കടൽ
ഈ കടലിനെന്തൊരു ഭംഗി… ഒരു സെന്തമിഴ് ചന്തം, ഫീലിങ് ക്രേസി അറ്റ് മാമല്ലപുരം ബീച്ച്... ഫോട്ടോ ആപ്പിലിട്ടു സ്മൂത്താക്കിയത് നേരത്തേ സെലക്ട് ചെയ്തു വെച്ചിട്ടുണ്ട്. പോസ്റ്റ് ബട്ടൺ ഞെക്കിയതിനുശേഷം ഫേസ്ബുക്കിൽനിന്നു ലോഗൗട്ട് ചെയ്ത് ഫോൺ ബാഗിലിട്ടതേയുള്ളൂ. ആകാശമായവളേ… ഷഹബാസ് അമന്റെ ശോകനിർഭരമായ സ്വരം. പുതിയ റിങ് ടോൺ കൊള്ളാം... ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പറല്ല വന്നിരിക്കുന്നത്......
Your Subscription Supports Independent Journalism
View Plansഈ കടലിനെന്തൊരു ഭംഗി… ഒരു സെന്തമിഴ് ചന്തം, ഫീലിങ് ക്രേസി അറ്റ് മാമല്ലപുരം ബീച്ച്...
ഫോട്ടോ ആപ്പിലിട്ടു സ്മൂത്താക്കിയത് നേരത്തേ സെലക്ട് ചെയ്തു വെച്ചിട്ടുണ്ട്. പോസ്റ്റ് ബട്ടൺ ഞെക്കിയതിനുശേഷം ഫേസ്ബുക്കിൽനിന്നു ലോഗൗട്ട് ചെയ്ത് ഫോൺ ബാഗിലിട്ടതേയുള്ളൂ.
ആകാശമായവളേ…
ഷഹബാസ് അമന്റെ ശോകനിർഭരമായ സ്വരം. പുതിയ റിങ് ടോൺ കൊള്ളാം... ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പറല്ല വന്നിരിക്കുന്നത്... ഏറെ സംശയത്തോടെയാണ് പച്ചബട്ടൺ ഞെക്കിയത്.
‘‘ഹലോ… ഇത് ആശ മാഡം അല്ലേ..., മാഡം... പ്ലീസ് എത്ര തിരക്കിലാണെങ്കിലും ഒരു അഞ്ചു മിനിട്ട് ഞങ്ങൾക്ക് തരാമോ... വളരെ അത്യാവശ്യമാണ്…’’
ഓ... മനസ്സിലായി. ഇൻഷുറൻസിന്റെയോ ബാങ്കിന്റെയോ സെയിൽസ് ഓഫീസർമാരായിരിക്കും. അതാണ് ഇത്രയും ഭവ്യത. ഞാൻ കോൾ കട്ടു ചെയ്തു.
അടുത്ത നിമിഷത്തിൽ വീണ്ടും അതേ നമ്പർ സ്ക്രീനിൽ തെളിഞ്ഞു. കടലുമായി തൊട്ടേ പിടിച്ചോ കളി നടത്തുന്ന എമി തിരിഞ്ഞു നോക്കി. ഇനിയും വിളി വന്നാൽ നോട്ടത്തിന്റെ എണ്ണവും കമന്റിന്റെ മൂർച്ചയും കൂടുമെന്നോർത്തപ്പോൾ ഞാൻ ഫോൺ സ്വിച്ചോഫ് ചെയ്തു ബാഗിലിട്ടു.
‘‘മൈ ഡിയർ ബ്യൂട്ടീസ്... ഈ കാറ്റാടിപ്പെൺകൂട്ടത്തിലേക്കു വന്നു ചേർന്ന നിങ്ങൾക്കെല്ലാവർക്കും എന്റെ പറപറപ്പൻ ഉമ്മകൾ... ഇത് നമ്മുടെ ഈ ട്രിപ്പിലെ ലാസ്റ്റ് പോയിന്റ് ആണെന്നറിയാമല്ലോ. ലെറ്റസ് ടേക്ക് എ സ്പെഷ്യൽ ഫ്ലയിങ് ക്ലിക്ക്…’’
പാറപ്പുറത്ത് നിൽക്കുന്ന നേവയുടെ അടുത്തേക്ക് ഞങ്ങൾ ആഹ്ലാദത്തോടെ ഓടിക്കയറി. മനസ്സു മുഴുവൻ തുറന്നാസ്വദിച്ച ആദ്യ യാത്രയിലെ അവസാന ക്ലിക്കിലേക്ക് ഒരു വലിയ ചിരിയും സമ്മാനിച്ചുകൊണ്ട് ഒന്നിച്ചു പറഞ്ഞു...
വൺ… ടൂ… ത്രീ…
ഒരു ഇൻസ്റ്റ പോസ്റ്റിൽനിന്നാണ് ഈ കാറ്റാടിപ്പെണ്ണുങ്ങളെ കണ്ടെത്തിയത്. മഞ്ഞും മഴയും കാറ്റും അനുഭവിച്ചറിഞ്ഞു പറന്നുനടക്കുന്ന ആ കൂട്ടത്തിലേക്ക് ആദ്യം മനസ്സുകൊണ്ടും പിന്നെ ദാ ഇങ്ങനെയും എത്തിപ്പെടുകയായിരുന്നു. കനമെല്ലാം ഊർന്നുവീണ അപ്പൂപ്പൻതാടിയായി പറക്കുകയായിരുന്നു ഈ ദിവസങ്ങളിൽ. ഇനിയുമിനിയുമെന്ന ലഹരിയിലേക്ക് അടർന്നു വീഴുകയായിരുന്നു മനസ്സ്. ജീവിതമെന്ന വാക്കിലേക്ക് നിറങ്ങളൊഴുകി ചേരുന്ന മനോഹര നിമിഷം.
