ആത്മബന്ധം - ബെൻ ഓക്രിയുടെ കഥ
മൊഴിമാറ്റം: ഡി. റോബിൻ ചിത്രീകരണം: കെ.എൻ. അനിൽ
അബദ്ധത്തിൽ (ഒരുപക്ഷേ, അങ്ങനെ അല്ലാതെയുമാകാം) ഞാനൊരു വീട്ടിലേക്ക് ചെന്നുകയറി. ശരിക്കും ഞാൻ മാർഗരറ്റ് ഭവനം തേടി നടക്കയായിരുന്നു. അതൊരു പാർപ്പിട സമുച്ചയമാണ്. എന്തുമാകട്ടെ, ഞാൻ ആ ഫ്ലാറ്റിനകത്തേക്ക് കടന്നുചെന്നു. ഗൃഹനാഥന് തോന്നിയത് അദ്ദേഹം ഒരിക്കലും കണ്ടിട്ടില്ലാത്തതോ, ഏറെക്കാലം മുമ്പ്...
Your Subscription Supports Independent Journalism
View Plansഅബദ്ധത്തിൽ (ഒരുപക്ഷേ, അങ്ങനെ അല്ലാതെയുമാകാം) ഞാനൊരു വീട്ടിലേക്ക് ചെന്നുകയറി. ശരിക്കും ഞാൻ മാർഗരറ്റ് ഭവനം തേടി നടക്കയായിരുന്നു. അതൊരു പാർപ്പിട സമുച്ചയമാണ്. എന്തുമാകട്ടെ, ഞാൻ ആ ഫ്ലാറ്റിനകത്തേക്ക് കടന്നുചെന്നു. ഗൃഹനാഥന് തോന്നിയത് അദ്ദേഹം ഒരിക്കലും കണ്ടിട്ടില്ലാത്തതോ, ഏറെക്കാലം മുമ്പ് ഒരിക്കൽമാത്രം കണ്ടിട്ടുള്ളതോ ആയ ഒരു ബന്ധുവാണ് ഞാൻ എന്നാണ്. സ്വകാര്യമായ പല കാര്യങ്ങളും അദ്ദേഹം എന്നോടു പറയാൻ തുടങ്ങി. ചില പരിചയക്കാരെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല തനിക്ക് ഉള്ളതെന്നും, നമ്മൾ അതും ഇതും മറ്റുള്ളതും ഒക്കെ എങ്ങനെ ചെയ്യണമെന്നും, ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ എന്റെ ഭാര്യ എങ്ങനെയാണ് ചെയ്തതെന്നോ ചെയ്യാതിരുന്നതെന്നോ ഒക്കെ. അദ്ദേഹം ഹൃദയം തുറക്കുകയും വ്യക്തിപരമായ പല സ്വകാര്യ സംഗതികളും വെളിവാക്കുകയും ചെയ്തു.
ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചു. തെറ്റുതിരുത്താൻ തുടക്കം മുതൽക്കേ ഞാൻ ശ്രമിച്ചു. എങ്കിലും അദ്ദേഹത്തിന് ഏറെ താൽപര്യം ഞാൻ മറ്റാരോ ആണെന്ന് വിശ്വസിക്കാനായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. വാശിയോടെ വായിട്ട് അലക്കിക്കൊണ്ടിരുന്ന അദ്ദേഹത്തെ തിരുത്താൻ ഒരു അവസരവും എനിക്ക് ലഭിച്ചില്ല.
മാത്രമല്ല, ഞാൻ ഇത് ശരിക്കും ആസ്വദിക്കാനും തുടങ്ങി. മറ്റൊരാളായി മാറുന്നതിൽ എനിക്ക് ആഹ്ലാദം തോന്നി. പൊടുന്നനെ ഒരു അന്യ കുടുംബത്തിന്റെ ഭാഗമാകുക. അവരുടെ സ്വന്തം ആളായി മാറുക. ഇതൊക്കെ അത്യന്തം സന്തോഷപ്രദമായിരുന്നു. സ്വന്തം ആകുന്നതിലെ രോമാഞ്ചം വിസ്മയം ഉളവാക്കുന്നതായിരുന്നു.
