ആഷാഢം
മൊഴിമാറ്റം: രാജേശ്വരി ജി. നായര്‍, ചിത്രീകരണം: കെ.എൻ. അനിൽ
രാവിലെ മുതല്‍ ബാബ് യേള്പ ഓടിനടക്കുകയായിരുന്നു. ഒരു ജോലി തീരുന്നതിനു മുമ്പുതന്നെ വേറൊന്ന് കണ്ണില്‍പെടും. ഒരിക്കലും തീരാത്ത പണിയാണ് അയാളുടേത്. രാവിലെ എണീറ്റതും വെള്ളംപോലും കുടിക്കാതെയാണ് നാലുപാടും വൃത്തിയാക്കാന്‍ ഇറങ്ങിയത്. അവിടേം ഇവിടേം കിടന്ന ഒന്ന് രണ്ട് ചണച്ചാക്കുകള്‍, ഒടിഞ്ഞ സ്റ്റൂള്, രണ്ടു കഴുക്കോലിന്റെ കഷണങ്ങള്‍, മറ്റു വേണ്ടാത്ത സാധനങ്ങള്‍ എല്ലാം...
Your Subscription Supports Independent Journalism
View Plansരാവിലെ മുതല്‍ ബാബ് യേള്പ ഓടിനടക്കുകയായിരുന്നു. ഒരു ജോലി തീരുന്നതിനു മുമ്പുതന്നെ വേറൊന്ന് കണ്ണില്‍പെടും. ഒരിക്കലും തീരാത്ത പണിയാണ് അയാളുടേത്.
രാവിലെ എണീറ്റതും വെള്ളംപോലും കുടിക്കാതെയാണ് നാലുപാടും വൃത്തിയാക്കാന്‍ ഇറങ്ങിയത്. അവിടേം ഇവിടേം കിടന്ന ഒന്ന് രണ്ട് ചണച്ചാക്കുകള്‍, ഒടിഞ്ഞ സ്റ്റൂള്, രണ്ടു കഴുക്കോലിന്റെ കഷണങ്ങള്‍, മറ്റു വേണ്ടാത്ത സാധനങ്ങള്‍ എല്ലാം പെറുക്കി അടുപ്പിന്റെ ഒരു കോണിലേക്ക് മാറ്റിവെച്ചു. വൃത്തിയുടെ ആവരണംപോലെ രണ്ടു ചാക്കുകള്‍ മുകളിലൂടെയിട്ടു അവയെല്ലാം മറച്ചു. സാധനങ്ങള്‍ ഉണക്കാനായി വെക്കുന്ന മുളയുടെ ചേര് അഴിച്ചുമാറ്റി പുറകില്‍ കൊണ്ടുവെച്ചു. കൂടാതെ മറ്റു പാഴ് വസ്തുക്കളെല്ലാം കവറിലാക്കി നടുത്തളത്തിനു മുകളിലെ തട്ടിന്‍പുറത്തേക്കു മാറ്റി.
പിന്നീട് മുഖം കഴുകി, കുറച്ചു ചായ തൊണ്ടക്കുഴിയിലൂടെ ഇറക്കി ബസിനായി കാത്തുനില്‍ക്കാതെ കാലുകള്‍ വലിച്ചുവെച്ചു നേതുലയില് പോയി വന്നു. ബസ് ഒള്ളതോ ഒരു ചെറുത്! അതും ഒരെണ്ണം! അങ്ങനെയുള്ളതിനെ എങ്ങനെ ആശ്രയിക്കാന്‍ പറ്റും? എന്തെങ്കിലും അത്യാവശ്യമുള്ളപ്പോള്‍ പെട്ടെന്ന് കേടുപറ്റി പണിമുടക്കും!
ഖന്നി സാധനങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് മറക്കാതിരിക്കത്തക്ക രീതിയില്‍ പറയുന്നതിനിടയില്തന്നെ ഒാരോ സാധനത്തിന്റെയും പേര് മനസ്സില്‍ ഉറപ്പിച്ചാണ് റോഡ് സൈഡിലുള്ള ഭട്ടിന്റെ കടയില്‍നിന്നും സാധനങ്ങളെല്ലാം ചാക്കിലാക്കി ധൃതിയില്‍ എത്തിയത്. വീട്ടിനുള്ളിലേക്ക് കടന്നതും അയാള്‍ ഭാര്യയെ വിളിച്ചു.
“ഘന്നീ* നോക്കിക്കേ, നിന്റെ സാധനങ്ങള്‍! എന്തെങ്കിലും കുറവുണ്ടെങ്കില്‍ ഇപ്പൊ തന്നെ പറഞ്ഞോ, പിന്നെ കടേല് പോയി കൊണ്ടുവരാന്‍ പറഞ്ഞാല്‍ ഞാന്‍ കാലെടുത്തു വെളിയിലേക്ക് കുത്തത്തില്ല പറഞ്ഞേക്കാം, ങാ!”
ഘന്നിയുടെ ചുണ്ടില്‍ സംതൃപ്തിയുടെ ചിരി വിരിഞ്ഞു. ഭര്‍ത്താവിന്റെ സംസാരം എപ്പോഴും ഇങ്ങനെയാ. പറയുന്ന സാധനങ്ങള്‍ കൊണ്ടുവരാന്‍ ഒരിക്കലും മറക്കാറിെല്ലന്നു മാത്രമല്ല കടയില്‍ വീണ്ടും പോയി കൊണ്ടുവരാന്‍ അവളൊട്ടു പറയാറുമില്ല എന്നറിയാമെങ്കിലും അതൊരു സ്ഥിരം പല്ലവിയാണ്.
