ഗോൾഡ് ഫേഷ്യൽ
ഒരുമാസത്തെ ഒരുക്കത്തിന് സമാപ്തി കുറിക്കുന്നത് പെൺകെട്ട് കഴിയുന്നതോടെയാണ്. രണ്ടാഴ്ചയായിട്ട് ഒരു സഞ്ചാരിയെപ്പോലെയാണ് സൂസന്ന വീട്ടിൽ വന്നുപോകുന്നത്. െത്രഡ് വർക്ക് ചെയ്യിക്കാൻ മലേഷ്യൻ ചെമ്പരത്തിപ്പൂവിന്റെ നിറമുള്ളൊരു സാരിയാണ് ആദ്യം കൊടുത്തത്. ജെറിവർക്ക് ചെയ്ത നൂലിന്റെ ഗോൾഡൻ കളർ അതിന് ചേരുന്നില്ലെന്നു പറഞ്ഞ് മാങ്ങനാറിപ്പൂവിന്റെ നിറത്തിലൊരു സാരിയും അതിൽ വാടാമല്ലിപ്പൂനിറത്തിൽ ചിത്രത്തുന്നലും ചെയ്യാനേൽപിച്ചു....
Your Subscription Supports Independent Journalism
View Plansഒരുമാസത്തെ ഒരുക്കത്തിന് സമാപ്തി കുറിക്കുന്നത് പെൺകെട്ട് കഴിയുന്നതോടെയാണ്. രണ്ടാഴ്ചയായിട്ട് ഒരു സഞ്ചാരിയെപ്പോലെയാണ് സൂസന്ന വീട്ടിൽ വന്നുപോകുന്നത്. െത്രഡ് വർക്ക് ചെയ്യിക്കാൻ മലേഷ്യൻ ചെമ്പരത്തിപ്പൂവിന്റെ നിറമുള്ളൊരു സാരിയാണ് ആദ്യം കൊടുത്തത്. ജെറിവർക്ക് ചെയ്ത നൂലിന്റെ ഗോൾഡൻ കളർ അതിന് ചേരുന്നില്ലെന്നു പറഞ്ഞ് മാങ്ങനാറിപ്പൂവിന്റെ നിറത്തിലൊരു സാരിയും അതിൽ വാടാമല്ലിപ്പൂനിറത്തിൽ ചിത്രത്തുന്നലും ചെയ്യാനേൽപിച്ചു. മൂന്നുദിവസമായിട്ട് ബ്യൂട്ടിപാർലറിൽ കയറിയിറങ്ങുകയാണ് സൂസന്ന. ഫേഷ്യലിനു മുമ്പേയുള്ള ബ്ലീച്ചിങ്ങിനും സ്റ്റീമിങ്ങിനുമായുള്ള നെട്ടോട്ടം. മെസിബൺ കെട്ടാൻ മുടിയിഴകൾ ഫെദർലെയറാക്കി. കാറ്റിനോട് കിന്നരിക്കുന്ന കുറുനിരകൾക്ക് അച്ചടക്കം വന്നു. ഓക്സിജൻ ട്രീറ്റ്മെന്റിൽ മുഖത്തിന്റെ വീറ്റിഷ് നിറം പേളിലേക്ക് പകർന്നാട്ടം നടത്തിയെന്ന് കണ്ണാടി നോക്കി അവൾ പറയുന്നത് ശ്രദ്ധയോടെ കേട്ട് തലയാട്ടി ഹോർമിസ്.
‘‘പാണ്ട് പിടിക്കാതിരുന്നാൽ ഭാഗ്യം.’’
അയാൾ മനസ്സിലുരുട്ടിയ വാചകം പക്ഷേ, അവൾ കേട്ടില്ലെന്ന് നടിച്ചു.
നാടുനീളെ കൊറോണയെന്ന പകർച്ചപ്പനിയുടെ രണ്ടാംവരവെന്ന വെടിക്കെട്ടിനു തീപിടിച്ചിട്ടുണ്ടെന്ന വാർത്ത ടി.വിയിൽ മദ്ദളം കൊട്ടി.
‘‘എല്ലാ എനതാരികളും എത്തുംപോലെ ചൈനേന്നാരുന്നു നടാടെ വൈറസ് തമ്പുരാന്റെ എഴുന്നള്ളത്തെങ്കിൽ രണ്ടാമൻ ചെണ്ടേം കൊട്ടിയെത്തിയത് ആഫ്രിക്കാന്ന്.’’
ആരോടെന്നില്ലാതെ സൂസന്ന തട്ടിവിട്ടു.
നാലുദിവസമായിട്ടും ഹോർമിസിന്റെ പനിയും ശ്വാസംമുട്ടും കുറയുന്നില്ല. രാത്രിയിലെ ഞെരിച്ചുപനിയിൽ ശരീരം കോമരം തുള്ളുന്നു. പുതച്ചിരുന്ന കമ്പിളി മഴയിൽ കുതിർന്നപോലെയായി. കോവിഡ്ടെസ്റ്റ് ചെയ്യേണ്ടേ എന്ന ചോദ്യത്തിന് ഇറ്റലിയിൽ നഴ്സായ മകളുടെ തത്തപ്പേച്ച്.
‘‘ഡോളോ മൂന്ന് നേരോം കഴിക്കൂ. തണുത്ത വെള്ളം കുടിക്കല്ലേ ഡാഡി. ഒൺലി ഹോട്ട് വാട്ടർ.’’
