കാൽബേലിയ -കഥ
ഭൂമിയിലെ വിഷം മുഴുവൻ മരുഭൂമിയിലുണ്ട് അല്ലേ സപേരാ..? ‘‘മൂർഖന്മാർ, അണലികൾ, ചിലന്തികൾ, തേളുകൾ... നിങ്ങൾ ശരിക്കും വിഷങ്ങളുടെ അധിപൻമാരാണല്ലേ..?’’ സപേര എന്ന് എളുപ്പത്തിന് ഞാൻ വിളിക്കുന്ന ഷരോധ് സപേരയോട് സംസാരിച്ചു തുടങ്ങിയത് അങ്ങനെ ആയിരുന്നു എന്നാണ് എന്റെ ഓർമ. സപേരാ ഒരൊന്നൊന്നര കാൽ ബേലിയ ജിപ്സി... ‘‘മൗത് കോ ദേഖാ ഹേ സാബ്?’’, സപേര തുടർന്നു. ‘‘താരോം കോ ദേഖ് കേ ഐസേ ഇസ് രേഗിസ്താൻ മേ ലേട്ട്ത്തേ വക്ത് തക്കിയേ നീച്ചേ ചുപാ ഹേ മൗത്. ഇസ്ലിയേ ഹം കിസി കോ കാബൂ മേ നഹി രഖ്താ ഹേ...
Your Subscription Supports Independent Journalism
View Plansഭൂമിയിലെ വിഷം മുഴുവൻ മരുഭൂമിയിലുണ്ട് അല്ലേ സപേരാ..?
‘‘മൂർഖന്മാർ, അണലികൾ, ചിലന്തികൾ, തേളുകൾ... നിങ്ങൾ ശരിക്കും വിഷങ്ങളുടെ അധിപൻമാരാണല്ലേ..?’’ സപേര എന്ന് എളുപ്പത്തിന് ഞാൻ വിളിക്കുന്ന ഷരോധ് സപേരയോട് സംസാരിച്ചു തുടങ്ങിയത് അങ്ങനെ ആയിരുന്നു എന്നാണ് എന്റെ ഓർമ. സപേരാ ഒരൊന്നൊന്നര കാൽ ബേലിയ ജിപ്സി...
‘‘മൗത് കോ ദേഖാ ഹേ സാബ്?’’, സപേര തുടർന്നു. ‘‘താരോം കോ ദേഖ് കേ ഐസേ ഇസ് രേഗിസ്താൻ മേ ലേട്ട്ത്തേ വക്ത് തക്കിയേ നീച്ചേ ചുപാ ഹേ മൗത്. ഇസ്ലിയേ ഹം കിസി കോ കാബൂ മേ നഹി രഖ്താ ഹേ സാബ്…’’ (മരണം സാബ് കണ്ടിട്ടുേണ്ടാ?, മരുഭൂമിയിൽ ഇങ്ങനെ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോ തലയിണ കീഴിലുണ്ട് മരണം…, അതുകൊണ്ട് ഞങ്ങൾ ആരെയും ഭരിക്കാറില്ല സാബ്) അതായിരുന്നു സപേരയുടെ മറുപടി.
രാജസ്ഥാൻ മരുഭൂമിയിൽ വന്നുപെട്ടതിനുശേഷം എന്റെ കൂടെയാണ് സപേരയുടെ അലച്ചിലുകൾ.
‘‘എനിക്ക് ഇപ്പോൾ ഒരു കവിത ചൊല്ലാൻ തോന്നുന്നു സപേര. അതുമല്ലെങ്കിൽ കവിതക്കൊത്തൊരു നുണ പറയാൻ തോന്നുന്നു.’’
‘‘കവിത ഓർ ജൂട്ട് അലഗ് കർന ഹെയ്ൻ ക്യാ... സാബ് (കവിതയും നുണയും... വേർതിരിക്കണോ... സാബ്...) വളയങ്ങൾക്ക് പിറകെ വളയങ്ങൾ ആയി ഊതിവിടുന്ന പുകക്കൂട്ടങ്ങളിലേക്ക് നോക്കി സപേര പറഞ്ഞു.
‘‘എങ്കിൽ കിടന്നുറങ്ങാം.’’
‘‘പാഗൽ ആദ്മി ഹേ’’, അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൻ ഉറങ്ങാൻ കിടന്നു.
