ചെ
വിറകൊന്നിളകിയപ്പോൾ കനൽപ്പൊരികൾ... ചുവപ്പുകലർന്ന മഞ്ഞനാളങ്ങൾ അമർന്നു കത്തി. മലകയറിയെത്തിയ തണുപ്പൊന്നാകെ മാർക്കോസിന്റെ മുറ്റത്തുനിന്ന് കിതച്ചു. അപ്പൻ പെട്ടെന്ന് എഴുന്നേൽക്കുന്നതും വീടിന്റെ പിന്നാമ്പുറത്തേക്ക് വേഗം നടന്നുപോകുന്നതും ഒരു ചാക്കുമായി തിരികെവരുന്നതും എലിസ കണ്ടു....
Your Subscription Supports Independent Journalism
View Plansവിറകൊന്നിളകിയപ്പോൾ കനൽപ്പൊരികൾ... ചുവപ്പുകലർന്ന മഞ്ഞനാളങ്ങൾ അമർന്നു കത്തി. മലകയറിയെത്തിയ തണുപ്പൊന്നാകെ മാർക്കോസിന്റെ മുറ്റത്തുനിന്ന് കിതച്ചു. അപ്പൻ പെട്ടെന്ന് എഴുന്നേൽക്കുന്നതും വീടിന്റെ പിന്നാമ്പുറത്തേക്ക് വേഗം നടന്നുപോകുന്നതും ഒരു ചാക്കുമായി തിരികെവരുന്നതും എലിസ കണ്ടു. ചാക്കിൽനിന്നെടുത്ത കരിക്കട്ടകൾ അമർന്നുതേങ്ങുന്ന കൂനക്കുമീതെ അയാൾ വിതറി. നിലത്തുകിടന്ന പാളയെടുത്ത് മാർക്കോസ് ആയത്തിൽ വീശി. മടിച്ചുനിന്ന തീ കരിക്കട്ടകൾക്ക് മീതെ കൂടി വലിഞ്ഞുകേറി വന്ന് വ്യാഘ്രത്തെപോലെ തീനാവുകൾ നീട്ടി... കനലെരിയും കണ്ണുകൾ തണുപ്പിനെ നോക്കി അലറി പോ... പോ... ദൂരെ... പോ.
തീക്കുണ്ഡത്തിനരികിൽനിന്നും നീലോൽപലും ഇന്ദിരയും സുകുമാരനും പ്രകാശും കിഷോറും ശേഖരനും ലക്ഷ്മിയും അൽപം പുറകോട്ടുമാറി ഇരിപ്പുറപ്പിച്ചു. മുറ്റത്തു കുറ്റിയടിച്ചു നിന്ന തണുപ്പ് മെല്ലെ മലയിറങ്ങാൻ തുടങ്ങി. മുറ്റത്തുവെച്ച പലകയിൽ ബാക്കിയായൊരു കേക്കിൻ കഷണം... നീലോൽപലിന്റെ പിറന്നാളായിരുന്നു ഇന്ന്. പിറന്നാൾ ദിനം എലിസ ഓർത്തുവെച്ചിരുന്നു. രണ്ടാഴ്ച മുേമ്പ മലയിറങ്ങിയ അപ്പനോട് കേക്കുണ്ടാക്കാൻ വേണ്ട സാധനങ്ങൾ വാങ്ങണമെന്ന് എലിസ പ്രത്യേകം ചട്ടംകെട്ടിയിരുന്നു.
തണുപ്പ് കുന്നിറങ്ങാൻ തുടങ്ങിയപ്പോൾ മാർക്കോസ് കഥ പറയാൻ തുടങ്ങി. കഥ കേൾക്കാൻ അവർ ജാഗരൂകരായി. രാത്രിനേരങ്ങളിലെ ഈ കഥ പറച്ചിലും കഥ കേൾക്കലും അവർക്ക് ഒഴിവാക്കാൻ പറ്റാത്തതാണ്. കഥപറയാൻ തുടങ്ങുമ്പോൾ മാർക്കോസിന്റെ മുഖത്തേക്ക് കടന്നുവരുന്ന കഥാദേശങ്ങളും അവിടെ തെളിയുന്ന കാലടിപ്പാടുകളും എലിസയെ പോലെതന്നെ നീലോൽപലിനും സുകുമാരനും ഇന്ദിരക്കും ഹൃദ്യം... തീനാളങ്ങളുടെ നിറപ്പകിട്ടുകൾ അപ്പന്റെ വെളുത്ത കവിളിൽ വരക്കുന്ന നിഴൽചിത്രങ്ങളെ എലിസ സാകൂതം നോക്കി. ഇരുവശങ്ങളിലും വലിയ പോക്കറ്റുകളുള്ള പച്ചക്കുപ്പായവും പച്ചപാന്റും... കോളറിനോട് ചേർന്ന് വലിയ ഫ്ലാപ്പുകൾ... ചുണ്ടിലെരിയുന്ന ചുരുട്ടിൽനിന്നുയരുന്ന പുകച്ചുരുളുകൾ അൽപം ചരിഞ്ഞുനിൽക്കുന്ന തൊപ്പിയിലുരുമ്മി മേൽപ്പോട്ട് പോകുന്നു. കഥയപ്പോൾ ആമസോൺ തീരത്തെത്തിയിരുന്നു. ചെഗുവേര തന്റെ സുഹൃത്തായിരുന്ന ആൽബർട്ടോക്കൊപ്പം ഒരു മോട്ടോർ സൈക്കിളിൽ ആമസോൺ തീരത്തുകൂടി പോകുകയായിരുന്നു.
