മസിൽ ബാരൽ
നിറ * കൃത്യമായിപ്പറഞ്ഞാൽ, ഒരുമാസം മുമ്പായിരുന്നു ലാലന്റെ കയറിത്താമസം. അയാളുടെ അച്ഛൻ, ജോസഫ് മാത്രമേ നാട്ടിലുള്ളൂ. പെരപണി തീർക്കുവാൻ ലോൺ എടുത്തതും പലിശ അടക്കുന്നതുമൊക്കെ ലാലൻതന്നെയാണെങ്കിലും ചാച്ചൻ ഓടിനടന്ന് വീടുപണി തീർത്ത കാര്യം ലാലന് ആശ്വാസമായിരുന്നു. ലാലൻ ഒറ്റ മകനാണ്. ലാലനെ പെറ്റിട്ട് മറുപിള്ള പുറത്തു വെരും മുമ്പേ ലാലന്റെ അമ്മച്ചിയുടെ നീട്ടിയെടുത്ത ശ്വാസം തൊണ്ണക്കുഴിയിൽ വട്ടമുടക്കി... ഒരിക്കലും പുറത്തുപോവാതെ! ബന്ധുക്കളും...
Your Subscription Supports Independent Journalism
View Plansനിറ *
കൃത്യമായിപ്പറഞ്ഞാൽ, ഒരുമാസം മുമ്പായിരുന്നു ലാലന്റെ കയറിത്താമസം. അയാളുടെ അച്ഛൻ, ജോസഫ് മാത്രമേ നാട്ടിലുള്ളൂ. പെരപണി തീർക്കുവാൻ ലോൺ എടുത്തതും പലിശ അടക്കുന്നതുമൊക്കെ ലാലൻതന്നെയാണെങ്കിലും ചാച്ചൻ ഓടിനടന്ന് വീടുപണി തീർത്ത കാര്യം ലാലന് ആശ്വാസമായിരുന്നു. ലാലൻ ഒറ്റ മകനാണ്. ലാലനെ പെറ്റിട്ട് മറുപിള്ള പുറത്തു വെരും മുമ്പേ ലാലന്റെ അമ്മച്ചിയുടെ നീട്ടിയെടുത്ത ശ്വാസം തൊണ്ണക്കുഴിയിൽ വട്ടമുടക്കി... ഒരിക്കലും പുറത്തുപോവാതെ!
ബന്ധുക്കളും പട്ടക്കാരുംകൂടി ഒരുപാട് നിർബന്ധിച്ചിട്ടും ചാച്ചൻ രണ്ടാമത് കെട്ടാൻ കൂട്ടാക്കിയില്ല. അർഥംവെച്ച് കുശലം പറഞ്ഞെത്തിയ മൂന്നാൻമാരെ ചാച്ചൻ കെട്ട തെറി വിളിച്ച് ഓടിച്ചു. പറമ്പിലെ റബർഷീറ്റ് വിറ്റും വളർന്നുമുറ്റിയ ഊതുമരം വെട്ടി അത്തറ് കടക്കാർക്ക് വിറ്റും ലാലനെ ചാച്ചൻ പഠിപ്പിച്ചു. നാട്ടിലെ ജീവിതരീതികളോട് ഒരു താൽപര്യവും തോന്നാതിരുന്ന ലാലൻ ലണ്ടനിലേക്ക് വിമാനം കയറി. കാലത്തിന്റെ തേയ്മാനങ്ങൾ ബന്ധങ്ങളിൽ ചെറുതായി വന്നുതുടങ്ങി. ചാച്ചന്റെ കണ്ണടയിൽ പോറലുകൾ കൂടിവന്നു. കണ്ണടക്കാലിന്റെ അറ്റത്ത് ഒരു കറുത്ത ചരട് മാലപോലെ പ്രത്യക്ഷപ്പെട്ടു. ചാച്ചൻ ഒരു പ്രത്യേക തരക്കാരനായി മാറിയിരുന്നു. കൈക്കാരനായ കുര്യൻ മാപ്ലയോട് ചിരിയും കളിയുമൊഴിച്ചാൽ അധികമാരോടും മിണ്ടാട്ടമില്ല. ഇതിനിടെ ബന്ധങ്ങളുടെ ശവപ്പെട്ടിയിൽ അവസാന ആണി കയറി. ലാലന്റെ കെട്ട് ലണ്ടനിൽവെച്ച് നടന്നതോടെ കാര്യങ്ങൾക്ക് സമ്പൂർണ തീരുമാനമായി. കല്യാണം കൂടാനായി ലാലൻ അയച്ചുകൊടുത്ത ബിസിനസ് ക്ലാസ് ടിക്കറ്റ് ചാച്ചൻ വലിച്ചുകീറി, പറമ്പിന്റെ ഒത്ത നടുക്ക് പുതുതായി നട്ട ഊത് തൈയുടെ മൂട്ടിൽ കുഴികുത്തി മൂടി. ചാച്ചൻ പിന്നെ കുലുങ്ങിയിട്ടേയില്ല... ലാലനും!