“ഞാന്‍ വീണ്ടും അയച്ചിട്ടുണ്ടോ എന്നെങ്കിലും? മനുഷ്യന് ഇങ്ങനെ വെറുതെ ഒന്നും പറയരുത്! ഒരു തവണ ബ്രഹ്മാവ് പിള്ളാരുടെ തലേവര എഴുതാന്‍ മറന്നെന്നു വരും. എന്നാല്‍ ഞാന്‍ എന്തെങ്കിലും സാധനത്തിന്റെ പേര് പറഞ്ഞാല്‍ അതൊരിക്കലും മറക്കത്തില്ല!”
ബാബ് യേള്പക്കൊപ്പം ഘന്നിയും ഇന്ന് ഇതുവരെ തൊണ്ട നനച്ചിട്ടില്ല. രാവിലെ എണീറ്റപ്പോള്തന്നെ ആദ്യം ചൂലാണെടുത്തത്. അതൊരു കോണില്‍ വെച്ചപ്പോഴേക്കും സൂര്യന് തലയ്ക്കു മുകളില്‍ എത്താറായി. വീടിനകത്തെ അഴുക്കുകളെല്ലാം തൂത്തു മാറ്റി മുറ്റത്തും ചൂലൊന്നോടിച്ചു. പ്രാണികള്‍ പാറി നടക്കുന്നത് പോലെ മഴ ചാറിക്കൊണ്ടിരുന്നു. അതുകൊണ്ട് ജോലി നിര്‍ത്തിവെക്കാന്‍ പറ്റുമോ? എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കം കൊണ്ടുവരുന്ന ദിവസമാണിന്ന്! നനഞ്ഞുകൊണ്ടു തന്നെ അവള് വാതില്ക്കല് വീണുകിടന്ന മാവിന്റെ ഇലകള്‍ തൂത്തുകളഞ്ഞെങ്കിലും ചിലതൊക്കെ മണ്ണില്‍ കുഴഞ്ഞുതന്നെ കിടന്നു.
വീടു വൃത്തിയാക്കിയതിനു ശേഷം ചാണകം മെഴുകാന്‍ തുടങ്ങി. ഇത്രേം വലിയ ഒരു വീട് ചാണകം മെഴുകാന്‍ നേരം കുറച്ചു വല്ലോം മതിയോ? അമ്പലത്തിനടുത്തുള്ള വീടുകളില്‍ ഏറ്റം വലിയ വീട്, ചരിച്ചു പണിത മേല്‍ക്കൂരയുള്ള നാല് മുറികളുള്ള വീടെന്നു പറഞ്ഞാല്‍ അത് ബാബ് യേള്പയുടേതാണ്! ഇന്നാ വീട്ടിലേക്ക് വര്സാവലിയിലെ കുറച്ചുപേര്‍ എത്തുകയാണ്! അപ്പോള്‍ ഈ വീട് ചാണകം മെഴുകാതിരിക്കാനാവുമോ? അതിന്റെ കൂടെ ഉത്സവവും! വൈകുന്നേരം നടുമുറ്റത്ത് പൂജാകർമങ്ങള്‍ ചെയ്യണം! എന്തെങ്കിലും ഒക്കെ തൊട്ടും തീണ്ടിയും അശുദ്ധി ഉണ്ടാവും! ചാണകം മെഴുകിക്കഴിഞ്ഞാല്‍ പിന്നെ സംശയിക്കേണ്ട കാര്യമില്ല, എല്ലാം ശുദ്ധമായി!
തറ മെഴുകിക്കഴിഞ്ഞു അവള് ബാബ് യേള്പ കൊണ്ടുവന്ന സാധനങ്ങള്‍ അഴിച്ചു. ദേവനുവേണ്ടിയുള്ള പൂജാസാധനങ്ങള്‍ അവിടെ മാറ്റിവെച്ചിട്ട് പാചകത്തിനുള്ളതെടുത്ത് അടുപ്പിനരികിലേക്ക് പോയി. കുളിമുറിയിലെത്തി നാല് മഗ് വെള്ളം കോരിയൊഴിച്ച് അങ്ങനെതന്നെ ഈറനോട് കുളിച്ചിറങ്ങി മണ്‍കുടം തലയിലേന്തി അരുവിയില്‍ വെള്ളമെടുക്കാനായി ഇറങ്ങി.
ഇന്ന് ഘന്നിക്ക് പാചകം കുറച്ചു വേഗത്തില്‍ ചെയ്യേണ്ടി വരും. എന്നും കഴിക്കാന്‍ രണ്ടു കൈകളേ ഒള്ളൂ. ഇന്ന് ആരെങ്കിലും മൂന്നാമതൊരാള്‍ കൂടി വീട്ടിലേക്ക് വരാം. അതിന്റെ കൂടെ ഉത്സവവും! നാട്ടുദൈവത്തിനായി നേദിച്ച സാധനങ്ങള്‍ എടുക്കാന്‍ അമ്പലത്തിലെ ജോലിക്കാരി എത്തും. അവര്‍ക്ക് നാല് പൂരിയെങ്കിലും കൊടുക്കണ്ടേ?
വൈകിട്ടത്തേക്കായി ഘന്നിക്ക് രണ്ടിടങ്ങഴി നല്ലരി ഇടിയപ്പത്തിനായി കുതിർക്കണം. ഉച്ചയൂണ് വേഗം തയാറാക്കിയിട്ടു വേണം അതിലേക്ക് തിരിയാന്‍. മാവ് തയാറാക്കിയാല്‍ മോദകത്തിനുള്ള മറ്റു കാര്യങ്ങളെല്ലാം ആരെങ്കിലും ചെയ്യും! വീട്ടുകാരും, നാട്ടുകാരുമായി നാലാള് വര്‍ഷത്തില്‍ ഒരിക്കല്‍ വീട്ടിലേക്കെത്തുമ്പോള്‍, അവര്‍ക്ക് മധുരം നുണയാന്‍ എന്തെങ്കിലും നല്‍കണ്ടേ? പാടി പാടി എപ്പോഴേ തൊണ്ടയിലെ വെള്ളം വറ്റിയെന്നു പ്രായമായവര്‍ പറയുകയും ചെയ്യും.
