കാന്നബിസ്
ഓട്ടോറിക്ഷയില്നിന്നിറങ്ങിയ ഡെലീഷ്യ ഇടംവലം നോക്കിയില്ല, വീര്‍ത്തുകെട്ടിയ മുഖവുമായി നേരെ മുറിക്കകത്തേക്ക് ഓടിക്കേറി. അടഞ്ഞ വാതിൽപുറത്തുനിന്ന് ദേവസ്സി നൂറായിരം ചോദ്യങ്ങള്‍ വീശി. എല്ലാത്തിനും അകത്തെ മൗനം ഉത്തരം പറഞ്ഞു. | ചിത്രീകരണം: ചിത്ര എലിസബത്ത്
കുരിശുമലയുടെ എട്ടാമത്തെ വളവില്‍ താമസക്കാരനായ ദേവസ്സിയുടെ മുറ്റത്ത്, ഇരുള് ചിറകുവീശിയ നേരത്ത്, ഒരോട്ടോറിക്ഷ മുരണ്ടു കയറി. പെണ്ണമ്മ കറുത്ത മാക്സി വെളുത്ത തുടയോളം ചുരുട്ടിക്കേറ്റി അടുക്കളപ്പുറത്തെ ഏത്തന്റെ ചുവട്ടിലിരുന്ന് ചൂരമീന്‍ വെട്ടുകയായിരുന്നു. മേലാസകലം കുഴമ്പു പുരട്ടി പൈപ്പിന്ചോട്ടിലേക്ക് ഒരു ചൂടന്രാത്രികൂടി സ്വപ്നം കണ്ടു നടന്ന ദേവസ്സിക്ക് ഉള്‍വിളി ഉണ്ടായി. എരണംകെട്ട നേരത്ത് എടമൊടക്കാന് ഏതോ സാത്താന്റെ...
Your Subscription Supports Independent Journalism
View Plansകുരിശുമലയുടെ എട്ടാമത്തെ വളവില്‍ താമസക്കാരനായ ദേവസ്സിയുടെ മുറ്റത്ത്, ഇരുള് ചിറകുവീശിയ നേരത്ത്, ഒരോട്ടോറിക്ഷ മുരണ്ടു കയറി. പെണ്ണമ്മ കറുത്ത മാക്സി വെളുത്ത തുടയോളം ചുരുട്ടിക്കേറ്റി അടുക്കളപ്പുറത്തെ ഏത്തന്റെ ചുവട്ടിലിരുന്ന് ചൂരമീന്‍ വെട്ടുകയായിരുന്നു. മേലാസകലം കുഴമ്പു പുരട്ടി പൈപ്പിന്ചോട്ടിലേക്ക് ഒരു ചൂടന്രാത്രികൂടി സ്വപ്നം കണ്ടു നടന്ന ദേവസ്സിക്ക് ഉള്‍വിളി ഉണ്ടായി. എരണംകെട്ട നേരത്ത് എടമൊടക്കാന് ഏതോ സാത്താന്റെ സന്തതിയായിരിക്കും!
പെണ്ണമ്മേന്ന് വിളിച്ചുകൊണ്ട് തിണ്ണ ഒറ്റക്കുതിപ്പിന് ചാടിക്കടന്ന് അയാള്‍ മുറ്റത്തെത്തി.
ഓട്ടോറിക്ഷയില്നിന്നിറങ്ങിയ ഡെലീഷ്യ ഇടംവലം നോക്കിയില്ല, വീര്‍ത്തുകെട്ടിയ മുഖവുമായി നേരെ മുറിക്കകത്തേക്ക് ഓടിക്കേറി. അടഞ്ഞ വാതിൽപുറത്തു നിന്ന് ദേവസ്സി നൂറായിരം ചോദ്യങ്ങള്‍ വീശി. എല്ലാത്തിനും അകത്തെ മൗനം ഉത്തരം പറഞ്ഞു. അന്ധാളിച്ചുപോയ ദേവസ്സിയുടെ കൈയില്‍ മുറുകെ പിടിച്ച്, ''ഇന്നിനി ചോദ്യങ്ങള്‍ വേണ്ടിച്ചായാ അവളൊന്ന് ആറിത്തണുക്കട്ടെ''യെന്ന് ഉള്ളിലെ സങ്കടം പുറത്തുകാട്ടാതെ പെണ്ണമ്മ പറഞ്ഞു.
ഡെലീഷ്യയുടെ കെട്ടുകഴിഞ്ഞിട്ട് മാസം നാലഞ്ചായതേ ഉള്ളൂ. കുട്ടനാട്ടിലെ കൈനകരിയാണ് ജാക്സന്റെ ദേശം. കുരിശുമല ഇടവകയില്‍നിന്ന് പറ്റിയൊരാലോചന വരും എന്ന വിശ്വാസത്തില്‍ പ്രാർഥനയും ഉപവാസവുമായി ജീവിക്കുകയായിരുന്നു പെണ്ണമ്മ. ഒറ്റമോളല്ലേ, ഒന്നുമില്ലേലും വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാവുമല്ലോ.
തോളിലൊരു മരക്കുരിശുമായി എല്ലാവര്‍ഷവും പെണ്ണമ്മ മലയാറ്റൂര്‍ മല കേറും. ''പൊന്നും കുരിശു മുത്തപ്പാ പൊന്മല കേറ്റം. പാപികള്‍ ഞങ്ങള്‍ പാദബലം താ, പാപികള്‍ ഞങ്ങള്‍ ദേഹബലം താ'' എന്ന് കിതച്ചുരുവിട്ട് ഓരോ കുരിശടീലും മെഴുകുതിരി കത്തിച്ച് വിശുദ്ധനോട് പ്രാർഥിക്കും. തോമസ് ശ്ലീഹ പാറയില്‍ കുരിശുവരച്ചപ്പോള് ഉയര്‍ന്നുവന്ന സ്വർണക്കുരിശുപോലെ തങ്കപ്പെട്ട ഒരാള്‍ ഡെലീഷ്യമോൾക്ക് വരനായി മലമുകളില്‍ കുതിരപ്പുറത്ത്1 പ്രത്യക്ഷപ്പെടുമെന്നും അവനാൽ ദുരിതകാലങ്ങൾക്ക് അറുതി കുറിക്കപ്പെടുമെന്നും ഒരു നോമ്പുകാലത്ത് പെണ്ണമ്മക്ക് സ്വപ്നദര്‍ശനമുണ്ടായി. ആ സ്വപ്നം പാറപ്പുറത്ത് വിതച്ച വിത്തുപോലെ പാഴായിപ്പോയതിൽ അവള്‍ക്കും ദുഃഖമുണ്ട്.
