ചെല്ലമ്മചരിതം
ആവിപാറുന്ന ചായയെയും ഉഴുന്നുവടകളെയും ഒരു നിമിഷം മറന്ന ഉപ്പങ്കാട് നിവാസികള്‍ ചെല്ലമ്മയുടെ ഉടലളവുകള്‍ ഉള്ളില്‍ കോറിയിടുകയും സംശയാശ്ചര്യാദികളോടെ ആദ്യം തങ്കപ്പനെയും ചെല്ലമ്മയെയും പിന്നെ അന്യോന്യവും മാറിമാറി നോക്കിയിരുന്നു. ''ക്രാ... ത്ഭൂ...'' എന്ന് ഉച്ചത്തില്‍ കാര്‍ക്കിച്ച്, വായില്‍ ചതഞ്ഞരഞ്ഞ് കിടന്നിരുന്ന മുറുക്കാന്‍ പുറത്തേക്ക് നീട്ടിത്തുപ്പിയ ചെല്ലമ്മ, ചിരപരിചിതയെപ്പോലെ മണ്‍കലത്തില്‍നിന്നും വെള്ളമെടുത്ത് മൂന്നുവട്ടം കുലുക്കുഴിഞ്ഞ് തുപ്പി. | ചിത്രീകരണം: ജിനേഷ് ബാബു കെ.
ഭാഗം ഒന്ന്ബാല-കൗമാരകാണ്ഡങ്ങള് ചരിത്രത്താളുകളില്‍ ഇടംപിടിക്കാതിരുന്നതിനാലോ, 'കടന്ന വെള്ളത്തില്‍ കട്ടയിട്ടിട്ട് കാര്യമില്ലെന്ന' തത്ത്വത്തില്‍ വിശ്വസിക്കുന്നവരായതിനാലോ ആവണം 'ഉപ്പങ്കാട്' എന്ന കടലോര ഗ്രാമവാസികള്‍ക്ക് ചെല്ലമ്മ ചരിതത്തിന്റെ പ്രഥമാധ്യായം തുടങ്ങുന്നത് യൗവനയുക്തയായ ചെല്ലമ്മയില്നിന്നാണ്. സ്വാതന്ത്ര്യപൂർവവും സ്വാതന്ത്ര്യാനന്തരവും...
Your Subscription Supports Independent Journalism
View Plansഭാഗം ഒന്ന്
ബാല-കൗമാരകാണ്ഡങ്ങള് ചരിത്രത്താളുകളില്‍ ഇടംപിടിക്കാതിരുന്നതിനാലോ, 'കടന്ന വെള്ളത്തില്‍ കട്ടയിട്ടിട്ട് കാര്യമില്ലെന്ന' തത്ത്വത്തില്‍ വിശ്വസിക്കുന്നവരായതിനാലോ ആവണം 'ഉപ്പങ്കാട്' എന്ന കടലോര ഗ്രാമവാസികള്‍ക്ക് ചെല്ലമ്മ ചരിതത്തിന്റെ പ്രഥമാധ്യായം തുടങ്ങുന്നത് യൗവനയുക്തയായ ചെല്ലമ്മയില്നിന്നാണ്. സ്വാതന്ത്ര്യപൂർവവും സ്വാതന്ത്ര്യാനന്തരവും തമ്മിലുള്ള വ്യത്യാസം ഇന്നും അജ്ഞാതമായ ഉപ്പങ്കാട് നിവാസികള്‍ക്ക്, സ്വാതന്ത്ര്യ-പൂർവ, സ്വാതന്ത്ര്യ-അനന്തര ഉപ്പങ്കാട് എന്ന പക്ഷഭേദവുമില്ല.
ഉപ്പങ്കാട്ടില്നിന്നും ആരുംതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലായെങ്കിലും, ഉപ്പങ്കാട്ടുകാരനൊരുവന് സ്വാതന്ത്ര്യസമരസേനാനി പെന്ഷന് അര്ഹനായിട്ടുണ്ടുതാനും. വഴിതെറ്റിയോ മറ്റോ ഉപ്പങ്കാട് വഴി നടന്നുവരുകയും ഉപ്പങ്കാട്ടുകാരുടെ മുല്ലപ്പെരിയാറായ വലിയകുളത്തിന്റെ ജലസമൃദ്ധിയില്‍ ആകൃഷ്ടനായി, കുളത്തിലിറങ്ങി നീന്തി രസിക്കുകയും ചെയ്ത ഒരു വെള്ളക്കാരന്, കുളപ്പടവില്‍ അഴിച്ചുവെച്ച വാച്ചും മൂട്ടില് പഞ്ഞിതിരുകിയ ഒരു കവര്‍ സിഗരറ്റും, സിഗരറ്റ് ലൈറ്ററും, ഒരു കറുത്ത കൂളിങ് ഗ്ലാസും പതിനൊന്നര രൂപയും മോഷ്ടിച്ചുകൊണ്ടോടിയ ഉപ്പങ്കാട്ടിലെ ചട്ടമ്പിയും ഉപ്പങ്കാട് ദേശം ഭയഭക്തിബഹുമാനാദരങ്ങളോടെ 'കുഞ്ഞീഷനങ്ങത്ത' എന്നുവിളിക്കുന്നവനുമായ പുത്തന്‍വീട്ടില്‍ കുഞ്ഞുകൃഷ്ണനാണ് സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്ഷന് കൈപ്പറ്റുന്ന വ്യക്തി.
സായിപ്പ് ഒരു ദരിദ്രവാസിയായിരുന്നെന്നും ഉപ്പങ്കാട്ടിലെ സമയവുമായി പുലബന്ധംപോലുമില്ലാത്തതും തെറ്റായ സമയം കാണിക്കുന്നതുമായ പൊട്ടവാച്ചായിരുന്നു അതെന്നും പിന്നീട് കുഞ്ഞുകൃഷ്ണന്തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെങ്കിലും, മോഷണവശാല് കരഗതമായ വാച്ചും കണ്ണടയും സിഗരറ്റ് കവറും ശിഷ്ടജീവിതത്തില്‍ കുഞ്ഞുകൃഷ്ണന്റെ ഭാഗമായി മാറുകയുണ്ടായി. സാന്ദര്‍ഭികമായി പരാമർശവിധേയനായതാണെങ്കിലും കുഞ്ഞുകൃഷ്ണനും ചെല്ലമ്മചരിതത്തില് തനതായ ഇടംനേടിയ വ്യക്തിയാണ്.
സ്ത്രീ ശാക്തീകരണവും സമത്വവാദവും പിറവികൊള്ളുന്നതിനും ഏറെ മുമ്പുള്ള ഒരു ധനുമാസത്തിലെ തണുത്ത വെളുപ്പാന്‍ കാലത്താണ് കള്ളന് തങ്കപ്പനൊപ്പം ചെല്ലമ്മ ഉപ്പങ്കാട്ടില് കാലുകുത്തുന്നത്. ഉപ്പങ്കാട്ടിലെ ഏക ചായക്കടയായ വേലുപ്പിള്ളയുടെ 'ലക്ഷ്മി വിലാസ'ത്തില്‍ ചൂട് ചായയും ഉഴുന്നുവടയും രുചിച്ചിരുന്ന ചട്ടമ്പി കുഞ്ഞുകൃഷ്ണന്‍, നല്ലതമ്പി, പ്രസംഗ്യാര് യോഹന്നാന്, ചാരായം വാറ്റുകാരന്‍ വെള്ളയ്യന്, കാവിലെ പൂജാരിയും വെളിച്ചപ്പാടുമായ ശശാങ്കന് നാടാര്‍, ബാര്‍ബര്‍ കൃഷ്ണന് വൈദ്യര്, വില്ലടിച്ചാമ്പാട്ടുകാരനായ ഉല്പ്പലാക്ഷന് എന്നിവരായിരുന്നു ചെല്ലമ്മദര്ശനഭാഗ്യം ആദ്യം സിദ്ധിച്ച പൗരപ്രമുഖര്‍. പച്ചയില്‍ കള്ളികളുള്ള കൈലിയും കറുത്ത ബ്ലൗസും ഇടുപ്പില്‍ തിരുകി, മാറിടത്തിലൂടെ തോളിലേക്ക് അലക്ഷ്യമായി ഇട്ടേക്കുന്ന തോര്‍ത്തുമായിരുന്നു ചെല്ലമ്മയുടെ വേഷം. അഞ്ചര അടിയോളം ഉയരം, വെളുത്തനിറം, ഉച്ചികെട്ടിവെച്ച സമൃദ്ധമായ തലമുടി, നെറ്റിയിലൊരു കരിപ്പൊട്ട്, കണ്മഷിയാല് വാലിട്ടെഴുതി സുന്ദരമാക്കിയ കണ്ണുകളും പുരികവും. നീണ്ടമൂക്കിലും കാതുകളിലും ഓരോ തുള്ളി പൊന്‍തിളക്കം. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍.
ആവിപാറുന്ന ചായയെയും ഉഴുന്നുവടകളെയും ഒരു നിമിഷം മറന്ന ഉപ്പങ്കാട് നിവാസികള്‍ ചെല്ലമ്മയുടെ ഉടലളവുകള്‍ ഉള്ളില്‍ കോറിയിടുകയും സംശയാശ്ചര്യാദികളോടെ ആദ്യം തങ്കപ്പനെയും ചെല്ലമ്മയെയും പിന്നെ അന്യോന്യവും മാറിമാറി നോക്കിയിരുന്നു.
''ക്രാ... ത്ഭൂ...'' എന്ന് ഉച്ചത്തില്‍ കാര്‍ക്കിച്ച്, വായില്‍ ചതഞ്ഞരഞ്ഞ് കിടന്നിരുന്ന മുറുക്കാന്‍ പുറത്തേക്ക് നീട്ടിത്തുപ്പിയ ചെല്ലമ്മ, ചിരപരിചിതയെപ്പോലെ മണ്‍കലത്തില്‍നിന്നും വെള്ളമെടുത്ത് മൂന്നുവട്ടം കുലുക്കുഴിഞ്ഞ് തുപ്പി, അൽപം വെള്ളം മുഖത്തേക്കും മോറിച്ച് തിരിഞ്ഞു. ഉപ്പങ്കാട് നിവാസികള്‍ക്ക് അഭിമുഖമായിനിന്നുകൊണ്ട് അരയിലെ തോര്‍ത്തിന്റെ കുത്തഴിച്ച് മേലേക്കുയര്‍ത്തി മുഖം തുടച്ചു. ചെല്ലമ്മയുടെ അനാവൃതമായ വെളുത്ത വയറിലേക്ക് സാകൂതം നോക്കിപ്പോയ ഉപ്പങ്കാട് ജനത, പരിതാപപൂർവം കൈകളിലും ചില്ലുപെട്ടിയിലും ഇരുന്ന ഉഴുന്നുവടകളെയും ശേഷം വേലുപ്പിള്ളയുടെ മുഖത്തേക്കും നോട്ടമെറിഞ്ഞു. വേലുപ്പിള്ള തിടുക്കത്തില്‍ പമ്പ് ചെയ്ത് പെട്രോമാക്സിന്റെ വെട്ടംകൂട്ടി.