സമ്പന്നമായ ഒരു കുടുംബജീവിതത്തിന് ഉതകുന്ന സാധനസാമഗ്രികളാൽ ആ ഫ്ലാറ്റ് നിറഞ്ഞുകവിഞ്ഞിരുന്നു. വലിയ ഒരു കൂട്ടുകുടുംബമാണ് അതെന്ന് തീർച്ച. എന്നെ അഭിസംബോധന ചെയ്തുകൊണ്ടിരുന്നയാൾ ഒരു വിരുന്നിനുവേണ്ടി ഭക്ഷണം തയാറാക്കുകയായിരുന്നു. കേക്കിനുവേണ്ടിയുള്ള ചേരുവകൾ കൂട്ടിച്ചേർക്കുകയും സോസിനുവേണ്ടിയുള്ള കറിക്കൂട്ടുകൾ ചേർത്തിളക്കുകയുമായിരുന്നു അദ്ദേഹം. അവയുടെയെല്ലാം സുഗന്ധം ഹൃദ്യമായിരുന്നു. ആസന്നമായ വിരുന്നും ആ കുടുംബാന്തരീക്ഷവും എന്നെ മത്തുപിടിപ്പിച്ചു.
ഒരുപക്ഷേ, അദ്ദേഹം എന്നെ തെറ്റിദ്ധരിച്ചതാകില്ല. ശരിക്കും ഞാൻ അദ്ദേഹം കരുതിയ ആൾതന്നെയായിരിക്കാമെന്ന് എനിക്കു തോന്നിത്തുടങ്ങി. അദ്ദേഹം എന്നെ മറ്റൊരാളായി കണ്ടു. അപ്പോൾ ഞാൻ ശരിക്കും ആ മറ്റേയാൾ തന്നെയായിരിക്കും. ഒരുപക്ഷേ, ഞാൻ ഒരു സ്വപ്നത്തിൽനിന്ന് യാഥാർഥ്യത്തിലേക്ക് ഉണർന്നതാകും. എന്നെക്കുറിച്ച് അദ്ദേഹം കരുതിയതാകാം സത്യം. എന്റെ പഴയ അസ്തിത്വം ആ സ്വപ്നത്തിന്റെ ഭാഗമായിരിക്കാം. ചുമ്മാ ഇങ്ങനെ ചിന്തിച്ചിരിക്കെ പ്രതീക്ഷിക്കപ്പെട്ട യഥാർഥ വ്യക്തി ഏതു നിമിഷവും പ്രത്യക്ഷപ്പെട്ടേക്കാം എന്ന ഒരു തിരിച്ചറിവ് എന്റെയുള്ളിൽ വളർന്നുവന്നു. ഇല്ലെങ്കിൽ കടന്നുവരുന്നത് അയാളുടെ ഭാര്യയാകാം. അവർ എന്നെ തിരിച്ചറിയില്ല. എന്റെ ഉള്ളിലെ ആശങ്ക വർധിച്ചു. ഏതു നിമിഷവും എന്റെ മുഖംമൂടി അഴിച്ചുമാറ്റപ്പെടാം. അന്നേരം ഞാൻ എന്തു ചെയ്യും? ഞാൻ അസ്വസ്ഥനായി. അതെന്നെ പേടിപ്പിച്ചു. കരുതിക്കൂട്ടി എന്തെങ്കിലും ചെയ്തിട്ടല്ല ഞാൻ ഈ അവസ്ഥയിൽ എത്തിയത്. മറ്റൊരാൾ എന്ന് തെറ്റിദ്ധരിക്കപ്പെട്ട് ആ മുറിയിൽ കഴിഞ്ഞനേരം അത്രയും ഒരു വാക്കുപോലും ഞാൻ പറഞ്ഞിട്ടില്ല. ആത്മബന്ധത്തിനു വേണ്ടിയാണ് ഞാൻ ആഗ്രഹിച്ചത്. അവരുടെ സ്വന്തമായിത്തീരാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റെ മുഖംമൂടി അഴിച്ചുമാറ്റുന്ന ഒരു ശിക്ഷാവിധി ഉടനെ ഉണ്ടാകും എന്ന തോന്നൽ മരണംപോലെ എന്നെ ഭയപ്പെടുത്തി. ഗൃഹനാഥന്റെ സംഭാഷണം കേട്ടുകൊണ്ട് കാത്തിരിക്കുന്നതിനിടെ, ഒഴിവാക്കാൻ ആകാത്ത അപമാനത്തിലേക്ക് എന്നെ അടുപ്പിച്ചുകൊണ്ട് സമയം കടന്നുപോയി.