ചിംചെപ്പായിലെ ഏഴു വയസ്സുകാരി ഗോകളയെ പതിനാലു വയസ്സുകാരന് വിവാഹം ചെയ്തു ‘രുക്മിണി’ ആയി അവള് ഈ വീട്ടിലെത്തി. അന്ന് മുതല്‍ ഇന്ന് വരെ അതായത് കുറഞ്ഞത് അറുപത് വര്‍ഷമായി, ഇന്നത്തെ ദിവസം വീട്ടുകാരിക്ക് അതേ സന്തോഷമാണ്. മുമ്പൊക്കെ എല്ലാം കാണിച്ചുതരാനും – പറഞ്ഞുതരാനുമായി. അമ്മായിയമ്മ ഉണ്ടായിരുന്നു. എന്നാല്‍, അവസാനത്തെ പ്രസവത്തോട് കൂടി അവര്‍ പോയപ്പോള്‍ ഘന്നിയെന്ന പദവി ചുമലില്‍ വീണതോട് കൂടി എല്ലാത്തിന്റെയും ചുമതല രുക്മിണിയുടെ തലയിലായി.
ബാബ് യേള്പയാണ് എല്ലാവരിലും മൂത്തയാള്‍. അയാള്‍ക്ക് താഴെ എട്ട് സഹോദരന്മാരും, മൂന്നു സഹോദരിമാരും. അമ്മായിയമ്മക്ക് എല്ലാംകൂടി പന്ത്രണ്ടു പേര്. അവള് ആ വീട്ടില്‍ എത്തിയതിനു ശേഷമാണ് അഞ്ചു കുട്ടികള്‍ ഉണ്ടായത്.
അമ്മായിയമ്മയുടെ വേര്‍പാടില്‍ മനംനൊന്ത അമ്മായിയച്ഛനും ഈ ലോകം വെടിഞ്ഞപ്പോള്‍ ഘന്നി ശരിക്കും ഭര്‍ത്താവിന്റെ സഹോദരങ്ങളുടെ അമ്മയായി മാറേണ്ടിവന്നു. അഞ്ച് അനുജന്മാരും രണ്ട് അനുജത്തിമാരും ഘന്നിയെക്കാള് പ്രായത്തില്‍ മൂപ്പുള്ളവരാണ്. എന്നാല്‍ അമ്മ മരിക്കുമ്പോള്‍ അവരുടെ ആരുടെയും വിവാഹം കഴിഞ്ഞിരുന്നില്ല. ബാബ് യേള്പയോടൊപ്പം കൈകോര്‍ത്തുകൊണ്ട് തറവാട്ടിലെ കാരണവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചു എല്ലാവരുടെയും വിവാഹം നടത്തി.
അവളുടെ വീടിന്റെ അകത്തളങ്ങളില്‍ ആഹ്ലാദങ്ങള്‍ കൊണ്ട് നിറച്ചിടാന്‍ ഉമ്മറപ്പടിയില്‍ വെച്ചിരിക്കുന്ന അരിയില്‍ കാലു വെച്ച് ഓരോരുത്തരായി വീടിനകത്തേക്ക് എത്തി.
വീടിനകത്തും പുറത്തും പറമ്പിലും വയലിലും എല്ലാം കാര്യങ്ങള്‍ ഭംഗിയായി നടന്നിരുന്നത് ഘന്നിയുടെ വാക്കിന്തുമ്പിലൂടെയായിരുന്നു. ആരും അവളുടെ വാക്കിനപ്പുറത്തേക്ക് കടക്കില്ലായിരുന്നു. കുട്ടികളും, പൊടിക്കുഞ്ഞുങ്ങളുമടക്കം എല്ലാവര്ക്കും മൂത്തമ്മയായിരുന്നു അവസാന വാക്ക്! തൊഴുത്തില്‍ പശു, കിടാക്കളെ നക്കി തോര്‍ത്തുന്നത് പോലെ രാവിരുട്ടില്‍ അവളുടെ കൈച്ചൂടില്‍ അവരൊതുങ്ങി കിടന്നിരുന്നു.
ക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. ഓരോരുത്തരായി സ്വന്തം വീട്ടകങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കായി വീടൊഴിഞ്ഞു പോയി. അവസാനം ആ വീട്ടില്‍ ബാബ് യേള്പയും ഘന്നിയും മാത്രം അവശേഷിച്ചു!
ആളും ബഹളവുമായി ആരവങ്ങളുയര്ത്തിയിരുന്ന വീട് പതുക്കെപ്പതുക്കെ ആളൊഴിഞ്ഞ ഉത്സവപ്പറമ്പായപ്പോള് അസ്വസ്ഥതയില്‍ നീറിപ്പുകഞ്ഞ ഘന്നിയെ ബാബ് യേള്പ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു.
“ഇന്നത്തെ കാലത്ത് ഓരോരുത്തര്‍ക്കും സ്വന്തം കുടുംബം ഉണ്ടാകുന്നതാ നല്ലത്! എല്ലാവരും ഓരോരോ പ്രശ്നങ്ങളില്‍പെട്ട് നട്ടംതിരിയുന്നുണ്ടാവും! നല്ല സമയത്തും ചീത്ത സമയത്തും പരസ്പരം സഹായിക്കാന്‍ മനസ്സുണ്ടായാല് മതി!”
