ചാച്ചൻ -നിധിന് വി.എനിന്റെ കഥ
ഒന്ന് 48 ഡിഗ്രിയില്‍ പനിച്ചുകിടക്കുന്ന മീനവെയിലിന്റെ പത്തിരട്ടി ചൂടുണ്ടായിരുന്നു ജോണിന്റെ ഉള്ളില്‍. കരിമരുന്നുപ്രതലമൊരുക്കി ആറുവര്‍ഷം പോറ്റിവളര്‍ത്തിയ പകയുടെ ഉടലായി മാറിയിരുന്ന ജോണ്‍, പീടികമുക്കില്‍ ബസ്സിറങ്ങി. ചാച്ചന്റെ കുഴിമാടത്തിലേക്ക് പോകുന്നതിനുമുമ്പ് വേണുവിന്റെ ചായപ്പീടികയില്‍ കയറി. വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച്, ഏലക്ക പൊടിച്ചിട്ട പുകയില ചേര്‍ത്ത രണ്ട് മുറുക്കാന്‍ പൊതിഞ്ഞുവാങ്ങി. കാശെടുത്ത് നീട്ടിയപ്പോള്‍ വേണു പുരികമുയര്‍ത്തി....
Your Subscription Supports Independent Journalism
View Plansഒന്ന്
48 ഡിഗ്രിയില്‍ പനിച്ചുകിടക്കുന്ന മീനവെയിലിന്റെ പത്തിരട്ടി ചൂടുണ്ടായിരുന്നു ജോണിന്റെ ഉള്ളില്‍. കരിമരുന്നുപ്രതലമൊരുക്കി ആറുവര്‍ഷം പോറ്റിവളര്‍ത്തിയ പകയുടെ ഉടലായി മാറിയിരുന്ന ജോണ്‍, പീടികമുക്കില്‍ ബസ്സിറങ്ങി. ചാച്ചന്റെ കുഴിമാടത്തിലേക്ക് പോകുന്നതിനുമുമ്പ് വേണുവിന്റെ ചായപ്പീടികയില്‍ കയറി. വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച്, ഏലക്ക പൊടിച്ചിട്ട പുകയില ചേര്‍ത്ത രണ്ട് മുറുക്കാന്‍ പൊതിഞ്ഞുവാങ്ങി. കാശെടുത്ത് നീട്ടിയപ്പോള്‍ വേണു പുരികമുയര്‍ത്തി. പകയുടെ രണ്ട് സൂര്യനെ പോറ്റുന്ന നോട്ടത്തില്തെന്നി നാവിന്തുമ്പിലേക്കെടുത്ത ചോദ്യം, വേണു വക്ക് കോടിപ്പോയൊരു ചിരിയില്‍ ഒതുക്കി. ബാക്കി വാങ്ങാന്‍ നില്‍ക്കാതെ ജോണ്‍ വേനലിലേക്കിറങ്ങി.
ഒരുനിമിഷം ജോലികള്‍ നിര്‍ത്തി പീടികമുക്കിലിരുന്നവരെല്ലാം ജോണ്‍ നടന്നുപോകുന്നതും നോക്കിനിന്നു. ‘‘എങ്ങനെയിരിക്കേണ്ട ചെക്കനായിരുന്നു‘‘ എന്ന നെടുവീര്‍പ്പ് പീടികമുക്കിന്റെ ആകാശത്തിലേക്ക് ഒരേസമയം ഉയര്‍ന്നു. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോക്ടറേന്ന് വിളിക്കാന്‍ കൊതിച്ചവരുടെയെല്ലാം നെഞ്ചില്‍, ഏതുനിമിഷവും തകരുമെന്നുറപ്പായ ഡാമിലേക്ക് പേമാരിക്കൊപ്പം ഒഴുകിയെത്തുന്ന ജലംകണക്കേ വേദന വന്നടിഞ്ഞുകൂടി.
പീടികമുക്കിനൊരിക്കലും വിശ്വസിക്കാനാവുന്നതായിരുന്നില്ല ചാച്ചന്റെ മരണവും ജോണിന്റെ അറസ്റ്റും. ആറുവര്‍ഷം ഏറിയും കുറഞ്ഞും പീടികമുക്ക് ചര്‍ച്ചചെയ്തതും ഒരുത്തരത്തിലെത്താനാവാതെ കിതച്ചുപോയതും ജോണിനെക്കുറിച്ചുള്ള ആലോചനകളിലായിരുന്നു.
ചാച്ചന്റെ മരണത്തെക്കുറിച്ചുള്ള ചിന്തകളില്‍നിന്ന് പിന്തിരിയാന് കൂട്ടാക്കാതെ പീടികമുക്ക് ഒരിക്കല്‍ കൂടി വിയര്‍ത്തു.
‘‘കുടുക്കിയതായിരിക്കാനേ വഴിയുള്ളൂ’’, വേണുവിന്റെ ചായപ്പീടികയിലേക്ക് കയറിയിരിക്കുന്നതിനിടെ രാഘവന് പറഞ്ഞു.
‘‘അതാര്‍ക്കാ അറിയാത്തത്? പക്ഷേ, തെളിവുകളെല്ലാം അവനെതിരായിരുന്നല്ലോ...?’’ കടുപ്പം കൂട്ടിയൊരു ചായയെടുക്കുന്നതിനിടയില്‍ വേണു ചോദ്യമെന്നോ ഉത്തരമെന്നോ പറയാവുന്നൊരു വാക്കില്‍ പിടുത്തമിട്ടു.
