നിഗൂഡം
01 ജയിലിൽനിന്നിറങ്ങിയ ശേഷം ഞാനങ്ങനെ അധികമൊന്നും പുറത്തേക്കിറങ്ങാറില്ല. എന്തെങ്കിലും മിണ്ടീം പറഞ്ഞും തന്നെത്താനെയങ്ങ് ശീലിച്ചു. എന്റെതന്നെയുള്ളിൽ മറ്റൊരാളുണ്ടെന്നപോലെ അയാളോടുമാത്രം ഞാൻ സംസാരിച്ചു. സംസാരത്തിനിടയിൽ അയാളുറങ്ങുമ്പോൾ ഞാനുണർത്തി. ഞാനുറങ്ങിപ്പോയാൽ അയാളും എന്നെ കുലുക്കിയുണർത്തി. ഇക്കാലയളവിൽ മറ്റാരുമായും സമ്പർക്കം പുലർത്തിയതുമില്ല. എന്തിനു സമ്പർക്കം പുലർത്തണം? അടുത്തും അകന്നും കാണപ്പെട്ടവരെല്ലാം അതിൽപിന്നെ...
Your Subscription Supports Independent Journalism
View Plans01
ജയിലിൽനിന്നിറങ്ങിയ ശേഷം ഞാനങ്ങനെ അധികമൊന്നും പുറത്തേക്കിറങ്ങാറില്ല. എന്തെങ്കിലും മിണ്ടീം പറഞ്ഞും തന്നെത്താനെയങ്ങ് ശീലിച്ചു. എന്റെതന്നെയുള്ളിൽ മറ്റൊരാളുണ്ടെന്നപോലെ അയാളോടുമാത്രം ഞാൻ സംസാരിച്ചു. സംസാരത്തിനിടയിൽ അയാളുറങ്ങുമ്പോൾ ഞാനുണർത്തി. ഞാനുറങ്ങിപ്പോയാൽ അയാളും എന്നെ കുലുക്കിയുണർത്തി. ഇക്കാലയളവിൽ മറ്റാരുമായും സമ്പർക്കം പുലർത്തിയതുമില്ല. എന്തിനു സമ്പർക്കം പുലർത്തണം? അടുത്തും അകന്നും കാണപ്പെട്ടവരെല്ലാം അതിൽപിന്നെ ഒരു ശത്രുവിനെപ്പോലെയാണ് പെരുമാറിയത്. വഴിയിൽവെച്ചു നേരെ എതിരെ കാണുന്നവർ മുഖംതിരിച്ച് കടന്നുപോയി. അടുത്ത ബന്ധുക്കൾ മിണ്ടലും പറയലും എന്നെന്നേക്കുമായി നിർത്തി. മുമ്പ്, അഞ്ചോ പത്തോ കൈവായ്പക്ക് മുട്ടുമ്പോൾ താൻ സഹായിച്ചവരെല്ലാം ഇപ്പോൾ ഈ വഴി മറന്നതുകൊണ്ട് നടവഴിയിൽ കാല്മുട്ടോളം പുല്ലുവളര്ന്നു. വളരെ അത്യാവശ്യമെന്തെങ്കിലും വന്നുപെട്ടാൽമാത്രം അന്തിമയങ്ങുമ്പോൾ തലയിൽ ഒരു തുണിയുമിട്ട് പുറത്തിറങ്ങി ആരുടെയും കണ്ണിൽപെടാതെ കാര്യംസാധിച്ച് പെട്ടെന്നുതന്നെ ഞാൻ വീട്ടിലേക്ക് മടങ്ങി. ഒരു മനുഷ്യനായി ഇങ്ങനെയെത്ര കാലം തുടരാൻ കഴിയുമെന്നു പറയാൻ വയ്യ.
അന്ന് പേക്ഷ, സെല്ലിൽ എന്റെകൂടെയുണ്ടായിരുന്ന ചന്ദ്രനെ അവിചാരിതമായി എനിക്കോർമ വന്നു. അത്രനാളും ഓർക്കാതിരുന്ന ഒരു മനുഷ്യനെ അന്ന് ഓർക്കാനൊരു കാരണമുണ്ട്.
പതിവിനു വിപരീതമായി അതിരാവിലെതന്നെ ഭീകരമായൊരു സ്വപ്നം കണ്ടിരുന്നു. ആഴമേറിയ ഒരു പൊട്ടക്കിണറില് ഒരാൾ കാര്യമായെന്തോ പരതിക്കൊണ്ടിരിക്കുകയാണ്. സൂക്ഷിച്ചു നോക്കുമ്പോൾ അത് നമ്മുടെ പഴയ പരിചയക്കാരൻ ചന്ദ്രനാണ്. തിരച്ചിലിനിടയിൽ കിണറിലെ ഇരുൾപ്പച്ചയിൽ അവനിടക്കിടെ ആണ്ടുപോകുന്നുണ്ട്. എന്താണവൻ തപ്പിക്കൊണ്ടിരിക്കുന്നതെന്നുമാത്രം എനിക്കു മനസ്സിലായില്ല. അതിശയം അതല്ല, തകർന്ന കൽപടവുകൾക്ക് മീതെനിന്നു അതും നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് ദിനോസറിന്റെ കഴുത്തുപോലെ നീണ്ട തന്റെ കൈയുയർത്തി അവൻ എന്നെ വലിച്ചു താഴേക്കിട്ടു എന്നതാണ്. താഴേക്കുതാഴേക്ക് മൈലുകളോളം താണ്ടി ഞാൻ ഒരു കൂറ്റൻ ഉൽക്ക വന്നുവീണതുപോലെ പൊട്ടക്കിണറിൽ പതിച്ചു. സ്വപ്നത്തിന്റെ ജലത്തിലാണ്ടുകിടന്നു ശ്വാസംമുട്ടി മരണവെപ്രാളം കാട്ടിയാണ് പിന്നെ ഞാനുണർന്നത്.
കിടക്കപ്പായിൽ, തൊട്ടടുത്ത് ആരോ കിടപ്പുള്ളതുപോലെ തോന്നിയതുകൊണ്ട് അവിടെ ഞാൻ തപ്പിനോക്കി. നല്ല നനവുണ്ട്. പക്ഷേ, ആളില്ല. അപ്പോൾ ഉള്ളിലുള്ള ആൾ പറഞ്ഞു. ഇല്ല, ചന്ദ്രനെ ഇനിയൊരിക്കലും നിനക്ക് കാണാനാകില്ല.
പിന്നെ, ആരുടെയോ നിലവിളി കേട്ട് വരാന്തയിൽച്ചെന്നു നോക്കുമ്പോൾ കാടുമൂടിക്കിടന്ന പറമ്പിൽനിന്നു ഒരു കുറുനരിക്കുഞ്ഞ് കേറിവന്ന് എന്നെ നോക്കി രണ്ടുതവണ ഓരിയിട്ടുകൊണ്ട് തിരിച്ചുപോയി. അതിനുപിറകെ ഒച്ചയെടുത്തുകൊണ്ട് ഒരു ഇരുളൻ മരപ്പട്ടിയും വന്നു. ഇതുവരെ ആ ഭാഗത്തൊന്നും കണ്ടിട്ടേയില്ലാത്ത, കണ്ണിൽ ചോരയിറ്റുന്നതുപോലെ ചുവപ്പുള്ള ഒരു ഉപ്പൻ ബോഗൻവില്ലയുടെ പടർപ്പിനിടയിലിരുന്ന് ആരെയോ പേടിപ്പിക്കുമ്പോലെ മൂളാനും തുടങ്ങി.
ഇതെന്തൊരതിശയം, ലോകാവസാനത്തിന്റെ ലക്ഷണമായിരിക്കുമോ? പണ്ട് കാർത്യായനി ടീച്ചർ പറഞ്ഞുതന്നത് ഓർമയുണ്ട്. മൃഗങ്ങളും പക്ഷികളുമാണത്രേ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടിയറിയുന്നത്. അങ്ങനെവല്ലതും സംഭവിക്കാൻ പോകുന്നുണ്ടായിരിക്കണം. പകലിൽ ഇറങ്ങിനടക്കാത്ത ഇവറ്റകൾക്ക് പിന്നെന്താണ് പറ്റിയത്? അവരെന്തോ എന്നോട് വിളിച്ചുപറയുന്നുണ്ട്, അവരുടെ അജ്ഞാതമായ ഭാഷയിൽ. പേക്ഷ, എനിക്കതു മനസ്സിലാക്കാനാവില്ലല്ലോ. അപ്പോഴാണ് ഓര്മ വന്നത്. പക്ഷിമൃഗാദികളുടെ ഭാഷ മനസ്സിലാകുന്ന ഒരേയൊരു മനുഷ്യനേ ഭൂമിയിലവശേഷിക്കുന്നുള്ളൂ. അത് ചന്ദ്രനാണ്.
