ജോസൂട്ടി എന്ന കൊലയാളി
എല്ലാവര്ക്കും ജോസൂട്ടിയെ നേരത്തേ അറിയാമായിരുന്നു. പത്രങ്ങളിലൂടെയും ടെലിവിഷന്‍ വാര്‍ത്തകളിലൂടെയും പരിചിതമായ മുഖം. പേക്ഷ, നേരിട്ട് കണ്ടപ്പോള്‍ എല്ലാവരും സ്തബ്ധരായി. ഒരാളെ കൊന്ന് കെട്ടിത്തൂക്കാനുള്ള പാങ്ങുണ്ടോയെന്ന് സംശയം തോന്നുംവിധം മെലിഞ്ഞ ശരീരം. | ചിത്രീകരണം: രാജേഷ് ചിറപ്പാട്
ഏതൊരാളിന്റെയും തലപ്പൊക്കം നാലടിയിലേക്ക് മെരുക്കിയൊതുക്കുന്ന, ജയില്‍ കവാടത്തിലെ ചെറുവാതില്‍. അതിനു മുന്നില്‍ ജോസൂട്ടി ഒരുനിമിഷം നിന്നു. ഉള്ളില്‍ പച്ച ഇറച്ചി കണ്ട അറവുകത്തിയുടെ ആര്‍ത്തി. മാര്‍ട്ടിനെ പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലിലേക്കാണ് കാലെടുത്തു വെക്കാന്‍ പോകുന്നത്. ജോസൂട്ടിയുടെ ഒട്ടിയ കവിളുകളെ...
Your Subscription Supports Independent Journalism
View Plansഏതൊരാളിന്റെയും തലപ്പൊക്കം നാലടിയിലേക്ക് മെരുക്കിയൊതുക്കുന്ന, ജയില്‍ കവാടത്തിലെ ചെറുവാതില്‍. അതിനു മുന്നില്‍ ജോസൂട്ടി ഒരുനിമിഷം നിന്നു. ഉള്ളില്‍ പച്ച ഇറച്ചി കണ്ട അറവുകത്തിയുടെ ആര്‍ത്തി. മാര്‍ട്ടിനെ പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലിലേക്കാണ് കാലെടുത്തു വെക്കാന്‍ പോകുന്നത്. ജോസൂട്ടിയുടെ ഒട്ടിയ കവിളുകളെ നികത്തി ചുണ്ടില്‍ ഒരു ചിരി വലിഞ്ഞു. കൂര്‍ത്ത താടിരോമങ്ങള്‍ പന്നിമുള്ളുപോലെ എഴുന്നു.
തല ആവോളം കുമ്പിട്ട് ജോസൂട്ടി ജയിലിന് അകത്തേക്ക് കയറി. കുമ്മായംകൊണ്ട് അതിരിട്ട ഗോദയിലേക്ക് പ്രവേശിക്കുംപോലെ.
കവാടത്തോട് ചേര്‍ന്ന് ഇപ്പുറവും അപ്പുറവും ജയില്‍ ഉദ്യോഗസ്ഥര്‍ മേശയും കസേരയുമിട്ട് ഇരിപ്പുണ്ടായിരുന്നു. സബ്ജയിലില്‍നിന്ന് ജോസൂട്ടിക്ക് ഒപ്പം വന്ന ഉദ്യോഗസ്ഥരാണ് ഇവരോടെല്ലാം സംസാരിച്ചത്. കോടതിരേഖകളും സബ്ജയിലിലെ ഓര്‍ഡറും കവാടത്തിന് അപ്പുറമിരുന്നയാളെ കാണിച്ചു. രജിസ്റ്ററില്‍ രണ്ടിടത്ത് ജോസൂട്ടി ഒപ്പിട്ടു.
ഉദ്യോഗസ്ഥരുടെ പരിശോധന നീണ്ടപ്പോള്‍ ജോസൂട്ടി സെൻട്രൽ ജയിലിന്റെ പരിസരമാകെ വിസ്തരിച്ച് നോക്കി. കവാടത്തില്‍നിന്ന് മുന്നോട്ടുള്ള ഭാഗം ഒരു നടപ്പാതപോലെ ചുവന്ന ടൈൽ വിരിച്ചിട്ടുണ്ട്. അത് ചെന്നുമുട്ടുന്നത് ക്ലോക്ക് ടവറിലാണ്. ചുവന്ന പെയിന്റടിച്ച വൃത്തസ്തൂപമാണ് ക്ലോക്ക് ടവര്‍. ജീവിതങ്ങളുടെ ചുടലപ്പറമ്പിന് നടുവില്‍ നാട്ടിയ ശിവലിംഗംപോലെ.
കവാടത്തിന് ഇടതുവശത്തേക്ക് ഇറക്കമാണ്. അവിടത്തെ പഴയ കെട്ടിടങ്ങള്‍ക്കെല്ലാം ഇപ്പോഴും ചുവന്ന നിറമാണ്. വലതുവശത്താണ് പുതിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. ഇതിനിടെ രണ്ട് തടവുപുള്ളികള്‍ തോളത്തുവെച്ച കൂറ്റന്‍ കമ്പില്‍ ഭക്ഷണപാത്രങ്ങള്‍ തൂക്കിയിട്ട് നടന്നുപോയി. മുക്കാല്‍ മുണ്ടും ഷര്‍ട്ടുമായിരുന്നു അവരുടെ വേഷം. ഷര്‍ട്ടിന്റെ വലതുവശത്ത് നീലനിറത്തില്‍ നാലക്കം ചുട്ടികുത്തിയിരുന്നു. മുന്നിലൂടെ നടന്നുപോയവരുടെ മുഖത്തേക്ക് ജോസൂട്ടി തുളച്ചുനോക്കി. പക്ഷേ, തനിക്കുവേണ്ട ആ മുഖം മാത്രം കണ്ടില്ല. എങ്കിലും ഈ ജയിലിന്റെ ഏതോ അറയില്‍ മാര്ട്ടിനുണ്ടെന്ന ബോധ്യം ജോസൂട്ടിയെ ഉന്മത്തനാക്കി.
അവിടെനിന്ന് ജയില്‍ സൂപ്രണ്ടിന്റെ മുറിയിലേക്കാണ് ജോസൂട്ടിയെ കൊണ്ടുപോയത്. സര്‍ക്കാര്‍ ഓഫീസെന്ന് തോന്നാത്തവിധം അടുക്കും ചിട്ടയുമുള്ള എ.സി ഘടിപ്പിച്ച മുറി. പുതുക്കിപ്പണിത ക്ഷേത്രത്തിലെ മെഴുക്കു പിടിച്ച വിഗ്രഹംപോലെയായിരുന്നു സൂപ്രണ്ട്. വിരമിക്കാറായിട്ടും മുഖത്ത് അര്ശസ്സുകാരന്റെ ശുണ്ഠി.
"ജോസൂട്ടി, ഏതുനേരവും നിന്റെ മേല്‍ ഞങ്ങടെയൊരു കണ്ണുണ്ടാകും. എന്തേലും തലവഴിത്തരം കാണിക്കാനാണേ തല്ലിക്കൊന്ന് കുഴിച്ചുമൂടീട്ട്, ജയില്‍ ബ്രേക്കിന് ഒരു കേസുമങ്ങെടുക്കും. ഒരു പട്ടിക്കുഞ്ഞും ചോദിക്കില്ല.'' സംസാരം ഒരുനിമിഷം നിര്‍ത്തി പ്രായത്തിന്റെ അണപ്പോടെ സൂപ്രണ്ട് തുടര്‍ന്നു: "ആ മാര്ട്ടിന് നിന്റെ മോളോട് കാണിച്ചത് അങ്ങേയറ്റത്തെ പോക്രിത്തരമാണ്. പക്ഷേ, അതിനെക്കാള്‍ വല്യ തന്തയില്ലായ്കയാണ് നീ ചെയ്തതെ. മാര്‍ട്ടിനോടുള്ള പ്രതികാരം വീട്ടാന്‍ അവന്റെ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി. നീ കൊന്ന് തള്ളിയത് ഒന്നുമറിയാത്ത, ഒരു തെറ്റും ചെയ്യാത്ത ഒരു പെണ്ണിനെയാ. തീര്‍ന്നു. അതവിടെ തീര്‍ന്നു. ഇവിടെ മാര്ട്ടിനൊണ്ടെന്ന് വിചാരിച്ച് എന്തേലും പ്ലാനും പദ്ധതിയുമുണ്ടെങ്കി അത് നാലായി മടക്കി പോക്കറ്റി വെച്ചോണം. മനസ്സിലായല്ലോ…"
ജോസൂട്ടി ഒന്നും മിണ്ടിയില്ല. മുറിവിട്ടിറങ്ങും മുമ്പ് മേശപ്പുറത്തിരുന്ന നെയിംബോര്‍ഡ് വായിച്ചു. എ.എ. അസീസ്, ജയില്‍ സൂപ്രണ്ട്.
എട്ടുപേരുള്ള ഒരു സെല്ലിലാണ് ജോസൂട്ടിയെ കൊണ്ടു ചെന്നാക്കിയത്. എല്ലാവര്ക്കും ജോസൂട്ടിയെ നേരത്തേ അറിയാമായിരുന്നു. പത്രങ്ങളിലൂടെയും ടെലിവിഷന്‍ വാര്‍ത്തകളിലൂടെയും പരിചിതമായ മുഖം. പേക്ഷ, നേരിട്ട് കണ്ടപ്പോള്‍ എല്ലാവരും സ്തബ്ധരായി. ഒരാളെ കൊന്ന് കെട്ടിത്തൂക്കാനുള്ള പാങ്ങുണ്ടോയെന്ന് സംശയം തോന്നുംവിധം മെലിഞ്ഞ ശരീരം. മുള്ളുവേലി കൂമ്പാരംപോലെ എഴുന്നുനില്ക്കുന്ന താടിയും മീശയും. ഒട്ടിയ കവിളുകള്‍ക്ക് മുകളില്‍, പക രാകിയ വെള്ളിത്തിളക്കമുള്ള കണ്ണുകള്‍. സൂക്ഷിച്ച് നോക്കിയാല്‍ കണ്ണുകളില്‍നിന്ന് ആസിഡ് പുകയുന്നതായി തോന്നും.
ജോസൂട്ടി എത്തി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍തന്നെ സെല്ലിനുള്ളില്‍ തര്‍ക്കം തുടങ്ങി. സ്വന്തം മകളെ മാര്ട്ടിന് പീഡിപ്പിച്ചതിന് അയാളുടെ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കാമോ? ചേരിതിരിഞ്ഞുള്ള തര്‍ക്കത്തില്‍ ജോസൂട്ടി ഇടപെട്ടില്ല. സ്വയം ന്യായീകരിച്ചില്ല. ഈ ബഹളത്തില്‍നിന്ന് ഊര്‍ന്നുവന്ന രണ്ടു പേർ ജോസൂട്ടിയോട് വിശദമായി പരിചയപ്പെട്ടു. കാക്കാരശ്ശി ഗോപിയും അനീഷും.
പത്തനംതിട്ടയില്‍ പ്രചാരത്തിലുള്ള കാക്കാരശ്ശി നാടകവേദികളിലെ സ്ഥിരം നടനായിരുന്നു ഗോപി. ഒരു രാത്രി നാടകം കഴിഞ്ഞ് അമ്പലപ്പറമ്പില്‍ വാറ്റ് കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂടെയുള്ള നടനെ കുത്തിക്കൊന്നതിനാണ് അകത്തായത്. നിസ്സാര വാക്കു തര്‍ക്കമായിരുന്നു. പക്ഷേ ചാരായത്തിന്റെ എരിച്ചിലില്‍, വാരിയെല്ലുകള്‍ക്ക് ഇടയിലേക്ക് കത്തി കുത്തിക്കയറ്റി കരള്‍ തുരന്നെടുത്തു. ശിക്ഷ തീരാന്‍ ഇനി അഞ്ച് വര്‍ഷം കൂടിയുണ്ട്. സെല്ലിലെ എല്ലാവരും മാനിക്കുന്ന, കാരണവസ്ഥാനമുള്ളയാളാണ് ഗോപിയെന്ന് ജോസൂട്ടിക്ക് മനസ്സിലായി.
മുപ്പത് വയസ്സ് പിന്നിടാത്ത യുവകവിയായിരുന്നു അനീഷ്. ജയിലിലെത്തിയത് എങ്ങനെയെന്ന് ചുരുങ്ങിയ വാക്കുകളില്‍ നാടകീയമായി അനീഷ് വിവരിച്ചു. മറ്റൊരു എഴുത്തുകാരനൊപ്പം പോയതിനാണ് കാമുകിയെ കഴുത്തുഞെരിച്ചു കൊന്നത്. മാംസമടക്കുകളുള്ള അവളുടെ കഴുത്ത് ഇടതുകൈകൊണ്ട് ഞെരിച്ചും മൂക്കും വായും വലതുകൈ കൊണ്ട് അമര്‍ത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ച് കൊന്നു. അവള് ജീവശ്വാസം കിട്ടാതെ പിടഞ്ഞു തീരുന്നത് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നോക്കിനിന്നു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ അവളുടെ തുറിച്ച കണ്ണുകള്‍ക്ക് മുകളിലേക്ക് കീഴ്ത്താടി കൊണ്ടുവന്ന് വെച്ചു. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീര് അവളുടെ കണ്ണിലേക്ക് ഇറ്റിച്ചു. അവളുടെ കണ്ണില്‍ രണ്ട് കണ്ണീരുകള്‍ ഭേദമില്ലാതെ ലയിച്ചു. പിന്നെ അവളുടെ ചുണ്ടുകള്‍ ഇറുമ്പിയെടുത്ത് ചുംബിച്ചിട്ട് അമര്‍ത്തി കടിച്ചു. പ്രണയദംശനങ്ങള് അവള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.
അന്ന് രാത്രി ജോസൂട്ടിക്ക് ഒരു കാര്യം മനസ്സിലായി. ഈ ലോകത്തിന്റെ മനസ്സ് ജയിലുകളാണ്. പുറംലോകത്ത് കാണുന്നത്, പൗഡറും കുപ്പായവുമിട്ട ശരീരങ്ങള്‍ മാത്രമാണ്. സ്ഥിരമായി പള്ളിയില്‍ കേള്‍ക്കുന്ന ഒരു ദൈവവചനത്തെ ജോസൂട്ടി ഉള്ളാല്‍ തിരുത്തി. ഈ ലോകത്തെയെല്ലാം അറിഞ്ഞിട്ടും മനസ്സുകളെ അറിഞ്ഞില്ലെങ്കില്‍ എന്ത് പ്രയോജനം.
