ചാപ്പ-ജിൻഷ ഗംഗയുടെ കഥ
കാവുങ്കാട്ടിലെ രാഘവന്റെ ആടിനെ കാണാനില്ലെന്ന വാർത്ത ആ നാട്ടിലാകെ പെട്ടെന്ന് പരന്നു. കൊല്ലങ്ങൾക്ക് മുമ്പ് രാഘവന്റെ അപ്പൻ കമ്മാരനെ ഇതേപോലൊരു രാത്രീലാണ് കാണാതായത്. ഇന്നേവരേയ്ക്കും അയാളെക്കുറിച്ച് ആർക്കും ഒരു അറിവും കിട്ടിയിട്ടില്ല. അക്കാര്യം ഓർമയിലുള്ളതുകൊണ്ടാണ് ആടിന്റെ കാര്യം അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിയത്. ഉറ്റ ചങ്ങാതി അന്ത്രൂന്റെ വീട്ടില്‍ നോമ്പ്തുറക്ക് രാഘവൻ പോയ രാത്രീലാണ് ആടിനെ കാണാതായത്. വയറ് നിറയെ പത്തിരിയും പോത്തിറച്ചിയും ആട്ടിറച്ചിയും...
Your Subscription Supports Independent Journalism
View Plansകാവുങ്കാട്ടിലെ രാഘവന്റെ ആടിനെ കാണാനില്ലെന്ന വാർത്ത ആ നാട്ടിലാകെ പെട്ടെന്ന് പരന്നു. കൊല്ലങ്ങൾക്ക് മുമ്പ് രാഘവന്റെ അപ്പൻ കമ്മാരനെ ഇതേപോലൊരു രാത്രീലാണ് കാണാതായത്. ഇന്നേവരേയ്ക്കും അയാളെക്കുറിച്ച് ആർക്കും ഒരു അറിവും കിട്ടിയിട്ടില്ല. അക്കാര്യം ഓർമയിലുള്ളതുകൊണ്ടാണ് ആടിന്റെ കാര്യം അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിയത്.
ഉറ്റ ചങ്ങാതി അന്ത്രൂന്റെ വീട്ടില്‍ നോമ്പ്തുറക്ക് രാഘവൻ പോയ രാത്രീലാണ് ആടിനെ കാണാതായത്. വയറ് നിറയെ പത്തിരിയും പോത്തിറച്ചിയും ആട്ടിറച്ചിയും തിന്ന് ശ്വാസം മുട്ടിയപ്പോൾ രാഘവൻ തീറ്റ നിർത്തി. ഇറങ്ങാൻ നേരം അന്ത്രൂന്റെ ഭാര്യ മാജിദ ഒരു വട്ടപ്പാത്രം നീട്ടി.
‘‘രമണിക്ക് കൊടുക്കണം. ആട്ടിറച്ചി ഓൾക്ക് ഇഷ്ടാന്ന് ’’, തലയിലിട്ട ഷാളിൽ കൈതുടച്ചുകൊണ്ട് മാജിദ പറഞ്ഞു. അന്ത്രൂന്റെ വീട്ടിന്നിറങ്ങി നടക്കുമ്പോൾ നേരം വൈകിയിരുന്നു. മഴക്കോള് ഉണ്ടായിരുന്നു. രമണി തനിച്ചല്ലേയുള്ളൂ എന്ന ചിന്തയിൽ റോഡിൽ കണ്ട പരിചയക്കാരോട് സംസാരത്തിനു നിൽക്കാതെ തലയാട്ടുക മാത്രംചെയ്ത് അയാൾ വേഗം നടന്നു. ആ നടത്തം നിന്നത് കുഞ്ഞപ്പയുടെ പീടികയുടെ മുന്നിലാണ്.
ആ നാട്ടില്‍ ആദ്യമായി കച്ചവടം തുടങ്ങിയത് കുഞ്ഞപ്പയാണ്. ചുരുക്കം വീടുകളിൽ മാത്രം കറന്റ് കിട്ടിയിരുന്ന അക്കാലത്ത് മണ്ണെണ്ണക്കായിരുന്നു ആവശ്യക്കാര്‍ കൂടുതലും. ദൂരസ്ഥലങ്ങളിലുള്ളവർ വരെ മണ്ണെണ്ണക്കു വേണ്ടി മാത്രം കുഞ്ഞപ്പയുടെ കട തേടി വന്നിരുന്നുവെന്ന് രാഘവനോട് അപ്പൻ പറയാറുണ്ട്. കുഞ്ഞപ്പയും രാഘവന്റെ അപ്പൻ കമ്മാരനും അടുത്ത ചങ്ങാതിമാരായിരുന്നു. അപ്പനെ കാണാതായപ്പോൾ കുഞ്ഞപ്പയും രാഘവനും കൂടിയാണ് പലയിടത്തും പരതിനടന്നത്. അപ്പൻ വിപ്ലവകാരിയാണെന്നറിയാമായിരുന്നിട്ട് കൂടി അമ്പലങ്ങളിൽപോലും രാഘവൻ പരതി. അപ്പനെ കാണാത്തതില്‍ നൊന്താണ് അമ്മ ചത്തത്. അന്ന് നിർത്തിയതാണ് രാഘവൻ, അപ്പനെ തേടിയുള്ള നടപ്പ്.