ആ ഫ്ലാറ്റിലേക്ക് വഴിതെറ്റി ചെല്ലും മുമ്പ് ഞാൻ ഒരു ബന്ധുവിനെ കാണാൻ വേണ്ടി നടക്കുകയായിരുന്നു. എന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു ബന്ധു അതായിരുന്നു. ഈ ലോകത്തെ എന്റെ അവസാന ലക്ഷ്യം അതാണെന്ന് ഞാൻ കരുതി. എനിക്ക് പോകാൻ മറ്റൊരിടവും ഇല്ലായിരുന്നു. ഇപ്പോൾ, ആഹാരവും ഉത്സവസമാനമായ അന്തരീക്ഷവും വാഗ്ദാനം ചെയ്യുന്ന ഈ കുടുംബം എനിക്കുണ്ട്. ഇതൊക്കെ ആണെങ്കിലും...
ഞാൻ അവിടെ നിൽക്കെത്തന്നെ എന്റെ പിന്നിലെ വാതിൽ തുറക്കപ്പെട്ടു. വസൂരിക്കലയുള്ള കറുത്ത ഒരു അറബ് വംശജൻ. പ്രായംചെന്ന ആ മാന്യദേഹം മുറിയിലേക്ക് കടന്നയുടനെ, ഇയാളുമായിട്ടാണ് ഞാൻ തെറ്റിദ്ധരിക്കപ്പെട്ടത് എന്നെനിക്ക് മനസ്സിലായി. താനാണ് യഥാർഥ ബന്ധു എന്ന് വിളിച്ചറിയിക്കുന്ന ഒരു ആധികാരികത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഞാൻ ആദ്യം നടുങ്ങിയത് എനിക്ക് ഇയാളുമായി ഒരു സാമ്യവും ഇല്ല എന്നതിലാണ്. ഞാൻ ചെറുപ്പമായിരുന്നു. ആരോഗ്യവാനും കാണാൻ കൊള്ളാവുന്നവനും ആയിരുന്നു. പാരമ്പര്യത്തിന്റെ കെണിയിൽ ഞാൻ കുടുങ്ങിയിട്ടില്ലായിരുന്നു. എനിക്ക് അയവുണ്ടായിരുന്നു. ഏതുവഴി പോകാനും എനിക്ക് കഴിയുമായിരുന്നു. എന്റെ മുന്നിൽ ഒട്ടേറെ ഭാവികൾ തുറന്നുകിടന്നിരുന്നു. ഈ മനുഷ്യൻ മനഃക്ലേശത്താൽ പരിക്ഷീണനാണ് എന്ന് തോന്നിച്ചു. അയാളുടെ മട്ടുംമാതിരിയും കണ്ടാൽ വഴിയടഞ്ഞ, ഭാവി നിർണയിക്കപ്പെട്ട, കടമകൾ നിശ്ചയിക്കപ്പെട്ട ഒരാളാണ് എന്നേ തോന്നൂ. ഏറ്റവും ചീത്ത അർഥത്തിൽ അദ്ദേഹം ഒരു മധ്യവയസ്കനായിരുന്നു. ഒട്ടും സ്വാതന്ത്ര്യമില്ലാത്ത, സ്വതന്ത്രമായി ചിന്തിക്കാൻപോലും കഴിയാത്ത ഒരാൾ. ഞാൻ ഇതൊക്കെ ഞൊടിയിടകൊണ്ട് ഗ്രഹിച്ചുവെങ്കിലും ഇതേപ്പറ്റിയെല്ലാം പൂർണമായ തിരിച്ചറിവുണ്ടായത് പിന്നീടു മാത്രമാണ്. എന്നാലും ഇയാളുമായി തെറ്റിദ്ധരിക്കപ്പെട്ടു എന്നത് എന്നിൽ വലിയ നടുക്കമാണ് ഉളവാക്കിയത്.
