ചെന്നായ്ക്കൾ
“ന്ന് ന്താ ഴ്ച്യാ?” അയാൾ പെങ്ങളോട് ചോദിച്ചു. ‘‘ചൊവ്വാഴ്ച.’’ പെങ്ങൾ തുണിയലക്കുന്ന കല്ലിനരികിൽ അവളുടെ കുഞ്ഞിന്റെ മുഷിഞ്ഞ തുണികൾ കഴുകുന്നതിനിടെ ‘‘എന്തേ അണ്ണാ’’ എന്ന് അനുബന്ധമായി ഒരു ചോദ്യത്തോടെ ആങ്ങളയുടെ നേരെ നിവർന്നു. “ഒന്നൂല്ലാ, രണ്ടീസായില്ലേ എന്തേലും നന്നായി കഴിച്ചിട്ട്.’’ ആങ്ങള കുന്തിച്ചിരുന്നു തല കാൽമുട്ടിലേക്കു കുനിച്ചു. പെങ്ങൾ ആ ചോദ്യവും കാഴ്ചയും കൺമുമ്പിൽ...
Your Subscription Supports Independent Journalism
View Plans“ന്ന് ന്താ ഴ്ച്യാ?” അയാൾ പെങ്ങളോട് ചോദിച്ചു.
‘‘ചൊവ്വാഴ്ച.’’
പെങ്ങൾ തുണിയലക്കുന്ന കല്ലിനരികിൽ അവളുടെ കുഞ്ഞിന്റെ മുഷിഞ്ഞ തുണികൾ കഴുകുന്നതിനിടെ ‘‘എന്തേ അണ്ണാ’’ എന്ന് അനുബന്ധമായി ഒരു ചോദ്യത്തോടെ ആങ്ങളയുടെ നേരെ നിവർന്നു.
“ഒന്നൂല്ലാ, രണ്ടീസായില്ലേ എന്തേലും നന്നായി കഴിച്ചിട്ട്.’’
ആങ്ങള കുന്തിച്ചിരുന്നു തല കാൽമുട്ടിലേക്കു കുനിച്ചു.
പെങ്ങൾ ആ ചോദ്യവും കാഴ്ചയും കൺമുമ്പിൽ എന്നപോലെ വീണ്ടും കാണുകയും കേൾക്കുകയും ചെയ്തു.
പക്ഷേ, അടുത്ത നോട്ടത്തിൽ കോലായുടെ അറ്റത്ത് അണ്ണനില്ല പകരം ഒഴിഞ്ഞ ചൂടിക്കട്ടിലിൽ അമ്മ ചുരുണ്ടു കിടക്കുകയാണ്.
കണ്ണിൽ ആധിയും സങ്കടവും നിറഞ്ഞു കവിഞ്ഞുകൊണ്ടേയിരിക്കുകയാണ്.
“എന്താണെന്നറിയില്ല യ്ക്കൊരു വല്ലായ്മ” എന്ന് ഏതു നേരവും പറഞ്ഞുകൊണ്ട് രാത്രിയും പകലും തള്ളിനീക്കുകയാണ്.
അമ്മയുടെ കിടപ്പും മെലിഞ്ഞു വളഞ്ഞ ഉടലും നോക്കിക്കൊണ്ടിരിക്കേ… പെങ്ങൾ വീണ്ടും ആങ്ങളയുടെ കുന്തിച്ചുള്ള ഇരിപ്പു കാണുകയായി.
ആ ഇരിപ്പു കണ്ട് അവൾക്കു വല്ലാതെ പാവം തോന്നി. തന്നെക്കാൾ മൂന്നോ നാലോ വയസ്സിനു മൂപ്പുള്ള അണ്ണനാണ്. കണ്ടാൽ പതിനാറുകാരന്റെ ശരീരമേയുള്ളൂ.
അവന് എന്തെങ്കിലും നന്നായി തിന്നാൻ കൊടുക്കണം, പെങ്ങൾ വിചാരിച്ചു. എന്ത് കൊടുക്കാനാണ്. അമ്മക്കും അപ്പനും പണിക്കു പോകാൻ മേലാതായിത്തുടങ്ങി.
“അപ്പാ’’, അവൾ അപ്പനെവിടെ എന്ന് നോക്കി.
അവളുടെ വിളികേട്ട് അമ്മ ചൂടിക്കട്ടിലിൽ എഴുന്നേറ്റിരുന്നു.
“യ്യ് ആരെയാ മാളേ വിളിക്കണേ’’ എന്ന് മകളുടെ ബോധത്തെ മടക്കിക്കൊണ്ടു വന്നു. “ഒരു കൊല്ലായില്ലേ ഓരൊക്കെ പോയിട്ട് ന്റെ മാളേ.”
അമ്മ കട്ടിലിനരികിൽ ചാരിെവച്ച മുളങ്കമ്പു കുത്തി എണീക്കാൻ നോക്കിക്കൊണ്ടു തുടർന്നു. “യ്യ് എപ്പോഴും ഇങ്ങനെ ആതി കേറ്റി ആ കൊച്ചിന് തള്ളേം കൂടെ ഇല്ലാതാക്കല്ലേ.’’
‘‘യ്ക്ക് വയ്യ മാളേ’’ എന്ന് വീണ്ടും കട്ടിലിലേക്കു തന്നെ ചാഞ്ഞു.
കഴിഞ്ഞ കൊല്ലമല്ല, അതിനും അപ്പുറമുള്ള ഏതോ ഒരു രാവിലെയാണത്. അവൾക്ക് ഓർമ പോയതല്ല, ഓർമ പോകാത്തതാണ്. അമ്മക്കും അതറിയാം. അമ്മക്കും ഓർമയോ ബോധമോ പോയിട്ടില്ല. അപ്പനും മകനും പോയതേതു വഴി എന്നറിയാതെ ഉഴന്നുനിൽക്കുകയാണ് അമ്മയും.
പോകാത്ത ഓർമകൾ വീണ്ടും അവളെ മേൽ പിടിമുറുക്കിക്കൊണ്ടിരുന്നു.
അന്നും രാവിലെ മഴതന്നെ. ഇടവിടാതെ പെയ്ത മഴ ജോലിക്കു പോകാൻ മേലാതാക്കി. പണിയും തീരെ കിട്ടാതായി. കാട്ടിലേക്ക് കേറി തേനോ, തിനയോ കിഴങ്ങോ തിരഞ്ഞു പോകാൻപോലും വയ്യാത്ത മഴപ്പെയ്ത്ത്...
അമ്മ താടിക്കു കൈകൊടുത്ത് പുരയുടെ തിണ്ണയിൽ മെലിഞ്ഞുവളഞ്ഞ ആകൃതി ഇല്ലാത്ത തൂണും ചാരി ഇരിക്കുന്നതു പെങ്ങൾ നോക്കി. അപ്പനും മാനത്തേക്ക് കണ്ണുയർത്തി.
“മഴ പോയോ..?”
രണ്ടുപേരെയും നോക്കി പെങ്ങൾ നീണ്ട ഒരു ശ്വാസമെടുത്തു.
‘‘മഴക്കോളില്ല’’, അപ്പൻ അമ്മയോട് പറഞ്ഞു.
“നമ്മക്ക് പോയാലോ...’’
“വാ പോവാം’’ എന്ന് അമ്മ താടിയിൽനിന്ന് കൈയെടുത്തു. പതുക്കെ നിവർന്ന് പുരക്കകത്തേക്ക് കുനിഞ്ഞു കേറി. ടൗണിൽനിന്ന് വാങ്ങിയ മഞ്ഞവരയുള്ള സഞ്ചിയും മുളങ്കമ്പും കൈയിലെടുത്തു.
