പൂട
രാരാരാരാ... രംഗേ രാരാരാരാ... ഹുടുമ്പേ രാരാരാരാ... -ര്മൈ എന്ന തമിഴ്ഗോത്ര കവിത. ഗർർ...ന്നും പറഞ്ഞ്, മൂക്ക് നിലത്തുമുട്ടി ചാടുന്ന കാട്ടുമുളകളുടെ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നെ അവ്യക്തമായ കരിയിലയനക്കങ്ങൾ. നീളമില്ലാത്ത കട്ടിയുള്ള നിശ്ശബ്ദത. പമ്മൻ ഏറുമാടത്തിനു മുകളിലിരുന്ന് ഇരുട്ടിൽ രേണുകനെ തപ്പി. ഒരു...
Your Subscription Supports Independent Journalism
View Plansരാരാരാരാ...
രംഗേ രാരാരാരാ...
ഹുടുമ്പേ രാരാരാരാ...
-ര്മൈ എന്ന തമിഴ്ഗോത്ര കവിത.
ഗർർ...ന്നും പറഞ്ഞ്, മൂക്ക് നിലത്തുമുട്ടി ചാടുന്ന കാട്ടുമുളകളുടെ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നെ അവ്യക്തമായ കരിയിലയനക്കങ്ങൾ. നീളമില്ലാത്ത കട്ടിയുള്ള നിശ്ശബ്ദത.
പമ്മൻ ഏറുമാടത്തിനു മുകളിലിരുന്ന് ഇരുട്ടിൽ രേണുകനെ തപ്പി. ഒരു കുരങ്ങൻ ചിറികോട്ടി ചീറി, മാടത്തിന്റെ പനമ്പട്ട മേഞ്ഞ മേൽക്കൂരയിലേക്കു വീണു.
രേണുകോ...ന്നുള്ള നീട്ടിവിളിയും പരപരാന്ന് ഉണങ്ങിയ കാരിപ്പുല്ലുകളൊടിയുന്ന ശബ്ദവും ഒപ്പമായിരുന്നു. ആ ശബ്ദം പലപല കാലുകളിലും ബലം കൊടുത്ത്, മൂക്കുകൊണ്ട് ഭൂമി പിളർത്തിമാറ്റി അടുത്തുകൊണ്ടിരുന്നു. മാടത്തിന്റെ പൊക്കിക്കെട്ടിയ രണ്ട് പൂവരശിൻ കാലുകളിലും പിടിച്ച് ഉരുളൻ കല്ലുകൾ പമ്മൻ തെറ്റാലിയിൽ കോർത്തുവിട്ടു. രക്ഷയില്ലെന്നു കണ്ട് തുണിച്ചാക്കിലിരുന്ന രണ്ടു കുപ്പി തോട്ടകളെടുത്ത് നീട്ടിയെറിഞ്ഞു. അവറ്റകൾക്കതു മതിയായിരുന്നു. അടിയിൽനിന്ന് ശേഷിപ്പെന്നവണ്ണം രണ്ടു ബീഡിപ്പടക്കങ്ങൾ പൊട്ടി.
''ഒരു പത്ത് പന്ത്രണ്ടെണ്ണം കാണും.'' അതും പറഞ്ഞ് രേണുകൻ മുകളിലേക്കു കയറിവന്നു.
''നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് രേണുകാ... ഒറ്റക്കൊണ്ടാക്കാൻ നിക്കണ്ടാന്ന്.''
''ഞാനൊന്ന് മുള്ളാൻ ഇറങ്ങിയതാടേ... അപ്പളാണ് ചെത്തം.''
''നനഞ്ഞ മണ്ണിന്റെ മണമറിഞ്ഞാ പന്നികള് വിടൂല്ല. വേറെയെന്തെങ്കിലും വഴി നോക്കണം.''
അവർ അന്ന് ഉറങ്ങിയില്ല. പമ്മൻ താഴെയിറങ്ങി ചേറ്റിൽ പൂഴ്ത്തിയിട്ട രണ്ടു കുപ്പികളെടുത്തു. കുഴികുത്തി മൂടിവെച്ച അടുപ്പിൽനിന്ന് ശകലം മയിൽ വരട്ടും. നാടൻ കാടയുടെ അതേ രുചിയാണ് മയിലിനും. ആണിനിത്തിരി കയ്പ്പുണ്ട്. പെണ്ണ് ഇടക്കു തൊണ്ടയിൽ തൊട്ടാൽ മധുരിക്കും. തൊപ്പയൊക്കെ കളഞ്ഞ് ആദ്യം നന്നേ ചൂടാക്കിയാലേ സാമാനം കരുതിയപോലെ കയ്യിലൊതുങ്ങൂ. സാധാ കൂട്ടിന്റെ കൂടെ കറുവായുടെ ഇലയും കാട്ടുകൊയ്യത്തിന്റെ തണ്ടും ചേർത്താൽ പ്ലക്ക് പ്ലക്ക്ന്നിരിക്കും. കൂടെ തേങ്ങാച്ചോറാണ് കാര്യം. അയരുമേടില് കൃഷി കൂടിപ്പോയാൽ പാണൻകുണ്ട് വരെ. അതിന്റപ്പുറത്തേക്ക് ആരും ഒരു വിത്തുപോലുമെറിയാൻ മെനക്കെടില്ല. മുഴുവിപ്പിക്കാൻ സമ്മതിക്കില്ല. അതുകൊണ്ടാണ്.
ഒരു ഭാഗത്ത്, ഏതു കാലത്തും തൂതൻകുത്തി ഉറവയിടുന്ന കരിമ്പുഴ. അതിന് ഏതു സമയവും നനഞ്ഞു നിൽക്കാൻ പാകത്തിന് ഏന്തിവലിച്ചെത്തുന്ന മൂന്ന് കൈത്തോടുകൾ. രണ്ട് വശങ്ങളങ്ങനെ വെള്ളം മറഞ്ഞപ്പോൾ മറ്റ് രണ്ടു പുറവും ഏറ്റൻമല മുറ്റിനിന്നു. മലയിൽനിന്ന് പകലിറങ്ങിവരുന്ന കുരങ്ങ്, മയിൽ, കീരി തുടങ്ങിയവ. രാത്രി പന്നിയിൽ തുടങ്ങി ആന വരെ. അതിന്റെ ഒത്ത നടുക്ക് തൂറ്റംകുണ്ട്. അങ്ങനെയൊരിടത്ത് കൃഷിയിറക്കാൻ മെനക്കെടണമെങ്കിൽ അസാധ്യ ചങ്കുറപ്പുവേണം. അതിനുതക്ക കൊണമുള്ള ആരും ആ നാട്ടിലില്ലെന്നു കരുതിയവരുടെ അണ്ണാക്കിൽ വെടിപൊട്ടിച്ച് തൂറ്റംകുണ്ടിന് പാട്ടം വീണു. പമ്മനും രേണുകനും കൃഷിയിറക്കി.
മുളപൊട്ടിയ തൈ ചിനക്കാൻ ഇണകളായി വരുന്ന സകലതിനെയും അവർ സ്വർഗം കാട്ടും. അങ്ങനെയൊരു പെൺമയിലാണ് ചട്ടിയിൽ വറ്റിയത്. തൂറ്റംകുണ്ട് മലർന്ന് കിടക്കുന്ന അഞ്ചേക്കറിൽ ഒരുത്തനേയും കാല് കുത്താൻ സമ്മതിക്കില്ലെന്ന മട്ടാണ്. അതിനുവേണ്ട വിദ്യകളൊക്കെ കയ്യിലുമുണ്ട്.
അഞ്ചേക്കറിൽ നടുക്ക് മൂന്നേക്കർ ചുറ്റിലാണ് കൃഷി. കൈത്തോടിൽനിന്ന് ചാലുകീറി, പനംപനി വന്നു മണ്ടപോയ കരിമ്പന വെട്ടുളിവെച്ച് നടക്കു പിളർത്തി തൈച്ചോട്ടിലേക്ക് വെള്ളം കയറ്റും. തമിഴ് വിത്താണ്. അരകൻ നേന്ത്രത്തിനു മാർക്കറ്റില് പറഞ്ഞ കാശാണ്. കൊലയെന്നൊക്കെ പറഞ്ഞാൽ ഒറ്റയാനേന്റെ തൂക്കിനേക്കാൾ ഇറക്കം വരും. അതുപോലെ കണ്ണും വേണം. നനകൂടിയാൽ അളിഞ്ഞ് തലകുത്തും. രാവിലെയും നടുവെയിലത്തും ഓരോ നന. അതും കൂമ്പ് ആകാശത്തോട്ട് കൈനീട്ടുംവരേക്കു മാത്രം.
നന കഴിയുമ്പോഴേക്കും രാജമ്മ പമ്മനാങ്ങളേന്ന് നീട്ടി വിളിക്കും. അത് ചെവി മുട്ടിയതും രേണുകൻ ലുങ്കി മുറുക്കി മുഖം കഴുകും. കയറിവരുമ്പോഴേക്കും ചോറ്റുകുടുക്കയിൽനിന്ന് അവൾ വെള്ളച്ചോറിന് മീതെ കട്ടിത്തൈരൊഴിച്ച് വരമ്പിൽ വെക്കും. അവർക്കിടയിൽനിന്ന് അങ്ങനെയൊരു ദിവസത്തിന്റെ പാതി കടന്നുപോകും. രണ്ട് കണക്കെ മോന്തി, മയിലുവരട്ട് വായിലുമിട്ടോണ്ട് മാനം നോക്കിക്കിടന്ന്, ഇരുട്ടത്തവർ പ്രതിരോധത്തിനുള്ള പുത്തൻ മാർഗങ്ങൾ തപ്പി.
''ഒരു സംഗതിയുണ്ട്, കാശ് വരും.'' രേണുകനാണത് പറഞ്ഞത്.
''നിന്റെ സംഗതിയെന്തെന്നൊക്കെ എനിക്ക് പിടികിട്ടി. രണ്ടുവാ തോക്കല്ലേ!''
ഇവനെങ്ങനെയാണു തന്റെ മനസ്സു വായിക്കാൻ കഴിയുന്നതെന്നാലോചിച്ച് രേണുകൻ നെഞ്ചു തിരുമ്മി.
''മേത്ത് കൊണ്ടാ കളി മാറും. പേടിപ്പിക്കാൻ മാത്രേ പറ്റത്തൊള്ളൂ. അതല്ലെങ്കിൽ അറിഞ്ഞ് കളിക്കണം.'' രേണുകനതൊന്നും കേട്ടില്ല. പിറ്റേന്ന് എവിടെനിന്നോ കാശ് വട്ടംപിടിച്ച് സാമുറായിൽ പാലക്കാട്ടേക്ക് വിട്ടു. അവിടെയൊരു നസ്രാണിയുടേതാണ് സാധനം. പറഞ്ഞ കാശിത്തിരി കൂടുതലാണേലും രൂപം കണ്ടപ്പൊ തന്നെ രേണുകനത് ഉറപ്പിച്ചു. കരിയെണ്ണയിട്ട് മിനുക്കി പെരുക്കൻ രണ്ടു വാ.
അന്ന് രാത്രി അവനത് തലക്കും ഭാഗത്തുതന്നെവെച്ച് കണ്ണു തുറന്നു കിടന്നു. അനക്കം വന്ന ഇടങ്ങളിലേക്കെല്ലാം ഉന്നം പിടിച്ചു. എന്നാൽ, ആ രാത്രി സമാധാനപരമായി അവസാനിച്ചു. അതൊരുതരത്തിൽ രേണുകന് നിരാശയുണ്ടാക്കി.
വാഴ പൊങ്ങി നടുകടന്നൊരു രാത്രിയാകും വരെ രേണുകനതിനെ മിനുക്കിക്കൊണ്ടിരുന്നു. രഹസ്യമായി രാജമ്മക്ക് മാത്രം കാട്ടിക്കൊടുത്തു. അവളത് പരമരഹസ്യമായി അമ്മ ചെല്ലയോടുമാത്രം പറഞ്ഞു.
രേണുകൻ ഒറ്റയാണ്. അവന് പമ്മനില്ലാതെ ഒന്നിനും ഒക്കത്തില്ല. ഇടക്ക് തിരിച്ചും. സകലതിനും പമ്മനോട് അഭിപ്രായം ചോദിക്കുന്ന രേണുകനെ കാണുമ്പോൾ,
കെട്ട് കഴിഞ്ഞാ അവനെയും നടുക്കെക്കിടത്തിക്കോടാന്ന് പലരും മനസ്സിൽ പറയും. ഉച്ചത്തിലായാൽ അടി ഉറപ്പാണ്.