‘‘ഉം... ആ പെണ്ണിന്റെ കാര്യാ കഷ്ടായത്...’’ ഏലക്കാ പൊടിച്ചിട്ട ചായ കുടിക്കുന്നതിനിടയില്‍ ഒരു പഴംപൊരി ചോദിച്ച് വാങ്ങി രാഘവന്.
‘‘പൊലീസുകാര്‍ കേറിനിരങ്ങീന്നുള്ളത് സത്യാ... അതോണ്ടുമാത്രം ലിസിയങ്ങനൊരു അവിവേകം കാട്ടൂന്ന് എനിക്ക് തോന്നണില്ല.’’
വേണുവിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ രാഘവന് ചായയുടെ രുചിയിലേക്ക് അലിയുന്നതായി നടിച്ചു.
‘‘ഒന്നുറപ്പാ... ഇവിടെന്ന് പോയ ജോണല്ലാ മടങ്ങിവന്നിരിക്കുന്നത്.’’
ഫാനിന്റെ ചുവട്ടിലിരുന്നിട്ടും രാഘവന് വിയര്‍ക്കുന്നത് നോക്കിനിന്നുകൊണ്ട് വേണു ബീഡിപ്പുകയില്‍ ഉള്ളുകാഞ്ഞു. അപ്പോള്‍, രാഘവന്റെ വലതുകാലിനടിയില് ശ്വാസം കിട്ടാതെ പിടയുന്ന ലിസിയുടെ രൂപം വേണുവിന്റെ മനസ്സില്‍ തെളിഞ്ഞു.
രണ്ട്
‘‘ഡാ, ജോണേ’’, കായലില്‍നിന്ന് ഒരശരീരി പൊങ്ങി.
കായല്‍ക്കരയില്‍ കിടന്ന് മയക്കംപിടിച്ച ജോണ്‍ ചാടിയെഴുന്നേറ്റു...
‘‘എന്നതാടാ, പേടിച്ചോ നീ...’’
കായലിന്റെ നടുക്ക് വള്ളത്തില്‍നിന്ന് വെളിച്ചം പൊങ്ങിയപ്പോള്‍ ചാച്ചനെ കണ്ടു. ജോണ്‍ കണ്ണൊന്ന് തിരുമ്മിത്തുറന്നു.
‘‘പേടിപോയിട്ട് ഏറെയായി ചാച്ചാ...’’
അവര്‍ക്കിടയിലേക്ക് മൗനം ഒച്ചിനെപ്പോലെ ഇഴഞ്ഞുകയറി.
ചാച്ചന് പതിയെ വള്ളം ജോണിലേക്കടുപ്പിച്ചു. കരയിലേക്കിറങ്ങി ജോണിന്റെ തോളില്‍ പിടിച്ചു.
‘‘ലിസി, അവള് പോയി ചാച്ചാ...’’
ഒറ്റയായതിന്റെ വേദന അവനില്നിന്നിറങ്ങി കായലിലൂടെ പാഞ്ഞ് അവനിലേക്ക് വന്നുകേറുന്നത് നിസ്സഹായതയോടെ ചാച്ചന് നോക്കിനിന്നു.
‘‘പോയതല്ലല്ലോ...’’
വൈക്കോല്‍ കൂനയിലേക്കെറിഞ്ഞ തീനാളംപോലെ പക ജോണില്‍ ആളിപ്പടര്‍ന്നു.
‘‘എന്നാത്തിനായിരുന്നെന്ന് പിടികിട്ടിയോ നിനക്ക്?’’
കലങ്ങിനിറഞ്ഞ കണ്ണുകളുയര്‍ത്തി ജോണ്‍ ചാച്ചനെ നോക്കി. കൃത്യമായൊരുത്തരം പറയാനാവാതെ കുഴങ്ങി.
നിലത്തിരുന്ന പൊതിയെടുക്കാനാഞ്ഞ ചാച്ചനെ വിലക്കി ജോണ്‍ ൈകയിലിരുന്ന മുറുക്കാന്‍ നീട്ടി.
‘‘തോട്ടയാണ്...’’
ജീവിതത്തിലെ സകലമാന ഓർമകള്‍ക്കു മുകളിലൂടെയും ചാച്ചന്റെ ബോധം ചൂട്ടുകത്തിച്ച് പരക്കംപാഞ്ഞു. പൊട്ടിക്കാനൊരുക്കിയ തോട്ട ലക്ഷ്യം വെച്ചിരിക്കുന്നവരെ കണ്ടെത്താനാവാതെ കിതച്ചുകൊണ്ട് ഓർമകളില്‍നിന്ന് തിരിച്ചിറങ്ങി.
‘‘തീരുമാനിച്ചു അല്ലേ?’’
ജോണിന്റെ മൗനം വായിച്ചെടുത്ത്, മണലിലേക്ക് ചുവപ്പ് പടര്‍ത്തുന്നൊരു തുപ്പല് പായിച്ചു.
‘‘നിന്നോടാദ്യേ പറയേണ്ടതായിരുന്നു...’’