അപ്പനും അരിവാൾ പോലെ വളഞ്ഞ ദേഹം ഒന്നുകൂടെ കുനിച്ചു കൈയിൽ വടിയും അരിവാളുമായി കൂടെ നടന്നു.
“മാളേ പോയിട്ട് വരാം’’, അമ്മ മകളെ നോക്കി പറഞ്ഞു.
പെങ്ങൾ തലയാട്ടുന്നതോ അമ്മയും അപ്പനും പതുക്കെപ്പതുക്കെ കുത്തനെയുള്ള പറമ്പിറങ്ങി കാട്ടിലേക്ക് നടന്നു കയറുന്നതോ ആങ്ങള കണ്ടില്ല. അവൻ തല നാട്ടയിൽ പൂഴ്ത്തി വളഞ്ഞു അതേ ഇരിപ്പാണ്.
പെങ്ങൾ കുഞ്ഞിന്റെ കുപ്പായവും മുഷിഞ്ഞ തുണികളും കഴുകി തോരാനിട്ടു.
കുഞ്ഞിന് റാഗി കാച്ചിയതും ആട്ടിൻപാലും കൊടുക്കണം.
പെങ്ങൾ മതിലോ മറവോ ഇല്ലാത്ത പറമ്പിന്നതിരിൽ ഇലകൾ കടിച്ചുപറിക്കുന്ന പാറുക്കുട്ടിയെ നോക്കി. പാറുക്കുട്ടീ എന്ന് വെറുതെ വിളിച്ചു. ആടിന് താൻ ആടാണെന്ന കാര്യം അറിയില്ല. അതിന് പാറുക്കുട്ടിയാണ് താൻ എന്നേ അറിയൂ. തീറ്റ നിർത്തി കഴുത്തുയർത്തി നോക്കുന്ന പാറുക്കുട്ടിയെ കണ്ടപ്പോൾ പെങ്ങൾക്ക് ചിരി വന്നു.
‘‘ഇന്ന് കുറച്ച് ഏറെ പാലു തന്നോണ്ടു പാര്വോ, മാതവണ്ണനും കുറച്ചു കൊടുക്കണം. ഓന്റെ കോലം കണ്ടില്ലേ?’’ പാറുക്കുട്ടി മാതവനെ നോക്കി. “നെനക്ക് കാര്യൊക്കെ മനസ്സിലാവും ല്ലേ?’’ എന്ന് പെങ്ങൾ പാറുവിനെ കൊഞ്ചിച്ചു.
അകത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടു ‘‘ഓ, ഒണർന്നൂ’’ അവൾ കുഞ്ഞിന്റെ കരച്ചിലിനോട് പറഞ്ഞു. “ദാ വരണൂ.’’
അപ്പനും അമ്മക്കും സർക്കാർ സഹായമായി കിട്ടിയ പണം കൊടുത്തു വാങ്ങിയ ആടാണ്. ചുറ്റുപാടും പുല്ലും മരങ്ങളും ഇലകളും ഉള്ളതുകൊണ്ട് പാറുവിന് പട്ടിണിയില്ല. രണ്ടു വയസ്സായി അവൾക്ക്. പെങ്ങൾ ആടിനെ തലോടി. അതു കണ്ടു ആങ്ങള തല ചരിച്ചു നോക്കി.
“ബാ മാളേ’’ എന്ന് ആടിനെ വിളിച്ചു. ആട് ചവയ്ക്കുന്നത് നിർത്തി ആങ്ങളയെ ‘‘എന്താ’’ എന്ന നോട്ടം എറിഞ്ഞു.
‘‘ഇപ്പൊ വരാം’’ എന്ന് താളത്തിൽ തല കുലുക്കി തീറ്റ തുടർന്നു. ആങ്ങള ആ നേരം മുറ്റത്തെ അതിരിനപ്പുറം തുടങ്ങുന്ന കാടിന്റെ ആഴത്തിലേക്ക് നോക്കി. കാട്ടാടിന്റെ ഒച്ച കേട്ടെന്നപോലെ ചെവിക്കു പിന്നിൽ കൈചേർത്തു.
പുരക്കുള്ളിൽ കുഞ്ഞു വീണ്ടും കരഞ്ഞു. “ദാ എത്തിപ്പോയീ’’ കുഞ്ഞിനോട് വാത്സല്യം കലർന്ന ശബ്ദത്തിൽ വിളികേട്ട് പെങ്ങൾ അകത്തേക്കു പോയി. കുട്ടിയെ എടുത്തു. “പെട്ടെന്ന് വലുതാവ് ന്റെ മോളെ’’ എന്ന് മൂത്രത്തിൽ നനഞ്ഞു കുതിർന്ന കുഞ്ഞിനെ ഉമ്മ െവച്ചു.
‘‘ദേവൂന് ഒന്നര വയസ്സായി. രണ്ടായെങ്കിൽ ആഫീസിനടുത്തുള്ള ഡേ കെയറിൽ ആക്കായിരുന്നു...’’ പെങ്ങൾ ആത്മഗതം ചെയ്തു.
കുഞ്ഞ് കണ്ണു ചിമ്മിത്തുറന്ന് അമ്മയെ നോക്കി ചിരിച്ചു. കൈകാൽ കുടഞ്ഞു. കുത്തിയിരുന്ന് പാലുകൊടുക്കുന്ന നേരം കുഞ്ഞിനോട് വർത്തമാനം പറഞ്ഞു, “മ്മക്ക് കുളിക്കണ്ടേ? പാപ്പം കഴിക്കണ്ടേ?’’ ചെറിയ മേശക്കു മുകളിൽ അടുക്കിവെച്ച റാഗി ടിന്ന് കൈയെത്തി പിടിച്ച് അവൾ തുറന്നു നോക്കി. ആഫീസിൽ പോകുന്നതിനുമുമ്പ് റാഗി അരച്ച് വിരകി കൊച്ചിന് കൊടുക്കണം. ഉച്ചക്ക് അമ്മ കുഞ്ഞിന് കഞ്ഞി കൊടുത്തോളും. അവൾ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ അതിനോട് പറഞ്ഞു. “അമ്മക്ക് ആപ്പീസിൽ പണിയുണ്ട് കുഞ്ഞാവേ… കരയാണ്ടെ മാമന്റെ അടുത്ത് ഇരിക്കണം, ട്ടാ.’’ കുഞ്ഞ് ബക്കറ്റിലെ വെള്ളം ചുറ്റും തച്ചു തെറിപ്പിച്ചു പൂത്തിരിപോലെ തിളങ്ങിക്കൊണ്ടിരുന്നു.
കുഞ്ഞിനെ വിശന്നിരിക്കുന്ന ആങ്ങളയെ ഏൽപിച്ചു വേണം ആപ്പീസിൽ പോകാൻ.
ആങ്ങളയുടെ ഇരിപ്പു കാണുമ്പോൾ പെങ്ങൾക്ക് സങ്കടം വന്നു. പത്തിരുപത്തെട്ട് വയസ്സായി അണ്ണന്. എത്ര ബലമുള്ള ഉടലായിരുന്നു.
മരങ്ങളായ മരങ്ങളൊക്കെ വലിഞ്ഞു കയറി, തുഞ്ചത്ത് നിന്ന് മാങ്ങയോ, ആഞ്ഞിലിപ്പഴമോ തേൻ കൂടോ ദാ എന്ന് പറയുമ്പോഴേക്കും കൊണ്ടുവരുന്ന ആളായിരുന്നു.
“ഒന്ന് വേഗം നടക്കോളെ’’ എന്ന് പെങ്ങളെ കാട്ടുവഴിയിലൂടെ നടത്തിക്കൊണ്ട് ആങ്ങള പറയും. കാട്ടിലെ ഏറ്റവും വലിയ മരം കാണണ്ടേ അണക്ക്, അതിന്റെ ഏറ്റവും തുഞ്ചത്ത് കേറണ്ടെ?’’