കിടക്കുമ്പോഴേക്കും ഉറങ്ങാനുള്ള അവന്റെ സിദ്ധി കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി. പുലർച്ചെ വരെ ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ സമയത്തിന് എഴുന്നേൽക്കാനാവാത്ത മനുഷ്യജീവി ആയിരുന്നു ഞാൻ. നേരം വെളുത്ത് പ്രഭാതകൃത്യം കഴിഞ്ഞു ദേഹം മുഴുവൻ നല്ലവണ്ണം തുടച്ചു പുറത്തിറങ്ങുമ്പോൾ കുതിരയുമായി ഷരോധ് സപേര കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഗ്രാമത്തിലെ കുതിരയോട്ട പ്രാന്തൻ..., കരിമൂർഖന്മാരെ മണ്ണിരയെ പിടിക്കുന്ന ലാഘവത്തോടെ തൂക്കിയും ചുറ്റിയും പിടിക്കുന്ന കാൽ ബേലിയ കൂട്ടത്തിലെ കുതിര പ്രണയി. സപേരയുടെ കുതിരപ്പുറത്തിരുന്ന് ചലിക്കാൻ തുടങ്ങുമ്പോൾ തിളച്ച വെയിലിൽ വേഗത്തിൽ നടന്നുകൊണ്ട് അവൻ എന്നെ പിന്തുടർന്നു. സപേരയുടെ കുതിരയും അവനെ പോലെതന്നെ ചലനം നിലച്ചാൽ മരിച്ചുപോകുന്ന ജിപ്സിയാണെന്ന് എനിക്ക് തോന്നി.
‘‘സ്നെയ്ക് ചാമർ സാബ്... ദിസ് കാൽ ബേലിയ ജിപ്സിസ് ഹേവ് അമേസിങ് കൺട്രോൾ ഓവർ സ്െനയ്ക്സ് ആൻഡ് വെനം.’’
‘‘സർ…, ദേ ബിലീവ് ദാറ്റ് ദേ ആർ ദി പീപ്പിൾ ഓഫ് ഗോഡ് ശിവ.’’ എന്നെ ഇവിടെയെത്തിച്ചതിനു ശേഷം മടങ്ങിയ ട്രാവൽ ഗൈഡ് സപേര എന്ന വാക്കിനെ അങ്ങനെയാണ് വിശദീകരിച്ചത്. ഞാൻ ഗൈഡുമായുള്ള സംഭാഷണം ഓർത്തെടുത്തു.
പതിയെ റോഡിന്റെ വശങ്ങളിലായി ചെറിയ കുടിലുകൾ തെളിഞ്ഞു വന്നു. ചുവപ്പും കറുപ്പും നിറങ്ങൾ ഇടകലർന്ന ലെഹങ്കകൾ അണിഞ്ഞ സ്ത്രീകൾ പലതരം ജോലികൾ ചെയ്തുകൊണ്ടിരുന്നു. ബഹുവർണത്തിൽ ചെറുതും വലുതുമായ മാലകളും കടുംനിറത്തിലുള്ള വളകളും ചിലങ്കയിൽനിന്ന് വേർപെടുത്തിയ കണ്ണിപോലുള്ള കമ്മലുകളും തോടകളും ധരിച്ച അവരുടെ ഉടലുകൾ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു.
ഉടലിൽ മഴവില്ല് വെട്ടിയൊട്ടിച്ചപോലുണ്ട്. എന്തൊരു ജീവിതമാണ്. എങ്ങും ആനന്ദം. സംഗീതം നിറങ്ങൾ. ഞാനാകെ അതിശയിച്ചു...
‘‘ഭൂമിയിലെ വിഷം മുഴുവൻ വിഴുങ്ങിയ ഞങ്ങളുടെ പൂർവികർക്ക് ദൈവം ഞങ്ങളുെട ദൈവം നൽകിയ ഉറപ്പാണ് സാർ ഈ ആനന്ദം.’’ സപേര... പറഞ്ഞു. അല്ലെങ്കിൽ ഞാൻ അങ്ങനെ വിവർത്തനം ചെയ്തു.
