നിഷ്കളങ്കതയുടെ ജനിതകം -ജീവൻ ജോബ് തോമസിന്റെ കഥ
പണ്ട് പണ്ട്, എന്ന് പറഞ്ഞാ ഒരുപാട് നാള് മുമ്പ്, എന്റെ പപ്പ ചെറുതായിരുന്നപ്പോ, ഒരുദിവസം പപ്പയെ കാണാതെ പോയിട്ടുണ്ട്. അന്ന് പപ്പ സെന്റ് ജോസഫിൽ സിക്സ്തിലാണ് പഠിച്ചിരുന്നത്. ഒരു മൺഡേ രാവിലെ, ഞങ്ങടെ പഴയ തറവാട് വീട്ടിൽനിന്നും പപ്പ സ്കൂൾ ബാഗും തൂക്കി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു. ഇപ്പഴത്തേപ്പോലെയൊന്നും അല്ലല്ലോ, അന്ന് സ്കൂൾബസ് വീടിനടുത്തേക്ക് വരില്ല. പ്രൈവറ്റ് ബസിലായിരുന്നു പപ്പ സ്കൂളിൽ പോകുന്നത്. വീട്ടീന്ന് രണ്ട് കിലോമീറ്ററോളം നടന്നാലേ...
Your Subscription Supports Independent Journalism
View Plansപണ്ട് പണ്ട്, എന്ന് പറഞ്ഞാ ഒരുപാട് നാള് മുമ്പ്, എന്റെ പപ്പ ചെറുതായിരുന്നപ്പോ, ഒരുദിവസം പപ്പയെ കാണാതെ പോയിട്ടുണ്ട്.
അന്ന് പപ്പ സെന്റ് ജോസഫിൽ സിക്സ്തിലാണ് പഠിച്ചിരുന്നത്. ഒരു മൺഡേ രാവിലെ, ഞങ്ങടെ പഴയ തറവാട് വീട്ടിൽനിന്നും പപ്പ സ്കൂൾ ബാഗും തൂക്കി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു. ഇപ്പഴത്തേപ്പോലെയൊന്നും അല്ലല്ലോ, അന്ന് സ്കൂൾബസ് വീടിനടുത്തേക്ക് വരില്ല. പ്രൈവറ്റ് ബസിലായിരുന്നു പപ്പ സ്കൂളിൽ പോകുന്നത്. വീട്ടീന്ന് രണ്ട് കിലോമീറ്ററോളം നടന്നാലേ ബസ് സ്റ്റോപ്പിലെത്തൂ.
പപ്പ ഒറ്റക്ക്, വണ്ടിയും ആൾക്കാരും ഒന്നും അധികം വരാത്ത റോഡിലൂടെ നടക്കുമ്പോ സൈഡിൽ ഇളംപച്ച കളറുള്ള ഒരു വാൻ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. നീല കള്ളിയുള്ള ബ്ലാക്ക് ഷർട്ടിട്ട്, നല്ല പൊക്കവും വണ്ണവുമുള്ള, കണ്ടാ ഇത്തിരി പേടിയൊക്കെ തോന്നുന്ന ഒരാള് സിഗററ്റും വലിച്ച് വാനിന്റെ ഡോർ തുറന്ന് െവച്ച്, അതിനടുത്ത് ചാരിനിൽക്കുന്നുണ്ടായിരുന്നു. പപ്പക്ക് പേടിതോന്നി. വണ്ടിയുടെ അടുത്തെത്തിയപ്പഴാണ്, അകത്ത് ഡ്രൈവിങ് സീറ്റിൽ വേറെയൊരാളും ഇരിക്കുന്നത് പപ്പ കണ്ടത്. അത് മാത്രമല്ല, വണ്ടി സ്റ്റാർട്ടാക്കി നിർത്തിയിരിക്കുകയാണ്. പപ്പക്ക് ടെൻഷൻ കൂടി.
ഇവർ എന്തിനാണ് ഇങ്ങനെ നിൽക്കുന്നത് എന്നൊക്കെ സംശയിച്ച് പപ്പ പതിയെ അവരെ അവോയ്ഡ് ചെയ്ത് നടന്നുകൊണ്ടിരിക്കെ സിഗരറ്റ് വലിക്കുന്നയാൾ പപ്പയെ ശ്ശ് ശ്ശ്, എന്നൊച്ചയുണ്ടാക്കി വിളിച്ചു. പപ്പ അയാളോട് എന്താന്ന് തലയാട്ടി ചോദിച്ചപ്പോ അയാള് പപ്പയോട് നീയാണോ സെന്റ് ജോസഫിലെ സിക്സ് എയിൽ പഠിക്കുന്ന അനൂപ് ശിവദാസ് എന്ന് ചോദിച്ചു.
പപ്പ അതേന്ന് തലയാട്ടി.
“നിനക്ക് സ്റ്റാമ്പ് കലക്ഷനില്ലേ?” അയാള് ചോദിച്ചു.
ഉവ്വാന്ന് പപ്പ മറുപടി കൊടുത്തു.
പപ്പ മൂന്നാം ക്ലാസീ പഠിക്കുമ്പോ തുടങ്ങിയതാണ് സ്റ്റാമ്പ് കലക്ഷൻ. ഒന്നാം ക്ലാസുമുതല് നാലാം ക്ലാസുവരെ പപ്പ ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിലാണ് പഠിച്ചത്. അവിടെെവച്ച് പപ്പേടെ ക്ലാസ്മേറ്റായിരുന്ന ബിബിൻ ഐസക്കാണ് പപ്പക്ക് ഫിലാറ്റലിയിൽ ഇന്ററസ്റ്റുണ്ടാക്കിയത്. അഞ്ചാം ക്ലാസിലേക്ക് സെന്റ് ജോസഫിലെത്തിയപ്പോ അവിടെ സ്റ്റാമ്പ് കലക്ഷനൊള്ള ഒരുപാട് പേരുണ്ടായിരുന്നു. അപ്പോഴേക്കും ഖത്തറിലുണ്ടായിരുന്ന നാരായണനമ്മാവന്റെ ഹെൽപ് വാങ്ങി പപ്പ കൊറേ കൊറേ റെയർ സ്റ്റാമ്പുകൾ കളക്റ്റ് ചെയ്ത് അത്യാവശ്യം ക്ലാസിലെ ടോപ്പ് ഫൈവ് സ്റ്റാമ്പ് കളക്റ്റേഴ്സിന്റെ ലെവലിൽ എത്തിയിരുന്നു
“നിന്റെ കൈയില് ബ്രിട്ടീഷ് ഗയാനേടെ സ്റ്റാമ്പുണ്ടോ?” അയാള് ചോദിച്ചു.