ബാബ് യേള്പ പറഞ്ഞത് ശരിയാണ്. എങ്കിലും അതേ പിടിച്ചെന്തെങ്കിലും പറഞ്ഞാല്‍ ഭര്‍ത്താവിന് ഇഷ്ടപ്പെടുകയില്ല.
അനുജന്മാര് വേറെ വീട് വെച്ചെങ്കിലും പകലെല്ലാം കുട്ടികള്‍ കഴിപ്പും കുടിപ്പും എല്ലാം ഇവിടെത്തന്നെ. പിന്നീട് കുറേശ്ശയായി അവരും അകന്നു. സ്കൂളില്‍ പോയിത്തുടങ്ങിയതും അവരുടെ മുഖം എട്ടു ദിവസമായാലും കാണാനേ കഴിയില്ല. പിന്നീട് ഓരോരുത്തരുടെ വിവാഹമായി അവരുടേതായ ജീവിതത്തിലേക്ക് എല്ലാവരും ഒതുങ്ങിക്കൂടി. മുമ്പ് ഒരു ചെറിയ കാര്യത്തിനുപോലും ചേട്ടന്റെയും ചേട്ടത്തിയുടെയും അഭിപ്രായം ആരായാന്‍ എല്ലാവരും എത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ വഴിതെറ്റി പോലും ആരുമിങ്ങോട്ടേക്ക് എത്താറില്ല. വർഷത്തില്‍ ഒരിക്കല്‍ ഇന്നത്തെ ദിവസം മാത്രമാണ് അവരും ഈ വീട്ടിലേക്കെത്തുന്നത്.
ഘന്നിയുടെ വീടെന്നു പറയുന്നത് യേൾപയുടെ തറവാടുവീട്. ആഷാഢ പൂർണിമയുടെ ദിവസം പഴയകാലത്ത് രാത്രിമുഴുവന്‍ നടുമുറ്റത്ത് ഉറക്കിളച്ചിരുന്നു ആളുകള്‍ ഭജന നടത്തിയിരുന്നു. ഈ രാത്രി യേള്പയുടെ വീടുകളിലെ കുഞ്ഞുങ്ങളടക്കമുള്ള എല്ലാവരും അന്നു തറവാട്ടിലെത്തി ഉണർന്നിരിക്കണമെന്നതാണ് പഴമൊഴി. അന്ന് ബാബ് യേള്പയുടെ സഹോദരങ്ങള്‍ കുടുംബത്തോടൊപ്പം ആ രാത്രി അവിടെയെത്തും. അതിനൊപ്പം അയാളുടെ മച്ചുനന്മാരും മച്ചൂനിമാരുമെല്ലാം അന്ന് അവിടെയെത്താന്‍ മുടക്കം വരുത്താറില്ല. ആ ഗ്രാമവാസികള്‍ മുഴുവന്‍ അന്നേദിവസം യേള്പയുടെ നടുമുറ്റത്ത് ഒത്തുകൂടും. ആഷാഢ രാവില്‍ മഹാലക്ഷ്മി ഗ്രാമത്തില്‍ എത്തുന്ന ദിവസം ഉറങ്ങിയാല്‍ ഭിക്ഷയെടുക്കേണ്ടിവരും പോലും! പ്രായംചെന്നു നടക്കാന്‍ വയ്യാത്തവരും കിടക്കവിട്ടെഴുന്നേല്‍ക്കാന്‍ കഴിയാത്തവരും ഒഴിച്ചുള്ളവരെല്ലാം അന്ന് ഭജനയ്ക്കായി അവിടെയെത്തും.
സൂര്യന് തലക്കു മുകളില്‍ എത്തിയതും വീട്ടുകാരിയുടെ അരിക്കലം അടുപ്പത്തായി. അപ്പോഴേക്കും യേള്പ കുളിച്ച് അലക്കി ശുദ്ധമാക്കിയ വസ്ത്രം ധരിച്ച് ഒരു സഞ്ചിയില്‍ പൂജാ സാധനങ്ങള്‍ തലയിലേറ്റി അമ്പലത്തിലേക്ക് ഇറങ്ങി.
നാട്ടുദൈവത്താന്റെ നടയില്‍ എത്തി സാധനങ്ങള്‍ തലയില്‍നിന്ന് ഇറക്കിവെച്ചു സാക്ഷ നീക്കി വാതില്‍തുറന്നു. ധൃതിയില്‍ അമ്പലത്തിനകമെല്ലാം തൂത്തുവാരി, താഴെയുള്ള അരുവിയില്‍നിന്നും കലശത്തില്‍ വെള്ളം നിറച്ചു വന്നു. ആ വെള്ളംകൊണ്ട് കുതിരപ്പുറത്തിരിക്കുന്ന ദൈവത്താനെ വൃത്തിയാക്കി. ദൈവത്താന്റെ തലയ്ക്കു മുകളിലൂടെ പ്രാര്‍ഥനയോടെ യേള്പ നടത്തിയ അഭിഷേക ജലം ദൈവത്താന്റെ കാല്ച്ചുവട്ടില് വെച്ചിരുന്ന കുതിരയുടെ രൂപത്തിലേക്കാണ് ഒഴുകിയെത്തിയത്. അവിടെ വെച്ചിരിക്കുന്ന ചെറുകുതിരകളുടെ രൂപങ്ങളില്‍ ആറേഴെണ്ണം സഹോദരങ്ങളുടെ കുട്ടികള്‍ക്ക് നല്ലതു വരുത്തണമെന്ന് പ്രാര്‍ഥിച്ചുകൊണ്ട് താന്‍ വെച്ചതായിരുന്നുവെന്ന് എന്തുകൊണ്ടാണെന്നറിയില്ല ബാബ് യേള്പക്ക് പെട്ടെന്ന് ഓർമവന്നു.