പമ്മനും രേണുകനും തമ്മിലുള്ള പിടിപ്പുവശം
ആറു കൊല്ലം മുമ്പ്. മലബാർ അതിർത്തിയിലെ പൊറ്റ നേർച്ച.
ഒട്ടും വെയിൽ വെട്ടാത്തതും നീളം കൂടിയ രാത്രിയുമുള്ള ദിവസമായിരുന്നു അന്ന്. പള്ളിമേധാവികളെ എതിർത്ത് സംഘം തിരിഞ്ഞ് പ്രദേശങ്ങളുടെ നേർച്ചയാഘോഷം. പൊറ്റ പള്ളിയെ കേന്ദ്രീകരിച്ച് നാലുഭാഗങ്ങളുടെയും വരവുണ്ടാകും. അതിൽ സകലമാന എതിർപ്പുകളെയും വകവെക്കാതെ രാത്രി ദഫിറക്കിയ പറതുരുത്തിക്കാരായിരുന്നു കേമന്മാർ.
ഒരു പ്രധാന റോഡും അതിൽനിന്നൊലിച്ച ഇടറോഡുകളുമായിരുന്നു പറതുരുത്തി. അവന്റെ നെഞ്ചത്തുനിന്ന് നേർച്ചക്കമ്മറ്റിക്കാര് കൊട്ടുമുറുക്കി. ഇരുട്ടിൽ, കൊലുസു കെട്ടിയ വർണക്കുടകളുടെ നടുക്ക്, മിന്നുന്ന വേഷമിട്ടാടുന്ന ദഫു കാണാൻ പ്രദേശം മുഴുവൻ വട്ടത്തിൽ കൂടിനിന്നു.
അതിനിടക്കാണ് മുകളിൽനിന്ന്, ആറ് വർഷങ്ങൾക്കുശേഷം തൂറ്റംകുണ്ടില് അരകൻ നേന്ത്രത്തിന് വിത്തിറക്കാൻ കെൽപുള്ള രണ്ട് കടുപ്പട്ടന്മാരെ വേണമെന്ന് തീരുമാനമുണ്ടായത്.
ആ നിമിഷം കുതറിയിട്ട അണലിവളം പോലെ, മൂലക്ക് മുട്ടിമുട്ടി നിന്ന തട്ടക്കാരുടെ ഇടയിൽ ഒരനക്കം കണ്ടു. പിന്നെ ബഹളം. ആളെയാരും കണ്ടില്ല. ചന്തിക്കും മുലക്കും പിടിത്തം വന്നുവെന്ന് അവർ അവിടെയിവിടെ കാതുകളിൽ പറഞ്ഞു. ഒരുത്തനോടി ഇരുട്ടിലേക്കു മറയും മാതിരി തോന്നി. ദഫ് പെരുത്തു. അടി മണത്തു. സ്ഥലത്തെ മൂപ്പൻ തണ്ടുള്ള കുറച്ചുപേര് പലരെയും പിടിച്ചു കുടഞ്ഞു. ഉന്തും തള്ളുമായി. ഒരു ഭാഗത്തു നിന്നു പൊട്ടി. വരുത്തന്മാരെയെല്ലാം തിരഞ്ഞു പിടിച്ചടിച്ചു. ഇരുട്ടത്ത് മണ്ണിൽ പൂത്തിവെച്ച പച്ച-ഈറ്റൻ അലകളെടുത്ത് പറതുരുത്തിക്കാര് എല്ലാത്തിനെയും ഓടിച്ചിട്ട് തല്ലി. റോഡിലൂടെ പായാതെ മൂലപിടിച്ചോടിയ രണ്ട് പേർ ഓടക്കണ്ടം വഴി ഇറങ്ങി പാഞ്ഞു. കൊയ്ത്തു കഴിഞ്ഞ് വെള്ളം കെട്ടിനിർത്തിയ സമയമായിരുന്നു. നെയ്മണ്ണ് വാ പിളർത്തി ഉറുഞ്ചുന്ന കാലുകൾ ഏന്തിവലിച്ച് അവർ വരമ്പുകൾ കവച്ച്കവച്ചോടി. വയലുകൾക്കറ്റത്ത് തട്ടിനിന്നിരുന്ന നീലിച്ചിറക്കാടിനെ തൊട്ടതും കിതച്ചു. പരസ്പരം നോക്കി. ഇരുട്ടത്ത് കണ്ണുകൾ വെള്ളംമുട്ടി തിളങ്ങി.
''നെറച്ചും കാക്കാന്മാരാണ്. അടിയെന്നൊക്കെ പറഞ്ഞാ കയ്യും കാലും കിട്ടൂല്ല. ഏത് *@@# ണാവോ ഇമ്മാതിരികൂട്ടത്തില് പൊങ്ങിയത്.'' അതു കേട്ട് രേണുകന്റെ കണ്ണുകളൊന്ന് വിറച്ചു. പിന്നെ അടഞ്ഞു.
''ഞാൻ പമ്മൻ. ദൂരെ അയ് രുമേടാണ് സ്ഥലം.'' അവർ ആ രാത്രിതന്നെ നീലിച്ചിറ കാടിനുള്ളിലൂടെ വഴിതെളിച്ച് നടന്നു. പാച്ചിലിനിടയിൽ കയ്യിലുണ്ടായിരുന്ന കാശെല്ലാം കണ്ടം തിന്നു. പിറ്റേന്ന് വന്ന പകലിലും എങ്ങോട്ടെന്നില്ലാത്ത നടത്തം.
സന്ധ്യക്ക് കൊയ്ത്തു കഴിഞ്ഞ വയലുകളിലിറങ്ങി കടുവൻ ഞണ്ടുകളെ പിടിച്ചു വിറ്റു. സാധാരണ ഞണ്ടുകളെ പോലെയല്ല അവ. ഇറുക്കിത്തുപ്പും. കടച്ചിലടയാൻ നേരത്തോടുനേരം മുട്ടിയാൽക്കൂടി പോരെന്ന് വരും. അവയുടെ വായ്ക്കു മുകളിൽ കുങ്കുമനിറത്തിലൊരു വട്ടവും അതിന് നടുക്കൊരു കറുത്തപൊട്ടും കാണും. രാസവളത്തിന്റെ നിറമടിക്കുന്നിടത്ത് അവറ്റകളുടെ വാടപോലും കാണുകയില്ല. കെട്ടുവരമ്പിന്റെ ഏറ്റവുമടിയിൽ വലിയതും ആഴമുള്ളതുമായ പൊത്തുകളിൽ ഈര കോർത്ത് കെണിതൂക്കും. വലിയ പേടിയുള്ള കൂട്ടരായതുകൊണ്ട് ആട്ടി കുടുക്കിലേക്കു കയറ്റാൻ എളുപ്പമാണ്. സ്വന്തം പൊത്തിലേ കയറൂ എന്ന ദുർവാശിയിൽ അന്ധാളിച്ച് നിൽക്കുന്ന ചിലരുണ്ട്. എങ്കിലും ആവശ്യമില്ലാത്ത ബലംപിടുത്തത്തിനൊടുവിൽ തോറ്റ് കുടുക്കിലേക്ക് ഉടൽ വെച്ചു തരും. കുടുങ്ങിയാൽ സൂക്ഷിച്ചോണം. തൂങ്ങിയാടുന്ന ഈരയിൽ നീളത്തിലേന്തി തുടയിലേക്കു കപ്പാൻ വെമ്പുന്ന ഇനമാണ്. കടുവനല്ലാത്തവയെ രേണുകൻ പെരുവിരലിനും ചൂണ്ടുവിരലിനും മൂർച്ചവരുത്തി പെരടിക്കിട്ടു പിടിക്കും.
അടുത്തു വന്ന ദിവസങ്ങളിൽ പെട്ടെന്ന് സൂര്യൻ ചൂട് കടുപ്പിച്ചതോടെ കടുവനെല്ലാം കെട്ടിന്റെ പശതണുപ്പ് തേടി എങ്ങോട്ടോ പോയി.
പമ്മനും രേണുകനും പകലെല്ലാം പണിയന്വേഷിച്ചും, ഒന്നരവീതം വിട്ട രാത്രികളിൽ അടുത്തുള്ള നനവുകുറഞ്ഞും പാതിവളർന്നതുമായ അരപ്പൻ പൊന്തകളിൽ കയറി കാട്ടരിയൻ കോഴികളെ പിടിച്ചുവിറ്റും ദിവസങ്ങൾ നീക്കി. ചട്ടമ്പികളായ ചില നാട്ടുകോഴികൾ തീറ്റ തേടി കാടിനോരത്തുകൂടെ പോകുകയും അവിടെക്കാണുന്ന കുളക്കോഴികളെ പൂശുകയും ചെയ്യും. ബുദ്ധിയുള്ള കുളകൾ മുട്ടകൊത്തി പാകമായാൽ തങ്ങളുടെ പാടും നോക്കി കാടുകയറും. വിരിഞ്ഞു പൊന്തിയവ ബീജഗുണം കാട്ടി തൊപ്പകുടയാനും കൂവാനും തുടങ്ങും. രണ്ടുംകെട്ട വശം വന്നതുകൊണ്ട് സകലമാന ചെത്തങ്ങളെയും ഭയന്ന് പാതിയോടിയും പറന്നും നടക്കും. ഇരുട്ടു പേടിച്ച് തണുപ്പില്ലാത്ത അരപ്പൻ പൊന്തകളിൽ മാത്രം ഒളിച്ചിരിക്കും. വെട്ടം വീഴുന്നവരെ ഉറങ്ങും. കാട്ടരിയനെന്നു കേട്ടവർ പൊന്തക്കു ചുറ്റും പ്ലാസ്റ്റിക് ചാക്കുമായി രാത്രിയാവാൻ കാത്തിരിക്കുന്ന പതിവുണ്ട്. മൂത്രക്കല്ലിന് കാട്ടരിയന്റെ കാലിൽ ഉപ്പിടാതെ പാതിവേവിൽ തിന്നും. ഞരമ്പുരോഗത്തിനും വാതത്തിനും ചോര കനത്തു നിൽക്കുന്ന കരളു നുറുക്കിയരച്ച് മസാലയിട്ടു മിണുങ്ങും.
കണ്ട പണിയിലൊക്കെ കൈവച്ചു. ഒന്നും അങ്ങോട്ട് അടുപ്പം വന്നില്ല. ഏതാനും രാത്രികൊണ്ടവരുടെ കൂട്ട് നല്ലകണക്കെ കനം വെച്ചിരുന്നു. അങ്ങനെ അവർ നാടുനീളെ പലപല തൊഴിലും നോക്കി. കുറച്ചെങ്കിലും പിടിച്ചുനിന്നത് അറുപ്ലാറ്റ ജോസിന്റെ ഇടവാഴത്തോപ്പിലുള്ള ചെത്തുപണിയിലാണ്. അവിടെനിന്ന് കുറച്ചുകാലം പീരമേട്ടിലൊരു അച്ചടിശാലയിൽ പണിക്ക് കയറി.
അങ്ങനെയങ്ങനെ സമയമെടുത്ത് മോളിലുള്ളോൻ അവരെ ഇവിടെത്തൊട്ടാൽ അവിടെപ്പൊള്ളുന്ന പരുവമാക്കുകയും വ്യക്തമായ കാരണങ്ങൾ ഉൾത്തിരിയാത്ത സമയത്ത്, ഒരു രാത്രി ഒറ്റയാനെ ഏറ്റൻമലയുടെ അടിവാരത്തേക്ക് ഉന്മാദനാക്കി റോന്ത് ചുറ്റിക്കുകയും ചെയ്തു.
അവസാനം രണ്ടുപേരും നാടുതെണ്ടിയുള്ള പണി മതിയാക്കി. രേണുകന് സ്വന്തമെന്നു പറയാൻ പമ്മൻ മാത്രമായിരുന്നതുകൊണ്ട് അവർ അയ് രുമേടിലേക്കു തിരിച്ചു.