ചാച്ചന് പറയാനുള്ള ആ കഥ ഇതാണ്:
ഠഠഠ
പത്തെണ്‍പത് കൊല്ലം മുമ്പാണ്. നാട്ടില്‍നിന്ന് ചിലരെല്ലാം വിശപ്പുകൊണ്ട് കാട് കയറിയ കാലം. അവരുടെ കൂട്ടത്തില്‍ എന്റെ അപ്പനുണ്ടായിരുന്നു. കാട് വെട്ടി കൃഷി ഇറക്കിയ അവര്‍ ചാവാതെ പിടിച്ചുനിന്നു. അവര്‍ക്ക് ചത്ത് കെട്ടുപോയവരെ കുറിച്ച് ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ല. മെരുങ്ങാത്ത മണ്ണിലേക്ക് തൂമ്പയും പിക്കാസുമെറിഞ്ഞ് സമ്പാദിക്കാവുന്നതെല്ലാം അവര്‍ കൃഷിയിലൂടെ സമ്പാദിച്ചു. അവരുടെ വിയര്‍പ്പില്‍ കാടിന് പതിയെ നാടിന്റെ രൂപം കൈവന്നു.
മെരുക്കാന്‍ മാത്രം ശീലിച്ചവരില്‍ പലരും ആ മണ്ണില്‍ തന്നെ കെട്ടടങ്ങി. ചിലരൊക്കെ എന്നോ ഉപേക്ഷിച്ചുപോന്ന നാട്ടിലേക്ക് തിരിച്ചു. മാസത്തില്‍ ഒന്നോ രണ്ടോ തവണ അവര്‍ ചുരംകയറി. വരവും െചലവും നോക്കി ചുരമിറങ്ങി. നോക്കാനേൽപിച്ചവരുടെ മിടുക്കുപോലിരുന്നു പിന്നീടുള്ള അവരുടെ ചുരം കയറല്‍. കൃഷിയിടങ്ങള്‍ ചിലതെല്ലാം അതിന്റെ പേരില്‍ ചുവന്നു. ചിലതെല്ലാം നക്സലൈറ്റുകളുടെ ക്രെഡിറ്റിലേക്ക് എടുത്തുെവച്ചു. ഭയം അരിച്ചിറങ്ങിയ ഒരന്തരീക്ഷത്തില്‍, നാട്ടിലേക്ക് പോകാന്‍ കുറേപ്പേര് കൊതിച്ചു. അവരുടെ കൂട്ടത്തിലായിരുന്നില്ല അപ്പന്. പത്തമ്പതു കൊല്ലം ചോരനീരാക്കി നേടിയതെല്ലാം മറ്റൊരാളെ വിശ്വസിച്ചേൽപിച്ച് നാട്ടിലേക്ക് തിരിക്കാന്‍ അപ്പന് കൃത്യമായൊരു കാരണമുണ്ടായിരുന്നു.
‘‘നിന്റമ്മച്ചിയുറങ്ങുന്ന മണ്ണാണത്...’’ അപ്പനെപ്പോഴും അമ്മച്ചിയെ ഓര്‍ത്തു.
അപ്പനെക്കുറിച്ചോര്ത്തപ്പോള് എനിക്ക് കരച്ചില് വന്നു. എന്നാല്‍, ജനിച്ചുവളര്‍ന്ന ഈ മണ്ണുവിട്ടുപോകാന്‍ മനസ്സുവന്നതുമില്ല. അതിനുള്ള പ്രധാന കാരണം നിന്റമ്മച്ചിയായിരുന്നു. അവളെ ഞാനാദ്യമായി കണ്ടത് ഇവിടെെവച്ചായിരുന്നു. ജക്കരന്തപോലെ പൂത്തുലഞ്ഞ നാളുകളുടെ തുടക്കമായിരുന്നു അത്. ഞങ്ങടെ വിവാഹം കഴിഞ്ഞതോടെ അപ്പന് നാട്ടിലേക്ക് തിരിച്ചു. കൂടുതല്‍ ഏകാന്തതയിലേക്ക് ഇറങ്ങിപ്പോകുന്നതിനുമുമ്പുള്ള രക്ഷപ്പെടലായിരുന്നു അപ്പനത്.
‘‘ആരേലും ഏൽപിച്ച് വാടാ...’’ ഓരോ ഫോണ്‍കോളിലും അപ്പന് പറഞ്ഞു.
അപ്പന്റെ ശബ്ദം വിറച്ചിരുന്നില്ല. എന്നിട്ടും അപ്പനുള്ളില് കരയുന്നതായി എനിക്ക് തോന്നി. ഒന്നും ഉപേക്ഷിച്ചിറങ്ങാന്‍ മനസ്സുവരാതിരുന്ന എന്നെ, കണ്ണാടിക്ക് മുന്നിലിരുത്തിയ നേരത്താണ് അപ്പന്റെ ചാവ് ഫോണിലൂടിഴഞ്ഞുവന്ന് കാതില്‍ കൊത്തിയത്. ചുരമിറങ്ങുമ്പോഴും വേദനയുള്ളില്‍ ചുരം കയറുകയായിരുന്നു.
അമ്മച്ചിക്കടുത്തായി അപ്പനുറങ്ങി.
അപ്പന്റെ മരണശേഷമാണ് അപ്പനെ അറിയാന്‍ ശ്രമിച്ചത്. അപ്പന്റെ ഓരോ ഫോണ്‍കോളും കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. വേദനയുടെ പടം പൊഴിക്കാനാവാതെ പിടഞ്ഞു. ചുരം കയറാനാവാതെ ഞാനിവിടെ തുടര്‍ന്നു.
