞ തൊലിയിൽ വിളർത്തതെങ്കിലും ചുവപ്പുരാശി പടർന്നു.
‘‘നിന്നെ പൂച്ച പെറ്റതാണ്.’’ അവരുടെ ശബ്ദം ഇത്തവണ ഉറച്ചതായിരുന്നു. വാക്കുകൾ മുമ്പത്തേക്കാളൊക്കെ വ്യക്തമായിരുന്നു.
‘‘ഭ്രാന്ത് പറയാതെ, ശരിക്കുള്ളത് പറ’’, ഗീത പല്ലിറുമ്മി.
‘‘നാല് പൂച്ചക്കുഞ്ഞുങ്ങള്.’’ നല്ലമ്മ ഒരു സ്വപ്നത്തിലെന്നപോലെ കണ്ണുകളിളക്കി പുഞ്ചിരിച്ചു. ‘‘അതിലൊന്നിനെ സരോജിനിക്ക് കൊടുത്തു. അവളുടെ പാല് കുടിച്ച് കുടിച്ച് നീയൊരു മനുഷ്യത്തിയായി.’’
‘‘നശിച്ചു പോ തള്ളേ.’’ തലയിൽ കൈെവച്ച് പ്രാകിക്കൊണ്ട് ഗീത പുറത്തേക്ക് പാഞ്ഞു. ശ്വാസം മുട്ടുന്നതുപോലെ തോന്നി.
വടക്കേയതിരിലെ പാറക്കൂട്ടങ്ങൾക്കിടയിലേക്ക് ആരും കാണാതെ നുഴഞ്ഞു കയറിയിരിക്കാൻ കൊതിച്ചാണ് മുറ്റത്തേക്കിറങ്ങിയത്. അതിനിടയിൽ പതിച്ചിത്തള്ള കണ്ടുപിടിച്ചു. അവർ പിറകേ വന്ന് സാരിത്തുമ്പിൽ പിടിച്ചുവലിച്ചു. ഗീത ക്രുദ്ധമായ മുഖത്തോടെ അവരെ നോക്കി. ഈ ഉടഞ്ഞിളകിയ ദേഹവും പേറി അവരെന്തിനാണ് ഇന്നുതന്നെ ഇവിടേക്ക് വലിഞ്ഞുകയറി വന്നത്? ജീവിതത്തിലാകെയുണ്ടായിരുന്ന ആശ്വാസത്തെയും കൂടി ചിതയിൽ െവച്ചെരിക്കാനോ?
‘‘നോക്ക് കൊച്ചേ, നിന്നെ ജീവനോടെയിങ്ങനെ കാണാൻ പറ്റുമോന്ന് എനിക്കറിഞ്ഞൂടായിരുന്നു. ഒരു പൂച്ച പെറ്റ് കിടപ്പുണ്ടായിരുന്നിവിടെ. കണ്ണുതെറ്റിയാൽ അതിന്റെടേല് കൊണ്ടിട്ടുകളയും. സരോജിനി ഇല്ലാരുന്നെങ്കി നീ എന്നേ ചത്തേനെ.’’
ആ വലിയ സംസാരത്തിന്റെയൊടുവിൽ അവർ ശ്വാസം ആഞ്ഞുവലിച്ചു. ഗീതക്ക് മനസ്സിലായി. മറ്റെവിടെയും സംഭവിക്കാനിടയില്ലാത്തവിധം ഇവിടെ അമ്മതന്നെ വലിയൊരു കളവായിരുന്നു.
നടുമുറിയിലെ മൂലയിൽ ചുരുണ്ടുകൂടിയിരുന്നു. അമ്മയെ കുളിപ്പിച്ച് വെള്ളമുണ്ട് പുതപ്പിച്ച് നടുമുറിയിലേക്ക് കൊണ്ടുവരും. അടുത്തിരിക്കേണ്ടി വരും. കരയേണ്ടി വരും. പക്ഷേ അമ്മേയെന്ന് വിളിച്ചല്ല കരയേണ്ടത്. പിന്നെന്താണ് വിളിക്കുക ചേച്ചീന്നോ? അത് വലിയ തമാശയാവും. അമ്മയതൊരിക്കലും ക്ഷമിക്കില്ല. ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോയവൾ, ഗർഭിണിയായി തിരികെ വന്നു. പ്രസവത്തിൽ കൊച്ചു മരിച്ചുപോയി. പുതിയൊരു ജീവിതം തുടങ്ങാമായിരുന്നു അവർക്ക്. സരോജിനി സ്വയം വിഡ്ഢിയായതിനൊപ്പം മറ്റൊരു പെണ്ണിനെക്കൂടി വിഡ്ഢിയാക്കി വളർത്തി.