‘‘അല്ല പിന്നെ. ടെസ്റ്റ്ചെയ്ത്, എങ്ങാനുമുണ്ടെങ്കിൽ കെട്ടുകല്യാണം കട്ടപ്പൊക. ചടങ്ങ് കഴിയട്ടെ. ആശുപത്രീല് അഡ്മിറ്റാവാം.’’
സൂസന്നയുടെ താക്കീത്.
ഒരാഴ്ച മുമ്പ് ഇറ്റലിയിലെ മിലാനിൽനിന്നെത്തിയ മകളും ഭർത്താവും രണ്ട് ആൺകുട്ടികളും ഏതോ കമ്പ്യൂട്ടർ ഗെയിം കളിക്കുംപോലെയാണ് ഹോർമിസിന്റെ മുഖത്ത് നോക്കുന്നത്. ചൂടാണെന്നു പറഞ്ഞ് മേൽവസ്ത്രം ധരിച്ച് മരുമകനെ കണ്ടിട്ടേയില്ല. ചൂടുകൊണ്ട് പിള്ളേര് വാടുമെന്ന് താക്കീത് നൽകിയാണ് സദാ ശീതീകരിച്ച മുറിയിൽ പണയംവെച്ച പൊട്ട ഉരുളിപോലെയുള്ള ബെന്നിച്ചന്റെ കുടികിടപ്പ്. കുടിച്ചുകൊണ്ടുള്ള കിടപ്പാണ് കുടികിടപ്പെന്ന് ഒഴിഞ്ഞ ബിയർകുപ്പികൾ സാക്ഷ്യപ്പെടുത്തുന്നു. കള്ളുംചാറ നാണിച്ചുപോകുന്ന, നന്നങ്ങാടിപോലുള്ള വയറിൽ രണ്ടു കുപ്പിയൊക്കെ വെറും തുള്ളിനന. ബെന്നിച്ചൻ ഇരുന്ന് ടി.വി കാണുന്ന സോഫയുടെ നടുകുഴിഞ്ഞ് മണ്ണിടിഞ്ഞ അമ്പലക്കുളംപോലെ ആയിട്ടുണ്ടെന്ന് ഹോർമിസ് കണ്ടു. എല്ലാം സഹിക്കാം. തടിച്ചുകൊഴുത്ത അവന്റെ ബോക്സറിന്റെ ഇറുക്കമാണ് അയാൾ വെറുക്കുന്നത്. അവർക്കുവേണ്ടി തയ്ച്ചതല്ലാത്ത, അളവെടുക്കാതെ ഓൺലൈനിൽ വാങ്ങുന്നത് പാകമാകില്ലെങ്കിലും മേനിക്കലങ്കാരമാകുന്നു. പരദേശിപ്പിള്ളേർക്കൊന്നും മുണ്ടില്ലെന്നും കാണുന്നവരിൽ വെറുപ്പുണ്ടാക്കുന്ന അടയ്ക്കാമരത്തിൽ ആമയെ കെട്ടിവെച്ചപോലുള്ള പൊതിക്കെട്ടിന്റെ തള്ളിച്ചയാണ് അരക്കെട്ടിനു താഴെയെന്നും ഹോർമിസിന് തോന്നി. ബെന്നിച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന് അതിന് പേരിട്ടു ഹോർമിസ്.
കല്യാണാലോചന വന്നപ്പോൾ ഉണ്ടായ പുകിലുകൾ ഓർക്കുകയായിരുന്നു ഹോർമിസ്. റൂബിയെയല്ലാതെ കെട്ടില്ലെന്നു പറഞ്ഞ് പിറകെ കൂടിയതാ ബെന്നിച്ചൻ. ഒടുവിൽ പേശാൻ ഒരു േബ്രാക്കറെ വിട്ടു പാലാക്കാർ. ബെൻസ് കാറിൽ വന്നിറങ്ങിയ േബ്രാക്കറെ കണ്ടപ്പോൾ തമിഴ് സിനിമയിലെ വില്ലനെയാണ് ഓർമവന്നത്. വൈറ്റ് ആൻഡ് വൈറ്റ് സഫാരിസ്യൂട്ടിൽ കരിക്കട്ടപ്രമാണത്തിൽ കപ്പടാമീശ വിറപ്പിച്ച് നൂറ് കിലോയിൽ പണിക്കുറവു തീർന്നൊരു ഉരുപ്പടി.
ബാലൻസ് ഷീറ്റും കൈവശാവകാശ സർട്ടിഫിക്കറ്റും പഠിച്ച മൂന്നാൻ എന്നാ കൊടുക്കുമെന്നും, പണ്ടമായിട്ടെത്ര, ഡപ്പോസിറ്റായിട്ടെത്ര, കെട്ടിടവും ഫൂമിയുമെത്ര, കാർ ഏതിനം എന്നൊക്കെ ചർച്ചചെയ്തു.
‘‘അപ്പോ മൂന്നാനേ, അവര് പ്രണയിച്ചു നടക്കുന്നോരല്ലേ? ബെന്നിച്ചന് എന്നതാ പണി. ബി.എ കംപ്ലീറ്റ് ചെയ്യാത്തോന് ഭർത്താവുദ്യോഗമേ പറ്റത്തുള്ളൂ. ആട്ടേ, അവന് ഞങ്ങള് ലുലുമാള് എഴുതിക്കൊടുക്കണോ?’’