രണ്ടുവായ്ക്ക് എണ്ണകൊടുത്ത് രാത്രിയിൽ രേണുകൻ ഉറക്കമിളച്ചിരുന്നു. ആ ഒരു പെടപ്പുകണ്ട് ഇനിയിപ്പോ വെടിവെക്കാൻ കാട്ടുരു കിട്ടിയില്ലേൽ തൂറ്റംകുണ്ടിനോടുള്ള ത്വര കെട്ടുപോകുമോ എന്ന് മോളിലുള്ളോന്റെ കെട്ട്യോളൊന്നു ഭയന്നു. സാധാരണ മനുഷ്യർ അങ്ങനെയാണെന്ന് കണ്ട് അതിവേഗത്തിൽ അതിനൊരു പോംവഴി കണ്ടെത്തുകയും അത് നടപ്പാക്കുകയും ചെയ്തു.
അടുത്തുവന്ന രാത്രികളേക്കാൾ മാനം ഇരുട്ടുകൂട്ടിയ രാത്രിയായിരുന്നു അന്ന്. പമ്മന് ഷാപ്പീന്നു കുടിച്ചത് തേട്ടിവന്നു. അതവൻ കയ്യിലാക്കി മണത്തു. മധുരമണം. നാക്കു കടിച്ച് വായിൽ തെളിവെള്ളം വരുത്തി കയ്യിലേക്കു തുപ്പി ലുങ്കിയിൽ തുടച്ചു. എന്നിട്ടും ആ മണം മൂക്കിന് കിട്ടി. പമ്മൻ ഇരുട്ടിനറ്റത്തേക്കു നോട്ടംവിട്ടു.
പൂവരശിന്റെ മാടക്കാലിലോങ്ങി ഏറ്റൻമലയുടെ ഇടുപ്പിലേക്ക് നോക്കി. കാട്ടൊതമ്പ് പൂത്തതിന്റെ മണം രേണുകനും കിട്ടി. പിന്നെയൊരു നീട്ടിയുള്ള മൂളലും. അവർ തമ്മാതമ്മിൽ നോക്കി. എവിടെനിന്നോ ഇരുട്ടത്തൊരു ഭയം മാടക്കാലിലൂടെ കയറി ഉച്ചിയിൽ തൊട്ടു. ഒപ്പം കാതുകൂർപ്പിച്ച് കണ്ണുകളടച്ചു.
നാലേകാൽ മാസം മുട്ടുമ്പോൾ വന്ന് പെടുന്നൊരു കനപ്പെട്ട രാത്രി, ഏറ്റന്റെ താഴെത്തട്ടിൽ ഒറ്റക്കു നിൽക്കുന്ന പെരുത്ത കാട്ടൊതമ്പ് പൂക്കും. കാറ്റിന്റെ സഹായമില്ലാതെ മണം രായ്ക്കുരാത്രി ഏറ്റൻമലയുടെ തലയിൽ തട്ടും. ആ വഴി മണംപിടിച്ച് കൊമ്പൻമാരിറങ്ങും. അവൻമാർക്കു പിന്നിൽ ഉന്മാദത്തിന്റെ കെട്ട് പൊട്ടി പിടകളും. സകലതും വന്ന് മരത്തിനിട്ടു കുത്തും. ആ സമയം മണമങ്ങനെ ചുറ്റിനും പുതക്കും. അവന്മാരുടെ ചുവട്ടിലേക്ക് പെരുപ്പംമുട്ടി താഴ്ന്നതിൽനിന്നും നനവ് വീഴും.സഹിക്കാൻ നിവൃത്തിയില്ലാതെ വരുമ്പോൾ പിടകളുടെ പിന്നിലേക്കമരും. ഒരു പരപ്പ് ഗജവേഴ്ചകൾ ആ രാത്രി, നിമിഷങ്ങൾ വ്യത്യാസത്തിൽ അമരലുകളോടെ മൂർച്ഛിക്കുകയും കെട്ടടങ്ങുകയും ചെയ്യും. പിന്നെയവർക്ക് ആ മണം പോരെന്നും ചളിയിൽ കിടന്നു പിണയണമെന്നും തോന്നും. അവിടെയാണ് രേണുകന്റെയും പമ്മന്റെയും മനസ്സൊന്നു മറിഞ്ഞത്.
രേണുകൻ രണ്ടു വായെടുത്ത് പിടിത്തറ നെഞ്ചിലമർത്തി ഉന്നം പിടിച്ചു. വായ്ക്കു മുമ്പിൽ തഴമ്പു വീണ കറുത്ത കൈപ്പത്തി ചേർത്തുവെച്ച് പമ്മൻ ഇപ്പൊ പാടില്ലെന്ന് തലയാട്ടി. ''ഇണചേരുമ്പം ചെത്തം പൊട്ടിയാൽ അവരിളകും.''
രണ്ടു പേരും തൂറ്റംകുണ്ടിന്റെ നാലുമുക്കുകളിലേക്കും തലയനക്കി. നടുകടന്ന വാഴകളാണേലും വക്കുകളിൽ കണ്ണെത്തി. ആർക്കുമിനി രക്ഷിക്കാനാവില്ലെന്നും പറഞ്ഞ് ആകാശം മുഴുവൻ നക്ഷത്രങ്ങളെയും മറച്ചുവെച്ചു. പാതി ഒഴിഞ്ഞുകിടന്ന ഗ്ലാസിലെ ബാക്കി പമ്മനെടുത്ത് വായിലോട്ടു കമിഴ്ത്തി. അടുത്ത നിമിഷം രേണുകനൊന്ന് ഞെട്ടി. തോന്നലാവാതിരിക്കാൻ കണ്ണുതിരുമ്മി. അരകൻ വാഴയിലേക്ക് തുപ്പലൊറ്റിച്ചെത്തുന്ന ഇരുട്ടിൻ കൂട്ടങ്ങൾ.
പമ്മൻ കരിമ്പനയുടെ ചുറ്റും വലിച്ചുകെട്ടിയിട്ടുള്ള സൈക്കിൾ ട്യൂബഴിച്ചു. മൂന്ന് വിരൽ വണ്ണത്തിൽ ട്യൂബു മുറിച്ച് കൃഷിക്കറ്റത്തെ എതയിൽ ആഴത്തിൽ നാട്ടിയിരിക്കുന്ന മുളകളുടെ അടിഭാഗത്തായി വരിഞ്ഞുകെട്ടും. പിന്നെ മണ്ണിൽ താഴ്ന്ന മുളകളുടെ മധ്യഭാഗത്ത് ഉളിവെച്ചു ചെത്തി മുകളിലേക്കു കയറ്റും. തുമ്പത്ത് ഒരു കൈ വണ്ണത്തിൽ പൂളാതെ നിർത്തും. ബലത്തിനതിൽ കെട്ടുകമ്പി ചുറ്റും. ട്യൂബ് ആവുന്നവണ്ണം പമ്മൻ വലിച്ചുവിട്ടുകൊണ്ടിരുന്നു. ചെത്തുപാളികൾ മുകളിലേക്കുയർന്നുതാഴ്ന്ന് ഊക്കിലടിച്ചു. ആ ശബ്ദം ഏറ്റൻമല പലവട്ടം ഉച്ചത്തിൽ കേൾപ്പിച്ചു. കൂട്ടമൊന്ന് നിന്നമാതിരി രേണുകനു തോന്നി. നിന്നെന്നും പറഞ്ഞ് കാട്ടിക്കൊടുക്കാൻ പമ്മനെ തോണ്ടി ഇപ്പറെ മൂലയിലേക്കു വിളിച്ചു. അവനത് കാണുന്നതിനു മുമ്പേ വരുന്നവരുടെ വേഗം കൂടി. രണ്ടു വലിയ തെറിവിളിച്ച് പമ്മൻ താഴേക്കു ചാടി. കൂവി വിളിച്ച് തോട്ടത്തിലേക്കു പാഞ്ഞു. പിന്നിൽനിന്ന് രേണുകൻ കുപ്പിത്തോട്ടകൾ നീട്ടിയെറിഞ്ഞു. മുളവിദ്യയെപ്പറ്റിയും തോട്ടയെപ്പറ്റിയും ആനകൾക്കറിയാം. ഇനി രക്ഷയില്ല. ചെറിയതരം പക്ഷികളെ അകറ്റാൻ വെളുത്ത ചാക്കിട്ടുകെട്ടി വരമ്പിന് കുറുകെ നാട്ടിയ പുളിവാർകമ്പ് പുഴക്കിയെടുത്തു പമ്മൻ ലുങ്കിയൂരി അതിൽ കെട്ടി. വെള്ളച്ചിറയൻ ചാതികളെ ഓടിക്കാൻ, ഉണക്കം വന്ന ഇലകളിട്ട് എതയിൽ മൂടിവെച്ച മണ്ണെണ്ണക്കന്നാസെടുത്ത് ലുങ്കിക്കെട്ടിലേക്കൊഴിച്ച് തീ കൊളുത്തി.
ചാകണേൽ ചാകട്ടേന്നും പറഞ്ഞ് അരകനിടയിലൂടെ, വരുന്നവരുടെ കണ്ണിനു നേരെ പാഞ്ഞു. പിന്നിൽ കേട്ടിട്ടുപോലുമില്ലാത്ത തെറികൾ വിളിച്ചുകൊണ്ട് രേണുകനും. തീ കണ്ണിൽപെട്ടതും അവറ്റകളൊന്ന് നിന്നു. പൊള്ളുന്നതും വീശി രണ്ടും കൽപിച്ചോടി വരുന്ന മനുഷ്യനെക്കണ്ട് എല്ലാം തിരിഞ്ഞു പിന്നോട്ടു പാഞ്ഞു. ഇരുട്ടത്തും തൂറ്റംകുണ്ടില് പൊടിപരന്നു. കാറ്റുവീശി. സകലതും കാട് ചവിട്ടുംവരെ പമ്മൻ തീകാട്ടി പിന്നാലെയോടി. പെട്ടെന്നുള്ളൊരു ശബ്ദത്തിൽ ഏറ്റനൊന്നു വിറച്ചു. പമ്മൻ തിരിഞ്ഞു നോക്കി. ഏറ്റൻമലയുടെ തലക്കുംഭാഗത്തേക്ക് രണ്ടു വാ ചൂണ്ടി രേണുകൻ നിന്നു. വെടിപൊട്ടിയ ആക്കത്തിൽ കുതറിയ സാമാനത്തിന്റെ പിടിത്തറകൊണ്ട് അവന്റെ നെഞ്ച് അൽപം കലങ്ങിയിരുന്നു. എങ്കിലും, പുറത്തുകാട്ടിയില്ല. പമ്മൻ പല്ല് ഞെരിച്ചു. തിരിച്ചു നടന്നു. കരുതിയപോലെ കൊണ്ടില്ലേലും ഒരെണ്ണം വച്ചതിന്റെ സന്തോഷത്തിൽ രേണുകനും.
പിറ്റേന്ന് സംഭവം നാടു മുഴുവനറിഞ്ഞു. ചെല്ല പേടിച്ച് രാജമ്മയോടൊപ്പം വെള്ളച്ചോറുമായി വന്നു. രണ്ടു പേരുടെയും തലക്ക് ചുറ്റും കപ്പലമുളകും കടുകും ഉപ്പും ആവുന്നവണ്ണം കയ്യിലമർത്തി ഉഴിഞ്ഞു. പിന്നെ അതിലേക്ക് മുറുക്കാൻ വെള്ളം മൂന്ന് വട്ടം കാർക്കിച്ചു തുപ്പി. നിലത്തിട്ട് ചവിട്ടി.
അന്ന് വൈകീട്ട് കൊലകളുടെ എണ്ണം കൊടുക്കാൻ പമ്മൻ മാർക്കറ്റിലേക്കു പോയി. രേണുകൻ രണ്ടെണ്ണമടിച്ച് മാടത്തിനടുത്തെത്തി. ചുറ്റും നോക്കി. പരിചയമുള്ള വിയർപ്പ്. അവൻ മാടതൂക്ക് ചവിട്ടി മുകളിലേക്കു കയറിയതും അവളവന്റെ വായ പൊത്തിപ്പിടിച്ച് ചെവിയിലും കഴുത്തിലും മുത്തി. ''പെണ്ണെ... ഈ സമയത്ത് നിന്റമ്മ തെരക്കൂലേ..!''
''അമ്മയോട് ഞാൻ ടൈപ്പിങ്ങിന് പോവാന്നും പറഞ്ഞ്.''
