ഷ്ടാലിനും ആർപ്പോവും ചൂഷങ്കയും
മഹാനായ ഷ്ടാലിൻ റഷ്യ ഭരിക്കുന്ന കാലം. എങ്ങും സമ്പൽസമൃദ്ധി ഇടവിട്ടു കളിയാടുന്നു. ഷ്ടാലിന്റെ കടുത്ത ഒരു ശത്രു അക്കാലത്ത് റഷ്യയിൽ ജീവിച്ചിരുന്നു. ആർപ്പോവ് ഇട്ട്റോവിസ്കി എന്നായിരുന്നു അയാളുടെ പേര്. ആർപ്പോവ് ഇട്ട്റോവിസ്കി ആദ്യംമുതലേ ഷ്ടാലിന്റെ വിരോധിയായിരുന്നില്ല. എന്നല്ല, അയാൾ ഷ്ടാലിന്റെ അടുത്ത ആളുമായിരുന്നു. അക്കാലം, റഷ്യയുടെ നാമം നാനാപടലമായി വളരുകയായിരുന്നു. ഷ്ടാലിൻ പെരും ആളായി പടരുന്ന ദിനങ്ങളുമായിരുന്നു. അദ്ദേഹം യൂ എന്ന്...
Your Subscription Supports Independent Journalism
View Plansമഹാനായ ഷ്ടാലിൻ റഷ്യ ഭരിക്കുന്ന കാലം. എങ്ങും സമ്പൽസമൃദ്ധി ഇടവിട്ടു കളിയാടുന്നു. ഷ്ടാലിന്റെ കടുത്ത ഒരു ശത്രു അക്കാലത്ത് റഷ്യയിൽ ജീവിച്ചിരുന്നു. ആർപ്പോവ് ഇട്ട്റോവിസ്കി എന്നായിരുന്നു അയാളുടെ പേര്.
ആർപ്പോവ് ഇട്ട്റോവിസ്കി ആദ്യംമുതലേ ഷ്ടാലിന്റെ വിരോധിയായിരുന്നില്ല. എന്നല്ല, അയാൾ ഷ്ടാലിന്റെ അടുത്ത ആളുമായിരുന്നു. അക്കാലം, റഷ്യയുടെ നാമം നാനാപടലമായി വളരുകയായിരുന്നു. ഷ്ടാലിൻ പെരും ആളായി പടരുന്ന ദിനങ്ങളുമായിരുന്നു. അദ്ദേഹം യൂ എന്ന് ആരെയെങ്കിലും വിളിക്കാനായി തുടങ്ങിയാലുടൻ, എല്ലാവരുംതന്നെ, യേസ്, യേസ് സാർ... എന്നു പറഞ്ഞ് അദ്ദേഹത്തെ വളയുന്ന ദിവസങ്ങളാരംഭിച്ചതോടെ, ആ മഹാരാഷ്ട്രസഞ്ചയത്തിന്റെ പേരുതന്നെ യൂ യേസ് യേസ് സാർ... എന്നായി വരികയുമായിരുന്നു. ചില വട്ടമേശ സമ്മേളനങ്ങളും പല നീളമേശ സംഭാഷണങ്ങളും മറ്റു ചതുരമേശ സംവാദങ്ങളും നടക്കുമ്പോൾ, അതിൽ ഷ്ടാലിൻ പങ്കെടുക്കുംവേളയിൽ, മേശക്കടിയിൽ ഷ്ടാലിന്റെ കാൽക്കലിരുന്ന്, ആ കാലുകൾ തിരുമ്മിക്കൊടുക്കുന്നവരിൽ പ്രധാനിയായിരുന്നു ആർപ്പോവ്. അതൊരു വിശിഷ്ടപദവിയായിരുന്നതിനാൽ, ആർപ്പോവിന് നാട്ടിലെമ്പാടും നല്ല പേരും പെരുമയുമായിരുന്നു. കാലു തിരുമ്മുന്നതിനിടെ, ആർപ്പോവ് നടത്തിപ്പോന്നിരുന്ന ചില പൊടിക്കൈക്രിയകളിൽ ഷ്ടാലിൻ അതീവസന്തുഷ്ടനുമായിരുന്നു.
ഒരുനാൾ, മേശക്കടിയിൽ ചുളുങ്ങിയിരുന്ന് ഷ്ടാലിന്റെ കാലിലെ ഷൂകളഴിച്ചു തുടച്ചുമാറ്റിെവച്ച്, പട്ടീസഴിച്ച്, രോമങ്ങൾക്കിടയിൽ വിരലോടിച്ചിക്കിളിയുളവാക്കി, ഷ്ടാലിനെ സുഖദസങ്കൽപവിമാനമേറ്റുന്നതിനിടയിൽ, ആർപ്പോവും ഏതോ കിനാവള്ളിയിൽ മനസ്സു ഞാന്നു മായാമോഹമാർന്നുപോയി. അതിനാൽ, ഷ്ടാലിൻ യൂ എന്നുരിയാടിയത് കേൾക്കാൻ ഒരു വിനാഴിക വൈകി. ഏക്കമൊളിപ്പിച്ച് യേസ് യേസ് സാർ എന്നുച്ചരിച്ചെങ്കിലും, ആദ്യത്തെ യേസ് കിനാവള്ളികൾക്കിടയിലൂടൂർന്നുപോയി. യേസ് സാർ എന്നുമാത്രമേ ആർപ്പോവിൽനിന്നുയർന്നുള്ളൂ. അത് ഷ്ടാലിൻ പ്രത്യേകം ശ്രദ്ധിച്ചു. യൂ... എന്നതിനു പ്രത്യുത്തരമാകേണ്ട യേസ് യേസ് സാർ എന്നതിനുപകരം, യേസ് സാർ എന്നുമാത്രം. ആയത് കൊടിയ രാഷ്ട്രവിരോധവും നേതൃനിഷേധവും സർവോപരി വിഘടനവാദവുമായി എണ്ണപ്പെട്ടു. അങ്ങനെയാണ്, ആർപ്പോവ് ഇട്ട്റോവിസ്കി പുറന്തള്ളപ്പെടുകയും ഒറ്റപ്പെടുകയും, വഴിയേ ഷ്ടാലിനെ ഉന്മൂലനം ചെയ്യാനാഗ്രഹിച്ച്, രാത്രിഞ്ചരനായലയുന്ന അക്രമിയായിത്തീരുകയും ചെയ്യുന്നത്.