അവളൊറ്റയ്ക്ക് ചുരം കയറി. നിന്റമ്മച്ചി എന്നെ വിസ്മയിപ്പിച്ച നാളുകളായിരുന്നു അത്. പക്ഷേ, അതിന് ആയുസ്സ് കുറവായിരുന്നെടാ... നിനക്കറിയോ, നിന്റമ്മച്ചിക്ക് ആയിടക്കൊരു പ്രണയമുണ്ടായി. അവളെ നഷ്ടപ്പെടുമോ എന്ന ഭയത്തിലേക്ക് ഉറക്കം പണയപ്പെടുത്തി. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. അവളെ നഷ്ടപ്പെടുന്നതിലും ഭേദം അവനെ കൊല്ലുന്നതാണെന്ന് തോന്നി.പക്ഷേ, നിറവയറോടെ അവന്റെ ഭാര്യ മുന്നില്‍ വന്നുനിന്നപ്പോള്‍ ഉപേക്ഷിച്ചിട്ട് പോന്നു. ഞാനെന്ത് പറഞ്ഞാലും വിശ്വസിക്കാത്ത വിധം നിന്റമ്മച്ചി മാറിയിരുന്നു.
കിട്ടിയ കാശിന് എല്ലാം വിറ്റുപെറുക്കി, നിന്റമ്മച്ചിയെയുംകൊണ്ട് ചുരമിറങ്ങി. അവള് കുറേ കരഞ്ഞിരിക്കണം. ഞാനത് ശ്രദ്ധിച്ചതേയില്ല... പക്ഷേ, അതായിരുന്നെടാ എനിക്ക് പറ്റിയ തെറ്റ്... അവളെ ഉപേക്ഷിച്ച് ഞാന്‍ ചുരമിറങ്ങണമായിരുന്നു... നിനക്കറിയോ ആ സംഭവത്തിനുശേഷം അവളെന്നെ ഒരു മനുഷ്യനായി കൂടി പരിഗണിക്കാതായി... നമ്മളിടക്ക് വള്ളമെടുത്ത് കായലില്‍ ചെന്ന് കിടക്കാറുള്ളത് നിനക്കോർമയില്ലേ? നിന്റമ്മച്ചിയെ കാണാന്‍ അയാള്‍ വരുന്ന ദിവസങ്ങളിലായിരുന്നു അത്.
ചാച്ചന് ജോണിനോട് ചേര്‍ന്നിരുന്നു. അവനുമാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു; ‘‘അയാളായിരുന്നു നിന്റെ അച്ഛന്... ജോണേ, സ്നേഹിക്കാന്‍ പഠിക്കുമ്പോഴാടാ ഒരു മനുഷ്യന് വളര്‍ന്നുതുടങ്ങുന്നത്.’’
‘‘ചാച്ചാ...’’
ഒരു ചിരി ചുണ്ടിലേക്കെടുത്തുടുത്ത് കായലിലേക്ക് തുഴഞ്ഞിറങ്ങി പോകുന്ന ചാച്ചന്റെ രൂപം കണ്ണീരില്‍ കുതിര്‍ന്ന് അവ്യക്തമായി.
മൂന്ന്
ഹരിയുടെ ഫ്ലാറ്റിലേക്ക് കയറുമ്പോള്‍ ജോണ്‍ ചോദിച്ചു: ‘‘നാട്ടിലൊന്നും പോകാറില്ലേ?’’
വര്‍ഷങ്ങള്‍ക്കുശേഷം കാണുന്നതിന്റെ അമ്പരപ്പൊന്നുമില്ലാതെ ജോണ്‍ അങ്ങനെ ചോദിച്ചപ്പോള്‍ ഹരി ഒരു നിമിഷം വാക്കുകള്‍ക്കു വേണ്ടി പരതി.
‘‘അമ്മയുടെ മരണശേഷം...’’
‘‘ആറുവര്‍ഷം... ല്ലേ?’’ ഫ്ലാറ്റിലൂടെ കണ്ണൊന്നോടി തിരിച്ചെത്തുന്നതിനിടയില്‍ ജോണ്‍ ചോദിച്ചു.
ഹരി ഒന്നു മൂളുക മാത്രം ചെയ്തു.
‘‘ബന്ധുക്കളാരുമില്ലേ നാട്ടില്‍?’’
‘‘അച്ഛന്റെ ചില അകന്ന ബന്ധുക്കളുണ്ട്. പക്ഷേ, എനിെക്കന്തോ ഈ നഗരം വിട്ടുപോകാന്‍ തോന്നാറില്ല.’’ ഹരി പതിയെ സോഫയിലേക്ക് ചാരി.
‘‘നിനക്കെങ്ങനെയാണ് ഈ നഗരത്തില്‍ ഒറ്റക്ക്?’’
