തീവ്രലെഫ്റ്റ്
വാഗമണിന്റെ പച്ചക്കുന്നുകളും തണുപ്പുമെല്ലാം നുകർന്ന് ഒരു യാത്ര കഴിഞ്ഞെത്തിയ ക്ഷീണം ഉണ്ടെന്നല്ലാതെ ഈ ഞായറാഴ്ചക്ക് ഒരു പ്രത്യേകതയും വിനയക്ക് തോന്നിയില്ല. വാഗമണിലെ മണ്ണിൽനിന്നുള്ള തുറന്ന ആകാശക്കാഴ്ചകൾ ഓർത്തു അവൾ പുതപ്പിനുള്ളിലേക്ക് വീണ്ടും ചുരുണ്ടുകൂടി. നീലാകാശവും പച്ചക്കുന്നുകളും...
Your Subscription Supports Independent Journalism
View Plansവാഗമണിന്റെ പച്ചക്കുന്നുകളും തണുപ്പുമെല്ലാം നുകർന്ന് ഒരു യാത്ര കഴിഞ്ഞെത്തിയ ക്ഷീണം ഉണ്ടെന്നല്ലാതെ ഈ ഞായറാഴ്ചക്ക് ഒരു പ്രത്യേകതയും വിനയക്ക് തോന്നിയില്ല. വാഗമണിലെ മണ്ണിൽനിന്നുള്ള തുറന്ന ആകാശക്കാഴ്ചകൾ ഓർത്തു അവൾ പുതപ്പിനുള്ളിലേക്ക് വീണ്ടും ചുരുണ്ടുകൂടി. നീലാകാശവും പച്ചക്കുന്നുകളും ഓർമകളുടെ കൂട്ടിെലാതുക്കി തന്റെ കൂടാരത്തിൽ അൽപനേരംകൂടി ഉറങ്ങാനായിരുന്നു തിടുക്കം. കുഞ്ഞുകാടിന്റെ വന്യതക്ക് നടുവിലെ തന്റെ വീടിനുമുണ്ടല്ലോ വാഗമണിന്റെ കുളിര്. പക്ഷേ, ഉറക്കം എങ്ങോ പോയിരുന്നു.
രാവിലെ എഴുന്നേൽക്കും മുമ്പ് വാട്സ്ആപ് നോക്കുന്ന ശീലം അവൾ അന്നും തെറ്റിച്ചില്ല. 'ഗ്രേറ്റ് ഫ്രണ്ട്സ്' ഗ്രൂപ്പിൽ പുതിയ യാത്ര പോകുന്നതിനെക്കുറിച്ചാണ് ചർച്ച. കുതിരാൻ തുരങ്കപാതയിലൂടെ ഒരു സൈക്കിൾ സവാരി നടത്താനാണ് പ്ലാൻ. അതേക്കുറിച്ച് ചർച്ച കൂടുതൽ മുന്നോട്ടുപോകുമ്പോഴേക്കും വിനയ ഇടയിൽ കയറി മെസേജ് ഇട്ടു.
''ഞാൻ വരില്ല... തുരങ്കങ്ങൾ മഹാ ബോറാണ്...''
അന്തംവിട്ടുകൊണ്ട് ധന്യ ഒരു ഇമേജ് ഇട്ടെങ്കിലും വിനയ വീണ്ടും പറഞ്ഞു.
''സൈക്കിൾ എന്നല്ല, ഒരു വാഹനത്തിലും ആ വഴി ഞാൻ വരില്ല.''
ദിവസങ്ങളോ മഴയോ വെയിലോ നോക്കാതെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സൈക്കിളിലും കാറിലുമെല്ലാം ഒറ്റക്ക് സഞ്ചരിക്കുന്ന വിനയയുടെ മറുപടി ഗ്രൂപ്പിലെ മറ്റു അംഗങ്ങളെ അൽപം ചൊടിപ്പിച്ചു. പ്രത്യേകിച്ച്, ചോംസ്കി എന്ന് വിളിപ്പേരുള്ള ബിനോജിന്.