എന്നാൽ, അതിപ്രതാപഗുണവാനായി, അധികാരപ്രമത്തനായി എല്ലാ സുരക്ഷാസംവിധാനങ്ങളോടെയും വാണിരുന്ന ഷ്ടാലിനെ എതിർക്കുവാനോ എന്തെങ്കിലും തരത്തിൽ അപായപ്പെടുത്തുവാനോ തന്നെക്കൊണ്ടു സാധ്യമല്ലെന്നു തിരിച്ചറിഞ്ഞ്, ഷ്ടാലിന്റെ മുന്നിലെങ്ങാൻ ദുരുദ്ദേശ്യപൂർവകമോ ഉദ്ദേശ്യശൂന്യകമോ ആയി, പെട്ടുപോയാൽ തനിക്ക് ഉടനടി ജീവഹാനിയോ അത്യപമാനമോ വന്നുപിണഞ്ഞേക്കുമെന്നു ഭീതിപ്പെട്ട്, ആർപ്പോവ് ഇട്ട്റോവിസ്കി കഴിഞ്ഞുവന്നു. തന്റെ അടക്കാനാവാത്ത പ്രതിഷേധവും ഒടുക്കാനാകാത്ത വൈരവും തടുക്കാനാകാത്ത നീതിബോധവും കുടുക്കാനാകാത്ത ധർമനിഷ്ഠയും സദാ പല്ലുകൾക്കിടയിൽ കടിച്ചുപിടിച്ചോ എല്ലുകൾക്കിടയിൽ ഒതുക്കിഞെരുക്കിയോ, ആയതിന്റെ കൃപയും ക്രൂരതയുമെല്ലാം തന്നെക്കാൾ താണവരുണ്ടെങ്കിൽ അവരോടു പ്രകടമാക്കി, പരിണതപ്രജ്ഞനായയാൾ പുലർന്നുപോന്നു. എങ്കിലും, ആർപ്പോവ് ഇട്ട്റോവിസ്കി എല്ലാ രാവുകളിലും ഏതെങ്കിലും മോസ്കോത്തെരുവുകളിൽ ഉറങ്ങാതെ കാത്തിരിക്കുമായിരുന്നു; എന്തിനെന്നോ, പറയാം. മഹാനായ ഷ്ടാലിൻ ഇടക്കെല്ലാം രാത്രികളിൽ പുറത്തിറങ്ങി തെരുവുസഞ്ചാരം നിർവഹിക്കാറുണ്ട്. പകൽനേരം ഇറങ്ങിനടക്കാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിനു മാലക്കണ്ണുണ്ടായിരുന്നതാണ് കാരണം. സവിശേഷതരം നേത്രരോഗമാണ് മാലക്കണ്ണ്; അദ്ദേഹത്തിനുണ്ടായിരുന്നതാകട്ടെ, സവിശേഷതരം മാലക്കണ്ണും. അധികാരചിഹ്നങ്ങൾ പരക്കേപിടിപ്പിച്ച സൈനികച്ചിട്ടക്കുപ്പായങ്ങളും ശിരോകവചവും മുഖാവരണതിരസ്കരണികളും ആലവട്ടവെഞ്ചാമരാദികൾക്കൊക്കുന്ന പശ്ചാത്തലാകമ്പടിച്ചമയങ്ങളും മറ്റുമായി എഴുന്നള്ളുമ്പോൾ, അദ്ദേഹത്തിന്റെ കണ്ണുകൾക്ക് താൻതന്നെ ഒരു മഹാകാരമായി മാറിയതായി തോന്നും. തന്റെ മുന്നിൽ വീണുവിരിഞ്ഞു നീളുന്ന ആഡംബരശോണ കംബളം തനിക്കു ചാഞ്ചാടിമുന്നേറാൻ ഉരുത്തിരിയുന്ന ആലോലമാലകളായും അദ്ദേഹത്തിനു തോന്നിത്തുടങ്ങും. അതിന്റെ കുഴപ്പമെന്തെന്നുവച്ചാൽ, ഒന്നുകിൽ അദ്ദേഹത്തിനു നടക്കാനാകാതെ വരും; അല്ലെങ്കിൽ, അദ്ദേഹം അതിൽത്തട്ടി വീഴാനോങ്ങും; വീഴില്ല, ഷ്ടാലിനല്ലേ!
ഏതിനും വീഴാനുള്ള ഓങ്ങൽപോലും പൊതുവായ കാഴ്ചക്കു വിഷയമാകാതിരിക്കാൻ അദ്ദേഹം പകൽസവാരികൾ അവസാനിപ്പിക്കുകയായിരുന്നു. രാത്രികളിൽ അദ്ദേഹം മാലക്കണ്ണിന്റെ ഉപദ്രവമില്ലാതെ നിരത്തുകളിൽ സ്വൈരവിഹാരം നടത്തും. അതിനായി, ഉപചാരകരും അനുചരവൃന്ദവും പൊതുജനത്തെ, നേരം വളരെ രാത്രിയാകുന്നതിനു മുന്നേതന്നെ താന്താങ്ങളുടെ വീടുകളിലേക്ക് ഓടിച്ചു പായിക്കുമായിരുന്നു. പോകപ്പോകെ, ജനം മൂവന്തിമയങ്ങിയാൽത്തന്നെ തെരുവുകളുപേക്ഷിച്ച് ഭവനം പൂകുമായിരുന്നു. ഒരിക്കൽ ഒന്നു സംഭവിച്ചു: ഒരുവൻ ഏതോ ഇടുക്കുവീഥിത്താവർണയിലിരുന്ന്, വോഡ്കയേറ്റു മയങ്ങിപ്പോകയും ഉണർന്നപ്പോൾ, എല്ലാവരും പോയി, എല്ലാടവും വിജനമായിരിക്കുന്നതു കണ്ടന്ധാളിച്ച്, സമയകാലബോധങ്ങളോടു സ്വബോധത്തെ ചരടുചേർക്കാനാകാതെയുഴന്നു. തൽസായന്തനം സമ്പൂർണമാക്കാൻ, ഒരു കോഴിയും ഒരു കുപ്പി വോഡ്കയും കൂടിയാവട്ടെ എന്നോർത്തു തെരുവുകളിൽ കുറച്ചുനേരംകൂടിയലഞ്ഞ്, ഒന്നുംകിട്ടാതെ, പൊടുന്നനെ, ഷ്ടാലിന്റെ രാത്രിയെഴുന്നള്ളത്തിനെക്കുറിച്ച് ബോധമുദിച്ച്, ചക്രശ്വാസഗതിയിൽ, വീട്ടിലേക്കു പാഞ്ഞുപോകുംവഴി, വഴിയും ചുവടും തെറ്റി. അങ്ങനെയയാൾ, ഉഴറിയോടിയ ഭീരുവായി, ഓടയിൽ വീണുമരിച്ചത് ആളുകൾക്കു പാഠമായിത്തീർന്നിരുന്നു.
