ശിക്കാർ
കടലാസ് പൊതിയഴിച്ച് ജെസീന്തയുടെ നോട്ടുപുസ്തകം പുറത്തെടുത്തു. കട്ടിയുള്ള പുറംചട്ട, പിന്‍ഭാഗം പകുതിയോളം കത്തിപ്പോയിരിക്കുന്നു. തീയും പഴക്കവും അതിന്റെ അവശേഷിക്കുന്ന താളുകളെക്കൂടി ക്ഷയിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആയുസ്സെത്തിയിട്ടും അതിജീവിച്ച ആ നോട്ടുപുസ്തകത്തോട് ആദരവ് തോന്നി. എന്തായിരിക്കും അതിലെ ഉള്ളടക്കം? അതീവ ശ്രദ്ധയോടെ ഞാന്‍ താളുകള്‍ മറിച്ചു. അപൂർണമെങ്കിലും പല ഭാഗങ്ങളുള്ള ദീര്‍ഘമായൊരു കുറിപ്പ് അധികം തീപ്പെടാത്ത...
Your Subscription Supports Independent Journalism
View Plansകടലാസ് പൊതിയഴിച്ച് ജെസീന്തയുടെ നോട്ടുപുസ്തകം പുറത്തെടുത്തു. കട്ടിയുള്ള പുറംചട്ട, പിന്‍ഭാഗം പകുതിയോളം കത്തിപ്പോയിരിക്കുന്നു. തീയും പഴക്കവും അതിന്റെ അവശേഷിക്കുന്ന താളുകളെക്കൂടി ക്ഷയിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആയുസ്സെത്തിയിട്ടും അതിജീവിച്ച ആ നോട്ടുപുസ്തകത്തോട് ആദരവ് തോന്നി. എന്തായിരിക്കും അതിലെ ഉള്ളടക്കം? അതീവ ശ്രദ്ധയോടെ ഞാന്‍ താളുകള്‍ മറിച്ചു.
അപൂർണമെങ്കിലും പല ഭാഗങ്ങളുള്ള ദീര്‍ഘമായൊരു കുറിപ്പ് അധികം തീപ്പെടാത്ത ഇടത്താളുകളില്നിന്ന് കണ്ടെത്താനായി. പല ഖണ്ഡങ്ങളായി എഴുതിയിരിക്കുന്ന ആ കുറിപ്പിന്റെ ശീര്‍ഷകം ശിക്കാര്‍ എന്നായിരുന്നു.
01
രാത്രിനഗരം. പ്ലാന്റേഷന് ക്ലബിന്റെ ഗേറ്റു കടന്ന് വിലകൂടിയ ഒരു കാര്‍ പുറത്തേക്ക് ഒഴുകിവന്നു. നഗരവിജനതയിലൂടെ അത് നീങ്ങി. കാറിന്റെ പിന്‍സീറ്റില്‍ മധ്യവയസ്സ് പിന്നിട്ട പ്ലാന്റര്‍ നരേന്ദ്ര വര്‍മ അലസം ചാഞ്ഞുകിടന്നു. കാര്‍ ഗാന്ധിമൈതാനം ചുറ്റി ശാസ്ത്രി റോഡിന്റെ ഇറക്കം ഇറങ്ങുകയായിരുന്നു.
ദൂരെ നാഗമ്പടം റോഡില്‍നിന്ന് ഒരു യുവാവ് ആരില്‍നിന്നോ രക്ഷപ്പെട്ടോടിവന്ന് കാറിന്റെ മുന്നിലേക്ക് വന്നുകേറി. കാറിന് വേഗത കുറവായിരുന്നു.
റോഡിന്റെ ഇടതുചേര്ന്നുള്ള കൂറ്റന്‍ വാകമരത്തിന്റെ പിന്നിലേക്ക് അവന് ഓടിമറഞ്ഞു. അവന്റെ കണ്ണുകളിലെ ഭയം വർമക്ക് കാണാമായിരുന്നു. കാര്‍ മുന്നോട്ട് നീങ്ങവെ നാഗമ്പടത്തെ റോഡിന്റെ അറ്റത്തുനിന്ന് ഒരു സംഘമാളുകള്‍ ഓടിവരുന്നത് വര്‍മ കണ്ടു. കാര്‍ പിന്നോട്ടെടുക്കാന്‍ അയാള്‍ ഡ്രൈവര്‍ക്ക് നിർദേശം നല്കി.
കാര്‍ അതിവേഗം പിന്നോട്ടെടുത്തു. യുവാവ് അപ്പോള്‍ വാകമരത്തിനു പിന്നില്‍നിന്ന് തലപുറത്തേക്കിട്ട് ആരുടെയോ വരവും ഒളിക്കാന്‍ ഇടവും പരതുകയായിരുന്നു. ചാടിയോടാന്‍ ആയുന്ന നിമിഷത്തില്‍ വര്‍മയുടെ കൈകള്‍ അവനെ കടന്നുപിടിച്ചു. പൊക്കിയെടുത്ത് റോഡില്‍ നിര്‍ത്തി. ആ കൈകളുടെ അസാധാരണമായ കരുത്തില്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ യുവാവ് പകച്ചുനിന്നു.
''കേറ്'' എന്ന ആജ്ഞയോടൊപ്പം വര്‍മ അവനെ കാറിലേക്ക് തള്ളിയിട്ടു. വര്‍മ കയറി. കാര്‍ അതിവേഗം പാഞ്ഞുപോയി. പിന്നിലെ മൂന്നും കൂടിയ കവലയില്‍ അപ്പോള്‍ ആയുധങ്ങളേന്തി ഒരു സംഘം വന്നുനില്ക്കുന്നത് കാണാം. അവര്‍ ആക്രോശിച്ചുകൊണ്ട് അങ്ങുമിങ്ങും പായുന്നതിന്റെ കാഴ്ച കണ്ണാടിയിലൂടെ വര്‍മ കണ്ടു.
കാര്‍ വലിയ ഗേറ്റിനു മുന്നില്‍ നിന്നു. അഡ്വക്കേറ്റ് നരേന്ദ്രവര്‍മ, പ്ലാന്റര്‍ എന്ന ബോര്‍ഡ് കാണാം. കാവല്ക്കാരന് വന്ന് ഗേറ്റ് തുറന്നു. കാര്‍ കോമ്പൗണ്ടിലൂടെ ബംഗ്ലാവിന്റെ പോര്‍ച്ചിലെത്തി.
''ഇറങ്ങ്'' എന്ന ആജ്ഞ. അവന് ഇറങ്ങി വര്‍മയുടെ പിന്നാലെ നടന്നു.
ഒരു പരിചാരകന് വന്ന് വാതില്‍ തുറന്നു. അവര്‍ അകത്തേക്ക് നടന്നു.
വിശാലമായ ഹാളില്‍ ആ യുവാവ് പകച്ചു നിന്നു. സ്വപ്നംപോലെ തോന്നിച്ചു ആ വീട്. കാട്ടുപോത്തിന്റെ തലയും കലമാനിന്റെ കൊമ്പും ഭിത്തിയില്‍ തുറിച്ചുനോക്കിയിരിക്കുന്നു. പലതരം തോക്കുകള്‍ ആണിയില്‍ തൂക്കിയിട്ടിരിക്കുന്നു. ആനയുടെ മസ്തകത്തില്‍ ചവിട്ടിനില്ക്കുന്ന വേട്ടക്കാരുടെ ചിത്രങ്ങള്‍ ചില്ലിട്ടുവെച്ചിരുന്നു. മഹേന്ദ്രവര്മ ആനക്കൊമ്പും തോക്കുമായി നില്ക്കുന്ന വലിയൊരു ചിത്രവുമുണ്ട്.
നേരത്തേ കണ്ട പരിചാരകന് വന്ന് അവനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആധുനികമായി സജ്ജീകരിച്ച മുറി. കുളിച്ച് വസ്ത്രം മാറിവരാന്‍ പറഞ്ഞ് അയാള്‍ പുറത്തേക്ക് പോയി.
കുളിച്ച് പുറത്തിറങ്ങുമ്പോള്‍ അവന് അണിയാനുള്ള വസ്ത്രങ്ങള്‍ കട്ടിലില്വെച്ചിരുന്നു. ആദ്യം ഒന്നു പരുങ്ങിയെങ്കിലും ആകെ മുഷിഞ്ഞ ഉടുപ്പും പാന്റ്സും മാറ്റി പുതിയ മുണ്ടും ഷര്‍ട്ടും ധരിച്ചു. ഷര്‍ട്ട് അൽപം അയഞ്ഞതെങ്കിലും കണ്ണാടി നോക്കിയപ്പോള്‍ കൊള്ളാമെന്ന് തോന്നി.
അവന് മുറിയില്‍നിന്ന് പുറത്തേക്കിറങ്ങി. ആരേയും കാണാനില്ല. ആ വലിയ ഹാളില്‍ പകപ്പോടെ അവന് നിന്നു. അൽപം കഴിഞ്ഞപ്പോള്‍ പരിചാരകന് വന്ന് അവനെ തീന്മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിഭവങ്ങള്‍ നിരന്ന മേശ. സമീപം സജ്ജീകരിക്കപ്പെട്ട ബാര്‍. രാത്രിവസ്ത്രമണിഞ്ഞ് നില്ക്കുന്ന വര്‍മ രണ്ടു ഗ്ലാസുകളിലേക്ക് മദ്യം പകര്‍ന്ന് ഒരു ഗ്ലാസ് അവന് നേരെ നീട്ടി.
"നരേന്ദ്ര വര്‍മ... ചീയേഴ്സ്'' എന്ന് പരിചയപ്പെടുത്തി.
ഗ്ലാസ് മുട്ടിച്ചുകൊണ്ട് അൽപം ജാള്യതയോടെ അവന് പേര് പറഞ്ഞു. ''രാജു...''
"എന്താ ജോലി?" വര്‍മ ചോദിച്ചു.
"അധോലോകം...''
വര്‍മ ചിരിച്ചു. ''അവരാരാ തന്നെ ആക്രമിക്കാന്‍ വന്നവര്‍?''
"കൂടെയുണ്ടാരുന്നവരാ. ഇപ്പം വേറെ ചേരീലാ...''
"അതെന്തുപറ്റി പിരിയാന്‍...?'' വര്‍മ.
"ഒരു ഡീല്‍ ആരോ ഒറ്റി. വലിയ തുക പോയി. അവര്‍ എന്നെ പിടികൂടും. പണം കൊടുത്തിെല്ലങ്കില്‍ കൊല്ലും. തലനാരിഴക്കാ ഇപ്പോ രക്ഷപ്പെട്ടത്. അപ്പോ സാറ് വന്നില്ലാരുന്നെങ്കില്‍ തീര്‍ന്നേനെ... ഈ രാത്രി കടക്കുകേല സാറേ അവന്മാര് മുറ്റ് പാര്‍ട്ടീസാ...'' രാജു.
"ഇവിടെ ആരും വന്ന് നിന്നെ തൊടില്ല. പേടിക്കണ്ട...''
"എനിക്ക് പേടിയൊന്നുമില്ല സാറേ. ഒരു പാര്‍ട്ടി എന്നെ ചതിച്ചതാ... അതാ വെഷമം. ചതിയനെന്ന് പേര് കേട്ട് ജീവിക്കുന്നേലും നല്ലത് തീരുന്നതാ... ഞാനാരേം ചതിച്ചിട്ടില്ല സാറേ...''
"എത്രയാ ഈ തുക...?''
"അത് കോടികള്‍ വരും സാറേ... നമുക്ക് താങ്ങുകേല.''
"കോടികളോ? അപ്പോ എന്താ സാധനം?'' -വര്‍മ.
"ആംസ്റ്റര്‍ഡാമിലേക്കുള്ള ചരക്കിന്റെ ഡീലാരുന്നു'' -രാജു.
നരേന്ദ്ര വര്‍മ പിന്നീട് ഒന്നും സംസാരിച്ചില്ല. ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി. രാജു അയാള്‍ക്ക് അനുവദിക്കപ്പെട്ട മുറിയിലേക്കും.