പപ്പ ഞെട്ടിപ്പോയി. ശരിക്കും പറഞ്ഞാ പപ്പേടെ കൈയിൽ ബ്രിട്ടീഷ് ഗയാനേടെ സ്റ്റാമ്പുണ്ടായിരുന്നു. പക്ഷേ പപ്പ ആ കാര്യം രഹസ്യമാക്കി െവച്ചിരിക്കുകയായിരുന്നു. പപ്പേടെ കസിൻ ജീമോൻ മാമന്റെ കൂട്ടുകാരൻ ലിയോ ദേവസിയുണ്ട്. ലിയോ ദേവസി ഒരു ദിവസം വീട്ടിൽ വന്ന് പപ്പയുടെ കൈയീന്ന് പതിനാല് റെയർ ആഫ്രിക്കൻ നേഷൻസ് സ്റ്റാമ്പുകൾക്ക് എക്സ്ചേഞ്ചായി കൊടുത്തതാണ് അത്. മങ്ങിയ മജന്തയിൽ ബ്ലാക്ക് മഷികൊണ്ട് ഒരു ഷിപ്പിന്റെ പടം വരച്ചുെവച്ചിട്ടുള്ള ഫോർ സെന്റ്സ് എന്നെഴുതിയിട്ടുള്ള സ്റ്റാമ്പ്. പക്ഷേ, അത് ഒറിജിനൽ സ്റ്റാമ്പാണോ എന്ന് പപ്പക്ക് ഭയങ്കര ഡൗട്ടുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വെലപിടിപ്പുള്ള സ്റ്റാമ്പുകളിൽപെട്ടതാണിത് എന്നാണ് ലിയോ ദേവസി പപ്പയോട് പറഞ്ഞത്. ഇത് ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് എങ്ങനെ ചെക്ക് ചെയ്യും എന്നറിയാതെ പപ്പ കൺഫ്യൂഷനായി നടക്കുന്ന കാലമായിരുന്നു അത്.
സിഗരറ്റ് വലിക്കാരനോട് എന്ത് മറുപടി പറയും എന്നാലോചിച്ച് പപ്പ വെഷമിച്ച് നിന്നപ്പോ അയാൾ അൽപം ദേഷ്യത്തോടെ വേറൊരു കാര്യം കൂടി ചോദിച്ചു.
“നിന്റെ കൈയില് ബ്രിട്ടീഷ് ഗയാനേടെ വൺ സെന്റ് മജന്ത ഇല്ലേ? സത്യം പറയണം.”
അത് കേട്ടപ്പോ പപ്പക്ക് പിന്നേം ടെൻഷനായി. ലോകത്തെ ഏറ്റവും വെലപിടിപ്പുള്ള സ്റ്റാമ്പുകളിൽ ഒന്നാണ് ബ്രിട്ടീഷ് ഗയാനേടെ വൺ സെന്റ് മജന്താ സ്റ്റാമ്പ്. കൈയിലിരിക്കുന്നത് വൺ സെന്റ് സ്റ്റാമ്പല്ല, ഫോർ സെന്റ് സ്റ്റാമ്പാണ് എന്ന് പറയാൻ ട്രൈ ചെയ്തു. പക്ഷേ, അപ്പോഴേക്കും പപ്പക്ക് കൈയും കാലും വിറക്കാൻ തുടങ്ങി. ഒന്നും മിണ്ടാൻ പറ്റാതെയായി. കണ്ണും മിഴിച്ച് അങ്ങനെ നിന്നുപോയി. അപ്പോ അയാൾ പോക്കറ്റീന്ന് പേഴ്സെടുത്ത് തുറന്ന് അതിനകത്തുനിന്ന് കിളിക്കുഞ്ഞിനെ പുറത്തെടുക്കുമ്പോലെ സൂക്ഷിച്ച് ഒരു സ്റ്റാമ്പ് പുറത്തെടുത്ത് പപ്പക്ക് നേരെ നീട്ടി. അരികൊക്കെ പൊട്ടിപ്പൊടിഞ്ഞ് നിറം മങ്ങിയ ആ സ്റ്റാമ്പ് ഒറ്റ നോട്ടത്തിൽതന്നെ ഫിലാറ്റലിക്കാരുടെ ഡ്രീമായ ഏതോ റെയർ പീസാണെന്ന് മനസ്സിലാകും.
“ഇത് നീ കണ്ടിട്ടുണ്ടോ?” അയാൾ പപ്പയുടെ ടെൻഷൻ തണുപ്പിക്കുന്ന മട്ടിലുള്ള സൗണ്ടിൽ ചോദിച്ചു.
പപ്പ അത് കൈയിൽ വാങ്ങി. ഭയങ്കര വെലയുള്ള ഏതോ ഒന്നാണ്, പക്ഷേ ഈ സ്റ്റാമ്പിന്റെ കൺട്രിയേതാണെന്ന് തിരിയണില്ലല്ലോ ഈശ്വരാന്നാലോചിച്ച് പപ്പ ആ സ്റ്റാമ്പ് പരിശോധിച്ചു.
“നിന്റെ ബ്രിട്ടീഷ് ഗയാന സ്റ്റാമ്പിന് ഞാനിത് എക്സ്ചേഞ്ച് തരാം.” കള്ളി ഷർട്ടുകാരൻ പറഞ്ഞു.
“ഇതേതാ കൺട്രി?” പപ്പ ചോദിച്ചു.
“കണ്ടിട്ട് മനസ്സിലായില്ലേ. നീയൊരു ഫിലാറ്റലിസ്റ്റല്ലേ.”
കളറെല്ലാം പോയി ലെറ്റേഴ്സൊന്നും കാണാത്തതുകൊണ്ടാണ് പപ്പക്കത് പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാൻ പറ്റാതിരുന്നത്. പക്ഷേ സൂക്ഷിച്ച് നോക്കിയപ്പോ മങ്ങിയ റോസ് കളറിനിടയിൽ മഹാത്മാ ഗാന്ധീടെ പടം തെളിഞ്ഞു കണ്ടു.
ഇന്ത്യയുടെ സ്റ്റാമ്പിന് എന്ത് വില എന്ന മട്ടിൽ ഒരു സില്ലി ചിരി ചിരിച്ച് പപ്പ കള്ളി ഷർട്ടുകാരനെ നോക്കി.
“ഇതിന്ത്യയുടെ സ്റ്റാമ്പല്ലേ. എനിക്ക് വേണ്ട.” പപ്പ പറഞ്ഞു.
“എടാ പൊട്ടാ, നയന്റീൻ ഫോർട്ടി എയ്റ്റിലെ ടെൻ റുപ്പീ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്റ്റാമ്പിന്റെ വെലയെന്താന്ന് നിനക്കറിയാമോ?”
“എന്തായാലും ഇന്ത്യയുടെ സ്റ്റാമ്പ് എനിക്ക് വേണ്ട.” പപ്പ സ്റ്റാമ്പ് അയാൾക്ക് തിരിച്ചു കൊടുക്കാനൊരുങ്ങി.
“എനിക്ക് വേണ്ടാ, നീയതെടുത്തോ.” കള്ളിഷർട്ടുകാരൻ അങ്ങനെ പറഞ്ഞിട്ട് വണ്ടിയുടെ തുറന്നുകിടന്ന ഡോറിനടുത്തേക്ക് കൂടുതൽ ചേർന്നുനിന്നു. അപ്പോൾ പപ്പ, “എനിക്ക് വേണ്ടാ, എക്സ്ചേഞ്ചിന് എനിക്ക് താൽപര്യമില്ല” എന്ന് പറഞ്ഞ് അയാൾക്കടുത്തേക്ക് ചെന്നു.
