ബുദ്ധനും കുഞ്ഞുമേരിയും
ഞായറാഴ്ചയുടെ ആ ഒരു മന്ദാവസ്ഥ അനിൽ മോഹന്റെ പത്രം വായനയിലുണ്ടായിരുന്നു. അന്നേരമാണ് ഒരു കപ്പു കാപ്പിയുമായി വന്ന് സാവിത്രി ഓർമപ്പെടുത്തിയത്– എന്താണ് സാറേയിത്. വള്ളീം പുള്ളീമൊക്കെ വന്നിട്ടു വായിക്കാം. പള്ളി വിടുംമുമ്പേ ചെല്ലാൻ നോക്കൂ നിങ്ങൾ. ഒരുകണക്കിന് അപ്പറഞ്ഞതിൽ കാര്യമില്ലാതില്ല. കുറേ നാളായിട്ടുള്ള, മൂത്തവളുടെ ആഗ്രഹമാണ് നിർബന്ധത്തിനു പിന്നിൽ. എന്നാൽ, ഒരു ബുദ്ധിസ്റ്റ് അതെങ്ങനെ കഴിക്കും എന്നൊക്കെ വിചാരിച്ച് നീട്ടിക്കൊള്ളിക്കുകയായിരുന്നു...
Your Subscription Supports Independent Journalism
View Plansഞായറാഴ്ചയുടെ ആ ഒരു മന്ദാവസ്ഥ അനിൽ മോഹന്റെ പത്രം വായനയിലുണ്ടായിരുന്നു. അന്നേരമാണ് ഒരു കപ്പു കാപ്പിയുമായി വന്ന് സാവിത്രി ഓർമപ്പെടുത്തിയത്–
എന്താണ് സാറേയിത്. വള്ളീം പുള്ളീമൊക്കെ വന്നിട്ടു വായിക്കാം. പള്ളി വിടുംമുമ്പേ ചെല്ലാൻ നോക്കൂ നിങ്ങൾ.
ഒരുകണക്കിന് അപ്പറഞ്ഞതിൽ കാര്യമില്ലാതില്ല. കുറേ നാളായിട്ടുള്ള, മൂത്തവളുടെ ആഗ്രഹമാണ് നിർബന്ധത്തിനു പിന്നിൽ. എന്നാൽ, ഒരു ബുദ്ധിസ്റ്റ് അതെങ്ങനെ കഴിക്കും എന്നൊക്കെ വിചാരിച്ച് നീട്ടിക്കൊള്ളിക്കുകയായിരുന്നു ഇതേവരെ. കഴിഞ്ഞ തവണയും ശ്രദ്ധാഹാളിലെ മീറ്റിങ്ങിൽ തമ്പിമാഷ് പ്രത്യേകം പറഞ്ഞതാണ് ബുദ്ധിസ്റ്റുകൾ ഇനിയൊരിക്കലുമത് കഴിക്കരുതെന്ന്. എന്നാൽ, കുടുംബമാണോ ബുദ്ധനാണോ വലുതെന്ന പിരിമുറുക്കം അനുഭവിക്കേണ്ടത് ഈ നമ്മളും. എന്തായാലും, ഇനിയിപ്പോൾ രക്ഷയില്ല. പള്ളി വിട്ടുകഴിഞ്ഞാൽപിന്നെ ഒരു പൂരത്തിനുള്ള ആളുണ്ടാകും അവിടെ. നേരത്തേ ചെന്നില്ലെങ്കിൽ എല്ലു കണ്ട് മടങ്ങേണ്ടിവരും. കഴിഞ്ഞയാഴ്ച ചിക്കനായിരുന്നു. എന്നാൽ, ഇളയതിന് ബീഫാണിഷ്ടം. സാവിത്രിക്കാണെങ്കിൽ മീനും. രണ്ടു ദിവസംമുമ്പേ പാളയത്തുനിന്നും വാങ്ങിയ ചൂരയിൽ അമോണിയം മഴവില്ലായ് തിളങ്ങിയതിൽപിന്നെ തൽക്കാലത്തേക്ക് മീനൊന്നും വേണ്ടെന്നുവെക്കുകയായിരുന്നു. വേഗത്തിൽ ഉടുപ്പിട്ടിറങ്ങുമ്പോൾ അവൾ പിന്നിൽനിന്ന് കൂട്ടിച്ചേർക്കാൻ മറന്നില്ല–
അതേയ്..., അരക്കിലോ മതി. ചേനയിട്ടു വെക്കാം. ഇപ്പോതന്നെ കണ്ടില്ല്യേ രണ്ടിന്റേം കോലം. അവസാനം ചെക്കന്മാരെ കിട്ടാണ്ട്.