ഞാൻ ഇരുന്നിടത്തുനിന്നു ചാടിയെണീറ്റ് കുറുനരിക്കുഞ്ഞ് പോയ ദിക്കിലേക്കു ചെന്നു. ഞാനെത്രയോ നേരം പറമ്പിലാകെ ചുറ്റിയടിച്ച് തിരഞ്ഞിട്ടും അതുങ്ങളെയൊന്നും അവിടെ കണ്ടില്ല. ഒച്ച കേട്ടു എന്നു തോന്നിയ പറമ്പിന്റെ അതിരിൽചെന്നും ഞാൻ നോക്കി. കപ്പത്തണ്ട് വരിവരിയായി കുഴികുത്തിയിട്ട അതിരിൽ കുറുക്കന്റെ ഒരു മാളം മുമ്പ് കണ്ടതോർമയുണ്ട്.
കുന്നിന്റെ ഒരുവശത്തുള്ള ചരൽതൂക്ക് തുരന്നുണ്ടാക്കിയ ആ മാളം അന്നു കണ്ടപ്പോൾ ഒരു അണ്ണാൻകുഞ്ഞിന് കഷ്ടിച്ച് കേറിപ്പോകാവുന്ന പരുവമായിരുന്നെങ്കിലും ഇന്നതിന്റെ കവാടം ഒരാളെത്തന്നെ വിഴുങ്ങുന്ന തരത്തിൽ ഗുഹയുടെ മാതിരി വിസ്താരത്തിലെത്തിയിരുന്നു.
കൂർത്ത നഖങ്ങൾകൊണ്ട് മാന്തി വരഞ്ഞിട്ട ആ മാളത്തിനുള്ളിലേക്കുനോക്കി കുറേനേരം ഞാൻ അത്ഭുതപ്പെട്ടു നിന്നു. ഒരു തുരങ്കപാതപോലെ അതിന്റെ അറ്റം മലക്കുള്ളിലെവിടെയോ നീണ്ടുപോവുന്നുണ്ട്. ചെവി വട്ടംപിടിച്ചപ്പോൾ ഉള്ളിൽനിന്ന് ആരൊക്കെയോ വട്ടംകൂടിയിരുന്ന് സ്വകാര്യം പറയുന്നതുപോലെ കിരുകിരാശബ്ദത്തിൽ എന്തൊക്കെയോ പുറത്തുകേൾക്കാൻ തുടങ്ങി. അകത്തു കയറിനോക്കണോ എന്നു ഞാൻ ശങ്കിച്ചു. മാനം പൊട്ടിവീഴാൻപോകുന്ന കാര്യംവല്ലതുമാണെങ്കിലോ എന്നു സംശയിച്ച് ഞാൻ അതറിയാനുള്ള കൗതുകത്തോടെ മാളത്തിനുള്ളിലേക്ക് നൂണ്ടുകയറി.
പുറത്തുനിന്നു നോക്കുമ്പോൾ കാണുന്നത്ര അന്ധകാരനിബിഡമായിരുന്നില്ല മാളത്തിന്റെ ഉൾവശം. മണ്ണടരുകളിലെ അദൃശ്യമായ സുഷിരങ്ങളിൽനിന്ന് വെളിച്ചം നേർത്ത ഞാഞ്ഞൂളുകൾപോലെ നീണ്ടുവരുന്നുണ്ട്. നേരെ നിവർന്നു നടന്നുതുടങ്ങിയ ഞാൻ കുറച്ചുകഴിഞ്ഞപ്പോൾ കുനിഞ്ഞുനടക്കാൻ തുടങ്ങി. അൽപം കഴിഞ്ഞ് മുട്ടിലിഴയേണ്ടിയും വന്നു. പോകപ്പോകെ ചുരുങ്ങിക്കൊണ്ടിരുന്ന മാളത്തിന്റെ അറ്റം എന്നിട്ടും കാണാൻ കഴിയുന്നില്ല. നേരത്തേ കേട്ട സംസാരം അപ്പോഴേക്കും നിലച്ചിരുന്നു. ഒരുപാട് നേരത്തെ തിരിച്ചിലിനൊടുവിൽ കുറ്റാക്കൂരിരുട്ടിൽ പേടിച്ചുവിറച്ച് ഞാൻ മടങ്ങിപ്പോരുകയും ചെയ്തു.
എന്നും അതിരാവിലെത്തന്നെ എഴുന്നേറ്റ് കുളിയും ജപവും കഴിഞ്ഞ് ഞാൻ വരാന്തയിലെ പുറംതിണ്ണയിൽ വന്നിരിക്കും. അതിനുശേഷം വഴിയേ പോകുന്ന പലേതരം ആൾക്കാരെയും സംഭവങ്ങളെയും നിരീക്ഷിക്കലായിരുന്നു എന്റെ ദിനചര്യകളിൽ പ്രധാനം. റോഡിൽനിന്നു നോക്കിയാൽ ഇവിടെയിരുന്നൊരാൾ ഇങ്ങനെ ഗൂഢമായി ലോകത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് പെട്ടെന്നാർക്കും മനസ്സിലാകില്ല. വീടിന്റെ ചുമരിലേക്കു ചൂഴ്ന്നുപടർന്ന ബോഗൻവില്ലയുടെ വള്ളികൾ മേലോടുകൾക്കടുത്തുവരെ നീണ്ടുചെല്ലുന്നതുകൊണ്ട് ഇവിടെ ആൾപ്പാർപ്പുള്ള ഒരു വീടുണ്ടെന്നുതന്നെ ആർക്കും തോന്നില്ല. ബഹിരാകാശത്തുനിന്നും മറ്റും വഴിതെറ്റി വന്നുവീണ ചില ഛിന്നഗ്രഹങ്ങളെ ഓർമിപ്പിക്കുന്ന ഉരുപ്പടികൾ നിറഞ്ഞ വീടിന്റെ പരിസരമാണെങ്കിൽ മനുഷ്യവാസത്തിന്റെ ഒരു ലക്ഷണവും കാണിക്കുന്നുമില്ല.
ഇത്രനാളും, വേണ്ടുന്നതും വേണ്ടാത്തതുമായി ഓരോന്നാലോചിച്ചുകൂട്ടുന്നതിനിടയിൽ ഒരിക്കൽപ്പോലും ചന്ദ്രൻ എന്റെ ഉള്ളിലേക്ക് വന്നിരുന്നില്ല. അന്നേക്ക് ഒന്നൊന്നര വർഷമെങ്കിലുമായിട്ടുണ്ടാകണം ചന്ദ്രനെ അവസാനമായി കണ്ട് പിരിഞ്ഞിട്ട്. അതിനിടക്ക് ഒരു മിന്നായംപോലെ ഒരു തവണ പോലീസ് സൂപ്രണ്ടോഫീസിനു മുന്നിൽവെച്ച് അവനെ കണ്ടിരുന്നു. അന്നു കയ്യിൽ വിലങ്ങില്ലാതിരുന്നതുകൊണ്ട് സ്വാതന്ത്ര്യത്തോടെ ഞാനവനെ വലതുകയ്യുയർത്തിക്കാണിച്ചെങ്കിലും അവൻ എന്നെ തിരിച്ചറിഞ്ഞതായി തോന്നിയില്ല. ഞങ്ങൾ മുഖാമുഖം കുറച്ചുസമയം നോക്കിക്കണ്ടു. ഞാൻ അവനെ നോക്കി ചിരിച്ചിട്ടും അവൻ പക്ഷേ, ചിരിച്ചില്ല. കൂമൻ നോക്കുന്നതുപോലെ നോക്കി കുറച്ചുകഴിഞ്ഞ് രണ്ടു പൊലീസുകാരോടൊപ്പം ഒരു വണ്ടിയിൽക്കേറി പോകുന്നതും കണ്ടു. ചന്ദ്രനെത്രമാത്രം മാറിപ്പോയി! അന്നു മുഴുവൻ അവനെക്കുറിച്ചു മാത്രമായിരുന്നു ഞാൻ ആലോചിച്ചത്.
