ചിറ
ലോകം ഇടിഞ്ഞുവീണാലും മലപോലെ ഒറച്ച് നിക്കണ മനുഷ്യനാണ്. ചെയ്ത പണിക്കും ചെയ്യാത്ത പണിക്കും കൈനിറയെ വാരിക്കോരി തന്നിട്ടുണ്ട്. കൂടും കുടുക്കയുമായി ഒതുങ്ങിക്കൂടാൻ തീരുമാനിച്ചപ്പോഴും കൈയഴിഞ്ഞു സഹായിച്ചു. എന്തുണ്ടേലും വിളിക്കാൻ മടിക്കരുതെന്നു പിൻബലം തന്നു. പക്ഷേ, വിളിച്ചില്ല. ഉച്ചമുതൽ പാതിരാത്രിവരെ ചൂടുകല്ലിന്റെ മുമ്പീനിന്ന് പത്തുമുപ്പതു കിലോ മാവിന്റെ പൊറോട്ട അടിക്കണ്...
Your Subscription Supports Independent Journalism
View Plansലോകം ഇടിഞ്ഞുവീണാലും മലപോലെ ഒറച്ച് നിക്കണ മനുഷ്യനാണ്. ചെയ്ത പണിക്കും ചെയ്യാത്ത പണിക്കും കൈനിറയെ വാരിക്കോരി തന്നിട്ടുണ്ട്. കൂടും കുടുക്കയുമായി ഒതുങ്ങിക്കൂടാൻ തീരുമാനിച്ചപ്പോഴും കൈയഴിഞ്ഞു സഹായിച്ചു. എന്തുണ്ടേലും വിളിക്കാൻ മടിക്കരുതെന്നു പിൻബലം തന്നു. പക്ഷേ, വിളിച്ചില്ല. ഉച്ചമുതൽ പാതിരാത്രിവരെ ചൂടുകല്ലിന്റെ മുമ്പീനിന്ന് പത്തുമുപ്പതു കിലോ മാവിന്റെ പൊറോട്ട അടിക്കണ് ണ്ട്. ജീവിക്കാനൊള്ളത് കിട്ടും. അത് മതീലോ.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
പൊലർച്ച നേരത്താണ് വിളിവന്നത്: ‘‘മുരുകാ... നീ വരണം.’’
കാര്യം പറഞ്ഞുതുടങ്ങുമ്പോള്‍ പാപ്പച്ചൻ മൊതലാളീടെ തൊണ്ടയിടറി.
ലോകം ഇടിഞ്ഞുവീണാലും മലപോലെ ഒറച്ച് നിക്കണ മനുഷ്യനാണ്. ചെയ്ത പണിക്കും ചെയ്യാത്ത പണിക്കും കൈനിറയെ വാരിക്കോരി തന്നിട്ടുണ്ട്. കൂടും കുടുക്കയുമായി ഒതുങ്ങിക്കൂടാൻ തീരുമാനിച്ചപ്പോഴും കൈയഴിഞ്ഞു സഹായിച്ചു. എന്തുണ്ടേലും വിളിക്കാൻ മടിക്കരുതെന്നു പിൻബലം തന്നു. പക്ഷേ, വിളിച്ചില്ല. ഉച്ചമുതൽ പാതിരാത്രിവരെ ചൂടുകല്ലിന്റെ മുമ്പീനിന്ന് പത്തുമുപ്പതു കിലോ മാവിന്റെ പൊറോട്ട അടിക്കണ് ണ്ട്. ജീവിക്കാനൊള്ളത് കിട്ടും. അത് മതീലോ.
പാപ്പച്ചൻ മൊതലാളിക്കൊപ്പം നിന്നാൽ ഇത്രേം വെയർക്കണ്ട. പക്ഷേ, എന്ത് ജീവിതം. നെഴലിനെപ്പോലും ഭയക്കണം. ഓരോ അടിവെക്കുമ്പഴും തിരിച്ചടികൾ പ്രതീക്ഷിക്കണം. കെണികൾക്കെടയിലൂടെയുള്ള ഞാണിന്മേൽ കളിയിൽ ശ്വാസമെടുക്കാൻപോലും മറന്നുപോകും.
ഇപ്പഴാണേ ഇച്ചിരി മനസ്സമാധാനം ഇണ്ട്. പണികഴിഞ്ഞ് പൊഴേലൊരു മുങ്ങിക്കുളി. നീലംമാവിന്റെ ചോട്ടീ ചമ്രംപടിഞ്ഞിരുന്ന് കഞ്ഞികുടി. തോട്ടത്തിലെ കാറ്റേറ്റ് ഒറക്കം. ഞെട്ടിയുണരാതിരിക്കാൻ ശിവാനീടെ കെട്ടിപ്പിടുത്തം.
എത്രയോ നേരത്തേ ചെയ്യേണ്ടതായിരുന്നെന്നോ... സ്വയം പഴിച്ചുകൊണ്ട് ശിവാനീടെ ചൂടിലേക്ക് ചുരുണ്ടുകൂടി.
“സമയം...” എപ്പഴും പറയണപോലെ ഇപ്പഴും അവൾ പറഞ്ഞു.
കിഴക്കൻമല തെളിഞ്ഞുവന്നു. മുറ്റത്തെ മാവിൽ അരിക്കിളികൾ ഉണർന്നു.