‘‘പരുന്തിനോട് വർത്താനം പറയാൻ പറ്റുവൊ, അണ്ണാ’’ പെങ്ങൾ ചോദിക്കും.
‘‘പിന്നെ പറ്റാതെ. അവറ്റ വെറുതെ നമ്മളെ ഒന്നും കാട്ടൂല. അവറ്റെടെ കൊച്ചിനെ തൊടാഞ്ഞാ മതി.’’
അവൾ മരത്തിന്റെ പാതിവഴി താണ്ടി കയറ്റം നിർത്തും. ആങ്ങള പഴങ്ങളും കിഴങ്ങുകളും റേഷനരിയും കാടറിഞ്ഞ പണികളുംകൊണ്ട് പരുവപ്പെട്ട ഉടൽ മുകളിലേക്ക് കയറ്റിക്കൊണ്ടുപോകും. അത് ഉയരത്തിൽ എത്തുമ്പോൾ ഇലകൾക്കിടയിലൂടെ വരുന്ന ചരിഞ്ഞ വെയിലിൽ തട്ടിത്തിളങ്ങും. താഴെ മരക്കൊമ്പിൽ കാലാട്ടി ഇരിക്കുന്ന പെങ്ങളെ തിരിഞ്ഞു നോക്കിച്ചിരിക്കും.
പെങ്ങൾ കാൽമുട്ടിൽ തലചേർത്തു െവച്ച് കളിയും ചിരിയും മറന്ന മുഖവുമായിരിക്കുന്ന ആങ്ങളയെ ഒന്നുകൂടി നോക്കി. ഇപ്പോൾ അവൻ കുഞ്ഞിന്റെ കളിയും ചിരിയും കാണുകയാണ്. അത് കണ്ട് ചെറുതായി ചിരിക്കുന്നുണ്ട്. അവൾക്ക് ആശ്വാസം തോന്നി. അണ്ണന് ഇന്ന് ബോധമുള്ള ദിവസമാണ്. അവനു കൂടി കഞ്ഞി എടുത്തു കൊടുത്തിട്ടു പോകാം.
അഞ്ചോ ആറോ കൊല്ലമായി അവൻ ഇങ്ങനെയാണ്. വിശപ്പുള്ളപ്പോൾ ‘‘എന്തെങ്കിലും താ’’ എന്ന് പെങ്ങളോട് പറയും. അല്ലാത്തപ്പോൾ അലഞ്ഞുതിരിഞ്ഞു നടക്കും. അല്ലെങ്കിൽ ഏതെങ്കിലും മരച്ചുവട്ടിൽ, റോഡുവക്കിലെ കലുങ്കുപോലെ ഉയർന്നു നിൽക്കുന്ന കല്ലിനു മോളിൽ ആകാശത്തിന്റെ നിറം മാറുന്നത് വരെ ഇരിക്കും.
“മാതവാ, ന്താ ങ്ങനെ കുത്തിരിക്കണെ’’ വഴിപോക്കരിൽ ചിലർ ലോഗ്യം ചോദിക്കും.
“അപ്പനും അമ്മേം ചുള്ളി പൊട്ടിക്കാൻ പോയി, വന്നില്ല.’’
‘‘നെണെക്കും പോകായിരുന്നില്ലേ, അമ്മേനെ സഹായിക്കാരുന്നല്ലോ.’’
അതു കേട്ട് ഒന്നും മിണ്ടാതെ മാതവൻ ആകാശത്തെ പരുന്തിനെയോ കുഞ്ഞിപ്പക്ഷിയെയോ നോക്കി കണ്ണ് ഉരുട്ടി മിഴിക്കും. അവൻ ഈ ലോകത്തിൽനിന്ന് പക്ഷികളുടെ ലോകത്തേക്ക് പറന്നു എന്ന് തോന്നും. കുശലം ചോദിച്ചയാൾ,
‘‘എന്നാപ്പിന്നെ’’ എന്ന് നടപ്പു തുടരും. മാതവൻ കരിയിലക്കുരുവികളുടെ ചിലക്കലിലേക്കു ചെവി കൂർപ്പിക്കും.
“ക്ക് ആഫീസി പോകാനായി, അണ്ണൻ കൊച്ചിനെ ഒന്ന് പിടിക്കാവോ? ഞാനിത്തിരി കഞ്ഞി വച്ചിട്ടുണ്ട്. ചമ്മന്തിയും ഉണ്ട്. അത് തരട്ടെ?’’ ഒറ്റ ശ്വാസത്തിൽ അവൾ ആങ്ങളയോട് ചോദിച്ചു.
കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ ആങ്ങളയുടെ മടിയിലേക്കു തള്ളിവെക്കാൻ ശ്രമിച്ചു. ആങ്ങള കുഞ്ഞിനെ നോക്കി ഒന്ന് ചിരിച്ചു. പെങ്ങൾ അവന്റെ കറ നിറഞ്ഞ പല്ലുകൾ കണ്ടു. പൊകലയും വെറ്റിലയും ചുണ്ണാമ്പും പിന്നെ ടൗണീന്ന് വരുന്ന പൊല്ലാപ്പുകാർ കൊടുക്കുന്ന പൊടിയും ഒക്കെ ചേർത്ത് എന്തൊരു തീറ്റയായിരുന്നു. തിന്നാലോ കാട്ടിൽ അവറ്റകളുടെ കൂടെ ചുറ്റിക്കറങ്ങി കാടിന്റെ മുക്കും മൂലയും കാണിക്കലായി... പിന്നെ എന്തൊക്കെ ചെയ്യിച്ചിരുന്നു അവറ്റകൾ എന്ന് ആർക്കറിയാം… പെങ്ങൾ ഉള്ളു കത്തിക്കൊണ്ടു വിചാരിച്ചു. അവറ്റകൾക്കെന്താ… ന്റെ അണ്ണൻ ഇങ്ങനായി. ഇപ്പം ആർക്കും വേണ്ടാതേം ആയി…
കണ്ണിൽ പൊടിഞ്ഞ വെള്ളം തുടച്ചുകൊണ്ട് അവൾ പുരയുടെ മൂലക്ക് തൂക്കിയ പാളപ്പാത്രത്തിൽനിന്ന് ഉമിക്കരിയെടുത്തു അവന്റെ കൈയിൽ കൊടുത്തു.
“അണ്ണാ, യ്യൊന്നു പല്ലു തേച്ചിട്ടു വാ, എന്നിട്ടു കഞ്ഞീം കുടിക്ക്. എന്നിട്ടു കൊച്ചിനെ എടുത്താ മതി.’’
മാതവൻ പതുക്കെ എഴുന്നേറ്റു. അനുസരണയോടെ ആളുകളെ നോക്കുമ്പോൾ വിരിയുന്ന ആ ചിരിയുമായി. പെങ്ങൾ കരുതി, മുഖത്തൂന്ന് ആ ചിരി ഇപ്പോഴും പോയിട്ടില്ല, അതന്നെ സമാധാനം. പെങ്ങൾ പഞ്ചായത്താഫീസിൽ തൂപ്പു ജോലി ചെയ്യുന്നതോ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതോ അവനറിയില്ല. “ആങ്ങളക്ക് വല്ലോം അറിയോ ന്തോ!’’ പെങ്ങൾ ഇടക്ക് സംശയിക്കും.
അവന്റെ ഓർമ കാട്ടിലോ മരത്തിലോ കാറ്റിലോ എവിടെയോ െവച്ചു മറന്നിരിക്കയാണ്. അതിനി എന്ന് തിരിച്ചുകിട്ടുമോ ആവോ!