ഹോർമിസിന്റെ ദേഷ്യം തണുപ്പിക്കാൻ മൂന്നാൻ മറ്റൊരു കൊളുത്തിട്ടു: ‘‘പാലാക്കാരൻ പ്ലാന്റർക്ക് ഒരു മിനിമം ഡിമാന്റൊക്കെ കാണൂലോ. സാറ് ഗൾഫ് റിട്ടേണല്ലേ. സാറിനറിയാലോ ഇപ്പോഴത്തെ മാർക്കറ്റ് റേറ്റ്.’’
പോകാൻ നേരത്ത് മൂന്നാൻ മുന്നിലെത്തി ഫീസും കാറിന്റെ വാടകയും ചോദിച്ചു.
‘‘ഞങ്ങള് പറഞ്ഞിട്ട് വന്നതല്ലല്ലോ. സ്ഥലം കാലിയാക്കി പോകാൻ നോക്ക് മൂന്നാനേ.’’
ഹോർമിസിനെ തണുപ്പിക്കാൻ മൂന്നാൻ പറഞ്ഞു:
‘‘ഫൈവ് തൗസന്റാണ് എന്റെ ഫീസ്. സാറൊരു ടൂ തൗസന്റ് തന്നാട്ട്.’’
ചൂലെടുക്കുമെന്നു പേടിച്ചതുകൊണ്ടാവാം മൂന്നാൻ ഡയറിയും കക്ഷത്തിലൊതുക്കി കാറിൽ കയറി.
‘‘എന്തേലും കൊടുക്കാരുന്നു. മൂന്നാക്കാരന്മാരെ പിണക്കിവിടുന്നത് അത്ര പന്തിയല്ല.’’ സൂസന്നയുടെ ഒപ്പാരി.
മൂന്നാൻ തിരിച്ചുചെന്നപ്പോൾ ബെന്നിച്ചന്റെ കാഞ്ഞിരപ്പള്ളിക്കാരിയായ അമ്മ അക്കാമ്മയുടെ ഫോൺകാൾ. ഫോൺ ഹോർമിസിന് കൈമാറി സൂസന്ന.
‘‘എന്തേലും കൊടുക്കുന്നേൽ പിന്നെയാക്കണ്ട. അതുകൊണ്ടാ ഇടനിലക്കാരനെ വിട്ടത്. അപ്പഴേ. ഹോർമിസ് സഹോദരാ. പിന്നീട് കൊടുക്കാൻ നിങ്ങക്ക് പരിപാടിയുണ്ടേൽ ഓക്കെ. നിജമറിയാൻ ചോദിക്കുവാ. നിങ്ങക്കെത്ര ഫൂമിയുണ്ട്?’’
‘‘ഒരുപാട് വിയർത്ത് എനിക്കുള്ള ഫൂമിയിൽ കൊത്തിക്കിളച്ചാ രണ്ടെണ്ണമുണ്ടായേ. സൂസന്നേടെ കവലേലുള്ളതിൽ...’’
ഫോൺ കട്ടുചെയ്തു ഹോർമിസ്. സൂസന്ന മനസ്സറിഞ്ഞ് ചിരിച്ചു. അന്നത് ഫോണിൽ റെേക്കാഡ് ചെയ്ത് ചിരിക്കാനായി പലവട്ടം കേട്ടു. കേട്ടവരൊക്കെ ചിരിച്ച് മണ്ണുകപ്പി.
പിന്നീട് എല്ലാം വഴിക്കുവഴി വന്നടുത്തുവെന്ന് ഹോർമിസ് ഓർത്തെടുത്തു. അമ്മായിയമ്മപ്പോരിന് പഴുതു നൽകാത്ത വിധം റൂബി റോമിലേക്ക് ചേക്കേറി. മൂന്നുമാസം കഴിഞ്ഞപ്പോൾ അവളുടെ വാലിൽതൂങ്ങി ബെന്നിച്ചനും സ്ഥലംവിട്ടു. അടുക്കള കാണൽച്ചടങ്ങും പള്ളകാണലും മരുമോളുടെ വീട്ടിലെ പത്തുകൂട്ടം പലഹാരവും തിന്നാനാവാതെ അക്കാമ്മയുടെ പല്ല് മരവിച്ചു.
എല്ലാ പെണ്ണുങ്ങളെയുംപോലെ ഭർത്താവ് പറയുന്നതിനൊന്നും കാതുകൊടുക്കുക റൂബിയുടെ ശീലമല്ലാത്തതുകൊണ്ട് വാക്കുകൾ വായുവിലേക്കു തൊടുക്കുകയാണ് ബെന്നിച്ചൻ.
‘‘മിലാനിൽ എമ്പിടിപ്പേര് മരിച്ചിട്ടൊണ്ട്. ഞാൻ നോക്ക്യാരുന്ന ഫാബ്രിയും മരിച്ചു.’’
ഫാബ്രിയുടെ മകനയച്ച മെസേജ് വായിച്ച് ബെന്നിച്ചൻ പറഞ്ഞു.
‘‘ഇറ്റാലിയൻ പഠിച്ചത് വെറുതെയാവില്ല. നിനക്ക് റോമിലേക്കു മാറാം.’’
റൂബിയുടെ ആശ്വാസവചനത്തിലുള്ള പുച്ഛം ‘നീ’ വിളിയിലുണ്ടെന്ന് ഹോർമിസിന് തോന്നി.
‘‘വയസ്സായോരൊക്കെ വടിയായാൽ നമുക്കവിടേക്ക് പോകേണ്ടിവരില്ല.’’