പുലര്‍ച്ചെ അഞ്ച് അമ്പതിന് ജയിലിലെ ആദ്യ ബെല്ലടിക്കും. മാലിന്യം മഞ്ഞിച്ച കക്കൂസില്‍ കൃത്യം ആറിന് ദിനക്രമം തുടങ്ങണം. ക്ലോസറ്റില്‍ തലമുറകള്‍ പഴക്കമുള്ള, തീട്ടത്തിന്റെ വഴിപ്പാടുകളാണ്. എല്ലാ വൃത്തിയാകലും അങ്ങേയറ്റത്തെ വൃത്തികേടില്‍ കാലുറപ്പിച്ച് വേണം.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ജോസൂട്ടിക്ക് ഒരേ ദിനക്രമമായിരുന്നു. അതിരാവിലെ നാലുമണിക്ക് സെന്റ് ജോസഫ് പള്ളിവക റബര്‍ത്തോട്ടത്തില്‍ എത്തണം. അമ്മക്ക് പിന്നാലെ അപ്പനും കല്ലറയിലായപ്പോള് പള്ളിക്കാര് ഏര്‍പ്പാടാക്കി കൊടുത്ത സൗജന്യമാണ് ഈ ടാപ്പിങ് ജോലി. അഞ്ചരയോടെ റബര്‍ വെട്ടിക്കഴിയും. സൈക്കിളില്‍ തിരികെ വീട്ടിലെത്തി മകള്‍ ആനിയെ എഴുന്നേൽപിക്കണം. ആനിമോളേന്ന് നൂറുവട്ടം കുത്തി വിളിച്ചാലാണ് എഴുന്നേറ്റ് വരുക. രാവിലത്തേക്കുള്ളത് കഴിപ്പിച്ച് പൊതിയും കെട്ടി കൊടുത്തിട്ട് വേണം, റബറിന്റെ പാലെടുക്കാന്‍ പോകാന്‍. ആനി പ്ലസ് ടു ആയിട്ടും ഓരോന്നിനും അപ്പായീ എന്ന് വിളിച്ച് പിന്നാലെ നടക്കും. ആനിയെ പ്രസവിക്കുന്നതിനിടെ ചോര വാര്‍ന്നാണ് റോസി മരിച്ചത്. ആശുപത്രിക്കാരുടെ പിഴവായിരുന്നു. മാസമുറ വന്ന് അടിവയര്‍ പൊത്തിപ്പിടിച്ച് അട്ടപോലെ ചുരുണ്ടു കിടന്ന് ആനി കരയുന്ന ദിവസങ്ങളില്‍, റോസിയെ ഓര്‍ത്ത് ജോസൂട്ടിയുടെ നെഞ്ച് വിങ്ങും. മാസമുറ വന്നാല്‍ പാഡ് മാത്രം പോരെന്ന് ജോസൂട്ടിക്ക് അറിയാം. റോസിക്കും അങ്ങനെയായിരുന്നു. കടച്ചില് മൂത്ത കാല് തടവിയും നടുവ് തിരുമ്മിയും കൂടെ നില്‍ക്കണം. എങ്കിലും റോസിയുടെ ഒഴിവിടം ആ വീട്ടില്‍ ഒരിടത്തും കാണാനാകാത്ത വിധം ജോസൂട്ടി ഓടിനടന്നു.
സെന്‍ട്രല്‍ ജയിലിലായതിന്റെ പിറ്റേന്ന് രാവിലെതന്നെ അസിസ്റ്റന്റ് സൂപ്രണ്ട് രവികുമാര്‍ ജോസൂട്ടിയെ റൂമിലേക്ക് വിളിപ്പിച്ചു. സൂപ്രണ്ടിന് നേര് വിപരീതമായിരുന്നു രവികുമാറിന്റെ പെരുമാറ്റം. സൗമ്യനായ ചെറുപ്പക്കാരന്. വിചാരണ തടവുകാരനായതുകൊണ്ട് ഫുഡ് ഫാക്ടറിയിലോ ടെയ്ലറിങ് യൂനിറ്റിലോ ജോലി ചെയ്യേണ്ടെന്ന് പറഞ്ഞു. പകരം ഗാര്‍ഡനിങ്ങില്‍ ഗോപിയെ സഹായിക്കണം. ജയിലുകള്‍ കുറ്റവാളിയെ സൃഷ്ടിക്കാനോ കുറ്റകൃത്യം ആവര്‍ത്തിക്കാനോ ഉള്ള സ്ഥലമല്ലെന്ന് ഉപദേശിച്ചു. രവികുമാറിന്റെ വാക്കുകളുടെ ഉള്ളിലിരുപ്പ് ജോസൂട്ടിക്ക് മനസ്സിലായി. ജോസൂട്ടി അതിന് മറുപടിയൊന്നും കൊടുത്തില്ല. മാറിയുടുക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ വിചാരണ തടവുകാരനാണെങ്കിലും ജയില്‍ വസ്ത്രം സ്റ്റോറില്‍നിന്ന് നൽകാനുള്ള ഏര്‍പ്പാട് ചെയ്തു. അങ്ങനെ ജോസൂട്ടിക്കും കിട്ടി മുക്കാല്‍ മുണ്ടും ഷര്‍ട്ടും. ആ ഷര്‍ട്ടിലെ നമ്പര്‍ 4042 എന്നതായിരുന്നു.
ക്ലോക്ക് ടവറിന് തൊട്ടുപിറകിലായി ഇടതുവശത്ത് സി ബ്ലോക്കും വലതു വശത്ത് ഡി ബ്ലോക്കുമാണ്. രണ്ടും ചുവന്ന പെയിന്റടിച്ച ഓടിട്ട പഴയ കെട്ടിടങ്ങള്‍. അവിടെ വളര്‍ത്തുപുല്ല് കട്ട് ചെയ്യുന്നതിനിടെയാണ് ഇടമതിലിലെ പെയിന്റിങ്ങുകള്‍ ജോസൂട്ടി ശ്രദ്ധിച്ചത്. ആ ചിത്രങ്ങള്‍ക്കൊക്കെ താഴെ ജെയ്മോന് എന്നെഴുതിയിരുന്നു. അതൊക്കെ ഒരു മുന്‍തടവുകാരന്‍ വരച്ച ചിത്രങ്ങളാണെന്ന് ഗോപി പറഞ്ഞു. ജയില്‍ വിട്ട് അധികം വൈകാതെ ഹൃദയം സ്തംഭിച്ച് മരിച്ചു. മരിക്കുമ്പോള്‍ 42 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ആ പെയിന്റിങ്ങുകൾ ഒന്നൊന്നായി അത്ഭുതത്തോടെ നോക്കി ജോസൂട്ടി സാവധാനം നടന്നു. അതിൽ ഓന്തിന്റെയും കടല്യാനത്തിന്റെയും ചിത്രങ്ങള്‍ക്ക് നടുവിലുള്ള പെയിന്റിങ്ങില്‍ അയാള്‍ തറച്ചു നിന്നു. ഒരു പെണ്‍കുട്ടിയുടെ വശം ചരിഞ്ഞുള്ള മുഖവും ചുറ്റും കടല്പ്പൂക്കളുടെ ഇതളുകളും. സ്വപ്നങ്ങളില്‍ കണ്ണ് പൂട്ടിയ കൗമാരക്കാരി. ആ ചിത്രത്തില്‍ നോക്കിനില്‍ക്കെ ജോസൂട്ടിയുടെ മനസ്സ് വഴുതിയത് ആനിയിലേക്കാണ്. ആ ചിത്രത്തിലെ പെണ്‍കുട്ടിക്ക് ആനിയുടെ ഛായയുണ്ടായിരുന്നു.
മാര്‍ട്ടിന്റെ ഭാര്യ ഡാലിയയുടെ, ഫാനിന്റെ ഹുക്കില്‍ തൂങ്ങിയാടുന്ന മൃതദേഹത്തിന് ചോട്ടിലിരുന്നാണ് അവിടത്തെ തന്നെ ലാൻഡ്ഫോണില്നിന്ന് ജോസൂട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. അപ്പോഴും ഡാലിയയുടെ മൃതദേഹം ചെറുതായി ആടുന്നുണ്ടായിരുന്നു. നിലയ്ക്കാന്‍ പോകുന്നൊരു ക്ലോക്കിന്റെ പെന്‍ഡുലം പോലെ. വലിഞ്ഞുനില്ക്കുന്ന കയറില്‍ തട്ടി ഫാനിന്റെ പങ്ക വലത്തോട്ടും ഡാലിയയുടെ തല ഇടത്തോട്ടും ചരിഞ്ഞിരുന്നു. അവിടത്തെ ലാൻഡ്ഫോണില്നിന്ന് ജോസൂട്ടി വിളിച്ച രണ്ടാമത്തെ കോള്‍ സെന്റ് ജോസഫ് പള്ളിയിലെ ഫ്രാന്‍സിസ് അച്ചനെയായിരുന്നു. ആനിയെ നോക്കിക്കോളണേ എന്ന് പറയാന്‍. പള്ളിവക കോണ്‍വെന്റില്‍ കൊണ്ടുചെന്നാക്കി അമല സിസ്റ്ററെ ഏൽപിക്കാമെന്ന് ഫ്രാന്‍സിസച്ചന്‍ സമ്മതിച്ചു. അമല സിസ്റ്ററിനെ ജോസൂട്ടിക്ക് വിശ്വാസമാണ്. ആനിയെ കാണുമ്പോഴൊക്കെ ഒരു അമ്മയായി സ്വയമറിയാതെ അവര്‍ മാറുന്നത് ജോസൂട്ടി ശ്രദ്ധിച്ചിട്ടുണ്ട്.
ജയിലിലെ മെയിന്‍ ഗേറ്റിന്റെ വലതുവശത്താണ് പുതിയ ബ്ലോക്കുകള്‍. അതിനോട് ചേര്‍ന്നാണ് മോഡുലാര്‍ കിച്ചണ്‍. ഫ്രീഡം കഫറ്റീരിയക്ക് ചപ്പാത്തി ഉണ്ടാക്കുന്ന മെഷീനൊക്കെ ഈ കിച്ചണ്‍ യൂനിറ്റിലാണ്. പുതിയ ബ്ലോക്കില്‍ പൂന്തോട്ടമൊരുക്കി കൈയില്‍ കൈക്കോട്ടുമായി ജോസൂട്ടിയും ഗോപിയും മടങ്ങുമ്പോള്‍ കിച്ചണില്‍നിന്ന് ഇറങ്ങിവരുന്നു, മാര്ട്ടിന്. ജയിലിനകത്ത് വെച്ചുള്ള ജോസൂട്ടിയുടെയും മാര്‍ട്ടിന്റെയും ആദ്യ മുഖാമുഖം. മാസങ്ങള്‍ക്കുശേഷം ആദ്യമായി നേര്‍ക്കുനേര്‍ കണ്ടപ്പോള്‍ ഇരുവരും സ്തംഭിച്ച് നിന്നു. ഗോപിയും പകച്ചു. ജോസൂട്ടി മാര്‍ട്ടിനെ അടിമുടി നോക്കി. മൃഗത്തിന്റെ അടുത്തെത്തിയ അസ്ത്രത്തിന്റെ മൂര്‍ച്ചയായിരുന്നു ആ നോട്ടത്തിന്.
സെന്റ് ജോസഫ്സ് സ്കൂളില്‍വെച്ച് കാണുമ്പോഴുള്ള വിഗ് തലയില്‍ ഉണ്ടായിരുന്നില്ല. കഷണ്ടിയില്‍ കളപോലെ വിയര്‍പ്പുതുള്ളികള്‍ കിളിര്‍ത്തു നിന്നു. ജോസൂട്ടിയുടെ നോട്ടത്തിന്റെ ഉന്നം അറിഞ്ഞപ്പോള്‍ മാര്ട്ടിന് ഇടതുകൈകൊണ്ട് കഷണ്ടിത്തല മറയ്ക്കാന്‍ നോക്കി. അയാളുടെ മൊത്തം ശരീരത്തിന്റെയും നഗ്നത കഷണ്ടിയിലാണെന്ന പോലെ. മാര്ട്ടിന് വെള്ളക്കണ്ണുകളായിരുന്നു. കൃഷ്ണമണിക്ക് പോലും ഇളം ചാരനിറം മാത്രം. നടുവിലൊരു കറുത്ത പൊട്ടും. മഴക്കൂണിന്റെ മേല്ക്കുടപോലെ രണ്ട് കണ്ണുകള്‍. മാര്‍ട്ടിന്റെ അരയിലേക്ക് ജോസൂട്ടി നോക്കി. മുക്കാല്‍ മുണ്ടിനകത്ത് കാലുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന മാംസമലത്തെ മനസ്സാല്‍ കണ്ടു. വിസർജനാവയവമായും വിസര്‍ജ്യമായും പകര്‍ന്നാടുന്ന കുറ്റവാളിപ്പേശികള്. ജോസൂട്ടിയുടെ കൈപിടി കൈക്കോട്ടില്‍ മുറുകി. ശരീരം ത്രസിച്ചു.
പെട്ടെന്ന് ഗോപി തോളില്‍ പിടിച്ച് അമര്‍ത്തി ജോസൂട്ടിയെ മുന്നോട്ട് തള്ളി. നോട്ടം പറിച്ചെടുത്ത് ജോസൂട്ടി നടന്നു. അപ്പോഴും മരവിപ്പ് മാറാതെ മാര്ട്ടിന് അവിടെതന്നെ നിന്നു. അയാൾ കിതച്ചു.
രാത്രി സെല്ലിന്റെ ഒരു മൂലയില്‍ അവര്‍ മൂന്നുപേരും ചേര്‍ന്നിരുന്നു. ജോസൂട്ടി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന പകപ്പ് ഗോപിക്കും അനീഷിനും ഉണ്ടായിരുന്നു. അവര്‍ സംസാരിച്ചതും മാര്‍ട്ടിനെ കുറിച്ചാണ്.
"കൊച്ചുപിള്ളാരെ പീഡിപ്പിച്ചിട്ട് വരുന്നവരെ ക്വാട്ട വെച്ച് തല്ലുന്ന ഒരു ഗ്യാങ് ഇതിനകത്തുണ്ട്. സഖാവ് സുമേഷിന്റെ ഗ്യാങ്. തല്ലുകൊണ്ട് തൂറിക്കിടന്നാലും ആരും ചോദിക്കത്തില്ല. എന്തിന് അസീസ് സാറ് പോലും. അങ്ങനെ തല്ലുകൊണ്ട് ചാകുമെന്നായപ്പോ മാര്‍ട്ടിനെ സിംഗിള്‍ സെല്ലിലേക്ക് മാറ്റി. ഗേറ്റിനവിടെനിന്ന് താഴേക്കുള്ള ഇറക്കം ആ സെല്ലുകളിലേക്കാ. അവിടേക്ക് നമ്മളെയൊന്നും വിടില്ല." അനീഷ് പറഞ്ഞു.