‘‘ചായ വെക്കട്ടെ.’’ പുൽപ്പായയിലേക്ക് ചൂട് പൊഴിച്ചിട്ട് ശിവാനി എഴുന്നേറ്റു. അഴിഞ്ഞുലഞ്ഞ സാരിയും മുടിയും വാരിച്ചുറ്റി, പലകച്ചുമരിലെ ദൈവങ്ങളെ തൊഴുത് മുറിയൊഴിഞ്ഞു.
ഭിത്തിയിലേക്ക് തലയിണ കുത്തിച്ചാരിവെച്ച് ഞാൻ ചരിഞ്ഞുകിടന്നു. മേശവലിപ്പീന്ന് ബീഡീം തീപ്പെട്ടീം കയ്യെത്തിച്ചെടുത്തു. ഓരോ പൊകേലും ലീലേടെ മുഖം തെളിഞ്ഞു. ചങ്ക് നീറി.
നീലഗിരീലെത്തീട്ട് വർഷം നാല് കഴിഞ്ഞു. ഉടുപ്പൂരിക്കളയണപോലെ അത്ര എളുപ്പായിരുന്നില്ല പഴേ ജീവിതത്തീന്ന് കുതറിമാറൽ.
‘‘അതേ… പഞ്ചാര കഴിഞ്ഞു.’’ അടുക്കളേന്ന് ശിവാനീടെ വിളി.
പതിയെ എഴുന്നേറ്റ്, പായക്കൊപ്പം ഓർമകളും ചുരുട്ടിവെച്ച് അങ്ങോട്ടേക്കു ചെന്നു.
പഞ്ചാര ഡപ്പീലേക്ക് ചായവെള്ളം തെറ്റിച്ച് ചില്ലുഗ്ലാസിലേക്കു പകർന്നുകിട്ടി. ആ ചൂടിനൊപ്പം, അടുക്കള വഴി പൊറത്തേക്കിറങ്ങി. അലക്കുകല്ലിൽ കുന്തിച്ചിരുന്ന് ചായ മോന്തി. ഓരോ ഇറക്കിലും പിള്ളേര്ടെ മുഖങ്ങൾ മനസ്സിൽ നെറഞ്ഞു.
‘‘അല്ലേ… പോയില്ലിതുവരെ?’’ മോറാനുള്ള പാത്രങ്ങളുംകൊണ്ട് പടുക്കേലേക്കിറങ്ങിയ ശിവാനി ചോദിച്ചു.
‘‘ശെരിക്കും പോണോ?’’ വെറുതെ കളിപറഞ്ഞു നോക്കി.
‘‘പോണം.’’ ശിവാനി കടുപ്പിച്ചു. പിന്നെ അപ്പീലില്ല.
‘‘പക്ഷേ, പാപ്പച്ചനുവേണ്ടി ആളെ തീർക്കാനല്ല. മനസ്സിലായോ?’’
മൂളിക്കൊണ്ട് ചരിവിറങ്ങുമ്പോൾ, എറേത്തെ തിണ്ണേല് പുസ്തകം വിടർത്തിയ പിള്ളേരെ കണ്ണിലൊടക്കി. മൂത്തത് കൈയുയർത്തി കാണിച്ചു. കുഞ്ഞി, നെറഞ്ഞു ചിരിച്ചു. കണ്ണ് കലങ്ങീത് കാണാണ്ടിരിക്കാൻ ധിറുതീല് മുഖംവെട്ടിച്ചു നടന്നു. ഒതുക്കുകല്ലുകൾക്കെടെലൂടെ തലനീട്ടിയ നാരകവേരിൽ പെരുവിരൽ തട്ടി ചോരപൊടിഞ്ഞു. നല്ലപോലെ നൊന്തു.
‘‘പൊലർച്ചേ കേറും. ബാക്ക്യൊക്കെ വഴിയേ...’’ പൊറോട്ടക്കൊള്ള മാവ് കൊഴക്കണേന്നു മുമ്പായി പാപ്പച്ചൻ മൊതലാളീനെ വിളിച്ച് കാര്യം പറഞ്ഞു.
‘‘എന്നെക്കൊണ്ട് സാധിക്കാഞ്ഞിട്ടല്ല. ആ പന്നികളെ നീ തന്നെ തീർക്കണം.’’ അങ്ങേര് എരിവുകേറ്റി.
‘‘ശെരി. കാണാം.’’ വട്ടകേല്ക്ക് മൈദേം മുട്ടേം പാലും മത്സരിച്ചൊഴിച്ച് കൊഴച്ചുമറിച്ചു.
‘‘നാളെ നീ എത്തില്ലേടാ?’’
പതിവിലും കൂടുതൽ പൊറോട്ടയടിച്ച് കാസറോളിലേക്കു കേറ്റണ കണ്ടപ്പോൾ മണിയണ്ണൻ സംശയിച്ചു.
‘‘കച്ചോടം മുടക്കില്ലണ്ണാ.’’ തീയൊഴിഞ്ഞ കല്ലിലേക്കു രണ്ടു മുട്ട പൊട്ടിച്ചൊഴിച്ചു. പാതിവേവിലേക്ക് പതുപതുത്ത രണ്ടു പൊറോട്ടയെടുത്തിട്ടു. എറച്ചിച്ചാറ് പാറിച്ച് ചട്ടുകംകൊണ്ട് കൊത്തിക്കീറി. ലീലക്കൊപ്പം മറ്റു രണ്ടു മുഖങ്ങളും ചൂടുകല്ലില്‍ തെളിഞ്ഞു.
