കുഴിക്കെണി - 1
പ്രിൻസ് അയ്മനം എഴുതിയ കഥയുടെ ഒന്നാം ഭാഗം
തലേന്നത്തെ പോക്കേപോണ കുടിയുടെ കെട്ടിൽ, ഉറക്കം തെളിഞ്ഞിട്ടും എണീക്കാൻ വിടാത്ത തടിതല്ലിയ കിടപ്പിൽ ഒന്ന് തിരിഞ്ഞു കിടന്നതാണ് സാബുക്കുട്ടൻ. തിരിഞ്ഞു കിടന്നപ്പോൾ കണ്ണിൽക്കൊണ്ട കാഴ്ചയിൽ സകല കെട്ടും ആവിയായിപ്പോയ അവൻ ഒന്ന് പിടഞ്ഞെണീറ്റിരുന്നു. രണ്ട് കൈകൊണ്ടും കണ്ണുകൾ അമർത്തിത്തിരുമ്മി അവനാ കാഴ്ച ഒന്നുകൂടി തുറിച്ചുനോക്കി. നൂൽബന്ധമില്ലാതെ തനിക്കരികിൽ കിടക്കുന്ന പെണ്ണിനെ കണ്ടതും സാബുക്കുട്ടൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചുവന്നു....
Your Subscription Supports Independent Journalism
View Plansതലേന്നത്തെ പോക്കേപോണ കുടിയുടെ കെട്ടിൽ, ഉറക്കം തെളിഞ്ഞിട്ടും എണീക്കാൻ വിടാത്ത തടിതല്ലിയ കിടപ്പിൽ ഒന്ന് തിരിഞ്ഞു കിടന്നതാണ് സാബുക്കുട്ടൻ. തിരിഞ്ഞു കിടന്നപ്പോൾ കണ്ണിൽക്കൊണ്ട കാഴ്ചയിൽ സകല കെട്ടും ആവിയായിപ്പോയ അവൻ ഒന്ന് പിടഞ്ഞെണീറ്റിരുന്നു. രണ്ട് കൈകൊണ്ടും കണ്ണുകൾ അമർത്തിത്തിരുമ്മി അവനാ കാഴ്ച ഒന്നുകൂടി തുറിച്ചുനോക്കി. നൂൽബന്ധമില്ലാതെ തനിക്കരികിൽ കിടക്കുന്ന പെണ്ണിനെ കണ്ടതും സാബുക്കുട്ടൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചുവന്നു. കമിഴ്ന്നടിച്ചുള്ള കിടപ്പിലെ അവളുടെ പിന്നാമ്പുറക്കാഴ്ചയിൽ അവന്, കഴിഞ്ഞ വർഷം കൂമ്പാമ്പാറയിൽ പണിത റിസോർട്ടിന്റെ സൈറ്റിൽ കുഴിക്കെണിവെച്ച് പിടിച്ച കാട്ടുപന്നിയെ വടിച്ച് മഞ്ഞൾ പുരട്ടാൻ കമിഴ്ത്തിയിട്ട ഓർമ വന്നു. പൊതിഞ്ഞുപിടിക്കുന്ന പുറംപൂച്ചുകളുടെ ഉടയാടകൾ അഴിഞ്ഞാൽ മനുഷ്യനോളം മൃഗീയത മറ്റൊരു ജീവിക്കുമില്ല എന്നൊരു വിചാരം അവന്റെയുള്ളിൽ ഓരിയിട്ടു. നെയ്മുറ്റിയ പന്നിയിറച്ചിയിൽ മസാല പുരണ്ട സ്വാദോർത്ത് അവളുടെ കിടപ്പുനോക്കിയിരുന്ന സാബുക്കുട്ടന്റെ രസമുകുളങ്ങളിൽ കൊതിവെള്ളം കുമിളകുത്തി.
''എന്നാ കെടപ്പാടീയിത്. ഉച്ചവെയ്ല് ആസനത്തിൽ അടുപ്പുകൂട്ടുന്നതുവരെ തുണീം ചീലേമില്ലാതെ കെടന്നൊറങ്ങാൻ ഇത് നിന്റെ തറവാട്ടുവീടല്ല. പെട്ടന്ന് എഴുന്നേക്കാന്നോക്ക്.''
അവളുടെ പുറത്തു തട്ടി അത്രയും പറഞ്ഞിട്ട് ബാഗിൽനിന്ന് പേസ്റ്റും ബ്രഷുമെടുത്ത് അവൻ ബാത്റൂമിലേക്ക് പോയി.
''ഹാ! എഴുന്നേക്ക് കോപ്പേ. ഇന്നലെ കള്ളുകേറി തലയ്ക്ക് പിടിച്ചോണ്ട് ഒന്നുമങ്ങോട്ട് ശരിയായില്ല. വെക്കേറ്റ് ചെയ്യുന്നേന് മുന്നേ നമ്മക്കൊരു ഫ്രണ്ട്ലീ മാച്ചേലും കളിക്കണം.''
പല്ലു തേക്കുന്നതിനിടയിൽ ബാത്റൂമിന്റെ ഡോറ് തുറന്നുപിടിച്ച് വിളിച്ചുപറഞ്ഞ സാബുക്കുട്ടന്റെ കടവായിലൂടെ ഒലിച്ച പേസ്റ്റുപത താടിയിലൂടെ ഒഴുകി.
''എന്റെ സാബുക്കുട്ടാ നിനക്ക് പണി അറിയാമ്മേലാത്തേന് ആയുധത്തെ പഴിച്ചിട്ടെന്നാ കാര്യം. നിന്റെ അടി ഏക്കാഞ്ഞിട്ടാ. മട്ടത്തിനടിച്ചാ ഏത് കാഞ്ഞിരപ്പലകേലും കേറും.''
കവിണാറ്റിൻകരയിൽ കൈതയ്ക്കൽ ഗോപാലന്റെ വീടിന്റെ രണ്ടാം നിലയുടെ സ്ലോപ്പ് ഷേഡിന്റെ കോണടിക്കുമ്പോഴാണ് സംഭവം. ചെരിച്ച് വെക്കാന്നോക്കിയ മൂന്നാലാണി തെറിച്ച് പോയപ്പോൾ രമേശണ്ണാ നിങ്ങടെ ഈ കണ്ണുതേമ്പിയ ചുറ്റിക പള്ളേക്കളയണം. ഇതുങ്കൊണ്ടടിച്ചാ ആണി കേറാതായി എന്ന് പറഞ്ഞതിന് രമേശണ്ണൻ അവന് കൊടുത്ത ഉപദേശമാണത്. കിലോമീറ്ററുകൾക്കിപ്പുറം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് എതിർവശം 'ലൗ ബേഡ്സ് പാരഡൈസ്' എന്ന കപ്പിൾ ഫ്രണ്ട്ലി ഹോട്ടലിന്റെ രണ്ടാം നിലയിലെ കുളിമുറിയിൽ മേലാസകലം സോപ്പുപതയിൽ കുമിഞ്ഞുനിൽക്കുമ്പോഴും പതിവായി പണിക്കിറങ്ങുന്ന എട്ടുമണിയുടെ സൈറൺ മുഴക്കമാണ് അവനെ പണി സൈറ്റിന്റെ ഓർമയിൽ ഇറക്കിയത്.
കുളി കഴിഞ്ഞ് വരുമ്പൊഴും അവൾ ആ കിടപ്പുതന്നെ കിടക്കുന്നതുകണ്ട് സാബുക്കുട്ടന് വെറഞ്ഞുകേറി.
''എന്നാ നിന്നെയൊന്ന് എഴുന്നേപ്പിക്കാമോന്ന് നോക്കീട്ടുതന്നെ കാര്യം.'' കമിഴ്ന്നുകിടന്ന അവളുടെ ഇരുതോളുകളിലും ബലമായി പിടിച്ച് അവൻ അവളെ മലർത്തിയിട്ടു. മലർന്നു വീണ ആ ശരീരത്തിൽനിന്നും ഒടിഞ്ഞു തൂങ്ങിയതുപോലെ തല വലതുവശത്തേക്ക് ചരിഞ്ഞുകിടന്നു. മൂക്കിലൂടെയും പാതിതുറന്ന വായിലൂടെയും ഒഴുകിയ ചോരയും പതയും കലർന്ന ദ്രാവകം കവിളിലൂടെ ഒഴുകി ബെഡ്ഡിലേക്ക് ഇറ്റി. പകച്ചുപോയ അവൻ എടീ... എഴുന്നേക്കടീയെന്ന് പതറിയ ഒച്ചയിൽ അവളെ കുലുക്കിവിളിച്ചു. കുലുക്കലിന്റെ ആയത്തിലുള്ള അനക്കമല്ലാതൊന്നും ആ ഉടലിൽനിന്ന് പുറത്തുവന്നില്ല. തന്റെ വലതു കയ്യുടെ ചൂണ്ടുവിരൽ അവളുടെ മൂക്കിനോട് ചേർത്ത് അവൻ ശ്വാസം പരിശോധിച്ചു. എന്റെ കർത്താവേയെന്നൊരു ആന്തൽ അവന്റെ അടിവയറ്റിൽനിന്ന് മേലോട്ടു കുതിച്ചു. തളർന്നുപോയ അവൻ മേലുകുഴഞ്ഞ് ആ കട്ടിലിനോട് ചേർന്ന് തറയിലേക്കിരുന്നു. അതുവരെ അവനിൽ നിറഞ്ഞുനിന്നിരുന്ന വികാരങ്ങൾ കാറ്റുകുത്തിയ ബലൂൺപോലെ ചൊങ്ങി. ഏറ്റം വേണ്ടപ്പെട്ട ഒരാളുടെ മരണക്കിടക്കയുടെ അരികിലെന്നപോലെ ഇരിക്കുമ്പോഴും ദുഃഖമായിരുന്നില്ല അവന്റെ ഉള്ളിൽ അപ്പോഴുണ്ടായിരുന്നത്. ഭയവും നിസ്സഹായതയും നിറച്ച പകപ്പ് എ.സിയുടെ തണുപ്പിലും സാബുക്കുട്ടന്റെ മേലാകെ വിയർപ്പുചാലുകൾ വെട്ടി. അൽപം മുമ്പ് താൻ ഓർത്ത, കുഴിക്കെണിയിൽ വീണ പന്നിയുടെ ഉപമയിലെ ഇരയും വേട്ടക്കാരനും കീഴ്മേൽ മറിഞ്ഞെന്ന ചിന്തയുടെ കുഴിയിൽ അവൻ കെണിഞ്ഞു. ഇവൾ ആരാണ്, ഇവളുടെ പേരെന്താണ്, വീടെവിടെയാണ് തുടങ്ങി മരിച്ചുകിടക്കുന്ന ഇവളുടെ നേരേചൊവ്വേയൊള്ള ഒരു കാര്യവും തനിക്കറിയില്ലെന്ന തിരിച്ചറിവ് സാബുക്കുട്ടന്റെ നെഞ്ചിടിപ്പ് കൂട്ടി. ഒട്ടു നേരത്തെ പകപ്പിനുശേഷം കുഴിക്കെണിയിൽ വീണ പന്നിയെപ്പോലെ അതിൽനിന്ന് കരകയറാനുള്ള ഉപായങ്ങളിലേക്ക് അവന്റെ ചിന്തകൾ എത്തിക്കുത്തി.
