നിറം -കെ.എസ് രതീഷ് എഴുതിയ കഥ
‘‘തവിട്ടു പശുവിൻ വെളുത്ത പാല് കുടിച്ചതിൽപ്പിന്നേ, കറുത്ത രാത്രി ഈ നിറമെല്ലാം ഓർത്തുകിടന്നു ഞാൻ.’’ (ഞങ്ങളിറങ്ങാൻ നേരം മണ്ടേല ബിനു പാടിയത്) അതിർത്തി ഗ്രാമമായ പന്തയിലുണ്ടായ കറുപ്പു യുദ്ധമോ, നിറവെറിയുടെ ഇരകളായി ഞങ്ങള് മൂന്നു പിള്ളേര് എട്ടാം തരത്തിൽ പഠിപ്പുനിർത്തിപ്പോയതോ ഒരു ചരിത്രത്തിന്റെയും ഭാഗമല്ല. ഞങ്ങളെന്നു പറഞ്ഞാൽ കരിമൻ ഷിബുവെന്നു വിളിക്കുന്ന ഞാനും മണ്ടേല ബിനുവും കാംബ്ലി വിനോദും. കുറേ വർഷങ്ങൾക്കു മുമ്പ് ഈ നാട്ടിൽ പരാജയപ്പെട്ടുപോയ...
Your Subscription Supports Independent Journalism
View Plans‘‘തവിട്ടു പശുവിൻ വെളുത്ത പാല് കുടിച്ചതിൽപ്പിന്നേ,
കറുത്ത രാത്രി ഈ നിറമെല്ലാം ഓർത്തുകിടന്നു ഞാൻ.’’ (ഞങ്ങളിറങ്ങാൻ നേരം മണ്ടേല ബിനു പാടിയത്)
അതിർത്തി ഗ്രാമമായ പന്തയിലുണ്ടായ കറുപ്പു യുദ്ധമോ, നിറവെറിയുടെ ഇരകളായി ഞങ്ങള് മൂന്നു പിള്ളേര് എട്ടാം തരത്തിൽ പഠിപ്പുനിർത്തിപ്പോയതോ ഒരു ചരിത്രത്തിന്റെയും ഭാഗമല്ല.
ഞങ്ങളെന്നു പറഞ്ഞാൽ കരിമൻ ഷിബുവെന്നു വിളിക്കുന്ന ഞാനും മണ്ടേല ബിനുവും കാംബ്ലി വിനോദും. കുറേ വർഷങ്ങൾക്കു മുമ്പ് ഈ നാട്ടിൽ പരാജയപ്പെട്ടുപോയ ഒരു യുദ്ധത്തിന്റെപോലും രഹസ്യമോ കാരണങ്ങളോ നിങ്ങളൊരിക്കലും അറിയാനുമിടയില്ല, പിെന്നയല്ലേ ഞങ്ങള് മൂന്ന് കറുപ്പൻ പിള്ളേര് മനംനൊന്ത് സ്കൂളിൽനിന്നും ഇറങ്ങിപ്പോയ കാര്യം.
ഞാനത് ചുരുക്കിപ്പറയാം. കാരണം, സമാനമായ ഒരു വിപ്ലവത്തിനാണ് ഈ രാത്രിയിൽ ഞാനും കാംബ്ലിയും ചങ്ങാതിയായ മണ്ടേല ബിനുവിന്റെ തലയിൽതൊട്ട് സത്യം ചെയ്തിറങ്ങിപ്പുറപ്പെട്ടത്. ഈ സംഭവം പ്രാദേശിക പേജിൽ ഒരു കോളം വാർത്തയോ പൊലീസ് കേസോ ആയേക്കാം.
പന്തപ്പള്ളിയിലെ പെരുന്നാളിന് പതിവായി ക്രിസ്തുചരിതം നാടകമുണ്ട്. ആ തവണ, പൊന്നും മൂരും കുന്തിരുക്കവുമായി വരുന്ന രാജാക്കന്മാരാക്കാമെന്ന് ഇടവക വികാരി ഞങ്ങൾക്ക് വാക്കാൽ ഉറപ്പുതന്നു. പകരമായി കാട് വെട്ടിച്ചു, കല്ലറ വൃത്തിയാക്കി, കാന കോരിച്ചു. എന്നിട്ടോ, നിറം പോരാന്ന് കാരണം പറഞ്ഞ് അതേ വികാരിയച്ചൻ ഞങ്ങളെ ഇടയന്മാരാക്കി സ്റ്റേജിന്റെ ഏറ്റവും പിന്നിലാക്കി. അതും പോരാഞ്ഞിട്ട് എന്നെയും മണ്ടേലയെയും ഡബിൾ റോളിൽ കള്ളന്മാരാക്കി ക്രിസ്തുവിന്റെ ഇടത്തും വലത്തും ക്രൂശിച്ചു. നാടകം നന്നായി, നല്ല കൈയടിയായിരുന്നു.
പക്ഷേ, അതിലെ ചില രംഗങ്ങൾ ഞങ്ങൾക്കു മാത്രമല്ല, ഞങ്ങളെ രാജാക്കന്മാരായി കാണാൻ ഒരുങ്ങിവന്ന കറുമ്പികളായ മൂന്ന് തള്ളമാർക്കും വലിയ നീറ്റലായി. അതാണ് വിപ്ലവകരമായ കറുപ്പുയുദ്ധത്തിന്റെ കാരണം.
ഇപ്പോൾ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നുകിടക്കുന്ന മണ്ടേല ബിനു, അന്ന് രാത്രി ദാസൻ പട്ടാളത്തിന്റെ ഇരട്ടക്കുഴൽ അടിച്ചുമാറ്റി. വെളുത്ത മാതാവിന്റെ രൂപക്കൂടിന് പിന്നിൽ ഒളിച്ചുനിന്ന് ഇടവക വികാരിയുടെ നെഞ്ചുനോക്കി കാഞ്ചി വലിച്ചു. ഉന്നമില്ലാത്തവർ വിട്ട ഉണ്ട, പള്ളിമുറ്റത്തെ വലിയ കാട്ടത്തിയുടെ നെഞ്ചിലോ, പള്ളിയുടെ തിരുനെറ്റിയിലോ അതിനും പിന്നിലെ തെമ്മാടിക്കുഴിയിലോ കാണും.