‘‘കച്ചോടം എങ്ങന്ണ്ട്?’’ ഏത് നിമിഷവും പൊട്ടിവീണേക്കാവുന്ന കഴുക്കോലിലേക്ക് നോക്കിക്കൊണ്ട് രാഘവൻ ചോദിച്ചു.
‘‘നാട് നീളെ സൂപ്പർമാർക്കറ്റ് വരുമ്പം നമ്മളെ കട്ടപൊരേലെ സാധനം ആര് വാങ്ങാനാ... പണ്ടേയുള്ള പതിവ്കാരില് ചെലരു വെരും അത്രേയുള്ളൂ.’’
പഴയ മരയലമാരയില്‍ ചിപ്സും മുറുക്കും ബിസ്കറ്റുമൊക്കെ െവച്ചിരിക്കുന്നത് രാഘവൻ കണ്ടു. പണ്ട് പീടികയോട് ചേർന്ന് ചായക്കടയും ഉണ്ടായിരുന്നു. ചായയും അവില് കുഴച്ചതും പഴംപൊരിയും ഒക്കെ കുഞ്ഞപ്പ തന്നെ ഉണ്ടാക്കും. പ്രായമായപ്പോഴാണ് ചായക്കട നിർത്തിയത്.
ഇപ്പോഴും ആഴ്ചയില്‍ രണ്ട് വട്ടമെങ്കിലും ഓട്ടോ പിടിച്ച് കുഞ്ഞപ്പ ടൗണിൽ പോകും. മാർക്കറ്റിലെ ഏറ്റവും പുതിയ സാധനങ്ങളൊക്കെ അന്വേഷിച്ച് വാങ്ങുകയും ചെയ്യും. ലാഭമൊന്നും കിട്ടാറേയില്ല. ആയകാലത്ത് ആ പീടികയിൽനിന്നും കിട്ടിയ ലാഭത്തിൽ അയാള്‍ ഒരു വീട് വെക്കുകയും രണ്ട് ആൺമക്കളുടെയും പഠിപ്പും കല്യാണവുമൊക്കെ ഒരാളും കുറ്റം പറയാത്ത രീതിയില്‍ നടത്തുകയും ചെയ്തതാണ്.
മേശയിൽനിന്നും നോട്ട്ബുക്കും പേനയും എടുത്ത് കുഞ്ഞപ്പ അന്നത്തെ കണക്കെഴുതിത്തുടങ്ങി. കണ്ണ് കടലാസ്സില്‍ തട്ടും വിധം മുഖം അടുപ്പിച്ച് വെച്ചാണ് കുഞ്ഞപ്പ കണക്ക് എഴുതാറുള്ളത്. പണ്ട് ചിമ്മിനിക്കൂട് കാലത്തും ഇതായിരുന്നു ശീലമെന്ന് രാഘവൻ ഓർത്തു. ചിമ്മിണിക്കൂട് കത്തിച്ചുെവച്ചിടത്തൂന്ന് ദൂരത്തോട്ട് മാറിയിരുന്ന് കണ്ണ് കടലാസിൽ മുട്ടുംവിധം മുഖം കുനിച്ചെഴുതും. ചെറുപ്പകാലത്ത് അപ്പന്റെ കൂടെ രാഘവൻ ഇടയ്ക്കൊക്കെ കുഞ്ഞപ്പയുടെ പീടികയില്‍ വരുമായിരുന്നു. അപ്പൻ ബീഡി വാങ്ങും. രാഘവന് അവില് കുഴച്ചതും.
‘‘ഈ കുഞ്ഞപ്പമ്മോൻ എന്തിനാ ചിമ്മിണിക്കൂട് ദൂരത്തു വെച്ചിട്ട് എഴുതാൻ ഇരിക്കുന്നെ...?’’
