ഇലങ്ക
വിചിത്രമായ എടുപ്പുകളും ഉടലില്‍ കനത്തുകിടക്കുന്ന പൗരാണിക ശിൽപവേലകളും ആ വന്‍ സൗധത്തെ വീട് എന്ന സങ്കൽപത്തില്നിന്ന് മാറ്റിനിര്‍ത്തി. കെട്ടുകഥകളിലെ നിഗൂഢ മാന്ത്രിക കൊട്ടാരങ്ങളോടായിരുന്നു അതിനേറെ സാമ്യം. എപ്പോള്‍ കാണുമ്പോഴും എന്തെങ്കിലും പുതുമ കാട്ടിത്തന്ന് വിസ്മയിപ്പിക്കുന്ന ഒരു മന്ത്രവാദിത്തരം ആ വീടിനുണ്ടായിരുന്നു. ഇത്തരം വീട് വെക്കുന്നവര്‍ക്ക് പുറമേക്ക് മാന്യമായതും അടിയാഴങ്ങളില്‍ കള്ളക്കടത്തുമായിരിക്കും തൊഴിലെന്ന് ചിലരൊക്കെ...
Your Subscription Supports Independent Journalism
View Plansവിചിത്രമായ എടുപ്പുകളും ഉടലില്‍ കനത്തുകിടക്കുന്ന പൗരാണിക ശിൽപവേലകളും ആ വന്‍ സൗധത്തെ വീട് എന്ന സങ്കൽപത്തില്നിന്ന് മാറ്റിനിര്‍ത്തി. കെട്ടുകഥകളിലെ നിഗൂഢ മാന്ത്രിക കൊട്ടാരങ്ങളോടായിരുന്നു അതിനേറെ സാമ്യം. എപ്പോള്‍ കാണുമ്പോഴും എന്തെങ്കിലും പുതുമ കാട്ടിത്തന്ന് വിസ്മയിപ്പിക്കുന്ന ഒരു മന്ത്രവാദിത്തരം ആ വീടിനുണ്ടായിരുന്നു.
ഇത്തരം വീട് വെക്കുന്നവര്‍ക്ക് പുറമേക്ക് മാന്യമായതും അടിയാഴങ്ങളില്‍ കള്ളക്കടത്തുമായിരിക്കും തൊഴിലെന്ന് ചിലരൊക്കെ സ്വയം സമാധാനപ്പെട്ടു. അത്തരക്കാരെ കാണുന്നതും അവരുടെയാ പറച്ചില് കേള്‍ക്കുന്നതും വിശ്വേട്ടന് സങ്കടാണ്. കാരണം, അത് ഭദ്രന്റെ വീടാണ്. ഭദ്രന് വിശ്വേട്ടന്റെ സ്വന്തവും.
ഇരുപത്തിയഞ്ചാം വയസ്സില്‍ നാടുവിട്ടശേഷം ഈ മുപ്പത് വര്‍ഷക്കാലവും നാട്ടില്‍ കാലുകുത്താത്ത ഭദ്രന്റെ പേര് ദിവസവും ആരുടെയെങ്കിലുമൊക്കെ നാവില്നിന്നാ വീട് വീഴ്ത്തിക്കൊണ്ടിരുന്നു.
എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഞാനാ വീടിന്റെ മുന്നിലൂടെ ദിവസവും ഒന്ന് നടക്കും. ചിലപ്പോള്‍ വിശ്വേട്ടനും കാണും കൂടെ. അധികനേരം ഗേറ്റിനു മുന്നില്‍ നോക്കിനിന്നാല്‍ കാവല്ക്കാരന് അയാളുടെ കൂട് തുറന്നിറങ്ങി വരും. ആ മംഗോളിയന്‍ വംശജന്റെ കണ്ണില്‍ ജന്മങ്ങളായി ജീനിൽ ഒളിച്ചുകടത്തിപ്പോരുന്ന ക്രൂരത ഇരദാഹം പൂണ്ട് വന്യമായി മിന്നും. കാണുന്നവന്റെ ഉള്ള് കിടുങ്ങും.
അയാളുടെ കൊഴുപ്പടിയാത്ത ദൃഢശരീരവും പഗ്ഗിന്റെ ഛായയുള്ള മുഖവും നോക്കി വിശ്വേട്ടന് പറയും. ഈ സൈസ് ഒന്ന്ണ്ടായാ പിന്നെ നായി വേറെ വേണ്ട.
ഒരിക്കല്‍ വിശ്വേട്ടന്റെ മോന് ഒരു തമാശിന് കോട്ടവാതില്‍ പോലുള്ള ഗേറ്റില്‍ പറ്റിപ്പിടിച്ച് കയറാന്‍ നോക്കിയതും കാവല്ക്കാരന് പാഞ്ഞുവന്ന് ചെക്കനെ തൂക്കിയൊരേറ്. അന്ന് രാത്രി കള്ളും കുടിച്ച് വിശ്വേട്ടന് ആ വീടിന് മുന്നില്‍ വന്നുനിന്ന് വിളിച്ച തെറികളിലൊന്നും ഭദ്രന്റെ പേരില്ലായിരുന്നു. തനിയെ മുളച്ചുപൊന്തിയ അഹങ്കാരിയും മഹാ ചെറ്റയുമായ ഒരു വീടിനോടായിരുന്നു വിശ്വേട്ടന്റെ കലഹമത്രയും.
ആ വീടിന്റെ പേരും വിചിത്രമായിരുന്നു. ഇലങ്ക. രാവണന്റെ രാജധാനി. ഇന്നുവരെ ആ വീട്ടില്‍ കാലുകുത്താത്തവന് മുപ്പത് വര്‍ഷ ദൂരത്തിരുന്ന് ഇട്ട പേര് എനിക്കിഷ്ടമായി. ഭാഷകൊണ്ടും ആശയംകൊണ്ടും വേറിട്ടുനില്‍ക്കുന്ന കഥയോ കവിതയോ വായിക്കുന്ന തൃപ്തിയുണ്ടാ വീടും പേരും കാണുമ്പോള്‍.
പ്രതാപം നശിച്ച വലിയാത്ര തറവാട്ടുകാരില്നിന്നും ഭദ്രന്റെ ബിനാമി വാങ്ങിയ വൃക്ഷനിബിഡവും വിശാലവുമായ പറമ്പിനു നടുവില്‍ ആ രാവണൻകോട്ട അതിന്റെ പൗരാണിക ഛായയുമായി ദീപപ്രഭയില്നില്ക്കുന്നത് രാത്രിയില്‍ ഒരു കാഴ്ചതന്നെയാണ്.
