Slowly
2021–2022ഇന്ത്യശാഹീൻബാഗ് ജുമാമസ്ജിദ് തെരുവിന്റെ പടിഞ്ഞാറ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ബദാം മരത്തിനു പിറകിലുള്ള ഇടവഴി ചെന്നെത്തുന്ന ഹവേലിക്ക് അകത്താണ് ‘ട്രൂത്ത്’ എന്ന ഉർദു ദിനപത്രത്തിന്റെ ഓഫിസ്. സേലം സ്വദേശി കരീമണ്ണനാണ് പത്രാധിപരും ഉടമയും. അദ്ദേഹത്തിന്റെ അനന്തരവൻ ഷംസുദ്ദീനും ടിക്കാറാം ശിശുപാൽ എന്നീ തദ്ദേശീയരായ പ്രസ് ജീവനക്കാരും ന്യൂസ് ഫോട്ടോഗ്രാഫർ ഹേമന്ദും അടങ്ങുന്നതാണ് ഒന്നരലക്ഷം വായനക്കാരുള്ള ‘ട്രൂത്തി’ന്റെ അണിയറക്കാർ. ‘ട്രൂത്ത്’...
Your Subscription Supports Independent Journalism
View Plans2021–2022
ഇന്ത്യ
ശാഹീൻബാഗ് ജുമാമസ്ജിദ് തെരുവിന്റെ പടിഞ്ഞാറ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ബദാം മരത്തിനു പിറകിലുള്ള ഇടവഴി ചെന്നെത്തുന്ന ഹവേലിക്ക് അകത്താണ് ‘ട്രൂത്ത്’ എന്ന ഉർദു ദിനപത്രത്തിന്റെ ഓഫിസ്. സേലം സ്വദേശി കരീമണ്ണനാണ് പത്രാധിപരും ഉടമയും. അദ്ദേഹത്തിന്റെ അനന്തരവൻ ഷംസുദ്ദീനും ടിക്കാറാം ശിശുപാൽ എന്നീ തദ്ദേശീയരായ പ്രസ് ജീവനക്കാരും ന്യൂസ് ഫോട്ടോഗ്രാഫർ ഹേമന്ദും അടങ്ങുന്നതാണ് ഒന്നരലക്ഷം വായനക്കാരുള്ള ‘ട്രൂത്തി’ന്റെ അണിയറക്കാർ. ‘ട്രൂത്ത്’ എന്ന പേരിൽതന്നെ ഇരുപതിനായിരത്തോളം കോപ്പികൾ വിറ്റുപോകുന്നൊരു ഇംഗ്ലീഷ് മാഗസിനും പ്രസിദ്ധീകരിക്കുന്നുണ്ട്. 1993, മാർച്ച് 8ാം തീയതി മുതൽ മുടങ്ങാതെ തന്റെ പത്രവും മാസികയും വായനക്കാരിലേക്കെത്തിക്കാൻ കരീമണ്ണൻ ജാഗ്രതപുലർത്തിയിരുന്നു. അയാളുടെ കഠിനാധ്വാനവും സത്യം പറയാനുള്ള തന്റേടവുമാണ് കഴിഞ്ഞ ആറ് വർഷമായി ‘ട്രൂത്തി’ൽ ജോലിചെയ്യാൻ ഹേമന്ദിനെ േപ്രരിപ്പിച്ചത്.
പാലക്കാട് ജില്ലയിലെ ആനക്കരയിലാണ് ഹേമന്ദിന്റെ വീട്. അച്ഛൻ ശശിമാഷ് ആനക്കര ഹൈസ്കൂളിൽനിന്നും ഹെഡ്മാഷായി പെൻഷൻ പറ്റി, മൂത്തമകൾ മിഹിതക്കും കുടുംബത്തിനുമൊപ്പം ദുബൈയിലാണ്. ഹേമന്ദ് എൻജിനീയറിങ്ങിന് പഠിക്കുമ്പോളാണ്, അവന്റെ അമ്മ സൗമ്യ ന്യുമോണിയ വന്ന് മരിച്ചുപോകുന്നത്. അമ്മയുടെ മരണശേഷം ഹേമന്ദ് ഒരിക്കലും വീട്ടിലിരുന്നിട്ടില്ല. അമ്മയില്ലാത്ത വീട്ടിൽ ഇരിക്കാൻ തോന്നുന്നില്ലെന്നും പറഞ്ഞ് കാമറയും തൂക്കി വീട്ടിൽനിന്ന് ഇറങ്ങിപ്പോയ മകനെ ശശിമാഷ് പതിയെ മറന്നുപോകുകയായിരുന്നു. ഇരുവരും തമ്മിൽ കണ്ടിട്ട് നാലഞ്ചു വർഷം കഴിയുന്നു. വിശേഷദിനങ്ങളിൽ മിഹിതേച്ചി വിളിക്കുമ്പൊ അച്ഛനോടെന്തെങ്കിലും മിണ്ടിയാലായി എന്ന തരത്തിൽ കമ്യൂണിക്കേഷൻ ശുഷ്കമായിരുന്നു. അമ്മയുടെ പനിക്ക് വേണ്ട ചികിത്സ നൽകാത്ത നാട്ടുവൈദ്യത്തിന്റെ പിറകെ പോയി കൊലക്ക് കൊടുത്തതല്ലേ? എന്ന് ഓരോതവണ കാണുമ്പോളും അച്ഛനോട് ചോദിക്കാനും അരിശത്തോടെ ചോദ്യംചെയ്യാനും ഹേമന്ദിന്റെ മനസ്സ് തുടിച്ചിരുന്നു. അച്ഛനോടുള്ള പ്രതിഷേധം പിടിവിട്ടുപോയാലോ എന്നുള്ള പേടിയാലാണ്, അമ്മയുടെ മരണശേഷം നാടുവിട്ടതും അച്ഛനുമായി കാണാനുള്ള അവസരങ്ങളെ എെന്നന്നേക്കുമായി പറിച്ചെറിയാൻ ഹേമന്ദ് ശ്രമിച്ചതും. പതുക്കെ പതുക്കെയുള്ള ആ ശ്രമത്തിനു വർഷങ്ങളുടെ നീളമായിരിക്കുന്നു. ഈ വരുന്ന ഫെബ്രുവരി മൂന്നിന് 33 വയസ്സ് തികയുകയാണ് ഹേമന്ദിന്. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും താനിപ്പോൾ കൊള്ളാവുന്നൊരു ഫോട്ടോഗ്രാഫറാണെന്ന് ഹേമന്ദ് അഭിമാനംകൊണ്ടു.
കെവിൻ കാർട്ടറിനെയും ഡാനിഷ് സിദ്ദീഖിയെയുംപോലെ താനും ഒരിക്കൽ പുലിറ്റ്സർ ൈപ്രസിന് അർഹനാകുമെന്ന് ഹേമന്ദ് ആഗ്രഹിച്ചിരുന്നു. തന്റെ ലക്ഷ്യം നേടാൻ കഠിനമായി അധ്വാനിക്കുന്ന അവൻ ഡൽഹിയുടെ തെരുവോരങ്ങളിലും കശ്മീരിന്റെ താഴ്വരയിലും ഗംഗാനദിയുടെ സമതലങ്ങളിലും ഒരു സ്കൂപ്പിനായി അലഞ്ഞു. കശ്മീരിന്റെ പ്രത്യേക അധികാരം ഇന്ത്യൻ ഭരണകൂടം ഇല്ലായ്മചെയ്ത കാലത്ത് ഹേമന്ദ് കശ്മീരിലായിരുന്നു. താനവിടെ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങളെ കാമറയിലും മനസ്സിലും പകർത്തിയിട്ടാണ് തിരികെ ശാഹീൻബാഗിലെത്തിയത്. ഇൻഡിപെൻഡൻസ് ഡേ പതിപ്പായി ഇറങ്ങിയ ‘ട്രൂത്തി’ൽ, ഇന്ത്യൻ ഭരണകൂടം കശ്മീരിൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ഫോട്ടോകളും വിശദമായ റിപ്പോർട്ടും ഉണ്ടായിരുന്നു. ഈ കവർസ്റ്റോറി പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് കരീമണ്ണനും ഹേമന്ദും ഡൽഹി പൊലീസിന്റെ കണ്ണിലെ കരടാവുന്നത്.
