ഫേക്ക് ഐഡി
അല്ലെങ്കിൽ ഒരു ആവറേജ് ഭോജ്പുരി നടനെ ഇവിടെ ആർക്കാണ് ഒറ്റനോട്ടത്തിൽ മനസ്സിലാകുക? അയാൾ എന്റെ ഫേക്ക് ഐഡി ആണ്. കറുത്ത മുത്തുകൾ കോർത്തിണക്കിയ റിസ്റ്റ് ബാൻഡ്. നീലയും വെള്ളയും കലർന്ന ഒ.എൻ.എന്റെ ടീഷർട്ട്. പ്രൊഫൈൽചിത്രത്തിലെ അതേ വസ്ത്രത്തിൽ ഇറങ്ങിവന്നതുകൊണ്ട് മാത്രമാണ്, രണ്ട് വരി പറഞ്ഞിട്ട് ആൾക്കൂട്ടത്തിലേക്ക് അതിവേഗം അലിഞ്ഞുചേരുന്നയാളെ...
Your Subscription Supports Independent Journalism
View Plansഅല്ലെങ്കിൽ ഒരു ആവറേജ് ഭോജ്പുരി നടനെ ഇവിടെ ആർക്കാണ് ഒറ്റനോട്ടത്തിൽ മനസ്സിലാകുക?
അയാൾ എന്റെ ഫേക്ക് ഐഡി ആണ്.
കറുത്ത മുത്തുകൾ കോർത്തിണക്കിയ റിസ്റ്റ് ബാൻഡ്. നീലയും വെള്ളയും കലർന്ന ഒ.എൻ.എന്റെ ടീഷർട്ട്. പ്രൊഫൈൽചിത്രത്തിലെ അതേ വസ്ത്രത്തിൽ ഇറങ്ങിവന്നതുകൊണ്ട് മാത്രമാണ്, രണ്ട് വരി പറഞ്ഞിട്ട് ആൾക്കൂട്ടത്തിലേക്ക് അതിവേഗം അലിഞ്ഞുചേരുന്നയാളെ എളുപ്പത്തിൽ മനസ്സിലാകുന്നത്.
''നാല് ക്ലോനാസെപാം കൊടുത്തു മയക്കി, പനവേലിലെ ആ ഓട്ടോക്കാരന്റെ ഞരമ്പ് മുറിച്ചങ്ങ് വിട്ടു, പോരെ?''
മെട്രോ തൂണുകൾക്കിടയിലൂടെ അയാൾ കച്ചേരിപ്പടി സൗത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞുപോയി. നടന്നുനീങ്ങുന്ന യഥാർഥ മനുഷ്യരുടെ നിരകൾ അയാളെ വിഴുങ്ങുന്നതുവരെ ഞെട്ടി ഞാൻ അവിടെത്തന്നെ നിന്നു. ഈയാഴ്ച ഇതേ വേഷത്തിൽ അയാളെ കാണുന്നത് മൂന്നാംതവണ.
പറഞ്ഞല്ലോ, ഫേസ്ബുക്കിൽ ഞാനുണ്ടാക്കിയ ഫേക്ക്ഐഡിയാണ്. സൈമൺ സി. സക്കറിയ.
പ്രാസമൊപ്പിച്ച് ഉണ്ടാക്കിയ പേരായിരുന്നു. സക്കറിയക്ക് ശേഷം വൺ ടു ത്രീ എന്നോ എ.ബി.സിയോ ഒക്കെ ഇടേണ്ടിവരുമെന്ന് കരുതി. പക്ഷേ വെറും സൈമൺ സി. സക്കറിയതന്നെ യൂസർനെയിം കിട്ടി. ആ പേരിൽ മറ്റാരുമില്ല. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അതേ പേരിലാണ് ഐഡി ഉണ്ടാക്കിയത്. നേറ്റിവ് പ്ലേസ് കടുത്തുരുത്തി കൊടുത്തു. കോട്ടയംകാരനായ അച്ചായൻ. പണ്ട് ബി.സി.എമ്മിൽ പഠിച്ചിട്ടുണ്ട്. ആ കാലമെങ്കിലും കൂടെ നിൽക്കുന്നതുകൊണ്ട് കുറുപ്പന്തറയും കടുത്തുരുത്തിയുമൊക്കെ പറഞ്ഞു ഫലിപ്പിക്കാൻ പറ്റും. കറന്റ്ലി വർക്കിങ് അറ്റ് ബിലീഫ് ടുഡേ, കാനഡക്കാർക്കുവേണ്ടിയുള്ള ഇവാഞ്ചലിക്കൽ മാഗസിനാണ്. ഇംഗ്ലണ്ടിലെ സ്കാർബോറോയിൽനിന്ന്.