തോക്കുണ്ടായിട്ടും തോറ്റുപോയ ഞങ്ങൾ അന്നോടെ പള്ളി വിട്ടു. കറുത്ത ചട്ടയുള്ള ബൈബിളും വലിച്ചെറിഞ്ഞു. കറുപ്പുയുദ്ധമെന്ന് ഞങ്ങൾ മാത്രം പരസ്പരം ഇപ്പോഴും കുടിക്കാനിരിക്കുമ്പോൾ പറഞ്ഞു ചിരിക്കുന്നത് ഇതിനെയാണ്.
ഈ സംഭവം ഞാൻ ‘കറുപ്പുയുദ്ധ’മെന്ന പേരിൽ ഒരു കഥയാക്കി, പതിപ്പുകളിൽ അയച്ചിട്ടുണ്ട്. അച്ചടിച്ചു വന്നോന്നൊന്നും എനിക്കറിഞ്ഞൂടാ. എനിക്കിങ്ങനെ ഓരോന്ന് നോവുമ്പോഴും തോന്നുമ്പോഴും ഒറ്റ എഴുത്തെഴുതും. ആ കഥകളിൽ എന്തിരിക്കുന്നു എന്നൊന്നും ചോദിക്കരുത്, ഞാനതിൽ നൊന്തിരിക്കുന്നുണ്ട്. ചിലപ്പോഴിതും എഴുതിപ്പോകും. ഇനി, നിറവെറിയും ഞങ്ങളുടെ ഭാവി തിരിച്ചുവിട്ടതും പഠിപ്പുനിർത്തലുമുള്ള ആ നോവൻ കഥ പറയാം.
ഇരുപത് കൊല്ലം മുമ്പുള്ള ഒരോണക്കാലത്താണ് ഞങ്ങൾ മൂന്നും ഒടുവിലത്തെ സ്കൂൾ പരീക്ഷയെഴുതിയത്. ആഗ്രഹമുണ്ടായിട്ടും അന്നോടെ തീർന്നു സ്കൂളും പഠിപ്പും പരീക്ഷകളും. അതിന്റെ കാരണക്കാരനായ പപ്പനാഭൻ സാറിന്റെ മോന്തക്ക് ഒന്നെങ്കിലും പൊട്ടിക്കണമെന്ന് മണ്ടേല ബിനുവിന് ഒരാഗ്രഹം. മൂത്രക്കുഴലിലെ പഴുപ്പ് നോക്കി അവൻ കരഞ്ഞോണ്ടിരുന്നു. അവന്റെ മോളും പെണ്ണും വന്ന് എത്തിനോക്കി. ഞാനും കാംബ്ലിയും രാത്രിയാണെന്നോ, പപ്പനാഭൻ നാട്ടിലെ പ്രമാണിയാണെന്നോ ചിന്തിച്ചില്ല. മണ്ടേലക്ക് വേണ്ടി അയാളെ തല്ലാനുറപ്പിച്ച് ഇറങ്ങിയങ്ങ് നടന്നു.
മണ്ടേല സ്കൂളിൽനിന്നിറങ്ങി അവന്റെ അപ്പന്റെ വഴിക്ക് തെങ്ങിന്റെ മുകളിൽ കയറി. വീണ്, നട്ടെല്ലു തകർന്ന് കിടപ്പിലുമായി. കാംബ്ലി പാറപൊട്ടിക്കണ കമ്പനിയിലായി. കോർപറേഷന്റെ ചവറു കോരണ കരാർ പണിക്ക് ഞാനിപ്പോഴും പോകുന്നുണ്ട്.
പെണ്ണിനും മോൾക്കും അതിലൊന്നും ഒരെതിർപ്പുമില്ല. സത്യത്തിൽ ആഴ്ചയിൽ ഞങ്ങള് കൊണ്ടുകൊടുക്കണതിലാണ് ആ മൂന്നും, ജീവൻ പിടിച്ചുനിർത്തണത്.
ഒന്ന് വലിക്കാനും കുടിക്കാനും ഞങ്ങളുടെ വരവും കാത്ത് കിടക്കുന്ന മണ്ടേല, ഇന്ന് ഒരു തുള്ളി തൊടുന്നില്ല. മൂത്രം പോകാനിട്ടിരുന്ന കുഴലിൽ പഴുപ്പും ചുവപ്പും. ഉടനെങ്ങാനും ചത്തുപോകുമോന്ന് അവനുപേടി. അതിനുമുമ്പ് അവന് ആ പപ്പനാഭനോട് പകരം വീട്ടണം.
പാറ പൊട്ടിച്ചും വളയം പിടിച്ചും തഴമ്പിച്ച കാംബ്ലിയുടെ കൈപിടിച്ച് മണ്ടേല ഒറ്റച്ചോദ്യം.
‘‘ആ പപ്പനാഭനിട്ട് നീ നല്ലൊരണ്ണം പൊട്ടിക്കോടാ...’’ എന്നോടും അങ്ങനെ ചോദിച്ചു. ഞാനെന്ത് പറയാൻ. ഈ മണ്ടേലയുടെ മോളും എന്റെ ചെറുക്കനും കാംബ്ലിയുടെ ഇരട്ട പെൺപിള്ളേരും അതേ സ്കൂളിലാണ് പഠിക്കുന്നത്. അതുമാത്രമല്ല, പപ്പനാഭൻ ഇപ്പോഴതിന്റെ മാനേജരാണ്. എന്നിട്ടും കാംബ്ലി സമ്മതിച്ചു. അവനങ്ങനെ വെറും വാക്ക് പറയൂല, ചെയ്യുമെന്ന് പറഞ്ഞാ ചെയ്യും. പന്തയിലെ ഒരുത്തനും അവന്റെ നേർക്ക് നിക്കൂല. കാംബ്ലിയുടെ കൈയീന്ന് ശരിക്കൊന്ന് കിട്ടിയാൽ പപ്പനാഭൻ വീണ് ചാവും, അതാണ് എന്റെ പേടി.