കശ്മീരിലെ പ്രശ്നങ്ങൾ വിശകലനംചെയ്ത ‘ട്രൂത്ത്’ ഇറങ്ങിയതിന്റെ കോലാഹലം ഒന്ന് അടങ്ങിവരുമ്പോളാണ്, ശാഹീൻബാഗിൽ എൻ.ആർ.സി-സി.ഐ.എ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുന്നത്. സമരക്കാർക്ക് അനുകൂലമായി നിലപാട് എടുത്തുകൊണ്ട് ‘ട്രൂത്ത്’ പത്രവും മാഗസിനും പ്രസിദ്ധീകരിക്കപ്പെട്ടു. ഇതോടെ സമരം തുടങ്ങി ഏഴാം ദിവസം, ഡൽഹി പൊലീസെത്തി ‘ട്രൂത്ത്’ ദിനപത്രത്തിനും മാഗസിനും ഷട്ടറിട്ടു.
ജോലി നഷ്ടപ്പെട്ടതോടെ ഹേമന്ദ് നൂലുപൊട്ടിയ പട്ടം കണക്കേ നഗരത്തിൽ അലഞ്ഞുനടക്കാൻ തുടങ്ങി. പരിചയക്കാരുടെയും കൂട്ടുകാരുടെയും വീടുകളിൽ അന്തിയുറങ്ങി ദിവസങ്ങൾ തള്ളിനീക്കി. ഏകാന്തവും വിരസവുമായ ഈ ദിനങ്ങളിലൊന്നിൽ, ഹേമന്ദിനെ തേടി കോവിഡ് വൈറസുമെത്തി. നാട്ടുകാരനും സുഹൃത്തുമായ രവിക്കൊപ്പം അവന്റെ ഹോസ്റ്റലിലായിരുന്നു ഹേമന്ദിന്റെ കോവിഡ് ക്വാറന്റീന്. ജെ.എൻ.യുവിൽ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്.ഡി ചെയ്യുന്നുണ്ടെങ്കിലും സോഫ്റ്റ് വെയർ ഡെവലപറാകുക എന്നതാണ് രവിയുടെ ആശ. തന്റെ ആശ നിറവേറ്റാൻ മാക്സിമം ടെക്നോസാവിയാകുക എന്നതിൽ രവി ശ്രദ്ധപുലർത്തിപ്പോന്നു. ക്വാറന്റീനിലെ ഭോഗാസക്തമായ തമാശകൾക്കിടക്ക് താൻ വെർച്വൽ ലോകത്ത് നിരവധി കാമുകിമാരെ സ്വന്തമാക്കിയ കഥകൾ അവൻ പൊടിപ്പും തൊങ്ങലുംവെച്ച് വിവരിച്ചുകൊണ്ടിരുന്നു. രവിയുടെ തള്ളിന്റെ മാസ്മരികതയിൽ വീണാണ്, ഹേമന്ദ് Slowly എന്ന കത്തെഴുത്ത് ആപ്പിൽ Kerim Alausoglu എന്ന പേരിൽ അക്കൗണ്ട് എടുക്കുന്നതും അപരിചിതയായ പ്രണയിനിക്കായൊരു പ്രണയലേഖനം കുറിക്കുന്നതും. ഓർഹൻ പാമുകിന്റെ ‘Snow’ എന്ന നോവലിലെ നായകന്റെ പേരിൽ എടുത്ത അക്കൗണ്ട് ആയതിനാൽ, അതേ നോവലിലെ നായികയായ Ipek എന്ന പേരുള്ള അക്കൗണ്ട് ഉണ്ടെങ്കിൽ ആ അക്കൗണ്ടിലേക്കുതന്നെ കത്ത് അയക്കാനും ഹേമന്ദ് തീരുമാനിച്ചു. അങ്ങനെ ഹേമന്ദ് അയച്ച കത്ത് കിട്ടുന്നത്, അതിർത്തിക്കപ്പുറം ഇസ്ലാമാബാദിലുള്ള അരൂജ് എന്ന സ്ത്രീക്കായിരുന്നു.
2025
ഇസ്ലാമാബാദ്
റാവൽ തടാകത്തിന്റെ കരയിലാണ് അരൂജും മൂന്നു പെൺമക്കളും താമസിക്കുന്നത്. ഭർത്താവ് ഹിലാൽ ഹഖ് ഡിഫൻസ് സെക്രട്ടറിയായിരുന്ന കാലത്താണ് റാവൽ തടാകത്തിന്റെ കരയിലെ ഹെവൻ അപ്പാർട്മെന്റിലേക്ക് അവർ താമസം മാറുന്നത്. ഒമ്പതു വർഷങ്ങൾക്കു മുമ്പാണ്, കരൾരോഗം വന്ന് അദ്ദേഹം മരണപ്പെടുന്നത്. നാൽപത്തിയൊമ്പതാമത്തെ വയസ്സിൽ അകാലമരണത്തിന് ഹിലാൽ ഹഖ് കീഴടങ്ങിയതിനുശേഷമാണ്, അരൂജ് ജോലി തേടി ഇറങ്ങിയത്. മരിക്കുന്ന സമയത്ത് അദ്ദേഹം ഡിഫൻസ് സെക്രട്ടറി ആയിരുന്നതിനാൽ ആശ്രിത നിയമനം പോലെയാണ് ഇൻഫർമേഷൻ ആൻഡ് േബ്രാഡ്കാസ്റ്റിങ് മിനിസ്ട്രിയിൽ ജോയന്റ് ഡയറക്ടറായി നിയമനം ലഭിച്ചത്.
പാകിസ്താൻ സെക്രേട്ടറിയറ്റിലെ കാബിനറ്റ് ബ്ലോക്കിലെ നാലാം നിലയിലുള്ള തന്റെ ഓഫിസിൽനിന്നും ഇറങ്ങി അരമണിക്കൂർ ൈഡ്രവ് ചെയ്താൽ അപ്പാർട്മെന്റിലെത്താം. പതിവുപോലെ വൈകുന്നേരം, ഇസ്ഫഹാനി റോഡിലൂടെ അരൂജ് കാറോടിച്ചുവരുകയായിരുന്നു. അപ്പോഴാണ്, പൈൻമരങ്ങൾക്കിടയിൽ ഒരു മഴവില്ല് വിരിഞ്ഞുനിൽക്കുന്നത് കണ്ണിൽപെടുന്നത്. ഈ മനോഹരമായ കാഴ്ച കണ്ടതും കാർ നിർത്തി. തുടർന്ന്, അവൾ ആ സുന്ദരനായ മഴവില്ലിനെ മൊബൈൽ കാമറയിൽ പകർത്തി. മഴവില്ലിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് ആക്കും നേരം, അരൂജിന് ഹേമന്ദിനെ ഓർമവന്നു. ആറേഴ് വർഷം മുമ്പുള്ളൊരു ഓൺലൈൻ ബന്ധം താനിപ്പോളും മറന്നിട്ടില്ലല്ലോ എന്ന ചിന്തയിൽ തെല്ലൊന്ന് അത്ഭുതപ്പെട്ടു. പെട്ടെന്നുതന്നെ അയാളെ കുറിച്ചുള്ള ഓർമകൾക്ക് മരണമില്ലല്ലോ എന്നോർത്ത് വിഷാദപ്പെട്ടു.
കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട പാകിസ്താൻ മേജർ ജനറലായിരുന്ന കമ്രാൻ മാലിക്കിന്റെ മകളും ഡിഫൻസ് സെക്രട്ടറിയായിരുന്ന ഹിലാൽ ഹഖിന്റെ പത്നിയും അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളുടെ ഉമ്മിയുമായ അരൂജിന് ചേർന്നതല്ല ഈ വിഷാദം. കാൽപനികമായ കാമുകിഭാവം മാറ്റിവെച്ചാൽ തനിക്ക് ആരാണ് ഹേമന്ദ്? തന്റെ മനസ്സിനോട് നൂറാവർത്തി ചോദിച്ചിട്ടുള്ള ചോദ്യം അന്നേരം വീണ്ടും അവളുടെ ഉള്ളിൽ ഉയർന്നുവന്നു. ശത്രുരാജ്യത്തെ ജേണലിസ്റ്റ്. ഒരു വെർച്വൽ ഫ്രണ്ട്. ഇതിലപ്പുറം അയാൾ തനിക്ക് ആരുമല്ല. ഓർക്കരുതെന്ന് എത്രതവണ കരുതിയാലും കഴിഞ്ഞ ആറേഴു വർഷമായി ഒരു മെസേജ് പോലും അയക്കാത്ത ഒരുവനെ താനെന്തിനാണ് ഇങ്ങനെ മനസ്സിൽ കൊണ്ടുനടക്കുന്നത്? എത്ര ആലോചിച്ചിട്ടും ആ ചോദ്യത്തിനുള്ള ഉത്തരം അവളുടെ മനസ്സ് നൽകിയില്ല. ഹേമന്ദിനെക്കുറിച്ചുള്ള ഓർമ അവളിൽ അന്നേരം, വിഷാദത്തിന്റെ കയ്പ് നിറച്ചു. ഈയിടെയായി ഇടക്കിടക്ക് വരാറുള്ള നശിച്ച തലവേദനക്ക് കാരണംപോലും ഹേമന്ദാണെന്ന് ചിലപ്പോൾ അരൂജിന് തോന്നാറുണ്ട്. റോഡിലേക്ക് നോക്കാൻ കഴിയാത്ത വിധം ശക്തമായാണ് തല വേദനിക്കുന്നത്. മൈെഗ്രയ്നിന്റെ ഈർഷ്യയും വിമ്മിട്ടവും അരൂജിന്റെ കടലാസുപൂവുപോലെ വെളുത്ത മുഖത്തെ രക്തവർണമാക്കി. സ്റ്റിയറിങ്ങിൽ തലവെച്ച് അവളൊന്ന് മയങ്ങാൻ തുടങ്ങി. ഒന്നൊന്നര മണിക്കൂർ അങ്ങനെ കിടന്നു. മഗ്രിബ് ബാങ്ക് കൊടുക്കുന്നത് കേട്ടാണ് ഉണർന്നത്. നേരം ഇരുട്ടിയതിന്റെ വെപ്രാളത്തിൽ അവൾ വേഗംതന്നെ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
ഹസ്ബൻഡിന്റെ അപ്രതീക്ഷിത മരണം മടുപ്പായി ദിനചര്യകളെ ബാധിക്കാൻ തുടങ്ങിയപ്പോഴാണ്, എഴുത്തുകാരിയായ ഉമ്മിക്ക് വിഷാദം മാറ്റാനുള്ള വഴിയൊരുക്കാം എന്നും പറഞ്ഞ് ഇളയമകൾ തസ്ലീമ അരൂജിന് ഇഷ്ടപ്പെട്ട കഥാപാത്രമായ ‘Ipek’ന്റെ പേരിൽ Slowly എന്ന കത്തെഴുത്ത് Appൽ അക്കൗണ്ട് എടുത്ത് കൊടുക്കുന്നത്. ഒരാഴ്ചക്കുള്ളിൽ, ഇങ്ങോട്ടൊരു കത്ത് വന്നാൽ മറുപടി എഴുതാം എന്ന് കരുതിയെങ്കിലും അങ്ങനെയൊരു അത്ഭുതം നടക്കുമെന്ന് അരൂജ് ഒരിക്കലും വിചാരിച്ചില്ല. അതും, Kerim Alausoglu എന്ന ഐഡിയിൽനിന്നൊരു കത്ത് ഒട്ടും പ്രതീക്ഷിച്ചില്ല. കത്ത് വായിക്കും നേരം താൻ ഒാർഹൻ പാമുകിന്റെ ‘Snow’ എന്ന നോവലിനകത്തെ നായിക Ipek തന്നെയെന്ന് തോന്നിപ്പോയി.
‘‘പ്രിയപ്പെട്ടവളേ, ഞാൻ നിന്റെ Kaa. ഏകാന്തത മറികടക്കാൻ ഓർഹൻ പാമുകിന്റെ ‘Snow’ എന്ന നോവൽ വായിക്കാനെടുക്കുകയും ആ നോവലിൽ കുടുങ്ങിപ്പോകുകയും ചെയ്തു. എന്റെ മറുപാതിയായ Ipek തന്റെ വിശേഷങ്ങൾ എഴുതി അയക്കുന്നതും കാത്ത് നഗരത്തിരക്കുകളിൽ ഏകനായി അലയുന്നു. നോവലിലെ നിന്റെ കാമുകൻ ഇസ്തംബൂളിലാണെങ്കിൽ ഞാൻ ഡൽഹിയിലാണ് താമസം. ഇപ്പോൾ തൊഴിൽരഹിതനാണ്. ന്യൂസ് ഫോട്ടോഗ്രാഫറായി ജോലിചെയ്തിരുന്നു. മാനേജ്മെന്റിന്റെ പോളിസി ചെയിഞ്ചിൽ ജോലി പോയിട്ട് ആറേഴ് മാസമായി. പറയാൻ കൂടുതൽ വിശേഷങ്ങളില്ലാത്തതിനാൽ കത്ത് ചുരുക്കുന്നു. പ്രണയാദരങ്ങളോടെ നിന്റെ Kaa.’’