രാത്രി ഭക്ഷണവും കഴിഞ്ഞ് കിടക്കയിലെത്തിയപ്പോഴാണ് പിന്നീട് ഫോണെടുത്ത് ഓണാക്കിയത്. സന്ദേശങ്ങളുടെ പെരുമഴ പെയ്തു തീരുന്നതുവരെ കാത്തുനിന്നു. മിക്കവാറും എല്ലാ മെസേജും ഒരേ നമ്പറിൽനിന്നാണ്. മാഡം പ്ലീസ് കോൺടാക്ട് ഇമ്മീഡിയറ്റിലി... എന്ന് എല്ലായിടത്തും ആവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ അലച്ചിലിന്റെ ക്ഷീണം കണ്ണുകളെ തളർത്തുന്നുണ്ടെങ്കിലും സംഗതി എന്തോ ഗൗരവമാണല്ലോ എന്ന ചിന്തയിൽ ഞാനാ നമ്പറിൽ വിരലമർത്തി.
ഒന്നാമത്തെ ബെല്ലു മുഴുവനാക്കും മുമ്പേ അപ്പുറത്ത് ഫോണെടുത്തു.
‘‘മാഡം... ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ഞാൻ ഹരിയാണ്. നമ്മൾ തമ്മിൽ ഒരിക്കൽ കണ്ടിട്ടുണ്ട്. ഒറ്റപ്പാലത്തെ സഹോദയ സ്കൂളിൽ ഞാനൊരിക്കൽ വന്നിട്ടുണ്ട്. ഞങ്ങളുടെ ബിസിനസ് പ്രൊമോഷനു വേണ്ടിയായിരുന്നു... എന്റെ കമ്പനിയുടെ പേരു കേട്ടാൽ മാഡത്തിന് ഓർമ വരും... ആർ.ഐ.പി ക്രിമേഷൻസ്.’’
എന്റെ ഉടലിലൂടെ ഒരു തണുതണുപ്പൻ കാറ്റ് പാഞ്ഞു പോയി... കൊടുങ്കാറ്റിലകപ്പെട്ട ഒറ്റച്ചില്ല പോലെ ഞാനുലഞ്ഞു. അറിയാതെ വിരൽ ചുവന്ന ബട്ടണിൽ അമർന്നു. മരണത്തിന്റെ ഗന്ധവും സ്പർശവും ഉന്മാദ മൂർച്ചയോടെ എന്നെ പൊതിയുന്നതറിഞ്ഞു.
ഒറ്റ നിമിഷംകൊണ്ട് ഉറക്കവും ഉണർവുമില്ലാത്ത കൊടും മരവിപ്പിലേക്ക് ഞാൻ വീഴുകയാണ്.
വീണ്ടും ഫോണിലെ സ്ക്രീൻ വൈബ്രേറ്റു ചെയ്യുന്നു.
അൽപനേരത്തെ ആലോചനക്കു ശേഷം ഞാനാ പച്ചബട്ടണിൽ വിരൽ വെച്ചു. ഹരി എന്നു പരിചയപ്പെടുത്തിയ അയാൾ അതീവ ധൃതിയോടെയും ഭവ്യതയോടെയും സംസാരം തുടങ്ങി.
‘‘മാഡം... പ്ലീസ് മുഴുവനും കേൾക്കണം. ഒരുപാടു ബുദ്ധിമുട്ടിയാണ് ഈ നമ്പർ കിട്ടിയത്. ഞാൻ അല്പംപോലും അധികസമയം എടുക്കില്ല. മുഖവുരകളൊന്നുമില്ലാതെ നേരിട്ടു കാര്യത്തിലേക്കു കടക്കുകയാണ്. അന്ന് മാഡത്തിന്റെ സഹപ്രവർത്തകയായിരുന്ന ഒരു രജനി മാമിനെ ഓർക്കുന്നില്ലേ. അവർ മരിച്ചു. ഇന്നേക്കു മൂന്നു ദിവസമായി. അതിന്റെ ചില ഫോർമാലിറ്റീസ് പൂർത്തിയാക്കണമെങ്കിൽ മാഡത്തിന്റെ സൈൻ വേണം. ഇങ്ങോട്ടുവരുന്നതിനുള്ള ചെലവു മുഴുവൻ ഞങ്ങൾ വഹിച്ചോളാം. കറക്ട് ലൊക്കേഷനയച്ചാൽ വണ്ടി അയച്ചു തരാം... അത്യാവശ്യ കാര്യമാണ്. മാഡം ആലോചിക്കൂ. ഞാൻ അരമണിക്കൂർ കഴിഞ്ഞ് വീണ്ടും വിളിക്കാം.’’
അര മണിക്കൂർ.