വായിച്ച കഥകളിലെയും കണ്ട സിനിമകളിലെയും നായകവേഷത്തില്‍ ദിവാസ്വപ്നത്തില്‍ അഭിരമിച്ചു നടക്കുന്ന ഞാന്‍ വിശ്വേട്ടന് പ്ലംബിങ് വര്‍ക്കിന് പോകുമ്പോള്‍ ഒരു കൈസഹായി എന്ന നിലയില്‍ ഒട്ടും പോരാത്തോനായിരുന്നു. എന്നാല്‍, വിശ്വേട്ടനിലെ കഥപറച്ചിലുകാരന് എന്നെക്കാള്‍ നല്ല ഒരു ശ്രോതാവിനെ കിട്ടാന്‍ പ്രയാസമായിരുന്നു. ആ ഒരൊറ്റ കാരണംകൊണ്ട് മാത്രമാണ് വിശ്വേട്ടന് കൈസഹായി എന്ന നിലയില്‍ ഇപ്പോഴും എന്നെ കൂടെക്കൊണ്ടു നടക്ക്ണത്.
വിശ്വേട്ടനാണ് എന്നില്‍ ഭദ്രനെ ആ പേരിനപ്പുറത്തേക്ക് വളര്‍ത്തിയത്.
തന്റെ ഉറ്റചങ്ങാതിയാണെങ്കിലും ആരാധനയുടെയും ബഹുമാനത്തിന്റെയും മുന്‍തൂക്കം കൊടുത്തേ വിശ്വേട്ടന് ഭദ്രനെപ്പറ്റി എന്തും പറയൂ. ഇപ്പോള്‍ നാടുമായി ബന്ധമില്ലാത്തവന് എന്ന് പഴികേള്‍ക്കുന്ന ഭദ്രന്തന്നെയായിരുന്നു ഒരുകാലത്ത് ഈ നാട് എന്നാല്‍! അസാധാരണമായ ആജ്ഞാശക്തിയും നേതൃത്വപാടവവും മെയ്ക്കരുത്തും ഭരണവർഗ സൗഹൃദങ്ങളും പാരമ്പര്യമഹിമയും ഭദ്രന്റെ ശബ്ദത്തെ എതിര്ശബ്ദമില്ലാതാക്കി മാറ്റി.
ഭദ്രന്റെ തീര്‍പ്പുകള്‍ ദുർബലര്‍ക്ക് ഒപ്പംനിന്നതിനാല് ശത്രുക്കളില്‍ മുമ്പനായ ചിറ്റേടത്ത് അയ്യപ്പന് ഭദ്രനെ നക്സലൈറ്റായി ചിത്രീകരിച്ച് രാത്രിയുറക്കത്തിനുമുമ്പ് പരാതിയെഴുതി കവറിലിട്ട ശേഷം പിന്നെയാ വലതു കൈപ്പത്തി അയ്യപ്പന് ഉപകാരപ്പെട്ടിട്ടില്ല. രാത്രികളിൽ പുഴയില്‍ തോട്ട പൊട്ടിച്ച് മീന്‍പിടിക്കുന്ന വിനോദം അയ്യപ്പനുണ്ടായിരുന്നത് ഭദ്രന് പറഞ്ഞുകൊടുത്തത് താനാണെന്ന് പറഞ്ഞുള്ള വിശ്വേട്ടന്റെ പിതുങ്ങിച്ചിരി കാണണം. ഭദ്രന് മനസ്സില്‍ കണ്ടത് താന്‍ മാനത്ത് കണ്ട ചിരിയാണത്.
ഭദ്രന് പരോപകാരത്തിലായിരുന്നു താൽപര്യമെങ്കില് ഭദ്രന്റെ ഏട്ടന് പരസ്ത്രീഗമനത്തിലായിരുന്നു താൽപര്യം. മൂപ്പര് ഭാര്യ അറിയാതെ കൊണ്ടുനടന്ന ബന്ധമായിരുന്നു വലിയാത്ര തറവാട്ടിലെ സുമിത്രേട്ത്തി. ആ സുമിത്രേട്ത്തിക്ക് ഉടലും മനസ്സും ഒരുപോലെ സൗന്ദര്യമുള്ള ഒരു മകള്‍ ഉണ്ടായിരുന്നു. കുഞ്ഞിമാളു. എന്തിനും ഏതിനും സ്വന്തം അഭിപ്രായം ഉള്ള കുഞ്ഞിമാളു വൈകുന്നേരങ്ങളില്‍ അയലോക്കപ്പെണ്ണുങ്ങളെ വിളിച്ചിരുത്തി അവര്‍ക്ക് വെപ്പും തീനും വീടുനോട്ടവും മാത്രമായി ചത്തൊടുങ്ങാന്‍ ഒരുക്കമില്ലാതിരുന്ന ചില പെണ്ണുങ്ങളെ പറ്റി പറഞ്ഞുകൊടുത്തു.
ഇന്ദിരാഗാന്ധിയും മാർഗരറ്റ് താച്ചറും ക്യാപ്റ്റന്‍ ലക്ഷ്മിയും പാർവതിയമ്മയും ഗൗരിയമ്മയും ഒക്കെ അങ്ങനെ അവര്‍ക്ക് പരിചയക്കാരായി. സരസ്വതിയമ്മയെയും രാജലക്ഷ്മിയെയും അന്തർജനമായ ലളിതാംബികയെയും അവര്‍ ആശ്ചര്യത്തോടെ കേട്ടു. കുഞ്ഞിമാളു ആ പെണ്ണുങ്ങള്‍ക്ക് പുറംലോകത്തിന്റെ പ്രകാശമായിരുന്നു. ഭദ്രന് ഹൃദയത്തിന്റെ നിലാവും.
വിശ്വേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്നാള്‍ക്ക് ഇന്ന തുണയെന്ന് ദൈവം കരുതിവെച്ചത് തന്നെ കിട്ടിത്തരാവാന് ചില്ലറ ഭാഗ്യം പോരാ. അതാണ് കുഞ്ഞിമാളൂം ഭദ്രനും. അല്ലാതെ മനുഷ്യന്മാര് കൂട്ടിച്ചേര്ക്ക്ണതൊക്കെ വെറും ബന്ധനങ്ങള്‍.
തന്റെ മകളുടെ കാമുകന് ഭദ്രനാണ് എന്നതില്‍ സുമിത്രേട്ത്തിക്കുമുണ്ടായിരുന്നു ചെറുതല്ലാത്ത ഊറ്റവും അഹങ്കാരവുമൊക്കെ.