ചുണ്ടില്‍ വിടര്‍ന്നിറങ്ങിയ ചിരി പൊടുന്നനെ മാഞ്ഞു. വാക്കുകള്‍ക്കിടയില്‍ അപകടം പതിയിരിക്കുന്നതായി ഹരിക്ക് തോന്നി. താന്‍ ഒറ്റക്കാണെന്ന് ജോണ്‍ എങ്ങനെ അറിഞ്ഞു? ജയിലിലായിരുന്നെന്ന് കരുതി ഇതൊന്നും അറിഞ്ഞുകൂടെന്നുണ്ടോ? ഹരി വേഗമൊരു ചിരി ചുണ്ടിലേക്കെടുത്തുടുത്തു.
‘‘ഈ നഗരം തരുന്ന ഏകാന്തത പോരാതെ വരുന്ന പ്രശ്നമേയുള്ളൂ.’’
‘‘മരിച്ചവരുടെ നഗരമാണിതെന്ന് എനിക്ക് തോന്നാറുണ്ട്. മരിച്ചവരെ ഒരുക്കുന്നപോലെ ദിവസവും നഗരത്തെ ഒരുക്കുന്നു. സുഗന്ധം പൂശുന്നു. എന്നിട്ടും ദുര്‍ഗന്ധം വിട്ടുപോകുന്നില്ല. നിനക്ക് തോന്നാറില്ലേ?’’
ഫിലോസഫിക്കലായ ആ പഴയ എഴുത്തുകാരന് ജോണില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായി ഹരിക്ക് തോന്നി.
‘‘അത്തരം തോന്നലുള്ളവര് ഉണ്ടായിരിക്കാം. എനിക്കില്ല! പിന്നെ നീ ഈ പറഞ്ഞ പ്രശ്നങ്ങള്‍ എല്ലായിടത്തുമുണ്ട്.’’
ബാഗ് തുറന്ന് ലാപ്ടോപ്പെടുത്ത് ജോണ്‍ ടൈപ്പിങ് ആരംഭിച്ചു. അവഗണനയുടെ താളംപോലെ കീ ബോര്‍ഡിന്റെ ശബ്ദം മുഴങ്ങി.
ജോണ്‍ എന്തായിരിക്കും ടൈപ്പ് ചെയ്യുന്നത്? എന്തിനായിരിക്കും ഈ കൂടിക്കാഴ്ച? ഉള്ളില്‍ ഉത്തരമില്ലാതെ നിരവധി ചോദ്യങ്ങള്‍. മുന്നിലിരിക്കുന്നത് പഴയ സുഹൃത്തല്ലെന്ന് ഹരിക്ക് തോന്നി.
‘‘എഴുതാണോ? പിന്നെന്തിനാ എന്നോട് ലീവെടുക്കാന്‍ പറഞ്ഞത്?’’
ജോണ്‍ ചിരിച്ചു. കൃത്യമായൊരുത്തരം ലഭിക്കാത്ത ചിരി. ഹരി കൂടെ ചേര്‍ന്നു.
‘‘ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ എവിടെ പോകും എന്നായിരുന്നു ചിന്ത. ചാച്ചന്റെ അടുത്തുപോയി. ഇന്നലെ രാത്രി ഞങ്ങളൊന്നിച്ചിരുന്ന് മുറുക്കി. നിന്നെ ചെന്നൊന്ന് കാണാന്‍ ചാച്ചനാണ് പറഞ്ഞത്.’’ വേദന വാറ്റിയെടുത്ത ചരക്കാണ് ജോണ്‍ പകരാനൊരുങ്ങുന്നതെന്ന് ഹരിക്ക് ബോധ്യമായി. അവനൊഴിച്ചപ്പോഴെല്ലാം നിരസിക്കാനാവാതെ വായിലേക്ക് കമിഴ്ത്താന്‍ ശീലിച്ച തങ്ങളുടെ മെഡിസിന് കാലം ഓർമയുടെ കമ്പിളി വലിച്ച് താഴ്ത്തി ഉണരാന്‍ കൊതിച്ചു.
‘‘തെളിവുകളെല്ലാം എനിക്കെതിരെയായത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ ആറുവര്‍ഷം വേണ്ടിവന്നു. തിരിച്ചെത്തുംമുമ്പ് അവള് പോയെടാ...’’
ജോണ്‍ സോഫയില്‍നിന്ന് നിരങ്ങി തറയിലിരുന്നു. അവന്റെ നോട്ടം അഭിമുഖീകരിക്കാനാവാതെ ഹരി തല താഴ്ത്തിയിട്ടു.
‘‘അവള്‍ക്ക് സംസാരിക്കാനാവാത്തത് ചിലര്‍ക്കൊക്കെ ഉപകാരമായി.’’
മുറ്റത്ത് ചാട്ടുരുട്ടി നടക്കുന്ന കുട്ടിയെപ്പോലെ വേദന ജോണില്‍ നിന്നിറങ്ങി, അവിടെയാകെ ഒച്ചയെടുത്ത് പാഞ്ഞുനടന്നു.
‘‘ചാച്ചനായിരുന്നു എനിക്കവളെ കാട്ടിത്തന്നത്.’’
‘‘നിനക്കിഷ്ടായോ അവളെ?’’ അപ്പന്റെ മരിപ്പിന് കലങ്ങി നില്ക്കുന്ന അവളെ കണ്ണോണ്ട് ചൂണ്ടി, ശബ്ദം താഴ്ത്തി ചാച്ചന് ചോദിച്ചു. ഒരുത്തരമില്ലാത്തതോണ്ട് ചാച്ചനെ തറപ്പിച്ചൊന്നു നോക്കി. ആ നോട്ടം പതിയെ പതിയെ തളര്‍ന്നു. അതിന്റെ ഉടലാകെ പൂത്തു.