‘‘തീരെ പൊക്കംകുറഞ്ഞ മരങ്ങൾക്കും അപൂർവമായി കാണുന്ന മരങ്ങൾക്കും കുറ്റിച്ചെടികൾക്കുമിടയിൽ ഇങ്ങനെയും ചില മനുഷ്യർ പാർത്തു പോരുന്നതേ അതിശയമല്ലേ സാബ്’’, സപേര കൂട്ടിച്ചേർത്തു.
മെലിഞ്ഞു ഇരുനിറമുള്ള ഗീത്ത എന്ന് പേരുള്ളൊരു ജിപ്സി പെണ്ണ് എന്നെ ഊട്ടാനുള്ളത് കരുതിവെച്ചിരുന്നു. തലയെ മറച്ച ബഹുവർണ ഓഡ്നിയിൽനിന്ന് അവളുടെ ഏതാനും മുടിയിഴകൾ പുറത്തേക്ക് ചാടി. ഭക്ഷണം വിളമ്പാൻ കാൽമുട്ടിൽ ഊന്നിയിരുന്നപ്പോൾ പുറത്തേക്ക് തുറിച്ച അവളുടെ മാറിടം ഞാൻ സപേര കാണും മുമ്പേ നോക്കിത്തീർത്തു.
‘‘ഞങ്ങളുടെ ദൈവങ്ങൾ കുളിക്കാറില്ല..., പിന്നെ ഞങ്ങളെന്തിന് കുളിക്കണം സാബ്.’’ അത് പറയുമ്പോഴും ആഹാരത്തിൽ തന്നെയായിരുന്നു അവന്റെ ശ്രദ്ധ.
കോഴിയിൽ മുളകും കാൽ ബേലിയ രഹസ്യക്കൂട്ടും ചേർത്ത കറിയും ചുക്കാ റൊട്ടിയും സ്വയമ്പൻ ജിപ്സി മദ്യവും കഴിച്ചു ഞങ്ങൾ കുടിലുകളൊന്നിൽ ഉറങ്ങാൻ കിടന്നു. ഉണരുമ്പോൾ ൈകയിൽ ഉഗ്രൻ കരിമൂർഖനുമായി സപേര മുന്നിൽ ഉണ്ടായിരുന്നു. ഭയം മൂത്രസഞ്ചിയെ നനക്കുമോ എന്ന തോന്നലിൽ ഞാൻ കുടിലിനു പുറത്തേക്ക് കടന്നു.
‘‘ഒരാഴ്ച വേണ്ട സാബ്... ഒരു കാൽ ബേലിയ വിചാരിച്ചാൽ. ഏത് മൂർഖനെയും ഒരു വലിയ വള്ളിപോലെ നിങ്ങൾ കയ്യിൽ പിടിക്കാൻ.’’ അങ്ങനെയാണ് സപേരയുടെ വാക്കുകളെ ഞാൻ എനിക്കായി വീണ്ടും പരിഭാഷപ്പെടുത്തിയത്. പിന്നെ രണ്ടോ മൂന്നോ ദിവസം പുറത്തേക്കിറങ്ങിയില്ല.
ഉറങ്ങുമ്പോഴും ഉണരുമ്പോഴും വിഷസർപ്പങ്ങളെ പറ്റിതന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്. നട്ടുച്ചകളിൽ വെയിൽ കനത്തു വന്നപ്പോൾ ടെന്റിലിരുന്ന് സുഹൃത്ത് അയച്ചുതന്ന കാൽബേലിയ നൃത്തങ്ങളിലേക്ക് ഞാൻ കണ്ണുകളെ കൊളുത്തിവെച്ചു. കടും നിറങ്ങൾകൊണ്ട് മുടിയെ മൂടിയ ലെഹങ്കയും തലയെ മറക്കുന്ന ഓഡ്നിയും കാൽ ബേലിയ ഉടലിനെ ചലിക്കുന്ന വർണങ്ങളാക്കി. അവരുടെ ഉടൽ ഒരു നാഗവും കടും നിറങ്ങളിലുള്ള വസ്ത്രം ചലിക്കുന്ന നാഗക്കളവുമാണെന്നേ... തോന്നൂ. ആൺനൃത്തങ്ങളിലും ആ മനുഷ്യരുടെ ഉടൽ ആനന്ദത്താൽ പിടഞ്ഞു. ‘‘മൂവ്മെന്റ് ഈസ് ദെയ്ർ ഓക്സിജൻ’’, ഞാൻ ചിരിച്ചുകൊണ്ട് എന്നോടായി പറഞ്ഞു.