ഒരുദിവസം പീടികയിൽനിന്നും തിരികെ വീട്ടിലോട്ട് നടക്കുമ്പോൾ രാഘവൻ അപ്പനോട് ചോദിച്ചു. രാഘവനെ ചേർത്ത് പിടിച്ചുകൊണ്ട് ഒന്നും മിണ്ടാതെ അപ്പൻ നടന്നു. വയലിന്റെ വക്കത്തെത്തിയപ്പോൾ അപ്പൻ മൂത്രമൊഴിക്കാൻ ഇരുന്നു.
‘‘കുഞ്ഞപ്പന്റെ ഭാര്യയ്ക്ക് മണ്ണെണ്ണയുടെ മണം ഇഷ്ടമല്ലായിരുന്നു.’’ മൂത്രമൊഴിച്ച് എഴുന്നേൽക്കുമ്പോ അപ്പൻ പറഞ്ഞു.
‘‘രണ്ടാമത്തെ ചെക്കന് നാല് വയസ്സുള്ളപ്പോഴാ ഓള് പനി വന്ന് മരിച്ചത്. ആദ്യൊക്കെ ഓന്റെ കൂടെ പീടികേല് കണക്കെഴുതാൻ ഓളും ഇരിക്കും. മണ്ണെണ്ണേടെ നാറ്റം മൂക്കിലടിച്ചാല്‍ ഓൾക്ക് ഛർദിക്കാൻ വെരും. അതോണ്ട് ചിമ്മിണിക്കൂട് ദൂരെ വച്ചിട്ടാ ഓൾടെ എഴുത്ത്. ഓൾടെ കൂടെ അങ്ങനെ എഴുതിയെഴുതി ഓനും അത് ശീലായി. ഓള് പോയതില്‍ പിന്നേം ഓനത് മാറ്റീട്ടില്ല...’’ മൂത്രം നാറിത്തുടങ്ങിയ മണ്ണ് വിട്ട് അപ്പനും മോനും നടന്നു. ഇരുട്ടില്‍ അപ്പൻ കാണാതെ രാഘവൻ കൈ മണപ്പിച്ചു. മണ്ണെണ്ണയുടെ മണം.
‘‘നീ ഏടെ പോയതാ ഈ രാത്രീല്?’’ കുഞ്ഞപ്പ ചോദിച്ചു.
‘‘അന്ത്രൂന്റെ വീട്ടില്‍...’’ രാഘവൻ കയ്യിലെ വട്ടപ്പാത്രം അയാൾക്ക് നീട്ടി. ‘‘ഇതില്‍ കൊറച്ച് ആട്ടിറച്ചി ഉണ്ട്. വേണോ?’’
‘‘വേണ്ട, എറച്ചി തിന്നാല്‍ ഇപ്പൊ വയറ്റിന് സൂക്കേടാ. രമണി വന്നില്ലേ?’’
‘‘വിളിച്ചതാ... ഓള് വന്നില്ല.’’ ചുമരിലെ ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് രാഘവൻ പറഞ്ഞു. സമയം എട്ടു കഴിഞ്ഞിരുന്നു.
‘‘പീടിക പൂട്ടാനായില്ലല്ലോ?’’
‘‘ഇല്ല. പത്ത് മണിയാ കണക്ക്.’’
കുഞ്ഞപ്പയോട് യാത്ര പറഞ്ഞ് രാഘവൻ കണ്ടത്തിലേക്കിറങ്ങി. ഷർട്ടിന്റെ കീശയിൽനിന്ന് തീപ്പെട്ടി എടുത്തു. ഇരുട്ടില്‍ വെളിച്ചം മിന്നി. പുകയൂതിക്കൊണ്ട് രാഘവൻ വരമ്പത്തൂടെ നടന്നു. ആറു കണ്ടം കടന്നാലാണ് തോട്. തോടിനു കുറുകെ സിമന്റ് പാലം. പാലം കടന്നാൽ ഇരുവശങ്ങളിലും കശുവണ്ടി തോട്ടങ്ങൾക്ക് മധ്യേ ഒരു കുന്ന്. ആ കുന്നിന്റെ മോളിലുള്ള ഒറ്റപ്പെട്ട പ്രദേശമാണ് കാവുങ്കാട്. ഇരുപതിൽ താഴെ വീടുകൾ മാത്രമേ അവിടെയുള്ളൂ. ബസ് കയറണമെങ്കിൽ കുന്നിറങ്ങി, പാലം കടന്ന്, കണ്ടത്തിന് ഇക്കരെയെത്തണം. സ്കൂൾ കുട്ടികൾക്കാണ് ഏറ്റവും ബുദ്ധിമുട്ട്. അതിരാവിലെ ഇറങ്ങി കണ്ടം കടക്കുമ്പോഴേക്കും കുട്ടികള്‍ കിതച്ചു തുടങ്ങും.