‘‘പ്രിയപ്പെട്ട Kerim Alausoglu, നോവലിലെ Ipekനെ പോലെയല്ല എന്റെ ജീവിതം. ഭർത്താവ് മരിച്ചതിന്റെ വിഷാദത്തിൽ കഴിയുന്ന മൂന്ന് പെൺമക്കളുടെ അമ്മയാണ്. നിങ്ങളെ പ്രണയിക്കാൻ കഴിയുമോ എന്നറിയില്ല. എന്നും നല്ല സുഹൃത്തായിരിക്കാം. എനിക്കും നിങ്ങളെപ്പോലെ ‘Snow’ എന്ന നോവൽ വളരെ അധികം ഇഷ്ടപ്പെട്ടു. ഇസ്ലാമാബാദിലാണ് ഞാൻ ജീവിക്കുന്നത്. ഇവിടെ ജോലിയുടെ ഭാഗമായി ചെറുതായി എഴുതാറുണ്ട്. അരൂജ് എന്ന എന്റെ പേരിന് പകരം Ipek എന്ന തൂലികാനാമമാണ് ഉപയോഗിക്കുന്നത്. അതിർത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള നമ്മളെ ബന്ധിപ്പിച്ചതിന് ടെക്നോളജിക്കും ഓർഹൻ പാമുകിനും നന്ദി അറിയിച്ചുകൊണ്ട് കത്ത് ചുരുക്കുന്നു.’’ കാറിൽനിന്നും ഇറങ്ങുമ്പോൾ ആദ്യമായി ഹേമന്ദിന് അയച്ച കത്തുകളിലെ വരികളോരോന്നും അരൂജിന്റെ ഓർമകളിലേക്ക്, തിരമാലകണക്ക് അടിച്ചെത്തി. മനസ്സറിയാതെ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. ഇശാ നമസ്കാരം കഴിഞ്ഞിട്ടും ഉമ്മിയെ കാണാത്തതിനാൽ സ്കൂട്ടിയുമെടുത്ത് അനാർക്കലി ദീദി ഓഫിസിലേക്ക് വന്നിരുന്നു, ഉമ്മി കണ്ടോ എന്ന് തസ്ലീമ ചോദിച്ചത് അരൂജ് കേട്ടില്ല. കണ്ണ് തുടച്ചുകൊണ്ട് അരൂജ് വീടിന് അകത്തേക്ക് കയറി. ഉമ്മിയെ അനുഗമിച്ചുകൊണ്ട് തസ്ലീമ അനാർക്കലിയെ ഫോൺ ചെയ്തു, ഉമ്മി എത്തിയ വിവരം പറഞ്ഞശേഷം മറുപടിക്ക് കാത്തുനിൽക്കാതെ കോൾ കട്ട് ചെയ്തു. ‘‘എന്തിനാ ഉമ്മി കരേണത്? എന്തുണ്ടായി?’’ എന്നെല്ലാം ചോദിച്ചുകൊണ്ട് പിറകെ കൂടി. ആരെങ്കിലും ചോദിച്ചാൽ ഉടനെ പറഞ്ഞേക്കും എന്നൊരു മാനസികനിലയിൽ വിങ്ങിപ്പൊട്ടിനിന്ന അരൂജിൽനിന്നും കരച്ചിൽ അണപൊട്ടി. തസ്ലീമ ഉമ്മിയെ ചേർത്തുപിടിച്ചു. വീണ്ടും മകൾ ചോദ്യം ആവർത്തിച്ചതോടെ അരൂജ് ഹേമന്ദിനെ കുറിച്ച് പറയാൻ തുടങ്ങി.
Slowlyയിൽ കത്തെഴുതി തുടങ്ങിയ പരിചയം ആറേഴു മാസത്തിനുള്ളിൽ ഇൻസ്റ്റഗ്രാമിലേക്ക് നീണ്ടു. അവന്റെ സംസാരത്തിലും എഴുത്തിലും മയങ്ങിപ്പോയതുകൊണ്ടാണോ എന്നറിയില്ല, വളരെ പെട്ടെന്നുതന്നെ ഞങ്ങൾ അടുത്തു. സിനിമകളും പാട്ടുകളും കൈമാറി. അകലങ്ങളിൽ ഇരുന്ന് പ്രണയിക്കുന്നവരുടെ കഥ പറഞ്ഞ, ‘The Japanese Wife’, ‘Antahen’, ‘You've Got Mail’ എന്നിങ്ങനെ നിരവധി സിനിമകൾ വിഡിയോ കോളിൽ ഒന്നിച്ച് കണ്ടു. ഹേമന്ദ് എടുത്ത ഫോട്ടോകൾ എല്ലാം എനിക്ക് അയച്ചുതരാൻ തുടങ്ങി. ഞാനെഴുതിയ കവിതകളും ലേഖനങ്ങളും എന്റെ ഫോട്ടോകളും അവനും നൽകി. ഒഴിവ് കിട്ടുമ്പോളെല്ലാം വിഡിയോ കോളിൽ കാണുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചുംബിക്കുകയും ചെയ്തു. ഇത്രയും പറഞ്ഞ് കേട്ടതോടെ ‘‘അയാളുമായി ഉമ്മി വെർച്വൽ സെക്സ് നടത്തിയോ?’’ എന്നാണ് തസ്ലീമ ചോദിച്ചത്. എത്ര പെട്ടെന്നാണ് മകൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നത് എന്നൊരു അത്ഭുതം ഞൊടിയിടക്ക് അരൂജിന്റെ കണ്ണിൽ തെളിഞ്ഞു. അയാളെ കുറിച്ചുള്ള അകാരണമായ നൊമ്പരം ഇറക്കിവെക്കാനുള്ള വ്യഥയിൽ താൻ ഉമ്മിയാണെന്നും തന്റെ മുന്നിലിരുന്ന് ഇത്രയും കേട്ടത് മകളാണെന്നും അരൂജ് മറന്നുപോയി. മകളുടെ ചോദ്യത്തിന് ഉവ്വെന്ന അർഥത്തിൽ തലയാട്ടിയശേഷം അരൂജ് പറച്ചിൽ തുടർന്നു. ഹേമന്ദിനെക്കുറിച്ചുള്ള ഓർമയാൽ ഇടക്ക് മന്ദഹസിച്ചും വ്യസനത്താൽ മുഖം ചുവപ്പിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നതു കേട്ട് തസ്ലീമക്ക് തന്റെ ഉമ്മയോട് വല്ലാത്തൊരു ഇഷ്ടം തോന്നി.
2022 മേയ് മാസത്തിലാണ് ഹേമന്ദ് അവസാനത്തെ മെസേജ് അയച്ചത് എന്നും പറഞ്ഞ് ഇൻസ്റ്റഗ്രാമിന്റെ ഇൻബോക്സിൽനിന്നും ഹേമന്ദ് അയച്ച സന്ദേശമെടുത്ത് അരൂജ് വായിക്കാൻ തുടങ്ങി, ‘‘പ്രിയപ്പെട്ടവളേ, നാളെ എല്ലാം ഓർമകളായി മാറിയാലും എന്റെ ഹൃദയം നിനക്കായി തുടിക്കും. കടലിൽനിന്നും വേർപെട്ട മീനാണ് ഞാൻ. ഒരു ജലപ്രവാഹമായി നീ എന്നെ തിരികെ കൊണ്ടുപോകുക. എനിക്ക് പവിഴപ്പുറ്റുകളുടെ തലോടലേറ്റ് നീന്തിത്തുടിക്കണം. പ്രണയത്തിന്റെ നീലവെളിച്ചം പരക്കുന്ന കടലിലേക്ക് നീ എന്നെ കൊണ്ടുപോകുക. വിശുദ്ധമാക്കപ്പെട്ട പ്രണയത്താൽ നീ എന്നെ സ്നാനം ചെയ്യുക. അപ്പോൾ, കടലും ആകാശവും ഒന്നാവുകയും നമ്മുടെ പ്രണയത്തിന് ലോകം സാക്ഷ്യംവഹിക്കുകയും ചെയ്യും. നീ ഇറങ്ങിയത് ഞാനെന്ന സ്വപ്നത്തിലാണ്. പുഴപോലെ ഒഴുകുന്ന എന്നിലെ ചുഴികളിൽനിന്നും നീ എങ്ങനെ നീന്തിക്കയറാനാണ്. ആയിരത്തൊന്ന് രാവുകളിലെ കിനാവുകളിൽനിന്നും നീ ഉണരുമ്പോഴും ആ പുഴ അവിടെ ഉണ്ടാകും!.. മടിയനായ എന്നിലെ മീൻകുഞ്ഞ്, പുഴയെന്ന പാഠപുസ്തകം തുറന്നുവെച്ച് അപ്പോളും നിന്നെ കിനാവ് കാണുകയായിരിക്കും. ഉണരുക പ്രിയപ്പെട്ടവളേ, നിന്റെ നിദ്രയിലെ പുഴ ഞാൻതന്നെയാണ്. ആയിരത്തൊന്ന് രാവുകളിലെ കിനാവുകളിൽനിന്നും ഉണരുമ്പോഴും ഞാനെന്ന പുഴ അവിടെ ഉണ്ടാകും. നിന്റെ കൂടെ ഏറെ പ്രണയത്തോടെ ചുറ്റും പരന്നൊഴുകിക്കൊണ്ട്...’’ വായിച്ചു നിർത്തി തസ്ലീമയെ നോക്കുമ്പോഴാണ് അനാർക്കലിയും കേൾവിക്കാരിയായി അവിടെ ഉണ്ടായിരുന്നെന്ന ബോധ്യം അരൂജിന് വരുന്നത്. പറഞ്ഞുകൂട്ടിയതിന്റെ ജാള്യം മറയ്ക്കാനെന്നോണം, ‘‘മക്കള് വല്ലതും കഴിച്ചോ? ഉമ്മി ചപ്പൽ കബാബ് ഉണ്ടാക്കാം’’ എന്നും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.