''ഇത്തുപ്പോലം നീങ്ങീര്യണ്ണാ...'' കുഞ്ഞുകൃഷ്ണനോട് പറഞ്ഞുകൊണ്ട് ചെല്ലമ്മ െബഞ്ചിലിരുന്നു.
''തങ്കപ്പേണ്ണാ... ഇരിക്കീന്നേയ്...'' ചെല്ലമ്മ തങ്കപ്പനെയും അടുത്തു വിളിച്ചിരുത്തി.
''ഇതാരടേയ്... തങ്കപ്പാ... ഈന് നുമ്പ് ഈടെങ്ങും കണ്ടിട്ടില്ലല്ലാ... നല്ലപ്പം വരണതാ...'' വേലുപ്പിള്ള തങ്കപ്പനെ നോക്കി ജിജ്ഞാസയുടെ കെട്ടഴിച്ചു.
''വോ... ണ്ണാ... നല്ലപ്പന്തന്നെ... ന്റൂടി പൊറുപ്പിന്‍ വന്നേണ്... സൊപ്പം കെഴക്കാണ് വീട്... പേര് ചെല്ലമ്മ...''
ചെല്ലമ്മ എല്ലാപേര്‍ക്കുമായി ഒരു ചിരി സമ്മാനിച്ചു. അനന്തരം കുഞ്ഞുകൃഷ്ണനോടായി ചോദിച്ചു:
''വീഡിയൊണ്ടാണ്ണാ... ഒരെണ്ണന്തരാന്...''
കുഞ്ഞുകൃഷ്ണന്‍ സായിപ്പിന്റെ പക്കല്‍നിന്നും മോഷ്ടിച്ച സിഗരറ്റ് പായ്ക്കറ്റ് പുറത്തെടുത്ത് അതില്‍നിന്നും ഒരു തെറുപ്പ് ബീഡിയെടുത്ത് ചെല്ലമ്മക്കു നേരെ നീട്ടി.
''ഒണ്ടെങ്കി ഒരെണ്ണം തങ്കപ്പേണ്ണനുങ്കൂടി കൊടുക്കീം...'' ചെല്ലമ്മ പറഞ്ഞു.
കുഞ്ഞുകൃഷ്ണന്‍ തങ്കപ്പനും ഒരു ബീഡി നല്‍കിയശേഷം സിഗരറ്റ് ലൈറ്റര്‍ തെളിച്ച് ചെല്ലമ്മക്കു നേരെ നീട്ടി.
''അമ്പമ്പോ... ഇതെന്തര് സൂത്തറം... കൊള്ളാല്ലീ...'' ചെല്ലമ്മ സിഗരറ്റ് ലാമ്പ്കണ്ട് അത്ഭുതംകൂറി.
''വെള്ളക്കാരന്റേന്ന് മോട്ടിച്ചേണ്... ലോ...ലാ വാച്ചും...'' െബഞ്ചിന്റെ മറുതലയ്ക്കലിരുന്ന നല്ലതമ്പി ചെല്ലമ്മയോട് പറഞ്ഞു.
കുഞ്ഞുകൃഷ്ണന്‍ രൂക്ഷമായൊരു നോട്ടം നല്ലതമ്പിക്ക് സമ്മാനിച്ചു.
''ചെറേണേന്തരിന്..? ഒള്ളേല്ലേ...ങ്ങത്തേ ഞാമ്പറഞ്ഞേ..?'' നല്ലതമ്പി തന്റെ സത്യസന്ധത ചെല്ലമ്മക്കു മുന്നില്‍ തുറന്നുകാട്ടി.
''വെള്ളക്കരന്റേന്നല്ലേ... ചൊണയായ്പ്പെയ്യണ്ണാ.. നായ്ക്ക്പെറന്നോമ്മാര് നൂലുന്തുണീം ഇല്ലാതെ ഈടെക്കെ കെടന്ന് കറങ്ങണതെന്തരിനാണ്..? പെണ്ണ് പിടിക്കാന്‍തന്നെ... അല്ലാതെ വേറെന്തരിന്... മൂടുമ്മൊലേങ്കുലുക്കി കൊറെ വെള്ളക്കാരിയളും എറങ്ങീറ്റൊണ്ട്... കോണോത്തീത്തീട്ടം മാറാത്ത പയലുകളെയാണ് ഐത്തിങ്ങക്ക് പത്ത്യം... തൂറ്യാച്ചവിരിക്കാത്ത എമ്പോക്ക്യള്...'' ചെല്ലമ്മ കുഞ്ഞുകൃഷ്ണന്റെ ഭാഗം ചേര്‍ന്ന് വൈദേശീയര്ക്കെതിരെ ശക്തിയുക്തം ആഞ്ഞടിച്ചു.
''കെട്ടുമ്മറ്റും ഒടനെ ഒണ്ടോടേയ്...'' കുഞ്ഞുകൃഷ്ണന്‍ തങ്കപ്പനോടായി ചോദിച്ചു.
''ഒന്നും തീരുമാനിച്ചില്ലങ്ങത്തേ... കൂടെപ്പൊറുക്കാന്‍ വരട്ടാന്ന് ചോയ്ച്ച്... വരാമ്പറഞ്ഞ്... വിളിച്ചോണ്ടുമ്പോന്നു...''
തങ്കപ്പന് മറുപടി പറഞ്ഞു.
കോളറ, തീരമാകെ പിടിമുറുക്കിയശേഷം ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കാനായി ഉപ്പങ്കാട്ടിലും കുടുംബാസൂത്രണക്യാമ്പ് സംഘടിപ്പിക്കുകയും ക്യാമ്പില്‍ പങ്കെടുക്കുന്ന പുരുഷന്മാര്ക്ക് ഏഴ് രൂപയും ഇടങ്ങഴി നെല്ലും ഒരു ചുവന്ന ബക്കറ്റും പാരിതോഷികമായി ആരോഗ്യ വകുപ്പ് നല്‍കുകയും ചെയ്തിരുന്നു. അന്ന് തങ്കപ്പന്റെ കയ്യിലും ഒരു 'ചെവല വക്കറ്റ്' ഉണ്ടായിരുന്ന കാര്യം ഒാർമയിലെത്തിയിട്ടും, ചെല്ലമ്മ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയില്‍ ആരുംതന്നെ അക്കാര്യം മിണ്ടിയില്ല.
''കെട്ടാതെ കൂടെപ്പൊറുപ്പിച്ച് ആളോളെക്കൊണ്ട് അതൂതും പറയിപ്പിക്കണത് എന്തരിനാണ്... തങ്കപ്പാ... കന്നന്തിരിവ് പിടിച്ച് കൂട്ടങ്ങളൊള്ള ഏലായാണ്... കാവീക്കൊണ്ടോച്ച് ഒരു കെട്ട്നടത്ത് അങ്ങനേങ്കിലും ഒരീസം നീയൊരു ഉടിപ്പിട്ട് ഞങ്ങള്‍ കാണട്ട്...'' ചായ ഡസ്കിനു മുകളില്‍ ഒച്ചയോടെ വെച്ചുകൊണ്ട് വേലുപ്പിള്ള പറഞ്ഞു.
''അതക്കെപ്പോട്ട് നീ ജാതിക്കെന്തര് ചെല്ലാ...'' കൃഷ്ണന് വൈദ്യരുടെ ജിജ്ഞാസ പൊടുന്നനെ പുറത്തു ചാടി.
''പെഞ്ചാതി... കണ്ടാ അറിഞ്ഞൂടേ വൈത്യരേ...'' കുഞ്ഞുകൃഷണനാണ് മറുപടി പറഞ്ഞത്.
''ജാതീമ്മതോക്കെ എന്താരായായാലും ഇപ്പോ എന്തര്..? സ്നേഹോല്ലേണ്ണാ മൊണ്ണന്... മ്മള് കെട്ടാനുമ്പൂട്ടാനോന്നും പോണില്ല. കെട്ടാതെ കെടന്നാലും പിള്ളേള് പെറക്കോണ്ണാ...'' പൊട്ടിച്ചിരിച്ചുകൊണ്ട് ചെല്ലമ്മ പറഞ്ഞു.
''പയ്യെച്ചിരി പെണ്ണേ... തുപ്പല് തെറിക്കണ്...'' തങ്കപ്പന് ചിറികോട്ടി.
ചായകുടി കഴിഞ്ഞ് ബ്ലൗസിനുള്ളില്നിന്നും മുഷിഞ്ഞ ഒരുരൂപ നോട്ടെടുത്ത് വേലുപ്പിള്ളക്ക് കൊടുത്തുകൊണ്ട് തങ്കപ്പനേയും കൂട്ടി ചെല്ലമ്മ പുറത്തേക്കിറങ്ങും വഴി ഇങ്ങനെ പറഞ്ഞു:
''ങ്കിപ്പിന്നെ... അണ്ണമ്മാരിരിക്കേല്ലേ... ഞങ്ങള്‍ പോയിമ്മിച്ച് വരാം... ഇനിമേ... വെളുപ്പാങ്കാലത്ത് ചായ കുടിക്കാന്‍ ഞാനും കാണുങ്കേട്ടാ...''
ഭാഗം രണ്ട്
കള്ളനാണെങ്കിലും തങ്കപ്പന് ഉപ്പങ്കാട്ടില്നിന്നും അധികമൊന്നും മോഷ്ടിക്കാറില്ല. ഷര്‍ട്ട് ധരിക്കാത്തതുപോലെ തന്നെ മറ്റൊരു ശീലം കൂടി തങ്കപ്പനുണ്ട്. രാത്രിയില്‍ തങ്കപ്പന് വീട്ടില്‍ കിടന്ന് ഉറങ്ങാറില്ല. ജോലികഴിഞ്ഞ് വെളുപ്പാങ്കാലത്ത് വേലുപ്പിള്ളയുടെ ചായക്കടയിലെത്തി, ചായകുടിച്ചശേഷം മാത്രമേ വീട്ടിലേക്ക് പോകാറുള്ളൂ. ചെല്ലമ്മയെ ഒപ്പം കൂട്ടിയശേഷം ആ ശീലത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിച്ച ഉപ്പങ്കാട്ട് ജനതക്ക് നിരാശിക്കേണ്ടിയും വന്നു.