അണ്ണൻ അപ്പാപ്പനുമായി കാടിനകത്തേക്ക് ആദ്യമായി കയറിയത് ഓർമയുണ്ടാകും…ചിലപ്പോൾ ഓർമ കാണില്ല...എങ്ങനെ അറിയാം… പെങ്ങൾ വിചാരിച്ചു. അവൻ ചിലപ്പോൾ കാട്ടിലേക്ക് കയറിപ്പോകുന്നത് അപ്പാപ്പനെയോ, കാടുകേറി മറഞ്ഞുപോയ അമ്മാച്ചനെയോ ഓർത്തിട്ടല്ല എന്ന്…
എന്നാലും അവനിപ്പോൾ പഴയതുപോലെ കാടിനെ നോക്കാറില്ല. അതിൽനിന്ന് വരുന്ന കുറുക്കന്റെയോ ആനകളുടെയോ കാട്ടുപോത്തുകളുടെയോ ഒച്ചകൾക്കു നേരെ ചെവി കൂർപ്പിക്കാറില്ല. അവറ്റകളുടെ ഒച്ച അവന് നിലവിളി ആയാണോ തോന്നുന്നത് എന്ന് അവൾ വിചാരിക്കാറുണ്ട്. ദൂരെനിന്ന് വല്ലപ്പോഴും കേൾക്കുന്ന കുറുക്കന്റെ ഓലിക്കു നേരെ അവൻ കണ്ണു ചിമ്മും. ഇടയ്ക്കു കാതുപൊത്തും.
“എന്തേ മാനേ യ്യ് കാത് പൊത്ത ണ്” അമ്മ ചോദിക്കും. ‘‘അതുമ്മടെ കുറുക്കന്മാരെ കൂക്കല്ലേ’’ കേൾക്കുന്ന നീണ്ട ഓലി കുറുക്കന്റെ കൂക്ക് ആണെന്ന് തോന്നി അമ്മ പറയും.
“അവറ്റകളും മ്മളെ പോലെത്തന്നെ, ഒക്കെ ഇല്യാണ്ടായി. പഴേപോലെ കൂക്കലും കേക്കണില്ല.’’
അമ്മക്ക് കുട്ടിക്കാലത്തേ കുറുക്കന്മാരെ ഇഷ്ടമായിരുന്നു. അവറ്റകളുടെ ‘ഓളി’യും. നിലാവത്ത് പാറപ്പുറത്തിരുന്ന് അവറ്റകൾ കൂകി തിമിർക്കുന്ന കഥ അമ്മ പറഞ്ഞ് അവൾക്കും അറിയാം. അവൾ കണ്ടിട്ടില്ല, ആങ്ങളയും.
ഒച്ചക്ക് നേരെ എപ്പോഴും അണ്ണൻ കാതു പൊത്തും. ഇടയ്ക്കു കൈ മാറ്റി ശ്രദ്ധിക്കും. വീണ്ടും പെട്ടെന്ന് പഴയപോലെ കൈ കാതിലേക്കു തന്നെ പോകും.
“ന്താ ന്റെ കുട്ടിക്ക് പറ്റിയതാവോ’’ എന്ന് ഇത് കാണുമ്പോൾ അപ്പനും അണ്ണനെ നോക്കി നെടുവീർപ്പയക്കും.
“ഓന് എന്തോ ആതി കേറീട്ടുണ്ട്’’ അമ്മ കേൾക്കെ അപ്പൻ പറയും. എത്ര കൊല്ലായി ഓൻ മ്മടെ കൂടെ തേനട പറിക്കാനോ, ചുള്ളി പെറുക്കാനോ വന്നിട്ട്. രണ്ടു മൂട് കപ്പ നടാൻ പോലും തോന്നാണ്ടായല്ലോ ഓന്.’’
ചേമ്പും ചേനയും കപ്പയും ചെറിയ പറമ്പിൽ നിറഞ്ഞുനിന്ന കാലം അപ്പൻ ഓർമയിൽ പറിച്ചുനടും.
സ്കൂളിൽ എട്ടാം ക്ലാസ് കഴിഞ്ഞതും അണ്ണൻ അപ്പനെ സഹായിച്ചു കൂടെക്കൂടിയതാണ്. കാട് കാണാൻ വരുന്ന പുറംദേശക്കാർക്ക് വഴികാട്ടിയായി പോകുന്നതും കാട്ടിലെ മരങ്ങളെക്കുറിച്ചും മൃഗങ്ങളെ പറ്റിയും വിവരിക്കുന്നതും ആങ്ങളക്ക് വലിയ ഉത്സാഹമായിരുന്നു. പട്ടണത്തിൽനിന്ന് വരുന്നവരെ വിരുന്നുകാരായി ഊരിൽ കൊണ്ടു ചെന്ന് മൂപ്പനേയും ആളുകളെയും കാണിച്ചും കുട്ടികളെ കൊണ്ട് നൃത്തം ചെയ്യിച്ചും അവൻ ആളുകളെ ആവോളം രസിപ്പിച്ചു. അവർ പോകുമ്പോൾ കൊടുക്കുന്ന പണം വാങ്ങി അരിയും സാധനങ്ങളും ടൗണിൽ പോയി കൊണ്ടുവന്നു.
അന്നൊക്കെ അണ്ണന് കാടിന്റെ ഉള്ളു മതിയായിരുന്നു. പുറത്തൂന്ന് വരുന്നോരോട് കൂട്ടം കൂടീർന്നില്ല. പിന്നെ എപ്പഴാ അവന്റെ മനസ്സ് മാറീതാവോ. അളിയനും കൂടി വന്നേപ്പിന്നെ ആയിരിക്കും…
“ഒക്കെ കഴിഞ്ഞല്ലോ മോനെ...’’ അപ്പന്റെ കണ്ണു നിറഞ്ഞു. ‘‘ന്റെ മോനെ’’ എന്ന് അറിയാതെ കരൾ പൊടിഞ്ഞു വിളിച്ചു.
“ആടേം ഈടേം ഒക്ക്യായി സൊന്തക്കാര് ള്ളതോണ്ട് ങ്ങനൊക്കെ പോണൂ’’, അമ്മ തന്നോടുതന്നെ പറഞ്ഞു... ‘‘വയ്യാണ്ടായി.’’ അമ്മ പഴയതും പുതിയതുമായ കാര്യങ്ങൾ ഉരുക്കഴിച്ചുകൊണ്ടിരുന്നു.
“ഇവൾടെ കെട്ട്യോൻ ചത്തില്ലായിരുന്നേൽ ഒരു തൊണ ആയേനെ’’, അമ്മ മോളെ നോക്കി ആവലാതിപ്പെട്ടു.
പറഞ്ഞിട്ടെന്താ...
അവളുടെ കെട്ട്യോൻ പ്രായമായി മരിച്ചതല്ല. നല്ല മനുഷ്യനാരുന്നു... അവൾക്ക് ഓർത്തപ്പോൾ കണ്ണു നിറഞ്ഞു. ടൗണീ പണിയെടുക്കാൻ പോയതാ ഓന് പൊല്ലാപ്പായത്. ഓന്റെ അപ്പൻതന്നെയാ ഓനെ കൊണ്ടോയി ടൗണിലെ ഏതോ മേസ്ത്രിയെ കൂട്ടാക്കി കൊടുത്തത്. ടൗണുകാര് തന്നെയാ അവനേം മയക്കി ഇല്ലാതാക്കിയെ... കാട്ടിൽ പോയി തേനെടുക്കലും മരം കേറലും ഓന് ഇഷ്ടായിരുന്നില്ലല്ലോ...