പൊട്ടാസ് *
ലാലന്റെ ഭാര്യ ബിയാസ് ജനിച്ചതും വളർന്നതുമൊക്കെ ലണ്ടൻകാരിയായിത്തന്നെയാണ്. അവിടത്തെ ഒരു എൻ.ജി.ഒയിൽ പ്രവർത്തിക്കുന്നു. വളരെ ശാന്തയായി സംസാരിക്കുവാനും തനിക്കുള്ള അഭിപ്രായം ലാലന്റെ കണ്ണിൽ നോക്കി ദൃഢമായി പറയുവാനും ബിയാസിനു കഴിഞ്ഞിരുന്നു. നാട്ടിൽ ഒരു വീട് എന്ന കെട്ടുപാടിനോട് ബിയാസിന് ലവലേശം താൽപര്യമില്ലായിരുന്നു. പെരയുടെ വെഞ്ചരിപ്പിന് ലാലനും കുടുംബവും എത്തിയില്ല. വിമാനടിക്കറ്റ് കാശ് ലാഭിച്ച ലാലൻ ആ തുക വസൂലാക്കി. പുതിയ വീട്ടിൽ സി.സി.ടി.വി ക്യാമറകൾ വെച്ചു. അതിനെ വീട്ടിലെ വൈഫൈയുമായിട്ട് കൂട്ടിക്കുത്തി. ലണ്ടനിലെ വീട്ടിലിരുന്നാൽ നാട്ടിലെ പുതിയ വീടും പരിസരവും കാണാം. ഒരാഴ്ച ലാലന് അതൊരു ഹരമായിരുന്നു. നവദമ്പതികളുടെ പുതുമോടിപോലെ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലാലൻ ക്യാമറനോട്ടം ഉപേക്ഷിച്ചു എന്നുകണ്ട ബിയാസ് ഇടക്കിടെ കാര്യങ്ങൾ നോക്കി. അവൾ ശ്രദ്ധിച്ചു.
വീട്ടിൽ ഒരിടത്തും ലാലന്റെ അമ്മയുടെ ഒറ്റ ഫോട്ടോ തൂക്കിയിട്ടില്ല. കഴുത്തിന് പിന്നിൽ കറുത്ത ചരടിൽ തൂക്കിയ കറുത്ത െഫ്രയിമുള്ള കണ്ണടയും വെച്ച് ലുങ്കി മടക്കിക്കുത്തി ചാച്ചൻ വീട്ടിലൂടെ നടക്കുന്നത് അവൾ കണ്ടു. അധികം പ്രായമില്ലാത്ത ഒരു സ്ത്രീ രാവിലെ വരുകയും വീട്ടുകാര്യങ്ങൾ തീർത്ത് വൈകിട്ട് പോവുകയും ചെയ്യുന്നുണ്ട്. വീടിന്റെ വരാന്തയിലും, ഇടനാഴികളിലും എതിരേ വരുമ്പോൾ അദ്ദേഹം അവർക്ക് വഴിമാറിക്കൊടുക്കുകയും അവരെ പിന്നിൽനിന്നു നോക്കി എന്തക്കയോ പിറുപിറുക്കുകയും ചെയ്തു. ഇടക്ക് ഫോണിൽ സംസാരിക്കുന്നതു കാണാം. വെറ്റിലമുറുക്കും നീട്ടിത്തുപ്പും മുറക്ക് നടക്കുന്നുണ്ട്. വൈകിട്ട് പതിവായ രണ്ടടിക്കും. വെച്ചു വെച്ച മീൻകറിയും ചോറും കഴിക്കും. കാറ്റത്ത് പറമ്പിൽ വീണുകിടക്കുന്ന കുടംപുളി െപറുക്കി വെയിലത്തിട്ട് ഉണക്കി പുകയടുപ്പിന്റെ മുകളിൽ കരി പുകക്കാൻ കയറ്റും. വെയിൽ മങ്ങിയാൽ മുറ്റത്തെ ഇന്റർലോക്ക് കട്ടകൾക്കിടയിൽ വാടിനിൽക്കുന്ന പുല്ല് പറിച്ച് കളയും. കുര്യൻ മാപ്ലയുടെ കൂടെക്കൂടി എല്ലാ ബുധനാഴ്ചയും ചെടികളുടെ മൂടിളക്കി ചാണകപ്പൊടിയും കമ്പോസ്റ്റും വിതറും. ചാച്ചൻ െവച്ച റോസാച്ചെടികളുടെ ചുവട്ടിൽ കുര്യൻ മാപ്ല മുട്ടത്തോടും ഉള്ളിത്തൊലിയുമിട്ട് വെള്ളമൊഴിക്കും. അതിൽ വിടരുന്ന പൂക്കളെ വലിയ സ്നേഹത്തോടെ അവർ പരിപാലിക്കുന്നുണ്ട്.