നടയുടെ വലത്ത് ഭാഗത്തായി സാത്തേരി. ഒരു കയ്യോളം മാത്രം പൊക്കമുള്ള കറുത്ത കല്ലില്‍ കൊത്തിയെടുത്ത രൂപം. തന്റെ കുട്ടിക്കാലത്ത്, ഇരിക്കുന്ന രൂപത്തിലായിരുന്ന വിഗ്രഹം കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ രൂപത്തിലേക്ക് മാറ്റിയത് ബാബ് യേള്പയുടെ ഓർമയില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. അച്ഛന്റെ പേരിനൊപ്പം ‘യേളിപ്’ സ്ഥാനം കിട്ടിയതോടെ ദേവകാര്യങ്ങളുടെയെല്ലാം ചുമതല തങ്ങളുടെ കയ്യിലേക്ക് വരുകയും അതെല്ലാം കൃത്യതയോടെ തുടരുകയും ചെയ്യുന്നു. എല്ലാവരിലും കൂടുതല്‍ ദിവ്യത്വം തുടിക്കുന്നത് സാത്തേരി ദേവിയുടേതാണ്. ദേവനെക്കാളും ദേവിയാണ് കൂടുതല്‍ ശ്രേഷ്ഠം! ആഷാഢത്തിലെ പ്രാർഥനകളിലൂടെ ഉരുത്തിരിയുന്ന കഥകളില്‍ മഹാലക്ഷ്മിയാണ് എല്ലാത്തിനും നിദാനമെന്നാണ് പറയപ്പെടുന്നത്! ചിലപ്പോഴൊക്കെ അയാള്‍ക്ക് ഘന്നി, ദേവിയായി തോന്നും. മൂക്കുത്തി അണിഞ്ഞ്, നെറ്റിയില്‍ തൊട്ട പൊട്ടിനെ കുങ്കുമം മറച്ചു, തലക്കെട്ടില്‍ പൂവ് ചൂടി, നീണ്ട മാല ധരിച്ച ഘന്നിയെ കാണുമ്പോള്‍ കണ്മുന്നില് എത്തുന്നത് സാത്തേരി ദേവിയുടെ തേജസ്സാര്‍ന്ന രൂപം.
സാത്തേരി ദേവിയെ സ്നാനം ചെയ്യിപ്പിച്ചതിനുശേഷം അമ്പലത്തിലെ ആദിപുരുഷനും കുടുംബദേവനും സ്നാനം ചെയ്യിപ്പിച്ചു. പിന്നീട് ദൈവത്താനടക്കം എല്ലാവര്ക്കും കണ്മഷി, കുങ്കുമം, പുഷ്പം എന്നിവ അര്‍പ്പിച്ചു ഓരോരുത്തര്‍ക്കുമായി പ്രത്യേകം പൂജ ചെയ്തു. ദൈവത്താന്റെ നടയിലുള്ള അടുപ്പു കത്തിച്ചു നിവേദ്യം തയാറാക്കി. സഞ്ചിയില്‍ കരുതിയിരുന്ന ചതുരപ്പുളിയുടെ ഇലയിലേക്ക് ദൈവങ്ങളെയെല്ലാം സ്മരിച്ചുകൊണ്ട് ഒരു ഭാഗം എടുത്തുവെച്ചു. ദേവതകള്‍ക്ക് സമര്‍പ്പിക്കുന്നതിനു മുമ്പായി പിതൃക്കള്ക്കുള്ളത് എടുത്തു കൃഷിഭൂമിയില്‍ പൂജകള്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഭാഗത്ത് ശ്രദ്ധയോടെ വെച്ചു.
ചരിഞ്ഞിരുന്ന കുതിരയുടെ അടിയില്‍ ഒരു കമ്പു കയറ്റി നേരെയാക്കി അതില്‍ ചതുരപ്പുളിയുടെ ഇല വെച്ചു. കണ്മഷിയും കുങ്കുമവും പുഷ്പവും സമര്‍പ്പിച്ചു. കൊണ്ടുവന്ന നിവേദ്യം കണ്ണുകള്‍ പൂട്ടി ഭക്തിയോടെ സമര്‍പ്പിച്ചു. കൈകള്‍ രണ്ടും കൂപ്പി വീട്ടുകാരെയും മറ്റുള്ളവരെയും കൃഷിവിളകളെയും കാത്തുരക്ഷിക്കാന്‍ ദേവന്മാരോടും ദേവിമാരോടും പിതൃക്കളോടും പ്രാർഥനയോടെ അപേക്ഷിച്ചു. അതിനുശേഷം ഓരോരോ ദേവതമാര്ക്കുമായി മാറ്റിവെച്ച നിവേദ്യം അതതു ദേവതയുടെ മുന്നില്‍ സമര്‍പ്പിച്ചു. നിവേദ്യം തയാറാക്കിയ പാത്രമടക്കം സാധനങ്ങളെല്ലാം സഞ്ചിയിലാക്കി വീട്ടിലേക്ക് മടങ്ങി.
ഗ്രാമത്തിന്റെ മധ്യത്തിലായി കൃഷിഭൂമിക്കുള്ളിലാണ് അമ്പലം. അതിന്റെ കരയില്‍ യേള്പയുടെ വീട്. വീടും അമ്പലവുമായി പത്തടി ദൂരം മാത്രം. എല്ലാ വര്‍ഷവും മികച്ച വിളയ്ക്കായി കൃഷിയിടത്തില്‍ പൂജ നടത്തും. തെളിഞ്ഞ അന്തരീക്ഷത്തില്‍ പൂജക്കായി പോകുന്ന യേള്പ ദേവന്റെ അനുഗ്രഹമായി കനത്ത മഴയിലൂടെ നനഞ്ഞൊലിച്ചായിരിക്കും തിരികെ എത്തുന്നത്.