പകൽവെട്ടത്തിൽ പുറത്തിറങ്ങി നടക്കുന്നതുപേക്ഷിച്ച ഷ്ടാലിൻ, രാത്രി വളരെയിരുട്ടിക്കഴിയുമ്പോൾ, റഷ്യയിലെങ്ങും ഇരുൾ പരന്നുകഴിയുമ്പോൾ, അന്തിയോളം പണിയെടുത്തു തളർന്ന ജനമാകെ പാതിവിശപ്പിൽ മങ്ങിമയങ്ങി മറഞ്ഞുകിടക്കുമ്പോൾ, പുറത്തിറങ്ങുമായിരുന്നു. ഇങ്ങനെ അദ്ദേഹം പുറത്തിറങ്ങുന്ന വിവരമറിയാവുന്ന ആർപ്പോവ് ഇട്ട്റോവിസ്കി, ആ നിശാനിഗൂഢതയിൽവെച്ച് എന്നെങ്കിലും എപ്പോഴെങ്കിലും അദ്ദേഹത്തെ ഒളിഞ്ഞിരുന്നാക്രമിച്ച് അടിച്ചുവീഴ്ത്താനോ കൊല്ലാൻതന്നെയോ സാധിക്കുമെന്നു കരുതി, കരുതിയിരുന്നിരുന്നു. എന്നിട്ട്, ഷ്ടാലിന്റെ അനുചരരോ അകമ്പടിക്കൂട്ടമായ പ്രച്ഛന്നപ്പട്ടാളമോ പിടിക്കുന്നതിനുമുമ്പ് ഓടിരക്ഷപ്പെടണമെന്നുമായിരുന്നു ടിയാന്റെ മനസ്സിലിരുപ്പ്. അതും മനസ്സിലിട്ടുരുട്ടി, പകൽനേരം പോത്തുപോലുറങ്ങി, രാത്രികളിൽ തെരുവു മാറിമാറി ഉറക്കമിളച്ച് ആർപ്പോവ് പതിയിരുന്നു. പക്ഷേ, പ്രത്യയശാസ്ത്രഗത്യാ, അവരുടെ തെരുവുകൾ ഒരിക്കലും ഒരുമിച്ചുവന്നില്ല. ഇന്ന് ആർപ്പോവ് ലെനിൻ ഗ്രാഡിന്റെ മൂന്നാം തെരുവിൽ ഇരിക്കുകയാണെന്നു കരുതുക, ഷ്ടാലിൻ പോകുക രണ്ടാം തെരുവിലൂടെയായിരിക്കും. മൂന്നാം തെരുവിലിരുന്ന് മടുത്ത്, കൊതുകുകൾ ഒരുപാടു ചോരയൂറ്റിക്കഴിഞ്ഞതിന്റെ ചൊറിച്ചിൽ സഹിക്കാനാകാതെ, ഇനിയൊന്ന് രണ്ടാം തെരുവിലേക്കു മാറാമെന്നു നിനച്ച്, പമ്മിപ്പമ്മി, ഇരുട്ടുവാക്കിന് അയാൾ രണ്ടാം തെരുവിലേക്കു കടക്കുകയും വളവുതിരിഞ്ഞ്, ഷ്ടാലിൻ മൂന്നാം തെരുവിലേക്കു പ്രവേശിക്കുകയും ഒന്നിച്ചായിരിക്കും. ചിലപ്പോൾ ആ ഇരുൾക്കുടമാറ്റത്തിന്റെ നിഴലാട്ടമെങ്ങാനും പരസ്പരം കണ്ട്, തനിക്ക് രാത്രിയിലും മാലക്കണ്ണാരംഭിച്ചോ എന്നു ഷ്ടാലിൻ സന്ദേഹിക്കാനും അയ്യോ! ഷ്ടാലിന്റെ കുപ്പായമില്ലാക്കുപ്പിണി തന്നെക്കണ്ടോ എന്ന് ആർപ്പോവ് നടുങ്ങാനും ഇടയായിട്ടുണ്ടെന്നല്ലാതെ, അന്യോന്യം അറിയാനവർക്ക് സംഗതി വന്നിട്ടേയില്ലായിരുന്നു.
അതല്ലെങ്കിൽ, ചിലപ്പോൾ, ആർപ്പോവ്, കെ. പാലത്തിന്റെ ചുവട്ടിലെ ഒളിപ്പോരാളിയായിരിക്കുമ്പോൾ ഷ്ടാലിൻ ഒളിനേതാവായി എം ചപ്പാത്തിന്റെ ഇറക്കം ഇറങ്ങുകയായിരിക്കും. മറ്റൊരിക്കൽ, ആർപ്പോവ് അന്ന േബ്രാമിനോവ്നയുടെ വീട്ടുമതിലിന്റെ ചുവട്ടിൽ കൂനിക്കൂടിയിരിക്കുകയാണെങ്കിൽ, ഷ്ടാലിൻ മോഷ്ടിന മോഷ്ടാനോവ്നയുടെ മതിലിന്മേൽ ആരും കാണുന്നില്ലെന്നുള്ള ഗർവധാരണയിൽ മൂത്രമൊഴിച്ച് ആശ്വാസംകൊള്ളുകയായിരിക്കും. അതേപോലും, വെളിച്ചമിടാത്ത മട്ടുപ്പാവിലിരുന്ന്, കിളിവാതിലിലൂടെ, മോഷ്ടിന മോഷ്ടാനോവ്നയുടെ ഭർത്താവ് റാസ്കോൾ പുച്ഛിനോവ്, റാസ്കൾ... എന്നു പല്ലു ഞറുമ്മുകയുമായിരിക്കും. അതിനുമപ്പുറത്തായിരുന്നൂ, പിൽക്കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും അന്താരാഷ്ട്ര ഇടപാടുകളിൽ ഇടക്കണ്ണിയായിത്തീരുകയും ചെയ്ത ധീരവനിത പെേട്രാൾ പെേട്രാവ്നയുടെ മുത്തച്ഛൻ പെരിസ്േട്രാവ് ഗ്ലാസ്നോവിച്ചിന്റെ ഭവനം. അതും കടന്ന് ഷ്ടാലിൻ മറയുന്നത് പുച്ഛിനോവ് നോക്കിയിരിക്കും.
പിറ്റേ പ്രഭാതത്തിൽ, ഷ്ടാലിൻ മൂത്രമൊഴിച്ചിടത്ത്, മതിൽച്ചാരെ ചാരിമയങ്ങിയിരുന്ന പുൽനാമ്പുകൾ കരിഞ്ഞ്, ഉറക്കത്തിൽ മരിച്ചുപോയതായിക്കണ്ട് റാസ്കോൾ പുച്ഛിനോവ് നെടുവീർപ്പിടുകയായിരുന്നു പതിവ്. അതുകണ്ട് അന്വേഷണത്വരയുമായി അന്ന േബ്രാമിനോവ്ന വന്നാൽ, ഭാര്യയാണെങ്കിലും തുടർന്നെന്തുചെയ്യുമെന്നറിയായ്കയാൽ ഭയന്നു കിടുങ്ങി, പുച്ഛിനോവ് പുല്ലുകൾ കരിഞ്ഞത് തന്റെ മൂത്രം നനഞ്ഞിട്ടാണെന്നു പറഞ്ഞ്, സ്വയം ശപിച്ച്, നെഞ്ചത്തലച്ച്, വലിയവായിലേ നിലവിളിക്കുകയും ചെയ്തുപോന്നിരുന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ!!
ആർപ്പോവിനും ഷ്ടാലിനുമിടയിൽ പിന്നെച്ചില സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അതായത്, തന്റെ പതിയിരുപ്പുപാളയത്തിനു തൊട്ടുമുന്നിലൂടെ ഷ്ടാലിൻ അതിഗംഭീരവിലാസലോലനായി കടന്നുപോകുന്നതിന് അയാൾ അക്ഷരാർഥത്തിൽ സാക്ഷ്യംവഹിച്ചിട്ടുണ്ട്. എന്നാൽ, അത്രയും അടുത്ത് പൊടുന്നനെ ഷ്ടാലിൻ ആവിർഭവിക്കുകയും അയാൾ, ഒന്നനങ്ങാൻ പോലുമാകാതെ, ശ്വാസം സ്തംഭിപ്പിച്ച്, സർവാംഗം സങ്കോചിപ്പിച്ച്, ഒരു സ്തബ്ധസ്വപ്നത്തിലെന്നോണം നിമിഷങ്ങളോളം നിലച്ചുപോവുകയും ഉണ്ടായിട്ടുണ്ട്. ഷ്ടാലിൻ കടന്നുപോയ പിറകും, അംഗരക്ഷകരുടെ അനേകരൂപജാലങ്ങളിലൊന്ന് ഇപ്പോൾ വരുമെന്ന പേടിയിൽ പതിഞ്ഞ്, അനക്കമറ്റയാൾ ഇരിക്കുകയും ചെയ്യും. ശ്വാസോച്ഛ്വാസം ചെയ്താൽ അതു ഷ്ടാലിന്റെയോ അകമ്പടിക്കാരുടെയോ കാതുകളിൽ വീണാലോ എന്നു പേടിച്ചയാൾ അത്രയും നേരം ജീവനില്ലാതെ നിലകൊള്ളും; കാറ്റുവീശാത്തയിടത്തെ, ഇലയെല്ലാം പൊഴിഞ്ഞ മരംപോലെയായിരുന്നു അന്നേരമയാളുടെ നില.