ഓ, ഇവളുടെയൊരു കാര്യമെന്ന് ഉള്ളിൽ ചിരിച്ചു. സ്കൂട്ടർ സ്റ്റാർട്ടാക്കിയതും ഇടവഴി പിന്നിട്ടതുമൊന്നും അറിഞ്ഞില്ല. എന്തായാലും ബുദ്ധൻ കഴിച്ചതല്ലേ, പിന്നെന്താണു പ്രശ്നമെന്ന് സ്വയം സമാധാനിച്ചു. അല്ലെങ്കിലും വരാഹം അത്രക്കു മ്ലേച്ഛമായിരുന്നെങ്കിൽ പുള്ളി കഴിക്കുമായിരുന്നോ. അതേസമയം, ബുദ്ധന്റെ ജീവൻ ഗുലുമാലായത് അത് തിന്നും. ദുഃഖകരമെന്നല്ലാതെ മറ്റെന്തു പറയാൻ. ഒരുപക്ഷേ, അതൊരു ചതിയല്ലെന്ന് ആരു കണ്ടു? ഭിക്ഷയായി കിട്ടുന്നതെന്തും സ്വീകരിക്കുന്നതിനാൽ വാങ്ങിക്കഴിച്ചതാണ് പാവം. ബുദ്ധനുണ്ടോ ഇലയും പൂവും പുഴുവും വരാഹവും തമ്മിൽ ഭേദം. എല്ലാം ഒന്നുതന്നെ – തത്ത്വമസി. അതിനു പക്ഷേ, എട്ടിന്റെ പണിയും കിട്ടി. അദ്വൈതചിന്തയുടെ പരിണതി അങ്ങനെയും.
വെപ്പ് നന്നായാലുമില്ലെങ്കിലും ഇനി നമ്മൾ കഴിക്കുന്നില്ല. ഈ വയസ്സിലൊെക്ക ഒരു തീരുമാനം എടുത്തില്ലെങ്കിൽപിന്നെ എപ്പോഴാണത്. ഇറച്ചി ഏതാണെങ്കിലും മുറിക്കൽ സ്വന്തം പണിയാണ്. പാചകം വീട്ടുകാരത്തിയുടേതും. തിരിച്ചത് സംഭവിക്കാറില്ല. പൊതുവെ, പാതിയമ്പുറത്തിന്റെ പിന്നിലിരുന്നാണ് ഇറച്ചി നുറുക്കാറ്. അതിനിടെ പെട്ടെന്നാണ് അതിന്റെ വെളുവെളുത്ത തൊലിപ്പുറത്ത് നേർത്ത രോമങ്ങൾക്കിടയിൽ പയർമണികണക്ക് എന്തോ ഒന്ന് തിണർത്തു കിടക്കുന്നതു കണ്ടത്. സൂക്ഷിച്ചുനോക്കിയപ്പോൾ ഫ്ലഷുമായി പറ്റിച്ചേർന്നങ്ങനെ ചുവന്നുതുടുത്ത്. ഓർത്തപ്പോൾ വല്ലാണ്ടായി. ഇനി എങ്ങനെയിത് ഡീൽ ചെയ്യുമെന്നായി അടുത്ത ചിന്ത. ഏതു ഭാഗംവെച്ചു മുറിച്ചുമാറ്റും. എന്തായാലും അവളിത് അറിയേണ്ട. പെട്ടെന്ന് കൈ സ്വയം പിൻവലിഞ്ഞു. തിണർപ്പിനുമേലെയിരുന്ന കത്തി വലത്തോട്ടു തെന്നിത്തിരിഞ്ഞു. ആലോചിക്കവെ വീണ്ടും പ്രശ്നമായി. ആ അങ്കലാപ്പിൽപെട്ട് കണ്ണടച്ചു ധ്യാനിച്ചു. എന്തും വരട്ടെയെന്നുവെച്ച് ഞെട്ടിനു പിന്നിലായി ഒരുദ്ദേശത്തോടെ വട്ടത്തിൽ ഒരൊറ്റ വലിയങ്ങുവെച്ചുകൊടുത്തു. രക്ഷപ്പെട്ടെന്നു കരുതി കണ്ണുതുറന്നപ്പോൾ പക്ഷേ, വേർപെട്ട ചെമ്മൊട്ട് അതാ തുറിച്ചുനോക്കുന്നു താഴെ. ചോര പക്ഷേ, ഇറച്ചിയിൽനിന്നല്ലല്ലോ എന്ന് ഞെട്ടലോടെയറിഞ്ഞു. ഇടത്തേ ചൂണ്ടാണിവിരൽ ചുവപ്പിൽ നനഞ്ഞു കുതിർന്നിരിക്കുന്നു. ഇഷ്ടമല്ലാത്തൊരു കാര്യത്തിൽ ഇടപെട്ടതിന്റെ ശിക്ഷയാകാം.
ഡൈനിങ് ടേബിളിനു മുന്നിലിരുന്നപ്പോൾ വിരൽവേദനയേക്കാൾ ആ പയർമണിയായിരുന്നു മനസ്സിൽ. എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കൊന്നാൽ പാപം തിന്നാൽ തീരുമെന്ന മഹദ് വചനം തൽക്കാലം നിങ്ങൾ ദീക്ഷിച്ചോളൂ, ഈയുള്ളവനെ വെറുതെ വിടൂ എന്ന് ഉള്ളിൽ പിന്നെയുമുറപ്പിച്ചു.