കഥ കേൾക്കലിനിടയിൽ നീലോൽപൽ എലിസയുടെ മടിയിലേക്ക് വലിഞ്ഞുകയറി. ഒരു ചെറു കുറുകലോടെ ഒന്നു ചുരുണ്ടു. അപ്പോഴും നീലോൽപലിന്റെ കണ്ണും കാതും മാർക്കോസിനു നേരെ തുറന്നുവെച്ചിരുന്നു. ഒരു വർഷം മുമ്പാണ് നീലോൽപൽ വന്നത്. താഴ്വാരത്ത് ഉപേക്ഷിക്കപ്പെടുന്ന പൂച്ചക്കുട്ടികൾ മലകയറും. ചിലരുടെ വഴികൾ നീളും... ചിലരുടേത് ചുരുങ്ങും... അതിരുനിൽക്കുന്ന കാട്ടിലൂടെയെങ്ങാൻ വഴിതെറ്റി കേറിപ്പോയാൽ കുന്നിൻ നെറുകയിലെ മാർക്കോസിന്റെ മുറ്റത്തെത്താൻ ചിലപ്പോൾ മാസങ്ങളെടുക്കും. താഴ്വാരങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന പൂച്ചകുട്ടികൾ കുന്നുകയറി മാർക്കോസിന്റെ മുറ്റത്തുവന്നു നിലവിളിക്കും. മാർക്കോസിന്റെ വാതിലുകൾ പൂച്ചകൾക്കായി തുറക്കും. തുറന്ന വാതിലിലൂടെ അവരെത്തുക മാർക്കോസിന്റെ മുന്നിലാണ്. നവാതിഥിക്കുനേരെ മുഖംതിരിച്ച് ചെയ്തുകൊണ്ടിരിക്കുന്ന പണിക്കിടയിലും മാർക്കോസ് ചോദിക്കും.
"ചെഗുവേരയെക്കുറിച്ച് കേട്ടിട്ടുണ്ടോ?" "ബൊളീവിയൻ കാടുകളെപ്പറ്റി..?"
വാതിലിന് മറഞ്ഞുനിന്ന് എലിസ ചിരിക്കും. "അവനിങ്ങോട്ട് വന്നതല്ലേയുള്ളൂ അപ്പാ... കണ്ടതല്ലേയുള്ളൂ അപ്പാ...'' എങ്കിൽ കാണിച്ചുകൊടുക്കൂ മോളെ... അപ്പൻ പറയും.
അവൾ അതിഥിയെയുംകൂട്ടി മുൻവാതിലിനു മുന്നിൽ കൊണ്ടുനിർത്തും. മണ്ണ് തേച്ചു മിനുക്കിയ ചുവരുകൾ... ചുമരിന്റെ ഒത്തനടുക്ക് വാതിലിന്റെ നടുവിലായി റോസമ്മയും ചെഗുവേരയും. അപ്പന് ചെഗുവേരയോടാണോ അമ്മച്ചിയോടാണോ കൂടുതൽ ഇമ്പം? എലിസ ആലോചിക്കാറുണ്ട്. പക്ഷേ, ചോദിച്ചിട്ടില്ല. അപ്പൻ അമ്മച്ചിയെന്നു പറഞ്ഞാലും ചെഗുവേരയെന്നു പറഞ്ഞാലും തനിക്ക് സങ്കടമാകുമെന്ന് അവൾക്കറിയാം. അമ്മച്ചിയേയും ചെഗുവേരയെയും അവൾ കണ്ടിട്ടില്ല. രണ്ടുപേരെക്കുറിച്ചും കേട്ടറിവേയുള്ളൂ. അവൾ പിറന്ന് ഏഴാംപക്കം വന്നൊരു പനി അമ്മച്ചിയെ കൊണ്ടുപോയ കഥ അപ്പൻ പറഞ്ഞ് അവൾക്കറിയാം. അപ്പൻ പറഞ്ഞ കഥകളിൽ അമ്മച്ചിക്കും ചെഗുവേരക്കും ഒരേ മണമായിരുന്നു. വീണുപോകുമ്പോൾ വാരിയെടുത്ത് മാറിലേക്കമർത്തുമ്പോൾ മൂക്കിലേക്കടിച്ചുകയറുന്ന ഒരുമണമുണ്ടല്ല്. അതുപോലൊരിത്.