ചാച്ചൻ ഒറകൂട്ടുന്ന ഒട്ടുപാല് ഷീറ്റടിക്കുന്നതും ഉണങ്ങാനിടുന്നതും എണ്ണംതികയുന്ന അന്ന് എല്ലാംകൂടി ബൈക്കിന്റെ പിന്നിൽ കെട്ടിവെച്ച് ടൗണിലെ ഗോഡൗണിൽ കൊണ്ടുവിൽക്കുന്നതും കുര്യൻ മാപ്ലയാണ്. ദിവസം എട്ടു മണിക്കൂർ വരെ ഒളിഞ്ഞുനോക്കിയിട്ടും റബർഷീറ്റു വിൽപനവകുപ്പിൽ കിട്ടുന്ന തുക മാപ്ല ഒരിക്കലും ചാച്ചന് കൊടുക്കുന്നത് ബിയാസു കണ്ടില്ല.
അങ്ങനെ ഒരു ഒളിഞ്ഞുനോട്ടത്തിനിടെയാണ് ബിയാസ് അത് കണ്ടത്. മുറ്റത്തേക്ക് ഇറങ്ങിയ ചാച്ചൻ ഒന്നു വേക്കുന്നു... ചങ്കുമടിച്ച് നിലത്തേക്ക് വീഴുന്നു. ലാലനെ വിളിക്കുവാൻ ഫോൺ എടുക്കും മുമ്പേ, വീട്ടിൽ ജോലിക്കുനിൽക്കുന്ന സ്ത്രീ ആളെ വിളിച്ചുകൂട്ടുന്നു. കുര്യൻ മാപ്ല ചാച്ചനെ താങ്ങിയെടുത്ത് ആദ്യംവന്ന ഓേട്ടായിൽ കയറ്റുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. സി.സി.ടി.വി ക്യാമറകളിലെ ലെൻസിലൂടെ ചാച്ചന്റെ തള്ളിനിൽക്കുന്ന കണ്ണുകളും കോടിയ കിറിയും ബിയാസ് കണ്ടു. ട്രാവൽ ഏജന്റ് പറഞ്ഞ തുകക്ക് നാട്ടിലേക്ക് രണ്ട് ടിക്കറ്റിന് വിലയുറപ്പിക്കുവാൻ ആ കാഴ്ച ധാരാളമായിരുന്നു.