പെട്ടെന്ന് അയാൾ പപ്പയെ തലക്ക് പിടിച്ച് തുറന്നു കെടന്ന വാനിന്റെ ഡോർ വഴി അകത്തേക്ക് ഒരു തള്ള്. ഒറ്റയടിക്ക് പപ്പ വാനിന്റെ അകത്തായി.
അയാള് വാനിലേക്ക് ചാടിക്കയറി പോവാം പോവാം എന്ന് ഉറക്കെ പറഞ്ഞ് ഡോറടച്ചു. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാൾ പെട്ടെന്ന് വണ്ടിയെടുത്തു. എന്താ സംഭവിക്കണത് എന്ന് പപ്പക്ക് മനസ്സിലാവണേന് മുമ്പേ വണ്ടി നല്ല സ്പീഡിലായി. അയ്യോ അയ്യോ... എന്ന് പപ്പ ഉറക്കെ കരഞ്ഞു. അപ്പോഴേക്കും കള്ളി ഷർട്ടിട്ടയാൾ ഒരു തുണികൊണ്ട് പപ്പയുടെ വായ പൊത്തിപ്പിടിച്ചു. കൊറച്ച് നേരം പപ്പ അയാളുടെ പിടീന്ന് രക്ഷപ്പെടാൻ ട്രൈ ചെയ്തു, പക്ഷേ, അപ്പോഴേക്കും പപ്പക്ക് പതിയെ ബോധക്കേട് വരാൻ തൊടങ്ങി. ചെലപ്പോ, അയാള് പൊത്തിപ്പിടിച്ച തുണിയിൽ ക്ലോറോഫോം പുരട്ടീട്ടുണ്ടായിരിക്കും. ഏതായാലും പപ്പ വേഗം തന്നെ മയങ്ങിപ്പോയി. പിന്നെ എന്താ നടന്നത് എന്ന് പപ്പക്ക് ഒരു ഓർമയുമില്ല.
സന്ധ്യയായിട്ടും പപ്പയെ കാണാത്തതുകൊണ്ട് അച്ഛാച്ഛനും അച്ഛമ്മയും ടെൻഷനടിച്ച് അന്വേഷിച്ചപ്പഴാണ് രാവിലെ വീട്ടീന്നെറങ്ങിയ പപ്പ സ്കൂളിലെത്തിയിട്ടില്ല എന്ന് എല്ലാവരും അറിഞ്ഞത്. അപ്പോ മുതൽ അച്ഛാച്ഛനും അച്ഛമ്മയും ബന്ധുക്കളും നാട്ടുകാരും സ്കൂളിലെ ടീച്ചേഴ്സും കുട്ടികളും പൊലീസുകാരും എല്ലാം കൂടി സെർച്ചിങ് തുടങ്ങി.
എന്റെ മോനെ ആരാ കൊണ്ടുപോയത് ദൈവമേ എന്നും പറഞ്ഞ് അച്ഛമ്മ കരയാൻ തുടങ്ങി. അത് കണ്ട് അവിടെയുള്ള വേറെ പെണ്ണുങ്ങളും കൂടെ കരഞ്ഞു. പൊലീസുകാര് വന്ന് എല്ലാരെയും ആശ്വസിപ്പിച്ച് നമുക്ക് അവനെ കണ്ടുപിടിക്കാം നിങ്ങള് കരയാതിരിക്ക് എന്ന് പറഞ്ഞു. അത് കേട്ടപ്പോ ബാക്കി പെണ്ണുങ്ങളെല്ലാം കരച്ചില് നിർത്തിയെങ്കിലും അച്ഛമ്മ കരച്ചില് നിർത്തിയില്ല. അച്ഛമ്മ തൊണ്ട പൊട്ടണപോലെ പിന്നേം പിന്നേം അലറി കരഞ്ഞുകൊണ്ടിരുന്നു.
ഒരു ഫുൾ നൈറ്റും പിറ്റേദിവസം പകലും എല്ലാവരും പപ്പയെ അന്വേഷിച്ചു. പൊന്തക്കാട്ടിലും പൊഴയിലും ഒറ്റപ്പെട്ട പറമ്പിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും സിനിമാ തിയറ്ററിലും ഒക്കെ ആളുകൾ ഓടിനടന്ന് നോക്കി. അവസാനം കാണാതായതിന്റെ പിറ്റേന്ന് രാത്രി പത്തുമണിയായപ്പഴാണ് ഒരു പൊന്തക്കാട്ടില് ചുരുണ്ടുകൂടി, സ്കൂൾ ബാഗിൽ തലെവച്ച് കെടന്ന് മയങ്ങിപ്പോയ പപ്പയെ നാട്ടുകാരും പൊലീസും കൂടി കണ്ടുപിടിച്ചത്.
മോനെ കണ്ടുകിട്ടിയതറിഞ്ഞപ്പോ അച്ഛമ്മയുടെ കരച്ചിൽ നിന്നു.
ആകെ ടയേഡായിപ്പോയ പപ്പയെ ആദ്യം ആശുപത്രിയിൽ കൊണ്ടുപോയി. അന്ന് ആശുപത്രീല് കെടന്നിട്ട് പിറ്റേദിവസം ഉച്ചയായപ്പോഴേക്കും വീട്ടിലേക്ക് കൊണ്ടുവന്നു. അച്ഛമ്മ പപ്പക്കു വേണ്ടി സ്പെഷലായിട്ട് ചിക്കൻകറിയുണ്ടാക്കി. പിന്നെ പപ്പക്ക് ഏറ്റവും ഇഷ്ടപ്പെട്ട അടപ്രഥമനും.
ഊണുകഴിച്ച്, പായസോം കുടിച്ച് പപ്പ നേരെ കട്ടിലിൽ പോയി കിടന്നു. അപ്പോതന്നെ പപ്പ ഉറങ്ങിപ്പോയി. പിറ്റേദിവസം ഉച്ചവരെ ആ ഉറക്കം കണ്ടിന്യൂ ചെയ്തു.
പപ്പയൊക്കെ വളർന്ന തറവാട് വീട് ഇപ്പഴത്തെപ്പോലെ വലിയതല്ല അന്ന്. ഇപ്പോ അച്ഛാച്ഛനും ഞങ്ങടെ ചെറിയച്ഛൻ അനീഷും കൂടി ആ വീട് പൊളിച്ച് നല്ല അടിപൊളിയായി പുതുക്കി പണിതിട്ടുണ്ട്. അന്നത്തെ വീട് ഒരു കുഞ്ഞ് ഓടിട്ട വീടാണ്. അച്ഛാച്ഛന് ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. അച്ഛമ്മക്ക് കുറേ പശുവും ആടും കോഴിയും പിന്നെ കുറച്ച് നെൽപാടവും ഉണ്ടായിരുന്നു. അതൊക്കെ കൊണ്ടാണ് അവര് പപ്പയേയും പപ്പയുടെ ചേച്ചി അഞ്ജന വല്ല്യമ്മേനേം അനിയൻ അനീഷ് ചെറിയച്ഛനെയും വളർത്തിവലുതാക്കിയത്.
