പോത്തമരൻ -തോമസ് ദേവസ്യയുടെ കഥ
കാട്ടിമൂല എട്ടാം വളവിൽ, ലോറി സൈഡാക്കി ഡ്രൈവർ മുരുകേശൻ നാലുകാലിൽ മൂത്രിക്കാൻ നിന്നു. അടിവാരത്തൂന്ന് കുടിച്ച പുളിയങ്കള്ളത്രയും മൂത്രരൂപത്തിൽ പതഞ്ഞൊഴുകിക്കൊണ്ടിരുന്നു. ക്ലീനർ നല്ല മയക്കത്തിലായിരുന്നു. ലോറിയിലുരഞ്ഞുരഞ്ഞ് തേമ്പിപ്പോയ കെട്ടുകയർ, വട്ടക്കയറുമായുള്ള പൊക്കിൾക്കൊടി ബന്ധമറ്റതിന്റെ ആഹ്ലാദത്തിമിർപ്പിലായിരുന്നു രണ്ടര ക്വിന്റൽ മാംസധാരിയായ മൊറപ്പോത്ത്. മറ്റു പോത്തന്മാർ അവനെ അസൂയയോടെ നോക്കി. മുരുകേശൻ ഡ്രൈവിങ്...
Your Subscription Supports Independent Journalism
View Plansകാട്ടിമൂല എട്ടാം വളവിൽ, ലോറി സൈഡാക്കി ഡ്രൈവർ മുരുകേശൻ നാലുകാലിൽ മൂത്രിക്കാൻ നിന്നു. അടിവാരത്തൂന്ന് കുടിച്ച പുളിയങ്കള്ളത്രയും മൂത്രരൂപത്തിൽ പതഞ്ഞൊഴുകിക്കൊണ്ടിരുന്നു. ക്ലീനർ നല്ല മയക്കത്തിലായിരുന്നു. ലോറിയിലുരഞ്ഞുരഞ്ഞ് തേമ്പിപ്പോയ കെട്ടുകയർ, വട്ടക്കയറുമായുള്ള പൊക്കിൾക്കൊടി ബന്ധമറ്റതിന്റെ ആഹ്ലാദത്തിമിർപ്പിലായിരുന്നു രണ്ടര ക്വിന്റൽ മാംസധാരിയായ മൊറപ്പോത്ത്. മറ്റു പോത്തന്മാർ അവനെ അസൂയയോടെ നോക്കി.
മുരുകേശൻ ഡ്രൈവിങ് സീറ്റിലേക്കിഴഞ്ഞു കയറി, പഴയ അശോക് ലൈലാൻഡ് സ്റ്റാർട്ട് ചെയ്തതും, മേഘഗർജനംപോലൊരു വെള്ളിടി വെട്ടി. പിന്നങ്ങോട്ട് ഇടിയുടെ തൃശൂർപൂരമായിരുന്നു. കാട്ടുമരങ്ങളെ പുലയാട്ടു പറഞ്ഞ് പെടലിക്കുപിടിച്ചു തത്തിക്കുന്ന മെണപ്പൻ കാറ്റും കഴകേറിയ കോടമഞ്ഞും കൂടി സ്പെഷ്യൽ എഫക്റ്റും ബാക്ഗ്രൗണ്ട് സ്കോറുമിട്ട്, കട്ടയ്ക്കുനിന്ന്, പോത്തന് സപ്പോർട്ട് കൊടുത്തു. അവൻ പൊന്തയിലേക്ക് സേഫ് ലാൻഡു ചെയ്തു.
‘എടഞ്ഞപോത്ത്’ എന്ന ഓഞ്ഞപേര് കേള്‍പ്പിക്കാതിരിക്കാൻ, മാറിയും മറിഞ്ഞും, ശാന്തനായി സാവകാശമാണ് പോത്തൻ നീങ്ങിയത്. ചുറ്റുവട്ടത്തെങ്ങും ആരുമില്ല. ആളുകളുടെ ദൃഷ്ടിയിൽെപടാതെ ഒഴിഞ്ഞുമാറണം, കുറച്ച് വെള്ളം കുടിക്കണം, എന്തെങ്കിലും വാരിവലിച്ച് തിന്നണം, ഏതെങ്കിലും പൊന്തയ്ക്കകത്ത് കേറി തലയൊളിപ്പിക്കണം. അത്രയേ പ്ലാൻ ചെയ്തിട്ടുള്ളൂ. എന്തുവേണോ പ്ലാനിക്കാൻ വെളുക്കുംവരെ നേരമുണ്ടല്ലോ.
ഏതോ വണ്ടിയുടെ മുരൾച്ച കേൾക്കുന്നുണ്ടോ? കാടുംപാടലും വലിച്ചുവാരി തിന്നുന്നതായി അഭിനയിച്ച് അവനങ്ങനെ നിന്നു. ഒരു കാറ് ദൂരെ നിർത്തി, ഒരുത്തൻ ഇറങ്ങി കുറെ ഫോട്ടോ എടുത്തു. പിന്നെ തിരിഞ്ഞുനിന്നൊരു സെൽഫിയെടുത്തു.
‘‘കാട്ടുപോത്തിനെ മുഖാമുഖം കണ്ടു, സെൽഫി എടുത്തു’’ എന്നൊക്കെ ഫേസ്ബുക്കിൽ പോസ്റ്റാനല്ലേ.
പോടേ... പോടേ..? ഇവൻ ലൈവിട്ടാൽ പണി പശൂനെയ്യീ കിട്ടൂന്നറിയാവുന്നതുകൊണ്ടാവണം, പോത്തൻ ടപ്പേന്ന് തലയങ്ങ് പൊക്കി. സെൽഫി വീരൻ ഒറ്റച്ചാട്ടത്തിന് കാറിനകത്ത് കേറി, റോഡിലിട്ട് റിവേഴ്സെടുത്ത് വെട്ടിത്തിരിച്ച് വന്ന റൂട്ടിൽ വെച്ചുപിടിച്ചു.
‘കാട്ടുപോത്ത് ചമഞ്ഞ് അധികമിവിടെ നിന്നാൽ കുണ്ടീൽ വെടിയുണ്ട കേറുമ്പഴേ വിവരമറിയൂന്ന്’ നല്ല ബോധ്യമുള്ളതുകൊണ്ടാവണം, പോത്തൻ റോഡ് ക്രോസ് ചെയ്ത് ചരിവിറങ്ങി, ചതുപ്പിലൂടെ നടന്നു. ലോറിയിൽനിന്നുള്ള ചാട്ടത്തിൽ കാലിന് ചെറിയൊരു വേദന തോന്നിയെങ്കിലും സ്വാതന്ത്ര്യത്തിന്റെ തണുത്ത കാറ്റുകൊണ്ട് ചതുപ്പിലൂടെ നടന്നപ്പോള്‍ നല്ല സുഖം തോന്നി.