ബെന്നിച്ചൻ ആരോടെന്നില്ലാതെ പറഞ്ഞു.
കമ്പ്യൂട്ടർ ഗെയിമിൽനിന്ന് വിരലിന് ആയാസമുണ്ടാവാൻ രണ്ടു മൂരിക്കുട്ടന്മാരും തന്തയുടെ തലയിൽ തോട്ടിവലിച്ച് രസിച്ചു. തലയിലെ ഈരും താരനും കുത്തിമറിച്ചിട്ട കടിക്ക് ആശ്വാസമായതുകൊണ്ടാവാം ബെന്നിച്ചൻ കാക്കക്കടി മാറ്റുന്ന പോത്തിന്റെ മട്ടിൽ തലകുനിച്ചിരുന്നു.
കാനഡയിൽനിന്നാണ് മകനെന്ന വരന്റെ എഴുന്നള്ളത്ത്. പിറ്റേന്ന് അവൻ വന്നിറങ്ങിയ എയർപോർട്ടിനു താഴുവീണു. മാനിക്യൂറും പെഡിക്യൂറും കഴിഞ്ഞ് ഗ്രൂംസ് മേക്കപ്പ് ഇന്ന് രാവിലെയാണ് തുടങ്ങുന്നത്. മാസ്ക് വെച്ച ഒരു മേക്കപ്പ്മാൻ വന്ന് കാളിങ്ബെല്ലിൽ കിന്നരിച്ചു. ലോക്ഡൗൺ വന്നേപ്പിന്നെ ആരുമതിൽ തൊട്ടിട്ടില്ല. ബെല്ലിന്റെ കിളിപ്പേച്ചുതന്നെ മറന്നുപോയിരിക്കുന്നു.
ഹാളിലൊരുവശത്ത് കസേരയിട്ട് ഹോർമിസിനെ അങ്ങോട്ട് ആനയിച്ചു മേക്കപ്പ്മാൻ. റേഷൻകടയിൽനിന്ന് കിട്ടിയ കിറ്റിലെ രണ്ടു മാസ്കുകളിലൊരെണ്ണമാണ് ബ്യൂട്ടീഷന്റെ മുഖകവചം. കള്ള് അരിക്കാൻ പാകത്തിലുള്ള ഒറ്റ ലെയർ കള്ളിത്തുണി. സാനിറ്റൈസറിന്റെ വെടക്കുമണത്തിൽ മുങ്ങിത്തോർത്തിയ മേക്കപ്പ്മാന്റെ മാനറിസവും സൗണ്ടും പക്ഷേ, വുമണിന്റേതാണ്. മയിലാട്ടം നടത്തുന്ന പോണിടെയിൽ കെട്ടിയ മുടിയും ഒറ്റക്കാതിലെ സ്റ്റീൽ സ്റ്റഡും ചേരുംപടി ചേരുന്നുണ്ട് അവന്.
കൊഞ്ചിക്കുഴഞ്ഞ് മേക്കപ്പ്മാന്റെ പെണ്ണൊച്ചപോലത്തെ പതിഞ്ഞസ്വരം:
‘‘ഡാഡിക്ക് ഫേഷ്യൽ ചെയ്യണമെന്ന് മണവാളൻ പറഞ്ഞു. പേളിനേക്കാൾ ഈ മുഖത്തിന് ചേർച്ച ഗോൾഡാണ്.’’
അമ്പരപ്പോടെ ഹോർമിസ് ഗോൾഡ് ഫേഷ്യൽ എന്ന വാക്ക് ആവർത്തിച്ച് ഏത്തമിടുംപോലെ ഉരുവിട്ടു.
‘‘ആ... ചത്താലും ചമഞ്ഞ് കെടക്കണോല്ലോ. അറുപത് കഴിഞ്ഞു. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ.’’
ഹോർമിസ് പിറുപിറുത്തു.
‘‘വിഗ്ഗുംകൊണ്ട് വന്നിട്ടുണ്ട്.’’
മേക്കപ്പ്മാൻ മൊഴിഞ്ഞു. തലയുടെ കുഞ്ചിയിലുള്ള ഇത്തിരി പൂടയിൽ വിരലോടിച്ചു ഹോർമിസ്.
െത്രഡ് വർക്ക് കഴിഞ്ഞ് മൂന്ന് സാരിയുമായി എത്തിയ സൂസന്ന നിർബന്ധിച്ച് ഹോർമിസിനെ കസേരയിലിരുത്തി. പൊതിയാത്തേങ്ങ പോലുള്ള തല തടവി വെട്ടിവെച്ച തലപോലുള്ള വിഗ് നോക്കി പുഞ്ചിരിച്ചു അയാൾ.
‘‘എന്റെ പൊന്നേ. ഒരു ശേലൊക്കെ വേണ്ടേ, നല്ലൊരു ദിവസായിട്ട്.’’
സൂസന്നയുടെ ഒപ്പാരി.