"അങ്ങനല്ല" ഗോപിച്ചേട്ടന് എതിര്‍ത്തു. "ഇവിടെ വന്നിട്ട് അവന്റെ ഒരു ജാതി പെരുമാറ്റമാരുന്നു. ആരോടും ഒന്നും മിണ്ടാതെ തലയും പൊത്തിയിരിക്കും. ഏത് പോലീസുകാരെ കണ്ടാലും വിഗ് ചോദിക്കും."
അനീഷ് ഇടപെട്ടു. "അതൊക്കെ മാര്‍ട്ടിന്റെ നമ്പരല്ലിയോ. രവികുമാര്‍ സാറ് അത് അപ്പോഴേ പറഞ്ഞില്ലേ. ബാലപീഡന കേസില്‍ പ്രതിയായാ, ഊരിപ്പോവാനായിട്ട് എല്ലാവരും കാണിക്കുന്നതാ ഈ സൈക്കോ കളി…"
"പക്ഷേ അവന്റെ പെണ്ണുമ്പിള്ളേ നീ കൊന്ന് മച്ചിന്മേല് കെട്ടിത്തൂക്കിയെന്ന് അറിഞ്ഞിട്ടും അവനൊരു പതറിച്ചേം ഉണ്ടായില്ല. മജിസ്ട്രേറ്റിന്റെ ഓര്‍ഡറ് വാങ്ങി അവനെ കൊണ്ടുപോയി ബോഡി കാണിച്ചിട്ട് തിരിച്ച് കൊണ്ടുവന്നു. എന്നിട്ടും ഒരു കുലുക്കവുമില്ല. എന്ത് ജാതി മനുഷ്യനാണോ? ഇവനൊക്കെ എന്തിന്റെ കുത്തിക്കഴപ്പാണോ?" ഗോപി ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.
അരബീഡി കത്തിച്ച് രണ്ടു പുകയെടുത്തിട്ട് അനീഷ് ഒരു കവിയെപ്പോലെ സംസാരിച്ചു. "പുരുഷന്റെ കുത്തിക്കഴപ്പെന്ന് പറഞ്ഞാ അങ്ങനാ. ഓരോ പുരുഷന്റെയും ആന്തരിക ജീവിതം അവന്റെ തന്നെ ലിംഗത്തോടുള്ള മല്പ്പിടുത്തമാ. ഒരു പെരുംതലയും അതില്‍ വിഷം ചീറ്റാനുള്ള ഒരു വായും മാത്രമുള്ള കരിനാഗമാണ് ലിംഗം. ചിലര്‍ ആ കരിനാഗത്തെ പത്തിക്കടിച്ച് തോൽപിക്കാന് നോക്കും. ഗാന്ധിജിയെയും ശ്രീനാരായണ ഗുരുവിനെയുംപോലെ. ചിലര്‍ ലിംഗത്തിന്റെ മണ്ടയെ സ്വന്തം തലമണ്ടയാക്കി, അവയവത്തിന്റെ അടിമയായി ജീവിക്കും. അവര്‍ക്ക് താന്‍ ചെയ്യുന്നതിന്റെ ശരിതെറ്റൊന്നും പ്രശ്നമല്ല. എല്ലാം സ്വന്തം ലിംഗത്തിന്റെ ആജ്ഞകളാണ്. ഇനി മറ്റ് ചിലരെയാകട്ടെ സ്വന്തം ലിംഗം തന്നെ തോൽപിച്ച് കളയും. എന്റെ… അവള്… എന്നെ വിട്ട് ആ സലീമിന്റെ കൂടെ പോയത് എന്റെ ലിംഗത്തിന്റെ ശേഷിക്കുറവുംകൊണ്ടല്ലേ…"
അനീഷ് സ്വരംതാഴ്ത്തി നിര്‍ത്തിയപ്പോള്‍ ജോസൂട്ടി അല്പം ക്ഷോഭത്തോടെ പറഞ്ഞു: "എന്ത് ലിംഗം. കാപ്പിച്ചോട്ടിലോ കുളിമുറിയിലോ പോയിരുന്ന് പത്ത് പിടിപിടിച്ചാ ചൊക്കി പോകുന്നതല്ലേ ഈ സാധനം. അതിനാണ്…" ജോസൂട്ടി നിരങ്ങി ഗോപിക്ക് നേര്‍ക്കിരുന്നു. "എന്റെ മോളെയൊന്ന് ചേര്‍ത്തുപിടിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഒരു മുറിവിനെ തൊടുംപോലെ ഉള്ള് കാളും. ആ നീചന് വിരലിട്ട് കുത്തിക്കീറിയ മുറിവ്. എന്റെ മോളാ… എനിക്കീ ജീവിതത്തി ആകെയൊള്ളതാ… ഗോപിച്ചേട്ടാ പിന്നെ ഞാനെന്ത് ചെയ്യണം ആ കെടുതിയുടെ കുടുംബത്തോട്?"
സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 'ഡ്രാക്കുള' എന്നാണ് മാര്ട്ടിന് അറിയപ്പെട്ടത്. കെമിസ്ട്രി മാഷാണ്. കെമിസ്ട്രി ലാബിന്റെ വട്ടപ്പേരും ഡ്രാക്കുള കോട്ട എന്നാണ്. വെപ്പുമുടിയെന്ന് വേഗം തിരിച്ചറിയുന്ന ഒരു വിഗ് െവച്ചാണ് എപ്പോഴും നടത്തം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ ഉപദ്രവിക്കും. സോള്‍ട്ട് അനാലിസിസിന്റെ വര്‍ക്ക് ഷീറ്റുമായി ലാബില്‍ പോയി മാര്‍ട്ടിനെ കാണണം. അതില്‍ അയാള്‍ എന്തെങ്കിലും കുറ്റം കണ്ടെത്തും. വെള്ളക്കണ്ണുകള്‍ തുറിപ്പിച്ച് ചെവി പൊട്ടുന്ന തെറി വിളിക്കും. വര്‍ക്ക് ഷീറ്റ് ലാബിലെ സിങ്കിലേക്കിട്ട് കോണ്സണ്ട്രേറ്റഡ് എച്ച്.സി.എല്‍ ഒഴിക്കും. പേപ്പര്‍തന്നെ കത്തിപ്പോകും. ആണ്‍കുട്ടികളാണെങ്കില്‍ തുടയില്‍ പിടിച്ച് ഞെരുടും. പിന്നെ കൈ മുകളിലേക്ക് കയറ്റി ലിംഗവും വൃഷണവും ചേര്‍ത്ത് ഞെരുടും. വൃഷണത്തില്‍ പിടിച്ചമര്‍ത്തുമ്പോള്‍ ജീവന് പോകുന്ന വേദനയാണെങ്കിലും ആണ്‍കുട്ടികള്‍ വായ തുറന്നൊന്ന് കരയുക പോലുമില്ല. പേടിയാണ്. ഇന്റേണല്‍ അസസ്മെന്റ് ഒക്കെ ഉള്ളതുകൊണ്ട് ഒരു മാഷ് വിചാരിച്ചാല്‍ മതി ഒരു വര്‍ഷം തുലച്ചുകളയും.
മുണ്ടിനീര് വന്ന് ഒരാഴ്ച സ്കൂളില്‍ പോകാതിരുന്നതുകൊണ്ടാണ്, ആനിക്ക് പ്രാക്ടിക്കല്‍ പൂര്‍ത്തിയാക്കാന്‍ പറ്റാതിരുന്നത്. അത് ചോദിക്കാന്‍ മാര്ട്ടിന് ആനിയെ പ്രാക്ടിക്കല്‍ ലാബിലേക്ക് വിളിപ്പിച്ചു. ആനി ചെല്ലുമ്പോള്‍ ആസിഡ് ട്രേകള്‍ക്ക് നടുവില്‍ ടേബിളില്‍ ഒരു കാല് കയറ്റി വെച്ച് ഇരിക്കുകയായിരുന്നു മാര്ട്ടിന്. മറ്റേകാല് വിറപ്പിച്ചുകൊണ്ടിരുന്നു.
ആനിയുടെ കയ്യില്‍നിന്ന് റെക്കോഡ് ബുക്ക് വാങ്ങി നോക്കിയിട്ട് മാര്ട്ടിന് അലറി. "നിന്നോട് ഞാന്‍ പറഞ്ഞതല്ലേടി ഒറ്റയ്ക്ക് വന്ന് അസൈന്മെന്റ് കംപ്ലീറ്റ് ചെയ്യണമെന്ന്. എന്നെയങ്ങ് ഒലത്തിക്കളയാമെന്ന് വിചാരിച്ചോ നീ. കളിച്ചാ അടുത്തവര്‍ഷം പ്രൈവറ്റായി എഴുതി പ്ലസ് ടു പാസാവേണ്ടിവരും. മനസ്സിലായോ കുരിപ്പേ…"
മാര്ട്ടിന് ഇടതുകൈ കൊണ്ട് ആനിയുടെ വലതു കക്ഷത്തിന് താഴെ പിടിച്ച് ഞെരുടാന്‍ തുടങ്ങി. പിന്നെ കൈത്തണ്ടകൊണ്ട് ആനിയുടെ മാറിടത്തിന് മുകളിൽ അമർത്തി. പെട്ടെന്ന് ആനി ദേഹം വെട്ടിച്ച് കൈ വിടുവിച്ചു.
മാര്‍ട്ടിന്റെ വെള്ളക്കണ്ണുകള്‍ ദേഷ്യംകൊണ്ട് തുറിച്ചു. "ഓഹോ. എങ്കി ഈ റെക്കോഡ് ബുക്ക് നിനക്ക് തിരിച്ചു തരണോന്ന് ഞാനൊന്ന് ആലോചിക്കട്ടെ. ക്ലാസ് കഴിഞ്ഞ് എന്നെ സ്റ്റാഫ്റൂമില്‍ വന്ന് കാണ്…"
വൈകീട്ട് സ്റ്റാഫ്റൂമില്‍ ചെന്നിട്ടും മറ്റെല്ലാ അധ്യാപകരും പോയി കഴിഞ്ഞിട്ടാണ് ആനിയെ അകത്തേക്ക് വിളിപ്പിച്ചത്. ആനി വന്നപ്പോള്‍ മാര്ട്ടിന് കസേരയിലേക്ക് നിവര്‍ന്ന് ഞെളിഞ്ഞിരുന്നു. രണ്ട് കാലുകളും വിറപ്പിച്ചു. നിനക്ക് റെക്കോഡ് വേണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ച് അടുത്തേക്ക് ചേര്‍ത്തുനിര്‍ത്തി. എന്നിട്ട് സ്കേര്‍ട്ടിന് അടിയിലൂടെ കൈ മുകളിലേക്ക് കയറ്റി അടിവസ്ത്രം വകഞ്ഞുമാറ്റി മാംസത്തിലേക്ക് നടുവിരല്‍ കുത്തിക്കയറ്റി. വേദനയുടെ മിന്നല്‍പ്പിണരില്‍ ശരീരം പിളര്‍ന്ന് പോകുന്നതായി തോന്നി. ആനി വെട്ടിത്തിരിഞ്ഞ് ആന്‍സി എന്ന് വിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിയോടി.
എന്താണ് സംഭവിക്കുകയെന്ന ആധി ഉള്ളതുകൊണ്ട് ക്ലാസില്‍ ഒപ്പമുള്ള ആന്‍സിയെ കൂട്ടിയാണ് ആനി സ്റ്റാഫ് റൂമിലേക്ക് പോയത്. വടക്കേപുരയ്ക്കല്‍ കഞ്ചാവ് ജോണിയുടെ മകളാണ് ആന്‍സി. ഇരട്ടച്ചങ്കുള്ള പെണ്ണെന്നാണ് ആന്‍സിയെ എല്ലാവരും വിളിക്കുക. അവളാണ് ഡി.ഡി.ഇ ഓഫീസില്‍നിന്ന് അയച്ച കൗണ്‍സലേഴ്സിന് രേഖാമൂലം പരാതി കൊടുത്തത്. ആന്‍സിയുടെ അടുത്ത കൂട്ടുകാരി ആര്യയ്ക്കും ഇതേ അനുഭവം നേരിടേണ്ടി വന്നിരുന്നു.
ജോസൂട്ടി വിവരം അറിഞ്ഞ് എത്തിയപ്പോഴേക്കും പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ ആള്‍ക്കൂട്ടമായി കഴിഞ്ഞിരുന്നു. പ്രിന്സിപ്പാളില്നിന്ന് പൊന്മറ എസ്.ഐ പരാതി എഴുതിവാങ്ങി. പി.ടി.എ ഭാരവാഹികളെയും പോലീസുകാരെയും കൊണ്ട് പ്രിന്‍സിപ്പാളിന്റെ മുറി നിറഞ്ഞു. ഇവര്‍ക്കിടയില്‍ ഒരു വികടച്ചിരിയോടെയാണ് മാര്ട്ടിന് കൈ കെട്ടി നിന്നത്. അയാളുടെ വിഗിനകത്തുനിന്ന് വിയര്‍പ്പ് ഒഴുകിയിറങ്ങി.
ജോസൂട്ടി ആള്‍ക്കൂട്ടത്തെ വകഞ്ഞ് പ്രിൻസിപ്പാളിന് മുന്നിൽ ഇരിക്കുന്ന എസ്.ഐയുടെ അടുത്തെത്താന്‍ തിരക്കുകൂട്ടി. "സാറെ, എന്റെ മോളെ… എന്റെ മോളെയാ… ഈ നീചന്…"
എസ്.ഐ കസേരയില്‍നിന്ന് എഴുന്നേറ്റ് ഇറങ്ങാനായി തിടുക്കപ്പെട്ടു. ''കംപ്ലെയിന്റ് റിട്ടണായി വാങ്ങീട്ടുണ്ട്. ഇന്ന് കോര്‍ട്ട് ടൈം കഴിയും മുമ്പ് ഇവനെ പ്രസന്റ് ചെയ്ത് റിമാന്‍ഡ് ചെയ്യണം. സ്റ്റേറ്റ്മെന്റിന്റെ സമയത്ത് നിങ്ങളെ വിളിപ്പിക്കാം. അപ്പോ മോളെയും കൂട്ടി വന്നാ മതി."
രണ്ട് പോലീസുകാര്‍ ഇരു കൈകളിലും പിടിച്ച് മാര്‍ട്ടിനെ മുറിക്ക് പുറത്തേക്ക് ഇറക്കി. മാര്ട്ടിന് തൊട്ടുമുന്നിലെത്തിയപ്പോള്‍ ജോസൂട്ടി കാലില്‍ പൊങ്ങിച്ചാടി ഇടതുകരണം തീര്‍ത്ത് ആഞ്ഞടിച്ചു. പോലീസുകാരുടെ പിടിയില്‍നിന്നും തെറിച്ച് മാര്ട്ടിന് വരാന്തയിലേക്ക് കമിഴ്ന്നടിച്ച് വീണു. അയാളുടെ വിഗ് തെറിച്ചുപോയി. അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ ആഘാതത്തില്‍ നിലം തല്ലി വീണ മാര്ട്ടിന് തല പൊക്കി ജോസൂട്ടിയെ നോക്കി.