അവസാന വാഴക്കും തടമെടുത്തു തിരിയുമ്പോഴാണ് അമരൻ കാട്ടുപന്നികൾ കുത്തിമലർത്തിയ വാഴകൾക്കപ്പുറം ഒരു തലയനക്കം അമരൻ ശ്രദ്ധിച്ചത്. ഒറ്റയാനായിരിക്കുമോ? പന്നിക്കിത്ര തലയെടുപ്പില്ല. അമരൻ വാഴയോടു ചേർന്ന് അനങ്ങാതെ നിന്നു. കറുത്ത തലയുടെ ഇരുവശങ്ങളിൽ തിളങ്ങിനിൽക്കുന്ന ചുവന്ന രണ്ടു കണ്ണുകൾ.
‘കാട്ടി, കാട്ടി തന്നെ.’ ഒരു കാട്ടുപോത്തിനെ ഇത്രയുമടുത്ത് ആദ്യമായി കാണുകയാണ്. അമരൻ തൂമ്പാക്കൈ തോക്കിൻകുഴൽപോലെ വാഴത്തടിയിൽ ചേർത്തുവെച്ച് പോത്തന്റെ കണ്ണുകളുടെ ഒത്തനടുക്ക് ഉന്നംപിടിച്ചിട്ട് അവനു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ കുശുകുശുത്തു. ‘‘ചൂടൻ തങ്കന്റെ ഇരട്ടക്കുഴൽ തുപ്പാക്കിയായിരുന്നേൽ ഒറ്റ കീച്ച്. കാട്ടുപൂമാനമേ മുട്ടുകുത്തിക്കെടന്ന് നീ മണ്ണു കമ്മിയേനേം’’, തലങ്ങും വെലങ്ങും തല വെട്ടിച്ച് കുല ചാടിയ നാലഞ്ച് വാഴകൾ മറിച്ചിട്ടുകൊണ്ട് പോത്ത് അമരന്റെ ദുഷ്ടചിന്തകൾക്ക് വിരാമമിട്ടു.
‘‘എടാ കാട്ടുകഴുവേറീ, എന്റെ വാഴ’’, മലർന്നു പെടച്ച് കിടക്കുന്ന വാഴകളെ നോക്കി അമരൻ മുരണ്ടു.
സെൽഫിക്കാരനെ വെരട്ടിയപോലെ ചുമ്മാ ഒന്ന് പേടിപ്പിച്ച് വിടാന്ന് വിചാരിച്ച് പോത്തൻ മുന്നോട്ടൊരു കുതിപ്പങ്ങ് വെച്ചു കൊടുത്തു. കോപ്പ്, ദേ കെടക്ക്ന്ന് വാഴച്ചാലില്‍. തലയും മൂക്കും പോത്തൻ ഒരുവിധം ഊരിയെടുത്തു. പക്ഷേ, മുന്നിലെ രണ്ടു കാലുകൾ ചളിയിൽനിന്ന് ഇളകുന്നില്ല.
‘‘ഛേ, സീൻ ഡാർക്കായല്ലോ. വെരട്ട് ഒഴിവാക്കാമായിരുന്നു.അല്ലേത്തന്നെ ആരേം വെരട്ടീം കണ്ണുരുട്ടീം അധികം മുന്നോട്ട് പോകാൻ പറ്റൂലാല്ലോ?’’
പോത്തന് പറ്റിയ അക്കിടി അമരന് എളുപ്പം പിടികിട്ടി.
‘‘ഒത്ത നെറുക് നോക്കി തൂമ്പാമാടിന് ഒറ്റമേടങ്ങ മേടിയാലോ? അതോ കരിങ്കല്ലെടുത്ത് നെറുകുന്തലക്ക് കീച്ചണോ? ചൂടൻ തങ്കനെ വിളിച്ച് ഇരട്ടക്കുഴൽ തുപ്പാക്കി കൊണ്ടവരുമ്പഴേക്കും ഇവൻ കയ്ച്ചിലാക്കുവോ?’’ പലവിധ ചിന്തകള്‍ അവന്റെ തലയില്‍ കിടന്ന് പമ്പരംപോലെ വട്ടം ചുറ്റി. ഒറ്റയാൻ പന്നി കുത്തി ചത്തുപോയ അമരന്റെ തന്ത കൂറ്റൻ ദേവസ്സി, കടവാവലിന്റെ വേഷത്തിൽ വാഴപ്പോളേൽ അള്ളിപ്പിടിച്ചിരുന്ന് അവന്റെ മരത്തലയിൽ മന്ത്രിച്ചു.
‘‘അമരാ, ടാ പോത്തമരാ. കാനേല് കൊണഞ്ഞു കുത്തിക്കെടക്കുന്ന ആ പോത്തിന്റെത്രേം പോലും ബോധവില്ലേടാ മരമാക്രീ നെനക്ക്. നീ സൂക്ഷം അവന്റെ കഴുത്തേലോട്ട് നോക്കിക്കേ, കിട്ടിയോ?’’
‘‘എന്ത്?’’
‘‘എടാ മണകൊണാഞ്ചാ കയറ്, വട്ടക്കയറ്...’’
‘‘അയ്യോ കാട്ടുപോത്തിനാര് വട്ടക്കയറിട്ട്?’’
‘‘നിന്റെ തള്ള, നത്ത് മേരി. കേറിയങ്ങ് തീരുമാനിച്ചോളും, കാട്ടുപോത്ത് പോലും.’’
വാവൽരൂപിയായ കൂറ്റൻ ദേവസ്സിയുടെ യുക്തി, അമരനെ ഉന്തിയുന്തി പോത്തന്റെ പത്തുവാര അടുത്തെത്തിച്ചു. ചളിമാലപോലെ കഴുത്തിൽ ചുറ്റിയിരിക്കുന്നത് വട്ടക്കയറാണെന്ന് അമരൻ തിരിച്ചറിഞ്ഞു.
‘‘അമ്പടാ ആന്ധ്രാക്കാരാ.’’
‘‘കാര്യം മനസ്സിലായല്ലോ, ഇനി നീ എന്നാന്ന് വെച്ചാ ഒലത്ത്’’
എന്നുംപറഞ്ഞ് വാഴക്കൂമ്പിൽ തലകുത്തിക്കിടന്ന് ഇച്ചിരി പോളത്തേനും മൂഞ്ചിയേച്ച്, കൂറ്റൻ ദേവസ്സി, കടവാവലിന്റെ വേഷത്തിൽതന്നെ ഇലപ്പഴുതു നോക്കി, പ്രാഞ്ചി പറന്നുകളഞ്ഞു.