കൂടപ്പുഴ അമ്പലത്തില്‍ കാവടിമഹോത്സവം കൊടിയേറിയതു മുതൽ ലീല മുഖം വീർപ്പിക്കുന്നു. കാരണം, പറയണില്ല. ചോദിച്ചതുമില്ല.
വേട്ടക്കൊരു മകൻ കാണാൻ കൊണ്ടുപോകാമെന്നു പിള്ളേര്‍ക്കു വാക്കുകൊടുത്തിരുന്നു. കൃത്യം അന്നുതന്നെ വേറൊരു സ്ഥലത്ത് കുടുങ്ങി. വെട്ടുസലിയും ഒപ്പണ്ടായിരുന്നു.
കോട്ടാറിലെ ഓട്ടുകമ്പനി പാപ്പച്ചൻ മൊതലാളി തീറാക്കി. ആറു അവകാശികളിൽ അഞ്ചുപേർ ഒപ്പിട്ടു. ഒരുത്തൻ മാത്രം ഒഴിഞ്ഞുമാറി. അവനെ തെരഞ്ഞ് പകൽ തീർന്നു. സന്ധ്യക്ക്, സദനം ബാറീന് ആളെ കിട്ടി. കിളിവാതിൽ കൗണ്ടറിലെ ഇടനാഴീലിട്ട് ചവിട്ടിക്കൂട്ടി. ചോരയും പതയും കക്കിയപ്പോൾ എവിടെ വേണേലും ഒപ്പിടാമെന്നായി.
‘‘നേരം വെളുക്കട്ടെ.’’ പാപ്പച്ചൻ മൊതലാളി പറഞ്ഞു: ‘‘അതുവരെ മൂഴിപ്പാടത്തെ മരമില്ലില്‍ കെടക്കട്ടെ. അറക്കവാളോണ്ട് വേറേം ചെല പണീണ്ടെന്ന് മനസ്സിലാക്കട്ടെ.’’
ആവേശത്തിൽ കാറിലേക്ക് കേറാൻ തുടങ്ങുമ്പഴാണ് ഓർത്തത്, വേട്ടക്കൊരു മകൻ.
‘‘എന്നാ നീയങ്ങോട്ട് ചെല്ല്.’’ ബൈക്കിന്റേം കാറിന്റേം ചാവികൾ പരസ്പരം കൈമാറുമ്പോൾ വെട്ടുസലി പറഞ്ഞു.
വഴിക്ക് ഒന്നുരണ്ടു കമ്പനിക്കാരെ കണ്ടെങ്കിലും എവിടേം നിർത്താന്‍ പോയില്യ.
കനാൽപ്പാലത്തിലേക്കു തിരിയുമ്പോൾ പട്ളക്കൂട്ടത്തിന്റെ എടേലോടെ നാണിത്തള്ളേടെ പിൻവിളി കേട്ടു.
ബൈക്കു തിരിച്ച് വെളിച്ചം നീട്ടി.
‘‘അവളും പിള്ളേരും പോയടെർക്കാ.’’ വാ നെറയെ മുറുക്കാനിട്ട് തള്ള ചൊമച്ചു.
പിടിച്ചു നിർത്തീട്ടും ഓഫായിപ്പോയ ബൈക്കിനെ കൊന്നപ്പത്തലിലേക്കു ചാരിവെച്ച് ഇരുട്ടുവഴി വീട് പിടിച്ചു.
കൊറച്ചുനേരം എറേത്ത് ചെന്നിരുന്നു. വാഴക്കൈകളിൽ കുടുങ്ങിയ കാറ്റിൽ പഞ്ചാരിമേളം. തെങ്ങുകൾക്കുമീതെ അമിട്ടുകൾ വിരിഞ്ഞുമായുന്നു. അകലെ അകലേ നീലാകാശം… ആരോ എസ്. ജാനകിയെ അനുകരിച്ചു പാടുന്നു.
പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നായലിയുകയല്ലേ…
കിണറ്റിങ്കരേല്‍ കുളിക്കാൻ നിക്കുമ്പോ സ്വയം യേശുദാസായി.
‘‘അവളേം പിള്ളേരേം കണ്ടോടാ?" ആലിൻചോട്ടീ കപ്പലണ്ടി വിൽക്കണ വേലായുധനോടാണ് ആദ്യം തെരക്കീത്. അവൻ ചട്ടുകം മലർത്തി.
കലാസദന്റെ ഗാനമേള ഒരു ചെയിൻ സോങ്ങിലൂടെ കൊടിയിറങ്ങി.
നടയടച്ചു. പൂരപ്പറമ്പിൽ ആളൊഴിഞ്ഞു. എന്നിട്ടും അവളേം പിള്ളേരേം കണ്ടില്ല.
ചെണ്ടക്കാരും ആനക്കാരും വിശ്രമിക്കണ ഊട്ടുപെരയുടെ വരാന്തേലോടെ ചുറ്റി നടക്കുമ്പോൾ തട്ടുമ്പൊറത്ത്ന്ന് കഥകളി പദങ്ങൾ കേട്ടു.
