പൂട്ട് -ഷബ്ന മറിയം എഴുതിയ കഥ
‘‘ഊണ്, ബിരിയാണി, ബിരിയാണി, എഗ് ബിരിയാണി, വെജ് ബിരിയാണി, പപ്പട വട, വട, വട...’’ തൊണ്ണൂറുകളിലെ മണിരത്നം പാട്ടുകളും കേട്ടുകൊണ്ട് മയങ്ങുന്നതിനിടയിലാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്. രണ്ട് കാലുകളും രണ്ടു പേരുടെ മടിയിലേക്കുമായി വിടര്ത്തിവെച്ചിരിക്കുകയായിരുന്നു അവനപ്പോള്‍. അമ്മയില്‍നിന്നും മാതളയല്ലികളും അമ്മമ്മയില്നിന്നും നിലക്കടലയും മാറിമാറി കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ട്രെയിനില്‍ വിൽപനക്കായി വന്ന എന്തോ പലഹാരത്തിന് വാശിപിടിച്ചവന്...
Your Subscription Supports Independent Journalism
View Plans‘‘ഊണ്, ബിരിയാണി, ബിരിയാണി, എഗ് ബിരിയാണി, വെജ് ബിരിയാണി, പപ്പട വട, വട, വട...’’
തൊണ്ണൂറുകളിലെ മണിരത്നം പാട്ടുകളും കേട്ടുകൊണ്ട് മയങ്ങുന്നതിനിടയിലാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്. രണ്ട് കാലുകളും രണ്ടു പേരുടെ മടിയിലേക്കുമായി വിടര്ത്തിവെച്ചിരിക്കുകയായിരുന്നു അവനപ്പോള്‍. അമ്മയില്‍നിന്നും മാതളയല്ലികളും അമ്മമ്മയില്നിന്നും നിലക്കടലയും മാറിമാറി കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ട്രെയിനില്‍ വിൽപനക്കായി വന്ന എന്തോ പലഹാരത്തിന് വാശിപിടിച്ചവന് കരയാന്‍ തുടങ്ങിയത്. മടിയില്‍നിന്ന് താഴേക്കൂര്‍ന്നിറങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനെത്തുടര്‍ന്ന് അമ്മയുടെ മുടിപിടിച്ച് പറിച്ച് വല്ലാതെ ബഹളംവെച്ചുകൊണ്ടിരിക്കുന്നു. നാലു വയസ്സ് തോന്നും. അവനുതന്നെ തിരിയാത്ത ഏതോ പലഹാരത്തിന്റെ പേരും വിളിച്ചാണ്, വായക്കകത്ത് കുത്തിത്തിരുകിയതുംകൊണ്ട് പണിപ്പെട്ട് കരയുന്നതെന്ന് അവരുടെ കൂടെയുള്ള പുരുഷന് അഭിപ്രായപ്പെട്ടപ്പോള്‍ ബോഗിക്കകത്തിരുന്ന മിക്കവാറും എല്ലാവരും ചിരിച്ചു. അയാള്‍ക്കും ചിരിക്കാന്‍ വന്നെങ്കിലും അയാള്‍ വളരെ നിര്‍ബന്ധപൂർവം ശ്രദ്ധമാറ്റി പുറത്തേക്കു നോക്കി. ചെറിയ ചെറിയ വീടുകള്‍, അതും അടുക്കിവെച്ചതുപോലെ. അധിക വീടുകള്‍ക്കു മുന്നിലും മുരിങ്ങയും വേപ്പും കുറ്റിമുരിങ്ങകളും. എന്നിട്ടുമെന്താണിവ നിറഞ്ഞ് കായ്ക്കുന്നത്? നാട്ടിലെ മുരിങ്ങമരങ്ങളില് ഇത്രക്കങ്ങ് കായകള്‍ നിറയില്ല. യാത്രയില്‍ ഇടക്കിടക്ക് കാണുന്ന പൂർണമായും ഇലകള്‍ കൊഴിഞ്ഞ കൂറ്റന്‍ മരങ്ങളിലേക്കയാള് കണ്ണും നട്ടിരുന്നു. മരങ്ങള്‍ക്ക് പനിപിടിക്കുന്ന കാലത്തായിരിക്കുമോ അവ?
മാങ്ങാച്ചുന പൊള്ളിയ കാലം മറ്റാര്‍ക്കും കഴിയാത്തവിധം തൊട്ടുരുമ്മിയെന്നോണം അരികിലപ്പോള് കായ്ച്ചുനിന്നു.
അച്ഛാച്ഛനാണ് പറഞ്ഞുകൊണ്ടേയിരുന്നത്, ഓന്റെ ചിരി കാണാന്‍ നല്ല സൊയമ്പനാണെന്ന്. അന്ന് ചെറുപ്പത്തിലൊരിക്കല്‍ കുരുമുളക് ചവിട്ടിമെതിച്ചു കഴിഞ്ഞ് എല്ലാരൂടി തിണ്ണേല് വന്നിരുന്ന് വാട്ടക്കപ്പ കഴിക്കുന്നതിനിടേലും തന്നേം അനിയത്തിയേം കൂട്ടിപ്പിടിച്ച് അച്ഛാച്ഛന് അത് തന്നെ പറഞ്ഞു. ‘‘എന്തേത്തും ചിരിയാടീ ഓന്റെ.’’ അപ്പോള്‍ നാണം വന്ന് കണ്ണുകള്‍ ഇറുക്കിയടച്ചു കളഞ്ഞത് നല്ലോർമയുണ്ട്. ഏത് നേരത്തും എല്ലാ കാലത്തും ഏതേത് വസ്ത്രത്തിനൊപ്പവും വെളുത്തൊരു തോര്‍ത്തുമുണ്ട് അച്ഛാച്ഛന് നിര്‍ബന്ധായിരുന്നു. അതിങ്ങനെ ചുഴറ്റിക്കൊണ്ടിരിക്കും. ഒരു വാക്കില്‍നിന്ന് ആഹ്ലാദത്തിന്റേതായ അനേകം വാക്കുകള്‍ ചിതറിത്തെറിച്ചെത്തിക്കുന്ന പച്ചപ്പായിരുന്നു ആയ കാലത്തെല്ലാം ആള്. ‘‘ഒന്നൂടൊന്ന് ചിരിക്കെടാ ചെറുക്കാ യ്യ്, ഞാനൊന്ന് കാണട്ടേ.’’ ആ കാലത്ത് മേലേതിലെ ഡോക്ടറെ കാറും രണ്ടു മൂന്ന് ജീപ്പുമേ ആ നാട്ടിലുണ്ടായിരുന്നുള്ളൂ. ഇന്നിപ്പം അതാണോ കാര്യം. അച്ഛാച്ഛന്റെ കാലത്ത്ള്ള സംഗതികളും പോയി, അച്ഛാച്ഛനും പോയി. ഓർമയില്‍നിന്നെടുത്തു കുടഞ്ഞ് ഉച്ചവെയിലിന്റെ ഒത്ത നടുക്കേക്കെടുത്തിട്ടു തന്നെ ദിവാകരന്.