ഇത്രയും വിവരങ്ങൾ ഒറ്റനോട്ടത്തിൽ വളരെ നാച്ചുറൽ ആയിരുന്നു. ഫേസ്ബുക്കിന് മാത്രമല്ല, എനിക്കുപോലും. നിങ്ങളൊരു ഫേക്ക് ഐഡി ഉണ്ടാക്കുമ്പോൾ വളരെ ഡീറ്റെയിൽഡ് ആയി വേർ എബൗട്ട്സ് കൊടുക്കുകയാണെങ്കിൽ വിശ്വാസ്യത സ്വാഭാവികമാകുമല്ലോ. അപ്പോഴും പ്രൊഫൈൽ ചിത്രമായിരുന്നു അടുത്ത തലവേദന. രണ്ട് റോസാപ്പൂവോ ചെമ്പരത്തിയോ ഏതെങ്കിലും ദേവഗണങ്ങളുടെയോ ഭൂതഗണങ്ങളുയോ പടമോ പറ്റില്ല. അങ്ങനെയാണ് ഭോജ്പുരി സിനിമാ താരങ്ങളുടെ ചിത്രം സെർച്ച് ചെയ്ത് കണ്ടെത്തിയത്. അവിടത്തെ ഏതോ പുതിയ താരമാണ്, കണ്ടാൽ ഒരു മലയാളി അച്ചായൻ ലുക്ക് ഒപ്പിക്കാം. അതുമായി.
അങ്ങനെയാണ് മൂന്നു കൊല്ലം മുമ്പ് സൈമൺ സക്കറിയ എന്ന സൈമു എന്ന നിക്ക് നെയിമുള്ളവനെ, അല്ലെങ്കിൽ ആ ഫേക്ക് ഐഡി ഞാൻ ഫേസ്ബുക്കിൽ ക്രിയേറ്റ് ചെയ്യുന്നത്.
രണ്ടു വർഷം മുമ്പ് പ്രൊഫൈലിൽ ഞാൻ അപ് ലോഡ് ചെയ്തിട്ട ഭോജ്പുരി നായകന്റെ ഷർട്ടും വാച്ചുമിട്ട് ആ സൈമൺ സക്കറിയയാണ് ഇന്ന് എന്റെ മുന്നിൽ വന്നുനിന്ന് ചെവിയിൽ സ്വകാര്യം പറഞ്ഞിട്ട് പോയത്.
എന്തിനാണ് ഒരു വ്യാജനെ ഉണ്ടാക്കിയതെന്ന് ആദ്യം പറയണം, വലിയ കാര്യമൊന്നുമല്ല, ഫേസ്ബുക്കിലെങ്കിലും ഒരു വ്യാജ ഐഡി ഇല്ലാത്ത ആരുണ്ട്?
വിഷയം അവനിപ്പോ പറഞ്ഞിട്ട് പോയതിനെക്കുറിച്ചാണ്. എനിക്കതിൽ ടെൻഷനുണ്ട്.
പോക്സോ ബലാത്സംഗക്കേസിലെ പ്രതിയായ അറുപത്തഞ്ചു വയസ്സുള്ള ആ ഓട്ടോറിക്ഷക്കാരനെ ഉറക്കമരുന്ന് കൊടുത്ത് മയക്കിയും കൈഞരമ്പ് മുറിച്ചും കൊന്നതാണെന്നാണോ സൈമൺ സക്കറിയ പറഞ്ഞിട്ടു പോയത്?