ഊണു കഴിഞ്ഞ ഉടനേത്തന്നെ ഒരുങ്ങിയപ്പോൾ സാവിത്രിക്കത് അത്ര പിടിച്ചില്ല. അജു നാരായണനെയൊന്നു കാണണം. ഒരുവിധത്തിൽ പറഞ്ഞൊപ്പിക്കുകയായിരുന്നു അവസാനം. എത്രയുറപ്പുള്ള കാര്യമാണെങ്കിലും ശരി ഒരുതരം വിക്കൽ പതിവായതിനാൽ അവളതിനെ തെറ്റിദ്ധരിക്കും. സ്നേഹക്കുറവൊന്നുമില്ലെങ്കിലും ഇത്തിരി കൂടുതലായതിന്റെ തൊന്തരവിനാൽ അവളൊന്ന് പിന്നെ വെറുതെ കെറുവിച്ചു കാണിക്കുകയും ചെയ്യും; എവിടെയോ വായ് നോക്കാൻ പോകുന്നു എന്ന ധ്വനിയോടെ. കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ വിട്ടുകളയണം നമ്മൾ.
കാറിന്റെ ഡോർ തുറന്ന് അകത്തുകേറി മ്യൂസിക് ഓൺ ചെയ്തപ്പോഴാണ് ആ കെട്ടൊന്ന് പോയത്. എല്ലാറ്റിനെയും സംഗീതത്തിൽ മുക്കിക്കൊല്ലാൻ എന്നേ പഠിച്ചിരിക്കുന്നു. ഇന്ന് മോഹനമാവാം. പെട്ടെന്നാണ് ജോൺസൺ മാഷെ ഓർമവന്നത്. മോഹനത്തിലിട്ട് പെരുക്കിയിരിക്കുകയല്ലേ പുള്ളി. എത്രയോ പാട്ടുകൾ അതിൽതന്നെ. ഹൊ, എന്തൊരു ജീനിയസ്. പാട്ടിലൂടെ സഞ്ചരിച്ചാൽ ദൂരമറിയില്ല, യാതൊന്നും തന്നെ.
സമയത്തിനുമുമ്പേ എത്തുക എന്നുള്ളത് പണ്ടുമുതലേയുള്ള ശീലമാണ്. വെയിൽ ചായാൻ തുടങ്ങിയിട്ടും ബീച്ചിൽ ആളുകൾ നന്നേ കുറവായിരുന്നു. തെങ്ങിൻ മറപറ്റി വണ്ടിയൊതുക്കെവ പെട്ടെന്നാണ് അജുവിന്റെ കോൾ വന്നത്. എന്തൊരു ടൈമിങ്ങാണ് പഹയന്റെ.
ഓ..., ഇവിടെത്തന്നെയുണ്ടെടാ. കൽമണ്ഡപത്തിനരികെ.
–കടൽത്തിരയുടെ ഒച്ചയെ കടത്തിവെട്ടാൻ അലറേണ്ടിവന്നു.
ദേ എത്തിപ്പോയ്.
–പരുക്കനാണെങ്കിലും കാറ്റിൽ ഒഴുകിവരുംപോലെയാണ് അവന്റെ ശബ്ദം.
മത്സ്യകന്യകയുടെ ഇടതുവശത്തുനിന്ന് നടന്നടുക്കുന്ന അജു. കൂടെയുള്ളതായിരിക്കും കക്ഷി. ബുദ്ധിസ്റ്റ് പെണ്ണാണെന്നും അവൾ സുന്ദരിയാണെന്നും പറഞ്ഞില്ലല്ലോ എന്നോർത്തു.
അടുത്തുവന്നതും അവൻ–
ഹായ്...
ങാ...
നേരത്തേ എത്തിയോ നീ.
ഏയ്, ഒരഞ്ചു മിനിട്ട്.
ഇതു കുഞ്ഞുമേരി.
നമസ്കാരം.
നമുക്കിവിടെത്തന്നെ ഇരുന്നാലോ.
അതിനെന്താ.
അല്ലെങ്കിൽ വേണ്ട, ആ തെങ്ങുകളുടെ തണലത്തിരിക്കാം.
–അതും പറഞ്ഞ് അജു മുമ്പേ നടന്നു.
