ഇത് ആ പുസ്തകത്തിലെ കഥ അല്ല, ഇത് അദ്ദേഹത്തിന്റെ കഥയല്ല, ഇത് ആ പുസ്തകത്തിന്റെ കഥയാണ്
ഗൃഹാതുരത്വം ഒരു സഞ്ചാരിയെപ്പോലെ വന്നുകയറി ഇറങ്ങിപ്പോകും. ഇവിടെനിന്ന് ആലോചിക്കുമ്പോൾ നാട് ഒരു സ്വപ്നഭൂമിയാണ്. ഭിത്തിയിലെ മാറാലയും മരവിജാഗിരികളിലെ ചിതലും നഷ്ടപ്പെട്ട കാരണവന്മാരുടെ നിശ്വാസവുമായി നിൽക്കുന്ന ഒരു തടിപ്പുര. കൂരോട് പൊളിഞ്ഞ് നനഞ്ഞ് ഉത്തരം ദ്രവിച്ച് അത് നിൽക്കുന്നുണ്ടാവും തന്നെ കാത്ത്. പാമ്പിൻ ഉറകളും ക്ഷുദ്രജീവികളുടെ മൃതശരീരങ്ങളുമൊക്കെ കാണും സ്വീകരിക്കാൻ. നേരം വെളുക്കുന്നതേയുള്ളൂ. കുന്നിന്റെ മുകളിൽ നിൽക്കുന്ന വീടിന്റെ...
Your Subscription Supports Independent Journalism
View Plansഗൃഹാതുരത്വം ഒരു സഞ്ചാരിയെപ്പോലെ വന്നുകയറി ഇറങ്ങിപ്പോകും. ഇവിടെനിന്ന് ആലോചിക്കുമ്പോൾ നാട് ഒരു സ്വപ്നഭൂമിയാണ്. ഭിത്തിയിലെ മാറാലയും മരവിജാഗിരികളിലെ ചിതലും നഷ്ടപ്പെട്ട കാരണവന്മാരുടെ നിശ്വാസവുമായി നിൽക്കുന്ന ഒരു തടിപ്പുര. കൂരോട് പൊളിഞ്ഞ് നനഞ്ഞ് ഉത്തരം ദ്രവിച്ച് അത് നിൽക്കുന്നുണ്ടാവും തന്നെ കാത്ത്. പാമ്പിൻ ഉറകളും ക്ഷുദ്രജീവികളുടെ മൃതശരീരങ്ങളുമൊക്കെ കാണും സ്വീകരിക്കാൻ.
നേരം വെളുക്കുന്നതേയുള്ളൂ. കുന്നിന്റെ മുകളിൽ നിൽക്കുന്ന വീടിന്റെ രണ്ടാം നിലയിൽനിന്ന് നോക്കിയാൽ കടലിന്റെ പരപ്പു കാണാം. ടോർക്കിയിലെ കടൽ ശാന്തമാണ്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ ഇംഗ്ലണ്ടിലെ ഈ കൊച്ചു പട്ടണത്തിലേക്ക് കുടിയേറിയിട്ട് മുപ്പതു വർഷത്തോളമാകുന്നു. രണ്ടരപ്പതിറ്റാണ്ടിലേറെ ഒരുമിച്ചു ജീവിച്ച ജീവിതസഖിയെ അടക്കംചെയ്ത മണ്ണാണിത്. നാട്ടിൽ ചെന്നുനിൽക്കുമ്പോൾ ഇങ്ങോട്ടു പോരണമെന്ന ഒരു ഉൾവിളി വരും. മൂന്നു പതിറ്റാണ്ടോളം ജീവിതം ജീവിച്ചുതീർത്ത ഒരിടത്തിന്റെ ഓർമകളിൽനിന്ന് ഉടലെടുക്കുന്നത്, അതും ഗൃഹാതുരത്വമാണ്. കുറച്ചുദിവസത്തേക്ക് നാട്ടിലേക്കു പോകാൻ ഏതായാലും തീരുമാനിച്ചിരിക്കുന്നു.
പെട്ടികളുമായി എയർപോർട്ടിൽ ചെന്നു. ലണ്ടനിലെത്തി. നാട്ടിലേക്ക് പറക്കും മുമ്പ് മക്കളെ വിളിച്ചുപറഞ്ഞു. നാട്ടിലേക്കു പോവ്വാ.
ആരെക്കാണാൻ എന്നവർ ഓർക്കുന്നുണ്ടാവും. ആ ചോദ്യം ചോദിച്ചാൽ ഉത്തരം തനിക്കും അറിയില്ല എന്നതുകൊണ്ടാവണം ആ ചോദ്യം അവർ ചോദിക്കാറില്ല. ലണ്ടനിൽനിന്ന് ൈഫ്ലറ്റിൽ കയറുമ്പോൾ ഡബ്ല്യൂ.എച്ച്. സ്മിത്തിൽനിന്നും വാങ്ങിയ മൂന്നു പുസ്തകങ്ങളും കൈയിലെടുത്തു. വ്യത്യസ്ത പേരുകളുള്ള പുസ്തകങ്ങളിൽനിന്ന് ആകാശത്തിലൂടെ ഭൂഖണ്ഡങ്ങളിൽനിന്ന് ‘ഭൂഖണ്ഡങ്ങളിലേക്ക് ഒരു യാത്ര’ എന്ന പുസ്തകം വായിക്കാനെടുത്തു. ഒരു ബ്രിട്ടീഷുകാരനായ എഴുത്തുകാരനാണ് െഫ്രഡറിക് എറിക്സൺ. ആ പേര് മുമ്പേറെ കേട്ടിട്ടില്ല. കഥ ഇന്ത്യൻ പശ്ചാത്തലത്തിലെന്ന് ബ്ലർബിൽനിന്നു കണ്ടു. തുടക്കം തന്നെ വിസ്മയിപ്പിക്കുന്നു.