‘‘ഉമ്മി, എന്താണ് വായിച്ചിരുന്നത്? ഞാൻ വന്നപ്പൊ എന്തിനാ പറച്ചില് നിർത്തിയത്?’’ എന്ന് അനാർക്കലി അനിയത്തിയോട് ചോദിക്കുന്നു. ‘‘ഉമ്മിയ്ക്കൊരു ലൗവ്വറുണ്ട്. ആ വായിച്ചത് അയാള് ലാസ്റ്റ് എഴുതിയ കത്താണ്’’ എന്ന് മറുപടി പറയുന്നു. ബാക്കി അറിയാനായി അനാർക്കലി പിറകെ കൂടിയതോടെ സൽമ ദീദിയെ വിളിക്ക്, രണ്ടാളോടും കൂടി ഡീറ്റെയിലായി പറയേണ്ട കാര്യമാണെന്നവൾ കൂട്ടിച്ചേർക്കുന്നു. അനിയത്തിയുടെ മട്ടുംമാതിരിയും കണ്ടപ്പോൾതന്നെ അമേരിക്കയിലുള്ള സൽമയെ വിളിച്ച് വിശേഷങ്ങൾ തിരക്കിയശേഷം ഫോൺ തസ്ലീമക്ക് കൊടുത്തു. ദീദിമാരോടായി അവൾ കാര്യങ്ങൾ വിശദീകരിച്ചു. ഡൽഹിയിൽ ജോലി ചെയ്തിരുന്ന മലയാളിയായ ഹേമന്ദ് എന്ന ഫോട്ടോജേണലിസ്റ്റുമായി ഉമ്മി വെർച്വൽ റിലേഷനിലായതും അയാൾ എടുത്ത ഫോട്ടോകൾ ‘Dawn Daily’യിൽ ഉമ്മി എഴുതുന്ന ആർട്ടിക്കിളിനൊപ്പം പ്രസിദ്ധീകരിച്ചുവന്നെന്നും അതിനുശേഷം കൃത്യമായി പറഞ്ഞാൽ 2022 ഏപ്രിൽ മൂന്നാം തീയതിക്കുശേഷം അയാളുമായി കോൺടാക്ട് ഒന്നുമില്ലെന്നും അയാളുടെ ഓർമയിൽ ഇന്ന് ഉമ്മി വളരെ വിയേഡായി പെരുമാറിയെന്നും തസ്ലീമ ഒരുവിധം പറഞ്ഞൊപ്പിച്ചു. അനിയത്തി പറഞ്ഞതെല്ലാം കേട്ടതോടെ സൽമക്ക് ഉമ്മിയോട് അറപ്പും വെറുപ്പും കലർന്ന ദേഷ്യം തോന്നി.
2025ലെ പുലിറ്റ്സർ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടു. കശ്മീർ താഴ്വരയിൽ പൈൻമരക്കാടുകൾക്കിടയിൽ ആകാശം തൊടുന്നൊരു മഴവില്ല്. മഴവില്ലിന് താഴെ പൈൻമരച്ചില്ലകളിലൊന്നിൽ കൊക്കുരുമ്മിയിരിക്കുന്ന ഇണപ്രാവുകൾ. പെട്ടെന്നുണ്ടായ ബ്ലാസ്റ്റിൽ ഇണപ്രാവുകളുടെ രക്തവും മാംസവും ചിന്നിച്ചിതറുന്നു. ക്വിന്റിൻ ടാരന്റീനോയുടെ െഫ്രയിമുകളെ അനുസ്മരിപ്പിക്കും വിധം രക്തരൂഷിതമായൊരു നിശ്ചല ചിത്രം. കശ്മീരിന്റെ വർത്തമാനം എന്ന പേരിൽ, അരൂജ് മാലിക് ‘ഡോൺ’ ദിനപത്രത്തിലെഴുതിയ ലേഖനത്തിനൊപ്പം പ്രസിദ്ധീകരിച്ചു വന്നതായിരുന്നു പ്രസ്തുത ചിത്രം. അരൂജിന്റെ ഇന്ത്യൻ സുഹൃത്ത് ഹേമന്ദ് എടുത്ത ഫോട്ടോക്കൊപ്പം കശ്മീരിന്റെ വർത്തമാനകാലം പാകിസ്താനിലാകെ ചർച്ചയായി. ലോകം മുഴുവനും ഹേമന്ദിന്റെ ഫോട്ടോഗ്രാഫ് ശ്രദ്ധിക്കപ്പെട്ടു. മറ്റു രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യൻ ഭരണകൂടത്തിന് തലകുനിക്കേണ്ടിവന്നു. 2022ൽ ഹേമന്ദ് എടുത്ത ഫോട്ടോ, അക്കാലത്തുതന്നെ അയാൾ അരൂജിന് അയച്ചുകൊടുത്തിരുന്നു. എന്നാൽ, രണ്ടു വർഷങ്ങൾക്കു ശേഷം 2024ലാണ് ‘ഡോൺ’ പത്രത്തിൽ അരൂജ് ലേഖനമെഴുതുന്നതും തന്റെ ലേഖനത്തിന് കൊഴുപ്പേകാൻ ഹേമന്ദിന്റെ ഫോട്ടോഗ്രാഫ് ഉപയോഗിക്കുന്നതും. ഹേമന്ദിന്റെ ഫോട്ടോക്ക് പുലിറ്റ്സർ ൈപ്രസ് കിട്ടിയത് ലോകം മുഴുവനും ആഘോഷിച്ചു. എന്നാൽ, ഈ വാർത്ത ഹേമന്ദ് അറിയുന്നത് തൊട്ടടുത്ത ദിവസം തിഹാർ ജയിലിൽവെച്ചാണ്.