എനിക്ക് വേഗം വീട് പറ്റണമെന്ന് തോന്നുന്നു. ഒന്നുകിൽ കേസന്വേഷിക്കുന്ന പോലീസ്, അല്ലെങ്കിൽ കൊലപാതക പരമ്പരകളും എവിടെയുമെത്താത്ത തട്ടുപൊളിപൊളിപ്പൻ അന്വേഷണ സ്റ്റോറികളുമായി നടക്കുന്ന ലോക്കൽ വ്ലോഗർമാരോ യൂട്യൂബ് ചാനലുകളോ ആരൊക്കെയോ എന്നെ ഒളിഞ്ഞുനോക്കുന്നതുപോലെ തോന്നുന്നതെന്താണ്? സൈമൺ ആ ഓട്ടോക്കാരനെ കൊന്നു, അതിപ്പോൾ കൈമുറിച്ചോ ഉറക്കമരുന്ന് കൊടുത്തോ ആർക്കറിയാം. ഒന്നുറപ്പുണ്ട്. സൈമണ് ചോദിക്കാനും പറയാനും വേറെയാളില്ല. അത് സൈമണെ പിന്തുടരുന്ന സൈബർ സെൽ കണ്ടുപിടിക്കും. അപ്പോൾ ആ കൊലപാതകത്തിന്റെ ഉത്തരവാദി സ്വാഭാവികമായും ഞാനാകും. ആലോചിച്ചിട്ട് നല്ല സുഖമില്ലാത്ത കാര്യമാണ്. ബാക്കി ഞാൻ വീട്ടിലെത്തിയിട്ട് പറയട്ടെ.
എന്തിനാണ് വ്യാജ ഐഡി?
എനിക്കിവിടെയൊരു സബ് ഹെഡിങ് വേണം. അല്ലെങ്കിൽ പഴയ കാമുകനെ സ്റ്റോക്ക് ചെയ്യാനോ മറ്റോ ഞാൻ ഒരു കള്ളപ്പേരിൽ ഐഡി ക്രിയേറ്റ് ചെയ്തതാണെന്ന് നിങ്ങൾ പറയും. നോക്കൂ, ശരിക്ക് പറഞ്ഞാൽ സോ കാൾഡ് മൈ എക്സ് ഇപ്പോഴും സൈമണിന്റെ ഫേസ്ബുക്ക് സുഹൃത്താണ്. പക്ഷേ, ഞാനിതുവരെ ഒരു മെസേജുപോലും അയച്ചിട്ടില്ല. അതെങ്ങനെ, നിങ്ങൾ സൈമണെ ഒന്ന് നോക്കൂ, ഇത്രയും സൗന്ദര്യവും അഹന്തയുമുള്ള സൈമൺ എങ്ങനെ മറ്റൊരു പുരുഷന്റെ അഹന്ത കൂട്ടാൻ ലൈക്ക് ബട്ടണമർത്തും? മെസേജ് അയക്കും? നെവർ, നെവർ.
അവന്റെ പുതിയ ഗേൾഫ്രണ്ടുമായുള്ള ഫ്രണ്ട് ഓൺലി ഫോട്ടോസൊക്കെ ഞാൻ കണ്ടുപോന്നു, അത് ശരിയാണ്. അതിനപ്പുറമൊന്നുമില്ല. ഇതതിനായിരുന്നില്ല.
മൈ ഡിയർ കോമ്രേഡ്.
ദേവരകൊണ്ടയുടെ സിനിമാ ടൈറ്റിലാണ് ശ്രീകൃഷ്ണ ജയന്തിക്ക് കാപ്ഷനാക്കിയത്. സമയമില്ലാത്തപ്പോഴും തൊഴുതുപോരുന്ന സ്വന്തം മാർബിൾ കൃഷ്ണന്റെ ചിത്രവുമിട്ടു. സഖാ എന്ന് വിളിക്കുന്ന കുചേലനുണ്ടായിരുന്നു മനസ്സിൽ. പോസ്റ്റിട്ട് രണ്ട് മിനിറ്റിന്റെ സൈലൻസ്. താഴെ ആർത്തിരമ്പി വരുന്ന ഈച്ചക്കൂട്ടം. ആട്ടിൻകാട്ടം പൊതിഞ്ഞാർക്കുന്ന അതേ ചെള്ളീച്ചക്കൂട്ടം. ഉച്ചകഴിയാറായപ്പോഴേക്കും റെസിഡന്റ് എഡിറ്ററുടെ കോളു വരുന്നു.
നിലീനാ, നീയെന്ത് പണിയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ കാണിക്കുന്നത്?
എന്താണ് ചേട്ടാ, ശ്രീകൃഷ്ണനാണോ?
ഓഹ്, അപ്പോൾ അറിയാതെയല്ല... വേണ്ടാത്ത പ്രകോപനങ്ങൾ ഇട്ടുപോകരുത്. പലതവണ പറഞ്ഞതല്ലേ?