‘‘ഇക്കൊല്ലത്തെ പുലികളി കാണാന്‍ പോണംന്ന് പറഞ്ഞതല്ലേ. ഒരുങ്ങിയിരുന്നോളൂട്ടോ. അടുത്ത മാസാ, യ്യ് വരൂലേ.’’ നാട്ടിലുള്ള ഒരേയൊരു കൂട്ടുകാരനാണ്.
കടുവകള്‍ കാട്ട്ന്ന് നൃത്തം ചെയ്യുന്നുണ്ടാവും. മനുഷ്യരല്ലാതെ മറ്റേത് ജീവിയാ ത്ര പിരിമുറുക്കത്തോടെ ജീവിക്ക്വാ. പുലിവേഷം കെട്ടി പുരുഷന്മാരും ചില സ്ത്രീകളും കൂട്ടത്തോടെ ചുവടുവെച്ച് നീങ്ങുന്നു. പുലിവേട്ടക്കിറങ്ങുന്ന വേട്ടക്കാരില്നിന്നൊഴിഞ്ഞ്, ഒളിച്ച് പുലികള്‍ നീങ്ങുന്ന കാഴ്ച. പണ്ട് ശരീരത്തില്‍ മഞ്ഞനിറം തേച്ച് അതില്‍ കറുപ്പ് വരകള്‍ മാത്രായിരുന്നു ഇടാറ്, ഇന്നിപ്പോ നിറങ്ങളുടെ സമൃദ്ധിയാണ്. ഇത്തവണ പോണം, അയാള്‍ മനസ്സിലുറച്ചു.
വേനല്‍, ഷീറ്റിട്ട ഒറ്റമുറി. മുറിയിലേക്ക് കയറിയതും മോര് കാച്ചിയതിന്റെയും ചക്ക വേവിച്ചതിന്റെയും മണമില്ലായ്മകള് അയാളുടെ മൂക്കിലേക്ക് കയറിപ്പൊത്തി. മധ്യവയസ്സിനുശേഷം മാത്രം മേലനങ്ങി പണിയെടുക്കാന്‍ തുടങ്ങിയ ഒരാളുടെ ആകുലതകളുടെ അംഗചലനങ്ങള്‍.
ക്ഷീണിച്ചാണുറങ്ങിയതെങ്കിലും പാതിരാത്രി ഭാര്യയെയും സ്വപ്നം കണ്ടുണര്ന്നപ്പോഴാണ് ദൂരെനിന്നെവിടെയോ ആര്‍പ്പും കൂക്കുവിളിയും കേട്ടത്. ദൂരെയെവിടെയോ ആണ്.
ആര്‍പ്പുവിളികള്‍...
പൂട്ടുപാടത്തിന്റെ വരമ്പുകളിലായിരുന്നത്. നിറഞ്ഞ ആരവങ്ങള്‍ ആദ്യമായി കേട്ടുതുടങ്ങിയത്. കൊയ്ത്തുകഴിഞ്ഞ് രണ്ടാം വിളവിറക്കുന്നതിന് മുന്നോടിയായി ഉഴുതുമറിഞ്ഞ വിശാലമായ വയലുകളിലുണ്ടായിരുന്ന കാളപൂട്ടിന്റെ നിറഞ്ഞ ആരവങ്ങള്‍. പൂട്ടുപാടത്തിന്റെ വരമ്പുകളില്‍ തിങ്ങിനിറഞ്ഞ ആർമാദത്തിന്റെ ആര്‍പ്പുവിളികള്‍. കുഞ്ഞുന്നാളിലേ പുലര്‍ച്ചെ എഴുന്നേറ്റ് അച്ഛനും അച്ഛാച്ഛനും കാളകളെയും കൊണ്ടിറങ്ങുന്നത് കാണാം. പത്ത് വയസ്സായപ്പോഴേക്കും ഒഴിവ് കിട്ടുമ്പോഴെല്ലാം ദിവാകരനും പോകാന്‍ തുടങ്ങി. പ്രത്യേകിച്ചും കാളപൂട്ട് മത്സരങ്ങള്‍ക്ക്. മത്സരത്തിനെത്തിയ കാളകളെ ഒറ്റക്കും ജോടിയായും മത്സരത്തിന് മുന്നോടിയായി പൂട്ടുപാടങ്ങളിലിറക്കി പൂട്ടുകണ്ടം ചുറ്റിക്കുമ്പോള്‍ അവനുമുണ്ടാകും കൂടെ. കണ്ടം അളന്ന് മനസ്സൊന്നുറക്കണം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കന്നുകളെ കൂട്ടിക്കെട്ടിയൊരുക്കി വയലിലിറക്കുമ്പോഴേക്കും ദിവാകരന് പക്ഷേ മാറിനിൽക്കും. അവനത് കാണണ്ട. പാടത്ത് ആര്‍പ്പും കൂക്കുവിളിയുമൊഴിഞ്ഞ ഒരു കാളപൂട്ട് മത്സരത്തിന്റന്നാണ് ആദ്യമായവന് സ്വയം മറ്റൊരാളായി നിന്ന്, പ്രവേഗത്തിന്റെ പുതിയ ചരിത്രം നെയ്യാന്‍ ശ്രമിച്ചുനോക്കിയത്.