‘‘എന്താ അവള്ടെ പേര്?’’
‘‘നിനക്ക് ചോദിക്കാര്‍ന്നില്ലേ?’’
‘‘കഴിയണില്ല ചാച്ചാ... അവള്ടെ അടുത്തെത്തുമ്പോള്‍ വിറച്ച് പോകാ... ഇഷ്ടാന്ന് പറയണംന്ന്ണ്ട്. പറയാതെ തന്നെ അവള്‍ക്ക് മനസ്സിലായിട്ടുണ്ടാകും.’’
‘‘ശ്വാസം കിട്ടാത്തവസ്ഥയില് പറയാതെ വയ്യ എന്ന് തോന്നും. പ്രണയം ആവശ്യപ്പെടുന്നത് ആ ഒരൊറ്റ നിമിഷത്തെയാണ്.’’
മടിയില്‍നിന്ന് എഴുന്നേറ്റ് ചാച്ചന് ജോണിനെ നോക്കി.
‘‘ചാച്ചനങ്ങനെ തോന്നിയത് ആരോടായിരുന്നു..?’’
‘‘നിന്റമ്മച്ചിയോട്.’’ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും കണ്ണുകള്‍ നിറഞ്ഞുവന്നതോടെ ചാച്ചന് കുന്നിറങ്ങി.
‘‘നീ ഫ്രഷാകുന്നില്ലേ?’’ ജോണിനെ ഓര്‍മകളില്‍നിന്ന് വിളിച്ചുണര്‍ത്തി ഹരി.
ഇല്ലെന്നോ, ഉണ്ടെന്നോ അയാള്‍ പറഞ്ഞില്ല. ബാഗില്‍നിന്ന് ചോളം വാറ്റിയ കുപ്പിയെടുത്ത് പുറത്തുവെച്ചു.
‘‘ചാച്ചന്റെ ബ്രാന്റാണ്...’’ കുപ്പിയില്‍ മുത്തമിട്ട് ജോണ്‍ പറഞ്ഞു. വല്ലാതെ ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ ഇടറിയ ശബ്ദംപോലെ വേദന അവിടെയാകെ മുഴങ്ങിക്കൊണ്ടിരുന്നു.
പൊടുന്നനെ ഒരു ചിരി മുഖത്തേക്ക് വലിച്ചിട്ട് ജോണ്‍ ഹരിയെ നോക്കി.
‘‘നോക്കിയിരിക്കാതെ ഗ്ലാസെടുക്ക് ഡോക്ടര്‍.’’
ചിരിച്ചുകൊണ്ട് അകത്തേക്ക് നടക്കുമ്പോള്‍ കാലുകള്‍ വിറച്ച് പോകുന്നതായി ഹരി അറിഞ്ഞു. ഗ്ലാസുകള്‍ ഒന്നു രണ്ടാവര്‍ത്തി നിറയുകയും ഒഴിയുകയും ചെയ്തു.
‘‘അച്ഛന്റെ മരണം സ്വാഭാവികമായിരുന്നെന്ന് നിനക്ക് തോന്നുന്നുണ്ടോ?’’ ജോണ്‍ ചോദിച്ചു.
‘‘നീ എന്താ അങ്ങനെ ചോദിക്കാന്‍?’’
‘‘അതൊരു കൊലപാതകമാണോ എന്നൊരു തോന്നല്‍.’’
‘‘അത്തരമൊരു സംശയത്തിനുള്ള സാധ്യതകളൊന്നും ഉണ്ടായിരുന്നില്ലല്ലോ?’’
‘‘സംശയങ്ങള്‍ക്കുള്ള അവസരം നല്‍കാതിരിക്കുക എന്നതാണ് മികച്ച കൊലയാളിയുടെ ലക്ഷണം.’’
‘‘പുതിയ കഥ മെനയാനുള്ള ഭാവമാണോ?’’
ജോണ്‍ ഹരിയെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പല അടരുകളുള്ള ആ ചിരിയില്‍ ഹരിക്കുള്ളില്‍ ഭയത്തിന്റെ ഫ്ലാഷുകള്‍ മിന്നി. അപ്പോള്‍, അടയ്ക്കാന്‍ മറന്ന വാതില്‍ വിടവിലൂടെ ഒരു കറുത്ത പൂച്ച അകത്തേക്ക് കയറി ജോണിന്റെ കാല്ചുവട്ടില് വന്നിരുന്നു.
ഗ്ലാസിലെ അവസാനതുള്ളി ജോണ്‍ നാവുകൊണ്ട് എത്തിപ്പിടിച്ചു. തന്റെ കാല്ച്ചുവട്ടിലിരുന്ന കറുത്തപൂച്ചയെ മടിയിലേക്കെടുത്തു. അയാളുടെ വിരലുകള്‍ ലാളനയുടെ ഭാഷയില്‍ പൂച്ചയോട് സംസാരിക്കാന്‍ തുടങ്ങി.
ഹരി ഈര്‍ഷ്യ കലര്‍ന്ന അറപ്പോടെ അതിനെ നോക്കി. ഗ്ലാസിലെ മുഴുവന്‍ മദ്യവും വായിലേക്ക് കമിഴ്ത്തി.