ജയിൽവാസം കഴിഞ്ഞ് ഞങ്ങളൊരുമിച്ചിറങ്ങിയിട്ടും ചന്ദ്രനെമാത്രം വീണ്ടും പോലീസ് പൊക്കിയതെന്തിനായിരിക്കും? എന്നെ കണ്ടിട്ടും കാണാത്തതുപോലെയും അറിയാത്തതുപോലെയും അവൻ തിരിച്ചു നടന്നതെന്തുകൊണ്ടാണ്? തുടങ്ങി കുറേ ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് ആ ദിവസം അങ്ങനെ പോയി.
പിന്നീടൊരിക്കൽപ്പോലും അവനെക്കുറിച്ചോർക്കാനിടവരാത്തതിൽ ഇപ്പോളാലോചിക്കുമ്പോൾ അത്ഭുതമൊക്കെ തോന്നുന്നുണ്ട്. കഴിഞ്ഞുപോയ ഒന്നിനെക്കുറിച്ചും ഒരുതരത്തിൽ ഓർക്കാതിരിക്കുന്നതാണ് നല്ലതെന്ന ഉള്ളിലുള്ളവന്റെ താക്കീതു മാറ്റിവെച്ചുകൊണ്ട് ഞാൻ ചന്ദ്രനുമായി ബന്ധപ്പെട്ട കഥ ഓർത്തെടുക്കാൻ തുടങ്ങി.
02
"ഒരിടത്ത് പക്ഷിമൃഗാദികളുടെ ഭാഷ പച്ചവെള്ളംപോലെ അറിയാവുന്ന ചന്ദ്രനെന്നൊരാൾ ജീവിച്ചിരുന്നു.''
ഞാൻ പറഞ്ഞു.
"ഓ, എന്നിട്ട്...''
ഉള്ളിലിരുന്നവൻ ആകാംക്ഷയോടെ ചോദിച്ചു.
ഒരു കുന്നിൻചെരുവിൽ ഏറക്കുറെ ഏകാകിയും നിശ്ശബ്ദനുമായി ജീവിക്കുന്ന ഒരു സാധു എന്നു മാത്രമേ ചന്ദ്രനെപ്പറ്റി ആളുകൾ മനസ്സിലാക്കിയിരുന്നുള്ളൂ. ഞാനും അത്രയേ അവനുമായി ഇടപഴകിയ സമയത്തു വിചാരിച്ചിരുന്നുള്ളൂ. പേക്ഷ, അപ്രതീക്ഷിതമായുണ്ടായ ഒരു കയ്യബദ്ധത്തിന്റെ രൂപത്തിൽ സംഭവിച്ച വിധിവൈപരീത്യം അവനെ ഒരു കുറ്റവാളിയാക്കി. റിമാൻഡും വിചാരണയുമായി രണ്ടു വ്യത്യസ്ത കേസുകളിൽപ്പെട്ടു ഞങ്ങൾ ഒരുമിച്ചു ഒരു സെല്ലിൽ കഴിഞ്ഞതുകൊണ്ട് അവനെ കൂടുതൽ അടുത്തറിയുന്നതിന് എനിക്കിടവന്നു. അങ്ങനെയാണ് മറ്റാർക്കുമില്ലാതിരുന്ന ആ മഹാസിദ്ധി ചന്ദ്രനുണ്ടെന്നുള്ള വിചിത്രമായ സത്യം ഒരുദിവസം മടിച്ചുമടിച്ചാണെങ്കിലും എന്നോട് പങ്കുവെക്കാൻ അവൻ നിർബന്ധിതനായത്.
"എന്റെ മുത്തച്ഛനായിരുന്നു എന്റെ ഗുരു,'' ചന്ദ്രൻ പറഞ്ഞു.
"കൊല്ലപ്പണിയായിരുന്നു ഞങ്ങളുടെ കുലത്തൊഴിൽ. എന്റെ അച്ഛനും ഇളയച്ഛനും ചെറുപ്പത്തിലേ മറ്റ് ജോലികളിലേക്കു തിരിഞ്ഞതുകൊണ്ട് ഞങ്ങളാരും മുത്തച്ഛന്റെ ആല സ്ഥിതിചെയ്യുന്ന ഉച്ചൂളിക്കുന്നിലേക്കു പോകാറില്ല. ക്രൈംത്രില്ലർ സിനിമകളിലേതുപോലെയുള്ള ഒരു രഹസ്യസങ്കേതമായിരുന്നു അത്. മുത്തച്ഛനെ കാണാൻ വരുന്നവരെ ആലയിലേക്കു നയിച്ചുകൊണ്ടുപോകുന്ന പണിയായിരുന്നു എനിക്ക്, ഏറക്കുറെ മുതിരുന്നതുവരെ. അല്ലാത്തപ്പോൾ ആർക്കും ഉച്ചൂളിക്കുന്നിലേക്കു പ്രവേശനമുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് ഞാൻ കണ്ട ഏറ്റവും വിചിത്രമായൊരു സ്വഭാവത്തിനുടമയായിരുന്നു എന്റെ മുത്തച്ഛൻ. കാണാനും ഭീകരനായിരുന്നു. കുട്ടിത്തേവാങ്കിനെപ്പോലിരിക്കും കണ്ണുകൾ കണ്ടാൽ. രാവിലെ ഞാൻ ഉറങ്ങിയെണീക്കുമ്പോഴും രാത്രി കിടന്നുറങ്ങാൻപോകുമ്പോഴും മുത്തച്ഛനവിടെ ഒറ്റക്ക് കൊല്ലപ്പണിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നു തോന്നും. പേക്ഷ, മുത്തച്ഛൻ തനിച്ചല്ലെന്നും ചുറ്റും പലേതരം ആൾക്കാരുണ്ടെന്നും ഞാനൊരിക്കൽ കണ്ടുപിടിക്കുകയായിരുന്നു. അക്കാലത്ത് മനുഷ്യരേക്കാൾ വന്യജീവികളും ഇഴജന്തുക്കളും പലേതരം പക്ഷികളും ആലയിൽ നിത്യസന്ദർശകരായിരുന്നു. അവരിൽ ആരെയെങ്കിലുമൊക്കെ ഞാനും നേരിട്ട് കണ്ടിട്ടുണ്ട്. കൂമനോ പരുന്തോ കുറുക്കനോ ചെന്നായയോ കുരങ്ങനോ കീരിയോ... അങ്ങനെ ആരെങ്കിലുമൊക്കെയായി മുത്തച്ഛൻ മിണ്ടിപ്പറഞ്ഞിരിപ്പുണ്ടാവും. ചൂളയിൽ അപ്പോഴും തീയെരിഞ്ഞുകൊണ്ടിരിക്കും. ചക്രം അനുസ്യൂതമായി കറങ്ങിക്കൊണ്ടിരിക്കും.
ഇതര ചരാചരങ്ങളുടെ ഭാഷ നമുക്കറിയില്ലല്ലോ. പ്രത്യേകതരം ചിലച്ചിലിലൂടെയോ കൊഞ്ചലിലൂടെയോ മൂളലിലൂടെയോ അലർച്ചകളിലൂടെയോ ആയിരിക്കാം അവരുടെ ആശയവിനിമയം. അതെങ്ങാനും കേട്ടുചെല്ലുന്നത് മുത്തച്ഛന് ഇഷ്ടപ്പെട്ടില്ലെങ്കിലോ? അതു പേടിച്ച് വീട്ടിൽ ഒറ്റപ്പെടുന്ന നേരങ്ങളിൽ മുത്തച്ഛന്റെ കണ്ണിൽപ്പെടാതെ മരങ്ങളുടെ മറപിടിച്ച് ഞാൻ ആലയിലേക്കൊളിഞ്ഞുനോക്കും. പമ്മിപ്പമ്മിച്ചെന്നു അവരുടെ വർത്തമാനത്തിന് കാതോർക്കും. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെയീ ഒളിച്ചുകളി മുത്തച്ഛൻ കണ്ടുപിടിച്ചു.
പേടിച്ചു വിറച്ച് മുത്തച്ഛനേയും ദയനീയമായി നോക്കിക്കൊണ്ടു ഒരു കള്ളനെപ്പോലെ നിന്ന എന്നെ പേക്ഷ മുത്തച്ഛൻ വഴക്കൊന്നും പറഞ്ഞില്ല. പകരം, ചൂളയിലെ കാറ്റുചക്രത്തിന്റെ പരുക്കൻപിടി കയ്യിൽത്തന്ന് അന്നു മുഴുവൻ അവിടിരുന്നു കറക്കാൻ പറഞ്ഞു. പിന്നീട് ഞാൻ സ്കൂളിൽ പോയിട്ടില്ല. അന്ന് പുതിയൊരു വിദ്യാരംഭം കുറിക്കുകയായിരുന്നു. എന്റെ സാമീപ്യം ക്രമേണ മുത്തച്ഛന്റെ അതിഥികൾക്കും ഇഷ്ടമായിത്തുടങ്ങി. അവരിൽ പലരുമായും ഞാൻ അതിൽപ്പിന്നെ അടുത്തിടപഴകി.