ആ വാക്കു മാത്രം വീണ്ടും വീണ്ടും മുന്നിൽ തെളിയുന്നു. അതിനു മുമ്പ് അയാൾ പറഞ്ഞതെന്തായിരുന്നു. വാക്കുകളുടെ മുനയിലൂടെ തെന്നിമാറുകയാണ് മനസ്സ്. ശരീരമാകെ പൊള്ളിയടരുന്ന ചൂടാണ് ചുറ്റിനും. ഞാൻ പതിയെ കസേരയിൽ ഇരുന്ന് ചിതറിപ്പോയ വാക്കുകളെ കൊഴിച്ചെടുക്കാൻ ശ്രമിച്ചു.
രജനി മാം മരിച്ചു.
രജനി... വെളുത്തു മെലിഞ്ഞ് തുമ്പപ്പൂപോലെ ഉണ്ടായിരുന്ന പി. രജനി എന്ന ഓഫീസ് ക്ലർക്ക്. തോളിലിട്ട ലെതർ ബാഗിനെ നെഞ്ചോടു ചേർത്തുപിടിച്ച് ഇടക്കൊന്നു തിരിഞ്ഞു നോക്കി ധൃതിയിൽ നടന്നുപോയിരുന്ന പെണ്ണ്. വിമലാ രാമൻ നടത്തിയിരുന്ന വനിതാ ഹോസ്റ്റലിലെ നാലാം നമ്പർ മുറിയിലെ സഹതാമസക്കാരി. ആ രജനിയാണ് ഇപ്പോൾ എവിടെയോ…
ഒരു വെള്ളിയാഴ്ച ഉച്ചക്കാണ് ഹരി എന്ന സെയിൽസ് എക്സിക്യൂട്ടീവ് ഞങ്ങളുടെ സ്റ്റാഫ് റൂമിലേക്കു കടന്നുവന്നത്. വൃത്തിയിലും ശ്രദ്ധയിലുമുള്ള വസ്ത്രധാരണവും സുന്ദരമായ ക്ലീൻ ഷേവൻ മുഖവും കാരണം എല്ലാവരുടെയും ശ്രദ്ധ വളരെ പെട്ടെന്നു തന്നെ പിടിച്ചുപറ്റാൻ അയാൾക്ക് കഴിഞ്ഞു. നിറം മങ്ങിയ ഒരു സർക്കാരാപ്പീസിന്റെ അന്തരീക്ഷത്തിൽ അയാളുടെ സാന്നിധ്യം അൽപനേരത്തേക്കെങ്കിലും തിളക്കമേകി എന്നത് യാഥാർഥ്യമാണ്. തന്റെ കമ്പനിയെ കുറിച്ചും അതിന്റെ മഹത്തായ ലക്ഷ്യങ്ങളെക്കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ അതിവാചാലനായിട്ടാണെങ്കിലും ഒട്ടും ബോറടിപ്പിക്കാതെയാണ് ഹരി അരമണിക്കൂർ സംസാരിച്ചത്. അതിന്റെ ചുരുക്കം ഞങ്ങൾ മനസ്സിലാക്കിയത് ഇങ്ങനെയാണ്.
ഹൈടെക് ശവസംസ്കാരമാണ് സംഗതി. ഇപ്പോൾ കേൾക്കുമ്പോ എല്ലാവരുടേയും നെഞ്ചിടിപ്പു കൂടും, നെറ്റിചുളിയും. പക്ഷേ ഭാവിയിൽ നമ്മുടെ നാട്ടിൽ അത്യാവശ്യമാകാൻ പോകുന്ന ഏർപ്പാടാണെന്ന് ചിന്തിക്കണം. താമസിക്കാൻ സ്വന്തമായി ഇടമില്ലാത്തവർക്കും ഇതൊക്കെ വേണ്ടേ. അതും മനോഹരമായ ഒരു സ്ഥലം... അത്തരത്തിലൊരു സ്ഥലം ഓരോരുത്തർക്കും മുൻകൂട്ടി വാങ്ങി ഇടാം എന്നതാണ് പദ്ധതിയുടെ പ്ലസ് പോയന്റ്.
സ്ഥലം മാത്രമല്ല, മരണപ്പെട്ടു എന്ന മെസേജ് കിട്ടുന്ന നിമിഷം തൊട്ട് പിന്നീടെല്ലാ കാര്യങ്ങളും കമ്പനി ഏറ്റെടുക്കും. ബന്ധുമിത്രാദികൾക്കൊന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.
‘‘സ്വപ്നതുല്യമായ അന്ത്യവിശ്രമം. അതാണ് ഞങ്ങൾ ഉറപ്പുതരുന്നത്. അവിടെ വളർത്തേണ്ട ചെടികൾ, മരങ്ങൾ, സംഗീതം, ലൈറ്റിങ്സ് തുടങ്ങിയവയെല്ലാം നിങ്ങൾക്കു മുൻകൂട്ടി ബുക്ക് ചെയ്യാനും സെറ്റ് ചെയ്തു കഴിഞ്ഞാൽ കാണാനും സൗകര്യമുണ്ട്. ഇവിടെ ജാതി മത ഭേദങ്ങളൊന്നും ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഞങ്ങളുടെ മുന്നൂറേക്കർ വിസ്തൃതിയുള്ള പ്ലോട്ടിൽ നിങ്ങൾക്കിഷ്ടമുള്ള ഭാഗത്ത് ഇഷ്ടമുള്ള രീതിയിൽ വിശ്രമസ്ഥലം ഒരുക്കാം. പിന്നെ പ്രധാന കാര്യം, എല്ലാ ആചാരങ്ങളും ചടങ്ങുകളും അവയുടെ തുടർച്ചയും ഇൻക്ലൂഡഡ് ആണ് കേട്ടോ, ലൈക്ക് അന്തിത്തിരി, ശ്രാദ്ധം, ആണ്ട് എക്സിട്ര.’’