മുത്തുക്കുടകളും എണ്ണപ്പാട്ടകളും നിരന്നിരിക്കുന്ന അരമതിൽ കടന്ന്, മരഗോവണി കേറി മോളിലെത്തി. മുൻനെരേല് കൂനിക്കൂടിയിരിക്കണ നീലഫ്രോക്കുകാരിയെ ആദ്യം കണ്ണിലൊടക്കി.
‘‘അമ്മെവിടെ?’’ അവൾക്കൊപ്പം കുനിഞ്ഞിരുന്ന് കണ്ണോണ്ട് ചോദിച്ചു.
‘‘പൊരി വാങ്ങാൻ പോയതാ. കൊറേ നേരായപ്പേ.’’ വിതുമ്പിപ്പോയ അവളെ ചേർത്തുപിടിച്ച് കുഞ്ഞിയെ തെരക്കി. തീവെട്ടികൾ അടുക്കിവെച്ച മൂലയിലേക്ക് അവൾ തലവെട്ടിച്ചു. നെലത്തുവിരിച്ച പത്രക്കടലാസുകളുടെ മീതെ ചുരുണ്ടുകൂടിക്കെടക്കണ മഞ്ഞഫ്രോക്കുകാരി നെഞ്ചിൽ വിങ്ങി.
‘‘കുഞ്ഞിയെ നോക്കണേ മോളേ…’’ താഴേക്കെറങ്ങാൻ നേരം ഓർമപ്പെടുത്തി.
‘‘അപ്പേ…’’ ആർദ്രമായ വിളിക്കൊപ്പം പൂതനേടെ അലര്‍ച്ച മുഴങ്ങി.
‘‘പേട്യാവണൂ…’’ തണുത്തൊരു സ്പർശം കൈത്തണ്ടേലമര്ന്നു.
‘‘കളിയല്ലേ പൊന്നേ. പേടിക്കാതെ.’’ ആവുന്നപോലൊക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച് പടികളൂര്ന്ന് താഴെയെത്തി.
അമ്പലപ്പറമ്പിലും ആനക്കൊട്ടേലും കുളക്കടവിലും ലീലയെ കണ്ടില്ല. കുരുത്തോല തോരണം ചാര്‍ത്തിയ നടവഴിയിലൂടെ അങ്ങാടിവരെ നടന്നു. ഉണർന്നിരിക്കുന്ന മനുഷ്യന്മാരോടും മൃഗങ്ങളോടും തെരക്കി. അങ്ങനൊരാളെ ആരും കണ്ടിട്ടില്ല.
ആ രാത്രി ഊട്ടുപെരേല് കഴിച്ചുകൂട്ടി.
സുപ്രഭാതത്തിനു മുമ്പേ പിള്ളേരുണര്‍ന്ന് അമ്മേ തെരക്കി. രണ്ടുപേരുടേം കവിളുകളില്‍ മാറിമാറി ഉമ്മവെച്ചു.
“അമ്മ വരും...” ചുണ്ടില്‍ രുചിച്ച ഉപ്പുരസം മുണ്ടിന്റെ തുമ്പോണ്ട് ഒപ്പിയെടുത്തു.
കുഞ്ഞിയെ ഒക്കത്തെടുത്ത് പുഴവഴി വീട്ടിലേക്കു നടന്നു. കടത്തുമുക്കിലെ മദനന്റെ ചായക്കടേടെ മുമ്പിലെത്ത്യപ്പോ മൂത്തവള്‍ ആശ പറഞ്ഞു, മസാലദോശേം പാലുംവെള്ളോം വേണന്ന്.
പൊടിക്കട്ടനും മുറിബീഡിയുമായി മദനനോടു കുശലം പറയുമ്പോഴും മനസ്സുനെറയെ ലീലയായിരുന്നു. തൊട്ടേനും പിടിച്ചേനും വഴക്കിടുമെങ്കിലും ആളൊരു പാവായിരുന്നു.
ഒന്നും രണ്ടും പറഞ്ഞ് തെറ്റിപ്പിരിഞ്ഞാ പിള്ളേരെ രണ്ടിനേം ഒക്കത്തെടുത്ത് അഷ്ടമിച്ചിറക്കു വണ്ടിപിടിക്കും. ഏറിപ്പോയാ മൂന്നു ദിവസം. മക്കക്ക് അപ്പേ കാണാണ്ട് തൊണ്ടേക്കൂടി വെള്ളം എറങ്ങണില്യാന്നും പറഞ്ഞ് തിരിച്ചെത്തും.
ഇതിപ്പോ ആദ്യായിട്ടാണ് അവരെ കൂട്ടാതെ ഒറ്റക്കു പോണത്. അയ്നുംമാത്രം എന്തുട്ട് അപരാധാ ചെയ്തേന്ന് പിടികിട്ടണില്യ.
പിള്ളേരെ രണ്ടിനേം നാണിത്തള്ളയെ ഏൽപിച്ച് അഷ്ടമിച്ചിറക്കു ബൈക്ക് തിരിക്കുമ്പോള്‍ ഉച്ചവെയില്‍ പൊരിഞ്ഞു.