ആഴ്ചയില്‍ രണ്ടുദിവസം തങ്കപ്പന് ചായക്കടയില്‍ വരാറില്ല. ആറാലുമ്മൂട് ചന്തദിവസങ്ങളായ ബുധനും ശനിയും തങ്കപ്പന് ചന്തയില്‍ ചുമടെടുക്കാന്‍ പോകും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാത്രിയില്‍ ചന്തയിലെത്തുന്ന തങ്കപ്പന് അടുത്ത ദിവസങ്ങളില്‍ ചന്തപിരിഞ്ഞതിനു ശേഷം മാത്രമാവും വീട്ടിലെത്തുക. വൃദ്ധനായ പിതാവ് ശങ്കരനൊപ്പമാണ് തങ്കപ്പന്റെ താമസം.
വസ്തുതരവന് എന്ന നിലയിലും തങ്കപ്പന് അറിയപ്പെടാറുണ്ടെങ്കിലും നാളിതുവരെ തങ്കപ്പന് മുഖേന ഒരു വസ്തു ഇടപാടുപോലും നടന്നിട്ടുള്ളതായി ആര്‍ക്കും അറിവില്ല. എങ്കിലും ഉപ്പങ്കാട്ടിലെ പ്രമാണിമാര്‍ തങ്കപ്പനെക്കാണുമ്പോള് ഇങ്ങനെ ചോദിക്കാറുണ്ട്:
''സലം വല്ലോം കെടക്കണാ തങ്കപ്പാ... സൊപ്പം ചുളുവില്‍ കിട്ടണത്..?''
ചോദ്യകര്‍ത്താക്കളെ തങ്കപ്പന് ഒരിക്കലും നിരാശരാക്കാറില്ല.
''ഇത്തുപ്പൂലം കെഴക്ക് മാറി നാലഞ്ചേക്കറ് കെടക്കണൊണ്ടങ്ങത്തേ... മരിച്ചിനി വെളയാണ്. ഏക്കറിന് എഴുന്നൂറ് വെച്ചാണ് ചോദിപ്പ്... കിട്ട്യാ നേട്ടന്തന്നെ... കൂട്ടത്തീച്ചേന്ന് അരയേക്കറ് പെറമ്പോക്കും കൂടീണ്ട്. അയ്ന് കായൊന്നും കൊടുക്കേമ്മേണ്ട... എന്തരായാലും മറ്റന്നാ ചന്തേപ്പോയിമ്മിച്ച് വരണവഴി ഞാന്‍ അതുവഴിയൊന്ന് കറങ്ങിവരാം...''
മറുപടിയില്‍ ആകൃഷ്ടനാവുന്ന ചോദ്യകര്‍ത്താവ് ''വഴിച്ചെലവിന് ഇതിരിക്കട്ട് തങ്കപ്പാ...'' എന്നുപറഞ്ഞ് രണ്ടു മുതല്‍ അഞ്ചു രൂപാവരെ തങ്കപ്പന് നല്‍കിയശേഷമാകും യാത്രയാവുക. പിന്നെയെപ്പോഴെങ്കിലും തമ്മില്‍കാണുമ്പോള്‍ പറയാനുള്ള മറുപടിയും തങ്കപ്പന് സദാ കരുതിയിരിക്കും.
''അത് പെപ്പോയ്യ് അങ്ങത്തേ... ഒരു പാണ്ടി വെലയൊതുക്കിക്കളഞ്ഞ്. മരച്ചിനി മാറ്റി കൊക്കോ നടാനെക്കൊണ്ട് കളം വെട്ടണ് ഞാമ്പെയ്യപ്പം. വെഷമിക്കേന്നുമ്മേണ്ട... മ്മക്ക് വേറെ നോക്കാന്നേയ്... സൊപ്പം വടക്ക് മാറി ഇത്തുപ്പൂലം കരകെടക്കണെന്ന് ഒരാളുവശം അറിഞ്ഞിറ്റൊണ്ട്. തോനേന്നും ഇല്ല ഒന്നരയേക്കറും അരയേക്കറ് പെറമ്പോക്കും.. വെലയൊതുങ്ങ്യാ മ്മക്കത് ശരിപ്പെടുത്താം. എന്തരായാലും ഞാമ്പോയൊന്ന് നോക്കീമ്മിച്ച് വരാം...''
അന്നും രണ്ടോ... അഞ്ചോ വഴിച്ചെലവിനായി തങ്കപ്പന് തടയുകയും ചെയ്യും.
ഭാഗം മൂന്ന്
ഉച്ചയൂണിനുശേഷം തങ്കപ്പന് ചെല്ലമ്മയേയുംകൂട്ടി ഉപ്പങ്കാട് കാണാനിറങ്ങി. കണ്ണില്‍ കണ്ടവരോടൊക്കെയും ചെല്ലമ്മ വാതോരാതെ വര്‍ത്തമാനം പറഞ്ഞു. അസുഖബാധിതര്ക്കൊക്കെയും ഒറ്റമൂലിയും പച്ചമരുന്നും പറഞ്ഞുകൊടുത്തു. വയറ്റുകണ്ണികളുടെ വയറില്‍ നോക്കി കൃത്യമായ മാസവും പ്രസവത്തീയതിയും വയറില്‍ വളരുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നും പ്രവചിച്ചു. വാഴപ്പണയിലിരുന്ന് തങ്കപ്പനും ചെല്ലമ്മയും വാറ്റുചാരായം കുടിച്ചു. ബീഡി പുകച്ചു. ഒറ്റ ദിവസം കൊണ്ടുതന്നെ ചെല്ലമ്മയെ ഉപ്പങ്കാട് ദേശം അറിഞ്ഞു.
അടുത്ത ദിവസം വെളുപ്പിന് ചെല്ലമ്മ തനിച്ചാണ് 'ലക്ഷ്മിവിലാസ'ത്തിലെത്തിയത്. കയ്യിലെ ഓലച്ചൂട്ട് കുത്തിക്കെടുത്തി, വായിലെ മുറുക്കാന്‍ നീട്ടിത്തുപ്പി, കലത്തില്‍നിന്നും വെള്ളമെടുത്ത് കുലുക്കുഴിഞ്ഞ ശേഷം ചെല്ലമ്മ െബഞ്ചിലിരുന്നു. ചോദിക്കാതെതന്നെ കുഞ്ഞുകൃഷ്ണന്‍ ചെല്ലമ്മക്ക് തെറുപ്പ് ബീഡി കൊടുത്തു. തങ്കപ്പനെവിടെയെന്ന ചോദ്യത്തിന് ''അണ്ണന് വേലയ്ക്ക്പോയെന്ന്'' ചെല്ലമ്മ മറുപടി നല്കി. കന്നിരാത്രിയിലും വീട്ടിലുറങ്ങാത്ത തങ്കപ്പനെ നല്ലതമ്പി കുറ്റപ്പെടുത്തി. അന്നത്തെ ഉഴുന്നുവടയുടെ വലിപ്പമേറിയതും വട്ടമൊത്തതും ഉപ്പങ്കാട് തിരിച്ചറിഞ്ഞു. വൈകാതെ തങ്കപ്പനെത്തി. തോളില്‍ക്കിടന്ന മുഷിഞ്ഞ തോര്‍ത്തെടുത്ത് തങ്കപ്പന് കക്ഷവും മുഖവും അമര്‍ത്തിത്തുടച്ചുകൊണ്ട് െബഞ്ചിലിരുന്നു.
''എന്തരായാലും നീ കാണിച്ചത് കന്നന്തിരിവായിപ്പെയ്യ് തങ്കപ്പാ... നല്ലപ്പം വന്ന കന്നിരാത്രീല് ഈനേം തനിച്ചാക്കി എറങ്ങിപ്പെയ്ക്കളഞ്ഞല്ലാ... നിന്നേന്നമ്പി കൂടെയെറങ്ങി വന്നോളല്ലേ...'' നല്ലതമ്പി തന്റെ പ്രതിഷേധം തങ്കപ്പനെ അറിയിച്ചു.
''എന്തര് ചെയ്യാനങ്ങത്തേ... പെണ്ണ് കെട്ടീന്നുമ്മച്ച് വേലയ്ക്കുമ്മറ്റും പൂവ്വായ്രിക്കാമ്പറ്റ്വോ..? എനിക്കാണെങ്കി... വീട്ടീക്കെടന്നൊറങ്ങി ശീലോല്ല...'' തങ്കപ്പന് തന്റെ ഭാഗം ന്യായീകരിച്ചു.
''എനിക്കവിടെ ഒറ്റയ്ക്ക് കെടന്നൊറങ്ങാനൊന്നും പറ്റൂല്ല തങ്കപ്പേണ്ണാ... നിങ്ങളെ തന്ത്യാനില്ലേ... കട്ടയ്ക്ക് കാലുന്നീട്ടി ഇരിപ്പായിട്ടും മൂപ്പിലാന് കഴപ്പിനൊരു കൊറവൂല്ല... പെടുക്കാനെക്കൊണ്ട് വെളീപ്പെയ്യിരുന്നപ്പം അങ്ങേര് ചിമ്മിനീം കൊളുത്തിക്കൊണ്ട് പെറകെ വന്നൂന്നിറ്റ് ചോയ്ക്കേണ്... ചെല്ലമ്മാ... നീ പെട്ക്കേ ചെയ്യണേന്ന്..?''
ചെല്ലമ്മ പരിഭവക്കെട്ടഴിച്ചു.
''അത് നിന്റൂടൊള്ള സ്നേഹംകൊണ്ട് ചോയ്ച്ചതായ്രിക്കും ചെല്ലമ്മാ, മാത്രോല്ല... നെനക്ക് ചുറ്റ്വാടൊന്നും പരിജയോം ഇല്ലല്ലീ... അയ്നാലേ കൂട്ട്വോന്നതായ്രിക്കും അപ്പന്...'' തങ്കപ്പന് അപ്പനെ ന്യായീകരിക്കാന്‍ ഒരു ശ്രമം നടത്തി.
''കൂട്ട്വോന്നേക്കെക്കൊള്ളാം... ചിമ്മിനിവെട്ടത്തീ ഞായിരുന്ന് പെട്ക്കണെ മൂപ്പിലാന് കാണേഞ്ചെയ്ത്... എന്നിട്ടും പിന്നെന്തരിനണ്ണാ ചെല്ലമ്മാ... നീ പെട്ക്കേ ചെയ്യണത് എന്ന് ചോയ്ക്കണത്..? ആറ്റ്വോലമ്മച്ചിയാണെ ഇരുന്ന ഇരിപ്പില്‍ ഞാന്‍ ഉരുവിപ്പെയ്യണ്ണാ... മ്മക്കെന്തരായാലും ആടെന്ന് മാറിത്താമയ്ക്കണേണ് നല്ലേന്ന് എനിക്ക് തോന്നണ്... ബാക്കീക്കെ അണ്ണന് തോന്നുമ്പോലെ ചെയ്യീം...''