2025
ഇസ്ലാമാബാദ്
ഇൻഫർമേഷൻ ആൻഡ് േബ്രാഡ്കാസ്റ്റിങ് മിനിസ്റ്റർ മറിയം ഔറംഗസേബിന്റെ കാബിനിലേക്ക് നടക്കുമ്പോൾ െഡപ്യൂട്ടി ഡയറക്ടറായ അരൂജ് മാലിക്കിന്, ഒറ്റക്കുള്ള ഈ മീറ്റിങ്ങിൽ ചെറുതല്ലാത്ത അമ്പരപ്പു തോന്നി. ആറുമാസം കൂടുമ്പോൾ ഉയർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താറുണ്ട് എന്നതൊഴിച്ചാൽ വ്യക്തിപരമായി ഇതുവരെ മിനിസ്റ്ററുമായി സംസാരിക്കേണ്ടി വന്നിട്ടില്ല. തസ്ലീമ സ്കൂട്ടിയിൽനിന്നും വീണ് കാലൊടിഞ്ഞതുകൊണ്ട് മൂന്നാഴ്ച ലീവായിരുന്നു. പ്രധാനപ്പെട്ട എന്തെങ്കിലും ഇതിനിടയിൽ സംഭവിച്ചോ! എന്നറിയാൻ മെനക്കെട്ടിരുന്നില്ല. എന്തിനാകും മിനിസ്റ്റർ തന്നെ വിളിപ്പിച്ചത് എന്ന ചിന്തയിൽ തൂങ്ങി കാബിനിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി. സലാം പറഞ്ഞശേഷം മിനിസ്റ്റർ ഇരിക്കാൻ പറഞ്ഞു. സലാം മടക്കി അവൾ ഇരിപ്പിടത്തിലിരുന്നു. താനെന്താണ് ചെയ്യേണ്ടതെന്ന ഭാവത്തിൽ അരൂജ് മിനിസ്റ്റർ മറിയം ഔറംഗസേബിനെ നോക്കി.
‘‘അരൂജിന് ഇയാളെ അറിയില്ലേ?’’ എന്ന് ചോദിച്ച് മറിയം ഔറംഗസേബ് ‘ഡോൺ’ ദിനപത്രത്തിന്റെ ഫ്രണ്ട് പേജ് മുന്നിലേക്ക് നീട്ടി. ഇന്ത്യൻ ഫോട്ടോഗ്രാഫർ ഹേമന്ദിന് പുലിറ്റ്സർ ൈപ്രസ് കിട്ടിയ വാർത്തയും അയാളുടെ ഫോട്ടോയും അവളുടെ കണ്ണിലുടക്കി.
‘‘അറിയാം. മൂന്നാല് വർഷം മുമ്പ് ഞങ്ങള് ഇൻസ്റ്റഗ്രാമിൽ സംസാരിച്ചിട്ടുണ്ട്. നിലവിൽ കോണ്ടാെക്ടാന്നും ഇല്ല.’’ എല്ലാം തനിക്കറിയാം എന്ന ധ്വനി കലർത്തിയൊന്ന് മൂളിക്കൊണ്ട് മറിയം ഔറംഗസേബ് ഒന്ന് മന്ദഹസിച്ചുകൊണ്ട് പറച്ചിൽ തുടർന്നു, ‘‘കഴിഞ്ഞ വർഷം അരൂജ് കശ്മീരിനെക്കുറിച്ച് എഴുതിയ ആർട്ടിക്കിളിനൊപ്പം പ്രസിദ്ധീകരിച്ച ഹേമന്ദിന്റെ ഫോട്ടോക്കാണ് ഇത്തവണത്തെ പുലിറ്റ്സർ ൈപ്രസ്. തന്റെ ബന്ധംവെച്ച് അയാളുടെ ഒരു ഇന്റർവ്യൂ സെറ്റ് ചെയ്യാമോ?’’
മിനിസ്റ്ററുടെ ചോദ്യത്തിന് മുന്നിൽ ഒരുനിമിഷം എന്തുപറയണമെന്നറിയാതെ അരൂജ് പകച്ചുപോകുന്നു. ഹേമന്ദിനെക്കുറിച്ചുള്ള വിങ്ങുന്ന ഓർമകളിലേക്ക് മറിയം ഔറംഗസേബ് എത്തിനോക്കിയാലോ എന്നുള്ള ഭയം അവളെ പിടികൂടുന്നു. പെട്ടെന്നുതന്നെ ആ പേടിയെ കുടഞ്ഞെറിഞ്ഞു കൊണ്ടവൾ പരിസരബോധം വീണ്ടെടുക്കുന്നു.
‘‘മാം... അത്... പരിചയപ്പെട്ട കാലത്ത് അയാൾ അയച്ചുതന്നൊരു ഫോട്ടോ എന്റെ ആർട്ടിക്കിളിനായി ഉപയോഗിച്ചെന്നേ ഉള്ളൂ. മൂന്നു വർഷത്തിന് മുകളിലായി ഞങ്ങൾ തമ്മിൽ കോണ്ടാക്ട് ഇല്ലാതായിട്ട്. അതൊരു വെറും വെർച്വൽ റിലേഷൻഷിപ്പായിരുന്നു’’ എന്ന് ധൃതിയിൽ പറഞ്ഞൊഴിയുന്നു. അരൂജിനെ താൻ പൂർണമായും വിശ്വസിക്കുന്നു എന്നുള്ളൊരു സാന്ത്വനനോട്ടം എറിഞ്ഞശേഷം മറിയം ഔറംഗസേബ് കൂട്ടിച്ചേർക്കുന്നു, ‘‘എനിക്കറിയാം. താൻ തയാറായി ഇന്റർവ്യൂ എടുക്കാൻ പോയാലും കിട്ടില്ല. അയാളിപ്പൊ തിഹാർ ജയിലിലാണ്. പറ്റാണേൽ, ഹേമന്ദുമായി ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് എഴുതൂ.’’ കേട്ടതെന്താണെന്നോ എന്ത് മറുപടി പറയണമെന്നോ അറിയാതെ അരൂജ് വെറുങ്ങലിച്ചിരുന്നു. ഈ സമയം മറിയം ഔറംഗസേബ് തനിക്കുനേരെ നീട്ടിയ ഫോണിൽ NDTV സംേപ്രഷണം ചെയ്തൊരു ന്യൂസ് ക്ലിപ് പ്ലേ ആക്കുന്നു. ആ ന്യൂസ് ക്ലിപ്പിൽനിന്നും ഹേമന്ദ് രാജ്യേദ്രാഹക്കുറ്റത്തിന് ജയിലിലാണെന്നതിന്റെ വിശദവിവരങ്ങൾ മനസ്സിലാക്കുന്നു. അതിർത്തിക്ക് അപ്പുറത്ത്, ഹേമന്ദ് തടവിലാകാൻ തന്റെ പാകിസ്താൻ ഐഡന്റിറ്റി കാരണമായെന്ന് അറിഞ്ഞതോടെ അരൂജ് ആകെ തളർന്നു പോയി. നിയന്ത്രണംവിട്ട് അവൾ വിതുമ്പിപ്പോയി. എന്തിന് താൻ ഇക്കാര്യം ഇവരോട് പറഞ്ഞു എന്ന ജാള്യത്തോടെ തന്റെ അധികാരങ്ങളെല്ലാം ഊരിയെറിഞ്ഞ് കൂടപ്പിറപ്പിനെയെന്നോണം അരൂജിനെ മറിയം ഔറംഗസേബ് ചേർത്തുപിടിച്ചു.