പാലായിൽനിന്നാണ് മാർക്കോസ് വയനാട്ടിലേക്ക് വന്നത്. മാർക്കോസിനെ സെമിനാരിയിൽ ചേർക്കണമെന്നായിരുന്നു അപ്പൻ അവുതക്കുട്ടിയുടെ ആഗ്രഹം. എന്നാൽ, ചെക്കൻ അതിലൊന്നും പോയില്ലെന്നു മാത്രമല്ല നാട്ടിലെ പ്രമാണിയായ ഇല്ലിക്കൽ മാത്തനെ രാത്രിക്കുരാമാനം കൂട്ടംകൂടി അടിച്ചതിന്റെ പേരിൽ കേസും പുക്കാറുമായി. വേളാങ്കണ്ണിയിൽ പോകാൻ കാത്തുവെച്ചിരുന്ന പൈസ ഒരു കടലാസിൽ ചുരുട്ടി നീ മലബാറിലെങ്ങാനും പോയി പെഴച്ചോടാ പൊന്നുമോനെ എന്നും പറഞ്ഞു അപ്പനും നിന്നെ എന്റെ മുന്നിലിട്ട് മാത്തനും കൂട്ടരും പട്ടിയെപ്പോലെ തല്ലി കൊല്ലുന്നതു കാണാൻ വയ്യായേ എന്റെ കർത്താവെ എന്ന് അമ്മച്ചിയും ചൊല്ലിയപ്പോൾ മാർക്കോസ് മലബാറിനു വണ്ടികയറി. മാർക്കോസ് മലബാറിനുപോയി രണ്ടു ദിവസം കഴിഞ്ഞാണ് അവുതകുട്ടിയും കെട്ടിയോളും ആ നടുക്കുന്ന രണ്ടു കാര്യങ്ങളും അറിഞ്ഞത്. (ഒന്ന്) മാർക്കോസ് ഒരു കമ്യൂണിസ്റ്റാണ്. മാർക്കോസിനെ കാണാൻ ഇടക്കിടെ വരാറുള്ള ആ താടിവെച്ച ചെറുപ്പക്കാരൻ പാർട്ടി അയക്കുന്ന സന്ദേശങ്ങൾ മാർക്കോസിന് എത്തിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ ആളാണ്. (രണ്ട്) മാർക്കോസ് മലബാറിന് വണ്ടികയറിയന്ന് മാർക്കോസിനൊപ്പം ഇല്ലിക്കൽ മാത്തന്റെ മൂത്ത പെങ്ങളുടെ മകൾ റോസമ്മയും മാർക്കോസിനൊപ്പം മലബാറിലേക്ക് വണ്ടികയറിയിരുന്നു. രണ്ടു വാർത്തയും ഏതാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപകടകരം എന്ന് അവർ രണ്ടുപേരും എത്ര ആലോചിട്ടും പിടിത്തംകിട്ടിയിരുന്നില്ല.
''അപ്പാ കേക്കൊരു കഷ്ണം ബാക്കിയാന്നല്ല്?''
"അതിലൊരു പേരെഴുതിയിട്ടുണ്ടാവും കൊച്ചേ... അതു കഴിക്കേണ്ടവന്റെ..."
"എന്നാൽ, ഞാനതൊന്ന് വായിക്കട്ടെ."
ചിരിച്ചുകൊണ്ടവൾ ബാക്കിയായ കേക്കിനുനേരെ കൈനീട്ടി. പെട്ടെന്നാണ് ഇരുട്ടിൽനിന്ന് എടുത്തെറിഞ്ഞപോലെ ഒരു മാർജാരൻ മുറ്റത്ത്. മാർക്കോസ് മകളെ ഒന്നുനോക്കി ഇപ്പോഴെങ്ങനെണ്ടെടി ഞാൻ പറഞ്ഞെതെന്ന ഭാവത്തിൽ. അവളപ്പനെ നോക്കിയൊന്നു ചിരിച്ചു. "എന്താ അപ്പാ ഇവന്റെ പേര്?" (വന്നുകയറുന്ന പൂച്ചകളുടെ കണ്ണിൽ അതിന്റെ പേരും എഴുതിവെച്ചിട്ടുണ്ടാവുമെന്ന് അപ്പൻ പറയാറുണ്ട്.) അപ്പൻ അവന്റെ കണ്ണുകളിൽ കോറിയിട്ടിരുന്ന പേര് ഉറക്കെ വായിച്ചു.
"ദാമോദർ..."
"ദാമോദർ..." അവളും ആ പേരൊന്നാവർത്തിച്ചു.
മുറ്റത്ത് വന്നുവീണവനൊന്ന് മുരണ്ട് മൂരിനിവർന്നു.