അതിന്, അത് എന്റെ സ്വന്തം പൂജാമുറിയിലെ കൃഷ്ണന്റെ പടമാണ്.
ആകും, അതിന് നീ കൊടുത്ത കാപ്ഷനെന്താണ്. ആൾക്കാരെ ചൊറിയിക്കരുത്, അല്ലെങ്കിൽതന്നെ വലിയ പാടാണ്.
ട്രൈ ടു വർക്ക് ഇൻ മീഡിയ, നോട്ട് ഇൻ സോഷ്യൽ മീഡിയ.
ഓ. ഞാൻ മാറ്റിക്കോളാം.
അങ്ങേയറ്റമാണ്. ഇതിന്നും ഇന്നലെയും കേൾക്കുന്നതല്ല. പോസ്റ്റിടുക, തിരുത്തുക അല്ലെങ്കിൽ വലിക്കുക. വലിച്ച പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഇട്ട് ചെള്ളീച്ചക്കൂട്ടത്തിന്റെ അടുത്ത ചീത്തവിളി കേൾക്കുക. ഇതിനൊരറ്റമില്ലേ?
അന്നാണ് ഒരു ഫേക്ക് ഐഡി ഉണ്ടാക്കാൻ തീരുമാനിച്ചത്.
സൈമൺ സി. സക്കറിയ ഒരു പച്ചത്തുരുത്തായി മാറുകയായിരുന്നു. കടുത്ത രാഷ്ട്രീയവാദങ്ങൾ സോഷ്യൽമീഡിയയിൽ സമർഥിക്കാൻ വളരെ സൗകര്യമായി കിട്ടിയ ഒരു സുഖമുള്ള മുഖംമൂടി. സന്ദർഭംപോലെ എടുക്കേണ്ട നിലപാടെടുത്താൽ ഇന്നലത്തെ പോസ്റ്റിന് കൈയടിച്ച അതേ പാർട്ടിയുടെ സൈബർ അണികൾ ഇന്ന് പക്ഷേ നിലത്തുനിർത്തില്ല. സൈബറിടത്തിലെ പെണ്ണുങ്ങളുടെ നിലപാടുകൾക്ക് എത്ര സ്വീകാര്യതയുണ്ടോ അത്രത്തോളം വിമർശകരുമുണ്ടെന്നത് പറഞ്ഞു പഴകിയ സത്യമാണ്. ഇപ്പറഞ്ഞതിനെല്ലാമപ്പുറമായിരുന്നു സൈമൺ. പൊളിറ്റിക്കൽ കമന്റുകൾ വിളിച്ചുപറയുക എന്നതിനപ്പുറത്തേക്ക് സൈമൺ എന്ന സോഷ്യൽമീഡിയയിലെ ഒരു പുരുഷസ്വത്വം.
അറിയാത്ത കവലയിലെ പരിചയമില്ലാത്ത ആൾത്തിരക്കിനിടയിലൂടെ ഞാൻ ഒരു പുരുഷനായി നടന്നുപോകുന്നതുപോലെ എനിക്ക് തോന്നി.
വന്നു കുമിഞ്ഞുകൂടാത്ത ഫ്രണ്ട് റിക്വസ്റ്റുകൾ, കമന്റുകളുടെ ബാഹുല്യമില്ലാത്ത ഫോട്ടോ പോസ്റ്റുകൾ...
പച്ചവെളിച്ചം കത്തിക്കിടന്നാൽ മുട്ടിവിളിക്കാത്ത മെസഞ്ചർ ആപ്പ് ആദ്യ ദിവസങ്ങളിൽ അത്ഭുതംകൊണ്ടെന്നെ പരിഭ്രമിപ്പിച്ചു.
ഭോജ്പുരി നടന്റെ പല പ്രായങ്ങളിലെ ഫോട്ടോകൾ സെർച്ച് ചെയ്തെടുത്ത് ഞാൻ ടൈംലൈനിൽ നിറച്ചു.
പതിയെ സൈമൺ സക്കറിയ സൈബർ പോരാളികളുടെ സീക്രട്ട് ഗ്രൂപ്പുകളിൽ അംഗമായി.
റോമൻ കത്തോലിക്കനായ പയ്യൻ ക്രിസ്ത്യൻ ട്രോളുകൾ ഷെയർ ചെയ്ത് പൊട്ടിച്ചിരിപ്പിച്ചു.