ഇടമുറിയാത്ത മഴയുടെ താളമേളങ്ങള്‍ രാവിരുട്ടി വെളുക്കും വരെ തുടരും. ഒരു ഭാഗത്ത് ബാബ് യേള്പയുടെ നടുമുറ്റത്തു നടക്കുന്ന ഭജന കാണയെക്കാര് അവസാനിപ്പിക്കുമ്പോഴേക്കും മറ്റൊരു ഭാഗത്ത് മഴ എങ്ങോട്ടോ ഓടിമറയും. പിന്നീട് അടഞ്ഞ തൊണ്ടകള്‍ക്ക് ആശ്വാസമായി എത്തുന്ന ഘന്നിയുടെ ചായയുടെ ഉൻമേഷവുമായി അവിടെ കൂടിയിരിക്കുന്ന പുരുഷന്മാര് മുഴുവനും കൂടെ കരുതിയിരിക്കുന്ന കൂന്താലി തോളിലേന്തി അവരവരുടെ കൃഷിയിടങ്ങളിലേക്കു പോയി മണ്ണിലേക്ക് കൂന്താലിയാഴ്ത്തും. അതോടെ ഗ്രാമത്തില്‍ കൃഷിക്ക് തുടക്കമാകും. അതാണ് ഈ ദേശത്തിന്റെ ആചാരരീതി. ഇക്കാലത്തെ മുറതെറ്റിയ മഴയും വെള്ളവും വിത്തും, വിതയും മാറ്റി മറിച്ചെങ്കിലും ഗ്രാമത്തിലെ പ്രായമായവര്‍ ആചാരമനുസരിച്ച് ആഷാഢ പൂർണിമയുടെ അടുത്ത ദിവസമേ വിത്തിറക്കൂ. ഗ്രാമത്തില്‍ ചിലരെങ്കിലും അങ്ങനെ ചെയ്യുന്നവരാണ്.
ഈ വര്‍ഷം പതിവിനു വിപരീതമായി ബാബ് യേളിപ് വീട്ടിലെത്തിയിട്ടും മഴയുടെ ലക്ഷണം ഒന്നും കണ്ടില്ല! കൂടാതെ ഇത്രനേരവും ഉണ്ടായിരുന്ന ചാറ്റല്‍പോലും അപ്രത്യക്ഷമായിരിക്കുന്നു. നിന്നനില്‍പ്പില്‍ ബാബ് യേളിപ് ആകാശത്തേക്ക് കണ്ണയച്ചു.
-മഴക്കാറുണ്ട്, എന്നാല്‍ പെയ്യാന്‍ മടിച്ചങ്ങനെതന്നെ നില്ക്കുന്നു!
-അല്ലയോ ആകാശദേവാ, ഞങ്ങള്‍ ഒന്നുമറിയാത്ത പൈതങ്ങള്! ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഞങ്ങള്‍ക്ക് അറിയില്ല! എങ്കിലും സംഭവിച്ചുപോയ തെറ്റ് മാപ്പാക്കി, എല്ലാ തെറ്റ് കുറ്റങ്ങളും അങ്ങയുടെ കാലിനടിയില്‍ കശക്കിക്കളഞ്ഞു ഈ മണ്ണിലേക്ക് മഴയായി അനുഗ്രഹം ചൊരിഞ്ഞാലും! മഴയുടെ ഹര്‍ഷാരവങ്ങള്‍ മണ്ണിനെ ഈറനണിയിക്കട്ടെ!
വെളിയില്‍ നടുമുറ്റത്ത് പുരുഷന്മാരുടെ സംസാരം ഉയര്‍ന്നുവന്നു, അതേസമയം അകത്ത് സ്ത്രീകള്‍ ഘന്നിയെ പാചകത്തില്‍ സഹായിക്കുന്നതിനിടയിലെ ചിരിയിലും കുശലം പറച്ചിലിലും വീട് നിറഞ്ഞു.
ബാബ് യേള്പക്ക് എന്തുചെയ്യണമെന്നു തിട്ടമില്ലാതെയായി. അയാളുടെ കണ്ണുകള്‍ ഇടക്കിടെ ആകാശത്തേക്ക് പാറി നടന്നു.
-ഈ വര്‍ഷം ഇങ്ങനെ സംഭവിക്കാനെന്താവും കാരണം? സാത്തേരി അമ്മേ ഞങ്ങള്‍ പൈതങ്ങള്‍ക്ക് ഒരു വഴി കാണിച്ചുതരണേ!
-കൂടിയിരിക്കുന്നവരുടെ പേരില്‍ ദേവന് പ്രാർഥന ചൊല്ലിയിട്ടു വേണം നടുമുറ്റത്ത് ഭജന തുടങ്ങാന്‍!
പ്രാർഥന മനസ്സില്‍ വന്നതും ബാബ് യേള്പക്ക് പെട്ടെന്ന് ഓര്മ വന്നു. കാണയെക്കാര് എവിടെ? എല്ലാ വര്‍ഷവും നേരത്തേ എത്തുന്നതാണ്. ഈ വര്‍ഷം ഇത്രയും താമസിക്കാന്‍ അവന് എവിടെപ്പോയിരിക്കുന്നു? സന്ധ്യക്ക് പൂജ ചെയ്യേണ്ടതാണ്! ഇരുട്ട് പരന്നിട്ടും അവന്റെ നിഴലുപോലുമില്ല!