കള്ളും കഞ്ചാവും ചാരായവും കഴിച്ചു കരളു പോയീന്നാ ഡോക്ടർ പറഞ്ഞത്. പെട്ടെന്ന് അങ്ങ് പോയി... ഓന് തന്നെ പിടികിട്ടീല എന്താ പറ്റിയേന്ന്… ആ ദിവസങ്ങൾ പിന്നെയും ഓടി മനസ്സിൽ കേറിയപ്പോൾ അവൾ ഉടൽ കുടഞ്ഞു. തല പെരുക്കുന്ന ഓർമകൾ നാലുപാടും തെറിച്ച് മുൾക്കാട്ടിലേക്കു ഇഴഞ്ഞുപോകട്ടെ. അതിനെയൊന്നും ഇനി ചുറ്റിപ്പിടിക്കേണ്ട. അവൾ തന്നത്താൻ പറഞ്ഞു.
“ഈ കൊച്ചിനേ ഇവന്റെ കൂടെ ഇട്ടേച്ചു ഇവളെങ്ങനെ പണിക്ക് പോകും, പോകാണ്ടിരുന്നാലെങ്ങനാ.” എന്നത്തേയുംപോലെ അമ്മ ചോദിച്ചു.
വേറെ മാർഗമെന്താ?
അമ്മയും അപ്പനും കൂടെ എന്തെങ്കിലും കൊണ്ട് വന്നാലേ എന്തെങ്കിലും കൂടി ആകൂ. ആങ്ങളക്ക് മരുന്ന് വേണം. കൊച്ചിന് നേരാനേരം എന്തെങ്കിലും തിന്നാൻ കൊടുക്കണം. ഒരു ബേബി ഫുഡ്, കൊച്ചിന് നല്ലതാണ്, വിറ്റാമിൻ ഉണ്ട് എന്നൊക്കെ ആപ്പീസിലെ മാഡം പറഞ്ഞു തന്നു. അപ്പോ ഇടയ്ക്കു കൊച്ചിന് വാങ്ങിക്കൊടുക്കാൻ തോന്നും. അവക്കും ബുദ്ധി വരട്ടെ. അത് ഒരു മാസത്തേക്ക് തികയില്ല. അണ്ണൻ ആരും കാണാതെ തിന്നുന്നുണ്ടോ എന്തോ! രുചി അറിയാൻ ഒരിക്കെ കൊടുത്തതാ. ‘‘ആ...ആ …ന്ത് രസാ’’ എന്ന് നാക്കുകൊണ്ട് ട്ടാ... എന്ന് ഒച്ചയുണ്ടാക്കിയതും പെങ്ങളോർത്തു. പിന്നെ സംശയത്തോടെ ഇരുട്ടിലേക്ക് നോക്കിയിരിക്കുന്ന ആങ്ങളയെ നോക്കി.
ഓ! അങ്ങനെ കട്ടുതിന്നാനൊന്നും അണ്ണന് അറിയാമ്പാടില്ല. പെങ്ങൾ താൻ ആങ്ങളയെ പറ്റി അങ്ങനെ വിചാരിച്ചു കളഞ്ഞല്ലോ എന്ന് സ്വയം പഴിച്ചു. അത്ര വിശന്നാലെ അടുക്കളയിലെ ഉറിയിൽ കെട്ടിത്തൂക്കിെവച്ച കഞ്ഞിപോലും അണ്ണൻ തന്നത്താൻ എടുത്തു കഴിക്കൂ. പാവം. പണ്ടത്തെ ചൊണയൊക്കെ ഏടെ പോയി മറഞ്ഞിനോ ന്തോ!
എങ്ങനെയിരുന്ന അണ്ണനാണ്. കൊച്ചുന്നാളിൽ പെങ്ങൾക്ക് ടൗണിലെ ഹോട്ടലിൽനിന്ന് മസാലദോശയും വടയും വാങ്ങി കൊണ്ടുവരുമായിരുന്നു. തേൻ എടുത്തു കുപ്പിയിൽ ആക്കി മാർക്കറ്റിൽ കൊണ്ട് കൊടുക്കുമ്പോൾ കിട്ടുന്ന പണത്തിൽനിന്നാണ് അത് വാങ്ങുക. നല്ല വരുമാനം ഉണ്ടായിരുന്നു. കാട് എന്നുെവച്ചാൽ ജീവനായിരുന്നു അണ്ണന്. കാടിന്റെ ഉള്ള് അങ്ങനെ അന്തമില്ലാതെ കിടക്കുകയാണെന്ന് അണ്ണൻ പറയും.
വായിക്കാനും എഴുതാനും അണ്ണന് അറിയുമായിരുന്നു. അഞ്ചാം ക്ലാസ് വരെ ട്രൈബൽ സ്കൂളിൽ പോയതാണ്. ജയന്തി ടീച്ചർക്ക് അണ്ണനോട് വലിയ ഇഷ്ടമായിരുന്നു. ടീച്ചർ മലയാളവും ഇംഗ്ലീഷും വായിക്കാനും എഴുതാനും അണ്ണനെ പഠിപ്പിച്ചു. എല്ലാവരെയും പോലെത്തന്നെ.
“ഇവന് നല്ല ബുദ്ധിയാ”, ടീച്ചർ അപ്പനോടും അമ്മയോടും ഇടയ്ക്കിടെ പറയും. പിള്ളേർക്കുള്ള പുസ്തകവും മാസികയും എല്ലാം അണ്ണന് കൊടുക്കും. ടീച്ചറുടെ കൊച്ചുങ്ങൾക്ക് വായിക്കാൻ വാങ്ങുന്നതാണ്. അവർ വായിച്ചു കഴിയുമ്പോൾ അണ്ണന് കൊണ്ടുക്കൊടുക്കും.
അഞ്ചാം ക്ലാസിൽ ജയിച്ചപ്പോൾ അണ്ണൻ ആറു കിലോമീറ്റർ ദൂരെയുള്ള ടൗണിലെ സ്കൂളിൽ ചേരണമെന്ന് ടീച്ചർ പറഞ്ഞു. പതിനൊന്നു വയസ്സായിരുന്നു അണ്ണന്. അഞ്ചാറ് കൊല്ലം അവിടെ പഠിച്ചാൽ ഇവന് സർക്കാർ ജോലി കിട്ടും എന്ന് ടീച്ചർ അപ്പനോട് പറഞ്ഞത് ഇപ്പോഴും കേൾക്കുന്ന പോലെ… പെങ്ങൾ ആങ്ങളയുടെ മുഖത്തേക്കു നോക്കി. അന്നും അങ്ങനെ നോക്കിയിരുന്നു പെങ്ങൾ.
തന്നെ സ്കൂളിൽ ചേർക്കുമ്പോൾ അണ്ണൻ നാലിലാണ്. “സ്കൂള് നല്ല രസമാ. യ്യ് നോക്കിക്കോ നെനക്കും ഇഷ്ടാവും’’ എന്ന് പുല്ലും മുളയും വൈക്കോലുംകൊണ്ട് കെട്ടിയുണ്ടാക്കിയ സ്കൂളിനടുത്തെത്തുമ്പോൾ അണ്ണൻ ഉത്സാഹത്തോടെ പറഞ്ഞു. ചെറിയ ചെറിയ മറകൾ െവച്ച് തിരിച്ച ക്ലാസുമുറികൾ ആണ്. അധികം കുട്ടികളൊന്നുമില്ല. രണ്ടു ടീച്ചർമാരുണ്ട്. കുറച്ചു കുട്ടികൾ ആയതുകൊണ്ടാവും എല്ലാവരെയും അവർ രണ്ടാളും മാറിമാറി പഠിപ്പിച്ചു.
