സെക്കൻഡ് സെക്സ്
‘‘ഓവനിലേക്ക് തല തിരുകിവെച്ച് ആത്മഹത്യചെയ്യുമ്പോൾ അവരെന്തിനായിരിക്കും തന്നെ ചികിത്സിച്ച ഡോക്ടറെ വിളിക്കാനാവശ്യപ്പെട്ടുകൊണ്ട് – please call Dr. Horden എന്ന കുറിപ്പ് എഴുതിവെച്ചിട്ടുണ്ടാവുക?’’ ‘‘ആര്?’’ ‘‘സിൽവിയാപ്ലാത്ത്.’’ ‘‘അവർ കടുത്ത ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിച്ചുകൊണ്ടിരിക്കയായിരുന്നു എന്ന് നീ തന്നെയല്ലേ എന്നോടു പറഞ്ഞത്’’, മഹാശ്വേത മകളോട് ചോദിച്ചു. പിന്നെ അവളൊന്നും പറഞ്ഞില്ല. പാർക്കിലെ ബെഞ്ചിൽ മഹാശ്വേതയുടെ ചുമലിൽ തല ചായ്ച്ച് ഇരിക്കയായിരുന്നു...
Your Subscription Supports Independent Journalism
View Plans‘‘ഓവനിലേക്ക് തല തിരുകിവെച്ച് ആത്മഹത്യചെയ്യുമ്പോൾ അവരെന്തിനായിരിക്കും തന്നെ ചികിത്സിച്ച ഡോക്ടറെ വിളിക്കാനാവശ്യപ്പെട്ടുകൊണ്ട് – please call Dr. Horden എന്ന കുറിപ്പ് എഴുതിവെച്ചിട്ടുണ്ടാവുക?’’
‘‘ആര്?’’
‘‘സിൽവിയാപ്ലാത്ത്.’’
‘‘അവർ കടുത്ത ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിച്ചുകൊണ്ടിരിക്കയായിരുന്നു എന്ന് നീ തന്നെയല്ലേ എന്നോടു പറഞ്ഞത്’’, മഹാശ്വേത മകളോട് ചോദിച്ചു.
പിന്നെ അവളൊന്നും പറഞ്ഞില്ല. പാർക്കിലെ ബെഞ്ചിൽ മഹാശ്വേതയുടെ ചുമലിൽ തല ചായ്ച്ച് ഇരിക്കയായിരുന്നു അവൾ. അൽപം ദൂരെ പോക്കുവെയിൽ തട്ടി കടൽത്തിരകൾ തിളങ്ങുന്നുണ്ടായിരുന്നു. സ്വന്തം ശരീരത്തോട് ആത്മാവു നടത്തുന്ന അതികഠിനമായ യുദ്ധമാണ് ഡിപ്രഷനെന്ന് മഹാശ്വേതക്കും മകൾക്കും നന്നായിട്ടറിയാം. ഒരുപക്ഷേ, അവരെപ്പോലെ അത് മറ്റാർക്കും അറിയുകയുമുണ്ടാവില്ല. ഉള്ളിലെ പ്രാണന് നിൽക്കാൻ ശരീരത്തിലിടം പോരാത്തതുപോലെ, കൂട്ടിലിട്ട മൃഗത്തെപ്പോലെ സദാസമയവും അസ്വസ്ഥമാവുന്ന ഒരു ജീവനെ മകൾ കൊണ്ടുനടക്കുന്ന കാര്യം മഹാശ്വേതക്ക് കുറച്ചുനാളായി നന്നായറിയാം. ഉള്ളിൽ നടക്കുന്ന കാര്യങ്ങളുടെയും പുറത്തു നടക്കുന്ന കാര്യങ്ങളുടെയും നിയന്ത്രണം ഒരേ സമയം കൈവിട്ടുപോവുക എന്നത് എത്രയോ വലിയ ദുരന്തമാണ്. അതിലേക്ക് തന്റെ മകൾ നടന്നെത്താതിരിക്കാൻ സ്നേഹംകൊണ്ട് മഹാശ്വേത ഉരുക്കുകോട്ടകൾ പണിഞ്ഞുകൊണ്ടിരുന്നു. എന്നിട്ടും ഇരുളിന്റെ ഭൂഗർഭങ്ങളിൽ പോയൊളിക്കാനുള്ള അവളുടെ ശ്രമങ്ങളെ തടയാനാവാതെ മഹാശ്വേത പലപ്പോഴും തളർന്നുവീണു. ചില നേരങ്ങളിൽ വെളിച്ചത്തെയും മറ്റു മനുഷ്യരെയും അവൾക്കു പേടിയായിരുന്നു. എന്തൊെക്കയായാലും എപ്പോഴും ഇരുട്ടിൽനിന്ന് പൂമ്പാറ്റച്ചിറകുകളുമായി അവൾ പുറത്തുവരികതന്നെ ചെയ്തു.