മണ്ടേലയുടെ തലയിൽ തൊട്ട് സത്യോം ചെയ്ത്, തലയിണയുടെ കീഴിൽ അഞ്ഞൂറിന്റെ നോട്ടും െവച്ചിട്ട് ഞങ്ങളിറങ്ങി. കാംബ്ലിയുടെ നടപ്പിന് പ്രതികാരവേഗം.
‘‘ഇടക്കിടെ ഞാൻ നിങ്ങളെ വിളിക്കും’’ ഫോൺ ചെവിയിൽ ചേർത്തു പറഞ്ഞിട്ട്, മണ്ടേല നാലിലോ മൂന്നിലോ പഠിപ്പിച്ച നിറപ്പാട്ട് മൂളുന്നു.
‘‘തവിട്ടു പശുവിൻ വെളുത്ത പാല് കുടിച്ചതിൽ പിന്നേ,
കറുത്ത രാത്രി ഈ നിറമെല്ലാം ഓർത്തുകിടന്നു ഞാൻ.’’
‘‘കാംബ്ലി, നീ പപ്പനാഭനെ തല്ലാൻ പോവേണാ?’’ ചോദ്യത്തിന്റെ നേർക്ക് അവന്റെ നോട്ടം കണ്ടിട്ട് എനിക്ക് പേടിയായി. ഇരുട്ടിലൂടെ ഞങ്ങളുടെ രണ്ട് ബീഡികൾ മിണ്ടാതെ നീറി. ഇപ്പഴില്ലെങ്കിലും, ഒരിക്കലെനിക്കും പപ്പനാഭൻ സാറിനെ തല്ലണമെന്നു തോന്നീട്ടുണ്ട്.
എട്ട് സിയിലെ പിൻെബഞ്ചിൽ, പുറത്ത് മഴപെയ്യുന്നതും മരംപെയ്യുന്നതും ഞങ്ങള് മൂന്നും നോക്കിയിരിക്കും. ഇല്ലാത്ത പുസ്തകങ്ങളെക്കാൾ വെയില് പൂത്ത മൈതാനവും ബിഗ് സ്ക്രീനുള്ള ജനാലയും, രുചിയുള്ള കഞ്ഞിപ്പുരയുമാണ് കൗതുകമുള്ള പാഠങ്ങൾ ഞങ്ങൾക്ക് പഠിപ്പിച്ചത്.
ഓണം വരുന്നതിനുമുമ്പ്, സ്കൂളിന്റെ മുറ്റത്ത് തുമ്പികളെത്താൻ തുടങ്ങിയ ഒരു ദിവസം. പി.ടി പിരീഡിൽ വെസ്റ്റിൻഡീസ് ടീമിനുവേണ്ടി ഇന്ത്യക്കാരന്മാരെ അടിച്ചുപരത്തിയ ക്ഷീണത്തിൽ കാംബ്ലി നല്ല ഉറക്കമായിരുന്നു. ഞങ്ങള് മൂന്നും ഒറ്റ ടീമിലേ നിൽക്കൂന്നുള്ള വാശി കാരണം ക്ലാസിലെ മറ്റുപിള്ളേര് ഞങ്ങളെ വെസ്റ്റിൻഡീസാക്കി. ഞങ്ങളങ്ങ് സമ്മതിച്ചുകൊടുത്തു, അവര് ഇന്ത്യൻ ടീം. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ വെള്ളപ്പാറ്റ കൃഷ്ണകുമാർ ഞങ്ങളുടെ ക്ലാസിന്റെയും ലീഡറാണ്.
ബെൽബോട്ടം പാന്റും ലാമ്പി സ്കൂട്ടറും നെറ്റിയിൽ വീണ മുടിയിൽ കിളിക്കൂടുമുള്ള പപ്പനാഭന്റെ ബന്ധുവായ കൃഷ്ണകുമാറിനെ ലീഡറാക്കാൻ സാറന്മാർ കാണിച്ച വേലകൾ കറുപ്പുയുദ്ധത്തിൽ എഴുതിയിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ നിറം നോക്കിയാണ് ടീമിനെ വെസ്റ്റിൻഡീസ് ആക്കിയതെന്നും, പിള്ളേരെല്ലാം നിർത്താതെ കൂവിയതെന്നും ഞങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ, സംശയമാണ്.
കറുത്ത ബോർഡിന്റെ മുന്നിൽ കരഞ്ഞോണ്ട് ഞങ്ങളുടെ നേർക്ക് വിരല് ചൂണ്ടിനിൽക്കുന്ന കൃഷ്ണകുമാറും, പള്ളിവാള് പോലെ ചൂരലുപിടിച്ച് ഉറഞ്ഞുതുള്ളുന്ന പപ്പനാഭൻ സാറും. ഞങ്ങൾക്കാദ്യമൊന്നും കാര്യം മനസ്സിലായില്ല. ക്ലാസിനു മുന്നിൽ പിടിച്ചുനിർത്തി ലളിതാംബിക ടീച്ചറും കുഞ്ഞാലി സാറും ചേർന്ന് ഞങ്ങളുടെ സഞ്ചികൾ തപ്പുകയാണ്. പിള്ളേരുടെയും ജനാലകൾ വഴി മറ്റു ടീച്ചർമാരുടെയും ആണി നോട്ടങ്ങളും ഞങ്ങളെ കറുപ്പൻ ബോർഡിൽ ക്രൂശിച്ചു.