‘‘എടാ ഉവ്വേ, ഒള്ളത് പറഞ്ഞാ നീ ലോക്കായി. കൂടുതലഭ്യാസവെറക്കാതിര്ന്നാ മ്മക്ക്രണ്ടാക്കുംകൂടി സീൻ കളറാക്കാം. കാര്യം നീയെന്റെ നാലഞ്ച് കൊലച്ച വാഴ കുത്തിമലത്തിയെങ്കിലും, ഇന്നത്തെ ബീഫു വെലക്ക്, നീയൊരു മൊതലൊണ്ട്. സഹകരിച്ചു നിന്നാ, നെനക്ക് മെച്ചമൊന്നുവില്ലേലും എനിക്ക് മെച്ചവേയൊള്ള്. ഒന്ന് സഹകരീരെടേ.’’
മൂക്കിൻതുമ്പത്തു വന്നിരുന്ന ‘മറപ്പാനീച്ച’യെ ഓടിക്കാൻ പോത്തൻ കുലുക്കിയ തലകുലുക്ക് സമ്മതമായി കണ്ട്, അമരൻ വാഴത്തോട്ടത്തിന്റെ പടിഞ്ഞാറേച്ചരിവിലെ ഓലിക്കലേക്ക് വെച്ചുപിടിച്ചു. തൊട്ടി ഓലിയിലേയ്ക്കിട്ട്, ഒരു തൊട്ടി വെള്ളം കോരി മടാമടാ കുടിച്ചു. തൊട്ടി കയറഴിച്ച് കഴുകിയെടുത്തു.
‘‘അവനിവിത്തുമ്മേ നിക്കുവോ? കണ്ടിട്ട് ശാന്ത പ്രകൃതവാ. വെള്ളോം വാഴയെലേം കൊടുത്തു നോക്കാം. ഒത്താ ഒത്ത്.’’
തൊട്ടിയിൽ ഓലിവെള്ളവും, അഞ്ചാറ് വാഴക്കൈയ്യുമൊക്കെയായി അമരൻ പോത്തനോട് കൊണാരം പറയാൻ ചെന്നു.
‘‘എടാ ഉവ്വേ, കണ്ണീരുപോലെ തെളിഞ്ഞ ഈ വെള്ളവങ്ങ് മോന്തീയേച്ച്, ഈ വാഴയെലേം കടിച്ചു പറിച്ച് നില്ല്. ഞാ നിന്റെ കാല് പറിച്ചെടുക്കാൻ വല്ല വഴിം തെളിയുവോന്ന് നോക്കട്ടേ...’’
ആയിരത്തിന്റെ മോട്ടറിന് സ്വിച്ചിട്ടപോലെ തൊട്ടിയിലെ വെള്ളം ഒറ്റവലിക്ക് കാലിയായി. പണിയേറ്റെന്ന് മനസ്സിലായപ്പോൾ, രണ്ടു മൂന്ന് തവണ പറിഞ്ഞാറോട്ട് ഓടിയോടി അമരൻ പോത്തന്റെ ദാഹത്തിന് പരിഹാരം കണ്ടു. കൊമ്പകലം മാറിനിന്ന് വാഴയിലയൂർത്തി നീട്ടിക്കൊടുത്തു.
മൂമ്പാനി കൊച്ചുകുഞ്ഞിന്റെ ആട്ടുമില്ല് യന്ത്രത്തിൽ കൊപ്രാക്കഷണം വീണപോലെ ‘പ്ലക്കോ പ്ലക്കോ’ന്ന് വാഴയെല മുഴുക്കനും പോത്തച്ചന്റെ അണ്ണാക്ക് വലിച്ചെടുത്തു. തീറ്റിച്ചും, കുടിപ്പിച്ചും മൂന്നാല് മിനിട്ടിനകത്ത് അവര്‍ തമ്മില്‍ മനസ്സമ്മതം ചോദിക്കാവുന്ന ലെവലിലേക്ക് കാര്യങ്ങളെത്തീന്ന് പറഞ്ഞാ മതീല്ലോ.
അടുത്ത നീക്കം എങ്ങനെയെന്നാലോചിച്ചിരിക്കുമ്പോ, തന്തക്ണാപ്പനൊണ്ട്, കൊലചാടിത്തുടങ്ങിയ ഒരു വാഴേടെ കയ്യേക്കേറി, നത്തിന്റെ രൂപത്തില്‍, കുത്തിയിരിന്ന് ക്ണൂ...ക്ണൂന്ന് എന്തോ പറയുന്നു. അമരന്റെ തന്തബുദ്ധിയുണർന്നത് പെട്ടെന്നായിരുന്നു. അവന് ചാലിന്റെ മുകൾഭാഗം ചളിയടച്ച്, വെള്ളത്തിന്റെ ഒഴുക്കു തടഞ്ഞു വേറൊരു ചാലിലേക്ക് തിരിച്ചുവിട്ടു.പിന്നെ, ചളിം വെള്ളോം തൊട്ടിക്കു കോരിയെറിയുന്നു, തൂമ്പയ്ക്ക് മന്തുന്നു, കിളക്കുന്നു, മണ്ണു കോരുന്നു, ചുമന്നു മാറ്റുന്നു, ഓലിക്കലിട്ട ചവിട്ടുപലകയും കവുങ്ങിൻപാത്തിയും എടുത്തു കൊണ്ടുവരുന്നു, പോത്തന്റെ കാലുകൾക്കിടയിലൂടെ കുത്തിക്കേറ്റി നിരത്തി ചളിക്കു മുകളിൽ തട്ട് ഉണ്ടാക്കുന്നു. അമരൻ, നടുവു നീർക്കാതെ ഇക്കണ്ട പണിയെല്ലാം ചെയ്തപ്പോ, വാഴയെലേം നൊണഞ്ഞ് പോത്തൻ സഹകരിച്ചു നിന്നുകൊടുത്തു. പോത്തന്റെ വലത്തുകാല് മാന്തിപ്പറിച്ച് പൊക്കിയെടുത്ത് പലകപ്പുറത്ത് വെച്ചതും, വെരണ്ട പന്നി അമറുന്നപോലെ ഒരു മുക്കയിട്ടോണ്ട്, ഇടതുകാൽ വലിച്ചുപൊക്കി പോത്തൻ കവുങ്ങിൻപാത്തിയിൽ വെച്ചു.