ഉറങ്ങാത്ത കട്ടിലിന്റെ ഞെളുപിരി ഒച്ചകേട്ട് താഴെ തഴപ്പായില് കിടന്ന ദേവസ്സി ചോദിച്ചു,
''ഉറങ്ങിയില്ലായോ?''
''ഇല്ല, ഓരോന്നൊക്കെ ഓര്‍ത്തു കെടക്കുകാരുന്നു.''
''ഇനി ഓര്‍ത്തിട്ടെന്താ, ഒക്കെ തമ്പുരാന്റെ ഇംഗിതം.'' ദേവസ്സി നെടുവീര്‍പ്പിട്ടു.
കെട്ടിയോന്റെ ഉള്ളുരുകുന്ന ചൂടറിഞ്ഞ് പെണ്ണമ്മ കട്ടിലിൽനിന്ന് തഴപ്പായിലേക്ക് ഇറങ്ങിക്കിടന്നു.
പണ്ടുപണ്ട് മലയുടെ ഉച്ചിയില്‍ ഒരു മരക്കുരിശ് പ്രത്യക്ഷപ്പെട്ടു. ആരോ നാട്ടിയതാന്നും അല്ല താനേ മുളച്ചുവന്നതാന്നും രണ്ടുപക്ഷമുണ്ടായി. അതെന്തായാലും മരക്കുരിശിനെ ചുറ്റി കുരിശടിയും കുരിശടിക്ക് മുന്നില്‍ നേര്‍ച്ചപ്പെട്ടിയും ഉണ്ടായി. കുറത്തിമല അങ്ങനെ കുരിശുമലയായി. തടാകക്കരേല് പുത്തന്‍പള്ളി പണിതപ്പോള്‍ മലമുടിയിലെ കുരിശടി ആര്‍ക്കും വേണ്ടാതെ കാടുപിടിച്ചു കിടന്നു. അവിടെനിന്നും ഇടവിട്ടുയരുന്ന കുറുക്കന്മാരുടെ ഓരിയിടീൽ അടിവാരത്തെ തടാകംവരെ നീണ്ട് 'പുത്തന്‍കൂറ്റു'കാരുടെ രാത്രികളെ ഒട്ടൊക്കെ നിദ്രാവിഹീനങ്ങളാക്കി.
കുരിശുമല കേറിവരുന്ന അപരിചിതരെ കണ്ടാല്‍ കുടിയേറ്റക്കാരായ നസ്രാണികള്ക്കറിയാം, ഒന്നുകില്‍ പന്നിവേട്ടക്കാരായിരിക്കും. അല്ലെങ്കില്‍ പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷിചെയ്യാന്‍ വരുന്ന ഇളമുറക്കാര്‍. ഇനി രണ്ടുമല്ലെങ്കിലോ, കള്ളത്തടിയുടെ എടപാടുകാരായ ദല്ലാളന്മാരെന്ന് ഉറപ്പിക്കും.
അടിവാരത്തെ ചെല്ലന്റെ ചായക്കേടല്വെച്ച് ജാക്സനെ ആദ്യമായി കണ്ടനിമിഷം ദേവസ്സിക്ക് ഇതൊന്നുമല്ല തോന്നിയത്. ചെറുപ്പക്കാരന്റെ കണ്ണുകളില്‍ എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ആവേശം നുരകുത്തിയിരുന്നു. കുത്തിക്കുത്തി ചോദിച്ചിട്ടും ആദ്യമൊന്നും വിട്ടുപറയാന്‍ തയാറായില്ല. പലതവണ കണ്ട് പരിചയക്കാരായപ്പോള് ജീപ്പിലിരുന്ന് ജാക്സണ് മനസ്സുതുറന്നു.
''കൃഷിചെയ്യാന്‍ വന്നതാണ്, പെട്ടെന്ന് കുറച്ച് കാശൊണ്ടാക്കണം. അപ്പനുമായി അത്ര ലോഹ്യത്തിലല്ല. കഴിഞ്ഞ രണ്ടു സീസണിലും കായല്‍നിലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തു. വേനല്‍മഴയില്‍ മടവീണ് എല്ലാം നശിച്ചുപോയി. കരപിടിക്കാന്‍ അവസാനം കണ്ട വഴിയാണ്. അപ്പന് മുമ്പില്‍ കൈ നീട്ടി മടുത്തു.''
കരപിടിക്കാവുന്ന കൃഷിയോ? കഴിഞ്ഞവര്‍ഷം കൊടുങ്കാറ്റില്‍ നടുവൊടിഞ്ഞുകിടന്ന തന്റെ വാഴത്തോട്ടങ്ങളെ മനസ്സിലോര്ത്തപ്പോള് ദേവസ്സിക്ക് ചിരി വന്നു.
''എന്തു കൃഷി?''
''കാന്നബിസ്.''
കൃഷി എന്താണെന്ന് ദേവസ്സിക്ക് മനസ്സിലായില്ല. ബീന്‍സ് കൃഷിപോലെ എന്തോ ഒരുതരം കൃഷിയായിരിക്കാം. കൂടുതല്‍ സംശയങ്ങള്‍ ഉന്നയിച്ച് തന്റെ അജ്ഞതയെ ഇളമുറക്കാരനായ വരത്തന്റെ മുമ്പില്‍ വെളിപ്പെടുത്താന്‍ അയാളാഗ്രഹിച്ചില്ല.
അന്നു വൈകീട്ട് ദേവസ്സി ജാക്സനെ എട്ടാംവളവിലേക്ക് കൂട്ടിക്കൊണ്ടുപോയി. പെണ്ണമ്മ കാട്ടുപന്നിയുടെ ഇറച്ചിയും കപ്പ പുഴുങ്ങിയതും കൊടുത്ത് അതിഥിയെ സൽക്കരിച്ചു. ഒരു മാലാഖയെപോലെ സുന്ദരിയായ ഡെലീഷ്യ തന്റെ മാദകശബ്ദത്തില് ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന നൂറ്റിമൂന്നാം സങ്കീര്‍ത്തനം പതിവിലും ഉച്ചത്തില്‍ പാടി. ആ രാത്രി, ഒരു ചുവരിന് അപ്പുറവും ഇപ്പുറവും ഉറങ്ങാതെ കിടന്ന പ്രണയികള്‍ 'ജീവന്റെ അപ്പവും വീഞ്ഞും പകരുന്ന പാനപാത്രം നീതന്നെ'യെന്ന് ഹൃദയങ്ങളാല്‍ പരസ്പരം ഉറപ്പിച്ചു.