ചെല്ലമ്മയുടെ അരക്ഷിതാവസ്ഥയില്‍ ചായക്കട ഒന്നടങ്കം പരിതപിച്ചു. കുളത്തിന്റെ ബണ്ടിലെ പുറമ്പോക്ക് ഭൂമിയില്‍ ഒരു മാടം കെട്ടി തല്ക്കാലം അവിടേക്കു താമസം മാറാമെന്ന നിർദേശം മുന്നോട്ടുവെച്ചത് കുഞ്ഞുകൃഷ്ണനാണ്. മാടം കെട്ടാനുള്ള ഓലയും കൊന്നക്കമ്പും കമുകിന് വരിച്ചിലും ദാനമായി നല്‍കാനുള്ള സന്നദ്ധതയും കുഞ്ഞുകൃഷ്ണന്‍ അറിയിച്ചു. നല്ലതമ്പിയൊഴികെ മറ്റെല്ലാപേരും കുഞ്ഞുകൃഷ്ണന്റെ ആശയത്തോട് അനുഭാവപൂർവമായ നിലപാട് കൈക്കൊണ്ടു. നല്ലതമ്പി വിയോജിപ്പ് പ്രകടിപ്പിക്കുകയും പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡില്‍ പേരുള്‍പ്പെടുത്താന്‍ കഴിയില്ലായെന്ന വാദം മുന്നോട്ടുവെക്കുകയും ചെയ്തു.
നല്ലതമ്പിയുടെ വാദം തങ്കപ്പന്റെ മുഖത്തെ മ്ലാനമാക്കിയെങ്കിലും, ചെല്ലമ്മ തുമ്പിക്കൈപോലുള്ള തന്റെ വലതു തുട, ഇടതുതുടയ്ക്ക് മേലേക്ക് കയറ്റിവെച്ച്, ഇടതുവശം മെല്ലെ ചരിഞ്ഞ്, മുഖമൊന്ന് മുറുക്കി രാഗത്തില്‍ ഒരു വളിവിട്ടു. ഒപ്പം ഇങ്ങനെ പറഞ്ഞു. ''വായുകേറി വെലങ്ങി ഇരിക്കേര്ന്ന്... ഇപ്പഴാണ് എള്ളോളം സമാതാനം വന്നത്...''
ആണ്‍കോയ്മയുടെ തിട്ടൂര മലബന്ധങ്ങള്ക്ക്, വയറിളക്കത്തോളവും അയവ് വരുത്താന്‍ ഒരു 'പെണ്വളി'ക്ക് കഴിയുമെന്ന പ്രപഞ്ചസത്യം അന്നാദ്യമായി ഉപ്പങ്കാട് തിരിച്ചറിഞ്ഞു.
നല്ലതമ്പിയുടെ വാദത്തെ ഭൂരിഭാഗം വരുന്ന ഉപ്പങ്കാട് ജനത തള്ളിക്കളഞ്ഞു. പുറമ്പോക്ക് ഭൂമിയില്‍ കുടിലു കെട്ടിപ്പൊറുക്കാമെന്നുള്ള കുഞ്ഞുകൃഷ്ണന്റെ ആശയം നടപ്പിലാക്കുവാന്‍ അവര്‍ തീരുമാനിച്ചു. തന്റെ ഇംഗിതം നടപ്പിലായ സന്തോഷത്തില്‍ തങ്കപ്പനേയുംകൂട്ടി ചെല്ലമ്മ ലക്ഷ്മിവിലാസത്തിന്റെ പടിയിറങ്ങി.
ഭാഗം നാല്
കുഞ്ഞുകൃഷ്ണന്റെ നേതൃത്വത്തില്‍ ഉപ്പങ്കാട്ടിലെ കുറേപ്പേർ ചേര്‍ന്ന് കുളത്തിന്റെ ബണ്ടിലെ പുറമ്പോക്ക് ഭൂമിയില്‍ ഒരു കുടിലുകെട്ടി. ചെല്ലമ്മയുടെ കാതുകളിലും മൂക്കിലും തിളങ്ങി നിന്ന പൊന്തരികള്, കുടിലിലെ തട്ടുമുട്ടു സാധനങ്ങളായി പരിണമിച്ചു. നല്ലതമ്പി കുടിലുകെട്ടില് സഹകരിച്ചില്ല. കുഞ്ഞുകൃഷ്ണനും ചെല്ലമ്മയും ഒരുമിച്ചാണിപ്പോള്‍ വെളുപ്പിന് ചായകുടിക്കാന്‍ ലക്ഷ്മിവിലാസത്തില്‍ എത്തുന്നത്. കുഞ്ഞുകൃഷ്ണന്‍ ചെല്ലമ്മയോടും, ചെല്ലമ്മക്ക് കുഞ്ഞുകൃഷ്ണനോടുമുള്ള 'വല്ലാത്തൊരിത്' നല്ലതമ്പിയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ചെല്ലമ്മ ഉപ്പങ്കാട്ടുകാര്ക്ക് ഏറെ പ്രിയങ്കരിയായി. ഒറ്റക്ക് കുടിലില്‍ ഉറങ്ങുന്ന ചെല്ലമ്മയെ ഒാര്‍ത്തുകൊണ്ട് ഉപ്പങ്കാട്ടിലെ ചിലരെങ്കിലുമൊക്കെ ഉറക്കമിളച്ചു. ബീഡി വലിക്കുന്ന, ചാരായം കുടിക്കുന്ന, നിന്നു മൂത്രമൊഴിക്കുന്ന, ഉപ്പങ്കാട്ടിലെ ആദ്യത്തെ പെണ്ണായി മാറി ചെല്ലമ്മ.
അടക്കോം ഒതുക്കോം ഇല്ലാത്തോള്, ഒരുമ്പെട്ടോള്, തെറിച്ച കൊമ്പല്, കുഞ്ഞീഷന്റെ സെറ്റപ്പ് തുടങ്ങി ഒാരോരുത്തരും അവരവരുടെ മനോഗതിക്കനുസരിച്ച് ഓരോരോ ചിത്രം ചെല്ലമ്മയെക്കുറിച്ച് ഉള്ളില്‍ വരച്ചിട്ടു. കുളത്തിന്റെ ബണ്ടില്‍ ചെല്ലമ്മ വാഴയും മരച്ചീനിയും നട്ടുവളര്‍ത്തി. റോസയും ചെമ്പകവും പാരിജാതവും സൂര്യകാന്തിയും വെച്ചുപിടിപ്പിച്ചു. വല്യകുളത്തില്‍ താമരക്കും ആമ്പലിനുമൊപ്പം കുഞ്ഞുമീനുകളേയും കൊണ്ടിട്ടു.
ഉപ്പങ്കാട്ടിലെ ഏതസുഖത്തിനും ചെല്ലമ്മയുടെ പക്കല്‍ ഒറ്റമൂലിയുണ്ടായിരുന്നെങ്കിലും ചില സൂക്കേടുകള് ചെല്ലമ്മ കണ്ടില്ലെന്ന് നടിക്കാറുമുണ്ട്. കൊതിയ്ക്കോതല്, കണ്ണേറ്, കമ്പേറ് ദോഷങ്ങള്‍ക്ക് വെള്ളമോതല്‍, ആമവാതം, കൃമികടി, വിരപ്പെരുപ്പം, മണ്ണന്‍, ചൊറി, ചിരങ്ങ്, പേന്പുഴുക്കല്, തേമല്‍, വെള്ളപോക്ക്, മൂലക്കുരു, ക്രമം തെറ്റിയുള്ള മാസമുറ, ഉപ്പൂറ്റി വിണ്ടുകീറല്‍, വായ്നാറ്റം, വയറിളക്കം, ഛര്‍ദ്ദി, ബാധകൂടല്‍ തുടങ്ങി ഗര്‍ഭം അലസിപ്പിക്കല്‍, പേറെടുപ്പ്, പ്രസവാനന്തര ശുശ്രൂഷ വരെയുള്ള സേവനങ്ങള്‍ക്ക് ഉപ്പങ്കാട് ചെല്ലമ്മയെ ആശ്രയിച്ചുതുടങ്ങി. കൂടോത്രവും ചെല്ലമ്മക്ക് വശമാണെന്ന് ചിലരൊക്കെ അടക്കം പറഞ്ഞു.
പപ്പായക്കുരുന്നും പുറുത്തിച്ചക്കയും ചെല്ലമ്മയുമുണ്ടെങ്കില് അലസാത്ത ഗര്ഭങ്ങളൊന്നുമില്ലെന്ന് ഉപ്പങ്കാട്ടില് വീശുന്ന കാറ്റിനുപോലും വിശ്വാസമുണ്ടായിരുന്നു. വൈദ്യരും വയറ്റാട്ടിയുമായി മാറിയ ചെല്ലമ്മയോട് ഉപ്പങ്കാട്ടിലെ മുത്തശ്ശിമാര്‍ ഇങ്ങനെ ചോദിക്കാറുണ്ട്... ''ഈ എളമ്പരുവത്തിലേ... നീയിതെങ്ങനേണ്ണേ... ഇതെല്ലാം പടിച്ചേ..? പെറ്റില്ലെങ്കിലും പേറിനെപ്പറ്റിയെല്ലാം നെനക്ക് നല്ല നിശ്ചയമാണല്ലീ... കെഴക്കമ്മലേലേതൊയൊള്ള വൈത്ത്യക്കുടുംബത്തീ പെറന്നതാണെന്നാണ് തോന്നണേ...''
പൂർവാശ്രമം ചികഞ്ഞുകൊണ്ടുള്ള ചോദ്യങ്ങളോടൊന്നും ഒരിക്കലും ചെല്ലമ്മ പ്രതികരിച്ചിരുന്നില്ല. മാത്രമല്ല, ചികിത്സകള്‍ക്ക് അന്നമൊഴികെയുള്ള പ്രതിഫലവും ചെല്ലമ്മ കൈപ്പറ്റുമായിരുന്നില്ല. ചന്തയിലെ ചുമടെടുപ്പും ചില്ലറ മോഷണവും വസ്തുതരവുമൊക്കെ ഉണ്ടായിരുന്നിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിക്കെട്ടാനുള്ള പാങ്ങൊന്നും തങ്കപ്പനില്ലായെന്ന് ചെല്ലമ്മ തിരിച്ചറിഞ്ഞു. അതിനാലാണ് തുച്ഛമായതാണെങ്കിലും ഒരു സ്ഥിരവരുമാനം സ്വന്തം നിലയില്‍ കണ്ടെത്താനുള്ള വഴികള്‍ ചെല്ലമ്മ ആലോചിച്ചത്. ലക്ഷ്മിവിലാസത്തിലിരുന്ന് ബീഡി പുകച്ചുകൊണ്ട് ചെല്ലമ്മ തന്റെ ആകുലതകള്‍ പങ്കുവെക്കവേ, വേലുപ്പിള്ള തന്റെ മനസ്സിലുദിച്ച ആശയം അവതരിപ്പിച്ചു.