അതിനെന്താണ് വിരോധം എന്നമട്ടിലാണ് അനിലിന്റെയും മേരിയുടെയും നോട്ടം. നടക്കുന്നതിനിടെ മണൽപരപ്പിൽനിന്നൊരു ശംഖു കിട്ടി കുഞ്ഞുമേരിക്ക്. അതല്ലെങ്കിലും കൂട്ടംകൂടി നടക്കുമ്പോൾ വഴിയിൽനിന്ന് എന്തെങ്കിലുമൊക്കെ കിട്ടുന്ന സൗഭാഗ്യം പെണ്ണുങ്ങൾക്കേ ഉണ്ടാകൂ. ചിലപ്പോൾ, എന്നേരവും ഭൂമിയെ സ്നേഹിച്ചുകൊണ്ട് നടക്കുന്നതിനാലാവാം അത്. കിട്ടിയപാടെ ഒരു അമൂല്യവസ്തുവിനോടെന്നവണ്ണം അതിനെ തഴുകിയൊതുക്കി തന്റെ സഞ്ചിക്കകത്തേക്കു നിക്ഷേപിച്ച് മനോഹരമായി അവൾ ചുണ്ടുകോടിയൊരു മന്ദഹാസം മിന്നിച്ചു. അതിനെന്താ, പുഞ്ചിരിയെ പെട്ടെന്നുതന്നെ പിടിച്ചെടുക്കാൻ മിടുക്കരാണല്ലോ ഈ ആണുങ്ങൾ.
കടൽ വിസ്തൃതിയിൽ സ്വയം നീലച്ചുകിടക്കാതെ പിന്നെങ്ങനെ. അതിലേക്കണയാൻ അങ്ങകലേ നിന്ന് നേർത്ത മഞ്ഞരാശി നുറുങ്ങിനുറുങ്ങി തുഴയുകയാണ്. ആ കണങ്ങളിറ്റിയ മണലിൽ കാലുകൾ നീട്ടിയിരുന്ന അനിലിന്റെ ചാരെ കാൽ മടക്കിച്ചെരിച്ച് അജുവും സ്വസ്ഥമായി. പത്മാസനത്തിലിരിക്കാനാണ് കുഞ്ഞുമേരി തീരുമാനിച്ചത്. സ്ത്രീകൾക്കുവേണ്ടിയാണ് പതഞ്ജലി മഹർഷി പത്മാസനം കണ്ടുപിടിച്ചതെന്ന് ഉള്ളിൽ രസംകൊണ്ടു അനിൽ. ഈ യോഗനില അവരിലാണ് അതീവലാവണ്യമാർന്ന് വിടർന്നു വിലസുന്നത്. ഇളംമഞ്ഞ നിറത്തിലുള്ള കോട്ടൺസാരിയിലൂടെ പോക്കുവെയിൽ കുഞ്ഞുമേരിയിലേക്ക് വശ്യമാർന്നുകഴിഞ്ഞു.
മേരീ... പ്ലീസ്.
തുടങ്ങിവെക്കാനുള്ള മുന്നറിയിപ്പാണ് അജുവിന്റെ. അതു കേൾക്കണ്ട താമസം അവൾ സന്ദർഭത്തിലേക്കുണർന്നു –
സോറി സർ, അജു പറഞ്ഞിരിക്കുമല്ലോ. തിബറ്റിൽ ഒരു റിെസർച്ച് േപ്രാജക്ടിലാ ഞാൻ.
ഗുഡ്.
ആദ്യം, ബുദ്ധിസത്തിലാണ് തുടങ്ങിയത്. എന്നാൽ, അവിടെച്ചെന്നപ്പോൾ ആ ജനതയിൽനിന്ന് ചെറിയൊരു മാറ്റം റോഹിങ്ക്യയിലേക്ക്. രണ്ടുകൂട്ടരുടെയും പലായനങ്ങൾ, അടിമത്തം അങ്ങനെ പലതിലേക്കും സഞ്ചരിച്ചു. പിന്നെയത് ആന്ത്രപ്പോളജിയിൽ എത്തിച്ചേർന്നു. അടിമത്തവും ആന്ത്രപ്പോളജിയും. അതിന്റെ മനഃശ്ശാസ്ത്രപരമായ കൈവഴികൾ. കീഴാള അടിമാവബോധത്തിന്റെ വിധേയത്വം, അതിന്റെ സാമൂഹ്യ–മനഃശാസ്ത്രസ്ഥിതത്വം, അങ്ങനെ പലതിനെക്കുറിച്ചുമൊക്കെ അറിയണമെന്നുണ്ട്.
വലിയൊരു ടോപ്പിക്കാണല്ലോ കുട്ടീ.
ഉം. എവിടെനിന്ന് എങ്ങനെ തുടങ്ങണം എന്നൊന്നുമറിയില്ലായിരുന്നു. അപ്പഴാ ഇവിടെയൊരു ആന്ത്രപ്പോളജി സ്കോളറുണ്ടെന്ന് അജു പറഞ്ഞത്. ഞങ്ങൾ എം.ജിയിൽവെച്ചുള്ള പരിചയാ.
ചെറിയൊരു പുഞ്ചിരിയോടെ അനിൽ–
ഇതിലെവിടെ ബുദ്ധിസം?
അത് റിസെർച്ചിന്റെ ഒരു കാരണം മാത്രമായിരുന്നു സർ. എന്നുമുള്ള എന്റെ വഴിവെളിച്ചം.
