അണ്ടിക്കീരി
ചാമന് പറഞ്ഞത് കേട്ടിട്ടാണ് അശോകന്റെ മുഖം മലങ്കൊറവന് കുത്തിയപോലെ വീര്‍ത്തത്. ഞാനതൊന്നും മൈന്‍ഡ് ചെയ്യാനേ പോവുന്നില്ല. അവന്റെ മൊഖോം തരോം നോക്കിയിരുന്നാല്‍ എന്റെ കാര്യം നടക്കുമോ? കാപ്പിക്കവാത്തിനിടെ അശോകന് അവന്റളിയന് മണ്ണാച്ചനോട് പറയുന്നത് ഞാന്‍ അസ്സലായിട്ട് ഇവിടെ കേട്ടല്ലോ, അണ്ടിക്കീരി വരുന്നെന്ന്.ചിത്രീകരണം: രാജേഷ് ചിറപ്പാട്അണ്ടിക്കീരി ഇറങ്ങീട്ടൊണ്ടെന്നാണേ ചാമന് അശോകനോട് ഇപ്പോ പറഞ്ഞത്.അതുകൊണ്ടാണേ പത്തരയുടെ സ്റ്റെല്ലാമേരി...
Your Subscription Supports Independent Journalism
View Plansചാമന് പറഞ്ഞത് കേട്ടിട്ടാണ് അശോകന്റെ മുഖം മലങ്കൊറവന് കുത്തിയപോലെ വീര്‍ത്തത്. ഞാനതൊന്നും മൈന്‍ഡ് ചെയ്യാനേ പോവുന്നില്ല. അവന്റെ മൊഖോം തരോം നോക്കിയിരുന്നാല്‍ എന്റെ കാര്യം നടക്കുമോ? കാപ്പിക്കവാത്തിനിടെ അശോകന് അവന്റളിയന് മണ്ണാച്ചനോട് പറയുന്നത് ഞാന്‍ അസ്സലായിട്ട് ഇവിടെ കേട്ടല്ലോ, അണ്ടിക്കീരി വരുന്നെന്ന്.
ചിത്രീകരണം: രാജേഷ് ചിറപ്പാട്
അണ്ടിക്കീരി ഇറങ്ങീട്ടൊണ്ടെന്നാണേ ചാമന് അശോകനോട് ഇപ്പോ പറഞ്ഞത്.
അതുകൊണ്ടാണേ പത്തരയുടെ സ്റ്റെല്ലാമേരി മൂന്നാംഗേറ്റില് നിര്‍ത്തിയപ്പോ അവന് നോക്കാതിരുന്നത്. അല്ലേല്‍ ഏതൊക്കെ ബസ് പോവുന്നു, ആരൊക്കെ ഇറങ്ങുന്നു എന്നെല്ലാം നോക്കുന്ന അശോകനാണേ.
ചാമന് പറഞ്ഞത് കേട്ടിട്ടാണ് അശോകന്റെ മുഖം മലങ്കൊറവന് കുത്തിയപോലെ വീര്‍ത്തത്. ഞാനതൊന്നും മൈന്‍ഡ് ചെയ്യാനേ പോവുന്നില്ല. അവന്റെ മൊഖോം തരോം നോക്കിയിരുന്നാല്‍ എന്റെ കാര്യം നടക്കുമോ? കാപ്പിക്കവാത്തിനിടെ അശോകന് അവന്റളിയന് മണ്ണാച്ചനോട് പറയുന്നത് ഞാന്‍ അസ്സലായിട്ട് ഇവിടെ കേട്ടല്ലോ, അണ്ടിക്കീരി വരുന്നെന്ന്. അശോകന് മാത്രമല്ല, മണ്ണാച്ചനും അവന്റെ പെങ്ങള് പിറുങ്ങത്തിയും അവളുടെ മൊട്ടത്തികളും അണ്ടിക്കീരിയെന്ന് വിളിക്കുന്നത് എന്നെയാണെന്ന് എനിക്കറിയാവേ. എന്നിട്ടെനിക്കിപ്പോളെന്തേലും പറ്റിയോ. ഇനിയിപ്പോ സൂക്ഷിച്ച് നോക്കിയാല്‍ അശോകന്റെ പട്ടികളും എന്നെ നോക്കി മുറുമുറുക്കുന്നൊക്കെയുണ്ട്. അശോകന്റെ മനസ്സ് വായിച്ചപോലെയാണ് അവന്റെ പട്ടികള്‍ എന്നെ നോക്കുക. എന്നിട്ടിപ്പോ എനിക്കെന്തേലും പറ്റിയോ?
അശോകന്റെ ഡിമാന്റാക്കല് മുഴുവനും ഇനി കണ്ട് സഹിക്കേണ്ടതു തന്നെയാ. ഒരുദിവസം എന്റെ കൂടെ വന്നാല്‍ കാണിച്ചുതരാം അവന്റെ പത്രാസ്. നേരം അരമണിക്കൂറുകൊണ്ട് തീരാവുന്ന ചെറിയോരു കാര്യത്തിനാണേ ഞാനീ ആടുകേറാമല താണ്ടുന്നത്. പിള്ളാരുടെ കയ്യും കാലും ആളെണ്ണം പിടിച്ചാലും ഒറ്റയെണ്ണം ബൈക്കില്‍ ഇത്രടം വരെ ഇറക്കിത്തരില്ല. അശോകന്റെ ഡിമാന്റാക്കല് ഇന്നുച്ചവരെ നീളും. കണ്ടോ ഞാനത് പറഞ്ഞ് നാക്കെടുത്തില്ലല്ലോ, അവനതാ അടുത്ത കാപ്പിവരിയിലേക്ക് കടന്നു. സാധാരണ നമ്മള് മനുഷ്യര്‍ അറിയുന്ന ആളെക്കണ്ടാല്‍ കവാത്ത് നിര്‍ത്തി വര്‍ത്തമാനം പറയൂലേ. ഇവന് ചെയ്തത് കണ്ടോ. ഈ പുളിയുറുമ്പുകളെയൊന്നും തൊടാതെ, ചവിട്ടാതെ ദാണ്ടെ... അപ്പുറത്ത് പോയി, അവന്റെ മുഖത്തിന്റെ ചോട്ടില് പോയി വിളിക്കണം; അശോകാന്ന്. ആദ്യത്തെ വിളിയൊന്നും അവനുള്ളതേയല്ല. മൂന്നുവട്ടമെങ്കിലും അശോകാന്ന് ഓരിയിട്ടാല്‍ ഒന്ന് മുഖം തിരിക്കും. അല്ലശോകാ, നെന്നെയല്ലേ ഞാന്‍ വിളിച്ചത് എന്നെങ്ങാനും ചോദിച്ചാല്‍ അവന് പണ്ടത്തെ കാര്യം മുഖത്തടിച്ചപോലെ എടുത്തിടും.