പുസ്തകത്തിലെ കഥയിങ്ങനെ: കേരളത്തിലെ കടുത്ത ഭക്ഷ്യക്ഷാമകാലം വിശന്നും പാതി വിശപ്പടക്കിയുമാണ് ഗർഭിണികളും കുട്ടികളും വരെ കിടന്നുറങ്ങുന്നത്. അത് എല്ലാവർക്കും ശീലമായിരിക്കുന്നു. വിനയൻ പ്രീയൂനിവേഴ്സിറ്റിയുടെ റിസൽട്ടിനായി കാത്തിരിക്കുകയാണ്. അതു വന്നപ്പോൾ സന്തോഷിക്കാൻ വകയുണ്ട്. ഫസ്റ്റ് ക്ലാസിലാണ് വിജയം. എങ്കിലും ആഘോഷങ്ങളൊന്നുമില്ല. വയറു നിറക്കാൻ കഴിയാത്തിടത്ത് എന്താഘോഷം.
അടുത്ത ദിവസം സങ്കടത്തോടെ വിനയൻ കൂട്ടുകാരനായ തോമസ് സഖറിയായോടു പറഞ്ഞു. ഇനിയും പഠിക്കണോന്നൊക്കെയൊണ്ട്. അതിനു കാശുവേണ്ടേ. പട്ടിണി മാറ്റാൻ പറ്റുന്നില്ല. പിന്നെയാ പഠിക്കാൻ കാശ്. തോമസ് സഖറിയായുടെ വീട്ടിലും ദാരിദ്യ്രംതന്നെയാണ്. തോമസ് പറഞ്ഞു. ഒരു പരസ്യമുണ്ട്. പട്ടാളത്തിലേക്ക് ആളെ വിളിക്കുന്ന പരസ്യം. നമുക്കൊന്നു നോക്കിയാലോ. ഇരുവർക്കും ആവേശമായി. എഴുതിയ അപേക്ഷകളുമായി എറണാകുളത്തേക്കു പുറപ്പെട്ടു. പിന്നീട് ഒരു ചെറിയ എഴുത്തുപരീക്ഷ വന്നു. ഫലം വരുമ്പോൾ വിനയൻ വിജയിച്ചു. തോമസ് നിരാശയോടെ വീട്ടിലേക്കു മടങ്ങി. അതു കണ്ടുനിന്ന ദുഃഖത്തോടെയാണ് വിനയൻ ഇന്റർവ്യൂവിനു കയറിയത്. വിനയനു സെലക്ഷനായി എന്നു കേട്ടപ്പോൾ തോമസ് അക്ഷരാർഥത്തിൽ വിതുമ്പിക്കരഞ്ഞു. ഒന്നും പറയാനില്ലാതെ വിനയൻ തോമസിനെ ചേർത്തുപിടിച്ച് ഒരുപാടു നേരം ഇരുന്നു. അവസാനം എവിടുന്നോ പറയേണ്ട ഒരു വാക്യം കണ്ടുപിടിച്ചു. ഇതിലും നല്ല അവസരം വരാനാടാ.
ഡറാഡൂണിലെ മിലിട്ടറി സ്കൂളിലേക്കു പോകാനും വിനയനു പണം കൊടുത്തത് തോമസാണ്. വിനയൻ നടക്കുമ്പോൾ തോമസ് സങ്കടപ്പെട്ടു നോക്കിനിന്നു. അന്നു വിനയനാണു കൂടുതൽ സങ്കടം കാട്ടിയത്. ആ ബാച്ചിൽ പല സംസ്ഥാനങ്ങളിൽനിന്നായി ഡറാഡൂണിൽ നൂറ്റി ഇരുപതു പേരുണ്ട്. െട്രയിനിങ്ങിനിടെ തൊട്ടടുത്ത കിടക്കയിൽ കിടന്നത് സൗമ്യനായ ഒരു സിഖുകാരനാണ്. സുർജിത് എന്ന ആ സിഖുകാരനോടു ഹിന്ദി പറഞ്ഞ് നടന്നാണ് അതു വശത്താക്കിയത്. സംശയം വരുന്നിടത്തൊക്കെ സുർജിത് ഇംഗ്ലീഷ് പരിഭാഷ കൊടുക്കും. അങ്ങനെ െട്രയിനിങ് കഴിയുമ്പോഴേക്കും ആത്മസുഹൃത്തുക്കളായി.