കുതിര*
വീട്ടിലെത്തിയ ലാലൻ തന്റെ പുതിയ വീടും പരിസരവുമൊക്കെ മേലേ കീഴേ നോക്കിക്കണ്ടു. വീട്ടിൽ വന്നുകയറിയശേഷം അയാൾ വേഷം മാറുകയോ കുളിക്കുകയോ ചെയ്തില്ല എന്നു മാത്രമല്ല, ബിയാസിന് മുഖംനൽകാതെ നടക്കാൻ കഴിവതും ശ്രദ്ധിച്ചു. സാധാരണ ഫോണിൽ നോക്കി തലതാഴ്ത്തിയിരിക്കാറാണ് പതിവെങ്കിലും ഇത്തവണ അയാൾ മുറ്റവും പറമ്പുമൊക്കെയാണ് മുഖംതിരിച്ച് അലഞ്ഞുതിരിയാൻ തിരഞ്ഞെടുത്തത്. പുട്ടിയിട്ട് എപോക്സി പെയിന്റ് ചെയ്ത മതിലിൽ ഒറ്റ മഴക്ക് വീർത്ത പെയിന്റ് കുമിളകൾ അയാൾ തള്ളവിരൽകൊണ്ട് ഞെക്കിപ്പൊട്ടിച്ചു. പറമ്പിലെ കൃഷിയും ജോലിക്കു വരുന്ന ആ സ്ത്രീയെയും ലാലൻ നേരിൽക്കണ്ടു. ഏഴരയടി പൊക്കത്തിൽ വരിവരിയായി വളർന്നുനിൽക്കുന്ന ഊത് മരത്തിന്റെ ചുവട്ടിൽ വെട്ടിക്കൂട്ടിയ തടത്തിനും ഇട്ടിരിക്കുന്ന വളത്തിനും വ്യാസവും അളവും കുറവാണ് എന്ന് കുര്യൻ മാപ്ലയോട് ലാലൻ കയർത്തു. തൂമ്പാ നാക്ക് പാതി മണ്ണിൽ വെട്ടിത്താഴ്ത്തി മേൽപ്പോട്ട് പൊക്കിയിട്ടപ്പോൾ കൂടിക്കിടന്ന മൺകട്ടകൾ ചവിട്ടിപ്പൊട്ടിച്ചുകൊണ്ട് അയാൾ അതിനും തലകുലുക്കി. മൺവെട്ടിയുടെ നാക്ക് കയറി പാതി മുറിഞ്ഞുപോയ മണ്ണിരകൾ തലയും വാലും മണ്ണിലിട്ട് ആഞ്ഞടിച്ചുകൊണ്ടിരുന്നു. ലാലൻ ചാച്ചന്റെ അലമാര കുത്തിത്തുറന്ന് കണക്കുപുസ്തകങ്ങൾ തപ്പി. കയ്യിൽ കിട്ടിയവയിൽനിന്ന് വിറ്റുവരവു കണക്കുകൾ പരിശോധിച്ചു. ഇടതു തോളിനും ചെവിക്കുമിടയിൽ ഫോണിനെ കുടുക്കിക്കൊണ്ട് അയാൾ പേജുകൾ മറിക്കുകയും വക്കീലുമായി സംസാരിക്കുകയും ചെയ്തു. വൈകീട്ട് ആശുപത്രിയിലേക്ക് പോകുവാൻ ഇറങ്ങിയപ്പോൾ എതിരേ വന്ന ജോലിക്കാരിയോട്, ‘‘മേലിൽ ചാച്ചനു നേരെ ചെല്ലരുതെന്നും ചെന്നാൽ ഇടിച്ച് നാശമാക്കുമെന്നും’’ അയാൾ പ്രഖ്യാപിച്ചു. അവരുടെ ദുഃഖത്തിന്റെയോ അതോ മോഹഭംഗങ്ങളുടെയോ എന്നറിയാത്ത കുറച്ചേറെ വെള്ളത്തുള്ളികൾ നിലത്തുവീണ് തെറിച്ചു. ചോരചത്ത മുഖത്തോടെ ലാലൻ ആ ഉപ്പുവട്ടത്തിൽ ചവിട്ടിനിന്നു. തോർത്തിന്റെ കോന്തലകൊണ്ട് കണ്ണു തൂത്ത് നടന്നു നീങ്ങിയ അവരെ ലാലൻ പിന്നിൽനിന്നും നോക്കിനിന്നു. മുറ്റത്തെ റോസാച്ചെടികൾക്ക് ചാണകപ്പൊടി ഇട്ടുകൊണ്ടിരുന്ന കുര്യൻ മാപ്ലയെ വിറ്റുവരവിന്റെ മുഴുവൻ കണക്കുകളും കാണിച്ചിട്ട് മേലിൽ പണിക്കുവന്നാൽ മതിയെന്ന കാരണം പറഞ്ഞ് പുറത്താക്കി. അതുകൂടാതെ കുര്യൻ മാപ്ല ഒരുപാട് സ്നേഹത്തോടെ മുറ്റത്തു നട്ടുവളർത്തിയ ചെടിച്ചട്ടികളിൽ ഒരെണ്ണം ലാലൻ ചവിട്ടിപ്പൊട്ടിച്ചു. വിരിഞ്ഞുനിന്ന ചുവന്ന റോസാപ്പൂക്കളിൽ ഒരെണ്ണം നിലത്തിട്ട് ചവിട്ടിയരച്ചു.