വെക്കേറ്റ് ചെയ്യാനുള്ള സമയം കഴിഞ്ഞും റൂം തുറക്കാതിരുന്നാൽ ഹോട്ടലിലെ ജോലിക്കാര് വന്ന് കതകിൽ മുട്ടും. അതിനു മുമ്പേ രക്ഷപ്പെടണം. ബാഗ് മുറിയിലുപേക്ഷിച്ച് രണ്ടു കൈയും വീശി, പുറത്ത് എന്തെങ്കിലും സാധനം വാങ്ങാനെന്ന നാട്യത്തിലിറങ്ങി കടന്നുകളഞ്ഞാലോ എന്നാണ് അവൻ ആദ്യം ചിന്തിച്ചത്. അപ്പോഴാണ് എത്ര കുതറിയാലും പുറത്തു കടക്കാനാവാത്ത കുരുക്കിലാണല്ലോ പെട്ടത് എന്ന ഓർമ അവന്റെ മുന്നിൽ വന്ന് വട്ടം നിന്നത്. ഈ റൂം എടുത്തപ്പോൾ തന്റെ പേരും ഫോൺ നമ്പറും രജിസ്റ്ററിൽ എഴുതിയിട്ടുണ്ട്. പോരാത്തതിന് തന്റെ ആധാർ കാർഡിന്റെ സ്കാൻഡ് കോപ്പിയും അയാളുടെ ഫോണിലുണ്ട്. തിരിച്ചറിയൽ രേഖകൾ കൊടുത്തിട്ടുള്ളതുകൊണ്ട് രഹസ്യമായി കടന്നുകളഞ്ഞാലും മിനിറ്റുകൾക്കുള്ളിൽ പിടിവീഴുമെന്ന കാര്യം ഉറപ്പാണെന്ന് സാബുക്കുട്ടന് തോന്നി. തന്നെയുമല്ല, രക്ഷെപ്പടാൻ ശ്രമിച്ച് പിടിക്കപ്പെട്ടാൽ താനിവളെ കൊന്നുകളഞ്ഞിട്ട് മുങ്ങിയതാണെന്നുപോലും സംശയിക്കപ്പെടാം. അതു വേറെ വകുപ്പാകും. രാത്രി ഒരുമിച്ച് കിടന്നുറങ്ങിയതാണ്, രാവിലെ എഴുന്നേറ്റപ്പോൾ ഇവൾ മരിച്ചുകിടക്കുന്നു എന്ന സത്യം ഹോട്ടലുകാരോട് തുറന്നു പറഞ്ഞാലോ എന്നൊരു വിചാരം അവനുണ്ടായി. പേക്ഷ, അവരത് വിശ്വസിക്കണമെന്നുണ്ടോ. അഥവാ വിശ്വസിച്ചാലും പോലീസിൽ അറിയിക്കാതെ പറ്റില്ല.
ഇവൾ നിന്റെ ആരാണ്? എന്താണ് നിങ്ങൾ തമ്മിലുള്ള ബന്ധം? എന്തിനിവിടെ മുറിയെടുത്തു? ഇവൾ എങ്ങനെയാണ് മരിച്ചത്? എന്തിനിവളെ കൊന്നു? ഇങ്ങനെ തിരിച്ചും മറിച്ചുമുള്ള നൂറായിരം ചോദ്യങ്ങൾ തനിക്ക് നേരിടേണ്ടി വരും. ചോദ്യങ്ങൾക്ക് പലതിനും തൃപ്തികരമായ ഉത്തരങ്ങൾ നൽകാൻ തനിക്ക് കഴിയില്ലാത്തതുകൊണ്ടുതന്നെ കൂടുതൽ സംശയിക്കപ്പെടാം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ ഒരു പേക്ഷ പോലീസ് നിരീക്ഷണത്തിൽ തുടരേണ്ടിവന്നേക്കാം. ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് തന്നെ എന്താകുമെന്ന് ആർക്കറിയാം. രാത്രിയിലെ പരാക്രമത്തിനിടയിലെങ്ങാനും വല്ലതും സംഭവിച്ചതാണെങ്കിലോ. കട്ടിൽ ക്രാസിയിലോ ഭിത്തിയിലോ മറ്റോ അവളുടെ തലയോ മൂക്കോ ഇടിച്ചിട്ടുണ്ടാകുമോ. മുടിഞ്ഞ കുടിയുടെ പൂസിൽ തനിക്കൊന്നും ഓർക്കാൻകൂടി പറ്റുന്നില്ല. അതോ അറ്റാക്കോ ബി.പിയോ വല്ലതുമാരിക്കുമോ മരണകാരണം. ഇനി അതുമല്ല മരിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെ ഇന്നലെ വീട്ടിൽനിന്ന് ഇറങ്ങിയതാരിക്കുമോ ഇവൾ. താൻ ഉറങ്ങിക്കഴിഞ്ഞ് ഇവൾ വല്ല വിഷവും കഴിച്ചു കാണുമോ. പുറമേയുള്ള തൊടീലും പിടുത്തവുമല്ലാതെ മദ്യത്തിന്റെ ലഹരിയിൽ തലേന്നത്തെ രാത്രി കൂടുതലൊന്നും നടക്കാതെ തളർന്നുറങ്ങിയത് എന്തായാലും നന്നായെന്നൊരു ആശ്വാസം സാബുക്കുട്ടന് അപ്പോൾ തോന്നി. അല്ലെങ്കിൽ മരണത്തിന് തൊട്ടു മുമ്പുള്ള മണിക്കൂറുകളിൽ ഇവൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞേനെ. പോരാത്തതിന് ബോഡി കാണപ്പെടുന്നത് നൂൽബന്ധമില്ലാതെയും. സ്വാഭാവികമായും അന്വേഷണത്തിന്റെ കേന്ദ്രം ലൈംഗികതയിൽ ഉറപ്പിക്കാനാവും പോലീസിന്റെ തിടുക്കം.
ഹോട്ടൽമുറിയിൽ യുവതിയുടെ ജഡം. യുവാവ് കസ്റ്റഡിയിൽ, വേഴ്ചക്കിടയിൽ യുവതിയുടെ മരണം. പങ്കാളി പോലീസ് പിടിയിൽ, ബലാത്സംഗത്തിനിടയിൽ യുവതി കൊല്ലപ്പെട്ടു. കൊലയാളി കീഴടങ്ങി, കൊതിച്ചത് മണിയറ, വിധിച്ചത് കൊലയറ. അതാതിന്റെ നിലവാരം അനുസരിച്ച് നാളത്തെ പത്രങ്ങളിൽ ഈ സംഭവത്തെക്കുറിച്ച് വരാനിടയുള്ള വിവിധ തലക്കെട്ടുകൾ അവന്റെ തലച്ചോറിൽ തലങ്ങും വിലങ്ങും പാഞ്ഞു. എത്തും പിടിയും കിട്ടാത്ത പലവിചാരങ്ങളുടെ ചുഴിയിൽ അവൻ ആണ്ടു. പെട്ടെന്നാണ് സാബുക്കുട്ടന്റെ വിചാരങ്ങളെ മുറിച്ചുകൊണ്ട് അവളുടെ ഫോൺ ബെൽ മുഴങ്ങിയത്. അമ്മ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽനിന്നാണ് വിളി. ഇവളുടെ സ്വന്തം അമ്മയായിരിക്കുമോ. അതോ അമ്മായിയമ്മയോ. കുഴമ്പും കഷായവുമായി ഇവൾ ചെല്ലുന്നതും കാത്തിരിക്കുന്ന ഒരു അമ്മയുണ്ടായിരിക്കുമോ അവിടെ. ഇവളുടെ ഭർത്താവ് ഉപേക്ഷിച്ചതോ മരിച്ചുപോയതോ ആകുമോ. ഇവളുടെ വരവിൽ പലഹാരമോ കളിപ്പാട്ടമോ പ്രതീക്ഷിക്കുന്ന ഒരു കുഞ്ഞുണ്ടാകുമോ ആ വീട്ടിൽ. ദൈവമേ എന്തൊരു പരീക്ഷണമാണ്. ഏത് നശിച്ച നേരത്താണ് തനിക്ക് ഇതിന് ഇറങ്ങിപ്പുറപ്പെടാൻ തോന്നിയത്. ഭയവും ആശങ്കയും തോൽക്കുന്ന ഒരു നൊമ്പരം അവന്റെ നെഞ്ചിൽ കനത്തു. പറഞ്ഞറിയിക്കാനാവാത്ത സങ്കടത്തിൽ അവന്റെ കണ്ണുകൾ നിറഞ്ഞു. സാബുക്കുട്ടന് അവന്റെ മമ്മിയെ ഓർമ വന്നു.
* * * *
ലൗലി-കുര്യാക്കോസ് ദമ്പതികളുടെ ഏകസന്താനമാണ് സാബുക്കുട്ടൻ എന്ന് വിളിക്കപ്പെടുന്ന സാബു കുര്യാക്കോസ്. സ്ഥലത്തെ പള്ളിവക എൽ.പി സ്കൂളിലെ അധ്യാപികയാണ് ലൗലി. നെല്ലും കപ്പയും വാഴയുമൊക്കെയായി അത്യാവശ്യം തരക്കേടില്ലാത്ത വരുമാനം വർഷാവർഷം വിളയിക്കുന്ന കർഷകനാണ് കുര്യാക്കോസ്. മേലനങ്ങി പണിയെടുക്കാത്തവരെല്ലാം കള്ളന്മാരാണെന്നാണ് അയാളുടെ സിദ്ധാന്തം. എന്നാൽ, കിട്ടപ്പോര് ഇത്തിരി കുറഞ്ഞാലും നാലാളോട് പറയാൻ ഇച്ചിരി ഗമയൊള്ള ഒരു തൊഴില് തന്റെ കെട്ടിയോന് ഇല്ലാതെ പോയല്ലോ എന്ന നിരാശയിലായിരുന്നു ലൗലി. അങ്ങനെയാണ് അവരുടെ നിർബന്ധത്തിന് വഴങ്ങി വീടിനോട് ചേർന്ന് ഒരു പലചരക്കുകട കുര്യാക്കോസ് തുടങ്ങുന്നത്. അതിൽപ്പിന്നെ ചോദിക്കുന്നവരോടെല്ലാം ഹസ്ബന്റ് ബിസിനസുകാരനാണെന്ന് ലൗലി അഭിമാനത്തോടെ പറഞ്ഞുപോന്നു. പറയാനൊരു മേൽവിലാസത്തിനുവേണ്ടി തുടങ്ങിയതാണെങ്കിലും അധ്വാനിയായ കുര്യാക്കോസിന്റെ പരിശ്രമത്തിൽ കച്ചോടം നാൾക്കുനാൾ അഭിവൃദ്ധിപ്പെട്ടു. പുറമേ നിന്ന് കാണുന്നവർ സന്തുഷ്ട കുടുംബമെന്ന് വിലയിരുത്തിയ കുര്യാക്കോസിന്റെയും ലൗലിയുടെയും ദാമ്പത്യജീവിതം അത്ര സുഖകരമൊന്നുമായിരുന്നില്ല. വേറൊന്നുമല്ല ഒരുതരത്തിലും തമ്മിൽ ചേരാത്തതായിരുന്നു അവരുടെ താൽപര്യങ്ങളും അഭിരുചികളും. ചുമ്മാ മാടിനെപ്പോലെ പണിയെടുക്കാനും കാശുണ്ടാക്കാനുമല്ലാതെ അടുക്കും ചിട്ടയുമായി ജീവിക്കാനറിയില്ല കുര്യാക്കോസിന് എന്നാണ് ലൗലിയുടെ പരാതി. അണിഞ്ഞൊരുങ്ങി നടക്കാനും വാചകമടിക്കാനുമല്ലാതെ ഭൂമീക്കുനിഞ്ഞ് കറുകമ്പുല്ല് പറിക്കാൻ കൊള്ളുകേല തന്റെ കെട്ടിയോളെ എന്നതായിരുന്നു കുര്യാക്കോസിന്റെ ദെണ്ണം. അതുകൊണ്ടുതന്നെ മറ്റേയാൾ പറയുന്നതിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടാലും എല്ലാ കാര്യങ്ങളിലും വിരുദ്ധാഭിപ്രായങ്ങളിൽ കടിച്ചുതൂങ്ങി നിൽക്കാൻ അവർ ഇരുവരും മത്സരിച്ചു. സാബുക്കുട്ടന്റെ ജനനത്തോടെ ഇനി കുട്ടികൾ വേണ്ട എന്നതുമാത്രമാണ് വെവ്വേറെ കാരണങ്ങളാലെങ്കിലും ഇക്കാലത്തിനിടെ അവർ ഒരുമനപ്പെട്ട ഏക തീരുമാനം.