പോസ്റ്റിങ്ങിന് ലിസ്റ്റ് വരുമ്പോൾ എല്ലാവരും ചിതറിപ്പോകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. സുർജിത്തും വിനയനും ഒരുമിച്ചായിരിക്കണമേ എന്നു പ്രാർഥിച്ചു. ലിസ്റ്റ് പുറത്തുവരുമ്പോൾ ഇരുവരും കെട്ടിപ്പിടിച്ചു. അവരൊരുമിച്ചു പത്താൻകോട്ടിലേക്കു പോകണം. പരേഡും കായികാധ്വാനങ്ങളും ഒക്കെ കഴിഞ്ഞ് സന്ധ്യക്ക് സുർജിത് പഞ്ചാബി പാട്ടുകൾ പാടും. അതിന്റെ അർഥം പറഞ്ഞുകൊടുക്കും. ആദ്യ ശമ്പളം വീട്ടിലേക്കയച്ചിട്ട് സുർജിത് പറഞ്ഞു. അച്ഛൻ ഒരുപാടു ജോലിചെയ്തു വളർത്തിയതാ. ഇപ്പം വയ്യ. പിന്നെ അമ്മയും ജോലിക്കു പോയി. ഇനി അവർ കുറച്ചു വിശ്രമിക്കട്ടെ. വിനയൻ പറഞ്ഞു. അവിടെ വിശ്രമമല്ലേ. എന്റെ വീട്ടിൽ കുറെനാൾ കൂടി എല്ലാവരും വയറുനിറയെ ഭക്ഷണം കഴിക്കും.
പ്രതീക്ഷിക്കാതെ യുദ്ധം പുറപ്പെട്ടു. ചൈന ഇന്ത്യൻ പട്ടാളക്കാരെ തുരത്തി ഓടിക്കയാണ്. എല്ലാവരെയും ബോർഡറിലേക്കു വിട്ടു. യാത്ര പറയുമ്പോൾ ആരും ഇനി പരസ്പരം കാണാം എന്നു പറഞ്ഞില്ല. ഒരു അത്ഭുതം പോലെ വീണ്ടും സുർജിത്തും വിനയനും ഒരുമിച്ചായി.
യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. മരണാക്രാന്തങ്ങളുടെ യുദ്ധം. ഇന്ത്യൻ പട്ടാളം കുരുതിക്കളത്തിലെ ജീവികളെപ്പോലെ മരിച്ചുവീണു. മരണം ഉറപ്പാണ് എന്ന ഘട്ടത്തിലാണ് ഇനി അതാണു വിധി എന്നു പറഞ്ഞുകൊണ്ട് ഒരു രാത്രി അതിർത്തിയിൽ തോക്കുകളുമായി ഇരുവരും പുറം ചാരിയിരുന്നത്. ഇടക്ക് ഉറങ്ങും. ഇടക്ക് ഉണരും. സുർജിത് പറഞ്ഞു. മൻപ്രീത്, ഞാൻ ചെറുപ്പം മുതലേ കല്യാണം കഴിക്കാൻ കാത്തിരിക്കുന്ന പെണ്ണാ. അവൾ എന്നെ കാത്തിരിക്കയായിരിക്കും. ഇനി അതിനൊക്കെ യോഗമുണ്ടാകുമോ ആവോ. വിനയൻ തറപ്പിച്ചൊന്നും പറഞ്ഞില്ല. ഒക്കെ സാധിക്കുമെന്നേ എന്നൊരു വാക്കിൽ നിർത്തി. രാത്രി ഇരുണ്ടു വെളുത്തു. സുർജിത്തിനോട് എന്തോ ഒക്കെ പറഞ്ഞാണ് വിനയൻ എഴുന്നേറ്റത്. സുർജിത് തണുത്തു മരവിച്ച് ഉറഞ്ഞിരിക്കുകയാണ്. ഉറക്കത്തിനിടെ എവിടെയോ ഒരു ഷെല്ലിന്റെ കഷണം. കറുത്ത പെട്ടികളിൽ മൃതശരീരങ്ങൾ പൊതിഞ്ഞു കെട്ടുന്നതു ശീലമായിത്തുടങ്ങിയിരുന്നു. പക്ഷേ, സുർജിത്തിന്റെ മരണം. അതൊന്നു നടുക്കി.
യുദ്ധം അവസാനിച്ചു. പരാജയപ്പെട്ടു തോറ്റമ്പി അവസാനിച്ചു.
നാട്ടിലേക്കു മടങ്ങിയത് വികാരഭരിതനായാണ്. വീട്ടിലും തോമസിനോടും കഥകൾ പറഞ്ഞു. ഒരു ദീർഘനിശ്വാസത്തോടെ തോമസ് പറഞ്ഞു. ഞാനുണ്ടായിരുന്നെങ്കിൽ ആദ്യം പെട്ടിയിൽ കയറുന്നത് ഞാനായിരുന്നേനെ. ഇപ്പം ഒരു വർക്ക് ഷോപ്പിലൊരു ചെറിയ പണിയുണ്ട്. ജീവിച്ചുപോകുന്നു.