വിഗ് പുറത്തെടുത്തപ്പോൾ നനഞ്ഞ വെടിമരുന്നിന്റെ വാട മുറിയിലാകെ സാറ്റു കളിച്ചു. കൊറോണ കവർന്ന ഹോർമിസിന്റെ ഘ്രാണവരം നഷ്ടപ്പെട്ടതിന് ദൈവത്തിനു മഹത്ത്വം പറഞ്ഞു മേക്കപ്പ്മാൻ. അല്ലെങ്കിൽ അനസ്തേഷ്യ കൊടുത്തപോലെ കിറുങ്ങിവീഴുമായിരുന്നുവെന്ന് അവനോർത്തു. ഒട്ടിയ കവിളിൽ താളംപിടിച്ച് പൂക്കളുടെ മണമുള്ള പലതരം ലേപനങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി തേച്ചുപിടിപ്പിച്ചു. ഫ്രിഡ്ജിൽനിന്ന് ഹിമപാളികളെടുത്ത് കോട്ടൺ തുണിയിൽ പൊതിഞ്ഞ് കവിളിൽ വൃത്താകൃതിയിൽ ചിത്രലിപി വരച്ചുകൊണ്ടിരുന്നു. കണ്ണടച്ചൊരു പൂച്ചയുറക്കം കഴിഞ്ഞപ്പോൾ ചാറ്റൽമഴ നനഞ്ഞപോലെ കുടുകുടാ വിയർത്തു. പനിക്കോളിൽ തല മരവിക്കുന്നു.
കണ്ണാടിയിലെ പ്രതിബിംബം തങ്കഭസ്മത്തിലാറാടിയത് കൺപാർത്ത് കണ്ണുകളടച്ചു ഹോർമിസ്. ഈജിപ്തിലെ കൈറോ മ്യൂസിയത്തിലെ തുത്തൻകാമൻ എന്ന ഫറവോന്റെ സ്വർണ മുഖംമൂടിയെക്കുറിച്ച് ഓർത്തപ്പോൾ അയാൾക്ക് ഉള്ളിൽ ചിരിപൊട്ടി. കൊട്ടിപ്പാടി താളംപിടിക്കൽ കഴിഞ്ഞപ്പോൾ മുഖത്ത് കാന്താരിമുളക് അരച്ചുതേച്ചതുപോലെ നീറ്റൽ. മുണ്ടിനീര് വന്നപോലുള്ള കഴുത്തിന്റെ ചേർപ്പ് തപ്പിനോക്കി. ഇനി മരപ്പട്ടിയുടെ നിറമുള്ള കോട്ടിൽ കയറിപ്പറ്റി കുതിരക്കു കെട്ടുന്ന മുഖപ്പട്ടപോലുള്ള ടൈ കൂടി കെട്ടിക്കഴിയുമ്പോൾ കോമാളിവേഷം പൂർത്തിയാകുന്നു.
‘‘കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റിത്തരാം. സാറ് പാർലറിലോട്ട് വന്നേച്ചാൽ മതി.’’
ബ്യൂട്ടീഷൻ മൊഴിഞ്ഞു. മാനസിക സമ്മർദവും ഉറക്കമില്ലായ്മയുമാണ് കറുപ്പിന് കാരണമെന്നും തൊലിപ്പുറത്തെ തൊട്ടുപുരട്ടലും തൊലിപൊളിക്കലുമൊന്നും അതിനു പരിഹാരമല്ലെന്നും അറിയാവുന്നതുകൊണ്ട് മൂളലിലൊതുക്കി.
‘‘ഒരുക്കം കഴിഞ്ഞില്ലേ. പന്ത്രണ്ടേയഞ്ചിനാ കെട്ട്. പതിനൊന്നരയ്ക്കിറങ്ങണം. വിഗ് വച്ചപ്പോ നിങ്ങടെ പഴയ ഗ്ലാമർ തിരിച്ചുവന്നല്ലോ.’’
നടകൾ ആയാസപ്പെട്ട് കയറിവന്ന സൂസന്നയുടെ വക സുഖിപ്പിക്കൽ ഹോർമിസിന് അരോചകമായിത്തോന്നി.
കൺമുന്നിൽ നാല് ചെക്ക്ലീഫുകൾ നിഴലാട്ടം നടത്തുന്നു. രണ്ട് ബാങ്കുകളിൽനിന്ന് തുക പിൻവലിക്കാനുള്ള ചെക്കും പേനയും മുന്നിൽ ഊഞ്ഞാലാട്ടം നടത്തുന്നു.
‘‘നോട്ട് നിരോധനം വന്നോണ്ട് ആകെ ഗുലുമാലായി. എല്ലാർക്കും ചെക്ക് മതീന്നാ... കാറ്ററിങ്ങുകാർക്ക് കൊടുക്കേണ്ടേ. ഇതിലൊക്കെ ഒപ്പിട്ട് തന്നേ. ചേട്ടൻ അഡ്മിറ്റായാൽ ഒന്നും നടക്കില്ലല്ലോ.’’
സൂസന്നയുടെ പുഞ്ചിരിക്കുന്ന മുഖം ഹൈമാസ്റ്റ് ലൈറ്റ്പോലെ തിളങ്ങുന്നു. ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു മേടിക്കുക. തന്നെ കുത്തുപാളയെടുപ്പിക്കാനുള്ള കളിയാണതെന്ന് അയാൾക്കറിയാമെങ്കിലും പേനവാങ്ങി ചാപ്പകുത്തി. മാസ്ക് വെക്കുന്ന മുഖത്തിന് മേക്കപ്പൊരു പാഴ്വേലയാണെന്നു ചിന്തിച്ച് ഒരു കുപ്പി തണുത്ത വെള്ളം കുടിച്ച് കിടപ്പുമുറിയിലേക്കു കടന്നു ഹോർമിസ്.