തന്റെ സ്വരൂപത്തിലൊരു പെൺകുഞ്ഞുകൂടി വേണമെന്ന് ആശിച്ചിരുന്നെങ്കിലും ഇനിയുണ്ടാകുന്നതും ഇതിയാനെപ്പോലെ തലക്കകത്ത് ഒന്നുമില്ലാതെ തണ്ടും തടീം മാത്രമുള്ള ആൺകുഞ്ഞുങ്ങളായാലോ എന്ന ഭയമാണ് ഒന്നിൽ നിറുത്താൻ ലൗലിയെ േപ്രരിപ്പിച്ച കാരണമെങ്കിൽ ഇനിയും പേറും പെറപ്പുമെല്ലാമായി കാശും സമയവും കളയാതെ ഒന്നേ ഉള്ളെങ്കിലും നേരേചൊവ്വേ വളർത്തിയാൽ പോരേയെന്നായിരുന്നു കുര്യാക്കോസിന്റെ വിചാരം.
ഒന്നാം ക്ലാസിലെത്തിയപ്പോൾതന്നെ പഠനകാര്യങ്ങളിൽ ശരാശരി വിദ്യാർഥി മാത്രമാണ് തന്റെ മകനെന്ന് ടീച്ചറായ ലൗലിക്ക് മനസ്സിലായി. എങ്ങനെയെങ്കിലും പത്താം ക്ലാസിന്റെ പടികടത്തി വല്ല ടെക്നിക്കൽ കോഴ്സിനും വിടാമെന്ന് പുള്ളിക്കാരി സമാധാനിച്ചു. മകന്റെ ഭാവിയെക്കുറിച്ച് ഇങ്ങനെയൊള്ള പലതരം വേവലാതികൾക്കിടയിലാണ് അവന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള ഹെഡ്മിസ്ട്രസ് ബെൻസിറ്റ സിസ്റ്ററിന്റെ പരാതികൾ കൂടി പതിവാകുന്നത്. സ്വഭാവദൂഷ്യം എന്നൊക്കെ പറയാൻ മാത്രം ഒന്നുമില്ലെന്നേ. അല്ലെങ്കിത്തന്നെ നാലാം ക്ലാസുകാരനായ കഷ്ടിച്ച് പത്തു വയസ്സ് പ്രായമുള്ള ഒരു കൊച്ചന് ഇതിനുമ്മാത്രം സ്വഭാവദൂഷ്യം എന്നാ ഒണ്ടാകാനാന്നേ. ഇന്റർവെൽ സമയത്ത് പെമ്പിള്ളേരുടെ ബാത്റൂമിൽ ഓടിക്കേറി എന്നായിരുന്നു ഒരു ദിവസത്തെ കുറ്റം. ക്ലാസിക്കേറാനൊള്ള രണ്ടാം മണിയടിക്കാന്നേരം മുള്ളാമ്മുട്ടിയകൊണ്ട് ഓടിക്കേറിയപ്പം മാറിപ്പോയതാണെന്ന് അവൻ പറഞ്ഞിട്ട് ബെൻസിറ്റാമ്മയൊന്ന് സമ്മതിക്കണ്ടേ. എന്നിട്ടാണോ എറങ്ങിപ്പോരാതെ അവിടെ മൂത്രം ഒഴിച്ചോണ്ടിരുന്ന പെങ്കൊച്ചിനോട് ഇരുന്നുമുള്ളിയാ നിന്റെ പാവാട നനയുകേലേടീന്നും ചോയിച്ചോണ്ട് അവിടെത്തന്നെ നിന്നതെന്ന് അവര് ചോദിച്ചപ്പം സത്യത്തിൽ ലൗലി ടീച്ചറും അങ്ങ് ചൂളിപ്പോയി. തമ്മിൽത്തമ്മിൽ കൂട്ടിത്തൊടാത്ത മതിൽ കെട്ടിനകത്തിട്ട് ആണിനേം പെണ്ണിനേം വെവ്വേറെ വളർത്തുമ്പം ഈ ചെറുക്കനിങ്ങനെ ചോദിച്ചില്ലെങ്കിലല്ലേ അത്ഭുതമെന്ന് പിന്നെ തന്നത്താനങ്ങ് സമാധാനിച്ചു ലൗലി ടീച്ചർ. മൂന്ന് 'ബി'യിലെ കീർത്തനേടെ ഉടുപ്പ് വലിച്ചുകീറി എന്നതായിരുന്നു സാബുക്കുട്ടനെതിരെ ബെൻസിറ്റാമ്മ ചുമത്തിയ മറ്റൊരു കുറ്റം. തെളിച്ച് പറഞ്ഞില്ലെങ്കിലും ഒരു ലൈംഗികാതിക്രമം എന്ന മട്ടിലാണ് അവരത് ആരോപിച്ചതുതന്നെ. പറഞ്ഞു പിടിച്ചുവന്നപ്പം കളിക്കിടയിൽ പിള്ളേരു തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും പിടിച്ചപ്പോ ആ പെങ്കൊച്ചിന്റെ ഉടുപ്പ് കീറീന്നുള്ളത് നേരു തന്നാ. അങ്ങനെ പറയാനാണേൽ സാബുക്കുട്ടന്റെ ഷർട്ടിന്റെ ബട്ടൻസും പൊട്ടീട്ടൊണ്ട്.
ഒരാങ്കുട്ടീടെ ഷർട്ടിന്റെ രണ്ട് ബട്ടൺ പോയപോലാണോ ഒരു പെങ്കൊച്ചിന്റെ തുണിപറിക്കുന്നത് എന്ന ഒറ്റച്ചോദ്യംകൊണ്ട് സകല ന്യായവാദങ്ങളേയും ബെൻസിറ്റാമ്മ റദ്ദ് ചെയ്തതോടെ ഉത്തരമില്ലാത്തൊരു മൗനത്തിലേക്ക് ലൗലി ടീച്ചറിന്റെ തലകുനിഞ്ഞു. ഇതൊന്നും പറഞ്ഞാൽ തലേൽ കേറാത്ത ഒരു വെളിവു കെട്ടവനാണല്ലോ തന്റെ കെട്ടിയോനെന്ന് ലൗലി ടീച്ചർ സങ്കടപ്പെട്ടു. ''ആമ്പിള്ളേരും പെമ്പിള്ളേരുവായാ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് നോക്കീന്നും പിടിച്ചെന്നുവൊക്കെ ഇരിക്കും. ഈ പള്ളീലച്ചമ്മാരും മടത്തിലമ്മമാരും പറേന്നത് മുഴുവൻ അനുസരിക്കാന്നോക്കിയാ നമ്മക്ക് ജീവിക്കാമ്പറ്റുകേല. മനുഷമ്മാര് മൊത്തം പാപികളാണെന്ന് അടിക്കടി ഓർമിപ്പിച്ചോണ്ടിരുന്നില്ലെങ്കി അവരുടെ കച്ചോടം പൂട്ടിപ്പോകും. അതാ കാര്യം.'' ഇങ്ങനെ പറയുന്ന അങ്ങേരോട് ഇതിനി പറഞ്ഞിട്ടെന്നാ കാര്യം എന്ന് ചിന്തിച്ച ലൗലി ടീച്ചറിനെ കുറ്റം പറയാനും പറ്റില്ല. മാത്രമല്ല, ഒരുമാതിരി തറച്ചുകേറുന്ന തുറിച്ചുനോട്ടമാ ടീച്ചറുടെ ഹസ്ബന്റിനെന്ന് ഒരിക്കൽ വീട്ടിൽ വന്ന േഗ്രസി ടീച്ചറ് പറഞ്ഞപ്പം തൊലി ഉരിഞ്ഞ് പോയത് ലൗലി ടീച്ചറ് ഇന്നലേന്ന് പറഞ്ഞപോലെ ഓർക്കുന്നുണ്ട്. അതീപ്പിന്നെ ഇതിയാനില്ലാത്ത നല്ലനേരം നോക്കിയേ ടീച്ചറാരെയെങ്കിലും വീട്ടിലോട്ട് കൂട്ടാറുള്ളൂ. എന്നുകരുതി തന്തേടെ തനിക്കൊണംതന്നെ മകനും കാണിക്കാൻ തൊടങ്ങിയാ അവന്റെ പെറ്റതള്ളയ്ക്ക് മനസ്സമാധാനത്തോടെ ഒറങ്ങാൻ പറ്റുവോ. എന്തായാലും മകന്റെ മേലൊരു അധികശ്രദ്ധ വേണമെന്ന് ലൗലി ടീച്ചർ തീരുമാനിച്ചു. നാലാം ക്ലാസ് കഴിഞ്ഞതോടെ അവർ അവന്റെ പഠനം ആൺകുട്ടികൾ മാത്രമുള്ള ഒരു പള്ളിക്കൂടത്തിലേക്ക് മാറ്റി. പത്താം ക്ലാസ് വരെ സ്കൂളിൽനിന്ന് പെൺകുട്ടികളുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടാവില്ലല്ലോയെന്ന പ്രതീക്ഷയായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. ആണുങ്ങൾ മാത്രമുള്ള എല്ലായിടത്തുമെന്നപോലെ അവിടെയും പെണ്ണുങ്ങളുടെ അസാന്നിധ്യത്തിലും അവരെ ചുറ്റിപ്പറ്റിയുള്ള വിചാരങ്ങളും വർത്തമാനങ്ങളും മാത്രം തഴച്ചുമുറ്റി വളർന്നു. സമപ്രായക്കാരായ ആൺകുട്ടികൾ വികലധാരണകളുടെ കുഴമണ്ണിൽ മെനഞ്ഞ പെണ്ണുങ്ങളുടെ ഒരു സങ്കൽപലോകം സാബുക്കുട്ടന്റെ ഉള്ളിലും വളർന്നു. ഒരിക്കൽ പിടിക്കപ്പെട്ടതുകൊണ്ട് പിന്നീട് തേങ്ങാപ്പീര വെച്ച ഉണ്ട പുഴുങ്ങാൻ ശർക്കര വാങ്ങുമ്പോഴും ഒരു രഹസ്യസ്വഭാവം സൂക്ഷിക്കാൻ വിധിക്കപ്പെട്ട കള്ളവാറ്റുകാരന്റേതുപോലായി സാബുക്കുട്ടന് പെണ്ണുങ്ങളോടുള്ള ഇടപെടലുകൾ. സ്ത്രീകൾ മുഖാമുഖം വരുന്ന അവസരങ്ങളിലെല്ലാം അവൻ കുനിഞ്ഞുമാത്രം നടന്നു. ലൗലി ടീച്ചറിന്റെ ചെറുക്കനെപ്പോലെ പച്ചയ്ക്കും പഴത്തിനുമില്ലാത്ത പഞ്ചപാവം പിള്ളേര് ഈ നാട്ടിൽ വേറെയില്ലെന്ന് കരക്കാര് മൊത്തം സാബുക്കുട്ടനെ മതിച്ചു.