പിന്നീട് സപേരയുടെ ഒട്ടകത്തിലാണ് മരുഭൂമി ചുറ്റാനിറങ്ങിയത്. സപേരയും രണ്ടു കൂട്ടാളികളും ൈകയിൽ നീളൻവടിയുമായി പിന്തുടർന്നു. ഓരോ മണൽത്തിട്ടയിലെയും പൊത്തുകളിൽ അവർ കൈ കടത്തുന്നത് കണ്ട എനിക്ക് പേടി തോന്നി.
പൊത്തുകളിൽ ചിലതിൽനിന്ന് ഉഗ്രൻ മൂർഖന്മാരെയും ചിലപ്പോൾ ഉടുമ്പിൻകുട്ടികളെയും അവർ മരുഭൂമിയിലേക്ക് നീട്ടിയെറിഞ്ഞു. ഇരു കൈകളിലും നീളൻവടി കുറുകെ പിടിച്ചുകൊണ്ട് മൂവരും അന്തരീക്ഷത്തിൽ കറങ്ങിത്തിരിഞ്ഞുകൊണ്ട് നൃത്തം ചെയ്തു.
ആ കാഴ്ച നോക്കിക്കൊണ്ടിരിക്കെ ഞാനൊന്ന് പുകച്ചു. കണ്ണുകൾ ചുവന്നു കലങ്ങി. പുക കുഞ്ഞു വൃത്തങ്ങളായി, പിന്നെ പതിയെ അപ്രത്യക്ഷമായി. ‘‘മൂവ്മെന്റ് ഈസ് ദെയ്ർ ഓക്സിജൻ’’, ഞാൻ ആവർത്തിച്ചു. ചലിക്കാനാവാത്ത ഒരു കാലം വന്നാൽ ഈ മനുഷ്യർ എങ്ങനെ ജീവിക്കും? അതായിരുന്നു ഞാനപ്പോൾ ആലോചിച്ചത്.
അന്നേക്ക് ഏഴാം ദിവസം എണ്ണം പറഞ്ഞൊരു കരിമൂർഖനെ സപേര എന്റെ ൈകയിൽ പിടിപ്പിച്ചു. ആ രാത്രി മുതലാണ് ഞാനും സപേരയും ശരിക്കും കൂട്ടായത്. അവൻ എനിക്കുവേണ്ടി പാചകം ചെയ്തു. എന്റെ വസ്ത്രങ്ങൾ വൃത്തിയാക്കി. എങ്കിലും ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ അപ്രത്യക്ഷനായി. സഹജമായ ജീവിതവും ചലനവും എല്ലായ്പോഴും പൊലീസുകാരെ സംശയാലുക്കളാക്കി. മിക്കപ്പോഴും വായിൽനിന്നും മൂക്കിൽനിന്നും ഒലിക്കുന്ന ചോരയും ദേഹമാകെ നീലിച്ചു വീർത്ത പാടുകളുമായി സപേരയെയും കൂട്ടരെയും പൊലീസുകാർ ഊക്കൻ തെറികളുമായി ജിപ്സി കുടിലുകൾക്ക് മുന്നിൽ കൊണ്ടുവന്നു തള്ളി. മലർന്നു കിടന്ന് ആകാശത്തേക്ക് നോക്കി സപേരയും കൂട്ടരും ആർത്തു ചിരിച്ചു. അന്നേക്കുള്ള ശ്വാസം അവർക്ക് കിട്ടിയിരുന്നു. അതിന്റെ ആനന്ദം അവർ മണ്ണിനോടും ആകാശത്തോടും നക്ഷത്രങ്ങളോടും രാത്രിയോടും പങ്കുവെച്ചു. ആനന്ദം വന്ന മാർഗം മാത്രം എനിക്ക് അപ്പോഴും മനസ്സിലായില്ല.
അതിനു മുമ്പ് കൊടും മർദനങ്ങൾ ചെറുതും വലുതുമായ മോഷണക്കുറ്റങ്ങൾ ആരോപിച്ചായിരുന്നു എന്ന വ്യത്യാസം മാത്രമേ കാൽ ബേലിയ ഉടലുകൾക്ക് ഉണ്ടായിരുന്നുള്ളൂ എന്നാണ് എനിക്ക് തോന്നിയത്.