പക്ഷികള്‍ ചിലക്കുംമുമ്പേ ഉണർന്ന ജാക്സൻ ദേവസ്സിയെ വിളിച്ചുണര്‍ത്തി. ഇരുവരും മലമുകളിലേക്ക് യാത്രതിരിച്ചു. രാജവെമ്പാലകള്‍ മുട്ടയിട്ടു തിറകൂടിയിരിക്കുന്ന കരിയിലപ്പൊത്തുകളെ ഇളക്കാതെ, കരിമ്പുലികള്‍ പതിയിരിക്കുന്ന ഒറ്റമരങ്ങള്ക്കിടയിലൂടെ, ആനത്താരകള്‍ താണ്ടി അവര്‍ ഉൾവനത്തിലെത്തി. മനുഷ്യന്റെ മണമറിഞ്ഞ് കന്യാവനം മൂക്ക് വിടര്‍ത്തി ഗന്ധിച്ചു. പുള്ളിപ്പാറയുടെ മുകളില്‍ കേറി വനംകാരുടെ നോട്ടം ഇനിയുമെത്തിയിട്ടില്ലാത്ത സമതലത്തിന് നേരെ ജാക്സന് വിരൽചൂണ്ടി, ''ഇതാണ് കാന്നബിസ്.''
സൂര്യവെളിച്ചത്തില്‍ ആവണക്കിന്റെ ഇലപോെല തിളങ്ങുന്ന ഇലച്ചെടികളെ ദേവസ്സി കണ്ടു. വിത അറിഞ്ഞതും തുടകളെ വിറപ്പിച്ച് ഭയം അടിവയറ്റിലൂടെ മേലോട്ട് ഇരച്ചുകേറി. നെഞ്ചിന്കൂടിനുള്ളില് അത് പൊട്ടാന്‍ പാകത്തില്‍ വീര്‍ത്തുനിന്നു.
വെള്ളമേഘങ്ങളാല് മൂടപ്പെട്ട്, തനിക്കും രണ്ടടി മോളില് പാറമേല്‍ ചവുട്ടിനിന്ന ജാക്സണ്, ഒരു വിശുദ്ധനെപോലെ അനുഗ്രഹവര്‍ഷം ചൊരിയുന്നതായി ദേവസ്സിക്ക് തോന്നി. ആ സ്നേഹസ്വരൂപന്റെ വചനങ്ങള്‍ മൊഴിമുത്തുകളായി താഴ് വാരങ്ങളിൽ പ്രതിധ്വനിച്ചു.
''നാലുമാസമായ കഞ്ചാവ് ചെടികളാണ്, ലക്ഷങ്ങളുടെ മൊതല്. ഇനി കഷ്ടിച്ചു രണ്ടോ മൂന്നോ മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. കണ്ണീരോട് വിതക്കുന്നവന് ആര്‍പ്പോടെ കൊയ്യുമെന്നല്ലേ വചനം. ഒരു വിശ്വസ്തനെ വേണം, ആന ഇറങ്ങാതെ പന്നി കിളക്കാതെ കാവലിനായി. ചോദിക്കുന്ന പണം കൊടുക്കാം.''
കാലില്‍ പെരുമ്പാമ്പ് ചുറ്റിയ കണക്കെ ദേവസ്സി ഒന്ന് പകച്ചു. കര്ത്താവിന് നിരക്കാത്ത പണിയാണ്. അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്താന്‍ കഴിവില്ലാത്ത കര്ഷകന് എക്കാലവും ദരിദ്രനായതുകൊണ്ട് ജാക്സണ് നീട്ടിയെറിഞ്ഞ പെരുംചൂണ്ടയില് ദേവസ്സി എളുപ്പംകൊത്തി. ഇത്രവേഗം തന്റെ കെണിയില്‍ കുടുക്കുവീഴുമെന്ന് ജാക്സനും കരുതിയില്ല. കാവല്ക്കാരന് ഇല്ലാത്ത കരിമ്പിന്‍കാട്ടിലേക്ക് മദിച്ച ആന കണക്കെ അവന്റെ ചിന്തകൾ പുളകംകൊണ്ടു.
കാട്ടിനുള്ളില്‍ 'ഇഞ്ചികൃഷി'ക്ക് ദേവസ്സി കാവല്‍ കിടക്കാന്‍ പോെന്നന്നറിഞ്ഞ് പെണ്ണമ്മ വലിയവായിലേ കരഞ്ഞു. തുണി അലക്കിക്കൊണ്ടിരുന്ന ഡെലീഷ്യ, ചാച്ചന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചതായി കരുതി അടുക്കളവാതില്‍ തള്ളിത്തുറന്ന് ഓടിവന്നു.
''എടിയേ, നീയൊന്നടങ്ങ്. രണ്ടു മാസം ഭരണങ്ങാനത്ത് ധ്യാനംകൂടാന്‍ പോയതാണെന്ന് കരുതിയാ മതി. ഇതൊരു മലങ്കോളാ. പെണ്ണ് പ്രായം തെകഞ്ഞുവരുന്നു. മഴയുള്ളപ്പോൾ വിതക്കണമെന്നും കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നും മിശിഹ പറഞ്ഞിട്ടൊണ്ട്.''
മിശിഹ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നായി പെണ്ണമ്മയുടെ അടുത്ത സംശയം. ഇതിപ്പൊ എല്ലാ കൊള്ളരുതായ്മകള്‍ക്കും അതിയാന് ദൈവത്തെ കൂട്ടുപിടിക്കുന്നു. തിരുവചനങ്ങള്‍ വളച്ചൊടിക്കുന്നു. ''നന്മ നിറഞ്ഞ മറിയമേ... പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും എപ്പോഴും പ്രാർഥിക്കണമേ... അവിടുത്തെ സമാശ്വാസത്തിന്റെ ശീതളഛായയില്‍ ഞങ്ങളെ നിര്‍ത്തേണമേ... വിശ്വാസത്തില്‍ ഉറപ്പിക്കുകയും പ്രത്യാശയില്‍ നടത്തുകയും ചെയ്യേണമേ...''