അമ്പതു പേരുടെ കൂടിച്ചേരലും സദ്യയും. മുമ്പ് ഏൽപിച്ചിരുന്നത് ആയിരത്തിയഞ്ഞൂറ് പേരുടെ തീനും കുടിയും. എണ്ണം ചുരുക്കിയപ്പോൾ കാറ്ററിങ്ങുകാർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നു പറഞ്ഞു. തർക്കത്തിനൊടുവിൽ അമ്പതിനായിരം രൂപ അഡ്വാൻസ് കൊടുത്തത് കട്ടപ്പൊക. അവർ സാധനങ്ങളൊക്കെ സംഘടിപ്പിച്ചുവെന്ന് തർക്കിച്ചു. ഒടുവിൽ ഒരു സാദാ ഹോട്ടലുകാരുടെ കാലിൽപിടിച്ച് എണ്ണം അമ്പതിലൊതുക്കിയപ്പോൾ ഇരുപത്തി അയ്യായിരത്തിലൊതുങ്ങി. വലിയ ഹാളിൽ അമ്പതുപേർ പള്ളിയകത്ത് ഈച്ച പോയപോലെയാകുമെന്നും ഒരു ഗുമ്മും ഉണ്ടാവില്ലെന്നും വിലപിച്ചുകൊണ്ടിരുന്നു സൂസന്ന.
വിജനമായ നടപ്പാതയിലൂടെ തലതാഴ്ത്തി നടന്നുപോകുന്ന മുഖംമൂടികൾ. പള്ളിയിലേക്ക് കയറുമ്പോൾ വേച്ചുപോകുന്ന ഹോർമിസിനെ ൈഡ്രവറുടെ കൈ ചുമടുതാങ്ങിയാക്കി. മാസ്കിന്റെ വേലി പൊട്ടിച്ച് വികാരിയുടെ ഗ്രന്ഥവായന. വാഴ്വിന് അകമ്പടിയായി പള്ളിമണിയുടെ വിലാപസ്വരം.
താലികെട്ടു കഴിഞ്ഞപ്പോൾ കണ്ണിൽ ഇരുട്ട് കയറി. കോട്ടിനകത്ത് പനിക്കോള് കടുക് വറക്കുന്നു. കുടുകുടാ വിയർപ്പിൽ ടൈ കുതിർന്നു. ഷുഗർ ലെവൽ താഴ്ന്നതാവാമെന്നു കരുതി ഒരു ചോക്ലേറ്റ് ബാറെടുത്ത് തൊലിപൊളിച്ച് വെട്ടിവിഴുങ്ങി. വികാരി തുറിച്ചുനോക്കി തുപ്പലിറക്കുന്നതു കണ്ടപ്പോൾ കണ്ണുകളടച്ചു ഹോർമിസ്. കിതച്ചുകൊണ്ട് നടക്കാനാഞ്ഞ ഹോർമിസ് കാറ്റത്ത് കടപുഴകിമറിഞ്ഞ പാഴ്മരംപോലെ നിലംപൊത്തി. വികാരി പ്രാർഥന നിർത്തി മാസ്ക് കയറ്റിവെച്ച് അയാളെ തുറിച്ചുനോക്കി. വായിൽനിന്ന് നുരകുത്തി പതകുത്തി ചോക്ലേറ്റിന്റെ നീരൊലിച്ചു. അയാളെ താങ്ങിപ്പിടിച്ച് കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചു ഡ്രൈവർ. പരിശോധനയിൽ കൊറോണ വെളിച്ചപ്പെട്ടു. റൂട്ട്മാപ്പും ക്വാറൈന്റനും പറയടിച്ചു. പള്ളിയടപ്പിച്ച് വാതിലിനലങ്കാരമായി ആമത്താഴ് പതക്കം കെട്ടി. കുർബാന വിലക്കി.
‘‘ഇനിയെല്ലാം ഓൺലൈനിൽ. ദൈവം മൊബൈലിൽ കുടിയിരിക്കുന്നു.’’
ഹോർമിസിനോട് ൈഡ്രവർ പറഞ്ഞു.
ഹോർമിസ് കിടന്ന ഐ.സി.യുവിലേക്ക് ആരും എത്തിനോക്കിയില്ല. വല്ലപ്പോഴും മുഖം കാണിക്കുന്ന മെയിൽ നഴ്സിന്റെ ഒച്ച അയാൾ കേട്ടതേയില്ല. മിന്നിമറയുന്ന മരണവാർത്തകളും സൂസന്നയും പുതുമണവാട്ടിയും ആശുപത്രിവാസത്തിലായതും കല്യാണവീട്ടിൽ കൊറോണ അരങ്ങു തകർത്താടിയതും അയാളോട് ആരും പറഞ്ഞില്ല.
വികാരിയെയാണ് കൊറോണ ചാപ്പകുത്തി എതിരേറ്റത്. ഹോർമിസിനെ ഡിസ്ചാർജ് ചെയ്തപ്പോൾ തുരിശുനിറമുള്ള കവചത്തിൽ പൊതിഞ്ഞ ജഡങ്ങൾ ആംബുലൻസിൽ കയറ്റുന്നതു കണ്ടു. കാറിൽ കയറാൻ ഡ്രൈവർ അയാളെ താങ്ങിപ്പിടിച്ചു.