''അപ്പക്കച്ചോടം തൊടങ്ങ്യാ കൊള്ളായിരിക്കുമെന്നാണ് എനിക്ക് തോന്നണേ... ഈടെ കാപ്പിക്ക് പലഹാരങ്ങളൊണ്ടാക്കണ വീടോളൊന്നും ഇല്ലേന്തന്നെ. കാലത്തെ മിക്ക വീടോളിലും പഴിഞ്ഞ്യാണ്... തോയേ... പുട്ടാ വല്ലോം ഒണ്ടാക്കി വിറ്റാ... അതൊരു നല്ല വെസിനസ്സായിരിക്കും... എടങ്ങഴി അരി കൊവുത്ത് ആദ്യം തൊടങ്ങ്യാതി... കച്ചോടം പെരുവണേനനുസരിച്ച് കൂട്ടേഞ്ചെയ്യാല്ല്... എല്ലാരും എന്തര് പറയണ്..?''
വേലുപ്പിള്ളയുടെ അഭിപ്രായം നല്ലതമ്പി ഒഴികെയുള്ള മറ്റെല്ലാപേര്‍ക്കും സ്വീകാര്യമായി.
''അതക്കെ നടക്കോ..? ഒന്നാതീടെ അയ്നുമ്മേണ്ടിയൊള്ള ആളുമ്മാഞ്ചാതീം ഒന്നൂല്ല. മ്മക്കാര്ക്കും കാലത്ത് തോയേം പുട്ടോന്നും തിന്നൊള്ള ശീലങ്ങളും ഇല്ല. തോനെ ആളോളും മറ്റും ഒണ്ടായിരുന്നെങ്കി പിന്നേം വേണ്ടൂല്ലായിര്ന്ന്... വൃത്തീം വെനേന്നുമില്ലാതെ ഒണ്ടാക്ക്യാത്തന്നെ ആളോള് വാങ്ങിക്കാന്‍ മടിക്കും. തീറ്റമൊതലല്ലേ...'' നല്ലതമ്പി തന്റെ വിയോജിപ്പ് രേഖപ്പെടുത്തി.
''വൃത്തീവ്വെനേന്നും ഇല്ലെന്ന് ആര് പറഞ്ഞ്..? ചെല്ലമ്മയ്ക്കാണെങ്കി നല്ല കൈപ്പുണ്യോം ഒണ്ട്... എന്തരെങ്കിലും കച്ചോടം ചെയ്ത് പാവത്തുങ്ങള് ജീവിക്കട്ട്... എന്തിനുമേതിനും നീ കേറി എടങ്കോലിടണത് എന്തരിന്..?''
കുഞ്ഞുകൃഷ്ണന്‍ നല്ലതമ്പിയുടെ വാദത്തെ തള്ളിക്കൊണ്ട് പറഞ്ഞു.
''ചെല്ലമ്മേരെ വെടിപ്പും കൈപ്പുണ്ണ്യോന്നും മ്മക്കറിയാമ്പാടില്ലേ... ങ്ങളായി... ങ്ങളെ പാടായി... ഞാമ്പോണ്...''
വിയോജിപ്പില്‍ ഉറച്ചുനില്ക്കുംവണ്ണം നല്ലതമ്പി ലക്ഷ്മിവിലാസത്തില്നിന്നും വാക്കൗട്ട് നടത്തി.
ഭാഗം അഞ്ച്
വേലുപ്പിള്ളയുടെ നിർദേശപ്രകാരം ചെല്ലമ്മ അപ്പക്കച്ചവടം ആരംഭിച്ചു. ദോശയും പുട്ടും കള്ളപ്പവുമൊക്കെ മാറിമാറിയുണ്ടാക്കി. പഴങ്കഞ്ഞിയുടെ മടുപ്പില്‍നിന്നും ഉപ്പങ്കാട് ദോശയുടെയും പുട്ടിന്റെയും കള്ളപ്പത്തിന്റെയുമൊക്കെ രുചിഭേദങ്ങളിലേക്ക് ക്രമേണ നടന്നടുത്തു. ചെല്ലമ്മയുടെ കൈപ്പുണ്യം ഉപ്പങ്കാട് അറിഞ്ഞുതുടങ്ങി. ചെല്ലമ്മയുടെ അടുക്കളയില്നിന്നിറങ്ങി, അരിവട്ടികള്ക്കുള്ളിലെ കൂവ്വയിലയില് ഒളിച്ച് പുട്ടും ദോശയുമൊക്കെ ദേശസഞ്ചാരം നടത്തി. നല്ലതമ്പി മാത്രം ചെല്ലമ്മയുടെ കച്ചവടത്തോട് മുഖം തിരിച്ചുനിന്നു.
വീട്ടിലെ കച്ചവടം കഴിഞ്ഞ് മിച്ചം വരുന്ന പലഹാരങ്ങള്‍ അരിവട്ടിക്കുള്ളിലാക്കി ചെല്ലമ്മ ദേശാടനത്തിനിറങ്ങും. വീടുവീടാനന്തരം കയറിയിറങ്ങി വിശേഷങ്ങള്‍ തിരക്കും. നിവര്ത്തിയില്ലാത്തവര്ക്ക് സൗജന്യമായി ആഹാരം നല്‍കും. ഉപ്പങ്കാട്ടിലെ ഓരോ വീടും വീട്ടുകാരും ചെല്ലമ്മക്ക് കാണാപ്പാഠമായി. നല്ലതമ്പിയുടെ വീട്ടിലും ചെല്ലമ്മ പോകാറുണ്ടെങ്കിലും ഒരിക്കലും ചെല്ലമ്മയുടെ ഭക്ഷണത്തിന്റെ രുചി അറിയാന്‍ നല്ലതമ്പിയും ഭാര്യയും കുഞ്ഞുങ്ങളും കൂട്ടാക്കിയിരുന്നില്ല. ഗര്‍ഭിണികളുള്ള വീടുകള്‍, ചെനപിടിച്ച പശുക്കളും ആടുകളും ഉള്ള വീടുകള്‍, അസുഖബാധിതരുള്ള വീടുകള്‍, വയസ്സറിയിക്കാന്‍ പ്രായമായ പെണ്‍കുഞ്ഞുങ്ങളുള്ള വീടുകള്‍ എന്നിങ്ങനെ ഉപ്പങ്കാട്ടിലെ സ്ഥിതിവിവരക്കണക്കുകളുടെ ഏകജാലകമായി ചെല്ലമ്മ മാറി. പ്രസവമെടുക്കാനായി അടുത്ത ഏലാകളില്നിന്നും കാളവണ്ടിയില്‍ വയറ്റാട്ടിയെ എത്തിച്ചുകൊണ്ടിരുന്ന ഉപ്പങ്കാട് ജനത, പേറെടുപ്പിലും പ്രസവാനന്തര ശുശ്രൂഷകളിലും ചെല്ലമ്മയിലൂടെ സ്വയംപര്യാപ്തത കൈവരിച്ചു. അടുത്തുള്ള ഏലാകളിലേക്കും ചെല്ലമ്മയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നുതുടങ്ങി.
പുതിയ തലമുറ ചെല്ലമ്മയുടെ കൈകളിലൂടെ ഉപ്പങ്കാട്ടിലേക്ക് ഇറങ്ങിവന്നു. നവജാത ശിശുക്കളില്‍ ആരിലുംതന്നെ മാതാപിതാക്കളുടെ മുഖം ദർശിക്കാന്‍ ചെല്ലമ്മക്ക് കഴിഞ്ഞില്ല.
''തങ്കമ്പോലത്തെ പിള്ള, തോട്ടോരമ്പിലെ വേലപ്പനങ്ങത്തേരെ കടിഞ്ഞൂപ്പെണ്ണിനെപ്പോലെ ഇരിക്കണ്... ചെല്ലക്കിളിപോലത്തെ പിള്ള, കാവുമ്പൊറത്തെ ശുശീലയക്കന്റെ രണ്ടാമത്തെ പിള്ളേക്കണക്ക് തന്നെ.'' ഇത്തരത്തില്‍ ഉപ്പങ്കാട്ടില് പിറവികൊള്ളുന്ന ഓരോ കുഞ്ഞിനേയും മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുന്ന ചെല്ലമ്മയെ 'കുടുംബം കലക്കി ചെല്ലമ്മ'യെന്നും ചിലരതിനെ ചുരുക്കി 'കുടുക്കച്ചെല്ലമ്മ'യെന്നും പറഞ്ഞുതുടങ്ങി. എന്നാല്‍ ആരുംതന്നെ ചെല്ലമ്മയുടെ മുഖത്തുനോക്കി അത്തരത്തില്‍ വിളിക്കാന്‍ ധൈര്യപ്പെട്ടതുമില്ല.
''മോത്തോക്കി വിളിച്ചാ ഓള് ചീലപൊക്കി കാണിക്കും'' എന്നൊരപഖ്യാതി ആരൊക്കെയോ ചേര്‍ന്ന് ചെല്ലമ്മക്ക് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.
റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ ചെല്ലമ്മ നടത്തിയ ശ്രമങ്ങളൊക്കെയും ആവുംവിധം നല്ലതമ്പി ഇടപെട്ട് തടഞ്ഞു. പുറമ്പോക്കിലെ താമസവും കെട്ടു നടത്താതെയുള്ള തങ്കപ്പന്റെ ഭാര്യാപദവി അലങ്കരിക്കലുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു നല്ലതമ്പിയുടെ വാദം.
ഒരുദിവസം പതിവുപോലെ നാട്ടുവിശേഷങ്ങളൊക്കെ തിരക്കിയിറങ്ങിയ ചെല്ലമ്മയെ കാത്തെന്നവണ്ണം നല്ലതമ്പിയുടെ ഭാര്യ, തങ്കമണിപ്പിള്ള വേലിക്കരികില്‍ നില്ക്കുന്നുണ്ടായിരുന്നു. ചെല്ലമ്മ ദൂരെനിന്നു വരുന്നത് കണ്ട തങ്കമണിപ്പിള്ള, ഓടി വീടിന്റെ ഇറയാത്ത് കയറിനിന്നു. ചെല്ലമ്മ വീടിനു മുന്നിലെത്തിയപ്പോള്‍ ശൂ... ശൂ എന്ന് ശബ്ദമുണ്ടാക്കി ചെല്ലമ്മയുടെ ശ്രദ്ധയാകര്‍ഷിച്ചു. ശേഷം കൈ കാട്ടി ചെല്ലമ്മയെ അകത്തേക്ക് ക്ഷണിച്ചു. ചെല്ലമ്മ പരിഭവമേതുമില്ലാതെ മനക്കുള്ളില്‍ കയറി ഇറയാത്തിരുന്നു. തങ്കമണിപ്പിള്ളക്ക് സ്വകാര്യമായി തന്നോട് എന്തോ പറയാനുണ്ടെന്ന് മനസ്സിലാക്കിയ ചെല്ലമ്മ ചോദിച്ചു:
''എന്തരമ്മച്ചീ... ചെല്ലമ്മേനോട് എന്തരോ പറയാന്‍ ഒണ്ടെന്ന് തോന്നണല്ലാ മൊകം കണ്ടിട്ട്... മോത്തൊരു വാട്ടോം കാണണൊണ്ട്... വല്ല ഏനക്കേടും തോന്നണൊണ്ടാ..?''