''എന്നാൽ നീ വയനാട് ചുരത്തിനു ബദലായി തുരങ്കപാത വരുന്നതു വരെ കാത്തിരിക്ക്.''
അൽപം ഈർഷ്യയോടെ ബിനോജ് ഗ്രൂപ്പിൽ മെസേജിട്ടു. അത് വായിച്ചു സുനിയും ധന്യയും റംസാനയുമെല്ലാം ബിനോജിന് ലൈക് നൽകി.
''തുരങ്കങ്ങൾ വന്നോട്ടെ. നല്ലത്. പേക്ഷ, ആ വഴിയും ഞാൻ പോകില്ല. എനിക്ക് വേണ്ടത് റോപ് വേകളാണ്. അടച്ചിട്ട ഇരുണ്ട വഴികൾക്ക് പകരം വിശാലമായ പച്ചക്കുന്നുകളും ഇളം കാറ്റും കോടമഞ്ഞുമൊക്കെ കൺനിറയെ കാണണം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ചിറകുവിരിക്കണം.'' ഭാവനയുടെ കാടു പടർത്തി വിനയ പറഞ്ഞു.
ഇവൾക്ക് വിനയ എന്നല്ല, നിഷേധി എന്നാണു പേരിടേണ്ടതെന്നു ധന്യയുടെ മെസേജ് വന്നതും വിനയ ഗ്രൂപ്പിൽനിന്നും ലെഫ്റ്റ് അടിച്ചു.
അവൾ ഇടതുപക്ഷത്തുനിന്നും തീവ്ര ഇടതുപക്ഷത്തേക്ക് വഴിമാറുന്നതാണ് ഇടക്കിടെ ലെഫ്റ്റ് അടിക്കുന്നതെന്നു ബിനോജ് വിലയിരുത്തി.
വിനയയുടെ ഈയിടെയുള്ള സ്വഭാവം അങ്ങനെയാണ്. പല വാട്സ്ആപ് ഗ്രൂപ്പിൽനിന്നും വിനയ ഇറങ്ങിപ്പോകുന്നു.
ചർച്ചകൾ കൊടുമ്പിരിക്കൊള്ളുമ്പോൾ അതുവരെയില്ലാത്ത അസ്വസ്ഥതകൾ വിനയ പ്രകടിപ്പിക്കും.
ഓരോ വാട്സ്ആപ് ഗ്രൂപ്പിനുള്ളിലും ഒരു തുരങ്കം ഒളിഞ്ഞിരിപ്പുണ്ട്. ഇടത്തോട്ടോ വലത്തോട്ടോ മുകളിലേക്കോ ചായാൻ ആവാതെ ഒറ്റവഴി മാത്രമുള്ള തുരങ്കങ്ങൾ എന്നുമൊരു ശ്വാസംമുട്ടലാണ്. ഉള്ളിൽ കയറിയാൽ വഴി തീരുന്നതുവരെ ഒരു വീർപ്പുമുട്ടൽ. ആ വീർപ്പുമുട്ടലാണ് പല വാട്സ്ആപ് ഗ്രൂപ്പുകളും തനിക്ക് സമ്മാനിക്കുന്നത്. മിക്കയിടത്തും ഓരോ ദിനവുമുണ്ടാകും ഏതെങ്കിലും വിഷയത്തിൽ തർക്കങ്ങൾ.
കൂടുതൽ സംഘർഷങ്ങൾ, ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ, സാഹിത്യകൃതികളെ കുറിച്ചുള്ള തർക്കങ്ങൾ എന്നുവേണ്ട കോഴിക്കോട്ടെ ഏതു ഹോട്ടലിലാണ് ബിരിയാണിക്ക് സ്വാദ് കൂടുതൽ എന്ന തർക്കം വന്നാൽപോലും വിനയ ലെഫ്റ്റ് അടിക്കും. അതോടെ അവൾക്ക് പുതിയ പേരും വീണു – തീവ്ര ലെഫ്റ്റ്.