മടക്കയാത്ര മൊഹാലി വഴി എന്നു നേരത്തേ തീരുമാനിച്ചിരുന്നു. സുർജിത്തിന്റെ വീട്ടിൽ. അച്ഛനും അമ്മയും കെട്ടിപ്പിടിച്ചു കരഞ്ഞു. നല്ലവനായിരുന്നില്ലേ അവൻ. പിന്നെന്തേ ഇങ്ങനെ എന്നതായിരുന്നു അമ്മയുടെ ചോദ്യം. പട്ടാളക്കാരന്റെ അമ്മ കരയാൻ പാടില്ല എന്ന് അച്ഛൻ പറഞ്ഞു. അമ്മ വേഗം കരച്ചിൽ നിർത്തി. ഇന്ത്യയുടെ ആ ഭാഗത്ത് അതൊരു വികാരമാണ്. അവർ സങ്കടം അഭിമാനമാക്കി മാറ്റും. നീ ഇനി ഒരു മകനായി എന്നും വരണം. ഓരോ അവധിക്കും. ഇടക്കെഴുതണം. തലേക്കെട്ടുകാരൻ അച്ഛൻ ദൃഢമായ ശബ്ദത്തിൽ കൽപിച്ചു. മകനോടെന്നപോലെ. മൻപ്രീതിനെക്കുറിച്ചു ചോദിച്ചപ്പോൾ അവളെ കാണണോ എന്നതായിരുന്നു മറുചോദ്യം. ആ അച്ഛൻതന്നെ അവളെ കാണാൻ കൂട്ടിക്കൊണ്ടു പോകും വഴി പറഞ്ഞു.
നല്ല കുട്ടിയാ മോനെ. ഇനി അവളെ എന്തുചെയ്യും എന്നതാ. വിനയനെ കാണാൻ അവൾ കൂട്ടാക്കിയില്ല. മുഖം മറച്ചു ഒന്നു പ്രത്യക്ഷപ്പെട്ടിട്ട് അവൾ പറഞ്ഞു. ഇതൊന്നും മാറ്റാൻ കഴിയില്ല. പിന്നീട് ആ അച്ഛൻ വളരെ പണിപ്പെട്ട് ആ മുഖമൊന്നു കാട്ടി. ഏറെ നാളത്തെ ആലോചനക്കുശേഷം ഒരു കത്തെഴുതി ആ അച്ഛനയച്ചു. മതവും മാമൂലുകളും വിശ്വാസവുമൊന്നും തടസ്സമല്ലെങ്കിൽ അച്ഛന്റെ സ്ഥാനത്തുനിന്നു നടത്തിത്തരാമെങ്കിൽ അവളെ സ്വീകരിക്കാം. ആ വികാരത്തിന്റെ മുന്നിൽ ഒരു സമുദായവും അവരുടെ മാമൂലുകളും മാറിനിന്നു. വിവാഹം നടന്നു. ഒരു പുത്രൻ ജനിച്ചു. സ്വപ്നങ്ങൾക്കുമപ്പുറം എന്നു തോന്നിയ ആ രാത്രി. നല്ല മഞ്ഞും തണുപ്പും ശീതക്കാറ്റുമുണ്ട്. ആ കാറ്റിന്റെ മുരളലിനിടെ അവളെ ചേർത്തുപിടിച്ച് അയാൾ ചോദിച്ചു. ആഗ്രഹിച്ച ആളെ പങ്കാളിയായി നിനക്കു കിട്ടിയില്ല. അത് തടസ്സപ്പെടുത്തിയത് ദൈവമാണ്. അതിന്റെ നിരാശ കാണും. സ്വാഭാവികം. ഞാൻ നിനക്ക് എനിക്ക് തരാൻ പറ്റുന്നതൊക്കെ തരുന്നുണ്ട്... നീ സന്തോഷവതിയാണോ ഇന്ന്? അവൾ ഒന്നും മിണ്ടാതെ കുറെനേരം കിടന്നു. പിന്നെ പറഞ്ഞു, സുർജിത്തും ഞാനും ചെറുപ്പം മുതലേ കൂട്ടുകാരാണ്. ജീവിതം പങ്കുവെക്കണം എന്നത് ഒരിക്കലും സംസാരിച്ചിട്ടില്ല. പക്ഷേ, അത് അങ്ങനെ ആയിരിക്കുമെന്ന് പറയാതെതന്നെ ഞങ്ങൾക്കറിയാമായിരുന്നു. അതിനെ സംബന്ധിച്ചൊക്കെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. ഇന്ന് സന്തോഷമാണോ എന്ന് ചോദിച്ചാൽ സന്തോഷമാണ്. ഒരു നഷ്ടബോധത്തോടെയുള്ള സന്തോഷം. ഒരു മൗനത്തിനുശേഷം അവൾ പറഞ്ഞു. ഒരു കാര്യം കൂടി ചോദിക്കാമായിരുന്നു അങ്ങേക്ക്. സ്നേഹമാണോന്ന്. അതിന്റെ ഉത്തരമായിരിക്കും അങ്ങേക്ക് കൂടുതൽ ഇഷ്ടപ്പെടുക. ഞാൻ അതിനങ്ങ് ഉത്തരം പറയുകയാ. വളരെ വളരെ സ്നേഹമാണ്. മറ്റൊരാളുടെ പെണ്ണിന് അറിഞ്ഞുകൊണ്ട് ജീവിതം നൽകിയ നല്ല മനസ്സുള്ള ആളല്ലേ. എന്തൊരു മനസ്സാണത്. ഇങ്ങനെ ഒരാളുടെ കൂടെ ജീവിക്കുന്നതും ഒരു ഭാഗ്യമാണ്. അയാൾ അവളെ കൂടുതൽ ചേർത്തുപിടിച്ചു. അവൾ വീണ്ടും പറഞ്ഞു. ഇന്നങ്ങയുടെ പെണ്ണ്. അങ്ങയുടെ മാത്രം എന്നും. ഞാൻ ഒരു പാട്ടുകാരിയാണ് എന്നത് സുർജിത് പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അയാൾ പറഞ്ഞു, അതുമാത്രം എന്നോട് പറഞ്ഞിട്ടില്ലല്ലോ. സ്റ്റേജുകളിൽ പാടിയിട്ടുണ്ടെങ്കിലും ഞാൻ അദ്ദേഹത്തിന്റെ മാത്രം പാട്ടുകാരിയാണ്... ആയിരുന്നു. സുർജിത്ത് വരുമ്പോഴാണ് ഞാൻ പാട്ട് പാടുന്നത്. ‘‘മടങ്ങിവന്നു എൻ പ്രിയൻ എന്നിൽ സ്വപ്നങ്ങൾ നിറയ്ക്കാൻ...’’ എന്നൊരു പാട്ടുണ്ട് പഞ്ചാബിയിൽ. ആ പാട്ട് പാടിക്കും എന്നെക്കൊണ്ട്. വരുമ്പോഴൊക്കെ അത് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയും. ആ പാട്ട് എനിക്കിനി പാടാൻ വയ്യ. ‘‘വന്നു ഒരു പ്രിയൻ എന്നെ കൈയേൽക്കാൻ....’’ എന്ന മറ്റൊരു പാട്ടുണ്ട്. അത് അങ്ങേക്കായി പാടാൻ ഞാൻ കാത്തിരിക്കുകയാണ്. പക്ഷേ, പാട്ടൊക്കെ ഏതാണ്ട് നഷ്ടപ്പെട്ടു പോയതുപോലെയാണ്. എങ്കിലും, ഞാൻ പാടും. അങ്ങയുടെ ജന്മദിനത്തിന്. അടുത്ത മാസം. അയാൾ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് പറഞ്ഞു. എനിക്ക് ജന്മദിനമൊന്നുമില്ല. ഈ റെക്കോഡിൽ കാണുന്നതൊക്കെ വെറുതെയുള്ള ഒരു ജന്മദിനമാണ്. കേരളത്തിൽ ഞങ്ങൾക്ക് ജന്മനാളാണ്. അത് കൊണ്ടുതന്നെ എല്ലാ വർഷവും ആ തീയതി മാറിപ്പോകും. അങ്ങനെ നോക്കിയാൽ അടുത്ത പതിനേഴാം തീയതി. അന്നാണ് നീ പാടേണ്ടത്. അയാൾ മകനെയെടുത്ത് നെഞ്ചിൽ കിടത്തി. എന്നിട്ട് പറഞ്ഞു. ഇവനും നീയും ഇനി നിന്റെ പാട്ടും. ജീവിതം പൂർത്തിയായതുപോലെ തോന്നുന്നു. അന്നതൊക്കെ പറഞ്ഞുറങ്ങിയ സ്വർഗതുല്യമായ രാത്രി തീവ്രവാദികളുടെ അരങ്ങേറ്റം. അടുത്ത രാത്രി മടങ്ങിവരുമ്പോൾ മകന്റെ കൈപ്പത്തി മുറ്റത്തു കിടന്നു പിടയുന്നു. ജവാന്മാരുടെ കുടുംബങ്ങളെയൊക്കെ തീവ്രവാദികൾ വധിച്ചു കഴിഞ്ഞിരിക്കുന്നു. പൂർണമായും മരണത്തിലേക്ക് വീഴുന്നതിനു മുമ്പ് ഭാര്യ വിനയനോട് എന്തോ പറഞ്ഞു. അതോ അത് കുട്ടിയെക്കുറിച്ചുള്ള ചോദ്യമായിരുന്നോ ആവോ. എല്ലാം അവസാനിച്ചത് ഒരു രാത്രികൊണ്ടാണ്. സ്വപ്നങ്ങൾ നിറയുന്ന ജീവിതം അവിടെവെച്ച് തീർന്നു.
ഏറെ താമസിയാതെ വിനയൻ വിരമിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങി. ഏകനായി. അങ്ങനെ മലഞ്ചെരിവിലെ ആ വീട്ടിൽ എത്തി. അച്ഛനമ്മമാരുടെ വിയോഗത്തോടെ ഒറ്റപ്പെടൽ പരിപൂർണമായി. ശേഷം ഏകനായി കഴിയുന്നു.