സന്ധ്യ മയക്കത്തോടെ രണ്ടു പോത്തുകളും പടിഞ്ഞാറേച്ചരിവിലെ ഓലിക്കരയിലെത്തി. പത്തു തൊട്ടി വെള്ളത്തിന് പോത്തനും, രണ്ടു മൂന്നു തൊട്ടിക്ക് അമരനും മേല്‍ കഴുകി ശുദ്ധം വരുത്തി. ജനിച്ചിട്ടിന്നേവരെ, വാഴക്കച്ചി കൂട്ടിത്തേച്ച് കൊച്ചുവർത്തമാനോം പറഞ്ഞോണ്ട് ശുദ്ധവെള്ളത്തിൽ കുളിച്ചിട്ടില്ലാത്ത പോത്തൻ, കുനിഞ്ഞുനിന്ന് ചെരിപ്പു ചവിട്ടിക്കഴുകുകയായിരുന്ന അമരന്റെ, ഷഡ്ഡിയിടാത്ത ചന്തിക്കിട്ട് പരുപരുത്ത നാക്കു ചുഴറ്റി നന്ദിസൂചകമായി ഒരു നക്കു വെച്ചുകൊടുത്തു.
‘‘ഇവനിതെന്തിനൊള്ള പൊറപ്പാടാ ന്റെ അപ്പാ’’ എന്നു വിചാരിച്ചതേയൊള്ളൂ, ദേ, അമരന്റെ, അപ്പൻ കൂറ്റൻ ദേവസ്സി, നത്തിന്റെ കുപ്പായം ഊരിക്കളഞ്ഞിട്ട് നരിച്ചീറായി വാഴക്കൂമ്പേൽ ഞാന്നുകിടന്ന് പല്ലു തൊലിക്കുന്നു.
സമ്പൂർണ ലോക് ഡൗണിന്റെ സമയത്ത് കുടിയന്മാര് വെള്ളവെറങ്ങാതെ ചത്തുപോകാതിരിക്കാൻ, അവമ്മാര്‍ക്കൊക്കെ വാറ്റൂറ്റിക്കൊടുത്ത് ജീവൻ പിടിച്ചുനിർത്തിയത് മാക്കാനൊറ്റയൊരുത്തനായിരുന്നു. ചക്കാത്തില്‍ നക്കാൻ കൊടുക്കാത്തേന്റെ കലിപ്പില്‍ ഏതോ നാറി ഒറ്റിക്കൊടുത്തു. എക്സൈസുകാര് കേറിയരിച്ചുപെറുക്കി മാക്കാന്റെ വാറ്റുപകരണങ്ങളപ്പിടീം ചവിട്ടിപ്പൊട്ടിച്ച് നാശകോടാലിയാക്കി.
‘‘ഉറിക്കകത്ത് ഊറിയൂറി വരുന്ന സാധനം ഓരോ വെള്ളം മാറ്റുമ്പോഴും ഇങ്ങനെ വലിച്ച് വലിച്ച് കുപ്പിലോട്ട് വീത്തി, ചിറി പൊള്ളിക്കണാരുന്നോടാ എനിക്ക്? ആഞ്ഞിലീടെ പലകേംകൊണ്ട് ചെല്ലപ്പനാശാരി ഒണ്ടാക്കിത്തന്ന വാറ്റുപലക... ഹോ! ഒരൊന്നൊന്നര കാഴ്ചവസ്തുവായിരുന്നു. അവമ്മാരതെല്ലാം കൂടെ കൂട്ടിയിട്ട് കത്തിച്ചു കളഞ്ഞെന്റെ പൊന്നെടാ ഉവ്വേ.
‘‘ഈ കുടിയന്മാര്ടെ ഊശിക്കെറുവ്.’
തലവെള്ളം ചരിവത്തിൽ വെച്ച് തണുപ്പിച്ചത് മൂന്നു പേർക്കും തുല്യ അളവിൽ ഗ്ലാസിൽ ഒഴിച്ചുകൊണ്ട് മാക്കാൻ മുറുമുറുത്തു.
‘‘തലവെള്ളവാ, ആവശ്യത്തിന് കേറ്റിയാ മതി, അണ്ടം കരിയും. ഒറ്റുകാരനെ നന്നായിട്ടറിയാം. ചൊവ്വിന് കൈയ്യീക്കിട്ടുമ്പോ നാല് പൊട്ടിക്കണം’’, മാക്കാൻ പറഞ്ഞു.
‘‘എടാ മാക്കാനേ ഒറ്റീത് നീ ഉദ്ദേശിക്കുന്ന ആളല്ല. ടോമിയാ.’’
‘‘ആര്? കയനിക്കര വാർഡ് മെമ്പറ് മൂക്കനില്ലി ടോമിച്ചനോ?’’
‘‘ആ, നാറി തന്നെയാടാ.’’
‘‘എടാ തങ്കാ, നെനക്കറിയാല്ലോ ആ പൂനാച്ചി മോനൊക്കെ ന്റെ വാറ്റടുപ്പിന്റെ ചോട്ടില് ദേ... ഇതേ പോണക്ക് വീഴുന്ന വീഴുന്ന തലവെള്ളോം നക്കി, കൊടിച്ചി പട്ടിയെപ്പോലെ, ചുരുണ്ടു കൂടിട്ടൊള്ളവനാ’’, മാക്കാൻ കേറി കലിച്ചു.
‘‘ഇപ്പ ദേണ്ടെ, വടക്കേന്ത്യേലെ ക്ഷേത്രങ്ങള്‍ നെരങ്ങി നടന്ന്, അവനിപ്പം അന്താരാഷ്ട പാർട്ടീടെ സൈത്താന്തികനോ, മറ്റവനോ ഒക്കെയാന്നും പറഞ്ഞ് നടക്ക്ന്ന്.’’
കോളനിക്കാര്ടെ കല്ലുദൈവങ്ങളെയൊക്കെ എടുത്തെറിഞ്ഞു പൊട്ടിച്ചേച്ച് അവമ്മാരെല്ലാങ്കൂടെ കഥാപുസ്തകത്തിലെ ദൈവങ്ങളുടെ ഫോട്ടോ വെപ്പിച്ചു. കഴിഞ്ഞ പഞ്ചായത്തെലക്ഷന്‍ രൂപ ഇരുപത്തഞ്ച് ലക്ഷവാ ഒറ്റ വാർഡിലേക്ക് പാർട്ടി കമത്തിക്കൊടുത്തത്.’’ തങ്കൻ ആവേശത്തോടെ പറഞ്ഞു.