അപ്പോഴൊക്കെ വിനയ ഒരു തുരങ്കത്തിൽനിന്ന് രക്ഷപ്പെട്ടതുപോലെ ദീർഘനിശ്വാസം വിടും. ഇങ്ങനൊരാളെ തിരിച്ചെടുക്കേണ്ടെന്നു ചില ഗ്രൂപ്പുകളിൽനിന്നൊക്കെ അഭിപ്രായവും ഉയരും. ഒടുവിൽ ഇതാ തന്റെ ഏറെ പ്രിയപ്പെട്ട കൂട്ടുകാരുള്ള ഗ്രേറ്റ് ഫ്രണ്ട്സ് ഗ്രൂപ്പിൽനിന്നും വിനയ ഓടിയൊളിക്കുന്നു.
ഗ്രൂപ്പിൽനിന്ന് ലെഫ്റ്റ് അടിച്ചശേഷം വിനയ ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടു. ഫേസ്ബുക്കിൽനിന്നും ഡിആക്ടിവേറ്റ് ചെയ്യാനായി പിന്നെയുള്ള തീരുമാനം. ഡിആക്ടിവേറ്റ് ചെയ്ത നാളുകളിൽ എപ്പോഴെങ്കിലും താൻ മരിച്ചുപോയാലോ എന്ന് വിനയ സങ്കോചിച്ചു. േഫസ്ബുക്കിലാണ് തന്റെ നല്ല ഫോട്ടോകൾ പലതുമുള്ളത്. താൻ മരിച്ചാൽ ആ ചോംസ്കി ബിനോജെങ്ങാൻ അവന്റെ കയ്യിലുള്ള ഏതെങ്കിലും ബോറൻ പടം എഫ്.ബിയിൽ ഷെയർ ചെയ്താൽ മറ്റുള്ളവരും അതെടുത്തു പോസ്റ്റിടും. അങ്ങനെ ആർക്കും കീഴടങ്ങേണ്ട എന്ന് കരുതി വിനയ ഫേസ്ബുക്ക് അക്കൗണ്ട് തുടരാൻ തീരുമാനിച്ചു.
പക്ഷേ, മനസ്സ് അസ്വസ്ഥമായിരുന്നു. അസ്വസ്ഥതകളുടെ പാമ്പും കോണിയും നിറഞ്ഞതാണ് തന്റെ മനസ്സ് എപ്പോഴുമെന്ന് അവൾക്ക് തോന്നി. ആ പാമ്പും കോണിയും തലയിലൂടെ പെരുകുമ്പോൾ അവൾ വായനമുറിയിലേക്ക് നടന്നു.
അവിടെ ഒരു കസേരയിൽ കാലിൽ കാലും കയറ്റി അൽപനേരം കണ്ണടച്ചിരുന്നു. ശിശിരത്തിൽ വെടിയൊച്ചകൾ മുഴക്കാൻ യു.പി. ജയരാജ് കഥയിൽനിന്നിറങ്ങി അവളോട് പറഞ്ഞു. വിനയ ഒന്നുകൂടെ കസേരയിൽ അമർന്നിരുന്നു. തന്റെ പേരിൽ മാത്രം വിനയം ബാക്കിയാക്കി വിനയ ഒരു സിഗരറ്റിനു തീ കൊളുത്തി.
തോക്കിൽനിന്ന് വെടിയുതിർക്കുന്നതുപോലെയാണ് സിഗരറ്റ് കുറ്റികളിൽനിന്ന് പുകച്ചുരുളുകൾ പോകുന്നത്. കത്തിയെടുത്തു നേരാംവണ്ണം പച്ചക്കറിപോലും അരിയാൻ തനിക്കാവില്ല. എന്നിട്ടും, ഇരട്ടപ്പേര് -തീവ്ര ലെഫ്റ്റ്. ഇതൊക്കെ ആരോടു പറയാൻ, ആര് കേൾക്കാൻ.