പപ്പയെ ആരാണ് കിഡ്നാപ് ചെയ്തത് എന്നറിയാതെ എല്ലാവരും കൺഫ്യൂസ്ഡായിരുന്നു. റിയലി എന്താണ് ഉണ്ടായത് എന്നറിയണമല്ലോ. പപ്പയോട് കാര്യങ്ങൾ ചോദിക്കാനായി ഒരു പൊലീസ് സബ് ഇൻസ്പെക്ടറും രണ്ട് കോൺസ്റ്റബിൾമാരും കൂടി വീട്ടിലേക്ക് വന്നു.
അവർ വന്നപ്പഴും പപ്പ ഉറക്കത്തിൽതന്നെയായിരുന്നു. അച്ഛാച്ഛൻ പൊലീസുകാരെ പപ്പ കിടന്നുറങ്ങുന്ന റൂമിലേക്ക് കൊണ്ടുപോയി. ചുരുണ്ടുകിടന്നുറങ്ങുന്ന പപ്പയെ എസ്.ഐ കുറച്ചു നേരം നോക്കിനിന്നു. അയാൾക്ക് റീസന്റായിട്ടാണ് കുട്ടിയുണ്ടായത്. കല്യാണം കഴിച്ച് പന്ത്രണ്ട് കൊല്ലം കഴിഞ്ഞ്, ഒരുപാട് ട്രീറ്റ്മെന്റും പ്രാർഥനേം ചെയ്തിട്ടാണ് അത് നടന്നത്. ഉറങ്ങുന്ന പപ്പയെ കണ്ടപ്പോ എസ്.ഐക്ക് അയാളുടെ കുഞ്ഞുവാവയുടെ ക്യൂട്ടായിട്ടുള്ള മുഖം ഓർമവന്നിട്ടുണ്ടാവും. ഇവനൊറങ്ങട്ടേ, ഞാൻ നാളെ വന്ന് ചോദിച്ചോളാമെന്ന് പറഞ്ഞ് അയാളന്ന് തിരിച്ചു പോയി.
പിറ്റേന്ന് വൈകുന്നേരം അയാള് പിന്നേം വീട്ടിലേക്ക് വന്നു. അച്ഛമ്മ പപ്പയെ എണ്ണതേപ്പിച്ച് കുളിപ്പിച്ച്, നല്ല ഡ്രസൊക്കെ ഇടീപ്പിച്ച് വീട്ടിലെ വിസിറ്റിങ് റൂമിലെ പച്ചനിറത്തിലുള്ള പഴയ ഇരുമ്പ് കസേരയിൽ ഇരുത്തി. എസ്.ഐ പപ്പക്ക് ഓപ്പോസിറ്റായിട്ട് പ്ലാസ്റ്റിക് വള്ളികെട്ടിയ റൗണ്ട് കസേരയിൽ വന്നിരുന്നു. എസ്.ഐ പപ്പയെ നോക്കി സ്നേഹത്തോടെ ചിരിച്ചു. പപ്പക്ക് ചിരിക്കാൻ പറ്റിയില്ല. ആകെ ക്ഷീണിച്ചിരിപ്പല്ലേ.
“പേടിക്കണ്ട. എന്താ പറ്റീത് ന്ന് അനൂപ് ധൈര്യായിട്ട് പറഞ്ഞോ”, എസ്.ഐ പറഞ്ഞു.
പപ്പ കുറച്ചുനേരം കൂടി ഒന്നും മിണ്ടാതെയിരുന്നു. പിന്നെ പതിയെ ബ്രിട്ടീഷ് ഗയാനേടെ വൺ സെന്റ് മജന്താ സ്റ്റാമ്പിന് വേണ്ടി നീലക്കള്ളിയുള്ള ബ്ലാക്ക് ഷർട്ടിട്ടയാൾ ഇളംപച്ച കളറുള്ള വാനിൽ പിടിച്ചുകയറ്റിക്കൊണ്ടുപോയത് പറഞ്ഞുകൊടുത്തു. വണ്ടിയിലേക്ക് പിടിച്ചുകയറ്റിയിട്ട് ക്ലോറോഫോം മണപ്പിച്ചതും ബോധംകെട്ട് പോയതും പപ്പ കംപ്ലീറ്റായിട്ടും എക്പ്ലെയ്ൻ ചെയ്തു. ബോധം പോയിക്കഴിഞ്ഞിട്ട് ഉണ്ടായ കാര്യങ്ങളെ കുറിച്ച് പപ്പക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. എസ്.ഐ തിരിച്ചും മറിച്ചും ചോദിച്ചു. ഒരു മണിക്കൂർ അതുതന്നെ ചോദിച്ചു. പക്ഷേ, ഒരു രക്ഷയുമില്ല. ബോധം പോയില്ലേ, പിന്നെ ഞാനെങ്ങനെ അതൊക്കെ അറിയും എന്നുതന്നെ പപ്പ റിപ്പീറ്റ് ചെയ്തുകൊണ്ടിരുന്നു.
എസ്.ഐക്ക് ശരിക്കും ദേഷ്യം വന്നു. പക്ഷേ, അയാളത് ഒട്ടും പുറത്ത് കാട്ടിയില്ല. സ്നേഹത്തോടെ തന്നെ അയാൾ ക്വസ്റ്റ്യനിങ് തുടർന്നു.
“എന്നിട്ട് നിന്റെ സ്റ്റാമ്പിന് എന്ത് പറ്റി?” എസ്.ഐ ചോദിച്ചു.
ആ ചോദ്യം കേട്ടപ്പോൾ പപ്പ കുറച്ച് ഡിസ്റ്റർബ്ഡായി. പപ്പ ഒന്നും മിണ്ടിയില്ല.
“നീ നിന്റെ സ്റ്റാമ്പുകൾ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നോ?” എസ്.ഐ പിന്നേം ചോദിച്ചു. പപ്പ ‘ഉവ്വ’ എന്ന മട്ടിൽ തലയാട്ടി.
“സ്റ്റാമ്പുകളൊക്കെ ഇപ്പഴും നിന്റെ സ്കൂൾബാഗിലുണ്ടോ?” എസ്.ഐ ചോദിച്ചു.
“ഞാൻ ഇതുവരെ നോക്കിയില്ല”, പപ്പ പറഞ്ഞു.
എസ്.ഐ അച്ഛാച്ഛനെ നോക്കി.
“ഇവനെ വീട്ടിലേക്ക് കൊണ്ടുവന്ന് ആകെ ബഹളമല്ലായിരുന്നോ, സ്കൂളിൽ പോകാത്തതുകൊണ്ട് ബാഗ് ആരും തുറന്നിട്ടേയില്ല”, അച്ഛാച്ഛൻ പറഞ്ഞു.