ഹരി പറഞ്ഞവസാനിപ്പിക്കുകയായിരുന്നു. ഒരു നിമിഷം കണ്ണടച്ച് മനോഹരമായി പുഞ്ചിരിച്ച് അതിമധുരമൂറുന്ന ഒരു പാട്ടുമൂളുന്നതു പോലെ അവൻ തുടർന്നു.
‘‘ഒന്നോർത്തു നോക്കൂ. മഞ്ഞ അരളിപ്പൂക്കളും വെളുത്ത മന്ദാരങ്ങളും പൂത്തുലഞ്ഞു നിഴൽവിരിക്കുന്ന മണ്ണിൽ പച്ചപ്പുൽപ്പരപ്പിനിടയിൽ നനുത്ത സംഗീതം പൊഴിയുന്ന ഒരു ശവക്കല്ലറയിൽ നിങ്ങൾ ഉറങ്ങുന്നത്. അവിടെ കാട്ടുചെടികളോ മറ്റുജീവികളുടെ ശല്യമോ ഉണ്ടാവില്ല. പൂക്കളുടെ സുഗന്ധവും രാപ്പക്ഷികളുടെ പാട്ടും മാത്രം. സുഖമായുറങ്ങൂ എന്നതാണ് ഞങ്ങളുടെ മോട്ടോ...’’
പുഞ്ചിരി മായാതെതന്നെ ഹരി ഞങ്ങൾക്ക് വിസിറ്റിങ് കാർഡുകൾ തന്നു.
ബഹളമയമായിരുന്ന സ്റ്റാഫ് റൂമിൽ മെല്ലെ മെല്ലെ നിശ്ശബ്ദത പരന്നു. തൊട്ടപ്പുറത്തു മരണമെത്തിയപോലെ എല്ലാവരും ചകിതരായിരുന്നു. കാർഡ് വായിക്കാനോ ബാഗിലിടാനോ കഴിയാതെ കൈയിൽ തന്നെ വെച്ചിരിക്കുകയായിരുന്നു ഞങ്ങൾ. അപ്പോൾ ഫിസിക്സിലെ രാജശേഖരൻ കെമിസ്ട്രിയിലെ സുനേനയോട് പിറുപിറുക്കുന്നത് തൊട്ടു മുന്നിലിരുന്ന ഞാൻ വ്യക്തമായി കേട്ടു.
‘‘പിന്നേ... ജീവൻ പോയി കഴിഞ്ഞാല് എന്തോന്ന് വെള്ളമന്ദാരം... ഇതൊക്കെ തട്ടിപ്പാ ടീച്ചറേ. ഒരു വ്യവസ്ഥേം വെള്ളിയാഴ്ചേം ഇല്ലാത്ത ആൾക്കാരാ. മാത്രമല്ല, കണ്ട അണ്ടന്റേം അഴക്കോടന്റേമൊപ്പം കുഴിച്ചിട്ടാ ആരറിയാനാ. ഞങ്ങൾക്കൊക്കെ തറവാടുവക പ്രത്യേകം ചുടലപ്പറമ്പുണ്ട്. ശേഷച്ചടങ്ങുകളാണെങ്കില് ഉത്തമത്തിലും മധ്യമത്തിലും അധമത്തിലും ഉണ്ട്. ഞങ്ങൾക്ക് ഉത്തമത്തിലേ പറ്റൂ.’’
ചുവരും ചാരി നിന്ന പ്യൂൺ മുത്തു മുന്നോട്ടു കടന്നുവന്നത് അപ്പോഴാണ്.
‘‘സാറെ ഒരു കാർഡ് വേണം. ഞങ്ങള് താമസിക്കുന്നത് കോളനിയിലാ. ഹൈവേ റോഡാണ് മുറ്റം. ചാവുമ്പഴെങ്കിലും വിസ്തരിച്ചു കെടക്കാനൊക്കുമോന്ന് നോക്കട്ടെ. ഇപ്പത്തന്നെ ബുക്കീതു വെച്ചാല് പിള്ളേർക്കു കഷ്ടപ്പാടു വേണ്ടല്ലോ.’’
മുത്തുവിന് കാർഡു കൊടുത്തതിനു ശേഷം ഹരി രാജശേഖരന്റെ നേർക്കു തിരിഞ്ഞ് കണ്ണിറുക്കി.
‘‘സർ, ഇഫ് യു ഡോണ്ട് മൈൻഡ്… ഞാൻ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്. നമ്മുടെ ഈ പദ്ധതിയിൽ റോയൽ പ്ലേസും കോമൺ പ്ലേസുമുണ്ട്. കിട്ടുന്ന അപേക്ഷകൾ സോർട്ടു ചെയ്താണ് ഫൈനൽ അലോട്മെന്റ്. സോ…’’
ഹരിയുടെ അർധവിരാമത്തിലേക്ക് രാജശേഖരന്റെ ആഹ്ലാദസ്വരം പാറിവന്നു.