‘‘സാറേ. അങ്ങോട്ടടുക്കണ്ട. വികാരി അച്ചന്റേം സൂസന്ന മാഡത്തിന്റേതുമാണത്. വീട്ടിലേയ്ക്കോ പള്ളിയിലേയ്ക്കോ അല്ല. നേരെ ചുടുകാട്ടിലേയ്ക്ക്. പണ്ടാരച്ചവമടക്കുന്ന മൂപ്പൻ പറമ്പിൽ പത്തടി ആഴത്തിൽ ബ്ലീച്ചിങ് പൗഡറിൽ പൊതിഞ്ഞ് അതടക്കും.’’ ൈഡ്രവർ പറഞ്ഞു.
വീട് ശ്മശാന മൗനത്തിലാണെന്ന് ഹോർമിസ് കണ്ടു. മക്കളും മരുമക്കളും ഹോട്ടലിലേക്ക് മാറിയെന്ന് താക്കോൽ ഏൽപിക്കുമ്പോൾ ൈഡ്രവർ പറഞ്ഞു. വരാന്തയിൽ കാറ്റ് ചിക്കിയിട്ട ബ്ലീച്ചിങ് പൗഡർ. ചുമരിൽ ചിത്രമായ സൂസന്നയുടെ പുഞ്ചിരിക്കുന്ന പസ്കിക്കു താഴെ മിന്നിത്തെളിയുന്ന കെടാവിളക്ക്. ചിത്രത്തിൽ ചാർത്തിയ ജമന്തിപ്പൂമാലയിൽനിന്ന് ഉണക്കുപിടിച്ച പൂക്കൾ ഹാളിലാകെ കൊഴിഞ്ഞുകിടക്കുന്നു. നിലക്കാത്ത ഫോൺവിളികൾ ആരുടേതെന്ന് നോക്കാതെ അയാളത് ഓഫാക്കി.
സൂസന്ന എന്നോ പറഞ്ഞത് കാതിൽ മുഴക്കമായി.
‘‘ചേട്ടൻ മുമ്പ് മരിക്കുന്നതാ നല്ലത്. ആണുങ്ങൾക്ക് പിടിച്ചുനിൽക്കാൻ പാടാ. പെണ്ണുങ്ങൾ മക്കളോട് പൊരുത്തപ്പെട്ട് എങ്ങനേയും പെഴച്ചുപൊക്കോളും.’’
സ്വാർഥ താൽപര്യംകൊണ്ടാണ് അവൾ അന്നത് പറഞ്ഞതെങ്കിലും അതിൽ കാര്യമുണ്ടെന്നു തോന്നി.
പതിനഞ്ച് ദിവസങ്ങൾക്കു ശേഷം വളർന്നു പെരുകിയ നരച്ച താടി വടിച്ചുകളയാമെന്നു കരുതി കുളിമുറിയിൽ കയറിയപ്പോഴാണ് പെയിന്റടർന്നപോലെ നെറ്റിയിലും കണ്ണിനു താഴെയും തങ്കനിറം തിളക്കമാർന്നത്. വെളിച്ചെണ്ണ തേച്ചുപിടിപ്പിച്ച് ഗോൾഡ് ഫേഷ്യൽ ഉരച്ചുകളയുമ്പോൾ താടിവടിക്കേണ്ടെന്ന തീരുമാനത്തിൽ നിരത്തിലേക്കിറങ്ങി. നിർജനമാർന്ന റോഡിലൂടെ കട്ടുറുമ്പിന്റെ നിറമുള്ള മുഖകവചമണിഞ്ഞ് നടന്നുപോകുന്ന അയാളെ ആരും തിരിച്ചറിഞ്ഞില്ല. ഒപ്പിട്ടുനൽകിയ നാല് ചെക്ക്ലീഫുകളും ആശുപത്രിക്കാരുടെ അക്കൗണ്ടിലേക്ക് ഒഴുകി മിനിമം ബാലൻസായിത്തീർന്നത് അറിഞ്ഞപ്പോൾ പമ്പരംപോലെ തല കറങ്ങുന്നതായി തോന്നി ഹോർമിസിന്.
സമ്പാദിച്ചതൊക്കെ മക്കൾക്കുവേണ്ടി ചെലവിട്ട് അവരെ വിദേശങ്ങളിലേക്ക് അയക്കുന്ന മാതാപിതാക്കളുടെ ഗതിയോർത്തപ്പോൾ ഹോർമിസിന് നടുക്കം തോന്നി. കുട്ടികളെ നോക്കാനെന്ന പേരിൽ രണ്ടുവട്ടം വിദേശത്തുപോയെങ്കിലും മുറിയിൽനിന്ന് പുറത്തിറങ്ങാനായിട്ടില്ല. റോമിലെത്തിയപ്പോൾ മാർപാപ്പയുടെ കുർബാനയിലൊതുക്കി കാഴ്ചകൾ. സൂസന്ന അവിടെ പിന്നെയും നാലുമാസം ചെലവഴിച്ചു. ഒറ്റപ്പെടലിന്റെ നോവിൽ സമനില തെറ്റിയിരുന്നു. അകലെയുള്ള മക്കളെ മാതാപിതാക്കൾക്ക് നഷ്ടപ്പെടുന്ന സത്യം ഉൾക്കൊണ്ടപ്പോൾ വയസ്സ് കടന്നുപോയിരുന്നു. ആൺകുട്ടി പിറന്നപ്പോൾ തറവാടിന്റെ പേര് നിലനിർത്താനാവുമെന്നു വീമ്പിളക്കിയതൊക്കെ ആകാശത്ത് വരച്ചപോലെയാകുന്നു.