‘‘എവിടെ നിന്നാണ് ഈ നശിച്ച പൂച്ച വരുന്നത്?’’ തനിക്കുള്ളില്‍ ഒതുങ്ങേണ്ട ചോദ്യം അരിശം കലര്‍ന്ന ഒച്ചയില്‍ പുറത്തിറങ്ങി മൂരിനീര്ത്തി.
‘‘ചാച്ചന് പൂച്ചകളെ വലിയ ഇഷ്ടമായിരുന്നു. ഒരു കറുത്ത പൂച്ച എപ്പോഴും കൂടെയുണ്ടായിരുന്നു. മരിക്കുമ്പോഴും.’’
കൂടംകൊണ്ട് തലക്കടിയേറ്റപോലെ ഹരിക്ക് തോന്നി. അയാള്‍ വല്ലാതെ വിയര്‍ത്തു.
ഗ്ലാസിലേക്ക് മദ്യം പകരുന്നതിനിടയില്‍ ജോണ്‍ ഇടംകണ്ണെറിഞ്ഞു. പൂച്ച കൂസലില്ലാതെ തന്റെ ശരീരമൊതുക്കി അവന്റെ മടിയില്‍ കിടന്നു. അതിന്റെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കത്തിയുടെ മൂര്‍ച്ചയെ മനസ്സില്‍ കൊരുത്ത് ഹരി മദ്യം രുചിച്ചു. ആ നിമിഷം തന്റെ എതിരാളിയെ മുന്നില്‍ കിട്ടിയ പോരാളിയെപ്പോലെ പൂച്ച എഴുന്നേറ്റു. രോമകൂപങ്ങള്‍ ഉയര്‍ത്തി ഹരിയെ നോക്കി. വിചിത്രവും അതിപുരാതനവുമായ ശബ്ദത്തില്‍ ആദ്യ ചുവടുവെച്ചു. വിറയല്‍ ലഹരിയെ കുടഞ്ഞെറിഞ്ഞു. ശരീരം പിന്നോട്ടാഞ്ഞു. ൈകയിലെ ഗ്ലാസ് നിലത്തുവീണ് ചിതറി.
ഉറച്ച കാല്‍വെപ്പോടെ അത് ടേബിളിലേക്ക് കയറി.
‘‘എന്നെ കൊല്ലാം എന്നാണോ ചിന്ത?’’ കനത്ത ശബ്ദത്തോടൊപ്പം അതിന്റെ ആകാരം വളര്‍ന്നു. അസ്ഥികള്‍ പൊട്ടുന്ന ശബ്ദത്തോടെ ടേബിളിന്റെ കാലുകള്‍ പിളര്‍ന്നു.
ശീതീകരണിയുടെ തണുപ്പിലും ശരീരം വിയര്‍ത്തു.
ഇരുട്ടായി പടര്‍ന്നുതുടങ്ങിയ അതിന്റെ ശരീരം ഫ്ലാറ്റിനെ വിഴുങ്ങിത്തുടങ്ങി. ശ്വാസം എടുക്കാനാവാതെ അയാളുടെ ശരീരം വിറച്ചു. അപ്പോള്‍ തന്റെ മുന്നിലിരിക്കുന്ന ജോണിന് കൂടുതല്‍ നര ബാധിക്കുന്നത് ഹരി കണ്ടു. അയാളുടെ മുഖമാകെ ചുളിവുകള്‍ വീണു. ജോണിന്റെ വായില്‍ മുറുക്കാന്‍ നിറഞ്ഞു. വായിലെ മുറുക്കാന്‍ താഴെ വീഴാതിരിക്കാന്‍ പണിപ്പെട്ട് സ്നേഹത്തിന്റെ ഭാഷയില്‍ കണ്ഠമിടറി അവന് വിളിച്ചു.
‘‘മോനെ...’’
ഹരി ഒറ്റ നിമിഷം സോഫയില്‍ എഴുന്നേറ്റു നിന്നുപോയി. വിറയല്‍ കാലിലൂടെ പാഞ്ഞ് നെറുകയില്‍ തട്ടി. ഒരു നിലവിളിയോടെ അയാള്‍ തറയിലേക്ക് വീണു.
നാല്
ഹരി കണ്ണ് തുറക്കുമ്പോള്‍ ജോണ്‍ തന്റെ ലാപ്ടോപ്പില്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവന്റെ മടിയില്‍ സുഖനിദ്രയിലായിരുന്നു പൂച്ച.
ലാപ്പില്‍നിന്നും തലയുയര്‍ത്തി ജോണ്‍ ഹരിയെ നോക്കി.
‘‘നീ കിടന്നോ, ഒരൽപം ഓവറാണ്.’’
എന്താണ് സംഭവിച്ചത്? എല്ലാം തോന്നലുകള്‍ മാത്രമാണോ? കഴിച്ചത് കൂടി പോയതാണോ? ഉള്ളില്‍ ചോദ്യങ്ങള്‍ നുരഞ്ഞു. പറയാന്‍ വന്നവയെ അപ്പാടെ വിഴുങ്ങി ഹരി എഴുന്നേറ്റ് സിസ്റ്റത്തിന്റെ മുന്നിലേക്ക് പാഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിലേക്ക് കണ്ണ് പായിച്ചു. പൊടുന്നനെ മൗസ് ചലിപ്പിച്ചുകൊണ്ടിരുന്ന അയാളുടെ കൈകളില്‍ നഖങ്ങളാഴ്ത്തി പൂച്ച.