കാടത്തമുറ്റിയ കണ്ണുകൾ ചിമ്മിയശേഷം അയാൾ ബിയാസിനെ നോക്കി പല്ലിളിച്ചു. അയാളുടെ പല്ലുകൾക്ക് മൂർച്ച കൂടിവരുന്നത് ബിയാസ് പിടപ്പോടെ ശ്രദ്ധിച്ചു. അയാൾക്കൊപ്പം അവൾ വണ്ടിയിൽ കയറി. ആശുപത്രിയിലേക്ക് തിരിച്ചതും അയാളുടെ വിരലുകൾ വിറക്കുകയും നെറ്റിയിൽ വിയർപ്പ് പൊടിയുകയും ചെയ്തു. അയാളുടെ ഒരിക്കലും കാണാത്ത ഭാവമാറ്റങ്ങളും വേഷപ്പകർച്ചകളും ശ്രദ്ധിച്ച ബിയാസിന് ആദ്യം അതിശയവും പിന്നെ ആശയക്കുഴപ്പവും സംഭവിച്ചു.
കാഞ്ചി*
ബിയാസിനോട് പുറത്തുനിന്നാൽ മതിയെന്ന് ചട്ടംകെട്ടി അയാൾ ചാച്ചൻ കിടക്കുന്ന മുറിയിലേക്ക് പതിയെക്കയറി. ശബ്ദമുണ്ടാക്കാതെ മെല്ലെ അയാൾ ചാച്ചന്റെ കൂർക്കംവലികളുടെ അടുത്തേക്ക് നടന്നടുത്തു. പിടപ്പും കിതപ്പും ഒരുപോലെ അയാളെ വിറപ്പിച്ചുകൊണ്ടിരുന്നു. വശം ചരിഞ്ഞുകിടന്ന ചാച്ചന്റെ കിടക്കയുടെ അടുത്തെത്തിയശേഷം പെട്ടെന്നു നിന്നു. ഇരുവശവും നോക്കിയ ലാലൻ ചാച്ചന്റെ കഴുത്തിനു നേരെ കൈ അടുപ്പിച്ചു. ലാലന്റെ കൈച്ചൂട് ചാച്ചന്റെ കഴുത്തിൽ എത്തുന്നതിനു തൊട്ടുമുമ്പ് ബിയാസ് ‘‘ചാച്ചാ’’ എന്ന് നീട്ടിവിളിച്ചുകൊണ്ട് മുറിയിലേക്ക് ഓടിക്കയറി. അവൾ പതിയെ ചാച്ചന്റെ അടുക്കൽ പോയി ഇരുന്നുകൊണ്ട് സുഖവിവരങ്ങൾ തിരക്കി. ചാച്ചന്റെ കൈകളിൽ അവൾ പതിയെ തലോടുവാൻ തുടങ്ങി. അയാൾ അവളുടെ കൈകൾ വളരെ സ്നേഹത്തോടെ വിടുവിച്ചു. ചാച്ചനും ബിയാസും ഒന്നിച്ചിരിക്കുന്നതു കണ്ട് ലാലൻ മുറിവിട്ട് പുറത്തേക്കിറങ്ങി. കുറച്ചേറെ നേരം അയാൾ അങ്ങനെ ഇരുന്നു. ഒരു ഡോക്ടറും നഴ്സും കുശലം പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറിപ്പോയി. അകത്തുനിന്ന് ചിരികളും സംസാരങ്ങളും. കാര്യം എന്താണെന്നറിയാൻ ലാലൻ മുറിയുടെ വാതിലിനിടയിലൂടെ നോക്കാൻ തീരുമാനിച്ചു. അയാൾ വാതിലിനരികെ എത്തിയതും വെള്ളയും വെള്ളയുമിട്ട് ചാച്ചനും, അയാളുടെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട് ബിയാസും മുറിവിട്ട് പുറത്തേക്കിറങ്ങി. ലാലന്റെ മുന്നിലൂടെ അവർ നടന്നുനീങ്ങുന്നതിനിടെ ബിയാസ് അയാളെ നോക്കിപ്പറഞ്ഞു,
‘‘ലാലൂ, ഡിസ്ചാർജ് വാങ്ങി. നീ ബില്ലടച്ച് വീട്ടിലേക്ക് പൊയ്ക്കോളൂ. ഞാനും ചാച്ചനും വന്നോളാം. ഒരിടംവരെ പോകണം. കാറ് ഞാൻ എടുക്കുവാ. നീ ക്യാബിൽ പൊയ്ക്കോ.’’