പേക്ഷ, വിധി കളിതുടങ്ങിയിരുന്നില്ല. കരുക്കളും കളിക്കളവും ഒരുക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
സുമിത്രേട്ത്തിയുടെ ഭര്‍ത്താവ് പരമ സാധുവായിരുന്നു. ‘‘വന്ന് വന്ന് നെന്റെ ഏട്ടനും സുമിത്രേം എന്റെ മുന്നീക്കൂടെ കെടപ്പറേക്ക് പോണവരെ ആയി കാര്യങ്ങള്‍’’ എന്നും പറഞ്ഞ് വിങ്ങിയ അയാളുടെ മുഖത്തേക്ക് ഭദ്രന് ഒന്നേ നോക്കിയുള്ളൂ. അന്ന് രാത്രിതന്നെ സുമിത്രേട്ത്തിയുടെ അറേന്ന് ഏട്ടനെ കയ്യോടെ പിടിച്ചെറക്കിയ ഭദ്രന് അപ്പോഴത്തെ മുഷ്കിന് തന്നെ എതിര്‍ക്കാൻ വന്ന ഏട്ടനെ ഉമ്മറമുറ്റത്തെ തെങ്ങില്‍ കെട്ടിയിടേം ചെയ്തു. വിവരമറിഞ്ഞ് മണ്ടിപ്പാഞ്ഞെത്തിയ ഏട്ടത്തിയമ്മ ഭര്‍ത്താവിന്റെ കെട്ടഴിച്ചുവിട്ട് കൈ രണ്ടും തലയില്‍വെച്ച് ‘‘എന്നോടീ ചതി ചെയ്ത നീയൊരുകാലത്തും ഗുണം പിടിക്കില്ല നശിച്ചവനേ’’ എന്ന് പ്രാകിയത് ഭര്‍ത്താവിനെയല്ല, തന്നെയാണെന്നും പ്രാക്കിലെ ചതിയന്‍ ഏട്ടനല്ല താനാണെന്നും മനസ്സിലാക്കിയ ഭദ്രന് ഈ പെണ്ണുങ്ങടെ ചില സ്വഭാവങ്ങള്‍ കാണുമ്പൊ അവ്റ്റോളെ എന്താ വിളിക്കേണ്ടതെന്നറിയ്ണില്ലല്ലോ വിശ്വാ... എന്നും പറഞ്ഞ് ചിരിക്കാനും കരയാനും വയ്യാതെ നിന്നത്രെ.
പെണ്‍പകയുടെ ആഴവും മൂര്‍ച്ചയും തന്നെ തേടി വരാനിരിക്കുന്നതേയുള്ളൂ എന്നും, വിധി തന്നെക്കൊണ്ടുതന്നെ തന്റെ ജീവിതത്തിന്റെ അടിവേര് മാന്തിക്കുന്ന കളിയിലേക്കാണ് കരു നീക്കിവെച്ചതെന്നും അന്ന് ഭദ്രനറിയില്ലായിരുന്നു.
സുമിത്രേട്ത്തി അവസരം മുതലെടുത്ത് കെട്ട്യോനെ ആട്ടിപ്പുറത്താക്കി. തെങ്ങ് വെട്ടി കണ്ടം തുണ്ടമാക്കി മൂടടക്കം മാന്തി മറിച്ചിട്ടു. കാര്യങ്ങള്‍ പരസ്യമായ സ്ഥിതിക്ക് ഭദ്രന്റെ ഏട്ടന് ഒളിമറകളില്ലാതെ സുമിത്രേട്ത്തിയുടെ വീട്ടില്‍ വരവ് പോക്ക് തുടങ്ങി.
തന്റെ ഒരു വിളിക്ക് കുഞ്ഞിമാളു തന്റെയൊപ്പം ഇറങ്ങിവരും എന്നതില്‍ ഒരു തരി സംശയം ഇല്ലാതെ തലപൊക്കിപ്പിടിച്ചാണ് ഭദ്രന് വലിയാത്ര തറവാട്ടിന്റെ പടികള്‍ കയറിച്ചെന്നത്. ഭഭ്രനൊഴിച്ച് ഒന്നിനോടും അടിയറവ് പറയാത്ത കുഞ്ഞിമാളുവിനെ എന്ത് തന്ത്രം ഉപയോഗിച്ചാണ് സുമിത്രേട്ത്തി മെരുക്കിയതെന്നറിയില്ല. ‘‘എന്നെയിനി നിങ്ങടെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കണ്ട’’ എന്ന് പറഞ്ഞുകളഞ്ഞു കുഞ്ഞിമാളു. സുമിത്രേട്ത്തിയന്നേരം അടങ്ങാപ്പകയുടെ ശല്ക്കങ്ങള് മിന്നുന്ന വൈരാഗ്യ കണ്മുനകൊണ്ട് ശൂന്യമായ തെങ്ങിന്‍തടത്തിലേക്ക് ഭദ്രന്റെ ശ്രദ്ധക്ഷണിച്ചു. പിന്നെ വാതില്‍പ്പടി ചാരിനിന്ന് കാഴ്ചകണ്ടു രസിക്കുന്ന ഏട്ടനിലേക്കും. ഇതിലപ്പുറമൊരു വിജയമൊന്നും ഞങ്ങള്‍ക്കിനി വേണ്ട എന്ന പ്രതികാരച്ചിരി കത്തിയാളുന്ന ആ രണ്ട് മുഖങ്ങള്‍ നോക്കി ഭദ്രന് തലതാഴ്ത്തി വലിയാത്ര പടിയിറങ്ങി.
ഈ നിമിഷങ്ങളിലെ ഭദ്രനെ പറ്റി പറയുമ്പോള്‍ മാത്രം വിശ്വേട്ടന്റെ സ്വരം നേര്‍ക്കും. കുഞ്ഞിമാളൂന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ച് ഇവിടെ വാടീന്നും പറഞ്ഞ് ഇറക്കിക്കൊണ്ട് വരാതെ ഭദ്രന് തലതാഴ്ത്തി പോന്നതും പിന്നെ നിരാശാ കാമുകന്മാരുടെ പതിവ് രീതിയില്‍ നാടുവിട്ടതും വിശ്വേട്ടന് ഉള്‍ക്കൊള്ളാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. ചില നിമിഷങ്ങളിലെ നിഷ്ക്രിയതയാല് ജീവിതം പുറംതിരിഞ്ഞു പോകുന്ന മനുഷ്യദയനീയതകളില് മുഴുകി നിശ്ശബ്ദനായി അന്നേരത്തെ ഭദ്രനെ ഓർത്ത് ഞാനങ്ങനെയിരിക്കും. ഒപ്പം, വിശ്വേട്ടനും. പ്രണയനിരാസത്തിന്റെ മിന്നലേറ്റ് കരിഞ്ഞ പൂമരം ഇനിയൊരു തളിര്‍പ്പ് അസാധ്യമെന്ന തിരിച്ചറിവില്‍ സ്വന്തം ശവദാഹ ഭൂമിയന്വേഷിച്ച് പോവുന്ന ആ പോക്ക് ഉള്‍ക്കണ്ണില്‍ കണ്ടുകൊണ്ടങ്ങനെ.