-ഇത്ര വലുതായിട്ടും ഈ കുട്ടികള്‍ക്കൊന്നും ഒരു ഉത്തരവാദിത്തവും ഇല്ല! അച്ഛന് ഉണ്ടായിരുന്നപ്പോള്‍ ഒരിക്കലും പൂജാകര്‍മങ്ങളുടെ സമയം തെറ്റിച്ചിട്ടില്ല! അദ്ദേഹം പോയതും എല്ലാം തോന്നിയതുപോലെ!
-ഈയിടെ ചെറുതായി മദ്യപാനം ഉണ്ടെന്നു കേട്ടിരുന്നു. ദൈവത്തിനു നിരക്കാത്തതൊക്കെ ചെയ്തു ദൈവദോഷം വരുത്തിവെക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല!
-ഭജനയുടെ രാഗവിസ്താരം എപ്പോഴേ തുടങ്ങിയെങ്കിലും ഭജനമാത്രം ഇല്ല!
ബാബ് യേള്പക്കൊപ്പം ഘന്നിയും അസ്വസ്ഥയായി. പൂജാകര്‍മങ്ങള്‍ ചെയ്യുന്ന നടുമുറ്റത്ത് വിളക്കും തേങ്ങയും വസ്ത്രവും പാക്കും മറ്റു പൂജാദ്രവ്യങ്ങളും വെക്കുവാനായി അവള് അകത്തേക്കും പുറത്തേക്കും കയറി ഇറങ്ങിക്കൊണ്ടിരുന്നു. ഇടയില്‍ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടിരുന്നു.
രാത്രി എട്ടു മണിയായി. അവിടെ കൂടിയിരുന്ന ആളുകള്‍ തിരിച്ചും മറിച്ചും പറയാന്‍ തുടങ്ങിയിരുന്നു. ഉച്ച മുതല്‍ ചിന്തയിലാണ്ടിരുന്ന ബാബ് യേള്പ പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ പിടഞ്ഞുണര്‍ന്നു.
“എണീക്ക്, കവലവരെ പോയി നോക്കാം, കാണയെക്കാര് ഏതു അഴുക്കുചാലില്‍ വീണു കിടക്കുന്നതെന്നാലും അവനെ പൊക്കിക്കൊണ്ടു വരാം!”
ബാബ് യേള്പ പറയുന്നതിനു മുമ്പുതന്നെ തയാറായിരുന്ന നാലഞ്ചു പേര് ചൂട്ടു കറ്റ കത്തിച്ചുകൊണ്ട് വെളിയിലേക്ക് ഇറങ്ങിയതും ഒരാള്‍ ഒച്ചവെച്ചു.
“നോക്കിക്കേ, അയാളല്ലേ ആ വരുന്നത്! ഇനിയും നിങ്ങള്‍ പോകണ്ടാ!”
കാണയെക്കാര് വാതില്ക്കല് എത്തിയതും എല്ലാവരും അയാളുടെ ചുറ്റിനും കൂടി. എന്തുപറ്റി? എന്തുകൊണ്ടാണ് വൈകിയത്? ഒരു ശബ്ദം ഒരു ബഹളമായി മാറാന്‍ അധിക സമയമെടുത്തില്ല.
ബാബ് യേള്പ മുന്നിലേക്ക് നീങ്ങിനിന്നു, അയാള്‍ക്ക് പുറകിലായി ഘന്നിയും.
“എവിടെയായിരുന്നു നീ ഇത്രനേരവും? നിന്റെ കാരണംകൊണ്ട് ഗ്രാമത്തിലെ പൂജ മുടങ്ങിയതിന്റെ വില എന്താണെന്ന് നിനക്കറിയാമോ!”
“എന്റെ മോന് സുഖമില്ല!”
“നിന്റെ മോന് വയറ്റില്‍ സുഖമില്ലാതായിട്ട് ഒരു മാസമായി. ഇന്ന് വേറെ എന്തെങ്കിലും പുതിയ അസുഖം വല്ലതും ഉണ്ടായോ?”
“നിന്റെ മോന് സുഖമില്ലാത്തതുകൊണ്ട് പത്തു പേരുടെ പൂജ നിര്‍ത്തിവെക്കണോ? ഇവിടെ ആദ്യമായാണ് ദേവശാപം ഉണ്ടാകുന്നത്.”
“മോന്റെ വിഷമത്തില്‍ ചാണകം തിന്നിട്ടാണോ നീ വന്നത്?” കാണയെക്കാറിന്റെ വായില്‍നിന്നും അടിക്കുന്ന മദ്യത്തിന്റെ ദുര്‍ഗന്ധം മൂക്ക് വലിച്ചെടുത്തതും ഘന്നി ഒരു മുതിര്‍ന്ന ആളിന്റെ അധികാരത്തോടെ ചോദിച്ചു! എന്നാല്‍ എന്നത്തെയുംപോലെ അവളുടെ വാക്കിന്റെ മുന്നില്‍ മിണ്ടാതെ നാണിച്ചുനില്ക്കുന്നതിനു പകരം മദ്യത്തിന്റെ സര്‍പ്പവിഷം അവള്‍ക്കു നേരെ ചീറ്റി.
“കുട്ടികളെക്കുറിച്ചുള്ള വിചാരം എന്താണെന്ന് നിങ്ങള്‍ക്കെങ്ങനെ മനസ്സിലാകും! അതുണ്ടാകണമെങ്കില്‍ സ്വന്തം വയറ്റില്‍നിന്നും വരണം!”
“ഇ...ട്...ട്...ല്‍!” കാണയെക്കാറിന്റെ വായില്‍നിന്ന് വീണ വാക്കുകള്‍ കേട്ടതും ബാബ് യേൾപ്പിന്റെ അടിവയറ്റില്നിന്നാണ് ആ അലറല്‍ വന്നത്. കൂടിനിന്ന ജനങ്ങള്‍ സ്തബ്ധരായി.