ലാലൻ ഒന്നും മിണ്ടാതെ തലകുലുക്കി താഴേക്കു നോക്കിയിരുന്നു. ലാലന്റെ ചിന്തകളുടെ പ്രതലത്തിൽ വിതറിയിരുന്ന ഭയത്തിന്റെ വെടിമരുന്നിന് തീപിടിച്ചിരുന്നു. തീപ്പൊരികൾ വിയർപ്പായി അയാളുടെ നെറ്റിയിലൂടെ ഒഴുകി.
ഉന്നം
ലാലൻ ബില്ല് കൊടുക്കാൻ വരിയിൽ നിൽക്കുമ്പോഴേക്കും ബിയാസ് ചാച്ചനെയും കാറിലിരുത്തി വണ്ടിയോടിച്ച് തുടങ്ങിയിരുന്നു.
ചാച്ചൻ ആലോചനയിൽ മുങ്ങിയിരിക്കുന്നതു കണ്ട ബിയാസ് പറഞ്ഞു:
‘‘ചാച്ചാ, എനിക്ക് വഴി അറിയില്ല.’’
വഴിയിലേക്ക് കണ്ണുനട്ടിരുന്ന ചാച്ചൻ പറഞ്ഞു, ‘‘നീ ഓടീര് ബിയാസൂ.’’ യാത്രതുടങ്ങി മണിക്കൂർ കഴിഞ്ഞു. കുറേനേരം ഒപ്പം നടന്ന സൂര്യൻ പതിയെ കിതച്ചുവീണു. ഇടതും വലതും പലതും പലതവണ മാറിമറിഞ്ഞു. തനിയെ തിരികെവരാനുള്ള വഴി അറിയില്ല എന്നു അവൾക്ക് മനസ്സിലായി. ഫോണിൽ സിഗ്നൽ കട്ടകളുടെ എണ്ണം കുറഞ്ഞുവന്നു. പകൽവെളിച്ചത്തിനൊപ്പം പതിയെ അതും ഇല്ലാതായി.
‘‘പുറത്തേക്ക് തലയിട്ട് നോക്കിയശേഷം ചാച്ചൻ പറഞ്ഞു,
‘‘എത്താറായി.’’
ഇരുട്ടു തൊപ്പിക്കിടയിൽ പതുങ്ങിയിരുന്ന ഏതോ കുന്നിൻചെരിവിലായിരുന്നു വണ്ടി അപ്പോൾ.
‘‘ദാ, ആ കാണുന്ന വീടിനു മുന്നിൽ നിർത്തിക്കോ...’’
കുറ്റിക്കാടിന്റെ നടുക്ക് മിന്നാമിനുങ്ങിന്റെ വെട്ടംേപാലെ ഒരു ബൾബ് എരിയുന്ന വീട്ടിലേക്ക് കൈചൂണ്ടിക്കൊണ്ട് പറഞ്ഞു.
ആ വീട് കണ്ണിൽ പിടിക്കാൻ അവൾക്ക് സൂക്ഷിച്ചു നോക്കേണ്ടിവന്നു.
‘‘നീട്ടി ഒരു ഹോൺ അടിച്ചേടീ കൊച്ചേ...’’
ബിയാസ് ഹോണിൽ അമർത്തി ഞെക്കി. ഇരുട്ടിന്റെ മനസ്സില്ലാമനസ്സിൽനിന്നും ഒരു രൂപം പതിയെ മുറ്റത്തേക്ക് ഇറങ്ങിവന്ന് കൈ കാണിച്ചു. അതു കണ്ടപ്പോൾ രാത്രികറുപ്പ് ആൾരൂപത്തിൽ വെട്ടമായി വിണ്ടുമാറിയതാണെന്ന് അവൾക്ക് തോന്നി.