പൂഹോയ്... താഴ്വാരത്തുനിന്നും പെട്ടെന്നുയർന്നൊരു കൂവൽ... പുലിയിറങ്ങിയതിന്റെ സൂചന. ഓരോ മൃഗത്തിന്റെയും വരവിനെ സൂചിപ്പിക്കാൻ ഓരോ താളമാണ്. കഴിഞ്ഞ ദിവസമാണ് കാര്യാവിലെ തോമാച്ചന്റെ പൈക്കിടാവിനെ കാണാണ്ടായത്. ഇത്തിരി രോമവും അഞ്ചാറ് ചോരത്തുള്ളികളും മാത്രം തോമാച്ചന്റെ മുറ്റത്തിട്ട് പൈക്കിടാവെങ്ങോ പോയ്.
അപ്പൻ ഒരു റൂട്ടുമാർച്ചിന്റെ താളത്തോടെ ദാമോദറിന്റെ മുന്നിൽ വന്നുനിന്നു. അപ്പനപ്പോൾ ടെക്സ്പാൻ തുറമുഖത്തുനിന്നും യാത്ര പുറപ്പെടാനൊരുങ്ങി നിൽക്കുന്ന ചെഗുവേരെയെ ഓർമിപ്പിച്ചു. അവൾ അപ്പനെ നോക്കി സല്യൂട്ടടിച്ചു. അപ്പനത് മടക്കി. ദാമോദർ കൗതുകത്തോടെ അപ്പനെയും മകളെയും മാറിമാറി നോക്കി.
"ഇവനാള് പുലിയാണല്ലോടീ", ദാമോദറിനെ ഒന്നു തഴുകി മാർക്കോസ് പറഞ്ഞു. ഭയത്തിന്റെയോ അപരിചിതത്വത്തിന്റെയോ ഒരു ചെറു കണികപോലും ആ വെള്ളാരം കണ്ണുകളിൽ മാർക്കോസ് കണ്ടില്ല. അവൾ ബാക്കിയായ കേക്കിൻ കഷണം ദാമോദറിന്റെ നേരെ നീട്ടി. ഇടത് കാൽ അൽപം മുന്നോട്ടുവെച്ച് വലതുകാലും സമാന്തരമായി പറിച്ചുനട്ട് ദാമോദർ അത് ഏറ്റുവാങ്ങി. അളവൊത്ത ആ ചുവടുവെപ്പിലാനന്ദിച്ച് മാർക്കോസ് മകളെയൊന്നു നോക്കി. അപ്പന്റെ ആനന്ദാതിരേകം സാമോദം മകളുമേറ്റുവാങ്ങി.
ഒരാഴ്ചക്കുള്ളിൽതന്നെ ചടുലമായ ചലനങ്ങളും റൂട്ടുമാർച്ചിനൊപ്പിച്ച നടത്തവും ദാമോദറിന് മറ്റു പൂച്ചകൾക്കില്ലാത്ത ഒരു വ്യക്തിത്വം നൽകി. അവൻ മറ്റ് പൂച്ചകളുടെ കൂടെ കളിച്ചില്ല. അവരെപോലെ തലകുത്തി മറിഞ്ഞില്ല. അതിരുനിൽക്കുന്ന മരങ്ങളിലേക്ക് ഓടിക്കയറിയിറങ്ങിയില്ല. അവനെപ്പോഴും മുറ്റത്തിന്റെ മൂലയിലെ ഏതെങ്കിലും പാറക്കല്ലിൽ കയറിയിരുന്ന് ചിന്താമഗ്നനായി. നമ്മുടെ രാജ്യത്തെ ലോകശക്തിയാക്കാനുള്ള ആലോചനയിലാണ് മൂപ്പരെന്ന് പറഞ്ഞ് എലിസ അവനെ കളിയാക്കി.
മാർക്കോസ് കഥ പറയുമ്പോൾ ഏറ്റവും മുന്നിൽതന്നെ ദാമോദർ ഇരിപ്പുറപ്പിച്ചു. അപ്രതീക്ഷിത ആക്രമണങ്ങൾക്കിടയിൽ കാടിന്റെ നിഗൂഢതയിലേക്ക് ചെഗുവേരയും കൂട്ടരും അത്ഭുതകരമായി അപ്രത്യക്ഷരാകുമ്പോൾ ദാമോദർ നടുവൊന്ന് നിവർത്തും. രോമങ്ങൾപോലും യുദ്ധസജ്ജരായി എഴുന്നുനിൽക്കും. വാലുകൊണ്ട് പിന്നിലെ വായുവിൽ ഒരർധവൃത്തം വരക്കും.
"അതെങ്ങനെയാണപ്പാ കാടവരെ ഒളിപ്പിക്കുന്നത്? അവരുടെ തോക്കുകൾക്ക് ചെയെ കണ്ടെത്താൻ കഴിയില്ലെ..?" പൂച്ചകളുടെ ഉള്ളിലുയരുന്ന ചോദ്യങ്ങൾ അവർക്കുവേണ്ടി എലിസ ചോദിച്ചു.