കാലം, വിശ്വേട്ടന്റെയും മറ്റു ചിലരുടെയും ഓർമകളിലേക്ക് മാത്രമായി ഭദ്രനെ ചുരുക്കിക്കൊണ്ടിരുന്ന നേരത്താണ് ഒരു പലിശക്കാരന് തമിഴന് നാട്ടില്‍ വന്നത്. ഇങ്ങനെയൊരാള്‍ വന്നുകിട്ടാന്‍ കാത്തുനില്ക്കുകയായിരുന്നു എന്നപോലെ ആധാരക്കെട്ടുകള്‍ അയാളിലേക്ക് ഒഴുകിയെത്തി. തീരാപലിശയുടെ പേര് പറഞ്ഞും പണം കൊടുത്ത് വാങ്ങിയും അയാള്‍ പതുക്കെ ആ ആധാരക്കെട്ടുകള്‍ സ്വന്തമാക്കി. അതിനിടെ അയാള്‍ ഭദ്രന്റെ ബിനാമിയെന്നൊരു വാര്‍ത്ത പരന്നു. സന്തോഷത്തോടെ അതേപ്പറ്റി ചോദിച്ച വിശ്വേട്ടന്റെ സന്തോഷത്തെ ‘‘ശൊല്ലക്കൂടാത്’’ എന്ന ഒറ്റവാക്കില്‍ തമിഴന് അറുത്തിട്ടു. പുറന്നാട്ടില്നിന്നും പണിക്കാരെ ഇറക്കി ഇലങ്ക പണിതതും ഇലങ്കയെ പരിപാലിക്കുന്നതും തമിഴന്തന്നെയാണ്.
കള്ള് മൂത്താല്‍ വിശ്വേട്ടന് ഇലങ്ക നോക്കി മുഷിയും ‘‘എന്ത് പേരാത് ന്നും. ഒര് ഇലങ്ക...ത്ഫൂ... നാട്ടില്‍ കാലുകുത്തില്ല്യാന്നാ ഓന്റെ വാശീച്ചാല് പിന്നെന്തിനാ ഇജ്ജാതി ഒരു രാവണക്കോട്ട.’’
പിന്നെ എനിക്ക് നേരെ തിരിയും ‘‘അനക്കറിയോ, ഇതല്ലന്റെ ഭദ്രന്റെ പെര. വലിയാത്ര പറമ്പിന്റെ അതിരില്‍ ഒരു കാട്ടുചോലയുണ്ട്. അതിന്റെ വക്കത്തെ കരിമ്പാറപ്പൊറത്ത് ന്റെ മടീല് തലവെച്ച് ചെല രാത്രികളില്‍ ഭദ്രന് മലര്‍ന്ന് കിടക്കും. അവിട്ന്ന് നോക്കിയാ കാണുന്ന മാളികപ്പെരേന്റെ മട്ടുപ്പാവില്‍ കുഞ്ഞിമാളു ഞങ്ങളേം നോക്കി ഇരിക്കിണ് ണ്ടാവും. ഓളേം നിലാവിനേം നോക്കി ന്റെ മടീ കെടന്ന് ഭദ്രന് പറയും, ‘യ്യ് നോക്കിക്കോ വിശ്വാ... ഒരിക്കല്‍ ഞാനൂന്റെ കുഞ്ഞിമാളൂം ഒര് പെര വെക്കും. സ്നേഹംകൊണ്ട് പട്ത്ത് സ്വപ്നംകൊണ്ട് മേഞ്ഞ് പ്രണയത്തിന്റെ വിളക്ക് കത്ത്ണ പെര. മഞ്ഞും മഴയും വെയിലും നിലാവും കാറ്റും തന്നിഷ്ടംപോലെ കേറിയെറങ്ങിപ്പോണ പെര.’ അങ്ങനെയൊക്കെ പറഞ്ഞിരുന്ന ഒരുത്തനാണിപ്പൊ ഒരീച്ചപോലും മുന്നീക്കൂടെ പാറാതിരിക്കാന്‍ ഒരു നായി മനുഷ്യനെയും കാവല്‍ നിര്‍ത്തി ഇജ്ജാതി ഒരു രാവണങ്കോട്ട കെട്ടിയത്... ത്ഫൂ.’’
കുഞ്ഞിമാളുവിന്റെ പ്രണയം കിട്ടിയതില്‍ ഭദ്രനോട് ചിലപ്പോള്‍ തനിക്ക് ചെറിയ കുശുമ്പൊക്കെ തോന്നീര്ന്നുവെന്ന് വിശ്വേട്ടന് കള്ളച്ചിരിയോടെ സമ്മതിക്കും. എന്നാല്‍, ശിവന് കുഞ്ഞിമാളുവിനെ കെട്ടിയത് ഓള്‍ടെ റങ്ക് കണ്ടിട്ടൊന്നുമല്ലെന്ന് വിശ്വേട്ടന് ഉറപ്പായിരുന്നു. പലവട്ടം ഭദ്രനോട് ഏറ്റുമുട്ടി തോറ്റ ശിവന്റെ പകയായിരുന്നു ആ കല്യാണം. എതിര്‍പ്പിന്റെ ചെറുചലനം പോലുമില്ലാതെ കുഞ്ഞിമാളു കല്യാണത്തിന് വഴങ്ങിയപ്പോള്‍ ‘‘ഇത്രയേ ഉള്ളൂ ഈ പെണ്ണുങ്ങളെ കാര്യം’’ എന്ന പുച്ഛപറച്ചിലുണ്ടായി. കുഞ്ഞിമാളു തങ്ങള്‍ക്ക് വായിച്ചു തന്നതൊക്കെയും കണ്ണുകൊണ്ട് മാത്രമായിപ്പോയല്ലോ എന്ന് കുഞ്ഞിമാളുവിന്റെ വായനക്കാരി പെണ്ണുങ്ങള് സങ്കടപ്പെട്ടു.
പെണ്‍പകയുടെ വേറിട്ട ഊഴമായിരുന്നു ഇനി.
ആദ്യരാത്രി ശിവന് കുഞ്ഞിമാളുവിനെ തച്ചുകൊന്നില്ലാന്നേയുള്ളൂ. തട്ക്കാന്‍ ചെന്ന സുമിത്രേട്ത്തിയെ ആട്ടി ‘‘ഒര് ശീലാവതികള്‍, രണ്ടിന്റെയും ചരിത്രോം ചാരിത്രോം അറിഞ്ഞിട്ടന്ന്യാ ഞാന്‍ കെട്ടിയത്. ഓള് കരയണം. ഭദ്രന് ഓളെ ആരുമല്ലാന്ന് ന്നോട് പറഞ്ഞ് കരയണം. ഒര്തവണ. ഒറ്റതവണ മതി. പിന്നെ ഞാനോളെന്റെ ഭാര്യായി പൊന്ന് പോലെ നോക്കും.’’