രണ്ടുപേരെ ഒരുമിച്ചു കണ്ടതുകൊണ്ടാവണം, വെട്ടം അറച്ചുനിന്നശേഷം തന്റെ ഇരുൾമാളത്തിലേക്ക് തിരികെക്കയറി. ബിയാസ് തന്റെ ഫോണിലെ ടോർച്ച് തെളിച്ച് ചാച്ചനു കൊടുത്തു. ചാച്ചൻ തിടുക്കത്തിൽ കാറിൽനിന്നുമിറങ്ങി. അയാൾ ധൃതിയിൽ നടന്നു പോകുന്ന കാഴ്ച കണ്ടുകൊണ്ട് ബിയാസ് കാറിൽ ചാരിനിന്നു. കുറച്ചുനേരം അങ്ങനെ നിന്നു. കാത്തിരിപ്പ് അവളെ മുമ്പോട്ട് നടത്തിച്ചു. ചാച്ചന്റെ വഴി പിന്തുടർന്ന് അവൾ വീടിന്റെ മുറ്റത്തേക്ക് നടന്നുകയറി. അറിഞ്ഞുകൊണ്ട്, ശബ്ദമുണ്ടാക്കാതെ അവൾ വീടിനകത്തേക്ക് കയറി. ചാച്ചന്റെ നെഞ്ചിൽ വെട്ടം പടർന്നിരുന്നു. രാത്രിനീല അവർക്കുള്ളിലൂടെ കുന്നിൻചെരിവിലേക്ക് തെന്നിയൊഴുകുകയാണെന്ന് ബിയാസിന് തോന്നി. ബിയാസിന്റെ കാലനക്കം കേട്ട ചാച്ചൻ ഞെട്ടി. അയാൾ വെട്ടത്തെ വിടുവിച്ചു. ഒന്നുമറിയാത്ത മട്ടിൽ ചാച്ചൻ ജനാലക്കൽ വെച്ചിരുന്ന ചെറിയ മൺചട്ടിയിലെ ചുവന്ന പനിനീർപ്പൂവിനെ താലോലിച്ചുകൊണ്ടു നിന്നു. ബിയാസ് അവർക്കിടയിലൂടെ നടന്ന് ചാച്ചൻ താലോലിച്ച റോസാച്ചെടിയെ ചട്ടിയോടെ എടുത്തുകൊണ്ട് തിരികെ നടന്നു. ഇറങ്ങും മുമ്പ് അവൾ പറഞ്ഞു,
‘‘ഈ ചെടിയും ഈ നിറത്തിലുള്ള പൂവും വീട്ടിലില്ല ചാച്ചാ. ഇതുംകൂടി നമുക്ക് കൊണ്ടുപോകാം.’’
ഇതു കേട്ട ചാച്ചൻ ഒരുനിമിഷം സ്തംഭിച്ചുനിന്നു. പിന്നെ വെട്ടത്തിന്റെ കൈ പിടിച്ച് ബിയാസിന്റെ പിന്നാലെ നടന്നു. മൂവരും വണ്ടിയിൽ കയറി. പിൻസീറ്റിൽ വെട്ടം പടർന്നു. ലാലന്റെ ഫോൺകോളുകൾ കട്ടു ചെയ്തുകൊണ്ട് ബിയാസ് ചാച്ചനോട് വളവും തിരിവും ചോദിച്ച് വണ്ടി ഓടിച്ചുകൊണ്ടിരുന്നു. സ്റ്റിയറിങ് വീണ്ടും തിരിഞ്ഞു, പലതവണ. പാതിരയോടെ തെക്കേ കൊറ്റിയുടെ മുറ്റത്ത് വണ്ടിനിന്നു. ബിയാസ് നീട്ടിയൊരു ഹോണടിച്ചു. മുറ്റത്തെ ബൾബുകൾക്ക് ജീവൻവെച്ചു.
ധൃതിപ്പാടോടെ ലാലൻ വരാന്തയിലേക്ക് ഓടിയിറങ്ങി. അയാൾ മുറ്റത്തേക്കിറങ്ങിയില്ല. കൈയിൽ പൂച്ചട്ടിയുമായി ബിയാസ് ലാലനെ നോക്കി ചിരിച്ചുകൊണ്ട് മുകളിലെ മുറിയിലേക്ക് കയറിപ്പോയി. ചാച്ചൻ കാറിന്റെ പിന്നിൽനിന്നുമിറങ്ങി. വെട്ടത്തിനെ കൈ പിടിച്ചിറക്കി. വെട്ടത്തിനെ കണ്ട് ലാലന്റെ രാത്രി മാത്രം വലിയ അലറലോടെ വിണ്ടുകീറി. അയാളുടെ ഉള്ളിൽ കുന്നോളം കുമിഞ്ഞുകൂടിക്കിടന്ന ഭയത്തിന്റെ വെടിമരുന്ന് ഒന്നടങ്കം പൊട്ടിച്ചിതറി. അടിവയറ്റിലെ കത്തൽ പുറത്തേക്ക് വരാൻ വിസമ്മതിച്ചു. ഉറച്ചുവന്ന ശബ്ദം ലാലന്റെ ചങ്കിനടിയിലേക്ക് കൂർത്ത കൊളുത്തെറിഞ്ഞു. അത് പൊട്ടിക്കാനാവാതെ ലാലൻ തേങ്ങി,
‘‘കുര്യൻ മാപ്ലേ!’’