രാവിലെ ഉണര്‍ന്നെഴുന്നേറ്റ് മുറിക്കു പുറത്തുവരുമ്പോള്‍ പരിചാരകന് ചായയുമായി വന്നു. "സാറ് ഇന്നലെ രാത്രിതന്നെ പോയി.''
"ഇവിടെ സാറല്ലാതെ മറ്റാരും താമസിക്കുന്നില്ലേ?'' -രാജു
"ഇല്ല. ഇത് സാറിന് ഒഴിവുസമയത്ത് വരാനുള്ള സ്ഥലമാ. വീട് വേറെയുണ്ട്.'' രാജു കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് പരിചാരകന് ഒരു കടലാസ് അവന് കൊടുത്തു.
"ദാ... ഇത് തരാന്‍ പറഞ്ഞു.''
അതൊരു മേല്‍വിലാസമായിരുന്നു. ഒരു കുറിപ്പും. "ഈ വിലാസത്തിലുള്ള ആളെ ചെന്നുകാണുക. ഒരു വഴിയുണ്ടാകും -വര്‍മ.''
02
കൊടുംകാടിന്റെ വിജനതയില്‍ വന്നുനില്ക്കുന്ന ചരക്ക് ലോറിയില്‍നിന്ന് രാജു ഇറങ്ങി. നേരം പുലര്‍ന്നു വരുന്നതേയുള്ളൂ. ഏത് ദിക്കിലേക്ക് പോകണമെന്നറിയാതെ അവന് നിന്നു. കന്നുകാലികളെ തെളിച്ച് ഒരു വൃദ്ധന് ആ വഴി വരുന്നുണ്ടായിരുന്നു. കയ്യിലെ മേല്‍വിലാസത്തെക്കുറിച്ച് അയാളോട് തിരക്കി. അയാള്‍ കാടിനുള്ളിലേക്ക് കൈ ചൂണ്ടി. പിന്നെ പ്രത്യേകരീതിയില്‍ ഒച്ചയുണ്ടാക്കി കാലികളെ തെളിച്ച് കടന്നുപോയി. വൃദ്ധന് ചൂണ്ടിക്കാട്ടിയ ദിക്കിലേക്ക് അവന് നോക്കി. അന്തമില്ലാത്ത കാട്.
റോഡിലൂടെ അവന് മുന്നോട്ട് നടന്നു. വഴി കൂടുതല്‍ വിജനമായിവന്നു. കാട്ടിലേക്കുള്ള ഒരു തിരിവില്‍ പഴയൊരു ഗേറ്റ്. ചായ വില്‍ക്കുന്ന ഒരു മണ്‍കുടില്‍. മണ് ഗ്ലാസില്‍ ചായ കുടിക്കുന്നതിനിടെ രാജു കടക്കാരനോട് വിലാസം തിരക്കി.
അയാള്‍ ഏറെനേരം അവനെ നോക്കിനിന്നു. പിന്നെ തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു:
"ഇതാണ് വഴി. പഴയ വുഡ് സായ്പിന്റെ ബംഗ്ലാവാണ്. ഇടയ്ക്കിടെ ഈ വഴിയേ വണ്ടികള്‍ വന്നുപോകും. അവിടെ ആരെങ്കിലും സ്ഥിരതാമസമുണ്ടോ എന്നറിയില്ല. പകല്‍ ഇന്നേവരെ അവിടേയ്ക്ക് ആരും പോകുന്നതോ വരുന്നതോ കണ്ടിട്ടില്ല. നിങ്ങളാണ് അങ്ങനെ വന്ന ആദ്യത്തെ ആള്.'' അയാള്‍ പിന്നീടൊന്നും പറഞ്ഞില്ല.
അടുപ്പില്‍ വിറക് തിരുകി തീ ഒന്നുകൂടി ആളിക്കത്തിച്ചു.
ചായയുടെ പൈസ കൊടുത്ത് രാജു നടന്നു. പഴയ ഇരുമ്പ് ഗേറ്റ് തുറക്കാന്‍ ശ്രമിച്ചു. അത് ചങ്ങലയിട്ട് പൂട്ടിയിരുന്നു. അതിനടുത്തുള്ള ചെറിയ ഗേറ്റ് പൂട്ടിയിരുന്നില്ല. തുരുമ്പ് നിറഞ്ഞ ഓടാമ്പല്‍ നീക്കി അവനത് തുറക്കാന്‍ ശ്രമിച്ചു. ഇരുമ്പും തുരുമ്പും ഉരഞ്ഞ് വലിയ ശബ്ദമുണ്ടാക്കി. കാടിന്റെ ഗഹനതയില്‍ അത് പ്രതിധ്വനിച്ചു. ഏതോ ഭീമന് പക്ഷി ചിലക്കുന്നതുപോലെ കാട് മുഴങ്ങി. ഗേറ്റ് തുറന്നു.
രാജു കാടിന്റെ നിഗൂഢതയിലേക്ക് നടന്നു. ചെല്ലുന്തോറും ദുരൂഹത ഏറിവന്നു. പകലും ഭയപ്പെടുത്തുന്ന അന്തരീക്ഷം. ഏതൊക്കെയോ മൃഗങ്ങളുടെ ഒച്ചകള്‍. ചൂട് പറക്കുന്ന ആനപ്പിണ്ടം. ഓടിയും നടന്നും അവന് മുന്നോട്ടു പോയി. പോകപ്പോകെ ദൂരെ ഒരു കെട്ടിടത്തിന്റെ മുഖപ്പ് കാണായി. അവന് ആശ്വാസം തോന്നി.
കാടിന്റെ ഭയപ്പെടുത്തുന്ന അന്തരീക്ഷം ആ ബംഗ്ലാവിന് ചുറ്റും ഉണ്ടായിരുന്നില്ല. നന്നായി സംരക്ഷിച്ചിരിക്കുന്ന മനോഹരമായ കൂറ്റന്‍ ബംഗ്ലാവ്. ഗേറ്റ് ഉള്ളില്‍നിന്ന് അടച്ചിരുന്നു. രാജു ഗേറ്റില്‍ തട്ടി ഒച്ചയുണ്ടാക്കി. പൊടുന്നനെ മട്ടുപ്പാവില്‍ ഒരു സുന്ദരി പ്രത്യക്ഷപ്പെട്ടു. അവള് അവനെത്തന്നെ നോക്കിനില്ക്കുന്നു. അപ്പോഴേക്കും താഴെ വാതില്‍ തുറന്ന് മെലിഞ്ഞ ഒരു പരിചാരകന് വന്നു. രാജു അപ്പോഴും ഒളികണ്ണിട്ട് ആ സ്ത്രീയെ നോക്കുകയായിരുന്നു. പരിചാരകന് ഗേറ്റില്‍ വന്ന് എന്താണെന്ന ഭാവത്തില്‍ അവനെ നോക്കി.
"വര്‍മ സാറ് പറഞ്ഞിട്ട് വന്നതാ.'' കയ്യിലെ വിലാസമെഴുതിയ കടലാസ് കാണിച്ചു. അയാള്‍ ഗേറ്റ് തുറന്നു.
ഉള്ളില്‍ കടന്ന രാജു മുകളിലേക്ക് നോക്കി. അപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പരിഭ്രമത്തോടെ പരിചാരകനെ നോക്കുമ്പോള്‍ അയാളെയും കാണാനില്ല. രാജു വേഗം തുറന്നു കിടന്ന വാതിലിന് നേരെ നടന്നു. വിശാലമായ തളത്തിലേക്ക് പ്രവേശിച്ചു. അതൊരു മ്യൂസിയംപോലെ തോന്നിച്ചു. നായാട്ട് ചിത്രങ്ങളും ഉപകരണങ്ങളും മൃഗശിരസ്സുകളുംകൊണ്ട് അലങ്കരിച്ച മ്യൂസിയം. ആ കാഴ്ചയില്‍ അന്തം വിട്ടുനില്ക്കവെ പരിചാരകന് ഗ്ലാസില്‍ ജ്യൂസുമായി വന്നു. യാത്രയുടെ ക്ഷീണത്താല്‍ രാജു അത് ഒറ്റവലിക്ക് കുടിച്ചു. ഗ്ലാസ് തിരികെ കൊടുക്കാന്‍ നോക്കുമ്പോള്‍ പരിചാരകന് ഇല്ല. അവന് ഭയമായി. എവിടേക്കാണ് ഒരു ശബ്ദവുമുണ്ടാക്കാതെ അയാള്‍ മാഞ്ഞുപോകുന്നത്?
ചുറ്റും പതറി നോക്കുമ്പോഴുണ്ട് പരിചാരകന് മുകള്‍നിലയില്‍നിന്ന് അവനെ കൈ കാട്ടി വിളിക്കുന്നു. അവന് മുകളിലേക്ക് നടന്നു. പരിചാരകന് അവനെ ഒട്ടനവധി വളവുകളും തിരിവുകളുമുള്ള ഇടനാഴികളിലൂടെ നടത്തി ഏതോ മുറിയിലെത്തിച്ചു. വൃത്തിയായി ഒരുക്കിയ മുറി.
ജനാലയിലൂടെ മട്ടുപ്പാവും ഗേറ്റ് വരെയുള്ള ഭാഗങ്ങളും കാണാം. ജനാല തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്തോ ചോദിക്കാനായി തിരിഞ്ഞ് പരിചാരകനെ നോക്കുമ്പോള്‍ അയാള്‍ അവിടെയില്ല. രാജു അയാളെ അവിടെയെല്ലാം തിരഞ്ഞു. ഇടനാഴികളിലും മറ്റിടങ്ങളിലും തിരക്കി. നിവൃത്തിയില്ലാതെ തിരികെ മുറിയെത്തിയപ്പോള്‍ കഴിക്കാനുള്ള ഭക്ഷണവും വെള്ളവും മേശപ്പുറത്ത് വെച്ചിരിക്കുന്നു. അപ്പോഴാണ് അവന് സമയത്തെക്കുറിച്ച് തിരക്കിയത്. ഭിത്തിയിലെ ക്ലോക്കില്‍ പന്ത്രണ്ട് മണിയാണ് കാണിക്കുന്നത്. അത് പക്ഷേ നടക്കുന്നുണ്ടായിരുന്നില്ല. ഏതോ പന്ത്രണ്ട് മണിക്ക് നിലച്ചുപോയ ഘടികാരം.
ഭക്ഷണം കഴിച്ച് രാജു കിടന്നു. വളരെ വേഗം ഉറങ്ങിപ്പോയി. ഉണര്‍ന്ന് ജനാലയിലൂടെ നോക്കുമ്പോള്‍ പുറത്തെ മട്ടുപ്പാവില്‍ നേരത്തേ കണ്ട സ്ത്രീ. അവന് അവരെ കാണാന്‍ തോന്നി. മുറിക്ക് പുറത്തുകടന്നു. ഏറെ ചുറ്റിത്തിരിഞ്ഞ് അവന് മുറ്റത്താണെത്തിയത്. അവിടെനിന്ന് മട്ടുപ്പാവിലേക്ക് നോക്കി. ആരുമില്ല. മുറ്റത്തെ പൂന്തോട്ടത്തിലൂടെ അവന് ചുറ്റിനടന്നു. ഇടക്ക് മട്ടുപ്പാവിലേക്കു നോക്കുമ്പോള്‍ അതാ ആ സ്ത്രീ അവനെ ശ്രദ്ധിച്ചു നില്ക്കുന്നു. രാജു കണ്ടെന്നു മനസ്സിലാക്കിയതോടെ അവര്‍ ഉള്ളിലേക്ക് മറഞ്ഞു. ഓടി തളത്തിലേക്ക് കയറിയ രാജു മുകള്‍നിലയിലേക്ക് വേഗം കയറിച്ചെന്നു.
അവിടെ അതാ വഴി തടഞ്ഞ് പരിചാരകന്.