‘‘ആരെയും സ്നേഹിക്കാനാവുന്നില്ല, സ്വയം സ്നേഹിക്കാനും’’, മകൾ തന്റെ അവസ്ഥ പറഞ്ഞ് സങ്കടപ്പെട്ടു:
‘‘ചില നേരങ്ങളിൽ പ്രാണന്റെ ഒരു കത്തിപ്പിടിക്കലുണ്ട്. ആ നേരത്ത് എല്ലാം കൈവിട്ടുപോകും. ഒരു മുഖംമൂടിയും പിന്നെ നമുക്കു ചേരാതാകും. നാമാക്കപ്പെട്ട, നമുക്കപരിചിതമായ മറ്റൊരാത്മാവിനു മുന്നിൽ നമ്മൾ പകച്ചുപോകും. അപ്പോൾ ഭയങ്കരിയെന്നും അഹങ്കാരിയെന്നും ധിക്കാരിയെന്നും അറ്റൻഷൻ സീക്കിങ്ങിന്റെ തന്ത്രമാണെന്നും കുറച്ചുകൂടെ വിശാലമായി, ഭ്രാന്തിയെന്നും ആളുകൾ മുദ്രവെച്ചുതരും. തിരുത്താനാവാതെ, പലതവണ പറഞ്ഞുപറഞ്ഞ് സത്യമായി മാറിയ ഒരു കളവുപോലെ മറ്റുള്ളവരുടെ മനസ്സിൽ അതങ്ങനെ കിടക്കും. ഒരു എപ്പിഡെമിക് പോലെ കരുത്തില്ലെങ്കിൽ കൂടെ നിൽക്കുന്നവരിലേക്കും അത് പടർന്നുകേറും.’’
വിവാഹജീവിതമാണ് ഡിപ്രഷനിലേക്ക് അവളെ നടത്തിക്കൊണ്ടുപോയതെങ്കിൽ, സ്നേഹനഷ്ടത്തെക്കുറിച്ചുള്ള ആധിയാണ് അവളെ അതിൽതന്നെ പിടിച്ചുനിർത്തുന്നത് എന്നു മഹാശ്വേതക്ക് തോന്നി. അവളെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നൊരു വാശിയില്ലായിരുന്നെങ്കിൽ അന്തസ്സുള്ള ഒരു മരണത്തിലേക്ക് താൻ നടന്നുപോകുമായിരുന്നു എന്ന് മഹാശ്വേത മനസ്സിൽ കുറിച്ചിട്ടു. ജീവിതം തരുന്ന പൊള്ളലുകളെ ചിലപ്പോൾ നമുക്ക് അത്രയെളുപ്പത്തിൽ അതിജീവിക്കാനാവില്ല.