കാവുങ്കാട്ടിന്റെ അതിര് അവസാനിക്കുന്നിടത്താണ് രാഘവന്റെ വീട്. രാഘവന്റെ ചെറുപ്പകാലത്ത് വീടിന് ചുറ്റിലും കശുവണ്ടി തോട്ടമായിരുന്നു. അന്നൊക്കെ വീടിന് അകത്തും പുറത്തും എപ്പോഴും ഇരുട്ടായിരുന്നു. രാഘവന്റെ ചെറുപ്പകാലത്തൊക്കെ അവിടെ അയാളുടെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നേ ആ സ്ഥലത്തിന് വില കുറവായിരുന്നു. പക്ഷേ, ഒറ്റപ്പെട്ട പ്രദേശമായതുകൊണ്ട് ആരും സ്ഥലം വാങ്ങിയില്ല. തെക്കു നിന്ന് റബർ ടാപ്പിങ്ങിനു വന്നവരാണ് പിന്നീട് അവിടെ സ്ഥലം വാങ്ങി വീട് വെക്കാൻ തുടങ്ങിയത്. കുടിയേറ്റ ഭൂമി എന്നാണ് പാലത്തിനിപ്പുറം ഉള്ളവർ കാവുങ്കാടിനെ വിളിക്കുന്നത്.
കശുമാങ്ങയുടെ മണങ്ങൾക്കിടയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ രാഘവന് അന്ത്രൂന്റെ കുഞ്ഞിനെ ഓർമ വന്നു. മാമാന്നും വിളിച്ചുകൊണ്ട് അവൻ മടിയിലിരുന്ന് കളിച്ചത് ഓർത്തപ്പോൾ രാഘവന് തൊണ്ടയിലൊരു കരച്ചില് തേട്ടി. രമണി കാണാതിരിക്കാൻ അയാള്‍ ലുങ്കിയുടെ അറ്റമെടുത്ത് മുഖം അമർത്തി തുടച്ചു.
‘‘മഴ കണ്ടപ്പോ ഞാൻ പേടിച്ചു.’’ വാതില്‍ തുറക്കുമ്പോൾ രമണി പറഞ്ഞു.
‘‘കുഞ്ഞപ്പമ്മോന്റെ പീടികേല് കേറി. അതാ വൈകിയേ. ഇതാ ആട്ടിറച്ചിയാ’’, രാഘവൻ പാത്രം നീട്ടി.
‘‘മാജിദ വയ്ക്കുന്ന ആട്ടിറച്ചിക്ക് നല്ല രുചിയാണ്.’’ അതും വാങ്ങിക്കൊണ്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ രമണി പറഞ്ഞു.
‘‘ഇവിടത്തെ ആടിനെ കൊല്ലാൻ നീ സമ്മതിക്കാത്തത് കൊണ്ടല്ലേ...’’ രാഘവൻ ചിരിച്ചു. രമണി മറുപടി പറഞ്ഞില്ല. അടുക്കളയില്‍ പാത്രങ്ങളുടെ ഒച്ച കേട്ടു.
മേല്‍ കഴുകാൻ കിണറ്റിൻകരയിലേക്ക് നടക്കുമ്പോഴാണ് ആട്ടിൻകൂടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് രാഘവൻ കണ്ടത്. അയാൾ വെപ്രാളത്തോടെ ഓടിച്ചെന്നു. കൂട്ടിനകത്ത് തള്ളയാട് ഉണ്ടായിരുന്നില്ല.
‘‘ഞാൻ കൂട് നന്നായി അടച്ചതാ. ഒരൊച്ചപോലും കേട്ടില്ലല്ലോ. ആ മക്കള്‍ പോലും കരഞ്ഞില്ലല്ലോ...’’ പാതിരാ വരെ ആടിനെ അന്വേഷിച്ച് തളർന്നപ്പോൾ പാലത്തിനു മുകളിലിരുന്ന് രമണി ഉറക്കെ കരഞ്ഞു.
‘‘ഓള് പോയി രമണീ. ഇനി ഈ കാവുങ്കാട്ടില് എവിടേം പരതാൻ ബാക്കിയില്ല...’’ രാഘവന്റെ ഒച്ച വിറച്ചു. രമണിയുടെ കൈപിടിച്ച് അയാൾ കുന്ന് കയറി.