അണ്ണൻ പറഞ്ഞപോലെ എന്തു രസമായിരുന്നു പഠിക്കാൻ. ജയന്തി ടീച്ചർതന്നെയാണ് തന്നെയും പഠിപ്പിച്ചത്. ടീച്ചറെ കാണാൻ തന്നെ എന്തു രസമാണ്. നല്ല മണമുണ്ടാവും ടീച്ചർ ക്ലാസിൽ വരുമ്പോൾ. ആ മണം പെട്ടെന്ന് മൂക്കിലേക്ക് വന്നുകയറിയതുപോലെ അവൾ പുറത്തെ കാറ്റിനെ ഉള്ളിലേക്ക് കയറ്റി.
“ടീച്ചർ ഇപ്പോ എവിടെയാണോ എന്തോ?’’
തന്റെ ആങ്ങളക്ക് എന്താണ് പറ്റിയതെന്ന് ഇപ്പോഴും അവൾക്കറിയില്ല.
കാടു കാണാൻ ടൗണിൽനിന്ന് വരുന്ന പയ്യന്മാരെ അവൻ കാടിനുള്ളിലേക്ക് കൊണ്ടുപോകുമായിരുന്നു. കാടു നോക്കാൻ വരുന്ന ഫോറസ്റ്റുകാർ അവനോട് എതിരൊന്നും പറഞ്ഞിട്ടില്ല. കാടിനെ അവന്റെ അത്ര അറിയുന്ന ഒരാളും അവരുടെ കൂടെതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കാട്ടുപോത്തു വരുന്നതോ, ആന മദംകൊണ്ട് വരുന്നതോ മുള്ളൻപന്നിയുടെ മടയോ, കാട്ടിൽ പുതിയ കിളികളുടെ വരവോ എല്ലാം അവൻ ആരും പറയാതെ തന്നെ വെളിപാടുപോലെ അറിഞ്ഞു.
മലവെള്ളപ്പാച്ചിൽ വരുന്നതിന്റെ ഒച്ച മൈലുകൾക്കു മുമ്പേ കേട്ട് കൂടപ്പിറപ്പുകളെ അറിയിച്ചു. കാട്ടിലെ മരങ്ങൾക്ക് അവന്റെ അപ്പാപ്പൻ പറഞ്ഞുകൊടുത്ത പേരുകൾ ഓർത്തു െവച്ചു. കാടു കാണാനെത്തുന്ന നാട്ടുവാസികൾക്ക് ഓരോ മരത്തിന്റെയും ഗുണവും ദോഷവും പറഞ്ഞുകൊടുത്തു. ചൊറിയുന്ന മരത്തെ തൊട്ടു കാണിച്ചു തൊടല്ലേ എന്ന് സ്വന്തം ഉടൽ ചൊറിഞ്ഞു തടിക്കുന്നത് കാണിച്ചു. മറുമരുന്ന് തേച്ച് ഉടൻ മായ്ച്ചു കാണിച്ചു. കാലുതെറ്റി വീണ് കഴുത്തോ ൈകയോ ഒടിച്ചുവരുന്ന നാടൻമാരെ കാടവൈദ്യം ചെയ്തു നടത്തിവിട്ടു. മരത്തിന്റെ മുകളിൽ കെട്ടിയുണ്ടാക്കിയ മാടത്തിൽ കിടത്തി പരിപാലിച്ചു. പൂക്കളുടെ നിറങ്ങളും കായ്കളുടെ രുചികളും പങ്കിട്ടു.
ഓരോന്നും അവളുടെ മനസ്സിൽ തെളിഞ്ഞു. അണ്ണൻ കെട്ടിപ്പൊക്കിയ ആ മാടം ചിതലരിച്ചും മഴകൊണ്ടും പഴകി. ബാക്കിവന്ന ശേഷിപ്പുകൾ മുറ്റത്തിന് തെക്കുഭാഗത്തു വീണുകിടക്കുന്നത് അവൾ വെറുതെ നോക്കിയിരുന്നു. ഇരുട്ടത്ത് അതിലൊന്നുപോലും അവളുടെ കണ്ണിൽ തെളിഞ്ഞില്ല. പകരം മരത്തിനു മുകളിൽ അണ്ണൻ ഇരിക്കുന്നതായും വിരുന്നുകാരായ നാടൻ ചങ്ങാതിമാർ അവനെക്കൊണ്ട് പാട്ടു പാടിക്കുന്നതായും അവൾ കണ്ടു. ലക്ക് തെറ്റിയപോലെ ഉച്ചത്തിൽ വേഴാമ്പലിനെ കുറിച്ച് അവൻ തന്നെ കെട്ടിയുണ്ടാക്കിയ ഒരു പാട്ട് ഉറക്കെ പാടുകയാണ്. പെങ്ങൾ അത് കേട്ട് അമ്മയെ നോക്കി, അപ്പനും അമ്മയും അത് കേൾക്കുന്നില്ല. അവർ കാടിന്റെ ആഴത്തിൽനിന്ന് വരുന്ന ഇരുട്ടിനെ കണ്ണിലേറ്റിയതുപോലെ ചുറ്റും കരി പടർന്ന കണ്ണുമായി തളർന്നിരുന്നു.
“മോനേടെ പോയേതാടീയ്’’, അപ്പൻ അവളെ നോക്കാതെ ഇരുട്ടിനോടെന്നവണ്ണം ചോദിച്ചു.
‘‘അവൻ ടൗണില് പോയിന്’’, അമ്മ പറഞ്ഞു.
കുഞ്ഞുണർന്നു കരയുന്നതുകേട്ട് അമ്മ ചായിപ്പിൽനിന്ന് വിളിച്ചു, ‘‘മാളേ കുഞ്ഞു കരയുന്ന കേട്ടീലെ?’’
പെങ്ങൾ കുഞ്ഞിനെയെടുത്തു ചായിപ്പിലെ ചൂടിക്കട്ടിലിൽ അമ്മക്കരികെ ഇരുന്നു.
“അമ്മാ, രണ്ടീസായല്ലോ അണ്ണൻ പോയിട്ട്, മ്മക്കൊന്ന് ടൗണി വരെ പോയ് നോക്കിയാലോ?’’
അപ്പനും അതുതന്നെ പറേണ്. അമ്മ മുറ്റത്തിനക്കരെ മരത്തിനിടയിൽ കൂടി ചരിഞ്ഞു വീഴുന്ന വെളിച്ചത്തിലേക്ക് നോക്കി. “ഓൻ എവ്ടെ പോയിക്കിടക്കാണോ?’’
“മാളേ ഓന് വഴി തെറ്റീതാവോ? ഏതിലെയെങ്കിലും പൊയ് പ്പോയോ ന്റെ കുട്ടി.’’
അമ്മ ആധി കേറി പറയുന്നത് കേട്ട് അപ്പനും കിടപ്പിൽനിന്ന് എഴുന്നേറ്റു.
മ്മക്ക് നേരം ഒന്നൂടെ വെളുത്താൽ എറങ്ങാം, പോയി നോക്കാം.
അപ്പൻ സ്വന്തം സമാധാനത്തിനായി പറഞ്ഞു.
‘‘എടക്കൊക്കെ ഓൻ ഇങ്ങനെ പോകാറുണ്ടല്ലോ.’’ പെങ്ങൾ ആരോടെന്നില്ലാതെ പറഞ്ഞു. ‘‘അങ്ങനെ പോയതാവും. പക്ഷേ അണ്ണൻ തുള്ളി കഞ്ഞിപോലും കുടിക്കാതെ അല്ലേ പോയത്.’’ എത്രസീയായി എന്തെങ്കിലും നേരെ തിന്നിട്ട് എന്ന അണ്ണന്റെ ചോദ്യവും പെങ്ങൾക്കോർമ വന്നു.
‘‘ആഫീസി പോകുമ്പോ തെരക്കാം, അപ്പാ’’, പെങ്ങൾ പറഞ്ഞു.
കൊച്ചിനെ അമ്മയെ ഏൽപിച്ചു പോയത് ഇന്നലെ ആയിരുന്നു എന്ന് അവൾക്കു തോന്നി.
‘‘അമ്മാ സ്കൂളി പോകാറായി.’’ കുഞ്ഞ് രണ്ടു പുസ്തകവും സഞ്ചിയിലിട്ട് റെഡിയായി മുന്നിൽ വന്നുനിന്നു. അവളും അണ്ണനും പഠിച്ച ട്രൈബൽ സ്കൂൾ മാറ്റമൊന്നുമില്ലാതെ കുന്നിൻചരിവിലെ ഓലക്കെട്ടിടത്തിൽ അതുപോലെ തുടരുന്നുണ്ട്. ടീച്ചർമാർ മാറിപ്പോയി. ഇപ്പോഴത്തെ ടീച്ചർമാർ ജയന്തി ടീച്ചറെപ്പോലെയല്ല. “നീയൊക്കെ എന്തിനാ പഠിക്കുന്നെ’’ എന്നാണ് കൊച്ചിനോട് ആദ്യത്തെ ദിവസംതന്നെ ടീച്ചർ ചോദിച്ചത്. അമ്മ കൂടെ ഉള്ളതൊന്നും ടീച്ചർക്ക് വിഷയമായില്ല.
‘‘ടീച്ചറെന്തിനാ പഠിച്ചത്’’ എന്ന് അവൾക്ക് വായിൽ തിരിച്ചൊരു ചോദ്യം വന്നു. അത് വിചാരിക്കാതെ പുറത്തുവരുകയും ചെയ്തു.
സുശീല ടീച്ചർ രൂക്ഷമായി നോക്കി
“നീ കൊള്ളാമല്ലോടീ’’ എന്ന് വായ വക്രിച്ചു.
കൊച്ചിനെ അവർ ഉപദ്രവിച്ചെങ്കിലോ എന്ന് പേടി തോന്നി അവൾ മിണ്ടാതെ നിന്നു. പിന്നെ എന്നും കൊച്ചിനെ കൊണ്ടു ചെല്ലുമ്പോൾ ടീച്ചറെ കാണാതിരിക്കണേ എന്ന് ദൈവങ്ങളെ വിളിച്ചാണ് പോവുക. ട്രൈബൽ സ്കൂളിൽ വന്നുപെട്ടതിന്റെ രോഷം തെളിഞ്ഞുനിൽക്കുന്ന മുഖവുമായി പക്ഷേ ടീച്ചർ വാതിൽക്കൽ തന്നെ ഉണ്ടാവും. അവൾ ഒന്നുമുരിയാടാതെ കൊച്ചിനെ ക്ലാസിൽ ഇരുത്തി അപ്പുറത്തെ വാതിൽ വഴി പുറത്തിറങ്ങും. ആഫീസിലേക്ക് വൈകും എന്ന് ധൃതി കാണിച്ച് ടീച്ചറോട് ചിരിക്കാൻ ശ്രമിക്കും. അവരുടെ ദേഷ്യം മാസങ്ങൾ കഴിഞ്ഞിട്ടും പോകാതെ തെളിഞ്ഞുതന്നെ നിൽക്കുന്നല്ലോ എന്ന് അവൾക്കു വിഷമം തോന്നി. കൊച്ചിനെ അവര് തല്ലാണ്ടിരുന്നാൽ മതിയായിരുന്നു…
പിന്നെപ്പിന്നെ അവൾ അതിനെക്കുറിച്ച് അധികം ഓർക്കാൻ പോയില്ല.
അണ്ണനെ കാണാതായി മൂന്നാം ദിവസമാണ് അപ്പൻ അലഞ്ഞു നടന്നു വീട്ടിൽ വന്നത്.
‘‘പോലീസുകാര് എന്തൊക്കെയോ ചൊല്ലുന്നു മോളെ’’ എന്ന് പറഞ്ഞു ഒറ്റ കരച്ചിലാണ്. അവൾക്ക് ഒന്നും മനസ്സിലായില്ല.
“അണ്ണനെ എന്തിനു പോലീസ് പിടിക്കണത്? അപ്പാ എന്താ ണ്ടായേ..?’’
‘‘ഓൻ മരത്തീ തൂങ്ങിനിൽക്കുന്നോലും’’, അപ്പൻ അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു. അതുകേട്ട പാടെ അമ്മയും ‘‘ന്റെ മാനേ’’ എന്ന് നിലവിളിച്ചു ബോധംപോയി, നിലത്തേക്ക് മറിഞ്ഞു.
അവൾ എന്തുചെയ്യണമെന്നറിയാതെ നിൽപ്പായി.
കേട്ടറിഞ്ഞ് ഊരിൽനിന്ന് ആളുകൾ വന്നുതുടങ്ങി.
ആശുപത്രിയിലേക്ക് സോമന്റെയും സുരുവിന്റേയും കൂടെ അവളും പോയി. അപ്പനും കരഞ്ഞുകൊണ്ട് കൂടെ വന്നു. മെലിഞ്ഞ കാലുകൾ ബലമില്ലാതെ കുഴഞ്ഞുവീഴാൻ പാകത്തിൽ ആടിക്കൊണ്ടിരുന്നു. അവൾ കൈ പിടിച്ചു നടത്തിയും താങ്ങിയും ആശുപത്രിയിൽ എത്തി.
“പോസ്റ്റ് മോർട്ടം കഴിഞ്ഞു,” ഡോക്ടർ കൂടെ ചെന്നവരോട് പറഞ്ഞു, ‘‘വിവരമൊക്കെ പോലീസുകാരോട് ചോദിച്ചാൽ മതി.’’
അവൾ ഒന്നും മനസ്സിലാകാതെ നിന്നു.
പോലീസുകാർ ആംബുലൻസിൽ കയറ്റി അണ്ണനെ പുരയുടെ കോലായിൽ കൊണ്ടിട്ട് മൂടിക്കിടത്തി. കുഞ്ഞിനെ മടിയിൽ െവച്ചിരുന്ന അമ്മ കൊച്ചിനെ മറന്നു അതിനെയും മറിച്ചിട്ട് അലമുറകൊണ്ടു അണ്ണന്റെ മേലേക്ക് മറിഞ്ഞു. അവൾക്ക് കണ്ണീരില്ലായിരുന്നു. അണ്ണൻ ഇനി തിണ്ണയിൽ കുന്തിച്ചിരിക്കാൻ ഉണ്ടാവില്ല, എന്നും എന്തേലും താ വിശക്കുന്നു എന്ന് മങ്ങിയ ചിരിയോടെ പറയില്ല എന്നും അവൾക്കു വിശ്വസിക്കാൻ ആയില്ല.
പോലീസ് പറഞ്ഞ വിവരം കേട്ട് അവളുടെ ഉള്ളു കത്തി. കണ്ണുകളിൽ കൂടി ചോര വന്നു. എന്തുചെയ്യണമെന്നറിയാതെ അവൾ ഉള്ളിൽ പരക്കം പാഞ്ഞു.
പോലീസ് കൂടിനിന്നവരോട് കാര്യങ്ങൾ പറയാൻ തുടങ്ങുന്നതിനു മുമ്പേ ഓടിവന്ന ഗണേശൻ പറഞ്ഞു, “ഏച്ചീ മാതവൻ തന്നത്താൻ ചത്തതല്ല, ആരോ തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണ്. പോലീസ് തമ്മി തമ്മി പറേണത് ഞാൻ കേട്ടീന്.’’
“ങേ’’ എന്ന് അന്തംവിട്ട് “എന്തിന്’’ എന്ന് അവൾ വിക്കിക്കൊണ്ടു ചോദിച്ചു.