ദേഹപരിശോധനക്ക് ഞങ്ങളെ സ്റ്റോർമുറിയിലേക്ക് കൊണ്ടുപോയി. അടിനിക്കറിടാൻ മടിയുള്ള മണ്ടേല മുണ്ടഴിക്കാൻ വിസമ്മതിച്ചു. പപ്പനാഭന്റെ ചൂരൽ ഭദ്രകാളി തോറ്റം പാടി. മുൻവശം പൊത്തിനിൽക്കുന്ന മണ്ടേലയുടെ കരിന്തുടയിൽ ചോരപ്പാട്. മൂന്നാളുടെയും കരിഞ്ചന്തി വിടവുകളിൽ തെളിവെടുപ്പിനായി ചൂരലു പാമ്പ് ഇഴഞ്ഞു കയറി. പപ്പനാഭന്റെ ചിരി. ഞങ്ങള് ഒന്നിച്ചു കരഞ്ഞു. സഞ്ചിയിലും കീശയിലും കൈയിട്ടവർക്ക് ആകെ കിട്ടിയത് വെള്ളരി മാങ്ങയുടെ പകുതിയും, കൊപ്രപ്പൂള് പേപ്പറിൽ പൊതിഞ്ഞ ഉപ്പും പിന്നെ മൂന്ന് കാന്താരി മുളകും.
കാരണമറിഞ്ഞപ്പോഴും ഞങ്ങൾക്ക് ഒരു വിഷമവും തോന്നിയില്ല. സ്റ്റാമ്പിന് പിരിച്ച പൈസ നൂറ്റിമുപ്പത് രൂപ, കൃഷ്ണകുമാറിന്റെ ബാഗിൽ കാണാനില്ല. ആ പിരിവ്, മൂന്നാളിൽ ആകെ കൊടുത്തത് ഞാൻ മാത്രം. ക്ലാസിലെ വേറെ ഒരാളെയും അവർ സംശയിച്ചില്ല എന്നതായിരുന്നു ഞങ്ങളെ ഏറ്റവും നീറ്റിയത്. പപ്പനാഭന്റെ വഴിയിൽ കള്ളക്കുഴിയും കുപ്പിച്ചില്ലും നിറച്ചു. ലാംബി പക്ഷേ, വഴിമാറിപ്പോയി.
പിറ്റേദിവസം പേപ്പറിൽ പൊതിഞ്ഞുെവച്ചിരുന്ന തുക കൃഷ്ണകുമാർ വീട്ടിൽ മറന്നുെവച്ചിരുന്ന കാര്യവും ഞങ്ങളറിഞ്ഞില്ല. ലളിതാംബിക ടീച്ചറിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെക്കുറിച്ചുള്ള പ്രസംഗം കേട്ട് ഡെസ്കിനടിയിലേക്ക് തലകുനിച്ചിരുന്ന കാംബ്ലി, അവരെയും പപ്പനാഭനെയും ചേർത്ത് കുറേ ചീത്ത വിളിച്ചു. മുണ്ടുയർത്തി കരിന്തുടയിലെ ചൂരൽപ്പാടിൽ പതിയെ തടവി.
അന്നുമുതൽ സ്കൂളിലോട്ട് പോകണ്ടാന്ന് കരുതിയിരുന്നതാണ്. പക്ഷേ പരീക്ഷക്കിടയിൽ ഇന്ത്യക്കാരുമായിട്ടുള്ള ഫൈനൽ മാച്ചുള്ളോണ്ട് പരീക്ഷ എഴുതിയെന്ന് വരുത്തി. ഞങ്ങള് ഫൈനൽ കളിയിലും തോറ്റു. തുട പൊട്ടി ഒഴുകിയ കാംബ്ലി പനിപിടിച്ചു കിടപ്പിലായിപ്പോയി. പിള്ളേരെല്ലാം കൂവി. അവസാന പരീക്ഷയുടെ തലേന്ന് രാത്രി പപ്പനാഭൻ ചത്തുകിടക്കുന്നത് ഞാൻ സ്വപ്നം കണ്ടത് പറഞ്ഞു ചിരിച്ചോണ്ടാണ് സ്കൂള് വിട്ടുപോന്നത്. അതിനുശേഷമിന്നാണ് പപ്പനാഭന്റെ കാര്യങ്ങൾ ഞാനും ചിന്തിച്ചത്. വലിയ ഗേറ്റിന്റെ മുന്നിൽ കൈകൾ മുറുക്കിപ്പിടിച്ചുനിൽക്കുന്ന കാംബ്ലി.
നാട്ടിലെ ഏറ്റവും വലിയ വീട് വെളിച്ചംകെട്ടുനിൽക്കുന്നത് കണ്ടിട്ട് കാംബ്ലിക്ക് നിരാശ തോന്നി. ‘‘പപ്പനാഭനും വീട്ടുകാരും ഇല്ലാതെ വരുവോടാ.’’ ഞങ്ങൾ തമ്മിൽ നോക്കി. ഗേറ്റിന് താഴില്ല. കാറുകളും കിടപ്പുണ്ട്. നാലഞ്ച് പണിക്കാരെങ്കിലും ആ വീട്ടുമുറ്റത്ത് എപ്പോഴും കാണുന്നതാണ്. കാംബ്ലിയുടെ കൈ പിടിക്കാൻ പാങ്ങുള്ള ഒറ്റൊരുത്തനും അതിലും കാണില്ല. എന്റെ ഭയങ്ങളെ ഞാൻ തിരുത്തി. ‘‘അളിയാ പപ്പനാഭനെ പൊട്ടിച്ചാടാ...’’ ഫോണിന്റെ മറുതലയിൽ മണ്ടേലയുടെ ചിരി. ഞങ്ങളും തമ്മിൽ ചിരിച്ചു. മണ്ടേലക്ക് അപ്പോഴും നിറങ്ങളുടെ പാട്ടു തന്നെയാണ്.