അയാൾക്ക് യഥാർഥത്തിൽ വേണ്ടത്, അത്ര അടുത്തും അത്ര അകലെയുമല്ലാതെ ഷ്ടാലിനെ ഏകാകിയായിക്കിട്ടുകയായിരുന്നു. ഏറെ അകലെെയങ്കിൽ, അകലം അയാളെക്കുടുക്കും. ഏറെ അടുത്തെങ്കിൽ അടുപ്പം അയാളെപ്പിടിക്കും. അയാൾക്കുവേണ്ടത് ആയുധം പിന്നാക്കം ആയംപിടിക്കാനും മുന്നാക്കം ആഞ്ഞുവീശാനുമുള്ള കൃത്യം അകലമാണ്. ഒപ്പം, തന്നെ ഷ്ടാലിൻ മുഖാമുഖം കണ്ട് വിളറാനും സ്വന്തം മരണം വരുന്ന വരവുകാണാനും എന്നാൽ തന്നെ പിടിക്കാനോ മരണത്തെത്തടുക്കാനോ വേണ്ടി കൈയെടുത്തു കർമനിരതനാകാനുള്ള വിടവ് അനുവദിക്കാത്തതുമായ കൃത്യം അടുപ്പവുമാണ്.
തന്നെക്കൊണ്ടു ജീവിതത്തിലൊരിക്കലും താനുദ്ദേശിക്കുന്ന കാര്യം നിർവഹിക്കാനാവില്ലെന്നു ചിന്തിച്ച്, ആർപ്പോവ് ഇട്ട്റോവിസ്കി ചില രാവുകളിൽ അത്യഗാധനിരാശയിൽ നിപതിച്ച് ഒച്ചയില്ലാതെ തേങ്ങുകയും കണ്ണീരൊഴുക്കുകയും ചെയ്യും. മറ്റുചില രാവുകളിൽ തന്നെക്കൊണ്ടല്ലെങ്കിൽ മറ്റാരെക്കൊണ്ടാണതിനു സാധ്യമാകുക എന്നാലോചിച്ച്, ആത്മവിശ്വാസക്കുടുന്തയിൽ അമർന്നുനിന്ന് കണ്ണുചിമ്മിക്കിനാവുകണ്ടു മുഗ്ധനാകുകയും ചെയ്യും. രണ്ടായാലും ഉരുക്കംതന്നെ.
അങ്ങനെയിരിക്കെ ഒരുനാൾ, മഹാനായ ഷ്ടാലിൻ ഇതാ, തന്റെ മുന്നിലൂടെ ഏകാകിയായി കടന്നുപോകുന്നത് ആർപ്പോവ് ഇട്ട്റോവിസ്കി കാണാനിടയാകുന്നു. തെരുവിന്റെ ഇങ്ങേപ്പുറം, അങ്ങോട്ടുകടക്കാൻ വന്ന ഒരു മഹാ നായ, ഷ്ടാലിന്റെ നിഴൽരൂപം തെരുവുഭിത്തികളിൽ അടിച്ച് പെരുത്തുപൊന്തി ഭയാനകമാകുന്നതു കണ്ടു കിടിലംകൊണ്ട്, തന്റെ വലുപ്പത്തിനു ചേരാത്ത കുരലിൽ മോങ്ങിക്കൊണ്ട് തിരിച്ചോടിയതും അയാൾ ഭാഗികമായിക്കണ്ടു. തനിക്ക് അനങ്ങാൻപോലുമാകാത്തവിധം ഭയം തന്നെയാകമാനം ഗ്രസിച്ചു താനൊരു നടുക്കത്തിന്റെ ചൂഴ്നിലയിലാകുന്നതയാൾ അറിയുന്നു. പക്ഷേ, ഇത്തവണയെന്തോ അയാളുടെ മേൽ കുമിഞ്ഞ ക്ഷിപ്രമായ ജീവച്ഛവാവസ്ഥ പൊടുന്നനെതന്നെ കുതറിയൊഴിയുന്നു. തെരുവവസാനിക്കുന്ന തിരിവ് അകലെയല്ല; അത്രമേലടുത്തുമല്ല. അവിടെ തിരിയാനൊരുങ്ങുന്ന വേളയിൽ ഷ്ടാലിനും താനും തമ്മിൽ താനെന്നും ആഗ്രഹിക്കുന്ന ആ കൃത്യം അകലവും കൃത്യം അടുപ്പവുമാണെന്ന് അയാൾ നിമിഷാർധംകൊണ്ടു ഗ്രഹിച്ചു. താനുയർന്നുലയുമ്പോളുതിരുന്ന കാറ്റൊച്ചയിൽ ഷ്ടാലിൻ പിൻതിരിയുമ്പോൾ, തന്നെയും സ്വന്തം മരണത്തെയും ഒരു നൊടിയിട കണ്ടു കണ്ണു മഞ്ഞളിക്കാനും കിട്ടുന്ന സമയം കിറുകൃത്യമായിരിക്കും.
തെരുവുതീരും തിരിവിൽ ഒരു പുകമഞ്ഞു പാറുന്നത് ആർപ്പോവ് കണ്ടു. ഓടിപ്പോയ മഹാ നായയുടെ ദൂരദൂരമാം കുരയുടെ പ്രകമ്പനം ഇടുക്കുകൾക്കു മേലേകൂടി ഇഴഞ്ഞെത്തുന്നത് ആർപ്പോവ് കേട്ടു. കാറ്റ് ഒരുവേള ശ്വാസമടക്കിനിൽക്കയാൽ, പുകമഞ്ഞ് കുഴഞ്ഞു കൂനാങ്കുരുക്കാകുന്നതും അതിൽ ഷ്ടാലിന്റെ മഹോന്നതരൂപം പരിവേഷം പ്രാപിച്ച് ചലിക്കുന്നതും ആർപ്പോവ് അറിഞ്ഞു. ഇതാണു നിമിഷം, ഇതത്രേ ചരിത്രസന്ദർഭം എന്നയാൾ മനസ്സിൽ പറഞ്ഞു. അയാളുടെ കോച്ചുന്ന കൈകളിൽ, ഇടത്തേതിലിരുന്ന് കൊടുംകുഠാരം കുലഞ്ഞുവിറച്ചു. അയാൾതന്നെ ആസകലാൽപ്പാടെ കിരുകിരുത്തു.