നിന്റെയൊരു ടൈപ്പിേങ്ങന്നും പറഞ്ഞ് അവനവളുടെ മുകളിലേക്കു വീണു. പരിചയമുള്ള വിയർപ്പുമണം ആവോളം മണത്തു. രാജമ്മേന്നു സ്നേഹത്തില് നീട്ടി വിളിച്ചു. മാടം വിറച്ചു. അവർക്കു മാത്രമായി അപ്പോൾ എവിടെനിന്നോ ഒരു തണുത്ത കാറ്റ് വന്നു. അവളുടെ കക്ഷത്തിൽ അവന്റെ വായിലെ ചൂട്. രാജമ്മ കുരുമുളകിട്ടു വാട്ടിയ തവളയുടെ തുടക്കഷ്ണം വായിൽ വെച്ചുകൊടുത്തു. പാതിചവച്ച് അവൻ നാക്കുകൊണ്ടതിനെ രണ്ടു ഭാഗങ്ങളാക്കി. ഒരെണ്ണം അവളുടെ വായിൽ കുറേനേരം തങ്ങിനിന്നശേഷം തൊണ്ടപള്ളയിലൂടെ കീഴോട്ടിറങ്ങി. അന്നാണവൾ ആദ്യമായി കടുംപട്ട രുചിക്കുന്നത്. മരയടപ്പിൽ ഒറ്റിച്ച രണ്ടു തുള്ളി രാജമ്മയെ പിടിച്ചുകുലുക്കി. നേരം വൈകിയെന്നും പറഞ്ഞ് ഇറങ്ങിപ്പാഞ്ഞു. മുകളിൽ രേണുകൻ അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ഒന്ന് ഇടുപ്പു ചായ്ച്ചതും പമ്മൻ കയറിവന്നു. രേണുകന്റെ നെഞ്ചിടിച്ചു. വിയർപ്പുവറ്റിയ ശരീരത്തിൽനിന്ന് ചൂടെടുത്തു.
''കൊലക്ക് വെച്ചില്ല കിലോക്കു വെച്ചു. അതാകുമ്പോ വില താണാലും കാശ് വരും.''
രേണുകൻ തലയാട്ടി. നീട്ടിവലിച്ചൊരു ശ്വാസം വിട്ടു.
യാത്രയുടെ ക്ഷീണം മാറ്റാൻ അവർ ഔവ്വയുടെ പട്ട ഷാപ്പിലേക്കു നടന്നു. നടക്കുമ്പോഴെല്ലാം പമ്മൻ കിലോ കുല കണക്കുകൾ ഇരുട്ടിലെഴുതി കൂട്ടി. വരവ് കുറയുമ്പോൾ മുഖം ചുളിച്ചു. തെറ്റിപ്പോയ കുലക്കണക്കുകൾ വീണ്ടും കൂട്ടി. പിന്നെ ചിരിച്ചു. കെട്ട്തോടിന്റെ വക്കത്തുനിന്ന് നീട്ടി മുള്ളി. അതു കണ്ട് രേണുകനും മുട്ടി. ശക്തി കുറഞ്ഞ് ചുരുങ്ങിവന്ന അവസാന തുള്ളികൾ പമ്മന്റെ ഇടത്തെ കാൽപ്പത്തിയിലേക്കൊറ്റി. അതവൻ വലതുകാലിൽ നിന്ന് മുട്ടുപേശിയിൽ തുടച്ചു. ഒറ്റയാൾ വരമ്പിലൂടെ നടക്കുമ്പോഴാണ് പമ്മനത് പെട്ടെന്നു ചോദിച്ചത്.
''നിനക്കിങ്ങനെയൊരു ആഗ്രഹമുണ്ടേൽ എന്നോട് പറയാർന്നു. ഞാൻ തടസ്സം പറയ് വോ?''
രേണുകനൊന്നും മിണ്ടിയില്ല. ശ്വാസം ആവുന്നവണ്ണം മേപ്പോട്ടു വലിച്ചു.
ഔവ്വയുടെ കാലിളകുന്ന ബെഞ്ചിലിരുന്ന് അവർ തലേദിവസത്തെ വീമ്പു പറഞ്ഞു. അവിടെയുണ്ടായിരുന്ന ഏഴു പേരിൽ ആരാണത് പറഞ്ഞിട്ടതെന്നു കണ്ടില്ല.
''ഇതൊന്നും ഒന്നുമല്ല. നിങ്ങള് രണ്ടാളുംകൂടി മെടഞ്ഞിട്ടല്ലേ...അതും കൂടെ പെടകളുള്ളോണ്ടാ അവന്മാര് തിരിച്ചുകയറിയേ. തൊട്ടാ കീറുന്ന കൊമ്പുള്ള ആൺകൂട്ടത്തെ പണ്ട് പൂടരായപ്പ തൂറ്റംകുണ്ടിലൂടെ ഒറ്റക്ക് ഓടിച്ചിട്ടുണ്ട്.'' പട്ടയുടെ തരിപ്പിനിടയിൽ പമ്മനും രേണുകനും ആരുംകാണാതെ പരസ്പരം നോക്കി.അവരുടെ കണ്ണുകളിൽ ഒരു മിന്നൽ. രണ്ടു കൊല്ലം മുമ്പ് ചത്തൊലിച്ചുപോയിട്ടും അവനെയാരും മറന്നിട്ടില്ല. അതും പോരാഞ്ഞ് വീരനുമായി പരിണമിച്ചിരിക്കുന്നു. ചിലരങ്ങനെയാണ്. ചത്താൽ വേറൊന്നിൽ ജീവിക്കും.
മാടത്തിലേക്കുള്ള പകുതി ദൂരം പിന്നിട്ടിട്ടും അവർ പരസ്പരം ഒന്നും മിണ്ടിയില്ല. ഇരുട്ടിനുള്ളിൽ നിശ്ശബ്ദതയുടെ കരിമ്പടം. മുന്നിൽ നടന്നിരുന്ന പമ്മന്റെ കയ്യിലെ പച്ചവാഴനാരിട്ടു മെരുക്കി തൂക്കിയ രണ്ട് പട്ടക്കുപ്പികൾ കഴാലയുടെ വീതിക്കനുസരിച്ച് ചെത്തമുണ്ടാക്കി. ഇടക്കവൻ വലത്തേക്കണ്ണു കോട്ടി തലവെട്ടി പിന്നിലേക്കു നോക്കി. രേണുകനതു കണ്ടിട്ടും കാണാത്തപോലെ നടന്നു. ഒരൊറ്റ നിമിഷംകൊണ്ടു താൻ ഈ ലോകത്ത് ഒറ്റക്കായെന്നും, തനിക്കാരുമില്ലെന്നും തോന്നി. അവൻ, പറഞ്ഞു കേട്ടിട്ടുള്ള അപ്പനേയും അമ്മയേയും ഓർത്തു. തന്നെ റോഡരുകിൽ കിടത്തി വിഷം തിന്ന് ചത്തവരെ മനസ്സിൽ പ്രാകി, തെറിവിളിച്ചു. അവന് രാജമ്മയെ കാണണമെന്നു തോന്നി. കണ്ണിൽ നനവു പൊട്ടി. അങ്ങനെ വന്നു കിടന്നു.
ഉറങ്ങാൻ വേണ്ടി പാൽപായലിന്റെ ഇല തിന്നു. പാലില അകത്തു ചെന്നാൽ ഞരമ്പുകൾ മയങ്ങും. കനം വന്ന് ശരീരം തൂങ്ങും. കണ്ണുകൾ ഇരുട്ടിലേക്കു നൂഴും. നടുംപുറത്ത് കരിങ്കല്ലു വച്ചുകെട്ടി കടലിൽ താഴ്ത്തിയാൽ കൂടെ അറിയാത്തവണ്ണം അത് മനുഷ്യനെ മയക്കും. എന്നിട്ടും ആ രാത്രി പൂടരായപ്പ തന്നെ എരിയുന്ന കനൽക്കുഴിക്കു നടുക്ക് തല കീഴായികെട്ടിത്തൂക്കി, കഴുത്തിൽ പൂടത്തിരിയിട്ട് ശ്വാസം മുറിച്ചില്ലാതാക്കുന്നതായി സ്വപ്നം കണ്ടു. അലറിക്കൊണ്ട് ഞെട്ടിയെണീറ്റു. ആകെ വിയർത്തു. പമ്മൻ ആഴമുള്ള ഉറക്കത്തിലായിരുന്നു. ആ സമയത്തിന്റെ പെരുപ്പം കൂട്ടാനായി ഇരുട്ട് ചില ത്രസിപ്പിക്കുന്ന ചെത്തങ്ങൾ ഉണ്ടാക്കി. ഇനിയുള്ള ജീവിതത്തിൽ രായപ്പ ഉണ്ടാക്കാൻ പോകുന്ന കോളിളക്കങ്ങളെ ഓർത്ത് അവനിൽ ഭയം മുറുകി. ആ നേരം രാജമ്മയെ കാണണമെന്നു മാത്രം തോന്നി. സംശയസാധൂകരണത്തിനായി കൈെവള്ളയിൽ മണത്ത് പാലില തിന്നുവെന്ന് ഉറപ്പാക്കി.
പിറ്റേന്ന് അവൻ ചൂളക്കട്ടവെച്ചു കെട്ടിയ കുത്ത്മില്ലിന്റെ ചുമരിനു താഴെ കാത്തിരുന്നു. അവളെ കണ്ടതും കണ്ണുകൊണ്ട് ദിശകാട്ടി. നടന്നു.
അപ്പുനായരുടെ തെങ്ങിൻതോപ്പിൽ, നടുക്കിലൂടെ ഒഴുകുന്ന കെട്ടുചാലിനരികിൽ രേണുകനിരുന്നു. അവളും. അവിടെയിരുന്നാൽ നാലുദിക്കിലേക്കും നോട്ടം കിട്ടും. അവന്റെ കണ്ണുകൾ ചുവന്നു. രാജമ്മയുടെ മടിയിൽ കമിഴ്ന്നുകിടന്ന് ആ ദുഷിച്ച രഹസ്യം പറഞ്ഞു.
രണ്ട് രണ്ടര കൊല്ലം മുമ്പ്. നാടുതെണ്ടിയുള്ള പണി അവസാനിപ്പിച്ച് രേണുകനും പമ്മനും അയ് രുമേടിലെത്തി മാസങ്ങൾ കഴിഞ്ഞു. ഇപ്പോഴുള്ള തൂറ്റംകുണ്ടും അരകൻ വാഴയും അന്നവരുടെ മനസ്സിൽ മുളപൊട്ടിയിട്ടുപോലുമില്ല. എന്തെങ്കിലും പണി കണ്ടെത്തണമല്ലോയെന്ന് ആത്മാർഥമായി മനസ്സു പറയുന്ന സമയം, അവർ ചെത്ത് കള്ളും താറാവു കറിയും കഴിക്കാൻ വസന്തയുടെ ഷാപ്പിലേക്കു നടക്കും. കുരുമുളകു പച്ചക്കരച്ച് തേങ്ങാപ്പൂളിട്ടു മൺചട്ടിയിൽ തിളക്കുന്ന താറാവുകറി, ഗ്ലാസിന്റെ വക്കിലെ അരിപ്പ് തുടച്ചുകളഞ്ഞ് ഒരു കവിൾ മോന്തിയശേഷം വായിലിട്ടു നുണയും. പുകലതിരുകി തൊലിയടർന്ന മോണയിൽ താറാവു നന്നായി എരുവ് വെട്ടും. അതു മാറാൻ വീണ്ടും ചുണ്ണാമ്പ് തോണ്ടി പുകലതിരുകും. അപ്പോഴേക്കും അവർ പണി കണ്ടെത്തണമെന്ന കാര്യം മറന്നു പോയിരിക്കും.
അങ്ങനെ വന്ന നശിച്ചൊരു രാത്രി അവർക്കു പൂടക്കൊതി തട്ടി. നടന്നു. കൈത്തോടിന്റെ പുറംപോക്കിൽ കൂരകെട്ടിപ്പാർക്കുന്ന പൂടരായപ്പയെ കണ്ടു കാര്യം പറഞ്ഞു. ഒരു വഴിയുമില്ല. തരില്ലെന്നു തീർച്ച. കുറേ കെഞ്ചി. അവസാനം രണ്ട് പുകവീതം എന്നായി. വലിച്ചു. മടങ്ങിവരുന്ന നേരം, പൂട രേണുകന്റെ ഞരമ്പുകളെ പൊള്ളിച്ചു. ഒരു നിമിഷം നിന്നു.
''അവന്റമ്മേടെ പൂട.