നിങ്ങക്ക് ഇന്നല്ലേ ഞാന്‍ അശോകനാവുള്ളൂ.
പണ്ടെപ്പെഴോ എന്റെ വീട്ടിലെ അറിയാന്‍ പാടില്ലാത്ത പിള്ളേര് അവനെ എന്തോ വിളിച്ചുപോയി. അതവന് കുറച്ചിലായിപ്പോയി. നമ്പൂരിയെ നമ്പൂരീന്നും നായരെ നായരേന്നും മാപ്ലേനെ മാപ്ലേന്നും വിളിക്കുന്നപോലെയങ്ങ് കണ്ടാപ്പോരേ?
പിള്ളേര് പറേന്നപോലെ അശോകന് ഇന്നെന്നെ പോസ്റ്റാക്കും. പോയിട്ട് എന്തോരം പണിയുള്ളതാണ്. കൊച്ചിന് കാനഡായിലേക്ക് കൊണ്ടുപോകാനുള്ളതാണല്ലോ എന്നോര്‍ത്തിട്ടാണ്. അല്ലേല്‍ ഇവന്റെയൊക്കെ മൂച്ചിലെ ഡിമാൻഡ് കാണാന്‍ മോളിക്കുട്ടിയെ കിട്ടത്തില്ല. കണ്ടോ അവന് അടുത്ത കാപ്പിയില്‍ വാക്കത്തി വെച്ചു. ഇനി അതും കവാത്തണം.
അശോകാ, രാജേട്ടന് നേരത്തേ പൂട്ടുമെന്ന് വിളിച്ചപ്പോളേ പറഞ്ഞതാ. നീയ് ഒന്ന് വാടോ.
‘‘ഇന്ന് പണിയാണ്. പണി നിര്‍ത്താന്‍ പാപ്പന് സമ്മതിക്കൂല. കൂലി പോകും. നാളെ വന്നോ.’'
കവാത്തിനിടേല് അശോകന് പറഞ്ഞതുകേട്ടോ!
അശോകന് എനിക്കിട്ട് പണി ഇറക്കുകയാന്നേ. അതെനിക്കറിയാവേ.
അല്ലശോകാ, ഞാന്‍ ഇന്നലെ വൈകുന്നേരം മര്യാദയ്ക്ക് വിളിച്ച് ചോദിച്ചില്ലായിരുന്നോ, നിന്റെ സമ്മതം കിട്ടീട്ടല്ലേ വന്നത്? നീയ്യല്ലേ പറഞ്ഞത് ഈയാഴ്ച പണിയില്ലാന്ന്.
‘‘പണിയെല്ലാമുണ്ട്. നിങ്ങളെന്തോ കേട്ടതാണ്. നാളെ വന്നോ. ഇന്ന് പണി.’’
കണ്ടോ അവന്റെയൊരു ഡിമാൻഡ്. കാര്യം മനസ്സിലായല്ലോ പണി നിര്‍ത്തിയാല്‍ ഇന്നത്തെ കൂലി പോകും. എന്റെ അത്യാവശ്യം ഞാന്‍ ഇന്നലെ അവനോട് പറഞ്ഞുപോയല്ലോ. കൊച്ചിന് കാനഡായിലേക്ക് കൊണ്ടുപോകാനാണെന്ന് വായീന്ന് വീണുപോയപ്പോഴേ ഇവന് അത് മൊതലാക്കുമെന്ന് ഞാന്‍ പേടിച്ചതാന്നേ. സംഭവിച്ചു!
‘‘അശോകാ ഉച്ചപ്പണിയാന്നോ...’’
വിട്ടുകൊടുത്താലെങ്ങനെയാ നേരെയാവുക? ഈ മോളിക്കുട്ടി മൂന്നാം ഗേറ്റിലിറങ്ങിയിട്ടുണ്ടേല് കാര്യം നടന്നിട്ടേ പോകൂ.
‘‘അല്ലന്നേ, വൈകുന്നരം വരെ. രണ്ട് പണി ഒന്നിച്ചെടുക്കുകയാ.’’
അശോകന് മുഖത്ത് നോക്കുന്നില്ലേ.
കണ്ടോ ഡിമാൻഡ് കൂടി. സാധാരണ ആറുമുതല്‍ ഒന്നുവരെയാണ് അവന് പണിയെടുക്കാറ്. ഇന്ന് ഞാന്‍ വന്നതുകൊണ്ട് ഇനി രാത്രിയും കവാത്തു*മായിരിക്കും!
അശോകാ, നീ ആളെയിട്ട് വട്ടംകറക്കരുത്. നിന്റെ മൊതലാളിയെ ഞാന്‍ കണ്ടേച്ചുവരാം. ഒന്നു വാടാ... ആ രാജേട്ടന് പോകും.
മാതാവേ, അവന്റെ പട്ടികള്‍ എഴുന്നേറ്റ് മൂരിനിവരുന്നുണ്ട്. ഇനിയെല്ലാം കൂടി എന്നെ നോക്കി കുരയ്ക്കാന്‍ തുടങ്ങും. അശോകനോട് അധികം മിണ്ടിയാലങ്ങനെയാ... പിന്നെ അവറ്റകളാണ് മറുപടി മിണ്ടുക.