എന്താണ് അവൾക്കുവേണ്ടി ചെയ്യാനാവുക എന്ന അന്വേഷണങ്ങൾ മാത്രമായിരുന്നു, മഹാശ്വേതക്ക് ജീവിതം. ആന്റി ഡിപ്രസന്റ്സിനും കൗൺസലിങ്ങിനും ആകാത്തത് മറ്റെന്തിനെങ്കിലും പറ്റിയിരുന്നെങ്കിൽ! എന്തെങ്കിലും മഹാത്ഭുതങ്ങൾ നടന്നിരുന്നെങ്കിൽ... അവളെ പഴയതുപോലെ കിട്ടിയിരുന്നെങ്കിൽ...മഹാശ്വേത സ്വയമറിയാതെ കൈ നെഞ്ചിൽ വെച്ചുപോയി.
കടപ്പുറത്തുനിന്ന് ഏതോ പെൺകൂട്ടായ്മയുടെ കൂടിച്ചേരലിന്റെ ഭാഗമായുള്ള സംവാദങ്ങൾ കേൾക്കുന്നുണ്ട്:
‘‘വിവാഹത്തിലേക്കു പോകാൻ ഇഷ്ടമില്ലാത്ത സ്ത്രീപുരുഷബന്ധങ്ങളെ സദാചാരവിരുദ്ധമായി സമൂഹം കാണുന്നതെന്തുകൊണ്ടാണ്? സമൂഹത്തിന് ഒരിക്കലും സ്വയം തിരിച്ചറിയാനാവാത്തവിധം സ്ത്രീയെ ചവിട്ടിപ്പിടിക്കണം. അതിന് വിവാഹം മാത്രമേ ഒരു മാർഗമുള്ളൂ. അതുകൊണ്ടാണ്.’’
മഹാശ്വേതയോർത്തു, ഇന്ന് കുടുംബകോടതിയിൽ വരേണ്ട ദിവസമായിരുന്നു. കോടതിയിൽനിന്ന് ഇറങ്ങി, പെട്ടെന്നുതന്നെ അവളെയുംകൊണ്ട് നേരെ വീടിന്റെ ശൂന്യതയിലേക്ക് തിരിച്ചുപോകാൻ മഹാശ്വേതക്ക് ഭയമായിരുന്നു. കോടതിയിലെ സംഘർഷാത്മകമായ നിശ്ശബ്ദത വിട്ട് േപ്രതങ്ങളെപ്പോലെ പുറത്തിറങ്ങുമ്പോൾ എവിടെയെങ്കിലുമൊന്ന് പോയൊളിക്കേണ്ടതുണ്ടായിരുന്നു അവർക്ക്. ആർക്കും മുഖം കൊടുക്കാതെ ഇരിക്കാൻ പറ്റിയ ഒരിടം എപ്പോഴും ആൾക്കൂട്ടമാണെന്നു തോന്നിയതുകൊണ്ടാണ് ബീച്ചിനരികിലെ പാർക്കിലേക്കു വന്നത്.
പെൺകൂട്ടായ്മ കത്തിക്കേറുകയാണ്:
‘‘സിമോൺ ദ ബോവർ എഴുതിയിട്ടുണ്ട്, പ്രണയിനിയുടെ മുന്നിൽ മുട്ടുകുത്തിനിൽക്കുമ്പോൾപോലും അവളെ കീഴടക്കുന്നതിനെക്കുറിച്ചാണ് പുരുഷൻ ചിന്തിക്കുന്നതെന്ന്. ഒരു പെണ്ണിനുവേണ്ടിയും ഒരു ത്യാഗവും ചെയ്യാനൊരുക്കമില്ലാത്ത പുരുഷനുവേണ്ടിയാണ് സ്ത്രീകൾ സ്വന്തം ജീവിതം കൊണ്ടുകളയുന്നതെന്നതിനെക്കുറിച്ച്– പരമമായ ആ ബുദ്ധിശൂന്യതയെക്കുറിച്ച് നമ്മൾ ഓർക്കേണ്ടതുണ്ട്...’’