തങ്കമണിപ്പിള്ള മടിച്ച് മടിച്ച് പറഞ്ഞുതുടങ്ങി... ''ചെല്ലമ്മേരൂടെ എനിക്കൊരു ദേഷ്യോമില്ല... പിന്നെ പിള്ളേളെ തന്ത്യാന് ചെല്ലമ്മേ പിടിക്കണില്ല... അയ്ന്റെ കാരണോം എനിക്കറിയാമ്പാടില്ല... ഞായിപ്പം വിളിച്ചത് എനിക്കൊരുകൂട്ടം ചെല്ലമ്മേരൂടെ പറയാനൊണ്ട്. ഞാമ്പറേണ കാര്യം ചെല്ലമ്മ വേറെ ആരൂടേം പറയേം ചെയ്യല്ല്...''
''അമ്മച്ചി കാര്യം എന്തരെന്ന് വെച്ചാ പറയീം... ഈടെക്കേക്കണത് ആടെ പറേണ സ്വവാവോന്നും ചെല്ലമ്മയ്ക്കില്ല. മടിക്കാതെ പറയീം... ചെല്ലമ്മേക്കൊണ്ട് പറ്റണ കാര്യങ്ങള്‍ വല്ലോം ആണെങ്കി നിവര്‍ത്തി വരിത്തിത്തരേഞ്ചെയ്യാം... വട്ടീല് അപ്പം ഇരിക്കണ്... രണ്ടെണ്ണം എട്ക്കട്ടാ... അമ്മച്ചി ഇതുവരെ ചെല്ലമ്മ ചുടണ അപ്പം തിന്നിട്ടില്ലല്ലാ...'' പറഞ്ഞുകൊണ്ട് ചെല്ലമ്മ വട്ടിയില്നിന്നും അപ്പമെടുത്ത് തങ്കമണിപ്പിള്ളക്കു നേരെ നീട്ടി.
ചുറ്റിലും കണ്ണോടിച്ച് പരിസരത്തൊന്നും ആരുമില്ലായെന്ന് ഉറപ്പ് വരുത്തിയശേഷം തങ്കമണിപ്പിള്ള ചെല്ലമ്മയുടെ കയ്യില്‍നിന്നും അപ്പം കൈനീട്ടി വാങ്ങി മൂക്കോട് ചേര്‍ത്തു... ''എന്തര് വാസന... ഇത്തറേം മണോണ്ടെങ്കി എന്തര് രുജ്യായിരിക്കും... ഞാന്‍ കടേപ്പോന്നും തിന്നിറ്റില്ല ചെല്ലമ്മാ... പിള്ളേളെ തന്ത്യാന് അതൊന്നും വാങ്ങിച്ച് തരേമില്ല...'' പറഞ്ഞുകൊണ്ട് ആര്‍ത്തിയോടെ തങ്കമണിപ്പിള്ള അപ്പം വായിലേക്ക് വെച്ചു.
''എന്തരാണ് ചെല്ലമ്മേനോട് പറയാന്‍ ഒണ്ടെന്ന് പറഞ്ഞത്, ചെല്ലമ്മക്ക് ഇത്തുപ്പൂലം തെരക്കൊണ്ട്... കാവുമ്പൊറത്തെ ശുശീലാക്കന്റെ ഇപ്പം പെറന്ന പിള്ളക്ക് മണ്ണന്‍... പുത്തവീട്ടീപ്പെയ്യ് ഇത്തിരി വേപ്പുന്തോലു ഒടിച്ചോണ്ട് കൊടുക്കണം. വേപ്പെലേകെടത്ത്യാ മണ്ണന്‍ വെക്കം മാറും...'' ചെല്ലമ്മ വിഷയത്തിലേക്ക് കടക്കാന്‍ തങ്കമണിപ്പിള്ളയെ പ്രേരിപ്പിച്ചു.
''എന്റെ ഒടപ്പെറപ്പിനെപ്പോലെ ഞാന്‍ പറയേണ്... ചെല്ലമ്മ ഇക്കാര്യം വേറെ ആരൂടേം പറയല്ല്... മാനക്കേട് കൊണ്ട് വെളീയെറങ്ങാന് പറ്റൂല്ല. തങ്കപ്പന്റൂടീം ചെല്ലമ്മ പറയല്ല് കേട്ടാ... ഞാന്‍ ഈ മാസം ഇരിന്നില്ല ചെല്ലമ്മാ... കുളിതെറ്റിയാന്നൊരു സംശയം. എളേപെണ്ണ് പ്രായാവാറായി.. നാലാളറിഞ്ഞാ ജീവിച്ചിരിന്നിട്ട് കാര്യോണ്ടാ... പിള്ളേളെ തന്ത്യാന്റൂടെപ്പോലും ഞായിതുവരെപ്പറഞ്ഞില്ല... അങ്ങനെ പറയാമ്പറ്റണ കാര്യാണാ ഇത്... പേറ് നിറുത്താക്കൊണ്ടോവ്വാമ്പറഞ്ഞാ പിള്ളേളെ തന്ത്യാന് കേക്കൂല്ല... പോരാത്തേന് അങ്ങേരിക്ക് എന്നെ സംശയോം... ചെല്ലമ്മ ഇത്തിരി നോക്കിപ്പറയീം... അങ്ങനെ വല്ലോം തന്നെങ്കി ഇതിത്തിരി ഇല്ലാതാക്കീന്തരണം ഇരുചെവി അറിയാതെ... ചെല്ലമ്മയ്ക്ക് എന്തര് വേണോങ്കിലും ഞാന്തരാം... എന്നെ കൈവിടല്ല്...'' തങ്കമണിപ്പിള്ള കരച്ചിലിന്റെ വക്കോളവും ചെന്നെത്തി.
''ഇത്തറേ ഒള്ള്വോ..? ഇതാണാ ഇപ്പം ആനക്കാര്യം... ഞാന്‍ വിചാരിച്ച് വേറെ എന്തരോ പൊണ്ണക്കാര്യമാണെന്ന്. ഇത് നിസ്സാരമല്ലേ... അമ്മച്ചി എഴിച്ച് വരീം... അകത്തേറി പായില്‍ കെടക്കീം... ചെല്ലമ്മ നോക്കട്ട്...''
തങ്കമണിപ്പിള്ള അനുസരിച്ചു. പരിശോധനാനന്തരം തങ്കമണിപ്പിള്ള ഗര്‍ഭവതിയാണെന്ന സത്യം ചെല്ലമ്മ മനസ്സിലാക്കുകയും, അക്കാര്യം ചെല്ലമ്മ തങ്കമണിപ്പിള്ള സമക്ഷം അറിയിക്കുകയും ചെയ്തു.
''ഭഗവാനെ വിജാരിച്ച് ചെല്ലമ്മ ഇതിനെ ഇല്ലാതാക്കിത്തരണം... ആരും അറിയേം ചെയ്യല്ല്... ചെല്ലമ്മയ്ക്ക് കോടി പുണ്യങ്കിട്ടും...'' തങ്കമണിപ്പിള്ള വികാരാധീനയായി നിന്നു വിതുമ്പി.
''അമ്മച്ചി പേടിക്കേന്നുമ്മേണ്ട... ചെല്ലമ്മേല്ലേ ഒള്ളത്... ചെയ്യാമ്പാടില്ലാത്തേണ് അമ്മച്ചീ... എന്നാലും അമ്മച്ചീരെ സങ്കടം കണ്ടപ്പം ഇട്ടിറ്റ് പുവ്വാനും മനസ്സ് വരണില്ല... നളെ ഈ നേരം ചെല്ലമ്മ വരുമ്പം സ്വല്പ്പം പച്ചമരിന്ന് അരച്ചുരുട്ടിയ മൂന്ന് ഉരുള കൊണ്ടോന്ന് തരാം... മൂന്നു ദെവസം വെറും വയറ്റില്‍ തൊണ്ട തൊടാതെ ഒരോന്നായിറ്റ് അതങ്ങ് വിഴിങ്ങ്യാ മതി... ഏറ്യാ മൂന്ന് ദെവസം, അയ്നിപ്പറം അലസിപ്പോവും... അലസ്യാലും പ്രസവമ്പോലെയൊള്ള എല്ലാ രക്ഷകളും ചെയ്യണം... അല്ലെങ്കി ദേഹത്തിന് ഏനക്കേടാണ്...'' ചെല്ലമ്മ, തങ്കമണിപ്പിള്ളയെ ആശ്വസിപ്പിച്ചു.
''അതക്കെച്ചെയ്യാം ആത്യം ഇതിനെ എങ്ങനേങ്കിലും അലസിപ്പിച്ച് തന്നാതി... നളെ വരുമ്പം ഞാന്‍ വേലീരെ അരുവിന് നിക്കാം... മരിന്ന് എലേപ്പൊതിഞ്ഞ് അയ്ലൂടെ തന്നാതി... പതിവില്ലാതെ ചെല്ലമ്മ വരണത് ആരെങ്കിലും കണ്ടാലാ... പിന്നെ അയ്ന് സമാതാനം പറയണ്ടേ പിള്ളേളെ തന്ത്യാന്റൂടി..? നാളെ വരുമ്പം മറക്കാതെ കൊണ്ടോന്നാ മതി... ഞാന്‍ കാത്ത് നിക്കും ചെല്ലമ്മാ...''
''എങ്കിപ്പിന്നെ അങ്ങനെയാവട്ടെ... ചെല്ലമ്മ എറങ്ങേണ്... നാളെ ഈ നേരത്ത് വേലീരെ അരുവേ നിക്കീം... നിക്കാന്‍ പറ്റീല്ലെങ്കിലും കൊഴപ്പോല്ല. മരിന്ന് വാഴക്കരീലേല് പൊതിഞ്ഞ് മുക്കിലൊള്ള പുറുത്തീരെ കൊണ്ടേല്‍ വെച്ചിരിക്കാം. അമ്മച്ചി നേരമ്പോലെ വന്നെടുത്തോണ്ടാ മതി... എങ്കിപ്പിന്നെ ചെല്ലമ്മ എറങ്ങേണ്...''