നാട്ടുകാരെ കൊള്ളയടിച്ച് അവനങ്ങനെ ഒണ്ടാക്കണ്ട.'' പമ്മൻ രേണുകന്റെ കാലുകളിലേക്കു തന്നെ നോക്കി. അവ ഉറച്ച എന്തോ തീരുമാനത്തിൽ എത്തിയിരിക്കുന്നു. തിരിച്ചുനടത്തത്തിന്റെ വേഗത കൂടി.
''നമ്മളൊക്കെ പിന്നെ ആണുങ്ങളാന്നും പറഞ്ഞ് നടന്നിട്ടെന്തുണ്ടാക്കാനാ?''
അതു പമ്മന് കൊണ്ടു. അവൻ ഉണ്ടായിരുന്ന മീശ തടവി. കൂര അടച്ചിട്ടിരുന്നു. ഉള്ളിലെങ്ങും ആരുമില്ല. പമ്മൻ തോട്ടുവക്കിൽനിന്നും കനംവന്ന ശീമക്കൊന്നയുടെ തണ്ടൊടിച്ചു. കൈമുറിയാതെ നാല് പല്ലുറുമികൾ പിഴുതു. പിന്നെ പല്ലുഞെരിച്ചോടി.
''ഇനിയവൻ ഒരാളുടേയും പിടിച്ചുപറിക്കരുത്. ഈ നാട്ടില് സാമാനമുള്ളോരുണ്ടെന്ന് അവനറിയണം.'' ഓടുന്ന വഴി രേണുകൻ കലിയുടെ ആക്കം കൂട്ടി. കടവിലെത്തി തിരഞ്ഞു.
കമ്പിളി പൊന്തകൾ. പുളിമണ്ണിൽ ഉയർന്നുനിൽക്കുന്ന ആണ്ടിപ്പൊന്തകൾ. അവിടെയെങ്ങും അവനില്ല. നേരെ കടവുപിടിച്ചോടി. സ്ഥിരമായി വിളവിറക്കാറുള്ള ഇടം. കണ്ടൽപ്പൊന്ത. അവിടെയും കണ്ടില്ല. ശരീരമൊന്നു വിയർത്തതോടുകൂടി പമ്മന്റെ കലിവിട്ടു. എന്നാലതു തോന്നിപ്പിക്കാത്ത വിധത്തിൽ രേണുകനൊപ്പം നിന്നു. ആകാശത്തുനിന്നൊരു കൊള്ളിയാൻ ശബ്ദമില്ലാതെ പുഴനടുക്കിലേക്കു വീണു. അതിന്റെ വെട്ടം ഓളംവെട്ടി കടവിലേക്കു കയറി.
''നായിന്റെ മോനെ.''
രേണുകൻ നേരെ പാഞ്ഞു. ആരോ ഓടിവരുന്നത് കണ്ട് പൊതപ്പുല്ലിൽ കിടന്നുമയങ്ങിയ രായപ്പ ഞെട്ടിയെണീറ്റു. നിനക്കു പൂടകാട്ടി പേടിപ്പിച്ച് ആൾക്കാരീന്ന് ഒണ്ടാക്കണമല്ലേടാന്നും പറഞ്ഞ് ആദ്യ അടി വീണു. രായപ്പയുടെ പാതി തീട്ടച്ചളിയിൽ പൂന്തി. രേണുകൻ പമ്മന്റെ കയ്യിൽനിന്നു പല്ലുറുമികൾ വാങ്ങി വീശി. മുഖത്തെ തൊലി പിളർന്നു. പിരിച്ചു വെച്ച മീശമുനമ്പിൽ തട്ടി ചോര ഓരോ വഴിവെട്ടി താഴേക്കൊറ്റി.
''മക്കളേ... വിയർക്കാത്ത ചോറ് തിന്നാ തൂറാൻ പറ്റൂല്ലടാ... ഞാനതിന് ഇന്നേവരെ നിന്നിട്ടില്ല.''
രേണുകൻ അതൊന്നും കേട്ടില്ല. വീണ്ടും തല്ലി. നിലത്തുകിടന്ന രായപ്പ സഹികെട്ട്, ആട്ടിക്കൂർപ്പിച്ച ഉരുക്കു കമ്പിയെടുത്തു കാലിനടിച്ചു. രേണുകനൊന്നു മലർന്ന്കുത്തി. പമ്മനതു സഹിച്ചില്ല. കമ്പി പിടിച്ചുവാങ്ങി വീശിയെറിഞ്ഞു. ശബ്ദപ്പെട്ട് പുഴനടുക്കിലൊരു മുറിവീണു. നിമിഷനേരംകൊണ്ടതു കൂടി. ശേഷം മാറിനിന്നു തെറിവിളിച്ചു. മൂക്കിലും വായിലും പശമണ്ണു നിറഞ്ഞ് രായപ്പക്കു ശ്വാസം മുട്ടി. വലിവ് വന്നു. അതു കണ്ട് പമ്മൻ രേണുകനെ പിന്നോട്ടു വലിച്ചു. അവൻ രായപ്പയുടെ തല ചേറ്റില് ആവുന്നവണ്ണം ചവിട്ടിത്താഴ്ത്തിയിരുന്നു. ഉടൽ പകുതി ചളിയിലും ബാക്കി പുഴയിലുമായി കിടന്നു. പമ്മൻ രേണുകനെ വലിച്ചോടി.
പിറ്റേന്നു പുലർച്ചെ പലരും രായപ്പ ചത്തുമലച്ചു പുഴക്കരയിൽ കിടന്നിരുന്നതായി കണ്ടു. പേടിച്ച് ആരും അടുത്തുപോയില്ല. കാലം തെറ്റിവന്ന മഴവെള്ളപ്പാച്ചിലിൽ കരിമ്പുഴ അവന്റെ ചലനമറ്റ ശരീരത്തെയേറ്റി കുത്തിയൊഴുകി.
രാജമ്മയുടെ മടി നനഞ്ഞുകുതിർന്നു. നീര്, തുടവഴിയിറങ്ങി കാൽപാദത്തിലുരഞ്ഞ് കെട്ടുചാലിലേക്കൊറ്റി. അവൾ അവനെ ഇറുക്കിപ്പിടിച്ചു. കരഞ്ഞില്ല. കണ്ണു തുടച്ചു.
''പോയ കാലം പോയി. ഇനി വരില്ല. ആരും വരുത്താനും പോണില്ല. ധൈര്യമായിട്ടിരിക്ക്. രായപ്പയുടെ വിധി അതാണ്. എല്ലാം മോളിലുള്ളോനറിയാം.'' കെട്ടിപ്പിടിച്ചു. അവനൊന്നു ശ്വാസം വിട്ടു. മൂക്കു തുടച്ച് അവളെ ഉമ്മവെച്ചു. ''നീ ചെയ്തേലൊരു തെറ്റുമില്ല. രായപ്പ ചാവേണ്ടവനാണ്. ഞാനും കേട്ടിട്ടുണ്ട് അയാളുടെ പിടിച്ചുപറിയും പെണ്ണുപിടിയുമെല്ലാം. അങ്ങനെയുള്ളോര് വേഗം ചാകണം രേണുകാ... അതിന് നിന്റെ കൈ നിമിത്തം. അത്രേയുള്ളൂ...''
അന്നു രാത്രി രേണുകൻ നന്നായി ഉറങ്ങി. രാജമ്മ ഉറങ്ങിയില്ല. പേടിപ്പെടുത്തുന്ന രഹസ്യം, കയ്യബദ്ധം, പശ്ചാത്താപം. ബന്ധപ്പെട്ടാണെങ്കിലും രേണുകനെ സമരസപ്പെടുത്താൻ അവൾ കണക്കുകൂട്ടി.
പിറ്റേന്ന് കപ്പ നുറുക്കുന്നതിനിടെ ചെല്ലയോട് അവൾ ചോദിച്ചു. ''ശരിക്കും പൂടരായപ്പ ആരാണ്.'' ചെല്ല, ഇതെന്താപ്പോ അയാളെപ്പറ്റി പെട്ടെന്നൊരന്വേഷണം എന്ന മട്ടിൽ നോക്കി. രായപ്പയെപ്പറ്റി പറയുമ്പോൾ സകല പെണ്ണുങ്ങളുടെയും നെറ്റിചുളിയുന്ന മാതിരി ചെല്ലയുടെയും ചുളിഞ്ഞു.
''നിനക്കിപ്പെന്താണ് അയാളെ അറിയാൻ. എനിക്കറിയേല്ല.''
''നിങ്ങക്കറിയണത് പറ.''
ചെല്ല ഒന്നാലോചിച്ചു. ഇരുനിറം. ഉറച്ചശരീരം. കട്ടി മീശ. കരുത്ത്. ചെല്ലയും രായപ്പയെ ഇത്ര കാലത്തിനുള്ളിൽ ചുരുക്കം ചില സന്ദർഭങ്ങളിലെ കണ്ടിട്ടുള്ളൂ. പലരും പറഞ്ഞു കേട്ടതും കണ്ടറിഞ്ഞതും അയാളുടെ കൂട്ടാളി പുലയൻ നാണുവിനോടു രഹസ്യമായി ആളുകൾ ചോദിക്കുന്ന മാതിരി ചോദിച്ചറിഞ്ഞതുമായ വിവരങ്ങൾ ഓർത്തു. അതിൽ പാതിയോളം രാജമ്മ കേട്ടിട്ടുള്ളതുമാണ്.
പലരും പറയുന്ന വെടിക്കൂട്ടങ്ങളുണ്ട്. അതു മൂന്ന് തരത്തിലാണ്.
ഒന്നാം തരം
അയ് രുമേടിലെ കൃത്യം പത്ത് വീട് മുട്ടുമ്പോഴുള്ള അടുത്ത വീട്ടിൽ അയാൾക്കൊരു അവിഹിതമുണ്ടെന്നും ആഴ്ചയിൽ കുറഞ്ഞതു രണ്ടു തവണയെങ്കിലും അവർ ബന്ധപ്പെടാതിരിക്കില്ലെന്നും പരന്നു. പെണ്ണുങ്ങൾ താനല്ലാത്ത പെണ്ണുങ്ങളെയെല്ലാം സംശയത്തോടെ നോക്കി. ആണുങ്ങളാണേൽ അയ് രുമേടിലെ ആകെയുള്ള നൂറ്റിമുപ്പത്തിയാറു വീടുകളെടുത്ത് എവിടെനിന്നാണ് ഈ പതിനൊന്നാം വീടിന്റെ എണ്ണം തുടങ്ങുന്നതെന്നു മനസ്സിലാകാതെ കുഴഞ്ഞു. പലരും ഭാര്യമാർ രാത്രിസമയത്തു വെളിക്കിരിക്കാൻ പറമ്പിലേക്കു പായുമ്പോൾ കൂട്ടു പോവുകയും, മറ്റു ചിലർ തന്റെ ഭാര്യയിൽ അവിശ്വാസിയല്ലെന്നു വരുത്താൻ പ്രതീക്ഷയില്ലാത്ത ഒന്നിനുവേണ്ടി ഒപ്പമിരുന്നു മുക്കുകയും ചെയ്തു. എട്ടിന്റെ വിളവറിയുന്നവരാകട്ടെ ഭാര്യമാരുടെ രാത്രിവെളി ഒളിഞ്ഞുനിന്നു നിരീക്ഷിച്ചു. തങ്ങളുടെ പെണ്ണുങ്ങൾ പൂടരായപ്പയെ ഓർക്കുന്നുണ്ടോയെന്നും ചിലയിടങ്ങളിൽ വെച്ചു കാണുമ്പോൾ നോട്ടം തട്ടുന്നുണ്ടോയെന്നും അവർ രഹസ്യമായി ശ്രദ്ധിച്ചുപോന്നു. പൂടരായപ്പ ഒരു പെണ്ണുപിടിയനും മറ്റൊരുതരത്തിൽ ഭാഗ്യവാനുമായി നടക്കുന്നെന്ന് അയ് രുമേടിലെ മറ്റു ചില ആണുങ്ങൾ പറഞ്ഞു.