പെണ്ണമ്മ ഭിത്തിയില്‍ ഞാന്നുകിടക്കുന്ന മാതാവിന്റെ തിരുരൂപത്തിന് നേരെ നോക്കി ധ്യാനനിരതയായി. നെറ്റിയിലും നെഞ്ചത്തും കുരിശുവരച്ചു. അടുത്ത നിമിഷം ഭൂമിയിലേക്കുണർന്ന് സങ്കടത്താല്‍ വിതുമ്പി. ''ഇച്ചായനെ കാണാതെ ഇരിക്കണമല്ലോ എന്നോര്‍ക്കുമ്പഴാ...''
''നീ വിഷമിക്കണ്ട, ഏറിയാല്‍ ഒരു മൂന്നുമാസം. തീരെ മുട്ടു തോന്നിയാല്‍ കാശൊന്നും നോക്കുകേലാ, ഏതു നട്ടപ്പാതിരക്കും ദേവസ്സി കാടിറങ്ങും.''
ഒക്കെ വെറും ഭംഗിവാക്കുകള്‍ എന്നറിയാമായിരുന്നിട്ടും പെണ്ണമ്മയുടെ കവിളിലെ നുണക്കുഴി വിരിഞ്ഞു. വലിച്ചടിപ്പിച്ച കൈകള്‍ തട്ടിമാറ്റാതെ അവള് ഒട്ടിച്ചേര്‍ന്നു നിന്നു. അൽപം മുമ്പു കേട്ട നിലവിളിയും ഇപ്പോള്‍ മുമ്പില്‍ കണ്ട പ്രണയരംഗവും നിർധാരണം ചെയ്യാനാകാതെ ഡെലീഷ്യ കൈയിലെ സോപ്പുപത കുടഞ്ഞുകളഞ്ഞ് ചിരിച്ച് പണ്ടാരമടങ്ങി.
കോടയും ഏകാന്തതയും മുറിച്ച് ദേവസ്സി നീര്‍മരുതില്‍ കെട്ടിയ ഏറുമാടത്തില്‍ കാവല്‍കിടക്കുമ്പോള്‍ പതിനെട്ടാം വളവില്‍ കാവല്‍ക്കാരനില്ലാതെ ഡെലീഷ്യയുടെ സ്വർഗവാതില്‍ പലതവണ തുറക്കപ്പെട്ടു.
കര്ത്താവിന് സ്തുതിചൊല്ലി മോടെ കൈയില്‍നിന്ന് ഒരു ഗ്ലാസ് ആട്ടിന്പാല് വാങ്ങി കുടിച്ചപ്പോഴൊക്കെ പെണ്ണമ്മ ചാവുപോലെ കിടന്നുറങ്ങി. ഡെലീഷ്യയുടെ 'കൈപ്പുണ്യം' അത്രക്കുണ്ട്, ഇത്രയും ആഴത്തില്‍ അവര്‍ ഇതിനുമുമ്പ് ഉറങ്ങിയിട്ടേയില്ല!
ജാക്സനൊപ്പം പാപത്തിന്റെ മല കയറുകയും ഇറങ്ങുകയും ചെയ്ത രാത്രികളില്‍ ഡെലീഷ്യക്ക് കുറ്റബോധം തോന്നിച്ചില്ല, കുമ്പസാരിക്കാന്‍ അവസരം ഉള്ളതുകൊണ്ട് പാപക്കറ എപ്പോള്‍ വേണമെങ്കിലും കഴുകിക്കളയാം. എങ്കിലും പരകായ പ്രവേശനത്തിനുമുമ്പ് കെട്ടിക്കോളാം എന്നൊരുറപ്പ് ജാക്സനില്നിന്ന് അവള് വാങ്ങിയിരുന്നു.
ആലോചന വന്നതും ദേവസ്സി ഒന്നേ പറഞ്ഞുള്ളൂ , ''കര്ത്താവിന് നിരക്കാത്ത കൃഷി ഇനി വേണ്ട. വെറുതെ പറഞ്ഞാല്‍ പോരാ, വാക്ക് തരണം.''
രണ്ടു സീസണ് വിളവെടുത്ത ജാക്സന് വഴങ്ങി.
പെണ്ണമ്മക്ക് പെണ്ണിനെ വെള്ളക്കുഴിയില്‍ പറഞ്ഞയക്കാന്‍ സങ്കടമായിരുന്നു. പോരാഞ്ഞ് അവിടെ ഡെലീഷ്യ മോള്‍ക്ക് മിണ്ടീം പറഞ്ഞുമിരിക്കാന്‍ ഒരുത്തി വേറെയില്ല. ആറു ബ്ലോക്കില്‍ പുഞ്ചനിലവും പള്ളാത്തുരുത്തിയില്‍ ചെമ്മീന്കെട്ടുമുള്ള പുത്തന്‍വീട്ടുകാര്‍ എന്തുകൊണ്ടും പതിനെട്ടാം വളവുകാരേക്കാൾ മുന്നിലാെണന്ന് ദേവസ്സിക്കറിയാം. പോരാഞ്ഞ് കായല്‍ നിലങ്ങള്‍ കുത്തിയുണ്ടാക്കിയ മുരിക്കുംമൂട്ടില്‍ ഔതയുടെ വീട്ടുകാരെന്ന ഖ്യാതിയും. രണ്ടാലൊന്ന് ആലോചിക്കേണ്ടി വന്നില്ല, വിറ്റും കടംമേടിച്ചും മിന്നുകെട്ട് ആര്‍ഭാടമായി നടത്തി.
ആ രാത്രി ദേവസ്സി ഒരുപോള കണ്ണടച്ചില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നു. പെണ്ണിന്റെ അടുക്കല്‍നിന്ന് കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കി വരുമ്പോഴേക്കും വൈകും. ലോകമുള്ള കാലത്തോളം പെണ്‍മക്കളുള്ളവരുടെ നെഞ്ചിലെ തീയണയില്ലെന്ന് അയാള്‍ക്ക് തോന്നി.
രാവിലെ അഞ്ചരക്ക് അടിവാരത്തുനിന്ന് എറണാകുളത്തേക്ക് ബസ്സുണ്ട്. അവിടെനിന്നും ചങ്ങനാശ്ശേരി സ്റ്റാൻഡിലിറങ്ങി എ.സി റോഡു വഴി കൈനകരിയിലെത്താം. വെള്ളം നിറച്ച കുപ്പി പ്ലാസ്റ്റിക് കവറില്‍ വെച്ചത് ഇടം കൈയില്‍ തൂക്കി, വലംകൈയില്‍ നാലു ബാറ്ററിയുടെ വെട്ടവും തെളിയിച്ച് ദേവസ്സി കുരിശുമലയിറങ്ങി. പെണ്ണമ്മയോട് ഒരക്ഷരം പറഞ്ഞില്ല. കടലാസില്‍ എഴുതി തലയ്ക്കല്വെച്ചു.