അയാള്‍ അവനെ കൂട്ടിക്കൊണ്ട് ഭക്ഷണമുറിയിലെത്തി. അവിടത്തെ ക്ലോക്കില്‍ സമയം ഒന്നര എന്ന് കാണാം. സമൃദ്ധമായ ഭക്ഷണം വിളമ്പി അയാള്‍ മറഞ്ഞു. രാജു ഭക്ഷണം കഴിച്ച് കൈ കഴുകി വന്നപ്പോള്‍ ടൗവ്വലുമായി പരിചാരകന് അതാ മുന്നില്‍. കൈ തുടച്ച് ടൗവ്വല് കൊടുക്കുമ്പോള്‍ പിന്നാലെ വരാന്‍ ആംഗ്യം കാണിച്ച് അയാള്‍ നടന്നു. ഇടനാഴികള്‍ പിന്നിട്ട് പഴയ മുറിയിലെത്തി. മുറിയില്‍ കയറിയ രാജു ആകെ അസ്വസ്ഥനായി. അവന് ആ മുറി ആകെ പരിശോധിച്ചു. അവിടെയുണ്ടായിരുന്ന ചെറിയ അലമാര തുറന്നപ്പോള്‍ ഒരു കുപ്പി മദ്യം. ഗ്ലാസും വെള്ളവും അവിടെത്തന്നെ ഉണ്ടായിരുന്നു. രണ്ട് പെഗ്ഗ് വളരെ വേഗം കഴിച്ചപ്പോള്‍ ഒരാശ്വാസം. മൂന്നാമതൊന്നുകൂടി കഴിച്ച് കട്ടിലിലേക്ക് മറിഞ്ഞു. വീണ്ടും ഉറക്കത്തിലേക്ക്.
03
എവിടെനിന്നോ വയലിന്റെ നേര്‍ത്ത സംഗീതം കേട്ടാണ് രാജു ഉണര്‍ന്നത്. എന്നാല്‍, ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ല. സ്ഥലകാലങ്ങളെക്കുറിച്ചു ബോധ്യം വന്നപ്പോള്‍ അവന് ജനാലയിലൂടെ പുറത്തേക്ക് നോക്കി. വൈകുന്നേരമായിരിക്കുന്നു. വെയില് താണു തുടങ്ങി. മലമുകളില്‍ മഞ്ഞിന്റെ പുകപടലം. വീണ്ടും നേര്‍ത്ത സംഗീതം കേട്ടു. രാജു മുറി വിട്ടിറങ്ങി. സംഗീതം ഇപ്പോള്‍ കുറച്ചുകൂടി വ്യക്തമായി കേള്‍ക്കാം. അവന് അതിനെ പിന്തുടര്ന്നു. ഇടനാഴികളും ഇടവഴികളും ഞെട്ടിക്കുന്ന ശബ്ദങ്ങളും വഴിതെറ്റിക്കുന്ന ഇടങ്ങളുമായി ഒരു രാവണന്‍കോട്ടപോലെ ഭയം നിറഞ്ഞതായിരുന്നു ആ ബംഗ്ലാവ്.
ഇടക്ക് സംഗീതം നിലക്കും. അപ്പോള്‍ നിലയില്ലാത്ത കയത്തിലെന്നപോലെ അവന് കുഴയും. വീണ്ടും കേട്ടുതുടങ്ങും. ആശ്വാസത്തോടെ അവന് ശബ്ദത്തെ പിന്തുടരും. ഒരു പിരിയന്‍ ഗോവണിക്കു താഴെയെത്തിയപ്പോള്‍ ശബ്ദം കുറച്ചുകൂടി വ്യക്തമായി. മുകളില്‍നിന്നാണ്. അവന് പടികള്‍ കരുതലോടെ കയറി.
മുകള്‍ത്തട്ടിലേക്കുള്ള അവസാന പടിയിലെത്തിയപ്പോള്‍ നെറ്റിയില്‍ ഒരു തണുപ്പ്. അവനൊന്ന് ഞെട്ടി. ഇരട്ടക്കുഴല്‍ തോക്കിന്റെ അഗ്രം അവന്റെ നെറ്റിയില്‍ മുട്ടിനില്ക്കുന്നു. അവന് തോക്കിന്റെ അങ്ങേത്തലയിലേക്ക് നോക്കി. ഒരു സ്ത്രീ!
വസ്ത്രധാരണത്തില്‍നിന്ന് അത് നേരത്തേ പലപ്പോഴായി കണ്ട സ്ത്രീയാണെന്ന് ഊഹിക്കാം. എന്നാല്‍, മുഖം വ്യക്തമായിരുന്നില്ല. തലയില്‍ ഹൈപ്പവര്‍ ടോര്‍ച്ച്. കയ്യുറകള്‍. കണ്ണുകള്‍ തോക്കിന്റെ ലെന്‍സില്‍ സൂക്ഷ്മമായി പതിഞ്ഞിരിക്കുന്നു.
തോക്കിന്റെ കുഴല്‍ നീങ്ങിയ ദിശയിലേക്ക് രാജുവും നീങ്ങി. അതൊരു വിശാലമായ ഹാള്‍ ആയിരുന്നു. ഒരു മൂലയില്‍ ഗ്രാമഫോണ്‍. അതിന്റെ ചുറ്റിത്തിരിയലിനിടക്ക് വയലിന്റെ സംഗീതം. പിന്നെയും നിശ്ശബ്ദമായ കറക്കം. ആ മുറിയുടെ ചുമരില്‍ തോക്കേന്തി നില്ക്കുന്ന ഒരു സ്ത്രീയുടെ നായാട്ട് ചിത്രം. ചൂണ്ടയിടുന്ന ഒരു വെള്ളക്കാരിയുടെ ചിത്രം വലുതായി സ്ഥാപിച്ചിരുന്നു. മട്ടുപ്പാവിലേക്ക് തുറക്കുന്ന വാതിലിലൂടെ പുറത്ത് വിശാലമായ ആകാശവും കാടിന്റെ മേലാപ്പും കാണാം.
തോക്കിന്‍കുഴല്‍ രാജുവിനെ ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി. ട്രിഗര്‍ വലിഞ്ഞു. അടുത്തനിമിഷം വെടിപൊട്ടുമെന്ന ഭയത്തില്‍ അവന് കണ്ണുകളടച്ചു. ഒരു വെടിശബ്ദത്തോടെ അവന് ഞെട്ടിയുണര്‍ന്നു. അപ്പോള്‍ ആ സ്ത്രീ അവനരികില്‍ ഉണ്ടായിരുന്നില്ല. മട്ടുപ്പാവില്‍നിന്നുകൊണ്ട് അവള് ആകാശത്ത് ഏതോ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചതാണ്. പറന്നുപോയ അസാധാരണമാംവിധം ചിറകുകളുള്ള പക്ഷി ചോരവാര്‍ന്ന് ഭൂമിയിലേക്ക് പതിക്കുന്നതിന്റെ കാഴ്ച മിന്നായംപോലെ അവന് കണ്ടു. പൊടുന്നനെ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട പരിചാരകന് അവനെ കൈപിടിച്ച് അതിവേഗം പടികളിറങ്ങി.
മുറിയിലേക്ക് രാജുവിനെ തള്ളിയശേഷം അയാള്‍ പോയി. എന്തൊരു കരുത്താണ് ആ മെലിഞ്ഞ മനുഷ്യനെന്ന് അവന് ഓര്‍ത്തു. താന്‍ വന്നുപെട്ടിരിക്കുന്നത് അപകടകരവും ദുരൂഹവുമായ ഒരു സ്ഥലത്താണെന്ന് രാജു തിരിച്ചറിഞ്ഞു.
04
നേരം സന്ധ്യയായി.
ചുറ്റുമുള്ള കാഴ്ചകളെ മറച്ചുകൊണ്ട് മഞ്ഞിറങ്ങി. കാട് കൂടുതല്‍ കനംെവച്ചു. അരണ്ട ലൈറ്റുകള്‍ തെളിഞ്ഞു. രാജു പാതിമയക്കത്തില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു.
രാത്രിയിലെപ്പോഴോ പുറത്ത് ഒരു വാഹനം വന്നുനില്ക്കുന്ന ശബ്ദം കേട്ട് അവന് ജനാലയിലൂടെ നോക്കി. ഓഫ്റോഡ് സഫാരി ജീപ്പില്‍ അതികായനായ ഒരാള്‍ വന്നിറങ്ങി. അയാള്‍ ബംഗ്ലാവിനുള്ളില്‍ മറഞ്ഞു. പിന്നെയും ഏറെനേരം കഴിഞ്ഞപ്പോള്‍ മറ്റൊരു വാഹനത്തിന്റെ ശബ്ദം. ആ സഫാരി ജീപ്പില്‍നിന്ന് ഡ്രാക്കുളയെപ്പോലെ വേഷം ധരിച്ച രണ്ടുപേര്‍ ഇറങ്ങി. ദീര്‍ഘചതുരത്തിലുള്ള പെട്ടി ഇരുവരും ചേര്‍ന്ന് പിടിച്ചുകൊണ്ട് അകത്തേക്ക് മറഞ്ഞു. ആ വാഹനത്തില്‍ മറ്റെന്തോകൂടിയുണ്ടെന്ന് രാജുവിന് തോന്നി. ജനാലയില്‍ മഞ്ഞിന്റെ പടലം തുടച്ചുമാറ്റി അവന് സൂക്ഷിച്ച് നോക്കി.
കടുവയുടെ വലുപ്പമുള്ള കറുകറുത്ത നായ. ജീപ്പിന്റെ പിന്നില്‍ ആ ജന്തു എഴുന്നേറ്റ് നില്ക്കുന്നു. മുന്‍ സീറ്റിലേക്ക് കാല് കയറ്റിവെച്ചാണ് അവന്റെ നില്പ്. ആ കണ്ണുകള്‍ തിളങ്ങി. ആ നായ തന്നെയാണ് നോക്കുന്നതെന്ന് അവന് തോന്നി. അവന് ജാലക കര്‍ട്ടനുകള്‍ വേഗം വലിച്ചിട്ടു. നായ മുന്‍ സീറ്റിലേക്ക് ഇറങ്ങി, സൈഡിലൂടെ മണ്ണിലേക്കിറങ്ങുന്നതും ബ്ലംഗ്ലാവിനുള്ളിലേക്ക് മറയുന്നതും കര്‍ട്ടനിടയിലൂടെ രാജു കണ്ടു.
രക്ഷപ്പെടണമെന്ന തോന്നല്‍ അവനില്‍ ഉണര്‍ന്നു. വേഗം വസ്ത്രം മാറ്റി. ബാഗ് എടുത്തു. സമയം അറിയാന്‍ മാര്‍ഗമൊന്നുമില്ല. കാടിനെക്കുറിച്ചുള്ള ഭയം അവന്റെ ഉള്ളിലുണ്ടായിരുന്നു. കതകു തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ പൂർണമായും അകപ്പെട്ടു എന്ന് രാജു മനസ്സിലാക്കിയത്. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. ഒന്നുരണ്ടു തവണ കതകില്‍ മുട്ടി. രക്ഷയില്ലെന്നു മനസ്സിലായപ്പോള്‍ നിരാശനായി കട്ടിലിലേക്ക് വീണു.
05
അവന് കരച്ചില് വന്നു. പുറത്ത് വീണ്ടും ഒരു വാഹനംകൂടി വന്നുനില്ക്കുന്ന ശബ്ദം. രാജു എഴുന്നേറ്റ് നോക്കി. സഫാരി ജീപ്പാണ്. അതികായനായ ഒരാള്‍ സ്യൂട്ട്കേസുമായി പുറത്തിറങ്ങി, ഉള്ളില്‍ മറഞ്ഞു.