ഗേറ്റ് ചവിട്ടിത്തുറന്ന കാംബ്ലി, പാറ പൊട്ടിക്കുന്ന ശബ്ദത്തിൽ ചീത്ത വിളിക്കാൻ തുടങ്ങി. അയൽവീടുകളുടെ ഞെട്ടി ഉണരൽ. ഞാനും വിട്ടുകൊടുത്തില്ല. പപ്പനാഭന്റെ സകല പൂർവികരെയും നിരത്തിനിർത്തി തുണിയഴിപ്പിക്കാൻ തുടങ്ങി. കല്ലെടുത്ത് മുകളിലെ നിലയിലെ കണ്ണാടിയിലേക്ക് ഒരു ബൗൺസർ. കാംബ്ലി ചെടിച്ചട്ടികളെ മടല് ബാറ്റിന് ബൗണ്ടറി കടത്തുന്നു. പെട്ടെന്നവൻ മുണ്ടഴിച്ചിട്ട് തിരിഞ്ഞു നിന്ന് ചന്തി വിടർത്തി ഒറ്റ ഡയലോഗ്.
‘‘പപ്പനാഭാ നായിന്റെ മോനെ, നോക്കെടാ ഈ വെടവിലെങ്ങാനും നിന്റെ സ്റ്റാമ്പിന്റെ പൈസ ഉണ്ടോന്ന്...’’ എനിക്ക് അവന്റെ നിൽപുകണ്ടു ചിരിയാണ് വന്നത്. ചിരിയമർത്തി, ഞാനും അനുകരിച്ചു. അരയിൽ കെട്ടിപ്പിടിച്ചിരുന്ന നിക്കറഴിക്കാൻ ഞാൻ പ്രയാസപ്പെടുന്നത് കണ്ടിട്ട് കാംബ്ലി അടുത്ത ഡയലോഗ് കാച്ചി.
‘‘ഞങ്ങളെ ജീവിതം കളഞ്ഞത് നീയാടാ പപ്പനാഭാ, അന്ന് പൈസ തിരിച്ചുകിട്ടിയപ്പോൾ നിനക്ക് ക്ഷമപറയാൻ തോന്നിയോടാ പുല്ലേ! അല്ലെങ്കിലും കറുത്ത ഞങ്ങളിലാണല്ലോ കള്ളലക്ഷണവും എല്ലാവനും കളവുമുതല് തിരയാനുള്ള ഇടവും.’’ ആ പറച്ചിലുകേട്ട് ഞാൻ മുണ്ടെടുത്ത് ഉടുത്തു. ഒരു പൂച്ചട്ടികൂടെ വീടിന്റെ ഇറയത്തേക്ക് വലിച്ചെറിഞ്ഞിട്ട് ഞങ്ങളോരോ ബീഡി കത്തിച്ച്, ആരുവന്നാലും ഇടിക്കാൻ തയാറായി നിന്നു. ഒരു ബൾബുപോലും തുറിച്ചുനോക്കുന്നില്ല. ഞങ്ങൾ വീടിന്റെ അരികിലേക്ക് നടന്നു.
വാതിൽ തുറന്നുകിടക്കുന്നു. ഉള്ളിൽനിന്നും വാർധക്യം ബാധിച്ച കരച്ചിലുകൾ. തിരികെ നടക്കാൻ തുടങ്ങിയ എന്നെ കാംബ്ലി വീട്ടിനുള്ളിലെ ഇരുട്ടിലേക്ക് പിടിച്ചുവലിച്ചു. വീട്ടിനുള്ളിലാകെ മണ്ണെണ്ണ മണം. കാംബ്ലി എന്റെ ചുണ്ടിലിരുന്ന് ചിരിക്കുന്ന ബീഡി വലിച്ചെറിഞ്ഞു. വെളിച്ചത്തിനായി ഞാൻ ചുവരിലൂടെ കൈ പരതി. ആ രംഗം കാണാൻ വയ്യെന്ന് രണ്ടോ മൂന്നോ തവണ ശ്രമിച്ചിട്ടാണ് നീണ്ട ലൈറ്റ് തെളിഞ്ഞുനിന്നത്.
മുറിയുടെ ഒത്തനടുക്ക് കെട്ടിപ്പിടിച്ചിരുന്ന് വിറക്കുന്ന പപ്പനാഭൻ സാറും ഭാര്യയും. രണ്ടാളും കത്തിപ്പിടിക്കാൻ പാകത്തിന് മണ്ണെണ്ണയിൽ നനഞ്ഞിട്ടുണ്ട്. ഇനിയും ബാക്കിയിരിക്കുന്ന കന്നാസിൽ നീല നിറം. തൊട്ടുമുന്നിൽ ആർത്തിപിടിച്ച തീപ്പെട്ടി. പൊതിഞ്ഞുെവച്ച ഭക്ഷണം. പപ്പനാഭൻസാറിന്റെ ഭയം കണ്ടിട്ട് മുഖം വിടരുന്ന കാംബ്ലിയുടെ നേർക്ക് ഞാൻ ഒരുതവണ നോക്കി.
തീപ്പെട്ടിയുടെ നെഞ്ചിൽ കാംബ്ലി ചവിട്ടി. തീ ഒളിപ്പിച്ച കറുത്ത തലയൻ തിരിക്കുഞ്ഞുങ്ങളെ അത് ഛർദിച്ചു. ഞാൻ കൊണ്ടുവന്ന വെള്ളം എന്തിനെന്ന് അവന്റെ ചോദ്യം. വാങ്ങി നിലത്തേക്ക് ഒഴിച്ചു. കന്നാസ് മാറ്റിെവച്ചു. കാംബ്ലി അവരെ സെറ്റിയിലേക്ക് ഇരുത്തി. മുന്നിലായി ഞാനും ഇരുന്നു.