"നാടിനെ സ്നേഹിക്കുന്നോര് കാട്ടിൽ കേറിയാൽ കാടവർക്ക് കാടിന്റെ നെറം നൽകും...കാടിന്റെ മണം നൽകും... കാട്ടലകിന്റെ, കാട്ടിലഞ്ഞിയുടെ, കാട്ടുചെമ്പകത്തിന്റെ മണം... കാടവർക്ക് കാട്ടുഗന്ധവും കാട്ടുനെറവും നൽകി വനഗർഭത്തിലവരെ ഒളിപ്പിക്കും." ഉത്തരം കിട്ടിയപോലെ മാർക്കോസിന്റെ നേരെ നീലോൽപലും കിഷോറുമെല്ലാം തലയാട്ടി.
പിറ്റേന്ന് പുലർച്ചയിൽ എല്ലാവരും ഹാജരായിട്ടും നീലോൽപൽ മാത്രം വന്നില്ല. എലിസ നീട്ടി വിളിച്ചു.
നീലോ...ൽ...പൽ... ഈണത്തിൽ.
നീലോൽ...പൽ... താളത്തിൽ.
നീലോൽപൽ... ആധിയിൽ.
അകത്തുനിന്നോ പുറത്തുനിന്നോ നീലോൽപലിന്റെ മറുപടി ഉയർന്നില്ല.
അവൾ വേപഥുവോടെ മുറ്റത്തിറങ്ങി. മുറ്റത്തിന്റെ പടിയിറങ്ങി. പടിക്കെട്ടിൽവെച്ച കാൽ എലിസ പിന്നാക്കം വെച്ചു. പടികളിലേക്ക് തലയാട്ടി നിൽക്കുന്ന കൂവളയിലയിൽ മൂന്നാല് ചോരത്തുള്ളികൾ... ചോരയിൽ നനഞ്ഞ പൂച്ചരോമങ്ങൾ...
അലമുറയിട്ടവൾ നിലത്തേക്കമർന്നു. ചോരയുടെ ചുവപ്പുവട്ടത്തിൽ പ്രകാശും സുകുമാരനും മൂക്കു ചേർത്തു. സാവധാനം പിന്തിരിഞ്ഞ് തിണ്ണയിലേക്ക് കയറി തറയിൽ മുഖം ചേർത്തു കിടന്നു. ഒലിച്ചിറങ്ങിയ കണ്ണീരിന്റെ ഉപ്പ് നാവുനീട്ടി സുകുമാരനിടക്കിടെ തൊട്ടു. എലിസയെ നിലത്തുനിന്നുയർത്തി മാർക്കോസ് തിണ്ണയിലെ തൂണിലേക്ക് ചാരിയിരുത്തി. വെള്ളമെടുത്ത് മുഖം തുടച്ചു. അവൾ നേരിയ വിറയലോടെ അപ്പനെ നോക്കി. ചുവന്നുകലങ്ങിയ കണ്ണുകളെ മാർക്കോസ് അവളിൽനിന്നും മറച്ചു.
ദുഃഖവും തണുപ്പും ഘനീഭവിച്ചുകിടന്ന ആ രാത്രിയിൽ തീക്കുണ്ഡത്തിനുചുറ്റും കഥ കേൾക്കാനവരിരുന്നു. മാർക്കോസ് കഥയുടെ ചുരുളഴിക്കാനും. ബാറ്റിസ്റ്റയോട് ഏറ്റുമുട്ടുകയായിരുന്നു ചെഗുവേരയപ്പോൾ. കഥ കേൾക്കുന്നതിനിടയിൽ ഇന്ദിരയും പ്രകാശും ഇരുട്ടിലേക്ക് ഇടക്കിടെ നോക്കിക്കൊണ്ടിരുന്നു. ദാമോദർ ഏറ്റവും മുന്നിലിരുന്ന് കഥകേൾക്കുന്നതിനിടക്ക് നടു നിവർത്തി കഥയുടെ ഗതിവിഗതികൾക്കനുസരിച്ച് ഇരുപ്പുവ്യവസ്ഥയിൽ ഇടയ്ക്കിടെ മാറ്റം വരുത്തി കഥ കേൾക്കുന്നതിൽ മാത്രം ശ്രദ്ധാലുവായി. അന്ന് കഥകൾക്കിടക്ക് കിഷോറിന്റെയും പ്രകാശിന്റെയും സുകുമാരന്റെയും ഉള്ളിൽ ചോദ്യങ്ങൾ ഉയർന്നില്ല. പൂച്ചകൾക്കായി എലിസ അപ്പനോട് ചോദ്യങ്ങൾ ചോദിച്ചില്ല.
തികച്ചും ആകസ്മികവും നടുക്കുന്നതുമായ പുലർച്ചകളാണ് പിറ്റേന്നുമുതൽ മാർക്കോസിനെയും എലിസയെയും കാത്തുകിടന്നത്. തുടർന്നുള്ള ആറു രാത്രികളിൽ പ്രകാശും ഇന്ദിരയും സുകുമാരനും കിഷോറും ശേഖറും ലക്ഷ്മിയും അങ്ങിങ്ങിടങ്ങളിൽ മൂന്നാല് ചോരത്തുള്ളികളും കുറച്ചു രോമങ്ങളും ബാക്കിയാക്കി അപ്രത്യക്ഷരായി. ദാമോദർ മാത്രം നിസ്സംഗനായി അന്ന് രാത്രിയിലും കഥ കേൾക്കാനിരുന്നു.
മാർക്കോസിന്റെ അന്നത്തെ കഥപറച്ചിൽ എവിടെയെല്ലാമോ തപ്പിത്തടഞ്ഞുനിന്നു. ഒരുപാട് പൂച്ചക്കരച്ചിലുകൾ ഒരാർത്തനാദംപോലെ അയാളുടെ ചെവിയിലേക്ക് പാഞ്ഞുകയറി. കഥയുടെ ചരടു പൊട്ടി അയാൾ ഒരു കിതപ്പോടെ നിലത്തേക്കമർന്നു. ദാമോദർ ഒരടി പിന്നാക്കം വെച്ച് മാർക്കോസിനെയും ആളിക്കത്തുന്ന തീയെയും മാറിമാറി നോക്കി.
എലിസ അപ്പനെ പിടിച്ചുയർത്തി. ആ കൊടും തണുപ്പിലും മാർക്കോസ് വെട്ടിവിയർത്തു. അവളയാളെ എഴുന്നേൽപിച്ച് ഉള്ളിലേക്കു നടത്തി. അകത്തേക്കുള്ള നടത്തത്തിനിടയിൽ ചുമരിലെ റോസമ്മയെയും ചെഗുവേരയെയും അയാൾ ഒരു നിമിഷം നോക്കിനിന്നു. സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ച് തന്നോടൊപ്പം ഇറങ്ങിപ്പോന്ന റോസമ്മയുടെയും വീടും നാടും വിട്ട് വസന്തങ്ങൾ തേടിപ്പോയ ചെഗുവേരയുടെയും മുന്നിൽനിന്ന് മാർക്കോസ് മകളെ തന്നോടുചേർത്ത് മൂർധാവിൽ മുത്തി. റോസമ്മയും ചെഗുവേരയും ചുമരിലിരുന്ന് അലിവോടെ അവരെ നോക്കി.
അപ്പന്റെ കുപ്പായവും പാന്റും ഊരി മറ്റൊരു പച്ചക്കുപ്പായവും പാന്റും അപ്പനെ അവൾ അണിയിച്ചു. അപ്പനെ കട്ടിലിലേക്ക് ചെരിച്ചു കിടത്തുമ്പോൾ ഇളകിപ്പോയ തൊപ്പി അവൾ ശരിയാക്കിവെച്ചു. അപ്പനെന്തോ പറയാനുണ്ടെന്നവൾക്കു തോന്നി. വാതിലടക്കാൻ അപ്പനാംഗ്യം കാട്ടി. അവൾ മുറിയുടെ വാതിലടക്കാൻ ചെല്ലുമ്പോൾ ദാമോദർ പുറത്ത് കാവലുണ്ടായിരുന്നു. വാതിൽ ചേർത്തടച്ചവൾ അപ്പന്റെ കാൽക്കലിരുന്നു. ആവുന്നത്ര ശബ്ദം താഴ്ത്തി അയാൾ ചെഗുവേരയുടെ കവിത ചൊല്ലി.
"ഒന്നുകില് നാം വിജയം നേടും,
അല്ലെങ്കില്
മരണത്തിനപ്പുറത്തേയ്ക്ക്
നാം നിറയൊഴിക്കും...
ആദ്യത്തെ വെടി പൊട്ടുമ്പോള് കാടു മുഴുവന്
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോൾ ഞങ്ങൾ നിന്നോടൊത്തുണ്ടാകും..."
അയാൾ കവിത ചൊല്ലി നിർത്തി. അവൾ അപ്പന്റെ മുഖത്തിനടുത്തേക്ക് നീങ്ങിയിരുന്നു.
"മകളേ... ഓർക്ക... അവരെങ്ങനെയും വരും. മാനായും മയിലായും പൂച്ചയായും പുലിയായും അവർ വരും. ഓർക്ക... ആൾക്കൂട്ടങ്ങൾക്കിടയിൽനിന്ന് സൗഹൃദത്തിന്റെ വിരലുകൾ നീട്ടി ഒരുപക്ഷേ അവർ നമ്മെ സ്പർശിച്ചേക്കാം... അതിൽ വീണുപോകല്ല്... നമ്മുടെ ഓർമകളുടെ ശിഖരങ്ങളിൽനിന്നും പണ്ടെങ്ങോ പൊഴിഞ്ഞുപോയ പാട്ടുകൾപോലും നമുക്കായി അവർ മൂളിയേക്കാം... അതിൽ വീണുപോകല്ല്... ഒരു കിതപ്പിൽ അയാൾ പറഞ്ഞുനിർത്തി.