...പിന്നീട് ഓരോരുത്തരായി കാണയെക്കാറിനെ കൈവെക്കാന്‍ തുടങ്ങി. ഇത്രയും നേരം ശാന്തമായിരുന്ന അവിടെ ആക്രോശങ്ങളും കൂവിവിളികളുംകൊണ്ട് ബഹളമയമായി.
ആദ്യത്തെ കുറച്ചു നിമിഷങ്ങള്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഘന്നി പകച്ചുനിന്നു. ഇട്ടലിന്റെ വാക്കുകള്‍ അവളെ പൂർണമായും മരവിപ്പിച്ചു കളഞ്ഞു. ഇന്ന് ആദ്യമായി, അതും ഒരു ജനക്കൂട്ടത്തിനു മുന്നില്‍വെച്ചാണ് തന്റെ വയര്‍ ഒരു കുഞ്ഞിനു ജന്മം നല്കിയില്ലല്ലോ എന്നത് തലയിലേക്ക് പോയത്. ഇത്രയും കാലം അനുജന്മാരുടെയും നാത്തൂന്മാരുടെയും മക്കളെ അടുക്കിപ്പിടിച്ചു ഉറക്കിയപ്പോള്‍ തന്റെ ജന്മം സഫലമായില്ല എന്നൊരിക്കലും തോന്നിയിട്ടില്ല! അവളുടെ ഭര്‍ത്താവിനും അതേക്കുറിച്ച് ഒരു വിഷമവും തോന്നിയിട്ടില്ല.
ഘന്നിയുടെ മരവിപ്പ് കുറെ നിമിഷങ്ങള്‍ നീണ്ടു. കണ്മുന്നില് വഴക്കുണ്ടാക്കിയ ഇട്ടലിനെ നോക്കിയതും അവളുടെ ഹൃദയം നുറുങ്ങി. തൂണുപോലെ അനങ്ങാതെ നില്ക്കുന്ന കുരങ്ങനെപ്പോലെ ഭര്‍ത്താവിനെ കണ്ടതും ഓടുന്നതിനിടയില്‍ ഗദ്ഗദത്തോടെ അവള് പറഞ്ഞു:
“എന്ത് നോക്കി നില്‍ക്കുവാ? ആ കുട്ടിയെ പിടിച്ചുമാറ്റൂ! അവന് ചത്തുപോകും!”
ഘന്നി ഇടയില്‍ വന്നതിനാല്‍ ഇട്ടലിനെ കൈവെച്ചവരൊക്കെ വശങ്ങളിലേക്ക് ഒതുങ്ങി.
ഇട്ടലിനു ശരിക്ക് അടി വീണിരുന്നു. ചോര ധാരയായി വാര്‍ന്നുകൊണ്ടിരുന്നു. അവന് തലക്ക് ൈകയും കൊടുത്ത് താഴെ കുന്തിച്ചിരുന്നു. ഘന്നി ഓടിച്ചെന്ന് അവനെ തലോടി.
“മോ...നേ! മോ...നേ! ഇട്ടല്! നിന്റെ ബോധം മറഞ്ഞിട്ടില്ലല്ലോ? നിനക്ക് ഒത്തിരി അടി കിട്ടിയോ?”
“അയ്യോ! ചോര വരുന്നൊ? ഇവരൊക്കെ വെറും ചണ്ഡാളരാ! എണീക്ക്, മരുന്ന് പുരട്ടാം!”
“ഞാന്‍ തൊലഞ്ഞുപോകട്ടെ! പെട്ടെന്ന്, പൊട്ടിയ പല്ലു പോലെ ഞാന്‍ ഇടയില്‍ പറഞ്ഞത് എത്ര വലിയ ബഹളമാ ഉണ്ടാക്കിയത്..! പിന്നേം എന്നോട് നല്ല വാക്കും പറഞ്ഞുകൊണ്ട് നിങ്ങള്‍ വരുന്നു..! കുട്ടികളു പോലും വേണ്ടെന്നു വെച്ചു കർമം ചെയ്യുന്ന നിങ്ങള്‍ സ്വന്തം ജീവിതംപോലും നശിപ്പിച്ചു. ഇനിയിപ്പോള്‍ ഞങ്ങള്‍ എങ്ങനെയായാലെന്താ? ഞങ്ങളുടെ ജീവിതവും തീരാറായി... ഇനി ഇപ്പൊ നിങ്ങളുടെ കുട്ടികള്‍ നന്നായി വരണ്ടേ..!”
ഘന്നിയുടെ ഹൃദയത്തിന്റെ അണക്കെട്ട് തീരങ്ങളെ തല്ലി തകര്‍ത്തുകൊണ്ട് പൊട്ടിയൊഴുകാന്‍ തുടങ്ങി, കണ്ണുകളിലൂടെ ദുഃഖത്തിന്റെ തോരാമഴ!
തലക്കു മുകളില്‍ ആകാശത്തു കനത്തുനിന്നിരുന്ന മഴമേഘങ്ങള്‍ ഘന്നിയുടെ കണ്ണുകളിലൂടെ പെയ്തൊഴിയുകയാണെന്ന് അടുത്തു ഘന്നിയെ നോക്കിനില്ക്കുന്ന ബാബ് യേള്പക്ക് തോന്നി. ഇന്ന് പൂജാവേളയില്‍ മഴ പെയ്തില്ലെങ്കിലെന്ത്..? കൃഷി മുഴുവനും വളരുവാന്‍ ആവശ്യമുള്ളത്ര ജലം മുഴുവന്‍ ഈ കണ്ണുനീരിലൂടെ ലഭിച്ചിട്ടുണ്ട്!