“നിന്റെ ബാഗിങ്ങെടുത്തുകൊണ്ട് വാ”, എസ്.ഐ പറഞ്ഞു.
പപ്പ കസേരയിൽനിന്നും തളർന്ന മട്ടിൽ എഴുന്നേറ്റ് നടന്ന് മുറിയുടെ മൂലയിലുള്ള ടേബിളിലിരുന്ന ബാഗെടുത്തുകൊണ്ടു വന്ന് എസ്.ഐയെ ഏൽപിച്ചു.
“ഇതിൽ നിന്റെ സ്റ്റാമ്പുണ്ടോന്ന് നോക്ക്”, എസ്.ഐ പറഞ്ഞു.
പപ്പ ബാഗ് തുറന്ന് ബുക്കുകളുടെ ഇടയിൽ സ്പെഷലായി സൂക്ഷിച്ചിരുന്ന സ്റ്റാമ്പുകളുടെ ആൽബം കണ്ടുപിടിച്ചു. അത് എസ്.ഐക്ക് നേരെ നീട്ടി. എസ്.ഐ ആൽബം വാങ്ങിയിട്ട് മറിച്ചുനോക്കി. പകുതിയോളം പേജുകളിൽ സ്റ്റാമ്പുകൾ അറേഞ്ച് ചെയ്ത് െവച്ചിട്ടുണ്ട്.
“എവിടെ, നിന്റെ ബ്രിട്ടീഷ് ഗയാന സ്റ്റാമ്പെവിടെ?” എസ്.ഐ ചോദിച്ചു.
പപ്പ ആൽബം തിരിച്ചു വാങ്ങിച്ച് അതിൽ ബ്രിട്ടീഷ് ഗയാന സ്റ്റാമ്പ് െവച്ചിരുന്ന സ്ഥലം പരിശോധിച്ചു.
പക്ഷേ, ആ സ്റ്റാമ്പ് അതിലുണ്ടായിരുന്നില്ല. അതിന്റെ പ്ലേയ്സില് മഹാത്മാ ഗാന്ധിയുടെ പടമുള്ള ഇന്ത്യയുടെ ടെൺ റുപ്പി സ്റ്റാമ്പ്!
പപ്പ അത് എസ്.ഐയെ കാണിച്ചുകൊടുത്തു.
“ഇതാണ് അയാൾ എനിക്ക് എക്സ്ചേഞ്ച് ചെയ്യാമെന്ന് പറഞ്ഞത്.”
എസ്.ഐ പപ്പയുടെ കൈയിൽനിന്നും ആൽബം തിരിച്ചുവാങ്ങിച്ച് ആ സ്റ്റാമ്പ് ഡീറ്റേലായി പരിശോധിച്ചു.
നയന്റീൻ ഫോർട്ടി എയ്റ്റിൽ ഇറക്കിയ ടെൺ റുപ്പീ സ്റ്റാമ്പാണ് അതെങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ അത് വളരെ പുതിയ സ്റ്റാമ്പായി തോന്നുമായിരുന്നു. മഹാത്മാ ഗാന്ധിയുടെ പടം നല്ല ബ്രൈറ്റായി നിൽക്കുന്നു. അരികുകൾക്കൊന്നും ഒരു കേടും പറ്റിയിട്ടില്ല. കളറിത്തിരിപ്പോലും മങ്ങിയിട്ടില്ല. നല്ല പുതുപുത്തൻ സാധനം.
“അനൂപേ, ഇത് ഒറ്റനോട്ടത്തിൽ തന്നെ ഡ്യൂപ്ലിക്കേറ്റാണെന്ന് മനസ്സിലാകുമല്ലോടാ. കണ്ടില്ലേ, നാൽപ്പത്തിയെട്ടിലെ സ്റ്റാമ്പ് നല്ല പുത്തനായിട്ട് തിളങ്ങുന്നത്” എസ്.ഐ പറഞ്ഞു.
പപ്പ എസ്.ഐയുടെ കൈയിൽനിന്നും സ്റ്റാമ്പ് വാങ്ങി നോക്കി. ശരിയാണ്, അത് ഡ്യൂപ്ലിക്കേറ്റാണെന്ന് പറയാൻ കോമൺസെൻസ് മതി. പപ്പ ആ സ്റ്റാമ്പിൽതന്നെ കുറെനേരം നോക്കിനിന്നു.
“അവരെന്നെ പറ്റിച്ചതാ. ബ്രിട്ടീഷ് ഗയാനക്ക് പകരം നയന്റീൻ ഫോർട്ടി എയ്റ്റ് ടെൺ റുപ്പി മഹാത്മാ ഗാന്ധി ഇന്ത്യൻ ആയിരുന്നാലും കൊഴപ്പമില്ലായിരുന്നു. അതിന് നല്ല വെലയുണ്ട്. പക്ഷേ, അവരെന്റെ കൈയ്യീന്ന് ബ്രിട്ടീഷ് ഗയാന കട്ടെടുത്തിട്ട്, ഡ്യൂപ്ലിക്കേറ്റ് തന്ന് പറ്റിച്ചതാ”, പപ്പ ഏങ്ങലടിച്ച് കരയാൻ തുടങ്ങി.
എസ്.ഐ പപ്പയെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു. എസ്.ഐയുടെ നോട്ടം കണ്ടപ്പോ പപ്പയുടെ കരച്ചിൽ പതിയെ ഇല്ലാതായി.
എസ്.ഐ പപ്പയെ അടുത്തേക്ക് വിളിച്ചുചേർത്ത് നിർത്തി.
“അനൂപൊന്നുകൊണ്ടും പേടിക്കണ്ട. നിന്നെ തട്ടിക്കൊണ്ട് പോയത് ആരായാലും ഞങ്ങളവരെ പൊക്കും. നിന്റെ സ്റ്റാമ്പ് ഞങ്ങള് തിരികെ വാങ്ങിക്കൊണ്ടുതരും. മോൻ ധൈര്യായിട്ട് സ്കൂളിപ്പൊക്കോ, ട്ടോ...”
എസ്.ഐ പപ്പയെ സമാധാനിപ്പിച്ച് വീടിന്റെ പുറത്തേക്ക് കടന്നു. എന്നിട്ട് അച്ഛാച്ഛനെ വിളിച്ച് മുറ്റത്തെ വലിയ മാവിന് ചുവട്ടിലേക്ക് മാറിനിന്ന് സ്വകാര്യം പറഞ്ഞു.
“അനൂപ് പറയണത് ഒന്നും ഞങ്ങൾക്കങ്ങനെ വിശ്വാസായിട്ടില്ല. ഞങ്ങള് കൊറേ അന്വേഷിച്ചു. ഇവൻ സ്കൂളിലേക്കാണെന്നും പറഞ്ഞെറങ്ങീട്ട് എവടേങ്കിലും ഒക്കെ ഒളിച്ചിരുന്നിട്ട് ഫുൾ സ്റ്റോറി ബിൽഡ് ചെയ്ത് നമ്മടെ മുമ്പില് പ്രസന്റ് ചെയ്യണതാണ്.”