പെട്ടെന്ന് മഹാശ്വേത മകളെപ്പറ്റി ഓർത്തു. എന്തൊരു വാശിയാണിവൾക്ക്. എന്തു പറഞ്ഞുകൊടുത്തിട്ടും എപ്പൊഴും ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്: ‘‘എന്തൊക്കെപ്പറഞ്ഞാലും അവനെ എനിക്കു വേണം അമ്മാ. ഒന്നിന്റെ പേരിലും അവനെ വിട്ടുകളയാൻ പറ്റില്ല. അതിന് എത്ര കാലം ഫൈറ്റ് ചെയ്യേണ്ടിവന്നാലും. അവനെ എല്ലാവരും കൂടി ട്രാപ്പിലാക്കിയതാണ്. അമ്മ എന്റെ ഒപ്പം നിൽക്കില്ലേ?’’
ഒന്നു പറഞ്ഞും അവളെ മാറ്റിച്ചിന്തിപ്പിക്കാൻ മഹാശ്വേതക്ക് പറ്റുന്നുണ്ടായിരുന്നില്ല. അവളോട് സംസാരിക്കാൻവേണ്ടി മാത്രം ഓരോ നേരവും മഹാശ്വേത വാക്കുകളെ മനസ്സിലിട്ടു മിനുസപ്പെടുത്തുകയും ചെത്തിമിനുക്കുകയും ചെയ്തു. അവളെ മുറിവേൽപിക്കാതിരിക്കാൻ, പറയുന്ന ഓരോ വാക്കിന്റെയും മൂർച്ചകൾ സ്വയം ഏറ്റുവാങ്ങി മുറിപ്പെട്ടുകൊണ്ടുമിരുന്നു:
‘‘അമ്മയ്ക്ക് എന്നെ പ്രസവിക്കാതിരിക്കാമായിരുന്നു.’’ അവൾ സദാ നേരവും പരിഭവിച്ചുകൊണ്ടിരുന്നു. അവളോട് വഴക്കിട്ടിട്ട് കാര്യമില്ലെന്ന് മഹാശ്വേതക്ക് അറിയാമായിരുന്നു. തന്നോടുതന്നെയുള്ള അതിഭയങ്കരമായ പോരാട്ടത്തിലാണ് അവളെന്ന് മഹാശ്വേതക്ക് അറിയാം. തന്നെത്തന്നെ തോൽപിക്കാൻ നടക്കുന്ന ജീവനെ തകർക്കാൻ അവൾ തന്റെ ശരീരത്തെ ഇല്ലാതാക്കുമോ എന്നു മാത്രമായിരുന്നു മഹാശ്വേതയുടെ പേടി. ഒരു കാലത്തും തനിക്കില്ലാതിരുന്ന ആത്മവിശ്വാസത്തെ, അവളിലേക്ക് പകർന്നുകൊടുക്കാൻ മഹാശ്വേത തന്റെ പ്രാണന്റെ ഉലയൂതിത്തിളക്കിക്കൊണ്ടിരുന്നു:
‘‘നിനക്കറിയോ, ജീവനും മരണവും തമ്മിലുള്ള അതിഭയങ്കരമായ ഒരു യുദ്ധത്തിനു ശേഷമാണ് നീ ഈ ഭൂമിയിലേക്ക് എത്തിയത്. അതിൽ നീ സർവൈവ് ചെയ്തപ്പോൾ എനിക്ക് ഉറപ്പായിരുന്നു നീ തോൽക്കാൻ വന്നവളല്ലെന്ന്. അതുകൊണ്ടാണ് ഞാൻ നിനക്ക് അപരാജിത എന്നു പേരിട്ടത്’’, മഹാശ്വേത അഭിമാനത്തോടെ ചിരിച്ചു.
‘‘പിന്നെ അമ്മയെന്തിനാണ് ഭയപ്പെടുന്നത്? ഞാൻ ജയിക്കുകതന്നെ ചെയ്യും.’’