നല്ല ടേണിങ്ങാണ്. പക്ഷേ, തിബറ്റിൽനിന്ന് മറ്റൊന്നും..?
ഇല്ലെന്നല്ല, നമ്മുടെ അയ്യമുനിയുടെ ശിഷ്യൻ പരമബുദ്ധന്റെ ടീച്ചിങ്ങടങ്ങിയ ഏതാനും ഗ്രന്ഥങ്ങൾ ഞാനവിടെ കണ്ടിരുന്നു. വിസ്മയകരമായ അനുഭവംതന്നെയത്. പിന്നെ, ശരിക്കും പറഞ്ഞാൽ ഇതൊന്നുമല്ലാത്തൊരു റീസൺ എന്റെ കാര്യത്തിലുണ്ടെന്നു കൂട്ടിക്കോ. അതാണടുത്ത ട്വിസ്റ്റ്. അപ്പച്ചന് ഡൽഹീലായിരുന്നു ജോലി. സ്കൂളിങ് കഴിഞ്ഞയുടനെ ഞാനവിടെയെത്തുന്നു. ജേണലിസം ചെയ്തത് കൽക്കത്തയിലും. അതിനുശേഷം ടൈംസ് ഓഫ് ഇന്ത്യയിൽ കുറച്ചുകാലം ജോലിനോക്കി. അതിനിടെയാണ് ബുദ്ധൻ കൂടെക്കൂടിയത്. ക്രിസ്തുവിൽനിന്ന് ബുദ്ധനിലേക്കുള്ള യാത്ര.
സ്നേഹത്തിൽനിന്ന് കരുണയിലേക്ക്.
–ചിരിച്ചുകൊണ്ടാണ് അജു പൂരിപ്പിച്ചത്.
മേരി തുടർന്നു–
അതല്ലെങ്കിലും, സ്നേഹത്തിനടിയിൽ ഒരുതരം കരുണയുമുണ്ടല്ലോ. അതുതന്നെയായിരുന്നു തുടക്കവും. ക്രിസ്തുവും ബുദ്ധനും ചേർന്നപ്പോൾ ആ ആനന്ദം ചെറിയ ചില സാന്ത്വനപ്രവൃത്തിയിലേക്കെന്നെ വഴിനയിച്ചു. അപ്പോഴാണ് ചില ബാല്യകാലസ്മരണകളെ അതുണർത്തിയത്. ദുഃഖകരമായ ചില ഓർമകളിലൂടെ... കഥയല്ല സർ... ശരിക്കും ജീവിതംതന്നെ.
ദുഃഖിപ്പിക്കുന്ന ജീവിതം കഥയായിക്കാണുന്നതാണ് നല്ലത്.
–അജു.
മേരി–
എന്നാൽ, നമുക്കത് കേവലം തത്ത്വശാസ്ത്രപരമായ തമാശ. അവർക്കത് വേദനയാണ്. എന്നെയിന്നും ഹോണ്ടുചെയ്യുന്ന, ആഴത്തിൽപതിഞ്ഞ പ്രചോദനം. എവിടെയോ ഒരു നീറ്റലായി പതുങ്ങിയിരിക്കുകയാണത്.
പൊതുവെ, ജീവിതം ജീവിച്ചുതീർക്കുന്നവർ സ്വയമത് വേദനയെന്ന് അറിയാറില്ലെടോ.
–അനിൽ.
മേരി–
ശരിയാവാം. റിസെർച്ചിനിടെ ഒരുൾവിളിയായാണ് ആ സ്മരണ വന്നുതൊട്ടത്. കുട്ടിക്കാലത്ത് ഞാനടുത്തറിഞ്ഞ കുറച്ചു മനുഷ്യരുടെ ജീവിതം. അവരങ്ങനെ ആയിത്തീർന്നതിന്റെ സാമൂഹ്യപശ്ചാത്തലം, മാനസികഘടന –അതൊക്കെയാണെന്നെ ഉലച്ചത്. അവരുടെ അടിമാവബോധം, വിധേയത്വം, അനുഭവിച്ച ദാരിദ്യ്രം അങ്ങനെ പലതിലൂടെയും ആഴ്ന്നിറങ്ങി മനസ്സു പൊള്ളി.
താനിത്രയും ബൃഹത്തായൊരു ടോപ്പിക്കിലെത്തിയതിന്റെ കാരണം മനസ്സിലായി, എന്നാൽ...
അതല്ല സർ, ഞാനത് പറയാം, അതിനിടെ അപ്പച്ചൻ മരിച്ചു. നാട്ടിലെ ബന്ധങ്ങളുമറ്റു. ബാല്യകാലം കഴിഞ്ഞ് ദൽഹിയിലൂടെ... ടിബറ്റിലൂടെ....പരമബുദ്ധനിലൂടെ... അത് വളർകൊണ്ടിരുന്നു. ടിബറ്റിൽവെച്ചാണ് ബുദ്ധന്റെ മരണത്തെക്കുറിച്ച് കൂടുതലറിയുന്നത്. മീറ്റ് കഴിച്ച് ഒരാൾ മരണമടയുക. അക്കഥയിൽ ചില പ്രശ്നങ്ങളുണ്ടെന്നു ആദ്യമേ തോന്നിയിരുന്നു. അതെന്തായാലും, അതെന്നെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. എനിക്കറിയില്ല സർ –ഇങ്ങനെയും അനുഭവങ്ങളുണ്ടാകുമോ മനുഷ്യർക്ക്.