‘‘ഇന്നത്തെ കൂലി തരുമോ?’’ കണ്ടോ, അശോകന് ബിസിനസ്സെറക്കാന് തുടങ്ങിയേ.
‘‘അതൊക്കെ ചിന്തിക്കാവുന്ന കേസല്ലേയുള്ളൂ അശോകാ, നീയൊന്നു വാക്കത്തി അവിടെ വെച്ചിട്ട് ഒന്നിറങ്ങി വായോ...’’
രാജേട്ടന് ഒരു മിനിറ്റ് പോലും കാത്തിരിക്കില്ലാന്ന് അശോകനെയും കൂട്ടിവരാമെന്ന് പറഞ്ഞപ്പോഴേ മുന്‍കൂട്ടി പറഞ്ഞതാണ്. രാജേട്ടന് എത്രായിരം അശോകന്മാരെ കണ്ടതാണ്. ഇവന് കളിപ്പിക്കുമെന്ന് അങ്ങോര്‍ക്കറിയാം.
‘‘ദേവീനേം കൊണ്ട് പോകാനുണ്ട്. നിങ്ങള്‍ നാളെ വാ.’’
മുഖത്ത് നോക്കാതെ സംസാരിക്കുന്നവരെ എനിക്ക് സ്വതേ കണ്ണിന് നേരെ കണ്ടുകൂടാ. അവന്റെ മുഖം നേരെ എന്റെ നേര്‍ക്ക് തിരിച്ചൊടിച്ച് വെക്കാൻ തോന്നീട്ട് വയ്യ!
‘‘എന്റെശോകാ ദേവീനെ നാളെ കൊണ്ടുപോയാപ്പോരേ. ഞാനെപ്പോ വന്നാലും നീയിതുതന്നെയാ പറയാറ്. ദേവീനേം കൊണ്ട് പോകാനുണ്ടെന്ന്. എന്നിട്ട് നീയ്യ് ദേവീനേം കൊണ്ട് പോകാറുണ്ടോ അതുമില്ല.’’
അശോകന് കവാത്ത് കത്തി താഴ്ത്തി എന്നെയൊന്നു നോക്കി.
‘‘നിങ്ങളോടാര് പറഞ്ഞ് ഞാന്‍ കൊണ്ടുപോകാറില്ലെന്ന്? പിന്നെ നിങ്ങളാണോ കൊണ്ടുപോക്ക്. അണ്ടിക്കീരി പോലെ തോന്ന്യത് ചിലപ്പുകൂട്ടുകയാന്നോ...’’
എനിക്കാകെയങ്ങ് ഉളുത്തുകയറിയതാണ് വായില്‍ വന്നത് പറയാന്‍. പക്ഷേങ്കില് എന്റാവശ്യം അവന്റെ മടീലിരിക്കുകയല്ലേ. അശോകന്റെയും അവന്റെ അളിയന് മണ്ണാച്ചന്റെയും വാര്‍ഡിന്റെ ചാര്‍ജ് സാവിത്രിക്കാണ്. അവള് പറഞ്ഞ് എനിക്ക് നന്നായി അറിയാം ഇവന്റെ കാര്യം. ഞാനതൊന്നും പറയാന്‍ പോകുന്നില്ല. ഗുളിക തരുന്ന ആശ** പറഞ്ഞൂന്നെങ്ങാനും പറഞ്ഞുപോയാല്‍ പിന്നെ അതുമതി. മിണ്ടണ്ട. നമ്മടെ കാര്യം നടക്കണമല്ലോ.
ഇനിയിപ്പോ ദേവിയെ കൊണ്ടുപോകാനുണ്ടെന്ന് ഇപ്പോള്‍ത്തന്നെ പറഞ്ഞതെന്തിനാന്നറിയോ? അവന്റെ ന്യായത്തില്‍ ഞാനവന്റെ പണി നിര്ത്തിച്ചതാണേ, അവന്റെ കയ്യില്‍ ഭാര്യയെ ഡോക്ടറെയടുത്ത് കൊണ്ടുപോകാന്‍ പൈസയില്ലേ, ഇന്നത്തെ പണി ഞാന്‍ മൊടക്കിയേക്കുകയാന്നേ, അപ്പോള്‍ ഭാര്യയെ ചികിത്സിക്കാനുള്ള ഇന്നത്തെ പോക്ക് എന്റെ പെടലിക്കാണേ അവന് കൊണ്ടിടാന്‍ പോകുന്നത്. അവനിപ്പോ കവാത്ത് കത്തി സഞ്ചിയിലിട്ട്, തലയിലെ കെട്ടഴിച്ച് തോളത്തിട്ട് ഒരു നടത്തം നടക്കുമേ, പോകുന്നതിനിടയില്‍ കൊട്ടക്കണക്കെന്നപോലെ ഒരു സംഖ്യയങ്ങ് പറയുമേ. രാജേട്ടന്റെയടുത്തെത്തും വരെ ഞാന്‍ അവന്റെ പിറകേ നടന്ന് പറഞ്ഞ് പറഞ്ഞ് സംഖ്യയങ്ങ് എനിക്ക് പാങ്ങുള്ളതാക്കി മാറ്റുമേ...
കണ്ടോ, ഞാമ്പറഞ്ഞത് തന്നെയല്ലേ നടന്നത്. അവനതാ സഞ്ചിയുമെടുത്ത് തലേക്കെട്ടഴിച്ച് നടക്കുന്നു.