ചാവിന്റെ ചടങ്ങുകൾ കഴിഞ്ഞ് കുന്നിറങ്ങിപ്പോയ നാട്ടുകാർക്കൊപ്പം ജെസ്സിയും പോയി. ഒരു മാസത്തിനു മുമ്പിവിടെ വന്നപ്പോൾ കൊണ്ടുവന്ന പ്ലാസ്റ്റിക് സഞ്ചി അവൾ കയ്യിലൊതുക്കി പിടിച്ചിരുന്നു. മുഷിഞ്ഞ മണമുള്ള രണ്ടോ മൂന്നോ നീളൻ ഉടുപ്പുകളും പാവാടകളുമാണതിൽ. പോകാൻ നേരം അവൾ ഗീതയുടെ ഏറ്റവും അടുത്തേക്ക് നിരങ്ങിയിരുന്നു.
‘‘ഇനി പോവുമ്പം ഞാനും കൂടെ വന്നോട്ടെ ചേച്ചീ?’’
ഗീത അവളെ ആശ്ചര്യത്തോടെ നോക്കി.
‘‘നീയിങ്ങോട്ട് വരണം. നല്ലമ്മയെ നോക്കണം. പറഞ്ഞ പൈസ തന്നെ തന്നേക്കാം ജെസ്സീ.’’
ജെസ്സി തല ഇരുവശത്തേക്കുമാട്ടി. അവൾക്കതിന് സമ്മതമല്ല. അവരുടെ കൂടെ ഒറ്റക്കിവിടെ കഴിയാൻ അവളെന്നല്ല ആരും മനസ്സ് കാണിക്കില്ല.
മൂന്നു ദിവസം എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി. വെയിലു താണു കഴിഞ്ഞാൽ ആരെങ്കിലുമൊക്കെ അന്വേഷിച്ചു വന്നു. ചിലരൊക്കെ ഇറയപ്പടിയിലിരുന്ന് നെടുവീർപ്പിട്ടു. ചിലർ നല്ലമ്മയുടെ വാതിൽക്കലോളം ചെന്ന് സുഖവിവരമന്വേഷിച്ചു. ശേഷം ചീത്ത വാക്കുകൾ കേട്ട് പ്രാകിക്കൊണ്ട് തിരികെപ്പോയി. സരോജിനിയുടെ അടുത്ത കൂട്ടുകാരിയായിരുന്ന മറിയാമ്മ മൂന്നാം ദിവസം വൈകുന്നേരം വന്നു. അവർ ഭർത്താവിന്റെ നാട്ടിലാണ് താമസം. അന്ന് രാവിലെ വന്നപ്പോഴാണ് വിവരമറിഞ്ഞത്.
‘‘അവളൊരു മണ്ടിയായിരുന്നു.’’ അവർ മ്ലാനമായ മുഖത്തോടെ പറഞ്ഞു. ‘‘ഒളിച്ചോടിപ്പോയെന്ന് കേട്ട് ഞങ്ങളെല്ലാം അന്തിച്ചുപോയി. മൂന്നാണുങ്ങൾക്കൊപ്പം പോകാൻ കുറച്ച് ധൈര്യമൊന്നും പോരല്ലോ. ഇവരു പോയതിന്റെ രണ്ടാം പക്കം പോലീസന്വേഷിച്ചു വന്നു. കാശുള്ള ഏതോ മുതലാളിയേം കുത്തി ഏതാണ്ടൊക്കെ മുദ്രാവാക്യങ്ങളും വിളിച്ച് നാടുവിട്ടു പോന്ന മഹാന്മാരായിരുന്നു മൂന്നുപേരും. മോൾക്കറിയാമോ രണ്ടു ദിവസം എനിക്കുറങ്ങാമ്പോലും പറ്റിയില്ല. അവളവിടെ അഭിനയിക്കാൻ കേറിയത് ഞാമ്പറഞ്ഞിട്ടാണല്ലോ എന്നൊരു വിഷമം. എന്തായാലും ആള് തിരിച്ചുവന്നു. മട്ടിലും ഭാവത്തിലുമൊക്കെ ഒരു പുതുമണവാട്ടിയുടെ ചേലുണ്ടായിരുന്നു അന്ന്. കൂടെപ്പോയവന്റെ കാര്യം ചോദിച്ചാൽ മാത്രം കണ്ണു നിറയും. വയറു വീർത്ത് വീർത്ത് വന്നപ്പഴാ ഒറ്റയ്ക്കല്ല വന്നതെന്ന് മനസ്സിലായെ. പക്ഷേ ഭാഗ്യത്തിനോ എന്തോ ആ കൊച്ചും പോയി.’’