‘‘എല്ലാം നിർത്തീട്ട് ഇങ്ങനത്തെ വല്ല പരിപാടീം നോക്കിയാലോന്നാ’’, മാക്കാൻ സീരിയസായി പറഞ്ഞു.
‘‘എടാ മാക്കാനേ. വെയിലത്ത് കെടന്ന് മൊരഞ്ഞ പണീം എടുത്ത്, തീച്ചൂടുംകൊണ്ട് കരിഞ്ഞ്, വാറ്റും മൂഞ്ചി കൊണഞ്ഞു കുത്തിയിരിക്കുന്നവന്മാരെ ആര്‍ക്ക് വേണം? തലയെടുപ്പും തന്തക്കൊണോം വേണം. ഓന്തിനേക്കാട്ടിലും നെറം മാറാനും നാണവില്ലാതെ മറുകണ്ടം ചാടാനും പറ്റണം. നടക്കുവാടാ നെനക്ക്..?’’
അതുവരെ മിണ്ടാതിരുന്ന അമരൻ വേവലാതിയോടെ പറഞ്ഞു.
‘‘എന്റെ തങ്കച്ചേട്ടാ, പടപ്പേത്തല്ലാതെ വിഷയത്തേക്കേറ്.
നമ്മളിതെങ്ങനെ കൈകാര്യം ചെയ്യും? അതു പറ.’’
ഇന്ന് രാത്രീം, നാളെ പകലും അവന് മാക്കാന്റെ തൊഴുത്തില്‍ നിക്കട്ടേ.
നിന്റെ കെട്ടിയോള് തീറ്റേം കാടീം കൊടുത്തോളൂല്ലോല്ലേടാ?
വലിച്ചു മറിച്ചിട്ട് തട്ടി, തോല് പൊളിച്ച് കൊറക് തിരിച്ചു തരുന്ന കാര്യം ഞാനേറ്റു. ഒരു കൊറക് എനിക്ക് വേണം. ഇച്ചിരി എറച്ചി ഒണങ്ങിവെച്ചത് വരട്ടിത്തിന്നിട്ട് നാളൊത്തിരിയായി.
ഒരു കൊറക് അമരന്. കൈക്കൊറക് മാക്കാന്... ലിവറും ബോട്ടിം നമ്മക്ക് പണിക്ഷീണം തീർക്കാൻ ദേ ഇവന് ടച്ചപ്പ് ആക്കാം’’, കുപ്പിയിലെ തലവെള്ളം നോക്കി വെള്ളമിറക്കിക്കൊണ്ട് തങ്കന് പറഞ്ഞു.
‘‘അപ്പോ എറച്ചി വിയ്ക്കണ്ടായോ?’’ ചെറിയൊരു അങ്കലാപ്പോടെയാണ് അമരനതു ചോദിച്ചത്.
‘‘പിള്ളേരും കെട്ടിയോളും തിന്നിട്ട് ബാക്കിയൊണ്ടാക്കിയാ മതീടാ. പിന്നെയിങ്ങനത്തെ മൊതല് വിറ്റു കിട്ടിയ കാശ് ഒരു ചൊവ്വാകൂവേലടാ ഉവ്വേ.’’
സന്ധ്യ കഴിഞ്ഞ് ഓരോന്ന് വിട്ടിട്ട്, മാക്കാന്റെ കപ്പക്കാലായിലിട്ട് കശാപ്പ് ഉറപ്പിച്ചു.
തലവെള്ളം തണുപ്പിച്ചത് അരഗ്ലാസു വീതം തീയോടെ വിഴുങ്ങിയിട്ട്, ചൂടൻ തങ്കനും അമരനും നല്ല പിമ്പിരിയായിട്ട് എഴുന്നേറ്റു. വാറ്റടുപ്പിൽനിന്ന് ഒരു വിറകു കമ്പൂരിയെടുത്ത് തങ്കൻ ഒരു കട്ടൻ, ബീഡിക്ക് തീ പിടിപ്പിച്ചു. ഒന്നും മിണ്ടാതെ ബീഡി വെട്ടത്തിൽ, അവർ ചരിവിറങ്ങി.
കൊമ്പിൽ കയറ് കുടുക്കി വലിച്ച് കുറ്റിയിൽ കെട്ടി, മുൻകാലിൽ കുരുക്കു മുറുക്കി പിൻകാലുകൾക്കിടയിലൂടെ തിരുകി വലിച്ചിഴച്ചു ചൂടൻ തങ്കൻ ഉരുവിനെ നിലത്തിട്ടു.
ചേബ്ലാനിക്കൊല്ലൻ രാകിമിനുക്കി തേച്ചുകൊടുത്ത, അറവുകത്തി കഴുത്തിലൂടെയിഴഞ്ഞ് കൊരണാവള്ളി മുറിച്ച് മുന്നേറുമ്പോഴും ചെറുതായൊന്നു ഞരങ്ങിയതല്ലാതെ പോത്തൻ മുറവിളികൂട്ടിയില്ല. ഇന്നല്ലെങ്കിൽ നാളെ, ഇവിടല്ലെങ്കിൽ വേറെവിടെങ്കിലും, ഇവരല്ലെങ്കിൽ മറ്റാരെങ്കിലും കൊരണാവള്ളിക്ക് കത്തി വെക്കാനുള്ളതാണല്ലോ തന്റെ ജന്മമെന്നോർത്താവണം കൂടുതൽ ഷോ ഓഫിനൊന്നും മെനക്കെടാതെ, നാലു പെടപെടച്ച് പോത്തൻ, സ്വിച്ച് ഓഫാകുന്നതിന് മുന്നേ പോത്തൻ, അമരനെ ഒരു നോട്ടം നോക്കി. അവന്റെ കണ്ണുകൾ ചാട്ടുളിപോലെ ചങ്കിൽ കുത്തിയിറങ്ങിയതായി അമരനു തോന്നി.
കട്ടചോര പുരണ്ട കൈകൾ, തങ്കൻ ഉടുമുണ്ടിൽ തുടച്ചു. തലവെള്ളം അരവീതം മൂന്ന് ഗ്ലാസിലൊഴിച്ച് ‘‘വേണങ്കി മൂഞ്ച് @**കളേ, പണി കെടക്കുന്നേയുള്ളൂ എന്നും പറഞ്ഞ് ഒറ്റവലിക്കകത്താക്കി, ഒരു കമ്യൂണിസ്റ്റ് ചപ്പ് വലിച്ചുപറിച്ച് തങ്കൻ കടിച്ചു ചവച്ചു.