പിന്നാലെയവന്റെ പട്ടികളും മൂരിനിവര്ന്നല്ലോ. അവറ്റകളുടെ കാര്യമാ പേടിക്കേണ്ടത്. അവനോട് ച്ചിരി ശബ്ദം കൂട്ടി സംസാരിച്ചാല്‍ പട്ടികള്‍ നാലും വാല് വളച്ച് തിരിഞ്ഞ് നില്ക്കും. ഒന്ന് മൂളിത്തുടങ്ങിയാല് മതി ബാക്കിയെല്ലാം കൂടി മൂളിമൂളി ഒറ്റക്കൊരയാണ്. എനിക്ക് പേടിയാ. അവറ്റകളെ പേടിച്ച് ഞാന്‍ അശോകനോട് ഒരു വാക്കുപോലും അധികം പറയാറില്ല.
ഇവനെന്താണ് വടക്കോട്ട് പോകുന്നത്. തമ്പുരാനേ, ഇനി ഞാന്‍ ആ മലയും താണ്ടേണ്ടി വരുമോ?
‘‘അശോകാ, അങ്ങാടിക്ക് നമ്മക്ക് ഓട്ടോ വിളിക്കാം. നിന്റെ കയ്യില്‍ ഓട്ടോക്കാരന്റെ നമ്പറ് ഉണ്ടേല്‍ വിളിച്ചോ. പൈസ ഞാന്‍ കൊടുത്തേക്കാം.’’
ഹാവൂ, അശോകന് എന്നെ തിരിഞ്ഞുനോക്കി.
‘‘കാര്‍ഡ് എടുക്കണം.’’
എന്തൊരു കഷ്ടമാണിത്! കൊച്ചിന് വിസ വന്ന ദിവസം തൊട്ട് ഞാന്‍ വിളിച്ചുകൊണ്ടിരിക്കുന്നതാണ്. അവന് കവാത്തിന് വരുമ്പോള്‍ ആ കാര്‍ഡും കൂടി കയ്യില്‍ വെച്ചാലെന്തെങ്കിലും ഇടിഞ്ഞുവീഴുമോ?
അശോകാ, ഞാനിവിടെ നിക്കാം, നീ അതെടുത്തിട്ട് വാ എന്നുപറഞ്ഞ് ഇവിടെയെങ്ങാനും നില്‍ക്കാനും തരമില്ല. അവനെന്നെ പോസ്റ്റാക്കും. അവന് ആരോടും ഒരു കടപ്പാടുമില്ല, പറഞ്ഞ വാക്കുമില്ല, ചാക്കുമില്ല. വടക്കോട്ട് കയറി തെക്കിലൂടെ ഇറങ്ങി അവന്റെ പാട്ടിനങ്ങ് പോകും. എന്റെയൊരു ദിവസം അശോകനെടുക്കും.
പിറകേ കയറുകതന്നെ.
‘‘അശോകാ, നിന്റെ മൂത്തത് എത്രേലെത്തി?’’
എന്തെങ്കിലും മിണ്ടീം പറയാതേം ഈ ആടുകേറാമല എങ്ങനെ താണ്ടും?
എട്ടിലാണ്...
വല്ലോം പഠിക്കേം വായിക്കേമൊക്കെ ചെയ്യുമോടാ?
‘‘നിങ്ങ മക്കക്കേ പഠിക്കാനറിയുള്ളോ?’’
അശോകനങ്ങനെ ചോദിച്ചുകളയുമെന്ന് ഞാന്‍ സ്വപ്നേപി വിചാരിച്ചില്ല.
എവിടെ! പിള്ളേര് വായിക്കുന്നോ പഠിക്കുന്നോ എന്ന് അവന് വല്ലോം അറിയുമോ? അവനതൊന്നും നോക്കാന്‍ വഴിയില്ല. വീട്ടിലെ കൊച്ചുങ്ങളുടെ സൗകര്യങ്ങളെങ്ങാനും ഈ പിള്ളേര്‍ക്കൊക്കെ ഉണ്ടായിരുന്നേല്‍ ഇവരൊക്കെ ആരായിപ്പോകുമായിരുന്നെന്നോ! ഇന്നത്തെ കാലത്ത് പിള്ളാരുടെ അടുത്തുന്ന് ഒരു നിമിഷം മാറിയാല്‍ എ പ്ലസ് കണ്ടവഴിക്ക് പോകും. ഇളയതൊന്നിനേം കൊണ്ട് ഫുള്‍ എ പ്ലസ് കിട്ടാന്‍ ഞാന്‍ പെട്ട പാട്. എന്നിട്ട് സയന്‍സ് ഇങ്ങ് കിട്ടിയോ? സ്കൗട്ട്, ഗൈഡ്സ്, എസ്.പി.സി തുടങ്ങി ഗ്രേസ് മാര്‍ക്കുകള്‍ അങ്ങനെ നിരന്ന് നില്‍ക്കല്ലേ. ചെറുക്കന് ഹ്യൂമാനിറ്റീസില്‍ കയറിക്കൂടിയതുതന്നെ ആശ്വാസം.
‘‘അശോകാ, എന്റെ മൂത്ത മോന് കാനഡായിലേക്ക് വിസ വന്നു. ഇനി അവന്റെ പഠിത്തോം ജോലീമൊക്കെ അവിടെയാ. അവന് എൻജിനീയറിങ് കഴിഞ്ഞപ്പോ മുതല്‍ നോക്കുന്നതാ ഒന്ന് അപ്പുറം കടക്കാന്‍. എന്റെ കൊച്ച് എന്തോരം കഷ്ടപ്പെട്ടന്നറിയോ. കാനഡ അവന്റെ ഒരു സ്വപ്നമാ...’’
അശോകന് ഒന്നും മിണ്ടാമ്പോന്നില്ല. അവന് കാനഡായൊന്നും ഒരു വിഷയമേയല്ല. മക്കളെക്കുറിച്ചൊന്നും ഇത്തരം ആധിയൊന്നും അവനില്ലെന്നേ.
കൊച്ച് പോകുമ്പോള്‍ ച്ചിരി അവലോസുണ്ടേം, കുഴലപ്പോം പുട്ടുപൊടീം കൊടുത്തയക്കാതെ എങ്ങനെയാ തള്ളയായ ഞാന്‍ ഇവിടെ പൊറുത്തുകൂടുക? നേരമുണ്ടായിട്ടെങ്ങാനുമാന്നോ നിന്റൊപ്പം ഈ മല കയറുന്നേ.