ഏതാനും നിമിഷങ്ങള്‍ കടന്നുപോയി. മുറിക്ക് പുറത്ത് കാല്‍പ്പെരുമാറ്റം കേട്ടു. വരാന്‍പോകുന്ന അപകടത്തെ നേരിടാന്‍ അവന് തയാറായി. ഇത് തന്റെ എതിര്‍ചേരിയുടെ കെണിയാണെന്ന് അവന് ഉറപ്പിച്ചു. വര്‍മയും അവരുടെ ആളായിരിക്കണം. അെല്ലങ്കില്തന്നെ പട്ടണത്തിലെ വമ്പന്മാരാണ് ചരക്ക് ഡീലിന്റെ പിന്നില്‍. അവര്‍ ഒരിക്കലും പുറത്ത് വരാറിെല്ലന്നുമാത്രം. അന്ന് ഓടിക്കയറിയത് മരണത്തിന്റെ വായിലേക്കായിരുന്നല്ലോ എന്ന് രാജു ഓര്‍ത്തു.
കതക് തുറക്കുന്ന ശബ്ദം.
അവന് തയാറായി നിന്നു.
കതക് തുറന്നുവന്നത് പരിചാരകനാണ്.
"വരാന്‍ പറഞ്ഞു.''
"ആര്?'' അയാളതിന് ഉത്തരമൊന്നും പറഞ്ഞില്ല.
രാജു അയാള്‍ക്ക് പിന്നാലെ നടന്നു. ഇരുളും അരണ്ട വെളിച്ചവും കലര്‍ന്ന ഇടനാഴികളിലൂടെ ഏറെ ദൂരം നടന്ന് അവര്‍ വിശാലമായ തളത്തിലെത്തി. അവിടെ എത്തുന്നതിനുമുമ്പേ ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നതിന്റെയും അട്ടഹസിക്കുന്നതിന്റെയും ശബ്ദം കേള്‍ക്കാമായിരുന്നു.
തളത്തില്‍ തീന്മേശക്കു ചുറ്റും പ്രത്യേകരീതിയില്‍ വസ്ത്രം ധരിച്ച അതികായന്മാരായ നാല് പുരുഷന്മാര്. മധ്യത്തില്‍ ഒരു സ്ത്രീ. പകല്‍ കണ്ട സ്ത്രീയായിരിക്കണം. പേക്ഷ, പുരുഷന്മാരുടേതു പോലെയായിരുന്നു അപ്പോഴത്തെ അവരുടെ വേഷം. തീന്മേശയുടെ ഒരറ്റത്ത് മേശയുടെ മുകളില്‍ മുന്കാല് കയറ്റിെവച്ച് രൂക്ഷമായി മുരണ്ടുകൊണ്ട് നായയുമുണ്ടായിരുന്നു.
മുറിയുടെ മൂലയില്‍ ആഴി. ആഴിയിലേക്ക് ഇടക്കിടെ നീളന്‍ വിറകു കഷണങ്ങള്‍ വെച്ചുകൊടുക്കുന്നു. അപ്പോള്‍ സ്വർണത്തിരികള്പോലെ തീപ്പൊരി ചിതറി. മറ്റൊരു ഭാഗത്ത് ഇറച്ചി തീയില്‍ വെന്തുകൊണ്ടിരിക്കുന്നു. കമ്പിയില്‍ കുത്തി തീയില്‍ ചുടുന്നത് ഒരു പക്ഷിയുടെ ശരീരമാണ്. നേരത്തേ വെടിവെച്ചുവീഴ്ത്തിയ വലിയ പക്ഷിയെ രാജുവിന് ഓർമവന്നു. വലിയ കുപ്പികളില്‍ മദ്യം നിരത്തിയിരുന്നു. ആ മുറി ആകപ്പാടെ നായാട്ടുകാരുടെ സങ്കേതംപോലെ തോന്നിച്ചു.
രാജുവിനെ സ്വാഗതം ചെയ്തത് നരേന്ദ്ര വര്‍മയായിരുന്നു. തലേന്നു കണ്ട വേഷമേ ആയിരുന്നില്ല. പട്ടാളക്കാരുടേതുപോലെ ഇറുകിയ കുപ്പായം. ട്രൗസര്‍. തൊപ്പി. വര്‍മ അവനെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തി.
"ഇത് രാജു. മരണത്തിന്റെ വക്കില്‍നിന്ന് ഇന്നലെ എന്റെ കാറിന്റെ മുന്നിലേക്ക് ഓടിവന്നതാ. ഞാനങ്ങ് പൊക്കി. മിനിഞ്ഞാന്ന് രാത്രി പട്ടണത്തില്‍ നടക്കേണ്ടിയിരുന്ന കോടികളുടെ ഒരു ഡീല്‍. പക്ഷേ, കൂടെയുള്ളവര്‍ ആരോ ഒറ്റി. ചരക്ക് കൈവിട്ടു. പണം കിട്ടിയതുമില്ല. ഇപ്പോ ഇവന്റെ തലക്ക് കോടികളുടെ വിലയാ. നമുക്കിവനെ അങ്ങ് രക്ഷിച്ചാലോ?
തീന്മേശയിലിരുന്നവര് ചിരിച്ചുകൊണ്ട് പിന്താങ്ങി. "തീര്‍ച്ചയായും.''
അപ്പോള്‍ ആ സ്ത്രീ ഒരു ബാഗ് എടുത്ത് മേശപ്പുറത്ത് വെച്ചു. തുറന്നു. നിറയെ രൂപ!
"ഇത് അഞ്ച് കോടി.''
"നിനക്കാവശ്യമുള്ളതിനേക്കാള് രണ്ട് കോടി കൂടുതല്‍." അവരിലൊരാള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസത്തെ ഡീല്‍ മൂന്നു കോടിയുടേതായിരുന്നുവെന്ന് ഇവര്‍ക്കെങ്ങനെ മനസ്സിലായി? രാജു ചുറ്റും നോക്കി. അവന് ഭയം പെരുവിരലില്‍നിന്ന് കയറിത്തുടങ്ങി.
"ഇത് നിനക്കുള്ളതാണ്.'' സ്ത്രീ പറഞ്ഞു.
"ഒരു കണ്ടീഷന്‍...'' വര്‍മ പറഞ്ഞു. "നമ്മള് ആറാളും പങ്കെടുക്കുന്ന ഒരു ഗെയിമില്‍ നീ ജയിക്കണം.''
"ഗെയിം..?'' അവന് മനസ്സിലായില്ല.
"ഒരു കളി'' -വര്‍മ.
ഇതൊരു കളിയാണ് മരണക്കളി. ജയിച്ചാല്‍ അഞ്ചു കോടി രൂപ നിനക്ക് സ്വന്തം. തോറ്റാല്‍ ജീവന് നല്‍കേണ്ടിവരും. പണവുമായി ഈ രാത്രി ഈ വനാതിര്‍ത്തി കടന്നാല്‍ നീ ജയിക്കും.
"ഇത് കള്ളപ്പണമൊന്നുമല്ല. അതിന്റെ എല്ലാ രേഖകളും ഈ ബാഗിലുണ്ട്.'' -സ്ത്രീ.
തോറ്റാല്‍. "തോല്‍ക്കുകയല്ല, മരിക്കുകയാണ്. '' ഫ്രഡറിക് ജയിംസ് എന്ന് പരിചയപ്പെടുത്തിയ പൊക്കമുള്ള മനുഷ്യന് പറഞ്ഞു.
"കളിയില്‍ തോറ്റാല്‍ ബാഗിലെ പണത്തിന്റെ രേഖകള്‍ ഞങ്ങള്‍ മാറ്റും. ബംഗ്ലാവില്‍നിന്നു പണം മോഷ്ടിച്ച് കടന്ന യുവാവ് വെടിയേറ്റ് മരിച്ചു... ക്ലോസ്'' -സ്ത്രീ.
"കഥ അവിടെ കഴിയും'' -വര്‍മ.
ഞെട്ടിത്തരിച്ചുനില്ക്കുകയായിരുന്ന രാജുവിനെ നോക്കി വര്‍മ പറഞ്ഞു.
"ഈ കളിയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് നിനക്കു തീരുമാനിക്കാം."
രാജു നിഷേധഭാവത്തില്‍ തലയാട്ടി. അവന് ഒന്നും വ്യക്തമായില്ല. ദുരൂഹവും അപകടകരവുമായ ഒരു സ്ഥലത്ത് അകപ്പെട്ട അവസ്ഥ.
"നിങ്ങളുടെ ഉത്തരം തയ്യാര്‍ എന്നാണങ്കില് കളിനിയമത്തിലേയ്ക്ക് വരാം. അല്ല എന്നാണെങ്കില്‍ ആരും തടയില്ല, ഈ നിമിഷം ഇവിടം വിട്ടുപോകാം.'' സ്ത്രീയാണ് പറഞ്ഞത്.
"നിങ്ങള്‍ ഇവിടെ വന്നിട്ടില്ല. നമ്മള് തമ്മില്‍ കണ്ടിട്ടുമില്ല.'' വര്‍മ കര്‍ക്കശമായി പറഞ്ഞു. "പിന്നെയെല്ലാം നിന്റെ വിധി.'' അയാള്‍ പറഞ്ഞതില്‍ ഭീഷണിയുണ്ടായിരുന്നു.
രാജു ഒരു നിമിഷം ആലോചിച്ചു. അവന് ഭയം തലയില്വരെയെത്തിയിരുന്നു.
"ഈ കളിയ്ക്ക് ഞാനില്ല'', അവന് തീര്‍ത്ത് പറഞ്ഞു.
"ശരി... നമ്മള് പിരിയുന്നു. നമ്മള് കണ്ടുമുട്ടിയിട്ടേയില്ല. വേണമെങ്കില്‍ അൽപം കുടിക്കാം. നമ്മൾ കണ്ടുമുട്ടിയതിന്റെ ഓർമയ്ക്ക്.'' വര്‍മ മദ്യം നിറച്ച ഗ്ലാസ് അവന് നേരെ നീട്ടി.
രാജു അത് വാങ്ങിയില്ല.
അയാളത് മേശമേല്‍ വെച്ചു.
06
രാജു പുറത്തേക്കു നടന്നു. പുറത്ത് കട്ടപിടിച്ച ഇരുട്ടാണ്. അവന് വാതിൽപടിയില് നിന്നു.
വര്‍മ അകത്തുനിന്ന് ഇറങ്ങിവന്നു. "രാജു... നീ എവിടേയ്ക്ക് പോയാലും അവര്‍ നിന്നെ പിടികൂടും. പണം തിരികെ കൊടുക്കാനായിെല്ലങ്കില് മരണം ഉറപ്പ്. ഇതൊരു ചാന്‍സാണ്. ജയിക്കുക എന്ന ജീവന്മരണ കളി.'' വര്‍മ വാതില്ക്കല് നിന്നു.
രാജു തിരിഞ്ഞുനോക്കാതെ ഇരുട്ടിലേക്കിറങ്ങി.
പുറത്ത് മഞ്ഞ് കട്ടപിടിച്ചിരുന്നു. രാത്രി ദീപങ്ങള്‍ അരണ്ട് തെളിഞ്ഞിരുന്നു. നിലാവ് വിളറിയിരുന്നു. മരംകോച്ചുന്ന തണുപ്പായിരുന്നു. മരണത്തിലേക്ക് കാലെടുത്തുവെക്കുംപോലെ അവന് മുറ്റത്തേക്കിറങ്ങി. ഒരു നിമിഷം നിന്നു.
അകത്ത് ചുട്ട പക്ഷിയെ വീതംെവച്ച് കഴിക്കുകയും ഗ്ലാസുകളില്‍ മദ്യം നിറക്കുകയും ചെയ്യുന്നതിന്റെ ഒച്ച കേള്‍ക്കാം. ഒന്നും സംഭവിച്ചിട്ടേയില്ല എന്നമട്ടില്‍ അവര്‍ തീന്മേശയിലേക്ക് മടങ്ങിയിരുന്നു.
പെെട്ടന്ന് വാതില്‍ തള്ളിത്തുറന്ന് രാജു അകത്തേക്ക് കടന്നുചെന്നു.
വര്‍മ അപ്പോള്‍ ഒരു ഗ്ലാസില്‍ മദ്യം നിറക്കുകയായിരുന്നു. അത് രാജുവിന് നേരെ നീട്ടി അയാള്‍ പറഞ്ഞു: "വൈകിയില്ല. ഇത് നിനക്കാണ്. കളി തുടങ്ങാനുള്ള നിന്റെ തീരുമാനത്തിനുള്ളത്.''