തൊലി ചെത്തിയിറക്കി, ബോട്ടി വലിച്ച് പുറത്തിടാൻ ഒന്നര മണിക്കൂറെടുത്തു. അതിനിടയിൽ തലവെള്ളം തീർത്ത്, രണ്ടാംവെള്ളത്തിന്റെ കുപ്പി മൂന്നുപേരും കൂടി പകുതിയാക്കിയിരുന്നു. പാഷൻഫ്രൂട്ട് വാറ്റ് അടിവയറ്റിൽ കത്തിക്കേറി നാശം വിതച്ചപ്പോൾ ഒരു കഷണം പോത്തുംകരൾ പച്ചയ്ക്ക് മുറിച്ചെടുത്ത് ചവച്ചരച്ചു കളഞ്ഞു ചൂടൻ തങ്കൻ.
‘‘എന്തോന്ന് പോത്തും കരള്‍? നെനക്കൊക്കെ എന്നാറിയാം..? ഗൂഡല്ലൂര്‍ കൂപ്പിൽ പണിയെടുക്കുന്ന കാലത്തേ മാസത്തിലൊന്ന് കാടുകേറും. നാടൻ തോക്ക്, രണ്ടു മൂന്ന് ദിവസത്തേക്കുള്ള തീറ്റ സാധനങ്ങള്‍, വാറ്റ് ഒക്കെയൊണ്ടാവും.’’ പോത്തന്റെ രണ്ടാം കുറക് വേർപെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ചൂടൻതങ്കൻ ഗൂഡല്ലൂർക്കഥ പുറത്തെടുത്തിട്ടത്.
കാടിന്റെ അടരുകളോരോന്നുമറിയുന്ന ആനവേട്ടക്കാരൻ ഗൂഡല്ലൂർ നരിവേശന്റെ കൂടെയാണ് തന്റെ കാട്ടുയാത്രയെന്ന് ആദ്യമൊന്നും തങ്കൻ മനസ്സിലാക്കിയിരുന്നില്ല. നരിവേശന് ഒറ്റക്കണ്ണേയുള്ളൂവെങ്കിലും ചെവിയും മൂക്കും കണ്ണിനുവേണ്ടി നാലാളുടെ പണിയെടുക്കും. വനാതിർത്തിയിൽനിന്ന് ഇരുപത് കിലോമീറ്റർ ഉള്ളില്‍ വനത്തിന്റെയകക്കാമ്പിൽ വെച്ച്, വെട്ടിത്തിരിഞ്ഞ് കുതിച്ചു വന്നൊരു ഒറ്റയാനെ, നിലത്ത് മുട്ടു കുത്തിയിരുന്ന്, കിറുകൃത്യം നെറുകിന്‍ പൊട്ടിച്ചിരുത്തി നരിവേശൻ. ഒറ്റയാൻ തുമ്പിക്കൈ ഉയർത്തി സലാം പറഞ്ഞ്, നാലു കാലിൽ നിലത്തമർന്ന് ഗൂഢല്ലൂർ നരിവേശനെ സാഷ്ടാംഗം പ്രണമിച്ചു. കൈമഴുവിന് ഒറ്റയാന്റെ മസ്തകം വെട്ടിപ്പൊളിച്ച് ഉശിരൻ കൊമ്പുകൾ രണ്ടും ഊരിയെടുത്തു കഴിഞ്ഞാണ് സഹായി തമിഴൻ ചെറുക്കനും, ചൂടൻ തങ്കനും കാട്ടുവറുങ്ങിൽനിന്ന് വള്ളിയിൽ തൂങ്ങി താഴെയിറങ്ങിയത്. മസ്തകം വെട്ടിപ്പൊളിച്ച് വാരിയെടുത്ത വെളുത്തു മിന്നുന്ന കുടൽമാല, ആനത്തലച്ചോറാണല്ലോയെന്ന് തലചുറ്റലോടെയാണ് തങ്കനന്ന് ഓർത്തത്.
തമിഴൻ ചെക്കൻ അടുപ്പു കൂട്ടി, കപ്പ ചേർത്തുണ്ടാക്കിയ ബിരിയാണി, നെല്ലിക്കാവാറ്റിന്റെ അകമ്പടിയിൽ എത്ര അകത്താക്കിയെന്ന് തങ്കനുതന്നെ ഓർമയില്ലായിരുന്നു. ആനത്തലച്ചോർ ബിരിയാണിയേ..!
വാറ്റിടങ്ങളിൽവെച്ച് പലതവണ ചൂടൻ തങ്കൻ പറഞ്ഞ കഥയാണെങ്കിലും ചാണകനാറ്റവും പോത്തിൻചൂരും പാഷൻ ഫ്രൂട്ടിന്റെ കട്ടും, ആമാശയത്തിൽ മൂത്തുകിടന്ന അമ്ലവും കൂടിക്കുഴഞ്ഞ് തലപെരുത്തു നിൽക്കുകയായിരുന്നു അമരൻ. അവനെ മൂടുന്ന പോത്തും കൂടിനുള്ളിൽ ചവിട്ടിത്തെന്നി നിന്ന്, ചെറുകുടലും വൻകുടലും വലിച്ചു പുറത്തിട്ടശേഷം കൊരവള്ളിയിൽ തൂങ്ങിക്കിടക്കുന്ന ലിവറും പതപ്പയും വെട്ടിക്കണ്ടിച്ച് വലിച്ചു പുറത്തിടാന്‍ നോക്കുമ്പോഴായിരുന്നു തങ്കന്റെ ആനത്തലച്ചോർ ബിരിയാണിക്കഥ.
‘‘വെളുത്തു മിന്നുന്ന കുടൽമാല! ആനത്തലച്ചോർ! ആനത്തലച്ചോർ ബിരിയാണി..!
ഹോ... ബോ! ബേ!’’
ഓക്കാനം കപ്പക്കാലാക്കരെ കയനിക്കര കോളനി വരെയെത്തി. കാലത്തു തിന്ന കപ്പയും മത്തിക്കറിയും, ആമാശയദ്രവങ്ങളും കൂടിക്കുഴഞ്ഞ, നാറുന്ന ഛർദി. മത്തിയുളുമ്പിൽ കുതിർന്ന ഒന്നരക്കൊട്ട ഛർദിയും പോത്തും ചൂരും ചാരായനാറ്റവും. ഹോ..! അമരന്റെ അന്നനാളത്തിലവശേഷിച്ചതെല്ലാം, അണ്ണാക്കടക്കം പറിഞ്ഞു പുറത്തു വന്നു.