സൂസന്നയെ അടക്കിയ മൂപ്പൻപറമ്പിലേക്ക് വണ്ടിയോടിച്ചു പോകുമ്പോൾ ൈഡ്രവർ പറഞ്ഞു:
‘‘സാറവിടെ ചെന്നിട്ട് എന്തുചെയ്യാനാ. അവിടെ ഏത് കുഴി ആരുടേതെന്ന് എങ്ങനെ കണ്ടുപിടിക്കാനാ?’’
ൈഡ്രവർ വണ്ടിയിൽതന്നെ ഇരുന്നു. അവൻ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്. മതിൽക്കെട്ടിനകത്ത് ഭൂമി കുഴിക്കുന്ന ജേസീബിയുടെ അലർച്ച. മഞ്ഞനിറമുള്ള അതിന്റെ നീരാളിക്കയ്യ് മണ്ണെടുത്ത് ആകാശത്തേക്കുയർത്തി. കിതച്ചുകൊണ്ട് കുന്നുകയറി അയാൾ അകത്ത് പൂട്ടി താഴിട്ട ഇരുമ്പ് ഗേറ്റിനരികിലെത്തി. അകത്ത് പലയിടങ്ങളിലും ഇഷ്ടികച്ചൂളപോലെ എരിയുന്ന ഹോമകുണ്ഡം. കാറ്റിനോടൊപ്പം ചേരുന്ന ദുർഗന്ധത്തിൽ കുളിച്ച കറുത്ത പുക ആകാശത്തേക്ക് കയറിപ്പോകുന്നു.
വാർന്നെടുത്ത ഇറച്ചി ബാർബിക്യൂ ചെയ്യുന്ന തെരുവിലകപ്പെട്ടതായി അയാൾക്ക് തോന്നി. ഒരു കരിങ്കൽച്ചീളെടുത്ത് ഗേറ്റിൽ കൊട്ടി ഒച്ച കേൾപ്പിച്ചു. തിരിച്ചുപോരാൻ നടകളിറങ്ങുമ്പോൾ തുരുമ്പ് പോരാടിജയിച്ച ഗേറ്റിന്റെ കുറ്റി തൊള്ളതുറന്നു. തല മാത്രം പുറത്തേക്കിട്ട് കാവൽ അയാളെ തുറിച്ചുനോക്കി. ബ്ലീച്ചിങ് പൗഡറിന്റെ വാട അവിടെ ചുറ്റിയടിച്ചു.
‘‘ആരാ... എന്താ കാര്യം?’’
കറുത്ത മുഖാവരണം താഴ്ത്തിവെച്ച് കാവൽ ചോദിച്ചു.
‘‘ഒരു കാര്യമറിയാനാണ് വന്നത്. രണ്ടാഴ്ചമുമ്പ് അടക്കിയ ഒരു ബോഡിയെക്കുറിച്ച്...’’
‘‘ഇവിടെ കെട്ടിപ്പൊതിഞ്ഞ ശവംകയറ്റിയ ആംബുലൻസുകൾ മാത്രമേ വരാറുള്ളൂ. ആരും മരിച്ചവരെക്കുറിച്ച് അന്വേഷിച്ചുവരാറില്ല.’’
‘‘എന്റെ ഭാര്യയെ അടക്കിയ കുഴികാണാനാണ് വന്നത്. ഇവിടെയതിന്റെ രേഖകൾ കാണുമല്ലോ?’’
‘‘ആരെ എവിടെ കുഴിച്ചിട്ടുവെന്ന് ആർക്കറിയാം. എല്ലാരും ഈ കുന്നിൽതന്നെ കിടപ്പുണ്ട്. പത്തടി താഴ്ചയിൽ. ഞാൻ ഇന്നലെയാണ് ഇവിടെ വന്നത്.’’
അഴിച്ച് തോളിലിട്ട തോർത്ത് കുടഞ്ഞ് തലയിൽ കെട്ടി നിലത്തു തുപ്പിക്കൊണ്ട് ആമയെപ്പോലെ തല അകത്തേക്കിട്ടു കാവൽ.
‘‘അപ്പോൾ മുമ്പിരുന്ന ശവമടക്കുകാരനോ. അയാളെവിടെ?’’
‘‘എനിക്കാരുടെയും പേരറിയില്ല. അയാളെ ഞാനാണ് കുഴിച്ചിട്ടത്. ഇന്നലെ. കൊറോണ ദൈവത്തെപ്പോലും കുഴിയിലിട്ട് മൂടും. പിന്നെയാണോ ഒരു ചുടല കാവൽക്കാരൻ.’’
അട്ടഹസിച്ചുകൊണ്ട് ഗേറ്റ് ചാരി അകത്ത് താഴിട്ടു കാവൽ. ഒറ്റക്കയ്യൻ രാക്ഷസനെപ്പോലെ കുഴിവെട്ടുന്ന ജേസീബിയുടെ മുരൾച്ച കുന്നിൽ മുഴക്കമായി.
വേഗത കുറച്ച് സഞ്ചരിക്കുന്ന കാറിലിരുന്ന് മയങ്ങി. വീട് വിൽപനക്ക് എന്നെഴുതിവെച്ച ഒരു ബോർഡ് കൺമുന്നിൽ തൂങ്ങിയാടുന്നതും, റിട്ടയർമെന്റ് ഹോമിലേക്കു നടന്നുകയറുന്നതും തിരിച്ചറിഞ്ഞപ്പോൾ കണ്ണുതുറന്നു ഹോർമിസ്.
l