അത് കേട്ട് അച്ഛാച്ഛന്റെ ടെൻഷൻ കൂടി.
“അതെന്തിനാ അവനങ്ങനെയൊക്കെ ചെയ്യണത്?” അച്ഛാച്ഛൻ ചോദിച്ചു.
“പിള്ളേര് അറ്റെൻഷൻ കിട്ടാൻവേണ്ടി അങ്ങനെ പലേ ടാക്റ്റിക്സും കാണിക്കും. ചെലപ്പോ സ്കൂളിൽ ടീച്ചേഴ്സെന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും. അല്ലെങ്കി നിങ്ങള് അച്ഛനമ്മമാരുമായിട്ട് എന്തെങ്കിലും പ്രോബ്ലമുണ്ടാവും. എന്താണ് റിയൽ റീസണെന്ന് അവനേക്കൊണ്ട് ഞാൻ പറയിപ്പിക്കാം. പക്ഷേ, ഇപ്പോ ക്വസ്റ്റ്യൻ ചെയ്തപോലെ സ്നേഹത്തിലൊന്നും പറ്റില്ല. ശരിക്കും കള്ളന്മാരെ ചോദ്യം ചെയ്യണപോലെ രണ്ട് വെരട്ടല് വെരട്ട്യാ ചെക്കൻ എല്ലാ സത്യോം പറയും. പക്ഷേ, അവനൊരുപാട് പേടിക്കും. ചെറിയ പ്രായല്ലേ. അങ്ങനെയൊക്കെ പേടിച്ചാ അവൻ വലുതാകുമ്പോ കൂടുതല് ബുദ്ധിമുട്ടുണ്ടാകും.”
“അപ്പോ പിന്നെ എന്താ ചെയ്യേണ്ടത്?”
“അവന്റെ പ്രശ്നം എന്താന്ന് നിങ്ങള് തന്നെ കണ്ടുപിടിച്ച് അതങ്ങ് പരിഹരിച്ച് കൊടുക്ക്. അതായിരിക്കും കൂടുതൽ നല്ലത്”, എസ്.ഐ പറഞ്ഞു.
അത് കേട്ടപ്പോ അച്ഛാച്ഛൻ കുറച്ചുനേരം ആലോചിച്ചു. എന്തായിരിക്കും പപ്പ ഇങ്ങനെ ബിഹേവ് ചെയ്യാനുള്ള കാരണം? കുറച്ച് നേരം ആലോചിച്ചപ്പോ അച്ഛാച്ഛന് ഒരു ആൻസറ് തെളിഞ്ഞുവന്നു.
കുറച്ചു നാളായി അച്ഛാച്ഛനും പപ്പയും തമ്മിൽ ഒരു പ്രോബ്ലമുണ്ടായിരുന്നു. പപ്പ അച്ഛാച്ഛനോട് ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങി തരണമെന്ന് പറഞ്ഞു. അച്ഛാച്ഛന് അത് കേട്ട് ദേഷ്യം വന്നു. ചെറിയ സാലറീല് ജോലിചെയ്ത് മൂന്ന് പിള്ളേരെ വളർത്തണേന്റെ സ്ട്രഗിളൊക്കെ പറഞ്ഞ് അച്ഛാച്ഛൻ ബാറ്റ് വാങ്ങിക്കൊടുക്കാൻ പറ്റില്ലാന്ന് പറഞ്ഞു. അതിന്റെ പേരില് പപ്പ വീട്ടില് പലതരത്തിൽ ബഹളമുണ്ടാക്കി നോക്കി. പക്ഷേ, അച്ഛാച്ഛൻ വഴങ്ങിയില്ല.
“ഒരു കാര്യം വേണമെന്ന് െവച്ചാ എന്ത് ടാക്ക്റ്റിക്സ് കാണിച്ചും അത് വാങ്ങിച്ചെടുക്കുന്ന ഒരു ബിഹേവിയറുള്ളയാളാണ് അനൂപ്. ബാറ്റ് വാങ്ങി തന്നില്ലെങ്കി സൂയിസൈഡ് ചെയ്യൂന്നൊക്കെ പറഞ്ഞ് അവനെന്നെ പേടിപ്പിക്കാൻ നോക്കിയിരുന്നു”, അച്ഛാച്ഛൻ പറഞ്ഞു.
എസ്.ഐക്ക് ആ പറഞ്ഞത് ശരിയായിരിക്കും എന്ന് തോന്നി. അയാൾ ചിരിച്ചു.
“ചെലപ്പോ ഈ കിഡ്നാപ്പിങ് നാടകം ബാറ്റ് വാങ്ങിച്ചെടുക്കാനുള്ള ബ്ലാക്ക് മേയ്ലിങ്ങായിരിക്കും. ഒരു ബാറ്റല്ലേ ശിവദാസാ, വാങ്ങിച്ച് കൊടുത്തേക്ക്. ചെക്കന്റെ വെഷമം തീരട്ടേ”, എസ്.ഐ പറഞ്ഞു.
വെറുതേ സമയം മെനക്കെടുത്തിയതിന് പപ്പയോട് എസ്.ഐക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ അയാള് അയാൾടെ കുഞ്ഞുവാവയെ കുറിച്ച് പിന്നേം ആലോചിച്ചു. ആ കുഞ്ഞ് വല്ല്യതായി വരുമ്പോ ഇതേപോലെ എന്തൊക്കെ ടാക്റ്റിക്സായിരിക്കും കാണിക്കാൻപോകുന്നത് എന്നാലോചിച്ചപ്പോ ലേശം ടെൻഷനും ആയി. കേസൊക്കെ ഞങ്ങള് ക്ലോസ് ചെയ്യുവാണ് എന്ന് പറഞ്ഞ് അയാള് പോയി.
പിറ്റേദിവസം രാവിലെ അച്ഛമ്മയും അച്ഛാച്ഛനും കൂടി പപ്പയെ വിളിച്ചെഴുന്നേൽപിച്ചു. പക്ഷേ, പപ്പ കട്ടിലിൽ ചുരുണ്ടുകൂടി ഒരേ കിടപ്പ് തന്നെ. തല പൊക്കിപ്പോലും നോക്കാതെ അമ്മയോടും അച്ഛനോടും അനിയനോടും ചേച്ചിയോടും ഒന്നും മിണ്ടാതെ, ചോറും ചായയും ഒന്നും നേരെ ചൊവ്വേ കഴിക്കാതെ അതേ കിടപ്പ്. സാറ്റർഡേ മുഴുവനും അങ്ങനെതന്നെ പോയി.
“ക്രിക്കറ്റ് ബാറ്റ് കിട്ടാതെ അവൻ സ്കൂളീപ്പോവൂല്ല. ഞാൻ പോയി ഒരു ബാറ്റ് വാങ്ങിക്കൊണ്ട് വരാം”, സൺഡേ വൈകുന്നേരമായപ്പോ അച്ഛാച്ഛൻ അച്ഛമ്മയോട് പറഞ്ഞു.