രാജു ഒറ്റവലിക്ക് ആ ഗ്ലാസ് കാലിയാക്കി. എല്ലാവരും കയ്യടിച്ചു.
വര്‍മ അവിടെ ഉണ്ടായിരുന്നവരെ പരിചയപ്പെടുത്തി.
ഫ്രഡറിക് ജയിംസ്, അമ്പതിനുമേല്‍ പ്രായം. കൊല്ലം അഞ്ചുതെങ്ങാണ് സ്വദേശം. മൈസൂരിലും ചിക്കമംഗളൂരിലും തോട്ടങ്ങളുണ്ട്. പ്ലാന്ററാണ്. ഹണ്ടിങ്ങാണ് ഇഷ്ടവിനോദം. അപ്പൂപ്പന് വുഡ്സായ്പ് വലിയ നായാട്ടുകാരനായിരുന്നു. മൈസൂരിലും നീലഗിരിയിലും പ്രത്യേക രീതിയില്‍ മാനിനെ വേട്ടയാടുന്ന നീല്‍ഗിരി ഹണ്ടില്‍ പ്രഗല്ഭന്. ഫ്രഡറികിന്റെ തോക്കിന്മുനയില്നിന്ന് ഒരു മാന്‍കുഞ്ഞും ഇന്നേവരെ രക്ഷപ്പെട്ടിട്ടില്ല.
രാത്രിയില്‍ മേയുന്ന മാനിന്റെ കണ്ണുകളിലെ തിളക്കം നോക്കി മിന്നുന്ന രണ്ട് കൃഷ്ണമണികള്‍ക്ക് നടുവില്‍ നിറയൊഴിക്കും. പേക്ഷ, മാനിനെ കൊല്ലുന്നതില്‍ അയാള്‍ക്ക് കമ്പമില്ല. തിന്നാം എന്നല്ലാതെ?! ഇടയ്ക്കിടെ ആഫ്രിക്കയിലേക്ക് യാത്രപോകും. സഫാരി പാര്‍ക്കുകളിലും ഘോരവനാന്തരങ്ങളിലും നായാടിയിട്ടുണ്ട്. ആഫ്രിക്കന്‍ ആനയുടെ മസ്തകം പൂത്തിരിപോലെ ചിതറിക്കുന്നതിലാണ് ഹരം.
ഹാരിസണ്‍ ഡേവിഡ്, ബാംഗ്ലൂരാണ്. ഏറെക്കാലം ഷില്ലോങ്ങിലും മറ്റുമായിരുന്നു. ചീറ്റകളെ പിന്തുടര്ന്ന് വീഴ്ത്തുന്നതില്‍ പേരുകേട്ട ശിക്കാരിയാണ് ഹാരിസിന്റെ മുത്തച്ഛന്. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ നായാട്ടുകാരനായിരുന്നു അയാള്‍. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇംഗ്ലീഷുകാരെല്ലാം മടങ്ങിപ്പോയിട്ടും അച്ഛന് ഹാരിസണ്‍ സായിപ്പ് പോയില്ല. അയാളും അയാളുടെ കൂര്ഗുകാരി ഭാര്യയും ഇവിടെ തുടര്‍ന്നു. ആ പരമ്പരയിൽപെട്ടതാണ് ഹാരിസണ്‍ ഡേവിഡ്. വേട്ടക്കാരന്റെ ചോര.
സൈദ് നൈസാം. അപ്പൂപ്പന് ഹൈദരാബാദ് നൈസാമിന്റെ പരമ്പരയാണ്. സൈദിന്റെ അമ്മ മലബാറില്‍ തലശ്ശേരിക്കാരിയാണ്. നായാട്ടില്‍ ബ്രിട്ടീഷുകാരുമായി മത്സരിച്ച പാരമ്പര്യമുള്ള രാജപരമ്പരയിൽപെട്ട ആള്. ആന്ധ്രയിലെ വനാന്തരങ്ങളില്‍ ആരുമറിയാതെ കയറി ആനകളെയും കടുവയെയും വേട്ടയാടുന്നതാണ് വിനോദം.
എലീന, എലീന മൈക്കേല്സ്മിത്ത്. ഈ ബംഗ്ലാവിന്റെ ഉടമ. നീല്ഗിരിയിലേക്കും മൂന്നാറിലേക്കും തോട്ടം നിർമിക്കാന്‍ വന്ന ചില ബ്രിട്ടീഷുകാരെങ്കിലും മടങ്ങിപ്പോയില്ല. വനാന്തരങ്ങളില്‍ വേട്ടയാടി പുരുഷന്മാരും ജലാശയങ്ങളില്‍ ചൂണ്ടയെറിഞ്ഞ് മീനുകളെ വേട്ടയാടി അവരുടെ പെണ്ണുങ്ങളും ഈ നാടിനെ സ്നേഹിച്ചു. ഭിത്തിയിലെ വലിയ ചിത്രത്തിലേക്ക് ചൂണ്ടി വര്‍മ പറഞ്ഞു: "എലീനയുടെ മുതുമുത്തശ്ശിയുടെ ചിത്രമാണത്.'' സ്ത്രീകള്‍ ചൂണ്ടയിട്ടും പുരുഷന്മാര് വേട്ടയാടിയും പുലര്‍ന്നുപോന്ന ആ ശീലം എലീന അങ്ങ് തെറ്റിച്ചു. കടുവയുടെ കണ്ണുകളില്‍ നോക്കി തിരുനെറ്റിയില്‍ നിറയൊഴിക്കുന്നതിന്റെ ഹരമുണ്ടല്ലോ ഒരിക്കല്‍ അനുഭവിച്ചവര്‍ക്ക് മറക്കാനാവില്ല. അതാണ് എലീന. പറക്കുന്ന പക്ഷിയുടെ കഴുത്തില്‍ നിറയൊഴിക്കുന്ന കണിശത.
മേഹന്ദ്ര വര്‍മയുടെ അപ്പൂപ്പന് കണ്ണന്‍ദേവന്‍ മലനിരകളിലെ സായ്പിന്റെ ഡോക്ടറായിരുന്നു. മനുഷ്യരെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് കമ്പം പക്ഷേ മൃഗങ്ങളെ എയ്തുവീഴ്ത്തുന്നതിലായിരുന്നു. ഇരുപത് ആനകളെ വെടിവെച്ച് വീഴ്ത്തിയതിന് ശ്രീമൂലം സഭയുടെ അംഗീകാരം നേടിയിട്ടുണ്ട് അപ്പൂപ്പന്. തോട്ടങ്ങളിലിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചുകൊല്ലാന്‍ തിരുവിതാംകൂര്‍ രാജാവിന്റെ അനുമതിയുണ്ടായിരുന്നു. ഒരാനക്ക് അമ്പത് പണം റിവാഡും കിട്ടും. ആനക്കൊമ്പും പല്ലും നഖങ്ങളും പുരാശേഖരങ്ങളായി വീട്ടില്‍ കുമിഞ്ഞുകൂടി. അപ്പൂപ്പന് കാട്ടില്‍ നാട്ടുരാജാവിനെപ്പോലെ ജീവിച്ചു. പെരിയാര്‍ വനാന്തരങ്ങളില്‍ കടുവയെ വേട്ടയാടി ഹരംപിടിച്ച് അപ്പൂപ്പന് സായ്പിനൊപ്പം യൂറോപ്പിലേക്കും പിന്നീട് ആഫ്രിക്കയിലേക്കും പോയി. മരണം കാട്ടിനുള്ളില്‍. ഒരു നായാട്ടു യാത്രയില്‍ ഹൃദയം നിലച്ചുപോയി. അപ്പൂപ്പനെ അവിടെ സംസ്കരിച്ചു. ചിതാഭസ്മം ഇന്ത്യയിലെ എല്ലാ വന്യജീവി സങ്കേതത്തിലും വിതറണം എന്നായിരുന്നു അപ്പൂപ്പന്റെ വന്യമായ അന്ത്യാഭിലാഷം. മക്കള്‍ അത് നിറവേറ്റിക്കൊടുത്തു.
"ആ അപ്പൂപ്പന്റെ ശിക്കാരിയായ കൊച്ചുമകനാണ് ഞാന്‍. എന്റെ വഴി പക്ഷേ അച്ഛനെപ്പോലെ വക്കീലാകാനായിരുന്നു. അതുമൊരു നായാട്ടാണ്...'' വര്‍മ എല്ലാവരെയും പരിചയപ്പെടുത്തി.
പിന്നീട് സംസാരിച്ചത് എലീനയാണ്.
"നമുക്ക് കളിയിലേക്ക് വരാം. പല നാടുകളില്‍ മൃഗങ്ങളെ നായാടി തിരിച്ചെത്തുന്ന ഞങ്ങള്‍ എല്ലാവര്‍ഷവും ഒത്തുകൂടാറുണ്ട്. അതൊരു പന്തയക്കളിയാണ്. പന്തയത്തിലെ ഇരയെ മുന്‍കൂട്ടി തീരുമാനിക്കും. കലമാന്‍ മുതല്‍ ബംഗാള്‍ കടുവവരെ. ഒറ്റ രാത്രി ഒറ്റ മൃഗം. എയ്തുവീഴ്ത്തുന്ന ആള്‍ക്ക് പന്തയത്തുക മുഴുവന്‍ ലഭിക്കും. കൃത്യം ഒരു വര്‍ഷം മുമ്പ് ഞങ്ങള്‍ ഇവിടെ കൂടി. നായാട്ടുകഥകളുടെ ലഹരിയില്‍ ഇനി വേട്ടയാടാനുള്ള ഒരേയൊരു മൃഗം മനുഷ്യനാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അന്നു മുതല്‍ ഒരു ഇരക്കുവേണ്ടി തിരയുകയായിരുന്നു. ഇന്നുവരെ.''
രാജുവിന് ഒന്നും മനസ്സിലായില്ല. അവന്റെ കണ്ണുകള്‍ വിടര്ന്നുതന്നെയിരുന്നു.
"വെറുതെ കൊല്ലുകയല്ല. കാട്ടില്‍ വന്യമായി പിന്തുടര്ന്ന് നിറയൊഴിക്കും. അതിന് മരിക്കാന്‍ സന്നദ്ധനായ ഒരു കളിക്കാരന് വേണം. അഞ്ച് കോടി രൂപ ഇനാം. ആരു ജയിക്കുന്നോ അവര്‍ക്കാണ് ഈ തുക. കളിയില്‍ നമ്മള് ആറ് പേര്.'' എലീന പറഞ്ഞു നിര്‍ത്തി.
"അഞ്ച് വേട്ടക്കാരും ഒരു ഇരയും'', ഹാരിസണ്‍ പൂരിപ്പിച്ചു.
"ആയിരത്തി എഴുന്നൂറേക്കര്‍ വിസ്തൃതിയുണ്ട് ഈ കാടിന്. ഇതിനുള്ളില്‍നിന്ന് പുറത്തു കടന്നാല്‍ വെടിവയ്ക്കില്ല. നായാട്ടുകാര്‍ നാട്ടില്‍ വേട്ടയാടാറില്ല.'' നിസാം പറഞ്ഞു.
"ഒറ്റവെടി. അതും ശിരസ്സില്‍. പിന്നില്‍നിന്നോ മുന്നില്‍നിന്നോ നിറയൊഴിക്കണം. ശരീരത്തില്‍ മറ്റെവിടെയും നിറയൊഴിക്കാന്‍ പാടില്ല. തലച്ചോറ് പൊട്ടിച്ചിതറിയങ്ങനെ തീരണം.'' ഫ്രെഡറിക്ക് പറഞ്ഞു.