രണ്ടാം തരം
കരിമ്പുഴയിൽ പിടിച്ചുപറി നടത്താൻ കുറഞ്ഞത് മൂന്നാളു ബലം വേണ്ടിവന്നിരുന്ന കാലത്താണ് പൂടരായപ്പ അത് ഒറ്റക്കു നടത്തിയിരുന്നത്. രാത്രിയുടെ പാതിയിൽ കടവിന്റെ അതേ വരിയിൽ കുറച്ചകലെ അയാൾ ഉണ്ടാക്കിയെടുത്തതോ സ്വമേധയാ രൂപപ്പെട്ടുവന്നതോ ആയ കണ്ടൽപ്പൊന്തയിൽ ഒളിച്ചിരിക്കും. കയ്യിലുള്ള പൂടത്തിരി കത്തിച്ച് പ്രത്യേകരീതിയിൽ വായുവിൽ ചുഴറ്റി 'ഴ' എന്നെഴുതും. അതിന്റെ അടിയിലേക്കു തൂങ്ങിയ വളഞ്ഞ കയ്യിനുള്ളിലൂടെ പുഴയിലേക്ക് അമക്കുവെട്ടം പായിക്കും. പുകയും നാളവും കൂടി അതിനു കണ്ണും വായും മുഖവും നൽകും. അങ്ങനെയത് മാടനും ചാത്തനും രക്ഷസ്സുമാകും.
മറ്റു ജില്ലകളിൽനിന്ന്, പല കാരണങ്ങളാൽ ആളുകൾ കരിമ്പുഴയിലൂടെ മാത്രം എത്തിക്കൊണ്ടിരുന്ന സമയമായതുകൊണ്ടു തന്നെ, രാത്രി സമാധാനപരമായി വള്ളത്തിൽ വരുന്ന കുടുംബങ്ങൾ ഇതുകണ്ടു പേടിക്കുകയും മറിഞ്ഞ് അടിനിരപ്പിലേക്കു താഴുകയും ചെയ്യും. നീന്തലറിയുന്ന വിദ്വാനാണേലും ആ ഭാഗത്തെ പുഴ മുറിക്കണമെങ്കിൽ പാട്പെടും. അതേസമയം രായപ്പ ഊളിയിട്ടുപോയി സ്ത്രീകളുടെ ആഭരണങ്ങൾ പറിക്കും. കിട്ടാത്തബലം വന്നാൽ അരയിൽ തിരുകാറുള്ള, തുരുമ്പിച്ച ഉരുക്കിലാട്ടി മുനകൂർപ്പിച്ച മാൻകൊമ്പെടുത്തു കഴുത്തിൽ വരയും. ആഭരണങ്ങൾ എവിടെയോ കൊണ്ടുപോയി വിറ്റ് കാശാക്കും. അയാൾ അപകടകാരിയായ പിടിച്ചുപറിക്കാരനാണ്.
ഈ തരം വിശ്വസിച്ചവരിൽ ഭൂരിഭാഗം വരുന്നവരും അവിശ്വസിക്കുന്നവരിൽ ചെറിയഭാഗം വരുന്നവരും കുട്ടികൾ സന്ധ്യാനേരങ്ങളിൽ ചോറുണ്ണാൻ മടി കാട്ടുമ്പോഴും രാത്രി ഉറങ്ങാൻ കൂട്ടാക്കാതെ വരുമ്പോഴും പൂടരായപ്പക്കു പിടിച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തി കാര്യം നടത്തി.
മൂന്നാം തരം
പല ഊരുകളിലുമുള്ള നായർ മുതലാളിമാർ അയ് രുമേടില് പരപ്പുകണക്കെ കണ്ടം പാട്ടത്തിനെടുത്തു കൃഷി നടത്തും. കരാറുപ്രകാരം വിളവിന്റെ പത്തിൽ ഒന്നും കണ്ടത്തിന്റെ മാസപ്പാട്ടവും ഉടമസ്ഥനുള്ളതാണ്. എന്നാൽ, നായന്മാര് തനികൊണം കാട്ടി പറ്റിപ്പിറക്കും. അയ് രുമേടിലെ കുറച്ചെങ്കിലും പിടിപ്പുള്ള കടുപ്പട്ടന്മാരും കൂട്ടംകൂടിയ പ്രതാപമില്ലാത്ത പിള്ളമാരും അവരെ എതിർക്കും. കരാറുകഴിയാൻ കാത്തിരിക്കും. അതറിഞ്ഞ്, പണ്ട് ഏതില്ലത്താണു തങ്ങളുടെ തന്തമാരെന്നറിയാത്ത നായന്മാര് സകലതിനെയും ഒടികെട്ടി ഇരുട്ടത്തടിക്കും. ആ അടി നടത്തിയിരുന്നത് പൂടരായപ്പയായിരുന്നു. പ്രശ്നമുണ്ടാക്കുന്ന സകലതിനേയും വരമ്പുകളിൽ ഊമ്പൻ തവളകളായി പതുങ്ങിയിരുന്ന്, അടുത്തെത്തുമ്പോൾ ഉയർന്നുചാടി താണു കിടക്കുന്ന ലിംഗത്തിൽ കടിക്കുകയും, വീട്ടിനുള്ളിലേക്കു ചേര കെട്ടിക്കയറി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയും തോടുകളിൽ കുളിക്കു മുങ്ങുന്നവരുടെ ഇടുപ്പിലും കഴുത്തിലും ചെമ്പല്ലി മീനിന്റെ ചെകളകെട്ടി വന്നു കുത്തുകയും ചെയ്യും. രായപ്പ എന്ന ഒറ്റ ഒടിയനെ മാത്രം പേടിച്ച് അയ് രുമേടുകാര് മുലതൂങ്ങിയ നായന്മാർക്കു വീണ്ടും വീണ്ടും പാട്ടത്തിനു കൊടുത്തു. ഒടിവേഷം കെട്ടുന്ന പൂടരായപ്പയെ നേരിട്ടു കണ്ടുവെന്ന് പലരും സ്ഥലത്തു നടക്കുന്ന അക്രമങ്ങൾ ചൂണ്ടി പറഞ്ഞു പരത്തി.
അയ് രുമേടില് രായപ്പ ഇങ്ങനെ മൂന്നു തരത്തിലായിരുന്നു. ഇതിൽ രണ്ടാം തരക്കാർക്കാണ് കൂടുതലായി വിശ്വസ്തത പരത്താൻ കഴിഞ്ഞത്. അതിനുകാരണം രായപ്പക്ക് പൂടയുണ്ടാക്കാനുള്ള മട്ടറിയാം എന്നതാണ്.
പാകമായ അട്ടപ്പൊകല രണ്ട് കൈനീളത്തിൽ വെട്ടിയെടുക്കും. പിന്നെയതിനെ ചെറുവിരൽ വീതിയിൽ പലതാക്കും. പ്ലാക്കിന്റെ പഴുത്തയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുതിരാനിടും. അതു കഴിഞ്ഞ് ഉടനെ പൊള്ളുന്ന വെയിലിൽ ഉണക്കും.
കാട്ട് മൊയ്യിന്റെ ഉരുക്കു നെയ്യും മൊട്ട് ചിന്നിയ അമുക്കുവെട്ട കട്ടയുടെ മരുന്നു പൊടിയും ചേർത്തുഴിഞ്ഞ് ചൂടുള്ള പാറപ്പുറത്ത് ഒരു വട്ടകയിൽ പാതിയോളം വെള്ളത്തിനുമീതെ താർപ്പായയിട്ടു മുകളിൽ ചുടാൻ വെക്കും. അടിയിൽനിന്നു ചൂട് വെള്ളത്തിലൂടെ പായയിൽ തട്ടണം. മുകളിൽനിന്നു നേരിട്ടും. ഒന്നൊന്നര ദിവസം കഴിഞ്ഞാലത് കറന്റ് കമ്പിയുടെ വഴക്കം കാട്ടും. പിന്നീട് ബീഡി നീളത്തിൽ വെട്ടിപ്പുകക്കാം. ഇടുക്കിയുടെ വേറൊരു എരുവു മണമാണതിന്.
പൂടയുടെ കൂട്ടറിയുന്ന, ഒരിഴതെറ്റാതെ പറിക്കാനറിയുന്ന ഒരേയൊരാൾ രായപ്പയാണ്. അസാധാരണമായി അത്രയും യാചിക്കുന്നവരിൽ പത്തു പേർക്ക് അയാൾ ഒരു പൂടയെന്ന കണക്കിൽ നൽകും.
രാത്രികളിൽ പന്നികളെയും കുറുക്കൻമാരെയും ഓടിക്കാൻ പൂട തുണ്ടങ്ങളാക്കാതെ തിരിയായി കൊണ്ടുനടക്കും. ആവശ്യം വന്നാൽ തീപ്പെട്ടിമരുന്ന് കറണ്ടെണ്ണയിൽ ചാലിച്ചു പുരട്ടി കത്തിക്കും. അതങ്ങനെ എരിഞ്ഞു പൊന്തും. ചില വൈകിയ രാത്രികളിൽ വരമ്പിലൂടെ പൂടയങ്ങനെ വട്ടത്തിൽ കറങ്ങി എന്തൊക്കെയോ രൂപം വരക്കും. നല്ല സമയമാണേൽ രായപ്പ കവിത ചൊല്ലും.
രാരാരാരാ...
രംഗേ രാരാരാരാ...
ഹുടുമ്പേ രാരാരാരാ...
അങ്ങനെ രണ്ടാം തരക്കാർ തങ്ങളുടെ വാദം വിശദീകരിക്കും.
എന്നാൽ, ഈ പറയുന്ന കേഴക്കൂട്ടങ്ങളൊന്നും വിലവെക്കേണ്ടതില്ല. കാരണം, ഈ പറയുന്നവർ രായപ്പയോടു മിണ്ടുകയോ അവൻ തിരിച്ച് ഗൗനിക്കുകയോ ചെയ്തിട്ടില്ല. നേരാംവണ്ണം ഒന്നു മിണ്ടിയിരുന്നത് പുലയൻ നാണുവിനോടു മാത്രമായിരുന്നു. അവനാണെങ്കിൽ നല്ല കാലത്തു മരണപ്പെടുകയും ചെയ്തു.
''ചെല്ലമ്മോ... രായപ്പക്ക് കാമുകിയൊണ്ടെന്ന് കേട്ട്, അതാര്?''
''അതറിയില്ല പെണ്ണേ... അതറിയാവുന്നത് രായപ്പക്കും നാണുവിനും അവൾക്കും മാത്രമാണ്.'' ബാക്കി പറയാതെ ചെല്ല എണീറ്റ് ഉള്ളിലേക്കു പോയി. രാജമ്മ വിട്ടില്ല.
''അയാൾ തമിഴനല്ലേ... എങ്ങനെയിവിടെ? ഇപ്പോ നാട്ടുകാർക്ക് അയാൾ നല്ലവനാണല്ലോ..!''
ചെല്ല ഒന്നും മിണ്ടിയില്ല.
കെട്ടകഥകളുള്ള ഒരാൾ പെട്ടെന്നൊരു ദിവസം മുതൽ ഇല്ലാതാവുമ്പോൾ ചിലരുടെയെങ്കിലും മനസ്സിലൊരു പൊള്ളയായ വട്ടം വീഴും. അങ്ങനെയുള്ള വട്ടങ്ങളിൽനിന്ന് പലരും വർത്തമാനങ്ങളിൽ നമ്മുടെ പൂടരായപ്പയെന്നും ചേർത്ത് പറഞ്ഞുനടന്നു.
ചെല്ല, നാണു തന്നോടുമാത്രം രഹസ്യമായി പറഞ്ഞുതന്ന കാമുകിയുടെ കഥയോർത്തു. യഥാർഥത്തിൽ അയാൾ പോണ്ടിച്ചേരിയിലെ ഇരുമ്പൈക്കാരനായിരുന്നു. കടലു ചുറ്റി നിൽക്കുന്ന ജീവിതം. പത്താം വയസ്സുതൊട്ട് കടലോരത്തു കക്ക പെറുക്കിയും മീനുണക്കിയും അയാൾ ഒരു വക കണ്ടെത്തും.
തമിഴ്നാട്ടിൽനിന്നു സൈക്കിൾ യജ്ഞം പോണ്ടിച്ചേരിയിലെത്തിയ കാലമായിരുന്നു. അഭ്യാസം നടക്കുന്നയിടങ്ങളിലെല്ലാം അവൻ കാണും. ആളുകൾ കൂടുന്നതിന് മുമ്പും വിശ്രമത്തിലും മാറ്റിനിർത്തിയിട്ടുള്ള സൈക്കിളുകളിൽ തൊടും. പതിയെ പതിയെ കൂടുതൽ വിസ്മയിപ്പിച്ച ഒരു കൂട്ടരോടൊപ്പം ചേരുകയും പലതും കൈവശമാക്കുകയും ചെയ്തു.