ഇവിടെ, തമിഴ്നാട്ടില്‍ കന്നുകളെ കെട്ടിയിടില്ല. അവര്‍ തോന്നുംപോലെ മേഞ്ഞുനടക്കും. ചെറുപ്പത്തില്‍ എല്ലാ കാലത്തും രണ്ടോമൂന്നോ അതില്‍ക്കൂടുതലോ കന്നുകളുണ്ടാകുമായിരുന്നു അയാളുടെ വീട്ടില്‍. നല്ല തണ്ടും തടിയുമുള്ളവ. മനുഷ്യരേക്കാള്‍ പ്രാധാന്യവുമുണ്ടായിരുന്നു അവക്ക്. പക്ഷേ, അച്ഛമ്മ കൂടക്കൂടെ ആടുകളെ വളര്‍ത്താന്‍ നോക്കിയിട്ട് ഗതിപിടിച്ചില്ല താനും. അരക്കൊല്ലോ മുക്കാക്കൊല്ലോ കഴിയുമ്പോ അവ ചത്തു വീഴും, ഒരെണ്ണം മാത്രാണ് കൊല്ലം തെകച്ചത്. പക്ഷേ. മാസം തെകഞ്ഞുനിന്ന ആ ആടും അച്ഛമ്മയെ തലതല്ലി കരയിച്ചുകൊണ്ട് ഒരുദിവസം രാവിലെ ചത്തുകിടന്നു
‘‘പാമ്പ് കടിച്ചതാ.’’ മറ്റു കന്നുകാലികളെല്ലാം ആയുരാരോഗ്യത്തോടെ കഴിഞ്ഞുകൂടിയപ്പോഴും ആ സ്ഥലത്ത് ആടുകള്‍ വാഴാത്തതെന്തെന്ന് ആര്‍ക്കും മനസ്സിലായില്ല. കുട്ടികളാരും കുറേ ദിവസത്തേക്ക് കളിക്കാന്‍പോലും പുറത്തിറങ്ങിയില്ല. അച്ഛമ്മ അതിനെ വെച്ച സ്ഥലത്തേക്കോ മറ്റു ആടുകളിലേക്കോ പിന്നീട് തിരിഞ്ഞു നോക്കിയതേയില്ല, മരിക്കുവോളം. ഒരു സ്ഥലത്തെ പ്രകൃതിയാണോ, അതോ മനുഷ്യരാണോ അവിടത്തെ ചുറ്റുവട്ടം എങ്ങനെയായിരിക്കണംന്നും എന്തായിരിക്കണം ന്നും തീരുമാനിക്കുന്നത്?
അയാള്‍ക്ക് എപ്പോഴത്തെയുംപോലെ അവളെ ഓർമ വന്നു. ഒരേ മലയുടെ രണ്ട് താഴ്വരകളിലുള്ളവര്. അവര്‍ വല്ലപ്പോഴും ഉത്സവത്തിനോ പള്ളിപ്പെരുന്നാളിനോ കല്യാണവീടുകളിലോ കണ്ടുമുട്ടി. നിലാവുദിച്ചതുപോലുള്ള ചിരി, മാന്യമായ പെരുമാറ്റം, ഒത്ത പ്രകൃതം. അതവളുടെ ഉറക്കം കെടുത്തി. വര്ഷങ്ങളിലൊന്നോ രണ്ടോ തവണ മാത്രം കിട്ടുമായിരുന്ന ഉറങ്ങാത്ത രാത്രിയാഘോഷങ്ങളുടെ ഇടിമിന്നലുകള്ക്കായി അവര്‍ രണ്ടാളും തപസ്സ് ചെയ്തു വര്‍ഷങ്ങളോളം.
പ്രേമികളുടെ ആകാശം
ഭൂമി
മണം
നിറം
വിവാഹിതരുടെ ആകാശം
ഭൂമി
മണം
നിറം
മനോഹരമായ ചിരികളുടെ ആഷാഢമാസത്തില്നിന്നിറങ്ങി പുഴുങ്ങിയ മുറിക്കുള്ളില്നിന്നയാള് ജനലിലെ ഇത്തിരി വിടവിലൂടെ അങ്ങകലേക്ക് നോക്കി. മനുഷ്യരാദ്യമായി ചിരിക്കാന്‍ തുടങ്ങിയതെന്നായിരിക്കും? പൂക്കളെപ്പോലെ. എല്ലാ കുഞ്ഞുങ്ങളുടെ ചിരികളും വസന്തത്തിലെ പൂക്കളാണ്. എന്തുചെയ്യാം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഉള്ളിലേക്ക് ചുരുങ്ങിച്ചുരുങ്ങി വീര്ക്കുന്നതാണവന്റെ വളര്‍ച്ച.
‘‘ഓ, ന്റെ ഏട്ടാ, ചിറീന്റെടേല് തിരുകിക്കേറ്റിയ സൂര്യന്. ന്റമ്മോ. ഒന്ന് മസില് വിടി ങ്ങള്.’’
ഭാര്യ ചിറി കോട്ടി നെഞ്ചോടൊട്ടിക്കിടന്ന് അവളുടെ ചൂണ്ടുവിരല്‍ ചുണ്ടിന്മേലമര്‍ത്തി അയാളെ കൊഞ്ചിച്ചിരുന്നതയാള്ക്കോർമ വന്നു. അവള്‍ക്കിപ്പോഴും അന്നത്തെ അതേ സ്നേഹമുണ്ടാകുമോ? കഴിഞ്ഞ ദിവസമാണ് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകുന്ന ഒരു കൂട്ടുകാരന് അയാളോട് അമ്പരപ്പിക്കുന്നൊരു കാര്യം പറഞ്ഞത്. അയാള്‍ സിലിണ്ടറുമായി പോയപ്പോള്‍ ഒരു വീട്ടില്‍ ഒരു സ്ത്രീ ഒറ്റക്കായിരുന്നെന്നും, കുളിച്ച് അര്‍ധനഗ്നയായി നിന്ന അവര്‍ അയാളെ വാരിപ്പൊത്തി അകത്തേക്കും അവരിലേക്കും പ്രവേശിപ്പിച്ചെന്നും. ‘‘കണവനുള്ള സ്ത്രീ താനേ?’’ ദിവാകരന് അമ്പരപ്പോടെ ചോദിച്ചു.