അപ്പന്റെ വാക്കുകളിലെ പൊരുളറിഞ്ഞവൾ വാതിൽ തുറന്ന് പുറത്തിറങ്ങി. പുറത്തുനിന്നും സാക്ഷ വലിച്ചിട്ടു. അപ്പോഴും മുറിക്കു പുറത്ത് കാവലായി ദാമോദർ ഇരിപ്പുണ്ടായിരുന്നു. ദാമോദറിനെ മറികടന്ന് അവൾ തന്റെ മുറിയിലേക്കു കയറി. മാനായും മയിലായും പൂച്ചയായും പുലിയായും അവർ വരും. അപ്പന്റെ വാക്കുകൾ അവളുടെ ചെവിക്കുടയിൽ വന്ന് ഇടക്കിടെ മുട്ടിക്കൊണ്ടിരുന്നു.
നേരമേറെ കഴിഞ്ഞിട്ടുണ്ടാവണം പുറത്തുനിന്നെന്തോ ശബ്ദം കേട്ടവൾ പിടഞ്ഞുണർന്നു. കിളിവാതിലിലൂടെ നോക്കിയാൽ അപ്പന്റെ മുറി കാണാം. താനിട്ടുവെച്ച സാക്ഷ അൽപം സ്ഥാനം തെറ്റിയോ... അവളുടെ നോട്ടം തിണ്ണയിലേക്കു നീണ്ടു. തിണ്ണയിൽക്കൂടി ദാമോദർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. അപ്പൻ കിടക്കുന്ന മുറിക്കടുത്തെത്തുമ്പോഴേക്കും ദാമോദറിന്റെ നടത്തം സാവധാനമാകുന്നതും ചെവികൾ രണ്ടും ഇരുവശത്തേക്കും വട്ടം പിടിക്കുന്നതും അവൾ ശ്രദ്ധിച്ചു. അടുത്ത നിമിഷം കണ്ട കാഴ്ച ലോകത്തിലെ എല്ലാ ഭയങ്ങളുംകൂടി ഒരുമിച്ച് സമ്മാനിക്കുന്ന ഒരു വിദ്യുത് തരംഗമായി അവളുടെ നട്ടെല്ലിനെ വിറപ്പിച്ചുകൊണ്ട് കടന്നുപോയി.
ദാമോദർ നിന്നനിൽപിൽ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നു... സാവധാനം പുറത്തേക്ക് വിടുന്നു. ഇതിനിടയിൽ മന്ദസ്ഥായിയിൽ കൈകൾ കീഴ്പോട്ടും മേൽപോട്ടും ചലിപ്പിക്കുന്നു. ഏതോ യോഗമുറയിലെന്നവണ്ണം പിന്നെയും അതിശക്തമായി വായു ഉള്ളിലേക്ക് എടുക്കുന്നു. ദാമോദറിന്റെ ശരീരം പതിൻമടങ്ങായി വീർത്തുവരുന്നു. കൈകാലുകൾ കൂടുതൽ ബലിഷ്ഠങ്ങളായി വളരുന്നു. മൂർച്ചയുള്ള നഖങ്ങൾ വിരലുകളിൽനിന്നും പുറത്തേക്ക് എത്തിനോക്കുന്നു. വാലുകൾ നീണ്ടുവന്ന് നിലത്തുമുട്ടി പിന്നെയും മുകളിലേക്ക് ഒരു കൊയ്ത്തരിവാളുകണക്കെ വളയുന്നു. ഒരൊത്ത പുലിയുടെ പൂർണരൂപത്തിൽ ദാമോദർ തലകുടയുന്നു. അപ്പൻ കിടക്കുന്ന മുറിയുടെ വാതിൽപോളയിൽ ദാമോദർ രണ്ടു കൈയും ചേർത്ത് നിവരുന്നു. വാതിൽവിടവിലൂടെ ഉള്ളിലേക്ക് നോക്കി നാവുനുണയുന്നു. ഒന്നുറക്കെ നിലവിളിക്കാനോ വാതിൽ തുറക്കാനോ ആവാത്തവിധം ഒരു ഇരുട്ടുവന്ന് എലിസയുടെ കണ്ണുകളിലേക്ക് കയറിപ്പോയി.
പിറ്റേന്ന് കാലത്ത് താഴ്വാരം കുന്നുകയറി മാർക്കോസിന്റെ മുറ്റത്തെത്തി. നേരം ഇരുട്ടുംവരെ ഓരോരുത്തരും അവിടവിടെ തങ്ങിനിന്നു. തോമാച്ചന്റെ ഭാര്യ അന്നമ്മച്ചി അവളെ നിർബന്ധിച്ചു. താഴ്വാരത്തിലേക്ക് പോരാൻ. അന്നമ്മച്ചിക്കറിയാമായിരുന്നു അവൾ വരില്ലെന്ന്. എങ്കിലും അവർ ഗുണദോഷിച്ചു... മോളെ നീ ഒറ്റക്കാണ്... അവളെഴുന്നേറ്റ് അകത്തേക്കോടി. അപ്പന്റെ ഒരു പഴയ ഫോട്ടോ എടുത്ത് പുറത്തുവന്നു. കൈയിലിരുന്ന ചുറ്റിക കൊണ്ടവൾ ചുമരിൽ ചെഗുവേരയുടെ തൊട്ടപ്പുറത്ത് ആണിയടിച്ച് അപ്പനെ തൂക്കി. എന്നിട്ട് അന്നമ്മച്ചിയെ നോക്കിയൊന്നുചിരിച്ചു. ആ ചിരി അന്നമ്മച്ചിയോട് പറഞ്ഞു. ഞാനൊറ്റക്കല്ല... ഒറ്റക്കല്ല. രാത്രിയുടെ പടവുകൾ ഇറങ്ങി അന്നമ്മച്ചിയും തോമാച്ചനും മലയിറങ്ങി.