ശിവന്റെ ഓരോ അടിയിലും കുഞ്ഞിമാളുവിന്റെ പുഞ്ചിരി കൂടുതല്‍ കൂടുതല്‍ തെളിയുകയാണുണ്ടായത്. സ്വയം ദഹിച്ചുതീരാന്‍ തീരുമാനിച്ചവളുടെ ശാന്തമുഖം ശിവനെ വെറി പിടിപ്പിച്ചു.
അടിയേറ്റ് പല്ലുകള്‍ കൊഴിഞ്ഞിട്ടും എല്ലുകള്‍ പൊട്ടിയിട്ടും കുഞ്ഞിമാളു ചിരിച്ചുകൊണ്ടിരുന്നു. ഏതോ കാലത്ത് ജീവിക്കുന്ന തൃപ്തമായ മനസ്സും ഈ ലോകത്ത് ജീവിക്കുന്ന വേദനയറിയാത്ത ഉടലും പേറുന്ന ഒരുവളെപ്പോലെ.
കുഞ്ഞിമാളുവിന്റെ കരച്ചില് കേള്‍ക്കാന്‍ യോഗം ഇല്യാതെ കെട്ടിന്റെ മൂന്നാം മാസം ആരാലോ കൊത്തിനുറുക്കപ്പെട്ട് ശിവന് ഇടവഴിച്ചാലില്‍ രക്തത്തില്‍ കുളിച്ചു കിടന്നു. ശവത്തിനടുത്ത് ചുണ്ടില്‍ നേര്‍ത്ത ചിരിയുമായിരുന്ന കുഞ്ഞിമാളുവിനെ കണ്ട് ആരും മൂക്കത്ത് വിരല്‍ വെച്ചില്ല. എന്നാല്‍, ശിവന് മരിച്ച് ഒരുമാസം കഴിയും മുമ്പെ കുഞ്ഞിമാളു തൂങ്ങിമരിച്ചപ്പൊ മൂക്കത്ത് വിരല്വെക്കാത്തവരായി ആരുമില്ലായിരുന്നു. വിശ്വേട്ടന് വരെ പറഞ്ഞുപോയി, ‘‘ന്നാ പിന്നെ ഓള്ക്ക് ശിവന് പറഞ്ഞ ചേല്ക്ക് ഒന്ന് നെലോളിച്ച് കൊട്ത്തിട്ട് ഓന്റൊപ്പം സുഖായി ജീവിച്ചൂടായിരുന്നോന്നും... ഹല്ല. പിന്നെ.’’
രാവിലെ ധൃതിവെച്ച് വീട്ടിലേക്ക് കയറിവന്ന വിശ്വേട്ടനെ കണ്ട് ഞാന്‍ ബേജറായി.
എന്തേയ് അര്ജന്റ് പണി വല്ലതും?
ഓ പിന്നേ, അര്ജന്റ് പണിയ്യ്പ്പൊ അങ്ങട്ട് എട്ത്തുകൊടുത്തു...
പിന്നെ?
എടാ ഭദ്രന് വരണണ്ട് ത്രെ...
നാളെ ഉച്ചതിരിയുമ്പ എത്തും. ന്റെ ഫോണിലേക്ക് ഓന് വിളിച്ചു.
ആരേലും ഇങ്ങളെ കളിപ്പിച്ചതാവും. ഇങ്ങളീ ഭദ്രൻന്നും പറഞ്ഞുനടന്നിട്ട്...
പോടാ അവ്ട്ന്ന്. ന്റെ ഭദ്രന്റെ ശബ്ദം എത്രകൊല്ലം കഴിഞ്ഞ് കേട്ടാലും യ്ക്ക് തിരിയും.
ഞാന്‍ വിശ്വേട്ടന്റെ ഫോണ്‍ വാങ്ങിനോക്കി. വന്ന കാള്‍ വിദേശത്തുനിന്ന് തന്നെ. പിന്നെ പിറ്റേന്ന് ഉച്ചതിരിഞ്ഞുകിട്ടാന് ഞാനും വിശ്വേട്ടനും പെട്ട പാട്.
ഉച്ചയായതും ഞങ്ങള്‍ ഇലങ്കക്ക് മുന്നിലെത്തി. എവിടെ നിന്നോ പാഞ്ഞെത്തിയ തമിഴന് കാവല്ക്കാരനോട് ഞങ്ങളെ കയറ്റാൻ ഗേറ്റ് തുറക്കാന്‍ പറഞ്ഞു. തമിഴൻ ഞങ്ങളോട് ആദ്യമായി ചിരിച്ചു. കാവല്‍ക്കാരന്റെ വയറില്‍ വിരല്‍കൊണ്ട് കുസൃതിയില്‍ കുത്തി വിശ്വേട്ടന് പറഞ്ഞു. ‘‘അനക്കൊരു പണി ഞാന്‍ തര് ണ് ണ്ട്. ഭദ്രന് ഇങ്ങട്ട് വരട്ടെ.’’ തമിഴന് ഞങ്ങളെ പുറന്തിണ്ണയില് ഇരുത്തിയത് രണ്ടാംതരം പരിപാടി ആയി തോന്നിയെങ്കിലും വിശ്വേട്ടന്റെ മുഖത്തെ സന്തോഷം കണ്ട് ഞാനതടക്കി. ഉറ്റ സുഹൃത്തായിട്ടും ഇത്രയും വര്‍ഷം ഭദ്രന് വിശ്വേട്ടനെയൊന്ന് വിളിക്കാതിരുന്നതെന്തേ ആവോ? ഒരിക്കലും വിശ്വേട്ടന് അതില്‍ പരാതി പറയാതിരുന്നതും.