‘‘കണവന് മനൈവിക്ക് ഇരുന്താ പോതും. അല്ലാച്ചാ എന്നാ പണ്ണ മുടിയും. പൈഥ്യമായിരിക്കല് മുടിയുമാ.’’
‘‘ശരി താനേ?’’
‘‘ആമാ.’’
തമിഴ്നാട്ടില്‍ അയാള്‍ മുമ്പ് വന്നിരുന്നതെല്ലാം മറ്റൊരാളായിട്ടായിരുന്നു, മറ്റൊരു വേഷത്തിലായിരുന്നു. കേരളത്തിലെ വേദികളെപ്പോലെയല്ല, തമിഴ്നാട്ടിലെ വേദികള്‍. അവര്‍ കണ്ടമാനം കാശെറിയും, കാശെറിഞ്ഞ് കാശ് വാരാന്‍ അവര്‍ക്കറിയാം. അവിടെ പരിപാടിക്ക് പോയി തിരിച്ച് വരുമ്പോഴെല്ലാം കൈനിറയെ പണവും സമ്മാനങ്ങളും കിട്ടും. ഒറ്റ പ്രശ്നമേയുള്ളൂ, അവിടന്ന് എപ്പോഴും വിളി വരില്ല. എല്ലാം നിര്‍ത്തി വേറെവിടെയെങ്കിലും പണിക്ക് പോകാമെന്നാലോചിച്ചപ്പോള് പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല.
തെളിഞ്ഞ മാനത്തേക്ക് നോക്കുന്ന പറവയെപ്പോലെ അയാള്‍ അഭിമാനത്തോടെയും ആഹ്ലാദത്തോടെയും മുഖമുയര്‍ത്തി. അടിത്തട്ടില്‍ രൂഢമൂലമായിരിക്കുന്ന സകലതിനെയും പിടിച്ചുകെട്ടി ജീവിതം മുഴുവനായിത്തന്നെ ഒരു ജീവിതവ്രതമാക്കി തീര്ത്തിരിക്കയാണെന്ന ഉത്തമബോധ്യത്തോടെ. ഉള്ളില്‍ കിനിഞ്ഞൂറിയ കനിവിന്റെ വെട്ടം അയാളുടെ മുഖത്തെ കൂടുതല്‍ മനോഹരമാക്കി. അന്നത്തെ പണി കഴിഞ്ഞയാള്‍ മുന്നോട്ടുനടന്നു. നടക്കുന്നതിനിടയില്‍ മെല്ലെ ഓര്മത്തുമ്പിലൊന്ന് തൊടുകയും ചെയ്തു.
‘‘വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നത്. ഉത്സവപ്പറമ്പിലെ കച്ചവടങ്ങള്‍ക്കിടയില്‍. കച്ചവടം പൊടിപൊടിക്കുന്നു. തിക്കിത്തിരക്കുന്ന പുരുഷാരം, അല്ലറ ചില്ലറ അടിപിടികള്‍, തായമ്പക കൊട്ടിക്കയറുകയാണ്, ഹല്‍വകള്‍, പൊരി, മുറുക്ക്, അച്ചപ്പം, വടകള്‍, പല വകകള്‍. മുച്ചീട്ടുകളി, യന്ത്രൂഞ്ഞാല്‍, വത്തക്കമണം, കരിമരുന്ന് കത്തിയതിന്റെ മണം, കതിനവെടീടെ ശബ്ദം. മേളം. കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് ഞാന്‍ നിക്കുന്നേ.’’
‘‘കുഞ്ഞിക്കൂനന് സിനിമയിറങ്ങിയ സമയം. അന്നത്തെ എന്റെ വേഷം അതായിരുന്നു, ഒറ്റക്കാലില്‍ നിക്ക്ന്ന കുഞ്ഞിക്കൂനന്. മണിക്കൂര്‍ രണ്ടായി നിക്കുന്നു. മൊഖത്ത് ള്ള മീശ, മീശൊക്കെ വെപ്പാണേ. കാറ്റ് വല്ലാതെ വീശിയപ്പം ഒരു വശത്തെ മീശയെല്ലാം കൂടി മൂക്കിലേക്ക് കയറിപ്പോയി. ഒത്തിരി കുട്ടികളും പെണ്ണുങ്ങളും എല്ലാം ചുറ്റിലുമുണ്ട്. കുട്ട്യേള് വന്ന് ഇക്കിളിയാക്ക്ന്ന് ണ്ട്. അപ്പാണ് സംഭവം. അല്‍പ്പം കഴിഞ്ഞതും മീശ കാണാനേയില്ല. ചിരിയോട് ചിരി. ചിരിപ്പടക്കം, ചിരിപ്പന്തം. പക്ഷേ, ഞാന്‍ എങ്ങനെയോ പിടിച്ചുനിന്നു.
ഉത്സവപ്പറമ്പിനടുത്തുള്ള ഇടിഞ്ഞുപൊളിഞ്ഞൊരു വീട്ടിലിരുന്നു അന്ന് ഇരുട്ടിവെളുക്കോളം. പാമ്പ്കളുള്ള വീടായിരുന്നു അതെന്നറിഞ്ഞത് പിന്നീടാ സത്യേ. പക്ഷേ, ഒന്നും അറിയാതെ പുലര്ച്ചയായപ്പോ പോയി കശുമാവിന്തോട്ടത്തില്നിന്ന് പ്രാതലൊപ്പിച്ചെടുത്തു അന്ന്.’’