പെട്ടെന്ന് ജനലിന് ആരോ തട്ടുന്ന ശബ്ദം കേട്ട് അവൾ പുറത്തേക്ക് നോക്കി. പതിവുപോലെ മഞ്ഞയും കറുപ്പും കലർന്ന പക്ഷി വന്നു കൊത്തുകയാണ്. എത്ര നാളായി ആ പക്ഷി ഒന്ന് അകത്തേക്ക് കടക്കാൻ നോക്കുന്നു.
''എന്റെ കിളിക്കുഞ്ഞേ... നിനക്കുള്ളത് സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ്. കീഴടക്കാൻ വലിയൊരാകാശം മുന്നിലുണ്ട്. എവിടെയെല്ലാം സഞ്ചരിക്കാം. എന്നിട്ടും നീ ഈ ഇരുണ്ട തുരങ്കത്തിലേക്കാണല്ലോ വരാൻ ശ്രമിക്കുന്നത്'' – അവൾ പക്ഷിയെ നോക്കി വെറുതെ പറഞ്ഞു.
അടച്ചിട്ട മുറികളും വാട്സ്ആപ് ഗ്രൂപ്പുകളുമെല്ലാം വിനയക്ക് ഓരോ തുരങ്കങ്ങളാണ്. അഭിപ്രായങ്ങൾക്ക് എതിർപ്പുകൾ വന്നാൽ ഓരോ ഗ്രൂപ്പിലും തുരങ്കത്തിന്റെ നീളം കൂടിവരും. പിന്നെ അതിൽനിന്ന് രക്ഷപ്പെടാനാകും ശ്രമം. ഏറെനാൾ അതിൽ മൗനം തുടർന്നാലും ഒരു അസ്വസ്ഥത പുകയും. മറ്റാരെങ്കിലും തുടരുന്ന തർക്കങ്ങൾ വായിച്ചും ആ വീർപ്പുമുട്ടൽ തുടരും. അപ്പോഴേക്കും ഒരു തുരങ്കം അവളെ വന്നു പൊതിയും. പിന്നെ പുറത്തു കടക്കാനുള്ള വഴി അന്വേഷിക്കും. ഇടക്കിടെ ലെഫ്റ്റ് അടിക്കും, തിരിച്ചുവരും. അതോടെ, അവളുടെ പേരുതന്നെ 'തീവ്ര ലെഫ്റ്റ്' ആക്കി. സായുധ വിപ്ലവത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത അവളിതാ തീവ്ര ലെഫ്റ്റായി നടക്കുന്നു.
തനിക്ക് തുരങ്കങ്ങൾ ഭയാനകമാണെന്നു വിനയ ഒരിടത്തും പറഞ്ഞില്ല. കുറച്ചു വർഷം മുമ്പ് തായ്ലൻഡിലെ ഒരു ഗുഹയിൽ കുട്ടികൾ കുരുങ്ങിയ വീഡിയോ വൈറൽ ആവുമ്പോഴും അവൾ അധികം നോക്കിയില്ല. നൂണ്ടു നൂണ്ടു ഒരു നൂൽപാലം പോലെ കുട്ടികളെ രക്ഷിക്കാൻ ഇഴഞ്ഞുനീങ്ങുന്ന കാഴ്ച ലോകം ആകാംക്ഷയോടെ കാണുമ്പോൾ വിനയ കണ്ണടച്ച്, കാത്തു പൊതി തന്റെ മുറിയിലിരുന്നു. ഫഹദ് ഫാസിൽ നായകനായ 'കാർബൺ' ക്ലൈമാക്സ് കാണുമ്പോഴും ബേബി ശ്യാമിലിയുടെ 'മാളൂട്ടി' ടി.വിയിൽ വരുമ്പോഴുമെല്ലാം വിനയ കണ്ണടച്ച് അസ്വസ്ഥതകളിൽ വെന്തിരുന്നു.