“എവ്ടെറാ ന്റെ മോള്...” ലീലേടെ അമ്മ നെഞ്ചത്തടിച്ച് അലറിക്കരഞ്ഞു. അച്ഛന് മിണ്ടീല്യ. ആളൊരു മൂര്യാണ്. ആരേം വകവെക്കാത്ത തന്നിഷ്ടക്കാരന്.
ചിറ കടക്കുന്നതുവരെ പ്രതീക്ഷയുണ്ടായിരുന്നു. അതാണ് മക്കളെ ഒപ്പം കൂട്ടാതിരുന്നത്. മടക്കയാത്രേല് ലീലേ പൊറകിലിരുത്തി ചെമ്മീന്കെട്ടുകള്ക്കെടേലൂടെ ബൈക്കോടിക്കണം. കടല്‍ കാണാന്‍ പോണം. കളി പറയണം. കുസൃതി കാട്ടണം. പൊട്ടിച്ചിരിക്കണം...
പാവം, ആഗ്രഹിച്ചിരുന്നു.
പക്ഷേ, ഒന്നിനും നിന്നുതരാതെ, ദുരൂഹത ബാക്കിവെച്ച് അവള് എവിടെയോ മറഞ്ഞുനിന്നു.
സന്ധ്യവരെ പലവഴിക്കും അന്വേഷണം തുടര്‍ന്നു. തളര്‍ന്നൊടിഞ്ഞ് കൊമ്പന്റെ ഷാപ്പിലിരിക്കുകയായിരുന്നു. അടുക്കളവശത്തൂടെ നാലഞ്ചു പൊലീസുകാര്‍ പാഞ്ഞുവന്നു. കൂടെയുണ്ടായിരുന്നവരൊക്കെ ചാടിയെഴുന്നേറ്റു. ഷാപ്പുകാരനെ പൊക്കാനാണെന്നാണ് എല്ലാവരും കരുതിയത്.
“കുതറരുത് മുരുകാ...” അടിനാഭിക്കു തൊഴിച്ചുകൊണ്ട് പരിചയമുള്ള പൊലീസുകാരന് കോളറില്‍ കുത്തിപ്പിടിച്ച് ജീപ്പിലേക്ക് കയറ്റി.
എതിര് സീറ്റില്‍ പാപ്പച്ചന് മൊതലാളീടെ തലയുയർന്നു. കൈകളില്‍ കിലുങ്ങിയ വിലങ്ങുകൾ ബാക്കി കഥ പറഞ്ഞു.
മൂഴിപ്പാടത്തെ മില്ലില്‍ പൂട്ടിയിട്ടവനെയും കാവല്‍ നിന്നവനെയും നേരം വെളുത്തപ്പോള്‍ മുതല്‍ കാണാനില്ല. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ആറുലക്ഷം രൂപയും സ്വാഹ.
‘‘അത് പോട്ടെന്നു വെക്കാം.’’ നേർത്ത ശബ്ദത്തിൽ പാപ്പച്ചൻ മൊതലാളി പറഞ്ഞു: ‘‘ഒപ്പ് പഴുപ്പിക്കാൻ വെച്ചവകയിൽ മുപ്പതു ലക്ഷം രൂപയാണ് നേരൊന്നു ഇരുട്ടി വെളുത്തപ്പഴേക്കും നഷ്ടം. അതും സാരല്യ. കോട്ടാറിലെ നാൽപത്തഞ്ചു സ്ഥലത്തിനോടും അതിൽ പടർന്നുകിടക്കുന്ന ഓട്ടുകമ്പനിയോടും വൈകാരിക ബന്ധണ്ട്. അപ്പൻ അവിടത്തെ പണിക്കാരനായിരുന്നു. തൊഴിലാളികളുടെ നേതാവായിരുന്നു. തീച്ചൂളേടെ മോളീന്ന് വീണാണ് മരിച്ചത്. ആ മണ്ണില്‍ കിനിയുന്ന നനവ് ജലല്ല. ന്റെപ്പന്റെ ചോര്യാണ്.
അതോണ്ടാണ് ആറു പേരിൽ ഒരുത്തൻ ഇടഞ്ഞുനിന്നിട്ടും മുഴുവൻ പണോം ഇറക്കീത്. ഒപ്പിട്ടുതന്ന അഞ്ചു പേരും കടൽ കടന്നു. ആറാമൻ, ഒറ്റയാൻ ഇതാ അപ്രത്യക്ഷനായിരിക്കുന്നു. അവന് ആളെ പിടികിട്ടിയെന്നാ തോന്നണേ. നാശം.”
എല്ലാംകൂടി കേട്ടിട്ട് തലക്കകത്തു കനൽക്കട്ടകൾ എരിയുന്നതുപോലെ തോന്നി. പിള്ളേര്ടെ മുഖങ്ങൾ ചങ്കിടിപ്പിന്റെ താളം തെറ്റിച്ചോണ്ടിരുന്നു.
തെളിവെടുപ്പിന്റെ ഭാഗായി സദയം ബാറിലും ഓട്ടുകമ്പനീലും കേറിയിറങ്ങി. ഒരുതവണ വീട്ടിലും പോയി. പിള്ളേര് രണ്ടും വാവിട്ടു കരഞ്ഞു. അവരുടെ അപ്പേ വിളിയിൽ നെഞ്ചു തകർന്നു. ചേർത്തുപിടിക്കാനോ ആശ്വസിപ്പിക്കാനോ ആകാതെ മരവിച്ചുപോയി.