കഥ വായിച്ചു മുന്നോട്ട് പോകുന്തോറും ആ പുസ്തകവും അതിലെ നായകനും ഒരു മഹാവിസ്മയമായി മാറി. വർണനകൾ വായിക്കുമ്പോൾ കഥ തന്റെ ജന്മദേശത്തെക്കുറിച്ചാണ് എന്ന് തോന്നും. വീണ്ടും വായിച്ചു മുന്നേറുമ്പോൾ തന്റെ വീടും പരിസരവും കുട്ടിയായ താനും തന്റെ അച്ഛന്റെ സഹോദരപുത്രിയായ എലിസബത്തും അതിൽ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഒരു ഇംഗ്ലീഷുകാരനെഴുതിയ ഇംഗ്ലീഷ് നോവലിൽ മീനച്ചിൽ താലൂക്കിലെ കടനാടും എലിവാലിയും വടയാറ്റുപറമ്പും അവിടത്തെ പാറകളും അതിനു ചുറ്റുമുള്ള വള്ളിക്കുടിലുകളും കുട്ടിയായ താനും തന്നെക്കാൾ മൂന്നു വയസ്സ് ഇളയവളായ എലിസബത്തും ഇതിൽ എങ്ങനെ കഥാപാത്രങ്ങളായി എന്ന വിസ്മയത്തിലായി. ഒരു ഇംഗ്ലീഷുകാരന് ഒരു കാരണവശാലും നൽകാൻ പറ്റാത്ത സൂക്ഷ്മമായ വിശദാംശങ്ങൾ അടങ്ങുന്ന വിവരണം. ഇതൊക്കെ എങ്ങനെ പുസ്തകത്തിൽ കടന്നുകൂടി എന്ന ആലോചനയോടെ പുസ്തകം മടക്കി മടിയിൽ െവച്ചു.
തന്റെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബം ഇടക്കിടെ മാത്രം സന്ദർശിക്കുന്ന ഗൃഹമായിരുന്നു തറവാടു വീട്. അവിടെ അടുത്താണ് പേരപ്പനും പേരമ്മയും പേരപ്പന്റെ മക്കളും താമസിച്ചിരുന്നത്. ഇടക്ക് അവധിക്കാലത്ത് തറവാട്ടിൽ വരുന്ന താൻ എലിസബത്ത് എന്ന ഏതാണ്ട് സമപ്രായക്കാരിയായ അപ്പന്റെ സഹോദരപുത്രിയുമായി റബർത്തോട്ടത്തിലൂടെ നടക്കും. തനിക്ക് എട്ടു വയസ്സും അവൾക്ക് അഞ്ചു വയസ്സുമുണ്ടാവണം അക്കാലത്ത്. തൊട്ടാവാടിയും തുമ്പയും മുക്കുറ്റിയും കദളിയുമൊക്കെ ഇടതിങ്ങി നിൽക്കുന്ന കുറ്റിക്കാടിനിടയിലൂടെ പാറകൾ കടന്ന് വടയാറ്റുപറമ്പിന്റെ വടക്കേ മൂലക്കു ചെന്ന് താഴോട്ടു നോക്കിയാൽ കാണുന്നത് ഇരമ്പിയൊഴുകുന്ന ഒരു കൊച്ചു തോടും അതിന്റെ കരയിൽ കാണുന്ന ഒരു പഴയ പുരയുമാണ്. ആ പുര വരെ നടക്കാം എന്നു പറഞ്ഞാൽ എലിസബത്തു പറയും, കൊച്ചു പോ. എനിക്ക് പേടിയാ. മലയുടെ മുകളിൽ അവളെ നിർത്തിയിട്ട് താൻ നടന്ന് ആ വീടിന്റെ പരിസരത്തു ചെല്ലും. അവിടെ പലപ്പോഴും ആളനക്കം ഉണ്ടാകാറില്ല. ഒരു പച്ച ബുള്ളറ്റു ബൈക്ക് ഇളംതിണ്ണയോടു ചേർന്നുള്ള ചാർത്തിലുണ്ടെങ്കിൽ കതകുകൾ തുറന്നു കിടക്കും. അങ്ങനെ തുറന്ന വാതിലിലൂടെ നിശ്ചലനായി ഇരുന്ന് വായിക്കുകയോ എഴുതുകയോ ചെയ്യുന്ന ഒരു മനുഷ്യനെ കാണാം. പട്ടാളത്തിലായിരുന്ന പിള്ളച്ചേട്ടൻ എന്നല്ലാതെ അദ്ദേഹത്തെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. അദ്ദേഹത്തെക്കുറിച്ചറിയാവുന്ന ആരോടും താൻ ആ പ്രായത്തിൽ സംസാരിച്ചിട്ടുമില്ല. പിന്നീട് അങ്ങനെ നാട്ടിലെ തറവാട്ടുവീട്ടിൽ വരുമ്പോഴൊക്കെ മാമ്പഴം പെറുക്കലും ആനിക്കാവിള പറിക്കലും കമ്പിളിനാരങ്ങകൊണ്ട് കാൽപ്പന്തു കളിക്കലുംപോലെ പിള്ളച്ചേട്ടന്റെ വീടിന്റെ പരിസരം സന്ദർശിക്കലും ഒരു ശീലമായി. തന്നെക്കാണുമ്പോൾ പിള്ളച്ചേട്ടൻ ഒരു ചെറു പുഞ്ചിരിയോടെ ചോദിക്കും. എന്താ രണ്ടു പേരും ഉണ്ടോ? താൻ ഉത്തരം പറയും. ഉവ്വ്. അങ്ങനെ ആളനക്കമില്ലാത്ത ആ പ്രദേശത്തെ ഭീകരമായ ഏകാന്തത വീണുറങ്ങുന്ന ആ വീട്ടിലെ ഇടക്കിടെയുള്ള സന്ദർശകരായി കുട്ടികളായിരുന്ന തങ്ങൾ.