അയാള്‍ എന്തൊക്കെയോ ഓര്‍ത്തും പറഞ്ഞും വിതുമ്പി, തേങ്ങി.
ഏകാകികളായ വണ്ടുകള്‍. അവ ഇലകള്‍ കഷണങ്ങളാക്കി മുറിച്ച് കൂടുകളിലേക്ക് കൊണ്ടുപോകും. അച്ഛാച്ഛന് ചെറുപ്പത്തിലെപ്പോഴോ പറഞ്ഞതയാള്ക്കോർമ വന്നു. പ്രായപൂര്‍ത്തിയായ വണ്ടുകള്‍ മുറിച്ച ഇലകളുപയോഗിച്ച് കൂടുകളുണ്ടാക്കുകയും എന്നിട്ടവയെ അറകളായി തരംതിരിച്ച് ഓരോ അറയിലും ഓരോ മുട്ടവീതം സൂക്ഷിച്ച് വെക്കേം ചെയ്യും. ഇണ ചേരലിന് തൊട്ടുപിന്നാലെ ആണ്‍വണ്ടുകള്‍ ചത്തുപോകും. പക്ഷേ, പെണ്‍വണ്ടുകള്‍ പിന്നെയും ആഴ്ചകളോളം ജീവിക്കും.
‘‘കുടുംബത്തിലെ ആകെ ള്ള നീരുറവയാ, അത് വറ്റണേങ്കില് അടുത്താള് പാകാവണം.’’ രണ്ട് ദിവസം പണിയില്ലാണ്ട് വീട്ടിലിരിക്കുമ്പോഴേക്കും അമ്മ പറയും. വേഷമഴിച്ചാലും മണിക്കൂറുകള്‍ ഊരിയെറിയാനാവാത്ത പുറംകുപ്പായങ്ങള്‍, ചായം മാറ്റി മുഖമമര്ത്തിയുഴിഞ്ഞ് കണ്‍തടങ്ങളും കവിളുകളും പല വിധത്തില്‍ ചലിപ്പിക്കല്‍ അയാളുടെ വര്‍ഷങ്ങളായുള്ള പതിവായിരുന്നു. ഒന്ന് തിരിച്ചിറങ്ങണ്ടേ? ഇപ്പോഴും ആ പതിവ് അങ്ങനെത്തന്നെയുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും മറ്റു ചുരുക്കം ചില സംസ്ഥാനങ്ങളിലുമായി ഏതാണ്ട് മൂവായിരത്തോളം വേദികള്‍, എക്സിബിഷനുകള്‍, മേളകള്‍, മാളുകള്‍, ഉത്സവങ്ങള്‍, സ്റ്റേജ് ഷോകള്‍, കാർണിവലുകള്‍, ഒറ്റക്കും തെറ്റക്കും വേറെയുമുണ്ട്. എന്തായാലും ഏതാണ്ട് മൂവായിരത്തോളം വേദികള്‍, അതിന്റെ നൂറിരട്ടിയോളം കാണികള്‍. എത്ര വര്‍ഷങ്ങളങ്ങനെ നിറഞ്ഞാടി...
ഗോള്‍ഡ്, ദി സര്‍ക്കസ്, ദി ഗ്രേറ്റ് ഡിക്ടേറ്റര്‍. നർമവും നർമമുനകൊണ്ട് മുറിവേറ്റവരും
മുമ്പൊരു ഗോവന്‍ ഫിലിം ഫെസ്റ്റിവലിന് പോയപ്പോ ചാപ്ലിന്റെ നീണ്ടുനിരന്നു കിടക്കുന്ന സിനിമാ പോസ്റ്ററുകള്‍ പശ്ചാത്തലമാക്കിയെടുത്ത ഫോട്ടോയുണ്ട് കല്യാണ ഫോട്ടോയോടൊപ്പം അയാളുടെ ആ ഒറ്റമുറിയില്‍. ചാപ്ലിന്, മോള് കാര്യായും തമാശക്കും പലവട്ടം വിളിക്ക്യായിരുന്നു ഒരുദിവസം. അത്രയേറെ കൊതിപ്പിച്ച ചാപ്ലിന് നാടോടി വേഷം, വര്‍ഷങ്ങളെടുത്ത് രക്തത്തില്‍ അലിയിച്ചു ചേര്‍ത്തിട്ടുണ്ട് ദിവാകരന്. കൂടെ മൗനംകൊണ്ടുപോലും ആരവങ്ങളുയര്‍ത്തിയ സിനിമകളും. ഒരിറക്ക് വെള്ളം പോലുമില്ലാതെ എത്ര രാത്രികള്‍ അയാള്‍ ചാപ്ലിന്റെ ചടുലങ്ങളായ ശരീരചലനങ്ങളിലേക്കും കിറുകൃത്യമായി നിയന്ത്രിക്കപ്പെടുന്ന ചുഴികളിലേക്കും അതിസൂക്ഷ്മമായ ഭാവപ്പകര്ച്ചകളിലേക്കും നോക്കിയിരുന്നിട്ടുണ്ടെന്നോ? മിക്കവാറും വേദികളിലയാള് ചാപ്ലിന്റെ വേഷത്തിലായിരുന്നു പ്രത്യക്ഷപ്പെടുക. യോഗയും ധ്യാനവുമെല്ലാം വര്‍ഷങ്ങളായി പരിശീലിക്കുന്നുണ്ടെങ്കിലും, ഓരോ രംഗവും അത് സിനിമകളിലായാലും ജീവിതത്തിലായാലും വീണ്ടുംവീണ്ടും കണ്ട് ആവര്ത്തനങ്ങളുണ്ടാക്കുന്ന മടുപ്പിലൂടെയാണ് ദിവാകരന് തുടക്കത്തില്‍, തന്നെ നിയന്ത്രിക്കാന്‍ പഠിച്ചത്. ഒടുവില്‍ ആള്‍ക്കൂട്ടം ആര്‍ത്താര്‍ത്തു ചിരിക്കുന്നിടത്തും അയാള്‍ മാത്രം നിർവികാരനായി.
താമസിക്കുന്നതിനടുത്തു തന്നെയുള്ള തട്ടുകടയില്‍നിന്നു ദോശക്കൊപ്പം പൊതിനചട്ട്ണിയും സാമ്പാറും കഴിച്ചോണ്ടിരുന്നപ്പോ അയാൾക്ക് നല്ല ദേഷ്യം വന്നു. ദോശക്കൊപ്പം മറ്റെവിടെയുമില്ലാത്ത കോമ്പിനേഷനാണയാള്ക്കിഷ്ടം. പട്ടാണിക്കടലയും കിഴങ്ങും വേവിച്ചതില്‍ തേങ്ങയരച്ചൊഴിച്ച് നല്ലോണം ചെറിയുള്ളി മൂപ്പിച്ച കറി. ചിലപ്പോള്‍ ഈ കറിക്ക് കൂട്ടാനായി മാത്രം അയാള്‍ വാഴയിലയില്‍ ഒറട്ടി ചുടും. വീട്ടിലുണ്ടെങ്കില്‍ അയാളാണ് മുഖ്യ വെപ്പുകാരന്. ഭാര്യ കൂടെത്തന്നെയുണ്ടാകും. നന്നേ കുറിയതാണവള്. നാല്-നാലരയിഞ്ച്. അടുക്കളേല് നിന്ന് എന്തെടുക്കണമെങ്കിലും സ്റ്റൂള് വേണം. അയാള്‍ക്കെന്തോ അത് ഇഷ്ടമായിരുന്നു. അയാളവളെ എപ്പോഴും എടുത്ത് പിടിച്ചുകൊടുക്കും.
‘‘ദിവാകരാ, അടുത്തത് പാകായില്ലാ ട്ടോ മോനേ, പാകായില്ലേ പാങ്ങും ണ്ടാവൂല. പരിപാടിയില്ലെങ്കില്‍ അട്ത്ത പണി നോക്കിക്കോ ട്ടോ യ്യ്. മക്കള്‍ പിയ്യം വിട്ട്. ഒന്ന് മേലോട്ട് നോക്കിയാട്ടെ. പട്ടികേം കൈക്കോലും ഒക്കെ പോയി. പൊര ഒന്ന് മാറ്റിപ്പണിയാനായിട്ടാ അന്റെ അച്ഛന് ഈ മരങ്ങെളാക്കെ നട്ടേച്ചും വെച്ചേ. ഓരുണ്ടായിരുന്നെങ്കില് ഈ ചായിപ്പില്‍ ഞാനിപ്പളും ഇങ്ങനെ കെടക്കൂലായ്ഞ്ഞു. ന്റെ വിധി, നശിച്ചവന്. മഴക്കാലായാ തവളേം പഴുതാരേം നെറയും അകത്തും കോലായിലും. ഓന്റൊരു ചാപ്ലിന്. പണിയെടുക്കാന്‍ പറ്റൂല, അത്രന്നെ. ത്ഫൂ...’’ മുഖത്തും കണ്ടുവോ വെമ്പിനില്ക്കുന്ന തുപ്പല്‍ക്കുമിളകള്‍.
തേക്കും വീട്ടിയും ഒന്നുമല്ലെങ്കിലും, വീട് വെക്കുന്നതിലേക്കായി അച്ഛന് നട്ടുവെച്ച മഹാഗണിയും പയനും മറ്റും വളര്‍ന്നു മുറ്റിനില്ക്കുന്നുണ്ട് തൊടിയിലാകെ.
അമ്മയ്ക്ക് വീട് പണി തുടങ്ങിയപ്പോള്‍ സമാധാനമായിട്ടുണ്ടാകും എന്നോര്‍ത്ത് അയാള്‍ക്ക് ചെറുതല്ലാത്ത സന്തോഷം തോന്നി. ഇയ്യിടക്കാണ് അയല്പ്പക്കക്കാരായി താമസിക്കുന്ന കുറുവര്‍ കുടുംബത്തിലെ വിചിത്രമായൊരാചാരം കണ്ടത്. അവിടത്തെ കുറച്ച് മാസങ്ങളായി കിടപ്പിലായിരുന്ന പ്രായമായ അച്ഛനെ ഏകദേശം മരിക്കാറായി എന്ന് കണ്ടപ്പോള്‍ വീടിന് പുറത്തേക്കെടുത്ത് വെച്ചു അവര്‍. എത്ര പ്രതാപികളാണെങ്കിലും മരണമടുത്തു എന്ന് കണ്ടാല്‍ കർണാടകയില്‍ അവരുടെ ജാതിയില്‍ ഇത് പതിവാണെന്ന്. വീട്ടില്‍ കിടന്ന് മരിച്ചാല്‍ അതില്‍പ്പരം ദുശ്ശകുനം മറ്റൊന്നുമില്ലാന്ന്. അയാള്‍ മരിച്ചപ്പോള്‍ പാട്ടുംപാടി ശവത്തെയുമെടുത്ത് നടന്ന ബന്ധുക്കളെ കണ്ടപ്പോള്‍ ദിവാകരന് ഭ്രാന്ത് കേറി. ആഗ്രഹിക്കുന്നതുപോലൊരു കുഞ്ഞുവീട്ടില്‍ കിടന്ന് മരിക്കണമെന്ന അമ്മയുടെ ആഗ്രഹം അയാള്ക്കെന്നത്തേക്കാളും മനസ്സിലായി അപ്പോള്‍.
ഈയിടക്കാണ് കുട്ടിക്കാലത്തെപ്പോഴും കൂടെയുണ്ടായിരുന്ന, യൗവനത്തില്‍ നാട് വിട്ടിരുന്ന പ്രിയപ്പെട്ട സുഹൃത്തിനെ ഒട്ടും നിനച്ചിരിക്കാതെ അയാളവിടെ വെച്ച് കണ്ടത്.
‘‘ആ, അ... ദെപ്പാ ടാ ദിവാകരന് ദിവാകറായത്?’’
അയാളത് കേട്ട് നാണത്തോടെ തല താഴ്ത്തിയിരുന്നു.