അങ്ങനെയിരിക്കെ ഒരു രാത്രിയിൽ ഞാൻ ഉറങ്ങിക്കിടന്ന സപേരയെ വിളിച്ചുണർത്തി. ‘‘നമുക്ക് രാത്രിസഞ്ചാരത്തിനിറങ്ങിയാലോ’’, ഞാൻ സപേരയോട് ചോദിച്ചു. കേട്ടതും സപേര ഫണമുയർത്തി. നടക്കാനാഞ്ഞ അവനെ ഞാൻ ഒട്ടകപ്പുറത്തേക്ക് കയറ്റിയിരുത്തി. സപേര എന്നെയും രാത്രിയെയും മരുഭൂമിയിലേക്ക് നയിച്ചു. മരുഭൂമിയിൽ ഒരിടത്ത് കുതിരയെ നിർത്തി ഭൂമിയുടെ മറുപാതിയെന്നപോലെ ഉരുണ്ടുനിന്ന ചന്ദ്രനോട് അവൻ ഉറക്കെ ഉറക്കെ സംസാരിച്ചു. ഓരോ മണൽത്തരിയും വെട്ടിത്തിളങ്ങുന്ന മണൽപരപ്പിലൂടെ സപേരയുടെ ഒട്ടകം ചലിച്ചു. മരുഭൂമിയും കടലും ഒരു പോലാണ്... അറ്റം നോക്കിയിരുന്നാൽ അന്തവും കുന്തവും കിട്ടില്ല.
‘‘ഒരിക്കൽ ഒരു അമാവാസി ദിവസം നമുക്കിത് പോലെ ഈ മരുഭൂമിയിലൂടെ നടക്കണം സാബ്. നിലാവത്ത് മാത്രമല്ല അമാവാസിയിലും മരുഭൂമി സുന്ദരമാണ്... മലർന്നു കിടന്നാൽ കറുപ്പ് മാത്രമുള്ള ആകാശം.’’
ആഹ്... സപേര തലയൊന്ന് അമർത്തി കുടഞ്ഞു. ഞാൻ സപേരയെ നോക്കി. ചിരിച്ചു. ‘‘അതിനെന്താ, നമുക്ക് വരാം സപേരാ’’ എന്നൊരു മറുപടിയങ്ങു കാച്ചി. പറഞ്ഞതിനുശേഷം മരുഭൂമിയിലെ അമാവാസി ദിനത്തെ അൽപം ഭയത്തോടെ സങ്കൽപിച്ചു. ഞാൻ സപേരയെ ചേർത്തുപിടിച്ചുകൊണ്ട് അവന്റെ നെറ്റിയിൽ ഉമ്മവെച്ചു. സപേരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നിലാവിലൂടെ ഒട്ടകം ഞങ്ങളെയുംകൊണ്ട് തിരികെ നടന്നു. മണലിൽ വരയൻ പാടുകൾ കണ്ടപ്പോൾ സപേര ഒട്ടകപ്പുറത്തു നിന്ന് താഴേക്ക് ഒരു ചെറു പറക്കൽ നടത്തി. ഒരു മരപ്പൊത്തിനകത്തേക്ക് കടത്തിയ കൈ പുറത്തേക്കെടുത്തപ്പോൾ സപേരയുടെ ൈകയിലിരുന്ന കൂറ്റൻ അണലി ആകാവുന്നിടത്തോളം തല മേൽപോട്ട് ഉയർത്തി. ആ ജീവിയുടെ കണ്ണുകൾ രത്നക്കല്ലുകളെന്നോണം തിളങ്ങി. അത്രയും ഭംഗിയുള്ളൊരു അണലിയെ ഞാൻ ആദ്യമായി കാണുകയായിരുന്നു. അണലികളെ എനിക്ക് അറപ്പായിരുന്നു. മൂർഖൻ പാമ്പുകളെ കാണാനായിരുന്നു എനിക്ക് കമ്പം. ഒട്ടകപ്പുറത്തിരുന്ന എനിക്ക് സപേര ഒരു മജീഷ്യനാണെന്ന് തോന്നി. ഒരു നിമിഷത്തെ നോട്ടത്തിനുശേഷം സപേര ആ ജീവിയുടെ പ്രായം പറഞ്ഞു.