വായില്‍ത്തടഞ്ഞ ഗുഹ്യഭാഗത്തെറിയത്രയും വിളിച്ചു പറഞ്ഞ് തങ്കൻ, ഛർദിയെ അതിജീവിച്ചു. പോത്തുംചോരയിൽ ചവിട്ടിത്തെന്നി ഛർദിയിൽ മുങ്ങി പോത്തിൻ വാരിക്കൂടിനുള്ളിൽ അമരൻ വീണുകിടന്നു. ചോരയിലും ഛർദിയിലും കുതിർന്നു കിടന്ന അവനെ പൊക്കിയെടുത്ത് കപ്പക്കാലായിലെ മണ്ണാങ്കട്ടകൾക്ക് മുകളിൽ കുത്തിയിരുത്തിയിട്ട്, ചൂടൻ തങ്കൻ ഒരു കട്ടൻ ബീഡി കത്തിച്ചു. രക്തക്കട്ടകൊണ്ട് വെട്ടിയുണ്ടാക്കിയ മൂന്നു ചുവന്ന രൂപങ്ങളായി നാട്ടുവെളിച്ചത്തില്‍ അവർ തിളങ്ങുന്നുണ്ടായിരുന്നു. പുളിപ്പും ചവർപ്പും കലർന്ന വാറ്റ് തപ്പിയെടുത്തു. വിരൽ മുക്കി നനച്ച് തീപ്പെട്ടിക്കൊള്ളിയുരച്ച് കത്തിച്ചെങ്കിലും വലിയ ശേഷിയില്ലാതെ പുളിച്ചു കത്തിയതേയുള്ളൂ.
ഗ്ലാസിലൊഴിച്ച് അമരന്റേയും മാക്കാന്റേയും നേർക്കു നീട്ടിയെങ്കിലും പുളിമണമടിച്ചപ്പോൾ രണ്ടുപേരും വായും മൂക്കും പൊത്തിക്കളത്തു. ഗ്ലാസിലൂറ്റിയത് ഒറ്റവലിക്ക് അകത്താക്കി, തങ്കൻ ബീഡിപ്പുക വിഴുങ്ങി.
‘‘എനിക്കിവിത്തീന്നിനി ഒരു കഷണം തിന്നാനൊക്കത്തില്ല. എന്റെ വീതം കൊറകീന്ന് നാലോ അഞ്ചോ കിലോം പിള്ളേർക്ക് തിന്നാനൊള്ളത് മുറിച്ചെടുത്തോളാം. ബാക്കി തിന്നുകേ കുഴിച്ചു മൂട്കേ എന്നാന്ന്ച്ചാ ചെയ്യ്.’’ മാക്കാൻ പറഞ്ഞൊപ്പിച്ചു.
ഒരിഞ്ചു കനത്തിലും നാലിഞ്ച് വീതിയിലും നീളൻ കഷണങ്ങളാക്കി ചോര കഴുകാത്ത ഇറച്ചി, ഈർന്നെടുത്ത് കല്ലുപ്പും മഞ്ഞൾപ്പൊടിയും കൂട്ടിത്തിരുമ്മി വെക്കണം. കാലു നാട്ടി, ഈറ്റ കീറി തട്ടുകെട്ടി, നേരിയ തീച്ചൂടിൽ ഇരുപത്തിനാല് മണിക്കൂറ് ഉണങ്ങണം. ‘‘പിന്നേ... മറ്റേതൊണ്ടാക്കുന്നു.’’ അമരന് പിന്നേം ഓക്കാനം വന്നു.
‘‘എവിടെയെങ്കിലും വീണു കിടന്ന് ചത്തപോലെ ഒന്നൊറങ്ങണം അത്ര തന്നെ.’’
വെള്ളംകൊണ്ട് വീഞ്ഞൊണ്ടാക്കിയ കർത്താവിന്റെ തന്തയ്ക്കും തള്ളയ്ക്കും മാറിമാറി പത്തു പരത്തെറീം വിളിച്ച്, പത്തുനാല്പത്തഞ്ചു കിലോ തൂക്കം വരുന്ന പോത്തും കൊറക് ചണച്ചാക്കിൽ കുത്തിക്കേറ്റി തോളിലിട്ട്, തങ്കൻ ചരിവിറങ്ങി.
‘‘നമ്മളിതെന്നാ ചെയ്യൂടാ ഉവ്വേ..? അമരൻ മാക്കാനോടു ചോദിച്ചു. ‘‘ഓ ആര് തിന്നാനാ..? എനിക്കൊരഞ്ചു കിലോം മതി.’’
മാക്കാൻ തപ്പിത്തടഞ്ഞെഴുന്നേറ്റ്, പ്ലാസ്റ്റിക് ചാക്കിനു മുകളിൽ െവച്ചിരുന്ന കൊറകിൽനിന്ന് എന്താണ്ടൊക്കെയോ ചെത്തിപ്പറിച്ച് ചാക്കിലിട്ട്, മുതുകിൽ തൂക്കി ആടിയാടി ചരിവിറങ്ങുന്നതിനിടയിൽ പറഞ്ഞു. ‘‘വേണ്ടത് എടുത്തോണ്ട് പോര്, ബാക്കി രാവിലെ കുഴിച്ചുമൂടാം.’’
‘‘നീ പൊയ്ക്കോ’’, അമരൻ പിറുപിറുത്തു.
കപ്പക്കാലായിൽ തലകുത്തനെ കിടന്ന അമരൻ എപ്പോഴോ ആകാശത്തേക്ക് കണ്ണു തുറന്നു. രാത്രിയിലൊക്കെ ആകാശത്തിന് ഇത്ര ഭംഗിയുണ്ടെന്ന് അവന് ആദ്യമായി തോന്നി. ചത്തുപോയ തന്ത കൂറ്റൻ ദേവസ്സി, വലിയൊരു മൂങ്ങയുടെ രോമക്കുപ്പായത്തിൽക്കേറി കപ്പക്കാലയുടെ വടക്കേപ്പുറത്തുള്ള കാഞ്ഞിരക്കൊമ്പിലിരുന്ന് അമരനെ വിളിച്ചു. കട്ടത്തലവേദനകൊണ്ട് തല പൊട്ടിത്തെറിക്കുമെന്ന് തോന്നി. മണ്ണാങ്കട്ടകൾക്കിടയിൽ തപ്പിനോക്കിയപ്പോൾ വെള്ളക്കുപ്പി കൈയിൽ തടഞ്ഞു. അടപ്പു തുറന്ന് വായിലോട്ടൊറ്റ ഒഴിയങ്ങ് വെച്ചുകൊടുത്തു. ചൂടൻ തങ്കൻ ഇട്ടേച്ചുപോയ പുളിവെള്ളം. ആദ്യമൊന്നോക്കാനിച്ചെങ്കിലും, കണ്ണടച്ചങ്ങനെ കിടന്നു, സുഖം തോന്നി.