പിന്നീടൊരിക്കൽ തറവാട്ടിൽ വരുമ്പോൾ താൻ ഏകനായി ആ വീടിന്റെ പരിസരത്തേക്കു പോയി. പത്തുപന്ത്രണ്ടു വയസ്സു കഴിഞ്ഞിട്ടുണ്ടാവണം അന്ന്. ആളനക്കമോ മനുഷ്യജീവിതത്തിന്റെ ലക്ഷണങ്ങളോ അന്നവിടെ കണ്ടില്ല. ആ പച്ച ബുള്ളറ്റ് ഓടിക്കൊണ്ടിരുന്ന വഴിയിൽ വള്ളികൾ പടർന്നു കയറിയിരിക്കുന്നു. ആ ബുള്ളറ്റ് ബൈക്ക് അവിടെയുണ്ടോ എന്ന് നോക്കി മുറ്റത്തെത്തി. അതും കണ്ടില്ല. പുരപ്പുറത്തേക്കും ഇളംതിണ്ണയിലേക്കും കാട്ടുവള്ളികൾ പടർന്നിരിക്കുന്നു. എലിമാളങ്ങൾ ധാരാളമുണ്ട് മുറ്റത്ത്. പിള്ളച്ചേട്ടന്റെ വായനാമുറിയിലെ ജനൽപാളി വിജാഗിരി പോയി തൂങ്ങിക്കിടക്കുന്നു. ആ ജനലിന്റെ മര അഴികളിൽ രണ്ടോ മൂന്നോ എഴുത്തുകൾ ആരോ തിരുകിെവച്ചിരിക്കുന്നു. മടങ്ങിവന്ന് പിള്ളച്ചേട്ടന് എന്തു സംഭവിച്ചു എന്ന് തറവാട്ടു വീട്ടിലെ പണിക്കാരോട് അന്വേഷിക്കുമ്പോൾ അദ്ദേഹം മോട്ടോർ സൈക്കിൾ അപകടത്തിൽ മരണപ്പെട്ടു എന്നറിഞ്ഞു. വല്ലാത്ത ഒരു ഭീതി തോന്നി. അപമൃത്യു നടന്ന ആ വീട് മറ്റുള്ളവരെപ്പോലെ താനും പിന്നെ സന്ദർശിക്കാതെയായി.
കുറച്ചു കാലത്തിനു ശേഷമാണ് ആ വീടൊന്നു സന്ദർശിക്കണമെന്ന് പിന്നീട് തോന്നിയത്. അവിടെ കാലം നിശ്ചലമായിത്തന്നെ നിൽക്കുന്നു. അതിന്റെ ഉടമസ്ഥനെപ്പോലെ ആ വീടും മരിച്ച് ഭൂമിയിലേക്ക് പൊടിയായി മടങ്ങുന്നു. കാടും മുൾപ്പടർപ്പും കാട്ടുവള്ളികളും ആർത്തുവളരുന്നു. ചീവീടുകളും കാട്ടുവിട്ടിലുകളും കരഞ്ഞ് തിമിർക്കുന്നു. ആ കാലത്ത് തനിക്കും വായനയോടും എഴുത്തിനോടും ഭ്രമമായിത്തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ പിള്ളച്ചേട്ടൻ എന്തായിരുന്നോ വായിക്കുകയും എഴുതുകയും ചെയ്തിരുന്നത് എന്നോർത്ത് ആ ജനലിന്റെ അരികിൽ നിന്നു. ജനലഴികളിൽ തിരുകിെവച്ചിരിക്കുന്ന ആ എഴുത്തുകൾ ഏറെ നാളുകൾക്കു ശേഷവും അവിടെയിരിക്കുന്നു, കാലമേൽപ്പിച്ച പരിക്കുകളോടെ. ഉണങ്ങി പാതിദ്രവിച്ച് ചിതലരിച്ച്. അതിൽ ഒരു എഴുത്തെടുത്ത് നോക്കി. നീണ്ട കവറിലാണ്. കവറിന്റെ പുറത്ത് സെന്റ് മാർട്ടിൻ പബ്ലിക്കേഷൻസ്, ലണ്ടൻ എന്ന് എഴുതിയിരിക്കുന്നു. കാലപ്പഴക്കംകൊണ്ട് കവർ പൊട്ടിയിട്ടുണ്ട്. തുറന്നു നോക്കി. ഒരു പ്രിന്റഡ് എഴുത്താണ്. താങ്കളുടെ കൈയെഴുത്ത് പ്രതി –സൃഷ്ടി വായിച്ചു. വളരെ നന്നായിരിക്കുന്നു എന്നാണ് എഡിറ്റോറിയൽ ബോർഡിന്റെ വിലയിരുത്തൽ. പ്രസിദ്ധീകരണയോഗ്യമെന്ന് എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത അറിയിക്കുന്നു. ശേഷം വിവരങ്ങൾ എഴുത്തിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. വിമാനത്തിലിരുന്ന് ഇത്രയും കാര്യങ്ങൾ വീണ്ടും ഓർമയിൽ തെളിയുമ്പോൾ എന്തൊക്കെയോ തമ്മിൽ കൂട്ടി യോജിപ്പിക്കുന്നതുപോലെ തോന്നി. ആ പുസ്തകത്തിലേക്കു നോക്കി. സെന്റ് മാർട്ടിൻ പബ്ലിക്കേഷൻസാണോ അത് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നായിരുന്നു നോട്ടം. അതല്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. അന്ന് താൻ വായിച്ച് അവിടെ ഉപേക്ഷിച്ചുപോന്ന ആ കത്ത് പിള്ളച്ചേട്ടൻ എഴുതിയ ഈ നോവലിനെക്കുറിച്ചു തന്നെയാണ്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം കഴിഞ്ഞ് അനാഥമായ ആ നോവലിന്റെ കൈയെഴുത്തുപ്രതിയോ ടൈപ്പു ചെയ്ത കോപ്പിയോ ആരുടെയൊക്കെയോ കൈ മറിഞ്ഞ് ഏതോ ഒരു എഴുത്തുകാരന്റെ കൈയിൽ കിട്ടുകയും അതിൽ ഇന്ത്യയിലെ ഭാഗങ്ങൾ കഴിഞ്ഞ് വീണ്ടും എഴുതി യൂറോപ്പിലേക്ക് വികസിപ്പിക്കുകയും ചെയ്തതാണ് നോവൽ. പിള്ളച്ചേട്ടന്റെ വീട്ടിൽ കട കട എന്ന് ഒരു ടൈപ്പ് റൈറ്റർ ഇടയ്ക്കിടെ ശബ്ദിച്ചത് ഓർമയിൽ തെളിയുന്നു.