എന്നാൽ, ഉള്ളിലും പുറമേയും വെവ്വേറെ മനുഷ്യനായി ജീവിക്കുന്നതിന്റെ പെടാപ്പാടിൽ സാബുക്കുട്ടൻ വലഞ്ഞു. പുതഞ്ഞുപോയ ചതുപ്പിൽനിന്ന് പുറത്തുകടക്കാൻ ഒരുകാല് വലിച്ചുകുത്തുമ്പോൾ മറ്റേക്കാല് കൂടുതൽ ആണ്ടുപോകുമ്പോലായിരുന്നു സാബുക്കുട്ടന്റെ കാര്യത്തിൽ രതിവിചാരങ്ങളും അതിൽനിന്ന് കരകയറാനുള്ള അവന്റെ ശ്രമങ്ങളും. അമർത്തിവെക്കുന്തോറും ചിതറിത്തെറിക്കാനുള്ള ഒരു കുതിപ്പുമായി അവൻ സദാ അലഞ്ഞു. വന്നുവന്ന് എന്തിലുമേതിലും ലൈംഗികതമാത്രം തിരയുന്ന ഒരു മനോരോഗത്തിന്റെ തലത്തിലേക്ക് താൻ എത്തിയെന്ന് അവനുതന്നെ തോന്നിത്തുടങ്ങി. അടിക്കുക, പൊളിക്കുക, പൊതിക്കുക എന്നു തുടങ്ങി പ്രവൃത്തികളെ കുറിക്കുന്ന ഏതാണ്ടെല്ലാ വാക്കുകളും ഏത്തയ്ക്കാ, വഴുതന, ചക്ക തുടങ്ങി പലതരം പച്ചക്കറികളും പഴങ്ങളും സാബുക്കുട്ടനെ സംബന്ധിച്ച് ലൈംഗികതയെ ഓർമിപ്പിക്കുന്ന സൂചകങ്ങളായി. അരകല്ലും പിള്ളയും, ഉരലും ഉലക്കയും, ആട്ടുകല്ലും കുഴവിയും എന്നുവേണ്ട ഒരുമാതിരിപ്പെട്ട വീട്ടുപകരണങ്ങളുടെപോലും രൂപവും പ്രവർത്തന രീതിയും അവനിൽ രതിസംബന്ധിയായ ചിന്തകളുണർത്തി. അതുംപോരാഞ്ഞ് നിലവിളക്ക്, മെഴുകുതിരി തുടങ്ങി വെളിച്ചം പകരുന്നതും ആത്മീയത ഉണർത്തുന്നതുമായ വിശേഷവസ്തുക്കളുടെ രൂപത്തിൽ വരെ അവൻ ലൈംഗികതയുമായി ബന്ധപ്പെടുത്താവുന്ന സാമ്യങ്ങൾ തിരഞ്ഞു.
ഇടപെടുന്ന പെണ്ണുങ്ങൾക്കൊന്നും സംശയത്തിനുപോലും ഇടംകൊടുക്കാത്തവിധം ഒരു അധികമാന്യത വാരിച്ചുറ്റിയ പെരുമാറ്റത്തെ മാത്രം സാബുക്കുട്ടൻ എപ്പോഴും പുറത്തെടുത്തു. അവന്റെ ഉള്ളിലെ മൃഗമാവട്ടെ അടുത്തുവരുന്ന ഓരോ സ്ത്രീകളുടെയും സർപ്പസാന്നിധ്യത്തിന്റെ വിഷദംശങ്ങളേറ്റ് പുളഞ്ഞു. ഒറ്റക്കാവുന്ന നിമിഷങ്ങളിലെ ആത്മരതികളിൽ കണ്ടുമറന്ന പെണ്ണുങ്ങളെ വിചാരലോകങ്ങളിൽ വിളിച്ചുവരുത്തിയ സാബുക്കുട്ടൻ, കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന വിഷഹാരിയുടെ കൈത്തഴക്കം കാട്ടി.
പ്ലസ് ടു പരീക്ഷക്ക് എട്ടുനിലയിൽ പൊട്ടിയതോടെ പഠിക്കാനിനി തന്നെക്കിട്ടില്ലാന്ന് സാബുക്കുട്ടൻ തീർത്തുപറഞ്ഞു. ലൗലി ടീച്ചറ് കരഞ്ഞു പിഴിഞ്ഞും കാലുപിടിച്ചും പറഞ്ഞിട്ടാണ് പോയ വിഷയങ്ങൾ എഴുതിയെടുക്കാമെന്ന് ഒടുവിൽ അവൻ സമ്മതിച്ചത്. കുറച്ച് കാശും മൂന്നാലു വർഷങ്ങളും ആ വകുപ്പിൽ പോയിക്കിട്ടിയതോടെ കൃഷികാര്യങ്ങളും കച്ചോടവും നോക്കി മര്യാദക്ക് വീട്ടിലിരുന്നാൽ മതിയെന്ന് കുര്യാക്കോസിന്റെ വിധിത്തീർപ്പ് വന്നതോടെ സാബുക്കുട്ടന്റെ സംഭവബഹുലമായ വിദ്യാർഥി ജീവിതത്തിന് മരണമണി മുഴങ്ങി. നേരേചൊവ്വേ നോക്കിനടത്തിയാ ഒരു മേലാപ്പീസറേം തൊഴാതേം വണങ്ങാതേം ഒരു സർക്കാര് ജോലിക്കാരന്റെ ഒരുമാസത്തെ വരവിക്കൂടുതൽ ഇതീന്ന് ഒണ്ടാക്കാമെന്ന് പറയുമ്പോൾ പപ്പായുടെ മുഞ്ഞി പിൻതിരിഞ്ഞുനിന്ന മമ്മിക്കുനേരെ ഒരു കൊഞ്ഞനം കുത്തിയത് സാബുക്കുട്ടന് രസിച്ചു.
പഠനം മതിയാക്കി വീട്ടിലിരിപ്പ് തുടങ്ങിയതോടെ സാബുക്കുട്ടന്റെ പ്രശ്നങ്ങൾ പണ്ടത്തേതിന്റെ പിന്നത്തേതായി. മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെ തള്ളിത്തള്ളി മുകളിലേക്ക് കൊണ്ടുവരുന്ന ആ വൃത്തികെട്ട പണി മനസ്സ് പൂർവാധികം ശക്തിയോടെ സാബുക്കുട്ടനിൽ പ്രയോഗിച്ചുതുടങ്ങി. കടയിൽ സാധനം വാങ്ങാനും പാടത്ത് പണിക്കും വരുന്ന പെണ്ണുങ്ങളെ കളത്തിലിറക്കി സാഹചര്യങ്ങളും മനസ്സിനൊപ്പം സാബുക്കുട്ടന്റെ എതിർ ചേരി പിടിച്ചു. ആസക്തമായ നോട്ടംപോലും ആറാം പ്രമാണത്തിന്റെ ലംഘനമാണെന്ന പാപബോധത്തിൽ സാബുക്കുട്ടൻ കുമ്പസാരക്കൂടുകളിൽ ഉരുകി. സാബുക്കുട്ടനെ കുമ്പസാരിപ്പിക്കുന്ന അച്ചൻമാർ തുടർന്നുള്ള ദിവസങ്ങളിൽ, തങ്ങളെ പൗരോഹിത്യത്തിന്റെ ബ്രഹ്മചര്യവ്രതത്തിൽ ഉറപ്പിച്ചുനിർത്തണമേയെന്ന് മുട്ടിപ്പായി പ്രാർഥിച്ചു.
കടയിൽ സാധനങ്ങൾ എടുത്തുകൊടുപ്പും കണ്ടത്തിൽ പണികളുടെ മേൽനോട്ടവുമായി ചുമ്മാ ചടഞ്ഞു കൂടുന്നതാണ് തന്റെ ഉള്ളിൽ ഇച്ചീച്ചിക്കാര്യങ്ങൾ ഇങ്ങനെ കുമിഞ്ഞുകൂടാൻ കാരണമെന്ന് സാബുക്കുട്ടൻ കണ്ടുപിടിച്ചു. പകലു മുഴുവൻ പലവിചാരം കൂടാതെ ഇടപെടാൻ പറ്റിയ എന്തെങ്കിലും പണിക്കുപോകുന്നതാണ് ബുദ്ധിയെന്ന് അവൻ തീരുമാനിച്ചു. കടേലിങ്ങനെ മേലനങ്ങാതെ കുത്തിയിരുന്നാ താൻ മൊരഞ്ഞുപോകുമെന്നും പപ്പാക്ക് ആകാവുന്നിടത്തോളം കാലം കടയും കാര്യങ്ങളും പപ്പാതന്നെ നോക്കിയാ മതിയെന്നും അതുവരെ മേലനങ്ങി ചെയ്യാവുന്ന എന്നതേലും പണിക്കുപോയി തന്റെ ശരീരമൊക്കെയൊന്ന് ഫിറ്റാകട്ടെന്നും സാബുക്കുട്ടൻ പറഞ്ഞത് ആദ്യമൊന്നും ലൗലിയും കുര്യാക്കോസും സമ്മതിച്ചില്ല. ചുമ്മാതിരിപ്പും തീറ്റിയുമായതോടെ തനിക്ക് തടികൂടാൻ തുടങ്ങിയെന്നും ഈ പ്രായത്തിലേ ഷുഗറും പ്രഷറും പിടിച്ചാ അങ്ങോളം മരുന്നും മേന്ത്രാമായി കഴിയേണ്ടിവരുമെന്നും സാബുക്കുട്ടൻ പറഞ്ഞപ്പോൾ മകന്റെ ദീർഘവീക്ഷണത്തിൽ കുര്യാക്കോസിനുതന്നെ അത്ഭുതം തോന്നി. അങ്ങനെയാണെങ്കിൽ നീ വല്ല കമ്പ്യൂട്ടർ കോഴ്സിനും ചേരാനും അടുത്തയാണ്ടിൽ താൻ റിട്ടയറാകുമ്പം കിട്ടുന്ന കാശുകൊണ്ട് ഒരു കമ്പ്യൂട്ടർ സെന്ററിട്ട് തരാമെന്നും പറഞ്ഞ് ലൗലി ടീച്ചർ ഇടയ്ക്കുകേറിയെങ്കിലും പപ്പാ ചോര നീരാക്കി ഉണ്ടാക്കിയ കൃഷിയും കച്ചോടവും വഴിയാധാരമാക്കീട്ട് ഒരു കമ്പ്യൂട്ടറും കിമ്പ്യൂട്ടറും തനിക്ക് വേണ്ടന്നും ആരോഗ്യം പോകാതിരിക്കാൻ തൽക്കാലം മേലനങ്ങി ചെയ്യാവുന്ന എന്നതേലും പണി നോക്കുന്നെന്നേയൊള്ളെന്നും അതും സ്ഥിരമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ് സാബുക്കുട്ടൻ മമ്മിയെ നിഷ്കരുണം തള്ളിയത് കുര്യാക്കോസിന് വല്ലാതങ്ങ് ബോധിച്ചു. അതുകൊണ്ടുതന്നെ കൺസ്ട്രക്ഷൻ മേഖലയിൽ വാർക്കക്കുള്ള തട്ടടിയും കമ്പികെട്ടുമൊക്കെ ചെയ്യുന്ന കമ്പിപ്പണിക്കാരുടെ കൂടെ പണിക്കുപോകാനാണ് മകന്റെ പ്ലാനെന്ന് കേട്ടപ്പോൾ കുര്യാക്കോസിനും ഒരു വല്ലായ്മ തോന്നിയെങ്കിലും മകനെ എതിർക്കാൻ തോന്നിയില്ല. കട്ടകെട്ടും തേപ്പുമൊക്കെ ചെയ്യുന്ന മേസ്തിരിമാരുടെ മൈക്കാടായി അപൂർവം ചില പെണ്ണുങ്ങളൊക്കെ പണിക്കുവരാറുണ്ടെങ്കിലും കമ്പിപ്പണി ആണുങ്ങളുമാത്രം പണിയെടുക്കുന്ന മേഖലയായതാണ് താൻ അതുതന്നെ തിരഞ്ഞെടുക്കാൻ കാരണമെന്ന സത്യം മറച്ചുവെച്ച് തുടക്കത്തിൽതന്നെ പത്തായിരം രൂപാ തച്ച് കിട്ടുമെന്നും കാക്കാശ് മൊടക്കില്ലാതെ പത്തും ഗുസ്തീം മാത്രമൊള്ള തനിക്ക് വേറെ കൊമ്പത്തെ ഉദ്യോഗമൊന്നും കിട്ടാമ്പോകുന്നില്ലെന്നും സാബുക്കുട്ടൻ പറഞ്ഞപ്പോൾ കുര്യക്കോസും അത് ശരിവെച്ചു. അങ്ങനെ പണിക്കാരെല്ലാം രമേശണ്ണൻ എന്ന് വിളിക്കുന്ന രമേശൻ മേസ്തിരിയുടെ കൂടെ സാബുക്കുട്ടനും പണിക്കു പോയിത്തുടങ്ങി. രമേശണ്ണൻ ഉൾപ്പെടെ പണിക്കാരെല്ലാംതന്നെ ലൗലി ടീച്ചറിന്റെ ശിഷ്യന്മാരായിരുന്നതിനാൽ പണി സൈറ്റിലും സാബുക്കുട്ടന് ഒരു പ്രത്യേക പരിഗണന ലഭിച്ചു. വിശ്വാസക്കുറവുമൂലം മറ്റ് പണിക്കാരെ ഏൽപിക്കാതിരുന്ന സാമ്പത്തിക കാര്യങ്ങൾ വരെ രമേശണ്ണൻ സാബുക്കുട്ടനെ ഏൽപിച്ചു തുടങ്ങി. പഠിക്കാൻ പോയി തൊലച്ച സമയത്ത് പത്ത് പകല് മുന്നേ പണിക്കെറങ്ങിയിരുന്നെങ്കി ഇപ്പം ഹെഡ് മേസിരി ആകാരുന്നല്ലോന്ന് പറഞ്ഞ് ഇടക്കിടെ കുറ്റപ്പെടുത്തുമെങ്കിലും സാബുക്കുട്ടനെ രമേശണ്ണന് വെല്യ കാര്യമായിരുന്നു. പത്ത് ക്ലാസ് പഠിച്ചാപ്പിന്നെ വേലയ്ക്കും പണിക്കും പോകാതെ പത്രാസുകാണിച്ച് നടക്കുന്ന തന്റെ കൂട്ടത്തിൽപ്പെട്ട ചെറുപ്പക്കാരോട് സാബുക്കുട്ടനെ കണ്ട് പഠിക്കണമെന്ന് ഉപദേശിച്ചതിന് കരക്കാര് പിള്ളേരുടെ വായീന്ന് രമേശണ്ണൻ മേടിച്ചുകൂട്ടിയ തെറിക്ക് കയ്യും കണക്കുമില്ല. എന്നാപ്പിന്നെ നിങ്ങക്ക് മകനെ എൻജിനീയറിങ്ങിന് വിടാതെ പണിക്കെറക്കാൻ മേലാരുന്നോ എന്ന് ഒരുത്തൻ സഹികെട്ട് ഒരു ദിവസം രമേശണ്ണനോട് ചോദിച്ചു. നിന്നെപ്പോലെ എട്ടാം ക്ലാസിൽ പടിത്തം നിർത്തി കലുങ്കേലിരിപ്പാരുന്നേൽ അവനേം പണിക്കെറക്കിയേനെയെന്ന് രമേശണ്ണൻ തിരിച്ചടിച്ചതോടെ അവന് മതിയായി. കൂലിപ്പണിക്ക് വരാതെ കഴിഞ്ഞുകൂടാനുള്ള പാങ്ങുണ്ടായിട്ടും പണിക്കുവരുന്നത് മാത്രമല്ല കിട്ടുന്നകാശ് കണ്ടമാനം കളയാതെ സ്വരുക്കൂട്ടുന്നതും സാബുക്കുട്ടനോട് രമേശണ്ണന് മതിപ്പു കൂട്ടി. രണ്ടുമൂന്ന് വർഷത്തെ പണിക്കൂലിയിൽനിന്ന് മിച്ചംപിടച്ച രണ്ടുലക്ഷത്തി ചില്വാനം രൂപാ അവൻ അക്കൗണ്ടിൽ ഇട്ടിട്ടൊണ്ടെന്നുള്ളത് സത്യവുമാണ്.
സാമ്പത്തികമായ മെച്ചമൊക്കെ ഒണ്ടായെന്നത് നേരാണെങ്കിലും പണിത്തെരക്കും കാര്യങ്ങളുവൊക്കെയാകുമ്പം, തരംകിട്ടിയാൽ രതിവിചാരങ്ങളിലേക്ക് കാടുകേറുന്ന തന്റെയുള്ളിലെ വൃത്തികെട്ട മൃഗത്തെ കെട്ടിയിടാമെന്ന പ്രതീക്ഷ അസ്ഥാനത്തായെന്ന് സാബുക്കുട്ടന് ബോധ്യപ്പെട്ടു. പണിസൈറ്റിൽ പെണ്ണുങ്ങളാരുമില്ലെങ്കിലും അവിടത്തെയും വർത്താനങ്ങളിൽ നിറഞ്ഞുനിന്നത് പെണ്ണുങ്ങൾതന്നെയായിരുന്നു. സിനിമാ-സീരിയൽ നടിമാർ, ചാനൽ അവതാരകർ, വെളിരാജ്യങ്ങളിലെ ഭരണാധികാരികളായ പ്രമുഖ വനിതകൾ മുതൽ നാട്ടിലെ പഞ്ചായത്ത് മെമ്പർമാരായ പെണ്ണുങ്ങൾ വരെയുള്ള രാഷ്ട്രീയക്കാരികൾ, കന്യാസ്ത്രീകൾ, ലേഡി ഡോക്ടർമാർ, നഴ്സുമാർ, വനിതാപ്പോലീസുകാർ തുടങ്ങി പലവിധ ജോലികൾ ചെയ്ത് മാന്യമായി ജീവിക്കുന്ന സകലമാന പെണ്ണുങ്ങൾ, പ്രവാസികളായ നാട്ടുകാരുടെ വിരഹിണികളായ ഭാര്യമാർ, വിവാഹമോചിതരായി വീട്ടിൽ മടങ്ങിയെത്തിയ പെണ്ണുങ്ങൾ, അകാലത്തിൽ വിധവകളായ ഹതഭാഗ്യകൾ എന്നിങ്ങനെ വിവിധ നിലകളിലുള്ള സ്ത്രീകളെ വെറും ശരീരങ്ങളായി തുണിയുരിച്ച് നിർത്തി അവിടത്തെ സംസാരങ്ങൾ. വിവരവും വിദ്യാഭ്യാസവുമില്ലാത്ത കമ്പിപ്പണിക്കാരുടെ ഇടയിൽ മാത്രമല്ല, ഇതൊക്കെയുണ്ടെന്ന് നടിക്കുന്ന മാന്യന്മാരുടെ ആൺകൂട്ടങ്ങളിൽപെട്ടപ്പോഴും ഉപയോഗിക്കുന്ന വാക്കുകളിലൊഴികെ ഉള്ളടക്കത്തിൽ വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല അവിടങ്ങളിലും പെണ്ണുങ്ങളെ സംബന്ധിക്കുന്ന കൊച്ചുവർത്താനങ്ങൾക്ക് എന്ന് സാബുക്കുട്ടൻ ഓർത്തു. ഇതൊക്കെ കേട്ട് ഇക്കിളിപ്പെടുന്ന ഒരു സാബു ഉള്ളിലിരിക്കുമ്പൊഴും തികഞ്ഞ ജനാധിപത്യവാദിയും പുരോഗമനകാരിയുമായ പുറമേയുള്ള സാബു സ്ത്രീകളുടെ സാമൂഹ്യാന്തസ്സിനുവേണ്ടി ശക്തിയുക്തം വാദിച്ചു.
അന്ന് വൈകുന്നേരം പണി നിർത്തിക്കേറുമ്പോൾ റെജീം സാബൂം നാളെ നൈറ്റുകട ഗോപീടെ വീട്ടിലെ തട്ടുപൊളിക്കാൻ പോണോന്ന് രമേശണ്ണൻ പറഞ്ഞത് കേട്ടപ്പഴേ സാബുക്കുട്ടന് മടുപ്പടിച്ചതാണ്. വേറൊന്നുമല്ല, ഈ റെജിച്ചേട്ടൻ അന്യായ തള്ളാണ്. നാട്ടിലെ സകലമാന പെണ്ണുങ്ങളും പുള്ളിയുടെ രഹസ്യക്കാരികൾ എന്ന മട്ടിലുള്ള അയാളുടെ വർത്താനം കേൾക്കുന്നതേ അവന് കലിയാണ്. പിന്നെ ഗോപിച്ചേട്ടന്റെ വീട്ടിലോട്ട് തന്റെ വീട്ടീന്ന് നടന്നുപോകാനൊള്ള ദൂരമേയൊള്ളല്ലോന്ന ലാഭമോർത്തപ്പോൾ അവൻ മറുത്തൊന്നും പറഞ്ഞില്ലന്നേയൊള്ള്.
''കാച്ചുന്നത് പാണ്ടിക്കാരനല്ലേ. നല്ല മൂർച്ചകാണും.'' മായേച്ചി വെട്ടരിവാൾ തന്നിട്ട് പോയതും മുളയുടെ മുട്ടു ചീന്താൻ തുടങ്ങിയ സാബുക്കുട്ടനോട് റെജി ഒച്ചതാഴ്ത്തി പറഞ്ഞു. പറഞ്ഞത് റെജി ആയതുകൊണ്ട് അതിലൊരു കൊള്ളിയോ കൊളുത്തോ കാണുമെന്ന് സാബുക്കുട്ടന് ഉറപ്പായിരുന്നു.
''പാണ്ടിക്കാരനോ ഏത്?'' കഥ അറിയാനുള്ള ആകാംക്ഷയോടെ സാബുക്കുട്ടൻ റെജിയെ നോക്കി.
''ആ ഇതിലേ കത്തി രാകാൻ വരുന്ന ഒരുത്തൻ. അവനാ ഇപ്പം ഇവിടുത്തെ ഉരുപ്പടികൾക്കും മൂർച്ച വെക്കുന്നതെന്നാ കേട്ടത്.''
''ചുമ്മാ വേണ്ടാതീനം പറയാതെ ചേട്ടാ. തണ്ടും തടീമൊള്ള ഗോപിച്ചേട്ടനൊള്ളപ്പം അവരീ പണിക്കുപോകുമെന്ന് ആരും വിശ്വസിക്കുകേല.''
''എടാ നമ്മളിവിടെ നേരത്തെ രണ്ടാഴ്ച പണി ചെയ്തിട്ടും ഇന്നുവരെ ഗോപിയെ പൊറത്ത് കണ്ടിട്ടൊണ്ടോ. അവൻ പകല് മുഴുവൻ പോത്തുപോലെ കെടന്ന് ഒറങ്ങും. രാത്രീ കടേൽ പോയി ഒറക്കെളയ്ക്കും. തണ്ടും തടീം ഒണ്ടായിട്ടെന്നാ കാര്യം. സമയത്ത് കാച്ചാതെ സാധനങ്ങടെ മൂർച്ച പോയാപ്പിന്നെ കാക്കാശിന് കൊള്ളുകേലന്ന് അറിയാവുന്ന അവള് പാങ്ങിന് കിട്ടുന്ന പാണ്ടിക്കാരനെക്കൊണ്ട് അത് ചെയ്യിക്കുന്ന്. അേത്രയൊള്ള്.''