‘‘ആഹാ... ക്വയറ്റ് ഇന്ററസ്റ്റിങ്. അങ്ങനെയൊക്കെ ഉണ്ടെങ്കിൽ നോ പ്രോബ്ലം... ഞാൻ ഇതിനെക്കുറിച്ചൊന്ന് ആലോചിക്കാൻ തീരുമാനിച്ചു.’’
സംസാരങ്ങളങ്ങനെ പലവഴി പിരിഞ്ഞുപോയി. ഫസ്റ്റ്ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ ഹരി ബാഗുമെടുത്തു പുറത്തിറങ്ങി. അപ്പോൾ രജനി അയാളുടെ ഒപ്പം ചെല്ലുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. പിറ്റേന്ന് രാത്രിയാണ് ഞങ്ങൾക്ക് അതേ പറ്റി സംസാരിക്കാൻ ഒഴിവു കിട്ടിയത്. ഹരിയോട് എന്തു പറയാനാണ് ഒപ്പം പോയതെന്ന് ഞാനവളോടു ചോദിച്ചു.
അവൾ കുറേനേരം ആകാശത്തേക്കു നോക്കിനിന്നു. ഏതോ ഓർമയിലേക്ക് വഴുതിവീണു നിശ്ചലമായ ഒരു അവസ്ഥയായിരുന്നു അത്. രാത്രി ഭക്ഷണം കഴിഞ്ഞ നേരമായിരുന്നു. ഞങ്ങൾ പതിവുപോലെ തുറസ്സിന്റെ സ്വാതന്ത്ര്യം കൊതിച്ച് മുകളിലേക്കു വന്നതായിരുന്നു. മഞ്ഞിന്റെ ഇളം തണുപ്പിറങ്ങി വന്ന് രോമകൂപങ്ങളെ വിറപ്പിക്കുന്നുണ്ടായിരുന്നു. അവൾ നോട്ടം മാറ്റാതെ സൗമ്യതയോടെ മറുപടി പറഞ്ഞു.
‘‘നമുക്ക് എപ്പഴാ എന്താ വേണ്ടിവരിക എന്നൊന്നും പ്രവചിക്കാനാവില്ലല്ലോ. ഞാൻ അവരുടെ ടേംസ് ഒക്കെ അന്വേഷിച്ചു വെക്കാൻ പോയതാ. എന്നെപ്പോലുള്ള ഒറ്റകൾക്ക് തീർച്ചയായും ആവശ്യം വരും.’’
അന്ന് ആ തണുപ്പിലിരുന്ന് ഞങ്ങൾ കുറേ സംസാരിച്ചു. അവളുടെ കഥ പലപ്പോഴായി പറഞ്ഞു കേട്ട് എനിക്കറിയാമായിരുന്നു. അതൊരു വല്ലാത്ത കഥയായിരുന്നു.
ആണ്ടിലൊരിക്കൽ മാത്രം തീരത്തോടടുക്കുന്ന ഒരു ആഫ്രിക്കൻ കപ്പലിലെ ജോലിക്കാരനായിരുന്നു സെബാൻ. കടലിനോടു തൊട്ടുകിടക്കുന്ന പഴയ പള്ളിയിലെ പ്രാർഥനാ ഹാളിൽവെച്ചാണ് മഞ്ഞിന്റെ നിറവും ചെമ്പൻ തലമുടിയുമുള്ള സെബാനെ രജനി കാണുന്നത്. മലയാളം വഴങ്ങാത്ത അയാൾക്ക് പോസ്റ്റാഫീസിലേക്കുള്ള വഴി പറഞ്ഞുകൊടുത്തതാണ് അവരുടെ ആദ്യസംഭാഷണം. നന്ദിവാക്കു പറഞ്ഞു പിരിയാനൊരുങ്ങിയ നിമിഷത്തിൽ രണ്ടു മനസ്സുകളും വിഷമിച്ചു. ഇനിയും തമ്മിൽ കാണുമെന്ന് മനസ്സു പറഞ്ഞെങ്കിലും അവരതു കാര്യമായെടുത്തില്ല. പക്ഷേ പിറ്റേദിവസം പോലീസ് രജനിയുടെ വീട്ടിലെത്തി സെബാനെക്കുറിച്ചു തിരക്കി. മതിയായ രേഖകളില്ലാതെ കാറോടിച്ചതായിരുന്നു കേസെങ്കിലും കപ്പലിലെ ജോലിക്കാരനും മറുനാട്ടുകാരനുമായതിനാൽ കൂടുതൽ അന്വേഷണം ആവശ്യമായി വന്നു. അന്ന് രജനിയുടെ ജാമ്യത്തിൽ സെബാൻ സ്റ്റേഷനിൽ നിന്നിറങ്ങി.