തെരുവിന്റെയൊടുവിൽ, പുകമഞ്ഞിന്റെ പുതപ്പിൽ, ഷ്ടാലിന്റെ രൂപം ഇപ്പോൾ മറഞ്ഞേക്കുമെന്നുതോന്നിച്ച ആ നിമിഷം ആർപ്പോവ് രണ്ടും കൽപിച്ചും ധൈര്യമവലംബിച്ചും ഉണർന്നെണീറ്റു. അതേനിമിഷമാണ്, അയാളുടെ ചങ്കു വാ പൊളിക്കുംവിധം നിസ്സീമമായ ഒരു കാഴ്ച ഉരുവംകൊള്ളുന്നത്. ഷ്ടാലിൻ മറയാൻ പോകുന്ന അതേ മൂലയുടെ മുടുക്കിൽനിന്ന് ഒരു രൂപം, പൊന്തിയ കൈകളിൽ കടുത്തുനിന്നാഞ്ഞ കൊത്തുവാൾക്കരിനിഴലും ഭേസി, േപ്രതപ്രതാപമാർന്നുദിച്ചുയർന്ന് ഷ്ടാലിനെ സമീപിക്കുന്നതായിരുന്നൂ, ആ കാഴ്ച.
ഷ്ടാലിൻ തന്റെ ഘാതുകനെക്കണ്ടു എന്നുറപ്പ്. എന്നാൽ, വധോദ്യുക്തനെത്തടുക്കാനാകാത്ത നിസ്സഹായതയിൽ കുനിഞ്ഞു കുമ്പിട്ടുനിൽക്കുകയായിരുന്നു ഷ്ടാലിൻ. ആരുടെയും മുന്നിൽ കുമ്പിടാത്ത ഷ്ടാലിൻ പക്ഷേ, തന്റെ തന്നെ മുന്നിൽ കുമ്പിടാറുണ്ടായിരുന്നു. അത്തരമൊരു കുമ്പിടലിലായിരുന്നു അദ്ദേഹമന്നേരം. ആ കുമ്പിടലുകൾക്കൊരു കാരണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇരുകാലുകളിലും അതിഭീകരമാം വണ്ണം പടർന്നേറി, പരന്നു പന്തലിച്ചുകിടന്ന, ഭീകരമായൊരു വരട്ടുച്ചൊറിപ്പകർച്ചയുണ്ടായിരുന്നു. തന്റെ കൈ ഒന്നൊന്നായി താഴ്ത്തി, അതിൽ ചൊറിയുന്നതും പിന്നെ, കൈ രണ്ടും പരത്തി അതിൽ പരക്കെ മാന്തുന്നതും അദ്ദേഹത്തിന് അനിതരമായൊരു ശാന്തിയും സന്തുഷ്ടിയും പ്രദാനം ചെയ്തുപോന്നിരുന്നു. അതെല്ലാം രാത്രിയിൽ ഇങ്ങനെ ഏകാകിയായി സഞ്ചരിക്കുമ്പോൾ മാത്രം. അതേപോലും, പകൽനേരങ്ങളിൽ തന്റെ സൈനികവേഷപ്പകിട്ടിൽ വരട്ടുചൊറിയെ മറച്ചും വേണ്ടിവന്നാൽ, ആർപ്പോവ് ഇട്ട്റോവിസ്കിയെപ്പോലുള്ള പാദപരിചരണോദ്യോഗസ്ഥരാൽ രഹസ്യമാന്തൽ നടത്തിയുമാണദ്ദേഹം കഴിഞ്ഞുപോന്നിരുന്നത്. ഇതു വരട്ടുചൊറിയല്ലെന്നും ലോകഭൂപടം അദ്ദേഹത്തിന്റെ കാലുകളിൽ വരച്ചുചേർത്തിരിക്കുന്നതാണെന്നും അതിൽ തോന്നുന്ന ചൊറിച്ചിലും അതിന്റെ നിവർത്തനവും ഒരുതരം അന്താരാഷ്ട്രവ്യവഹാരമാണെന്നുമായിരുന്നു ആ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നതും അവർ സ്വയം ധരിച്ചുവശായിരുന്നതും. വൃത്തചതുരദീർഘങ്ങളായ മേശയ്ക്കടികളിലൊളിഞ്ഞിരുന്ന് വരാഹമുഖരായ ആ അധോമനുഷ്യർ തങ്ങളുടെ രാഷ്ട്രസേവനം ശ്ലാഘനീയമാംവിധം ചെയ്തും പോന്നിരുന്നു. അവർ ശബ്ദമുണ്ടാക്കാതെയും ഷ്ടാലിന് അസ്വസ്ഥതയാകുമോ എന്നു ഭയന്ന് ശ്വാസോച്ഛ്വാസംപോലും താഴ്ത്തിയും തടുത്തും നിർവഹിച്ചുമാണ് ആ വരട്ടുചൊറികളെ താലോലിച്ചുപോന്നിരുന്നത്. ലോകസമാധാനത്തിന്, താനൊഴിച്ചുള്ള ലോകനേതാക്കൾക്കു മുഴുവൻ കാലുകൾ നിറയെ വരട്ടുചൊറി വരണമെന്ന സിദ്ധാന്തത്തിലേക്ക് ഷ്ടാലിൻ മനസ്സുകൊണ്ടടുക്കുന്ന കാലത്തായിരുന്നു സ്വയം ഈ വരട്ടുചൊറിവാതത്തിലേക്ക് അദ്ദേഹത്തിന്റെ കാലുകൾ എത്തിച്ചേർന്നത്. എങ്കിലും, ആ വാദം അവതരിപ്പിച്ച് വൈകാതെ, സമാധാനത്തിനുള്ള ഗ്ലോബൽ സമ്മാനം നേടുന്നത് അദ്ദേഹം സ്വപ്നം കാണുകയും ചെയ്തിരുന്നു. ആ സ്വപ്നങ്ങളിലേറിസ്സഞ്ചരിക്കുമ്പോൾ, അടിയിൽ, ആളുകൾ തന്റെ കാലിലെ ചൊറി മാന്തുന്നത് അദ്ദേഹത്തെ പുളകം കൊള്ളിച്ചിരുന്നു. എങ്കിലും, അപ്പോഴൊക്കെയും സ്വന്തം കൈകൾകൊണ്ടാ വരട്ടുചൊറിയിൽ അള്ളിമാന്തുന്നതിന് അദ്ദേഹത്തിന്റെ മനം മോഹിച്ചിരുന്നു. അവനവന്റെ വരട്ടുചൊറി അവനവൻ മാന്തുന്നതിനേക്കാൾ സുഖകരമായ മറ്റെന്ത് അനുഭൂതിയാണു മനുഷ്യജീവിക്കുള്ളത്? ഷ്ടാലിന് ആ സൗഭാഗ്യം അനുഭവിക്കാൻ കൈവന്നിരുന്ന ഏകാവസരമായിരുന്നു, ഏകാകിയായുള്ള രാനടത്തങ്ങൾ. അങ്ങനെ, സ്വന്തം വരട്ടുചൊറി സ്വയം മാന്തിക്കൊണ്ട് അദ്ദേഹം, ലോകം കീഴടക്കി, ആനന്ദമൂർച്ഛയിൽ, ഹർഷോന്മാദത്തിൽ, തന്നോടുതന്നെ കുമ്പിട്ടുനിന്നപ്പോഴാണ് ആ അക്രമി ചാടിവീണതെന്നതിനാലാണ്, തടുക്കാനാകാത്ത തകർച്ചയിലും വിധിതീർപ്പിലും താൻ പെട്ടുനിന്നുപോയത്.