അവളുടെ മുഖത്തെ പ്രതീക്ഷയെ തകർക്കാതെതന്നെ മഹാശ്വേത പറഞ്ഞു:
‘‘അവനയച്ച വക്കീൽ നോട്ടീസ് നീ ഒന്നുകൂടെ വായിച്ചുനോക്ക്. നിനക്കു വട്ടാണെന്നും രാത്രി മുഴുവൻ നീ അവനെ ഉപദ്രവിക്കയാണെന്നും കൂടാതെ വിലപിടിച്ച എന്തൊക്കെയോ സാധനങ്ങളുമായാണ് നീ അവിടെനിന്ന് കടന്നുകളഞ്ഞതെന്നും... ഇതാ വായിക്ക്...’’
‘‘ബഹു കോടതിയുടെ ദയവുണ്ടായി ഹരജിക്കാരനും എതിർകക്ഷിയും തമ്മിൽ 20.4.2020ന് ഉണ്ടായ വിവാഹബന്ധം Decree of Divorce മുഖേന വേർപെടുത്തി, ഈ വ്യവഹാരത്തിലെ സകല ചെലവുകളും എതൃകക്ഷിയോട് അനുവദിച്ചും കൽപിച്ചും ഒരു വിധിയുണ്ടാക്കാൻ വണക്കമായി അപേക്ഷിക്കുന്നു.’’
‘‘എങ്ങനയുണ്ട്? കൊള്ളാം ല്ലേ?’’
‘‘അമ്മാ, അത് വക്കീൽ എഴുതിപ്പിടിപ്പിക്കുന്നതല്ലേ? അവനല്ലല്ലോ?’’
‘‘പക്ഷേ, അതിനു ചുവട്ടിൽ ഒപ്പിട്ടത് അവനല്ലേ?’’
‘‘വക്കീൽ ചോദിച്ചതു കേട്ടില്ലേ, നിന്റെ ആഭരണങ്ങൾ അവന്റെ കൈയിലാണെന്നതിന് നിന്റെ കൈയിൽ എന്തെങ്കിലും തെളിവുണ്ടോ എന്ന്? ഇവിടെ തെളിവാണ് വേണ്ടത്. നിന്റെ സ്നേഹത്തിന് തെളിവുണ്ടോ, നിന്റെ ത്യാഗത്തിന് തെളിവുണ്ടോ?’’
‘‘ഞാനീ പറയുന്നത് നിനക്ക് ഒന്നുകൂടി ചിന്തിക്കാൻ വേണ്ടിയാണ്, കുടഞ്ഞെറിഞ്ഞു കളയേണ്ട ഒരു ബന്ധത്തെ നീ കൂട്ടിപ്പിടിക്കുന്നതെന്തിന്? നാട്ടുകാരെ പേടിച്ചിട്ടോ?’’
തകർന്നുപോയവരെ കൂടുതൽ തകർക്കാനാണ് സമൂഹത്തിനെപ്പോഴുമിഷ്ടമെന്ന് മഹാശ്വേതക്ക് തോന്നി. നെഞ്ചോടു ചേർത്ത് സാന്ത്വനിപ്പിക്കുന്ന ആൾക്കൂട്ടം കഥകളിൽ മാത്രമേയുള്ളൂ. സമൂഹം വെച്ചുനീട്ടുന്ന ഔദാര്യത്തിന്റെ അളവുകോലുകൾ, മനുഷ്യരെ നിസ്സഹായരാക്കാൻവേണ്ടി മാത്രമുള്ളതാണ്. അതുകൊണ്ടാണല്ലോ കോടതിയിൽ കയറിയിറങ്ങുന്നതും അതാരെങ്കിലും കാണുന്നതുമൊക്കെ സാധാരണക്കാരന്റെ ഉറക്കം കെടുത്തുന്നതും ഹൃദയമിടിപ്പ് കൂട്ടുന്നതും. ഇതൊക്കെ മാറണമെങ്കിൽ സമൂഹത്തിന്റെ ഓർമകൾക്ക് ഡിമെൻഷ്യ ബാധിക്കണം. മഹാശ്വേത രോഷംകൊണ്ടു:
‘‘നിനക്കെന്തറിയാം, എന്തു നീതിയാണ് നീ ഈ ലോകത്തുനിന്നും പ്രതീക്ഷിക്കുന്നത്? കോടതി വരാന്തയിൽ കേസു വിളിക്കുന്നതും കാത്തിരിക്കാറുള്ള മുഖങ്ങളെ നീ കാണുന്നതല്ലേ? കബളിപ്പിക്കപ്പെട്ട വേദനയിൽ കല്ലിച്ചുപോയ മുഖങ്ങളാണവ. സ്നേഹംകൊണ്ട് കീഴടക്കാമെന്നു കരുതി തോറ്റുപോയവർ...’’