ചിന്തകൾ മുറുകുമ്പോഴേക്കും അമ്മ ഉച്ചത്തിൽ വെച്ച കിഷോർ കുമാറിന്റെ പാട്ടുകൾ അവളുടെ ചെവിയിലേക്ക് വന്നു... ''നീലെ നീലെ അംബർ...''
നീലാകാശത്തിന്റെ പരപ്പിനെ അത്രയേറെ സ്നേഹിക്കുന്നതിനാൽ വിനയ ആ പാട്ടിന്റെ ലഹരിയിൽ അമർന്നു. അല്ലെങ്കിലും ഏതു വിഷമങ്ങളും അസ്വസ്ഥതകളും മായ്ക്കാനുള്ള കഴിവ് കിഷോർ കുമാറിന്റെ ശബ്ദത്തിനുണ്ട്. കിഷോർ മരിച്ച് പിന്നെയും കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ് വിനയ ജനിക്കുന്നത്. എന്നിട്ടും, എത്ര വേഗമാണ് ആ സ്വരമാധുരി വിനയയുടെ കാതുകളെ കീഴടക്കിയത്.
''നീലെ നീലെ അംബർ...'' കേട്ട് കഴിഞ്ഞപ്പോൾ അവൾക്ക് ആകാശം നോക്കി നടക്കണമെന്ന് തോന്നി. റബർത്തോട്ടങ്ങൾക്കിടയിലൂടെയുള്ള ടാറിട്ട വീതി കുറഞ്ഞ റോഡിലൂടെയാണ് നടത്തം. തുറന്ന വഴികൾ കണ്ടപ്പോൾ അമൽ നീരദ് സിനിമപോലെ ഒന്ന് സ്ലോമോഷനിൽ നടക്കണമെന്ന് അവൾക്ക് തോന്നി. ഈ നടത്തത്തിന് ഏതു ബി.ജി.എം ഇടണമെന്നായി പിന്നത്തെ ചിന്ത. അപ്പോഴേക്കും എതിരെ പശുവിനെയുംകൊണ്ട് ഒരാൾ നടന്നുവന്നു. പശുവിന്റെ വരവുകണ്ട് പേടിയായതോടെ സ്ലോമോഷനും ബി.ജി.എമ്മും ഇല്ലാതെതന്നെ ഒടുവിൽ അവൾ നടന്നു. അൽപം മുന്നോട്ടു നടന്നപ്പോഴേക്കും ഒരു വെയിറ്റിങ് ഷെഡിനു മുന്നിലെത്തി. ബസ് റൂട്ട് അല്ലെങ്കിലും രണ്ടു മൂന്നു ചെറുപ്പക്കാർ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇടത്തെ അറ്റത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് അവൾ ചെന്നിരുന്നു.
റോബർട്ടോ ലെവൻഡോസ്കി ബാഴ്സലോണയിലേക്ക് വരുമ്പോഴുള്ള മാറ്റത്തെ കുറിച്ചാണ് സംസാരം.
അതിനിടെ കൂട്ടത്തിൽ ബർമുഡയിട്ട പയ്യൻ അവളോട് ചോദിച്ചു:
''എങ്ങോട്ടാ, വണ്ടിയൊന്നും എടുക്കാതെ?''
''വെറുതെ ഇറങ്ങിയതാണ്.''
അവളുടെ മറുപടി അവനു തൃപ്തിവന്നില്ല.
''എന്നാലും... ഇവിടെ ഇരിക്കുന്നത്.''
അവൻ വീണ്ടും ചോദിച്ചു.