‘‘നീ ഇതെങ്ങനെ ഇവ്വിടെ എത്തിയെ?’’
‘‘എന്തേത്തും പണിക്ക്യാ പോക്വാ ന്നും ഓര്‍ത്തിരുന്നു കൊറേ മാസങ്ങള്‍. എന്നാപ്പിന്നെ ഇതെങ്കില്‍ ഇതാവട്ടേന്ന് കരുതി. നാട്ടിലല്ലല്ലോ, ആരും അറിയൂലല്ലോ? മഹാമാരികള്‍ വറ്റ്ന്നേ ല്ല. ഒന്നൊഴിയുമ്പോ അട്ത്തത്. പണ്ടൊക്കെ ആഴ്ചേല് നാലഞ്ച് വേദികള്‍ എന്തായാലുണ്ടാകും. വന്ന് വന്ന് ഒന്നോ രണ്ടോ പരിപാടി കിട്ടിയാലെന്നായി. മനുഷ്യമ്മാര് കൂട്ടം കൂടുന്നൂല്ല, കൂട്ടം തെറ്റുന്നൂല്ല. പണ്ടത്തേതിന്റെ പാതി പൈസപോലും തരാനും ആള്‍ക്കാര്‍ക്ക് മടി.’’
‘‘ആ പരീക്ഷേല് മ്മള് രണ്ടാളും തോറ്റുപോയിരുന്ന്. പിന്നെ സപ്ലിമെന്ററി പരീക്ഷേലാ ഞാന്‍ കയ്ച്ചിലായേ. യ്യ് പിന്നെ പരീക്ഷേ എഴുതീല ല്ലേ.’’ മീന്‍പിടിക്കാന്‍ ആറ്റുവക്കത്തിരുന്ന് പറഞ്ഞ കഥകളും കഥ പറഞ്ഞ കാലങ്ങളും ഓര്‍ത്തിരുന്നു അവര്‍ കൂട്ടുകാര്‍ രണ്ടാളും അന്ന് രാവെളുക്കുവോളം.
‘‘ങ്ങള് പ്പം ചിറിതന്നെ നിര്‍ത്തിയോ ന്റെ ദിവാകരേട്ടാ?’’ ഭാര്യയാണ്.
‘‘അല്ല ഞാനിപ്പം അമിതമായി ചിരിക്കാറ് ണ്ടെ ടോ.’’
‘‘ന്നിട്ട് ഞാന്‍ കേക്കാറില്ലല്ലോ. ഇനീപ്പം ഞാന്‍ വിളിക്കുമ്പം മാത്രാണോ ചിരിക്കാത്തെ.’’ വീട്ടിലൊന്ന് പോയി കുറച്ച് ദിവസം നിക്കണം. നല്ലോണം ചിരിച്ചും ചിരിപ്പിച്ചും ഒക്കെ വേണം തിരിച്ചുപോരാന്‍. എല്ലാം മറക്കണം, ചിരിക്കണം, പറ്റുമെങ്കില്‍ പൂരവും കാണണം.
ദേവീദേവന്മാരെ തിടമ്പേറ്റിയ ആനകള്‍ വയലില്‍ തിങ്ങിനിറഞ്ഞ് ആര്‍പ്പുവിളിക്കുന്ന പുരുഷാരത്തിനിടയില്‍ എഴുന്നള്ളി നില്ക്കുന്നു. പുലര്‍ച്ച വരെ പഞ്ചവാദ്യവും പഞ്ചാരിമേളവും പാണ്ടിമേളവും. മന്ത്രോച്ചാരണങ്ങളും പുഷ്പവൃഷ്ടിയും. ദേവീദേവന്മാര് ഒന്നിച്ചുകൂടുന്നതിന്റെ ആഘോഷം.
‘‘ചിരിക്കാത്ത മനുഷ്യന്. ആര്‍ക്കും വരാം, ആര്‍ക്കും വരാം. ലക്ഷങ്ങള്‍ നേടാനിതാ സുവർണാവസരം. സംഭവം വെരി വെരി സിമ്പിള്‍. ഈ നില്ക്കുന്ന മനുഷ്യനെ ഒന്നു ചിരിപ്പിക്കണം. അത്രമാത്രം. ആര്‍ക്കും, ആര്‍ക്കും. പ്രായഭേദമില്ലാതെ... ജാതിമത ഭേദമില്ലാതെ... ഒരൊറ്റ നിബന്ധന മാത്രം. കുട്ടികള്‍ മാത്രമേ അദ്ദേഹത്തെ തൊടാന്‍ പാടുള്ളൂ. ബാക്കിയുള്ളവര്‍ക്ക് വേറെ എന്ത് കുതന്ത്രവും പയറ്റാം.’’
കുലുക്കമുണ്ടോ, ഇല്ല
കുലുക്കമുണ്ടോ, ഇല്ല
അവതാരകന് കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു.
‘‘അഞ്ച് ലക്ഷം, അഞ്ച് ലക്ഷം, മുന്നോട്ടും പിന്നോട്ടുമില്ല. ദാ... ചിരിക്കാത്ത മനുഷ്യന്. നിങ്ങള്‍ക്കിതാ സുവർണാവസരം.’’
‘‘പിന്നെ പണി പാളിയാ ങ്ങളെ പണിക്കല്ലേ തകരാറ്. അപ്പോ അതിന്റെ ഉത്തരവാദിത്തോം ങ്ങക്കാ. അത് മറക്കണ്ട.’’ മാനേജ്മെന്റ് ഉറപ്പിച്ച് പറഞ്ഞു.