അപ്പോള്‍ ജോസൂട്ടി പ്രഖ്യാപിച്ചു. "തീര്‍ക്കുമെടാ. നിന്നേം നിന്റെ കുടുംബത്തെയും തീര്‍ക്കുമെടാ ഞാന്‍…"
നിലത്ത് കിടന്നുകൊണ്ടുതന്നെ മാര്ട്ടിന് രണ്ട് കൈകൊണ്ടും കഷണ്ടിത്തല പൊത്തിപ്പിടിച്ചു.
ആ രാത്രി ഗോപി ഉറങ്ങിയിട്ടും ജോസൂട്ടിയും അനീഷും ഉണര്‍ന്നിരുന്നു. അഴികളില്‍ പിടിച്ച് രാത്രിയെ നോക്കി അനീഷ് പലതും സംസാരിച്ചു. ഇടക്ക് ജോസൂട്ടിയെ സൗമ്യമായി എതിര്‍ത്തു. ''എത്ര ആലോചിച്ചിട്ടും ഡാലിയ എന്തിന് കൊല്ലപ്പെട്ടെന്ന് മനസ്സിലാകുന്നില്ല. മാര്‍ട്ടിന്റെ ഒരു കുറ്റകൃത്യത്തിലും അവള് പങ്കാളിയായിരുന്നില്ല. എന്നിട്ടും എല്ലാ ശിക്ഷകളിലും അവള്‍ക്ക് പങ്കാളിയാകേണ്ടി വന്നു. ജീവിതംകൊണ്ടും മരണംകൊണ്ടും. ഒരു പീഡോഫീലിക്കിന്റെ ഭാര്യയെന്ന നിലക്ക് അവര്‍ എങ്ങനെ ഒറ്റക്ക് സമൂഹത്തിനു മുന്നില്‍ പിടിച്ചുനിന്നിട്ടുണ്ടാകും. അതും അനാഥയായി കോണ്‍വെന്റില്‍ ജനിച്ചു വളര്‍ന്ന ഒരു സ്ത്രീ. മാര്ട്ടിന് അകത്തായശേഷം അവര്‍ എന്തുമാത്രം അവഹേളിക്കപ്പെട്ടിട്ടുണ്ടാകും. എങ്കിലും അതില്‍നിന്നുള്ള മുക്തിയല്ല മരണം. അവരുടെ ജീവന് എടുക്കാന്‍ ആര്‍ക്കാണ് അവകാശം? എന്താണ് അവകാശം?''
ജോസൂട്ടി ഒന്നും മിണ്ടിയില്ല. അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഒടുവില്‍ തന്റെ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി അനീഷ് ഉള്ളുപൊള്ളി പറഞ്ഞു: "ഈ ലോകത്ത് ഗോപിച്ചേട്ടന് മാത്രം അറിയാവുന്ന കാര്യങ്ങളാണ്. ഇത്രയും അടുത്ത സ്ഥിതിക്ക് ജോസൂട്ടി കൂടി അറിയണം. ഞാനിപ്പോള്‍ അനുഭവിക്കുന്ന ശിക്ഷയ്ക്കുള്ള കുറ്റം ഞാന്‍ ചെയ്തിട്ടില്ല. എന്റെ… അവളെ കൊന്നത് ഞാനല്ല. ആ സലീംതന്നെയാണ്. എന്റെ കവിതാ സമാഹാരം പബ്ലിഷ് ചെയ്ത കമ്പനിയിലെ കോപ്പി എഡിറ്ററായിരുന്നു അവള്. പക്ഷേ വര്‍ഷം പത്ത് പുസ്തകം വിറ്റുപോകാത്ത ഈ പൊട്ടക്കവി എവിടെ കിടക്കുന്നു. വര്‍ഷം പത്ത് പതിപ്പ് ഇറക്കിയ, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ സലീം എവിടെ കിടക്കുന്നു. അവള് ദിവസവും ഓരോരോ നിസ്സാര കാരണങ്ങള്‍ പറഞ്ഞ്, നിരന്തരം വഴക്കുണ്ടാക്കിയാണ് എന്നോട് പിരിഞ്ഞത്. ആ വഴക്കെല്ലാം അവള്‍ക്ക് പിരിഞ്ഞുപോകാന്‍ മാത്രമായിരുന്നു. പിരിഞ്ഞുപോകാനുള്ള അവളുടെ തിടുക്കമെല്ലാം സലീമില്‍ എത്താന്‍ മാത്രമായിരുന്നു. അവള്‍ക്ക് എത്രയും വേഗം വേര്‍പെട്ടുപോകാന്‍ ഞാന്‍ നിസ്സംഗനായൊന്ന് നിന്നാല്‍ മാത്രം മതി. ഒടുവില്‍ ഞാനങ്ങനെ നിന്നുകൊടുത്തു. അത് സംഭവിച്ചു. അവള് പോയി. സ്വയമൊരു ദുരന്തജീവിയായി വേഷമിട്ടാണ് സലീം അവളെ അടുപ്പിച്ചത്. കുടുംബത്തിലൊരാളെപ്പോലെ തനിക്കൊപ്പം നടത്തി. ഒടുവില്‍ അയാള്‍ക്ക് മടുത്തു തുടങ്ങി. അതോടെ അവളും സലീമും തമ്മില്‍ വലിയ പ്രശ്നങ്ങളായി. അങ്ങനെ ഒരു രാത്രി വഴക്കിനിടെ സലീം തന്നെ കഴുത്ത് ഞെരിച്ച് അവളെ ഇല്ലാതാക്കി കളഞ്ഞതാണ്. ഫോണില്‍ കിട്ടാതെ പരതി ചെന്നതാണെങ്കിലും ആ ഫ്ലാറ്റില്‍ അവസാനം എത്തിയത് ഞാനായിരുന്നു. മരിച്ച് കിടന്ന അവളുടെ ചുണ്ടിൽ കടിച്ച് ഉമ്മ കൊടുത്തതും ഞാനായിരുന്നു. കാരണം പ്രണയ ദംശനങ്ങള്‍ അവള്‍ക്ക് അത്ര ഇഷ്ടമായിരുന്നു. പിന്നെ ഡിജിറ്റല്‍ തെളിവുകളായി പിണങ്ങിയ സമയത്ത് ഞാന്‍ അയച്ച കുറേ മെസേജും ഉണ്ടായിരുന്നു. പോലീസിനോട് ഞാന്‍ നിഷേധിച്ചില്ല. സമ്മതിച്ചു. ഞാന്‍ തന്നെയാണ് കൊന്നതെന്ന്. അവളുടെ ജീവിതത്തിന്റെ ഉടമസ്ഥതയോ എനിക്ക് കിട്ടിയില്ല. അവളുടെ മരണത്തിന്റെ ഉടമസ്ഥതയെങ്കിലും എനിക്ക് വേണം. ഇത് പറഞ്ഞപ്പോള്‍ ഗോപിച്ചേട്ടന് ചോദിച്ചു, നീ ഭ്രാന്തനാണോ എന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ കവിയാണെന്ന്…"
അഴികളില്‍ പിടിച്ച് നിന്ന ജോസൂട്ടി പെട്ടെന്ന് അനീഷിനെ മുറുക്കി കെട്ടിപ്പിടിച്ചു. അതിലും അഗാധമായി എങ്ങനെ സ്നേഹം പ്രകടിപ്പിക്കണമെന്ന് ജോസൂട്ടിക്ക് അറിയില്ലായിരുന്നു.
ജയിലില്‍വെച്ച് ജോസൂട്ടിക്കും മാര്‍ട്ടിനും പലപ്പോഴും നേര്‍ക്കുനേര്‍ കാണേണ്ടി വന്നു. അപ്പോഴെല്ലാം കഴുകന്റെ കാല്‍നഖങ്ങളില്‍ കൊരുക്കപ്പെട്ട ഇരയെപ്പോലെ മാര്ട്ടിന് പേടിച്ചരണ്ടു. അയാള്‍ പതറുന്നതുകണ്ട് ജോസൂട്ടി ഉള്ളാല്‍ ഹരംകൊണ്ടു. അഭയകേന്ദ്രത്തില്‍നിന്ന് അന്തേവാസികള്‍ക്കെല്ലാം ഭക്ഷണം കൊണ്ടുവന്ന ദിവസം മെസ്സില്‍ മാര്ട്ടിന് എതിര്‍വശത്തുതന്നെ ജോസൂട്ടി ഇരുന്നു. ചോറ് വിരലുകള്‍ക്കിടയിലൂടെ ഞെവിടിക്കൊണ്ട് ജോസൂട്ടി അയാളെ തറപ്പിച്ച് നോക്കി. മൂര്‍ച്ചയുള്ള നോട്ടം. ഭക്ഷണം വിളമ്പുന്ന സുമേഷ് ചോദിച്ചു: "എന്താ ജോസൂട്ടി തിന്നുന്ന നോട്ടം? കൊതി മൊത്തം കണ്ണിലാണല്ലോ. ചോരക്കൊതി."
ജോസൂട്ടി പ്രതികാര ചിന്തയോടെ മാര്ട്ടിന് കേള്‍ക്കാന്‍ പാകത്തില്‍ ഉച്ചത്തിലാണ് മറുപടി പറഞ്ഞത്. ''ഞാന്‍ റബ്ബറുവെട്ടുകാരനാ. വെളുപ്പാംകാലത്ത് പോയി റബ്ബറ് വെട്ടും. അതുപോലെ ഒരു മനുഷ്യനെ കെട്ടിത്തൂക്കിയിട്ടിട്ട് കത്തികൊണ്ട് തൊലിയിങ്ങനെ ചീകിയെടുക്കണം. ഓരോ ദിവസവും ചീകുന്നതിന് താഴെ ചെരട്ട വെച്ച് ചോര എടുക്കണം. അത് ട്രേയിലൊഴിച്ചാ ആസിഡ് പോലും ചേര്‍ക്കാതെ ഉറഞ്ഞുകിട്ടും. പക്ഷേ ഷീറ്റായിട്ട് അടിച്ചെടുക്കാന്‍ പറ്റത്തില്ല."
ഇതും പറഞ്ഞ് ജോസൂട്ടി പൊട്ടിച്ചിരിച്ചപ്പോള്‍ കേട്ടിരുന്നവരെല്ലാം ചോറിറക്കാതെ തരിച്ചുപോയി. ഭയംകൊണ്ട് മാര്‍ട്ടിന്റെ ചോറ് നിറഞ്ഞ വായ തുറന്നു. അയാള്‍ ചാടിയെഴുന്നേറ്റ് മെസ്സില്‍നിന്ന് കുതറിയിറങ്ങി ഓടി.
അന്ന് രാത്രി അനീഷിനോട് ജോസൂട്ടി പറഞ്ഞു: "ഒരാളെ കൊല്ലുന്നതിനേക്കാള്‍ രസമെന്താണെന്ന് അറിയോ. അയാളുടെ കൃഷ്ണമണിക്ക് മോ ളിലോട്ട് കത്തിമുന മാറി മാറി വെച്ച് എണ്ണാന്‍ തുടങ്ങണം. ഒന്നുമുതല്‍ പത്തുവരെ. പത്താമത് വരുന്ന കണ്ണാണ് കത്തികൊണ്ട് ആദ്യം കുത്തിപ്പൊട്ടിക്കുക. ഇതും പറഞ്ഞ് എണ്ണാന്‍ തുടങ്ങിയാല്‍ ഒന്നുമുതല്‍ പത്തുവരെയുള്ള അക്കത്തിനിടെ അയാള്‍ കിടന്നൊരു പിടച്ചിലൊണ്ട്. അത് നോക്കി പതുക്കെപ്പതുക്കെ എണ്ണണം. ഓര്‍ക്കുമ്പോള്‍തന്നെ ഒരു ഹരമാ…"
ഇത്തരം വര്‍ത്തമാനം ജോസൂട്ടി പറയാന്‍ തുടങ്ങുമ്പോള്‍തന്നെ ഗോപി എഴുന്നേറ്റ് പോകും. അനീഷ് ത്രസിച്ചിരുന്ന് കേള്‍ക്കും.
ജയിലില്‍നിന്ന് ഫോണ്‍കാര്‍ഡ് തരും. അതില്‍ മൂന്ന് നമ്പര്‍ പ്രീകോഡ് ചെയ്യാം. ആഴ്ചയില്‍ ഒരിക്കല്‍ കാര്‍ഡ് ഉപയോഗിച്ച് ഈ മൂന്ന് നമ്പറിലേക്ക് ഫോണ്‍ ചെയ്യാം. വിചാരണ തടവുകാരനാണെങ്കിലും ജോസൂട്ടിക്ക് ഒരു കാര്‍ഡ് രവികുമാര്‍ തരപ്പെടുത്തി കൊടുത്തിരുന്നു.
സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള ബൂത്തില്‍ ഫോണ്‍ കാര്‍ഡുമായി ചെന്ന് ജോസൂട്ടി കോണ്‍വെന്റിലേക്ക് വിളിച്ചു. അമല സിസ്റ്റര്‍ ആണ് ഫോണ്‍ എടുത്തത്. ഫോണ്‍ ആനിക്ക് കൊടുക്കുന്നതിനിടെ നന്നായി സംസാരിക്കണമെന്ന് അമല സിസ്റ്റര്‍ ചട്ടംകെട്ടുന്നത് ജോസൂട്ടി കേട്ടു. പക്ഷേ, ആനി ഒന്നും സംസാരിച്ചില്ല. അപ്പാ എന്ന വിളി മാത്രം. പിന്നെ നിലയ്ക്കാതെ കരഞ്ഞു. ഏങ്ങിയേങ്ങി ശ്വാസംമുട്ടി. അതിനിടെ ചില വാചകങ്ങള്‍ മാത്രം ജോസൂട്ടിക്ക് തിരിഞ്ഞു. "ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ അപ്പായീ എന്റെ ജീവിതമിങ്ങനെ. അയാളല്ലേ… പിന്നെ ഞാനെങ്ങനാ ഒരു കാഴ്ചവസ്തുവാകുന്നെ… ഇങ്ങനെ ശിക്ഷിക്കപ്പെടാന്‍ എന്റെ തെറ്റ് എന്താ…"
''മോളെ കരയല്ലേ, സമാധാനപ്പെട്'' എന്ന് മാത്രം ജോസൂട്ടി പലവുരു പറഞ്ഞു. മറ്റെന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ജോസൂട്ടിക്കായില്ല. പെറ്റ് ചോരക്കുഞ്ഞായി കയ്യില്‍ കിട്ടിയതാണ്. അവിടെ നിന്നാണ് ഒറ്റക്ക് വളര്‍ത്തി വലുതാക്കിയത്. എന്നിട്ടും ഇങ്ങനെ പൊട്ടിക്കരയുമ്പോള്‍ ചേര്‍ത്തുപിടിച്ച് പറയാനൊരു ആശ്വാസവാക്ക് പോലും കിട്ടുന്നില്ല. ഒടുവില്‍ ഇത്രമാത്രം ജോസൂട്ടി പറഞ്ഞു: "മോള് വിഷമിക്കാതെ. അപ്പായി ഇതീന്നൊക്കെ ഊരി പെട്ടെന്നങ്ങ് വരും. മോള്‍ടെ അടുത്തേക്ക്…"
അയാൾ ഫോണ്‍ കട്ട് ചെയ്തിട്ടും ബൂത്തില്‍നിന്ന് ഇറങ്ങിയില്ല. വേറെ നമ്പറൊന്നും ഓപ്റ്റ് ചെയ്തില്ലെങ്കിലും അല്പനേരം കൂടി റിസീവര്‍ പിടിച്ചു നിന്നു. എന്നിട്ട് ഉച്ചത്തില്‍ റോസീ എന്ന് ഫോണിലൂടെ നിസ്സഹായമായി നീട്ടിവിളിച്ചു.