മണ്ടേലയുടെ വിളി വരുന്നുണ്ട്. ഞാൻ ഫോണിന്റെ സ്ക്രീൻ കാംബ്ലിയുടെ മുഖത്തിന് നേരെ പിടിച്ചു. കാംബ്ലിയുടെ മുഖത്ത് ഗൗരവം. ഫോണും വാങ്ങി പുറത്തിറങ്ങിനിന്ന് മണ്ടേലയോട് സംസാരിക്കുന്നു. പപ്പനാഭൻ സാറിന്റെ നേർക്ക് ബാല്യം മറക്കാത്ത ഞാൻ കൈകൂപ്പിപ്പോയി. സാറും എന്നോട് കൈ കൂപ്പി.
ഞാൻ പപ്പനാഭൻ സാറിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. ഞങ്ങളോട് ഒരിക്കലും ചിരിച്ചിട്ടില്ലാത്ത സാറിനിപ്പോഴും അതേ ദുഷിച്ച മുഖം. വിറക്കുന്ന ഭാര്യയെ പപ്പനാഭൻ കൈയിൽ മുറുക്കെ പിടിക്കുന്നു. ഭാര്യയുടെ കരച്ചിൽ പൊട്ടിയടർന്നു വീണു. അതു കേട്ടാണ് കാംബ്ലി ഉള്ളിലേക്ക് വന്നത്. ‘‘ചാവാൻ പോണങ്കിൽ അങ്ങ് ചത്താപ്പോരെ എന്തിന് മോങ്ങണത്?’’ കാംബ്ലിയോട് എനിക്കപ്പോൾ ദേഷ്യം തോന്നി.
‘‘മണ്ടേലക്കു വേണ്ടി നിങ്ങൾക്കിട്ട്, രണ്ടെണ്ണം പൊട്ടിക്കണമെന്നേ ഞങ്ങൾക്കുള്ളൂ.’’ പകയുടെ പൂർവ വിദ്യാർഥിക്കഥ കാംബ്ലി പാറപൊട്ടിക്കുന്ന താളത്തിൽ പറഞ്ഞു. ഉഗ്രസ്ഫോടനത്തിൽ വീണ ആ കഥ പപ്പനാഭൻ സാറിന് ഓരോർമയുമില്ലെന്ന് ആ മുഖം കണ്ടാലറിയാം. ഭർത്താവിന്റെ പൂർവ വിദ്യാർഥികൾ തല്ലാൻ വന്നിരിക്കുന്നു. അതു മാത്രമായിരിക്കും ഭാര്യക്കും മനസ്സിലായത്. ഒരുപക്ഷേ ആ കഥ ഞാനാണ് പറഞ്ഞതെങ്കിൽ ചിലപ്പോൾ..?
മണ്ടേലയുടെ വിളി വന്നപ്പോൾ കാംബ്ലി കട്ട് ചെയ്തു. ‘‘ഞങ്ങള് കൊറേ എണ്ണത്തിനെ പലപ്പോഴായി കൊന്നതല്ലേ എന്നിട്ടിപ്പോൾ സ്വയം ചാവാനെന്തുണ്ടായി..?’’ കാംബ്ലിയുടെ ഡയലോഗ് എനിക്കിഷ്ടമായി. ഇതു ഞാൻ കഥയാക്കിയാൽ ഉറപ്പായും ഇതേ വാക്കുകൾതന്നെയാകും ഇപ്പോൾ എഴുതുക.
മുന്നിൽ പൊതിഞ്ഞുെവച്ചിരുന്നത് കാംബ്ലി തുറന്നു. പൊരിച്ച മീനിന്റെ കറുപ്പ്. നിലത്തിരുന്ന് അത് കഴിക്കാൻ തുടങ്ങി. സാറിന്റെ ഭാര്യ ഭക്ഷണമേശയിലിരുന്ന വെള്ളം കാംബ്ലിയുടെ മുന്നിലേക്ക് നീക്കിെവച്ചു.
പഠിച്ച വർഷവും അപ്പന്റെ പേരും അക്കാലത്തെ പലതും ഞാൻ പറഞ്ഞിട്ടും സാറിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. എട്ടിൽ സ്കൂള് വിട്ടുപോയ കാരണക്കാരൻ താനാണെന്ന് ആദ്യമായി കേട്ടതുപോലെ പപ്പനാഭൻ കുനിഞ്ഞിരുന്നു. പൊതിയിൽ ബാക്കിയിരുന്നത് ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞിട്ട് കാംബ്ലി കൈകഴുകി മുണ്ടിൽ തുടച്ചു. ഒതുക്കിപ്പിടിച്ച മുണ്ടുമായി അവർക്കു മുന്നിൽ ചെന്നിരുന്നു. കാംബ്ലി അവരെ തല്ലുമോ? ഞാൻ ഭയന്നു.
‘‘ചാവാൻ തോന്നിയതെന്തിന്..? ആ ചോദ്യത്തിന് അവർ മുഖാമുഖം നോക്കി. ഭാര്യ വീണ്ടും കരയാൻ തുടങ്ങി. പപ്പനാഭൻ അകത്തുചെന്ന് വേഷം മാറി വന്നു. ഒറ്റ മുണ്ടും മുറിക്കൈയൻ ബനിയനും. ഭാര്യയും അകത്തേക്ക് പോയി. കുളിമുറിയിൽ ശബ്ദങ്ങൾ.
‘‘വാ, നമുക്ക് പുറത്തിരിക്കാം.’’ മുറ്റത്തിട്ടിരുന്ന കസേരകൾ നിവർത്തിെവച്ച് ഞങ്ങളിരുന്നു. ചാഞ്ഞുനിന്ന ഒരു മാവിന്റെ കൊമ്പിൽ പിടിച്ച് ഇരുട്ടിലേക്ക് നോക്കി പപ്പനാഭൻ സാറ് ഒരേ നിൽപാണ്. കാംബ്ലി ബീഡിക്ക് തീ കൊടുത്തു. സാറിന്റെ മുന്നിൽ വലിക്കാൻ എനിക്ക് മടിതോന്നി.