ഈ ദൃശ്യമാണ് ആർപ്പോവ് ഇട്ട്റോവിസ്കി കണ്ടത്. ആ ക്രൂര കൊലയാളിയാരെന്നും അയാൾ തിരിച്ചറിഞ്ഞു. അത് ചൂഷങ്ക ഷൂനക്കോവ് ആയിരുന്നു. തീഷാനദിയുടെ താഴേത്താഴ്വരക്കപ്പുറം താമസിച്ചിരുന്ന ചൂഷങ്കയെ ആർപ്പോവ് നന്നായറിയും. തന്നെപ്പോലെതന്നെ, രാഷ്ട്രസഞ്ചയത്തിന്റെയും ഷ്ടാലിന്റെയും പ്രിയരിലൊരാളായിരുന്നിട്ട്, പൊടുന്നനെ, എതിർക്കളത്തിലേക്ക് എടുത്തെറിയപ്പെടേണ്ടിവന്ന മറ്റൊരാൾ. വധശിക്ഷയിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും ശിക്ഷിതരും പരിഹാസ്യരും മറവുജീവിതക്കാരുമായി മാറുവാൻ വിധിക്കപ്പെട്ടതിൽ തന്റെ ഇരട്ട.
തീഷാനദി വലുപ്പംവെച്ചു കൂലംകുത്തിയൊഴുകുന്ന തിട്ടകളിലൊന്നിൽ പാർത്തുപോന്നിരുന്ന ചൂഷങ്കയുടെ ജോലി പൊങ്ങുതട്ടുചങ്ങാടങ്ങളിൽ ദീപം തെളിയിക്കുക എന്നതായിരുന്നു. അതിന് ഏതു കൊടുങ്കാറ്റിലും മഴയിലും തന്റെ പൊളിഞ്ഞ ചങ്ങാടവും വിളക്കുകളുമായിപ്പോകണം. ആ ചങ്ങാടം പകലിൽ താറടിച്ചുണക്കിയായിരുന്നു ചൂഷങ്ക അതിന്റെ കേടും വിള്ളലുകളും പോക്കിയിരുന്നത്. മറ്റൊരു ചങ്ങാടത്തിനപേക്ഷിച്ചാൽ, അല്ലെങ്കിൽ, അതിനായി ഒരു മരം മുറിച്ചറുത്തു തടിയാക്കിയാൽ രാഷ്ട്രസഞ്ചയത്തിനതു നഷ്ടമണയ്ക്കുമെന്നതിനാൽ, അയാളൊരിക്കലും പുതിയൊരു ചങ്ങാടത്തിനപേക്ഷിക്കുക പോയിട്ട്, മോഹിക്കുകപോലും ചെയ്തില്ല. താറുപോലും, തനിക്കു വസതിക്കുശിനിയിൽ തീപൂട്ടാൻ വേണ്ടിയുള്ള റേഷനിൽനിന്ന് അരിഷ്ടിച്ചുപിടിച്ചാണയാൾ സമ്പാദിച്ചത്. അങ്ങനെയുള്ള ചൂഷങ്ക ഷൂനക്കോവ് ഒരുദിവസം തന്റെ ചുമതലമേഖലയായ തീഷത്തടത്തിൽ, പാതിരാവിനുശേഷം, അതിഭീകരമായ ചുഴലിക്കാറ്റും പിശിറും മഴയും മിന്നലും വന്നുകേറി വിളയാടുന്നതുകണ്ടന്തിച്ചുപോയി. സന്ധ്യക്കു താൻ തുഴഞ്ഞുചെന്നുനട്ട കൊച്ചുവിളക്കുമാടങ്ങളൊക്കെ ചിലപ്പോൾ, തട്ടിളകിക്കെട്ടുപോകുകയോ ചങ്ങാടമുലഞ്ഞുമുങ്ങിത്താണുപ്പോകുകയോ ചെയ്തിരിക്കാമെന്നോർത്തപ്പോൾ അയാളുടെ കശേരുക്കണ്ണികൾ കിടുമ്പിച്ചു. അയാൾ ആ മഴയത്ത്, വിളക്കുകളും ഞെക്കുവിളക്കുമായി തന്റെ ഒടങ്കൊല്ലിച്ചങ്ങാടത്തിൽ പുറപ്പെട്ടു. മഴ ചീറിയടിച്ചു. കാറ്റ് വീശിവഴിഞ്ഞു. മിന്നൽ നട്ടെല്ലിൽ തല്ലി. ഇടിനാദം ഇടുപ്പുകളിൽ ഇരച്ചിറങ്ങി. തീഷ അയാളെയും ചങ്ങാടത്തെയും അമ്മാനമാടി. എന്നാലും അയാൾ കൈക്കുഴകളെ കശക്കിഞെരിച്ചുകൊണ്ട് തുഴച്ചിൽ തുടർന്നു. കാരണം, വിളക്കുകൾ വേണ്ടുംവണ്ണം കത്തിയില്ലെങ്കിൽ, വെളിച്ചം കാണാതെ, കപ്പലുകൾ വന്ന് മൂങ്ങകളെപ്പോലെ തിട്ടയിൽ ഇടിച്ചുകയറി ആളു ചാകുകയും ചരക്കുമുങ്ങുകയും ചെയ്യും. ആളു ചാകുന്നത് അത്ര മനഃപ്രയാസപ്പെടേണ്ട കാര്യമല്ല. എന്നാൽ, കപ്പലുകൾ നാശപ്പെടുന്നതും ചരക്കുകൾക്ക് നഷ്ടം വരുന്നതും രാഷ്ട്രസഞ്ചയത്തിന്റെ അക്ഷീണമായ പുരോഗമനത്തിന് തടസ്സം സൃഷ്ടിക്കും. അത് കടുത്ത രാഷ്ട്രവഞ്ചനയായി തന്റെ ചുമലുകളിൽ കുരിശുവരയും എന്ന് അയാൾക്കറിയാമായിരുന്നു.