പക്ഷേ, ബാറ്റ് വാങ്ങിക്കൊടുക്കുന്നത് നല്ലതല്ല എന്ന ഒപ്പീനിയനായിരുന്നു അച്ഛമ്മക്ക്. പൊലീസുകാര് പോയികഴിഞ്ഞപ്പോ മുതലേ അച്ഛാച്ഛൻ ബാറ്റ് വാങ്ങാം വാങ്ങാം എന്ന് പറയാൻ തുടങ്ങിയതാണ്. പക്ഷേ അച്ഛമ്മ അച്ഛാച്ഛനെ നല്ല ചീത്ത പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോ വാശിപിടിച്ച് ക്രിക്കറ്റ് ബാറ്റ് വാങ്ങിയാൽ നാളെ വേറെയെന്തെങ്കിലും കാര്യം വരുമ്പോ ചെക്കൻ ഇതിലും വലിയ ടാക്റ്റിക്സല്ലേ കാണിക്കാൻ പോകുന്നത്? ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങുന്നത് ചെക്കന്റെ സ്വഭാവത്തെ കൂടുതൽ മോശമാക്കും. എന്തുവന്നാലും ആവശ്യമില്ലാതെ ഇങ്ങനെ ഓരോന്ന് വാങ്ങിക്കാൻ ഞാൻ സമ്മതിക്കില്ല. അച്ഛമ്മ തറപ്പിച്ചു പറഞ്ഞു.
അച്ഛാച്ഛന് പക്ഷേ, ഇത് അത്ര വലിയ ബ്ലാക്ക് മെയ്ലിങ്ങായിട്ടൊന്നും തോന്നിയില്ല. കുട്ടിയല്ലേ. ഇതൊക്കെ അവന്റെ നിഷ്കളങ്കതയാണ്. വലുതാകുമ്പോ അതൊക്കെ മാറും. എല്ലാവരും ഇങ്ങനെയൊക്കെയല്ലേ കാര്യങ്ങൾ സാധിക്കുന്നത്.
“ഈ പറയുന്ന നീ തന്നെ ഒാരോരോ കാര്യങ്ങള് എന്നേക്കൊണ്ട് സാധിക്കുന്നത് എത്രയെത്ര ടാക്റ്റിക്സുകൊണ്ടാണ്. അതൊക്കെ ബ്ലാക്ക് മെയ്ലിങ്ങാണെന്ന് ഞാൻ പറയുന്നുണ്ടോ?” അച്ഛാച്ഛൻ ചോദിച്ചു.
അത് കേട്ടപ്പോ അച്ഛമ്മേടെ ദേഷ്യം കൂടി.
“ഞാൻ സമ്മതിക്കാതെ നിങ്ങളെങ്ങാൻ ക്രിക്കറ്റ് ബാറ്റും വാങ്ങി ഇവടെ വന്നാ, വെട്ടിക്കണ്ടിച്ച് ഞാനത് അടുപ്പില് വെയ്ക്കും”, അച്ഛമ്മ അലറി.
“ഇപ്പോ നമ്മളത് വാങ്ങിക്കൊടുത്തില്ലെങ്കി, ഫ്യൂച്ചറില് ഇതുപോലുള്ള കാര്യങ്ങളുണ്ടാകുമ്പോ അവൻ അവന്റെ പരിചയത്തിലുള്ള ഏതെങ്കിലും മോശം കൂട്ടുകാരുടെ കൂടെ ചേർന്ന് എന്തെങ്കിലും മോശം കാര്യങ്ങളൊക്കെ ചെയ്ത് കാര്യങ്ങൾ സാധിക്കാൻ തുടങ്ങും. അങ്ങനെ അവനാകെ സ്പോയിൽഡാകും. പിള്ളേര് മോഷ്ടിക്കാനും മയക്കുമരുന്ന് കടത്താനും ഒക്കെ പോകുന്നത് ഇതുപോലെയുള്ള സിറ്റ്വേഷൻസുണ്ടാകുമ്പഴാണ്. അതാണോ നിനക്ക് വേണ്ടത്”, അച്ഛാച്ഛന് ശരിക്കും ദേഷ്യംവന്നു.
“നീയെന്ത് പറഞ്ഞാലും ഞാനത് വാങ്ങിക്കൊടുക്കാൻ പോവ്വാണ്”, അച്ഛാച്ഛൻ തീരുമാനിച്ചു. ഫ്യൂച്ചറിൽ പപ്പ ഒരു മയക്കുമരുന്നു സ്മഗ്ലറാവുമോ എന്ന് പേടിച്ച് തൽക്കാലത്തേക്ക് മിണ്ടാതിരിക്കാൻ അച്ഛമ്മ റെഡിയായി.
സൺഡേ ആയിരുന്നതുകൊണ്ട് അച്ഛമ്മയുടെ അനിയൻ ബാലൻ മാമൻ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു. അച്ഛാച്ഛൻ ബാലൻ മാമനോട് പപ്പേടെ പാകത്തിനൊരു ക്രിക്കറ്റ് ബാറ്റ് വാങ്ങിക്കൊണ്ട് വാ എന്ന് പറഞ്ഞു. ബാലൻ മാമൻ പോയി സിക്സ്തില് പഠിക്കുന്ന കുട്ടിക്ക് പറ്റിയ ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങി കൊണ്ടുവന്നു.
ബാലൻ മാമനും അച്ഛാച്ഛനും കൂടി ബെഡ് റൂമിൽ ചെന്ന്, കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന പപ്പയെ വിളിച്ചു.
“അനൂപേ, ദേ നോക്ക്, ഇതാ നിനക്ക് ക്രിക്കറ്റ് ബാറ്റ് വാങ്ങീട്ടുണ്ട്.”
അച്ഛാച്ഛന്റെ സൗണ്ട് കേട്ട് പപ്പ ഒന്നും മിണ്ടാതെ, അനങ്ങാതെതന്നെ കിടന്നു.
“മോനേ, എഴുന്നേൽക്ക്, ദേ നിന്റെ ബാറ്റൊന്ന് നോക്ക്”, ബാലൻ മാമൻ പറഞ്ഞു.
ബാലൻ മാമന്റെ സൗണ്ട് കേട്ടപ്പോ പപ്പക്ക് അനക്കംെവച്ചു. പതിയെ തലയുയർത്തി നോക്കി. മാമന്റെ കൈയിലിരിക്കുന്ന ക്രിക്കറ്റ് ബാറ്റ് കണ്ട് പപ്പയുടെ മുഖം തെളിഞ്ഞു. പപ്പ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റ് മാമന്റെ കൈയിൽനിന്നും ബാറ്റ് വാങ്ങി. തനിക്ക് പറ്റുന്നതാണോ എന്ന് ചെക്ക് ചെയ്തു. വെയിറ്റും ലെങ്ത്തും എല്ലാം തനിക്ക് പറ്റുന്നതുതന്നെ എന്ന് മനസ്സിലാക്കി പപ്പ ആവേശത്തോടെ ഒരു സ്ട്രേറ്റ് ഡ്രൈവ് ആക്ഷൻ ട്രൈ ചെയ്തു.