ഒരാഴ്ചയായി വേനല്‍മഴ തിമിര്‍ത്തു പെയ്യുന്നു, ശക്തമായ ശീതക്കാറ്റും. നടപ്പുവഴിെയല്ലാം മണ്ണൊലിച്ച് ആഴത്തില്‍ ചാലുകള്‍ കീറിയിട്ടുണ്ട്. ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ഫലമായി ഉണ്ടായ കാറ്റും മഴയും രണ്ടുനാള്‍ കൂടി നീണ്ടുനിന്നേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. കിഴക്കന്‍ മലയിലെവിടെയോ ഉരുള്‍ പൊട്ടിയെന്നും കേട്ടു.
2
അറുപതിന്റെ മധ്യത്തിലും യുവാവിന്റെ ചേഷ്ടകളുമായി ജീവിക്കുന്ന കൈനകരി തങ്കച്ചന് ഓരോ പെരുന്നാളും അര്മാദിക്കാനുള്ളതാണ്. സുഹൃത്തുക്കളുമൊത്ത് പകല്‍ മുഴുവന്‍ പള്ളി പരിസരങ്ങളില്‍ കറങ്ങിനടന്ന് കാഴ്ചകള്‍ കാണും, മൂക്കറ്റം കുടിക്കും, രാത്രി പുലരുവോളം ചീട്ടു കളിക്കും. ചീട്ടുകളി തലക്കുപിടിച്ചാല്‍ കള്ളുകുടി പോലെയല്ല, അതിന്റെ കെട്ട് വിട്ടുപോകില്ലെന്നാണ് തങ്കച്ചന്റെ ഒരിത്. കലണ്ടറിലെ പെരുന്നാള്‍ അക്കങ്ങള്‍ക്ക് ചുറ്റും ചുവന്ന വട്ടം വരച്ചിട്ടിട്ടുണ്ട്. അര്‍ത്തുങ്കല്‍ പെരുന്നാളും എടത്വാ പെരുന്നാളും കഴിഞ്ഞുപോയെങ്കിലും വരാന്‍ പോകുന്ന പരുമല പെരുന്നാളിന്റെ ആവേശത്തിലാണ് അയാള്‍.
കരിവീട്ടിയുടെ നിറമുള്ള വലിയ ദേഹത്ത് ഒട്ടിക്കിടക്കുന്ന സില്‍ക്കിന്റെ ജുബ്ബ, മാറത്തെ രോമക്കാട്ടില്‍ പതിഞ്ഞുകിടക്കുന്ന കയറുപിരിമാല, അഗ്രം പിരിച്ചു കയറ്റിയ മീശ, കൂടാതെ വലതു കവിളിലൊരു അരിമ്പാറയും. ചോദിക്കാനും പറയാനും ആളില്ലാത്തതുകൊണ്ട് എവിടെങ്കിലും പോയാല്‍ ഒരുപോക്കാണ്. ദിവസങ്ങള്‍ കഴിഞ്ഞേ മടങ്ങിവരൂ. തോന്നിയപോലെ ജീവിച്ചു. ഇനിയും അങ്ങനെ തന്നേ ജീവിക്കൂ എന്നത് തങ്കച്ചന്റെ ശപഥം. ആരും ഉപദേശിക്കുന്നത് ഇഷ്ടമല്ല. അപ്പനെ മൂക്ക് കയറിടാന്‍ ജാക്സണ് പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഒടുവില്‍ കട്ടേം പടോം മടക്കി.
ഭാര്യ മോളിക്കുട്ടിയുടെ മരണശേഷമാണ് തങ്കച്ചന് ഇങ്ങനെയായതെന്ന് കൈനകരിക്കാര്‍ പറയും. എന്നാലും സത്യം അതല്ലായിരുന്നു. വെളുത്തു തുടുത്ത മോളിക്കുട്ടിയെ തങ്കച്ചന് എന്നും സംശയമായിരുന്നു. ജാക്സന്റെ പിറവിക്കുശേഷം സംശയം എവറസ്റ്റു കേറി. കലഹവും മർദനവും പതിവായി.
''കറുത്ത എനിക്ക് എങ്ങനാ വെളുവെളാന്നൊരു കൊച്ച്.'' ഒരേ ഒരു ചോദ്യത്തിന് മുമ്പില്‍ ഉത്തരംമുട്ടിപ്പോയ മോളിക്കുട്ടി വല്യവായിലേ കരഞ്ഞു. തന്റെ ജീവിതം നരകത്തീയില്‍ വീണുപോയല്ലോ എന്ന് വെളുത്തച്ചനോട് പരിതപിച്ചു. ആരോടും ഒന്നും പറയാതെ മോളിക്കുട്ടി എല്ലാം ഉള്ളിലൊതുക്കി.
മറ്റുള്ളോര്‍ക്കു മുമ്പില്‍ കൈനകരി തങ്കച്ചന് ഒരു സത്യ ക്രിസ്ത്യാനിയും മാന്യനുമായിരൂന്നു. എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ പോയി കുര്‍ബാന കൈക്കൊള്ളുന്ന പരമസാത്വികന്‍. വിചിത്രമായ വഴികളിലൂടെ സഞ്ചരിച്ച അയാളുടെ കാമവെറികളില്‍ മനംപുരട്ടി മോളിക്കുട്ടിക്ക് ജീവിതമേ മടുത്തു.
ആ മടുപ്പിലേക്കാണ് കൃഷ്ണമോഹന് ഭാഗവതര്‍ വന്നു കേറിയത്. ജാക്സന് പാട്ടു പഠിപ്പിക്കാന്‍ ചമ്പക്കുളത്തുനിന്ന് കൊണ്ടുവന്നതാണ് വെളുത്തു കൊലുന്നനെ ഉള്ള ഭാഗവതരെ. പിന്നോട്ട് വളര്‍ന്ന മുടിയും ചുവന്ന ചുണ്ടും നീള്‍മിഴിയും അന്നനടത്തവുമുള്ള ഭാഗവതരില്‍ സ്ത്രൈണഭാവം മുറ്റിനിന്നു. ആകാശത്തുനിന്ന് പൊട്ടിവീണ ഗന്ധര്‍വഗായകനെ പോലെ ഭാഗവതര്‍ മോളിക്കുട്ടിയുടെ സ്വപ്നങ്ങളില്‍ ചേക്കേറുകയും പ്രണയത്തിന്റെ ലോലതന്ത്രികളെ മൃദുവായി മീട്ടുകയും ചെയ്തു.