കണ്ടോ, എലിയെത്ര കരഞ്ഞാലും പൂച്ചേടെ കണ്ണില്‍നിന്നും വെള്ളം വരികേല. അവന് കമാന്ന് മിണ്ടുന്നില്ലല്ലോ.
‘‘നിന്റെ മോള് വല്യകുട്ടിയായോ അശോകാ, മൂന്നാല് മാസം മുമ്പ് അവിടുന്നായിരുന്നോ തുടികൊട്ട് കേട്ടത്?’’
‘‘ആയി.’’
പോകുന്ന പോക്കില്‍ പാണല്ക്കുറ്റി നോക്കി ആഞ്ഞുവെട്ടിക്കൊണ്ട് അവന് പറഞ്ഞു.
‘‘എന്റെ പിള്ളാര് ഇടുന്ന പോലത്തെ ഡ്രസ്സൊക്കെ ഇടുന്ന കൂട്ടത്തിലാണേല് ഞാനവള്‍ക്ക് ഒന്നുരണ്ടെണ്ണം എടുത്തുവെക്കാം. നീ നേരം കിട്ടുമ്പോള്‍ വാ. ജീന്‍സും ടീഷര്‍ട്ടുമൊക്കെ ഇടത്തില്ലേ?’’
നിങ്ങ മക്കക്കേ അതൊക്കെ ഇടാമ്പറ്റുള്ളൂ?
പാണല്ക്കുറ്റിയില്നിന്നും ജീവനറ്റ മണം മൂക്കിലേക്കടിച്ചുകയറീട്ടാണോ അതോ കയറ്റം കയറുന്നോണ്ടാണോ എന്നറിയത്തില്ല എനിക്ക് ശ്വാസം മുട്ടിയേ.
‘‘അശോകനെന്താ അങ്ങനെ പറയുന്നത്? ഞാന്‍ നിന്റെ കൊച്ചിനെ താഴ്ത്തിക്കെട്ടി പറഞ്ഞതാന്നോ? നിന്റെ മോള് ഇടുവെങ്കില് അവിടെ എന്തോരം എണ്ണം ഇരിപ്പുണ്ട്. ഈ പിള്ളാര്‍ക്ക് ഡ്രസ്സെന്നുവെച്ചാല് എന്തൊരു ഭ്രമമാന്നോ! രണ്ടോ മൂന്നോ തവണ ഇടും. പിന്നെ മൂലയ്ക്കായി. അപ്പോളേക്കും അടുത്ത ട്രെന്റിറങ്ങും. പിന്നെ അതായി. ലെയ്സ് പോലും മങ്ങാത്ത എന്തോരം കുപ്പായങ്ങളാണെന്നോ ഞാന്‍ അലമാര ഒഴിവാക്കി ചാക്കിലാക്കിയത്. ഓട്ടോയിലാണ് വരുന്നതെങ്കില്‍ ചാക്കോടെ ഇങ്ങ് എടുത്താല്‍ മതിയായിരുന്നു. നിന്റെ മക്കള്‍ക്ക് വേണ്ടതെടുത്തിട്ട് ബാക്കിയുണ്ടേല്‍ മറ്റുള്ളോര്‍ക്കും കൊടുക്കാലോ. എനിക്കാണേല്‍ സ്ഥലോം ഒഴിവായിക്കിട്ടും. തുണികള്‍ കണ്ടാല്‍ അപ്പോള്‍ എലി വന്ന് പെറ്റുകൂട്ടും.’’
‘‘നിങ്ങ എന്റെ മോക്കൊരു പുതിയത് മേടിച്ചുകൊട്.’’
അശോകന് അതു പറയുമെന്ന് ഞാന്‍ സ്വപ്നേപി കരുതീല്ല. ഞാനെന്തോ അവന്റെ അഭിമാനത്തെ തൊട്ടപോലെയാണ് അപ്പറഞ്ഞത്. അവനിപ്പോ മടക്കിക്കുത്തി നടക്കുന്ന കൈലി ആരുടേതാണെന്ന് അവനോര്‍മ കാണില്ലായിരിക്കും, കൈലിമുണ്ടിന്റെയറ്റം ചാച്ചന് ചവിട്ടിക്കീറി നാശമാക്കിയപ്പോള്‍ മേലില്‍ ഉടുക്കരുതെന്നും പറഞ്ഞ് ഞാന്‍ അടുക്കളയുടെ ബര്ത്തിലേക്കെറിഞ്ഞ സാധനമാണ്. ഇവന്റെ ദേവി അന്നെനിക്ക് വല്യ സഹായമായിര്ന്ന്. പാവം ഒടിഞ്ഞുകിടപ്പായിപ്പോയി. അവളൊരിക്കല്‍ ബര്ത്തെല്ലാം അടിച്ചുതുടയ്ക്കുമ്പോള് കയ്യില്ത്തടഞ്ഞ് എന്നോട് ചോദിച്ചു മേടിച്ചുകൊണ്ടുപോയതാണ്. അതും ഉടുത്തുകൊണ്ടാണ് അവന്റെ മോള്‍ക്ക് പുതിയത് ചോദിക്കുന്നത്. ഞാനൊന്നും പറയാന്‍ പോകുന്നില്ലേ.