അങ്ങനെ അതുറപ്പായി. വയസ്സിത്തള്ളയുടെ ഓർമപ്പിശകല്ല, ഭ്രാന്തിത്തള്ളയുടെ ജൽപനങ്ങളുമല്ല. സരോജിനിയുടെ കുഞ്ഞ് ജീവനോടെയല്ല ജനിച്ചത്.
ഒരു നാൾ കഴിഞ്ഞപ്പോൾതന്നെ ഗീതക്ക് മടുത്തിരുന്നു. തൊട്ടടുത്ത മുറിയിൽനിന്നുയരുന്ന നിലവിളികളും തെറിവാക്കുകളും വെറുപ്പായി. ‘‘ജന്മം നൽകിയെന്ന് െവച്ച് ഒരാളമ്മയാകുന്നില്ല’’ എന്ന് പലപ്രാവശ്യം ഉറക്കെ വിളിച്ചുപറഞ്ഞു. തള്ള കേൾക്കട്ടെ. അവർ സ്വയം ശപിച്ച് തീരട്ടെ.
മുമ്പ് വരുമ്പോഴൊക്കെ ഏറ്റവും സ്നേഹത്തോടെയായിരുന്നു അവരെ അവൾ നോക്കിയിരുന്നത്. ചരിച്ചു കിടത്തി വിസർജ്യം തുടച്ചെടുത്ത് ഡെറ്റോളൊഴിച്ച് തുടയ്ക്കുമ്പോൾപോലും അവരോട് ചിരിച്ചുകൊണ്ട് സംസാരിച്ചിരുന്നു. അതൊക്കെ ജോലിയുടെ ഭാഗമായി നിത്യേനയെന്നോണം ചെയ്യുന്നതായിരുന്നല്ലോ. ഇവിടെയാകട്ടെ അമ്മയുടെ ഇളയമ്മയാണവർ. അമ്മമ്മയുടെ സ്ഥാനം. അതവളുടെ കടമയായിരുന്നു. പക്ഷേ സ്ഥാനക്കയറ്റം പിടിച്ചുവാങ്ങി അവർ അമ്മയായി അവതരിച്ചപ്പോൾ സ്നേഹത്തിന് പകരം വെറുപ്പാണ് തോന്നിയത്.
ഒടുവിൽ മറിയാമ്മ വന്നുപോയ ദിവസം രാത്രി സ്വന്തം മുറിയിൽപ്പോലും ഇരിക്കാനാവാത്തവിധം ദുർഗന്ധമധികരിച്ചപ്പോൾ ഗീത ശാപവാചകങ്ങൾ പറഞ്ഞുകൊണ്ട് അവിടേക്ക് കയറിച്ചെന്നു. ദിവസത്തിലൊന്നോ രണ്ടോ തവണ അവൾ നിർബന്ധിച്ച് വായിലൊഴിച്ചു കൊടുക്കുന്ന കഞ്ഞിയുടെ ബാക്കി കടവായിലൂടൊഴുകി കഴുത്തിലും കട്ടിലിലുമായി കെട്ടിക്കിടന്നതിൽ ഉറുമ്പുകളുടെ വലിയൊരു പറ്റം താവളമടിച്ചിരിക്കുന്നു. അതിൽനിന്ന് ഒരു നിര അവരുടെ ചുണ്ടുകളിലേക്ക് പുറപ്പെട്ടിരിക്കുന്നു. ഗീത അന്തിച്ചുപോയി. അവർ സ്വയം തിരിഞ്ഞുകിടക്കുകയൊക്കെ ചെയ്യുന്നതാണല്ലോ. എന്തുകൊണ്ട് ആ ഉറുമ്പുകളെ തട്ടിക്കളയുന്നില്ല? അവൾ ആധിയോടെ ആ ഉറുമ്പുകളെ തുടച്ചു മാറ്റിയപ്പോൾ നല്ലമ്മ മുഖം തിരിച്ചു, പിന്നെ ധൃതിയിൽ പറഞ്ഞു: ‘‘നീ പൂച്ചയുടെ കുഞ്ഞാണ്.’’