മുത്തച്ഛന്റെ മരണസമയം മുത്തച്ഛൻതന്നെ ഗണിച്ചുവെച്ചതിനനുസരിച്ചുതന്നെയാണ് നടന്നത്. തൊണ്ണൂറു വയസ്സാകുന്ന ദിവസം രാത്രി മൂന്നാംയാമമാകുമ്പോൾ ആകാശത്തുനിന്നു വീഴുന്ന ഒരഗ്നിഗോളം ആലയെ വിഴുങ്ങുമെന്നായിരുന്നു മുത്തച്ഛന്റെ പ്രവചനം. ഒരു രാത്രി അതു സംഭവിക്കുകതന്നെ ചെയ്തു. മുത്തച്ഛന് അങ്ങനെ ആലതന്നെ പട്ടടയായി. ആ ദിവസം വീട്ടിലുള്ളവരെല്ലാം അവിടെനിന്ന് മാറിപ്പോകണമെന്നു മുത്തച്ഛൻ നേരത്തേ നിർബന്ധിച്ചതിനാൽ ഞങ്ങൾ രക്ഷപ്പെട്ടു. പിന്നീടൊരിക്കലും എന്റെ അച്ഛനോ താഴാതികളോ കൊല്ലപ്പണിക്കായി മറ്റൊരാല ഉച്ചൂളിക്കുന്നിൽ കെട്ടിയുണ്ടാക്കിയതേയില്ല. മരിക്കുന്നതിന് രണ്ടു ദിവസംമുമ്പാണ് മുത്തച്ഛൻ എനിക്കാ നിഗൂഢഭാഷ പറഞ്ഞുതന്നവസാനിപ്പിച്ചത്. അതുവരെ ഞങ്ങളുടെ വീട്ടിലുള്ളവർക്കാർക്കും ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ പരമരഹസ്യമറിയില്ലായിരുന്നു.''
"എന്നിട്ട് നിങ്ങൾക്കെന്തെങ്കിലും അതുകൊണ്ട് പ്രയോജനമുണ്ടായോ?'' എന്റെ ജിജ്ഞാസ പുറത്തുചാടി.
"പ്രയോജനമുണ്ടായോന്നോ'' ചന്ദ്രൻ പറഞ്ഞു, "എന്തെല്ലാം... വീട്ടിലോ അയൽപക്കത്തോ കാണാതാവുന്നതോ ആരെങ്കിലും മോഷ്ടിക്കുന്നതോ ആയ സാധനങ്ങളുടെ വിവരങ്ങൾ ആ പരിസരത്തുള്ള പക്ഷിമൃഗാദികളിൽനിന്നറിഞ്ഞ് ഞാനത് ഉടമകൾക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. ബഹു രസമാണ്. ചിലപ്പോൾ ആ വീട്ടിലെതന്നെ പൂച്ചകളായിരിക്കാം എന്റെ രക്ഷക്കെത്തുക, അല്ലെങ്കിൽ അവിടത്തെ വളർത്തുപട്ടി. വാഴക്കൈയിലിരിക്കുന്ന കാക്ക, ചിക്കിപ്പെറുക്കുന്ന കോഴി... അങ്ങനെ ആ പരിസരത്തുനിന്നുതന്നെ എനിക്കുത്തരം കിട്ടും. അങ്ങനെ കുറച്ചു കാശൊക്കെ കിട്ടിത്തുടങ്ങി. പണമുണ്ടാക്കാൻ ഈ വിദ്യ ഉപയോഗിക്കരുതെന്നു പറഞ്ഞിരുന്ന മുത്തച്ഛന്റെ താക്കീതുപോലും ഞാൻ ധിക്കരിച്ചു. വഴിനടക്കുമ്പോൾ മനുഷ്യരെപ്പോലെത്തന്നെ പക്ഷികളും മൃഗങ്ങളും എന്തെന്തു കാര്യങ്ങളാണെന്നോ പരസ്പരം പറഞ്ഞു തർക്കിക്കുന്നത്. ഒരിക്കൽ, ഭയങ്കരമായൊരു നിധി ഒളിപ്പിച്ചുവെച്ച ഒരു പൊട്ടക്കിണറിനെക്കുറിച്ച് രണ്ടു പരുന്തുകൾ പരസ്പരം പറയുന്നത് ഞാൻ കേൾക്കാനിടയായി. പഴയൊരു ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിലാണത്. പൊട്ടക്കിണറിന്റെ വിവരണം കേട്ടപ്പോൾത്തന്നെ അത് അത്ര അകലെയല്ലാത്ത സ്ഥലമാണെന്നെനിക്കു മനസ്സിലായി. പേക്ഷ...''
"എന്നിട്ട് ആ നിധിയുള്ള സ്ഥലത്തു നീ പോയോ? നിധി എടുത്തോ?'' ഞാൻ പിന്നെയും ഇടക്കുകയറി ചോദിച്ചുകൊണ്ടിരുന്നു.
ചന്ദ്രന് ശുണ്ഠികയറി. "നീ തോക്കിൽക്കേറി വെടിവെക്കല്ലെ, ഒന്നടങ്ങ്.'' അങ്ങനെ പറഞ്ഞ് അവൻ സെല്ലിലെ വെട്ടംവീഴാത്ത മൂലയിൽചെന്നുകിടന്നു.
ഓ, അതറിഞ്ഞിട്ടു തനിക്കെന്തുകാര്യം എന്നു മനസ്സിൽ കെറുവിച്ചിട്ട് ഞാനും ഉറങ്ങാൻ കിടന്നു.
നിധിയുടെ കാര്യം ചോദിക്കേണ്ടിയിരുന്നില്ലെന്നു പിന്നീടെനിക്കു തോന്നിയെങ്കിലും കണ്ണടച്ചുകിടക്കുമ്പോൾ എന്റെയുള്ളിലെ ആൾ അതറിയാനുള്ള ആകാംക്ഷയോടെ ചോദിക്ക്... ചോദിക്ക്... എന്നു പറഞ്ഞു നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നോടെപ്പോഴെങ്കിലും അവനതു പറയുമായിരിക്കും എന്നുതന്നെ ഞാൻ കരുതി.
ഞങ്ങൾ ഏതാണ്ട് മൂന്നു മാസത്തോളം ഒന്നിച്ചു കഴിഞ്ഞിട്ടും അവനാ ബാക്കി കഥ പറഞ്ഞില്ല. അതു മുഴുമിപ്പിക്കുന്നതില് താൽപര്യമില്ലാത്തതുകൊണ്ടുതന്നെ പിന്നീട് ഞാന് അക്കാര്യം അവനോടു ചോദിക്കാനും പോയില്ല.
ഞങ്ങളുടെ വിചാരണക്കാലമായിരുന്നു. കേസ് നടക്കേത്തന്നെ അവൻ മറ്റൊരു സെല്ലിലേക്കു പിന്നീട് മാറ്റപ്പെട്ടു. ഒന്നിച്ചുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം എന്റെ നിർബന്ധത്തിനു വഴങ്ങി തന്റെ ജീവിതത്തിലുണ്ടായ വിസ്മയകരമായ അനുഭവങ്ങൾ അവൻ പറഞ്ഞുവെങ്കിലും ഒരിക്കൽപ്പോലും അവൻ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ചറിയാനുള്ള എന്റെ ജിജ്ഞാസക്കുനേരെ അവൻ കൃത്യമായൊരു ഉത്തരത്തിന്റെ ജാലകം തുറന്നതേയില്ല. കൊലയാണെന്നറിയാം. ആരെ, എങ്ങനെ, എന്നൊന്നും അവൻ അപ്പോൾ പറഞ്ഞിരുന്നില്ല.
പോലീസുകാരാവട്ടെ അതൊരു രഹസ്യംപോലെ കൊണ്ടുനടന്നു. കൊല, പീഡനം, മോഷണം ഇതിലേത് ഐറ്റമാണെന്നറിയണമല്ലോ. ആകെയുണ്ടായിരുന്ന ഒരു മാർഗം നേരിട്ടുതന്നെ ചോദിക്കുക എന്നതുമാത്രമാണ്. സെല്ലിലകപ്പെട്ട ആദ്യ ആഴ്ചയിൽത്തന്നെ ഞാൻ കേറി മുട്ടി.