അതിനിടെ ഫോൺ വന്നപ്പോൾ അജു മണൽത്തിട്ടിൽനിന്ന് റോഡിലേക്കു നടന്നുകേറി.
ഈ പെണ്ണ് എന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് അത്ഭുതപ്പെട്ട് അനിൽ ഇരുന്നു. എങ്കിലും പറയാതിരുന്നില്ല–
ഒരനുഭവത്തെ റിസെർച്ചിലേക്ക് കണക്റ്റ് ചെയ്യുന്നതൊക്കെ നല്ലതാ. പക്ഷേ, ആ റൊമാന്റിക് ഏരിയക്കപ്പുറത്തേക്ക് പോണം നമ്മൾ.
അതറിയാഞ്ഞിട്ടല്ല സർ. പക്ഷേ, ആ അനുഭവം ഒരു കാരണവും അത് വിടാതെ പിന്തുടരുന്നുവെന്നും മാത്രം. ആരോടെങ്കിലുമത് ഷെയർ ചെയ്യുമ്പോഴുള്ളൊരു റിലാക്സേഷൻ.
അതുകൊള്ളാം. എന്നാ പറഞ്ഞോളൂ.
–എന്ന് അനിൽ ചിരിയമർത്തി.
നോക്കൂ സർ – ഒരു കല്യാണവീടാണ് എന്റെ വീടിന്റെ തൊട്ടപ്പുറത്ത്. എനിക്കന്ന് ആറോ ഏഴോ വയസ്സുണ്ടാകും. പുത്തനുടുപ്പൊക്കെയിട്ട് മുറ്റത്ത് അമ്മയെ കാത്തുനില്ക്കുകയാണ് ഞാൻ. അതിനിടെ അവിടേക്ക് വെറുതെയൊന്ന് പാളിനോക്കിയതാ. പന്തലിന്റെ വശങ്ങളിൽ അരയാൾപ്പൊക്കമുള്ള ഓലമറയുണ്ട്. അത് പനമ്പട്ടയും കുരുത്തോലയുംകൊണ്ട് അലങ്കരിച്ചിരുന്നു. അതിനപ്പുറത്ത് നിറമുള്ള കസേരകളിലിരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നത് കാണാം. പെട്ടെന്നാണത് ശ്രദ്ധിച്ചത് –പന്തലിന്റെ പിന്നാമ്പുറത്തേക്കു തുറക്കുന്ന വാതിലിന്നരികെ കൈ കഴുകാൻവെച്ചിരിക്കുന്ന ഒരു വെള്ളത്തൊട്ടി. അതിനടുത്തായി വീതിയേറിയ ഇറയത്ത് തൂണിൽ ചാരി ഒരു കുട്ടിയിരിക്കുന്നു. മോശയിൽനിന്ന് എച്ചിലിലകൾ പെറുക്കിയെടുത്ത് ഒരു സ്ത്രീ അതുമായി അവനടുത്തേക്കു നടന്നടുക്കുന്നു. അവന്റെ മുന്നിലുള്ള മുറത്തിൽ കുടഞ്ഞിട്ട എച്ചിലിലകൾക്കിടയിൽനിന്ന് വലിയ ഇറച്ചിക്കഷ്ണങ്ങൾ പെറുക്കി ഒരു കുട്ടയിലേക്കവൻ നിറക്കുകയാണ്. വേലിക്കിടയിലൂടെ ഒന്നുകൂടി എത്തിനോക്കി ഞാൻ. എവിടെയോ കണ്ടു പരിചയമുള്ളൊരു മുഖം. ഞാനോർത്തു നോക്കി. അതിനിടെ അവനെന്നെ കണ്ടെന്ന് സംശയമായി. അതുകൊണ്ടാവാം അവൻ തന്റെ മുഖമൊന്ന് തൂണിലേക്ക് തെല്ല് മറച്ചുവെച്ചത്. ആ ആകാംക്ഷയിൽ ഞാൻ അമ്മയോടൊത്ത് വേഗത്തിൽ കല്യാണവീട്ടിലേക്കു ചെന്ന് ഊണു കഴിക്കാനിരുന്നു. അതിനിടെ ഓലമറയുടെ വിടവിലൂടെ അവനെ പിന്നെയും കണ്ടു. ഞെട്ടിത്തരിച്ചുപോയി. എന്റെ ചങ്ങാതി –ക്ലാസിലെ മിടുക്കനായ കുട്ടി. ഇന്നെനിക്ക് പക്ഷേ, അവന്റെ പേരോർമയില്ല. എന്റെ ചേട്ടന്റെ പഴയ കള്ളിഷർട്ടാണ് അവനിട്ടിരുന്നത്. അവനെയോർത്ത് പിന്നെയൊന്നും