അന്ന് രാത്രി ആട്ടിൻകുഞ്ഞുങ്ങളെ രമണി വീട്ടിനകത്ത് ചാക്ക് വിരിച്ച് കിടത്തി. പിറ്റേന്ന് പുലർച്ചെ മാജിദ കൊടുത്ത ആട്ടിറച്ചി മുഴുവൻ തെങ്ങിന്റെ ചോട്ടിലേക്ക് ഒഴിച്ചുകളയുമ്പോൾ അവൾക്ക് കരച്ചില് പൊട്ടി.
ഒരാഴ്ച കഴിഞ്ഞിട്ടും ആടിനെ കിട്ടിയില്ല. അതിനെ ആരോ കട്ടോണ്ട് പോയതാണെന്ന് രാഘവൻ ഉറപ്പിച്ചു. നാട്ടില്‍ അതൊരു ചർച്ചാവിഷയമായി.
പിറ്റേന്നത്തെ ആഴ്ച വൈകീട്ട് പണി കഴിഞ്ഞ് വരുമ്പോൾ, പാലത്തില്‍ വെച്ച് രാഘവൻ കാല് തെന്നിവീണു. കാല് ഉളുക്കിയെന്ന് രാഘവന് തോന്നി. വേച്ചുവേച്ചാണ് അയാൾ വീട്ടിലേക്കെത്തിയത്.
‘‘ഉളുക്കിയിട്ടൊന്നൂല്ല...’’ കാലില്‍ തൈലം പുരട്ടുമ്പോൾ രമണി പറഞ്ഞു.
‘‘ഞാനൊരു കാര്യം പറയട്ടെ..?’’ രമണി സംശയത്തോടെ രാഘവനെ നോക്കി. ‘‘നമ്മക്ക് ഈ വീടും സ്ഥലവും വിറ്റ് വേറെ എവിടേക്കെങ്കിലും മാറാം. ഇവിടെ താമസിക്കുമ്പോ ഒരു സമാധാനം കിട്ടുന്നില്ല. എപ്പഴും പ്രശ്നങ്ങള്‍...’’
‘‘നീ വെറുതെ ഓരോന്നാലോചിച്ചു കൂട്ടുന്നതാ...’’ രാഘവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പിറ്റേന്ന് കുഞ്ഞപ്പയോട് രാഘവൻ അതേക്കുറിച്ച് സംസാരിച്ചു. അപ്പനും ഒരിക്കൽ അങ്ങനെയൊന്നു പറഞ്ഞതായി ഓർത്തെടുത്തു.
‘‘മരിച്ചുപോയ ഒരു കുഞ്ഞിക്കണ്ണന്റെയായിരുന്നു ആ സ്ഥലം. അയാളുടെ പെങ്ങളാ സ്ഥലം വിൽപനക്ക് വെച്ചത്. ചെറിയ പൈസക്ക് സ്ഥലം കിട്ടുന്നുണ്ടെന്ന് എങ്ങനെയോ അറിഞ്ഞു വന്നതാ നിന്റെ അപ്പൻ. കയ്യില്‍ ഒതുങ്ങുന്ന പൈസക്ക് ഓൻ സ്ഥലം വാങ്ങീതാ. ആ സ്ഥലത്തിന് വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ല. നിനക്ക് തോന്നുന്നതാ...’’
‘‘പിന്നെ, ആ സ്ഥലത്തിന്റെ പിന്നില്‍ ഒരു കഥയുണ്ട്. അതില്‍ എത്രത്തോളം സത്യം ഉണ്ടെന്നൊന്നും അറീല. ഒരു കണിയാൻ പറഞ്ഞ കഥയാ. എന്റെ മൂത്ത മോന്റെ കല്യാണ തീയതി നോക്കാൻവേണ്ടി ഞാനും നിന്റെ അപ്പനും കൂടി ഒരു കണിയാന്റെ അടുത്ത് പോയിരുന്നു. തീയതി കുറിച്ച് തന്നേപ്പിന്നെ അയാൾക്ക് ഞാൻ കമ്മാരനെ പരിചയപ്പെടുത്തിക്കൊടുത്തു. കാവുങ്കാട്ടില് കുഞ്ഞിക്കണ്ണന്റെ സ്ഥലം വാങ്ങിയ ആളാണെന്നു പറഞ്ഞപ്പോ അയാള്‍ അർഥംവച്ച് ഒരു മൂളല്‍... നിന്റെ അപ്പന് ആ മൂളലില്‍ എന്തോ പന്തികേട് തോന്നി. അയാൾക്ക് ആ സ്ഥലത്തേക്കുറിച്ച് എന്തോ പറയാനുണ്ടെന്ന് ഓന് തോന്നി. അതേക്കുറിച്ച് ചോദിച്ചോണ്ടിരുന്നു. ഒടുക്കം ആ കണിയാൻ പണ്ട് നടന്ന ഒരു കഥ പറഞ്ഞു.’’