"ഇക്കാലത്ത് ഒരാളെ ഏതുവിധേനയും അപകടപ്പെടുത്താനെളുപ്പമാണ്'', ഞാൻ ചന്ദ്രനോട് പറഞ്ഞു.
"എന്റെ അനുഭവത്തിൽ അതിനു മുൻകൂട്ടി പ്ലാനും ചാർട്ടും തയ്യാറാക്കേണ്ടി വന്നില്ല. സമയവും സന്ദർഭവും ഒത്തുവന്നപ്പോൾ അത് സംഭവിക്കുകതന്നെ ചെയ്തു. എന്റെയൊരു പാനോപചാരത്തിൽ ഞാനെന്റെ ശത്രുവിനെ തന്ത്രപൂർവം കുരുക്കി.''
ഞാൻ ചന്ദ്രന്റെ ഉള്ളറിയാൻ സംസാരത്തിനു തുടക്കമിട്ടെങ്കിലും അവനത് കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായി.
ഞാൻ തുടർന്നു: "ചെറുപ്പം മുതലേ എന്റെ മുന്നിലെ ഏറ്റവും വലിയ വിലങ്ങുതടിയായി ഒരാളുണ്ടായിരുന്നു, എന്റെ ഒരേയൊരു ശത്രു. എന്റെതന്നെ കളിക്കൂട്ടുകാരൻ. എന്റെ ഏതു കാര്യത്തിനും ഏക പ്രതിയോഗിയായി മുന്നില് അവനുണ്ടായിരുന്നു. സ്കൂൾകാലംതൊട്ടേ എന്നെ കുതികാൽവെട്ടിയും എനിക്കെതിരെ ചതിപ്രയോഗംനടത്തിയും ഒന്നുമറിയാത്തതുപോലെ അവൻ മുന്നേറി. പലവുരു ഞാൻ ക്ഷമിച്ചു. അളമുട്ടിയാൽപ്പിന്നെ എന്തുചെയ്യും, ഒടുവിൽ എന്റെ കേവല നിലനിൽപുതന്നെ പ്രശ്നമാകുമെന്ന നിലവന്നപ്പോൾ സമർഥമായി അവനെതിരെ ഞാൻ കരുനീക്കി. അതിലവൻ ശരിക്കും പെട്ടു. അതോടെ, എന്റെ അപാരനായ പ്രതിയോഗി എെന്നന്നേക്കുമായി ഇല്ലാതായി. ഇപ്പോഴതിൽ കുറ്റബോധമേറെയുണ്ടെങ്കിലും...''
അത്രയും പറഞ്ഞുതീർത്ത് ഞാൻ അവന്റെ മുഖത്തേക്കുറ്റുനോക്കിയപ്പോഴാണ് എന്റെ വാക്കുകളെ തിരസ്കരിച്ചുകൊണ്ട് അവന്റെ നേർത്ത കൂർക്കംവലി സെല്ലിന്റെ ഇരുൾമൂലയിൽനിന്ന് കേട്ടുതുടങ്ങിയത്.
കഥപറച്ചിൽ രണ്ടു മൂന്നു ദിവസം ഞാൻ ആവർത്തിച്ചെങ്കിലും വളരെ നിർബന്ധിച്ചതിനുശേഷം മാത്രമേ പിന്നീട് ചന്ദ്രൻ സംസാരത്തിന് മുതിർന്നുള്ളൂ. അല്ലാത്ത സമയങ്ങളിലെല്ലാം ഒന്നുകിൽ കിടന്നുറങ്ങും. അല്ലെങ്കിൽ കയ്യിലെയും തുടകളിലെയും മസിലുകളുരുട്ടിക്കളിക്കും. ജയിലിലെത്തുന്നതിനുമുമ്പ് മുഴുപ്പട്ടിണിയിലായിരുന്നെന്നു പറഞ്ഞാൽ ഒരാളും വിശ്വസിക്കില്ല. ആളെ കണ്ടില്ലെങ്കിൽ സംസാരിക്കുന്നത് ഒരു സ്ത്രീയാണെന്നു തോന്നിപ്പിക്കുന്നവിധത്തിൽ വളരെ മൃദുവും ആകർഷകവുമായിരുന്നു അവന്റെ സംസാരം. ഒരു പക്ഷിയുടെ കളകൂജനംപോലെ. ആ വാക്കുകളിലാണെങ്കിലോ മധുരം പുരട്ടിയിട്ടുണ്ടെന്നു തോന്നും. ചന്ദ്രനെ ആദ്യം കണ്ടപ്പോൾ ഇയാൾക്കെങ്ങനെയൊരു കുറ്റവാളിയാകാൻ കഴിഞ്ഞു എന്നാണ് ഞാനത്ഭുതപ്പെട്ടത്.
സെല്ലിൽ പലപ്പോഴും എന്റെ സാന്നിധ്യംപോലും അവൻ മറന്നു. എനിക്കാണെങ്കിൽ ആരോടെങ്കിലുമൊന്ന് വർത്തമാനം പറഞ്ഞില്ലെങ്കിൽ വട്ടിളകിപ്പോകുമെന്നു തോന്നിത്തുടങ്ങിയിരുന്നു. മഹാമാരിക്കാലമായതുകൊണ്ട് തടവുകാരെയൊന്നും കുറേനാളത്തേക്ക് പുറത്തുവിട്ടിരുന്നില്ല. കുറച്ചു ദിവസം ഞാൻ ക്ഷമിച്ചു. പിന്നെ തെല്ലുറക്കെ പാട്ടുപാടാൻ തുടങ്ങി. എന്റെ മുരടൻ പാട്ടുകളായിട്ടും അതൊന്നും അവനെ തെല്ലും അലോസരപ്പെടുത്തിയില്ല. എന്റെ ഉണ്ടാക്കിപ്പാട്ടുകൾ എനിക്കുതന്നെ മടുത്തപ്പോൾ ഞാനത് നിർത്തി. ഒട്ടുമിക്ക സമയത്തും മുട്ടു മടക്കിയും നീർത്തിയും നട്ടെല്ലു വളച്ചും കൂനിക്കൂടി ശരീരഭാഗങ്ങൾ പലേതരത്തിൽ അനക്കിയും യോഗയിലെന്നോണം മൗനിയായും അവനെ പലരൂപത്തിൽ കാണപ്പെട്ടു. സെല്ലിന്റെ അഴിയിൽ പാത്രംതട്ടി ഒച്ചയുണ്ടാക്കുന്ന ഭക്ഷണസമയത്തുമാത്രം അവൻ മൂരിനീർത്തി എന്റെ നേരെ നോക്കി.
"നമുക്കെന്തെങ്കിലും പറഞ്ഞിരിക്കുകയെങ്കിലും ചെയ്തൂടെ സ്നേഹിതാ. എത്രനേരം ഈ കുടുസ്സുമുറിയിൽ ശ്വാസംമുട്ടിയിങ്ങനെ വെറുതെയിരിക്കും?''
ഒരു ദിവസം അൽപം ക്ഷോഭത്തോടെതന്നെ ഞാൻ ചോദിച്ചു.
എന്റെ ഭാവപ്പകർച്ചയിലുണ്ടായ മാറ്റം കണ്ടിട്ടാകണം, അപ്പോൾ മുതൽ എന്നോടവൻ വീണ്ടും സംസാരിക്കാൻ തുടങ്ങി.
"എനിക്ക് മനുഷ്യന്റെ ഭാഷയോട് വെറുപ്പാണ്. മരണവെറുപ്പ്.''
നല്ല ഉറച്ചശബ്ദത്തിൽ പല്ലിറുമ്മിക്കൊണ്ട് അവൻ മറുപടി പറഞ്ഞു: "അതിലുമെത്രയോ ഭേദമാണ് പക്ഷിമൃഗാദികൾ. അവയെ കേൾക്കാനാണ് എനിക്കിഷ്ടം. ദയവായി നിങ്ങളൊന്നു വായ് പൂട്ടൂ. നിങ്ങളുടെ ഒച്ചകേൾക്കുമ്പോൾത്തന്നെ എനിക്കരിശംവരുന്നു. നിങ്ങളെന്തു ബോറാണിഷ്ടാ.''