യജ്ഞം പഠിപ്പിച്ച സംഘത്തിന്റെ അവസാനത്തെ കളിയായിരുന്ന ദിവസം, അതുവരെയില്ലാത്തവണ്ണം മാസ്റ്റർ അവന് കൂടുതൽ സമയം നൽകി. മണലുകുറുകിയ നിലമായതുകൊണ്ടു തന്നെ രായപ്പക്ക് നന്നേ പണിപ്പെടേണ്ടിവന്നു. അന്നാണവളെ ആദ്യമായി കാണുന്നത്. അവളും. വട്ടത്തിൽ പെഡലു നീക്കുന്നതിനിടെ അവൾ തന്നെത്തന്നെ നോക്കിനിൽക്കുന്നതു രായപ്പ കണ്ടു. ഇതുവരെ ആരോടും തോന്നാത്തവിധം അവനവളോടു ചേർന്നിരിക്കാനും ഉമ്മവെക്കാനും തോന്നി.
പിറ്റേന്ന് സംഘം അവന് പഴഞ്ചൻ ഹെർക്കുലീസിന്റെ ഒരു വണ്ടി ഇത്രയും നാളത്തെ കൂലിയായി കൊടുത്തു. രായപ്പ അതിൽ അവളെ ഇരുമ്പൈ മുഴുവൻ തപ്പി. പലരോടും അന്വേഷിച്ചു. കേരളത്തീന്നു വിരുന്ന വന്നതാണ്. അവൻ അറൈക്കൽമേട്ടിലേക്കു ചവിട്ടി. അവളെ കണ്ടു. അന്നവനു വയസ്സ് ഇരുപത്. അവൾ നന്നേ ചെറുപ്പം. മുള്ളണമെന്നും പറഞ്ഞ് മാമിയുടെ വീടിന്റെ പുറകുവശത്തുള്ള ഓലമറയിലേക്കവൾ നടന്നു. അവർ പരസ്പരം ഒന്നും മിണ്ടിയില്ല. അന്നു വൈകീട്ട് അവൾ നാട്ടിലേക്ക് തിരിച്ചു.
ആ രാത്രി രായപ്പക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചക്കെപ്പോഴോ മയങ്ങി. അമ്മയുടെ നിലവിളി കേട്ട് ഞെട്ടിയുണരുമ്പോൾ ഇരുമ്പൈ മുഴുക്കെ കണ്ണീരിലായിരുന്നു. തീരം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഓണൈചൊറി. വയലറ്റുനിറത്തിൽ നീരാളിപോലെ കാലില്ലാത്ത മത്സ്യമാണത്. അപകടമാണ്. ആദ്യം ശരീരം മുഴുവൻ അതിന്റെ ശ്വാസം തട്ടി ചൊറിഞ്ഞു പൊട്ടുകയും, പിന്നെയതു പുഴുത്തുനാറുകയും ചെയ്യും. മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അവയെ രായപ്പ കാണുന്നത്. അതിന് കാലങ്ങളായി പുകവലിക്കുന്നവന്റെ കഫംപോലെ കട്ടിയും ഒരു കൈ വലുപ്പവുമുണ്ടായിരുന്നു. നാട് മുഴുവൻ അടുത്ത ഊരുകളിലേക്കു പെരമാറാൻ തുടങ്ങി. ഈ കരവക്കത്തു ജനിച്ചാ ഇവിടെക്കിടന്നുതന്നെ ചാകണമെന്നും പറഞ്ഞ് രായപ്പയുടെ അമ്മ എങ്ങും പോകാൻ കൂട്ടാക്കിയില്ല. അവനതിന് ഒരുക്കമല്ലായിരുന്നു. റിമ്മ് വളഞ്ഞ ഒരു വണ്ടിയിൽ അവൻ അറൈക്കൽമേട്ടിലേക്കും, പിന്നീട് കേരളത്തിലേക്കും ചവിട്ടി. തമിഴ്നാടു മുട്ടി കേരളം. അതിർത്തിയിലെത്താൻ നാല് ദിവസവും കൃത്യം സ്ഥലം കണ്ടെത്താൻ പതിനാലു ദിവസവും എടുത്തു. അതിർത്തി കടന്നപ്പോൾത്തന്നെ ഇനിയെനിക്കു വയ്യെന്റെ കൊച്ചേന്നും പറഞ്ഞ് സൈക്കിൾ വഴിയോരത്തു മലച്ചു.
അവളുടെ കല്യാണം കഴിഞ്ഞ് അന്നേക്കു നാലാം പക്കം. മലബാറിലേക്കാണ്. കൂടുതലൊന്നുമറിഞ്ഞില്ല. രായപ്പ അയ് രുമേടിൽ മുറിമലയാളവുമായി കാത്തിരുന്നു. പുഴയിൽ വലയിട്ടും കെണിവെച്ചു പന്നികളെ കുടുക്കിയും വളർന്നു.
കല്യാണം കഴിഞ്ഞ അടുത്തകൊല്ലം അവളുടെ അപ്പനും അമ്മയും വസൂരി വന്ന് മരിച്ചു. ആരും തിരിഞ്ഞു നോക്കിയില്ല. അവളാണേൽ അറിഞ്ഞതുമില്ല. മൂന്നാം കൊല്ലം അയ് രുമേടിലേക്കു തിരിച്ചുവന്നു. ഒക്കത്തു രണ്ടു പിള്ളേരും. അടുത്ത നാട്ടിലെ ആകെയുള്ള ബന്ധുക്കളെ അവൾ വലിയ അസഭ്യം പറഞ്ഞു. കെട്ട്യോൻ പാമ്പ് കടിച്ചു ചത്തുപോയെന്നും അതല്ല അവൾ വിഷം കൊടുത്തു കൊന്നതാണെന്നും നാട്ടിൽ പരന്നു. വീട്ടിൽനിന്നു പുറത്തിറങ്ങിയില്ല. ഉറക്കമില്ലാതെ തെങ്ങോല മെടഞ്ഞുവിറ്റ് പിള്ളേരെ നോക്കി.
മാസങ്ങളെടുത്ത് ആസൂത്രണത്തിനൊടുവിൽ, യാദൃച്ഛികമെന്നോണം രായപ്പ അവളെയൊന്നു കാണും. ഒന്നും മിണ്ടാതെ വഴിമാറിപ്പോകും.
പിന്നെയവൻ പൂടയുണ്ടാക്കാനും അതുവഴി ഒളവൻ മീനുകളെ പിടിക്കാനും തുടങ്ങി. പുകക്കാൻ വെട്ടാത്ത തിരി കത്തിച്ച് പുഴക്കരികിലെ കണ്ടൽപൊന്തയിൽ ചിരട്ടവളച്ചു പതുങ്ങിയിരിക്കും. ഓളങ്ങൾക്കുമീതെ വട്ടത്തിൽ കറക്കും. ഒളവൻമാർക്ക് നീലക്കണ്ണുകളാണ്. അവ വെട്ടംകണ്ട് പൊന്തിവരുന്ന സമയം ആട്ടിക്കൂർപ്പിച്ച ഉരുക്കെടുത്ത് കുത്തിപ്പിടിക്കും.
ദൂരെ എവിടെയോ മഴ കനത്തെന്നു കാണിക്കാൻ, ഒരു രാത്രി ചാഞ്ഞൊഴുകിയ കരിമ്പുഴയിൽ ഒരനക്കം കണ്ടു. ചാടിപ്പിടിച്ച് കരമേൽ ഇട്ടു. തോളിലേറ്റി നടന്ന് കൂരയിൽ കിടത്തി. തിന്നാൻ കൊടുത്തു. പേരുമാത്രം ചോദിച്ചു. അയാൾ പേര് മാത്രമായി പറഞ്ഞില്ല.
''നാണു. പുലയവരമ്പീന്ന് വെള്ളപ്പാച്ചിലിൽ പെട്ടുപോയി.'' ആരുമില്ലാത്ത രണ്ട് ആത്മാക്കൾ രാത്രികളിൽ കരിമ്പുഴയെ വരിഞ്ഞു മുറുക്കി പേടിപ്പിച്ചു.
അടുത്തടുത്തു വരാത്ത നീളം കുറഞ്ഞ രാത്രികളിൽ, രണ്ടു കുപ്പി ചാരായം മോന്തി, പുഴക്കു നടുക്കിലെ ഒഴുക്കിനു പാകത്തിൽ വള്ളം കുത്തിനിർത്തി നാണു രായപ്പയെ മലയാളം പഠിപ്പിച്ചു. നിലാവത്ത്, വായുവിൽ വാക്കുകൾ എഴുതി കാട്ടിക്കൊടുത്തു. കൃത്യമായ ഇടവേളകളിൽ രായപ്പ വീണ്ടും അതിന്റെ ഉച്ചാരണം തെറ്റിച്ച് നാണുവിനെ നോക്കും.
''ഭാഷ ഭംഗിക്കല്ലടാ പൂടേ... കാര്യം പറയാനാണ്.'' ഒരുപക്ഷേ ആദ്യമായി രായപ്പയെ പൂട രായപ്പ എന്നു വിളിച്ചത് അവനായിരിക്കും. എങ്കിലും പലതിനെയും രായപ്പ പതിയെ വഴക്കിയെടുത്തു. എന്നിട്ടും വഴങ്ങാത്തവയെ വലിയ തെറിവിളിച്ച് ഭയപ്പെടുത്തി. ഒരു കൊടുങ്കാറ്റിനും മാരിക്കും കുലുക്കാൻ കഴിയാത്തവിധം രായപ്പയൊരു ഉശിരുള്ള വേരായിരുന്നു. അവർ ഒപ്പം വലിച്ചും കുടിച്ചും തിന്നും ജീവിച്ചു.
പൂടയെപ്പറ്റി കേട്ട് പല ദിക്കിൽനിന്നും ആളുകളെത്തി. തനിക്കു ബോധ്യപ്പെട്ട ചുരുക്കം ചിലർക്ക് പൂടമട്ട് പറഞ്ഞുകൊടുത്തു. പക്ഷേ രായപ്പയുടെ എരിവാർക്കും അതിൽ കിട്ടിയില്ല.
വർഷങ്ങൾ കടന്നുപോയി. പന മുകളിലിരുന്ന് ചെത്തുകാരിൽ ചിലർ രായപ്പയെ പുഴവക്കത്ത് തുണിയില്ലാതെ ബോധരഹിതനായി കാണുകയും, അനക്കമില്ലാത്ത ശരീരം കണ്ട് ഭയപ്പെടുകയും ചെയ്യുന്നതിനു നാലു വർഷം മുമ്പ്. ഒരു രാത്രി പുലയൻ നാണുവിനെ ഒറ്റയാൻ കൊമ്പിൽ കോർത്ത് നീട്ടിയെറിഞ്ഞു.
ചില രാത്രികളിൽ അവർ കാടുകയറും. കാര്യമൊന്നുമില്ല. വെറുതെ. അതുവരേക്കും രായപ്പയോടൊപ്പം മാത്രമായിരുന്നു നാണു കാടുകയറിയിരുന്നത്. പൂട രായപ്പക്ക് അസാധ്യ ധൈര്യമാണ്. എല്ലാത്തിന്റെയും ഉള്ള് കാട്ടുമൃഗങ്ങൾക്കു തീ പേടിയാണ് എന്നതിലാണ്. ആനകളെയും മൂർച്ഛിച്ചു വരുന്ന മുള്ളൻപന്നികളെയും പൂടത്തിരി വീശി തിരികെ പായിക്കും. ആ ദിവസങ്ങളിലൊക്കെ കൂരക്കുള്ളിൽ മലർന്നുകിടന്ന് ഓലവിടവിലൂടെ അമുക്കുവെട്ടം മാനത്തേക്കു നീട്ടിയടിക്കും. ഉറക്കെയുറക്കെ സൈക്കിളഭ്യാസികൾ തലമുറ തന്നുപോയ കവിത ചൊല്ലും.
രാരാരാരാ...
രംഗേ രാരാരാരാ...
ഹുടുമ്പേ രാരാരാരാ....