ഗോപിച്ചേട്ടനും ജോസൂട്ടിയും പണിതീര്‍ത്ത് വൈകീട്ട് അല്പം നേരത്തേ സെല്ലില്‍ കയറി. പിന്നാലെ വിറകടുപ്പുള്ള അടുക്കളയിലെ ജോലി കഴിഞ്ഞ് അനീഷും വന്നു. ഉടന്‍തന്നെ ജോസൂട്ടിയെ പിടിച്ച് അനീഷ് മാറ്റിനിര്‍ത്തി. ഷര്‍ട്ട് പൊക്കി മുണ്ടിന്റെ പിന്നില്‍ െവച്ചിരുന്ന ഒരു നീളന്‍ പൊതിയെടുത്ത് കൊടുത്തു. ഡാല്‍ഡ കൊണ്ടുവരുന്ന പാട്ടയില്‍നിന്ന് വെട്ടിയെടുത്ത അലൂമിനിയത്തിന്റെ നീളന്‍ ത്രികോണപ്പാളി. താഴെ പിടിക്കാന്‍ പാകത്തില്‍ ഷീറ്റ് വളച്ചെടുത്തിട്ടുണ്ട്. കുത്തിക്കയറ്റാന്‍ കൊള്ളില്ല. പക്ഷേ കീറിമുറിക്കാന്‍ പറ്റിയ മൂര്‍ച്ചയുള്ള കത്തി.
അനീഷ് പറഞ്ഞു: ''ജോസൂട്ടി ഡാലിയയോട് ചെയ്തത് തെറ്റാണോ ശരിയാണോ എന്നെനിക്കറിയില്ല. പക്ഷേ മാര്‍ട്ടിനെ വെറുതെ വിട്ടാല്‍ അത് വലിയൊരു തെറ്റാകും. ഈ സാധനം വെച്ചേക്ക്…"
പുതിയ ആയുധം കയ്യിലിട്ട് തിരിച്ചുകൊണ്ട് ജോസൂട്ടി പറഞ്ഞു: "ഇതെനിക്കു വേണം. പക്ഷേ ഒരു കൂട്ടുപ്രതിയെ എനിക്ക് വേണ്ട."
അനീഷ് കവിതപോലെ ചിരിച്ചു.
പുലര്‍ച്ചെയുള്ള ഫസ്റ്റ് ബെല്ലിന് മുമ്പ് രവികുമാര്‍ സെല്ലില്‍ വന്ന് ജോസൂട്ടിയെ വിളിച്ചുണര്‍ത്തി. ഉറക്കത്തിന്റെ മൂടാപ്പ് കുടഞ്ഞെറിഞ്ഞ് ജോസൂട്ടി നെറ്റിചുളിച്ച് മുഖം കൂര്‍പ്പിച്ചു. പെട്ടെന്ന് തയാറാകണമെന്നും ഒരിടംവരെ പോകണമെന്നും മാത്രം രവികുമാര്‍ പറഞ്ഞു. ജോസൂട്ടി എത്ര നിര്‍ബന്ധിച്ചിട്ടും എങ്ങോട്ടാണെന്നോ എന്തിനാണെന്നോ പറഞ്ഞില്ല. പക്ഷേ ഒരു പോലീസുകാരന് ചേരാത്തവണ്ണം അയാള്‍ ദണ്ണപ്പെട്ടിരുന്നു. സംസാരം കേട്ട് ഗോപിയും അനീഷും എഴുന്നേറ്റ് വന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ എല്ലാവരും പകച്ചു. ഗോപി ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് രവികുമാര്‍ തുറന്ന് സംസാരിച്ചത്.
"ജോസൂട്ടിയുടെ മോള് ഒരു കടുംകൈ കാണിച്ചു. ഇന്നലെ രാത്രി സൂയിസൈഡ് ചെയ്തു. മോളുടെ എല്ലാ കാര്യങ്ങളും നോക്കുന്ന ഒരു സിസ്റ്റര്‍ ചെന്ന് നോക്കിയപ്പോഴാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ഡെത്ത് ഡിക്ലയര്‍ ചെയ്യാനെ ബാക്കിയുള്ളാരുന്നു. തൽക്കാലം മോര്‍ച്ചറിയിലേക്ക് മാറ്റി. ഡേ ലൈറ്റ് വേണ്ടിയോണ്ട് രാവിലെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തും. ജോസൂട്ടി പെട്ടെന്ന് തയ്യാറാക്. നമുക്ക് അവിടെ വരെയൊന്ന് പോകാം."
ജോസൂട്ടി നടുങ്ങിയില്ല. അഴിയില്‍ ഇടതുകൈ പിടിച്ച് ഉലയാതെ തലകുനിച്ച് നിന്നു. അയാളുടെ വലതു കണ്പോളയില് റോസിയുടെ ആത്മാവ് പിടച്ചു. പക്ഷേ ആ കണ്ണുകള്‍ നനഞ്ഞില്ല. തല കുമ്പിട്ട് തന്നെ ചോദിച്ചു: "കോണ്‍വെന്റ് റൂമില്തന്നെയല്ലേ? ഫാനിന്റെ ഹുക്കില്‍… അല്ലേ…?"
രവികുമാര്‍ തെല്ല് അത്ഭുതത്തോടെ പറഞ്ഞു: "ആണ്. നീ എങ്ങനെ അറിഞ്ഞു…?''
"അറിഞ്ഞതല്ല. ഊഹിച്ചു സാറെ. അങ്ങനെയല്ലാതെ തരമില്ല. കഴിഞ്ഞവട്ടം ഫോണില്‍ വിളിച്ചപ്പോഴേ എനിക്ക് തോന്നി. കൊച്ച് കൊച്ചല്ലേ സാറെ. പിടിച്ചുനിക്കാന് പറ്റത്തില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പാരുന്നു. എത്ര നാളെന്ന് നോക്കി നോക്കി ഇരിക്കുവാരുന്നു. നശിക്കട്ടെ. അങ്ങനെ സകലതും നശിക്കട്ടെ…"
"നേരമൊന്ന് വെളുത്താ ഇവിടുത്തെ മജിസ്ട്രേറ്റിന്റെ ഓര്‍ഡറും വാങ്ങി നമുക്ക് പോകാം. അതാണെങ്കി ബറിയലും കഴിഞ്ഞ് മടങ്ങി വന്നാ മതിയല്ലോ. ഞാനും കൂടെ വരാം." രവികുമാറിന്റെ വാക്കുകളില്‍ കൂടപ്പിറപ്പിന്റെ കരുണ നിറഞ്ഞു.
ജോസൂട്ടി നേരെ തിരിഞ്ഞ് അഴികളിലേക്ക് പുറംചാരി നിന്നു. ഗോപിയുടെയും അനീഷിന്റെയും മുഖങ്ങളിലേക്ക് മാറി മാറി നോക്കി. "ഞാനില്ല. ഞാന്‍ എങ്ങോട്ടുമില്ല. എന്റെ കുഞ്ഞിനെ എനിക്ക് കാണണ്ട. മരിച്ചൂന്ന് ഞാന്‍ വിശ്വസിച്ചോളാം. എന്നാലും മരിച്ചു കെടക്കുന്നത് എനിക്ക് കാണണ്ട. ഞാന്‍ ചെന്നില്ലെങ്കിലും ഫ്രാന്‍സിസച്ചന്‍ എല്ലാം നോക്കി കണ്ട് ചെയ്തോളും. പിന്നെയൊരു കാഴ്ചക്കാരനായിട്ട് ഞാന്‍ വേണ്ട."
രവികുമാര്‍ ഗോപിയെ നോക്കി നിര്‍ബന്ധിക്കാന്‍ മുഖംകൊണ്ട് ആംഗ്യം കാട്ടി. പക്ഷേ ഗോപി സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ തന്നെ ജോസൂട്ടി തടഞ്ഞു. "വേണ്ട ഗോപിച്ചേട്ടാ. ഞാനില്ല. ഇങ്ങോട്ട് വന്നപ്പോള്‍ അവളെ കാണാന്‍ പറ്റത്തില്ലാന്നുള്ളത് എന്റെ സങ്കടമായിരുന്നില്ല. എന്റെ ആശ്വാസമായിരുന്നു. ഇപ്പഴും ഞാനങ്ങനെ ആശ്വസിച്ചോളാം."
ഗോപി നിസ്സഹായമായി രവികുമാറിനെ നോക്കി. പിന്നെയാരും ഒന്നും മിണ്ടിയില്ല. അല്പനേരം കൂടി വരാന്തയില്‍ കാത്തുനിന്നശേഷം അയാള്‍ മടങ്ങിപ്പോയി.
സെല്ലിലുള്ള എല്ലാവരും എഴുന്നേറ്റ് സ്തബ്ധരായി നിന്നു. ജോസൂട്ടി അനീഷിനെ രണ്ടു കൈകൊണ്ടും ഇറുക്കിച്ചേര്‍ത്ത് കെട്ടിപ്പിടിച്ചു. അയാള്‍ക്ക് ആരെയെങ്കിലുമൊന്ന് സ്നേഹിക്കണമെന്ന് തോന്നി. എന്നിട്ടും ജോസൂട്ടി കരയാന്‍ കൂട്ടാക്കിയില്ല.
നേരം പുലര്‍ന്നപ്പോള്‍ രവികുമാര്‍ വീണ്ടും സെല്ലിലേക്ക് വന്നു. ഗോപിയും ഇന്ന് വര്‍ക്കിന് കയറേണ്ടെന്നും രജിസ്റ്ററില്‍ എഴുതിക്കൊള്ളാമെന്നും പറഞ്ഞു. ജോസൂട്ടിയോട് ഒന്നും ചോദിച്ചില്ല. ജോസൂട്ടി ഒന്നും പറഞ്ഞുമില്ല. രവികുമാറിന് മുഖം കൊടുക്കാതിരിക്കാന്‍ കൂര്‍ത്ത താടിരോമങ്ങളില്‍ അനാവശ്യമായി തിരുമ്മിക്കൊണ്ടിരുന്നു.
അന്ന് പകല്‍ ജോസൂട്ടിയും ഗോപിയും സെല്ലിന് മുന്നിലെ വരാന്തയില്‍ വെറുതെയിരുന്നു. സംസാരിച്ചില്ല. ഭക്ഷണം കഴിച്ചില്ല. മനസ്സ് തരിശായി കിടന്നതുകൊണ്ട് ജോസൂട്ടിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല. എന്ത് പറയണമെന്ന പിടപ്പില്‍ ഗോപിയുടെ വാക്കുകള്‍ വഴുതിയും പോയി.
വൈകീട്ട് വാര്ഡന് വന്ന് അസിസ്റ്റന്റ് സൂപ്രണ്ടിന് കാണണമെന്ന് ജോസൂട്ടിയോട് പറഞ്ഞു. ജോസൂട്ടി ഒറ്റക്കാണ് ഓഫീസിലേക്ക് പോയത്. വാതില്‍ തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് കണ്ടത്, മുറിയുടെ മൂലയില്‍ കൈകെട്ടി തല കുനിച്ച് നില്ക്കുന്നു മാര്ട്ടിന്. വന്നുകയറിയത് ജോസൂട്ടിയാണെന്ന് അറിഞ്ഞിട്ടും അയാള്‍ തലയുയര്‍ത്തിയില്ല. ജോസൂട്ടിയും കൂസലില്ലാതെ നിന്നു.
രവികുമാര്‍ കൈമുട്ടുകള്‍ മേശപ്പുറത്ത് ഊന്നി മുന്നോട്ടാഞ്ഞിരുന്നു. "ഞാന്‍ പലവട്ടം ആലോചിച്ചു. ഇന്ന് വേണോ വേണ്ടയോ എന്ന്. പിന്നെ തോന്നി ഇന്ന് തന്നെ വേണമെന്ന്. ഇന്ന് തന്നെ ആ അധ്യായം അവസാനിക്കട്ടെ. മാര്ട്ടിന് തന്നോട് എന്തോ സംസാരിക്കാനുണ്ട്. നീയത് കേള്‍ക്കണം". രവികുമാര്‍ മാര്ട്ടിന് നേരെ മുഖം തിരിച്ച് തുടര്‍ന്നു: "മാര്‍ട്ടിനെ പറ. ഇന്നത്തോടെ തീരണം എല്ലാം."
മാര്ട്ടിന് തലയുയര്‍ത്തി ഒരു നിമിഷം ജോസൂട്ടിയെ നോക്കി. പിന്നെ വീഴാൻ പോകുംപോലെ കുതിച്ച് ചെന്ന് നിലത്ത് മുട്ടുകുത്തി ജോസൂട്ടിയുടെ കാലില്‍ രണ്ട് കൈ കൊണ്ടും മുറുക്കെ പിടിച്ചു. "ജോസൂട്ടി മാപ്പാക്കണം. ഞാനാണ് എല്ലാത്തിനും കാരണം. ഞാന്‍ കാരണം എന്റെ ഡാലിയ പോയി. നിങ്ങക്ക് നിങ്ങടെ മോള് പോയി. നമ്മക്ക് ആകെയുണ്ടായിരുന്നവരും ഇല്ലാതായി. എല്ലാം തകര്‍ത്തത് ഞാനാണ്."
മാര്ട്ടിന് ഏങ്ങി കരയാന്‍ തുടങ്ങി. കുതിച്ചൊഴുകിയ കണ്ണീര് തുടയ്ക്കാതെ, മൂക്കള വലിച്ചു കേറ്റാതെ പറഞ്ഞതു തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അയാളുടെ കണ്ണീരും മൂക്കളയും ജോസൂട്ടിയുടെ കാലില്‍ തുള്ളിയായ് വീണു. പക്ഷേ ജോസൂട്ടി അനങ്ങാതെ നിന്നു. തിരകളില്ലാത്ത മനസ്സോടെ.