കയറ്റം പകുതിയായ സ്ഥിതിക്ക് അതുംപറഞ്ഞ് അവനോട് കോര്‍ക്കാന്‍ പോകാതിരിക്കുന്നതാണ് നല്ലത്. ഇനിയിപ്പോ ഇത്രടമെത്തിയ സ്ഥിതിക്ക് ദേവിയെ ഒന്നു കയറിക്കണ്ട് രണ്ട് വാക്ക് പറയാതെങ്ങനെയാ. ഒരു പാക്കറ്റ് ബ്രഡ്പോലും വാങ്ങിയതുമില്ല. അവള്‍ക്കെന്നെ വല്യ കാര്യമാണ്. രണ്ടെണ്ണം അവളെടുത്താലും വവ്വാലൂമ്പിയിട്ട അടക്കകള്‍ ഒറ്റയെണ്ണമില്ലാതെ തോട്ടത്തില്‍നിന്നും പെറുക്കിക്കൊണ്ടുത്തരും പാവം. രണ്ടേ രണ്ടെണ്ണമേ അവളെടുക്കത്തൂള്ളൂ. അവള് വരാതായതില്പ്പിന്നെ കവുങ്ങിന് തോട്ടത്തില്‍ എന്തോരം തൈകളാണ് മുളച്ചുപൊന്തിയത്.
കുത്തനെ കയറി എന്റെ മുട്ടുകള്‍ രണ്ടും വിറയ്ക്കാന്‍ തുടങ്ങി. ഇന്നിനി എന്നെക്കൊണ്ട് ഒരു ഉപകാരവും ആര്‍ക്കും കിട്ടൂല. എനിക്കിങ്ങനെ കയറാനൊന്നും മേല. ഇത്രേം നരകം ഇന്നേവരെ എനിക്ക് വന്നുപെട്ടിട്ടില്ല. എന്നാലും വേണ്ടില്ല, ദേവിയെ വന്നു കണ്ടു എന്നായല്ലോ. ഒരു പാക്കറ്റ് ബിസ്കറ്റെങ്കിലും കരുതിയില്ല. നിനക്കിഷ്ടമുള്ളത് വാങ്ങിത്തിന്നോ എന്നും പറഞ്ഞ് ഒരു ഇരുപത്തഞ്ച് രൂപയെങ്കിലും കൊടുക്കാതെങ്ങനെയാ... അങ്ങനെ നോക്കുമ്പോള്‍ ഇതിന് മെനക്കെടണ്ടാന്ന് പറഞ്ഞ് പിള്ളേര് ചാടിക്കടിച്ചതായിരുന്നു മെച്ചം.
തമ്പുരാനെ! ദേവിയാകെ അരിവാള്‍ പോലെ വളഞ്ഞുപോയല്ലോ. കോലായില്‍ തണുത്ത കാറ്റും പറ്റി എന്തൊരു കിടപ്പാണ്. കണ്ട് സഹിക്കാനാവില്ല.
‘‘അല്ലശോകാ, നിയ്യ് ദേവീനെ ഡോക്ടറെ കാണിക്കാറില്ലേ? ഇവളെല്ലാം കൂടി എന്തായിപ്പോയി! അശോകാ, നിന്റെ മക്കള്‍ക്ക് തള്ളയുണ്ടാവില്ലാട്ടോ, നാളേക്ക് അവര്‍ക്ക് ഒരു തള്ളയെക്കൊണ്ട് എന്തെല്ലാം ആവശ്യങ്ങളുള്ളതാണ്. നീ നല്ല ആശുപത്രീല് കൊണ്ടുപോ. പിടിയൂരിയ അരിവാള്‍ കണക്കല്ലേ കിടപ്പ്. ദേവിയേ, ഇത് ഞാനാടീ, മോളിയമ്മ. ഇങ്ങനെയൊക്കെ ആയിപ്പോയത് നീയെന്താ എന്നെയൊന്ന് വിളിച്ച് പറയാഞ്ഞത്. നെനക്കീ പെങ്കൊച്ചിനെ ഒന്നു പറഞ്ഞയച്ചാല്പ്പോരായിരുന്നോ? ഞാനൊക്കെ നിനക്ക് അത്രയേ ഉള്ളോ?’’
പിള്ളാരെങ്ങാന് കൂടെയുണ്ടായിരുന്നേല്‍ അമ്മച്ചി സീനാക്കുന്നെന്നും പറഞ്ഞ് ട്രോളുമായിരുന്നു. ഞാന്‍ പക്ഷേ ആത്മാര്ഥമായിട്ടാണേ അവളോട് പറഞ്ഞത്. ഇതൊരു വല്ലാത്ത അവസ്ഥയായിപ്പോയി. എനിക്ക് അവളുടെ മക്കളുടെ മുഖത്ത് നോക്കാനാവുന്നില്ല. നാലെണ്ണമെങ്ങാനുമുണ്ട്. കീരികള്‍ മൂട്ടില്‍പ്പിടിച്ച് നടക്കുന്നപോലെ ഒന്നിനുപിറകെ ഒന്നായി നില്ക്കുന്നു.
അശോകാ...,
ഉം...
അവന്റെയൊരു മൂളല്‍. അവന്റെ മൂങ്ങത്തരംകൊണ്ടാണ് ഇവളിങ്ങനെയായിപ്പോയത്.
‘‘നിയ്യിവളെ ആശുപത്രീല് കൊണ്ടുപോയില്ലേ?’’
‘‘അവക്ക് ഇറങ്ങാന്‍ പറ്റുകേല. ഇറങ്ങിയാല്‍ കയറാന്‍ പറ്റുകേല. വിവരം പറഞ്ഞാല്‍ ആശ മരുന്ന് കൊണ്ടുത്തരും.’’
‘‘അതും നേരാണ്. അല്ലശോകാ, അരിവാളുപോലായതിനേംകൊണ്ട് ഈ മലമൂട്ടില്ത്തന്നെ നീ കുടികെട്ടിപ്പാര്ക്കുന്നതെന്തിനാന്ന്. നിനക്ക് റോഡ് സൈഡില്‍ ഒരഞ്ച് സെന്റ് വാങ്ങിയിട്ട് പഞ്ചായത്തില്‍ അപേക്ഷ കൊടുത്താല്‍ വീട് പാസ്സാക്കിത്തരൂലേ. അശോകാ, കുറച്ചൊക്കെ നെനക്കും ചിന്ത വേണം.’’