വഴിവരെ തങ്കമണിപ്പിള്ള ചെല്ലമ്മയെ അനുഗമിച്ചു. വഴി പിരിയും നേരം തങ്കമണിപ്പിള്ള ഒരുവട്ടം കൂടി ചെല്ലമ്മയെ ഓർമപ്പെടുത്തി. ''മ്മള് രണ്ടോരും അല്ലാതെ വേറാരും ഇത് അറിയല്ലേ... ചെല്ലമ്മാ...''
ഇല്ലായെന്ന അർഥത്തില്‍ തലകുലുക്കിക്കൊണ്ട് ചെല്ലമ്മ നടന്നുപോയി.
ഭാഗം ആറ്
നാളുകള്‍ കഴിയവെ ചെല്ലമ്മയുടെ വയറിന്റെ വലുപ്പം കൂടുന്നത് ഉപ്പങ്കാടിന്റെ ശ്രദ്ധയില്‍പെട്ടു. ''ചെവല വക്കറ്റ് വാങ്ങിച്ച തങ്കപ്പെനെങ്ങനെ..?'' എന്ന പൂർണവളര്‍ച്ചയെത്താത്ത ചോദ്യം ഉപ്പങ്കാടിനെ ചുറ്റിനിന്നു.
''നെനക്ക് വയറ്റിലൊണ്ടാ ണ്ണേ..?'' എന്ന് മുതിര്‍ന്ന ചില സ്ത്രീകളൊക്കെ ചെല്ലമ്മയോട് ചോദിക്കുകയും... ''ഒണ്ട...ക്കാ...'' എന്ന് ചെല്ലമ്മ മറുപടി പറയുകയും ചെയ്തു. ചെല്ലമ്മയുടെ ഗര്‍ഭത്തെക്കുറിച്ച് തങ്കപ്പനും ചെല്ലമ്മയുമൊഴികെ ഉപ്പങ്കാട്ടിലെ സകലമാനപേരും ആശങ്കാകുലരായി. സംശയത്തിന്റെ കണ്കുത്തുകള് തനിക്കുനേരെ പാഞ്ഞടുക്കുന്നില്ലേയെന്ന്... കുഞ്ഞുകൃഷ്ണനും സംശയിച്ചു.
തങ്കപ്പന് ചന്തക്കു പോയൊരു രാത്രിയില്‍ ചെല്ലമ്മയുടെ മാടത്തില്‍നിന്നും ഒരു കുഞ്ഞു കരച്ചിലുയര്‍ന്നു. അടുത്തനാള്‍ കരച്ചിലിനെക്കുറിച്ച് ചോദിച്ചവരോട് ''വല്യകൊളത്തില് മാക്കാന് വിളിച്ചതായിരിക്കും'' എന്ന് ചെല്ലമ്മ മറുപടി നല്കി. അടുത്തനാള്‍ തങ്കപ്പന് വീട്ടിലെത്തിയ ശേഷമാണ് ചെല്ലമ്മ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയ വിവരം ഉപ്പങ്കാട് അറിയുന്നത്.
''നമ്മളെ പിള്ളേനെ ആത്യം കാണണത് തങ്കപ്പേണ്ണനായിരിക്കണം എന്ന പൂതികൊണ്ടാണ് നൊണ പറഞ്ഞത്'' എന്ന പശ്ചാത്താപം പിന്നീട് ചെല്ലമ്മ ഉപ്പങ്കാടിനെ അറിയിച്ചു. ലില്ലിയെന്ന് കുഞ്ഞിന് നാമകരണം ചെയ്തു.
ലില്ലിയേയുംകൊണ്ട് ചെല്ലമ്മ ലക്ഷ്മിവിലാസത്തില്‍ വന്നിരിക്കും.
''ലില്ലീരെ നെറ്റി കണ്ടാ... തങ്കപ്പേണ്ണനെപ്പോലെ...
ലില്ലീരെ കാത് കണ്ടാ... തങ്കപ്പേണ്ണനെപ്പോലെ...
ലില്ലീരെ മൂക്ക് കണ്ടാ... തങ്കപ്പേണ്ണനെപ്പോലെ...
ലില്ലീരെ കണ്ണു കണ്ടാ... തങ്കപ്പേണ്ണനെപ്പോലെ...
ലില്ലീരെ ചുണ്ട് കണ്ടാ... തങ്കപ്പേണ്ണനെപ്പോലെ...''
ഇത്തരത്തില്‍ ലില്ലിയുടെ അംഗപ്രത്യംഗവർണന നടത്തി ചെല്ലമ്മ, ലില്ലിയെ തങ്കപ്പന്റെ മോളാക്കും.
''തങ്കപ്പഞ്ചൊമടേറ്റാഞ്ചന്തയ്ക്ക് പെയ്യപ്പം...
ചെല്ലമ്മ പെറ്റത്... തവളക്കുട്ടി...
തങ്കപ്പവ്വന്നപ്പം... ലില്ലിക്കുട്ടി...''
ഉപ്പങ്കാട് ലില്ലിക്കുട്ടിയെ നോക്കി ഈണത്തില്‍ പാടി.
കുളത്തിന്റെ ബണ്ടില്‍ ചെല്ലമ്മ നട്ടുവളര്‍ത്തിയ വാഴകള്‍ക്ക് തലമുറകള്‍ ഏറെപ്പിറന്നു. പവിഴമല്ലിയെയും പാരിജാതത്തെയും വസന്തം പലവുരു ആഞ്ഞുപുല്കി. അങ്ങനെ ഉപ്പങ്കാട്ടിലേക്കും ജനാധിപത്യം കടന്നുവന്നു. ഉപ്പങ്കാടും സമീപ ഏലാകളും കൂട്ടിക്കെട്ടി ഉപ്പങ്കാട് പഞ്ചായത്തും പഞ്ചായത്തില്‍ തെരഞ്ഞെടുപ്പും വന്നു.
''ചെല്ലമ്മപ്പെണ്ണ് മ്മളെ നാട്ടില്‍ വന്നേപ്പിന്നെ എന്തരെല്ലാം മാറ്റങ്ങളാണ് ഈടെ വന്നിറ്റൊള്ളത്... ഉപ്പങ്കാട്ടിനുവേണ്ടി രാപ്പകലില്ലാതെയല്ലേ ചെല്ലമ്മ കഷ്ടപ്പെടണത്... മ്മക്ക് ചെല്ലമ്മേനെ സാനാര്ത്യാക്ക്യാലാ...''
ലക്ഷ്മീവിലാസത്തിലിരുന്ന് ചായയും ബീഡിപ്പുകയും ഒന്നിടവിട്ട് ഉള്ളിലാക്കുന്നതിനിടയില് കുഞ്ഞുകൃഷ്ണന്‍ തന്റെ നിർദേശം മുന്നോട്ടുവെച്ചു.
''അങ്ങത്ത നിരൂവിക്കുമ്പോലൊള്ള കളിയൊന്നും അല്ലിത്. പെറമ്പോക്കീ താമയ്ക്കണതുങ്ങളേന്നും പഞ്ചായത്തീക്കേറ്റൂല്ല... പോരാത്തേന് റേഷങ്കാര്ഡീപ്പേരുമ്മേണം... വരിത്തരൊന്നും ഉപ്പങ്കാട്ടീന്ന് പഞ്ചായത്തീപ്പോണ്ടാ... അതും ഒരു പെണ്ണ്... അതെല്ലാമ്പോട്ടെന്ന് വെക്കാം, അവളെ ജാതീമ്മതോം പോലും എന്തരെന്ന് ഈടെയാര്ക്കും അറിയാമ്പാടില്ല. പിന്നെങ്ങനെ ചെല്ലമ്മേനെ സാനാര്ത്ത്യാക്കും..? അതൊന്നുമ്പറ്റൂല്ല...'' നല്ലതമ്പി തന്റെ വിയോജിപ്പ് അവിടേയും പ്രകടിപ്പിച്ചു.
''റേഷങ്കാര്ട്ടില് പേര് വേണോന്നൊന്നും നിര്ബന്ധോല്ല... ഒരു വീട്ടുപേര് ഒണ്ടെങ്കി ആരിക്കും സാനാര്ത്ത്യാവാം... കൂടോലുപേര് കൈപൊക്കണവര് ജയിക്കും എന്നാണ് ഞാങ്കേട്ടത്...'' പ്രസംഗ്യാര് യോഹന്നാന് തന്റെ അറിവ് പങ്കുവെച്ചു.
''വീട്ടുപേര് മതീങ്കി ഞായെന്റെ വീട്ട്പേര് ചെല്ലമ്മയ്ക്ക് കൊടുക്കാം... ഒരു വീട്ടുപേരല്ലേ... ഓഹരിയൊന്നും അല്ലല്ലാ... ചെല്ലമ്മപ്പെണ്ണ് പഞ്ചായത്തീപ്പെയ്യാ മ്മളെ ഉപ്പങ്കാടിന് ഒരു മേല്ഗതിയൊണ്ടാവും... പഞ്ചായത്ത് പണം മൊടക്കി റോഡും തോടും വീടുകളും മറ്റും ചെയ്തുതരുമെന്നാണ് പറേണത്... ഏലായിലെല്ലാം മൂന്നു പൂ കൃഷീം എറക്കോന്നും പറേണ്...''
ചെല്ലമ്മയുടെ സ്ഥാനാർഥിത്വം ഉറപ്പിക്കാനെന്നവണ്ണം കുഞ്ഞുകൃഷ്ണന്‍ അറിയിച്ചു.
''അങ്ങത്ത വിജാരിക്കുമ്പോലത്തെക്കാലോന്നും ആയിരിക്കൂല്ല ഇനിമേ വരാമ്പോണത്... വീട്ടുപേര് കൊടുത്താപ്പിന്നെ കാലംചെല്ലുമ്പോ... വീട്ടോഹരീം കൊടുക്കേണ്ടിവരും... വേലീക്കെടക്കണ ഊരണതിനെയെട്ത്ത് വേണ്ടാത്തെടത്ത് വെയ്ക്കുമ്പോലെ ആവായിരുന്നാ...തി...'' നല്ലതമ്പിയുടെ വാക്കുകളില്‍ അമര്‍ഷവും അസഹിഷ്ണുതയും നിറഞ്ഞുനിന്നിരുന്നു.