ചന്ദ്രന്റെ മറുപടി കേട്ടപ്പോൾ എനിക്കു ചിരിയാണ് വന്നത്. ക്ഷോഭത്തിലും ആ ഒച്ചകേൾക്കാൻതന്നെ സുഖമുള്ളതായിരുന്നു. അങ്ങനെയെങ്കിലും ആ മുരുടനെയൊന്നു സംസാരിപ്പിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്. എന്റെ ചിരികണ്ട് അൽപം വെളിച്ചം വിതറിയിരുന്ന ഒരു കഷണം മെഴുകുതിരി അരിശത്തോടെ അവനൂതിക്കെടുത്തി. ദീർഘമായി ഒന്നുരണ്ടുതവണ ഉച്ചത്തിൽ കീഴ്ശ്വാസംവിട്ടു പ്രതിഷേധവും രേഖപ്പെടുത്തി.
പിറ്റേന്ന് രാവിലെ, മേലുത്തരവനുസരിച്ച് ചോദ്യംചെയ്യാനുണ്ടെന്നും പറഞ്ഞ് ഒരു പോലീസുകാരൻ അവനെ എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോയി. അന്ന് ഇരുട്ടിയതിനുശേഷമാണ് ചന്ദ്രൻ സെല്ലിൽ തിരിച്ചെത്തിയത്. രണ്ട് പോലീസുകാർ ഇരു തോളിലും താങ്ങിപ്പിടിച്ചാണ് അവനെ സെല്ലിൽക്കൊണ്ടുവന്നിട്ടത്. അവന്റെ തുടയിലും നടുംപുറത്തും അടിയേറ്റ പാടുകൾ തിണർത്തുകിടന്നു.
എന്താണ് സംഭവിച്ചതെന്നുള്ള എന്റെ തുടർച്ചയായുള്ള ചോദ്യത്തിനു മറുപടിയെന്നോണം അവൻ പറഞ്ഞു: "രാമദാസാ, പൊന്ന് ആളെക്കൊല്ലുമെന്നു മുത്തച്ഛൻ പറഞ്ഞിരുന്നത് എത്ര നേരാണ്...''
"പൊന്നോ?''
"അതെ, പൊന്ന്. ഒരു പൊട്ടക്കിണറിൽനിന്ന് എനിക്ക് കിട്ടിയ പൊന്ന്.''
അൽപസമയം എന്തോ ഓർത്ത് ചന്ദ്രൻ നിശ്ശബ്ദനായി. അവന്റെ അപ്പോഴത്തെ സ്ഥിതിയോർത്ത് ഞാൻ വേദനയോടെ അവനെ ഉറ്റുനോക്കിയിരുന്നതല്ലാതെ പിന്നൊന്നും ചോദിച്ചില്ല.
അവൻ തുടർന്നു: "അതു ഞാൻ ഒളിച്ചുവെച്ചത് ചന്തയിൽവെച്ചു പരിചയപ്പെട്ട ഒരു കൊല്ലത്തിപ്പെണ്ണിന്റെ വീട്ടിലാ. കത്തിയും കോടാലിയും കത്ത്യാളുമൊക്കെ വിൽക്കലാണ് അവളുടെ പണി. രഹസ്യമായി രാഷ്ട്രീയക്കാർക്കുള്ള വടിവാളും മറ്റും ഉണ്ടാക്കി വിൽക്കാനായിട്ട് ചന്തയിൽ വരുമ്പൊഴുള്ള പരിചയമാ. അങ്ങനെയിരിക്കുമ്പോഴാണ് പൊട്ടക്കിണറിന്റെ കാര്യം ഞാനറിയുന്നത്. ഒരുദിവസം സംഭവസ്ഥലത്തുപോയി പരിസരമൊക്കെ വീക്ഷിച്ചതിനുശേഷം അവളോട് പറഞ്ഞ് ഞാനൊരു പാതാളക്കരണ്ടിയുണ്ടാക്കിച്ചു. ഒറ്റാംതടിയായി നടക്കുന്ന എനിക്കെന്തിനാ പാതാളക്കരണ്ടി എന്നായി അവളുടെ സംശയം. ആദ്യമാദ്യം ഞാനൊഴിഞ്ഞുമാറിയെങ്കിലും സംഭവം നടന്നതിന്റെ പിറ്റേദിവസം എനിക്കത് വെളിപ്പെടുത്തേണ്ടിവന്നു. അതു കിട്ടിയതിനുശേഷം അവളുടെ വീട്ടിൽത്തന്നെയായിരുന്നു ഞാൻ. സ്വര്ണ ഉരുപ്പടികള് എന്തുചെയ്യണമെന്ന് ഞങ്ങളിരുവരും കൂലങ്കഷമായി ആലോചിച്ചു.
ആയിടക്ക്, കൂപ്പില് ഈർച്ചപ്പണിക്കെന്നു പറഞ്ഞു പോയ അവളുടെ ഭർത്താവ് നിനച്ചിരിക്കാത്ത ഒരുദിവസം കേറിവരുകയും ചെയ്തു. അതോടെ, എന്റെ പോക്കുവരവ് താളംതെറ്റി. ഒരു ചെമ്പുകുടത്തിലായിരുന്നു സ്വർണം അടുക്കളഭാഗത്ത് കുഴിച്ചിട്ടിരുന്നത്. പുതിയ സംബന്ധക്കാരനുണ്ടെന്ന് നാട്ടുകാരാരോ പറഞ്ഞറിഞ്ഞതോടെ അവൾടെ ഭർത്താവ് പിന്നെ കൂപ്പിലേക്കു തിരിച്ചുപോയില്ല. നിധിയുടെ കാര്യം അയാളെങ്ങനെയോ അറിഞ്ഞു. അവള് ഒറ്റിയതാണെന്നു പിന്നീടെനിക്കു മനസ്സിലായി. അവളില്നിന്നുതന്നെ രഹസ്യം ചോര്ന്നുകിട്ടി. കഷ്ടകാലം തുടങ്ങിയതോടെ അതു പോലീസുകാര് വന്നു പൊക്കിക്കൊണ്ടുപോകുകയും ചെയ്തു. രണ്ടും മാപ്പുസാക്ഷികളായി. ഒരാഴ്ച അതിന്റെ പുകിലായിരുന്നു നാട്ടിലും ചന്തയിലും. വാർത്തയും പത്രക്കാരുമായപ്പോൾ പോലീസിനെപ്പേടിച്ച് അവിടന്നു ഞാൻ മുങ്ങി. അവൾക്കിട്ടൊരു പണികൊടുക്കണമെന്നുള്ള ചിന്തയോടെ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒരാഴ്ച ഞാനൊളിച്ചുകഴിഞ്ഞു. എത്രകാലം കാട്ടിലൊളിച്ചുകഴിയും? അവളോടുള്ള പ്രതികാരം മാത്രമായി പിന്നെയെന്റെ ജീവിതലക്ഷ്യം.
ഒരുദിവസം സന്ധ്യക്ക് ഞാനവിടെ പോയി. അവളുടെ കോളനിവീട്ടിലൊരു പട്ടിയുണ്ട്. പത്മിനിയെ കാണാൻ പോകുമ്പോഴെല്ലാം അവനിഷ്ടപ്പെട്ട എറച്ചീം കൊടൽപ്പണ്ടവുംകൊണ്ടേ ഞാനവിടെപ്പോകാറുള്ളൂ. അത് തീറ്റിക്കുന്നതിന്റെ നന്ദി അവൻ എന്നോടു കാണിച്ചു.
പട്ടി എന്റെ വരവിലെ അപകടം മണത്തറിഞ്ഞതുകൊണ്ടാകണം, എന്നെ കണ്ടപാടെ ഓടിവന്ന് മുക്കിയും മൂളിയും പത്മിനിയുടെ വീട്ടിലേക്കുള്ള പോക്ക് തടയാൻനോക്കി. അവൻ ഒരു തരത്തിൽ എന്റെ കാലിൽ വളഞ്ഞിട്ടു ചൊറയാനും പരുത്ത നാക്കുകൊണ്ട് കാൽപാദങ്ങളിൽ നക്കാനും തുടങ്ങി. ആദ്യമെല്ലാം ഞാൻ സഹിച്ചു. തീരെ നിവൃത്തിയില്ലാതായപ്പോൾ ഞാൻ അവനോടു തട്ടിക്കയറി.
"അണ്ണൻ ഇപ്പൊ അങ്ങോട്ടു പോകുന്നത് പന്തിയല്ല.'' പട്ടി ശബ്ദംതാഴ്ത്തി ചെറുതായി കുരച്ചുകൊണ്ടു പറഞ്ഞു: "ഇപ്പൊ അങ്ങോട്ടു ചെന്നാൽ പപ്പിനിയേച്ചിക്കതു പ്രശ്നമാകും. അവൾടെ കെട്ടിയോൻ ഒരിക്കൽക്കൂടി ഇവിടെ നിങ്ങളെക്കണ്ടാൽ പിന്നെ ഞാൻ പറയേണ്ടല്ലോ, എന്താ അവിടെ സംഭവിക്കാൻ പോവുന്നതെന്ന്? അതുകൊണ്ട് അണ്ണൻ വേഗം മടങ്ങിപ്പോ. പോരെങ്കിൽ അണ്ണന്റെ കാലുതന്നെ ശരിക്കു നിലത്തുറക്കുന്നില്ല. അല്ലേലും അൽപം നക്കിക്കഴിഞ്ഞാൽ അണ്ണന്റെ സ്വഭാവം മഹാ പെഴയാ.''
"ഫ, പട്ടി. നിന്റെ തന്തയാ നക്കിയത്'' എന്നും പറഞ്ഞ് അതിനിട്ടൊരു തൊഴി കൊടുത്തു കഴിഞ്ഞിട്ടും എന്റെ ഉള്ളിലെ തീ കെട്ടില്ല. എനിക്കു അവളെ അവസാനമായിട്ടാണെങ്കിലും ഒന്നു കാണണമായിരുന്നു. ചെല്ലും ചെലവും കൊടുത്ത് ഇത്രനാളും പോറ്റിയിട്ടും എന്നെ ചതിച്ചത് എന്തുദ്ദേശ്യത്തിലാണെന്ന് എനിക്കറിയണം. അതിനുവേണ്ടി മാത്രമായിരുന്നല്ലോ ഞാനവിടെ ചെന്നത്. ഈ പട്ടിത്തെണ്ടിയാണെങ്കിൽ അവളെക്കാണാൻകൂടി സമ്മതിക്കുന്നില്ല.
"മനുഷ്യന്മാർക്കില്ലാത്ത വേവലാതി നിനക്കെന്തിനാടാ, നീ പോടാ പട്ടി@#***@ '' എന്നു ഉറക്കെത്തന്നെ ചീത്തവിളിച്ചപ്പോൾ അവനൊന്നും പറയാതെ മോങ്ങിക്കൊണ്ട് പിന്നെയും എന്റെ വഴിമുടക്കി.
അന്ന് രാത്രി എെന്നന്നേക്കുമായി എനിക്കവളെ തീർക്കേണ്ടിവന്നു. പിടിവലിക്കിടയിൽ അബദ്ധത്തിൽ. എനിക്കുനേരേ വീശിയ, അവളുതന്നെ രാകിമൂർച്ചകൂട്ടിയ ഒരായുധംകൊണ്ട്. പിന്നൊരു നിമിഷം ഞാനവിടെ നിന്നില്ല. എന്റെ മുതലാളി കൊച്ചൗള്ളയുടെ കാശുകൊണ്ട് കുറച്ചുകാലം പിടിച്ചുനിൽക്കാമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. ഉച്ചൂളിക്കുന്നിലെത്തിയാല് രക്ഷപ്പെടാമെന്നു കരുതി ഉച്ചൂളിക്കുന്നിലേക്കുള്ള വളവെത്തിയപ്പോഴാണ് മരക്കൂട്ടങ്ങൾക്കിടയിലിരുന്ന ഒരു ചെമ്പോത്ത് നീട്ടിക്കൂവി പോലീസുകാർ വരുന്നത് എനിക്കു മുന്നറിയിപ്പുതന്നത്. അവടന്നു വേഗം രക്ഷപ്പെട്ടോളൂ എന്ന സൂചനയായിരുന്നു അത്.
ആ കൂക്കൽ കേട്ടപ്പോൾ മറ്റൊരു കൊമ്പിലിരുന്ന രണ്ടു മൂങ്ങകളിലൊന്ന് തന്റെ ഇണയോടു പറഞ്ഞു: "ഇയാൾ ആ ദിശയിൽ പോവുകയാണെങ്കിൽ തീർച്ചയായും പോലീസുകാരുടെ മുമ്പിൽത്തന്നെ ചെന്നുപെടും.''
അപ്പോൾ മറ്റേ മൂങ്ങ, "ഇയാൾ പിന്നെ ഏതു വഴി പോയാൽ രക്ഷപ്പെടുമെന്നാണ് നീ പറയുന്നത്?'' എന്നു ചോദിച്ചു.
കൊക്കു കൂർപ്പിച്ച് പ്രത്യേകമായൊരു ചൂളംവിളിയോടെ ഒന്നാമത്തെ മൂങ്ങ മറുപടി പറഞ്ഞു: "അയാൾ കുന്നുകയറാനുള്ള നിരത്തിലേക്കാണ് തിരിയുന്നതു കണ്ടത്. അതു വിഡ്ഢിത്തമാണ്. എവിടെ മുങ്ങിയാലും ഇയാളിവിടയേ പൊങ്ങുകയുള്ളൂവെന്ന് മഫ്തിയിലുള്ള പോലീസുകാർക്കറിയാം. അടിവാരത്തേക്കുള്ള പാതയിലൂടെ പുഴക്കരയെത്തിയാൽ പിന്നെ ഇയാളെ അവർക്ക് പിടിക്കാൻ കഴിയില്ല. മനുഷ്യന്റെ കാര്യമല്ലേ, ഒന്നും മുൻകൂട്ടി ഉറപ്പിച്ചു പറയാൻ പറ്റില്ല.''
"അവരുടെ സംസാരം കേട്ടതുപ്രകാരം ഞാൻ നേരെ പിന്തിരിഞ്ഞു നിന്നു. ചുരം കയറുന്നതിനു പകരം പുഴക്കര ലക്ഷ്യമാക്കി കീഴോട്ടു നടന്നു.'' ചന്ദ്രന് പറഞ്ഞു നിര്ത്തി.
03
അതിൽപിന്നെ ചന്ദ്രനെ പോലീസ് പിടിച്ചതെങ്ങനെയെന്നോ, സ്വയം കീഴടങ്ങിയതാണെന്നോ, ഒന്നും എനിക്കു വ്യക്തമല്ല. എന്തുതന്നെയായാലും ഞാനും ചന്ദ്രനും ഒരേപോലെ ഈ മനുഷ്യവർഗത്തെ വെറുക്കുന്നുണ്ട്.
അവൻ പറഞ്ഞതനുസരിച്ച് കുറേക്കൂടി കാര്യങ്ങൾക്ക് വ്യക്തത വരേണ്ടതുണ്ട്. അതിനാദ്യം ചന്ദ്രനെ കണ്ടുപിടിക്കണം. പുത്തനങ്ങാടിക്കടുത്താണ് ചന്ദ്രൻ പണിയെടുത്തിരുന്ന ചന്തയെന്നു മാത്രമറിയാം. ആളെ എങ്ങനെ കണ്ടുപിടിക്കും?
അയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ കുറേക്കാലമായി ബന്ധമില്ലെന്നാണ് പറഞ്ഞത്. ഒരുപക്ഷേ, ജയിൽരേഖകളിൽ കേസിലിടപെട്ടിട്ടുള്ള ആരുടെയെങ്കിലും മൊബൈൽ നമ്പർ കണ്ടേക്കും. ജയിലിൽനിന്നിറങ്ങിയതിനുശേഷം ആ വഴിക്കും ഞാൻ ശ്രമിച്ചു നോക്കി. നിരാശയായിരുന്നു ഫലം.
പെരുമ്പച്ചന്തയിലെ കൊച്ചൗള്ള എന്ന ഒരു മലഞ്ചരക്കുവ്യാപാരിയുടെ കൂടെയായിരുന്നു ചന്ദ്രന് കുറേക്കാലം എന്ന വിവരം ടൗണിലുള്ള വണ്ടിപ്പണിക്കാരിൽനിന്നു കിട്ടി. വടക്കൻ ഭാഗങ്ങളിലെ കുടിയേറ്റമേഖലകളിൽച്ചെന്ന് കൊച്ചൗള്ളക്കുവേണ്ടി കപ്പയും മലക്കറികളും ശേഖരിക്കാൻ പോയിരുന്നത് ചന്ദ്രനാണെന്നറിയാൻ കഴിഞ്ഞു. അങ്ങനെ ഞാന് ഒരുദിവസം ചന്തയിലേക്കു പോയി കൊച്ചൗള്ളയെ കണ്ടു.