അശോകനെന്നെത്തന്നെ നോക്കുന്നത് കണ്ടോ. അവനൊന്നും ജീവിതത്തെക്കുറിച്ച് ഒരു ചിന്തയുമില്ലെന്നേ.
‘‘ഇതുപോലെ പത്തിരുനൂറാള്ണ്ട്. നിങ്ങക്ക് കുറേ പറമ്പില്ലേ, ഈ മല നിങ്ങള്‍ക്ക് തരാം. റോഡ് സൈഡില്‍ അഞ്ച് സെന്റ് വീതം തരുന്നോ?’’
അമ്പമ്പോ! ഇവനൊക്കെ വര്‍ത്തമാനം പറയാന്‍ പഠിച്ചുകേട്ടോ. ചാച്ചനെങ്ങാനും കേട്ടാല്‍.
അശോകാ, ആ മക്കള്‍ വല്ലോ കഴിച്ചതാന്നോ?
അശോകന് എന്നെയൊന്ന് നോക്കി. നിങ്ങള്‍ അടുക്കളേല് കയറി വല്ലതും ഉണ്ടാക്കിക്കൊടുക്ക് എന്ന മട്ടിലായിരിക്കും. ഇങ്ങനെയെന്തേലും കണ്ടുപോയാല്‍ ഞാനിങ്ങനെയൊക്കെ ചോദിച്ചുപോകും. എന്റെ പിള്ളാര് ഇതും പറഞ്ഞ് എന്നോട് എപ്പോഴും മുട്ടന്‍ വഴക്കാണ്. വേണ്ടാത്ത കാര്യമൊക്കെ എന്തിനാണ് ചോദിക്കാന്‍ പോകുന്നതെന്നും പറഞ്ഞ്. ദേവി കിടക്കുന്ന പായയുടെ കോലം കണ്ടാല്‍... മിണ്ടണ്ട. കൊച്ചിന്റെ കാനഡാപ്പോക്ക് മാത്രം ചിന്തിക്കുന്നതാണ് നല്ലത്.
അമ്മച്ചി കിടന്ന കോസടി അവിടെ വിറകുപുരേല് കയറ് കെട്ടി തൂക്കിയിട്ടിട്ടുണ്ട്. മരിച്ചപ്പോള്‍ അമ്മച്ചി കിടന്നതും പുതച്ചതും ഇട്ടതും ഉടുത്തതുമെല്ലാം ഒഴിവാക്കാന്‍ പിള്ളേര് പറഞ്ഞത് അതുപോലെ ഞാന്‍ കേട്ടതാണ്. പക്ഷേ, കോസടി മരിക്കുന്നേന് ഒരാഴ്ച മുമ്പ് വാങ്ങിയതാണ്. പുതിയത്. സ്റ്റിക്കറ് പോയിട്ടില്ല. പക്ഷേ അശോകനോട് ചോദിക്കാനെനിക്ക് പേടിയാന്നേ. ദേവി വീട്ടില്‍ വരുന്ന കാലത്തായിരുന്നേല്‍ കോസടിയും അമ്മച്ചിയുടെ വിരിപ്പുമെല്ലാം അവളങ്ങ് ചോദിച്ചുവാങ്ങിച്ചേനെ. ചോദിച്ച് വെറുതെ ഞാന്‍ നാറുന്നതെന്തിന്. എങ്ങനേലും കെടക്കട്ടെ. എനിക്കെന്റെ കാര്യോം സാധിച്ച്...
‘‘അശോകാ, രാജേട്ടന് പൂട്ടിപ്പോകുമേ...’’
ഉമ്മറത്തും കോലായിലും നില്ക്കുന്ന അവന്റെ മക്കള്‍ മിണ്ടാതെ എന്നെത്തന്നെ നോക്കുന്നുണ്ട്. ഇപ്പോഴത്തെ മക്കളൊക്കെ ഇങ്ങനെത്തന്നെയാ. വീട്ടിലേക്ക് ഒരാള്‍ വന്നുകയറിയാല്‍ ഒരക്ഷരം മിണ്ടൂല. കയറി ഇരിക്കാന്‍പോലും പറയില്ല. വന്നത് ആരാണ് എന്നറിയുക പോലും വേണ്ട. അവിടെ വീട്ടിലെ സ്ഥിതിയും ഇതുതന്നെ. ആരെയും മൈന്‍ഡ് ചെയ്യൂല.
‘‘ദേവിയേ, ഞാന്‍ ഇങ്ങോട്ട് കയറിവരേണ്ടി വരുമെന്ന് കരുതിയില്ല. ഒന്നും കൊണ്ടുവരാന്‍ പറ്റിയില്ല. ഞാന്‍ ഒരുദിവസം സാവിത്രീടെ കൂടെ വരാം കേട്ടോ. അവള് നമ്മുടെ വീടിനടുത്തല്ലേ താമസം. എടീ, നീ വരാത്തതില്പ്പിന്നെ ഒരു ചാക്ക് അടക്കയോളം വീണു മുളച്ചു. കാടിവെള്ളം ചൂടാക്കുന്ന പാത്രമെല്ലാം കരിപിടിച്ച് അങ്ങന്നെ കിടപ്പാണ്. നിനക്ക് നല്ല വൃത്തിയായിരുന്നെന്ന് ചാച്ചന് ഇന്നുകൂടി കാടിപ്പാത്രം നോക്കി പറഞ്ഞതേയുള്ളൂ. മോളെ, നിനക്ക് വേഗം ഭേദമാവൂടി.’’
ഞാനിങ്ങനെയൊക്കെ പറഞ്ഞിട്ടും അവളൊന്നും മിണ്ടീല്ല. ആവുന്നുണ്ടാവില്ല. എന്നാലും എനിക്ക് സമാധാനമായി. ഇങ്ങനാണേലും അവളെ ഒന്നു കാണാന്‍ പറ്റിയല്ലോ. അശോകന് പുറപ്പെട്ടിറങ്ങി നടന്നുകഴിഞ്ഞു. അവന്റെ പിന്നാലെ പോയില്ലെങ്കില്‍ ഈ മല കയറിയത് വെറുതേയാവും. പിള്ളാര് ട്രോളും. കയറ്റം പോലെത്തന്നെ ഇറക്കവും ഒരു നരകംതന്നെയാണ്. കാലിന്റെ മീമ്പള്ളയില് കയറിട്ട് പിറകോട്ട് വലിക്കുന്നപോലെ.