''എന്നാലും അവർക്കീ പാണ്ടിയെ അല്ലാതെ വേറാരേം കിട്ടുകേലെ'', കാര്യങ്ങൾ ഒന്നൂടി ഉറപ്പിക്കാൻ സാബുക്കുട്ടൻ ചുമ്മാ എറിഞ്ഞു നോക്കി.
''പാണ്ടിക്കെന്നാ കൊഴപ്പം. എടാ ഇതൊക്കെ മനസ്സിന്റെ ഓരോ തൃപ്തിയാടാ. പണ്ടെങ്ങാണ്ട് മട്ടൻ ബിരിയാണി തിന്നിട്ടൊണ്ടെന്നോർത്ത് പട്ടിണി കിടക്കുന്നവൻ നല്ല കനലിൽ ചുട്ടരച്ച ഉള്ളീം മൊളകും ചേർത്ത ചമ്മന്തീം കൂടെ ചൂട് കുത്തരിക്കഞ്ഞീം കിട്ടിയാ വേണ്ടന്ന് വെക്കുവോ. ഓരോന്നും ഓരോ രുചിയാടാ.''
''എന്നാലും അവർക്ക് നാട്ടുകാരെ ആരേം കിട്ടിയില്ലല്ലോന്നാ ഞാനോർക്കുന്നെ.''
''അയ്ന് നാട്ടുകാരെ വെല്ലോം കിട്ടുവോ ഈ ചീഞ്ഞ പണിക്ക്.''
''അതെന്നാ നിങ്ങളെ വിളിച്ചാ പോകുകേലേ.''
''ഓ...അയ്ന് അവള് നമ്മളെയൊക്കെ വിളിച്ചിട്ട് വേണ്ടേ.''
''ഹ...ഹ...ഹ...'' സാബുക്കുട്ടന് ചിരിയടക്കാൻ കഴിഞ്ഞില്ല. ''അപ്പ അതാണ് കാര്യം. എന്റെ റെയ്ച്ചേട്ടാ നിങ്ങക്ക് കിട്ടാത്തേന് ഇങ്ങനെ കൊതീം നൊണേം പറഞ്ഞ് മാനം മര്യാദയ്ക്ക് ജീവിക്കുന്ന അവരെ നാറ്റിക്കേണാ.''
പുറമേ അങ്ങനെ പറഞ്ഞെങ്കിലും ചുട്ടരച്ച ചമ്മന്തിയോട് മായേച്ചിക്ക് ഒരു പ്രത്യേക പൂതിയൊണ്ടങ്കി അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യമെന്ന് സാബുക്കുട്ടൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. നൈറ്റുകട നടത്തുന്ന ഗോപിയുടെ ഭാര്യ മായ ലേശം വശപ്പെശകാണെന്ന് സാബുക്കുട്ടൻ കേൾക്കുന്നത് ഇതാദ്യമൊന്നുമല്ല. പണി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോഴും റെജി പറഞ്ഞ ഉള്ളിയും മുളകും അവന്റെ ഉള്ളിലെ കനലിൽക്കിടന്ന് ചുട്ട് നീറിക്കൊണ്ടിരുന്നു. നേരിട്ട് മുട്ടാൻ ധൈര്യമില്ലാത്തതിനാൽ മായേച്ചിയുടെ പരീക്ഷക്ക് ആരെ കരുവാക്കുമെന്ന കുഴക്കുന്ന പ്രശ്നവും മനസ്സിലിട്ടുകൊണ്ട് വരുമ്പൊഴാണ് കലുങ്കിലിരിക്കുന്ന സുനിക്കുഞ്ഞിനെ സാബുക്കുട്ടൻ കാണുന്നത്. പേരുപോലത്ര കുഞ്ഞൊന്നുമല്ല, ആളൊരു കെടാമുട്ടനാണ്. സാബുക്കുട്ടനേക്കാൾ നാലഞ്ച് വയസ്സിന് മൂത്തതാണ് സുനിക്കുഞ്ഞ്. പ്രസവത്തോടെ മരിച്ചുപോയതാണ് അവന്റെ അമ്മ. ഏറെ വൈകാതെ അവന്റെ അപ്പൻ ദാസപ്പൻ വീണ്ടും കെട്ടിയെങ്കിലും രണ്ടാനമ്മ സുധക്ക് സുനിക്കുഞ്ഞിനെ കണ്ണുകീറി കണ്ടൂടായിരുന്നു. സുധയുടെ വരവോടെ സുനിക്കുഞ്ഞിന്റെ ജീവിതം അച്ഛമ്മ ദേവകിക്കൊപ്പമായി. ജനിച്ചപ്പൊഴേ തള്ള ചത്ത കുഞ്ഞിനോടുള്ള സ്നേഹം മുഴുവൻ പലഹാരങ്ങളും തീറ്റസാമാനങ്ങളുമായി ദേവകിയമ്മ സുനിക്കുഞ്ഞിന് കൊടുത്തുപോന്നു. അങ്ങനെ അച്ഛമ്മയുടെ സ്നേഹത്താൽ ബാല്യം വിടും മുമ്പേ സുനിക്കുഞ്ഞിന്റെ ശരീരം കൗമാരത്തിന്റെ കരുത്തു കാട്ടി. തടിമിടുക്കുണ്ടെങ്കിൽ അവൻ സ്വയം തേടി തിന്നോളുമെന്ന വിചാരത്താലോ മറിച്ചുള്ള കാര്യങ്ങളിലുള്ള അറിവുകുറവോമൂലം കൊച്ചുമകന്റെ മനോവളർച്ചക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാൻ ദേവകിയമ്മക്ക് കഴിയാതെ പോയി. പതിവിലും രണ്ട് കൊല്ലം വൈകിയാണ് അവർ അവനെ പള്ളിക്കൂടത്തിൽ ചേർത്തതുതന്നെ. നാലാം ക്ലാസിലെ ഓണപ്പരീക്ഷക്കുമുമ്പ് ഒരു വൈകുന്നേരം സ്കൂൾ വിട്ടുവരുമ്പോൾ തലയിലൊരു ഓലമടൽ വീണതോടെ സുനിക്കുഞ്ഞ് സ്കൂളിൽപ്പോക്ക് നിർത്തി. മലയാളം മാത്രം കഷ്ടിച്ച് പെറുക്കിപ്പെറുക്കി എഴുതാനും തപ്പിപ്പിടിച്ച് വായിക്കാനും അവൻ അപ്പോഴേക്കും വശമാക്കിയിരുന്നു. ബുദ്ധി പൊടിക്ക് കമ്മിയാണെങ്കിലും കഠിനമായ ശരീരക്ലേശം വേണ്ട പണികൾ നിന്നനിൽപിൽ ചെയ്ത് തീർക്കുന്നത് സുനിക്കുഞ്ഞിനൊരു ഹരമായിരുന്നു. നാലാളുടെ പണി ഒറ്റയ്ക്ക് ചെയ്യുന്ന അവന്റെ കുന്തളിപ്പ് കാരണം ബാക്കിയൊള്ളോരെല്ലാം കള്ളപ്പണിക്കാരാണെന്ന് മൊതലാളിമാര് കുറ്റപ്പെടുത്തിത്തുടങ്ങി. ഏച്ചും പാച്ചുമില്ലാത്ത ഈ പണിരീതിമൂലം കൂട്ടംചേർന്നുള്ള പണികൾക്കൊന്നും ഒരിക്കൽ വിളിച്ച പണിക്കാർ പിന്നെ സുനിക്കുഞ്ഞിനെ കൂട്ടാതായി. അങ്ങനെയാണ് ഒറ്റക്ക് ചെയ്യാവുന്ന ചില കട്ടിപ്പണികളിലേക്ക് സുനിക്കുഞ്ഞ് നിയോഗിക്കപ്പെടുന്നത്. കല്യാണവും കേറിത്താമസവും നൂലുകെട്ടുംപോലെ പതിവിൽ കൂടുതൽ വെച്ചുണ്ടാക്കേണ്ടി വരുന്ന അവസരങ്ങളിൽ മുട്ടിത്തടി കീറി വിറകാക്കാൻ വീട്ടുകാരും കേറ്ററിങ്ങുകാരും കൃത്യമായ ഇടവേളകളിൽ ചില ചായക്കടക്കാരും കിണറുകളെല്ലാം വറ്റിത്തുടങ്ങുന്ന ഉണക്കുമാസങ്ങളിൽ ഉറവവറ്റാത്ത പള്ളിക്കിണറ്റിൽനിന്ന് പള്ളവീർത്ത പ്ലാസ്റ്റിക് കുറ്റികളിൽ വെള്ളമെത്തിക്കാൻ ഏക്കമുട്ടിയ ആമ്പെറന്നോന്മാരുടെ പെണ്ണുങ്ങളും സുനിക്കുഞ്ഞിനെ നമ്പിത്തുടങ്ങി. പണി എത്ര കടുപ്പമായാലും കനപ്പെട്ട കൂലിക്കുവേണ്ടി അവൻ മുട്ടാപ്പോക്ക് പറഞ്ഞില്ല. പണിക്കു മുന്നും പിന്നും കിട്ടുന്ന നിറഞ്ഞ കിണ്ണങ്ങളിലെ രുചിക്കുരുക്കുകളിൽ അവൻ തളക്കപ്പെട്ടു. മാന്യമായ കൂലിമാത്രം വാങ്ങി അച്ഛമ്മക്ക് കൈമാറി. പണിയൊക്കാത്ത പകലുകളിൽ ഏറു ചൂണ്ടയോ വീശുവലയോ കുത്തുകമ്പിയോകൊണ്ട് ആറ്റിറമ്പിൽ ഒന്ന് മെനക്കെട്ടാൽ അച്ഛമ്മക്കും അവനും രണ്ടുനേരം കൂട്ടാനുള്ളതും കഴിഞ്ഞ് രണ്ട് ദിവസത്തെ വട്ടച്ചെലവ് ഒപ്പിക്കാനുള്ള വകക്ക് വിൽക്കാനും മാത്രം മീനും കൊണ്ടേ സുനിക്കുഞ്ഞ് പോരാറുള്ളൂ. ഗോപിയുടെ നൈറ്റ് കടയിലെ ആവശ്യത്തിനുള്ള വിറക് കീറുന്നതും സുനിക്കുഞ്ഞാണ്. എന്തുകൊണ്ടും പകലുമുഴുവൻ താൻ തേടിക്കൊണ്ടിരുന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ കലുങ്കിലിരിക്കുന്നതെന്ന് സാബുക്കുട്ടന് തോന്നി. അതിന്റെ അർമാദത്തിൽ സുനിക്കുഞ്ഞിനോട് മിണ്ടീംപറഞ്ഞും നിന്ന് നേരം കളയാതെ വെറുതെ ഒന്ന് ചിരിച്ചെന്നു