‘‘ഇത്തവണ ഞാൻ ചെയ്തു നോക്കാം സപേര’’, ഞാൻ പറഞ്ഞു. സപേരയുടെ ൈകയിൽനിന്ന് ശ്രദ്ധയോടെ ആ പെൺ അണലിയെ എന്റെ ൈകയിലേക്ക് വാങ്ങി. സപേരയുടെ ഗുരുകുലത്തിൽനിന്ന് പഠിച്ചെടുത്ത സർപ്പമർമങ്ങളിൽ വിരലുകൾ യഥാസമയം എത്തി. പാമ്പിൻ വായോട് ചേർത്ത് ഞാൻ ഒരു കുപ്പിയമർത്തിവെച്ചു. തലയിലെ മർമത്തിൽ വിരലുകൾ അമർത്തിയപ്പോൾ അവൾ ആവുവോളം വിഷം കുപ്പിയിലേക്ക് പകർന്നു. ൈകയിൽനിന്ന് സ്വതന്ത്രമാക്കുന്നതിനുമുമ്പ് ഞാൻ ആ ജീവിയുടെ പിൻതലയിൽ ചുംബിച്ചു. ചിരിച്ചും കളിച്ചും ഞാനും സപേരയും കനിപാവ് നാച്ചി ക്ഷേത്രത്തിലെത്തി.
കനിപാവ് നാച്ചി, വിഷത്തിന്റെ സൂക്ഷിപ്പുകാരനായ കാൽ ബേലിയാ ദൈവം. ക്ഷേത്രമുറ്റത്തെ കല്ലറകളിലൊന്ന് സപേര ചെറുനേരത്തെ കനത്ത അധ്വാനംകൊണ്ട് തുറന്നു. കൈ പുറത്തേക്കെടുക്കുമ്പോൾ അതിൽ വയലറ്റ് നിറങ്ങളിൽ രണ്ട് ചെറുമണികൾ തിളങ്ങി. സപേര എന്നെ ബലമായി മലർത്തിക്കിടത്തി, രണ്ട് കണ്ണിലേക്കും ൈകയിലിരുന്ന വയലറ്റ് മണികൾ പൊടിച്ചിട്ടു. അൽപം കഴിഞ്ഞപ്പോൾ കൂടുതൽ തെളിച്ചത്തോടെ കണ്ണുകൾ തുറന്നു. ‘‘ഇതെന്താണ്’’, ഞാൻ ചോദിച്ചു.
‘‘വിഷം. വിഷത്തിൽനിന്ന് കാൽ ബേലിയകൾ ഉണ്ടാക്കിയെടുക്കുന്ന മരുന്ന് കൂട്ട്...’’ സപേര നൃത്തച്ചുവടുകളോടെ പറഞ്ഞു. ഞാൻ എന്റെ ഉടലാകെ തൊട്ടുനോക്കി. അതോടെ മരുഭൂമിയോടുള്ള ഭയം എനിക്ക് ഇല്ലാതായി. ഇടക്ക് സപേരയുടെ കൂട്ടില്ലാതെ പാതിരകളിൽ മരുഭൂമിയിലേക്കിറങ്ങി.
‘‘ഭയം പോയില്ലേ സപേരാ. ഇനി ഒറ്റക്കൊന്ന് മരുഭൂമി കണ്ട് ആനന്ദിക്കട്ടെ.’’
തെളിച്ചം കുറഞ്ഞൊരു ചിരി മാത്രമായിരുന്നു അവന്റെ മറുപടി. ഏതൊരു നാട് പോലെ അവിടെയും എനിക്ക് മടുത്തു തുടങ്ങിയിരുന്നു. ഞാൻ ആയിടെ കാണാതായ സപേര സ്വാതന്ത്ര്യം ആഘോഷിക്കുകയാവുമെന്ന് കരുതി. പോകുന്ന രാത്രി അവസാന വട്ടം മരുഭൂമിയിലൂടെ ഒരു പാതിരാകറക്കം നടത്തി. തിരിച്ചെത്തുമ്പോൾ എന്നെ കാത്തൊരു വെള്ള ജിപ്സി കാർ എത്തിയിരുന്നു. ബാഗും സാധനങ്ങളുമെല്ലാം വണ്ടിയിൽ വെച്ചതിനുശേഷം തോൾസഞ്ചിയുമായി ഞാൻ കനിപാവ് നാച്ചിയുടെ ക്ഷേത്രത്തിലേക്ക് നടന്നു. ക്ഷേത്രമുറ്റത്തേക്ക് കടക്കുമ്പോൾ നാലുപാടും നിരീക്ഷിച്ചു. കല്ലറ നീക്കി വയലറ്റ് മണികളായി കിടന്ന വിഷരൂപത്തിലേക്ക് നോക്കി. ആദ്യപിടി വാരുംമുമ്പേ സപേരയുടെ രൂപം എന്റെ മുന്നിൽ തെളിഞ്ഞു.