അങ്ങനെ, ചൂഷങ്ക ഷൂനക്കോവ് അതിതീവ്രം തുഴഞ്ഞുമുന്നേറി. ഓരോ തട്ടുകളിലും അയാൾ അങ്ങേയറ്റം പ്രയത്നം വ്യയംചെയ്ത് വിളക്കേറ്റിക്കൊണ്ടിരുന്നു. അതിനിടെ, ചിലപ്പോൾ വിളക്കണഞ്ഞുപോകും. ചിലപ്പോൾ, ചങ്ങാടത്തട്ട് മുങ്ങാനോങ്ങും. ചിലപ്പോൾ തന്റെ ചങ്ങാടവും ചങ്ങാടത്തട്ടും തമ്മിൽ ഇടിച്ചുകയറി ഇടങ്കോലിടും. ഇതെല്ലാം വീണ്ടും വീണ്ടും ശരിപ്പെടുത്തി, മുങ്ങിയ തട്ടുകൾ പൊക്കി, മങ്ങിയ വിളക്കുകൾ മുന്തിച്ച്, ഇടഞ്ഞ ഇടർച്ചകൾ വിടർത്തി അയാൾ മഹാധ്വാനംചെയ്തു. തീഷ അയാളെ തിക്കുമുട്ടിച്ചുവെങ്കിലും അയാളതിനെ അതിശയിക്കുകയും അതിജീവിക്കുകയും ചെയ്തു. തളരുമ്പോഴൊക്കെ, എവിടെയോനിന്ന് യൂ എന്നൊരു ദീരണമയാൾ കേട്ടു. അതോടെ, ആവേശത്തിലേക്കു സ്വയം പകർന്ന്, അയാൾ യേസ് യേസ് സാർ... എന്നലച്ചുമുഴങ്ങി. അതയാളുടെ അകക്കാമ്പിൽ നെരിപ്പോടെരിച്ചു. പലപ്പോഴും ചങ്ങാടം വിട്ട്, മാരകപ്രവാഹമായി മലർന്നൊഴുകിയ ഇരുൾത്തീഷയിലേക്ക് കണ്ണില്ലാതെ, ലക്കുംലഗാനും വലിച്ചെറിഞ്ഞ്, ചാടിയിറങ്ങി, ചുഴികളിൽ മറുചുഴിയായി പിടികൊടുക്കാതെ പിടച്ചും ഉടലു വെള്ളമാക്കി നദിയെ നട്ടംതിരിച്ചും അയാൾ വിളക്കുകൾ കൊളുത്തിനിരത്തി. ഒടുക്കം, അവസാനത്തെ തട്ടിലേക്ക് അയാളെത്തി. അവിടെത്തിയപ്പോൾ അയാളുടെ കൈയിൽ ഒരു വിളക്കേ അവശേഷിച്ചിരുന്നുള്ളൂ. അതു പലവട്ടം കെട്ടു. ഓരോ വട്ടവും അയാളതു കൊളുത്തി. നനഞ്ഞ തീപ്പെട്ടിയുടെ ഗന്ധകപ്രതലത്തിൽ പ്രാണാഗ്നിയൂതിച്ചുട്ടാണ് ഓരോ തവണയും അയാളതു കൊളുത്തിയത്. ഒടുവിൽ അവസാനത്തെക്കൊള്ളിയും ചെലവാക്കി അയാളതു കൊളുത്തി. ലോകത്തിന്റെ നെറുകതാണ്ടിയ ആരോഹകനെപ്പോലെയയാൾ സ്വയംമറന്നു. ആ മറവിയിൽ അയാൾ യൂ എന്ന ആജ്ഞാപനം കേട്ടു. മുഷ്ടിചുരുട്ടി ആകാശത്തിലേക്കുയർത്തി അയാൾ യേസ് യേസ് സാർ... എന്നു വിളിച്ചുകൂവി. അതയാളെ പ്രക്ഷുത്മതയിലേക്കു വിവർത്തനംചെയ്തു.
പിെന്ന, സ്വന്തം ചങ്ങാടത്തിൽ അയാൾ പിടിച്ചും ഇഴഞ്ഞും കയറി. തുഴഞ്ഞല്പമെത്തിയപ്പോൾ പിന്നിൽ നനുവെളിച്ചത്തിലേക്ക് ഇരുൾ ഇരമ്പുന്നതുപോലെ. തിരിഞ്ഞുനോക്കിയപ്പോൾ അയാൾ കണ്ടു. അവസാനത്തെ പൊങ്ങുതട്ടിലെ, അവസാനത്തെ തീപ്പെട്ടിക്കൊള്ളിയുപയോഗിച്ചു കത്തിച്ച, അവസാനത്തെ വിളക്ക് അവസാനമായിപ്പൊലിഞ്ഞിരിക്കുന്നു. ആലോചിച്ചുനിൽക്കാൻ സമയമില്ല. ഉസ്ബക്കോവിൽനിന്ന് കിസ്ബക്കോവിലേക്കുള്ള രാക്കപ്പൽ വരാൻ ഇനിയധികമില്ല, നേരം!! അയാൾ ചങ്ങാടം തിരിച്ചു. തട്ടിലേക്കെത്തി, കല്ലുകൾ കൂട്ടിയുരച്ചു തീപ്പിടിപ്പിക്കുക മാത്രമേ ഇനി മാർഗമുള്ളൂ. അതിനായയാൾ ശ്രമമാരംഭിക്കുകയും പ്രയത്നത്താലും ഇഴുക്കലാലും ബലഹീനമായ കൈവഴുതി, തുഴ തീഷയിൽവീണ്, നിമിഷംവിനാ നദിയുടെ അഗാധതയിലേക്കാഴ്ന്നുപോയി. ഒരുനിമിഷം മനസ്സിന്റെ പങ്കായം നഷ്ടപ്പെട്ട് ചൂഷങ്ക ഷൂനക്കോവ് മുരണ്ടുപോയി.
–തൊലഞ്ഞുപോകട്ടെ!!
സർവാംഗം വന്ന വിറയാൽ വിനഷ്ടവിചാരനായി, അയാൾ തന്റെ ചങ്ങാടത്തട്ടിൽ ആഞ്ഞുചവിട്ടി. സ്വന്തം ബൂട്ടിന്റെ അടിപൊളിയുകയും അതേസമയംതന്നെ, തട്ടിലെ കീലിളകിപ്പൊളിഞ്ഞു ചങ്ങാടം വിള്ളുകയും നദി വിടവിലൂടെ പൂക്കുറ്റി ചിതറിക്കുകയും ചെയ്തു. എല്ലാം മറന്ന് ചൂഷങ്ക അലറി.
–ചെകുത്താൻ പിടിക്കട്ടെ!!!...
പിന്നീട് സ്വബോധപ്രചോദിതനായി, ഈ കൊടുമകളെ തോൽപിച്ച് ചങ്ങാടത്തിന്റെ ഒരൊറ്റത്തടിപ്പലകമേൽ ഇറുകിപ്പിടിച്ചുകിടന്ന്, തണുത്ത തീഷയെ കൈകൊണ്ടു തുഴഞ്ഞകത്തി ചൂഷങ്ക പൊങ്ങുതട്ടിലേക്കു തിരിച്ചുചെല്ലുകയും നനഞ്ഞ കല്ലുകൾ നെഞ്ചത്തുരച്ചു നീറ്റിയുണക്കി, തമ്മിലുരച്ച് തീയുണ്ടാക്കി തിരിവിളക്കു കൊളുത്തുകയും, അതേ പലകച്ചങ്ങാടത്തിൽ കൈത്തുഴയാൽ തീഷ പകുത്ത് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ, കാര്യങ്ങൾ റിപ്പോർട്ടു ചെയ്യവേ, തുലഞ്ഞുപോകട്ടെ, ചെകുത്താൻ പിടിക്കട്ടെ എന്നീക്കാര്യങ്ങൾ ചൂഷങ്ക ഉരുവിട്ടത് ഗുരുതരമായി കണക്കാക്കപ്പെട്ടു. അത് മഹത്തായ യൂ യേസ് യേസ് സാർ രാഷ്ട്രസഞ്ചയം തുലഞ്ഞുപോകട്ടെയെന്നും മഹാനായ ഷ്ടാലിനെ ചെകുത്താൻ പിടിക്കട്ടെ എന്നുമുള്ള ഉദ്ദിഷ്ടോദീരണങ്ങളും വർഗവിരുദ്ധമായ ശാപവചസ്സുകളുമായി വ്യാഖ്യാനിക്കപ്പെട്ടു. അതീന്ദ്രിയോക്തികളാൽ രാഷ്ട്രീയപ്രത്യയശാസ്ത്രവിരുദ്ധമായ അലൗകികവിശ്വാസങ്ങളിലേക്കുള്ള പ്രതിയുടെ ചായ്വായും ആയത് ഗണിക്കപ്പെട്ടു. അങ്ങനെയാണ് ചൂഷങ്ക ഷൂനക്കോവ് അനാഥനും ഇവ്വിധം ഉന്മൂലനോദ്യുക്തനുമായിത്തീർന്നത്. അങ്ങനെയാണിപ്പോൾ, അയാൾ ഷ്ടാലിനുനേരേ കുലച്ച ആയുധവുമായി, ചരിത്രത്തിന്റെ മാറാമറയാട്ടത്തിലെ ഒരു നിർണായക സന്ദർഭത്തിൽ നിലവിൽ വരുന്നതും.