അപ്പനൂരിയിട്ട പച്ചക്കുപ്പായം അവളെടുത്തു. ഒരുനിമിഷം തന്റെ മുഖത്തോടു ചേർത്തു. പിന്നെ സാവധാനം ഓരോന്നായി അണിഞ്ഞു. പച്ചക്കുപ്പായത്തിന്റെ വലിയ കോളറിന്റെ അറ്റം അവളുടെ കവിളിലുരസി. അപ്പൻ കവിളിൽ ചുണ്ടുചേർത്തതുപോലെ അവളൊന്നു തളിർത്തു...
അപ്പന്റെ വലിയ ബൂട്ട് തനിക്ക് പാകമാകുമോ എന്നവൾ സംശയിച്ചു. ബൂട്ട്സിനുള്ളിലേക്ക് കാലുകൾ തിരുകി അപ്പൻ തന്നെ മെനഞ്ഞുണ്ടാക്കിയ ചരടിട്ടു മുറുക്കി. തൊപ്പിയെടുത്ത് തലയിലൽപം ചെരിച്ചുെവച്ചു. ചുമരിലെ അമ്മച്ചിയുടെയും ചെഗുവേരയുടെയും അപ്പന്റെയും ഫോട്ടോക്കു മുന്നിൽ അറ്റൻഷനായി അവൾ നിന്നു. അമ്മച്ചിയുടെ ലോക്കറ്റിലെ ചുവന്ന വെളിച്ചം ഇരട്ടിയാവുന്നതായും അപ്പന്റെയും ചെഗുവേരയുടെയും തൊപ്പിയിലെ വെള്ള നക്ഷത്രം കടുംചുവപ്പിൽ നിന്നുകത്തുന്നതായും അവൾക്ക് തോന്നി. വലംകൈ നെറ്റിക്കൊപ്പം കൊണ്ടുവന്ന് മൂവർക്കും സല്യൂട്ടടിച്ചു. അനന്തരം മുറ്റത്തെ തണുപ്പിലേക്ക് ഇറങ്ങി.
തലേന്ന് അപ്പൻ കത്തിച്ച് ബാക്കിയായ വിറകുകൂനയിലേക്ക് തീപടർത്തി. അപ്പനിന്നലെ പറഞ്ഞുനിർത്തിയേടത്തുനിന്നും അവൾ കഥ പറയാൻ തുടങ്ങി. തന്റെ പിന്നിലെ വായുവിൽ വാലുകൊണ്ട് അർധവൃത്തമെഴുതി ദാമോദർ ഇരുന്നു. അപ്പൻ തലേന്ന് ചൊല്ലിനിർത്തിയ കവിതയവൾ പൂരിപ്പിക്കാൻ തുടങ്ങി.
"സ്വേച്ഛാധിപതികൾക്കെതിരെ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില് അവസാനിക്കും
ക്യൂബയുടെ അസ്ത്രം തറച്ച് കയറി
കാട്ടുമൃഗം ഉടലിലെ മുറിവ് നക്കി കിടക്കും..."
അവൾ നിലത്തുകിടന്ന അലകിൻ കഷണവുമായി ഗറില്ലാ വേഗത്തിൽ പറന്നുയർന്നു. ദാമോദറിന്റെ നെഞ്ചിലേക്ക് അലകിൻ കഷണം കുത്തിയിറക്കി. നീണ്ടൊരു പിടച്ചിലിന്റെ നിലവിളി അലകിൽ കോർത്തെടുത്തവൾ തീക്കുണ്ഡത്തിലേക്ക് അമർത്തി. അലകിൽ തന്റെ ഭാരമുയർത്തി അവൾ അഗ്നികുണ്ഡത്തിനപ്പുറത്തേക്കും ഇപ്പുറത്തേക്കും പറന്നു... ചുറ്റിനും ചിതറിത്തെറിച്ച അഗ്നിസ്ഫുലിംഗങ്ങൾക്കിടയിലൂടെ ഒരു തീചാമുണ്ഡി തെയ്യത്തിന്റെ താളനിബദ്ധചലനങ്ങൾക്കൊടുവിൽ ദാമോദർ അഗ്നിയിൽ വിലയം പ്രാപിച്ചു.