"കാട്ടുപോത്തുകളെ വേട്ടയാടുമ്പോള്‍ മുന്നില്‍നിന്ന് വെടിയുതിര്‍ക്കണം. തിരുനെറ്റിയില്‍ തന്നെ. ആനയ്ക്കും അതാണ് വിധി, മസ്തകം തകരണം. ചീറ്റയെ നേര്‍ക്കുനേര്‍ വെടിയുതിര്‍ക്കുക ശ്രമകരമാണ്. വെടിയുണ്ടകളേക്കാള്‍ വേഗത്തില്‍ അവ പാഞ്ഞുവരും. മറഞ്ഞിരുന്നു വെടിയുതിര്‍ക്കണം. കഴുത്ത് തുളഞ്ഞ് ഓട്ടത്തിന്റെ ലക്ഷ്യം പിഴയ്ക്കണം. കടുവ ഒറ്റവെടിക്ക് വീഴണമെന്നില്ല. പേക്ഷ, നേര്‍ക്കുനേര്‍ നില്ക്കാം. അതൊരു കളിയാണ്. ആര് ആദ്യം ആക്രമിക്കും എന്ന ആലോചന. ഇരു കണ്ണുകളിലും തറപ്പിച്ച് നോക്കിനില്‍ക്കെ മൃഗത്തിനേക്കാള്‍ വേഗതയില്‍ നമ്മള് തീരുമാനമെടുക്കണം. തലച്ചോറ് പ്രവര്‍ത്തിക്കണം. തിരുനെറ്റിയിലേക്ക് വെടിപൊട്ടിക്കണം. കുതിക്കാനായുന്ന അതേ നിമിഷത്തില്‍ പിടഞ്ഞ് നിലംപൊത്തണം...'' നാടകത്തിലെന്നപോലെയാണ് വര്‍മ സംസാരിച്ചത്.
"പക്ഷേ, മനുഷ്യനെ വേട്ടയാടുന്നതിന് കളിനിയമങ്ങളില്ല.'' എലീന ഇടയ്ക്ക് കയറി പറഞ്ഞു. "പകയും വിദ്വേഷവും ചതിയുമാണ് ഓരോ കൊലയുടെയും കാരണം. അതില്‍ കൊലമൂല്യമില്ല. കളിയുടെ കമ്പമില്ല. ഇരയെ പിന്തുടര്ന്നു പരസ്പരം മത്സരിച്ച് നേര്‍ക്കുനേര്‍ കണ്ണുകളില്‍ നോക്കി കാഞ്ചിവലിക്കുന്നതിന്റെ ഹരമില്ല. അതാണ് ഇവിടെ വേണ്ടത്.''
"ആദ്യമായും അവസാനമായും ഇതൊരു കളിയാണ്... ഗെയിം. നായാട്ടിനെ ഗെയിം എന്നാണു പണ്ട് സായ്പന്മാര് പറഞ്ഞിരുന്നത്. ഗെയിം ഹണ്ട്. ഹരംപകരുന്ന ഒരു കളി. രാജൂന് അറിയുമോ നമ്മുടെ പെരിയാര്‍ വന്യജീവി സങ്കേതമൊക്കെ പഴയ നായാട്ട് സ്ഥലങ്ങളായിരുന്നു. കാലം മാറി. ഇപ്പോള്‍ ഇതാ ആഫ്രിക്കയില്‍പോലും ഗെയിം ഹണ്ട് നിരോധിച്ചിരിക്കുന്നു. ഇതൊരുപക്ഷേ നമ്മുടെ അവസാനത്തെ നായാട്ടായിരിക്കും.''
"ശരി... സമയമാകുന്നു. നമുക്ക് തുടങ്ങാം..'' എലീന പറഞ്ഞു.
"ഇപ്പോള്‍ സമയം 11.55. അഞ്ച് മിനിറ്റ് തയ്യാറെടുപ്പിനുള്ളതാണ്. പന്ത്രണ്ട് മണിക്ക് കളി തുടങ്ങും. ഈ പണം നിറച്ച ബാഗുമായി രാജൂന് രക്ഷപ്പെടാം. പന്ത്രണ്ട് അഞ്ചിന് നായാട്ടുകാര്‍ ഇറങ്ങും. അഞ്ച് നായാട്ടുകാര്‍. ഒറ്റ ഇര. വാഹനങ്ങള്‍ ഉപയോഗിക്കില്ല. ഇരുട്ടില്‍ കാട്ടില്‍ ഇരയെ തിരഞ്ഞു പിടിക്കുന്നതാണു കളിയുടെ നിയമം.''
"12.30ന് കളി അവസാനിക്കും. ആ അരമണിക്കൂര്‍കൊണ്ട് രക്ഷപ്പെടുക എന്നതാണ് നിനക്കുള്ള മാര്‍ഗം. സമയം കഴിഞ്ഞോ, കാടിന്റെ അതിര്‍ത്തിയ്ക്ക് പുറത്തുവെച്ചോ നിന്നെ ആരും വെടിവയ്ക്കില്ല'' -െഫ്രഡറിക്.
"കളി തുടങ്ങിയാല്‍ പിന്നെ പിന്മാറ്റമില്ല'' -വര്‍മ.
"അഞ്ചുപേരും രാജു എന്ന ഒറ്റയാളിലാണ് ഉന്നം വയ്ക്കുന്നത്. പക്ഷേ അഞ്ചുപേരും പരസ്പരം മത്സരിക്കുന്നുണ്ട്. ഇരയെ വീഴ്ത്താന്‍ പരസ്പരം സഹായിക്കില്ല'' -നിസാം.
"ആര് വീഴ്ത്തുന്നോ അവര്‍ക്കുള്ള സമ്മാനത്തുകയാണ് ഈ അഞ്ച് കോടി. അതുകൊണ്ട് ആരും ആരെയും സഹായിക്കില്ല. ഒറ്റക്ക് സമ്മാനംനേടാനുള്ള കളിയാണിത്. വെടിയേല്‍ക്കാതെ സമയം താണ്ടിയാല്‍ അഞ്ചു കോടിയും നീ നേടും.''
"അപ്പോള്‍ നായ..?'' അതുവരെ നിശ്ശബ്ദനായിരുന്ന രാജു ചോദിച്ചു.
അവര്‍ അഞ്ചുപേരും പരസ്പരം നോക്കി. എത്ര കൃത്യമായ ചോദ്യം എന്ന് അവരുടെ മുഖത്ത് തെളിഞ്ഞു.
"നായ നായാട്ടിനല്ല. നായാട്ട് കഴിഞ്ഞ് രണ്ട് മണിക്കുള്ളില്‍ ഇവിടെ മടങ്ങിയെത്തണം. അങ്ങനെ വരാതെ വന്നാല്‍ വഴിതെറ്റുകയോ വീണുപോവുകയോ ചെയ്ത ആളിനെ തേടിപ്പിടിക്കാനാണ് ഇവന്'' -ഹാരിസണ്‍.
"നായകൂടിയുണ്ടായിരുന്നെങ്കില് ഒരു ഹരമായേനെ?'' അതുവരെയില്ലാതിരുന്ന മുഖഭാവത്തോടെ രാജു പറഞ്ഞു. അപ്രതീക്ഷിതമായിരുന്നു അവന്റെ ഭാവമാറ്റം.
ക്ലോക്കില്‍ പന്ത്രണ്ടടിച്ചു.
മേശപ്പുറത്തിരുന്ന ബാഗ് കയ്യിലെടുത്ത് പുറത്തുതൂക്കി. ഗ്ലാസില്‍ ഒഴിച്ചുവെച്ചിരുന്ന മദ്യം ഒറ്റവലിക്കു കുടിച്ചു. രാജു ശരവേഗത്തില്‍ പുറത്തേക്കിറങ്ങി. ഇറങ്ങുന്ന വഴി തളത്തിലെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന മഴുപോലുള്ള ആയുധം അവന് കൈക്കലാക്കി.
07
പുറത്തെ മഞ്ഞിലും അരണ്ട വെളിച്ചത്തിലും മിന്നായംപോലെ മറയുന്ന രാജു കാടിന്റെ കനത്ത ഇരുട്ടില്‍ അപ്രത്യക്ഷനായി.
അകത്ത് അഞ്ചുപേരും അതിവേഗം തയാറെടുത്തു. തോക്കുകള്‍. തിരകള്‍. നൈറ്റ് വിഷന്‍ ബൈനോക്കുേലഴ്സ്. ശിരസ്സില്‍ ഘടിപ്പിക്കുന്ന ടോര്‍ച്ച്.
സമയം 12.05. അഞ്ച് പേരും വേഗത്തില്‍ ഗേറ്റ് കടന്നു. ഇരുട്ടില്‍ മറഞ്ഞു. ഇരുള് മൂടിക്കിടക്കുന്ന കാടിന്റെ പലപല ഭാഗങ്ങളില്‍ തെളിയുന്ന നായാട്ട് ലൈറ്റിന്റെ തീവ്രമായ പ്രകാശം ആകാശത്തുനിന്നു നോക്കിയാല്‍ കാണാം.
ബംഗ്ലാവിന്റെ പരിചാരകന് വന്ന് ഗേറ്റ് അടച്ചു. വീടിന്റെ മുന്‍വാതില്‍ അടച്ചു. തീന്മുറിയില് വിശാലമായ മേശമേല്‍ നായ കയറി നില്ക്കുന്നുണ്ടായിരുന്നു. ഒരു വലിയ പ്ലേറ്റില്‍ പൊരിച്ച ഇറച്ചി അവനായി വിളമ്പിെവച്ചിട്ടുണ്ട്. ലൈറ്റ് അണയ്ക്കാന്‍ നീണ്ട കൈ നായയുടെ മുരൾച്ചകേട്ട് പിന്‍വലിച്ച് ഭവ്യതയോടെ പരിചാരകന് പോയി.
08
കാട്ടിനുള്ളിലൂടെ ദിക്കറിയാത്ത രാജു ഓടുകയാണ്. എവിടെനിന്നൊക്കെയോ വന്യമൃഗങ്ങളുടെ ശബ്ദങ്ങള്‍. കാട്ടാനയുടെ ചിന്നംവിളി. മേയാനിറങ്ങിയ മാന്‍കൂട്ടത്തിന്റെ തിളങ്ങുന്ന കണ്ണുകള്‍. ആരോ തൊട്ടുപിന്നിലുണ്ടെന്ന ഭയം. അവന് ഓടിക്കൊണ്ടേയിരുന്നു.
രാജു പോകുന്നതിന് ഏതാനും വാര അകലെ സെര്‍ച്ച് ലൈറ്റിന്റെ പ്രകാശം അവന് തിരിച്ചറിഞ്ഞു. താന്‍ വളയപ്പെട്ടിരിക്കുന്നു. വലിയൊരു മരത്തിന് പിന്നില്‍ അവന് മറഞ്ഞിരുന്നു. കണ്ണുകളടച്ചു.
അച്ഛനെ ഓര്മ വന്നു. കുട്ടിക്കാലത്ത് അച്ഛനൊപ്പം കാട്ടിലേക്ക് പോയതിന്റെ ഓര്മ. "മൃഗങ്ങളെ നാലു പാടുനിന്ന് വളയണം. അതാണ് ആക്രമണരീതി.'' അച്ഛന് പറഞ്ഞു.
"അപ്പോ എങ്ങനെ രക്ഷപ്പെടും..?'' കുട്ടിയായ രാജു ചോദിച്ചു.
"എടാ മണ്ടാ... വളയത്തിന് പുറത്തു കടക്കണം.'' അച്ഛന് പറഞ്ഞു.
"അതെങ്ങനെ?'' ബുദ്ധിയുപയോഗിക്കണം. "ബുദ്ധിയുള്ള ജന്തുക്കള്‍ രക്ഷപ്പെടും. ബുദ്ധിയില്ലാത്തവ മരിച്ചുവീഴും...'', അച്ഛന് ചിരിച്ചു.