പിള്ളച്ചേട്ടൻ എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്, എന്താണ് ടൈപ്പു ചെയ്യുന്നത് എന്ന തന്റെ ബാല്യത്തിലെ ആ കൗതുകമുണർത്തുന്ന സംശയത്തിന് ഉത്തരമായി ഒരു ഇംഗ്ലീഷ് പുസ്തകം മടിയിൽ മടങ്ങിയിരിക്കുന്നു. നാഥനെ നഷ്ടപ്പെട്ട ആ പുസ്തകത്തിലേക്ക് ഒന്നുകൂടി നോക്കി. കഴിഞ്ഞ രണ്ടു വർഷത്തെ ബെസ്റ്റ് സെല്ലേഴ്സിൽപെടുന്നു അത്. എത്ര വിചിത്രമായ കഥ.പുസ്തകത്തിന്റെ കഥ തന്നെ ഏറെ വിചിത്രം. അതിലുള്ള പിള്ളച്ചേട്ടന്റെ കഥ അതിലും വിചിത്രം. ജീവിച്ചിരുന്നെങ്കിൽ പിള്ളച്ചേട്ടന്റെ പുസ്തകമായി അത് പുറത്തിറങ്ങിയിരുന്നെങ്കിൽ എത്ര പ്രശസ്തനാകുമായിരുന്നു ആ മനുഷ്യൻ. ഭാര്യയെയും കുട്ടിയെയും നഷ്ടപ്പെട്ട അദ്ദേഹത്തിന് ഒരായുസ്സിലെ കഠിനാധ്വാനത്തിന്റെ ഫലവും നഷ്ടപ്പെട്ടു പോയിരിക്കുന്നു. നിരർഥകമായ ജീവിതത്തിൽ അതുകൂടി ലഭിച്ചാലെന്ത് എന്ന് വേണമെങ്കിൽ ആലോചിക്കാം. അദ്ദേഹത്തിന്റെ പുസ്തകത്തിലെ വസന്തം വിരിയുന്നതുപോലെ ഇടക്കിടെ വന്നെത്തുന്ന സുമുഖരും സൗമ്യരുമായ ആ കൊച്ചുകുട്ടികൾ താനും എലിസബത്തുമാണ്. സ്വന്തം കുട്ടിയെ നഷ്ടപ്പെട്ട അദ്ദേഹത്തിന് തങ്ങളുടെ ഇടക്കിടെയുള്ള ആ സന്ദർശനം വലിയ കൗതുകം ഉണർത്തി എന്നത് കഥയിൽനിന്നു വ്യക്തം. സ്നേഹാദരവോടെ അദ്ദേഹത്തെ മാറോട് ചേർത്ത് പുണരുന്നതുപോലെ ആ പുസ്തകം നെഞ്ചോട് ചേർത്തു െവച്ചു. അറിയാതെ പറഞ്ഞുപോയി, ജീവിതം ചിലർക്ക് ഒന്നും നൽകില്ല. എല്ലാം നൽകിയാലെന്ത് എന്നു ചോദിക്കാം. എങ്കിലും ഒന്നും കിട്ടാതെ വിടവാങ്ങുന്നതും സങ്കടകരംതന്നെ.
ഈ സംഭവം നാട്ടിൽ ചെന്നിറങ്ങുമ്പോഴേ എലിസബത്തിനോട് പറയണം. പുസ്തകം അവൾക്ക് കൊടുക്കണം. എലിസബത്തിന്റെ തലച്ചോറിൽനിന്ന് കാതുകളിലേക്ക് കാലമെന്ന നിത്യ മഹാസത്യപ്രവാഹത്തിന്റെ ഒരു ഇരമ്പം വരും. ഭൂതകാലം ഒരു മിഥ്യപോലെ. വിപിൻ ചന്ദ്രൻ പിള്ളയെന്ന പിള്ളച്ചേട്ടന്റെ ഒരു നിഴൽ അതിൽ ഒന്നുമുങ്ങിപ്പൊങ്ങും. അവിടെ അവസാനിക്കും അദ്ദേഹവും ആ അവസാന ഓർമിക്കലും.