‘‘ഞങ്ങൾ വെളുത്ത തൊലികൾക്ക് വിചിത്രമായൊരു ദാഹമുണ്ട്, കറുത്ത മനുഷ്യരുടേതായതെന്തും ഞങ്ങളുടേതാക്കണം. അപഹരണത്തിലാണ് എന്റെയും കൂട്ടരുടെയും പ്രാണവായു. എക്കാലത്തും ഞങ്ങളുടെ ഖനികളാണ് കറുത്തമനുഷ്യർ.’’, ഞാൻ സപേരയുടെ മുന്നിൽ വെളിപ്പെട്ടുകൊണ്ട് പറഞ്ഞു.
വിശന്നുവലഞ്ഞ കരിനാഗത്തെ പോലെ അവൻ എനിക്ക് നേരെ ചീറ്റി, തുടർന്ന് എന്റെ കൈസഞ്ചി തട്ടി തെറിപ്പിച്ചു. ചിതറിവീണ സുതാര്യമായ ചെറു പ്ലാസ്റ്റിക് കുപ്പികളിൽ ഉഗ്രവിഷം തിളങ്ങി.
‘‘ജീവിക്കാൻവേണ്ടി മാത്രമുള്ള ഞങ്ങളുടെ തൊഴിലാണത്. ഞങ്ങളുടെ ദൈവം പറഞ്ഞതിൽ കൂടുതൽ ഞങ്ങളെടുത്തില്ല.’’ അത്രയും പറഞ്ഞു തീരും മുമ്പേ അവൻ എനിക്കുമേൽ പറന്നുവീണു. മൽപിടുത്തത്തിനിടയിൽ ഞാൻ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു.
ചോരയിൽ മാത്രം രതിമൂർച്ഛയറിഞ്ഞ കത്തികൊണ്ട് ഞാൻ സപേരയുടെ കഴുത്തിൽ വരഞ്ഞു.
‘‘സപേരാ, നിനക്കും നിന്റെ കൂട്ടത്തിനും അറിയാത്തൊരു വിഷക്കൂട്ട് നിങ്ങളിലുണ്ട്. വെളുത്ത മനുഷ്യരോടുള്ള സ്നേഹവും കൂറും.’’
അവസാന നിമിഷത്തിന് തൊട്ടു മുമ്പ് സപേരയുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി കാണാൻ നിൽക്കാതെ വെളുത്ത ജിപ്സി ലാക്കാക്കി നടന്നു. വണ്ടി നീങ്ങാൻതുടങ്ങിയപ്പോൾ മുഷിപ്പോടെ ഇരുവശവും പരന്നുകിടക്കുന്ന മരുഭൂമിയെ നോക്കിയിരുന്നു. ഗോവയിലേക്കുള്ള ട്രെയിനിൽ ഇരിക്കുമ്പോൾ ഫോണിലേക്ക് ഒരു പുത്തൻ സിം പിടിപ്പിച്ചു. ഞാൻ അപ്പോഴേക്കും മറ്റൊരു രൂപവും പേരുമായി മാറിയിരുന്നു.
ട്രെയിൻ ചലിക്കാൻ തുടങ്ങിയപ്പോൾ ഞാൻ സപേരയെയും എന്നെയും വെറുതെയൊന്ന് താരതമ്യം ചെയ്തു.
‘‘എന്താണ് എന്നിലെ അഭാവം?’’, ഞാൻ എന്നോടുതന്നെ ചോദിച്ചു. ‘‘വിഷം തീണ്ടാത്ത ആനന്ദം’’, ഉത്തരവും എന്നിൽനിന്നുതന്നെ പൊന്തിവന്നു. നിതാന്തമായ എന്റെ ജാഗ്രതയുടെ വെളിമ്പുറത്തേക്ക് ഞാൻ ആ ഉത്തരം വലിച്ചെറിഞ്ഞു.