‘‘ലീല?’’
മൂഴിപ്പാടത്തേക്കുള്ള വളവുപുളവുകളിൽ ആടിയുലയുമ്പോൾ പാപ്പച്ചൻ മൊതലാളി ചോദിച്ചു. ജീപ്പ് വലിയൊരു കുഴിയിലേക്ക് മുന്നുംകുത്തി വീണു. മൗനംകൊണ്ട് ചോദ്യങ്ങളുടെ വിടവുകൾ നികത്തി മുന്നോട്ടേക്കു പോയി.
തെളിവെടുപ്പ് കഴിഞ്ഞു മടങ്ങാന്‍ നേരം അർക്കപ്പൊടിക്കൂമ്പാരത്തിന്റെ അരികെ വാറുപൊട്ടിയ ഒരു പെണ്ചെരിപ്പ് അനാഥമായി കിടക്കുന്നതു കണ്ടു.
‘‘കള്ളുമോന്താൻ കാശ്ണ്ട്. ചെരിപ്പ് വാങ്ങണ കാര്യം പറഞ്ഞാൽ മോന്ത്യാവീർക്കും.’’ ലീലേടെ പതംപറച്ചിൽ ചെവികളിലേക്കു തുളച്ചുകയറി.
‘‘രണ്ടിനേം കൊല്ലണം.’’ പാപ്പച്ചൻ മൊതലാളിക്കൊപ്പം ഞാനും ശപഥം ചെയ്തു.
ജാമ്യംകിട്ടി വെളിച്ചം കണ്ടപാടെ വീട്ടിലേക്കല്ല പോയത്. കൂടെനടന്നു കുതികാൽ വെട്ടിയവരെ തിരഞ്ഞു. അവർ പോകാൻ സാധ്യതയുള്ള സകല സ്ഥലങ്ങളിലും അലഞ്ഞു. ഒരു പായേല് കൂടെ കിടന്നവളും ഒരു ബൈക്കില്‍ കൂടെ നടന്നവനും ഇത്രമേൽ അകലം സൂക്ഷിച്ചിരുന്നോ എന്ന ചിന്തയിൽ പക മുറുകി. അവര്‍ അവശേഷിപ്പിച്ച ഓരോ അടയാളവും തീരാമുറിവുകളായി.
പക്ഷേ, പിള്ളേര്ടെ അവസ്ഥ കണ്ടപ്പോൾ മനസ്സൊന്ന് അയഞ്ഞു. രണ്ടിനേം അഷ്ടമിച്ചിറ കൊണ്ടാക്കി ഇറങ്ങാൻ നേരം കുഞ്ഞി, അപ്പേന്നു വിളിച്ച് ചിണുങ്ങി.
‘‘ഇവറ്റങ്ങള്‍ക്ക് ചെലവിനൊള്ളത് കൊടുത്ത്ട്ട് പോടാ നാറീ...’’ പിന്നീന്ന് മൂരീടെ അലര്‍ച്ച; മിണ്ടാണ്ടിരി മനുഷ്യാന്ന് തടസ്സംപിടിച്ച അമ്മേടെ നേര്‍ക്ക് മെക്കെട്ടുകേറ്റം.
പച്ചക്ക് കൊളുത്താനാണ് തോന്നീത്. നെഞ്ചുവിരിച്ച് എറേത്തേക്കു കുതറുമ്പോൾ മൂത്തത് വട്ടംകേറിനിന്നു. ‘‘അപ്പക്കും ഞങ്ങളെ വേണ്ടല്ലേ?’’ -അവള് ചോദിച്ചു.
ജീവിതം മാറ്റിമറിച്ച ചോദ്യം.
രണ്ടിനേം വാരിയെടുത്ത് ചിറകടക്കുമ്പോൾ മാനത്തു മഴവില്ല് തെളിഞ്ഞു.
ഫെറി കഴിഞ്ഞൊള്ള ആദ്യവളവില്‍ ബൈക്ക് ഒതുക്കി. പേരില്ലാത്ത ഹോട്ടലീന്ന് പൊറോട്ടേം എറച്ചീം പൊതിഞ്ഞുവാങ്ങി.
മുടിഞ്ഞമ്പലം പോലെ ഇരുണ്ടുകെടക്കണ വീട്ടിലെത്തുമ്പഴേക്കും കുഞ്ഞി ഉറക്കംതൂങ്ങി. അവളെ തിണ്ണയില്‍ ചെരിച്ചുകിടത്തി, മൂത്തതിനെ കാവലിരുത്തി, അടുക്കളയിലേക്ക് കടന്നു. ചായപ്പാത്രം തെരയുന്നതിനെടേല് കൈതട്ടി സ്റ്റീല്‍പ്പാത്രങ്ങള്‍ തറയിലേക്കു ചിതറി. പിള്ളേരു രണ്ടും ഞെട്ടിപ്പെടെഞ്ഞെഴുന്നേറ്റ് അമ്മേ വിളിച്ച് കരഞ്ഞു.