അവരത് പറയാനായി കൊതിച്ചു കിടക്കുകയായിരുന്നുവെന്ന് തോന്നും. ആ പാവം പൂച്ചക്ക് നഷ്ടപ്പെട്ടുപോയ മാതൃസ്ഥാനം ഏതു വിധേനയും വീണ്ടെടുത്തു കൊടുക്കാനായി അവരിത്ര നാളും കഷ്ടപ്പെടുകയായിരുന്നുവെന്നും.
ഗീത അവരുടെ നെറ്റിയിൽ തലോടി. ശ്രദ്ധയോടെ തിരിച്ചു കിടത്തി, മാലിന്യത്തിലൊട്ടിപ്പിടിച്ചു പോയ തുണികൾ ഓരോന്നായി സാവധാനം വേർപെടുത്തി. പിറ്റേന്ന് രാവിലെ അവൾ വീടിനകം മുഴുവൻ അടിച്ചു തുടച്ചു. അമ്മ കിടന്ന ഷീറ്റുകളപ്പാടെ എരിച്ചു കളഞ്ഞു. വീടിന് പിറകിലെ അതിരിൽനിന്ന് ചേമ്പിൻ താളുകൾ വെട്ടി പുളിങ്കറി െവച്ചു. നല്ലമ്മയുടെ മുറിയിൽ പുതിയ വിരിപ്പുകൾ വിരിക്കുകയും കുന്തിരിക്കം പുകയ്ക്കുകയും കൂടി ചെയ്തപ്പോൾ ഒരുവിധം തൃപ്തിയായി.
അമ്മയുടെ കട്ടിലിനടിയിൽനിന്നു കിട്ടിയ പഴയ വാരികയുമായി ഇറയത്തു വന്നിരുന്നപ്പോൾ അത്ഭുതം തോന്നി. വിചാരിച്ചതിലുമെളുപ്പത്തിൽ അവൾ നല്ലമ്മയെ അംഗീകരിച്ചിരിക്കുന്നു. വാരികയുടെ ആദ്യ പുറം മറിയുമ്പോഴേക്കും കുന്നു കയറി ആരോ വരുന്നത് കണ്ടു. വൃത്തിയും പകിട്ടുമുള്ള വേഷമണിഞ്ഞ, ഉയരമുള്ള ഒരാൾ അവൾക്ക് മുന്നിൽ നിന്നു കിതച്ചു.
‘‘സരോജിനി?’’
‘‘ആരാ?’’
‘‘സരോജിനിയെക്കാണാനാ.’’
‘‘അവർ... മരിച്ചു...’’
അയാൾ അവിശ്വാസത്തോടെ അമ്മ കിടന്ന മുറിയുടെ ജനൽഭാഗത്തേക്ക് നോക്കി. പിന്നെ പതിയെ നടന്നു ചെന്ന് കയ്യിലിരുന്ന ചെറിയ പൊതി അവിടെത്തിരുകിക്കയറ്റി.
‘‘ആരാണ്?’’, ഗീത അത്ഭുതത്തോടെ ചോദിച്ചു.
‘‘സരോജിനിയുടെ പഴയൊരു സുഹൃത്താണ്’’, അയാൾ കണ്ണു നിറച്ചു.
‘‘മിയാദെന്നാണോ പേര്?’’, ഗീത വെപ്രാളപ്പെട്ടു. അതയാളറിയാതിരിക്കാൻ അതിലേറെ ശ്രമപ്പെട്ടു.
‘‘അതെ. സരോജിനി എന്നെപ്പറ്റി പറഞ്ഞിട്ടുണ്ടോ? എന്താണ് പറഞ്ഞത്?’’ അയാളും അതിശയത്തോടെ അവളെ സൂക്ഷിച്ചുനോക്കി.
‘‘ഇതിന് മുമ്പ് നിങ്ങളിവിടെ വന്നിട്ടുണ്ടോ?’’, ഗീതയുടെ ശബ്ദം വിറച്ചു. അമ്മയുടെ മുറിയിലെ തുറന്ന ജനാലയിലേക്ക് അവൾ കണ്ണയച്ചു.
‘‘ഉണ്ട്. പലതവണ. പക്ഷേ നീ കണ്ടിട്ടില്ല.’’ ഇത്തവണ അയാളുടെ ചുണ്ടുകൾ ഒരു ചിരിക്കുള്ള ശ്രമം നടത്തി.