‘‘ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് കടലിന്റെ മണമായിരുന്നു. കടലിന്റെ സ്വരമായിരുന്നു. അതുകൊണ്ടാവാം ആഴം കൂടിക്കൂടി അറ്റം കാണാത്തത്രയും സ്നേഹമാണ് അവനെനിക്കു തന്നത്. സെബാൻ ഒരു കടലായിരുന്നു ആശേ... അവൻ അടുത്തുള്ളപ്പോൾ ഞാനനുഭവിച്ചതാണത്. ഒരു കടലിനു മാത്രം നൽകാൻ കഴിയുന്ന ചിലതുണ്ട്. എന്നെ ഉണർത്താനും ഉറക്കാനും സാന്ത്വനിപ്പിക്കാനുമെല്ലാം അവന്റെ ഒരു കുഞ്ഞു തിരയനക്കം മതിയായിരുന്നു.’’
സെബാനെക്കുറിച്ചു പറയാൻ തുടങ്ങുമ്പോൾ രജനി മറ്റൊരാളായിത്തീരുന്നത് ഞാൻ കൗതുകത്തോടെ നോക്കി ഇരിക്കാറുണ്ട്. മുഖം ചുവന്നു തുടുക്കും. കൈത്തണ്ടയിലെയും മുഖത്തെയും നനുത്ത രോമങ്ങൾ ചെറുതായൊന്നു വിറയ്ക്കും. തിരയിൽപെട്ടതുപോലെ അവളൊന്നാടിയുലയും. മിഴികളിൽ കടൽ നിറയും.
‘‘ഒരിക്കൽ ഒരു പനി വന്ന സമയത്ത് എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. എന്തൊക്കെ ചെയ്തിട്ടും ഉറക്കം ദൂരെ ദൂരെ ഒളിച്ചുനിന്നു. അന്ന് അവനെനിക്ക് ഒരു പാട്ട് അയച്ചുതന്നു. കടലിന്റെ രാത്രിപ്പാട്ട്… അതൊരു പുത്തൻ അനുഭവമായിരുന്നു. ഉൾക്കടലിന്റെ അനന്തതയിലേക്ക് ഞാനൊഴുകിപ്പോയി... ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്ന ഏതോ മാസ്മരികത... ആകാശത്തിന്റെ തുറസ്സിനു താഴെ നീലിമയുടെ ഒരു തുള്ളിയായി ഞാൻ കിടന്നു...
ശാന്തമാണെന്ന നാട്യം പുറത്തേക്കിട്ട് കടൽ ലാസ്യചലനങ്ങളോടെ വിശ്രമത്തിലാണ്. ഓളങ്ങളുടെ ചെറിയ താരാട്ടു കൈകളിൽ കൈമാറിക്കൈമാറി ഒഴുകുകയാണു ഞാനെന്നു തോന്നി. മുകളിൽ ആകാശത്തിന്റെ പരപ്പ്. ജീവിതത്തിലാദ്യമായി ഉറക്കത്തിന്റെ പ്രശാന്തസുഖമെന്തെന്ന് ഞാനറിഞ്ഞ രാത്രിയായിരുന്നു അത്.’’
സെബാന്റെ പാചകത്തിന്റെ രുചി, സെബാന്റെ പാട്ട്... സെബാൻ അവളുടെ കാതിലോതിയ കടൽക്കഥകൾ ഇങ്ങനെ ഓർക്കാനും പറയാനും ഒരുപാടുണ്ടായിരുന്നു അവൾക്ക്. അങ്ങനെയാണ് അവൻ എന്റെയും ആരോ ആണെന്ന തോന്നലുണ്ടായത്. അതുകൊണ്ടാണ് അവന്റെ മരണത്തെക്കുറിച്ച് അവൾ പറഞ്ഞ ആ രാത്രിയിൽ എനിക്കുറങ്ങാൻ കഴിയാതിരുന്നത്.
‘‘ലഹരിയുടെ പുറത്ത് കപ്പലിൽ ഉണ്ടായ ഒരു വഴക്കു തീർക്കാൻ ചെന്നതാണവൻ. അടിമൂത്ത് ആയുധങ്ങളിലെത്തി. തടയുന്നതിനു പകരം വാശി കയറ്റാനായിരുന്നു കാണികൾ ഉത്സാഹിച്ചത്. അവസാനം വെട്ടും കുത്തുമേറ്റു മരിച്ച രണ്ടുപേരുടെ ശരീരങ്ങൾ ബാക്കിയായി. കേസ് ഒഴിവാക്കാൻ ഒറ്റ വഴിയേ അവരുടെ മുന്നിലുണ്ടായിരുന്നുള്ളൂ.’’
അവർ പറയാൻ പോകുന്നതിനെ പറ്റി ഓർത്തതും എന്റെ ചങ്കുവിറച്ചു. നെഞ്ചിൽ കനത്ത ഭാരം വന്നടിഞ്ഞു. ഞാനവളുടെ ചുമലിൽ മെല്ലെയൊന്നു തൊട്ടു. അവൾ ദീർഘമായി ഒന്നു ശ്വസിച്ച് എന്നെ നോക്കി.