മൊബൈൽ ഫോണിൽ ഞങ്ങളൊരുമിച്ചുള്ള ചന്ദ്രന്റെ ഒന്നുരണ്ടു ഫോട്ടോ ഞാൻ കാണിച്ചപ്പോൾ അത് ചന്ദ്രനല്ലെന്നും വിഷ്ണുവാണെന്നുമായി കൊച്ചൗള്ള. ചന്ദ്രനാണെന്നു ഞാനും വിഷ്ണുവാണെന്നു അയാളും വാശിപിടിച്ചു. ഒടുവിൽ, കൊമ്പുള്ള നേരിയ മീശ താഴോട്ടാക്കിയാൽ ആള് വിഷ്ണുതന്നെയെന്ന് അയാളും ഉറപ്പിച്ചു പറഞ്ഞു. സംഭാഷണത്തിനൊടുവില്, ജയിലിൽവെച്ചാണ് ഇയാളെ പരിചയപ്പെട്ടതെന്നു ഞാൻ പറഞ്ഞപ്പോൾ കൊച്ചൗള്ളക്കു ഉത്തരംമുട്ടി.
"അള്ളോ, ജയിലിൽവെച്ചോ.'' അയാളമ്പരന്നു. നിസ്കാരത്തഴമ്പുള്ള നെറ്റി തടവി എന്നെയും വിഷ്ണുവിനെപ്പറ്റി അന്വേഷിച്ചെത്തിയ ആളെ പരിചയപ്പെടാനെത്തിയ മറ്റു പണിക്കാരെയും മാറിമാറി നോക്കി.
"ഓനൊരു മുങ്ങലുമുങ്ങീട്ട് പിന്നിതേവരെ എന്റെ കൺമുന്നിലെത്തീറ്റില്ല. എടക്ക് ചെലദിവസം ആളെ കാണാതാകാറ്ണ്ട്. ആ സമയത്ത് ഏതോ ബാധകൂടിയപോലെ ഒരു പോക്കാണ്. കയ്ഞ്ഞ കൊല്ലത്തേന്റെ ചന്തേന്റെ സമയത്താ ഓൻ ചരക്കെടുക്കാൻ ഇരിട്ടിക്ക് പോയത്. ദല്ലാളിനു കൊടുക്കാൻ ഏൽപിച്ച പയിനായിരം ഉർപ്പ്യ ഓൻ കൊണ്ടുപോയേന് എനിക്കൊരു സങ്കടൂംല്ല. കായ് ഇനീംണ്ടാക്കാ. പകരം ആളേംണ്ടാക്കാൻ കയ്യോ? ഓൻ ചോയ്ച്ചാ അന്റെ ഖൽബ് പറിച്ചുകൊടുക്ക്വായ്ര്ന്ന് ഞമ്മള്. വിശ്ണൂനെപ്പോലത്തെ ആൽമാർത്തേള്ള ഒരു പണിക്കാരനെ ഈ പെരുമ്പച്ചന്തയില് ഇങ്ങക്ക് കാട്ടിത്തരാനാകൂല. ഓനുണ്ടെങ്കിൽ സഹായത്തിന് ഞമ്മക്ക് പത്താള് വേണ്ട കോയാ, ഓനൊരുത്തൻ മതി.''
കൊച്ചൗള്ള പറഞ്ഞു.
"ഒരാളോടും ശാ-ശീന്നു പറയാത്ത ഒരു പച്ചപ്പയ്യ്. ഒരാളെയും എടങ്ങേറാക്കാത്ത നല്ല മരിയസ്തൻ, ഈ അങ്ങാടീലെ അച്ചടക്കമുള്ള ഒരേയൊരു തൊയിലാളി.'' കൊച്ചൗള്ളക്ക് വിഷ്ണുവിനെക്കുറിച്ചു പറയാൻ നൂറു നാവ്.
ചന്ദ്രൻ ഇവിടെ വിഷ്ണുവെന്ന പേരിലാണ് കുറച്ചുകാലം ജീവിച്ചതെന്നു എനിക്കു മനസ്സിലായി. പക്ഷേ, അങ്ങനെയൊരു പേരുമാറ്റത്തിലവന് ഇവിടെ കഴിഞ്ഞുകൂടിയതെന്തിനെന്നു മാത്രം മനസ്സിലായില്ല.
"ഇങ്ങക്ക് ആള് മാറിപ്പോയിറ്റ്ണ്ടാകും കോയാ. ഒരാളെപ്പോലെ ലോകത്തില് പത്താളുണ്ടാകൂന്നാ ശാസ്ത്രം പറയുന്നെ.'' കൊച്ചൗള്ള പറഞ്ഞു.
"അപ്പൊ ആള് മിസ്സിങ്ങാണെന്നർഥം,'' എന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ കൊച്ചൗള്ളക്ക് സംശയമായി.
"അതിരിക്കട്ടെ, ചോയ്ക്കാൻ മറന്ന്. നിങ്ങളെവ്ടുന്ന് വര്ന്ന്. നിങ്ങക്കെങ്ങിനെയാ വിശ്ണൂവായിറ്റ് പരിചയം? സത്യം പറ കോയാ, നിങ്ങള് ശെരിക്കും കള്ളനോ പോലീസോ?''
04
ഒടുക്കം, ഞാൻ ചന്ദ്രനെ കണ്ടുമുട്ടുകതന്നെ ചെയ്തു.
സ്വപ്നത്തിലൊന്നുമല്ല. ശരിക്കും ഉദ്വേഗഭരിതമായൊരു കൂട്ടിമുട്ടൽ. നിരന്തരമായ നിരീക്ഷണപരീക്ഷണങ്ങൾക്കും അലച്ചിലിനുമൊടുവിൽ, മുമ്പൊരിക്കൽ അവൻ സംസാരത്തിൽ സൂചിപ്പിച്ചിരുന്നതരം പ്രാചീനമായൊരു കൊല്ലപ്പുരയുടെ മുറ്റത്ത്. ഒരു സമ്മേളനമൈതാനിയിലെന്നപോലെ കൊടിതോരണങ്ങൾ അലങ്കരിച്ച ഒരു വേദിയിൽ. കേള്വിക്കാരായി നാനാതരം പക്ഷികളും മൃഗങ്ങളും അവനു ചുറ്റുമുണ്ട്. അവരെ അഭിസംബോധനചെയ്തുകൊണ്ട് ഒരു നാൽക്കാലി മൃഗത്തെപ്പോലെ കയ്യുംകാലും നിലത്ത് വളച്ചുകുത്തി അവൻ ഉച്ചത്തിൽ പ്രസംഗിക്കുകയാണ്. ആർക്കും മനസ്സിലാകാത്ത അജ്ഞാതഭാഷയിലുള്ള ആ വാക്കുകൾ ഉലയിൽനിന്നുള്ള അഗ്നിസ്ഫുലിംഗങ്ങൾപോലെ അവിടമാകെ പരന്നു. അനുസരണയുള്ള വളർത്തുമൃഗങ്ങളെപ്പോലെ എല്ലാവരും നിശ്ശബ്ദരായി അത് കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
ഏറെക്കാലത്തിനു ശേഷമുള്ള ഞങ്ങളുടെ അപ്രതീക്ഷിതമായ കൂടിക്കാഴ്ചയുടെ ഞെട്ടലിലായിരുന്നു ചന്ദ്രൻ.
എന്റെ പൊടുന്നനെയുള്ള വരവും ഭ്രാന്തൻകൂട്ടുള്ള വേഷവും കണ്ടിട്ടാകണം, അവൻ സംസാരം നിർത്തി. സദസ്സ് എന്റെ നേരേക്കു തിരിഞ്ഞു. പലരും അക്ഷമയോടെ അന്തരീക്ഷം ശബ്ദമുഖരിതമാക്കുന്നതിനിടയില് ചന്ദ്രന് കയ്യുയര്ത്തി എന്തോ ഒരാംഗ്യം കാട്ടിയപ്പോള് കേട്ടിരുന്നവർ അവന്റെ പ്രസംഗപീഠത്തിനടുത്തേക്കു പോകാന് എനിക്കു വഴിയൊരുക്കിത്തന്നു.
"എന്റെ പൊന്നു ചന്ദ്രാ... എനിക്കും നിങ്ങളുടെ ഭാഷ പഠിക്കണം. എനിക്കും നിങ്ങളെപ്പോലെ സ്വാതന്ത്ര്യത്തോടെ ഈ ഭൂമിയില് ജീവിക്കണം...''
അങ്ങനെെയല്ലാം ഞാൻ ഉച്ചത്തിൽ കരഞ്ഞുവിളിച്ചു പറഞ്ഞെങ്കിലും അതൊന്നും വെളിയിൽ വന്നതേയില്ല. പകരം തൊണ്ടയിൽനിന്നു മൃഗതുല്യമായൊരു ഓരിയിടൽമാത്രം പുറത്തേക്കു കേട്ടുതുടങ്ങി.