സുന്ദരന്റെ പ്രൊഫൈൽ ഫോട്ടോ കണ്ട് വല്ലപ്പോഴും മാത്രം സുന്ദരികളും പലപ്പോഴും മറ്റ് ചില 'സുന്ദരന്മാരും' സ്നേഹാന്വേഷണങ്ങളുമായെത്തി. ആർക്കും റിൈപ്ല കൊടുക്കാതെ സൈമൺ സി. സക്കറിയ സൈബർപൊങ്കാലകൾക്കും ശക്തിപ്രകടനങ്ങൾക്കും വേണ്ടി തന്റെ ജീവിതമുഴിഞ്ഞുവെച്ചു ജീവിച്ചുപോന്നു.
അതുവരെ ടൈംലൈനിൽ വലിയ അസ്വാരസ്യങ്ങളുമില്ലായിരുന്നു. കഴിഞ്ഞമാസം ചിലതുണ്ടാകുന്നതുവരെ.
ഓഫീസിലെ ക്ലീനിങ് സ്റ്റാഫിലെ ചേച്ചിമാരിൽ ഒരാൾ അവരുടെ മുഖത്തേക്ക് ആഞ്ഞു തുപ്പുന്നതു കണ്ടു. കയറിവരുന്ന ഗോവണിപ്പടിയില്വെച്ച്. ഭർത്താവാണ്. കശപിശയാണ്. പിടിച്ചുമാറ്റാൻ ആരും മെനക്കെടുന്നതുപോലുമില്ല. വഴുവഴുത്ത കട്ടത്തുപ്പൽ ചുരിദാറിന്റെ ഷാളുകൊണ്ട് തുടച്ചുമാറ്റി തലകുനിച്ച് നിൽക്കുന്ന ഒരു സ്ത്രീ. കരണംനോക്കി ഒന്നുകൊടുക്കണം, അവരെയാണ് തല്ലേണ്ടത്. ഇങ്ങനെയുള്ളവനെ കയറൂരിവിടുന്നതിന്. പത്രമോഫീസാണെങ്കിലും ആർക്കും ഒന്നും പറയാനുമില്ല, ചെയ്യാനുമില്ല, നല്ലകാര്യം. എല്ലാവരും കണ്ടുനിൽക്കുന്നുമുണ്ട്.
കൂടെനിന്നവരുടെ മുന്നിൽ അങ്ങേയറ്റംഅപമാനിക്കപ്പെട്ടവളായി അവർക്ക് തോന്നിയിരിക്കണം. അന്നുരാത്രി മക്കൾക്ക് വിഷംകൊടുത്ത് ആ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവമറിഞ്ഞ അയൽക്കാർ മൂന്നു പേരെയും എടുത്ത് ആശുപത്രിയിലേക്കോടി. അങ്ങനെ നാണക്കേടിൽനിന്ന് രക്ഷപ്പെടാനുള്ള അവരുടെ അവസാനശ്രമവും പൊളിഞ്ഞു.
അത് നടന്ന് നാലാം നാളാണ് സ്ത്രീയുടെ ഭർത്താവിനെ രാത്രി ഒരു ബുള്ളറ്റ് ഇടിച്ചുവീഴ്ത്തുന്നത്. രണ്ടു കാലും ഒരു കൈയുമൊടിഞ്ഞ് മുഖവും തെന്നിവീണ് നല്ല പരിക്കോടെ അയാൾ ആശുപത്രിയിലായി. കടം തിരിച്ചുകൊടുക്കാത്തതുകൊണ്ട് ആരോ കൊടുത്ത പണിയാണെന്നും അല്ലെന്നും ഓഫീസിൽ പറയുന്നതു കേട്ടു.
അന്ന് വൈകീട്ട് ലിഫ്റ്റിറങ്ങുമ്പോൾ അയാളെ ഞാനാദ്യമായി നേരിൽ കണ്ടു.
''ഹായ് നിലീന, മനസ്സിലായില്ലേ എന്നെ? സൈമണാണ്.''
ഒന്നും തിരിച്ചു പറയാൻ പറ്റുന്നില്ല.
തലയിൽ തേങ്ങ വീഴുന്നതുപോലെയുള്ള ഒരു പ്രത്യേക നിമിഷമാണ്. എന്തു പറയാനാണ്?