അന്നേരം, തറയിലേക്കു കുനിയുമ്പോള്‍, മുപ്പത്തിയാറു വര്‍ഷത്തെ ജീവിതത്തിനെടേല് ആദ്യായിട്ട് ലോകത്തോടു മുഴുവന്‍ വെറുപ്പുതോന്നി; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു.
കിണറ്റിങ്കരേല്ക്ക് ചാഞ്ഞുനിക്കണ വാഴേന്ന് തൂശനില വെട്ട്യെട്ത്ത് എറേത്ത് വിരിച്ചു. പൊറോട്ടക്കും എറച്ചിക്കുമൊപ്പം കട്ടന്ചായേല് കുരുടാനൊഴിച്ച് അന്ത്യത്താഴമൊരുക്കി.
പക്ഷേ, ആരെടെയോ കുരുത്തത്തിനു ചത്തില്ല. തീപ്പെട്ടിക്കമ്പനിയിലേക്കു പോകണ പെണ്ണുങ്ങളാണ് കണ്ടത്, എറേത്ത് കെടന്ന് മൂന്നു ജീവന് പിടയണത്.
ഒരു മാസത്തോളം മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ കിടന്നു. മൂത്തതിന്റെ കാര്യം അൽപം പരുങ്ങലിലായിരുന്നു. ഉള്ളിലെ പരവേശം അടക്കാന്‍ കഴിയാതെ അവള് കട്ടിലീക്കെടന്ന് വലിഞ്ഞുമുറുകി.
ആരൊക്കയോ ഓടിക്കൂടി അവളുടെ കൈയും കാലും തോര്‍ത്തുകൊണ്ട് വരിഞ്ഞുകെട്ടി.
“കരയല്ലേ മോളേ... ചേച്ചിക്ക് ഒന്നൂല്ല്യാട്ടോ.” മുറി അടിച്ചുവാരാന്‍ വന്ന സ്ത്രീ കുഞ്ഞിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
“ചാവണേല്‍ ഒറ്റക്കങ്ങ് ചത്താല്‍ പോരായിരുന്നോ. ഇവറ്റങ്ങളെ ആരേലൊക്കെ വെള്ളം തോര്ത്ത്യെടുത്തേനേലോ.” ആ സ്ത്രീ കടുത്ത ദേഷ്യത്തില്‍ എന്നോടു പറഞ്ഞു.
മറുപടി, മുഴുത്തൊരു തെറിയായിരുന്നു.
എല്ലാരും നോക്കിനില്‍ക്കെ അവരെന്റെ ചെകിടത്ത് മാറിമാറിയടിച്ചു. തടുക്കാനോ എതിര്‍ക്കാനോ കഴിയാതെ അടിമുഴുവന്‍ കൊണ്ടു. അതിന്റെ പേരില്‍ അവരുടെ ജോലിയും ലോകത്തോടു മുഴുവനുമുണ്ടായിരുന്ന എന്റെ വെറുപ്പും പോയിക്കിട്ടി.
ഡെറ്റോള്‍ മണമുള്ള ആ സ്ത്രീയുടെ പേര് ശിവാനി എന്നായിരുന്നു. അവളുടെ ജീവിതകഥേലെ ഒരു ചെറു അധ്യായാകാനുള്ള ജീവിതംപോലും ജീവിച്ചിട്ടില്ലല്ലോ എന്ന കുറ്റബോധത്തില്‍ എന്റെ തലകുനിഞ്ഞു. കണ്ണുകള്‍ നിറഞ്ഞു.
തുടർജീവിതത്തിൽ പല തിരിച്ചറിവുകളും തിരുത്തലുകളും സംഭവിച്ചു. പക്ഷേ, മനുഷ്യസഹജമായ പകയും നിരാശയും കെട്ടിക്കിടക്കുന്ന ഒരു ചിറ മനസ്സിൽ പേറിക്കൊണ്ടു നടന്നു.
‘‘ലീല ഇതിലുമെത്രയോ ഭേദം.’’ ട്രെയിൻ യാത്രക്കൊള്ള ചൂടുവെള്ളവും തലേല് കെട്ടാനുള്ള തോർത്തും എടുത്തു തരുമ്പോൾ ശിവാനി പറഞ്ഞു: ‘‘ഒന്നില്ലേലും മക്കക്ക് വെഷം കൊടുത്തില്ലല്ലോ.’’
“അതെന്ത് ന്യായം?” മടിക്കുത്തിലൊളിപ്പിച്ച കത്തീടെ തണുപ്പിൽ അസ്വസ്ഥത തോന്നി.
‘‘ഒന്നു കണ്ടാൽ, മിണ്ട്യാല് ശിഷ്ടകാലം സ്വസ്ഥത കിട്ട്യാലോ.’’ മൂടൽമഞ്ഞിന്റെ അദൃശ്യതയിൽനിന്നും ശിവാനി അവസാനമായി ഓർമിപ്പിച്ചു.
ചോദ്യോമില്ല പറച്ചിലുമില്ല. രണ്ടിനേം കൊന്നുതള്ളാതെ ചങ്കിലെ കനമൊട്ട് കുറയാനും പോണില്ല.