ഷ്ടാലിനു വേണമെങ്കിൽ നിവർന്ന്, തന്റെ പ്രതിയോഗിയെ നേരിടുകയും തുരത്തുകയോ കീഴടക്കുകയോ വകവരുത്തുകയോ പോലും ചെയ്യുകയുമാകാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാൽ, വരട്ടുചൊറി വന്നിട്ടുള്ളവർക്കു മാത്രമേ അറിയൂ, അത് സാധ്യമേയല്ലായിരുന്നുവെന്ന സത്യം. ഒരാൾക്കു വരട്ടുചൊറി ഉണ്ടെന്നിരിക്കട്ടെ, അയാൾ അതു ചൊറിയാനായി തന്റെ കൈകൾ ആ വരട്ടുചൊറികൾക്കു മേലൊന്നു തൊട്ടുപോയി എന്നുെവക്കുക; പിന്നെ, വരട്ടുചൊറി ചൊറിഞ്ഞുതീർക്കാതെ അയാൾക്കാ കൈകൾ അതിന്മേൽനിന്നെടുക്കാനാവില്ല. അതിനിടയിൽ, അയാൾക്കു മേൽ യമദണ്ഡംതന്നെ വന്നുപതിച്ചാലും അയാളതിനെ പ്രതിരോധിക്കാൻ അണുപോലും അനങ്ങുകില്ലതന്നെ!! മരണം വന്നുപുൽകിയാൽ പുൽകിമുഴുകട്ടെ എന്നും മൃത്യുമുന വന്നുമ്മവെച്ചാൽ ഉമ്മവെച്ചുരുകിച്ചേരട്ടെയെന്നും വിചാരിച്ചുനിൽക്കാനേ അപ്പോൾക്കഴിയൂ.
അങ്ങനെ സ്വന്തം വരട്ടുചൊറി ചൊറിയുന്നതിന്റെ ഉന്മാദനിർവൃതിയിൽ, ഹർഷോന്മാദത്തിൽ, സ്വയംസുരതമകുടമണഞ്ഞ്, രേതസ്ഖലനസന്തുഷ്ടിയിൽ പുളകിതനായി നിൽക്കുകയായിരുന്ന ഷ്ടാലിനുനേരേ ചൂഷങ്കയുടെ കൊലക്കത്തിയുയർന്നുതാഴുന്നതു കണ്ട്, അയ്യോ! എന്ന ആക്രന്ദനത്തോടെ ആർപ്പോവ് ഇട്ട്റോവിസ്കി മുന്നോട്ടുകുതിച്ചു. പുകമഞ്ഞിൽ ഇപ്പോൾ മൂന്നുരുവങ്ങളും തെരുവിനെ മറച്ചുയർന്ന കെട്ടിടഭിത്തികളിൽ നിഴൽക്കേളികൾ കൂടിയായി കെട്ടിപ്പിണഞ്ഞു.
രണ്ടാളെയും മാറിമാറിനോക്കിയെങ്കിലും, വരട്ടുചൊറിയിൽനിന്നു വിടുതൽകിട്ടാതെനിന്ന ഷ്ടാലിൻ സഹജമുരുവിട്ടു.
–യൂ?..
അപ്പോഴേക്കും താണുതുടങ്ങിയിരുന്ന കത്തി ആർപ്പോവ് ഇട്ട്റോവിസ്കി പിടിച്ചുനിർത്തിയില്ല. എന്നാൽ, യേസ് യേസ് സാർ എന്നലമുറയിട്ടു കണ്ണീർവാർത്തുകൊണ്ടയാൾ ഷ്ടാലിന്റെ കാൽക്കീഴിലേക്കു വീണു. തന്റെ കൈകൾ രണ്ടും പരത്തി ആ വരട്ടുചൊറികളെ അമർത്തിമാന്തിത്താലോലിച്ചുകൊണ്ടയാൾ ഏങ്ങിയലച്ചറിയിച്ചു.
–എെന്റയും എല്ലാവരുടെയും നേതാവേ... ഞങ്ങളുടെ എല്ലാമായ യജമാനരേ... അങ്ങ് എതിരാളിയോടു യുദ്ധംചെയ്തുകൊള്ളൂ. അങ്ങയെക്കൊല്ലാൻ വന്ന ആ പാതകിയെ അങ്ങു മറ്റെല്ലാം മറന്നെതിരിട്ടോളൂ... ഈ ഏഴ, ഈ ഭൃത്യൻ, ഈ അടിമ, യജമാനനുവേണ്ടി, അങ്ങയുടെ പാദങ്ങളെ അലോസരപ്പെടുത്തുന്ന ഈ വിശുദ്ധ വരട്ടുചൊറി ചൊറിഞ്ഞുകെടുത്തിക്കൊള്ളാം...
അങ്ങനെ ആർപ്പോവ് ഇട്ട്റോവിസ്കി മഹാനായ ഷ്ടാലിന്റെ വരട്ടുചൊറികൾ മാന്താനാരംഭിക്കുകയും ഷ്ടാലിൻ തന്റെ മഹാമൂർച്ഛയിൽനിന്നുണർന്ന്, കുമ്പിടൽ നിവർന്ന്, ചൂഷങ്കയെ നേരിടാൻ കരംവിടർത്തുകയും അതിനു പ്രാരംഭമായി, യൂ എന്നു ഗർജിക്കുകയും ചെയ്തു. എന്നാൽ, രണ്ടാംവട്ടവും യൂ എന്നു കേട്ടതോടെ, തളർന്നുപോയ ചൂഷങ്ക ഷൂനക്കോവ് യേസ് യേസ് സാർ എന്നു മോങ്ങിക്കൊണ്ട്, കത്തി കൈവിട്ട്, ഷ്ടാലിന്റെ കാൽക്കലേക്കു വീണ്, വിശുദ്ധ വരട്ടുചൊറി മാന്തുന്നതിൽ ആർപ്പോവിനോടു മത്സരിക്കാനാരംഭിക്കുകയും ചെയ്തു.
പ്രച്ഛന്ന പട്ടാളക്കാരിലാരുടെയോ തോക്ക് അകലങ്ങളിൽ ഒരുതവണ വെടിപൊഴിക്കുന്ന ഒച്ച മുഴങ്ങുകയും മഹാ നായരോദനം അന്തിമമായി മുഴങ്ങിയൊടുങ്ങുകയും കൂടെ ഉണ്ടായി. രാവ് കൂടുതൽ ഇരുണ്ടുവരികയായി.