‘‘എനിക്കും ബീഡി താടോ...’’ കൈ നീട്ടി നിൽക്കുന്ന പപ്പനാഭൻ സാറിനെ ഞാൻ അത്ഭുതത്തോടെ നോക്കി. കാംബ്ലി ബീഡി കൊടുത്തു, ഞാനതിന് തീയും. സാറ് നിന്ന് പുകഞ്ഞു.
ഓരോ പുകയിടവേളയിലും സാറ് മരിക്കാനാഞ്ഞ കഥ ഞങ്ങൾ കാത്തിരുന്നു. ‘‘നിങ്ങളുടെ പേരെന്തെന്നാ പറഞ്ഞത്..?’’ അറ്റന്റൻസ് വിളികേട്ട എട്ടാം ക്ലാസുകാരന്റെ അതേ ആവേശത്തിൽ ഞാൻ മറുപടി കൊടുത്തു.
‘‘ഇവൻ വിനോദ്, കാംബ്ലി വിനോദെന്ന് വിളിക്കും. ഞാൻ ഷിബു. ഞങ്ങള് എട്ട് സിയിൽ സാറിന്റെ ക്ലാസിലായിരുന്നു. ഇനി ഒരാളുള്ളത് ബിനു. ക്ലാസ് നമ്പർ 8, തളർന്ന് കിടപ്പാണ്. സാറിന് ഓർമയുണ്ടോ..? എട്ടിൽ ഞങ്ങള് പഠിപ്പുനിർത്തി.’’ ഞങ്ങളാരും ആ ഓർമയിലില്ലെന്ന് നെറ്റിയിലെ ചുളിവും നീണ്ട പുകയും സമ്മതിച്ചു. മരത്തിന്റെ കൊമ്പിൽ ബീഡി കുത്തിയണച്ചു. കസേരയിൽ ഞങ്ങൾക്ക് അഭിമുഖമായി വന്നിരുന്നു. സാറിന്റെ ചുണ്ടിൽ മറ്റൊരു കഥയുണ്ടെന്ന് മുഖത്തെ ചുവപ്പ്.
‘‘എന്റെ മോൻ ഒരു അബദ്ധത്തിൽ ചാടിയെടാ. ഞങ്ങൾക്ക് അവൻ ഒന്നേയുള്ളൂ. ബാങ്കിൽ ഒപ്പം ജോലിചെയ്യണ ഒരു പെണ്ണിനെ വിശ്വസിച്ചു. അവള് ഒരു വലിയ തുക ബാങ്കീന്ന് മോഷ്ടിച്ചു. ഇപ്പൊ അവനെയും പൊലീസ് തിരയുന്നു. അവള് രാജ്യം വിട്ടെന്നാ കേൾക്കുന്നത്. എല്ലാം ഇവന്റെ തലയിൽ. അങ്ങനെയെങ്ങാനും കാണാൻ ഇടവന്നാൽ ഞങ്ങള് പിന്നെ ജീവിച്ചിരിക്കണോ...’’ മുറ്റത്തേക്ക് ഇറങ്ങിവന്ന ഭാര്യയുടെ കൈയിൽ കട്ടൻ കാപ്പി. അവരുടെ കരച്ചിലും മുടിയും തോർന്നിട്ടില്ല.
കാംബ്ലി ബീഡി മാറ്റിപ്പിടിച്ച് കാപ്പി എടുത്തു. ഞാൻ വേണ്ടെന്ന് പറഞ്ഞു. ‘‘എന്നും ഇരുട്ടാകുമ്പോൾ ഇത്തിരി ചോറു വാങ്ങിക്കാൻ അവൻ വരും. എന്നിട്ട് സ്കൂളിന്റെ പിന്നിലെ ഗോഡൗണിൽ ചെന്നു കിടക്കും. ഇന്ന് നിങ്ങളെ കണ്ടിട്ട് ഓടിക്കളഞ്ഞു.’’ സാറിന്റെ നോട്ടം ഗേറ്റിന് പുറത്തേക്ക് നീണ്ടു.
‘‘എന്റെ പേടി ആ ചെറുക്കൻ വല്ല അബദ്ധോം കാണിക്കോന്നാ.’’ മരത്തിന്റെ ചരിഞ്ഞ കൊമ്പിൽ സാറ് തല ചാരി നിന്നു. കാംബ്ലി സാറിന്റെ തോളിൽ തൊട്ടു.
‘‘ഇതിനൊക്കെ ചാവാനാണെങ്കിൽ ഞങ്ങളൊക്കെ എന്നോ ചത്ത് തീർന്നേനെ. സാറ് ചെന്ന് തീറ്റ പൊതിഞ്ഞെട്. ഞങ്ങള് കൊണ്ടുകൊടുക്കാം. ചെറുക്കനോട് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങാൻ പറ.’’ മടക്കിയുടുത്ത മുണ്ടഴിഞ്ഞ്, വിനയപൂർവം നിൽക്കുന്ന കാംബ്ലിയോട് എനിക്ക് ഇഷ്ടം കൂടി. പപ്പനാഭൻ സാറ് കാംബ്ലിയെ കെട്ടിപ്പിടിച്ചു.