''ഞാനാണ് ബൈക്കിടിപ്പിച്ചത് കേട്ടോ, അവന്റെ മുഖം നോക്കി കൊടുത്തിട്ടുമുണ്ട്.''
അയാൾ ലിഫ്റ്റിൽ കയറി മുകളിലേക്കു പോയി. ഞാൻ ഇന്നത്തേതുപോലെ ഞെട്ടി അവിടെത്തന്നെ നിന്നു.
പിന്നെയും പലതവണ, ചിലപ്പോൾ ഫേക്ക് ഐഡിയിൽനിന്ന് എനിക്ക് വരുന്ന മെസേജുകളായി. ചിലപ്പോൾ സിനിമാ തിയറ്ററിൽ ഇന്റർവെല്ലിനിടക്ക്, ബിഗ് മാളിലെ ഹൈപ്പർമാർട്ടിലെ ബില്ലിങ്ങിനിടക്ക്, പത്രമോഫീസിലെ പാർക്കിങ്ങിനിടയിൽ.
എന്റെ ചുറ്റും നടന്നുകൊണ്ടിരുന്ന പല ഉത്തരമില്ലാത്ത ചോദ്യങ്ങളുടെയും ക്ലൈമാക്സെഴുതുന്നത് താനാണെന്ന് സൈമൺ അവകാശപ്പെട്ടു തുടങ്ങിയിരുന്നു. അയാൾ കാറ്റുപോലെ പ്രത്യക്ഷപ്പെട്ടു കടന്നു പോകുമ്പോഴെല്ലാം, ഒരു വാചകത്തിനുപോലും മറുപടി കൊടുക്കാൻ കഴിയാതെ ഞാൻ മരപ്പാവയായി നിന്നു. ഒരു മെസേജിനുപോലും മറുപടി അയക്കാൻ ധൈര്യമില്ലാതെ ഞാൻ പരിഭ്രമിച്ചു.
ശരിക്കും അങ്ങനെ ഒരാളുണ്ടോ?എന്റെ തോന്നലല്ലേ അയാളും അയാളുടെ മെസേജുകളും? ഇതൊക്കെ എനിക്കയക്കുന്നതും ഞാൻ തന്നെയാകില്ലേ?
ശരിക്കും ആരെയെങ്കിലും ഞാൻ അപായപ്പെടുത്തിയിട്ടുണ്ടോ? വണ്ടിയിടിപ്പിച്ച് വീഴ്ത്തിയത് ഇനി ഞാനാണോ?
ഉത്തരങ്ങളില്ലാതാകുന്നതുകൊണ്ടാണ് ഡോ. ജോസഫിനെ കണ്ടത്. ആർ.പി.എസിലെ സൈക്കോളജിസ്റ്റ്.
''ഇതൊക്കെ വെറും ഹാലൂസിനേഷനല്ലേ? നിലീനയെപ്പോലെ ഒരു പത്രക്കാരിക്ക് ഇതൊന്നുമറിയില്ലേ? ഞാൻ രാത്രി കഴിക്കാൻ രണ്ട് ടാബ്ലറ്റ് തരാം. വേണമെങ്കിൽ ഇതൊക്കെ ഒന്നുകുറിച്ചുവെച്ചോളൂ, പറ്റുമെങ്കിൽ നമുക്കൊരു കഥയാക്കാം.''
ഡോക്ടർ ചിരിക്കുകയാണ്. ഇത്രേയുള്ളുവോ ഈ സംഭവം.
മരുന്ന് എടുത്തു തുടങ്ങിയതിനുശേഷം സൈമണിന്റെ വരവുംപോക്കും കുറഞ്ഞു. ചിലപ്പോൾ വഴിയരികിൽനിന്ന് കൈവീശുന്നതിലേക്ക് അതു ചുരുങ്ങി.
ഫേക്ക് ഐഡി കഴിവതും തുറക്കരുതെന്ന ഡോക്ടറുടെ ഉത്തരവ് ചുരുക്കം സമയങ്ങളിലൊഴികെ ഞാൻ തെറ്റിക്കാതെ നോക്കി. മെസേജുകൾ വരുന്നത് നിന്നു. അപ്പോൾ പ്രശ്നം മരുന്ന് കഴിക്കാത്തതു മാത്രമായിരുന്നു. ഇനിയാരോടും ഒന്നും പറയാതെ നോക്കണം. അങ്ങനെ സമാധാനമായി പോകുന്ന ദിവസങ്ങൾ. ആയുസ്സു കുറഞ്ഞവ.