ഫ്ലാറ്റിലേക്ക് അയാൾ പ്രവേശിച്ചയുടനെ, ആദ്യം എന്നെ തെറ്റിദ്ധരിച്ച ഗൃഹനാഥൻ കണ്ണുകൾ ഉയർത്തി തനിക്ക് പരിചിതനായ യഥാർഥ ബന്ധുവിനെ നോക്കി. അദ്ദേഹം അയാളെ തിരിച്ചറിഞ്ഞു എന്ന് എനിക്ക് മനസ്സിലായി. ഇത്രമാത്രം അശ്രദ്ധരാകാൻ ആളുകൾക്ക് എങ്ങനെ കഴിയുന്നു! ഏതായാലും തൽക്ഷണം എന്റെ നേർക്ക് തിരിഞ്ഞ് ക്ഷോഭത്തോടെ അദ്ദേഹം ചോദിച്ചു:
''അങ്ങനെയെങ്കിൽ നീയാര്?''
ഇതേത്തുടർന്നാണ് എന്റെ കൺമുന്നിൽ സംഭ്രമജനകമായ സംഭവങ്ങൾ അരങ്ങേറിയത്. പൊതുജനമധ്യത്തിൽവെച്ച് എന്റെ മുഖംമൂടി വലിച്ചുകീറപ്പെട്ടു. പെട്ടെന്ന് എങ്ങുനിന്നോ അവിടേക്ക് ധാരാളം ആളുകൾ എത്തിച്ചേർന്നു. ബന്ധുവെന്ന് നടിച്ച് ഞാൻ തട്ടിപ്പിന് ശ്രമിച്ചുവെന്ന് ഉച്ചത്തിൽ അവരോടെല്ലാം വിശദീകരിക്കപ്പെട്ടു. ശക്തമായ വിമർശനങ്ങളും ശാപവചനങ്ങളും അമ്പരപ്പോടെയുള്ള തുറിച്ചുനോട്ടങ്ങളും അവിടെ ഉണ്ടായി. നിഷ്ഠുരനായ ഒരു കുറ്റവാളിയെപ്പോലെയാണ് ആളുകൾ എന്നെ തുറിച്ചുനോക്കിയത്. മൂടുപടത്തിനു പിന്നിലെ സ്ത്രീകൾ എന്നെ ഒരു ദുശ്ശകുനമായിട്ടാണ് കണ്ടത്. ജീവൻ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു. താമസിയാതെ ഞാൻ പുറത്തെ തെരുവിൽ എത്തി. ആ കൂട്ടുകുടുംബത്തിലെ ബന്ധുജനങ്ങൾ ഒരു ആൾക്കൂട്ടമായി എന്റെ ചുറ്റിലും നിലയുറപ്പിച്ചു. ഒരു ഭൂപടം എടുത്ത് നീട്ടിക്കൊണ്ട് ഞാൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു:
''അതൊരു പിശകായിരുന്നു. മാർഗരറ്റ് ഭവനം അഥവാ മാർഗരറ്റ് അങ്കണം അന്വേഷിക്കുകയായിരുന്നു ഞാൻ.''