അവർ ഇരിക്കുന്നതുപോലെ തനിക്കും വെറുതെ ഇരുന്നുകൂടെ എന്ന് ചോദിക്കാൻ വന്നെങ്കിലും വിനയ ഒന്നും മിണ്ടിയില്ല. പിന്നെ അവിടെയും നിന്നില്ല. തിരിഞ്ഞു നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ പതുക്കെ പറഞ്ഞു:
''പണ്ടേ കിളിപോയതാണ്. അല്ലാണ്ട് വേറെ കുഴപ്പമൊന്നുമില്ല.''
അവൻ പറയുന്നത് കേട്ടെങ്കിലും സമൂഹമെന്ന വലിയ തുരങ്കത്തെക്കുറിച്ചാണ് അവൾ ചിന്തിച്ചത്. ഇടുങ്ങിയ ഒറ്റവഴിയിലൂടെ മാത്രം സഞ്ചരിക്കാനുള്ള ഒരു പാത. ആ വഴിയിൽ നടക്കുമ്പോൾ മുള്ളുകളും ഏറെ. അല്ലെങ്കിലും, പെണ്ണിന് ചെന്നിരിക്കാൻ പാടില്ലാത്ത അലിഖിത കേന്ദ്രങ്ങൾ എത്രയാണ് ഇന്നും നാട്ടിൽ. ചോദ്യശരങ്ങൾ, മുനയുള്ള നോട്ടങ്ങൾ...
വീട്ടിലെത്തിയ ഉടൻ വായനമുറിയിലെ കസേരയിൽ ചെന്നിരുന്നു. കാലിൽ കാലും കയറ്റി ഒന്നുകൂടെ അമർന്നിരിക്കുമ്പോഴേക്കും ഒരു ആത്മവിശ്വാസം അവളെ പൊതിഞ്ഞു.
''ഞാനിതാ എന്റെ സാമ്രാജ്യത്തിന്റെ രാജാവും റാണിയുമാകുന്നു. ഇവിടെ എന്നെ ചോദ്യംചെയ്യാൻ ആരുമില്ല.''
അപാരമായ ഒരു ഊർജവുമായി അവൾ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. തിരിച്ചെത്തി അവൾ മൊബൈൽ ഫോൺ ഓൺ ചെയ്തു. എത്ര നേരമായിട്ടുണ്ടാകും ഫോൺ നിശ്ചലമായിട്ട്. വിനയ വാട്സ്ആപ് നോക്കി. കുറെ മെസേജുകൾ കിടക്കുന്നു.
''തീവ്ര ലെഫ്റ്റെ തിരിച്ചു വാ...നീയില്ലാതെ ഞങ്ങൾക്ക് ബോറടിക്കുന്നു.''
ചോംസ്കി ബിനോജിന്റെ മെസേജ്.
മറുപടി പറയാൻ അവൾക്ക് സമയം തികഞ്ഞില്ല. വിനയ ഒരു തുരങ്കത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. തോട്ടുവക്കത്ത് കൈതച്ചെടികൾക്കുമപ്പുറം വിരിഞ്ഞുനിൽക്കുന്ന മഞ്ഞപ്പൂക്കൾ പറിച്ചുനടക്കുകയാണ് ഒരു കുഞ്ഞുടുപ്പുകാരി. ഒപ്പം രണ്ടു കുട്ടിട്രൗസറുകാരും. നടന്നു നടന്നു അവൾ തോട്ടിന്റെ ചെറിയ കോൺക്രീറ്റ് പാലത്തിന്റെ അടിയിലെത്തി. വെള്ളം തീരെ കുറവ്. വീതി കുറഞ്ഞ പാലത്തിന്റെ അങ്ങേ കരയിൽനിന്ന് ഇങ്ങേ കരയിലേക്ക് വെറുതെ നടക്കാൻ തുടങ്ങി. ഇരുണ്ട വഴികളിൽ അറ്റം കാണാതെ പാലത്തിനടിയിൽ മണ്ണ് പൂണ്ടിരുന്നു. തവളകളും എലിയും മാത്രം കൂട്ട്. അവൾക്ക് തിരിച്ചുപോകാൻ തോന്നി. അതാ പാലത്തിന്റെ അങ്ങേക്കരയിൽനിന്ന് ആരോ മുരളുന്നു. കുഞ്ഞുടുപ്പുകാരി നിലവിളിച്ചു. തിരിച്ചോടുമ്പോഴേക്കും ഇങ്ങേ കരയിൽനിന്നും ഒരു മുരൾച്ച. അവൾ അലറിക്കരഞ്ഞു. ഓടാനുള്ള വെമ്പലിൽ അവൾ മണ്ണിൽ വീണു. ഒരു എലിക്കുഞ്ഞു അവൾക്കരികിലൂടെ ഇഴഞ്ഞുപോയി. കുഞ്ഞു വിനയ കണ്ണടച്ചു വീണ്ടും വീണ്ടും നിലവിളിച്ചു. വെറുതെ പേടിപ്പിച്ചതാണെന്ന് രണ്ടു കരയിൽനിന്നും കുട്ടി ട്രൗസറുകാര് പറഞ്ഞു. നിലവിളിക്കിടയിൽ അവൾ ഒന്നും കേട്ടില്ല. ഇടത്തോട്ടോ വലത്തോട്ടോ പോകാനാവാതെ ഒറ്റവഴി മാത്രമുള്ള പാതയിൽ അവൾ വീർപ്പുമുട്ടി. ചെറിയ നിമിഷങ്ങൾ വലിയ സമയങ്ങൾപോലെ തോന്നിച്ചു. മണ്ണിലേക്ക് പൂണ്ടുപൂണ്ടു അവൾ താഴോട്ടു പോവുകയാണ്. കുഞ്ഞുടുപ്പുകാരിക്ക് വീർപ്പുമുട്ടി. അവളെക്കാൾ ശബ്ദത്തിൽ കുട്ടിട്രൗസറുകാരും നിലവിളിച്ചു. രണ്ടു വഴികളിൽനിന്നും ആരൊക്കെയോ ഓടിവരുന്നു. ആരോ ഒരാൾ അവളെ ആ മൺകൂട്ടിൽനിന്ന് പുറത്തെടുത്തു. ചളിപുരണ്ട അവൾ പിന്നെയും നിലവിളിച്ചു.
''സാരമില്ല... സാരമില്ല... ഒന്നും പേടിക്കണ്ട.''
ആരോ പറയുന്നുണ്ടായിരുന്നു. ശകാരം മുഴുവൻ കുട്ടിട്രൗസറുകാർക്കായിരുന്നു.
മൊബൈൽ ഫോൺ നോക്കുന്തോറും ഭീതിയുടെ ചളി വിനയയെ വീണ്ടും പൊതിഞ്ഞു. അവൾ വീണ്ടും ചതുപ്പിലേക്ക് മുങ്ങിത്താഴുകയാണ്. വായനമുറിയുടെ മേശയിൽനിന്ന് അവൾ ഫോൺ എടുത്തു. ആദ്യം വാട്സ്ആപ് അൺ ഇൻസ്റ്റാൾ ചെയ്തു. പേക്ഷ, സമാധാനത്തിന്റെ ചിറകടി എവിടെയും വന്നില്ല. ഒടുവിൽ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിച്ചിതറിയ കഷണങ്ങളിലൂടെ തുരങ്കത്തിന്റെ ചുവരുകളിൽ വിള്ളലുകൾ വീഴുന്നത് അവൾ കണ്ടു. ഇഴഞ്ഞിഴഞ്ഞു ചതുപ്പിൽനിന്ന് കയറിയ വിനയ ഒടുവിൽ കസേരയിൽ കയറി കാലിൻമേൽ കാലും കയറ്റി ഒറ്റയിരിപ്പ് ഇരുന്നു.