അതിനിടയിലാണ് എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത അമ്പത്താറുകാരനായ ഓട്ടോക്കാരന്റെ വാർത്ത ഇന്നലെ ഡസ്കിൽ കിട്ടുന്നത്. ഇത്ര അസ്വസ്ഥപ്പെടുത്തുന്ന മറ്റൊന്നും ഈയടുത്ത് വായിച്ചുപോയിട്ടില്ല. സംഭവത്തിനുശേഷം എഴുന്നേൽക്കാത്ത കുട്ടി, ചിരിയറ്റുപോയ ഒരു കൂരയും അതിലെ കുറച്ചു മനുഷ്യരും. പ്രതിയെ പിടിക്കാനായിട്ടില്ല.
''കയ്യിൽ കിട്ടിയാൽ വേദനിപ്പിച്ച് കൊല്ലേണ്ട ഇനങ്ങളാണ്.''
''അതൊരു പഴഞ്ചൻ ആവേശമാണ് നിലീന, മിനിമം മാധ്യമപ്രവർത്തകരെങ്കിലും തിരിച്ചറിയേണ്ട കാര്യമാണ്. അതല്ല നിയമസംരക്ഷണം'', കൂടെയിരുന്ന് കാപ്പി കുടിച്ചുകൊണ്ട് ഹേമ പറഞ്ഞു.
ചെവി കൊടുക്കാനും തർക്കിക്കാനുമില്ല. തളർന്നുപോയ ഒരു കുഞ്ഞുമുഖം ഓരോ മണിക്കൂറിലും വല്ലാതെ ഉള്ള് നീറ്റുന്നുണ്ടായിരുന്നു.
ഇന്ന് പ്രതീക്ഷിക്കാത്ത പുതിയ വാർത്തയും വന്നു. ഞരമ്പ് മുറിച്ചിട്ടനിലയിൽ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തിയെന്നത്. ഉറക്കമരുന്ന് കഴിച്ചിട്ടുണ്ടായിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ വിശദവിവരങ്ങളും ഡസ്കിൽ കിടപ്പുണ്ട്. നന്നായി. സന്തോഷമുണ്ട്.
ഈ വൈകുന്നേരമാണ് ആ കൊലപാതകവും അവകാശപ്പെട്ട് സൈമൺ വീണ്ടും മുന്നിലെത്തുന്നത്. നോക്കൂ ഇതത്ര ചെറിയ വിഷയമല്ല. കൊലയാണ്. ഇതിനാരാണ് ഉത്തരവാദിയാകുക? ഇനി മറ്റാരെങ്കിലുംനടത്തിയ പാതകം എന്റെ അബോധമനസ്സ് ഏറ്റെടുക്കുന്നതാണോ? എങ്കിൽ രണ്ടുദിവസത്തെ മരുന്നുകൊണ്ട് ഇതും അവസാനിച്ചോളും.
സമാധാനമില്ലാത്ത രാത്രിയാണ്.
ഇല്ല, നാളെ ഞാൻ ഡോക്ടറെ വീണ്ടും കാണും, കൂടുതൽ മരുന്ന് ചോദിക്കും. സൈമണെ തുടച്ച് കളയും. രാത്രി സ്വസ്ഥതയോടെ ഉറങ്ങും.
രാവിലെ ഓഫീസിലെത്തുമ്പോൾ ആൾക്കൂട്ടം പൊതിയുന്നു.
''എന്താണ് വിശേഷിച്ച്?''
''പനവേലിലെ ഓട്ടോ കൊലയില്ലേ? നീ ഫോളോഅപ്പ് എന്തെങ്കിലും ചെയ്യാൻ വല്ലവരുടെയും ഡീറ്റെയ്ൽസ് തിരക്കിയിരുന്നോ? പൊലീസ് സ്റ്റേഷനിൽനിന്ന് വിളിച്ചിട്ടുണ്ട്. നിന്നെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് ഓഫീസിൽ വിളിച്ചതാണ്. തിരിച്ചുവിളിക്കൂ.''
ഇതത്ര ഹാലൂസിനേഷനല്ല. ആരെയാണ് ആദ്യം വിളിക്കേണ്ടത്? പൊലീസിനെയോ ഡോക്ടറെയോ?
പേടി അരിച്ചരിച്ച് കയറുന്നുണ്ട്.