രായപ്പക്ക് അയ് രുമേടിലെ ആദ്യ ബന്ധവും അവസാന ബന്ധവും നാണുവായിരുന്നു. തന്റെ കാര്യങ്ങൾ പറയുകയല്ലാതെ അവന്റെ കാര്യങ്ങളൊന്നും തിരക്കിയില്ല. നാണുവിന്റെ അസാന്നിധ്യത്തിൽ ഇടക്ക് അവളെ കാണാൻ പോകും. ചിലപ്പോൾ കാണും. മറ്റു ചിലപ്പോൾ കാണില്ല.
മോളിലുള്ളവന്റെ കൈയിൽനിന്ന് യാതൊരു ലക്ഷ്യവുമില്ലാതെ വീണൊരു രാത്രി എവിടെനിന്നോ വന്ന് അയ് രുമേടിന്റേതായ പൂട രായപ്പയെ കൊണ്ടുപോയി. കാമുകി ചത്തുവെന്നും അതുമൂലം വിഷം തിന്നു തീർന്നതാണെന്നും നാട്ടുകാർ പറഞ്ഞു. കരിമ്പുഴയിൽ കിടന്ന് ഉണ്ടാക്കാൻ നിന്നാൽ അതാണു വിധിയെന്നും പറഞ്ഞ് പലരും കുത്തി. വേറെ കുറച്ചുപേർ ഇനിയെന്ത് വെടിപറയുമെന്നറിയാതെ തല പുകച്ചു.
കുറച്ചുനേരം ചെല്ല ഒന്നും മിണ്ടിയില്ല. ശേഷം, പോയി പണിയെന്താന്നു വെച്ചാ നോക്കെന്റെ പെണ്ണേന്നും പറഞ്ഞു കുളിക്കാൻ കയറി. വെള്ളം പാറ്റി വീഴുന്ന ശബ്ദം. രാജമ്മ അങ്ങനെത്തന്നെ ഇരുന്നു. രേണുകനെ ഓർത്തു.
ഇതെല്ലാം വീണ്ടും കേട്ട് മാന്ത്രികവടി പിടിച്ചു മോളിലിരുന്നവന്റെ തല പെരുത്തു. കൈവിട്ടുപോയ ആ രാത്രിയെ ഓർത്ത് പശ്ചാത്തപിച്ചു. ഇനിയൊന്നും ചെയ്യാൻ കഴിയാത്തവിധം സംഗതി തെന്നി മാറിയതിനാൽ എന്തേലും കാട്ടട്ടേന്നും പറഞ്ഞ് ഇതുങ്ങളുടെ കാര്യം അന്നേ മറന്നതാണ്. ഇതിപ്പോ വീണ്ടും കേട്ട് മനസ്സാകെ അസ്വസ്ഥത തോന്നുന്നല്ലോ എന്ന് കെട്ട്യോളോടു പറഞ്ഞു. അവളാണേൽ അയാൾ ഊരിയെറിഞ്ഞ ജീവിതത്തിൽ അറിയാത്ത മാതിരി എന്തേലുമൊക്കെ പണികാട്ടുന്നുണ്ടായിരുന്നു. മോളിലുള്ളോൻ ഒരയവ് കിട്ടാൻ പിരിവെട്ടാത്തൊരു ചുരുട്ടെടുത്തു വലിച്ചു.
അന്ന് സന്ധ്യക്കു പമ്മൻ ചെല്ലയെ വിളിച്ച് അടുത്തിരുത്തി. രേണുകന്റെയും രാജമ്മയുടെയും കാര്യം പറഞ്ഞു. ചെല്ല മുകളിലേക്കു നോക്കി. ഇരുണ്ട് പെണഞ്ഞു കിടന്ന മാനത്ത് അവിടെവിടെയായി കണ്ണാണ തെളിച്ചം.
''നമ്മുടെ കൂട്ടരാണോ.''
''നമ്മടെ തന്നെ... പക്ഷേങ്കില് അവരുടെ നാട്ടില് കടുപ്പട്ടന്മാര് എഴുത്തച്ഛന്മാരെന്നാണ്. ഓരോ നാട്ടില് ഓരോ പേര്.'' ചെല്ല കുറച്ചുനേരം കണ്ണുകളടച്ച് മിണ്ടാതിരുന്നു.
തുടയിടുക്കിലൂടെ ചോര കലങ്ങിയൊലിച്ചതും, തന്റെ കല്യാണവും ജീവിതവും അതിനിടക്ക് ഉപേക്ഷിച്ചുപോയ ഭർത്താവിനേയും ഓർത്തു. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ചെല്ലക്കതു സ്വാഭാവികമാണ്. രേണുകനെപ്പറ്റി പമ്മന് അറിയാവുന്ന കാര്യങ്ങളെല്ലാം കേട്ടു. ശേഷമൊന്നു മൂളി. അതിലെല്ലാം ഉണ്ടായിരുന്നു. ചില പ്രത്യേക സാഹചര്യത്തിൽ ചെല്ല ഗൗരവവതിയാവുകയും അളന്നു മുറിച്ചു സംസാരിക്കുകയും ചെയ്യും. പമ്മന് സന്തോഷമായി.
പിറ്റേന്ന് രേണുകനോടു കവലവരെയെന്നും പറഞ്ഞ് രാജമ്മയെയും കൂട്ടി കുറച്ചുദൂരെ നെയ്യാറ്റിൽ പോയി. ഭാവി മച്ചാനു കൊടുക്കാൻ തറി മുണ്ടും ഷർട്ടും തോർത്തും വാങ്ങി. പെങ്ങളെ സിനിമ കാട്ടാൻ ടാക്കീസിൽ കയറ്റി. ശേഷം, പുടവ കൊടുക്കാൻ നേരെ മാടത്തിലേക്കു പോകണമെന്ന് കണക്കുകൂട്ടി.
ആ സന്ധ്യക്കാണ് ചെല്ല ചുണ്ണാമ്പും വേപ്പിലയും കൂട്ടിയരച്ച നീറ്റുമരുന്നുമായി തൂറ്റംകുണ്ടിലേക്കു നടന്നത്. പനയിൽ മുട്ടി, ബലത്തിൽ ഓങ്ങിക്കെട്ടിയ മാടക്കാലിലേക്ക് കുങ്കുമനിറം വന്ന പനമ്പഴത്തിന്റെ നീരുകുടിച്ച് മത്ത്കുത്തി വീഴുന്ന നെയ്യട്ടകളുടെ ഇറുമ്പൻ പാടുകൾ രേണുകന്റെ പുറത്തപ്പാടെയുണ്ട്. കശുമാവിൻ പശകൊണ്ട് മൂട്ടിലെ ഓട്ടയടച്ച കരഞ്ചിരട്ടയിൽ മരുന്ന് ഇളം പച്ചനിറത്തിൽ അൽപം കട്ടിയായി കിടന്നു.
കാട്ട്, പെരട്ടിത്തരാമെന്നും പറഞ്ഞ് ചെല്ല മാടത്തിനുള്ളിലിരുന്ന രേണുകന്റെ കയ്യില്ലാത്ത ബനിയൻ ഊരിമാറ്റി. അയ് രുമേടിലേക്ക് പതിയെ ഇരുട്ടരിച്ചുവരുന്ന സമയമായിരുന്നു. മരുന്ന് തോണ്ടി കുത്തു വീണ ഇടങ്ങളിലൊപ്പി. നീറ്റലുകാരണം അവനൊന്നു പുളഞ്ഞു.
''ഇളക്കല്ലേടാ... ആണായാൽ ഉട്ടാമണി മാത്രം പോരാ... ധൈര്യംകൂടി വേണം...'' ചെല്ല പല്ലു കൂട്ടിച്ചിരിച്ചു. ശബ്ദമില്ലാതെ രേണുകനും. എണീപ്പിച്ചിരുത്തി വയറിലും ഇടുപ്പിലും കാൽവണ്ണയിലും ഉണ്ടകൂട്ടി വെച്ചു.
തന്റെ ഉറച്ച പുറംപേശിയിലേക്ക് മൃദുത്വമുള്ള മുഴകൾ വന്ന് അമരുന്നതായി രേണുകനു തോന്നി. വെറ്റിലമണക്കുന്ന ശ്വാസം ചെവിയിടുക്കിൽ തട്ടി. മുറുക്കെ കണ്ണടച്ചിരുന്നു. മാടതൂക്ക് ഇറങ്ങിയതും കരിമ്പുഴക്ക് ആഴം കൂട്ടുന്ന മണൽ പുല്ലുകൾക്കിടയിൽ കിടക്കുന്നതും രേണുകനു സ്വപ്നംപോലെ തോന്നി. വിലങ്ങനെ കിടന്ന അവൻ ചെല്ലയുടെ കണ്ണുകളിലേക്കു നോക്കി. പാതിയടഞ്ഞ കൂൺകൂമ്പുപോലെ അവയങ്ങനെ നീരുകെട്ടിക്കണ്ടു. ഉടയാത്ത മിനുസമുള്ള അരക്കെട്ട് രേണുകൻ അടുപ്പിച്ചു. നിറം വാടിയ സാരിയുടെ ഇടുപ്പുകുത്തുകൾ മുകളിൽനിന്നു പതിയെ അയഞ്ഞു. ചെല്ലയുടെ ശരീരത്തിന് വിള്ളലുതട്ടാത്ത തേൻകല്ലുകളുടെ നിറമായിരുന്നു. ഇളുമ്പ് ഭാഗത്തിനു ചൂടടിപ്പിക്കുന്ന തീ മണം.
അതേസമയം, പമ്മനും രാജമ്മയും രേണുകനെ മാടത്തിൽ കാണാതെ ഷാപ്പിലേക്കും അവിടെനിന്ന് കാളച്ചന്തയിലേക്കും നടന്നു. പെങ്ങളെ ഒറ്റക്കിരുട്ടത്ത് വീട്ടിലേക്കു പറഞ്ഞുവിട്ട് പമ്മൻ അരകനിടയിലൂടെ ഉറക്കെ കൂവി. തിരഞ്ഞു നടന്നു. വിയർത്തു.
ചെല്ല അവനെ മലർത്തിക്കിടത്തി ഇടുപ്പിന് കയറിയിരുന്നു. തോളിൽ മൊട്ടുകുത്തി ശരീരമിളക്കി. മാറിനു നടുക്കിലേക്കവന്റെ മുഖം പൊത്തി. വെറ്റിലച്ചുവയുള്ള വായ നുണയുമ്പോൾ രേണുകന്റെ ചെന്നിയിലൊരു കൊള്ളിയാൻ വെട്ടി. വേഴ്ചയുടെ അവസാന കുതിപ്പുകളിൽ രേണുകന്റെ ചെവിക്കടിയിലായി താടിക്കും കഴുത്തിനുമിടയിൽ ഒരു തണുപ്പ്. അത് പതിയെ ആഴ്ന്നുപോകുന്നമാതിരി അവനു തോന്നി. തുരുമ്പിച്ച ഉരുക്കിലാട്ടി, മുനകൂർപ്പിച്ച മാൻകൊമ്പ്, ഒരു കൈപ്പത്തിനീളത്തിൽ കഴുത്തിന്റെ അങ്ങേ തലക്കു മുട്ടി. സ്ഥാനം മാറി വീണ്ടും ആഴ്ന്നു. ശേഷം ചെല്ലയത് വലിച്ചൂരി.
പൂർണമാകാത്ത ഒന്നിന്റെ പകരമെന്നോണം അവൻ കുറച്ചു ശ്വാസം ആവുന്നവണ്ണം മേപ്പോട്ടു വലിച്ചു.
മോളിലുള്ളവൻ കെട്ട്യോളെ നോക്കി ചിരിച്ചു.
പമ്മൻ കരിമ്പുഴയുടെ കടവത്തുനിന്ന് കിതച്ചുകൊണ്ടു രേണുകനെ നീട്ടിവിളിച്ചു. പുഴക്കപ്പുറത്തു നിന്നൊരു വെട്ടം ആകാശത്തോട്ട് പൊന്തി. എരിഞ്ഞു പൊന്തുന്ന എന്തോ ഒന്ന് വായുവിൽ പലവട്ടം കറങ്ങിനീണ്ടു. ഏറ്റവും അവസാനം അകലെനിന്നൊരു കവിത കേട്ടു.
രാരാരാരാ...
രംഗേ രാരാരാരാ...
ഹുടുമ്പേ രാരാരാരാ...
മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷങ്ങളുമായി ഭാഗമായി സംഘടിപ്പിച്ച കഥാ മത്സരത്തിൽ രണ്ടാം സ്ഥാനത്തിന് അർഹമായകഥയാണിത്.