ഒഴുകിവന്ന ബെന്‍സില്‍ വന്നിറങ്ങിയ ഭദ്രനില്‍ കാലം വല്ലാതെ കേറി മേഞ്ഞിട്ടില്ലെന്ന് ഞാന്‍ കൗതുകത്തോടെ കണ്ടു. വിശ്വേട്ടന്റെ വീട്ടിലെ ചുവരില്‍ തൂക്കിയിട്ട ഇരുവരുമൊന്നിച്ചുള്ള ഫോട്ടോയിലെ അതേ രൂപംതന്നെയാണ് ഏകദേശം. പക്ഷേ, കോട്ടും സ്യൂട്ടും കൂളിങ്ഗ്ലാസുമൊക്കെ വല്ലാത്തൊരു അകല്‍ച്ച സൃഷ്ടിക്കുന്നുണ്ടെന്ന് വിശ്വേട്ടന്റെ പരുങ്ങലും മുണ്ടാട്ടംമുട്ടി നില്പും കണ്ടപ്പോള്‍ എനിക്ക് തോന്നി. കാലത്തിന് പറ്റാത്തത് വേഷം പറ്റിച്ച പോലെ. ഒരു പുഞ്ചിരി ഞങ്ങള്‍ക്ക് തന്നു തന്നില്ല വരുത്തി ഒന്നും മിണ്ടാതെ ഭദ്രന് അകത്തേക്ക് കയറിപ്പോയപ്പോള്‍ വിശ്വേട്ടന് രക്തം വാര്‍ന്ന് വിളറി. പിന്നെ സ്വയം ബോധ്യമില്ലാത്ത ഒന്ന് എന്നെ ബോധ്യപ്പെടുത്താനെന്നോണം പറഞ്ഞു: ‘‘ചെലപ്പൊന്നെ കണ്ടിട്ട് മനസ്സിലായിക്കാണില്ല്യ. കൊല്ലം പത്ത് മുപ്പത് കഴിഞ്ഞില്ല്യേ...’’
മുടി കൊഴിഞ്ഞ തലയിലും നരച്ച താടിയിലും തടവി വിഷമിച്ചുനിൽക്കുന്ന വിശ്വേട്ടനെ സമാധാനിപ്പിക്കാൻ, കാശിന്റെയഹങ്കാരം, അല്ലാതെന്ത്? എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ വിശ്വേട്ടന് എന്നെ രൂക്ഷമായി നോക്കി.
കാറിന്റെ ബാക്ക്ഡോര്‍ ഒന്നൂടെ തുറന്നടഞ്ഞു. ആകാരംകൊണ്ട് ഭീമി ആയ ഒരു ആഫ്രിക്കന്‍ വംശജ അതില്‍നിന്നും പുറത്തിറങ്ങി. അവള് ഞങ്ങളെ നോക്കി ആഹ്ലാദത്തോടെ ചിരിച്ചു. ഭദ്രന് ഞങ്ങള്‍ക്ക് തരേണ്ടിയിരുന്ന ചിരി. അവള് ‘‘ഹാപ്പി ടു സീ യു... വിശ്വന്...’’ എന്നും പറഞ്ഞ് കൈ നീട്ടിയപ്പോള്‍ വിശ്വേട്ടന് നടുങ്ങി. ഞാനും.
അവള് അകത്തേക്ക് കയറിപ്പോയപ്പോള്‍ അവള് തന്റെ പേര് വിളിച്ച നടുക്കത്തിന്റെ വിഭ്രാന്തിയില്‍ വിശ്വേട്ടന് ആദ്യമായി ഇലങ്കയുടെ കാവല്ക്കാരനോട് നിറഞ്ഞു ചിരിച്ചു. ആ ചിരിക്ക് താനെന്താണ് തിരിച്ചു കൊടുക്കേണ്ടതെന്നറിയാതെ അയാള്‍ പരുങ്ങി. ‘‘ഇരുമ്പൊലക്കേന്റെ മാതിരിണ്ട് ഓള്‍ടെ കയ്യ്...’’ എന്നും പിറുപിറുത്ത് വിശ്വേട്ടന് ആഫ്രിക്കക്കാരി ഷേക്ഹാൻഡ് തന്ന തന്റെ കൈത്തലം ഒന്ന് തടവി. പിന്നെ ഗേറ്റിനു നേരെ നടന്നു.
വിശ്വേട്ടനും ഞാനും നിശ്ശബ്ദരായി ഇലങ്കയില്നിന്നും മടങ്ങി. പ്രതീക്ഷിച്ചത് സംഭവിക്കാത്ത നിരാശയെ അപ്രതീക്ഷിതമായി സംഭവിച്ച ഒന്ന് മറികടന്നതിനാല്‍ ഞങ്ങളുടെ മനസ്സ് ഞങ്ങള്‍ക്കുതന്നെ അപരിചിതമായ ഒരു അവസ്ഥയിലായിരുന്നു.
പെട്ടെന്ന് വിശ്വേട്ടന്റെ ഫോണടിച്ചു. ‘‘വിശ്വാ, ഇത് ഭദ്രനാടാ. നിനക്ക് വിഷമമായീന്ന് യ്ക്ക് അറ്യാം. നിന്റെ മുന്നില്‍ നില്ക്കുമ്പോള് ഞാന്‍ നിന്റെ പഴയ ഭദ്രന് തെന്നയാവണം. മുപ്പത് വര്‍ഷ പുറന്തോല് കീറിയെറിയാന്‍ ഇത്തിരിസമയം താടാ. ഇവിടുത്തെ കാറ്റ് തട്ടിയപ്പത്തൊട്ട് നെഞ്ചിനൊരു നീറ്റം. ഉടലിനൊരു പൊകച്ചില്. വൈകിട്ട് നമുക്ക് കൂടണം. നല്ല നാടനും കൊണ്ട് നീ വാ... നമ്മുടെയാ പഴയ സ്ഥലത്ത്...’’ ഒറ്റയടിക്ക് വിശ്വേട്ടന് ഫുള്ചാർജിലേക്ക് വീണു.
ഞങ്ങൾ ചെല്ലുമ്പോൾ വലിയാത്ര പറമ്പിന്റെ അതിരിലൂടെ ഒഴുകുന്ന കാട്ടുചോലക്ക് അതിരിടുന്ന കരിമ്പാറപ്പൊറത്ത് ഭദ്രന് മലര്‍ന്ന് കിടക്കുന്നുണ്ടായിരുന്നു. കുപ്പിയുടെ കോര്‍ക്ക് കടിച്ചെടുത്ത് തുപ്പുന്നതിനിടെ വിശ്വേട്ടന് പറഞ്ഞു, ‘‘അന്റെയൊരു ഇലങ്ക. ഇജ്ജാതി ഒര് ശൂര്പ്പണഖേനേം കൊണ്ട് വരാനേയ്യ് ഇലങ്ക കെട്ടീത്.’’