കഴിക്കാൻ തോന്നിയതുമില്ല. ഇലയിലെ പോർക്കിറച്ചിക്കഷ്ണങ്ങൾ കഴിക്കാതെ ഒതുക്കിമാറ്റിവെച്ചിരുന്നു ഞാൻ. ഇലയെടുക്കാൻ വന്ന സ്ത്രീക്ക് ഞാനത് കൊടുത്തില്ല. അവരെന്റെ കവിളിലൊന്നു തൊട്ടപ്പോഴാണ് ആ മുഖത്തേക്കു നോക്കിയത് –എന്റെ വീട്ടിൽ അടുക്കളപ്പണിക്കു വരുന്ന അവന്റെയമ്മ. വേഗത്തിൽ ഞാനെണീറ്റു. തന്റെ മുമ്പിൽ വന്നുനില്ക്കുന്ന ആളിനെ ശ്രദ്ധിക്കാതെ അവൻ ഇലയിൽനിന്ന് ഇറച്ചിക്കഷ്ണങ്ങൾ തിരയുന്ന തിരക്കിലായിരുന്നു. ഞാൻ ഇല നീട്ടിനിന്നപ്പോൾ പെട്ടെന്നവൻ തലയുയർത്തിനോക്കി. അവന്റെ നീട്ടിയ കൈകളിലേക്ക് ഇല തുറന്ന് രണ്ടുമൂന്ന് പോർക്കിറച്ചിക്കഷ്ണങ്ങൾ ഞാൻ വെച്ചുകൊടുത്തു. എന്റെ മുഖം കണ്ട് അവന്റെ കൈ പെട്ടെന്ന് നിശ്ചലമായി. ജീവിതത്തിലെനിക്ക് മറക്കാനാവാത്തൊരു ദൃശ്യം – നീട്ടിപ്പിടിച്ച ഒരു കൈ. അതിനുപിന്നിൽ നിറഞ്ഞുതുളുമ്പിയ രണ്ടുകണ്ണുകൾ. പിന്നെ ഞാനവിടെ നിന്നില്ല. സങ്കടത്തോടെ ഓടുകയായിരുന്നു വീട്ടിലേക്ക്.
അനിൽ ഒന്നും പറഞ്ഞില്ല. ഒരു ഭാവവും വന്നില്ല ആ മുഖത്ത്.
അതെ സർ, ബുദ്ധന് മാംസം നല്കിയ ആൾ എത്രയ്ക്ക് കരഞ്ഞിട്ടുണ്ടാകുമന്ന്. അത്രയും ഞാനും കരഞ്ഞു വീട്ടിൽച്ചെന്ന്. ഞാനാലോചിക്കുകയാണ് – എന്നെയിത്രയും ഹോണ്ടുചെയ്തെങ്കിൽ അവനെയത് എന്തുമാത്രം. അതാണെന്നെ ഇന്നും വേദനിപ്പിക്കുന്നത്. അവനിപ്പോൾ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടെന്നോപോലും അറിയില്ല.
ചിലപ്പോൾ, നിങ്ങൾ നല്കിയ ഇറച്ചിതിന്ന് ബുദ്ധനെപ്പോലെ അവനും നിർവാണം പൂകിയിട്ടുണ്ടാകാം.
–വലിയൊരു പൊട്ടിച്ചിരിയിൽ സ്വയം കോർത്തുകൊണ്ട് അനിൽ ഒരുവിധം പറഞ്ഞൊപ്പിച്ചു.
ഇതിനകം നീലച്ച കടലിനുനേരെ ആകാശത്ത് ആരോ ചുവന്ന കരിനിറം ചാലിച്ചിരുന്നു. ആ സമൃദ്ധിയിൽനിന്ന് ഏതാനും ജലകണങ്ങളെ നുള്ളിപ്പെറുക്കിയെടുത്ത് ഒരിളംകാറ്റ് വന്ന് മെല്ലെ, കുഞ്ഞുമേരിക്കു കാണാനാവാത്തവിധം അനിലിന്റെ കൺകോണുകളിൽ നിക്ഷേപിച്ച് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. കടലിന്റെ ഉപ്പുരസം കലർന്ന ജലനിറവ് കാഴ്ചയെ ആകെയും ശ്ലഥമാക്കിയതിനാലാണ് പെട്ടെന്നുതന്നെ തന്റെ തൂവാലയെടുത്ത് അയാൾ മുഖം തുടച്ചതും. നിർഭാഗ്യവശാൽ, ഒരു കീറ് തുണിക്കകത്ത് അമർന്നു തീരാനാവാത്തവിധം നനവാർന്നതായിരുന്നുവേത്ര അത്. എങ്ങനെയൊക്കെ അമർത്തിത്തുടച്ചാലും മായ്ച്ചാലും തോരാത്തൊരു നനവ്.