ഹേമന്ദിനെ കുറിച്ചുള്ള ഓർമകൾ പുസ്തകമായി എഴുതാൻ തുടങ്ങിയതോടെ അരൂജിന്റെ മനസ്സിന്റെ താളംതെറ്റാൻ തുടങ്ങി. ഒറ്റക്ക് സംസാരിക്കാനും അദൃശ്യനായ തന്റെ കാമുകനെ നോക്കി ഉന്മാദത്തോടെ ചിരിക്കാനും തുടങ്ങി. ഉമ്മിയുടെ ഈ മാറ്റം തസ്ലീമയെയും അനാർക്കലിയെയും ആശങ്കയിലാഴ്ത്തി. ഇരുവരും യു.എസിലുള്ള സൽമ ദീദിയെ വിളിച്ച് പ്രശ്നത്തിന്റെ ഗൗരവം വിവരിച്ചു. എല്ലാം കേട്ടശേഷം ഉമ്മിയെ െസെക്യാട്രിസ്റ്റിനെ കാണിക്കണമെന്ന തന്റെ അഭിപ്രായം വിഡിയോകോളിലെത്തിയ അനിയത്തിമാരുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു. സൽമയുടെ വാദഗതികളോട് ഒട്ടും യോജിപ്പില്ലാത്തതിനാൽ തസ്ലീമ വിഡിയോ കോൾ അവസാനിപ്പിച്ച് ഉമ്മിയുടെ മുറിയിലേക്ക് പോയി. തസ്ലീമയെ അവഗണിച്ചുകൊണ്ട് അനാർക്കലിയോടായി സൽമ പറഞ്ഞുതുടങ്ങി, ‘‘ഒരു ഇന്ത്യൻ നായയെ നമ്മുടെ ഉമ്മ പ്രണയിക്കുന്നത് പോയിട്ട് പരിചയപ്പെടുന്നത് വരെ നാണക്കേടാണ്. എനിക്ക് ആ സ്ത്രീയോട് അറപ്പും വെറുപ്പും തോന്നുന്നു.’’ സൽമ ദീദി ഇങ്ങനെ അറുത്തുമുറിച്ച് പറയുമെന്ന് അനാർക്കലി കരുതിയിരുന്നില്ല. തസ്ലീമയെപ്പോലെ അവളും കോൾ കട്ട് ചെയ്യാൻ ഒരുങ്ങവേ അനുനയസ്വരത്തിൽ സൽമ കൂട്ടിച്ചേർത്തു, ‘‘കാർഗിൽ യുദ്ധത്തിൽ ശഹീദായ നമ്മുടെ ഗ്രാൻഡ്ഫാദർ കമ്രാൻ മാലിക്കിന്റെയും നമ്മുടെ നാടിന്റെ ഡിഫൻസ് സെക്രട്ടറിയായിരുന്ന ബാബ ഹിലാൽ ഹഖിന്റെയും അഭിമാനം കാക്കലാണ് പ്രധാനം.’’
തന്റെ വാക്കുകൾ അനാർക്കലിയിൽ ചലനമുണ്ടാക്കി തുടങ്ങിയെന്ന് ബോധ്യപ്പെട്ടതോടെ ചതുരംഗത്തിലെ നീക്കം കണക്ക് സൽമ വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കാൻ തുടങ്ങി. ഉമ്മിയെ സൈക്യാട്രിസ്റ്റിനെ കാണിക്കുന്നതിന് മുന്നോടിയായി, സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം തിരിച്ചുകിട്ടാത്ത രീതിയിൽ ഹാക്ക് ചെയ്യണമെന്ന് ചട്ടംകെട്ടി. വേണ്ട സഹായങ്ങൾ ബഡാ ചാച്ച ഷെരീഫ് മാലിക് ചെയ്തുതരുമെന്നും താൻ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങളെല്ലാം അറേഞ്ച് ചെയ്യാമെന്നും പറഞ്ഞാണ് സൽമ കോൾ അവസാനിപ്പിച്ചത്. കറാച്ചിയിൽ ഗാർമെന്റ് എക്സ്പോർട്ടറായ സൽമയുടെ അങ്കിൾ ഏർപ്പാടാക്കിയ ഹാക്കർ ക്രിസ്റ്റഫർ വെറും പതിമൂന്ന് മണിക്കൂറിനുള്ളിൽതന്നെ ഏൽപിച്ച ജോലി ഉത്തരവാദിത്തത്തോടെ ചെയ്തുതീർത്തു. ഇതോടെ ഹേമന്ദിനെ കുറിച്ചുള്ള അവസാനത്തെ അടയാളങ്ങളും അരൂജിന്റെ വെർച്വൽ വേൾഡിൽനിന്നും അപ്രത്യക്ഷമായി. ഡിജിറ്റലായി ശേഖരിച്ചു വെക്കപ്പെട്ട ഹേമന്ദിന്റെ ശബ്ദവും രൂപവും സന്ദേശങ്ങളുമെല്ലാം അരൂജിൽനിന്നും എടുത്തുമാറ്റപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസംതന്നെ ഷെരീഫ് മാലിക് വീട്ടിലെത്തി. അനിയത്തിയെയും അനന്തരവളെയുംകൊണ്ട് അയാൾ സൈക്യാട്രിസ്റ്റ് വാഹിദ് അസ്ലമിനെ കാണുന്നു.
അരൂജിനെ വിശദമായി പരിശോധിച്ചശേഷം വാഹിദ് അസ്ലം തന്റെ നിഗമനങ്ങൾ രോഗിയുടെ ബന്ധുക്കളുമായി പങ്കുവെച്ചു. ‘‘ആർത്തവം നിലയ്ക്കുന്നതിനുമുമ്പ് മനസ്സ് സൃഷ്ടിച്ച േട്രാമയും ഹാലൂസിനേഷനുമാണ്, അരൂജിന്റെ മനസ്സിലെ ഇന്ത്യൻ കാമുകൻ’’ എന്ന് ഡോക്ടർ തറപ്പിച്ചുപറഞ്ഞു. ഇത് കേട്ടതോടെയാണ് തസ്ലീമക്കും അനാർക്കലിക്കും ശ്വാസം നേരെവീണത്. അന്നേരമവർക്ക്, ജീവൻ തിരിച്ചുകിട്ടിയ ആഹ്ലാദമായിരുന്നു.
2030, ജനുവരി 10
ഡൽഹി
എട്ടു വർഷത്തെ ജയിൽജീവിതം കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ആരും തന്നെ കാത്തുനിൽക്കാൻ ഇടയില്ലെന്നാണ് ഹേമന്ദ് കരുതിയത്. പക്ഷേ, തിഹാർ ജയിലിന്റെ മുന്നിൽ തന്നെ മിഹിതേച്ചിയും അളിയൻ മഹേഷേട്ടനും മകൾ മിഴിയും കാത്തുനിന്നിരുന്നു. നായകൻ ജയിൽവാസം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നതും കാത്ത് പ്രിയപ്പെട്ടവർ നിൽക്കുന്ന െഫ്രയിമിലേക്ക് തെല്ലൊരു അപരിചിതത്വത്തോടെ ഹേമന്ദ് നടന്നുകയറി. അവർക്കടുത്തെത്തി ചിരിക്കാൻ ശ്രമിച്ചതും അവനങ്ങ് കരഞ്ഞുപോയി. മിഹിത അനിയനെ വാത്സല്യത്തോടെ ചേർത്തുപിടിച്ച് ചുംബിച്ചു. വിതുമ്പലടക്കിക്കൊണ്ട് ഹേമന്ദ് അച്ഛനെ തിരക്കി.
‘‘അച്ഛൻ ദുബായില് ഫ്ലാറ്റില് സുഖായിട്ടിരിക്കുന്നു. യാത്ര ചെയ്യാനിത്തിരി ബുദ്ധിമുട്ട് ഉള്ളതോണ്ട് വന്നില്ല,’’ മിഹിതേച്ചി പറഞ്ഞതിന് മറുപടിയായി അവനൊന്ന് മൂളി.
‘‘ഞങ്ങള് ഇത്തവണ ദുബായിക്ക് പോവുമ്പൊ നീയും പോരെ?’’
‘‘ആ... എനിക്ക് വിസേം പാസ്പോർട്ടും കിട്ടാണേൽ വരാം.’’