പൂക്കള്‍, തോരണങ്ങള്‍, ആഡംബര വിളക്കുകള്‍ എങ്ങുമെങ്ങും. മഞ്ഞയും മജന്തയും പര്‍പ്പിളും. അടിപൊളി ഗാനങ്ങളുടെ നീണ്ട നിര. വിസ്തൃതമായ ജീവിതാഹ്ലാദങ്ങളുടെ കണ്ണില്‍കുത്തുന്ന മഞ്ഞവെളിച്ചം എവിടെയും. വാദ്യമേളങ്ങള്‍ക്കൊപ്പം മുന്തിയ കച്ചവടക്കാരുടെയും മുന്തിയ ഉപഭോക്താക്കളുടെയും ആഹ്ലാദവും പരിഭ്രാന്തിയും. ഉദ്ഘാടനത്തിന് മന്ത്രിയും സിനിമാനടിയും. രണ്ടോ മൂന്നോ തരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ മാറിമാറി കുടിക്കുന്ന കുട്ടികള്‍. മാള്‍ തന്നെ ഇടിഞ്ഞുവീഴുമോ എന്ന് തോന്നിപ്പിക്കും വിധം ഉദ്ഘാടന നിമിഷങ്ങള്‍. അയാളാകട്ടെ, നില്ക്കാന് തുടങ്ങിയിട്ടിപ്പോ ആറേഴ് മണിക്കൂറായിക്കാണും. തന്നെ ചിരിപ്പിക്കാനായി വട്ടം കൂടിയിരിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കോപ്രായങ്ങളില്നിന്ന് ശ്രദ്ധ തെന്നിമാറി എപ്പോഴോ അയാള്‍ പല നിലകളിലായി അണിയിച്ചൊരുക്കി നിര്‍ത്തിയിരിക്കുന്ന ദേശീയവും അന്തർദേശീയവുമായ ബ്രാന്‍ഡുകളുടെ മാനിക്വീനുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു. നിശ്ചലം. നിരാലംബം. തന്നെപ്പോലെ.
ഒരാളല്ല, നൂറുകണക്കിനാളുകള്‍. നിശ്ചലം, നിശ്ചലം. തന്നെപ്പോലെ.
രാവിലെ മുതല്‍ നോക്കിയിരിക്കുന്നതു പോലെയല്ല, പെട്ടെന്ന് അവര്‍ക്കെന്തോ മാറ്റം സംഭവിക്കുന്നതുപോലെ തോന്നി അയാള്‍ക്ക്. അവരിതാ, ഒരാളല്ല. പല നിലകളിലുള്ളവര്‍ എല്ലാവരും ഒന്നുചേര്‍ന്ന് തങ്ങളുടെ ചലനശേഷി വീണ്ടെടുക്കുന്നു. ആര്‍ത്തുചിരിക്കുന്നു.
അയാളുടെ, അവരുടെ ആര്‍ത്തുചിരി. അയാളും അവരും കൂടി ആര്‍ത്താര്‍ത്ത് ചിരിച്ചു.
ഓർത്തപ്പോ അളക്കാനാവാത്തത്ര ഭാരം തോന്നി അയാൾക്ക്. അവസാനത്തെ വേദിയായിരുന്നു അത്. നഷ്ടപരിഹാരം ഇപ്പോഴും മുഴുവനായി കൊടുത്തുതീര്‍ന്നിട്ടില്ല. നാട്ടില്‍ കാല് കുത്തിയപ്പോള്‍ ദിവാകരന് ആദ്യം ഓർമവന്നത് അതാണ്.
ഇന്നലെ അവളുറങ്ങുമ്പോള്‍ അവളുടെ കഴുത്ത് കടിച്ച് കിടന്നത് അവളറിഞ്ഞിരിക്കുമോ? പാട് വന്നിരിക്കുമോ? ഭാര്യ ഗ്രീക്ക് പുരാണങ്ങളിലെവിടെയോ വായിച്ച പാതി പാമ്പും പാതി മനുഷ്യസ്ത്രീയുമായ കഥാപാത്രത്തെ കണക്കുണ്ടായിരുന്നു, കെടക്കുന്നേടത്തുനിന്ന് അടുക്കളയിലുള്ള അവളെ നോക്കിയപ്പോള്‍. പാതിരാത്രി വന്നുകേറിയതുകൊണ്ട് വീടുപണിയൊന്നും നല്ലോണം കണ്ടില്ലല്ലോ എന്നുമോര്ത്ത് അയാള്‍ ചായയുംകൊണ്ട് മെല്ലെ പുറത്തേക്കിറങ്ങി നടന്നു.
പഴയ കിണര്‍ നിന്ന സ്ഥലത്തേക്കാണ് പെട്ടെന്ന് നോട്ടം പോയത്.
‘‘ഏ...’’
സ്തബ്ധനായിപ്പോയെങ്കിലും മെല്ലെ മകന് പറഞ്ഞതോര്‍മ വന്നു. ‘‘എന്തിനാ വെറുതേ സ്ഥലം കളയുന്നേ. കുഴല്ക്കിണറെടുക്കാം. മിച്ചം വരുന്നേടത്ത് മറ്റ് വല്ലതും ചെയ്യാലോ?’’ നോക്കിയപ്പോ പൂമുഖത്ത് അവന്റെ വിലപിടിച്ച ബൈക്കുണ്ട്. മകളെ കണ്ടതേയില്ലല്ലോ വന്നിട്ട്, അവള് രാവിലെതന്നെ ക്ലാസില്‍ പോയിട്ടുണ്ടാവും ല്ലേ. പിന്നെയും ചുറ്റിലും സൂക്ഷിച്ച് നോക്കി. താനും അച്ഛനും കൂടി പണിത മണ്‍മതില്‍ മാറ്റി അവന് കരിങ്കല്‍ഭിത്തി പണിതിരിക്കുന്നു. പുതിയ വീട് താന്‍ വെക്കണമെന്ന് ഓര്ത്തതുപോലെയേ അല്ലല്ലോ ഉള്ളതെന്ന് തോന്നി അയാള്‍ക്ക്. ഇതെല്ലാംതന്നെ അറിയിച്ചിരുന്നോ?
പെട്ടെന്നോർമ വരുന്നില്ല. അയാള്‍ എന്തിനെന്നറിയാതെ മെല്ലെ, വളരെ മെല്ലെ തിരിഞ്ഞുനടന്നു.
ഓർമകള്‍ക്ക് എന്തോ വശപ്പിശകുണ്ടോ, അതോ തനിക്കോ?