വരുത്തിയിട്ട് ഓടിപ്പാഞ്ഞ് സാബുക്കുട്ടൻ വീടുപറ്റി. വീട്ടിലെത്തി കുളിച്ച് വേഷം മാറിയ ഉടൻ അവൻ ഒറ്റ ഇരിപ്പിൽ ഒരു കത്തെഴുതി തീർത്തു. സുനിക്കുഞ്ഞ് മായേച്ചിക്കെഴുതുന്ന കത്ത്. മായേച്ചിയോട് അവനുള്ള കൊതിയുടെ പൊതി തുറക്കുന്ന കത്ത്. റെജിച്ചേട്ടൻ പറഞ്ഞതുപോലെ ചുട്ടരച്ച ചമ്മന്തിയുടെ എരി മായേച്ചിക്കൊരു ഹരമാണെങ്കിൽ, ഈ കത്തു വായിച്ചാൽ കരുത്തനായ സുനിക്കുഞ്ഞ് എരിയും പുളിയും മേളിക്കുന്ന ചമ്മന്തിക്കുഴമ്പായി അവളുടെ നാവിൻതുമ്പിലിറ്റും എന്ന് സാബുക്കുട്ടൻ ഉറപ്പിച്ചു. വാക്കുകളുടെ തിരെഞ്ഞടുപ്പിലും പ്രയോഗത്തിലും സാബുക്കുട്ടൻ പുലർത്തിയ സൂക്ഷ്മതയാൽ, ഇതെഴുതിയത് താൻ തന്നെ എന്ന് സുനിക്കുഞ്ഞിനുപോലും തോന്നുന്ന പൂർണത കത്തിന് കൈവന്നു. മറുപടി എന്തായാലും മൂന്നാമതൊരാൾ ഇതറിഞ്ഞാൽ മായേച്ചി പിന്നെ സുനിക്കുഞ്ഞിന്റെ ശവമേ കാണൂ എന്ന് അർഥം വരുന്ന ഒരു ഭീഷണിയിൽ കത്തു ചുരുക്കാനും സാബുക്കുട്ടൻ മറന്നില്ല. കത്ത് മായക്ക് കിട്ടാൻ സാധ്യതയുള്ളതിന് ഒരു ദിവസം മുമ്പേ ഇല്ലാത്ത പി.എസ്.സി പരീക്ഷയുടെ പേരുപറഞ്ഞ് പണിയിൽനിന്ന് ഒരാഴ്ചത്തെ അവധിയെടുത്ത സാബുക്കുട്ടൻ ചൂണ്ടച്ചുള്ളിയുമായി അവളുടെ വീടിന് പിന്നിലെ തോട്ടുവക്കത്ത് ചുറ്റിത്തിരിഞ്ഞു. രണ്ടാം പക്കം ഉച്ചക്കു മുന്നേ പോസ്റ്റുമാൻ വന്ന് കത്ത് കൊടുത്ത് പോകുന്നത് അവൻ കണ്ടു. അന്നേ ദിവസം രാവിലെ സമൃദ്ധി കേറ്റേഴ്സിൽ സുനിക്കുഞ്ഞ് വിറകുകീറാൻ പോകുന്നത് കണ്ടിരുന്നതിനാൽ അവൻ വരാൻ വൈകുമെന്നും അന്ന് മറ്റൊന്നും നടക്കാനിടയില്ലെന്നും ഉറപ്പിച്ച് അന്തിവെട്ടം തെളിയ്ക്കും മുമ്പേ സാബുക്കുട്ടൻ വീടുപിടിച്ചു. ആ രാത്രി വെളുക്കപ്പുറംവരെ, മായേച്ചിയുടെ അമ്മിക്കല്ലിൽ സുനിക്കുഞ്ഞിന്റെ ഉള്ളീം മുളകും ചതഞ്ഞരഞ്ഞ് ചമ്മന്തിയാകുന്ന ഓർമയിൽ പിള്ളക്കല്ലുരുട്ടിയുരുട്ടി കൈ കുഴഞ്ഞ സാബുക്കുട്ടൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. വെട്ടം വീണപ്പൊഴേ പിരണ്ടെണീറ്റ സാബുക്കുട്ടനും ചൂണ്ടയും മായേടെ പിന്നാമ്പുറത്തെ തോട്ടുവക്കിൽ ഹാജർ. ഇരുന്നിരുന്ന് വശംകെട്ട സാബുക്കുട്ടന്റെ പ്രതീക്ഷകളെ ഇഴഞ്ഞുപോയ നേരങ്ങളും, നിറഞ്ഞിരുന്ന തീറ്റച്ചിരട്ടയിലെ ഇരകളെ തോട്ടിലെ മീനുകളും തിന്നുതീർത്ത സമയംതന്നെ മായേച്ചീടെ അടുക്കളപ്പുറത്ത് സുനിക്കുഞ്ഞിന്റെ തലവെട്ടം കണ്ടു. വിറകുപുരയിൽ നിന്നെടുത്തിട്ട മുട്ടിത്തടികൾ ഓരോന്നായി സുനിക്കുഞ്ഞ് കീറിത്തുടങ്ങി. ഉണക്ക് പിടിച്ച് വെള്ളം വലിഞ്ഞ പുറംതൊലികൾ ഭേദിച്ച്, ആഞ്ഞുപതിക്കുന്ന ഈടുറപ്പുള്ള കോടാലിത്തുമ്പ് തടിക്കുറ്റികളുടെ അകപ്പച്ചയിലെ കാതൽച്ചോപ്പിൽ തറച്ചുകേറ്റുന്ന സുനിക്കുഞ്ഞിന്റെ പണിത്തഴക്കം നോക്കി, അടുക്കളവാതിലിന്റെ കട്ടിളപ്പടിയിൽ ഒരുവശം ചാരി ചെരിഞ്ഞുനിൽക്കുന്ന മായേച്ചിയെ തോട്ടുവക്കത്ത് പടർന്ന കുറ്റിക്കാടിന്റെ ഇലച്ചാർത്തിനിടയിലൂടെ സാബുക്കുട്ടൻ കണ്ടു. കീറി നിരത്തിയ വിറകു മുഴുവൻ വിറകുപുരയിൽ കേറ്റി അടുക്കിവെച്ച സുനിക്കുഞ്ഞ് പുറകുവശത്തെ പൈപ്പിൻ ചുവട്ടിൽനിന്ന് കൈയും കാലും കഴുകുംവരെ മായേച്ചിയും സാബുക്കുട്ടന്റെ നോട്ടവും അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. കഴുകിക്കോണ്ടു നിന്ന സുനിക്കുഞ്ഞിനോട് എന്തോ പറഞ്ഞിട്ട് മായേച്ചി അകത്തേക്ക് കയറിപ്പോയതോടെ എല്ലാം മംഗളമായി കഴിഞ്ഞല്ലോയെന്ന ആശ്വാസത്തോടെ സാബുക്കുട്ടൻ മടങ്ങാനൊരുങ്ങുമ്പോഴാണത് സംഭവിച്ചത്. കഴുകിക്കഴിഞ്ഞ സുനിക്കുഞ്ഞതാ തുറന്നു കിടന്ന അടുക്കള വാതിലിലൂടെ അകത്തേക്ക് കയറുന്നു. തൊട്ടുപുറകെ മായേച്ചി ഇറങ്ങിവന്ന് നാലുപാടും നോക്കി പെട്ടന്ന് അകത്തുകേറി വാതിലടച്ച് കുറ്റിയിടുന്നു. കുറച്ചുനേരം കഴിഞ്ഞും അനക്കമൊന്നും കേൾക്കാതായതോടെ പണി കഴിഞ്ഞ് സുനിക്കുഞ്ഞിന് മായേച്ചി കഞ്ഞി കൊടുക്കുന്നതാണെന്ന് സമാധാനിച്ച സാബുക്കുട്ടൻ ചൂണ്ടയുമെടുത്ത് കടവിൽ നിന്നുള്ള ഇടവഴിയിലൂടെ മായേച്ചിയുടെ വീടിനു മുന്നിലുള്ള പഞ്ചായത്ത് വഴിയിലെത്തി. അപ്പോൾ മായേച്ചിയുടെ വീടിന്റെ ഗേറ്റിറങ്ങി വരുന്ന സുനിക്കുഞ്ഞിന്റെ ചുണ്ടത്ത് ഉണ്ടുനിറഞ്ഞവന്റെ ചിരിത്തിളക്കം സാബുക്കുട്ടൻ കണ്ടു. എതിരെ സാബുക്കുട്ടൻ വന്നതുപോലും അറിയാതെ ഒരു സ്വപ്നാടനത്തിലെന്നപോലെ സുനിക്കുഞ്ഞ് നടന്നുപോയി. തുറന്നുകിടന്ന ഗെയ്റ്റിലൂടെ ചുമ്മാതൊന്ന് പാളിനോക്കിയ സാബുക്കുട്ടന്റെ കണ്ണുകൾ അഴിഞ്ഞുലഞ്ഞ മുടിയും വാരിക്കെട്ടി സിറ്റൗട്ടിലേക്കിറങ്ങുന്ന മായേച്ചിയുടെ കണ്ണുകളുമായി കോർത്തു. ഉച്ചമയക്കത്തിനുള്ള ഒരു തളർച്ച അവരുടെ കണ്ണിൽ കൂമ്പിനിന്നു.
''നിനക്കെന്നാടാ ഇപ്പം പണിയൊന്നുമില്ലേ. കുറച്ചു ദെവസായി പതിവില്ലാത്തൊരു ചൂണ്ടയിടീല്'', മായേച്ചിയെന്തോ അർഥംവെച്ച് പറയുന്നതുപോലെ അവന് തോന്നി.
''ഓ നമ്മക്കൊക്കെ ആര് പണി തരാനാ. നാല് വെറക് കീറാനൊണ്ടേലും നിങ്ങളെല്ലാം ആ പൊട്ടൻ ചെറുക്കനല്ലേ കൊടുക്കത്തൊള്ള്.''
''പൊട്ടനായാലെന്താ കൊടുക്കുന്ന പണി വെടിപ്പായി ചെയ്യാനൊള്ള ഈരും ചൊടീം അവനൊണ്ട്. ഞാനിനീം കൊടുക്കും.''
ചുണ്ടത്ത് മറച്ചുപിടിച്ച ഒരു പരിഹാസച്ചിരിയുടെ മുള്ള് വെച്ച് മായേച്ചി തുടർന്നു, ''പിന്നെ അവനേക്കാൾ പൊട്ടന്മാരിവിടൊണ്ടെന്ന് എനിക്ക് പിടികിട്ടി. നേർക്കുനേരെ വരാനുള്ള ഒറപ്പുപോലുമില്ലാത്ത മൊണ്ണകൾ. മുട്ടിത്തടി കീറണോങ്കി നല്ല ഈടൊറപ്പുള്ള കോടാലി തലയ്ക്കുമീതെ പൊക്കാതെ പറ്റുകേല. നീ ആദ്യം പോയി അങ്ങനെ പൊങ്ങുവോന്ന് നോക്ക്. എന്നിട്ട് കീറാം വെറക്. ത്ഫൂ...''