‘‘ഓൻ എന്തോ കട്ടൂത്രെ... അത് പിടിച്ചപ്പോൾ അവൻ കുടഞ്ഞു, പിന്നെ ഓടി, കാട്ടിനുള്ളിലേക്കു കേറി ഒളിച്ചാളഞ്ഞു; എന്നാണ് ഓല് പറഞ്ഞത്.’’
‘‘അവര് ടൗണീന്നുള്ള അഞ്ചാറു പേരുണ്ടായീന്’’, കേട്ടുനിന്ന ദിവാകരൻ പറഞ്ഞു.
“ഞാൻ കണ്ടതാണ് അവര് മാതവനെ ഓടിക്കുന്നത്.’’
“എന്താ, എന്താ എന്നും പറഞ്ഞു ശിവനും സുരേഷും ഞാനും കൂടെ ഓടീന്. അപ്പോഴ് ക്കും ഓല് എല്ലാരും ഓടി അങ്ങ് ഉള്ളിൽ പോയി. ഞങ്ങളും കൊറേ തെരഞ്ഞു പോയി.”
‘‘ഞങ്ങള് തെരഞ്ഞു തെരഞ്ഞ് ചെന്നപ്പോ മാതവൻ ഒരാഞ്ഞിലില് തൂങ്ങിനിക്കുന്നു.”
“ഓലാരും അടുത്തൊന്നും ഇല്ല. അവടെ പുല്ലും ചെടീം ഒക്കെ ഒടിഞ്ഞും പറഞ്ഞും കിടന്നീന്”, സുരേഷ് പറഞ്ഞു.
‘‘കൊറേ ആളൊക്കെ അവടെ ചെന്നീന് ന്ന് ഉറപ്പാ.’’
“ഓൻ എപ്പോഴും പോണ ചോലേടടുത്താ അത്. ല്ലേ, ശിവണ്ണാ’’ സുരേഷ് ഉറപ്പിനുവേണ്ടി ചോദിച്ചു.
“തന്നെ തന്നെ.’’ ശിവണ്ണനും അത് ശരിെവച്ചു. ‘‘അതിന്റടുത്ത് ഒരു സഞ്ചിണ്ടാർന്നു, മഞ്ഞ വര്യായിട്ട്.”
“പിന്നെയാ പോലീസുകാര് വന്നത്.’’
“എന്നിട്ട്’’ അവൾക്കു സഹിക്കാനായില്ല. “ന്റെ അണ്ണൻ കക്കൂല, അവനു കക്കാനൊന്നും അറിയൂല’’ കരച്ചിലിനിടയിൽ അവൾ പറഞ്ഞു.
‘‘അതുമ്മക്കല്ലേ അറിയൂ, പെങ്ങളേ. പോലീസ് പറേണത് ഓൻ കട്ടൂന്നാ.’’
“ന്താ ന്റെ അണ്ണൻ കട്ടത്. അപ്പാ...’’ പെങ്ങൾ കരച്ചിലടക്കാൻ നോക്കിക്കൊണ്ടു ചോദിച്ചു.
‘‘കൊറച്ചു മരച്ചീനീം പഴോം ആണന്നാ പറേണത്, റൊട്ടി എടുക്കാൻ നോക്കി പോലും. അപ്പോ കടക്കാരൻ ഓളി ഇട്ടു…” പൊക്കനും കണ്ണീരടക്കാൻ കഴിഞ്ഞില്ല.
സുരേഷ് പറഞ്ഞു. “പെങ്ങളേ ദ് അതൊന്നുല്ല, കടക്കാരൻ വിളി കൂട്യപ്പോ ആ ചെക്കന്മാര് ഓടിച്ചിട്ട് അടിച്ചതാ. മാതവൻ ചത്തൂന്നറിഞ്ഞപ്പോ കെട്ടിത്തൂക്കീതാ.’’ അവൻ കുറച്ചു ഉറക്കെയാണ് അത് പറഞ്ഞത്.
അതു കേട്ട് കൂടിനിന്നോരൊക്കെ പോലീസുകാരന്റെ നേരെ ചെന്നു. “പെങ്ങളേ ചോദിക്ക്... ചോദിക്ക്… എങ്ങനാ മാതവൻ ചത്തേന്ന്’’, കൂട്ടംകൂടി നിന്ന ഊരുകാരെല്ലാം കൂടി പോലീസിന് ചുറ്റും നിൽപായി.
ആ ധൈര്യത്തിൽ അവൾ ചോദിച്ചു,
“സാറേ എങ്ങനാ ന്റെ അണ്ണൻ മരിച്ചേ? ആരാ ഓനെ കൊന്നേ?’’ ചോദിച്ചതും അവൾക്കു കരച്ചിലും അടക്കാനാവാത്ത കോപവും വന്നു. “യ്ക്കറിയണം… ഞങ്ങക്കറിയണം…’’ അവൾ ഉറക്കെ ഉറക്കെ പറഞ്ഞു.
“ഞങ്ങക്കറിയണം, ഞങ്ങക്കറിയണം…’’ എല്ലാരും കൂട്ടമായി ഉറക്കെ പറഞ്ഞു.
അപ്പനും അതുതന്നെ പറഞ്ഞു…പറഞ്ഞു പറഞ്ഞു തീരും മുമ്പേ നിലത്തുവീണു… പിന്നെ കണ്ണു തുറന്നില്ല. അവൾ അപ്പനെ താങ്ങിപ്പിടിച്ചിരുന്ന് അലമുറയിട്ടു പറഞ്ഞുകൊണ്ടിരുന്നു… പിന്നെയും പിന്നെയും പറഞ്ഞു, “എന്തിനാ ന്റെ അണ്ണനെ ങ്ങള് കൊന്നത്…കൊന്നോനെ പിടിക്ക് പോലീസ് സാറേ…”
അവൾ സ്വന്തം നിലവിളി, ഉള്ളിൽനിന്ന് കാടിന്റെ ആഴത്തിൽനിന്നു മരങ്ങളെയും പാറകളെയും പിളർക്കാൻ ശേഷിപ്പെട്ട് വരുന്ന കൊടുങ്കാറ്റുപോലെ അവളെ ചുറ്റിവളഞ്ഞ് പിടിക്കുന്നത് അറിഞ്ഞുകൊണ്ടേയിരുന്നു.
സ്കൂളിലേക്ക് നടക്കുമ്പോൾ കൊച്ചു ചോദിച്ചു, ‘‘അമ്മാ മാമനെങ്ങനെയാ ചത്തത്?’’
“ചത്തതല്ല മോളെ, കൊന്നതാ.”
ഇതുവരെ ദേവുവിനോട് അവൾ അങ്ങനെ പറഞ്ഞിട്ടില്ല.
ദേവു കണ്ണു മിഴിച്ചു. അത്ഭുതത്തോടെ ചോദിച്ചു “ആരാ മ്മേ..?’’
“ചെന്നായ്ക്കളാ മോളെ.” അവൾ ഒറ്റവാക്കിൽ പറഞ്ഞു.
“കാട്ടീന്നു വന്നതാ. മ്മേ?’’ കൊച്ചു വീണ്ടും ചോദിച്ചു.
“അല്ല, നാട്ടീന്നു വന്നതാ...”
ദേവു മുഖംചെരിച്ചു അമ്മയെ നോക്കി…
നാട്ടിലെ ചെന്നായ്ക്കളെക്കുറിച്ച് അവൾ അറിഞ്ഞു തുടങ്ങിയിട്ടില്ല.
അതുകൊണ്ടാകും അവൾ ആലോചനയിൽ തപ്പിത്തടഞ്ഞു നടത്തം തുടർന്നു.
കാട് അവരെ നോക്കി ഇളകാതെ, ഇലയനക്കങ്ങൾ കേൾപ്പിക്കാതെ നിന്നു.