‘‘കുടുംബകോടതിയിൽ നടക്കുന്ന ഓരോ സംഭവവും തെളിയിക്കുന്നതെന്താണ്? മനുഷ്യന്റെ ഉള്ളിൽനിന്ന് മനുഷ്യത്വം, നന്മ ഇതൊക്കെ പൊയ് പ്പൊയിരിക്കയാണ് എന്നാണ്. ഓരോരുത്തരും സ്വയം സുരക്ഷിതരാകുന്നത് പലപ്പോഴും അന്യരെ ചവിട്ടിയരച്ചുകൊണ്ടാണ്. ഇന്നുതന്നെ, ഡിവോഴ്സ് കേസിന്റെ ഭാഗമായുള്ള ഫാമിലി കൗൺസലിങ്ങിന് വീൽചെയറിൽ വന്ന, ആ മുസ്ലിം പെൺകുട്ടിയില്ലേ, അവൾ പ്രസവത്തിൽ അരക്കു കീഴോട്ടു കുഴഞ്ഞുപോയതാണുപോലും. പാവം. അവളുടെ വാപ്പ അവനെ ഷർട്ടിനു പിടിച്ചതാണ് നമ്മൾ താഴെ കേട്ട ബഹളം.’’
‘‘കൈയിൽ പുസ്തകബാഗുമായി വന്ന ആ കോളേജ് വിദ്യാർഥിനിയെ കണ്ടോ നീ? കേസു വിളിച്ചപ്പോഴാണ് അവൾ ഒറ്റക്കാണ് വന്നതെന്ന് എനിക്കു മനസ്സിലായത്. പക്ഷേ അവൾക്ക് ഒട്ടും കൂസലുണ്ടായിരുന്നില്ല. അവളുടെ കണ്ണുകളിൽ നിശ്ചയദാർഢ്യം തിളങ്ങിയിരുന്നു. ആ പെൺകുട്ടിയെ കണ്ടപ്പോൾ എനിക്ക് ആശ്വാസംതോന്നി. മറ്റൊരാൾക്ക് തകർക്കാൻനിന്നുകൊടുക്കേണ്ടതല്ല നമ്മുടെ ജീവിതം എന്ന് അവൾ വിളിച്ചുപറയുന്നതുപോലെ തോന്നി.’’
‘‘വേണ്ട എന്നൊരാൾക്കു തോന്നിക്കഴിഞ്ഞാൽ അതാണ് ഏതൊരു ബന്ധത്തിന്റെയും അവസാനം. പിന്നെ വിട്ടുകളഞ്ഞേക്കണം. ലെറ്റ് ദെം ഗോ.’’
പാർക്കിൽനിന്ന് എഴുന്നേറ്റ് നടക്കുമ്പോൾ കൈയിലിരുന്ന പുസ്തകത്തിന്റെ പുറംചട്ടയിൽനിന്ന് അന്ന അക്മത്തോവയുടെ രണ്ടുവരി കവിത അവൾ ഇടറിയ ശബ്ദത്തിൽ ചൊല്ലി:
‘‘നിങ്ങൾ ഇടിമുഴക്കം കേൾക്കുമ്പോൾ എന്നെ ഓർക്കും. എന്നിട്ടു വിചാരിക്കും അവൾക്ക് കൊടുങ്കാറ്റായിരുന്നു വേണ്ടിയിരുന്നതെന്ന്.’’
അവളുടെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നോ? എന്തോ... മഹാശ്വേത മകളെ ചേർത്തുപിടിച്ചിട്ട് കാതിൽ മന്ത്രിച്ചു:
‘‘ഞാനുണ്ട് നിനക്കൊപ്പം. പക്ഷേ, സ്നേഹമില്ലാത്ത ഒരാളെ നേടിയെടുത്തിട്ട് എന്തു ചെയ്യാനാണ്?’’
മുമ്പും എത്രയോ വട്ടം ചോദിച്ചിട്ടുള്ള ഒരു ചോദ്യമായിരുന്നു അത്. അപ്പോഴൊക്കെ ഒരു നേർത്ത നീരൊഴുക്കുപോലെ അത് ചുട്ടുപഴുത്ത നിലങ്ങളിലൂടെയൊഴുകി ഏതോ ഉഷ്ണരാശിയിൽ പോയൊളിച്ചു. ആർക്കും വേണ്ട എന്ന തിരിച്ചറിവിന്റെ പൊള്ളലിൽനിന്ന് സ്വയം സ്നേഹമാണ് ഏറ്റവും വലിയ സ്നേഹമെന്നറിയാനുള്ള ബുദ്ധി കാണിക്കൂ എന്ന് അലറിവിളിക്കണമെന്നുണ്ടായിരുന്നു മഹാശ്വേതക്ക്.
നെഞ്ചിൽ ഘനീഭവിച്ചുകിടന്നിരുന്ന അപരിമേയമായ ആധികളെയെന്നപോലെ, പെട്ടെന്ന് ചേർത്തുപിടിച്ചിരുന്ന മഹാശ്വേതയുടെ കൈകളെ അവൾ കുടഞ്ഞെറിഞ്ഞു. റോഡിൽ മുറിച്ചുകൂട്ടിയിട്ട മരങ്ങൾക്കു മീതെ ചിതറിക്കിടക്കുന്ന ചുവന്ന പൂവുകൾ പെറുക്കിയെടുത്തുകൊണ്ടു നടക്കുമ്പോൾ അവൾ പറഞ്ഞു: ‘‘അമ്മാ, അവൻ ജയിച്ചോട്ടെ. അവരുടെ ഇഷ്ടപ്രകാരം നമുക്കിത് കോടതിക്കു പുറത്തു സെറ്റിൽ ചെയ്യാം. ഇല്ലെങ്കിൽ പിന്നെയും കാലം വൈകും. കാലതാമസം ഒരു കെട്ടിക്കിടപ്പാണ്. കെട്ടിക്കിടന്നിട്ടെന്താണ്? ഒഴുകിപ്പോവണം. ഒഴുകി പോവണം.’’
ഒഴുകി എന്ന വാക്കിന് അന്നോളമില്ലാത്ത തണുപ്പുണ്ടെന്ന് അവളുടെ മുഖത്തു നോക്കിയപ്പോൾ മഹാശ്വേതക്ക് തോന്നി. അവൾ ധൃതിയിൽ നടക്കുകയാണ്. കാഴ്ച മറച്ച കണ്ണീർച്ചില്ലിനപ്പുറത്തേക്ക് മഹാശ്വേത തന്റെ നീരുവെച്ച കാലുകളെ നീട്ടിവലിച്ചു. വഴിയിൽ തിരക്കിട്ടു നടക്കുന്ന അനേകം മനുഷ്യർ ഒരു കൊളാഷിലെന്നവണ്ണം അവർക്കൊപ്പം ചേരുന്നുണ്ടായിരുന്നു.