കൂറ്റൻ ദേവസ്സി, തുടർച്ചയായി ഇരുത്തിയിരുത്തി മൂങ്ങാമുക്കൽ മുക്കിയപ്പോൾ, കയനിക്കര കോളനിയിലെ നാറാണന്റെ ചാവാലിപ്പട്ടി നീണ്ടി ഓരിയിട്ടു. രണ്ടു മൂന്ന് കില്ലപ്പട്ടികൾ ഏറ്റുപിടിച്ചതോടെ രാത്രിയുടെ കനത്ത മൗനത്തിന് മുറിവുണ്ടായി. അമരൻ ചാടിയെഴുന്നേറ്റു. കാൽക്കുറകും കൈക്കുറകും രണ്ടു പ്ലാസ്റ്റിക് ചാക്കുകളിലേക്ക് കുത്തിക്കടത്തി. ബോട്ടിയും, കരളും കുടലും പണ്ടവും, തലയും, കൈകാലുകൾ അറുത്തു മാറ്റിയ പോത്തുടല് വെറുതെ ആകാശം നോക്കി മലർന്നങ്ങനെ കിടന്നു.
കയറഴിച്ച് ചാക്കിന്റെ വായ കെട്ടി. നാട്ടുവെളിച്ചത്തിൽ കാലച്ചരിവിലൂടെ, ഇറച്ചിച്ചാക്കുകൾ വലിച്ചിറക്കി, അമരൻ ഇഴഞ്ഞിറങ്ങി.
ഷൈമയുടെ നിർത്താതെയുള്ള പൂരപ്പുലയാട്ട് കേട്ടാണ് അമരൻ കണ്ണുകൾ കിള്ളിപ്പൊളിച്ചത്. പോത്തുംചോരയിലും ഛർദിയിലും കുതിർന്ന മുണ്ടും നിക്കറും കുപ്പായവും, വെളുപ്പിനെ വാഴച്ചോട്ടിൽ പറിച്ചെറിഞ്ഞിട്ട്, അഴേല്ക്കിടന്ന കീറമുണ്ട് വാരിയുടുത്ത് തിണ്ണയിലേക്ക് മറിഞ്ഞതോർമയുണ്ട്. കൈയിലും കാലിലും കഴുത്തിലുമൊക്കെ ചോരക്കറ അട്ടയെപ്പോലെ അള്ളിപ്പിടിച്ചിരുന്നു.
‘‘ദേ വെട്ടുകത്തീം കൊടുവാളുവായി എളകി വന്നേക്ക്ന്ന്. അതുങ്ങളോട് ചെന്ന് സമാധാനം പറ. വല്ലോം കിട്ടിയാ മേടിച്ചുകെട്ടിക്കോ.’’
കോളനീലെ കുറച്ച് ആളുകളുമുണ്ട്. കയനിക്കര വാർഡ് മെമ്പർ മൂക്കനില്ലിക്കൽ ടോമിച്ചൻ കാട്ടുപന്നിയെപ്പോലെ ചീറിക്കൊണ്ട് മുന്നോട്ട് വന്നു.
‘‘ചെറ്റത്തരം കാണിക്കുന്നോടാ പുല്ലേ..? പുളിച്ചതെറി വിളിക്കാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ, ആർഷഭാരത സംസ്കാരമെന്നെ അനുവദിക്കുന്നില്ല.’’ ടോമിച്ചൻ കൈ ചുരുട്ടി, പല്ലിറുമ്മിക്കാണിച്ചു.
‘‘ഇവരുടെ സംസ്കാരത്തെക്കുറിച്ച് നിനക്കെന്തറിയാടാ..? കാട്ടുകനികളും കിഴങ്ങുകളുവാ ഇവരുടെ ഭക്ഷണം, ആരോഗ്യം. വഴീല് വീണു ചത്ത പോത്തിനെ വെട്ടിമുറിച്ച് ഇവരെ ബീഫ് തീറ്റിക്കാൻ നിനക്കെങ്ങനെ മനസ്സുവന്നെടാ ചെറ്റേ?’’
ഇത്രയും കേട്ടപ്പോഴാണ് അമരന് സംഗതിയുടെ കിടപ്പുവശം പിടികിട്ടിയത്. വലിച്ചും ചുമന്നും ഉരുട്ടിയും കയനിക്കര കോളനിയിലെത്തിച്ച ഇറച്ചിച്ചാക്കുകൾ അവനോർത്തു. പിള്ളേരും പെണ്ണുങ്ങളും വല്ലോം കടിച്ചു പറിച്ചോട്ടേന്ന് വിചാരിച്ചാണ് അമരനത് ചെയ്തത്. കഴിഞ്ഞ കൊല്ലം കാട്ടിയെ കിട്ടീപ്പഴും അവൻ കൊടുത്തതാണ്. വെളുപ്പിന് മൂപ്പനെ വിളിച്ച്, ‘‘മൂപ്പോ, ഒരു സാധനം തിണ്ണേൽ ചാക്കിട്ട് മൂടിയിട്ടുണ്ട്, കോളനിക്കാരെല്ലാം വീതിച്ചെടുത്തോന്നും'’ പറഞ്ഞ്, ഒരുവിധം വീടു പറ്റിയതോർത്തെടുക്കുകയായിരുന്നു അമരൻ.
‘‘നെനക്കും നെന്റെ കൂട്ടര്, ശവംതീനികൾക്കും വേണേല്‍ നക്കിക്കോണം. ശുദ്ധസസ്യഭുക്കുകളായ ഈ സാധുക്കളെ പോത്ത് തീറ്റിച്ചാ, ഞങ്ങൾക്ക് ആയുധമെടുക്കേണ്ടിവരും. ഇനിയാ പുണ്യഭൂമീക്കേറി ഇമ്മാതിരി തന്തയില്ലാത്തരം കാണിച്ചാൽ ചോര ചീറ്റും, ചോര. കേട്ടേടാ നാറീ.’’
ടോമിച്ചൻ ഇറച്ചിച്ചാക്കുകൾ അറപ്പോടെ ചവിട്ടിമറിച്ചിട്ട്, കോളനിക്കാരേയും കൂട്ടി തിരിഞ്ഞുനടന്നു.
മുറ്റത്തെ ചെമ്പരത്തിയിൽ വന്നിരുന്ന ഒരു മലങ്കാക്ക ‘‘പോത്തമരാ... പോത്തമരാ’’ എന്ന് വരണ്ട ഒച്ചയിൽ വിളിച്ചു. അത് അവന്റപ്പൻ കൂറ്റൻ ദേവസ്സിയായിരുന്നു.