അടുത്തുകണ്ട പടുകൂറ്റന്‍ മരത്തില്‍ അവന് വലിഞ്ഞുകയറി. കാടിന്റെ ആകാശക്കാഴ്ച അവന് മുന്നില്‍ തെളിഞ്ഞു. തന്നെ വളഞ്ഞ് മുന്നേറുന്ന ഓരോ വേട്ടക്കാരെയും അവന് മനസ്സിലെ അദൃശ്യ ഭൂപടത്തില്‍ അടയാളപ്പെടുത്തി. പുറത്തേക്കുള്ള വഴി മനസ്സില്‍ കുറിച്ചു. മരത്തില്‍നിന്നിറങ്ങി, ലക്ഷ്യമിട്ട ദിശയിലേക്ക് പാഞ്ഞു. കട്ടപിടിച്ച ഇരുട്ടില്‍ ഒരു മരത്തില്‍ ഇടിച്ച് അവന് നിലത്തുവീണു. നെറ്റിയില്‍ ചോരപൊടിഞ്ഞു. പിടഞ്ഞെഴുന്നേറ്റ് വീണ്ടും ഓടി.
ആനകള്‍ രാത്രി സവാരിക്കുപോകുന്നതിന്റെ നിരക്കു പിന്നിലാണ് ചെന്നുപെട്ടത്. ശബ്ദമുണ്ടാക്കാതെ മറ്റൊരു ദിശ പിടിച്ചു.
ഓടിക്കയറിയ പുല്മേട്ടില് നിറയെ മാന്കൂട്ടങ്ങള്.
അവന് വീണ്ടും അച്ഛനെ ഓര്‍ത്തു. രാത്രിയില്‍ പുല്‍മേട്ടിലൂടെ നടന്ന കുട്ടിക്കാലം ഓര്‍ത്തു.
"മാന്കൂട്ടങ്ങള് മേയുന്നിടത്ത് പോകരുത്. വന്യജന്തുക്കള്‍ തൊട്ടടുത്തുണ്ടാകും. പുലിയോ കടുവയോ പതിയിരിക്കുന്നുണ്ടാകും.'' അച്ഛന് പറഞ്ഞു.
അവന് ദിശമാറിയോടി. ഓടിയിറങ്ങിയത് ഒരു ചരിവിലേക്കാണ്. പൊടുന്നനെ ഒരു സെര്‍ച്ച് ലൈറ്റ് തെളിഞ്ഞു. എതിര്‍ദിശയിലേക്കാണ്. മരണത്തിന് തൊട്ടുപിന്നില്‍ രാജു പതുങ്ങി. അവന് കുനിഞ്ഞ് ഒരു കല്ല് കയ്യിലെടുത്തു. എറിഞ്ഞു വീഴ്ത്തിയാലോ എന്ന് ആലോചിച്ചു. പിന്നെ നിശ്ശബ്ദം നിന്നു. വേട്ടക്കാരന് തിരിയുന്നതിനൊപ്പം അവനും തിരിഞ്ഞു. ശ്വാസം നെഞ്ചിന്കൂടിനുള്ളില് കുരുങ്ങി ചുഴലിപോലെ ചുറ്റി. അപ്പോഴും അയാളുടെ പിന്നില്‍തന്നെ നിലകൊണ്ടു.
ഏതു ദിശയിലേക്ക് ഓടിയാലും അയാള്‍ കാണും. നിറയൊഴിക്കും. അയാളുടെ ശ്രദ്ധ മാറ്റിയാലേ രക്ഷപ്പെടാനാവൂ. അയാള്‍ മുന്നോട്ടു നീങ്ങണം. തൊട്ടടുത്ത മരത്തിന്റെ മറവില്‍ ശബ്ദമുണ്ടാക്കാതെ കാത്തുനിന്നു. കയ്യിലുണ്ടായിരുന്ന കല്ല് പരമാവധി ഉയരത്തില്‍ പരമാവധി ദൂരത്തേക്ക് എറിഞ്ഞു. കല്ല് വീണ ശബ്ദം കേട്ട ഭാഗത്തേക്ക് അയാള്‍ ഒന്നു നോക്കുകപോലും ചെയ്തില്ല. പകരം അയാള്‍ മരത്തിന് മുകളിലേക്ക് ലൈറ്റ് തിരിച്ചു. ഏറിന്റെ ഊക്കും ആയവും സൃഷ്ടിക്കുന്ന ഒച്ച അയാളുടെ കാതുകള്‍ പിടിച്ചെടുത്തിരിക്കുന്നു. ഏറിന്റെ ഉറവിടത്തിലേക്കാണ് അയാള്‍ തിരിഞ്ഞത്. തന്റെ തന്ത്രം പാളിയതായി രാജു മനസ്സിലാക്കി. അവന് മരത്തിന് പിന്നില്‍തന്നെ നിന്നു. മരച്ചില്ലകളെ സസൂക്ഷ്മം പരിശോധിച്ച അയാള്‍ കല്ല് ചെന്നുവീണ സ്ഥലത്തേക്ക് തല തിരിച്ചു.
ഈ സമയം രാജു മരത്തിന്റെ മുകളിലേക്ക് ഇഴഞ്ഞുകയറി. കാടിന്റെ സാമാന്യം വലിയൊരു കാഴ്ച. നാല് സെര്‍ച്ച് ലൈറ്റുകള്‍ മറ്റൊരു വൃത്തം വരക്കുന്നു. അഞ്ചാമനായ ഈ വേട്ടക്കാരന് ആ വൃത്തത്തിന് പുറത്താണ്. ഇയാള്‍ ഒറ്റക്കാണ്. മറ്റുള്ളവര്‍ കാടിനെ വകഞ്ഞ് മുന്നേറുകയാണ്. രാജു കയ്യിലെ മഴു പരിശോധിച്ചു. ഒറ്റ തിരിഞ്ഞാക്രമിക്കുന്നത് നാട്ടിലെ രീതിയാണ്. ഗുണ്ടയെ അവന്റെ ആവാസവ്യവസ്ഥക്ക് പുറത്ത് കടത്തി അടിച്ചുവീഴ്ത്തുക. ഇതാണവസരം. അവന് മനസ്സില്‍ കണക്കു കുറിച്ചു.
വെടിയൊച്ച.
അയാള്‍ സെര്‍ച്ച് ലൈറ്റ് ഓഫ് ചെയ്ത് ചെവി കൂര്‍പ്പിച്ചു. ഏതോ മൃഗത്തിന്റെ ദീനമായ കരച്ചില്. നിന്നനില്‍പ്പില്‍ അയാള്‍ ഒന്നു ചുറ്റി. രാജു മരത്തിന്റെ ശിഖരത്തിന് പിന്നില്‍ മറഞ്ഞു. അയാള്‍ ലൈറ്റ് തെളിച്ചു. കുറച്ചുനേരം സെര്‍ച്ച് ലൈറ്റ് മരച്ചില്ലകളില്‍ അരിച്ചു നടന്നു. ഒരു ചെറു ശിഖരത്തില്‍ തൂങ്ങി രാജു മരത്തിന് മറുവശം മറഞ്ഞു. അയാള്‍ മരത്തിന് ചുവട്ടിലേക്ക് വരുകയാണ്. നേരെ താഴെ അയാള്‍ നിന്നു.
അത് ഫ്രെഡറിക്കാണ്.
സെര്‍ച്ച് ലൈറ്റില്‍ അവന് കണ്ടു, മരത്തിനപ്പുറം അഗാധമായ കൊക്കയാണ്. കൈവിട്ടാല്‍ നേരെ അഗാധമായ കുഴിയില്‍. അനങ്ങിയാല്‍ അയാള്‍ നിറയൊഴിക്കും. എന്തോ ആലോചിച്ചെന്നമട്ടില്‍ െഫ്രഡറിക് ലൈറ്റ് ഓഫ് ചെയ്തു. തോക്ക് മരത്തില്‍ ചാരിെവച്ച്, ഷൂവിന്റെ ലെയ്സ് മുറുക്കിക്കെട്ടാനാഞ്ഞു. ഞൊടിയിടയില്‍ പറന്നിറങ്ങിയ രാജു, ഒരു കുതിപ്പിന് അയാളെ പിടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഒന്നു പകച്ചെങ്കിലും ഫ്രെഡറിക് അവനെ തള്ളിമാറ്റി. പിന്നീട് നടന്നത് തോക്ക് കൈപ്പിടിയിലാക്കാനുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു. തോക്ക് കിട്ടിയാല്‍ രാജുവിനെ അയാള്‍ കൊല്ലും. മല്ലയുദ്ധത്തിനിടയില്‍ രാജു തോക്ക് തട്ടിത്തെറിപ്പിച്ചു. അത് കൊക്കയിലേക്ക് വീണു.
ഏറുമാടത്തില്‍ നാടന്‍ തോക്ക് ചൂണ്ടി ഉന്നം പിടിക്കുമ്പോള്‍ രാജുവിന്റെ അച്ഛന് പറഞ്ഞു: "തോക്ക് നഷ്ടപ്പെട്ട നായാട്ടുകാരന് ഒന്നു പതറും. ഭയത്തിന്റെ ആ നിമിഷം തിരിച്ചറിയാന്‍ മൃഗങ്ങളെപ്പോലെ മനുഷ്യനുപോലും കഴിയില്ല. ഒറ്റക്കുതിപ്പിന് അത് അവന്റെ കഴുത്തിന് പിടിക്കും. കടുവയായാലും പുലിയായാലും കഴുത്തിലാണ് പിടിക്കുക. കഴുത്തൊടിഞ്ഞ വേട്ടക്കാരന് പിന്നെ എന്തുചെയ്യാന്‍. അതുകൊണ്ട് ആയുധത്തില്‍നിന്ന് പിടിവിടരുത്. പിടിവിട്ടവനെ മൃഗങ്ങള്‍ വീഴ്ത്തും.'' അച്ഛന് പറഞ്ഞു.
ഒറ്റനിമിഷം, രാജു മൃഗവേഗത്തില് ബാഗിന്റെ സൈഡില്‍ തൂക്കിയിരുന്ന മഴുവെടുത്ത് അതിന്റെ മാടുകൊണ്ട് ഫ്രെഡറിക്കിന്റെ പിന്കഴുത്തില് ആഞ്ഞടിച്ചു. അയാള്‍ നിലവിളിച്ചുകൊണ്ട് വീണു. നിമിഷം വൈകാതെ രാജു അവിടെനിന്ന് പാഞ്ഞു.
അടുത്ത ഏറ്റുമുട്ടല്‍ നിസാമുമായായിരുന്നു. രാജു മുന്നിലും നിസാം പിന്നിലുമായി പാഞ്ഞു. "കാട്ടിലോടുമ്പോള് വളഞ്ഞും പുളഞ്ഞും നിരന്തരം ദിശതെറ്റിയോടണം." അച്ഛന് കാതില്‍ പറഞ്ഞു.
"അതെന്തിനാ?'', കുട്ടിയായ രാജു ചോദിച്ചു.
"ആരും ഉന്നംപിടിക്കാതിരിക്കാന്'', അച്ഛന് പറഞ്ഞു.
"ആരും..?'' അവനത് മനസ്സിലായില്ല.
"മൃഗങ്ങളും നായാട്ടുകാരും.'' അച്ഛന് വിശദീകരിച്ചു.
പുളഞ്ഞോടുന്ന രാജുവിനെ നിസാമിന് തോക്കിന്മുനയില് പിടിക്കാനായില്ല. നിസാമിന് കലി വന്നു. പലതവണ ശിരസ്സിന് നേരെ നിറയൊഴിച്ചു. വെട്ടിച്ചോടുന്നതിനാല് അതെല്ലാം പാഴായി. കളിനിയമം തെറ്റിച്ച് അയാള്‍ പലപാട് വെടിവെച്ചു. രക്ഷപ്പെടാന്‍ നിലത്തുവീണ് ഉരുണ്ടുമാറിയ രാജു കുന്നിന്‍ചരിവിലൂടെ താഴേക്ക് ഉരുണ്ടുരുണ്ട് പോയി.