തനിക്ക് മുന്നിലൂടെ ഒന്നും മിണ്ടാതെ തോളിൽ കൈയിട്ട് അരയിലൂടെ കൈകോർത്ത് ചാച്ചനും കുര്യൻ മാപ്ലയും രണ്ടാം നിലയിലേക്ക് കയറിപ്പോകുന്നത് അയാൾ നോക്കിനിന്നു. കുര്യൻ മാപ്ല വാടിയ നിശാഗന്ധിപ്പൂപോലെ ചാച്ചന്റെ തോളിൽ കിടക്കുന്നത് അയാൾ കണ്ടു. മുകളിലത്തെ മുറിയിലെ വാതിലിനെ അവർ ഇരുട്ടിട്ടുപൂട്ടി. ആ സമയം ബിയാസ് പതിയെ കാറിന്റെ ഡിക്കിയിലേക്ക് തങ്ങളുടെ പെട്ടികൾ കയറ്റി. വിറച്ചുനിന്ന ലാലന്റെ മുഖത്തേക്ക് നോക്കാതെ അവൾ കാറിന്റെ ൈഡ്രവിങ് സീറ്റിൽ കയറിയിരുന്നു. ബിയാസ് ക്യാമറയിലൂടെ കണ്ട കാര്യങ്ങൾ ഓരോന്നായി ഓർത്തശേഷം ഹോണിൽ അമർത്തി ഞെക്കി. ലാലൻ കണ്ണുവെട്ടിച്ച് പതിയെ മുൻ സീറ്റിൽ കയറി ഇരുന്നു. ചാച്ചന്റെ പ്രത്യേക ഇഷ്ടങ്ങളിൽ ചിലത് അവൾ പറയാതെ പറഞ്ഞു. ബിയാസ് ഒന്നും വിട്ടുപറഞ്ഞില്ല എങ്കിലും അയാൾക്ക് ഒരുപാടു കാര്യങ്ങൾ മനസ്സിലായി. താൻ നഗ്നനാണെന്നും തന്റെ പുരുഷത്വം പണ്ടേ കൊഴിഞ്ഞുപോയെന്നും ലാലൻ ഉറപ്പിച്ചു.
വണ്ടിയുടെ ഉരുണ്ട വെള്ള വെളിച്ചം ഇണചേരുന്നത് പോലെ ലാലന് തോന്നി. ബിയാസ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,
‘‘ഇനിയെങ്കിലും അവർ കേറി താമസിക്കട്ടെ. ക്യാമറ വെക്കാൻ നമ്മളാരാ?’’
അന്നു വെളുപ്പിന്, തെക്കേ കൊറ്റിയിൽ മൊട്ടിട്ടു നിന്ന ഒരുപാട് പനിനീർ പുഷ്പങ്ങൾ ഒന്നിച്ചുവിരിഞ്ഞു. അതിന്റെ സുഗന്ധം അവിടമാകെ നിറഞ്ഞുപരന്നു.
കണ്ണടച്ച് ശ്വസിക്കൂ; നിങ്ങൾക്കു ചുറ്റും ആ സുഗന്ധം പരക്കുന്നില്ലേ..?
സൂചിക
1. നിറ –തോക്കിന്റെ ഒറ്റക്കുഴലിലേക്ക് വെടിമരുന്ന്, ചകിരിച്ചോറ്, കുപ്പിച്ചില്ല് എന്നിവ ഇടിച്ചു നിറച്ചത്.
2. പൊട്ടാസ് –ട്രിഗറിന്റെ ഇടയിൽ വെക്കുന്ന വസ്തു. കുഴലിലെ വെടിമരുന്നിന് തീ പകരുന്നത് ഇവിടെനിന്നാണ്.
3. കുതിര –ട്രിഗർ.
4. കാഞ്ചി –തോക്കിന്റെ കാഞ്ചി.