അശോകാ, നീയവളെ നല്ല ഡോക്ടറെ കാണിക്ക്. അവള് ചത്തുപോകുമേ, നിന്റെ പിള്ളാര്‍ക്ക് തള്ളയില്ലാതാവുമേ എന്നൊക്കെ പറയാനാഞ്ഞതാണ് ഞാന്‍.
അശോകാ, കഴിഞ്ഞ മാസം നീ കാര്‍ഡ് ലില്ലിച്ചേച്ചിക്ക് കൊടുത്തല്ലേ? ഞാനല്ലേ സ്ഥിരം ചോദിക്കാറ്.
‘‘മത്തായി സാറിന്റ മകന്റെ കല്യാണത്തിന് കണ്ടിട്ട് മിണ്ടാതെ നിന്നില്ലേ. ലില്ലിച്ചേച്ചി വന്ന് മിണ്ടി.’’
‘‘അശോകാ, ഞാന്‍ നിന്നെ കണ്ടതും ചിരിച്ചില്ലേ, പിന്നെ ഞാന്‍ മധുരംവെപ്പിന്റെ തിരക്കിലായിപ്പോയില്ലേ. നീ അന്ന് കഴിച്ചിട്ടല്ലേ പോയത്...’’
‘‘ലില്ലിച്ചേച്ചി കഴിക്കാനിരുത്തി. അവര്‍ ചോദിച്ചാല്‍ ഇനിയും കൊടുക്കും.’’
ലില്ലി ഇതിപ്പോ മൂന്നാമത്തെ കാര്‍ഡാണ് വശത്താക്കിയിരിക്കുന്നത്. അവള്‍ക്ക് ഒടുക്കത്തെ ആര്‍ത്തിയാണ്.
‘‘നിങ്ങള്‍ പകുതിയെടുത്താല്‍ മതീട്ടോ, പകുതി ഞാന്‍ വെറൊരാള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.’’ അങ്ങാടിയിലേക്ക് തിരിഞ്ഞതും അശോകന് പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി.
‘‘പകുതികൊണ്ട് എന്തുണ്ട പിടിക്കാനാണ് അശോകാ, പിള്ളാര് എന്ത് വിചാരിക്കും...’’
ഇത് അവന്റെ അടവാണേ. ഞാന്‍ അമ്പതേ കൊടുക്കാന്‍ പോകുന്നുള്ളൂ എന്ന് അവനറിയാം. അത് ഇരട്ടിയാക്കാനുള്ള വിദ്യയാണ്. ഇരട്ടി കൊടുത്ത് അവന്റെ കാല് പിടിക്കേണ്ട വല്ല ആവശ്യോമുണ്ടോ. അവന് എന്താന്ന് വെച്ചാല്‍ ചെയ്യട്ടെ. ഞാന്‍ അമ്പതേ കൊടുക്കുകയുള്ളൂ. ഇവന് മാത്രമൊന്നുമല്ല ലോകത്തുള്ളത്. വേറേം കാര്‍ഡ് കിട്ടാന്‍ അത്ര പണിയൊന്നുമില്ല. അവനെന്തേലും കാട്ടട്ടെ.
കീശയില്‍നിന്നും റേഷന്കാര്ഡെടുത്ത് അവന് രാജേട്ടന് കൊടുക്കുന്നതും നോക്കി ഞാന്‍ നിന്നു. ഇതൊന്നു വേഗമാക്കിയിട്ട് വേണം കൊച്ചിന് കാനഡായില്‍ പോകുമ്പോള്‍ കൊണ്ടുപോകേണ്ട ഡ്രസുകള്‍ വാങ്ങിക്കാമ്പോകാന്. എല്ലാം ബ്രാന്‍ഡഡ് തന്നെ വേണം. കാനഡായില്‍ എല്ലാവരും ബ്രാന്‍ഡുകള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ എന്റെ കൊച്ച് മാത്രം അങ്ങനെ ചെറുതായിപ്പോകാമ്പാടില്ല.
വിരലടയാളം കൊടുത്ത് മാറിനിന്ന അവനെ ഞാന്‍ അവനെ ദീനതയോടെ നോക്കി.
‘‘അശോകാ, പകുതിയാന്നോ...’’
അവനൊന്നും മിണ്ടിയില്ല.
‘‘രാജേട്ടാ, മുഴുവനും എടുത്തോ.’’ ഞാനങ്ങ് പറഞ്ഞു. ഇനിയവന് കാര്‍ഡ് തന്നില്ലേല്‍ വേണ്ട. പക്ഷേ, ഇത് മുഴുവനും ഞാന്‍ കൊണ്ടുപോകും. മല കയറിയിറങ്ങിയത് ഓര്‍ക്കുമ്പോള്‍ എനിക്ക് സഹിക്കാനാവുന്നില്ല.
രാജേട്ടന് പാവം. അയാളൊരു നല്ല മനുഷ്യനാണ്.
തിരികെ കൊടുക്കുമ്പോള്‍ കാര്‍ഡില്‍ ഞാന്‍ നൂറ് തന്നെ വെച്ചുകൊടുത്തു. അവന് കൊണ്ടുപോയി മോന്തട്ടെ. ആ നൂറ് കൊണ്ട് അവനങ്ങ് നന്നാവുമെങ്കില്‍ ആവട്ടെ!
♦
* വിളവെടുപ്പ് കഴിഞ്ഞാല്‍ കാപ്പിച്ചെടി വൃത്തിയാക്കുന്ന ജോലി
* * ആശാവര്‍ക്കര്‍