കരച്ചിലിനിടയിലും കാലിലെ പിടിവിടാതെ മാര്ട്ടിന് തുടര്‍ന്നു: "ജോസൂട്ടി എന്നോട് എന്ത് പ്രതികാരം വേണേലും ചെയ്തോളൂ. ഞാനെന്തിനും നിന്നുതരാം. നിങ്ങള്‍ വിചാരിക്കുംപോലെ കാമം മൂത്ത് ചെയ്തതല്ല എന്റെ കുറ്റങ്ങളൊന്നും. ഞാന്‍ അങ്ങനെയായി പോയതാ…"
"മതി. നിര്‍ത്ത്." ജോസൂട്ടി ഇടയ്ക്ക് കയറി പറഞ്ഞു. അയാള്‍ മാര്‍ട്ടിനെ തോളില്‍ പിടിച്ച് എഴുന്നേൽപിച്ച് നിര്‍ത്തി. വിഗില്ലാത്ത കഷണ്ടിത്തല വിയര്ത്തൊഴുകിക്കൊണ്ടിരുന്നു. മാർട്ടിൻ അത് തുടച്ചില്ല. കഷണ്ടിത്തലയില്‍നിന്ന് നഗ്നതാബോധവും വാര്‍ന്നുപോയി. മാര്‍ട്ടിന്റെ വെള്ളക്കണ്ണുകളിലേക്ക് തറപ്പിച്ച് നോക്കി ജോസൂട്ടി പറഞ്ഞു: "എനിക്ക് നിന്നോട് പ്രതികാരമൊന്നുമില്ല. ഞാനിപ്പോ ആ അവസ്ഥയിലൊന്നുമല്ല. മാത്രമല്ല ഇനി ഞാന്‍ ആര്‍ക്കുവേണ്ടി പ്രതികാരംചെയ്യണം. എന്റെ മോളും പോയില്ലേ. പിന്നെ, നിന്റെ ഭാര്യ ഡാലിയയോടും ഞാനല്ല പ്രതികാരം ചെയ്തത്."
ബാക്കി രവികുമാറിനെ നോക്കിയാണ് ജോസൂട്ടി പറഞ്ഞത്. "സാറുംകൂടി കേള്‍ക്കാന്‍ പറയുവാ. ഇനിയായാലും ഒരു കോടതിയിലും പറയാന്‍ പോകാത്ത സത്യം. ഞാനല്ല ഡാലിയയെ കൊന്നത്. അവള് ചത്തു തൊലയണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചിട്ടുണ്ട്. അതറിയുമ്പോ ഇവന് കിടന്ന് നീറുന്നതോര്ത്ത് സുഖിച്ചിട്ടൊണ്ട്. അവളെ കൊല്ലുന്നത് മനസ്സിലൊരു നൂറുവട്ടം പ്ലാന്‍ ചെയ്തിട്ടൊണ്ട്. അതല്ലാതെ ഡാലിയയെ ഞാന്‍ കൊന്നിട്ടില്ല. പക്ഷേ ഇതൊന്നും ഒരു കോടതിയിലും ഞാന്‍ പറയാന്‍ പോകുന്നില്ല.'' മാര്ട്ടിന് രണ്ടടി പിന്നിലേക്ക് തെന്നിമാറി അന്ധാളിച്ചു നിന്നു. രവികുമാര്‍ ഞെട്ടലോടെ കസേരയില്‍നിന്ന് എഴുന്നേറ്റു. പറഞ്ഞതെല്ലാം നേരനുഭവം ആയതുകൊണ്ട് ജോസൂട്ടി പതറിയില്ല.
കുറ്റകൃത്യം എല്ലാവരുടേതും ആണെങ്കിലും ആര് വേണമെങ്കിലും കുറ്റവാളിയാകാവുന്ന കുഴഞ്ഞ രാത്രിയായിരുന്നു അത്. മാര്‍ട്ടിന്റെ വീട്ടില്‍ ജോസൂട്ടി എത്തുമ്പോള്‍ അര്‍ധരാത്രി പിന്നിട്ടിരുന്നു. റോഡില്‍ നിന്ന് താഴേക്കിറങ്ങി ഒരു കലുങ്കും കടന്നാലാണ് മാര്‍ട്ടിന്റെ ഒറ്റനില വീട്. ആ വീടിന്റെ തറയടി കണക്ക് വരെ ജോസൂട്ടിക്ക് മനഃപാഠമാണ്. പിന്നിലെ വര്‍ക്ക് ഏരിയയില്‍നിന്ന് തോട്ടികൊണ്ട് അടുക്കളയുടെ കുറ്റിയെടുക്കാമെന്ന് വരെ ജോസൂട്ടി മനസ്സിലാക്കിയിരുന്നു. കാരണം അരൂപിയായ രക്തരക്ഷസ്സിനെ പോലെ അയാള്‍ ഡാലിയയെ പിന്തുടരാന് തുടങ്ങിയിട്ട് നാളുകളേറെയായി. ഫ്രാന്‍സിസച്ചന്റെ പിന്നാലെ നടന്ന് നിരന്തരം നിര്‍ബന്ധിച്ചാണ് പള്ളിവക കിന്റര്‍ഗാര്‍ട്ടനിലെ ജോലിയില്‍നിന്ന് ഡാലിയയെ പിരിച്ചുവിട്ടത്. കുട്ടികളെ അയക്കാന്‍ മാതാപിതാക്കള്‍ അറയ്ക്കുന്നു എന്ന പെരുംനുണയാണ് അയാള്‍ പടച്ചുവിട്ടത്. പള്ളിയിലെ വനിതാ സമാജത്തില്‍നിന്നും ഡാലിയയെ പുറത്താക്കി. അങ്ങാടിയിലെ പലചരക്ക് കടയിലുള്ള പറ്റ് പോലും നിര്‍ത്തിച്ചു. അവളുടെ വീടിന് ചുറ്റും പതുങ്ങിനിന്ന് ഒരു രാത്രി ഒരു ജനാല വീതം കല്ലെറിഞ്ഞ് പൊട്ടിച്ചു. എന്നിട്ട് നിലവിളിക്കായി കാതോര്‍ത്തു. പക്ഷേ കരച്ചിലൊന്നും കേട്ടില്ല. എങ്കിലും ഡാലിയ ഒറ്റയ്ക്ക് വിറങ്ങലിച്ച് ഇരിക്കുന്നത് മനസ്സില്‍ കണ്ട് ആഹ്ലാദിച്ചു. ആഴ്ച തോറും ജയിലില്‍ ചെല്ലുമ്പോള്‍ ഡാലിയ ഒരക്ഷരം മിണ്ടാനാകാതെ നിര്‍ത്താതെ കരയണം; അത് കണ്ട് മാര്ട്ടിന് നിസ്സഹായനായി നീറിയൊടുങ്ങണം. ഈ സ്വപ്നങ്ങളാണ് മനസ്സിലെ മുറിവുകള്‍ക്ക് മേല്‍ ജോസൂട്ടി ലേപനംപോലെ പുരട്ടിയത്.
ഉള്ളിലെ കണക്കുകളുടെ കണിശതയില്‍ ജോസൂട്ടി വഴിതെറ്റാതെ കിടപ്പുമുറിയില്‍ തന്നെ ചെന്നു. പക്ഷേ, കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജോസൂട്ടി കണ്ടത്, മച്ചില്‍ തൂങ്ങിയാടുന്ന ഡാലിയയുടെ മൃതദേഹമാണ്. എന്ത് ചെയ്യണമെന്നറിയാതെ അയാള്‍ അല്പനേരം പകച്ചുനിന്നു. പിന്നെ മനസ്സുറപ്പിച്ച് മുറിയിലെ ലൈറ്റിട്ടു. ചുറ്റും പരതി. പ്രതീക്ഷിച്ചപോലെ മേശപ്പുറത്ത് നിന്ന് ഡാലിയ എഴുതിവെച്ച കുറിപ്പ് കിട്ടി.
"ഈ കത്ത് വായിക്കുന്നത് ആരാകുമെന്ന് എനിക്കറിയില്ല. പക്ഷേ എല്ലാവരും അറിയാനായി ചിലത് എനിക്ക് എഴുതാനുണ്ട്. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവന്റെ ഭാര്യയെന്ന പരിഹാസം പേറി, കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ ഈ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നു. എനിക്കറിയാം എന്റെ ഭര്‍ത്താവ് കൊടുംകുറ്റവാളിയാണ്. ശിക്ഷിക്കപ്പെടേണ്ട കൊടുംക്രൂരത ചെയ്തയാളാണ് അച്ചാച്ചന്. പക്ഷേ അതിലൊന്നും ഒരു പങ്കുമില്ലാത്ത വീട്ടുകാരി മാത്രമായിരുന്നു ഞാന്‍. ഇന്നത്തെ ഈ രാത്രിക്ക് മുമ്പ്, മച്ചിലെ കൊളുത്തിന് താഴെ ധൈര്യം കിട്ടാതെ മുട്ടുകുത്തി നിന്ന് കരഞ്ഞ എത്രയോ രാത്രികളുണ്ടെന്ന് അറിയാമോ? കുരുക്കിട്ടിട്ടും പേടിച്ചരണ്ട് നിന്ന്, പുലര്ന്നുപോയ രാത്രികള്‍. എങ്കിലും ജീവിക്കലിനേക്കാള് എളുപ്പം എനിക്ക് ചെയ്ത് തീര്‍ക്കാനാകുക മരിക്കലാണ്. ഞായറാഴ്ച കുര്‍ബാനയില്‍നിന്ന് എനിക്ക് ഇറങ്ങിപ്പോകേണ്ടി വന്നു. അരിസാധനങ്ങള്‍ വാങ്ങാന്‍ കവലയില്‍ പോകാനാകുന്നില്ല. രാത്രികളില്‍ ആരൊക്കെയോ വന്ന് വീടിന് കല്ലെറിയുന്നു. പൊട്ടിയ ജനല്ച്ചീളുകളിലൂടെ രാത്രിയെ നോക്കി ഞാന്‍ നേരം വെളിപ്പിച്ചു. ഇനി ഒരു നിമിഷംപോലും മുന്നോട്ട് പോകാനാകാത്ത അവസ്ഥ. ഇന്നത്തേത് ദൈവം എനിക്ക് ധൈര്യം തന്ന രാത്രിയാണ്. എല്ലാം നിവര്‍ത്തിയാകട്ടെ. അതിനുമുമ്പ് ഒരു കാര്യം എല്ലാവരും അറിയണം. സ്വന്തം സ്കൂളിലെ കുട്ടികളെ ഇങ്ങനെയൊക്കെ ഉപദ്രവിച്ച അച്ചാച്ചന്, അതിനപ്പുറമൊന്നും ചെയ്യാനാകില്ല. രണ്ടുവര്‍ഷം ഒരുമിച്ച് ജീവിച്ച എനിക്കറിയാം, അതിനുള്ള ശേഷി അച്ചാച്ചനില്ലെന്ന്. അക്കാര്യം എനിക്ക് മുമ്പ് അറിഞ്ഞ മറ്റ് ചിലരുണ്ട്. അച്ചാച്ചന് വളര്‍ന്ന ഓര്‍ഫനേജിലെ അച്ചന്മാര്. ഒരിക്കല്‍ എന്നോട് ചോദിച്ചിട്ടുണ്ട് – നിനക്കറിയാമോ ഞാന്‍ കുടിച്ച വിശുദ്ധ രേതസ്സ് എത്രമാത്രമാണ് എന്ന്. കന്യാസ്ത്രീകളുടെ കാര്യം എല്ലാവരും പറയുമ്പോഴും ആരും അറിയുന്നില്ല ആള്‍ത്താര ബാലന്മാരുടെ ജീവിതം. തന്നോട് ആരൊക്കെയോ ചെയ്ത തെറ്റിന്, തന്നോട് ഒരു തെറ്റും ചെയ്യാത്ത കുട്ടികളോടാണ് അച്ചാച്ചന് പ്രതികാരം ചെയ്തത്. അച്ചാച്ചന് ചെയ്ത ആ കുറ്റങ്ങള്‍ എന്റേതായിരുന്നില്ല. ശിക്ഷയും എനിക്കുള്ളതാകാന് പാടില്ലായിരുന്നു. എന്നിട്ടും ശിക്ഷിക്കപ്പെട്ട കുറ്റവാളിയായി എന്റെ ജീവിതം ഇവിടെ ഒടുങ്ങുന്നു…
പ്രാർഥനാപൂർവം,
ഡാലിയ
മാര്‍ട്ടിനോട് നിരപ്പായതിന് അനീഷ് വല്ലാതെ രോഷംകൊണ്ടു. അയാള്‍ സെല്ലിനകത്ത് അങ്ങോട്ടുമിങ്ങോട്ടും പ്രാഞ്ചി നടന്നു. അഴിയില്‍ പിടിച്ച് പുറത്തേക്ക് നോക്കിനിന്ന ജോസൂട്ടിയുടെ അടുത്ത് ചെന്ന് ഇടയ്ക്കിടെ ശകാരിച്ചു.
"നിങ്ങള്‍ക്ക് എങ്ങനെ തോന്നി? നിന്റെ മോള് ആ കയര്‍ക്കുരുക്കില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞ് തീര്‍ന്നിട്ട് നേരത്തോട് നേരമായില്ലല്ലോ. അതിന് മുമ്പ് ഇതിനൊക്കെ കാരണമായവനോട് നിങ്ങള്‍ സമാധാനപ്പെട്ടു. ഒരു തെറ്റും ചെയ്യാത്ത ഡാലിയയോട് കാണിച്ച ശൗര്യമൊക്കെ ഇപ്പോ എവിടെപ്പോയി?
മാര്‍ട്ടിനെന്ന് പറഞ്ഞാ ഒരു മനുഷ്യനായി കാണണ്ട. അറത്തെടുത്ത് വെട്ടിയരിഞ്ഞ് പട്ടിക്ക് തിന്നാന്‍ കൊടുേക്കണ്ടിയ ഒരു അവയവം മാത്രമാ അവന്. അതിനെയാ ജോസൂട്ടി നീ വെറുതെ വിട്ടെ."
ജോസൂട്ടി മിണ്ടാതെ നിന്നതേയുള്ളൂ. അനീഷിന്റെ ക്ഷോഭം കണ്ട് ഗോപി ഇടപെട്ടു.
"പിന്നെ ജോസൂട്ടി എന്ത് ചെയ്യണം? അന്തമില്ലാത്ത ഈ ചോരക്കളി തുടരണോ? ഇതിനും ഒരറുതി വേണ്ടേ? ഇന്നത്തെ ദിവസമെങ്കിലും ഇവന്റെ മാനസികാവസ്ഥ നീയറിയണം."