രാഘവൻ ആശ്ചര്യത്തോടെ കുഞ്ഞപ്പയെ നോക്കി.
കണിയാൻ പറഞ്ഞ കഥ കുഞ്ഞപ്പ രാഘവനെ പറഞ്ഞു കേൾപ്പിച്ചു.
കാവുങ്കാട്ടിലെ മുഴുവൻ സ്ഥലത്തിന്റെയും അവകാശി ഇവിടുണ്ടാരുന്ന ഒരു ഇല്ലത്തെ നമ്പൂതിരിയായിരുന്നു. അയാൾക്ക് ആകെയുള്ളത് ഒരു മോനാ. ആ ചെക്കന് ഒരു ഇരുപത് വയസ്സൊക്കെ ആയപ്പോ, ഈ നാട്ടിലുള്ള ഒരു തീയത്തി പെണ്ണിനോട് സ്നേഹം തോന്നി. ഓര് പലേ സ്ഥലങ്ങളിലും െവച്ച് കാണാനും മിണ്ടാനുമൊക്കെ തൊടങ്ങി. ഒടുക്കം ആ ബന്ധം നമ്പൂതിരി അറിഞ്ഞു. നമ്പൂതിരി ചോദിച്ചപ്പോ ചെക്കൻ പറഞ്ഞു, ഞാൻ ഓളെ മാത്രേ വേളി കഴിക്കുള്ളൂന്ന്... ഇല്ലത്ത് ആകെ ബഹളായി. നമ്പൂതിരീം മോനും തമ്മില്‍ അടിയോളം എത്തി കാര്യങ്ങള്‍.
ആ നമ്പൂതിരീടെ ഭാര്യ കൊട്ടിയൂരപ്പന്റെ വെല്ല്യ ഭക്തയായിരുന്നു. മോന്റെ മനസ്സീന്ന് ആ തീയത്തിപ്പെണ്ണിനെ ഇറക്കിക്കഴിഞ്ഞാല്‍ കൊട്ടിയൂരേക്ക് എളനീര്ക്കുലകള് ഒപ്പിക്കാന്ന് അവര്‍ നേർച്ച നേർന്നു. കൊറച്ച് മാസം കഴിഞ്ഞപ്പോ ആ ചെക്കനെ നമ്പൂതിരി പൊറത്തേക്ക് പഠിക്കാൻ അയച്ചു. വേളീടെ കാര്യൊക്കെ പഠിപ്പ് കഴിഞ്ഞിട്ട് ആലോചിക്കാന്ന് ഉറപ്പും കൊടുത്തു. പക്ഷേ ചെക്കൻ പോയതില്‍ പിന്നെ നമ്പൂതിരീം ആൾക്കാരും കൂടി ആ പെണ്ണിന്റെ അച്ഛനോട് പോയി കൊഴപ്പം കൂട്ടി. അയാള്‍ ആകെ പേടിച്ചു. ധൃതി പിടിച്ച് ആ പെണ്ണിനെ വേറെ ആർക്കോ കല്യാണം കഴിപ്പിച്ചു. അടുത്ത ഇടവമാസം പിറന്നപ്പോ നമ്പൂതിരി കൊട്ടിയൂരേക്കുള്ള ഇളനീർക്കുലകള്‍ ഒരുക്കിവെച്ചു. ഇളനീരും കൊണ്ട് പോവേണ്ടത് തീയന്മാരായ ആണുങ്ങളാ. ആ പണി നമ്പൂതിരി കുഞ്ഞിക്കണ്ണനെ ഏൽപിച്ചു. അന്ന് കുഞ്ഞിക്കണ്ണന് സ്വന്തായിട്ട് ഭൂമി ഇല്ല. കാര്യം നടത്തീട്ട് തിരിച്ചുവന്നാല്‍ സ്വന്തായിട്ട് കൊറച്ച് ഭൂമി തരാന്ന് നമ്പൂതിരി വാക്ക് കൊടുത്തു. സ്വന്തായിട്ട് മണ്ണ് കിട്ടുന്ന കാര്യത്തിന് കുഞ്ഞിക്കണ്ണൻ എതിര് പറഞ്ഞില്ല. ഇളനീരുംകൊണ്ട് തളിപ്പറമ്പും ശ്രീകണ്ഠാപുരവും ഇരിട്ടിയും ബാവലിപ്പുഴയും കടന്ന് അയാള്‍ അക്കരെ കൊട്ടിയൂരെത്തി. പെരുമാളിന്റെ മുന്നില്‍ ഇളനീര് ഒപ്പിക്കേം ചെയ്തു. തിരിച്ചു ഇല്ലത്തെത്തി. നേർച്ച വീട്ടിയ കാര്യം അറിയിച്ചു. നമ്പൂതിരി അപ്പോത്തന്നെ കുഞ്ഞിക്കണ്ണനെയും കൂട്ടീട്ട് കാവുങ്കാട്ടിലേക്ക് പോയി. കശുവണ്ടിമരങ്ങള് നെറഞ്ഞുനിക്കുന്ന ആ കാട്ടില്‍ ഉള്ളോട്ടുള്ള ഒരു സ്ഥലം ചൂണ്ടീട്ട് പറഞ്ഞു, ആടെ നീ ഒരു ചാപ്പ കെട്ടിക്കോന്ന്... ആ പാവം കുറച്ചൂടെ നല്ല സ്ഥലം പ്രതീക്ഷിച്ചുകാണും. പക്ഷെങ്കില് ആ കാട്ടുമൂല കൊടുത്ത് അവര്‍ അയാളെ പറ്റിച്ചു. അങ്ങനെയാണ് കാവുങ്കാട്ടില് കുഞ്ഞിക്കണ്ണന് സ്ഥലം കിട്ടിയത്. അയാള്‍ അവിടെ ഒരു ചാപ്പ കെട്ടി, ഭാര്യേനേംകൂട്ടി താമസോം തൊടങ്ങി.
കുഞ്ഞിക്കണ്ണൻ ആ ചാപ്പയില്‍ താമസം തൊടങ്ങിയതിന്റെ മൂന്നാം മാസത്തില്‍, പൊറത്ത് പഠിക്കാൻ പോയ നമ്പൂരിച്ചെക്കൻ തിരിച്ച് വന്നു. പെണ്ണ് വേറെ കല്യാണം കഴിച്ച് പോയതും കുഞ്ഞിക്കണ്ണൻ നേർച്ച വീട്ടാൻ വേണ്ടി പോയ കാര്യോക്കെ ആ ചെക്കൻ അറിഞ്ഞപ്പോ ആ ചെക്കൻ ബഹളംകൂട്ടി. ഒരു ദെവസം കുഞ്ഞിക്കണ്ണനെയും പരതി ചെക്കൻ കാവുങ്കാട്ടില് എത്തി. നിങ്ങക്ക് സമ്മാനം കിട്ടിയ ഈ സ്ഥലത്ത് ഒരു കാലത്തും നിങ്ങക്ക് സന്തോഷം കിട്ടൂലാന്നൊക്കെ പറഞ്ഞു. ആ ചെക്കന്റെ പ്രാക്ക് കേട്ടപ്പോ തൊട്ട് കുഞ്ഞിക്കണ്ണന് സമാധാനം ഇല്ലാതായി. ഓന്റെ ഭാര്യ പെട്ടെന്നൊരു ദെവസം പണിക്ക് പോയെടത്തൂന്ന് കല്ലുവെട്ട്കുഴീല് വീണ് മരിച്ചു. അതൂടെയായപ്പോ അയാള്‍ ആകെ പേടിച്ചു. അയാള്‍ പിന്നെ ആ ചാപ്പയില്‍ നിക്കാണ്ടായി. പെങ്ങളുടെ കൂടെ താമസം തുടങ്ങി. ആ ഇല്ലത്തെ ചെക്കനാന്നേല് ഭ്രാന്ത് മൂത്തു. ഒടുക്കം ആ നമ്പൂതിരി ആ ചെക്കനെ കോയമ്പത്തൂരോ മറ്റോ ചികിത്സക്ക് അയച്ചു. ഇല്ലവും സ്ഥലങ്ങളും ഒക്കെ അനിയന്റെ പേരില്‍ എഴുതിക്കൊടുത്ത് അയാളും ഭാര്യയുംകൂടി കോയമ്പത്തൂർക്ക് പോയി. പിന്നെ അവരെ കുറിച്ച് ഈ നാട്ടില്‍ ആർക്കും വിവരം കിട്ടീട്ടില്ല.
‘‘ഇതൊക്കെ കേട്ടപ്പോ അപ്പനെന്താ അന്ന് പറഞ്ഞത്? അപ്പന് പേടിയായോ...’’ രാഘവൻ കുഞ്ഞപ്പയെ നോക്കി.