‘‘എല്ലാ തെളിവുകളും കടലിലെറിഞ്ഞ് ഒരു രക്തപ്പാടു പോലുമില്ലാതെയാണ് കപ്പൽ തുറമുഖത്തെത്തിയത്. ഞാൻ തീരത്ത് പോയി കാത്തു നിൽക്കണമെന്ന് അവനെപ്പോഴും പറയാറുണ്ടായിരുന്നു. ഒരു ദിവസം മുഴുവനും ഞാനാ തീരത്തു തന്നെ നിന്നു. ആരും ഒന്നും പറഞ്ഞില്ല. പരിചയക്കാരുപോലും മുഖം തിരിച്ചു നടന്നു. എനിക്കെന്തോ വല്ലാത്ത ചിന്തകളൊക്കെ തോന്നിയിരുന്നു. അങ്ങനെ ഞാൻ അവരുടെ ഓഫീസിൽ പോയി കുത്തിയിരുന്നു. മറുപടി വേണമെന്ന് വാശിപിടിച്ചു. അവരെന്നെ വലിച്ചു പുറത്തിട്ടു. ആ കൂട്ടത്തിലെ ഒരാൾ പിന്നീടെന്നെ വന്നു കണ്ടു. രഹസ്യമായിട്ട്.’’
അവളതു പറഞ്ഞത് വളരെ സ്വാഭാവികമായിട്ടായിരുന്നു. പക്ഷേ എനിക്കതൊരു വലിയ ഷോക്കായി. പിന്നീടവളുടെ മുഖത്തു നോക്കുമ്പോഴൊക്കെയും ഇളകിമറിയുന്നൊരു കടലാണ് ഞാൻ കണ്ടത്. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. അധികം താമസിയാതെ കൈയിലെത്തിയ ട്രാൻസ്ഫർ ഓർഡർ എനിക്ക് ആശ്വാസമായിരുന്നു. ബാഗെടുത്തു യാത്ര പറഞ്ഞിറങ്ങിയപ്പോൾ അവൾ പക്വതയോടെ പറഞ്ഞത് ഇപ്പോഴും ഓർമയിലുണ്ട്.
‘‘നമ്മളിനിയും കാണും ആശേ. ഒരിക്കൽക്കൂടി കാണേണ്ടിവരും. സന്തോഷമായി യാത്രയാവൂ.’’
അവൾ അന്നു പറഞ്ഞതിന്റെ അർഥം വെളിപ്പെടുന്ന സമയം മുന്നിലെത്തുകയാണ്.
അരമണിക്കൂർ...
ഫോൺ വീണ്ടും മുരണ്ടു.
‘‘ഞാൻ വരാം. ലൊക്കേഷൻ അയച്ചിട്ടുണ്ട്’’ എന്നു മാത്രം പറഞ്ഞ് ഫോൺ ഓഫാക്കി. കണ്ണുകൾ ഇറുക്കിയടച്ചു കിടന്ന ആ രാത്രി ഞാനൊരു കടലിനെ സ്വപ്നം കണ്ടു. കടലിന്റെ പാട്ടറിഞ്ഞു. നക്ഷത്രങ്ങളിൽനിന്നിറങ്ങി വന്ന വെളിച്ചപ്പാതകൾ കണ്ടു. നിലാവഴിഞ്ഞൂർന്നു വീണ വെള്ളിത്തിരമാലകളെ തൊട്ടു.
പിറ്റേന്ന് ഹരി അയച്ച കാറിൽ ചെന്നൈയിലെ ഓഫീസിലെത്തിയപ്പോൾ പതിനൊന്നു മണിയായിരുന്നു. ഓറഞ്ചു നീരും പഫ്സും തന്ന് അയാൾ സൽക്കരിക്കാൻ നോക്കിയെങ്കിലും എനിക്കു വിശപ്പോ ദാഹമോ ഉണ്ടായിരുന്നില്ല.
ഉത്കണ്ഠയോടെ ഞാനാ മുറിയിലിരുന്ന് ചുറ്റും നോക്കി.
‘‘ഞങ്ങളുമായി ടൈ അപ്പുള്ള… ഹോസ്പിറ്റലിലെ മോർച്ചറിയിലാണ് ബോഡി. കുറച്ചു ഇഷ്യൂസ് ഉള്ള കേസാണ് മാഡം. പക്ഷേ ഇതിൽ ഇടപെട്ടതുകൊണ്ട് മാഡത്തിന് ഒരു കുഴപ്പവും സംഭവിക്കില്ല. അത് ഞങ്ങൾ നൽകുന്ന ഗാരണ്ടിയാണ്. ഈ ഒപ്പുവെക്കാതെ തന്നെ ഞങ്ങൾക്കിത് നിസ്സാരമായി പരിഹരിക്കാമായിരുന്നു. പക്ഷേ എത്തിക്സ്, മറ്റെന്തിനേക്കാളും ഞങ്ങൾ വിലമതിക്കുന്നത് അതിനെയാണ്. രജനി മാം ആവശ്യപ്പെട്ട ഒരേയൊരു സാക്ഷിയല്ലേ. മാഡം ദാ ഇവിടെ ഒരു ഒപ്പിട്ടാൽ എല്ലാം ക്ലിയറായി. ഞങ്ങൾക്ക് ഇന്നു രാത്രിയോടെ ഈ ഫയൽ ക്ലോസ് ചെയ്യാം.’’
ഹരി നീട്ടിയ പേപ്പറിൽ ഒപ്പിട്ടു കൊടുത്തപ്പോൾ എന്റെ കൈ വിറച്ചു. രജനി തൊട്ടടുത്തെവിടെയോ നിൽക്കുന്നതുപോലെ ഒരു തോന്നൽ. എന്റെ ഉള്ളിൽ ഒരു കടലിരമ്പി.