പരുമല പള്ളി പെരുന്നാളിന്റന്ന് രാത്രി പമ്പാനദിയുടെ വിശാലമായ മണല്‍ത്തിട്ടിലിരുന്ന് പന്നി മലത്തുകയായിരുന്നു തങ്കച്ചന്. തിട്ട മുഴുവന്‍ ആനമയില്‍ ഒട്ടകക്കാരും കുലുക്കിക്കുത്തുകാരും ചീട്ടുകളിക്കാരും പൊരിവിൽപനക്കാരും തമ്പടിച്ചിരുന്നു. എടത്വ പെരുന്നാളിനു പോയത് തിരിച്ചുപിടിക്കണമെന്നുള്ള വാശിയിലാണ്. ചീട്ടു കശക്കിയിടുമ്പോള് ജോക്കറിന്മേല് നഖംകൊണ്ട് അച്ചായൻ അടയാളം പിടിച്ചു.
''തങ്കച്ചായനോടാ കളി, ഇന്നെന്തെങ്കിലുമൊക്കെ നടക്കും.'' കാഴ്ചക്കാരില്‍ ഒരാള്‍ അടുത്തു നില്ക്കുന്നവനോട് പിറുപിറുത്തു.
''എന്തുനടക്കാന്‍? കളത്തിലിരിക്കുന്ന മങ്കൊമ്പ് ശിവനും മേപ്പാടം ജോസും രാമങ്കരി സുരേഷും ഒട്ടും മോശക്കാരല്ല.''
''എന്നിട്ടെന്താ പൊലിക്കുന്നത് അച്ചായനാണല്ലോ.''
''ഇത് പന്നി മലത്താ, ഒരു നിമിഷം മതി എല്ലാം മാറിമറിയാന്‍.''
ഓരോ കളത്തിനു ചുറ്റും കൂടിനില്ക്കുന്ന കാഴ്ചക്കാര്‍ അങ്ങനെയാണ്, അഭിപ്രായങ്ങള്‍ തട്ടിമൂളിക്കും. കളിക്കാര്‍ക്ക് വേണ്ടി വാട്ടം പിടിക്കും, ബെറ്റ് വെക്കും.
പെട്ടെന്ന് വിസിലിന്റെ ഒച്ചയുയര്‍ന്നു. പോലീസ് പോലീസ് എന്ന് ആരോെക്കയോ വിളിച്ചുകൂവി. പെട്രോ മാക്സിന്റെ വെളിച്ചം എമ്പാടും കെട്ടു. പകച്ചു പായുന്നവര്‍ ഇരുളില്‍ കൂട്ടിമുട്ടി നിലത്തുവീണു. ചിലരുടെ കൈയില്‍നിന്നും നോട്ടുകളും ചില്ലറകളും മണല്‍പ്പുറത്ത് തെറിച്ചുപോയി. പോലീസൊന്നുമല്ല, കാശു പെറുക്കാന്‍ ഏതോ നായിന്റെ മക്കടെ ഉടായിപ്പാണ്, തങ്കച്ചന് ഉറപ്പായിരുന്നു. തിരിഞ്ഞോടാതെ അയാള്‍ പാലം കയറി പരുമല കടവിലെത്തി. ഉടുവസ്ത്രങ്ങള്‍ അഴിച്ചു കുടഞ്ഞ് മണല്‍ത്തരികളെ പാറിച്ചു. ആലപ്പുഴക്കുള്ള പാണ്ടിലോറിയില്‍ കയറി അർധരാത്രി കൈനകരിയെത്തി.
തങ്കച്ചന്റെ വിളികേട്ട് മോളിക്കുട്ടി വാതില്‍ തുറക്കാന്‍ പതിവിലും വൈകി. പിന്നിലെ വാതിലിനടുത്ത് ഒരു 'പട്ടി' ഓടി മറയുന്ന ഒച്ച തങ്കച്ചന് കേട്ടതാണ്. ചുളുവുവീണ വിരിയില്‍നിന്നും കൈതപ്പൂവിന്റെ ഗന്ധം മണത്തു. അന്തരീക്ഷത്തില്‍ എവിടെയൊെക്കയോ ഒരു ഗന്ധര്‍വസാന്നിധ്യം അയാള്‍ അനുഭവിച്ചറിഞ്ഞു.
അഴിഞ്ഞ മുടിയില്‍ കുത്തിപ്പിടിച്ച് ''കൂത്തിച്ചി മോളെ, ആരാ ആരാ''ന്ന് ആവര്‍ത്തിച്ചിട്ടും മോളിക്കുട്ടി ഒന്നും പറഞ്ഞില്ല. ഭിത്തിയോട് ചേര്‍ത്തുപിടിച്ച് അടിയും തൊഴീമേറ്റ് അട്ട ചുരുളുംപോലെ ചുരുണ്ടുപോയിട്ടും ആരുടേയും പേര് പറഞ്ഞില്ല.
ആറ്റിലേക്ക് ചാഞ്ഞ പൂവരശിന്റെ കൊമ്പില്‍ അമ്മച്ചി ഞാന്നു കിടക്കുന്നത് സണ്‍ഡേ സ്കൂളില്‍ പോകാനിറങ്ങിയ ജാക്സനാണ് ആദ്യം കണ്ടത്. അമ്മച്ചി രക്ഷപ്പെട്ടല്ലോ എന്നോര്‍ത്ത് അവന് കരഞ്ഞു. ദുഃഖം താങ്ങാനാവാതെ തങ്കച്ചന്, അച്ചന്റെയും ഇടവകക്കാരുടെയും മുമ്പില്‍ സെമിത്തേരിയില്‍ തളര്‍ന്നുവീണു. ഒരു വെള്ളിടി വീശി നല്ല നടനായ അപ്പനും ചത്തുതുലഞ്ഞ് അതേ കുഴിയില്‍ മൂടപ്പെട്ടിരുന്നെങ്കില്... അവനാഗ്രഹിച്ചു. ഡിപ്രഷന് മരുന്ന് കഴിക്കുന്ന മോളിക്കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയ പോലീസ് കേസ് ഫയല്‍ എന്നേക്കുമായി ക്ലോസ് ചെയ്തു.