‘‘നിനക്ക് തോന്നുന്നുണ്ടാ അങ്ങനൊക്കെ പേടിക്കുന്ന ഒരാളാണ് ഓനെന്ന്..?’’ കുഞ്ഞപ്പ ചിരിച്ചു. ‘‘അന്ന് അവിടുന്ന് ഇറങ്ങുമ്പോ ആ കണിയാൻ പറഞ്ഞു, പറ്റുമെങ്കില്‍ അവിടുന്ന് താമസം മാറണമെന്ന്. അപ്പോ നിന്റെ അപ്പൻ അയാളോട് പറഞ്ഞത് ഒരൊറ്റ കാര്യമാരുന്നു. ഒന്നും മാറീട്ടില്ല, അന്ന് നമ്പൂതിരീം നായരുമാണേല് ഇന്ന് പാവപ്പെട്ടവനെ പ്രലോഭിപ്പിച്ച് സ്വന്തം കാര്യം നേടുന്നത് ഭരണകൂടമാണെന്ന്. ആ ഒരൊറ്റ വാചകം മതിയാരുന്നു നിന്റെ അപ്പൻ ഏത് തരക്കാരൻ ആണെന്ന് അറിയാൻ.’’
‘‘നീ പറഞ്ഞില്ലേ നിന്റെ അപ്പന് ആ സ്ഥലത്തൂന്ന് താമസം മാറണം എന്ന ആഗ്രഹം ഉണ്ടായിരുന്നൂന്ന്. ആ സ്ഥലത്തിന് ഇങ്ങനൊരു നെറികെട്ട കഥ ഉണ്ടെന്ന് അറിഞ്ഞപ്പോ തൊട്ടാ ഓൻ അങ്ങനെ ചിന്തിച്ചുതുടങ്ങിയത്. ആ നമ്പൂതിരി ചെക്കന്റെയും കുഞ്ഞിക്കണ്ണന്റെയും കണ്ണീര് വീണ മണ്ണിലല്ലേ ഞങ്ങള്‍ കിടന്നുറങ്ങുന്നതെന്ന് നാട് വിടുന്നതിന്റെ രണ്ടുമൂന്നു ദിവസത്തിന് മുമ്പും ഓൻ പറഞ്ഞിരുന്നു...’’ കുഞ്ഞപ്പയുടെ ശബ്ദം ഇടറി.
‘‘ശാപം മണ്ണിനും മരങ്ങൾക്കുമൊന്നും ഏൽക്കൂലാ. പക്ഷെങ്കില് നിന്റെ അപ്പൻ പറയുന്നത് പോലെ ആ മണ്ണില്‍ രണ്ടുപേരുടെ കണ്ണീര് വീണിട്ടുണ്ട്. അതും, ചെയ്യാത്ത തെറ്റിന്.’’
രാഘവൻ കണ്ണ് തുടച്ചു. പ്ലാസ്റ്റിക് കവറും പൊതിയും എടുത്ത് എഴുന്നേറ്റു.
‘‘രമണി പേടിക്കും. നേരം ഇരുട്ടി.’’ അയാൾ പറഞ്ഞു.
മഴ കൂടിയും കുറഞ്ഞും പെയ്തുകൊണ്ടേയിരുന്നു. നനഞ്ഞുകൊണ്ട് രാഘവൻ നടന്നു. അപ്പോൾ കണിയാന്റെ അടുത്ത് നിന്നും തിരിച്ചുവരുമ്പോ കമ്മാരൻ പറഞ്ഞ മറ്റൊരു വാചകം കുഞ്ഞപ്പ ഓർത്തു.
‘‘പാവപ്പെട്ടവനെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും കാര്യം നേടുന്നവരുടെ കാലം കടന്നുപോകും. ചൂഷണം ചെയ്യപ്പെട്ടോൻ തലയുയർത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന കാലം വരിക തന്നെ ചെയ്യും കുഞ്ഞപ്പേ...’’
തണുത്ത കാറ്റ് വീശി. കറന്റ് പോയി. പീടികയിൽ ഇരുട്ട് നിറഞ്ഞു. തവളകളുടെ കരച്ചില് ഉച്ചത്തിലായി. വെളിച്ചമില്ലാതെ രാഘവൻ കണ്ടത്തിലൂടെ നടന്നു. എന്തൊക്കെയോ വിചിത്രശബ്ദങ്ങൾ അയാളെ പിന്തുടർന്നു. ഇരുതോളിലും ഇളനീർത്തണ്ടുകളും എടുത്ത് ബാവലിപ്പുഴ കടക്കുന്ന ഒരു തിയ്യനെ മനസ്സിൽ കണ്ട് അയാൾ വേഗത്തിൽ വീട്ടിലേക്ക് നടന്നു.
l