‘‘സുമൈനോയെ കുറിച്ച് അങ്ങനെ പറയരുത്. ഇരുണ്ട വന്കരയുടെയാ പ്രതിബിംബത്തിന്റെ ഹൃദയത്തിന് അസാധ്യ തെളിച്ചമുണ്ട്. നിങ്ങള്‍ക്കൊക്കെ ഊഹിക്കാവുന്നതിനപ്പുറം.’’ ഭദ്രന് കണ്ണുകള്‍ ചേര്‍ത്തടച്ചു. ഞങ്ങള്‍ക്കിടയില്‍ പൊടുന്നനെയുണ്ടായ നിശ്ശബ്ദതയിലൂടെ ഒരു കാറ്റ് അടക്കിപ്പിടിച്ച് കടന്നുപോയി. പിന്നാലെ ഭദ്രന്റെ കല്ലിച്ച ശബ്ദം വന്നു, ‘‘കുഞ്ഞിമാളു ഇല്ലാത്ത എന്റെ ജീവിതമാണ് ഇലങ്ക.’’
‘‘നാട്ടില്‍ പെണ്ണ്ങ്ങൾ ഇല്ല്യാഞ്ഞിട്ടല്ല ശിവന് ഓളെ കെട്ടീത്. ഓളെ മേത്ത് പൂഴി വാരിയിട്ടാ നിനക്ക് വേദനിക്കും അറിഞ്ഞിട്ടാ,’’ വിശ്വേട്ടന് പറഞ്ഞു.
ശിവനെപ്പോലെ ഒരു ചെറ്റയുടെ ജീവന് അഞ്ച് ലക്ഷം അധികം തന്ന്യാന്ന് പിറുപിറുത്ത ഭദ്രന്റെ ചുവപ്പ് ഞരമ്പുകള്‍ കത്തിപ്പടര്‍ന്ന കണ്ണിലേക്ക് ഞാനൊന്നേ നോക്കിയുള്ളൂ.
വിശ്വേട്ടന് പദപ്രശ്നം പൂരിപ്പിച്ച് കിട്ടിയ സന്തോഷത്തില്‍ ഒന്ന് ചിരിച്ചു. പിന്നെ ദീര്‍ഘകാല സംശയം പുറത്തെടുത്തു. ‘‘ന്നാലും എന്തിനേ ഓള് അച്ചേല്ക് ഒര് പണി ചെയ്തത്?’’
‘‘ഞാന്‍ തിരിച്ചുവന്നേക്കുമെന്ന് തോന്നിയപ്പൊ ഒരിക്കല്‍ അവള് കാരണം താണ എന്റെ തല ഇനി ശിവന്റെ എച്ചില് തിന്നിട്ട് കൂടെ താഴണ്ട എന്നവള്‍ ഒറ്റക്ക് അങ്ങ് തീരുമാനിച്ചു. എന്നെ ജയിക്കുമ്പോഴും അവള്‍ക്കറിയാം ജയിച്ചതവളാണെന്ന്. ചിലപ്പൊ എനിക്ക് തോന്നും അന്ന് വിളിച്ചെറക്കാത്തതിന്റെ പക തീര്ത്തതാണവളെന്ന്. ചില പെണ്ണുങ്ങളങ്ങനെയാണെന്ന് അറിയാൻ വൈകി വിശ്വാ. വേണ്ടാന്ന് പറയുമ്പൊ അവര്‍ക്കത് വേണംന്ന് നമ്മളറിയണം. കൂടെ വരില്ലാന്ന് വാശിപിടിക്കുമ്പൊ ഉള്ളുകൊണ്ട് നമ്മള് പിടിച്ചെറക്കാന്‍ കൊതിക്കും. തോറ്റുതന്ന് നമ്മളെ നീറ്റിനീറ്റി കൊല്ലും. വിശ്വസിപ്പിച്ചുകൊണ്ട് ഒറ്റും. സ്നേഹനാക്കോണ്ട് നക്കിത്തോര്ത്തുമ്പോഴും വിഷപ്പല്ലുകൊണ്ട് ഒരു ദംശനപ്പഴുത് പരതും.’’
ഭദ്രന്റെ ശ്വാസോച്ഛ്വാസ വേഗത കൂടുന്നതു കണ്ട് വിശ്വേട്ടന് വിഷയം മാറ്റി.
‘‘ആ അപ്രിക്കക്കാരി അന്റെ ഭാര്യന്യാ..?’’
അവളെന്റെ സെക്രട്ടറ്യാണ്. നിനക്ക് പകരമാകില്ലെങ്കിലും ഇടക്ക് നിന്നെ ഞാനവളില്‍ കാണാറുണ്ട്. സുമൈനോക്ക് മൂന്ന് ഭര്ത്താക്കന്മാര് ഉണ്ടായിരുന്നു. മൂന്ന് മക്കളുമുണ്ട്. നിന്റെയത്ര ഇല്ലെങ്കിലും ഞാന്‍ മനസ്സില്‍ കാണുന്നത് മാനത്ത് കാണാന്‍ അവളും ശ്രമിച്ച് നോക്കാറുണ്ട്. ഭദ്രന് വാത്സല്യത്തോടെ പറഞ്ഞു.
ദൂരെ കാണുന്ന ലങ്കയുടെ ദീപാലംകൃത എടുപ്പുകള്‍ നോക്കി വിശ്വേട്ടന് പറഞ്ഞു. ‘‘നീയും കുഞ്ഞിമാളൂം സ്വപ്നം കണ്ട പെര മനസ്സില്‍ കെടക്ക്ണോണ്ടാവും ഇലങ്ക കാണുമ്പോ യ്ക്ക് ഒര് എടങ്ങേറ്.’’
നീ പോലുമത് മറന്നില്ലെങ്കിൽ പിന്നെ ഞാൻ അത് മറക്കോ വിശ്വാ... എനിക്കിനിയാ പെരയിൽ കുഞ്ഞിമാളുവുമൊത്ത് കഴിയണം. നാക്ക് കുഴച്ചിലോടെ ഭദ്രൻ പറഞ്ഞു.
ഞങ്ങള്‍ ഇരിക്കുന്നതിന് അടുത്തെവിടെയോ ആണ് കുഞ്ഞിമാളുവിനെ വര്‍ഷങ്ങള്‍ക്കു മുമ്പ് അടക്കിയിട്ടുള്ളതെന്ന് വിശ്വേട്ടന് ഇത്തിരി മുന്നേ പറഞ്ഞുതന്നതോര്ത്തപ്പോള് വല്ലാത്തൊരു കുളിര് കേറി എനിക്ക് ഉടല് വിറച്ചു.