അച്ഛാച്ഛൻ ഹാപ്പിയായി. ഇതൊക്കെ നോക്കിക്കൊണ്ട് മുറിയുടെ വാതിൽക്കൽ അച്ഛമ്മ ദേഷ്യം പിടിച്ചുനിൽക്കുന്നുണ്ടായിരുന്നു. കണ്ടില്ലേ, ഇത്രേ ഒള്ളൂ കാര്യം എന്ന മട്ടിൽ അച്ഛാച്ഛൻ അച്ഛമ്മയെ നോക്കി. അച്ഛമ്മ ഇഷ്ടക്കേട് കാണിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.
മൺഡേ രാവിലെ ബാഗിന്റെ കൂടെ പുതിയ ക്രിക്കറ്റ് ബാറ്റും കൈയിൽ പിടിച്ച് പപ്പ വീട്ടിൽനിന്നും ബസ് സ്റ്റോപ്പിലേക്ക് നടന്നു. ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന മുഴുവൻ സ്കൂൾ കുട്ടികളെയും അസൂയപ്പെടുത്തിക്കൊണ്ട് ബാറ്റും കൈയിൽ പിടിച്ച് പപ്പ ബസുകാത്ത് നിന്നു.
എയ്റ്റ് തേർട്ടിയുടെ അമ്പിളി ബസിൽ ഒടുക്കത്തെ തിരക്കാണ്. ആ തിരക്കിന്റെ ഇടയിലേക്ക് ബാറ്റും പിടിച്ച് പപ്പ തള്ളിക്കയറി. ക്രിക്കറ്റ് ബാറ്റൊക്കെ മൂലക്കേക്ക് സൂക്ഷിച്ച് മാറ്റിപ്പിടിക്ക് എന്ന് കണ്ടക്ടർ വിളിച്ച് പറഞ്ഞു. ബസിലെ പിറകുവശത്ത് നിൽക്കുന്ന ആൾക്കാരു മുഴുവനും ബാറ്റുമായി കയറിയത് ആരടാന്നൊള്ള മട്ടില് നോക്കാൻ തുടങ്ങി. അഭിമാനം പപ്പയുടെ മുഖത്ത് സ്പെഷലായിട്ടുള്ള ഒരു ചിരിയായി വിരിഞ്ഞുവന്നു. ചിരിയും കൊണ്ട് ബസിന്റെ ബാക്ക്സൈഡിലുള്ള ഫ്രീ സ്പേസിലേക്ക് ബാറ്റും ഒതുക്കിപ്പിടിച്ച് പപ്പ മാറിനിന്നു.
സെന്റ് ജോസഫിലെ സിക്സ് ഏയും സിക്സ് ബിയും തമ്മിൽ വരുന്ന വെള്ളിയാഴ്ച ഒരു ക്രിക്കറ്റ് മാച്ച് ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നു. സിക്സ് എക്ക് കളിക്കാൻ നല്ല ബാറ്റില്ല, ആരു ബാറ്റു കൊണ്ടുവരും എന്ന് പറഞ്ഞ് ക്ലാസിൽ ഭയങ്കര ഡിസ്കഷൻ നടക്കുന്നുണ്ടായിരുന്നു. അന്ന് രാവിലെ ക്രിക്കറ്റ് ബാറ്റുമായി പപ്പ ക്ലാസിലേക്ക് കയറിച്ചെന്നപ്പോൾ ബോയ്സിന്റെ ഭാഗത്ത് ഒരു ചെറിയ “വൗ” സൗണ്ട് പൊങ്ങി. ബോയ്സു മുഴുവനും പപ്പയെ അസൂയയോടെ നോക്കി. പപ്പ ബാറ്റ് ക്ലാസിന്റെ ബാക്ക്സൈഡിലുള്ള കോർണറിൽ കൊണ്ടുപോയി െവച്ചു. ടീച്ചർമാര് ക്ലാസെടുത്തുകൊണ്ടിരുന്നപ്പോ ഫുൾടൈം പപ്പ ബാറ്റിലേക്ക് ഒളികണ്ണിട്ടു നോക്കിക്കൊണ്ടിരുന്നു.
സ്കൂൾ വിട്ട് കഴിഞ്ഞ് വൈകുന്നേരം പപ്പ കളിക്കാനായി ഗ്രൗണ്ടിലേക്ക് ചെന്നു. ബാറ്റുണ്ടായിരുന്നതുകൊണ്ട് പപ്പയെ എല്ലാവരും സചിനെ എന്നപോലെ വരവേറ്റു. ടീം ബാറ്റ് ചെയ്തപ്പോ കൂടെയുള്ളവർ പപ്പയോട് ഓപണിങ് ചെയ്തോളാൻ പറഞ്ഞു. പപ്പ അന്ന് ഒരു സിക്സറും രണ്ട് ബൗണ്ടറികളും അടക്കം ഇരുപത്തിമൂന്ന് റൺസടിച്ചു. കളി കഴിഞ്ഞപ്പോ എല്ലാവരും പപ്പയെ കൺഗ്രാജുലേറ്റ് ചെയ്തു. വെള്ളിയാഴ്ച സിക്സ് ബിയുമായി നടക്കാൻ പോകുന്ന മാച്ചിൽ പപ്പ തന്നെ ബാറ്റിങ് ഓപൺ ചെയ്യട്ടേ എന്ന് അവരെല്ലാം കൂടി നിശ്ചയിച്ചു. പപ്പയുടെ ലൈഫിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു അത്.
നമുക്ക് വേണ്ട കാര്യം നേടിയെടുക്കണമെങ്കിൽ ഒരുപാട് കഷ്ടപ്പെടേണ്ടിവരും എന്ന് പപ്പ എന്റെടുത്ത് എപ്പഴും പറയും. ഒരുപാട് വെഷമങ്ങള് സഹിക്കേണ്ടിവരും. നമുക്ക് വേണ്ടപ്പെട്ടത് ചെലപ്പോ വിട്ടുകളയേണ്ടി വരും. ചെലപ്പോ നല്ല വേദനയെടുക്കും. നമ്മള് നൊണ പറഞ്ഞതാണെന്നും നമ്മള് കള്ളനാണെന്നും, ആരെ വേണമെങ്കിലും പറ്റിച്ച് സ്വന്തം കാര്യം നേടുന്നയാളാണെന്നും ഒക്കെ മറ്റുള്ളവര് കുറ്റം പറയും. പക്ഷേ, അതൊന്നും കാര്യമാക്കരുത്. നമുക്കിഷ്ടപ്പെട്ട കാര്യം നേടണമെങ്കിൽ അതൊക്കെ സർവൈവ് ചെേയ്യണ്ടിവരും.
എന്തെങ്കിലും വെഷമങ്ങളുണ്ടാകുമ്പോ ഞാൻ പപ്പക്ക് ക്രിക്കറ്റ് ബാറ്റ് കിട്ടിയ സംഭവം ഇടക്കിടെ ഓർക്കും. അപ്പോ എനിക്ക് നല്ല കോൺഫിഡൻസ് കിട്ടും.