നേരം ഉച്ചയോടടുത്തപ്പോള്‍ ചങ്ങാടക്കടവ് കടന്ന് ദേവസ്സി പുത്തന്‍വീട്ടിലെത്തി. ഇരച്ചെത്തിയ കിഴക്കന്‍വെള്ളം പുഞ്ചയും ആറും തോടുമെല്ലാം മുക്കിയിരുന്നു. പാലം ഒഴുകിപ്പോയതുകൊണ്ട് ആറ്റുബണ്ട് വഴി കുറെ കറങ്ങേണ്ടിവന്നു.
ഒഴുകിവരുന്നതെന്തും പിടിച്ചടുപ്പിക്കാന്‍ കാത്തുനില്ക്കുന്നവര്... വീശുകാര്‍... ഒരു റാസക്കുള്ള ആളുണ്ട് ബണ്ടില്‍.
പുറപ്പെട്ടതില്‍ പിന്നെ ആഹാരം ഒന്നും കഴിച്ചിട്ടില്ലെങ്കിലും ദേവസ്സി വിശപ്പറിഞ്ഞില്ല.
തങ്കച്ചന് ഷാപ്പില്‍നിന്ന് വരുത്തിയ ഉച്ചയൂണ് പാതി കഴിച്ച് അയാള്‍ ആറ്റിലേക്കെറിഞ്ഞു.
ദേവസ്സിയുടെ വരവില്‍ തങ്കച്ചന് ചില സംശയങ്ങളില്ലാതില്ല.
''ഡെലീഷ്യ കൊച്ച് അങ്ങെത്തിയോ ദേവസ്സി. ഒറ്റക്ക് പോണ്ടെന്ന് പറഞ്ഞതാ. ചെറുപ്പമല്ലെ, തിളപ്പ് കാണും. പെണ്‍പിള്ളേരായാല്‍ ഒത്തിയൊതുങ്ങി ജീവിക്കണം. പലതും കണ്ടില്ലാ കേട്ടില്ലാന്ന് വെക്കണം. മനുഷ്യനല്ലേ, കല്ലും മരവുംകൊണ്ട് ഉണ്ടാക്കിയതല്ലല്ലോ. മോളിക്കുട്ടി പോയിട്ട് വര്‍ഷം പതിനഞ്ചായി. വേറെ ചരക്കിനെ കിട്ടാഞ്ഞിട്ടല്ല കൂടെ പൊറുപ്പിക്കാത്തെ. കൊച്ചനെ ഓര്‍ത്താ. പിന്നെ, ഇല്ലാവചനങ്ങള്‍ പെരുപ്പിച്ച് എന്നേം അവനേം കൊമ്പു കോര്പ്പിക്കാനാണ് അവടെ ഭാവമെങ്കില്‍ തങ്കച്ചായന്റെ സ്വഭാവം മാറും. സ്നേഹിച്ചാല്‍ ചങ്ക് പറിച്ചുകൊടുക്കും. ഇടഞ്ഞാലോ സാത്താനാ...''
മഞ്ഞപ്പല്ലുകള് പുറത്തുകാട്ടി പിശാചു ബാധിച്ചവനെപോലെ അയാള്‍ കുലുങ്ങി ചിരിച്ചു.
കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ടൊക്കെ ദേവസ്സിക്ക് കത്തി. മുതുക്കന് കൊച്ചിനോട് എന്തോ വേണ്ടാതീനം കാണിച്ചിട്ടുണ്ട്. ഒറ്റക്കുത്തിന് കുടല്‍മാല പുറത്തെടുക്കാനുള്ള ദേഷ്യം ഇരച്ചുവന്നെങ്കിലും അയാള്‍ പുറമേക്ക് സംയമനം പാലിച്ചു.
''തങ്കച്ചന് ഒന്ന് ക്ഷമി, അവള്‍ക്കു ലോകപരിചയം കുറവാ.''
''തങ്കച്ചന് എപ്പഴേ ക്ഷമിച്ചു. ദേവസ്സി അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. ഒന്നുമില്ലേലും അവള് വന്നേ പിന്നാ വേലക്കാരിയെ പറഞ്ഞുവിട്ടത്. ഒരു മുഴുത്ത ശവം, ഇരിക്കാന്‍ പറഞ്ഞാല്‍ കെടക്കും. ഡെലീഷ്യ മോള് ബീഫും വരാലും കുടംപുളിയിട്ടു കറിവെച്ചാല്‍ സൂപ്പറാ... ഷാപ്പിലെ കറി മാറിപ്പോകും. ഇവിടെ എന്നാത്തിന്റെ കുറവുണ്ടായിട്ടാ അവള് കുറ്റീം പറിച്ച് രായ്ക്കുരാമാനം പോയേ? ദേവസ്സി പറ. കൊഴുപ്പുള്ള ഭക്ഷണം ചെന്നപ്പൊ എല്ലിന്മേല് കുത്തല് തുടങ്ങി. ഏറും തടേമൊക്കെ മാറ്റിവെച്ച് നല്ല ശമരിയാക്കാരിയായി ജീവിച്ചാല്‍ ഈ കാണുന്നതൊക്കെ അവള്ക്കിരിക്കും.'' തന്റെ ഭാഗം വിദഗ്ധമായി അവതരിപ്പിച്ച ആത്മനിര്‍വൃതിയോടെ തങ്കച്ചന് ഉച്ചമയക്കത്തിന് കേറി.
ഒറ്റക്കിരുന്ന് മടുത്തപ്പോള്‍ ദേവസ്സി വീട്ടുപടിക്കലെ ബോട്ടുജെട്ടിയിലേക്ക് നടന്നു. വെള്ളത്തിന്റെ കുത്തൊഴുക്കാണ് ചുറ്റും. കലങ്ങിമറിഞ്ഞ് ഹൃദയം തകര്ത്തൊഴുകുന്നു. ഒരു കൊതുമ്പുവള്ളം തിരക്കോളില്‍പെട്ട് ആടിയുലയുന്നു. കര കാണുന്നതേയില്ല.
ചെമ്മീന്കെട്ടിന് കാവലിനു പോയ ജാക്സണ് വന്നാലുടന്‍ രണ്ടാലൊന്ന് അറിഞ്ഞ് മടങ്ങണം.