‘‘അതൊക്കെ കിട്ടും, ഭരണം മാറീലേ...’’ മഹേഷ് അളിയൻ പ്രതീക്ഷയോടെ പറഞ്ഞുനിർത്തിയൊന്ന് പുഞ്ചിരിച്ചു. മറുപടിയായി ഹേമന്ദും ചിരിച്ചു. പിന്നെ എന്തോ അവർക്കിടയിൽ സംസാരമൊന്നും ഉണ്ടായില്ല. ആഗ്രയിലുള്ള മഹേഷ് അളിയന്റെ ഫ്രണ്ട് ദിലീപിന്റെ ഫ്ലാറ്റിലേക്ക് ഇന്നോവ എത്തുന്നതുവരെ ഹേമന്ദ് പുറംകാഴ്ചകളിലേക്ക് കണ്ണ് നട്ടിരുന്നു. അയാളുടെ തലച്ചോർ, അന്നേരം എട്ടു വർഷം പിറകിലേക്ക് പോയി നഷ്ടപ്പെട്ട വർഷങ്ങളുടെ കഥ ഫ്ലാഷ്ബാക്ക് സീക്വൻസായി േപ്രാജക്ട് ചെയ്തു.
ശാഹീൻബാഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 124 A പ്രകാരം 2022 ഏപ്രിൽ ആദ്യവാരം എടുത്ത അവസാനത്തെ രാജ്യേദ്രാഹക്കേസ് ഉൾപ്പെടെ യു.എ.പി.എ അടക്കം ചുമത്തിയാണ് ഹേമന്ദിനെ ഭരണകൂടം തടവിലിട്ടിരിക്കുന്നത്. ബ്രിട്ടന്റെ കൊളോണിയൽ വാഴ്ചക്കാലം പിന്നിട്ട് നെഹ്റുവും ഇന്ദിര ഗാന്ധിയും ഭരിച്ച, നരേന്ദ്ര മോദി ഭരിക്കുന്ന നാട്ടിൽനിന്നും 2022 മേയ് മാസത്തിൽ സുപ്രീംകോടതി 124 A എന്ന മനുഷ്യാവകാശ വിരുദ്ധമായ നിയമത്തെ റദ്ദുചെയ്തിരുന്നു. പക്ഷേ, പ്രസ്തുത വിധിയുടെ പിൻബലം ഭരണകൂടം ഹേമന്ദിന് നൽകിയില്ല. ശത്രുരാജ്യത്തെ ചാരസുന്ദരിക്ക് വശംവദയായി രാജ്യത്തിന്റെ ആഭ്യന്തര വിവരങ്ങൾ ചോർത്തിനൽകി എന്ന ഗുരുതരമായ കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. ഇക്കാരണത്താൽ, റദ്ദ് ചെയ്ത രാജ്യേദ്രാഹക്കുറ്റം മുൻകാല പ്രാബല്യത്തോടെ ഹേമന്ദിൽ ചാർത്തപ്പെടുകയും ഏകപക്ഷീയമായ വിചാരണ നടത്തുകയും ചെയ്തു. േപ്രാസിക്യൂഷന്റെ വാദങ്ങളെല്ലാം വിശദമായി കേട്ടതോടെ ഹേമന്ദിന് താനൊരിക്കലും ഇനി പുറംലോകം കാണില്ലെന്ന് തോന്നിത്തുടങ്ങി. അരൂജുമായുള്ള പ്രണയമല്ല, ഹാഥറസിലെ ബലാത്സംഗ വാർത്ത റിപ്പോർട്ട് ചെയ്യാനായി പോയി ഉത്തർപ്രദേശ് പൊലീസിന്റെ പിടിയിലായ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി വാദിച്ചതും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സമയത്ത് താനെടുത്ത ഫോട്ടോഗ്രാഫുകളുമാണ് തന്റെ ജയിൽവാസത്തിന് കാരണമെന്നും മനസ്സിലായി. ഹേമന്ദ് അറസ്റ്റിലായ വാർത്ത ശശിമാഷും മിഹിതയും അറിഞ്ഞ ഉടനെതന്നെ അവർ കപിൽ സിബലിന്റെ ഓഫിസുമായി ബന്ധപ്പെട്ടു. പഴയ കോൺഗ്രസ് നേതാവും സുപ്രീംകോടതിയിലെ അറിയപ്പെടുന്ന വക്കീലുമായ കപിൽ സിബലിന്റെ ഓഫിസിന്റെ ഇടപെടൽകൊണ്ടാണ്, എട്ടൊമ്പത് വർഷം കഴിഞ്ഞിട്ടാണെങ്കിലും ഹേമന്ദിന് കുറ്റമുക്തനാകാൻ കഴിഞ്ഞത്.
2030, ജനുവരി 10
ഇസ്ലാമാബാദ്
അരൂജിന്റെ അമ്പത്തിയേഴാം പിറന്നാളാണ് ഇന്ന്. ഡോക്ടർ വാഹിദ് അസ്ലമിന്റെ ക്ലിനിക്കിൽനിന്നും ഇറങ്ങി കാറിലേക്ക് കയറും നേരമാണ്, വർഷങ്ങൾക്കുശേഷം ഹേമന്ദിനെ ഓർമ വരുന്നത്. രണ്ടാളും േപ്രമത്തിലായശേഷം വിഡിയോ കോളിൽ ഒന്നിച്ചുകണ്ട സിനിമ കാണാൻ അന്നേരം അരൂജിന് ആശ തോന്നി. എത്ര ആലോചിച്ചിട്ടും അന്ന് കണ്ട സിനിമയുടെ പേര് എന്താണെന്നോ ആ സിനിമ ഏത് ഭാഷയാണെന്നോ അരൂജിന് ഓർമ വന്നില്ല. യാത്രയിലുടനീളം ആലോചിച്ചെങ്കിലും വീട്ടിൽ വന്നുകയറി ഏറെനേരം കഴിഞ്ഞാണ് അന്ന് കണ്ട സിനിമയിലെ നായികയുടെ പേര് ഓർമ വരുന്നത്. നായികയുടെ പേര് നാരായണിയെന്ന് കിട്ടിയതോടെ നായകന്റെ പേര് ബഷീറാണെന്ന് തെളിഞ്ഞു. അന്നേരം, അവൾക്ക് ആ സിനിമയുടെ കഥ മനസ്സിലേക്ക് വിഷാദമായി കിനിഞ്ഞിറങ്ങി. ബഷീറിനും നാരായണിക്കും ഇടയിലും തനിക്കും ഹേമന്ദിനും ഇടയിലുമുള്ളത് നിറയെ മതിലുകളാണ്.
ഇന്നത്തെ പകലിൽ തുടങ്ങിയ ആലോചനക്കൊടുവിൽ സുബ്ഹി ബാങ്കിന്റെ നേരത്ത്, താൻ കാണാൻ ആശിച്ച സിനിമയുടെ പേര് കിട്ടിയതിന്റെ സന്തോഷത്തിൽ അരൂജ് ഞെട്ടിയെഴുന്നേറ്റു. അടുത്തു കിടന്നിരുന്ന തസ്ലീമയെ തട്ടിവിളിച്ച ശേഷം പറഞ്ഞു, ‘‘ഉമ്മിയ്ക്കൊരു സിനിമ കാണണം. ലാപ്ടോപ്പെടുത്ത് ഓപൺ ചെയ്യ്’.’ അസമയത്തുള്ള ഉമ്മിയുടെ ആവശ്യം കേട്ട് കൗതുകംപൂണ്ട് ലാപ്പെടുത്ത് ഓൺചെയ്തശേഷം ഏത് സിനിമയാണ് വെക്കേണ്ടതെന്ന് ചോദിച്ച്, തസ്ലീമ ഉത്തരത്തിനായി കാത്തു. ‘‘മതിലുകൾ’’ എന്ന് അരൂജ് പിറുപിറുത്തു.