''മിച്ചഭൂമി സമരോന്നൊക്കെ ഞാനും കേട്ടിരിക്കണ് ചെല്ലാ... നീ ചുമ്മാ ആവതില്ലാത്ത വേലക്കൊന്നും നിക്കണ്ട... കൈയൂക്കൊള്ളോര് കാര്യക്കാരാവണ കാലങ്ങളെല്ലാമായിരിക്കും ഇനിയൊള്ളത്... സോദന്ത്ര്യം കിട്ടോന്നായപ്പോ, അയ്ന്വേണ്ടി തോനെ പാടുപെട്ട നേതാജ്യെപ്പോലും ഗൗനിച്ചില്ലെന്നെല്ലാം പറഞ്ഞ് കേക്കണ്... അതുമ്പോയിറ്റ് ചെവലവക്കറ്റ് വാങ്ങിച്ചവനാണ് തങ്കപ്പന്... ലില്ലീരെ തന്ത്യാന് നീയാണെന്നെങ്ങാനും ചെല്ലമ്മ പറഞ്ഞാപ്പിന്നെ ഓഹരീം കൊടുക്കേണ്ടി വരും...'' നല്ലതമ്പിയുടെ വാക്കുകള്‍ക്ക് പിന്‍ബലമേകും വിധം വേലുപ്പിള്ള പറഞ്ഞു.
''ചെല്ലമ്മ പഞ്ചായത്തീപ്പോയാ നാട്ടിനൊണ്ടാവണ ഗൊണങ്കരുതി പറഞ്ഞേണ്... അല്ലാതെ വേറെ ആരെപ്പറഞ്ഞ് വിടാനാണ്... എഴുത്തും വായനേക്കെ അറിയേവ്വേണം...'' തന്റെ നിലപാടില്‍ അയവു വരുത്തിക്കൊണ്ട് കുഞ്ഞുകൃഷ്ണന്‍ അറിയിച്ചു.
''അങ്ങത്തേ... നിങ്ങള്‍ സാനാര്ത്ത്യാവീം... നിങ്ങക്കാവുമ്പം പെണ്ണുമ്പെടക്കോഴീം ഒന്നൂല്ലല്ലാ... എഴുത്തുവ്വായനേം ഇത്തുപ്പോലും വശോം ഒണ്ടല്ലാ...'' കൃഷ്ണന് വൈദ്യര്, കുഞ്ഞുകൃഷ്ണനെ പ്രോത്സാഹിപ്പിച്ചു.
''നിങ്ങളെന്തര് പറേണത് വൈത്ത്യരേ... എന്നെക്കൊണ്ടെങ്ങും പറ്റൂല്ല.. അതക്കെ വല്ലാത്ത തൊല്ലകളാണ്. മ്മക്കെങ്ങും നേരോമില്ല... ആവതൂല്ലേ...'' കുഞ്ഞുകൃഷ്ണന്‍ ഒഴിഞ്ഞുമാറി.
''എല്ലാരിക്കും സമ്മതാണെങ്കി ഞാമ്പോവാം പഞ്ചായത്തില്‍... ഒന്നൂല്ലെങ്കിലും ഞായിവിടെ ജനിച്ച് വളന്നേല്ലേ...നാട്ടിന് ഗൊണോള്ളത് വല്ലോം ചെയ്യാമ്പറ്റിയാലാ...'' നല്ലതമ്പി ഉള്ളിലൊതുക്കിയിരുന്ന ആഗ്രഹത്തെ അനാവൃതമാക്കി.
''അപ്പോ... നെനക്ക് പൂതിയൊണ്ടായിരുന്നല്ലേ... ചുമ്മായല്ല... നീയാ ചെല്ലമ്മപ്പെണ്ണിനെതിരെ എടങ്കൊലുമായിറ്റ് വന്നത്...'' വെളിച്ചപ്പാട് പറഞ്ഞത് കേട്ട് ലക്ഷ്മിവിലാസമൊന്നാകെ കുലുങ്ങിച്ചിരിച്ചു.
''പൂതിയൊണ്ടായിറ്റൊന്നും അല്ല പോറ്റീ... നാട്ടിന് ഗൊണോള്ള വല്ലോം ചെയ്യാമ്പറ്റിയാ... അത് പുണ്യം കിട്ടണ കാര്യമാണല്ലാ... എന്ന് കരുതി പറഞ്ഞേണ്... ങ്ങക്കാര്ക്കും മറിച്ചയ്പ്രായം ഇല്ലെങ്കി മതി കേട്ടാ... നാടോടുമ്പം നമ്മളും നടുവേ ഓടണമല്ലാ... വല്ല വരിത്തരും പോണേലും നല്ലത് നാട്ടുകാരനൊരുത്തന് പോണേല്ലേ... പെഴച്ച് പെറ്റോളെക്കാലോക്കെ യോക്യതേം, പാരമ്പര്യോക്കെ എനിക്കൊണ്ടല്ലാ... എന്റെ പെണ്ടാട്ടിയാണെങ്കി പിള്ളമാരെ കുടുംബത്ത് ഒള്ളതുമാണ്.'' ജാള്യത മറച്ചുകൊണ്ടാണെങ്കിലും നല്ലതമ്പി പറഞ്ഞു നിർത്തി.
''മ്മക്കാരിക്കും എതിരൊന്നും ഇല്ല പിള്ളേ... നെനക്ക് അങ്ങനെയൊരു പൂതിയൊണ്ടെങ്കി അത് നടക്കട്ട്, അയ്നുമ്മേണ്ടി ചെല്ലമ്മേനെ അനാവശ്യങ്ങളൊന്നും പറേണ്ട... ഓള് പെഴച്ചാ... പെഴയ്ക്കാതേ പെറട്ട്... ന്തരായാലും നമ്മക്കെന്തര്... അവരായി അവരെ പാടായി...'' വേലുപ്പിള്ള പറഞ്ഞു.
നല്ലതമ്പിയുടെ സ്ഥാനാർഥിത്വത്തെ തത്ത്വത്തില്‍ അംഗീകരിച്ചുകൊണ്ട് ഉപ്പങ്കാട് മുന്നോട്ടുപോയി.
വല്യകുളത്തിന്റെ ബണ്ടില്വെച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ചെല്ലമ്മയൊഴികെ മറ്റൊരു സ്ത്രീയും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. ''കുടുംബത്ത് പെറന്ന പെണ്ണുങ്ങളാരെങ്കിലും ഇമ്മാതിരി കാര്യങ്ങക്ക് പോവ്വോ..?'' എന്നായിരുന്നു ഉപ്പങ്കാടിന്റെ വിശദീകരണം. കൂടിയവര്‍ ഒന്നടങ്കം, ഉപ്പങ്കാടിന്റെ പ്രതിനിധിയായി നല്ലതമ്പിയെ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തു. പഞ്ചായത്ത് സഭചേര്‍ന്ന് ആദ്യം കൈക്കൊണ്ട തീരുമാനം പുറമ്പോക്ക് ഭൂമിയൊക്കെയും പഞ്ചായത്തിന്റെ അധീനതയില്‍ കൊണ്ടുവരണമെന്നുള്ളതായിരുന്നു. തീരുമാനപ്രകാരം ചെല്ലമ്മയുടെ മാടം പഞ്ചായത്ത് ഇടപെട്ട് പൊളിച്ചുനീക്കാനും. മാടമിരുന്ന സ്ഥലത്തുകൂടി പഞ്ചായത്ത് വക മണ്‍പാത നിർമിക്കാനും തീരുമാനമായി. കുടുംബ ഓഹരിയായി വന്നുചേര്‍ന്ന ഭൂസ്വത്ത് ഭാര്യയുടെയും മക്കളുടെയും പേരില്‍ നല്ലതമ്പി ഇഷ്ടദാനമെഴുതിയതിന്റെ പിറ്റേദിവസം മുതല്‍ ഉപ്പങ്കാട്ടില് അധികഭൂമി പിടിച്ചെടുക്കല്‍ സമരം ആരംഭിച്ചു. സമരനായകനായി നല്ലതമ്പി സ്വയം അവരോധിതനായി.
ഇടതുകൈയില്‍ ഒരു ചുവന്ന ബക്കറ്റും വലതുൈകയില്‍ ലില്ലിയുമായി ചെല്ലമ്മ ലക്ഷ്മിവിലാസത്തിലെത്തുമ്പോള് തങ്കപ്പന് ജോലികഴിഞ്ഞ് മടങ്ങിയെത്തിയിട്ടുണ്ടായിരുന്നില്ല. നല്ലതമ്പിയൊഴികെ മറ്റെല്ലാപേരും ഇപ്പോഴും ലക്ഷ്മിവിലാസത്തില്‍ എത്താറുണ്ട്. അധികം വൈകാതെ തങ്കപ്പനെത്തി. പതിവുപോലെ കുഞ്ഞുകൃഷ്ണന്‍ ചെല്ലമ്മയ്ക്കും തങ്കപ്പനും തെറുപ്പുബീഡി കൊടുത്തു. ചായകുടികഴിഞ്ഞ് ലില്ലിയെ ചുമലിലേറ്റി തങ്കപ്പനും പിന്നാലെ ചെല്ലമ്മയും ബെഞ്ചില്‍നിന്നും എഴുന്നേറ്റു.
''ന്നാപ്പിന്നെ... ല്ലോരും ഇരിക്കേല്ലേ... ഞങ്ങള്‍ പെയിമ്മിച്ച് വരാമെന്ന് പറേണില്ല... പോവേണ്... എന്റെ നാട്ടിലോട്ട് തന്നെ പൂവാന്ന് കരുതി. അവിടെ ഇനിയെന്നാണോന്തോ ജനാതിവത്യം വരണത്... അതുവരെ അവിടെക്കഴിയാമെന്ന് വിജാരിക്കണ്...''
പറഞ്ഞുകൊണ്ട് ചെല്ലമ്മയും തങ്കപ്പനും ലില്ലിയും ലക്ഷ്മിവിലാസത്തിന്റെ പടിയിറങ്ങി.
''ചെല്ലമ്മോ... വക്കറ്റ് എടുക്കാന്‍ മറന്ന്വോയാ...''
പിന്നില്‍നിന്നും വേലുപ്പിള്ള വിളിച്ചു ചോദിച്ചു.
''എടുക്കാന്‍ മറന്നതല്ല അങ്ങത്തേ... അത് ഞാന്‍ മോട്ടിച്ചതാണ്. ആപ്രേഷന്‍ നടന്ന ദെവസം നല്ലതമ്പി അങ്ങത്തേരേന്ന് ഞാന്‍ മോട്ടിച്ചതാണ്... അങ്ങത്ത വരുമ്പോ അതങ്ങ് തിര്യെക്കൊടുത്തേക്കീം...''
തങ്കപ്പന്റെ ശബ്ദം മാത്രം ഇരുളുകീറി ലക്ഷ്മിവിലാസത്തിന്റെ പടികടന്ന് അകത്തേക്ക് വന്നു.