ഈ ഒച്ചപ്പാടുകൾക്കെല്ലാം ഇടയിൽ, ഞാൻ തിരഞ്ഞുകൊണ്ടിരുന്ന ഇടത്തിന്റെ പേര് അടുത്ത കെട്ടിടത്തിൽ ഞാൻ കണ്ടു. ഞാൻ അവരുടെ രോഷപ്രകടനങ്ങളും ഉച്ചത്തിലുള്ള വിമർശനങ്ങളും നിശ്ശബ്ദം സഹിച്ചു. എന്നിട്ട് കുറച്ചുനേരത്തിനുശേഷം അടുത്ത കെട്ടിടത്തിലേക്ക്, എന്റെ യഥാർഥ ലക്ഷ്യത്തിലേക്ക് ഞാൻ പുറപ്പെട്ടു. എന്നാൽ, എന്നെ ബന്ധുവായി തെറ്റിദ്ധരിച്ച ആ ഗൃഹനാഥൻ എന്നോട് ഇങ്ങനെ പറഞ്ഞു:
''അവിടേക്ക് പോകരുത്. അവിടേക്ക് പോകാതെയിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്.''
ഞാൻ അന്നേരം മാർഗരറ്റ് ഭവനത്തിലേക്ക് ഒന്ന് നോക്കി. നിലത്തേക്കാണ് ഞാൻ നോക്കിയത്. ആളുകൾ അവിടെ തേരാപ്പാര ചുറ്റിത്തിരിയുന്നത് ഞാൻ കണ്ടു. അവർ പിടക്കുന്നുണ്ടായിരുന്നു. അവരുടെ ചലനങ്ങൾ ക്ഷീണിതമോ വക്രഗതിയിലുള്ളതോ ആയിരുന്നു. ആ ഇരുണ്ടരൂപങ്ങൾ കറുത്ത മേൽക്കുപ്പായങ്ങൾ അണിഞ്ഞിരുന്നു. അവരുടെ ഉടലുകളുടെ സ്ഥാനത്ത് വെറും നിഴലുകളായിരുന്നു. അവരെ കണ്ടാൽ നരകവാസികൾ ആണെന്നേ തോന്നൂ. പാദങ്ങളിൽ അദൃശ്യമായ ഈയക്കട്ടികൾ ഘടിപ്പിച്ചതുപോലെയാണ് അവർ നീങ്ങിയത്. ഒന്നിനെപ്പറ്റിയും ഒരു ധാരണയും അവർക്കില്ല എന്ന് തോന്നിച്ചു. കോൺക്രീറ്റ് പാകിയ മുറ്റമായിരുന്നു അതെങ്കിലും അവരുടെ കൂട്ടായ സാന്നിധ്യം അതിനെ നിഗൂഢവും പൈശാചികവും പ്രവചിക്കാനാകാത്തവിധം അപകടകരവുമാക്കിയിരുന്നു. അവർക്ക് ഭ്രാന്താണ് എന്ന് ഇത്തരം ചെറിയ സൂചനകളിലൂടെ തന്നെ വ്യക്തമായിരുന്നു...
അങ്ങോട്ടേക്ക് പോകാൻ തുടങ്ങിയെങ്കിലും ഗൃഹനാഥന്റെ സംഭാഷണത്തെ തുടർന്ന് ഞാൻ നടത്തം നിർത്തി. മാർഗരറ്റ് ഭവനത്തിന്റെ മുറ്റത്തെ കരിനിഴലിൽ ചുറ്റിത്തിരിയുന്ന മനുഷ്യരുടെ വൈകാരികമായ അസ്വാസ്ഥ്യങ്ങൾ എന്നെയും ബാധിച്ചു. അതേതുടർന്ന് ഞാൻ ദിശമാറ്റി ആ ആൾക്കൂട്ടത്തിന് അരികിലേക്ക് തിരികെച്ചെന്നു. എന്നിട്ട്, പുറത്തെ തെരുവിലൂടെ എന്റെ സ്വന്തം ജീവിതത്തിലേക്ക് ഞാൻ നടന്നു.