"അതാണ്. ഇന്നത്തെ ദിവസമെങ്കിലും ഇങ്ങനെ ചെയ്യാന്‍ പാടില്ല." അനീഷ് അടങ്ങിയില്ല. "ഞാനെന്തിനാ സ്റ്റീല്‍ പ്ലേറ്റ് വെട്ടിയെടുത്ത് ആ കത്തി ഉണ്ടാക്കി തന്നെ. ആ മാര്‍ട്ടിന്റെ സാമാനം അറത്തെടുക്കണം. എന്നിട്ട് കൊത്തിയരിയണം. അവന്റേതൊന്നും ഒരു മനുഷ്യാവയവമല്ല. അസ്ഥിയില്ലെങ്കിലും അസ്ഥിയേക്കാള്‍ കട്ടിയുള്ള വിഷവസ്തുവാണ് അവന്റെയൊക്കെ ലിംഗം. ജോസൂട്ടിക്ക് വയ്യെങ്കില്‍ പറ. ജോസൂട്ടിയുടെ മോള്‍ക്ക് വേണ്ടി ഞാനത് അറത്തെടുക്കാം.''
"പാടില്ല." ജോസൂട്ടി കയ്യുയര്‍ത്തി പറഞ്ഞു: "വിവരക്കേട് പറയാതെ. അങ്ങനെയൊന്നും ചിന്തിക്കാന്‍ പാടില്ല. ആരും ആര്‍ക്കുവേണ്ടിയും ഒന്നിനും പോകണ്ട ഇനി. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഈ ഭൂമുഖത്ത് എന്റേതെന്ന് പറയാവുന്ന അവസാനത്തെ ജീവനും പോയി. എന്റെ ജീവിതത്തില്‍ ഇനിയൊന്നും ബാക്കിയില്ല. പ്രതികാരംപോലും."
ജോസൂട്ടിയില്‍ പെട്ടെന്നുണ്ടായ മാറ്റം അനീഷിന് മാത്രമല്ല ഗോപിക്കും മനസ്സിലായില്ല. എങ്കിലും കൂര്‍ത്ത താടിരോമങ്ങള്പോലും പത്തി താഴ്ത്തി ഒതുങ്ങിയിരിക്കുന്നത് ഗോപി ശ്രദ്ധിച്ചു.
രവികുമാര്‍ പിറ്റേന്ന് തന്നെ ഡ്യൂട്ടികളില്‍ അപ്രതീക്ഷിതമായ മാറ്റം വരുത്തി. ഗോപിക്ക് ഒപ്പമുള്ള ഗാര്ഡനിങ്ങില്നിന്ന് ജോസൂട്ടിയെ മാറ്റി. മാര്‍ട്ടിനൊപ്പം ഫുഡ് യൂനിറ്റിലാക്കി ഡ്യൂട്ടി. മെഷീന് ചപ്പാത്തി പാക്കറ്റിലാക്കി ഫ്രീഡം കഫ്റ്റീരിയയില്‍ എത്തിക്കണം. ജയിലിന്റെ മെയിന്‍ കോമ്പൗണ്ടിന് പുറത്താണ് ഫ്രീഡം കഫ്റ്റീരിയയുടെ ഔട്ട്ലെറ്റ്. അവിടേക്കാണ് പാക്കറ്റുകള്‍ എത്തിക്കേണ്ടത്. ഈ സ്ഥലത്തിനും കൂറ്റന്‍ ചുറ്റുമതിലുണ്ട്. ഔട്ട്ലെറ്റിനോട് ചേര്‍ന്ന് കല്ലുകെട്ടിയെടുത്ത കുളവും ചെറിയ പാര്‍ക്കും ഗാന്ധിപ്രതിമയും നിർമിച്ചിരുന്നു. ഗേറ്റ് കടന്ന് പുറത്തിറങ്ങിയപ്പോള്‍ ഗാന്ധിപ്രതിമയും അവിടത്തെ ചെമ്പകമരവും നോക്കി ജോസൂട്ടി അല്പനേരം നിന്നു. കാറ്റിന്റെ ദിക്കിലേക്കൊരു ജനാല തുറന്നതുപോലെ അയാള്‍ക്ക് തോന്നി.
വൈകീട്ട് പാക്കറ്റുകള്‍ ഔട്ട്ലെറ്റില് എത്തിച്ചു തിരിച്ചു വരുമ്പോഴാണ് കിച്ചണില്‍നിന്ന് ആക്രോശങ്ങളും നിലവിളിയും കേട്ടത്. ചപ്പാത്തി മേക്കിങ് മെഷീനോട് ചേര്‍ത്ത് നിര്‍ത്തി മാര്‍ട്ടിനെ വളഞ്ഞിട്ട് തല്ലുകയാണ്. സഖാവ് സുമേഷും സംഘവുമാണ്. കൂട്ടത്തിലൊരാള്‍ കാലു നീട്ടി മാര്‍ട്ടിന്റെ ലിംഗം തീര്‍ത്ത് ചവിട്ടി. അയാള്‍ വേദനകൊണ്ട് വാപിളര്‍ത്തി നിലവിളിച്ചു. ബഹളംവെച്ച് ആളെ കൂട്ടുന്നോന്ന് ചോദിച്ച് സുമേഷ് മാര്‍ട്ടിന്റെ പിന്കഴുത്തില് കുത്തിപ്പിടിച്ചു. മാര്‍ട്ടിന്റെ തല തീയാളിക്കത്തുന്ന ബര്‍ണറിന് തൊട്ടടുത്ത് കൊണ്ടുവെച്ചു. അയാളുടെ തുറിച്ച വെള്ളക്കണ്ണുകൾ തീനിറമായി. കഷണ്ടിത്തലയിലെ വിയര്‍പ്പ് തുള്ളികള്‍ക്ക് തീപിടിക്കുമെന്ന് തോന്നി. ഒരു പ്ലാസ്റ്റിക് പാളിപോലെ തലയിലെ തൊലി ഉരുകിയൊലിച്ച് തലയോട്ടി പുറത്തേക്ക് തെളിഞ്ഞു വരുമെന്ന പേടിയില്‍ ജോസൂട്ടി ഞെട്ടി.
ഒരു കട്ടയാന് കുനിച്ചു നിര്‍ത്തിയിരിക്കുന്ന മാര്‍ട്ടിന്റെ നട്ടപ്പുറത്തെ കശേരുക്കളില്‍ കൈമുട്ടുകൊണ്ട് ഇടിച്ചു. ആയമെടുക്കാന്‍ ശ്വാസം വലിച്ചെടുത്ത് അയാള്‍ പറഞ്ഞു: "നിന്റെ കൊടുംകഴപ്പ് കാരണം ഒരു കിളിന്ത് കൊച്ചാ ജീവിതം വെറുത്ത് കെട്ടിത്തൂങ്ങി ചത്തെ. നീയൊക്കെ നട്ടെല്ല് പൊട്ടി ഇവിടെ കെടക്കണം. കെടന്ന് കെടന്ന് പൊട്ടിയൊലിച്ച് പുഴുത്ത് പുഴുത്ത് ചാകണം."
ഉടന്‍ ജോസൂട്ടി ഓടിച്ചെന്ന് തടയാനെന്നവണ്ണം ഇടതുകൈ ഉയര്‍ത്തി പറഞ്ഞു: "മതി. ഇനിയും തല്ലിയാ ഇയാള്‍ ചത്ത് പോകും. ദയവ് ചെയ്ത് മതിയാക്ക്."
മാര്‍ട്ടിന്റെ ദേഹത്തുനിന്ന് കയ്യെടുത്ത് സുമേഷ് അത്ഭുതത്തോടെ നിവര്‍ന്നു നിന്നു. "എടോ തന്റെ മോളെയാ ഈ കീടം തൊലച്ച് കളഞ്ഞെ. ആ കുഞ്ഞ് ജീവനൊടുക്കീന്ന് കേട്ടിട്ട് അരിശം സഹിക്കാനാകാഞ്ഞാ ഞങ്ങളിങ്ങോട്ട് വന്നത്. എന്നിട്ട് തനിക്കിത് എന്തിന്റെ ഏനക്കേടാ."
"ആണ്. നഷ്ടം എനിക്കാ. എന്നാലും ഞാനയാളോട് പൊറുത്തു. സംഭവിച്ചതിലൊക്കെ അയാള്‍ക്ക് അത്രയ്ക്ക് പശ്ചാത്താപമൊണ്ട്. പശ്ചാത്താപത്തേക്കാള്‍ വലിയ പാപ പരിഹാരമുണ്ടോ?"
സുമേഷ് പുച്ഛിച്ചു, "താനാരാ പള്ളിപ്പാതിരിയോ? പശ്ചാത്താപത്തിന്റെ കണക്ക് പറയാന്‍. തനിക്ക് വേണ്ടിയാ ഞങ്ങളിതൊക്കെ ചെയ്യുന്നേ…"
ജോസൂട്ടി കൈകൂപ്പി. "വേണ്ട. എനിക്കിനിയൊരു പ്രതികാരവും വേണ്ട. ഞാന്‍ തൊഴുത് പറയുവാ. അയാളെ വെറുതെ വിട്ടേക്ക്."
അപ്പോള്‍ ജോസൂട്ടിയോടാണ് സുമേഷിന് ദേഷ്യം തോന്നിയത്. "എന്തൊരു തന്തയാടോ താന്‍..?"
ജോസൂട്ടി മറുപടി പറയാതെ കൈകൂപ്പി നിന്നതേയുള്ളൂ. മാര്‍ട്ടിനെ ഒരിക്കല്‍കൂടി പിടിച്ചുതള്ളിയിട്ട് സുമേഷ് കിച്ചണ്‍ വിട്ടിറങ്ങി. കൂടെ മറ്റുള്ളവരും.
ജോസൂട്ടിയെ നോക്കിനിന്ന മാര്‍ട്ടിന്റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി. അത് അടികൊണ്ടതിന്റെ വേദനകൊണ്ടല്ലെന്ന് ജോസൂട്ടിക്കു മാത്രം മനസ്സിലായി.
ആദ്യം ജോസൂട്ടിയെ കണിശമായി എതിര്‍ത്ത അനീഷിന്റെ മനംമാറ്റം പെട്ടെന്നായിരുന്നു. അത്താഴം കഴിഞ്ഞ് മൂവരും സെല്ലില്‍ ഇരിക്കുമ്പോള്‍ അനീഷ് പറഞ്ഞു: ''ജോസൂട്ടിയായിരുന്നു ശരി. എന്തിനായീ പകയും പ്രതികാരവും. എന്തിന്? ആരോ ഭോഗിച്ച് നമ്മളുണ്ടായി. ആരെയോ ഭോഗിച്ച് നമ്മക്കും കുട്ടികളുണ്ടാകും. കുറേക്കഴിഞ്ഞ് നമ്മള് ചത്തുപോകും. നെഞ്ചിനകത്തെ നേര്‍ത്ത സ്തരങ്ങളില്‍ ജീവന്റെ തുടിപ്പുള്ള ചെറിയ കാലത്തെ നമ്മള് ജീവിതമെന്ന് വിളിക്കും. എന്നിട്ട് ആരോ ഒളിപ്പിച്ചുവെച്ച എന്തോ അർഥം ഈ ജീവിതത്തിനുണ്ടെന്ന് വെറുതെ വിചാരിക്കും. എന്തർഥം? യതി പറഞ്ഞപോലെ, പുല്ലിന്റെയും പുല്ച്ചാടിയുടെയും പൂച്ചയുടെയും പുലിയുടെയും ജീവിതത്തിനില്ലാത്ത എന്തർഥം? അതിനിടെ, കാലിനിടയില്‍ ലിംഗമെന്ന ആയുധം തൂക്കിയിടുംപോലെ മനസ്സിനകത്ത് പകയെന്ന അവയവം തൂക്കിയിട്ട് നടക്കും. രണ്ടായാലും മറ്റുള്ളവരെ മുറിവേൽപിക്കും. തൂങ്ങിയാടുമ്പോള്‍ ഇരുതല മൂര്‍ച്ചകൊണ്ട് നമുക്കും മുറിവേല്ക്കും.''
ജോസൂട്ടിയും ഗോപിയും കേട്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. അവര്‍ കാറ്റിന്റെ ഓളങ്ങളുള്ള ഇരുട്ടിലേക്ക് നോക്കിയിരുന്നു. അനീഷ് ജോസൂട്ടിയോട് ചോദിച്ചു: ''ഞാന്‍ സ്റ്റീല്‍ പ്ലേറ്റ് വെട്ടിയെടുത്ത് തന്ന ആ ആയുധമെവിടെ? അതിങ്ങ് തിരികെ തന്നേക്ക്. അതുകൊണ്ടിനി ആവശ്യമില്ല."
"അതെന്റെ കയ്യിലില്ല." ജോസൂട്ടി പറഞ്ഞു. "അത് ഞാന്‍ കിച്ചണിന് പിന്നിലെ പറമ്പില്‍ കളഞ്ഞു. ആനിമോള് മരിച്ച ആ ദിവസംതന്നെ."
"അത് നന്നായി. ആയുധങ്ങളെല്ലാം ദ്രവിച്ച് തീരട്ടെ." അത്രയും പറഞ്ഞ് അനീഷും മൗനത്തിലേക്ക് തലകുമ്പിട്ടു.
അനീഷ് ഇങ്ങനെയൊക്കെ പറയാന്‍ കാരണമുണ്ട്. ജോസൂട്ടിയില്‍ മാറ്റങ്ങള്‍ കണ്ടതിന് പിന്നാലെ അനീഷ് സലീമിന് ഒരു കത്ത് അയച്ചു. ഒരുവട്ടത്തേക്ക് ജയിലില്‍ വരണമെന്നും കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞുള്ള കത്ത്. കുമ്പസാരക്കണ്ണീരുകൊണ്ട് സലീമും കറ കഴുകി ശുദ്ധനാകുമെന്ന് അനീഷ് വിചാരിച്ചു. പക്ഷേ സലീം വന്നില്ല. സലീം ചെയ്ത കൊലക്കുറ്റമാണ് അനീഷ് ഏറ്റെടുത്തത്. അയാള്‍ ആവശ്യപ്പെട്ടിട്ടല്ല എങ്കിലും. എന്നിട്ടും ജയിലില്‍ വന്ന് ഒരുവട്ടം അനീഷിനെ കാണാനുള്ള അലിവ് സലീം കാണിച്ചില്ല.