അവന് ഒരു മരത്തില്‍ പിടിത്തം കിട്ടി. നിസാം കുന്നിറങ്ങിവരുന്നത് അവന് അവിടെ കിടന്നുകൊണ്ട് കാണാമായിരുന്നു. പുല്ലുകള്‍ക്കിടയിലൂടെ നൂണ്ട് അവന് ഒരു പാറയുടെ പിന്നില്‍ പതുങ്ങി. നിസാം അവന് പിടിച്ചുനിന്ന മരച്ചുവട്ടിലെത്തി. ഇപ്പോള്‍ നിസാം താഴെയാണ്. സെര്‍ച്ച് ലൈറ്റ് തെളിഞ്ഞു. നിസാം ചുറ്റുപാടും തിരഞ്ഞു. ശ്വാസമടക്കിപ്പിടിച്ച് രാജു പാറയുടെ പിന്നില്‍ പതുങ്ങി. ഒരു മല്‍പ്പിടിത്തത്തില്‍ നിസാമിനെ വീഴ്ത്താനാകില്ലെന്ന് അവനറിയാം. ഉരുളന്‍കല്ല് നിരക്കി അവന് നിസാമിന് നേരെ ഉരുട്ടിവിട്ടു. അയാളാ നീക്കം പെട്ടെന്ന് തിരിച്ചറിഞ്ഞ് ഒഴിഞ്ഞുമാറി. ആ പതര്ച്ചയുടെ നിമിഷത്തില്‍തന്നെ രാജു അടുത്ത കല്ലെടുത്ത് അയാള്‍ക്കുനേരെ എറിഞ്ഞു. ഒഴിഞ്ഞുമാറുന്നതിനിടെ അയാള്‍ക്ക് അടിതെറ്റി. താഴേക്ക് ഉരുണ്ടു. ഒരു മരത്തില്‍ ചുറ്റിപ്പിടിച്ചു. തിരിച്ച് കയറാനെടുക്കുന്ന സമയം മനസ്സിലാക്കിയ രാജു മറ്റൊരു ദിശയിലേക്ക് പാഞ്ഞു.
09
കാട്ടിലൂടെ ദിക്കറിയാത്ത ഓട്ടം.
പുലിയും കടുവയും ഇരകളെ തേടി നടക്കുന്നുണ്ടായിരുന്നു. ആനക്കൂട്ടങ്ങള്‍ മുള ചീന്തുന്നതിന്റെ ഒച്ച. രാത്രിയില്‍ മാത്രം ഉണര്‍ന്നിരിക്കുന്ന പക്ഷികള്‍ ചിലച്ചു പറന്നു. കാട് എന്തോ അപായത്തെ മുന്നില്‍ കണ്ടതുപോലെ ചകിതമായി. കാട്ടുപോത്തുകളുടെ ഒരുപറ്റം കടന്നുപോയി. പുല്ലുകള്‍ നിറഞ്ഞ വയലിലേക്കോ, വെള്ളം കിട്ടുന്നിടത്തേക്കോ ആവണം പോത്തുകള്‍ നീങ്ങുന്നത്.
രാജു അതിന്റെ എതിര്‍ദിശയില്‍ നീങ്ങി. ഓരോ ചുവടും കരുതലോടെ. ഒരു ചരിവിലൂടെ കുന്നിന് മുകളിലേക്ക് കയറുകയായിരുന്ന രാജുവിന്റെ മുന്നില്‍ അപ്രതീക്ഷിതമായി എലീന. അവര്‍ തോക്കുയര്ത്തുന്നിനുമുമ്പ് ഒറ്റ കുതിപ്പിന് അവന് അവരുടെ കാലുകളില്‍ പിടിച്ചുപൊക്കി. ഇരുകാലുകളും പറിഞ്ഞുള്ള വീഴ്ചയില്‍ തോക്ക് കൈവിട്ടു തെറിച്ചു. പിടിവിടുവിക്കാന്‍ അവര്‍ കിണഞ്ഞു പൊരുതി.
രാജുവിന് നാട്ടിലെ കബഡി മൈതാനം ഓര്‍മവന്നു.
എതിരാളിയുടെ കാലുകളില്‍ കോരി മലര്‍ത്തിയടിക്കുന്ന രാജു. ശ്വാസം വിടാതെ വരയിലേക്ക് ആഞ്ഞുനീങ്ങുന്ന എതിരാളി. ചുറ്റും നാട്ടുകാരുടെ ആരവം. വരയില്‍ തൊട്ടു തൊട്ടില്ല എന്ന ഘട്ടത്തില്‍ അപ്രതീക്ഷിതമായ വെട്ടിക്കലിലൂടെ എതിരാളിയെ പരിക്കേല്പ്പിക്കുന്ന അപകടകരമായ നീക്കം. കിടന്ന കിടപ്പില്‍ എതിരാളിയുടെ കാല് എതിര് ഘടികാരദിശയില്‍ ഒറ്റത്തിരിക്കല്‍. ആ നീക്കം പ്രതീക്ഷിക്കാത്ത എതിരാളിയുടെ നടു വെട്ടുന്നതുപോലെ ഒറ്റപ്പിടച്ചില്. അസഹ്യമായ വേദനയോടെ ചുരുളുന്നു. കളി ജയിച്ചതിന്റെ ആരവം.
രാജുവിന്റെ പിടിവിടുവിക്കാന്‍ എലീന കിണഞ്ഞു പോരാടുന്നു.
തോക്കിലേക്ക് വിരല്‍ എത്തുന്നതിനു തൊട്ടുമുമ്പ് രാജു എലീനയുടെ ഇരുകാലുകളും വട്ടംചുഴറ്റി. അപ്രതീക്ഷിതമായ ആ നീക്കത്തില്‍ അവള് ഒന്നു പുളഞ്ഞു. അടുത്തനിമിഷം അവള് പിടഞ്ഞെഴുന്നേല്ക്കാന് ശ്രമിച്ചു. കയ്യിലുണ്ടായിരുന്ന മഴു കഴുത്തില്‍ ചേര്‍ത്തുവെച്ചതോടെ അവള് അയഞ്ഞു. തോക്കില്‍നിന്ന് അവളെ ദൂരേക്കു കൊണ്ടുപോവുക എന്നതായി അവന്റെ ലക്ഷ്യം. എലീനയുടെ വാച്ചിലെ സമയം നോക്കി. അഞ്ച് മിനിറ്റുകൂടി. എലീനയുടെ കഴുത്തില്‍ ചുറ്റിയിരുന്ന മഫ്ലര്‍ അഴിച്ച് അവളുടെ കൈകള്‍ പിറകില്‍ കെട്ടി. കഴുത്തില്‍ മഴുെവച്ച് നടത്തിച്ചു. സമയവും ജീവിതവും കൊണ്ടൊരു കളി.
പൊടുന്നനെയാണ് വര്‍മ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അയാള്‍ തോക്കു ചൂണ്ടിയതും രാജു എലീനയുടെ പിന്നില്‍ മറഞ്ഞു. തോക്കിനും രാജുവിനും ഇടയില്‍ എലീന. സെര്‍ച്ച് ലൈറ്റിന്റെ കനത്ത വെളിച്ചത്തില്‍ രാജുവും വര്‍മയും എലീനയും.
"വര്‍മ... നോ... ഡോണ്ട് ഷൂട്ട്...'' എന്ന് എലീന പറഞ്ഞുകൊണ്ടിരുന്നു.
എന്നാല്‍, വര്‍മ അവനെ ഉന്നംെവച്ചു കറങ്ങി.
"എലീന ഇത് കളിയാണ്. നമ്മളെല്ലാം കളിക്കാനാണ് ഇറങ്ങിയത്. അതുകൊണ്ട് യാചിക്കാതിരിക്കുക. കളിക്കുക. അല്ലെങ്കില്‍ തോല്‍ക്കുക. മൃഗങ്ങള്‍ക്ക് നമ്മള് കൊടുക്കാത്ത കാരുണ്യം, നീ വേട്ടക്കാരനില്‍നിന്ന് പ്രതീക്ഷിക്കരുത്.''
എലീനയെ വീഴ്ത്തിയും വര്‍മ രാജുവിനെ കൊല്ലും. ഭൂമിയുടെ ഏകദേശ സ്വഭാവം രാജു മനസ്സിലാക്കിയിരുന്നു. ഒരു ചരിവിലാണ് വര്‍മ നില്‍ക്കുന്നത്. എലീനയെ മുന്‍നിര്‍ത്തി മുകളിലേക്ക് കയറിയാല്‍ സാധ്യതയുണ്ട്. അവര്‍ ഓരോ അടി പിന്നോട്ട് മല കയറി. വര്‍മ ഓരോ അടി മുന്നോട്ടും. ഒരു ഘട്ടത്തില്‍ പൊടുന്നനെ എലീനയെ രാജു ശക്തിയായി മുന്നോട്ട് തള്ളി. അവള് വര്‍മക്ക് നേരെ മുന്നോട്ടാഞ്ഞു. ഈ സമയം നിലത്തേക്ക് വീണ രാജു ഉരുണ്ട് ചെന്ന് വര്‍മയുടെ കാലുകളില്‍ പിടിച്ചുവീഴ്ത്തി. അയാളുടെ സെര്‍ച്ച് ലൈറ്റ് തെറിച്ചുപോയി.
ആ നേരം മലമുകളില്‍ പ്രത്യക്ഷപ്പെട്ട ഹാരിസണ്‍ തുരുതുരാ നിറയൊഴിച്ചു. എലീനയുടെ നിലവിളി. രണ്ടുപേരും മലഞ്ചെരിവിലൂടെ താഴേക്കുരുണ്ടു. ഹാരിസണ്‍ മലയിറങ്ങി താഴേക്ക് ഓടിവന്നുകൊണ്ടിരുന്നു. താഴെ വീണുകിടന്ന സെര്‍ച്ച് ലൈറ്റ് അയാള്‍ കയ്യിലെടുത്തു. തൊട്ടടുത്ത് എലീനയുടെ തോക്ക്. അപകടം മണത്ത ഹാരിസണ്‍ നിലത്തിരുന്നു. പുല്ലുകള്ക്കിടയില്നിന്നുയര്ന്നുവന്ന രാജു അയാളുടെ തലയില്‍ മഴുകൊണ്ട് ആഞ്ഞടിച്ചു. തലയില്‍ സ്ഥാപിച്ചിരുന്ന സെര്‍ച്ച് ലൈറ്റ് ആകാശത്തേക്ക് തെറിച്ച് വട്ടംചുറ്റി താഴേക്ക് പതിച്ചു. സമ്പൂർണമായ ഇരുട്ട്. നിശ്ശബ്ദത. ഒരു മലമുഴക്കി വേഴാമ്പല്‍ തലക്കു മുകളിലൂടെ ചിലച്ചു പറന്നുപോയി.
o o o o
പൂർണമെന്നോ അപൂർണമെന്നോ വിധിക്കാനാവാത്ത സന്ദിഗ്ധതയില്‍ കുറിപ്പ് അവസാനിച്ചു. താഴേക്ക് എന്തോ എഴുതിയിട്ടുണ്ട്. പേക്ഷ, വായിച്ചെടുക്കാന്‍ കഴിയാത്തവിധം പുസ്തകം കത്തിക്കരിഞ്ഞുപോയിരിക്കുന്നു. പിന്നീടുള്ള പുറങ്ങള്‍ ഏകദേശം പൂർണമായും തീപടര്‍ന്ന് മാഞ്ഞുപോയിട്ടുണ്ട്. എന്നാല്‍, അവിടെയൊന്നും എന്തെങ്കിലും എഴുതിയിരുന്നതായി തോന്നുന്നില്ല. ഒരുപേക്ഷ ഇത്, രാജു പറഞ്ഞതോ, ജെസീന്ത എഴുതിയതോ ആയ അവസാന കഥയോ അനുഭവമോ അല്ലെങ്കില്‍ രാജു എഴുതാനാഗ്രഹിച്ച നോവലിന്റെ കരടുരൂപമോ നോവല്‍ തന്നെയോ ആയിരിക്കണം.
lഅടുത്ത് പ്രസിദ്ധീകരിക്കുന്ന 'ആ' എന്ന നോവലിലെ ഒരധ്യായം കൂടിയാണ് ഇൗ കഥ.