കൂർത്ത മണൽത്തരികൾ ഉണ്ടായിരുന്നോ ആ കാറ്റിലെന്ന് കുഞ്ഞുമേരിയുടെ ആകാംക്ഷ മുറ്റിയ കണ്ണുകൾ വിടർന്നപ്പോൾ അതുതന്നെയെന്ന് അനിലിന്റെ വലതുകൈ മുദ്ര കാട്ടിയൊഴിഞ്ഞു.
ചിരിയടക്കാതെ പിന്നെയും സ്വയം നനഞ്ഞുകൊണ്ടാണ് അനിൽ മേരിയിലേക്കെത്തിയത്–
താനാ ഭിക്ഷ നല്കിയിട്ട് കാലമേറെയായെങ്കിലും, ഒരു കടൽത്തീരത്തുവെച്ച് ഇത്തിരിമുമ്പേയാണവൻ മരണമടഞ്ഞത്.
ഞെട്ടലോടെ ആ ചുണ്ടുകളെ തന്റെ കൈകൾകൊണ്ട് തടയാതിരിക്കാനാവില്ലല്ലോ കുഞ്ഞുമേരിക്ക്–
സർ...
അവനു പക്ഷേ, ഒരിക്കലും ആ പെൺകുട്ടിയുടെ പേര് മറക്കാനാവില്ല, മുഖം മാഞ്ഞുപോയെങ്കി ലും.
ഇന്നേരം, ഉപ്പുരസമാർന്ന കടൽജലം നനച്ചത് കുഞ്ഞുമേരിയുടെ കണ്ണുകളെയാണ്. ആ ആർദ്രതയിൽ അവളുടെ കൈകൾ പഴയൊരാ ഓർമയുടെ വിതുമ്പലിൽപെട്ട് അന്നത്തെപോലെ മെല്ലെ അവനിലേക്കു നീണ്ടുചെന്നു. അനിലിന്റെ ഉള്ളംകയ്യിൽ ചേർത്തുപിടിക്കുമ്പോൾ താൻ ആരെയാണ് ചേർത്തുപിടിക്കുന്നതെന്ന സന്ത്രാസത്താൽ സ്വയം വിയർത്തു നനഞ്ഞു അവൾ. അന്നേരം ക്രിസ്തുദേവന്റെ സ്നേഹവാത്സല്യമാണോ അതോ ബുദ്ധന്റെ കരുണയാണോ തന്നെ സ്പർശിച്ചതെന്നറിയാതെ അനിൽ. കൈയിലിരുന്ന കപ്പലണ്ടിപ്പൊതിയിൽനിന്ന് രണ്ടെണ്ണമെടുത്ത് വായിലേക്കിട്ട് ചവച്ചുകൊണ്ടുവരുകയായിരുന്ന അജുവിന്റെ വായ് അങ്ങനെത്തന്നെ തുറന്നു നിശ്ചലമായി. പരസ്പരം കൈചേർത്തിരിക്കുന്ന അനിലിനെയും കുഞ്ഞുമേരിയെയും കണ്ട് സാധ്യമായതെല്ലാം ചിന്തിച്ചുകൂട്ടിയാണ് അയാൾ നടന്നടുക്കുന്നത്. എന്നാൽ, ഉടനെയൊന്നും അവർക്കരികിലേക്ക് എത്തിച്ചേരാനിടയില്ല അജു.
അന്നേരമവിടെ, സ്വരമിടറിക്കൊണ്ട് കുഞ്ഞുമേരി–
അയ്യകുട്ടി...
രണ്ടു വർഷായി... അവസാനം ഓർമയൊക്കെ പോയിരുന്നു.
–അനിൽ.
ഓ... സോറി.
മേരിയുടെ ഉള്ളംകൈ പിന്നെയും വിയർത്തു നനഞ്ഞു. കുട്ടിക്കാലത്തെ നീറുന്ന ഓർമയിൽനിന്ന് പെട്ടെന്ന് രണ്ടാളുടെയും കൈകൾ സ്വയമുള്ള തിരിച്ചറിവിനാൽ പതിയെ വർത്തമാനകാലത്തേക്കു മടങ്ങിവന്നു. കൈകൾ തിരികെ സ്വസ്ഥമായിട്ടും അജു നാരായണൻ അടുത്തേക്ക് നടന്നടുത്തതോ ഒരിളംകാറ്റ് തങ്ങളെ വന്നുതൊട്ടതോ ഒന്നും അവരറിഞ്ഞില്ല. റിസെർച്ച് സ്കോളർ കുഞ്ഞുമേരിയും ആന്ത്രപ്പോളജി സ്കോളർ പ്രഫ. ഡോ. അനിൽ മോഹനും സ്മരണയാൽ നനഞ്ഞു കുതിർന്ന മണൽപരപ്പിലൂടെ വടക്കോട്ടു നടന്നുനീങ്ങി.