ജോസൂട്ടിയെപ്പോലെ സലീം പരിവര്ത്തനപ്പെടുമെന്നും ജയിലില്‍ വന്ന് കാണുമെന്നും പ്രതീക്ഷിക്കാന്‍ പാടില്ലായിരുന്നുവെന്ന് അനീഷിന് പിന്നെ തോന്നി. വാക്കുകളിലും വൈകാരികതയിലും കാപട്യം മാത്രമുള്ള, കുടിലത ഭക്ഷിച്ച് ജീവിക്കുന്നയാളാണ് സലീം. സ്വയമൊരു ദുഃഖജീവിയായി അഭിനയിച്ചാണ് സലീം അവളെ കൂടെക്കൂട്ടി കൂട്ടിലടച്ചത്. മടുത്തപ്പോള്‍ ആ കൂട്ടിലിട്ട് തന്നെ കൊന്നുകളഞ്ഞു. കൗതുകം തീര്‍ന്നെങ്കില്‍ തുറന്നുവിടുകയെങ്കിലും ചെയ്യാമായിരുന്നെന്ന് അനീഷ് ആഗ്രഹിച്ചിട്ടുണ്ട്. സലീമിന് ആതിരയുടെയും ഷാഹിനയുടെയുമൊക്കെ പട്ടികയിലെ ഒരു പേര് മാത്രമായിരുന്നു അവള്.
അനീഷ് ജീവിതത്തില്‍ സലീമിനെക്കാള്‍ വെറുത്തത് കടലിനെയാണ്. കാരണം, അവളെയും കൂട്ടി രാത്രി ചെലവിടാന്‍ സലീം ആദ്യമായി പോയത് ഒരു കടലോര റിസോര്‍ട്ടിലാണ്. അവര്‍ ഒഴിവുസമയങ്ങളെല്ലാം ആനന്ദകരമാക്കിയത് ബീച്ചുകളിലാണ്. ഇരുള്ജലം ആര്‍ത്തലക്കുന്ന രാത്രിക്കടലിനെ സാക്ഷിയാക്കി നിരന്തരം സംഗമിച്ച് നേരം പുലര്‍ത്തുക അവരുടെ ശീലമായിരുന്നു. സലീമിന്റെ നോവലുകളിലും കടല്‍ ഒരു പ്രധാന കഥാപാത്രമായി. പക്ഷേ അനീഷിന് കടല്‍ വഞ്ചനയുടെ ജലശേഖരം മാത്രമാണ്. ഇല്ലാത്ത നീലനിറം തോന്നിപ്പിക്കുന്ന വര്ണക്കെണി. മടങ്ങാനായി മാത്രം വരുന്ന തിര. കടല്‍ ഒരു ജീവിയായിരുന്നെങ്കില്‍, അതെത്ര ഭീമാകാരമാണെങ്കിലും, നീലരക്തം വാര്‍ന്ന് തീരുംവരെ കുത്തിക്കുത്തി കൊല്ലുമായിരുന്നെന്ന് അനീഷ് പലവട്ടം ചിന്തിച്ചിട്ടുണ്ട്.
ഗോപി അനീഷിനെപ്പറ്റി പറഞ്ഞപോലെ അയാളൊരു ഭ്രാന്തനായിരുന്നില്ല. അനീഷ് സ്വയം വിശേഷിപ്പിച്ചപോലെ അയാളൊരു കവിയുമായിരുന്നില്ല. അയാള്‍ തോറ്റവന് മാത്രമായിരുന്നു. വെറും പരാജിതന്.
ഞായറാഴ്ചത്തെ റിഫ്രഷിങ് ടൈം കഴിഞ്ഞതിന് പിന്നാലെയാണ് രവികുമാറിന്റെ മുറിയിലേക്ക് ഡി ബ്ലോക്കിലെ വാര്ഡന് ഓടിക്കയറി ചെന്നത്. അയാളുടെ പൊന്തത്തടിയിലെ കൊഴുപ്പിന്റെ പാളികള്‍ വിറച്ചു. കിതപ്പിനിടെ മുറിഞ്ഞുമുറിഞ്ഞ് വാര്ഡന് പറഞ്ഞു: "സാറെ… ചതിച്ച് സാറെ. മാര്‍ട്ടിനെ കാണാനില്ല."
രവികുമാര്‍ വിശ്വസിക്കാനാകാതെ കസേരയില്‍നിന്ന് ചാടിയെഴുന്നേറ്റു.
"ഇന്ന് കിച്ചണ്‍ ഡ്യൂട്ടി ഒന്നുമില്ലാരുന്നു. ഉച്ചവരെ സെല്ലില്‍ കണ്ടവരുണ്ട്. പിന്നെ കാണാനില്ല. എന്താ സംഭവിച്ചേന്ന് അറിയത്തില്ല." വെപ്രാളംകൊണ്ട് വാര്ഡന് വാക്കുകള്‍ വിലങ്ങി. "പണി കിട്ടുമോ സാറെ…"
ഉടന്‍തന്നെ രവികുമാര്‍ നേരിട്ട് കണ്ട്രോള് റൂമിലേക്ക് വിളിച്ച് വിവരം കൈമാറി. ജയിലില്‍ എമര്‍ജന്‍സി അലാറം മുഴങ്ങി. ഡ്യൂട്ടിയിലുള്ളവരെല്ലാം അസിസ്റ്റന്റ് സൂപ്രണ്ടിന്റെ മുറിയിലേക്ക് കുതിച്ചു. ഗേറ്റിന് പുറത്തെ പാറാവുകാരെ വിളിച്ച് ജാഗ്രതയോടെ ഇരിക്കാന്‍ രവികുമാര്‍ പറഞ്ഞു. മെയിന്‍ കോമ്പൗണ്ടിന് പുറത്തേക്കുള്ള ഗേറ്റിനും താഴിട്ടു. റിസർവിന് വന്നവരടക്കം എല്ലാ ഉദ്യോഗസ്ഥരെയും കോമ്പൗണ്ടിലെ ഓരോ സ്ഥലവും അരിച്ചുെപറുക്കാന് നിയോഗിച്ചു. ഹോര്‍ട്ടികോര്‍പ്പിന്റെ കൃഷിയിടങ്ങളില്‍ ഇറങ്ങിവരവെ പരിശോധന തുടങ്ങി. കരനെല്‍കൃഷി നടക്കുന്നിടത്തെ ഞാറുകള്ക്കിടയിലും തിരഞ്ഞു. കണ്ട്രോള് റൂമിലുള്ളവര്‍ മെയിന്‍ ഗേറ്റിന് സമീപത്തെ സി.സി.ടി.വി റെക്കോഡുകള്‍ റീപ്ലേ ചെയ്ത് സൂക്ഷ്മമായി നോക്കി. ആര്‍ക്കും ഒന്നും കണ്ടെത്താനായില്ല.
വിവരം അറിഞ്ഞപ്പോള്‍ ഗോപിയും അനീഷും ഞെട്ടിയത് മറ്റൊരു തിരിച്ചറിവിലാണ്. കുറച്ച് നേരമായി ജോസൂട്ടിയെയും കാണാനില്ല. എന്തുചെയ്യണമെന്ന ചോദ്യം ഇരുവരുടെയും കണ്ണുകളില്‍ ഇടഞ്ഞു. ചൂണ്ടുവിരല്‍ ചുണ്ടിന് മുകളില്‍വെച്ച്, മിണ്ടണ്ട എന്ന് ഗോപി ആംഗ്യം കാണിച്ചു. എങ്കിലും ജോസൂട്ടിയും മാര്‍ട്ടിനും കൂടി എങ്ങോട്ടാകും പോയിരിക്കുക എന്ന പരതല്‍ അനീഷിന്റെ കൃഷ്ണമണിയില്‍ തെന്നിത്തെറിച്ചു. എങ്ങനെ പോയാലും, എവിടെ പോയാലും കാത്തുകൊള്ളണേ എന്ന പ്രാർഥനയോടെ ഗോപി ശൂന്യമായ ആകാശത്ത് നോക്കി കണ്ണുകളടച്ചു.
സൂപ്രണ്ട് അസീസും ജയില്‍വകുപ്പ് ആസ്ഥാനത്തെ കൂടുതല്‍ ഉദ്യോഗസ്ഥരുമെത്തി. അസീസ് ജയില്‍ ഡി.ജി.പിയെയും ലോ ആൻഡ് ഓര്‍ഡര്‍ ഡി.ജി.പിയെയും വിളിച്ചു. സെന്‍ട്രല്‍ ജയിലിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലെ റോഡുകളിലെല്ലാം ബാരിക്കേഡ് വെച്ച് പരിശോധന തുടങ്ങാന്‍ ഏര്‍പ്പാട് ചെയ്തു. ആനിയുടെയും ഡാലിയയുടെയും കല്ലറകളുള്ള പള്ളികള്‍ക്ക് ചുറ്റും പട്രോളിങ്ങിന് ഡി.പി.ഒമാരെ ഡെപ്യൂട്ട് ചെയ്തു. ജയിലിനകത്താകട്ടെ ഉദ്യോഗസ്ഥരുടെയും സുമേഷടക്കം വിശ്വസ്തരായ തടവുകാരുടെയും കണ്ണുകള്‍ ഓരോ മൂലയും കുത്തിച്ചികഞ്ഞ് നോക്കി.
പക്ഷേ, മോഡുലാര്‍ കിച്ചണിലെ ക്ലീനിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന തടവുകാരാണ് അത് കണ്ടുപിടിച്ചത്. ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ പിന്നിലെ പൊന്തക്കാട്ടില്‍ കിടക്കുന്നു, മാര്‍ട്ടിന്റെ മൃതദേഹം.
അസീസും രവികുമാറും വാര്ഡന്മാരും പൊന്തക്കാട്ടിലേക്ക് ഓടിയെത്തി. അദര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കുറച്ച് തടവുകാരും. കൂട്ടത്തില്‍ ഗോപിയും അനീഷും ഉണ്ടായിരുന്നു. കുറ്റിച്ചെടികള്‍ക്കിടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തല ഇടതുവശത്തേക്ക് ചരിഞ്ഞിരുന്നു. അല്പം വലിച്ചു നീക്കിയതിന്റെ മണ്പാടുകളുമുണ്ട്. കഷണ്ടിത്തല നിറയെ പൂഴിമണ്ണ് പറ്റിയിരുന്നു. അനീഷ് ചരിഞ്ഞ് നിന്ന് നോക്കിയപ്പോഴാണ് കണ്ടത്, അയാളുടെ വെള്ളക്കണ്ണ് കത്തി കൊണ്ടോ മറ്റോ കുത്തിപ്പൊട്ടിച്ചിരുന്നു. കണ്‍കുഴികളില്‍നിന്ന് ഊര്‍ന്ന് തൂങ്ങിയ കണ്ണിലൂടെ ചോര വാര്‍ന്ന് തീര്‍ന്നിട്ടില്ല.
മനസ്സില്‍ ചില സംശയങ്ങള്‍ തികട്ടിവന്നതോടെ രവികുമാറിന്റെ അടുത്തേക്ക് ചെന്ന് അനീഷ് പറഞ്ഞു: "സാറെ ബോഡിയൊന്ന് തിരിച്ചിടണം. എന്റെ മനസ്സില്‍ ചില സംശയങ്ങളുണ്ട്."
ഗോപിയും പിന്നാലെ ചെന്നു. "തിരിച്ചിട്ട് നോക്കണം സാര്‍. അപ്പോ കാര്യമറിയാം. ഉറപ്പാണ്.''
ഇന്‍ക്വസ്റ്റിന്റെ നടപടിക്രമം ഓര്‍ത്ത് രവികുമാര്‍ അറച്ച് നിന്നതേയുള്ളൂ. അനുവാദം കൊടുത്തില്ല. ഉടന്‍ അസീസ് ഇടപെട്ടു. മൃതദേഹം തിരിച്ചിടാന്‍ അസീസ് കൈകൊണ്ട് ആംഗ്യം കാണിച്ചു.
ഗോപിയും അനീഷും ഒരു വശത്ത് ചേര്‍ന്ന് നിന്നിട്ട് മൃതദേഹം തിരിച്ചു കിടത്തി. അനീഷിന്റെ സംശയം ശരിയായിരുന്നു. അടിവയറിന് താഴെ കട്ടച്ചോരയുടെ വൃത്തം. കാലുകള്‍ക്കിടയിലെ കവയില്‍നിന്ന് ഒഴുകി, രക്തം മുണ്ടിലേക്ക് പടര്‍ന്നതാണ്. രക്തത്തിന്റെ പശിമയില് അടിവയറ്റിലെ രോമങ്ങള്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. അത് നോക്കിനില്‍ക്കെ അനീഷിന്റെ മനസ്സില്‍ പഴയൊരു ആയുധം അരം രാകി.
ഉടന്‍ അനീഷും ഗോപിയും ചുറ്റും പൊന്തക്കാട്ടില്‍ പരതാന്‍ തുടങ്ങി. സമീപത്തെ കുറ്റിക്കമ്പുകള്ക്കിടയില് തന്നെ, ഒരു വിരല്‍ നീളവും വലുപ്പവുമുള്ള മാംസക്കഷണം അവര്‍ കണ്ടു. വികാരങ്ങളുടെ ഇറച്ചിത്തുണ്ട്. ലിംഗത്തിന്റെ ഒരറ്റത്ത് മണ്ണ് പുരണ്ട് കൊഴുത്തുറഞ്ഞ ചോര. മറുവശം കത്തിത്തീരാന്‍ ഒന്നുമില്ലാത്ത കരിക്കട്ട പോലെ. മരിച്ചതിന് ശേഷമാകും ഇത്ര വെടിപ്പോടെ അറുത്തെടുത്തത്. പക്ഷേ കല്ല് കൊണ്ടോ മറ്റോ ആ ലിംഗം ഇടിച്ച് ചതച്ചിരുന്നു. ചവിട്ടിയരച്ച കറുത്ത അട്ടയെപ്പോലെ കിടന്ന ആ ലിംഗത്തിലേക്ക് എല്ലാവരുടെയും കണ്ണുകള്‍ കൂര്‍ത്ത് ചെന്നു.
പൊന്തക്കാട്ടില്‍നിന്ന് തലയുയര്‍ത്തിയ ഗോപിയും അനീഷും രവികുമാറിന്റെ മുഖത്തേക്ക് നോക്കി. വഞ്ചിക്കപ്പെട്ടതിന്റെ ഉഗ്രകോപംകൊണ്ട് അയാള്‍ രണ്ട് മുഷ്ടികളും മുറുക്കിപ്പിടിച്ച്, വായ പിളര്‍ത്തി അലറി വിളിച്ചു: "ജോസൂട്ടീ…"
ഏക്കറുകണക്കിന് വിസ്തൃതിയുള്ള ജയില്‍വളപ്പ് മുഴുവന്‍ കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍ അലറിയാണ് രവികുമാര്‍ വിളിച്ചത്. പക്ഷേ അത് കേള്‍ക്കാന്‍ ജോസൂട്ടി അവിടെയെങ്ങും ഉണ്ടായിരുന്നില്ല.