നേരം സന്ധ്യയോടടുത്തപ്പോള്‍ പള്ളാത്തുരുത്തിയില്നിന്ന് ജാക്സണ് എത്തി. അവന്റെ മുഖം ചോരകെട്ട് വിളറിയിരുന്നു. ദേവസ്സിക്ക് മുന്നില്‍ പ്രാപ്തിയില്ലാത്തവനെ പോലെ തലകുനിച്ചു നിന്നു.
''അപ്പനെ തിരുത്താൻ ആര്‍ക്കും കഴിയില്ല. ഞങ്ങൾ മാറി താമസിച്ചാല്‍ സ്വത്തുക്കള്‍ അനാഥാലയത്തിന് എഴുതിവെക്കുമെന്ന് ഭീഷണിപ്പെടുത്തി. അപ്പന് ഒരു വാക്കേ ഉള്ളൂ. പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യും. വെട്ടൊന്ന് മുറി രണ്ട്, അതാ പ്രകൃതം. കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്കാൻ ഞാനാണ് അവളോട് പറഞ്ഞത്. എന്തു വേണമെന്ന് എത്തും പിടിയും കിട്ടുന്നില്ല.'' ജാക്സന് തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
രാത്രി തങ്കച്ചന് ഒരു സഹായം ചോദിച്ച് ദേവസ്സിയുടെ അടുക്കല്‍ വന്നു. ബണ്ടില്‍ നിറയെ പോത്തന് തവളകളാണ്. ചാക്കുമായി പിന്നാലെ ചെല്ലണം. കുപ്പി പൊട്ടിച്ചതും തവളക്കാല് ഫ്രൈയും കൊടുത്ത് ഡെലീഷ്യയുടെ ചാച്ചനെ വരുതിയിലാക്കാന്‍ ഉള്ള ശ്രമങ്ങളാണ് അപ്പന്റേതെന്ന് ജാക്സന് തോന്നി.
മാര്‍ജാര ചുവടുകള്‍വെച്ച് തങ്കച്ചന് മുമ്പിലും ടോര്‍ച്ചു തെളിയിച്ച് ദേവസ്സി പിന്നിലുമായി നടന്നു. മഴച്ചാറ്റല്‍ ഉണ്ട്. കുറ്റാക്കുറ്റിരുട്ടില്‍ പെരുവെള്ള പാച്ചിലിന്റെ മുഴക്കം എമ്പാടും കേള്‍ക്കാം. കണ്ണിലേക്ക് കുത്തിക്കയറുന്ന തീക്ഷ്ണ വെളിച്ചത്തില്‍ ചലിക്കാന്‍ ആവാതെ തവളകള്‍ മിഴിച്ചിരുന്നു. ഇരയെ കീഴടക്കുന്ന വേട്ടക്കാരന്റെ കൈ വേഗം, രക്ഷപ്പെടാനാവുന്നില്ല ഒന്നിനും.
ഉത്സാഹത്തോടെ തങ്കച്ചന് ചാക്കു നിറച്ചു. ദേവസ്സിയുടെ ചുമലില്‍ കിടന്ന് തവളകള്‍ ചാടിത്തുള്ളുന്നു, കുത്തിമറിയുന്നു.
''വഴുക്കാതെ സൂക്ഷിക്കണം, അടിയൊഴുക്കുള്ള കയമാണ്. പണ്ടൊരു ഭാഗവതര്‍ ഇവിടെ വീണു, വട്ടക്കായലിലാണ് പിന്നെ പൊന്തിയത്. ഞാങ്കൊന്നെന്ന് ചില മറ്റവന്മാര് പറഞ്ഞൊണ്ടാക്കി. എന്നിട്ടെന്താ, എന്റെ കുറച്ചു കാശ് പോലീസു പട്ടികൾ തിന്നു.''
പറച്ചിലിനിടയില്‍ ഒരുവേള തങ്കച്ചന്റെ ശ്രദ്ധ പാളി. തക്കത്തിന് വീര്‍ത്ത വയറുള്ള ഒരെണ്ണം വിരലിനിടയിലൂടെ വഴുതി താഴേക്ക് ചാടി.
''കഴുവേറി മോളെ, തങ്കച്ചനോടാ നിന്റെ കളി'', അയാള്‍ മുക്കറയിട്ട് നിലത്താഞ്ഞു ചവുട്ടി. ഒഴുക്ക് വെള്ളത്തിലേക്ക് കാര്‍ക്കിച്ച് തുപ്പി.
ദേവസ്സി നീട്ടിയ വെളിച്ചത്തില്‍ തങ്കച്ചന് നാലുചുറ്റും കണ്ണുകള്‍ പായിച്ചു. താഴ്ചയിലെ ചളിക്കൂമ്പിനു മുകളില്‍ ഇരിക്കുന്നു ഹരിതസുന്ദരി. തങ്കച്ചന് നാലു കാലില്‍ നില്‍ക്കുകയും വേട്ടനായയെപ്പോലെ മുന്നോട്ടു കുതിക്കുകയും ചെയ്തു.
ടോര്‍ച്ചുവെളിച്ചം അപ്രതീക്ഷിതമായി കെട്ടു. പിന്നില്‍നിന്ന് ഒരു ശക്തി തന്നെ പ്രഹരിച്ചതായ് തങ്കച്ചനറിഞ്ഞു.
വെള്ളത്തിന് മീതെ ഉയര്‍ന്നുവന്ന കൈകളെ, ഒരു പിതാവിന്റെ സ്വാർഥത എന്നോണം ദേവസ്സി അവഗണിച്ചു.
ശൂന്യമായ ചാക്ക് ഒരാവൃത്തി കൂടി കുടഞ്ഞ്, എന്തതിശയമേ2 പാടി ഒന്നും സംഭവിച്ചില്ലാമട്ടില് ദേവസ്സി തിരികെ നടന്നു.
1. തോമസ് ശ്ലീഹ കുതിരപ്പുറത്ത് പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം.
2. പി.വി. തൊമ്മി കത്തനാര് എഴുതിയ പ്രസിദ്ധ ക്രിസ്ത്യന്‍ ഭക്തിഗാനം.
''എന്തതിശയമേ ദൈവത്തിന് സ്നേഹം
എത്ര മനോഹരമേ –അതു
ചിന്തയിലടങ്ങാ സിന്ധുസമാനമായ്
സന്തതം കാണുന്നു ഞാന്‍.''