ദേഷ്യം മോണിറ്ററിനെ പലതായി ചിതറിച്ചു.
പൂച്ച നിമിഷനേരംകൊണ്ട് താഴേക്കിറങ്ങി ജോണിന്റെ അടുത്തേക്ക് നടന്നു.
തിരികെ സോഫയില്‍ വന്നിരിക്കുമ്പോള്‍ ഹരി ജോണിനെ നോക്കി. അവന്റെ വിരലുകള്‍ കീബോർഡിലൂടെ ഇഴഞ്ഞു നടന്നുകൊണ്ടിരുന്നു. ആ കറുത്ത ചൂച്ച ജോണിന്റെ മടിയിലേക്ക് കയറി.
‘‘നാട്ടിലുള്ള നിന്റെയാ പ്രോപര്‍ട്ടി വിറ്റു അല്ലേ?’’ ലാപ്ടോപ്പ് അടച്ച് ഭദ്രമായി ബാഗിലേക്ക് വെക്കുന്നതിനിടയില്‍ ജോണ്‍ ചോദിച്ചു.
‘‘ഓ, അത് വിറ്റിട്ട് കാലം കുറേയായില്ലേ. അല്ല നീ അതിപ്പോഴാണോ അറിയുന്നത്?’’
‘‘അല്ല. പേക്ഷ അന്നതിങ്ങനെ കൂട്ടിവായിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല?’’
‘‘എങ്ങനെ?’’
ജോണ്‍ ചിരിച്ചുകൊണ്ടെഴുന്നേറ്റു. പൂച്ച അവന്റെ കാല്‍ച്ചുവട്ടിലിരുന്ന് ഹരിയെ നോക്കി. പിന്നെ മുരണ്ടു. അതിന്റെ ശരീരം വേഗത്തില്‍ ഇരുട്ടായി ചുറ്റും പരന്നു. ഒന്നു ചലിക്കാന്‍പോലും കഴിയാനാകാത്ത നിസ്സഹായതയോടെ ഹരി ജോണിനെ നോക്കി.
ഇല്ല, മുന്നില്‍ തന്റെ അച്ഛന് മാത്രം.
ഭയം, രാജവെമ്പാലയെപ്പോലെ വാലുകുത്തി എഴുന്നേറ്റ് നിന്ന് ഹരിയുടെ ശിരസ്സില്‍ കൊത്തി. ഹരി ഭയംകൊണ്ട് വിറച്ച് ചുമരിന്റെ മൂലയിലേക്ക് ഒതുങ്ങി.
അഞ്ച്
അമ്മച്ചിയുടെ ചാവിന് നിന്റച്ഛന് വന്നു. ചാച്ചന്റെ പഴയൊരു സുഹൃത്തെന്നേ ചാച്ചനെന്നെ പരിചയപ്പെടുത്തിയുള്ളൂ. രണ്ടുമൂന്നു ദിവസം കൂടെയുണ്ടായിരുന്നു. നിന്റച്ഛനായിരുന്നു അതെന്നറിയാന്‍ പിന്നെയും വൈകി.
ഒരിക്കല്‍ നിന്റമ്മയും എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.
‘‘അമ്മച്ചിയെ പോലെയുണ്ട്’’, നിന്റമ്മ പറഞ്ഞു.
‘‘ചാച്ചനെ പോലെ’’, ഞാന്‍ തിരുത്തി.
അവര്‍ ചിരിച്ചു. പോകും നേരം അവരെന്റെ നെറുകയില്‍ ചുംബിച്ചു.
‘‘ഇതിനുമുമ്പ് ചിരിച്ചതെപ്പോഴാണെന്ന് എനിക്കറിയില്ല.’’ യാത്ര പറയും മുമ്പ് മനസ്സിലുള്ളതെല്ലാം ഇറക്കിവെക്കുകയായിരുന്നു അവര്‍.
പിന്നീട് ഞാനവരെ കണ്ടിട്ടേയില്ല. നിന്റച്ഛന് മരിച്ചതറിഞ്ഞു. കാണണം എന്നുണ്ടായിരുന്നില്ല. നിന്റമ്മ പോയെന്ന് അറിയാന്‍ വൈകി. കാണണം എന്നുണ്ടായിരുന്നു. കഴിഞ്ഞില്ല!
‘‘ഡാ, പിന്നേ ഇന്ന് പുലര്‍ച്ചെ പീടികമുക്ക് പൊലീസ് സ്റ്റേഷനിലേക്ക് ആരോ തോട്ടയെറിഞ്ഞെന്ന് വേണു വിളിച്ച് പറഞ്ഞിരുന്നു. പൊലീസുകാര്‍ക്കൊപ്പം രണ്ട് നാട്ടുകാരും തീര്‍ന്നെന്നാ പറഞ്ഞത്. നീയാ ടി.വിയൊന്ന് ഓണ്‍ ചെയ്തേ...’’
ഹരി പകപ്പോടെ ജോണിനെ നോക്കി. അവന്റെ ചുണ്ടില്‍ ചിരി വിടര്‍ന്നിറങ്ങി. അന്നേരം അടിവയറ്റില്‍ നനവുപടരുന്നത് ഹരിയറിഞ്ഞു.