അവസാനത്തെ ആട്ട് തന്റെ മുഖത്താണ് വീണതെന്ന തിരിച്ചറിവിൽ സാബുക്കുട്ടൻ തിരിച്ചു നടക്കുമ്പോൾ പിന്നിൽ വാതിൽ വലിച്ചടയ്ക്കുന്നതിന്റെ വലിയ ഒച്ച മുഴങ്ങി. പൊട്ടൻ സുനിയേക്കാൾ കഴിവ് കെട്ടവനാണ് താനെന്ന പരിഹാസം അവനെ തകർത്തുകളഞ്ഞു. ഒരുവേള സ്വന്തം ആണത്തത്തിന്റെ ഉറപ്പിൽ അവന് തന്നെ സംശയം തോന്നി. സ്വയം ബോധ്യപ്പെടാനെങ്കിലും ഒറ്റത്തവണ അതിന്റെ മാറ്റുരക്കപ്പെടണമെന്ന് അവൻ ഉറപ്പിച്ചു. പക്ഷേ താനിതുവരെ കാത്തുസൂക്ഷിച്ച സൽപ്പേര്..? പത്തിരുപത്തിമൂന്ന് വയസ്സുവരെ തനിക്ക് ഒരു വിധത്തിലും ഉതകാത്ത സൽപ്പേരും തൂക്കിയിട്ടോണ്ട് ചുമ്മാ നടന്നിട്ട് ഒരു കാര്യവുമില്ല എന്ന് സാബുക്കുട്ടൻ തിരിച്ചറിഞ്ഞു. എന്നതായാലും ഇനി ഒരു പരീക്ഷണം ഈ ഏരിയായിൽ വേണ്ടാന്ന് അവന് തോന്നി. അപ്പോഴാണ് ചില്ലറ ഇക്കിളി ചാറ്റിനുവേണ്ടി താനുണ്ടാക്കിയ ഫേക്ക് അക്കൗണ്ട് വഴി ഫേസ്ബുക്കിൽ പരിചയപ്പെട്ട ഒരു ചേച്ചിയുടെ കാര്യം അവന് ഓർമ വന്നത്. ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ കേറിയിറങ്ങിയുള്ള താൽക്കാലിക ആനന്ദത്തിനുവേണ്ടിയാണ് അവൻ ആ അക്കൗണ്ട് തുടങ്ങിയത്. പെൺ പേരുകളിലുള്ള ഫേക്ക് അക്കൗണ്ടുകളിലെല്ലാം സാധാരണ കാണാറുള്ളത് ആണുങ്ങൾതന്നെയായിരിക്കുമെന്ന് മുന്നനുഭവങ്ങളുള്ളതുകൊണ്ട് സുനിതാ നായർ എന്ന പേരിൽ, െപ്രാഫൈൽ പിക്ചറായി കാവ്യാമാധവന്റെ ഫോട്ടോവെച്ച അക്കൗണ്ടിലേക്ക് റിക്വസ്റ്റ് വിടുമ്പോൾ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അയച്ച് അഞ്ച് മിനിറ്റിനുള്ളിൽ അക്സപ്റ്റ് ചെയ്യപ്പെട്ടപ്പോഴും മറുവശത്തിരിക്കുന്ന ഞരമ്പനെ ഒന്ന് വട്ടുകളിപ്പിച്ച് രസംകൊള്ളാമെന്നേ സാബുക്കുട്ടൻ കരുതിയുള്ളൂ. വെറുതെ ഒരു ഹായ് അവന്റെ വിരൽത്തുമ്പിൽനിന്ന് സുനിതാ നായരുടെ ഇൻബോക്സിലേക്ക് പറന്നിറങ്ങിയത് അങ്ങനെയാണ്.
അടുത്ത നിമിഷം തിരിച്ചുവന്ന, ഐ ആം എ പെയ്ഡ് ഗേൾ ചാർജസ് ടെൻ തൗസന്റ് റുപ്പീസ് ഫോർ വൺ നൈറ്റ് സ്റ്റേ എന്ന സുനിതയുടെ മറുപടിയിൽ ശരിക്കും വട്ടുപിടിച്ചത് സാബുക്കുട്ടനാണ്. തുടർന്നിങ്ങോട്ട് മൂന്നുനാല് വോയിസ് മെസേജുകളും തലയില്ലാത്ത ഫോട്ടോകളും പെയ്തിറങ്ങിയതോടെ മറുവശത്തുള്ളത് പെണ്ണല്ലെന്ന് സാക്ഷാൽ സുക്കർബർഗ് വന്ന് പറഞ്ഞാലും വിശ്വസിക്കാൻ കഴിയാത്ത ഒരു കുളിരിലേക്ക് അവൻ കുതിർന്നുകഴിഞ്ഞിരുന്നു. സദാചാരനിഷ്ഠമായ സമൂഹത്തോടുള്ള ഭയംമൂലം അന്നത് വിട്ടുകളഞ്ഞെങ്കിലും ഈയൊരു സന്ദർഭത്തിൽ സാബുക്കുട്ടന് ആദ്യം ഓർമവന്നത് സുനിതയുടെ പേരുതന്നെയാണ്. വീണ്ടുവിചാരം വന്ന് ഭയപ്പെടുത്തി മനസ്സുമാറ്റുന്നതിന് മുമ്പേ അവൻ സുനിതക്ക് ഒരു മെസേജയച്ചു. പിന്നീട് അങ്ങോട്ടുമിങ്ങോട്ടുമുള്ള നാലോ അഞ്ചോ മെസേജുകളിൽ എല്ലാം തീരുമാനിക്കപ്പെട്ടു. മറ്റന്നാൾ വൈകിട്ട് എറണാകുളത്ത് കാണാമെന്നും സൗത്തിൽ സേഫായ ഹോട്ടലുണ്ടെന്നും ഒന്നും പേടിക്കാനില്ലെന്നുമെല്ലാം പറഞ്ഞ് അവന് ധൈര്യം കൊടുത്തത് സുനിതയാണ്. നേരിട്ടു കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഡീൽ ഉറപ്പിച്ചാൽ മതിയെന്നും കാര്യം കഴിഞ്ഞിട്ട് പണം തന്നാൽ മതിയെന്നും പറഞ്ഞതുകൊണ്ട് ഇതിലൊരു ചതി ഇല്ലായെന്ന് സാബുക്കുട്ടന് ഉറപ്പായി. ശനിയാഴ്ച കാണാമെന്നുറപ്പിച്ചതോടെ സുനിത അവളുടെ മൊബൈൽ നമ്പർ സാബുക്കുട്ടന് കൊടുത്തെങ്കിലും നേരിട്ടു കാണുന്നതുവരെ മെസഞ്ചർ വഴി ബന്ധപ്പെട്ടാൽ മതിയെന്നും അഥവാ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഈ നമ്പറിൽ അങ്ങോട്ടു വിളിച്ചോളാമെന്നും പറഞ്ഞ് നമ്പർ കൊടുക്കാതെ സാബുക്കുട്ടൻ തന്ത്രപൂർവം ഒഴിവായി. എടുപിടീന്നായിരുന്നു അവന്റെ തുടർനീക്കങ്ങൾ. പിറ്റേന്നുതന്നെ സൈറ്റിൽ പോയി രമേശണ്ണനെ കണ്ടു. ശനിയാഴ്ച പരീക്ഷക്ക് എറണാകുളത്തു പോകേണ്ടതുണ്ടെന്നും, ഒ.എൽ.എക്സിൽ പരസ്യം കണ്ട ഫോർട്ടുകൊച്ചിക്കാരൻ ലോപ്പസ് മേസ്തിരിയുടെ സെക്കൻഡാന്റ് വാർക്കത്തകിട് കണ്ടമാനം പഴകാത്തതാണെങ്കിൽ അന്നുതന്നെ കേറ്റിക്കൊണ്ടുപോരാമെന്നും ധരിപ്പിക്കുമ്പോൾ എറണാകുളം യാത്രക്ക് വിശ്വാസ്യകരമായ ഒരു കാരണം മറ്റുള്ളവർക്കുമുന്നിൽ സ്ഥാപിക്കുക എന്നൊരു ഉദ്ദേശ്യം മാത്രമേ സാബുക്കുട്ടന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അപ്പോൾത്തന്നെ കൂട്ടിക്കൊണ്ട് ബാങ്കിൽ പോയി പരസ്യത്തിൽ കണ്ടതുപ്രകാരം ഒന്നിന് അഞ്ഞൂറ് വീതം ഇരുന്നൂറ് തകിടിന്റെ വിലയായ ഒരു ലക്ഷം രൂപയും വഴിച്ചെലവിനും വണ്ടിക്കൂലിക്കുമായി വേറെ അയ്യായിരവും ചേർന്ന തുക രമേശണ്ണൻ റെഡി ക്യാഷായി കയ്യിൽ വെച്ച് കൊടുക്കുമ്പോൾ തന്നോടുള്ള അയാളുടെ വിശ്വാസത്തിൽ സാബുക്കുട്ടന് കണ്ണുനിറഞ്ഞു. പാസായാൽ അവർക്കൊരു സർൈപ്രസാകട്ടെയെന്നു കരുതി പരീക്ഷക്കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നും, എന്തെങ്കിലും ചോദിച്ചാൽ ഷീറ്റെടുക്കാൻ പോയ കാര്യം മാത്രം പറഞ്ഞാൽ മതിയെന്നും രമേശണ്ണനെ പ്രത്യേകം ഓർമിപ്പിക്കാനും അവൻ മറന്നില്ല. അക്കാര്യം ഞാനേറ്റു എന്ന് രമേശണ്ണൻ പറഞ്ഞതോടെ പരീക്ഷക്കാര്യം അറിഞ്ഞാൽ അതിന്റെ കാറ്റഗറി നമ്പർ മുതൽ ആകെ ബബിൾ ചെയ്ത ഉത്തരങ്ങളുടെ എണ്ണം വരെ നീണ്ടേക്കാവുന്ന മമ്മിയുടെ ചോദ്യക്കടലാസിനെ ഒറ്റ ഉത്തരത്തിൽ മറികടന്ന ആശ്വാസം അവനുണ്ടായി. ഉറക്കംകിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന തലേന്നത്തെ രാത്രിയെ വെളുപ്പിക്കാൻ സാബുക്കുട്ടന് കൂട്ടിരുന്ന ക്ഷീണത്തിൽ ഊർജം വറ്റിയ മൊബൈൽ ഫോണിന്റെ ബാറ്ററി ഇറങ്ങിപ്പോയതിനാൽ സുനിതയുമായുള്ള ആശയവിനിമയം പാതിവഴിയിൽ മുറിഞ്ഞ അങ്കലാപ്പുമായാണ് സാബുക്കുട്ടൻ എറണാകുളം സൗത്തിൽ െട്രയിനിറങ്ങിയത്. ഇറങ്ങിയപാടേ ഫോർട്ടുകൊച്ചിയിലേക്കുള്ള വണ്ടി പിടിച്ച് ലോപ്പസ് മേസ്തിരിയുടെ വീട്ടിലെത്തി. മേസ്തിരി കാണിച്ച തകിടുകൾ സെക്കൻഡാന്റ് വിലയ്ക്ക് വാങ്ങാൻ തരക്കേടില്ലാത്തവയായിരുന്നെങ്കിലും മൊത്തം കുഴിത്തുരുമ്പാണല്ലോ ആശാനേ...രണ്ടു വാർക്ക കഴിഞ്ഞാ ഇതു പറിഞ്ഞുപോകുമെന്ന റെഡിമെയ്ഡ് മറുപടി പറഞ്ഞ് അവിടുന്ന് ഊരാൻ നോക്കിയതാണ് സാബുക്കുട്ടൻ. എങ്കി വെണ്ടുരുത്തീലൊരു സൈറ്റിൽ നല്ല വെടീംതീറ് ഷീറ്റ് ഇരിക്കണേണ്. നാളെ വരേണെങ്കി അതൂടെ കാണിക്കാം. അതുകണ്ടാ നീങ്ങ കൊത്തിക്കോണ്ട് പോകേയൊള്ള് എന്ന് പറഞ്ഞ് ലോപ്പസാശാൻ ഒറ്റ നിർബന്ധം. എന്നാപ്പിന്നെ ഇന്ന് ടൗണിൽ എവിടെയേലും തങ്ങിയിട്ട് നാളെ രാവിലെ അതുകൂടി നോക്കാം എന്നു സമ്മതിച്ച് വല്ലവിധേനയും അവിടന്ന് തടിയൂരുമ്പോൾ എത്രയും വേഗം ലൗ ബേഡ്സ് പാരഡൈസിൽ എത്തണമെന്ന ഒറ്റ ലക്ഷ്യമാണ് സാബുക്കുട്ടനെ നയിച്ചത്.
(തുടരും)