വിശ്വേട്ടന് കാട്ടുപൊന്തച്ചെടികള്ക്കിടയിലേക്ക് നൂണ്ടിറങ്ങി കൈയിലെന്തൊക്കെയോ കായ്കളുമായി തിരിച്ചുവന്നു. അത് കുത്തിച്ചതച്ച് നീരെടുത്ത് ഗ്ലാസില്‍ ഒഴിച്ചു. അതിനു മുകളിലേക്ക് വാറ്റ് പാര്‍ന്നു. നാടന്‍ വീര്യം കൂട്ടാന്‍ ഇത്തരം പണികള്‍ വിശ്വേട്ടന് ചെയ്യുന്നത് ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. ഇടംകൈ കുത്തി പതിയെ എഴുന്നേറ്റ് ഭദ്രനത് വാങ്ങി ഒറ്റവലിക്ക് കുടിച്ചു. പിന്നെ പാറപ്പൊറത്ത് മലര്‍ന്നുകിടന്നു. കൈതോലമണമുള്ള ഒരു കാറ്റന്നേരം എങ്ങുനിന്നോ ഭദ്രനെ തേടിവന്നു.
പെട്ടെന്ന് വിശ്വേട്ടന്റെ ഭാവം മാറി. എന്നെ തോണ്ടിവിളിച്ച് ‘‘ബാ പൂവ്വാം’’ എന്നും പറഞ്ഞ് അവിടുന്നിറങ്ങി ഒറ്റ നടപ്പ്.
തീരാത്ത ഫോറിനെയും നാടന്‍ കോഴിയിറച്ചിയെയും പിന്നെ ഭദ്രനെയും നോക്കി ഞാന്‍ അന്തംവിട്ടു. ‘‘പോവ്വേ? എങ്ങട്ട്?’’
‘‘ചെലക്കാണ്ടു നടക്കങ്ങട്ട്’’ എന്നും പറഞ്ഞ് എന്നെ വലിച്ചെഴുന്നേൽപിച്ച് മുന്നോട്ട് ആഞ്ഞുതള്ളി വിശ്വേട്ടന് നടന്നു. നടത്തത്തിനിടെ പിന്നിലേക്ക് തിരിഞ്ഞു നോക്കാതെ ‘‘ഡാ... വൈകാതെ കാണാംട്ടൊ’’ എന്ന് ഭദ്രനോട് വിളിച്ച് പറയണതും കേട്ടു. മറ്റു വഴിയില്ലാതെ വിശ്വേട്ടനൊപ്പം നടക്കുമ്പോള്‍ ഞാനൊന്ന് തിരിഞ്ഞുനോക്കി.
നിലാവ് ഒഴുകി പാറിപ്പറന്ന് നടക്കുന്ന പൂവള്ളിക്കുടിലില്‍ കുഞ്ഞിമാളുവിന്റെ മടിയില്‍ തലവെച്ച് കിടക്കുകയാണ് ഭദ്രന്. കുഞ്ഞിമാളു എന്നെ തല ചെരിച്ചൊന്ന് നോക്കി. ചുണ്ടില്‍ നക്ഷത്രംപോലൊരു ചിരി ഉദിച്ചു. ഹെന്റമ്മേ ഹെന്തൊരു ചന്തം! കണ്ടത് വിശ്വേട്ടനോട് പറയണോ എന്നൊന്ന് ആലോചിച്ചു. പിന്നെ വേണ്ടെന്നുവെച്ചു. പറഞ്ഞാല്‍ കിട്ടുന്ന മറുപടി എനിക്ക് ഊഹിക്കാം. ഓസിന് കിട്ടീ വെച്ച് കണക്കില്ലാതെ മോന്തിയാല്‍ നീയ്യ് അതും അതിലപ്പുറവും കാണും.
കവലയില്‍ എത്തിയപ്പോള്‍ വിശ്വേട്ടന് നിന്നു. ഒരു താക്കീത് സ്വരത്തില്‍ പറഞ്ഞു, ‘‘കണ്ടത് ആരോടും മുണ്ടണ്ട.’’
അതിന് ഞാനെന്തെങ്കിലും കണ്ടെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞോയെന്ന് ഞാന്‍ തിരിച്ചു ചോദിക്കും മുമ്പെ വിശ്വേട്ടന് നടന്നുകഴിഞ്ഞിരുന്നു.
വിദേശ വ്യവസായിയുടെ കൊലപാതകക്കേസ് പ്രതികളെ കാണാന്‍ സുമൈനോ വക്കീലിനും ദ്വിഭാഷിക്കുമൊപ്പം ജയിലില്‍ വന്നു. മികച്ച വക്കീലിനെ ഏര്പ്പാടാക്കീട്ടുണ്ടെന്നും അല്ലലറിയാതെ ജീവിക്കാനുള്ള വക ഞങ്ങളുടെ രണ്ട് വീടുകളിലും എത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു. വിശ്വേട്ടന്റെ പേരിലാക്കിയ വലിയാത്രപറമ്പിനൊരു മാറ്റവും വരുത്തരുതെന്നും ഭദ്രനും കുഞ്ഞിമാളുവും അവിടുണ്ടെന്നും പറഞ്ഞപ്പോള്‍ മാത്രം സുമൈനോയുടെ ശബ്ദമൊന്ന് ഇടറി.
അവര്‍ സെല്ലിനടുത്തേക്ക് നീങ്ങിനിന്ന് വിശ്വേട്ടനോട് മാത്രമായി ശബ്ദം താഴ്ത്തി പറഞ്ഞു. ‘‘ഒരു തിരിച്ചുചോദ്യം പോലുമില്ലാതെ വിശ്വനത് ചെയ്യുമെന്ന് ഭദ്രനുറപ്പുണ്ടായിരുന്നു. അത്ര വിശ്വാസായിരുന്നു നിങ്ങളിലും നിങ്ങടെ സ്നേഹത്തിലും. അതുകൊണ്ട് തന്നെയാണ് ‘അത്’ നിങ്ങടെ കൈകൊണ്ടാവണമെന്നാഗ്രഹിച്ച് ഭദ്രനിവിടെയ്ക്ക് വന്നതും.’’
സുമൈനോ ലോക്കപ്പിന്റെ അഴികള്‍ക്കുള്ളിലേക്ക് കൈകള്‍ നീട്ടി. ആ കൈകള്‍ തന്റെ കൈകള്‍ക്കുള്ളിലൊതുക്കി പിതുങ്ങിചിരിയോടെ വിശ്വേട്ടന് പറഞ്ഞു, ‘‘ആദ്യായിട്ടാ ഞാനൊരു പെണ്ണിന്റെ ഹൃദയം കയ്യോണ്ട് തൊട്ണ്ത്. നല്ല പത്പത്പ്പ്. പഞ്ഞിപോല്ണ്ട്.’’
സുമൈനോ ചിരിച്ചു.
എനിക്കും ചിരി വന്നു.
എന്തൊക്കെത്തരം മനുഷ്യരെന്നോര്ത്ത്...
പ്രപഞ്ചത്തില്‍ ഒരിത്തിരി തരിപ്പൊട്ടുപോലുമല്ലാത്ത അവരുടെ വിചിത്രജീവിതങ്ങളോര്ത്ത്!