‘‘ഞാൻ ഹോട്ടലിൽ റൂമെടുക്കാം. ഇത്രയുമായില്ലെ? ചടങ്ങുകൾ എവിടെയാണ്?’’ മടിച്ചു മടിച്ചാണ് ഞാൻ ചോദിച്ചത്.
ഹരി ഒന്നു പതറിയെങ്കിലും പുഞ്ചിരി മായാതെ കടലാസുകൾ ഒതുക്കിവെച്ചു.
‘‘മാഡത്തിന് ബോഡി കാണണമെങ്കിൽ നമുക്ക് മോർച്ചറിയിൽ പോയി കാണാം. ചടങ്ങുകൾ കാണാൻ കഴിയില്ല. സോറി.’’
അവയവ മാഫിയ മുതൽ പലതരം ചിന്തകൾ ഒരുമിച്ചൊഴുകി വന്നതിന്റെ കലക്കത്തോടെ ഞാൻ എഴുന്നേറ്റു.
‘‘അതെന്താ... എവിടെയാണ് രജനിയുടെ സ്ഥലം? മുൻകൂട്ടി നിശ്ചയിച്ചു കാണുമല്ലോ. അത് ഞാനും കൂടി കാണുന്നതിൽ എന്താണ് പ്രശ്നം?’’
ഹരി നേരിയൊരു പരിഭ്രമത്തോടെ ചുറ്റും നോക്കി. പിന്നെ എന്റെ അടുത്തേക്കു നീങ്ങിനിന്നു.
‘‘രജനി മാം ആവശ്യപ്പെട്ടത് നല്ല റിസ്കുള്ള കാര്യമായിരുന്നു. ഞങ്ങൾ പറ്റില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു. പക്ഷേ അവരൊരു പ്രത്യേക സ്വഭാവക്കാരിയാണല്ലോ. പിടിവിട്ടില്ല. അവസാനം നല്ലൊരു തുകയ്ക്കാണ് സെറ്റിലായത്.’’
‘‘എന്നു വെച്ചാൽ..?’’
അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
‘‘കോൺഫിഡൻഷ്യലാണ് മാഡം. ഒപ്പിട്ടതോടെ കമ്പനിയും മാഡവും ഇതിൽ ഒരുപോലെ പങ്കാളികളാണ്. എല്ലാ കാര്യത്തിലും. സോ, പുറത്തുപോയി എന്തെങ്കിലും ചീറ്റിങ് നടത്താമെന്ന് ആലോചിക്കരുത്. നമ്മളിവിടെ ഒരു നെഗറ്റീവും ചെയ്യുന്നില്ല. ഒരാളുടെ അന്ത്യാഭിലാഷം നിറവേറ്റുക മാത്രമേ ചെയ്യുന്നുള്ളൂ. അതിന്റെ നിയമവശങ്ങളോ രാഷ്ട്രീയമോ ഒന്നും ആലോചിക്കാൻ ഞങ്ങൾ തയാറല്ല. പൈസ വാങ്ങിയ സ്ഥിതിക്ക് അവരോടു കമ്മിറ്റ് ചെയ്ത സംഗതി നടത്തിയേ തീരൂ.’’
‘‘എന്തായിരുന്നു രജനിയുടെ ആഗ്രഹം?’’
ഉള്ളിൽ വർധിച്ചുവരുന്ന ഭയത്തോടെയാണ് ഞാൻ ചോദിച്ചത്.
‘‘ജീവനറ്റു കഴിഞ്ഞാൽ ആ ശരീരം ഉൾക്കടലിൽ എറിയണമെന്ന്. സീ... എന്തൊരു വിചിത്രമായ ചിന്തയാണ് അല്ലേ... ക്രൂരത നിറഞ്ഞ കാവ്യാത്മകത. ഞങ്ങൾ അതുമായി പൊരുത്തപ്പെടാൻ വളരെ ബുദ്ധിമുട്ടി. പിന്നെ, ബിസിനസ് അല്ലേ.. ഇന്നു രാത്രി ബോട്ട് പോകുന്നുണ്ട്. അതിൽ കയറ്റി സംഗതി നടത്തും.’’
അയാൾ ഉറപ്പോടെ പറഞ്ഞു നിർത്തി.
എന്റെ തലയിൽ ചുഴലിയുറയുന്നതറിഞ്ഞു. ശരീരമാകെ ചുട്ടുപൊള്ളുന്നു. ഒരു പിടിവള്ളിക്കു വേണ്ടി ഞാൻ ചുറ്റും നോക്കി. കരകാണാത്ത നടുക്കടലിൽപെട്ടവളെപ്പോലെ ഞാൻ ഉലഞ്ഞു. തിരകളാണ് ചുറ്റും. വൻതിരകൾ എന്നെയിട്ട് അമ്മാനമാടുകയാണ്. ഹരി എന്തോ പറയുന്നതു കണ്ടു. പക്ഷേ, കാതിൽ കടലിന്റെ ഇരമ്പമാണ് നിറയുന്നത്. തിരകളിൽ കാലൂന്നി തിരകളിൽ പിടിച്ച് ഞാൻ പുറത്തേക്കുള്ള വഴിയന്വേഷിച്ചു നടക്കാൻ തുടങ്ങി.