അകത്തേക്കു പോയ സാറ് ഒരു കുപ്പിയുമായി വന്നു. മൂന്നാമത് റൗണ്ടിൽ സാറിന് മണ്ടേലയോട് സംസാരിക്കണമെന്നു വാശി. കാംബ്ലി എന്നോട് തലകുലുക്കി. ഫോണുമായി ഇരുട്ടിലേക്ക് മാറിനിന്നിട്ട് വന്ന സാറ് എന്റെ തോളിൽ കൈയിട്ടു. ഫോൺ എന്റെ പോക്കറ്റിൽ െവച്ചു. മുഖത്ത് ആശ്വാസം. എന്റെ ചുണ്ടിലെ ബീഡിയെടുത്ത് വലിക്കാനും തുടങ്ങി. മണ്ടേലക്ക് സംഭവിച്ച കാര്യങ്ങൾ ചോദിച്ച് നെടുവീർപ്പിട്ടു. ഞാൻ കുടിച്ചുെവച്ച ഗ്ലാസിൽ പപ്പനാഭൻ സാറ് അടുത്ത റൗണ്ട് ഒഴിച്ചു.
ഞങ്ങളുടെ പിള്ളേരുടെ കാര്യങ്ങൾ തിരക്കി. കാംബ്ലിയുടെ ഇരട്ടകളെ സാറിനറിയാം. കളിയാക്കിയ സാറിനെതിരെ സ്കൂളിൽ പരാതികൊടുത്തതും മാനേജരുടെ മുറിയിലേക്ക് തള്ളിക്കയറിയതുമായ പെൺകുട്ടികളെ സാറ് നന്നായി ഓർക്കുന്നു. കാംബ്ലിയുടെ മുഖത്ത് അഭിമാനം.
‘‘അന്ന് അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങള് വിളിച്ച ഈ തെറിയൊക്കെ വളരെ കുറഞ്ഞുപോയെന്നേ ഞാനും പറയൂ. രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയാൽ അതിനും മടിക്കരുത്.’’ പപ്പനാഭൻ സാറിന്റെ ശബ്ദത്തിൽ കരച്ചിലു കലർന്നു. സാറിന്റെ കാലുകൾക്ക് ഉറയ്ക്കാ താളം. അര ഒതുങ്ങിയ ഒഴിഞ്ഞ മദ്യക്കുപ്പി ഉരുണ്ട് വീണു. ഭംഗിയുള്ള ആ കുപ്പി എനിക്ക് വീട്ടിലേക്ക് കൊണ്ടുപോകണമെന്നു തോന്നി. പപ്പനാഭൻ സാറ് മരത്തിന്റെ കൊമ്പിൽ രണ്ട് കൈകളും പിടിച്ചു.
‘‘തല്ലിക്കോടാ, ഒട്ടും മടിക്കണ്ട.’’ ഞങ്ങളുടെ മുന്നിൽ കുനിഞ്ഞു നിന്ന സാറിന്റെ മുണ്ട് അഴിഞ്ഞുവീണു. വെളുത്ത ചന്തിയുടെ വിടവ്. ചൂരലെടുക്കാൻ എന്റെ കൈ വികൃതിയായി ചിന്തിച്ചു. സാറിന്റെ മുണ്ട് കാംബ്ലി വാരിചുറ്റിക്കൊടുക്കുന്നത് കണ്ടാണ്, ഭാര്യ വന്നത്. ഭക്ഷണപ്പൊതി ഞങ്ങൾക്ക് നീട്ടി. സാറ് ഇരുട്ടിലേക്ക് നോക്കിയിരുന്നു. കാംബ്ലി പുറത്തേക്ക് നടന്നു. ഞാൻ ആ പൊതി വാങ്ങി. മകനുവേണ്ടി അവരെെന്ന തൊട്ടു. എനിക്ക് അമ്മയെ ഓർമ വന്നു.
പൊതിക്ക് നല്ല ചൂട്, ഞാൻ കൈമാറ്റിപ്പിടിച്ചു. നിരത്തിലെ ഇരുട്ട് ഞങ്ങളെ വിഴുങ്ങുവോളം സാറിന്റെ ഭാര്യ ഗേറ്റും ചാരിനിൽക്കുന്നുണ്ടായിരുന്നു. ഫോൺ എന്റെ പോക്കറ്റിൽ കിടന്ന് വിറച്ചു.
‘‘ആ ചെറുക്കനെ രക്ഷിക്കണം.’’ മണ്ടേലയുടെ വാക്കുകളിൽ ഗൗരവം. ഞാൻ ഫോണിന്റെ ടോർച്ച് തെളിച്ചു. വെളിച്ചം വേണ്ടെന്ന് കാംബ്ലി വിരൽ കാണിച്ചു.
സ്കൂളിന്റെ മതിലു ചാടി ഗോഡൗണിലേക്ക് നടന്ന ഞങ്ങൾ മൈതാനത്തിന്റെ നടുക്കെത്തി. ഞാനിത്തിരി നേരം പിച്ചിൽ നിന്നു. ക്രീസിൽ കാംബ്ലിയും മറുവശത്ത് മണ്ടേലയും ബാറ്റിങ്ങിന് നിൽക്കുന്നതായി കണ്ടു. സ്കൂളിന്റെ ഉള്ളിൽനിന്നും വെസ്റ്റിൻഡീസ് ടീമിനെതിരായ കൂവലുകൾ. കൃഷ്ണകുമാറിന്റെ ആദ്യ ബോളിൽ കാംബ്ലിയുടെ വക കൂറ്റൻ സിക്സർ. പന്ത് സ്കൂളിന്റെ മുകളിലൂടെ പാഞ്ഞു. കൂവലുകൾ നിലച്ചു. വിരലുകൾ നാവിനടിയിൽ തിരുകി വിസിലടിക്കുന്ന എന്നെ, കാംബ്ലി ശബ്ദം താഴ്ത്തി തെറി വിളിച്ചു. ഞാൻ ചിരിച്ചു.
ഗോഡൗണിന് പിന്നിലെ ഇരുട്ടിൽനിന്നും അലറിക്കരഞ്ഞുകൊണ്ട് പപ്പനാഭൻ സാറിന്റെ മകൻ ഓടാൻ തുടങ്ങി, ഭക്ഷണപ്പൊതിയുമായി ഞങ്ങളും അവന്റെ പിന്നാലെ പാഞ്ഞു.