പേരറിയാത്ത ഏതോ ഒരു സ്റ്റേഷനിൽ അതുവരെയുള്ള ആലോചനകളത്രയും ഇറങ്ങിപ്പോയി... ഏറെനേരം കഴിഞ്ഞിട്ടും ട്രെയിൻ അനങ്ങാതായപ്പോൾ തലേക്കെട്ടഴിച്ച് പൊറത്തേക്കിറങ്ങി. പ്ലാറ്റ്ഫോമിന്റെ മധ്യഭാഗത്തായി കണ്ട ചായക്കാരന്റെ അടുത്തേക്ക് ധൃതിയില്‍ നടന്നു.
‘‘ഒരു ചായ. വേഗം.’’ ഞാന്‍ പറഞ്ഞു.
കൽബെഞ്ചിലേക്കു ഫ്ലാസ്കെടുത്തുവെച്ച് അയാള്‍ ചായ ഊറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ ട്രെയിൻ നിശ്ശബ്ദം നീങ്ങിത്തുടങ്ങി.
ഓടിപ്പെടച്ച് അവസാന ബോഗീലേക്കു ചാടിക്കയറുമ്പോള്‍ കാറ്റുപിടിച്ച ഡോർ ഠപ്പേന്നു കൊട്ടിയടഞ്ഞു.
മരണത്തുമ്പിൽ തൂങ്ങിക്കിടക്കുമ്പോൾ കണ്ണുകളിൽ ഇരുട്ടുനിറഞ്ഞു. കൈവെള്ളയിൽ വിയർപ്പു പൊടിഞ്ഞു.
പെട്ടെന്ന്, ഒരു മനുഷ്യന് വാതിൽ വലിച്ചുതുറന്ന് കൈനീട്ടി. തീർത്തും ശുഷ്കിച്ച ആ കൈയിൽ പിടിച്ച് കരകയറുമ്പോള്‍ പുറത്തെ ഇരുട്ടിലേക്ക് വെള്ളക്കുപ്പികള്‍ പതിക്കുന്ന ശബ്ദം കേട്ട് ഉള്ളു കുളിര്‍ത്തു.
‘‘ഉറക്കം പോയതു നന്നായി.’’ സീറ്റിൽ കൊണ്ടിരുത്തി കുപ്പിവെള്ളം നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
നന്ദിസൂചകമായി ചെറുചിരിയോടെ ആ കണ്ണുകളിലേക്കു നോക്കി. അങ്ങനേ നോക്കിയിരിക്കെ ഉള്ളിലൊരു ആന്തലുയർന്നു. ശബ്ദം ഇടറി.
‘‘നിങ്ങൾ..?’’, ഞാന്‍ ചോദിച്ചു.
‘‘അതെ. അതുതന്നെ.’’ കൈയിലിരുന്ന വാരിക മടിയിലേക്കു മലർത്തിയിട്ട് നിസ്സാരമായി അയാൾ പറഞ്ഞു: ‘‘നിങ്ങളുടെ കെണിയില്‍നിന്നും ചാടിപ്പോയ ആറാമൻ.’’
ട്രെയിൻപോലും മൗനം പാലിച്ച ഏതാനും നിമിഷങ്ങൾക്കുശേഷം അയാളെ തൊട്ടുണർത്തി ഞാന്‍ ചോദിച്ചു: ‘‘ഒപ്പിട്ട് കൊടുത്ത് ഒളിവുജീവിതം അവസാനിപ്പിച്ചൂടെ?’’
വാരികയിലെ പേജുകള്‍ അലക്ഷ്യമായി മറിച്ചുകൊണ്ട് അയാൾ പറഞ്ഞു: ‘‘സ്വന്തമെന്നു കരുതി അടക്കിപ്പിടിക്കുന്നതിനൊക്കെ യഥാർഥ അവകാശികളുണ്ടെന്ന് ചിലരെയൊക്കെ ഇടക്കിടെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കലാണ് എന്റെ ജീവിതം. അതിലും വലിയ പ്രതികാരമുണ്ടോ?’’
ഓര്‍ത്തുനോക്കിയപ്പോള്‍ ആ പറഞ്ഞത് ശരിയാണെന്നു തോന്നി.
‘‘പക്ഷേ, ഒരു കാര്യണ്ട്…’’ അയാള്‍ തുടര്‍ന്നു...
പെട്ടെന്ന് ഇരുട്ട് നിറഞ്ഞു. ട്രെയിന്‍ ഒരു നീളന്തുരങ്കത്തിന്റുള്ളിലൂടെ വീര്‍പ്പുമുട്ടി കടന്നുപോയതുകൊണ്ട് സംസാരം വ്യക്തമായില്ല.
വെളിച്ചം വീഴുമ്പോള്‍ ആ മനുഷ്യന്റെ പൊടിപോലുമില്ല. ആദ്യമൊരു അമ്പരപ്പുതോന്നി. പിന്നെ, ഈ രാത്രിക്ക് ഒരു അർഥമുണ്ടായല്ലോ എന്ന ആശ്വാസത്തില്‍, അരയിലൊളിപ്പിച്ച കത്തി ജനാലവഴി പുറത്തേക്കു വലിച്ചെറിഞ്ഞ് എതിര് സീറ്റിലെ ശൂന്യതയിലേക്കു കാലുനീട്ടിവെച്ച് സ്വസ്ഥമായി കണ്ണുകളടച്ചു.
ട്രെയിന്‍, ഒരു പുഴ കടക്കുകയായിരുന്നു.
♦