‘‘എന്നെ അറിയുമോ?’’, അവളുടെ ഹൃദയം പിടച്ചു. നാലു നാൾ മുമ്പിയാളെ കണ്ടിരുന്നെങ്കിൽ അച്ഛാ എന്ന വിളിയോടെ അടുത്തേക്കോടിപ്പോകുമായിരുന്നോ?
‘‘പിന്നില്ലാതെ’’, അയാൾ വാത്സല്യത്തോടെ ചിരിച്ചു. ‘‘നല്ലമ്മയുടെ മോളല്ലേ? സരോജിനി പറയാറുണ്ട്.’’
ഗീതക്ക് ചുറ്റും ലോകം നിലച്ചുപോയി. അവളെപ്പോഴും നല്ലമ്മയുടെ മകളായിരുന്നു; അമ്മയുടെ ഉള്ളിൽപോലും.
‘‘ഇനി ഞാൻ വരില്ല’’, മിയാദിന്റെ കണ്ണുകൾ കവിഞ്ഞു, ‘‘ഗീത, ആ പൊതി കൂടി സരോജിനിയുടെ പെട്ടിയിൽ വച്ചേക്കൂ.’’
അയാൾ തിരിഞ്ഞുനടന്നു. ഗീത അകത്തേക്കോടി.
പഴയ പത്രക്കടലാസിൽ പൊതിഞ്ഞതെന്തോ ജനൽപടിയിലിരിക്കുന്നു. മുറിയുടെ മൂലയിൽ സരോജിനിയുടെ വീഞ്ഞപ്പെട്ടി. അതിനുമേലെ കുറച്ചു മുഷിഞ്ഞ തുണികളും പഴയ പത്രങ്ങളും. ഒട്ടും ധൃതിപ്പെടാതെ ഓരോന്നായി മാറ്റിെവച്ച് അവൾ ആ പെട്ടി തുറന്നു നോക്കി. അയാൾ കൊണ്ടുവന്നതുപോലെ അഞ്ചോ ആറോ പൊതികൾ കൂടിയുണ്ട് അതിനകത്ത്. ഏറെ ശ്രദ്ധയോടെ പുതിയതിനെക്കൂടി അതിനു മുകളിലേക്ക് വെച്ചു. തീരെ കനം കുറഞ്ഞ മൃദുലമായതെന്തിനെയോ അതിനുള്ളിൽ അടക്കം ചെയ്തിരിക്കുന്നു. ഒരുപക്ഷേ പഴകിപ്പോയ പ്രണയത്തിനെയാവും, അല്ലെങ്കിൽ പിടിതരാത്ത കാലത്തിനെ.
ഗീത പെട്ടിയടച്ചുെവച്ചു. എന്തുതന്നെയായാലും അതവളെ ബാധിക്കുന്നതല്ല.
നല്ലമ്മയുടെ മുറിയിൽനിന്ന് അവ്യക്തമായ ശബ്ദങ്ങളുയർന്നു. ഇഷ്ടപ്പെടാത്തതെന്തിനെയോ അവർ ചീത്തപറയുകയാണ്.
അവളവിടേക്ക് ചെന്നു. വീതി കുറഞ്ഞ കട്ടിലിന്റെയോരത്തിരുന്ന് അവരുടെ നെഞ്ചിലേക്ക് ചാഞ്ഞു. അവരെന്തോ പറയാനാഞ്ഞു. അവൾക്കത് മനസ്സിലായി.
‘‘അതെ, ഞാൻ പൂച്ചക്കുഞ്ഞാണ്. എനിക്കറിയാം...’’ അവൾ അവരുടെ മുഖത്തുമ്മ വെച്ചു.
നല്ലമ്മയുടെ മുഖം പെട്ടെന്ന് ശാന്തമായി. പണ്ടൊരിക്കലുമില്ലാത്തവിധം അവർ അനുസരണയോടെ കിടന്നു. വലിയൊരു സത്യം ഗീതയെ മനസ്സിലാക്കിക്കൊടുത്തുവെന്ന ചാരിതാർഥ്യം അവരുടെ കണ്ണുകളിൽ തെളിഞ്ഞുവന്നു. അല്ലെങ്കിൽ ഒരുപക്ഷേ കുഞ്ഞിനെ നഷ്ടപ്പെട്ട ആ പൂച്ചമ്മയുടെ ആത്മാവ് അവരോട് ക്ഷമിക്കില്ലായിരുന്നിരിക്കാം.