ഞാൻ സ്റ്റേഷനിലേക്ക് വിളിച്ചോളാം.
പുറത്തിറങ്ങി ഓട്ടോ വിളിച്ചു.
''ഡോക്ടർ ജോസഫിന്റെ ക്ലിനിക്കിലേക്ക് വിടൂ.''
ചൊവ്വാഴ്ചകളിൽ ഒ.പി വീട്ടിലാണ്.
പതിവിന് വിപരീതമായി തിരക്കേയില്ല. ഡോക്ടറുടെ മുറിയിൽ ആരെങ്കിലുമുണ്ടോ? പതിയെ സംസാരിക്കുന്നുണ്ടോ?
അതിൽ പരിചിത മുഖമുണ്ടോ?
വാതിൽ മുഴുവൻ ചാരിയിട്ടില്ല.
ഇടയിലൂടെ വ്യക്തമായി കാണാം.
ഡോക്ടറുടെ മുന്നിലിരിക്കുന്ന സൈമൺ സി. സക്കറിയ.
''മടുത്തു ഡോക്ടർ, എനിക്കെന്തെങ്കിലും കൂടുതൽ മരുന്ന് തരണം ഡോക്ടർ.''
''നിലീനയെ ഇപ്പോഴും കാണുന്നതുപോലെ തോന്നുന്നുണ്ടോ സൈമൺ?''
''ഞാനിപ്പോഴാ ഫേക്ക് ഐഡി തുറക്കാറേയില്ല. എന്നിട്ടും ആ നിലീന വന്നുപോകാത്ത ദിവസമില്ല. ഒരു ഓട്ടോക്കാരനെ കൊന്നത് അവരാണെന്ന് പറയാൻ ഇന്നലെയും വന്നു ഡോക്ടർ, ഇതൊക്കെ ഇനി ഞാൻ ചെയ്യുന്നതാണോ എന്നാണ് സംശയം.''
''സമാധാനത്തിലിരിക്കൂ, ആ വാർത്ത കണ്ട് അപ്സെറ്റായിട്ടാകാം. ഞാൻ ഉറങ്ങാൻ മരുന്ന് തരാം.''
എന്താണ് അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത്? ഇത് ഞാൻ കണ്ടുകൊണ്ടിരുന്ന, എനിക്ക് മരുന്ന് തന്നുകൊണ്ടിരുന്ന അതേ ഡോക്ടറല്ലേ? ഡോക്ടർക്ക് അതൊന്നും ഓർമയില്ലേ?
''നാലു മാസമായില്ലേ നമ്മൾ ട്രീറ്റ്മെന്റ് തുടങ്ങിയിട്ട്. ശരിയാകും സൈമൺ.'' ഡോക്ടർ പറയുകയാണ്.
ഞാനല്ലേ നാലു മാസമായി ഡോക്ടറെ കണ്ടുകൊണ്ടിരുന്നത്?
''ഇതത്ര ചെറിയ തോന്നലായി തീരുന്നില്ല ഡോക്ടർ. ഇപ്പോ ഇവിടെപ്പോലും അവളുള്ളതായിട്ടാണ് തോന്നുന്നത്. ആ വാതിലിനിടയിൽനിന്ന് നിലീന ഒളിച്ചുനോക്കുന്നതുപോലെ എനിക്ക് തോന്നുന്നു, ഡോക്ടർ'', സൈമൺ തല താഴ്ത്തി മേശയിൽ വെച്ചുകൊണ്ട് പറഞ്ഞു.
നിന്നിടത്ത് ഞാൻ മരവിച്ചുനിൽക്കുകയാണ്.
എവിടെയാണ് ഒന്നൊളിക്കുക?
ഡോക്ടർ പതിയെ പാതി ചാരിയ വാതിൽ തള്ളിനീക്കി. പുറത്തുനിൽക്കുന്ന എന്റെ മുഖത്തു തറപ്പിച്ചു നോക്കി ഡോക്ടർ ജോസഫ് പറഞ്ഞു:
''ഇവിടാരുമില്ല സൈമൺ, എല്ലാം നിങ്ങളുടെ ചിന്തയാണ്, നിലീനയും എല്ലാം. ദാ നോക്കൂ.''
തലപൊക്കി നോക്കുന്ന സൈമൺ.
എങ്ങോട്ടെന്നില്ലാതെ ഞാൻ ഇറങ്ങിയോടി.